ടവുകാർ പാടുകയും നൃത്തം ചെയ്യുകയും, വയലിനും ഗിറ്റാറും വായിച്ച് ആഘോഷിക്കയും ചെയ്യുന്ന ഒരു ജയിലിനെക്കുറിച്ച് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ! എന്നിട്ടും പല ജയിലുകളിലും ഇവിടെ ദീർഘകാലം ഒഴിഞ്ഞ് കിടന്നു. സ്വീഡൻ ഉൾപ്പെടെയുള്ള സ്‌കാൻഡനേവിയിൽ രാജ്യങ്ങളിൽ ജയിൽപോലും ഒരു ഉല്ലാസകേന്ദ്രത്തിന് സമാനമാണ്. തടവറകളെ ഒരു തെറ്റുതിരുത്തൽ കേന്ദ്രമായി മാത്രമാണ് അവർ കാണുന്നത്.

ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് സ്‌കാനഡനേവിയൻ രാജ്യങ്ങൾ ആണെന്നാണ് പലരും പറയാറുള്ളത്. ലോകത്തിലെ ഹാപ്പിനസ് ഇൻഡക്‌സിൽ എല്ലായിപ്പോഴും ആദ്യത്തെ പത്തിൽ സ്ഥാനം പിടിക്കുന്നു രാജ്യങ്ങൾ. വിദ്യാഭ്യാസ പുരോഗതി, ആരോഗ്യ മേഖലയിലെ മികവ്, ഉയർന്ന ജീവിത നിലവാരം, കുറഞ്ഞ കുറ്റകൃത്യ നിരക്ക്, കുറഞ്ഞ തൊഴിലില്ലായ്മ, സാമൂഹിക സുരക്ഷാപദ്ധതികൾ തുടങ്ങിയവയുമായി ശ്രദ്ധേയമായ രാജ്യങ്ങൾ. നോർവേ, സ്വീഡൻ, ഡെന്മാർക്ക്, ഫിൻലൻഡ് തുടങ്ങിയ രാജ്യങ്ങളെ ശാന്തമായി ഒഴുകുന്ന ഒരു പുഴയോടാണ് സാമൂഹിക ശാസ്ത്രജ്ഞന്മാർ വിശേഷിപ്പിക്കാറുള്ളത്. കോവിഡ് മഹാമാരി കത്തിനിൽക്കുന്ന സമയത്തുപോലും സമ്പൂർണ്ണ ലോക്ഡൗൺ നടപ്പാക്കാതെ, പൗര സ്വാതന്ത്ര്യത്തിന് വിലകൊടുത്ത രാജ്യമാണിത്.

ആ സ്വീഡൻ വീണ്ടും വാർത്തകളിലും ട്രോളുകളിലും നിറയുന്നത്, സെക്സിനെ കായിക ഇനമാക്കിയെന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ്. ജൂൺ എട്ടിന് ഒരു സെക്‌സ് ചാമ്പ്യൻഷിപ്പ് നടത്താനുള്ള തയ്യാറെടുപ്പിലാണ് സ്വീഡൻ. സ്വീഡിഷ് സെക്‌സ് ഫെഡറേഷൻ ചാമ്പ്യൻഷിപ്പ് എന്ന പേരിൽ നടത്തുന്ന മത്സരം ആഴ്ചകളോളം നീണ്ടുനിൽക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് കേരളത്തിലടക്കം വലിയ ട്രോളുമായിട്ടുണ്ട്. പക്ഷേ നിങ്ങൾ പരിഹസിക്കുന്നത് ആ രാജ്യം എന്താണെന്നും, എന്താണ് അവർ സ്വാതന്ത്ര്യത്തിന് കൊടുക്കുന്ന വില എന്നും അറിയാത്തതുകൊണ്ടാണ്.

കുരിശുയുദ്ധത്തിൽ നിന്ന് സമാധാനത്തിലേക്ക്

ഔദ്യോഗികമായി കിങ്ഡം ഒഫ് എന്ന് അറിയപ്പെടുന്ന ഈ രാജ്യം, 1995 മുതൽ യൂറോപ്യൻ യൂണിയനിൽ അംഗമാണ്. 449,964 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള സ്വീഡൻ പടിഞ്ഞാറൻ യൂറോപ്പിലെ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമാണ്. ജനസാന്ദ്രത നഗരപ്രദേശങ്ങളിൽ ഒഴിച്ചാൽ വളരെ കുറവാണ്. ആകെ വിസ്തീർണ്ണത്തിന്റെ 1.3 ശതമാനം മാത്രമുള്ള നഗരപ്രദേശങ്ങളിലാണ് 84 ശതമാനം ജനങ്ങളും വസിക്കുന്നത്.

പണ്ടുകാലം തൊട്ടേ ഇരുമ്പ്, ചെമ്പ്, തടി എന്നിവയുടെ കയറ്റുമതിക്ക് പേരുകേട്ട രാജ്യമായിരുന്നു സ്വീഡൻ. 1890-കളിൽ വ്യവസായവൽക്കരണവും വിദ്യാഭ്യാസത്തിന് ലഭിച്ച പ്രാധാന്യവും ഇരുപതാം നൂറ്റാണ്ടായപ്പോഴേക്കും വിജയപ്രദമായ വ്യാവസായികാടിത്തറ കെട്ടിപ്പടുക്കാൻ സ്വീഡനെ സഹായിച്ചു. ജലവിഭവം കൂടുതലുള്ള രാജ്യമായ സ്വീഡനിൽ കൽക്കരിയുടെയും പെട്രോളിയത്തിന്റെയും നിക്ഷേപം താരതമ്യേന കുറവാണ്.

ആധുനിക സ്വീഡൻ ജന്മമെടുക്കുന്നത് 1397ലെ കൽമർ യൂണിയൻ യോഗത്തിൽനിന്നും രാജാവ് ഗുസ്താവ് വസ നടത്തിയ രാജ്യകേന്ദ്രീകരണത്തിലൂടെയുമാണ്. 17ാം നൂറ്റാണ്ടിൽ യുദ്ധത്തിലൂടെ അതിർത്തികൾ വ്യാപിപ്പിച്ച് സ്വീഡിഷ് സാമ്രാജ്യം രൂപവത്കരിച്ചു, എന്നാൽ ഇങ്ങനെ ലഭിച്ച ഒട്ടുമിക്ക പ്രദേശങ്ങളും 18, 19 നൂറ്റാണ്ടുകളിലായി കൈവിട്ടുകൊടുക്കേണ്ടതായും വന്നു. സ്വീഡന്റെ കിഴക്കേ പകുതി (ഇന്നത്തെ ഫിൻലാന്റ്) റഷ്യ 1809ൽ കൈവശപ്പെടുത്തി. സ്വീഡൻ നേരിട്ട് പങ്കെടുത്ത അവസാന യുദ്ധം 1814ൽ നോർവേക്കെതിരെയായിരുന്നു. ഇന്ന് ലോകത്തിൽ യുദ്ധവിരുദ്ധമായി ചിന്തിക്കുന്ന ഒരു ജനയാണ് സ്വീഡൻ. എന്നിരുന്നാലും ആയുധ ഫാക്ടറികൾ അടക്കം ഇവിടെ വൻ വ്യവസായമാണെന്നതും വേറെ കാര്യം.

