- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിനോദയാത്ര ചെയ്യുന്ന പോലെ ഒരു ഗഗനചാരി; സുനിതാ വില്യംസ് ആവേശമാവുമ്പോൾ!
"അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുമ്പോൾ, എനിക്ക് തിരികെ വീട്ടിലേക്ക് പോകുന്ന പ്രതീതിയാണ്. ബഹിരാകാശത്തെ വാസം മനുഷ്യന്റെ കാഴ്ചപ്പാടുകളെ മാറ്റിമറയ്ക്കും. നാം എത്ര നിസ്സാരർ ആണെന്ന ബോധമുണ്ടാവും. ഒപ്പം മനുഷ്യന്റെ ഒടുങ്ങാത്ത ഇഛാശക്തിയെക്കുറിച്ചുള്ള ബഹുമാനവും തോന്നും. ഒരിക്കൽ അന്താരാഷ്ട്ര ബഹിരാകാശ നിലയിലെ തകരാറിലായ ഉപകരണം നന്നാക്കാനായി അതിൽ തൂങ്ങിക്കിടക്കുമ്പോൾ ഭൗമോ പരിതലത്തിന് 400 കിലോമീറ്റർ ഉയരത്തിൽ തെളിഞ്ഞ ധ്രുവദീപ്തി കണ്ടനിമിഷത്തിൽ, അതിനപ്പുറം എന്തെങ്കിലുമുണ്ടോയെന്ന് ഞാൻ അതിശയിച്ചുപോയി. ആ കാഴ്ചയ്ക്കുശേഷം പ്രപഞ്ചത്തിൽ വളരെയധികം ഊർജമുണ്ടല്ലോയെന്നും നാം പ്രപഞ്ചത്തിൽ എത്ര നിസ്സാരനാണെന്നും ഞാൻ ചിന്തിച്ചു'- ( റോറ ബൊറിയാലിസ് എന്ന പ്രകാശപ്രതിഭാസമാണ് ധ്രുവദീപ്തി എന്നറിയപ്പെടുന്നത്. വടക്കൻ ചക്രവാളത്തിൽ തിളങ്ങുന്ന പച്ചനിറത്തിലോ ചിലപ്പോൾ മങ്ങിയ ചുവപ്പുനിറത്തിലോ കാണുന്ന ധ്രുവദീപ്തി അതിമനോഹര അനുഭവമാണ്)
പറയുന്നത് സുനിതാ വില്യംസ് ആണ്. 59ാം വയസ്സിൽ മൂന്നാമത്തെ ബഹിരാകാശയാത്രക്കൊരുങ്ങുകയാണ് ഇന്ത്യൻ വംശജയായ യുഎസ് യാത്രിക. കാൽ നൂറ്റാണ്ടിലധികമായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയിൽ പ്രവർത്തിച്ചുവരികയാണവർ. 12 വർഷത്തെ ഇടവേളയ്ക്കുശേഷം സുനിത നടത്തുന്ന ബഹിരാകാശ യാത്രയെ ഏറെ കൗതുകത്തോടെയാണ് ലോകം നോക്കിയത്. ഇപ്പോൾ നാസയുടെ ബഹിരാകാശ സഞ്ചാരികളായ മുൻ യു.എസ് നേവി കാപ്റ്റൻ ബാരി ബച്ച് വിൽമോർ (61), മുൻ നേവി ഏവിയേറ്ററും ടെസ്റ്റ് പൈലറ്റുമായ സുനിത വില്യംസ് (58) എന്നിവർ ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സുരക്ഷിതമായി എത്തിയിരിക്കയാണ്.
ഇത് മൂന്നാം തവണയാണ് സുനിത വില്യംസ് ബഹിരാകാശ യാത്ര നടത്തുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പേടകം നിലയവുമായി ബന്ധിപ്പിച്ചത്. സ്റ്റാർലൈനർ പേടകത്തിന്റെ മനുഷ്യരെ വഹിച്ചുള്ള ആദ്യ ദൗത്യമായിരുന്നു ഇത്. സ്റ്റാർലൈനർ പേടകത്തിൽ യാത്ര ചെയ്ത ആദ്യ വനിതയെന്ന നേട്ടവും, ഒരു പുതിയ ബഹിരാകാശ പേടകത്തിന്റെ ആദ്യ പരീക്ഷണം നടത്തുന്ന വനിതയെന്ന നേട്ടവും സുനിതയ്ക്ക് ലഭിച്ചു. വിനോദയാത്രചെയ്യുന്ന ലാഘവത്തോടെ ഒരു ബഹികാശയാത്ര നടത്തുന്ന ഈ വനിതയുടെ ജീവിതം പക്ഷേ വേറിട്ട വഴിയിലൂടെ ആയിരുന്നില്ല. ഒട്ടും ആഗ്രഹിക്കാതെയാണ് അവർ ഗഗനചാരിയായി മാറിയത്.
