- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു സെല്‍ഫി ചോദിച്ച് എത്തിയ ആരാധികമാര്‍ക്ക് ലിപ്പ്ലോക്ക് കൊടുത്ത ഗായകന്! പാതി ഇന്ത്യന്‍, പാതി നേപ്പാളി; ആദ്യഭാര്യ അറിയാതെ രണ്ടാം വിവാഹം; ഭാര്യയുടെയും മകന്റെയും അംഗീകാരത്തോടെ സഹ ഗായികയുമായി പ്രണയം; ബോളിവുഡിന്റെ ഭാവഗായകന്‍ ഉദിത് നാരായണിന്റെ വിചിത്ര ജീവിതം
ഉദിത് നാരായണിന്റെ വിചിത്ര ജീവിതം
'ഒരു പൂ ചോദിച്ച് എത്തിയവര്‍ക്ക് ഒരു പൂക്കാലം തന്നെ നല്‍കിയയാള്‍! പ്രശസ്ത ഗായകന്‍ ഉദിത് നാരായണ്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ചെയ്യപ്പെടുന്നത് അങ്ങനെയാണ്. ലൈവ് ഷോയ്ക്കിടെ, സെല്‍ഫി എടുക്കാനെത്തിയ സ്ത്രീകളെ തിരിച്ചു ചുംബിക്കുകയും, ഒരുവേള പരസ്യമായി ചെറിയ ലിപ്പ്ലോക്ക് തന്നെ നടത്തുകയും ചെയ്ത ഗായകന്റെ വീഡിയോകള്‍ ലോകമെങ്ങും വൈറലാവുകയാണ്. ഇതോടെ ഗായകനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചര്‍ച്ചകളും സാമൂഹിക മാധ്യമങ്ങളിലും, ബോളിവുഡ് സിനിമാ ഓണ്‍ലൈനുകളിലും നിറയുകയാണ്.
വേദിയില്‍ പാടുന്നതിനിടെയാണ് സ്ത്രീകള്‍ സെല്‍ഫിയെടുക്കാനായി ഉദിത് നാരായണന് സമീപമെത്തുന്നത്. ഈ സ്ത്രീകള്‍ക്കെല്ലാം അദ്ദേഹം ചുംബനം നല്‍കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സെല്‍ഫി പകര്‍ത്താനെത്തിയ സ്ത്രീ ഫോട്ടൊ എടുത്തശേഷം ഗായകന്റെ കവിളില്‍ ചുംബനം നല്‍കാന്‍ ശ്രമിച്ചെങ്കിലും ഇവരുടെ ചുണ്ടുകളിലാണ് ഉദിത് നാരായണ്‍ തിരികെ ചുംബനം നല്‍കിയത്! ഇതാണ് സദാചാരവാദികളുടെ കുരുപൊട്ടിക്കുന്നത്.
ഉദിതിനെ ബോളിവുഡിലെ ഭാവഗായകന്‍ എന്ന് പറഞ്ഞാല്‍ അതൊരിക്കലും അതിശയോക്തിയാവില്ല. പാപാ കെഹതേ ഹേ മുതല്‍ പര്‍ദേസി പര്‍ദേസി അടക്കം ആയിരക്കണക്കിന് ഹിറ്റ് ഗാനങ്ങള്‍. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഒഡിയ, നേപ്പാളി, ഭോജ്പുരി, ബംഗാളി ഭാഷകളിലായി 25,000 അധികം ഗാനങ്ങള്‍ ആലപിച്ചു കഴിഞ്ഞു. പ്രണയം തുളുമ്പി നില്‍ക്കുന്ന ശബ്ദം കൊണ്ട് ഇന്ത്യന്‍ സംഗീത പ്രേമികളുടെ ആരാധ്യപാത്രമായി മാറിയ ഗായകന്‍ ഉദിത് നാരായണന്റെ ജീവിതവും അത്തരത്തിലൊന്നാണ്. പ്രണയവും വിവാദവും എന്നും അദ്ദേഹത്തിന്റ കുടെയുണ്ട്.