പ്രതിശീർഷ വരുമാനത്തിൽ ലോകത്തിൽ എട്ടാം സ്ഥാനമുള്ള രാജ്യമാണ് സ്വീഡൻ. 2011 ൽ എക്കോണമിസ്റ്റ് മാസികയുടെ ജനാധിപത്യ സൂചികയിൽ നാലാം സ്ഥാനവും മാനവ വികസന സൂചികയിൽ പത്താം സ്ഥാനവും സ്വീഡനായിരുന്നു. വേൾഡ് എക്കോണമിക് ഫോറം ലോകത്തിലെ ഏറ്റവും മത്സരക്ഷമമായ രണ്ടാമത്തെ രാജ്യമായി സ്വീഡനെ തിരഞ്ഞെടുത്തു. 2022ലെ ഒരു സർവേയിലും സ്വഡീഷ് ജനത എറ്റവും വലുതായി സ്വാതന്ത്ര്യം തന്നെയാണ്.

ഒരുകാലത്ത് കുരിശുയുദ്ധത്തിന് സേനയെ അയച്ച രാജ്യമായിരുന്നു സ്വീഡൻ. ഇന്ന് നാണക്കേടോടുകൂടി മാത്രമേ ആ ജനത അത് ഓർക്കയുള്ളു. കുമ്മായവരകൾകൊണ്ട് അതിർത്തികൾ രേഖപ്പെടുത്തണമെന്നും, അവിടെ പൊലീസും പാട്ടാളവുമൊന്നും വേണ്ട എന്ന അവസ്ഥയിലേക്ക് അവർ മാറിയിരിക്കയാണ്. ആധുനിക ക്യാപിറ്റലിസ്റ്റ് വെൽഫെയർ സ്റ്റേറ്റിന്റെ കൃത്യമായ ഉദാഹരമാണ് സ്വീഡൻ.


കോവിഡിനെ ലോക്ഡൗണില്ലാതെ നേരിട്ടു

ആയുർദൈർഘ്യം ഉയർന്ന നാടുകളിൽ ഒന്നാണിത്. ജനസംഖ്യയുടെ പകുതിപ്പേർ 41 വയസ്സിൽ കൂടുതൽ ഉള്ളവർ. 20 ശതമാനം പേര് 65 വയസ്സിനുമേൽ പ്രായമുള്ളവർ. അതിനാൽ എന്തുകൊണ്ടും കോവിഡ് വ്യാപിച്ചാൽ വലിയ പ്രശ്നങ്ങളിലേക്ക് പോകാൻ സാധ്യതയുള്ള നാട് എന്ന നിലയിൽ പലരും കണ്ടിരുന്നു.

എന്നാൽ സ്വീഡനിൽ മറ്റു യൂറോപ്യൻ രാജ്യങ്ങളുമായി തട്ടിച്ചു നോക്കിയാൽ അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചിട്ടില്ല എന്ന് കാണാം. സമ്പുർണ്ണ ലോക്ഡൗൺ ഏർപ്പെടുത്താതെയാണ് അവർ കോവിഡിനെ നേരിട്ടത്. മഹാമാരിക്കാലത്തുപോലും അവർ ജനങ്ങളുടെ സ്വതന്ത്ര്യം തടഞ്ഞില്ല.

ആദ്യം മുതൽ പൗരാവകാശത്തെ മുൻനിർത്തിയ വ്യാപന നിയന്ത്രണമാണ് ആസൂത്രണം ചെയ്തത്. പൗരർക്ക് പ്രാധാന്യമുള്ള ഭരണ സംവിധാനമായതിനാൽ അവരുടെ അവകാശങ്ങളിൽ നേരിയ നിയന്ത്രണങ്ങൾ മാത്രമാണ് ഏർപ്പെടുത്തിയത്. സ്‌കൂളുകൾ, ബിസിനസ്സ് സ്ഥാപനങ്ങൾ എന്നിവ തുറന്നുകിടന്നു. ആകെക്കൂടി സാമൂഹിക ഇടപെടൽ എന്ന തലത്തിൽ സർക്കാർ ചെയ്തത് പെരുമാറ്റച്ചട്ടങ്ങൾ പ്രഖ്യാപിക്കുക എന്നത് മാത്രം. സമൂഹത്തിൽ പരസ്പരദൂരം സ്ഥാപിക്കുക, വ്യക്തി ശുചിത്വം പാലിക്കുക എന്നിവ ജനങ്ങളെ ബോധ്യപ്പെടുത്തുകയും ഉത്തരവാദിത്തത്തോടെ പെരുമാറാൻ അവരെ ഉപദേശിക്കുകയുമാണ് ചെയ്തത്.
16 വയസിന് താഴെയുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളുകൾ പോലും കോവിഡിന്റെ മൂർധന്യത്തിൽ അടച്ചിരുന്നില്ല. മിക്ക ഷോപ്പുകളും തുറന്നു കിടന്നു. 50ലധികം ആളുകൾക്കുള്ള എല്ലാ പരിപാടികളും നിരോധിച്ചിട്ടുണ്ടെങ്കിലും പബ്ബുകളും ഹോട്ടലുകളും സേവനം തുടർന്നു.

സാധ്യമാകുന്നവരെല്ലാം വീട്ടിൽ നിന്ന് ജോലിചെയ്യുക, അസുഖമുള്ളവരും 70 വയസിനു മുകളിലുള്ളവരും സമ്പർക്കവിലക്ക് തുടരുക, അനിവാര്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കുക എന്നിങ്ങനെയുള്ള നിർദ്ദേശങ്ങളാണ് സർക്കാർ നൽകിയിരിക്കുന്നത്.യൂറോപ്യൻ യൂനിയനിലെ ഏറ്റവും നൂതനമായ ഡിജിറ്റൽ സമ്പദ്വ്യവസ്ഥകളിലൊന്നാണ് സ്വീഡൻ. സ്വീഡിഷ് ഇന്റർനെറ്റ് ഫൗണ്ടേഷന്റെ കണക്കനുസരിച്ച്, മൂന്നിൽ രണ്ട് പേർ വീട്ടിൽ നിന്ന് ഓൺലൈനിൽ ജോലി ചെയ്തു. ഇതും കോവിഡിനെതിരെയുള്ള യുദ്ധത്തിൽ നിർണ്ണായകമായി.