ബഹിരാകാശത്തെ ഡപ്പാംകൂത്ത്
ഇത്തവണ ഏറെ പ്രതിസന്ധികളോടെയായിരുന്നു സുനിതയുടെ യാത്ര. സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് രണ്ട് തവണ മാറ്റി വെച്ച വിക്ഷേപണം മൂന്നാം ശ്രമത്തിലാണ് വിജയം കാണുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര തുടരുന്നതിനിടെ സ്റ്റാർലൈനർ പേടകത്തിൽ വീണ്ടും ഹീലിയം ചോർച്ച ആശങ്കയുണ്ടാക്കിയിരുന്നു. വിക്ഷേപണത്തിന് മുമ്പ് തന്നെ തിരിച്ചറിയുകയും സുരക്ഷ പ്രശ്നമില്ലെന്ന് വിലയിരുത്തുകയും ചെയ്ത ഒരു ചോർച്ചയ്ക്ക് പുറമേ ആണ് രണ്ടിടത്ത് കൂടി ചോർച്ചയുണ്ടായത്. രണ്ട് ഹീലിയം വാൾവുകൾ പൂട്ടി പ്രശ്നം തൽക്കാലം പരിഹരിച്ചെന്ന് നാസ വ്യക്തമാക്കിയിരുന്നു. നേരത്തെയും പലതവണ ഹീലിയം ചോർച്ച കണ്ടെത്തിയതിനെ തുടർന്നും സാങ്കേതിക പ്രശ്നങ്ങളെ തുടർന്നും പലതവണ വിക്ഷേപണം മാറ്റിവെച്ചിരുന്നു.
നാസയുടെ കൊമേഴ്സ്യൽ ക്രൂ പ്രോഗ്രാമിന് കീഴിൽ വികസിപ്പിച്ചെടുത്ത ബഹിരാകാശ പേടകമാണ് ബോയിങ് സിഎസ്ടി-100 സ്റ്റാർലൈനർ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കും മറ്റ് ലോ എർത്ത് ഓർബിറ്റ് ലക്ഷ്യസ്ഥാനങ്ങളിലേക്കും സുരക്ഷിതമായും ചെലവ് കുറഞ്ഞതുമായുമായ യാത്രയാണ് ഇത് ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ വിജയകരമായി ലാൻഡ് ചെയ്തതിന്റെ സന്തോഷത്തിലാണ് സുനിത വില്യംസും ബുച്ച് വിൽമോറും. പ്രതീക്ഷിച്ചതിലും ഒരു മണിക്കൂർ വൈകിയെങ്കിലും സുരക്ഷിതരായി ബഹിരാകാശ നിലയിൽ ഇരുവരും എത്തിച്ചേർന്നു.
നിലയത്തിൽ നിലവിലുള്ള മറ്റ് ഏഴ് യാത്രികരെ കണ്ടതിന്റെ സന്തോഷം ഡപ്പാംകുത്ത് ഡാൻസ് കളിച്ചാണ് സുനിത പ്രകടിപ്പിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായിരുന്നു. ഏറെ ആഹ്ലാദത്തോടെ നൃത്തം ചെയ്തുകൊണ്ടാണ് സുനിത വില്യംസ് ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിച്ചത്. നിലയത്തിലുണ്ടായിരുന്ന ഏഴ് ബഹിരാകാശ സഞ്ചാരികളും ഇരുവരെയും ആലിംഗനത്തോടെ സ്വീകരിച്ചു. നിലയത്തിലേക്ക് വരുന്ന സഞ്ചാരികളെ സ്വീകരിക്കുന്നതിനായി മണിമുഴക്കുന്നൊരു പതിവുണ്ട്. ഇതിന് പിന്നാലെയാണ് ഇരുവരും നിലയത്തിലേക്ക് പ്രവേശിച്ചത്. സ്വീകരണത്തിൽ നന്ദിയറിയിച്ച സുനിത വില്യം, ക്രൂ അംഗങ്ങൾ തന്റെ മറ്റൊരു കുടുംബമാണെന്നും പറഞ്ഞു.
ഫ്‌ളോറിഡയിലെ കേപ്പ് കനവറൽ സ്‌പേസ് ഫോഴ്‌സ് സ്റ്റോഷനിൽ നിന്ന് വിക്ഷേപിച്ച് 26 മണിക്കൂറുകൾക്ക് ശേഷമാണ് പേടകം നിലയത്തിലെത്തിയത്. സ്റ്റാർലൈനർ പേടകത്തിന്റെ പ്രവർത്തന ക്ഷമത വിലയിരുത്തുകയാണ് ദൗത്യത്തിന്റെ മുഖ്യ ലക്ഷ്യം. നിലയത്തിലേക്ക് സ്വയം ഗതിനിർണയം നടത്തി സഞ്ചരിക്കാനുള്ള പേടകത്തിന്റെ ശേഷി ഇരുവരും വിലയിരുത്തി. ഇതിന് പുറമെ സഞ്ചാരികൾ പേടകം സ്വയം നിയന്ത്രിക്കുന്ന സംവിധാനവും ഇരുവരും പരിശോധിച്ചു. .ഒരാഴ്ചയോളം ബഹിരാകാശത്ത് തങ്ങുന്ന ഇരുവരും വിവിധ ഗവേഷണങ്ങളിൽ സഹായികളാവും. ഭൂമിയിലേക്ക് തിരിച്ചിറങ്ങുന്ന സ്റ്റാർലൈനർ പേടകം കരയിലാണ് ഇറങ്ങുക. ദൗത്യം വിജയമാവുന്നതോടെ സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ ക്രൂ മോഡ്യൂളിന് പുറമെ ബഹിരാകാശ യാത്രയ്ക്കായി നാസയ്ക്ക് മറ്റൊരു പേടകം കൂടി ലഭിക്കും.