പാതി ഇന്ത്യന്‍, പാതി നേപ്പാളി
ജന്‍മം കൊണ്ടുനോക്കുമ്പോള്‍, പാതി ഇന്ത്യക്കാരനും പാതി നേപ്പാളിയുമാണ് ഉദിത്. 1955 ഡിസംബര്‍ 1ന് ഒരു നേപ്പാളി പിതാവിന്റെയും ബീഹാരി അമ്മയുടെയും മകനായി ഒരു മൈഥിലി ബ്രാഹ്‌മണ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. കുട്ടിക്കാലം മുതല്‍ ഉദിത് റേഡിയോയില്‍ കേള്‍ക്കുന്ന ലതാ മങ്കേഷ്‌കര്‍, കിഷോര്‍ കുമാര്‍, മുഹമ്മദ് റാഫി, ആശാ ഭോസ്ലെ തുടങ്ങിയ പ്രതിഭകളുടെ പാട്ടുകളായിരുന്നു. അമ്മ ഭുവനേശ്വരി ദേവി ഒരു നാടോടി ഗായികയായിരുന്നു. ഇതാണ് അദ്ദേഹത്തിന്റെ സംഗീത കമ്പം ഉയര്‍ത്തിയത്.
റേഡിയോ നേപ്പാള്‍ എന്ന പരിപാടിയിലുടെയാണ് 1970-ല്‍ ഉദിത് ഉദിച്ച് തുടങ്ങിയത്. മൈഥിലി ഭാഷയിലും അദ്ദേഹം ജനപ്രിയമായ നാടോടി ഗാനങ്ങള്‍ ആലപിച്ചു. നേപ്പാളില്‍ നാടന്‍ പാട്ടുകള്‍ പാടിത്തുടങ്ങിയ ആ ശബ്ദത്തെ ഇന്ത്യന്‍ എംബസിയാണ് ശാസ്ത്രീയ സംഗീതം പഠിക്കാന്‍ ക്ഷണിച്ചത്. എംബസിയുടെ സ്‌കോളര്‍ഷിപ്പില്‍ ഭാരതീയ വിദ്യാഭവനില്‍ സംഗീതം പഠിക്കുന്നതിനായാണ് അദ്ദേഹം ബോംബെയിലെത്തിയത്. അങ്ങനെ ഉദിത് ബോംബെയുടെ ഭാഗമായി. ഉനീസ് ബിസെന്ന ചിത്രത്തിലൂടെ രാജേഷ് റോഷനാണ്, ഉദിതിനെ ഇന്ത്യന്‍ സംഗീതലോകത്തിന് പരിചയപ്പെടുത്തിയത്. മുഹമ്മദ് റാഫിക്കൊപ്പമാണ് ആദ്യം ഗാനം പാടിയത്. കരിയറിന്റെ ആദ്യവര്‍ഷങ്ങള്‍ കടുപ്പമേറിയതായിരുന്നു. ഖയാമത് സേ ഖയാമത് തക് എന്ന സിനിമയിലെ ഗാനങ്ങളാണ് അദ്ദേഹത്തിന് ബ്രേക്കായത്. പാപ്പാ കെഹ്തേ ഹേ ഇന്ന ഗാനം ഇന്നും നിലനില്‍ക്കുന്നു. 80 ലക്ഷത്തിലധികം കാസറ്റുകളാണ് ഈ പടത്തിന്റെതായി വിറ്റത്. 1980-കളില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാസറ്റുകളില്‍ ഒന്നായി ഇത് മാറി. അതിനുശേഷം ഉദിത് നാരായണ് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
പെഹ്ല നാഷ (ജോ ജീതാ വോഹി സിക്കന്ദര്‍) , മേന്‍ യഹാ ഹൂന്‍ (വീര്‍-സാര), ഏ മേരെ ഹംസഫര്‍ (ഖയാമത്ത് സേ) തുടങ്ങിയ ജനപ്രിയ ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചു. ചന്ദ് ചുപ ബാദല്‍ മേ (ഹം ദില്‍ ദേ ചുകേ സനം), ഏ അജ്‌നബി (ദില്‍ സെ), തുംസെ മില്‍ന (തേരെ നാം), ജാദു തേരി നസര്‍ (ഡാര്‍) , ടിപ്പ് ടിപ്പ് ബര്‍സ പാനി (മൊഹ്‌റ), മിത്വ (ലഗാന്‍), ആയേ ഹോ മേരി സിന്ദഗി മേ മാലെ (രാജാ ഹിന്ദുസ്ഥാനി), മെയിന്‍ നിക്ല ഗദ്ദി ലെകെ ( ഗദര്‍ ഏക് പ്രേം കഥ), ഭോലി സി സൂറത്ത് (ദില്‍ തോ പാഗല്‍ ഹേ), തു ചീസ് ബാഡി ഹേ മസ്ത് മസ്ത് (മൊഹ്‌റ), പര്‍ദേശി പര്‍ദേശി (പരേദേശി), ആന്‍ഖേന്‍ ഖുലി (മൊഹബത്തേന്‍), രുക് ജാ ഒ ദില്‍ ദീവാനെ (ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ), രാജാ കോ റാണ്‍ സെ (അകേലെ ഹം അകേലേ തും), ഹംകോ ഹുമിസെ ചുരാ ലോ ( മൊഹബത്തേന്‍), യേ ബന്ധന്‍ തോ (കരണ്‍ അര്‍ജുന്‍), യേ ലഡ്ക ഹേ ദീവാന (കുച്ച് കുച്ച് ഹോതാ ഹേ), ഇഷ്‌ക് ഹുവാ കൈസെ ഹുവാ ഇഷ്‌ക്), പ്യാര്‍ കി കഷ്ടി മേ (കഹോ നാ പ്യാര്‍ ഹേ).... ഇങ്ങനെ എത്രയെത്ര ഹിറ്റുകള്‍.