ആദ്യം ക്യൂബയെയും ബൊളീവിയയെു വിയറ്റ്നാമിനെയുമൊക്കെ ചൂണ്ടിക്കാട്ടി ദ ഗാർഡിയൻ പത്രം പോലും സ്വീഡനെ ഉപദേശിച്ചത് ആ സോഷ്യലിസ്റ്റ് മാതൃക സ്വീകരിക്കാനാണ്. എന്നാൽ സ്വീഡൻ അടച്ചടാതെ തങ്ങളുടെ നടപടികളുമായി മുന്നോട്ടുപോയി. അവസാനം കണക്കുനോക്കുമ്പോൾ ലോക്ഡൗൺ ചെയ്ത രാജ്യങ്ങളും അല്ലാത്ത രാജ്യങ്ങളും തമ്മിൽ വലിയമാറ്റം ഉണ്ടായില്ല. ഹേർഡ് ഇമ്മ്യുണിറ്റി ( കൂട്ട പ്രതിരോധം) കൈവരിച്ച് സ്വീഡൻ കൊറോണയെ തോൽപ്പിച്ചിരിക്കുന്നു എന്നാണ് വിദഗ്ദ്ധർ പറയുന്നത്. അതുകൊണ്ട് മറ്റൊരു മെച്ചം ഉണ്ടായി. സമ്പൂർണ്ണ ലോക് ഡൗൺ സൃഷ്ടിക്കുന്ന സാമൂഹിക സാമ്പത്തിക മാന്ദ്യം സ്വീഡനെ ബാധിച്ചില്ല.

കുടിച്ച് കുത്താടുന്ന ജനതല്ല

പലരും കരുതുന്നതുപോലെ കുടിച്ച് കുത്താടി സദാ ആഘോഷങ്ങളായി ജീവിക്കുന്ന ജനതയല്ല സ്വീഡിഷ് ജനത. ആഘോഷങ്ങളും ഉണ്ടെന്ന് മാത്രം. സ്വീഡനിലെ യുവാക്കളിൽ പകുതിലധികം പേരും ഒറ്റക്ക് കഴിയുന്നവരാണ്. രാജ്യത്തെ ഏറ്റവും വലിയ നഗരമായ സ്റ്റോക്ക്ഹോമിൽ താമസിക്കുന്നതിൽ പകുതിലധികവും അവിവാഹിതരാണെന്നാണ് കണക്ക്. ഇവിടെ മാതാപിതാക്കളിൽ നിന്നും മാറി താമസിക്കുന്നതിനുള്ള സാധാരണ പ്രായം 18 ഉം 19 ഉം ഒക്കെയാണ്. കോവിഡിൽ എറ്റവും കൂടുതൽ പേർ മരിച്ച രാജ്യങ്ങളിലെല്ലാം, തന്നെ സ്വീഡന് വിപരീതമായി കുടുംബാംഗങ്ങൾ ഒരേ മേൽക്കൂരക്ക് കീഴിൽ ഒത്തുകൂടുന്നത് വളരെ സാധാരണമാണ്. അതുകൊണ്ട് തന്നെ അണുവ്യാപനം എളുപ്പത്തിൽ സാധ്യമായി. സ്വീഡിഷുകാർ പൊതു ഇടങ്ങളിലായിരിക്കുമ്പോൾ പ്രത്യേക രീതിയിലാണ് പെരുമാറുക. പൊതുഗതാഗതത്തിൽ മറ്റുള്ളവരുമായി അടുത്തിടപെടുന്നത് ഒഴിവാക്കുക, കടകളിലോ കഫേകളിലോ അപരിചിതരുമായി സംസാരിച്ച് കൂട്ടം കൂടി ഇരിക്കാതിരിക്കുക എന്നതെല്ലാം ഇവരുടെ രീതിയാണ്. പൊതുവെ ശാന്തരും സമാധാന പ്രിയരുമാണ് ഇവർ.

''കൊറോണ വൈറസ് പടരുന്നതിന് മുമ്പ് തന്നെ സാമൂഹിക അകലം പാലിക്കുകയെന്ന സംസ്‌കാരം സ്വീഡൻ സ്വീകരിച്ചിട്ടുണ്ട്''- സംസ്‌കാരിക വിഷയങ്ങളിൽ എഴുതുന്ന ലോല അക്കിന്മെയ്ഡ് ആർക്കസ്ട്രോം പറയുന്നു. ' ചെറിയ തലവേദനയുടെ സൂചനയുണ്ടെങ്കിൽ പോലും സ്വീഡിഷ് പൗരന്മാർ വീട്ടിൽ തന്നെ ഇരിക്കും. അതിനാൽ കൊറോണ വൈറസ് ലക്ഷണമുണ്ടെങ്കിലും അവരിലൂടെ അത് പകരാനുള്ള സാധ്യത വളരെ കുറവാണ്. വൻകിട കമ്പനികൾ പോലും രോഗം വന്നാൽ അത് പടരാതിരിക്കാൻ അവധി അനുവദിക്കും. ചുമയോ ജലദോഷമോ ഉണ്ടെങ്കിൽ പോലും അവധിയെടുക്കാൻ തൊഴിലുടമകൾ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നു. പല രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ സ്വീഡൻ ഉദാരമായി മെഡിക്കൽ അനുകൂല്യങ്ങൾ നൽകുന്നുണ്ട് - ലോല വിശദീകരിക്കുന്നു.

മയക്കുമരുന്നും, വേശ്യാവൃത്തിയും നിയമപരമായ രാജ്യമാണിത്. എന്നിട്ടും അവിടെ ഡ്രഗസ് ഉപയോഗം മറ്റുള്ള രാജ്യങ്ങളേക്കാർ എത്രയോ കുറവാണ്. അടച്ചിട്ട സമൂഹങ്ങളിലാണ് അത് ലംഘിക്കാനുള്ള പ്രവണത ഏറെയുണ്ടാവുക എന്നത് ഈ അനുഭവം തെളിയിക്കുന്നു. അതുപോലെ ശാസ്ത്ര - സാങ്കേതിക വിദ്യയിലും നമ്പർ വൺ ആണ് സ്വീഡൻ. ഏറ്റവും പുതിയ ടെക്ക്നോളജിയുടെ കേദാരം! നമ്മൾ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ റീസൈക്കിൾ ചെയ്യാൻ തുടങ്ങുമ്പോൾ അവർ അതിൽനിന്ന് വൈദ്യുതിയുണ്ടാക്കുന്ന പദ്ധതിയാണ് ഉണ്ടാക്കിയത്. ഇതുമൂലം മാലിന്യം തീർന്നുപോയതും, മാലിന്യം ഇറക്കുമതി ചെയ്തതും നേരത്തെ വാർത്തയായിരുന്നു! നമുക്ക് ചിന്തിക്കാൻ കഴിയുമോ ഇതുപോലെ ഒരു കാര്യം.

മതരഹിത സമൂഹം മാറുന്നുവോ?

സ്‌കാൻഡനേവിയിൻ രാജ്യങ്ങങ്ങൾ, ലോക സന്തോഷ സൂചികയിൽ തുടർച്ചയായി ഒന്നാമത് എത്തുന്നതിനെ കുറിച്ചുള്ള പഠനങ്ങളിൽ എല്ലാവരും എടുത്തുകാട്ടുന്ന ഒരു കാര്യം അവിടെ മതത്തിന് പ്രാമുഖ്യമില്ല എന്നതാണ്. 2018ൽ നടന്ന സർവേയിൽ ഇവിടുത്തെ 58 ശതമാനം ആളുകളും മതാനുഷ്ഠാനങ്ങൾ പിന്തുടരുന്നവർ അല്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. 18 ശതമാനം പേർ കട്ട നിരീശ്വരവാദികളും. വിവാഹം മരണം തുടങ്ങിയ ഒന്നോ രണ്ടോ അവസരങ്ങളിൽ ഒഴിച്ചാൽ ഈ രാജ്യങ്ങളിലെ ഭൂരിഭാഗംപേരും മതാനുഷ്ഠാനങ്ങളെക്കുറിച്ച് ചിന്തിക്കുന്നുപോലുമില്ല.

