സുഡാനി ഫ്രം നൈജീരിയ എന്ന ഹിറ്റ് സിനിമയൊക്കെ ഓർമ്മയില്ലേ! ഇന്നും മലബാറിലൊക്കെ, സെവൻസ് ഫുട്ബോൾ കളിക്കാൻ വരുന്ന ഏതൊരു ആഫ്രിക്കക്കാരനും സുഡാനിയാണ്. കേരളത്തിലെ സർവകലാശാലകളിൽ പഠിക്കാനും, കാൽപ്പന്തുകളിയിൽ ആരവം ഉയർത്താനുമൊക്കെ ധാരാളം സുഡാനികൾ ഇവിടെ എത്തിയിരുന്ന കാലമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മലയാളിക്ക് അപരിചതരല്ല സുഡാനികൾ.

പക്ഷേ ഇന്ന് സുഡാൻ എന്ന രാജ്യത്തിന്റെ അവസ്ഥ അങ്ങേയറ്റം പരിതാപകരമാണ്. ലോകത്തിലെ വിശപ്പിന്റെ തലസ്ഥാനം എന്നാണ് ഐക്യരാഷ്ട്ര സഭതന്നെ ഈ ആഫ്രിക്കൻ രാജ്യത്തെ വിശേഷിപ്പിക്കുന്നത്. 40 വർഷം മുമ്പ് എത്യോപ്യ നേരിട്ട ക്ഷാമത്തിന്റെ രണ്ടുമടങ്ങോളം രൂക്ഷത അനുഭവിക്കുകയാണ് സുഡാൻ. ലോകത്തിന്റെ ശ്രദ്ധ ഗസ്സയിലേക്കും യുക്രൈനിലേക്കും കേന്ദ്രീകരിക്കുമ്പോൾ, കൊടിയ മനുഷ്യനിർമ്മിത ക്ഷാമത്തിന്റെ കെടുതിയിലാണ് ഈ രാജ്യം. നിത്യേന നൂറുകണക്കിന് കുഞ്ഞുങ്ങളാണ് പോഷകാഹാരക്കുറവ് മൂലം ഇവിടെ മരിച്ചു വീഴുന്നത്.

്ഒരു വർഷം മുമ്പ് രാജ്യത്തെ സൈന്യവും അർധസൈനിക വിഭാഗവും തമ്മിൽ ആരംഭിച്ച ആഭ്യന്തര യുദ്ധമാണ് സുഡാനെ കടുത്ത ക്ഷാമത്തിലേക്ക് തള്ളിയിട്ടത്. സംഘർഷം കാരണം ഐക്യരാഷ്ട്ര സഭ നടത്തിവന്നിരുന്ന ഭക്ഷ്യവിതരണം പോലും നിലച്ച മട്ടാണ്. സുഡാന് സഹായമെത്തിക്കാൻ യുഎൻ നടത്തിയ ആഹ്വാനം പോലും പരാജയപ്പെട്ട നിലയിലാണ്. യുദ്ധവും പാലയനവും ഒരു നാടിനെ തകർത്തുകളഞ്ഞിരിക്കുന്നു. ഇതിന്പിന്നാലെയാണ് പകർച്ചവ്യാധികളും പട്ടിണിയും മൂലമുണ്ടാകുന്ന മരണങ്ങളും. സ്വർണ്ണഖനികളാലും ധാതുലവണങ്ങളാലും സമ്പന്നമായ ഈ നാട് ഇപ്പോൾ ഭൂമിയിലെ നരകമായി മാറിയിരിക്കയാണ്.

രണ്ടു മണിക്കൂറിലും ഒരു കുട്ടി മരിക്കുന്നു

സുഡാനിലെ പട്ടിണമരണത്തിന്റെ കണക്കുകൾ പേടിപ്പിക്കുന്നത്. ഇതുവരെ രാജ്യത്തിന് ആവശ്യമായ സഹായധനത്തിന്റെ 16 ശതമാനം മാത്രമാണ് സമാഹരിക്കാനായതെന്നും, ലോകം ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞുവെന്നും യുഎന്നിലെ അമേരിക്കൻ അമ്പാസിഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ് മാധ്യമങ്ങളോടു പറഞ്ഞു. സുഡാനിലെ വടക്കൻ ഡർഫർ മേഖലയിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള ഭക്ഷ്യവിതരണം, സുഡാനിലെ വിമത വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർഎസ്എഫ്) തടയുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അവർ. നിരവധി ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന ഇവിടെ ഓരോ രണ്ടു മണിക്കൂറിലും ഒരു കുട്ടി വീതം പോഷകാഹാരം ഇല്ലാതെ മരിച്ചുവീഴുന്ന അവസ്ഥയാണെന്നും അവർ കൂട്ടിച്ചേർത്തു.

