ലോകം ഫുട്ബോൾ ലോകകപ്പ് ലഹരിയിൽ നിറഞ്ഞുനിൽക്കവേ, ഈ മാസം 16ന് ഇന്ത്യയുടെ അതിന്റെ സൈനിക പ്രതിരോധ ചരിത്രത്തിൽ അതി നിർണ്ണായകമായ ഒരു കാൽവെപ്പ് നടത്തുകയായിരുന്നു. അതിർത്തിയിൽ ചൈനയുമായുള്ള സംഘർഷം തുടരുന്നതിനിടെ, 5500 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി 5 ഭൂഖണ്ഡാന്തര ആണവ ബാലിസ്റ്റിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചത് ഞെട്ടലോടെയാണ് ലോക രാഷ്ട്രങ്ങൾ കേട്ടത്. ഞെട്ടാൻ കാരണം എന്താണെന്നോ, ഈ മിസൈൽ ഉപയോഗിച്ച് ബെയ്ജിങ്ങും, ഷാങ്ങ്ഹായും തൊട്ട്, റഷ്യയിലെ മോസ്‌കോയും ആഫ്രിക്കയിൽ കെനിയയിലെ നെയ്റോബിയും വരെ ഇന്ത്യക്ക് ആക്രമിക്കാൻ കഴിയും! അതായത് ഭൂമിയുടെ പകുതി ദൂരംവരെ എത്തുന്ന ഒരു മിസൈൽ ഭാരതം സ്വന്തമാക്കിക്കഴിഞ്ഞു. നിലവിൽ ആണവ ശക്തികൂടിയാണ് ഇന്ത്യ. അതുവെച്ച് നോക്കുമ്പോൾ അഗ്നി 5 കൂടിയായതോടെ, ലോകത്തിലെ അഞ്ചാമത്തെ സൈനിക ശക്തി എന്ന സ്ഥാനം അരക്കിട്ട് ഉറപ്പിക്കയാണ് ഇന്ത്യ.

ഇന്ത്യയുടെ ഏറ്റവും കൂടുതൽ ദൂരപരിധിയുള്ള മിസൈൽ പരീക്ഷണമാണിത്. ആണവ കമാൻഡിന്റെ ഭാഗമായ അഗ്നി 5 മുൻപും പരീക്ഷിച്ചിട്ടുണ്ടെങ്കിലും പൂർണ ദൂരത്തിൽ വിജയകരമായി പരീക്ഷിക്കുന്നത് ആദ്യമാണ്. ആണവായുധം വഹിക്കാൻ കെൽപുള്ള അഗ്നിയുടെ രാത്രികാല വിക്ഷേപണം ഒഡീഷയുടെ തീരത്തു നിന്നാണു നടത്തിയത്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഓസ്ട്രേലിയയുടെ പടിഞ്ഞാറൻ തീരം വരെ മിസൈൽ സഞ്ചരിച്ചു. പരീക്ഷണത്തിനു മുന്നോടിയായി ഇന്ത്യൻ സമുദ്രത്തിൽ മിസൈൽ കടന്നുപോകുന്ന പ്രദേശത്ത് വ്യോമഗതാഗതം നിരോധിച്ചുള്ള നിർദ്ദേശം (നോട്ടിസ് ടു എയർമെൻ) ഇന്ത്യ പുറത്തിറക്കിയയോടെയാണ് ഈ നീക്കം പുറംലോകം അറിഞ്ഞത്.

താവങ്ങിലും മറ്റും അതിർത്തി സംഘർഷം ഇനിയും ഒഴിയാത്ത സാഹചര്യത്തിൽ ചൈനക്കുള്ള ഇന്ത്യയുടെ ശക്തമായ താക്കീത് ആയാണ് ഈ മിസൈൽ പരീക്ഷണം ലോകം വിലയിരുത്തുന്നത്. തലസ്ഥാനമായ ബെയ്ജിങ് ഉൾപ്പെടെ ചൈന മുഴുവൻ ലക്ഷ്യമിടാൻ മിസൈലിനാവും എന്നത് ഷീ ജിൻ പിങ്ങിന്റെയടക്കം ഉറക്കം കെടുത്തും.