പുരോഹിതന്മാർ ഇല്ലാത്തതിനിൽ ഇവിടുത്തെ പല ക്രിസ്ത്യൻ പള്ളികളും അടഞ്ഞ് കിടക്കയാണ്. അവ വിശേഷ അവസരങ്ങളിലാണ് തുറന്ന് പ്രവർത്തിക്കാറുള്ളത്. ചില പള്ളികളാവട്ടെ ഹെറിറ്റേജ് ഹോട്ടലുകളും ഡാൻസ് ബാറുകളുമായി മാറിക്കഴിഞ്ഞു. പള്ളിയുടെ ഒരു ഭാഗം ഇത്തരം ആവശ്യങ്ങൾക്ക് വിട്ടുകൊടുത്ത് പണം കണ്ടെത്തുന്ന രീതിയും ഈ രാജ്യങ്ങളിലുണ്ട്.

കാലിഫോർണിയയിലെ പിട്‌സർ സർവ്വകലാശാലയിലെ സോഷ്യോളജിവിഭാഗം അദ്ധ്യാപകനാണ് പ്രൊഫ: ഫിൽ സുക്കർമാൻ ലോകത്തിലെ അറിയപ്പെടുന്ന എഴുത്തുകാരനും പ്രഭാഷകനുംകൂടിയാണ്. ഏതാണ്ട് നൂറ്റിയമ്പതോളം ഡച്ച്/സ്വീഡൻ പൗരന്മാരുമായുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളും അഭിമുഖങ്ങളും കോർത്തിണക്കിയ 2008ലെ ദൈവരഹിതസമൂഹം എന്ന പുസ്തകം സുക്കർമാനെ വളരെയധികം പ്രശസ്തനാക്കി. ഇപ്പോഴും ഈ കൃതി 'ബെസ്റ്റ്‌സെല്ലർ' പട്ടികയിലാണ്..

വിദ്യാലയങ്ങൾ, രാഷ്ട്രീയം, മാധ്യമങ്ങൾ തുടങ്ങി ഒരു സമൂഹത്തിന്റെ ഗതിനിർണ്ണായക കേന്ദ്രങ്ങളിലെല്ലാം മതേതരമായതാണ് സ്വഡീനിലെ ഏറ്റവും വലിയ പ്രത്യേകതയായി സുക്കർ മാൻ എടുത്തുപറയുന്നത്. സ്വീഡനിൽ കണ്ടുമുട്ടിയവരോട്, ഫിൽ അവരുടെ ജീവിതത്തെക്കുറിച്ച് ചോദിച്ചു; മരണത്തെക്കുറിച്ചും മരണാനന്തരത്തെക്കുറിച്ചും ചോദിച്ചു; അവരുടെ ഉത്തരങ്ങൾ അത്രമേൽ ലളിതമായിരുന്നു. ജീവിതത്തിന് പ്രത്യേകിച്ച് ഒരർത്ഥവുമില്ലെന്നു അവർ ചിരിച്ചു കൊണ്ട് പറഞ്ഞു, മരണമാകട്ടെ ജീവിതത്തിന്റെ സ്വാഭാവികമായ ഒരു ഭാഗവും. മരണാനന്തരമെന്നതോ അവർക്ക് നിരർത്ഥകമായ ഒരു ചോദ്യം മാത്രം! മതം, ദൈവം, ജീവിതലക്ഷ്യം, മരണാനന്തരം, പാപം, പുണ്യം, നരകം, സ്വർഗ്ഗം തുടങ്ങിയ പദങ്ങൾക്ക് അവരുടെ ജീവിതത്തിൽ അത്ര പ്രധാന്യമില്ല.

ഒരു ഡേ-കേയർ സ്‌കൂളിലെ 24-കാരിയായ മെറ്റി എന്ന ടീച്ചറോട് സംസാരിക്കുമ്പോൾ സുക്കർമാൻ ചോദിച്ചു, എന്തുകൊണ്ടാണ് നിങ്ങൾ ഇത്രമാത്രം മതവിമുഖതയുള്ളവർ ആയിരിക്കുന്നത്? അവളുടെ ഉത്തരം വളരെ ലളിതമായിരുന്നു. ''ഐ ഡോണ്ട് നോ, ബിക്കോസ് ഐ ഡോണ്ട് കെയർ. '' ഇതായിരുന്നു അദ്ദേഹം കണ്ടുമുട്ടിയ ഭൂരിപക്ഷം ആളുകളുടെയും നിലപാട്. മതവിഷയങ്ങളോടുള്ള അവരുടെ ഈ നിഷേധാത്മക അത്രമേൽ സ്വാഭാവികമായിരുന്നു. വിശ്വാസികളെയും അദ്ദേഹം കണ്ടുമുട്ടി, അവരാകട്ടെ വിശ്വാസത്തെ കേവല സ്വകാര്യതയായി കൊണ്ടുനടക്കുന്നവരാണ്. അവർ വിശ്വാസികളാണ് എന്ന് അറിയുകപോലും സാധ്യമല്ല.

രസകരമായ വിശേഷം രാജ്യത്തെ ബഹുഭൂരിപക്ഷം അവിശ്വാസികൾ നാഷണൽ ചർച്ചിന്റെ നടത്തിപ്പിന് പരാതികളില്ലാതെ നികുതി കൊടുക്കുന്നവരും, തങ്ങളുടെ വിവാഹത്തിനും ശവമടക്കിനും പള്ളിയെ ഉപയോഗിക്കുന്നവരുമാണ്. പള്ളിയോടുള്ള ഈ ബന്ധം ഇൻഷുറൻസ് പോളിസി പോലെ മാത്രമാണ് എന്നാണ് സുക്കർമാൻ ഇതിനെക്കുറിച്ച് പറയുന്നത്. പള്ളിയിലെ അംഗത്വത്തിനു 'ദൈവിക'കാരണങ്ങൾ ഒന്നും തന്നെ അവർക്കില്ല! പക്ഷേ ഇത് 2008ലെ കാര്യമാണ്. എന്നാൽ 2018 മുതൽ സ്വീഡനിലും തീവ്ര വലതുപക്ഷം ശക്തിയാർജ്ജിക്കയാണ്. ഇസ്ലാം വേഴ്സസ്് ക്രിസ്റ്റിയാനിറ്റി എന്ന രീതിയിൽ അവിടെയും പ്രശ്നം തുടങ്ങിയിരിക്കയാണ്.