ക്യാമ്പുകൾക്കു നേരെയുള്ള ഉപരോധവും ആക്രമണവും അവസാനിപ്പിക്കാൻ സുഡാൻ സൈന്യത്തോടും, വിമതവിഭാഗമായ ആർഎസ്എഫിനോടും യുഎൻ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഇത് തള്ളിക്കളഞ്ഞ ഇരുകൂട്ടരും മേഖലയിൽ കനത്ത പോരാട്ടമാണ് നടത്തുന്നത്. സംഘർഷം രൂക്ഷമായതോടെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ക്യാമ്പുകളിലേക്കുള്ള ഭക്ഷ്യവിതരം യുഎൻ നിർത്തിവച്ചു. ഭക്ഷണ ദൗർലഭ്യം, വൃത്തിഹീനമായ വെള്ളം, അപര്യാപ്തമായ വൈദ്യസഹായം എന്നിവയാണ് രാജ്യത്ത് മരണനിരക്ക് വർധിപ്പിക്കുന്നത്. അഞ്ച് വയസിന് താഴെയുള്ള ഓരോ 10 കുട്ടികളിൽ മൂന്ന് പേർക്കും, ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരിൽ മൂന്നിലൊന്ന് പേരും പോഷകാഹാര കുറവുള്ളവരാണെന്ന് യുഎന്നിന്റെ പഠനം പറയുന്നു.

2023 മെയ് 15നും 2024 മാർച്ച് ഒന്നിനും ഇടയിൽ അഞ്ച് വയസിന് താഴെയുള്ള 3,473 കുട്ടികൾ പോഷകാഹാരക്കുറവ് മൂലം മരിച്ചുവെന്നാണ് മെഡിസിൻസ് വിതൗട്ട് ബോർഡേഴ്‌സ് (എംഎസ്എഎഫ്) എന്ന അന്താരാഷ്ട്ര സംഘനയുടെ കണക്കുകൾ പറയുന്നത്. ആഭ്യന്തര സംഘർഷം രണ്ടാം വർഷത്തിലേക്ക് കടന്ന സുഡാനിൽ നിലവിൽ മാനുഷിക സഹായങ്ങൾക്കായി പ്രവർത്തിക്കുന്ന ഏക അന്താരാഷ്ട്ര സംഘടനയാണ് എംഎസ്എഫ്. ആരോഗ്യസംവിധാനങ്ങളുടെ അവസ്ഥയും മോശമാണ്. ആകെയുണ്ടായിരുന്നതിന്റെ 20-30 ശതമാനം ആരോഗ്യസംവിധാനങ്ങൾ മാത്രമാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്. ഇത്രയധികം വിഭവങ്ങൾ ഉണ്ടായിട്ടും ആരാണ് രാജ്യത്തെ ഈ ഗതികെട്ട അവസഥയിലെത്തിച്ചത്? മറ്റാരുമല്ല അവിടുത്തെ ഭരണാധികാരികൾ തന്നെയാണ്.

ഇസ്ലാമിക ഭരണത്തിലെ കെടുതികൾ

ശരിക്കും ഒരു ഭാഗ്യംകെട്ട നാടുതന്നെയാണ്, സുഡാൻ. പിറന്നുവീണ അന്നുമുതൽ ചോരയുടെ ചരിത്രമാണ് ആ നാടിന്റെത്. ഒരുകാലത്ത് ആഫ്രിക്കൻ രാജ്യങ്ങളിൽ ഏറ്റവും വലുതും വൈവിധ്യമാർന്നതുമായ നാടായിരുന്നു സുഡാൻ. ഈജിപ്തും ചെങ്കടലും അതിരിടുന്ന രാജ്യം. ജനസംഖ്യയുടെ എഴുപത് ശതമാനത്തിലേറെ അറബ് വംശജരാണ്. സമ്പദ് വ്യവസ്ഥയുടെ നെടുംതൂൺ എണ്ണപ്പാടങ്ങളായിരുന്നു. സ്വർണ്ണഖനികളും ധാതുസമ്പത്തും ഉണ്ടായിരുന്നു. എന്നിട്ടും അവിടെനിന്ന് ദാരിദ്ര്യം വിട്ടുപോയില്ല. അതിനുകാരണം സുഡാൻ ഭരണകർത്താക്കളുടെ പിടിപ്പുകേടാണ്.

1956-ൽ ബ്രിട്ടനിൽനിന്നു സ്വതന്ത്രമായി രണ്ടു വർഷമായപ്പോഴേക്കും പട്ടാളം രാജ്യത്തിന്റെ അധികാരം പിടിച്ചടക്കി. തുടർന്നും ഒന്നിലേറെ തവണ പട്ടാളത്തിന്റെ ഇടപെടലുണ്ടായി. കേണലായിരുന്ന ഉമർ ഹസ്സൻ അഹമ്മദ് അൽ ബഷീർ 1989-ൽ അധികാരത്തിൽ എത്തിയതും പട്ടാള വിപ്ളവത്തിലൂടെയായിരുന്നു.

ഇസ്ലാമിക ഭരണം എന്നപേരിൽ മൂന്നു പതിറ്റാണ്ടുനീണ്ട പീഡനകാലമായിരുന്നു പിന്നീട് ഉണ്ടായത്. ഭയം എന്ന ഒറ്റവികാരം കൊണ്ട് പ്രതിഷേധത്തിനുള്ള ഒരു സാധ്യതപോലും തുറന്നില്ല. നിയമം ലംഘിക്കുന്നവർക്കായി തയാറാക്കപ്പെട്ട പീഡനകേന്ദ്രങ്ങളായ 'പ്രേതഭവന'ങ്ങളിൽ ഒരംഗമെങ്കിലും കയറാത്ത സുഡാനി കുടുംബങ്ങൾ അക്കാലത്ത് ഉണ്ടായിരുന്നില്ല. വീടുകളിൽ നിന്ന് ഏതുനിമിഷവും യുദ്ധഭൂമിയിലേക്ക് വലിച്ചിഴയ്ക്കപ്പെടാം എന്ന ഭീതിയിലാണ് കൗമാരക്കാരായ ആൺകുട്ടികളുടെ ജീവിതമെങ്കിൽ, ഒരാൺകുട്ടിയുമായി ഒരുമിച്ചു സംസാരിച്ചാൽ ചിരിച്ചാൽ, പെൺകുട്ടികൾ 'സദാചാരപൊലീസി'ന്റെ ക്രൂരവിചാരണ നേരിടേണ്ടിവരും.