മെലഡികള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും ഫാസ്റ്റ് നമ്പേഴ്സിന്റെ ആരാധകര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ശബ്ദമാണ് ഉദിതിന്റെത്. ലക്ഷ്മികാന്ത് പ്യാരേലാല്‍, ആനന്ദ് മിലിന്ദ്, നദീം-ശ്രാവണ്‍, അനു മാലിക്, ജതിന് ലളിത്, എ ആര്‍ റഹ്‌മാന്‍, തുടങ്ങി ഇന്ത്യയിലെ എല്ലാ പ്രതിഭാധനര്‍ക്കൊപ്പവും അദ്ദേഹം പാടിയിട്ടുണ്ട്.
2009-ല്‍ പത്മശ്രീ കിട്ടി. 2016-ല്‍ പത്മഭൂഷന്‍ നേടി. 20 നോമിനേഷനുകളോടെ 5 ഫിലിംഫെയര്‍ അവാര്‍ഡുകള്‍ക്കൊപ്പം 4 ദേശീയ ചലച്ചിത്ര അവാര്‍ഡുകളും അദ്ദേഹം നേടിയിട്ടുണ്ട്. ഫിലിംഫെയര്‍ അവാര്‍ഡുകളുടെ ചരിത്രത്തില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി (80കള്‍, 90കള്‍, 2000) നേടിയ ഏക പിന്നണി ഗായകന്‍ കൂടിയാണ് അദ്ദേഹം.
ആദ്യഭാര്യ അറിയാതെ രണ്ടാം വിവാഹം
ഉദിതിന്റെ വ്യക്തിജീവിതും നേരത്തെ വിവാദമായിരുന്നു. ബീഹാര്‍ സ്വദേശിയായ ഉദിത് സ്വന്തം നാട്ടുകാരിയായ രഞ്ജാനയെ വിവാഹം ചെയ്തത് 1984 ലാണ്. ഉദിത് പ്രശസ്തനല്ലാതിരുന്ന അക്കാലത്ത് ആ വിവാഹവും മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. മുംബൈയില്‍ എത്തിയ ഉദിത് പയ്യെ പയ്യെ ഇന്‍ഡസ്ട്രിയില്‍ കാലുറപ്പിക്കാന്‍ ആരംഭിച്ചു എങ്കിലും, ആദ്യ ഭാര്യയുടെ അടുത്തേയ്ക്ക് ഒരു തിരിച്ചു പോക്കുണ്ടായില്ല. ഭര്‍ത്താവിന്റെ പുതിയ വിവാഹത്തെ കുറിച്ചോ പുതു ജീവിതത്തെ കുറിച്ചോ അധികം ധാരണകള്‍ ഇല്ലാതെ രഞ്ജാനയും അദ്ദേഹത്തിന് വേണ്ടി കാത്തിരുന്നു.
ഇതിനിടെയാണ് ഉദിത്, ഗായകന്‍ എന്ന നിലയില്‍ വളരുന്നത്. തുടര്‍ന്നാണ് അദ്ദേഹം നിലവിലെ ഭാര്യ ദീപികയുമായി പ്രണയത്തിലാവുന്നത്. ആസ്വരമാധുരിയില്‍ മയങ്ങി പ്രണയം തുറന്നു പറഞ്ഞ ദീപികയെ 1985- ലാണ് ഉദിത് വരണമാല്യം ചാര്‍ത്തുന്നത്. അദ്ദേഹം വിവാഹതിനാണെന്ന് ദീപികയ്ക്ക് അറിയില്ലായിരുന്നു.