ഖുർആൻ കത്തിക്കൽ വിവാദം

ഭൂമിയിലെ സ്വർഗം എന്ന അറിയപ്പെടുന്ന സ്‌കാൻഡവേയിൽ രാജ്യങ്ങളെപ്പോലും മതം കലുഷിതമാക്കുന്നുവെന്നാണ് 2018 മുതൽ ആ രാജ്യത്തുള്ള വിവാദ കലാപങ്ങൾ സൂചിപ്പിക്കുന്നത്. മതരഹിത രാജ്യം എന്ന് അറിയപ്പെട്ടിരുന്ന സ്വീഡൻ നിന്ന് കത്തിയ ദിനങ്ങൾ കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ പലതവണയുണ്ടായി. റാസ്മസ് പലൂദാൻ എന്ന തീവ്രവലതുപക്ഷ നേതാവിന്റെ ഖുർആൻ കത്തിക്കൽ കാമ്പയിനിലൂടെയാണ് ആ രാജ്യത്ത് പ്രശ്നങ്ങൾ തുടങ്ങുന്നത്. അടിമുടി അമാനവികതയും മറ്റു മതസ്ഥർക്ക് ഭീഷണിയുമായ ഗ്രന്ഥമാണ് ഖുറാനെന്ന് ആരോപിച്ചാണ് പലുദാൻ ഈ കാമ്പയിൻ നടത്തുന്നത്. ഇതുമൂലം പലയിടത്തും കലാപം ഉണ്ടായി.

2021ലെ ഈസ്റ്റർ ദിനം സ്വീഡനിൽ കലാപത്തിന്റെ ദിവസമായിരുന്നു. ഇസ്ലാമിക വിശ്വാസികളിലെ ഒരു വിഭാഗം കൂട്ടമായി രംഗത്തിറങ്ങിയതോടെ നഗരങ്ങൾ കത്താൻ തുടങ്ങി. പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 10 പേർക്ക് പരിക്കേറ്റു. പലയിടത്തും പൊലീസ് പ്രതിഷേധക്കാരുടെ അക്രമം ഭയന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. ഇതും വലിയ വിമർശനത്തിന് ഇടയാക്കി. പൊതുവെ അക്രമങ്ങൾ പതിവില്ലാത്ത രാഷ്ട്രം ആയതുകൊണ്ട് സ്വീഡനിൽ പൊലീസിന് വലിയ ആയുധങ്ങൾ നൽകിയിരുന്നില്ല. പൊലീസിന്റെ എണ്ണവും കുറവായിരുന്നു. ഈ അക്രമങ്ങളുടെ ഫലമായി സ്വീഡൻ എന്ന ലിബറൽ രാഷ്ട്രവും കർശനമായ പൊലീസിങ്ങിലേക്ക് നീങ്ങുകയാണ്.

.ഈ പ്രശ്‌നം 2015ലും 18ലും 19ലും സ്വീഡനിൽ ഉണ്ടായിരുന്നു. ഇത്തരം കലാപങ്ങൾ ഒരിക്കലും സ്വീഡനിൽ ഒതുങ്ങിയിരുന്നില്ല. നോർവേ, ഡെന്മാർക്ക് എന്ന തൊട്ടടുത്ത രാജ്യങ്ങളിലും കലാപം പടർന്നിരുന്നു. ഇതിനെല്ലാം പ്രത്യക്ഷ കാരണക്കാരൻ ഡെന്മാർക്ക് സ്വദേശിയായ റാസ്മസ് പലൂദാൻ എന്ന വലതുപക്ഷ രാഷ്ട്രീയക്കാരനാണ്. തന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ മാത്രം അദ്ദേഹം 2017 മുതൽ യുട്യൂബിൽ ചാനൽ തുടങ്ങി വീഡിയോകൾ പങ്കുവെയ്ക്കുന്നുണ്ട്. ഡെന്മാർക്കിലെ കോപ്പൻഹേഗൻ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമബിരുദം നേടിയിട്ടുണ്ട്. നേരത്തെ ഡെന്മാർക്കിൽ ഇയാൾ ഖുറാൻ കത്തിച്ചുള്ള സമരത്തിന് നേതൃത്വം നൽകിയിരുന്നു. അന്നും ലോകം മുഴുവനും അതിശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.

പിന്നീട് 2019 ലെ മുസ്ലിം വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ 14 ദിവസം ഡെന്മാർക്ക് ഇയാളെ ജയിലിലും അടച്ചിരുന്നു. ആ സംഭവത്തിന് ശേഷം വലിയ പ്രശ്നങ്ങളൊന്നും സൃഷ്ടിക്കാതിരുന്ന പലൂദാൻ കൃത്യം ഒരു വർഷത്തിന് ശേഷം വീണ്ടും ഇസ്ലാം വരുദ്ധ പ്രചരാണവും ഖുറാൻ കത്തിക്കലും നടത്തി. ആ സംഭവത്തിൽ ഇയാൾ രണ്ട് മാസം കൂടി തടവ് ശിക്ഷ ലഭിച്ചു. പലൂദാന്റെ പിതാവ് സ്വീഡൻകാരനാണ്. അതിനാൽ തന്നെ ഇദ്ദേഹത്തിന് സ്വീഡനിലും പൗരത്വമുണ്ട്. പാർട്ടിക്ക് അനുയായികളും ഉണ്ട്. ഇദ്ദേഹത്തിന്റെ പാർട്ടി സ്ട്രാം കുർസ് പക്ഷെ 2019ൽ ഡെന്മാർക്ക് തെരഞ്ഞെടുപ്പിൽ ഒരൊറ്റ സീറ്റ് പോലും നേടാനാവാതെ അതി ദയനീയമായി പരാജയപ്പെട്ടിരുന്നു. ഫ്രാൻസിലും ബെൽജിയത്തിലും ഇദ്ദേഹം ഖുറാൻ കത്തിച്ചുള്ള സമരത്തിന് നേതൃത്വം നൽകിയിരുന്നു. ഇത്തരം സമരം ആവിഷ്‌കാര സ്വാതന്ത്ര്യമാണെന്നാണ് പലൂദാൻ എപ്പോഴും വാദിക്കാറുള്ളത്.

മാത്രമല്ല പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ളവർ മാത്രം സ്വീഡിനലും ഡെന്മാർക്കിലും കുടിയേറിയൽ മതി എന്ന അഭിപ്രായക്കാരൻ കൂടിയാണ് ഇയാൾ. ഇത്രയും തീവ്ര മത വംശീയ വെറിയുമായി നടക്കുന്നതുകൊണ്ടു തന്നെ ഇദ്ദേഹത്തിന് നേരെ വധശ്രമങ്ങളും നടന്നിട്ടുണ്ട്. എന്നിരുന്നലാും പലൂദാന്റെ പാർട്ടിക്ക് ഒരു കോടിവരുന്ന സ്വീഡിഷ് വോട്ടർമാരുടെ അഞ്ചു ശതമാനത്തിന്റെ പോലും പിന്തുണ കിട്ടുന്നില്ല എന്നതും ആശ്വാസകരമാണ്.