സ്വതന്ത്രമാധ്യമപ്രവർത്തനം അക്കാലത്ത് സ്വപ്നം മാത്രമായിരുന്നു. ടിവി ചാനലും പത്രവും ഭരണകൂടത്തിനുവേണ്ടി സംസാരിക്കാനുള്ളതായി മാറി. നാലിലൊന്നു സുഡാനികൾക്ക് നിയന്ത്രിത ഇന്റർനെറ്റ് സൗകര്യം ലഭ്യമായി. വളരെ ചെലവേറിയതായതിനാൽ ഉപയോഗം പരിമിതമായിരുന്നു. രാജ്യാന്തര നിലവാരമുള്ള ഒരു ഓൺലൈൻ പരീക്ഷ എഴുതാൻപോലും ഇവിടുത്ത വിദ്യാർത്ഥികൾക്ക് സാധിക്കിച്ചില്ല. സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചാൽ അകത്താകും. സിനിമയും സംഗീതവും നിഷിദ്ധം. രാത്രി പതിനൊന്നുമണിക്കുശേഷം സാമൂഹ്യജീവിതം പാടില്ല .സാധാരണക്കാർക്ക് രാജ്യാന്തര ബാങ്കിങ് സേവനങ്ങൾ ലഭ്യമാകില്ല. മറ്റുരാജ്യങ്ങളിൽ ജോലി തേടിപ്പോകുന്ന സുഡാനികൾക്ക് സ്വന്തം നാട്ടിലേക്ക് പണമയക്കാനാകില്ല. തിരിച്ചും. എല്ലാ അർഥത്തിലും സ്വന്തം രാജ്യത്ത് തടവിൽക്കഴിയേണ്ട അവസ്ഥയിലായിരുന്നു, ബഷീറിന്റെ ഭരണകാലം.

ആഗോള ഇസ്ലാമിക ഭീകരതയുടെ താവളവുമായിരുന്നു അന്ന് സുഡാൻ.അൽഖായിദ ഭീകര സംഘവും അതിന്റെ നേതാവ് ഉസാമ ബിൻ ലാദനും അഫ്ഗാനിസ്ഥാനിൽ താലിബാന്റെ സംരക്ഷണത്തിലാകുന്നതിനുമുൻപ് അവർക്ക് അഭയം നൽകിയതു സുഡാനാണ്. അതിന്റെ പേരിൽ 1998-ൽ അമേരിക്കയുടെ മിസൈൽ ആക്രമണത്തെ നേരിടേണ്ടിവന്നു. ഇരുപതു വർഷത്തോളം യുഎസ് സാമ്പത്തിക ഉപരോധത്തിനും വിധേയമായി. 2017 ഒക്ടോബറിലാണ് ഉപരോധം പിൻവലിക്കപ്പെട്ടത്.

മൂന്നു ലക്ഷം പേർ മരിച്ച ദക്ഷിണ സുഡാൻ

അതിനിടയിൽ രാജ്യത്തിന്റെ തെക്കൻ മേഖല (ഏതാണ്ടു നാലിലൊരു ഭാഗം) വേറിട്ടുപോവുകയും ദക്ഷിണ സുഡാൻ എന്ന പേരിൽ സ്വതന്ത്ര രാജ്യമാവുകയുംചെയ്തു. 2003 ലാണ് ദാർഫർ മേഖല സ്വാതന്ത്ര്യത്തിനായി പ്രക്ഷോഭം തുടങ്ങിയത്. സുഡാന്റെ എണ്ണപ്പാടങ്ങളിലേറെയും ആ മേഖലയിലായതുകൊണ്ട് ഉമൻ അൽ ബഷീർ പ്രക്ഷോഭം അംഗീകരിച്ചില്ല. യുദ്ധം തുടങ്ങി. ആഭ്യന്തരസംഘർഷം രൂക്ഷമായി. മൂന്നുലക്ഷത്തിലേറപ്പേർക്ക് ജീവൻ നഷ്ടമായി. മനുഷ്യാവകാശങ്ങൾക്ക് പുല്ലുവില കൽപ്പിക്കുന്ന കൊടുംക്രൂരതയ്ക്ക് ഉമർ അൽ ബഷീറിനെതിരെ രാജ്യാന്തര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പ്രഖ്യാപിച്ചു. ഒടുവിൽ 2011-ൽ ദക്ഷിണ സുഡാൻ സ്വതന്ത്രമായി. ( സ്വാതന്ത്ര്യം കിട്ടിയിട്ട് ഒരു വ്യാഴവട്ടക്കാലം കഴിഞ്ഞിട്ടും ദക്ഷിണ സുഡാന്റെ അവസ്ഥയും മെച്ചമൊന്നുമല്ല. സുഡാനേക്കാൾ വിഭവസമ്പന്നമായ രാജ്യമായിരുന്നിട്ടും, അക്രമവും കൊള്ളയും കൊലയും, ബലാത്സഗവുമായി അരാജകത്വത്തിന്റെ വാർത്തകളാണ് അവിടെ നിന്ന് വരുന്നത്. അതായത് മോശം ഭരണാധികാരികളുള്ള ഒരു നാടിനെ ആർക്കും രക്ഷിക്കാൻ കഴിയില്ലെന്ന് ചുരുക്കം)