പക്ഷേ ഈ യാത്രക്ക് മറ്റൊരു പ്രശ്നം നേരിട്ടിരിക്കയാണ്. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ അപകടകാരിയായ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയെന്ന വാർത്തയാണ് ഏറ്റവും ഒടവുിൽ പുറത്തുവരുന്നത്. ഈ സൂപ്പർബഗ് സുനിതയടക്കമുള്ളവർക്ക് പ്രശ്നമാവുമോ എന്ന ആശങ്കയിലാണ് ശാസ്ത്രലോകം.
അച്ഛൻ ഹിന്ദു, അമ്മ ക്രിസ്ത്യൻ
സുനിതയുടെ പിതാവായ ഡോ. ദീപക് പാണ്ഡ്യ ഗുജറാത്തിൽ ജനിച്ചുവളർന്ന ഒരു ന്യൂറോ അനാട്ടമിസ്റ്റായിരുന്നു. പിന്നീട് അമേരിക്കയിലേക്ക് പോയി. അവിടെയും അദ്ദേഹം മികച്ച ഡോക്ടർ എന്ന പേരെടുത്തു. പ്രതിഭകളെ എന്നും ആദരിക്കുന്ന അമേരിക്ക അദ്ദേഹത്തിന് പൗരത്വം നൽകി. പിന്നീട് അദ്ദേഹം സ്ലോവേനിയക്കാരനായ ബോണിയെ വിവാഹം കഴിച്ചു. ഈ ദമ്പതികളുടെ മൂത്തമകളായി 1965 സെപ്റ്റംബർ 19ന് അമേരിക്കയിലെ ഓഹിയോവിലെ യൂക്ലിഡിലാണ് സുനിത ജനിച്ചത്. കുട്ടിക്കാലത്ത് തനിക്ക് ഒരു ഡോക്ടർ ആകണമെന്നായിരുന്നു ആഗ്രഹമെന്നും, ഒരു ഗഗനചാരിയാവുമെന്ന് ഒരിക്കലും കരുതിയില്ലെന്നും അവർ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്.
സന്തോഷകരമായ ബാല്യമാണ് തന്റെതെന്നാണ് സുനിത തന്റെ ആത്മകഥയിൽ പറയുന്നത്. പഠിക്കാനും കായിക മത്സരങ്ങളിലും അവൾ മിടുക്കിയായിരുന്നു. 1987-ൽ സുനിത വില്യംസ് യുനൈറ്റഡ് സ്റ്റേറ്റ്സ് നേവിയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചു. അന്ന് സുരക്ഷിതമായ ഒരു നല്ല ജോലി എന്നല്ലാതെ ശൂന്യാകാശയാത്രയൊന്നും സുനിതയുടെ മനസ്സിൽ ഉണ്ടായിരുന്നില്ല. " ഞാൻ എന്നെ എൽപ്പിക്കുന്ന ഓരോ ജോലികളും കൃത്യമായി ചെയ്യുകയായിരുന്നു. ആദ്യം ഒരു ഹെലികോപ്റ്റർ പറത്തി, പിന്നെ ബോയിങ് വിമാനം, യുദ്ധവിമാനം എന്നിങ്ങനെ വളർന്നു. ജോലിക്കൊപ്പം പടിപടിയായാണ് നാസയിൽ എത്തിയത്. അല്ലാതെ ഇന്ന് പലരും കരുതുന്നതുപോലെ സ്പേസ് ട്രാവൽ എനിക്ക് തുടക്കത്തിൽ പാഷൻ ആയിരുന്നില്ല. പക്ഷേ ഇന്ന് അങ്ങനെയല്ല. ഇടക്കിടെ ആകാശം എന്നെ മാടിവിളിക്കാറുണ്ട്"- സുനിത തന്റെ പുസ്തകത്തിൽ പറയുന്നു.
ആറു മാസത്തെ നേവൽ സിസ്റ്റം കമാൻഡ് പദവിക്കു ശേഷം അവർ ബേസിക് ഡൈവിങ് ഓഫീസറായി. 1989-ൽ നേവൽ അവിയേറ്ററായി. തുടർന്ന് പരിശീലനത്തിനായി ഹെലികോപ്റ്റർ കോംബാറ്റ് സപ്പോർട്ട് സ്‌ക്വാഡ്രൻ 3-ൽ റിപ്പോർട്ട് ചെയ്തു. ഫ്ളോറിഡയിലെ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ദുരിതാശ്വാസ പവർത്തനങ്ങളിൽ പങ്കെടുത്ത അവരുടെ പ്രവർത്തനം ഏറെ ശ്രദ്ധിക്കപ്പെട്ടു. 1993 ജനുവരിയിൽ യുഎസ് ടെസ്റ്റ് പൈലറ്റ് സ്‌ക്കൂളിൽ അഡ്‌മിഷൻ ലഭിച്ചു. അവിടെവച്ചാണ് വിമാനവുമായുള്ള സുനിതയുടെ ബന്ധം തുടങ്ങുന്നത്. 1993 ഡിസംബറിൽ കോഴ്സ് പൂർത്തിയാക്കി. റോട്ടറി വിങ് എയർക്രാഫ്റ്റ് ടെസ്റ്റ് ഡയരക്ടറേറ്റിൽ പ്രൊജക്റ്റ് ഓഫീസറാവുകയും ചെയ്തു. ഇതോടൊപ്പം തന്നെ എന്നിവയുടെ സ്‌ക്വാഡ്രൻ സേഫ്റ്റി ഓഫീസർ ചുമതലയും വഹിച്ചു.