2006 ലാണ് ഏവരെയും അമ്പരപ്പിച്ചു കൊണ്ട് രഞ്ജാന ആ സത്യം വെളിപ്പെടുത്തുന്നത്. പാറ്റ്നയില്‍ ഒരു പരിപാടിക്ക് വേണ്ടി വന്ന ഉദിത്തിന്റെ ഹോട്ടല്‍ മുറിയിലേയ്ക്ക് സുരക്ഷാ വലയം ഭേദിച്ച് കൊണ്ട് അവര്‍ കയറി ചെല്ലുകയും, താന്‍ നേരിട്ട നീതി നിഷേധത്തെ കുറിച്ച് ശബ്ദമുയര്‍ത്തുകയും ചെയ്തു. താനുമായുള്ള ബന്ധം നിലനില്‍ക്കെ തന്നെയാണ് ഉദിത് രണ്ടാം വിവാഹം ചെയ്തതെന്നും, തനിക്ക് അവകാശപ്പെട്ട ജീവനാംശം ഗായകന്‍ നല്‍കണം എന്നുമവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തനിക്കീ സ്ത്രീയെ അറിയുക പോലുമില്ല എന്നാണു ഉദിത് പ്രതികരിച്ചത്. തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ സ്ത്രീയുടെ കടന്നു വരവെന്ന് പോലും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തില്‍ വനിതാ കമ്മീഷനും കോടതിയും ഇടപെട്ടതോടെയാണ് വാസ്തവം പുറംലോകമറിഞ്ഞത്. ഗായകന് വനിതാ കമ്മീഷന്‍ അയച്ച സമന്‍സ് കൈപ്പറ്റാന്‍ അദ്ദേഹം വിസമ്മതിച്ചതോടെ രാജ്യം വിട്ടു പുറത്തു പോകാന്‍ വിലക്കി കോടതി ഉത്തരവുവന്നു.
ഒടുവില്‍ ഗത്യന്തരമില്ലാതെ താന്‍ തെറ്റുകാരനാണ് എന്നും, രഞ്ജാന തന്റെ ആദ്യഭാര്യ തന്നെയാണ് എന്നും ഉദിത് സമ്മതിച്ചു. 150 കോടിയോളം ആസ്തിയുള്ള ഇന്ത്യയിലെ ഒന്നാം നമ്പര്‍ ഗായകരില്‍ ഒരാളായ അദ്ദേഹം മുമ്പ്് നടത്തിയ പ്രസ്താവനകള്‍ എല്ലാം തിരുത്തിക്കൊണ്ട് ആദ്യഭാര്യയ്ക്ക് ജീവനാംശം നല്‍കാം എന്ന് തുറന്നു സമ്മതിച്ചു. ഈ വിവാദം തന്നോടുള്ള ജനങ്ങളുടെ ഇഷ്ടത്തില്‍ കുറവ് വരുത്തിയെന്നും, ആളുകള്‍ തന്നെ കുറ്റവാളിയായി കാണാന്‍ ആരംഭിച്ചു എന്നും അദ്ദേഹം പരിതപിക്കുകയുണ്ടായി. അതോടെ ആ വിവാദം അവസാനിച്ചു.
ഭാര്യയുടെ അംഗീകാരത്തോടെ പ്രണയം
ഇന്നും വെറുമൊരു സദാചാര സമൂഹമായി നിലനില്‍ക്കുന്ന ഇന്ത്യന്‍ പൊതുസമൂഹത്തെ ഞെട്ടിക്കുന്ന രീതിയിലുള്ള ചില ബന്ധങ്ങളും പിന്നീട് ഉദിത്തിന്റെ ഭാഗത്തുനിന്നുണ്ടായി. പ്രശസ്ത ഗായിക അല്‍ക്ക യാഗ്നിക്കുമായുള്ള ഉദിത്തിന്റെ പ്രണയം വാര്‍ത്തയായി. പക്ഷേ അന്ന് മാധ്യമങ്ങളെ ഞെട്ടിച്ചത് അദ്ദേഹത്തിന്റെ ഭാര്യയും മകനും എടുത്ത സമീപനമായിരുന്നു. ഈ ഇഷ്ടത്തെ കുറിച്ച് മകന്‍ ആദിത്യ നാരായണും, ഭാര്യ ദീപികയും മാധ്യമങ്ങളില്‍ തുറന്നു സംസാരിച്ചു. ഉദിത്തിന്റെ പ്രണയത്തെ അംഗീകരിക്കുന്നു എന്ന ഇരുവരുടെയും തുറന്നു പറച്ചില്‍, രാജ്യത്തെ സൊ കോള്‍ഡ് സദാചാര നിയമങ്ങളില്‍ നിന്നുള്ള ഒരു മാറി നടക്കല്‍ കൂടിയായിരുന്നു. കാമക്കൊതികൊണ്ടുള്ള ഒരു ബന്ധമായിരുന്നില്ല അവരുടേത് എന്നാണ് മുബൈ മാധ്യമങ്ങള്‍ എഴുതിയത്. ദീര്‍ഘകാലം, ഉദീത്, അല്‍ക യാഗ്നിക്കുമായി ഒരു പാട് യുഗ്മഗാനങ്ങള്‍ പാടി.രണ്ടു പ്രതിഭകള്‍ തമ്മിലുള്ള ഒരു 'ഈസ്തെറ്റിക്ക് ലൗ' എന്നാണ് ഒരു അഭിമുഖത്തില്‍ ഉദിത് ഇതിനെ വിശേഷിപ്പിച്ചത്.