വിഭജനത്തോടെ എണ്ണപ്പാടങ്ങളിലേറിയ പങ്കും ദക്ഷിണ സുഡാന്റെ ഭാഗമായി. വരണ്ട, മരുഭൂമി സമാനമായ വടക്കൻ ഭാഗം ഉൾപ്പെട്ട പുതിയ സുഡാന്റെ സമ്പദ് വ്യവസ്ഥ തകർന്നു തരിപ്പണമായി. അതോടെ സുഡാന്റെ എണ്ണ നിക്ഷേപങ്ങളുടെ മുക്കാൽ ഭാഗവും കൈവിട്ടുപോയി. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ജനങ്ങളിൽ പകുതിയിലേറെപേരും ദാരിദ്ര്യരേഖയ്്ക്കു താഴെയായി. അവശ്യ സാധനങ്ങളുടെ വില കുതിച്ചുകയറി. വിദേശനാണയകമ്മി കാരണം ജീവൻ രക്ഷാ ഔഷധങ്ങൾപോലും ഇറക്കുമതി ചെയ്യാനായില്ല.

സഹായത്തിനുവേണ്ടി രാജ്യാന്തര നാണയ നിധിയെയും (ഐഎംഎഫ്) ലോകബാങ്കിനെയും സമീപിച്ചപ്പോൾ അവർ കർശനമായ നിബന്ധനകൾ മുന്നോട്ടുവച്ചു. ഇന്ധനത്തിനും ഭക്ഷ്യസാധനങ്ങൾക്കും നൽകിവരുന്ന സബ്സിഡി വെട്ടിക്കുറക്കണം എന്നതായിരുന്നു അവയിലൊന്ന്. അങ്ങനെ ഗോതമ്പിനുള്ള സബ്സിഡി കുറച്ചപ്പോഴാണ് ഖുബ്ബൂസിന്റെ വില മൂന്നുമടങ്ങായി വർധിച്ചതും അതു താങ്ങാനാവാതെ ജനങ്ങൾ ബഷീറിനെതിരെ പ്രക്ഷോഭം തുടങ്ങിയത്.

വിഖ്യാതമായ ഖുബ്ബൂസ് വിപ്ലവം

മുല്ലപ്പൂ വിപ്ലവം എന്നൊക്കെ പറഞ്ഞതുപോലെ ഖുബ്ബൂസ് വിപ്ലവമാണ് 2019-ൽ സുഡാനിലെ ബഷീർ ഭരണത്തിന് അന്ത്യം കുറിച്ചത്. അറബ് രാജ്യങ്ങളിലെ ജനങ്ങളുടെ മുഖ്യഭക്ഷണമായ ഒരുതരം ഗോതമ്പുറൊട്ടിയാണ് ഖുബ്ബൂസ്. ഗൾഫ് ബന്ധം കാരണം കേരളീയർക്കും ഇത് അപരിചിതമല്ല. സുഡാനിൽ ഖുബ്ബൂസാണ് സത്യത്തിൽ അധികാമാറ്റം ഉണ്ടാക്കിയത്. ഖുബ്ബൂസിന്റെ വില പെട്ടെന്നു ക്രമാതീതമായി വർധിച്ചതോടെ ജനങ്ങൾ ക്ഷുഭിതരായി. തുടർന്നു രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുണ്ടായ പ്രക്ഷോഭം പ്രസിഡന്റ് ഉമർ ഹസ്സൻ അഹമ്മദ് അൽ ബഷീറിന്റെ ഭരണത്തിനെതിരായ വെല്ലുവിളിയായി വളർന്നുകൊണ്ടിരിക്കുന്നു.

ചിലർ ഇതിനെ ഖുബ്ബൂസ് വിപ്ളവമെന്നു പോലും വിളിക്കുന്നുണ്ട്. എന്നാൽ, ജനങ്ങളെ കൂട്ടത്തോടെ തെരുവിൽ ഇറക്കിയിരിക്കുന്നതു അമിതമായ വിലക്കയറ്റം മാത്രമല്ലെന്നതാണ് വാസ്തവം. മുപ്പതു വർഷത്തോളമായി തുടരുന്ന ബഷീറിന്റെ ദുർഭരണം അവസാനിക്കുന്നതിനുവേണ്ടിയുള്ള സമരം കൂടിയായി ഇത് മാറി. ഏതാനും വർഷംമുൻപ് ഉത്തരാഫ്രിക്കയിലും പശ്ചിമേഷ്യയിലും വീശിയടിച്ച ജനരോഷക്കൊടുങ്കാറ്റിന്റെ തുടർച്ചയായിപ്പോലും ഇതിനെ കണ്ടവരുണ്ട്. ടുനീഷയിൽ സൈനൽ ആബിദീൻ ബിൻ അലി, ഈജിപ്തിൽ ഹുസ്നി മുബാറക്ക്, ലിബിയയിൽ മുഅമ്മർ ഗദ്ദാഫി, യെമനിൽ അലി അബ്ദുല്ല സാലിഹ് എന്നിവരുടെ ദീർഘകാലത്തെ ഏകാധിപത്യത്തിനു തിരശ്ശീല വീണത് അങ്ങനെയായിരുന്നു. അതുപോലെയുള്ള ഒരു ജനകീയ പ്രക്ഷോഭത്തിൽ ഹസ്സൻ അഹമ്മദ് അൽ ബഷീറും വീണു.