അനിയന്ത്രിക കുടിയേറ്റം പ്രശ്നമാവുന്നു?

സിറിയൻ- അഫ്ഗാൻ അഭയാർഥികളെ സ്വീകരിക്കുന്ന കാര്യത്തിൽ ഇസ്ലാമിക രാജ്യങ്ങൾപോലും മടിച്ചുനിന്നപ്പോൾ, അവരെ സ്വീകരിച്ച നാടാണിത്. ഇപ്പോൾ അതിന്റെ പേരിൽ ഈ രാജ്യങ്ങൾ അനുഭവിക്കയാണെന്ന് വിമർശനം ഉയരുന്നുണ്ട്. അഭയാർഥികൾ ആയി എത്തിയവരും കുടിയേറി എത്തിയവരുമായ മുസ്്‌ലീം ജനസംഖ്യ വർധിച്ചതോടെയാണ് ഈ രാജ്യങ്ങളിൽ പ്രശ്‌നവും തുടങ്ങിയതെന്ന് വലതുപക്ഷം മാത്രമല്ല, നിഷ്പക്ഷരായ എഴുത്തുകാരും ചൂണ്ടിക്കാട്ടുന്നുണ്ട്.

ജന്മനാട്ടിലെ ദുരിതങ്ങൾ കാരണം നാടുവിട്ട് എത്തി മുസ്ലീങ്ങൾ പാശ്ചത്യ സംസ്‌ക്കാരവുമായി ഇഴുകിച്ചേരുകയല്ല ചെയ്യുന്നത്. അവർ തങ്ങളൂടെ തനത് രീതികളുമായി വേറിട്ട് നിൽക്കയാണ്. പട്ടിണിയും ദാരിദ്ര്യവും മാറിയപ്പോൾ അവർ പലപ്പോഴും ജനാധിപത്യത്തെ അംഗീകരിക്കാതിരിക്കയും ഇസ്ലമിക ശരിയ്യക്ക് വേണ്ടി വാദിക്കുകയുമാണ് ചെയ്യുന്നത്. 'നൊ ഡെമോക്രസി വി വാണ്ട് ജസ്റ്റ് ഇസ്ലാം' എന്ന പ്ലക്കാർഡുകൾ ഉയർത്തി പരസ്യമായി ഇവർ സ്വീഡനിൽ പ്രകടനം നടത്തിയിരുന്നു. ഇതൊക്കെ വലതുപക്ഷ രാഷ്ട്രീയത്തിന് വല്ലാതെ ഗുണം ചെയ്തു.

ഇസ്ലാമൈസേഷന്റെ നല്ല ഉദാഹരണമാണ് യൂറോപ്പിലെ കുടിയേറ്റ രാജ്യങ്ങളിൽ രൂപപ്പെട്ട ഗെറ്റോകൾ. അതായത് ഒരു പ്രദേശത്ത് ഒന്നിച്ച് അത് തങ്ങളുടേത് ആക്കുകയാണ്. രാജ്യത്തിനുള്ളിലെ മറ്റൊരു രാജ്യം എന്ന് പറയുന്നപോലെ ചില പ്രത്യേക പോക്കറ്റുകൾ. ഫ്രാൻസിലെയും ഇംഗ്ലണ്ടിലെയും ഇത്തരം മുസ്ലിം പോക്കറ്റുകളിലേക്ക് കയറാൻ പൊലീസിന്‌പോലും പേടിയാണ്. അതുപോലെയുള്ള ഗൊറ്റോകൾ അവർ സ്‌കാൻഡനേവിയയിലും സൃഷ്ടിച്ചു കഴിഞ്ഞു. മാത്രമല്ല പൊതുവിദ്യാഭ്യാസത്തിന് ഒപ്പം സമാന്തരമായി മദ്രസാ വിദ്യാഭ്യാസവും നടത്തുകയും, അങ്ങനെ മതപരത വർധിപ്പിക്കുകയും ഇത്തരക്കാരുടെ പൊതുരീതിയാണ്. കലാപങ്ങളെ തുടർന്ന് ഫ്രാൻസ് ആ രാജ്യത്തേക്ക് പഠിപ്പിക്കൻ എത്തിയ മദ്രാസാ അദ്ധ്യാപകർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.

കുറ്റകൃത്യങ്ങളുടെ നിരക്കും കുടിയേറ്റ കേന്ദ്രങ്ങളിൽ പൊതുവെ കൂടുതലാണ്. കുറ്റം ചെയത് ഗെറ്റോയിൽ ഒളിക്കുക എന്നത്, ഇംഗ്ലണ്ടിലൊക്കെ കണ്ടുവരുന്ന വ്യാപകമായ രീതിയാണ്. അതുപോലെ ഇസ്ലാമിക വസ്ത്രമായ ഹിജാബ് ധരിക്കുക മാത്രമല്ല അങ്ങനെ ധരിക്കാത്തവരെ കളിയാക്കുന്നതും പ്രശ്‌നമുണ്ടാക്കുന്നു. വേനൽക്കാലത്ത് സ്വീഡനിൽ ബിക്കിനിയിട്ടുകൊണ്ട് സ്ത്രീകൾ ഓടുന്നത് പതിവാണ്. പക്ഷേ അത് മുസ്ലിം കേന്ദ്രങ്ങളിലുടെയായപ്പോൾ ചില സ്ത്രീകൾ ആക്രമിക്കപ്പെട്ടു. പലരും കമന്റടികളും തുറിച്ച നോട്ടങ്ങളും സഹിക്കേണ്ടിവന്നു. ഒടുവിൽ സർക്കാർ ഉദ്യോഗസ്ഥർ രംഗത്തെത്തി ഓരോ കവലകളിലും വന്നിട്ട് അതിനെ കുറിച്ച് വിശദീകരിച്ചു കൊടുത്തു. 'നിങ്ങൾക്ക് നിങ്ങളുടെ ഇഷ്ടംപോലെ ജീവിക്കാൻ കഴിയുന്നതുപോലെ അവർക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ചും ജീവിക്കാൻ കഴിയണമെന്ന്. '- സ്വീഡൻ എത്തിപ്പെട്ട അവസ്ഥ നോക്കുക.

ഇങ്ങനെയുള്ള നിരവധി പ്രശനങ്ങളാണ് സ്‌കാൻഡനേവിയയിൽ ഇസ്ലാം വിരുദ്ധതയ്്ക്കും, തീവ്രവലതുപക്ഷത്തിന്റെ ഉയർച്ചക്കും ഇടയാക്കുന്നത്. അതുപോലെ തന്നെ മൂന്നുവർഷംമുമ്പ് ഇത്തരം ഒരു ഗൊറ്റോയിൽവെച്ച് തദ്ദേശീയരായ രണ്ടുകുട്ടികളെ സ്വവർഗരതിക്ക് ഇരയാക്കി കൊന്നതും സ്വീഡനിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതൊക്കെ വലതുപക്ഷം കൃത്യമായി മുതലെടത്തു.