ഈ ബന്ധത്തെയും ഒരുപാട് വിമര്‍ശിക്കുന്നുണ്ട്. പക്ഷേ പ്രായപൂര്‍ത്തിയുള്ള രണ്ടുപേര്‍, അവരുടെ ഇഷ്ടത്തിനുവേണ്ടി ചെയ്യുന്ന കാര്യത്തിന്, മറ്റുള്ളവര്‍ക്ക് എന്തിനാണ് കുരുപൊട്ടുന്നത് എന്നും ചോദ്യം ഉയരുന്നു.
2025ന്റെ തുടക്കത്തില്‍ തന്നെ അദ്ദേഹത്തിന്റെ മരണവാര്‍ത്തയും ചിലര്‍ പ്രചരിപ്പിച്ചുന്നു. ഗായകന്റെ വസതിയായ, മുംബൈ അന്ധേരിയിലുള്ള ഒബ്രോയ് കോപ്ലക്സിലെ 13ാംനില കെട്ടിടത്തില്‍ തീപിടുത്തമുണ്ടായതാണ് വ്യാജവാര്‍ത്തക്ക് അടിസ്ഥാനം. അപകടത്തില്‍ 75 വയസുകാരനായ ഒരു താമസക്കാരന്‍ മരിച്ചിരുന്നു. 38 കാരനായ ഒരാള്‍ക്ക് പരിക്കേറ്റു. നാലു മണിക്കൂര്‍ പരിശ്രമിച്ചാണു തീയണച്ചത്. കെട്ടിടത്തിലെ വയറിങ്ങിലുണ്ടായ പ്രശ്നങ്ങളാണ് തീപിടുത്തത്തിന് കാരണമായത് എന്നാണ് വിലയിരുത്തല്‍. ഉദിതിന് പരിക്കൊന്നും പറ്റിയില്ലെങ്കിലും അദ്ദേഹം മരിച്ചുവെന്നുവരെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ വ്യാജ വാര്‍ത്തയുണ്ടാക്കി.
'ഈ സംഭവം എന്നെ മാനസികമായി വല്ലാതെ ബാധിച്ചു. അത് മറികടക്കാന്‍ കുറച്ച് സമയമെടുക്കും. ഇത്തരമൊരു സംഭവത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് അതുതന്നെയല്ലേ തോന്നുക? ഇപ്പോള്‍ ഞാന്‍ അനുഭവിക്കുന്ന അവസ്ഥയിലൂടെ കടന്നു പോയെങ്കില്‍ മാത്രമേ നിങ്ങള്‍ക്കും ആ വേദന മനസ്സിലാകൂ'- ആ തീപ്പിടുത്തത്തെക്കുറിച്ച് ഉദിത് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. .
ദിലീപ് ചിത്രങ്ങളിലുടെ മലയാളത്തിലും തിളക്കം
മലയാളത്തിലും ഏറെ തിളങ്ങിയ ഗായകനാണ് ഉദിത്. രണ്ടായിരത്തിന്റെ തുടക്ക കാലത്ത് ദിലീപും കാവ്യയും ഒന്നിച്ച് അഭിനയിച്ച സിനിമകളിലെ അനിവാര്യ ഘടകമായി മാറിയ ശബ്ദമായിരുന്നു ഇത്. മലയാളത്തില്‍ കൂടുതലും ഉദിത് ഗാനമാലപിച്ചിട്ടുള്ളത് ദിലീപിന് വേണ്ടിയാണ്. 2003-ല്‍ പുറത്തിറങ്ങിയ സിഐഡി മൂസ എന്ന സിനിമയിലെ 'ചിലമ്പൊലിക്കാറ്റേ' എന്ന ഗാനം അദ്ദേഹത്തിന്റെയായിരുന്നു. ഭാവനയായിരുന്നു ഈ സിനിമയില്‍ ദിലീപിനൊപ്പം ഉണ്ടായിരുന്നത്. ഈ ചിത്രവും ഗാനവും ഹിറ്റായതോടെ, കേരളത്തിലെ സംഗീതപ്രേമികള്‍ ഈ ശബ്ദത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.