1995 ഡിസംബറിൽ നേവൽ ടെസ്റ്റ് പൈലറ്റ് സ്‌ക്കൂളിൽ അവർ തിരിച്ചെത്തി. പക്ഷെ ഇത്തവണ വിദ്യാർത്ഥിയായിട്ടായിരുന്നില്ല. ഇൻസ്ട്രക്റ്റർ, സ്‌ക്കൂൾ സേഫ്റ്റി ഓഫീസർ എന്നീ നിലകളിലായിരുന്നു. ആർമിയിലെ വിവിധ ഹെലികോപറ്ററുകൾ പറത്തി. യുനൈറ്റഡ് സ്റ്റേറ്റ് നേവിയിലെ യുദ്ധക്കപ്പലായ യുഎസ്എസ് സാപ്പിയന്റെ എയർക്രാഫ്റ്റ് ഹാൻഡ്‌ലറും അസിസ്റ്റന്റ് എയർ ബോസും ആയി. ഈ കാലത്താണ് അവരെ ബഹിരാകാശപദ്ധതിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. അവരുടെ ആർമി ട്രാക്ക് റെക്കാർഡ് ഇതിന് നന്നായി ഗുണം ചെയ്തു.
നാസയിലെ ജീവിതം
1998-ലാണ് സുനിതയെ നാസ ബഹിരാകാശസഞ്ചാരിയായി തിരഞ്ഞെടുത്തത്. അന്ന് ഒരു ജോലി എന്നതിന് അപ്പുറം ഒന്നും കണ്ടിരുന്നില്ല. പക്ഷേ ഇത് ഒരു അസാധാരണ ദൗത്യമാണെന്ന് പിന്നീടാണ് മനസ്സിലായത്. അമേരിക്കയിലും റഷ്യയിലുമായി നിരവധി പരിശീലനങ്ങൾ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെട്ടു. ബഹിരാകാശയാത്രക്ക് നാസ തെരഞ്ഞെടുക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജയാണ് സുനിത വില്യംസ്. ആദ്യത്തേത് കൽപ്പന ചൗള ആയിരുന്നു. കൽപ്പനയുടെ ദുരന്തം ഇന്നും ഒരു ഞെട്ടലായി സുനിതയുടെ മുന്നിലുണ്ട്.
2006 ഡിസംബർ 9ന് ഡിസ്‌കവറി ബഹിരാകാശ പേടകത്തിൽ സുനിത വില്യംസ് തന്റെ ആദ്യത്തെ ബഹിരാകാശ യാത്രക്ക് തുടക്കമിട്ടത്. പിന്നീട് ഈ സംഘത്തിലെ റഷ്യൻ അംഗങ്ങൾ മാറി പുതിയവർ വന്നതോടെ പതിനഞ്ചാം പര്യവേക്ഷണസംഘമായപ്പോൾ സുനിത അതിലും അംഗമായി. 2007 ജനുവരി 31ന് അവർ ആദ്യമായി ബഹിരാകാശത്തു നടന്നു. പിന്നീട് ഫെബ്രുവരി 7,9 ദിവസങ്ങളിൽ രണ്ടു നടത്തങ്ങൾ കൂടി. ഒമ്പതു ദിവസങ്ങൾക്കുള്ളിൽ മൂന്നു പ്രാവശ്യമായി ഇവർ 6മണിക്കൂറും 40 മിനിറ്റും ബഹിരാകാശത്തു നടന്നു. നാലാമത്തെ ബഹിരാകാശ നടത്തം കൂടി കഴിഞ്ഞതോടെ അവർ 29 മണിക്കൂറും 17 മിനിറ്റും ബഹിരാകശത്തു നടന്ന് പുതിയ റെക്കോർഡിനുടമായായി.
2012 ജൂലൈ 14-ന് റഷ്യൻ ബഹിരാകാശ പേടകത്തിൽ രണ്ടാമതും യാത്ര തിരിച്ചു. ദൗത്യത്തിന്റെ കമാൻഡർ പദവി അവർക്കായിരുന്നു. നാലുമാസം നീണ്ട ബഹിരാകാശ ദൗത്യം പൂർത്തിയാക്കി മറ്റ് രണ്ടുപേർക്കൊപ്പം കസാഖ്‌സ്താനിലെ ബൈക്കന്നൂരിൽ പറന്നിറങ്ങുമ്പോൾ സുനിതയ്ക്കത് ചരിത്രനേട്ടമായിരുന്നു. രണ്ട് ദൗത്യങ്ങളിലായി 322 ദിവസം സുനിത ബഹിരാകാശത്ത് ചെലവിട്ടു. ഏഴുതവണയായി 50 മണിക്കൂറും 40 മിനിറ്റും ബഹിരാകാശത്ത് നടന്നു. ഏറ്റവുമധികം സമയം ബഹിരാകാശത്ത് നടന്ന വനിതയെന്ന നേട്ടവും അന്നവർക്ക് സ്വന്തമായിരുന്നു. പിന്നീട് അമേരിക്കൻ ബഹിരാകാശയാത്രികയായ പെഗ്ഗി വിറ്റ്‌സൺ അത് മറികടന്നു.