വീണ്ടും ആഭ്യന്തര യുദ്ധം

ബഷീർ വീണതോടെ അന്ത്യമായത് 30 വർഷത്തെ ഇസ്ലാമിക ഭരണത്തിനുകൂടിയായിരുന്നു. പുതിയ സർക്കാർ മതേതരത്വം പ്രഖ്യാപിച്ചത്, പുരോഗമനവാദികളെ ഏറെ സന്തോഷിപ്പിച്ചു. "ഭരണകൂടം ഒരു ഒദ്യോഗിക മതം സ്ഥാപിക്കുകയില്ല. ഒരു പൗരനോടും മതത്തെ അടിസ്ഥാനമാക്കി വിവേചനം കാണിക്കില്ല. എല്ലാ പൗരന്മാരുടെയും അവകാശങ്ങൾ ഉൾക്കൊള്ളുന്ന ഒരു ജനാധിപത്യ രാജ്യമായി സുഡാൻ മാറും. ഭരണഘടന 'മതത്തെയും ഭരണകൂടത്തെയും വേർതിരിക്കുക' എന്ന തത്വത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. '- പുതിയ സർക്കാറുണ്ടാക്കാനായി പോരാളികൾ തമ്മിലുണ്ടാക്കിയ കരാറിലെ പ്രധാന വാചകം അതായിരുന്നു. ബഷീറിന്റെ ഏകാധിപത്യ ഭരണത്തെ അട്ടിമറിക്കാൻ നേതൃത്വംകൊടുത്ത അബ്ദൈൽ ഫത്ത അൽബുർഹാനും, മുഹമ്മദ് ഹംദാൻ ഡഗാലോയും സുഡാനിലെ പ്രധാന നേതാക്കളായി ഉയർന്നുവന്നു.

സുഡാൻ സായുധസേന മേധാവിയായി അബ്ദൈൽ ഫത്ത അൽ ബുർഹാനും, അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് ( ആർഎസ്എഫ്) മേധാവിയായി മുഹമ്മദ് ഹംദാൻ ഡഗാലോ സ്ഥാനമേറ്റു. പ്രക്ഷോഭകരുടെ നേതാക്കളും സായുധസേനകളും അധികാരം പങ്കുവെക്കൽ കരാറും സോവറിൻ കൗൺസിൽ എന്ന സമിതിയുമുണ്ടാക്കി സുഡാൻ ഭരിച്ചു. ജനറൽ ബുർഹാൻ സോവറിൻ കൗൺസിലിന്റെ മേധാവികൂടിയായി. സിവിലിയൻ നേതാവ് അബ്ദല്ല ഹംദോക്ക് പ്രധാനമന്ത്രിയായി. ഉടൻതന്നെ ജനാധിപത്യരീതിയിൽ തിരഞ്ഞെടുപ്പ് നടത്തുമെന്ന വ്യവസ്ഥയിലായിരുന്നു ഈ അധികാരം പങ്കിടൽ.

പക്ഷേ, 2021 ഒക്ടോബറിൽ അടുത്ത അട്ടിമറിയുണ്ടായി. പ്രധാനമന്ത്രിയെ പുറത്താക്കി സുഡാന്റെ ഭരണം ബുർഹാൻ കൈയിലാക്കി. ഡഗാലോയെ അധികാരശ്രേണിയിലെ രണ്ടാമനുമാക്കി. 2023 ജൂലായിൽ തിരഞ്ഞെടുപ്പ് നടത്തുന്നതുവരെ മാത്രമാകും ഭരണമെന്ന് പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ്, സിവിലിയൻ ഭരണം തുടങ്ങിയ വാഗ്ദാനങ്ങൾക്ക് മറ്റൊരു അർഥംകൂടിയുണ്ടായിരുന്നു. ആർ.എസ്.എഫിനെ ലയിപ്പിച്ച് ഒരൊറ്റ സൈന്യമാക്കുക. ആ സൈന്യത്തെ സിവിലിയൻ നിരീക്ഷണത്തിലാക്കുക. ഇതിനുള്ള അന്തിമ ഉടമ്പടി 2023 ആദ്യം ഒപ്പിടേണ്ടതായിരുന്നു. അപ്പോഴേക്കും ബുർഹാനും ഡഗാലോയും തമ്മിലുള്ള ബന്ധം വഷളായി. ആർ.എസ്.എഫിനെ രണ്ടു വർഷത്തിനുള്ളിൽ സൈന്യത്തിന്റെ ഭാഗമാക്കണം എന്നാണ് ബുർഹാന്റെ കടുംപിടിത്തം. എന്നാൽ, ഇതിന് ഡഗാലോ തയ്യാറായില്ല. തൊട്ടുപിന്നാലെ ആഭ്യന്തരകലാപത്തിനു തിരി കൊളുത്തുകയും ചെയ്തു. ഇപ്പോൾ ഒരേ രാജ്യത്തിലെ രണ്ടു സേനകൾ തമ്മിൽ ഏറ്റുമുട്ടി ആയിരങ്ങൾ മരിക്കുന്നു. നമ്മുടെ നാട്ടിൽ ഇന്ത്യൻ ആർമിയും, സിആർപിഎഫും തമ്മിൽ എറ്റുമുട്ടിയാൽ എങ്ങനെയിരിക്കും. ഏതാണ്ട് അതുപോലെ.