പിന്നാലെ 2005-ല്‍ പുറത്തിറങ്ങിയ ദിലീപും കാവ്യാ മാധവനും അഭിനയിച്ച കൊച്ചി രാജാവ് എന്ന ചിത്രത്തിലും ഉദിത് പാടിയ ഗാനം തരംഗമായി മാറി. 'മുന്തിരിപ്പാടം' എന്ന് തുടങ്ങുന്ന ഗാനം ഒരു പ്രണയാര്‍ദ്രമായ ഫാസ്റ്റ് നമ്പരായിരുന്നു. വിദ്യാസാഗര്‍ ഈണമിട്ട ഈ ഗാനവും ഉദിതിനൊപ്പം പാടിയത് സുജാത മോഹനായിരുന്നു. പിന്നീടങ്ങോട്ട് ദിലീപ് ചിത്രങ്ങളിലെ പിന്നണിഗാനങ്ങളില്‍ ഉദിതിന്റെ സാന്നിധ്യം ഇല്ലാതെ വന്നാല്‍ പോലും പ്രേക്ഷകര്‍ ശ്രദ്ധിച്ചുതുടങ്ങി. തുടര്‍ന്ന് 2006-ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം ലയണിലും ഉദിത് പാടിയ ഗാനം ഹിറ്റായി. കാവ്യ മാധവന്‍ തന്നെയായിരുന്നു ഈ സിനിമയിലും ദിലീപിനൊപ്പം അഭിനയിച്ചിരുന്നത്. എന്നാല്‍ ഇതുവരെ കൂടെ പാടിയ സുജാതയുടെ മകള്‍ ശ്വേത മോഹനൊപ്പമാണ് ഇത്തവണ ഉദിത് പാടിയത്.
2007-ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം സ്പീഡിലും ദിലീപിന് വേണ്ടി പാടിയത് ഉദിത് തന്നെയാണ്. ഗിരീഷ് പുത്തഞ്ചേരി എഴുതിയ 'ഒരു കിന്നരഗാനം മൂളി' എന്ന് തുടങ്ങുന്ന പ്രണയാര്‍ദ്ര ഗാനത്തിന് ഈണമിട്ടത് ദീപക് ദേവായിരുന്നു. പിന്നീട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഉദിത് വീണ്ടും മലയാളത്തില്‍ പാടാനെത്തിയത്. അതും ദിലീപിന് വേണ്ടിയായിരുന്നു എന്നതാണ് മറ്റൊരു കാര്യം. കാവ്യ മാധവന്റെ സിനിമാ മേഖലയിലേക്കുള്ള തിരിച്ചു വരവായിരുന്ന പാപ്പി അപ്പച്ചാ എന്ന ചിത്രത്തിലായിരുന്നു അത്.
മറുഭാഷാ ഗായകര്‍ മലയാള ഗാനം ആലപിക്കുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകാന്‍ സാധ്യതയുള്ള / ഉണ്ടാകാറുള്ള ആകെയുള്ളൊരു പ്രശ്നം അക്ഷരശുദ്ധിയാണ്. അത്തരത്തില്‍ മലയാളത്തില്‍ ഉദിത് നാരായണ്‍ ഗാനം ആലപിക്കുമ്പോള്‍ ഉണ്ടാകുന്ന അക്ഷര ഉച്ചാരണ സ്ഫുടതയില്ലായ്മ ചിലരെങ്കിലും പ്രശ്നമായി ചൂണ്ടിക്കാട്ടാറുമുണ്ട്. എങ്കിലും ഉദിത് നാരായണന്‍ ആലപിക്കുന്ന ഗാനങ്ങളെല്ലാം അക്കൊല്ലത്തെ ഹിറ്റ് ബോക്സോഫീസ് ചാര്‍ട്ടില്‍ കൃത്യമായി ഇടം പിടിക്കാറുമുണ്ടെന്നതാണ് വാസ്തവം.