ഡെന്മാർക്കിലും സ്വീഡനിലും വർധിച്ചുവരുന്ന മുസ്ലിം ജനസംഖ്യയാണ് തീവ്ര വലതുപക്ഷം എപ്പോഴും ചൂണ്ടിക്കാട്ടുന്നത്. 2017ലെ പ്യൂ റിസർച്ച് പ്രകാരം സ്വീഡനിൽ ഏകദേശം 8.1 ലക്ഷം മുസ്ലിങ്ങളുണ്ട്. ഇത് സ്വീഡനിലെ ആകെയുള്ള ഒരു കോടി ജനസംഖ്യയുടെ 8.1 ശതമാനം വരും. അഭൂതപൂർവ്വമായ ഇസ്ലാം വളർച്ച തടയണമെങ്കിൽ ഇനിയുള്ള ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം തടയണമെന്ന അഭിപ്രായക്കാരനാണ് പെലൂദാൻ അടക്കമുള്ളവർ.

നാറ്റോയിൽ ചേരുന്നതും വിവാദം

പരമ്പരാഗതമായി അമേരിക്കൻ- റഷ്യൻ ചേരിയിലും ചേരാത്ത തികഞ്ഞ നിഷ്പക്ഷത പാലിച്ചുപോന്ന രാജ്യമായിരുന്നു സ്വീഡൻ. റഷ്യയുടെ യുക്രെയിൻ ആക്രമണത്തെ തുടർന്നായിരുന്നു സ്വീഡനും നാറ്റോയിൽ അംഗമാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. അതുവരെ ആ ജനത സൈനിക ശക്തിയിൽ കാര്യമായി വിശ്വസിച്ചിരുന്നില്ല. തുർക്കി മാത്രമായിരുന്നു ഇതിനോട് എതിർപ്പുള്ള നാറ്റോ അംഗരാജ്യം. നാറ്റോ നിയമങ്ങൾ പ്രകാരം, നിലവിലുള്ള എല്ലാ അംഗരാജ്യങ്ങളുടെയും അനുമതിയോടെ മാത്രമെ പുതിയൊരു അംഗത്തെ സഖ്യത്തിൽ ചേർക്കാൻ കഴിയുകയുള്ളു.

ഇതിനായി തുർക്കി വളരെ നേരത്തെ തന്നെ പല ഉപാധികളും സ്വീഡാനുമുൻപിൽ വെച്ചിരുന്നു. 2016 ലെ അട്ടിമറി ശ്രമത്തിൽ പങ്കാളികളാണെന്ന് തുർക്കി സംശയിക്കുന്ന് ഏതാനും തുർക്കി പൗരന്മാർ സ്വീഡനിൽ അഭയം പ്രപിച്ചിട്ടുണ്ട്, അവരെ വിട്ടുകിട്ടണം എന്നതാണ് അതിലൊന്ന്. തുർക്കിയുടെ നിർദ്ദേശം അനുസരിച്ച് കൂടുതൽ കർക്കശമായ തീവ്രവാദ വിരുദ്ധ നിയമം പാസ്സാക്കാനുള്ള ഒരുക്കത്തിലുമാണ് സ്വീഡൻ. ഇരു രാജ്യങ്ങൾക്ക് ഇടയിലെ ബന്ധം സാവധാനം ഊഷ്മളമാകാൻ തുടങ്ങുമ്പോഴായിരുന്നു ഒരു കൂട്ടം കുർദ്ദിഷ് വംശജർ സ്വീഡനിൽ എർദ്ദോഗന്റെ കോലം കത്തിച്ചത്. ഇതോടെ തുർക്കി കൂടുതൽ പ്രകോപിതരായി , സ്വീഡിഷ് പാർലമെന്റ് സ്പീക്കർക്ക് തുർക്കി സന്ദർശിക്കുവാനുള്ള ക്ഷണം പിൻവലിച്ചു. ഇപ്പോഴും സമാനമായ രീതിയിൽ, സ്വീഡിഷ് പ്രതിരോധ മന്ത്രിയുടെ തുർക്കി സന്ദർശനം തുർക്കി റദ്ദാക്കിയിരിക്കുകയാണ്.

സ്വീഡനിലെ തുർക്കി വിരുദ്ധ പ്രക്ഷോഭങ്ങൾ പുതിയ രീതിയിലേക്ക് കടന്നതോടെ ലോകം മുഴുവൻ അതിന്റെ അലയടികൾ ഉയർന്ന് കഴിഞ്ഞു. റാസ്മസ് പലുദൻ എന്ന സ്റ്റോക്ക്ഹോമിലെ തുർക്കി എംബസിക്ക് മുൻപിൽ ഖുറാൻ കത്തിച്ചതോടെയാണ് പ്രതിഷേധം കൂടുതൽ ഗുരുതരമായി. പലുദാന്റെ പ്രവർത്തിയെ അപലപിച്ച സ്വീഡിഷ് പ്രധാനമന്ത്രി, പക്ഷെ തങ്ങളുടെ രാജ്യത്ത് നിലനിൽക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ തള്ളിക്കളായാന കൂട്ടാക്കിയില്ല.

സൗദി അറേബ്യ, ജോർദ്ദാൻ, കുവൈറ്റ് തുടങ്ങി നിരവധി അറബ് രാജ്യങ്ങൾ ഈ സംഭവത്തിനെ അപലപിച്ചു കൊണ്ട് രംഗത്ത് എത്തി. ഐക്യരാഷ്ട്ര സഭയും ഇതിനെ അപലപിച്ചിട്ടുണ്ട്. എന്നാൽ, തുർക്കിയാണ് ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സ്വീഡന്റെ നാറ്റോയിലേക്കുള്ള പ്രവേശനം തടയും എന്നാണ് തുർക്കി ഭീഷണി മുഴക്കിയിരിക്കുന്നത്. തുർക്കിയും ഹംഗറിയുമാണ് ഇനി സ്വീഡന്റെ നാറ്റൊ പ്രവേശനത്തിന് അനുമതി നൽകാനുള്ളത്. അടുത്ത മാസം ഹംഗറി അനുമതി നൽകുമെന്ന പ്രധാനമന്ത്രി വിക്ടർ ഓർബൻ പറഞ്ഞിരുന്നു. പക്ഷേ തുർക്കി ഇപ്പോഴും സ്വഡന്റെ നാറ്റോ പ്രവേശനം അംഗീകരിക്കുന്നില്ല.

ഇവിടെയും കടുത്ത സമ്മദമുണ്ടായിട്ടും സ്വീഡൻ തങ്ങളുടെ പൗരന്മാർക്ക് പ്രതിഷേധിക്കാനുള്ള അവകാശത്തിനും, അഭിപ്രായ സ്വതന്ത്ര്യത്തിനുള്ള അവകാശത്തിനും വേണ്ടി നിലനിൽക്കയാണ്. ഈ സാതന്ത്ര്യബോധം തന്നെയാണ് ഇപ്പോൾ കൗതുകമായ സ്പോർസ് സെക്സിലേക്ക് എത്തിച്ചത്.

എന്തുകൊണ്ട് സെക്സ് സ്പോർട്സാവുന്നു?