2002-ൽ നീമോ 2 ദൗത്യത്തിൽ അംഗമായി. സമുദ്രാടിത്തട്ടിലെ ആവാസവ്യവസ്ഥയെ കുറിച്ച് പഠിക്കാനുള്ള ദൗത്യമായിരുന്നു നീമോ 2. 2008ൽ നാസയുടെ ഡപ്യൂട്ടി ചീഫ് ഓഫ് ആസ്ട്രോനോട്ടിക്സ് ഓഫീസിലേക്ക് സുനിതയുടെ പ്രവർത്തനമണ്ഡലം മാറി.സെപ്റ്റംബർ 16-ന് എക്സ്പെഡിഷൻ 33-ന്റെ കമാൻഡറായി. മൂന്ന് ബഹിരാകാശ യാത്ര കൂടി നടത്തി. 2015-ൽ നാസയുടെ കൊമേഴ്സ്യൽ ക്രൂ പ്രോഗ്രാമിൽ ആദ്യ പരീക്ഷണ പറക്കൽ നടത്തിയ നാല് ബഹിരാകാശയാത്രികരിലൊരാളായി വില്യംസ് തിരഞ്ഞെടുക്കപ്പെട്ടു. അതിന്റെ ഭാഗമായുള്ള യാത്രയാണ് ഇപ്പോൾ നടക്കുന്നത്. യു.എസ്. ഡെപ്യൂട്ടി മാർഷൽ മൈക്കൽ വില്യംസിനെയാണ് വിവാഹംകഴിച്ചത്.
ശൂന്യാകാശത്തിലെ മാരത്തോൺ
പുറത്തുകാണുന്നതുപോലെ അത്ര എളുപ്പമല്ല ബഹിരാകാശ നിലയത്തിലെ ജീവിതം. ഗുരുത്വാകർഷണമില്ലാത്ത അവസ്ഥയിൽ കഴിയുന്നത് എല്ലുകളുടെയും പേശികളുടെയും തേയ്മാനത്തിന് കാരണമാകും. നട്ടെല്ലിന് തേയ്മാനമുണ്ടാകുന്നത് തടയാനുള്ള മരുന്നുകളും വ്യായാമങ്ങളും എടുക്കണം. അങ്ങനെയുള്ള ഒരുപാട് കടമ്പകളിലൂടെ കടന്നുപോവേണ്ടതുണ്ട്. ശാരീരികവും മാനസികവുമായ നിരവധി പരീക്ഷണങ്ങൾക്ക് ശേഷമാണ് ഒരാളെ ഇതിനായി തിരഞ്ഞെടുക്കുക. തിരിച്ചറങ്ങുമ്പോഴുള്ള ഗ്രാവിറ്റിയിലെ മാറ്റവും പ്രശ്നമാണ്. ജീവൻ പണയംവെച്ചുള്ള ഒരു കളിതന്നെയാണിത്. ഇനി തിരിച്ചുവരില്ല എന്ന പോലെ എല്ലാകാര്യങ്ങളും ചെയ്തുവച്ചാണ് ഒരു ബഹിരാകാശ യാത്രികൻ പുറപ്പെടുന്നത്.
ഇരു ദൗത്യങ്ങളിലുമായി 322 ദിവസമാണ് സുനിത ശൂന്യാകാശത്ത് ചെലവിട്ടത്.
2007 ഏപ്രിൽ 16ന് അന്താരാഷ്ട്ര ബഹിരകാശനിലയത്തിലെ ട്രെഡ് മില്ലിൽ ഓടിക്കൊണ്ട് അവർ ബോസ്റ്റൺ മാരത്തോണിൽ പങ്കെടുത്തു. നാലു മണിക്കൂറും 24 മിനിറ്റുമാണ് അവർ അവിടെ ഓടിത്തീർത്തത്. അങ്ങനെ അദ്യമായി ബഹിരാകാശത്തു കൂടെ ഭൂമിയെ വലംവെച്ചുകൊണ്ട് മരത്തോൺ മത്സരത്തിൽ പങ്കെടുത്ത ആദ്യത്തെ വ്യക്തിയായി സുനിത.
2012-ൽ ട്രയാൽത്തണിന് ആവശ്യമായ മൂന്ന് പ്രവർത്തനങ്ങൾ ബഹിരാകാശത്ത് പൂർത്തിയാക്കിയും സുനിത അമ്പരപ്പിച്ചിരുന്നു. ഓട്ടം, ബൈക്കിങ്, ബഹിരാകാശത്ത് നിന്ന് നീന്തൽ എന്നിവായിരുന്നു അവ. 386 കിലോമീറ്റർ മുകളിൽ ഭൂമിയെ ചുറ്റിക്കൊണ്ടിരുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ എക്‌സ്‌പെഡിഷൻ 33 ക്രൂവിന്റെ അന്നത്തെ യുഎസ് കമാൻഡറായിരുന്ന സുനിത. ട്രയാത്‌ലോൺ നേട്ടത്തിന് ശേഷം, ഇന്റർനാഷണൽ സ്‌പേസ് സെന്ററിൽ നിന്ന് സുനിത വില്യംസ് സംസാരിച്ചു, 'ആരോഗ്യത്തെയും ഫിറ്റ്‌നസിനെയും കുറിച്ചുള്ള നിങ്ങളുടെ പിന്തുണയ്ക്കും ആശയങ്ങൾക്കും നന്ദി. ഇത് മനുഷ്യർക്ക് എത്രത്തോളം പ്രധാനമാണ്"- സുനിത പറഞ്ഞു.