മലയാളികൾക്കും ഏറെ അഭിമാനിക്കാവുന്നതാണ് ഈ നേട്ടം. കാരണം ഇതിനുപിന്നിൽ പ്രവർത്തിച്ചത്, ഒരു മലയാളി വനിതയാണ്. അതാണ് ആലപ്പുഴക്കാരി ടെസി തോമസ്. അഗ്‌നി - അഞ്ച് ഭൂഖണ്ഡാന്തര മിസൈലിന്റെ മുഖ്യശില്പിയും പ്രോജക്ട് മേധാവി യുമാണ് ഇവർ അഗ്‌നിപുത്രി എന്നും ഇന്ത്യയുടെ മിസൈൽ വനിത എന്നും മാധ്യമങ്ങൾ വിശേഷിപ്പിക്കുന്ന ടെസി തോമസ് പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി.ആർ.ഡി.ഒ.) യിലെ മുഖ്യശാസ്ത്രജ്ഞയും ഡയക്ടർ ജനറലുമാണ്. ഒരു മിസൈൽ പദ്ധതിക്കു നേതൃത്വം നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ വനിതയാണ് ടെസി തോമസ്. അഗ്നിയുടെ വിക്ഷേപണം പോലെ തീപാറുന്ന ഒരു ജീവിത വിജയ കഥയാണ് ടെസി തോമസിന്റെതും.

തത്തംപള്ളിയിൽ നിന്ന് കുതിച്ചുയരുന്നു

ടെസി തോമസിന് വിശേഷണങ്ങൾ ഏറെയുണ്ട്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ശേഷിയുള്ള ലോകത്തിലെ അഞ്ചു വൻ ശക്തികൾക്കൊപ്പം ഭാരതത്തെ പ്രതിഷ്ഠിച്ച അഗ്നി മിസൈലിന്റെ അമരക്കാരി, ഇന്ത്യയുടെ ഗൈഡഡ് മിസൈൽ വികസന പദ്ധതികളുടെ ഡയറക്ടർ പദവിയിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, ആദ്യ മലയാളി, ആദ്യ വനിത, ഭാരതത്തിന്റെ മിസൈൽ വനിത... ടെസി തോമസ് എന്ന പേരിനൊപ്പം തെളിയുന്ന വിശേഷണങ്ങൾ നിരവധിയാണ്! അറബിക്കടലിനും വേമ്പനാട്ടു കായലിനുമിടയിലുള്ള തത്തംപള്ളി എന്ന കൊച്ചു ഗ്രാമത്തിലെ സാധാരണ കുടുംബത്തിൽ ജനിച്ചു സാധാരണ മലയാളം മീഡിയം സ്‌കൂളിൽ പഠിച്ചു വളർന്ന ടെസ്സി അസാധാരണ നേട്ടങ്ങളിലേക്കു കുതിച്ചത് ഇച്ഛാശക്തിയുടെ അഗ്നിച്ചിറകുകളിലേറിയാണ്.

ആലപ്പുഴ തത്തംപള്ളി തൈപ്പറമ്പിൽ വീട്ടിൽ ടി.ജെ തോമസിന്റെയും കുഞ്ഞമ്മയുടെയും ആറുമക്കളിൽ നാലാമത്തെ മകളാണു ടെസി. അക്കൗണ്ടന്റായ അപ്പനിൽ നിന്നു ചെറുപ്പത്തിലേ പകർന്നു കിട്ടിയതു കണക്കിലുള്ള താൽപര്യം. എസ്എസ്എൽസി വരെ ആലപ്പുഴ സെന്റ് ജോസഫ്‌സ് സ്‌കൂളിൽ പഠിച്ചു. തുടർന്നു പ്രീഡിഗ്രി സെന്റ് ജോസഫ്‌സ് കോളജിൽ. സ്‌കൂൾ കോളജ് കാലത്തു ട്രാക്കിലെന്നും ഒന്നാമതായി കുതിക്കുന്ന മിസൈലായിരുന്നു ടെസി. ഹ്രസ്വദൂര ഓട്ട മൽസരങ്ങളിലായിരുന്നു മികവ്. എവിടെയും ഒന്നാമതെത്താനുള്ള വാശിയും പരിശ്രമവുമായിരുന്നു കായികശേഷിയെക്കാൾ ടെസിയുടെ വിജയത്തിന്റെ ഊർജം.