നേരത്തെ പറഞ്ഞതുപോലെ സ്വീഡിഷ് ജനത ഏറ്റവും അധികം ആഗ്രഹിക്കുന്ന കാര്യമാണ്, സ്വാതന്ത്യം എന്നത്. ന്യൂഡിസ്റ്റുകൾക്ക് നഗ്നരായി നടക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കുന്നപോലെ, ഇസ്ലാമിസ്റ്റുകൾക്ക് മതപ്രബോധനത്തിനുള്ള സ്വാതന്ത്ര്യം അനുവദിക്കുന്നതുപോലെയും, എതിരാളികൾക്ക് പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കുന്നപോലെയും, ഒരു വിഭാഗം സെക്സ് സ്പോർട്സ് എന്ന ഒരു ആവശ്യം വെച്ചപ്പോൾ ആ രാജ്യം അത് അംഗീകരിക്കുന്നു. മാത്രമല്ല, ഇത്തരം കാര്യങ്ങളിലുടെ ടൂറിസവുമായി ബന്ധപ്പെട്ട പല പ്രതികരണവും രാജ്യം കാത്തിരിക്കുന്നുണ്ടെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നുണ്ട്.

മാത്രമല്ല, കേരളത്തിലടക്കം പ്രചരിക്കപ്പെട്ട വെറും ലൈംഗിക തൃഷ്ണക്ക് വേണ്ടിയല്ല സ്വീഡനിൽ സെക്സ് ഒരു കായിക ഇനം ആയത്. ഒരു സ്പോർ്ടസ് ഇനം പോലെ ഒരു വ്യക്തിയുടെ ശാരീരിക മാനസിക മാറ്റങ്ങൾക്ക് അത് ഇടയാക്കും എന്നതിനാലാണ്. ഇപ്പോൾ ജൂൺ 8ന് പ്രഖ്യാപിച്ച് സെക്സ് സ്പോർട്സിൽ യൂറാപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ആർക്കും മത്സരത്തിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവർ ഓരോ ദിവസവും ആറുമണിക്കൂർ മത്സരിക്കും. ഇതിൽ ദിവസത്തിലെ വ്യത്യസ്ത മത്സരങ്ങളിൽ ഓരോരുത്തർക്കും 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ സമയം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. സെക്‌സ് ചാമ്പ്യൻഷിപ്പിനുള്ള അച്ചടക്കങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. 14 അച്ചടക്ക നിബന്ധനകളാണ് ഉള്ളത്. ലിംഗഭേദമില്ലാത്തെ എല്ലാവർക്കും മത്സരിക്കാം.

അഞ്ച് ജഡ്ജ്മാരാണ് മത്സരത്തിൽ ഉണ്ടാകുക. പൊതുജനങ്ങളുടെ വോട്ടിങ്ങും നിർണായകമാണ്. ലൈംഗികതയെ ഒരു കായിക വിനോദമാക്കി മാറ്റുന്നത് അനിവാര്യമാണെന്നാണ് സ്വീഡിഷ് സെക്‌സ് ഫെഡറേഷൻ വിശ്വസിക്കുന്നത്. കാരണം സെക്സ് മാനസികവും ശാരീരികവുമായ ക്ഷേമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അവർ വ്യക്തമാക്കുന്നു.

ഈ കായിക വിനോദത്തിൽ ആനന്ദം നിർണായക പങ്ക് വഹിക്കുന്നു, എതിരാളിയുടെ ആസ്വാദനം സ്‌കോറിനെ നേരിട്ട് ബാധിക്കും. ഒരു കായികവിനോദമെന്ന നിലയിൽ ലൈംഗികതയ്ക്ക് സർഗ്ഗാത്മകത, ശക്തമായ വികാരങ്ങൾ, ഭാവന, ശാരീരിക ക്ഷമത, സഹിഷ്ണുത, പ്രകടനം എന്നിവ ആവശ്യമാണെന്ന് സ്വീഡിഷ് സെക്‌സ് ഫെഡറേഷൻ പറയുന്നു. മത്സരത്തിന്റെ വിജയത്തിന് ഇതൊക്കെ നിർണായകമായിരിക്കും. അല്ലാതെ മലയാളികൾ ട്രോളുന്ന പോലെ ഇത് വെറുമൊരു ലൈംഗിക ബന്ധ മത്സരമല്ല.
പ്രേക്ഷകരിൽ നിന്നും 70 ശതമാനം വോട്ടും ജൂറിയിൽ നിന്ന് 30 ശതമാനം വോട്ടുമാണ് മത്സര വിജയിയെ തീരുമാനിക്കുന്നത്. സ്വീഡനിലെ ഗോഥെൻബെർഗിലാണ് മത്സരം നടക്കുന്നത്. ഇതുവരെ 20 പേർ ചാമ്പ്യൻഷിപ്പിന് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മറ്റുള്ളവർക്ക് ശല്യമില്ലാത്ത, പൊതുജനാരോഗ്യത്തിനും പൊതുഗതാഗതത്തിലും തടസ്സമില്ലാത്ത ഏത് ഒരു പരിപാടിക്കുമുള്ള അനുമതിപോലെയാണ് ഇവിടെ ഈ മത്സരത്തിനും അനുമതി കിട്ടിയത്. അതാണ് സ്വീഡന്റെ പ്രത്യേകതയും. പൗരന്മാർ സന്തോഷിക്കുമ്പോൾ ഭരണകൂടം അസൂയപ്പെടുകയം അസഹിഷ്ണുത കാട്ടുകയുമല്ല. കൂടുതൽ, കൂടുതൽ സന്തോഷിക്കാനുള്ള അവസരങ്ങൾ ഉണ്ടാക്കിക്കൊടുക്കയാണ്. അല്ലെങ്കിലും സ്വാതന്ത്ര്യത്തേക്കാളും സന്തോഷത്തേക്കാളും വലുതായി ഈ ലോകത്ത് എന്താണുള്ളത്.

വാൽക്കഷ്ണം: പണ്ട് ന്യൂഡിസ്റ്റുകൾ എന്ന് പറയുന്ന നഗ്നരായി നടക്കാൻ ആഗ്രഹിക്കുന്ന മനുഷ്യരെപ്പറ്റി സ്വീഡനിൽ ഒരു വിവാദം ഉണ്ടായിരുന്നു. എന്നാൽ ഇവരെ വിലക്കുകയല്ല ആ രാജ്യം ചെയ്തത്. പകരം ബീച്ചിന്റെ ഒരു ഭാഗം ചില പ്രത്യേക ദിവസങ്ങളിൽ ന്യൂഡിസ്റ്റുകൾക്ക് ഒത്തുചേരാൻ തുറന്നുകൊടുത്തു. എന്നിട്ട് അവിടെ 'ഇവിടെ നിങ്ങൾ ന്യുഡിസ്റ്റുകളെ കണ്ടേക്കാം' എന്ന് പറഞ്ഞ്' പൊതുജനങ്ങൾക്കായി ഒരു അറിയിപ്പ് ബോർഡും സ്ഥാപിച്ചു. അതാണ് സ്വാതന്ത്ര്യം!