ഇസ്ലാം മതം സ്വീകരിച്ചുവോ?
2007 ജൂണിൽ നാസയുടെ ബഹിരാകാശ ദൗത്യം പൂർത്തിയാക്കി സംഘം ഭൂമിയിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെ് സുനിത വില്യംസ് ഇസ്ലാം മതം സ്വീകരിച്ചുവെന്ന് അഭ്യൂഹങ്ങൾ വന്നുതുടങ്ങി. ബംഗാളി ഭാഷയിലുള്ള, മക്ക മക്ക എന്ന ഫേസ്‌ബുക്ക് പേജിലൂടെ തുടങ്ങിയ പ്രചാരണം മറ്റുള്ളവർ ഏറ്റുപിടിച്ച് വൈറൽ ആക്കുകയായിരുന്നു.
ബഹിരാകാശത്ത് നിന്നും നോക്കിയപ്പോൾ ഇടത് വശത്തായി രണ്ട് നക്ഷത്രങ്ങൾ കണ്ടുവെന്നും അതെന്താണെന്ന് ബൈനോക്കുലറിലൂടെ നോക്കിയപ്പോൾ മക്കയിൽ നിന്നുള്ള വെളിച്ചമാണെന്ന് മനസ്സിലായതോടെയാണ് സുനിത ഇസ്ലാം മതത്തിലേക്ക് ആകൃഷ്ടയായത് എന്നാണ് വീഡിയോയിലെ വാദം. എന്നാൽ ഇത് പച്ചക്കള്ളമായിരുന്നു. 2010-ൽ സുനിത വില്യംസ് ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ ഈ ചോദ്യം ഉന്നയിക്കപ്പെട്ടിരുന്നു. അന്ന് സുനിത നൽകിയ ഉത്തരം ഇങ്ങനെ ആയിരുന്നു: "എവിടെ നിന്നാണ് ഇത്തരം പ്രചാരണങ്ങൾക്ക് തുടക്കമായത് എന്നെനിക്ക് അറിയില്ല. എന്റെ അച്ഛൻ ഒരു ഹിന്ദുവാണ്. കൃഷ്ണനേയും രാമനേയും സീതയേയും ഒക്കെ അറിയാൻ ശ്രമിച്ചാണ് ഞാൻ വളർന്നത്.എന്റെ അമ്മ ഒരു ക്രിസ്തുമത വിശ്വാസിയാണ്. യേശു എന്താണ് എന്നറിയാനും ഞാൻ ശ്രമിച്ചിട്ടുണ്ട്. വ്യക്തിപരമായി ദൈവമുണ്ട് എന്ന വിശ്വാസം ഉള്ളയാളാണ് താൻ. സന്തോഷമുള്ള ഒരു ജീവിതത്തിലേക്ക് നിങ്ങളെ നയിക്കുന്ന ഒന്നാണ് ദൈവം എന്നാണ് താൻ വിശ്വസിക്കുന്നത്" എന്നാണ് സുനിത വില്യംസ് നൽകിയ മറുപടി. 2013-ൽ നടത്തിയ ഒരു വാർത്താ സമ്മേളനത്തിൽ സുനിത വില്യംസ് പറഞ്ഞത് താൻ ബഹിരാകാശത്ത് പോകുമ്പോൾ ഒരു ചെറിയ ഗണപതി വിഗ്രഹവും കൂടെ കൊണ്ട് പോയിരുന്നു എന്നാണ്. ഇന്ത്യ ടിവിക്ക് നൽകിയ അഭിമുഖത്തിലും സുനിത ഇക്കാര്യം ആവർത്തിച്ചിരുന്നു.
"ബഹിരാകാശത്ത് നിരവധി കാര്യങ്ങൾ ചെയ്യാനുണ്ട്. ഗീതയും ഉപനിഷത്തുകളും വായിക്കാൻ എപ്പോഴും സമയം കിട്ടിക്കൊള്ളണം എന്നില്ല. എന്നാൽ ചിലപ്പോഴൊക്കെ രാത്രി താൻ അവ വായിക്കാറുണ്ട് " എന്നും സുനിത വില്യംസ് ആ അഭിമുഖത്തിൽ പറയുകയുണ്ടായി. പക്ഷേ കഴിഞ്ഞ കുറേക്കാലമായി സുനിത വില്യംസ് ഇസ്ലാം മതം സ്വീകരിച്ചു എന്ന് പ്രചാരണം നടക്കുന്നുണ്ട്. കഥയറിയാതെ പ്രമുഖ പത്രങ്ങൾ അടക്കം ഇത് എറ്റുപിടിച്ചിരുന്നു.