നിലക്കാത്ത അഭയാത്ഥി പ്രവാഹം

ആഭ്യന്തരയുദ്ധം രൂക്ഷമായതോടെ, ഇന്ത്യ, യു.എസ്., ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, റഷ്യ, ദക്ഷിണ കൊറിയ, വിവിധ അറബ് രാജ്യങ്ങൾ എന്നിവയെല്ലാം തങ്ങളുടെ പൗരന്മാരെ സുഡാനിൽനിന്ന് ഒഴിപ്പിച്ചുകഴിഞ്ഞു. ഇതുകൊണ്ടു മാത്രം തീരുന്നതല്ല പ്രശ്നം. ചെങ്കടലിന്റെ തന്ത്രപ്രധാനമായ സ്ഥാനം, നൈൽ നദിയിലേക്കുള്ള പ്രവേശനകവാടം എന്നീ നിലയ്‌ക്കെല്ലാം സുഡാൻ ആരേയും കൊതിപ്പിക്കുന്ന രാജ്യമാണ്. പക്ഷെ, അമ്പേ ദരിദ്രരായ ജനതയാണ്. സമ്പന്നമായ സ്വർണഖനികൾ, വലിയ കാർഷിക സാധ്യതകൾ എന്നിവയെല്ലാം ഉണ്ടെങ്കിലും ഇതിന്റേയൊക്കെ ഉപയോക്താക്കൾ പുറംശക്തികളാണ്. അതുകൊണ്ടു തന്നെ സുഡാൻ ആഭ്യന്തരകലാപത്തെ അയൽ രാജ്യങ്ങൾ, റഷ്യ, അറബ് രാജ്യങ്ങൾ എന്നിവയെല്ലാം ഏറെ ശ്രദ്ധയോടെയാണ് നോക്കിക്കാണുന്നത്.

ഈജിപ്ത്, ലിബിയ, ചാഡ്, എറിട്രിയ, സൗത്ത് സുഡാൻ, എത്യോപ്യ തുടങ്ങി ഏഴ് രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നുവെന്നതുകൊണ്ടുതന്നെ ഏറെ നിർണായകമാണ് സുഡാന്റെ അതിർത്തികൾ. ഈ രാജ്യങ്ങളിലേക്കൊക്കെ അഭയാർത്ഥി പ്രവാഹമുണ്ടായി. സുഡാന്റെ ശക്തമായ അയൽരാജ്യമെന്ന നിലയ്ക്ക് ഏറെ ഭീതിയോടെയും ആശങ്കയോടെയുമാണ് ഈജിപ്തും നിലവിലെ അവസ്ഥയെ വീക്ഷിക്കുന്നത്. രണ്ട് സൈനിക മേധാവികൾ തമ്മിലുള്ള സംഘർഷമെന്ന നിലയ്ക്ക് ആരുടെയൊപ്പം നിൽക്കണമെന്ന ആശയക്കുഴപ്പത്തിലാണ് ഈജിപ്ത്. ഈജിപ്തിന്റെ പ്രധാന സാമ്പത്തിക പിന്തുണക്കാരായ യു.എ.ഇ. തങ്ങളെ പിന്തുണക്കുമെന്നാണ് ആഭ്യന്തര കലാപത്തിന് നേതൃത്വം നൽകുന്ന ആർ.എസ്.എഫ് തലവൻ മുഹമ്മദ് ഹംദാൻ ഡഗാലോ വിശ്വസിക്കുന്നത്. അതുകൊണ്ടു തന്നെ ഈജിപ്തിനു ഡഗാലോയെ കൈവിടാനാവില്ല. നിലവിലെ ഭരണാധികാരിയെന്ന നിലയ്ക്ക് സായുധസേന മേധാവി അബ്ദൈൽ ഫത്ത അൽബുർഹാനെ വെറുപ്പിക്കാനുമാവില്ല.

സുഡാനും ഈജിപ്തും തമ്മിൽ സ്വതന്ത്ര സഞ്ചാര കരാറുള്ളതിനാൽ അഭയാർഥി പ്രശ്‌നവുമുണ്ട്. ഇപ്പോൾതന്നെ 50 ലക്ഷത്തോളം സുഡാനികളെയാണ് ഈജിപ്ത് സ്വീകരിച്ചത്. പലരും അവിടെ ജോലി ചെയ്യുകയും ജീവിക്കുകയും ചെയ്യുന്നു. 2003 -ലെ ആഭ്യന്തര കലാപത്തിന് ശേഷം സുഡാനിൽനിന്നു ഈജിപ്തിലേക്കുള്ള അഭയാർഥി പ്രവാഹം അനിയന്ത്രിതമായി തുടരുകയാണ്. എത്യോപ്യയുമായുള്ള ഏറെക്കാലമായുള്ള തർക്കത്തിൽ സുഡാനെ ഒഴിച്ചുകൂടാനാവാത്ത സഖ്യകക്ഷിയായി ഈജിപ്ത് കണക്കാക്കുന്നുണ്ട്. തങ്ങളുടെ രാജ്യത്തിനുതന്നെ ഭീഷണിയെന്ന നിലയിലാണ് വടക്കൻ എത്യോപ്യയിലെ നീല നൈൽ നദിയിലെ ഭീമാകാരമായ ജലവൈദ്യുത പദ്ധതിയെ ഈജിപ്ത് കണക്കാക്കുന്നത്. ആഭ്യന്തരയുദ്ധത്തിന് ശേഷം സുഡാൻ ആര് ഭരിക്കുമെന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും അണക്കെട്ട് വിഷയത്തിലടക്കം ഈജിപ്തിനോടുള്ള സുഡാന്റെ ഭാവി നിലപാട്.