ഉദിത് നാരായണന്‍ പാടുന്നത് ചിരിച്ചുകൊണ്ടാണെന്നാണ് സംഗീതസംവിധയാകന്‍ ദീപക് ദേവ് ഒരു അഭിമുഖത്തില്‍ പറയഞ്ഞത്. 'വരികള്‍ നമ്മള്‍ നന്നായി ശ്രദ്ധിക്കും. കാരണം നമ്മുടെ പല അക്ഷരങ്ങളും ഉച്ചാരണങ്ങളും അവര്‍ക്ക് ഇല്ലാത്തതാണല്ലോ. ശരിക്കും ഒരു ബുദ്ധിമുട്ടുള്ള ജോലി തന്നെയാണ്. ചില സമയങ്ങളില്‍ നല്ല ഭാവമുണ്ടായിരിക്കും പക്ഷേ പറഞ്ഞ വാക്ക് തെറ്റിപ്പോയിട്ടുണ്ടാവും. പറഞ്ഞത് ശരിയാക്കുമ്പോള്‍ ഭാവം പോകും.രസകരമായ കാര്യമെന്താണെന്നുവെച്ചാല്‍ വരികളുടെ അര്‍ത്ഥം എന്താണെന്ന് നമ്മള്‍ പറഞ്ഞുകൊടുത്താലും പുള്ളി കേള്‍ക്കുകയേയില്ല. ലവ് ആണോ, സാഡ് ആണോ പാട്ടിന്റെ മൂഡ് എന്നുവെച്ചാല്‍ പറഞ്ഞാല്‍ മതി, ബാക്കി താന്‍ നോക്കിക്കോളാം എന്നാണ് അദ്ദേഹം പറയുക. പുള്ളി പാടിത്തീരുമ്പോള്‍ നമുക്ക് കിട്ടുന്ന ആ ഫീല്‍, അതെന്ത് അക്ഷരത്തെറ്റുമുള്ളതായിക്കൊള്ളട്ടേ, ആ പാട്ടിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ അതുമതി.'' -ദീപക് ദേവ് പറയുന്നു.
'അദ്ദേഹത്തിന്റെ റെക്കോര്‍ഡിങ്ങും നല്ല രസമാണ്. പല്ലവി പാടി പൂര്‍ത്തിയാക്കിയാല്‍ പല്ലവിയിലെ വരികള്‍ വേറെ എവിടെയെല്ലാം വരുന്നുണ്ടെന്ന് അദ്ദേഹം ചോദിക്കും. അതിനേക്കുറിച്ച് വിശദീകരിച്ചുകൊടുക്കും. അതിനനുസരിച്ച് റെക്കോര്‍ഡ് ചെയ്യും. എന്തിനാണിങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ചാല്‍ പറയും ഈ ഭാഗം തീര്‍ത്തുകഴിഞ്ഞാല്‍ ഇതങ്ങ് മറക്കാമല്ലോ എന്ന്. ആരുടെ ട്യൂണാണെങ്കിലും ടെന്‍ഷനാണെന്നാണ് അദ്ദേഹം ഒരിക്കല്‍ പറഞ്ഞത്.''-ദീപക് ദേവ് പറയുന്നു.
ചുംബന വിവാദത്തില്‍ ആരോപിതന്‍
ഇപ്പോള്‍ ചുംബനത്തിന്റെ വീഡിയോ പുറത്തുവന്നതോടെ, എക്‌സ് ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങളില്‍ ഗായകനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചൂടേറിയ ചര്‍ച്ചകളാണ് നടക്കുന്നത്. 'ഇത് എ.ഐ. വീഡിയോ ആയിരിക്കണേ എന്നായിരുന്നു' ഒരാള്‍ പങ്കുവെച്ച കമന്റ്. അങ്ങേയറ്റം വെറുപ്പുളവാക്കുന്ന പെരുമാറ്റമാണെന്ന് മറ്റൊരാളും അഭിപ്രായപ്പെട്ടു.