എന്നും ഇന്ത്യയോട് സ്നേഹം
നവവംശീയവാദികളെയും, തീവ്ര വലതുപക്ഷത്തെയും ഭയന്ന് തന്റെ അസ്തിത്വം മറച്ചുവെക്കുന്ന ആളല്ല സുനിത വില്യംസ്. തന്റെ ഇന്ത്യൻ ഒറിജിൻ അവർ എവിടെയും എടുത്തുപറയാറുണ്ട്. ഇന്ത്യൻ രണ്ടുതവണ വന്നിട്ടുള്ള അവർ പിതാവിന്റെ ജന്മനാടായ ഗുജാറാത്തിലും എത്തിയിരുന്നു. താജ്മഹൽ അടക്കമുള്ളവ കണ്ടാണ് സുനിതയും സഹോദരിയും മടങ്ങിയത്. ഒരിക്കൽ ആകാശത്തുനിന്ന് പൂർണരൂപത്തിൽ കണ്ട ഇന്ത്യയെ ചുറ്റിനടന്ന് കാണാൻ ആഗ്രഹമുണ്ടെന്ന് അവർ പറഞ്ഞതും വാർത്തയായിരുന്നു. ഐആർആർഒയുടെ പ്രവർത്തനങ്ങളെക്കുറിച്ചും, നമ്മുടെ ചാന്ദ്രയാൻ പ്രോജക്റ്റിനെക്കുറിച്ചും സുനിതക്ക് നല്ല മതിപ്പാണ്.
റോക്കട്രി; ദി നമ്പി എഫക്ട് എന്ന സിനിമയുടെ സംവിധായകനും നായകനുമായ ആർ മാധവനും, പ്രശസ്ത മലയാളി ശാസ്ത്രജ്ഞൻ നമ്പി നാരായണനും അമേരിക്കൻ പര്യടനത്തിനിടെ സുനിത വില്യംസുമായി കണ്ടുമുട്ടിയതും വാർത്തയായിരുന്നു. സുനിതയും മാധവനും നമ്പി നാരായണനും ഒരുമിച്ച് നിൽക്കുന്ന ചിത്രവും പുറത്തുവന്നിരുന്നു. അന്നും ഇന്ത്യയുടെ ദൗത്യങ്ങളെക്കുറിച്ച് ആകാംക്ഷയോടെയാണ് അവർ സംസാരിച്ചത്.
കഴിഞ്ഞ വർഷം ഷാർജ പുസ്തകോൽസവത്തിലും സുനിത എത്തിയിരുന്നു. തന്റെ ജീവിതം വിവരിക്കുന്ന 'സുനിത വില്യംസ്: എ സ്റ്റാർ ഇൻ സ്പേസ്' എന്ന പുസ്തകത്തെ കുറിച്ചുള്ള ചർച്ചയുടെ ഭാഗമായാണ് അവർ എത്തിയത്. യുഎഇയുടെ ഈ മേഖലയിലെ നേട്ടങ്ങളെ സുനിത പ്രശംസിച്ചു. യുഎഇ ബഹിരാകാശ സഞ്ചാരികളായ ഹസ്സ അൽ മൻസൂരി, സുൽത്താൻ അൽ നെയാദി എന്നിവരുമായുള്ള തന്റെ നല്ല അനുഭവങ്ങൾ അവർ പങ്കുവച്ചു. വനിതാ ബഹിരാകാശ സഞ്ചാരികൾ നേരിടുന്ന വെല്ലുവിളികൾ, ബഹിരാകാശ നടത്തത്തിനിടയിലെ സ്ത്രീകളുടെ ശാരീരിക മാറ്റങ്ങൾ, ഒരു റോൾ മോഡലായി പ്രവർത്തിക്കാനും യുവതലമുറയെ അവരുടെ സ്വപ്നങ്ങൾ പിന്തുടരാൻ പ്രചോദിപ്പിക്കാനുമുള്ള തന്റ അഭിനിവേശം എന്നിവയെല്ലാം സുനിത എടുത്ത് പറഞ്ഞ് സദസ്യരെ കൈയിലെടുത്തു.
അതാണ് സുനിതയുടെ മറ്റൊരു പ്രത്യേകത. അവർ എവിടെപ്പോയലും വാർത്തയാണ്. ഇനി ബഹിരാകാശ നിലയത്തിൽ വച്ച് മീൻ കറി രുചിച്ചു നോക്കാനുള്ള തയ്യാറെടുപ്പിലാണ് സുനിത വില്യംസെന്നാണ് അവരുടെ സുഹൃത്തുക്കളെ ഉദ്ധരിച്ച് ദ ഡെയിലിമെയിൽ അടക്കമുള്ള പത്രങ്ങൾ പറയുന്നത്. കഴിഞ്ഞ തവണ ബഹിരാകാശ നിലയത്തിൽ സുനിത എത്തിയപ്പോൾ സമൂസയായിരുന്നു കഴിച്ചത്. എന്നാൽ ഇത്തവണ മീൻ കറിയാണ് കഴിക്കാൻ പോകുന്നത്. ഇന്ത്യൻ ഭക്ഷണങ്ങളോടുള്ള അതിയായ കൊതിയാണ് ഇതിനു പിന്നിലെന്നും ബഹിരാകാശ നിലയത്തിലെത്തുമ്പോൾ തന്റെ പ്രിയപ്പെട്ട ഭക്ഷണങ്ങൾ ഒരിക്കലും മിസ് ചെയ്യരുതെന്ന് സുനിതയ്ക്ക് നിർബന്ധമുണ്ടെന്നും സുഹൃത്തുക്കൾ പറയുന്നു. എന്നാൽ ഇതൊക്കെ അതിഭാവുകത്വം കലർന്ന റിപ്പോർട്ടുകൾ ആണ്. ബഹിരാകാശയാത്രികർക്ക് അവിടെ പ്രത്യേക ഭക്ഷണമാണ്. അതിൽ മീൻകറിയും സമൂസയുമൊക്കെ ഒപ്പം ചേർക്കാൻ കഴിയുമോ എന്നത് സംശയമാണ്.