നൈൽ നദിയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഏറ്റവും വലിയ ആഫ്രിക്കൻ രാജ്യമെന്ന നിലയിൽ എളുപ്പത്തിൽ ഈജിപ്ത്, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് ജലസേചന സൗകര്യം ഉറപ്പാക്കുന്നതിനും സുഡാന് വലിയ പങ്കുണ്ട്. ഒരുപക്ഷേ, ഈജിപ്തിന്റെ പ്രധാന കുടിവെള്ള സ്രോതസ്സും ഇവരാണ്. ഇതിന് പുറമെ സുഡാൻ സൈന്യവുമായി അടുത്ത ബന്ധം പുലർത്തുന്നവരുമാണ് ഈജിപ്ത്. ഇങ്ങനെ പലവിധ വിഷയങ്ങളിൽ ഈജിപിതിന് സുഡാൻ ഒഴിച്ചുകൂടാനാവാത്ത സഖ്യക്ഷിയാണ്. അതുകൊണ്ടാണ് ഇവരുടെ നിലപാട് നിർണായകമാവുന്നതും.

വാഗ്നർ ഗ്രൂപ്പുമായും അടുത്തബന്ധം

മിഡിൽ ഈസ്റ്റിൽ നിർണായകശക്തിയായി ഉയർന്ന് വരുന്ന യു.എ.ഇ. സൈന്യത്തിന് സുഡാൻ ആഭ്യന്തരകലാപത്തിന് ഒരുവശത്ത് നേതൃത്വം നൽകുന്ന റാപ്പിഡ് സപോർട്ട് ഫോഴ്സുമായി അടുത്ത ബന്ധമാണുള്ളത്. യെമനിൽ ഇറാന്റെ പിന്തുണയോടെ ഹൂതി വിമതർ നടത്തുന്ന ആക്രമത്തെ പ്രതിരോധിക്കുന്ന യു.എ.ഇ., സൗദി അറേബ്യ സൈനികരെ സഹായിക്കാൻ റാപ്പിഡ് ആക്ഷൻ ഫോഴ്സ് ആയിരക്കണക്കിന് സൈനികരെയാണ് നൽകിയത്.

യൂറോപ്പിലേക്കുള്ള ഊർജ കയറ്റുമതിക്കായി ചെങ്കടൽ വ്യാപാരപാതയിൽ 300 സൈനികരേയും നാല് കപ്പലുകളേയും ഉൾക്കൊള്ളിക്കാനാവുന്ന നാവികകേന്ദ്രം സ്ഥാപിക്കാൻ റഷ്യയ്ക്കും ഏറെ നാളത്തെ പദ്ധതിയുണ്ട്. ഇതിന് പുറമെ യുക്രൈനിനെതിരേ യുദ്ധരംഗത്ത് മുൻനിരയിലുള്ള റഷ്യയുടെ വാഗ്‌നർ ഗ്രൂപ്പുമായി ഏറെ അടുപ്പമുള്ളവരാണ് സുഡാനിലെ റാപ്പിഡ് സപ്പോർട്ട് ഗ്രൂപ്പ്. വഗ്‌നർ ഗ്രൂപ്പിന്റെ സ്വർണഖനികൾക്കെല്ലാം സുരക്ഷയൊരുക്കുന്നതിൽ പ്രധാന പങ്കാളികളാണ് ആർ.എസ്.എഫ്. 2017 മുതൽ സുഡാനിൽ വാഗ്നർഗ്രൂപ്പ് പ്രവർത്തിക്കുന്നുമുണ്ട്.

സ്വർണ കള്ളക്കടത്തും മനഷ്യാവകാശ ലംഘനവും ആരോപിച്ച് യുറോപ്യൻ യൂണിയൻ വാഗ്നർ ഗ്രൂപ്പിന് വിലക്കേർപ്പെടുത്തിയത് ഈയടുത്താണ്. ഈ വാഗ്നർഗ്രൂപ്പിന് കൂലിപ്പട്ടാളക്കാരേയും ആയുധുങ്ങളും പോലും ആർ.എസ്.എഫ്. വിതരണം ചെയ്യുന്നുണ്ട്. കലാപം അവസാനിപ്പിക്കാനായി സുഡാനിലെ ഡഗാലോ-ബുർഹാൻ സൈനിക മേധാവികൾക്കിടയിൽ മധ്യസ്ഥം വഹിക്കാൻ സഹായിക്കാമെന്ന് വാഗ്നർ ഗ്രൂപ്പ് തലവൻ യെവ്ജനി പ്രിഗോഷിൻ അറിയിച്ചിട്ടുണ്ടെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് പുറമെ സുഡാനിലെ കലാപത്തിൽ വാഗ്നർ ഗ്രൂപ്പ് ആയുധങ്ങൾ വാഗ്ദാനം ചെയ്യുന്നതായും ആരോപണവുമുണ്ട്. പക്ഷേ പുടിനെതിരെ കലാപം നയിച്ച് പ്രിഗോഷിൻ തീർന്നത് ഇവർക്ക് വലിയ ആഘാതമായി.