ഉദിത് പാടുന്നതിനൊപ്പം ആരാധികമാര്‍ സ്റ്റേജിലേക്ക് എത്തിയപ്പോള്‍, ആദ്യം സുരക്ഷാ ഉദ്യോഗസ്ഥര്‍ വേദിക്ക് സമീപത്തേക്ക് കടത്തിവിട്ടില്ല. എന്നാല്‍, ഇവരെ തന്റെ അടുത്തേക്ക് കടത്തിവിടാന്‍ ആംഗ്യത്തിലൂടെ ഉദിത് നിര്‍ദേശിക്കുകയായിരുന്നു. സെല്‍ഫിയെടുക്കാനെത്തിയ ഒരു സ്ത്രീ ഗായകനൊപ്പം ഫോട്ടോയെടുത്തശേഷം ചുംബനത്തിനും ആലിംഗനം ചെയ്യാനും ശ്രമിക്കുന്നതാണ് ദൃശ്യങ്ങളില്‍ ആദ്യമുള്ളത്. ഈ സ്ത്രീക്ക് ഗായകന്‍ കവിളില്‍ ചുംബനം നല്‍കി. തൊട്ടുപിന്നാലെ ഫോട്ടോയെടുക്കാനെത്തിയ മറ്റുസ്ത്രീകളെയും ഗായകന്‍ ചുംബിച്ചു. ഈ സമയം ഒരു പുരുഷനും ഗായകന്റെ സെല്‍ഫി പകര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഇയാളെ ഉദിത് നാരായണ്‍ അവഗണിച്ചു. ഇതും സോഷ്യല്‍ മീഡിയ വിവാദമാക്കി. ഇയാള്‍ സ്ത്രീ ആരാധകരെ മാത്രമേ ചുംബിക്കൂവെന്നും ചോദ്യം ഉയര്‍ന്നു. ഒരു സെല്‍ഫി ചോദിച്ച് എത്തിയവര്‍ക്ക് ലിപ്പ്ലോക്ക് കൊടുത്ത ഗായകനെന്നും ട്രോളുകള്‍ ഉയരുന്നു.
അതേസമയം, ഗായകന്‍ ചെയ്തതില്‍ തെറ്റില്ല എന്നാണ് ചിലര്‍ ഈ വീഡിയോക്ക് കമന്റ് ആയി കുറിക്കുന്നത്. സ്ത്രീകളെ ആരും നിര്‍ബന്ധിച്ചില്ലല്ലോ എന്നും അവര്‍ സ്വമേധയാ വന്ന് ചുംബനം വാങ്ങിയതല്ലേ എന്നുമായിരുന്നു ഇവരുടെ ചോദ്യം. മാത്രമല്ല, അടിക്കുകയോ തെറിവിളിക്കയോ അല്ലല്ലോ സ്നേഹ പ്രകടനമല്ലേ, അദ്ദേഹം നടത്തിയത് എന്നും ചോദ്യം ഉയരുന്നുണ്ട്.
സംഭവം വിവാദമായതോടെ പ്രതികരണവുമായി ഉദിതും രംഗത്ത് എത്തിയിട്ടുണ്ട്. ആരാധകര്‍ സ്നേഹം കൊണ്ട് ഉന്മാദികളെ പോലെ പെരുമാറുമെന്നും അതിനെ സോഷ്യല്‍ മീഡിയ അനാവശ്യമായി വിവാദമാക്കുകയാണ് എന്നും ഉദിത് നാരായണ്‍ പറയുന്നു. ഈ കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതില്ല എന്നും ഉദിത് നാരായണ്‍ പറഞ്ഞു.
'ആരാധകര്‍ക്ക് ചില സമയത്ത് ഭ്രാന്താണ്. ഞങ്ങള്‍ അങ്ങനെയല്ല. ഞങ്ങള്‍ മാന്യരായ ആളുകളാണ്. ചിലര്‍ ഇതിനെ പ്രോത്സാഹിപ്പിക്കുകയും തങ്ങളുടെ സ്നേഹം ഇതിലൂടെ പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്. ആള്‍ക്കൂട്ടത്തില്‍ ധാരാളം ആളുകള്‍ ഉണ്ടാകാറുണ്ട്. ഞങ്ങള്‍ക്ക് അംഗരക്ഷകരുമുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് കണ്ടുമുട്ടാന്‍ അവസരം ലഭിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. അതുകൊണ്ട് ചിലര്‍ ഹസ്തദാനത്തിനായി കൈകള്‍ നീട്ടും, ചിലര്‍ കൈകള്‍ ചുബിക്കും... ഇതെല്ലാം ഭ്രാന്താണ്. നമ്മള്‍ ഇതൊന്നും ശ്രദ്ധിക്കേണ്ട' എന്നാണ് അദ്ദേഹം പറഞ്ഞത്.
വാല്‍ക്കഷ്ണം: 70വയസ്സുപിന്നിട്ടിട്ടും ഇന്നും പാട്ടും സ്റ്റേജ് ഷോയുമായി സജീവമാണ് ഉദിത്. ശബ്ദ സംരക്ഷണത്തിലും ആരോഗ്യം സംരക്ഷണത്തിലും കൃത്യമായ സന്ദേശങ്ങള്‍ നല്‍കുന്നയാളാണ് അദ്ദേഹം. നമ്മുടെ മമ്മൂട്ടിയെ ഒക്കെപ്പോലെ, പ്രായം അദ്ദേഹത്തിന് വെറും അക്കങ്ങള്‍ മാത്രമാണ്.