സൂപ്പർ ബഗ്ഗ് പുതിയ ഭീഷണി
രാജ്യാന്തര ബഹിരാകാശ നിലയത്തിൽനിന്ന് പുറത്തുവരുന്ന ഒരു പുതിയ വാർത്തയാണ് ലോകമെമ്പാടുമുള്ള ശാസ്ത്രകുതുകികളെ ഞെട്ടിക്കുന്നത്. നിലയത്തിൽ അപകടകാരിയായ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയെന്ന വാർത്തയാണിത്. ആന്റി മെക്രോബിയൽ മരുന്നുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള മൾട്ടി ഡ്രഗ് റസിസ്റ്റന്റ് ബാക്ടീരിയയായ എന്ററോബാക്ടർ ബുഗൻഡൻസിസ് ശ്വാസകോശത്തെ മാരകമായി ബാധിക്കുന്നതാണ്. ഇവയെ സൂപ്പർബഗ് എന്നാണ് വിളിക്കുന്നത്.എറെക്കാലമായി നിലയത്തിലുണ്ടായിരുന്ന ഇവ, അതിനുള്ളിലെ അടഞ്ഞ അന്തരീക്ഷത്തിൽ ജനിതകമാറ്റത്തിലൂടെ കൂടുതൽ ശക്തിയാർജിച്ചിട്ടുണ്ടെന്നും ശാസ്ത്രജ്ഞർ വെളിപ്പെടുത്തി. ഭൂമിയിൽനിന്ന് ബഹിരാകാശ സഞ്ചാരികളിലൂടെയാണ് ഇവ നിലയത്തിലെത്തുന്നത്.
സുനിതാ വില്യംസും സഹയാത്രികൻ ബാരി യൂജിൻ ബുഷ് വിൽമോറും ജൂൺ 6 നാണു പുതിയ ബോയിങ് സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിൽ ബഹിരാകാശ നിലയത്തിലെത്തിയത്. സുനിത അടങ്ങിയ ടീമാണ് പേടകം രൂപകൽപന ചെയ്തത്. നിലയത്തിലുള്ള മറ്റ് ഏഴു പേർ ദീർഘകാലമായി അവിടെയുള്ളവരാണ്. ബാക്ടീരിയയെ കണ്ടെത്തിയതോടെ ഒരാഴ്ച നീണ്ട നിരീക്ഷണത്തിന് ശേഷമേ സുനിതയ്ക്കും വിൽമോറിനും ഭൂമിയിലേക്ക് മടങ്ങിയെത്താനാവൂ.
ഇരുപത്തിനാലു വർഷത്തോളം ബഹിരാകാശത്ത് കഴിഞ്ഞ ബാക്ടീരിയകൾ ഇതേ ഗണത്തിൽപെടുന്ന, ഭൂമിയിലുള്ള ബാക്ടീരിയകളെക്കാൾ ഏറെ അപകടകാരികളാണ്. നിലയത്തിൽ കഴിയുന്ന ബഹിരാകാശ യാത്രികരുടെ ശരീരത്തിലെ പ്രതിരോധ ശേഷി ഭൂമിയിലേതിൽനിന്നു വ്യത്യസ്തമായതിനാൽ ഭൂമിയിലെ ചികിത്സാരീതികൾ എത്രത്തോളം ഫലപ്രദമാകുമെന്നും പറയാനാവില്ല. കലിഫോർണിയയിലെ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ ശാസ്ത്രജ്ഞനായ ഡോ.കസ്തൂരി വെങ്കിടേശ്വരനാണ് പഠനത്തിന് നേതൃത്വം നൽകിയത്.
അതായത് മാധ്യമങ്ങൾ കാൽപ്പനികവത്ക്കരിക്കുന്നപോലെയല്ല കാര്യങ്ങൾ. അങ്ങേയറ്റം അപകടം നിറഞ്ഞ യാത്രമാണ് ശുന്യകാശ യാത്ര. മുമ്പും ഒരുപാട് പ്രതിസന്ധികൾ അതിജീവിച്ചിട്ടുള്ള സുനിതക്കും കൂട്ടർക്കും ഈ പ്രതിസദ്ധിയും മറികടക്കാൻ കഴിയുമെന്നാണ് കരുതുന്നത്.
വാൽക്ക്ഷണം: ബഹിരാകാശത്തെ പൊതുവെ ഇഷ്ടമാണെങ്കിലും, ഭൂമിയിൽ മാത്രം കിട്ടുന്ന ചിലതുണ്ടെന്നും സുനിത പറയുന്നു. "ഒഴുകുന്ന വെള്ളം, മഴത്തുള്ളികൾ, മുടിയിഴകളിലൂടെ പടരുന്ന കാറ്റ്, പ്രിയപ്പെട്ടവരുടെ സ്നേഹം. അവതൊന്നും അവിടെ കിട്ടില്ലല്ലോ. ഈ ഭൂമിയുള്ളതുകൊണ്ടാണ് നാം ആകാശത്തെ ഇഷ്ടപ്പെടുന്നത്".