തങ്ങളുടെ ബദ്ധശത്രുവായ ഇറാനെതിരെ രാഷ്ട്രീയവും സൈനികവുമായ മുന്നണി രൂപീകരിക്കാൻ മറ്റ് അറബ്, മുസ്ലിം രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിൽ ഇസ്രയേൽ സുഡാനിൽനിന്ന് പിന്തുണ തേടുന്നുണ്ട്. ഇതിന്റെ ഭാഗമായി 2020-ൽ ഇരുരാജ്യങ്ങളിലും പ്രത്യേക കരാറിൽ ഒപ്പിടുകയും മൂന്നു വർഷത്തിന് ശേഷം നയതന്ത്ര ബന്ധം ഔദ്യോഗികമായി സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇത് മാത്രമല്ല, ഇസ്രയേൽ ചാരസംഘടനയായ മൊസാദ് ആർ.എസ്.എഫ്. തലവൻ മുഹമ്മദ് ഹംദാൻ ഡഗാലോ അടക്കമുള്ളവരെ സന്ദർശിക്കാനായി 2922-ൽ ഇസ്രയേലിലെത്തിയിരുന്നു. ഭീകരവാദ പ്രതിരോധവും ഇന്റലിജൻസ് സഹായവുമെല്ലാം സുഡാൻ വാഗ്ദാനം ചെയ്യുകയും ചെയ്തു.

അമേരിക്കയടക്കമുള്ള പാശ്ചാത്യരാജ്യങ്ങളും രണ്ട് ജനറൽമാർ തമ്മിലുള്ള സംഘർഷത്തിൽ ആരുടെയൊപ്പം നിൽക്കണമെന്ന ആശയക്കുഴപ്പത്തിലാണ്. ംെ രണ്ട് പട്ടാളമേധാവികൾ നേതൃത്വം നൽകുന്ന ഇപ്പോഴത്തെ സംഘർഷം അത്ര പെട്ടെന്ന് അവസാനിക്കുന്നതല്ലെന്നാണ് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നത്. ഇരുവിഭാഗങ്ങൾക്കും പല രീതിയിൽ വിദേശപിന്തുണയും സൈനിക- സാമ്പത്തികസഹായവും ഒരുപോലെ ലഭിച്ചുകൊണ്ടിരിക്കുന്നു. പരാജയപ്പെടുന്ന സൈനിക മേധാവികൾക്ക് ഒന്നുകിൽ മരണം അല്ലെങ്കിൽ രാജ്യം വിട്ടുപോകൽ എന്ന അവസ്ഥയും വരും.

ഇതുവരെ സുഡാൻ ആഭ്യന്തരയുദ്ധത്തിൽ എത്രപേർ മരിച്ചുവെന്നുപോലും, വ്യക്തമായ കണക്കില്ല. ചുരുങ്ങിയത് 2ലക്ഷം പേരെങ്കിലും മരിച്ചതായാണ് അനൗദ്യോഗികവിവരം. ഇപ്പോഴിതാ പട്ടിണിയും പരിവട്ടവും കാരണം ആയിരക്കണക്കിന് കുഞ്ഞുകൾ മരിക്കാൻ പോവുകയാണ്! അതിനിടയിൽ അടിയന്തര നടപടികൾ എടുക്കാൻ ലോകരാജ്യങ്ങൾക്ക് കഴിയുമോ എന്നാണ് ചോദ്യം.

വാൽക്കഷ്ണം: ഇപ്പോഴും സുഡാനികൾ കേരളത്തിൽവരെ എത്തി വിവാഹബന്ധങ്ങളിൽ വരെ ഏർപ്പെടുന്നുണ്ട്. ഇതിൽ സൂക്ഷിക്കണമെന്ന് 2020ൽ സുഡാൻ എംബസി തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. സുഡാൻ എംബസിയിൽ നിന്നുള്ള എൻഒസിയും വരൻ അവിവാഹിതനാണെന്ന സുഡാനി അധികൃതരുടെ സാക്ഷ്യപത്രവുമില്ലാതെ വിവാഹംചെയ്താൽ ആപത്താണെന്നാണ് മുന്നറിയിപ്പ്. ദല്ലാളുകളെ വിശ്വസിച്ചെത്തുന്ന സുഡാനി വരന്മാർക്ക് ഇന്ത്യയിലെ നിയമങ്ങൾ അജ്ഞാതമാണെന്നും സുഡാനി എംബസി വിദേശമന്ത്രാലയത്തിന് നൽകിയ കത്തിൽ വ്യക്തമാക്കുന്നു. ഈ കത്ത് ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ സംസ്ഥാനസർക്കാരുകൾക്ക് സർക്കുലറയച്ചിരുന്നു. മലയാളികൾകൂടി ശ്രദ്ധിക്കേണ്ട സർക്കുലറായിരുന്നു അത്.