ഡിഗ്രി-പിജി വിദ്യാർത്ഥികളുടെ കുത്തക പൊളിച്ച് തിരഞ്ഞെടുപ്പിൽ യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായി വിജയിച്ചു. ടെസിയുടെ നേതൃശേഷി ആദ്യമായി പ്രകടിപ്പിക്കാൻ കിട്ടിയ അവസരം. തൃശൂർ എൻജിനീയറിങ് കോളജിൽ ബിടെകിന് അഡ്‌മിഷൻ ലഭിച്ചപ്പോൾ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമായിരുന്നു. അച്ഛൻ തോമസ് അസുഖ ബാധിതനായി കിടപ്പിൽ. വീടും പറമ്പും പണയം വെച്ചിട്ടാണെങ്കിലും മകളെ എൻജിനീയറാക്കും എന്ന ടെസിയുടെ അമ്മ കുഞ്ഞമ്മയുടെ തീരുമാനം തിരുത്തിയെഴുതിയത് ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രം. അപ്പനിൽ നിന്നു കണക്കും ശാസ്ത്ര താൽപ്പര്യവും ലഭിച്ചപ്പോൾ അമ്മ പകർന്നു നൽകിയത് ആത്മവിശ്വാസവും വിജയത്തിനായി അവസാന നിമിഷം വരെ പൊരുതാനുള്ള ആർജവവുമാണെന്ന് ടെസി വനിതക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.

പഠനയാത്ര ജീവിതം മാറ്റി മറിക്കുന്നു

മലയാള മനോരമക്ക് നൽകിയ ഒരു അഭിമുഖത്തിൽ ടെസി പറയുന്നത്, സ്‌കൂൾ പഠന കാലത്തു തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിലേക്കു നടത്തിയ പഠനയാത്രയാണ് തന്റെ ജീവിതം മാറ്റിമറിച്ചത് എന്നാണ്. നേരത്തെ തന്നെ ബഹിരാകാശമേഖല ഇഷ്ട പഠനവിഷയം ആയിരുന്നു. ജെറ്റ് വിമാനം പറക്കുമ്പോൾ ആകാശത്തെ മേഘപടലങ്ങളിൽ വെളുത്ത പുക രൂപപ്പെടുന്നതെങ്ങിനെ എന്നു ചിന്തിച്ചു കുട്ടിക്കാലത്തു പലവട്ടം തല പുകഞ്ഞിട്ടുണ്ട് അവൾ. അങ്ങനെയിരിക്കെ തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിലേക്ക് നടത്തിയ പഠന യാത്രയോടെ ആകാശ ലോകം മനസ്സിൽ ഉടക്കി. തിരുവനന്തപുരത്ത് ബന്ധുവീട്ടിൽ പോകുമ്പോൾ കണ്ട വിമാനങ്ങളും തുമ്പ റോക്കറ്റ് നിലയവുമെല്ലാം ആകാശം സ്വപ്നം കാണാൻ ടെസിയെ പഠിപ്പിച്ചു. അവസരം കിട്ടിയപ്പോഴെല്ലാം തുമ്പയിലേക്കു തീർത്ഥാടനം പോലെ പോയി ആഗ്രഹം അണയാതെ കാത്തു.

തൃശൂർ ഗവ.എൻജിനീയറിങ് കോളജിൽ നിന്നു ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ ടെസി ഡിആർഡിഒയുടെ പ്രവേശന പരീക്ഷ പാസായി. തുടർന്നു പൂണെ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർമമെന്റ് ടെക്‌നോളജിയിൽ നിന്ന് എംടെക് പൂർത്തിയാക്കിയ ശേഷം ഡിആർഡിഒയുടെ ഹൈദരബാദിലെ ലാബിലേക്ക്. അന്നു ഡോ.എ.പി.ജെ.അബ്ദുൽ കലാമായിരുന്നു ഡയറക്ടർ. അഞ്ചു വർഷം അദ്ദേഹത്തിനു കീഴിൽ പ്രവർത്തിക്കാൻ ഭാഗ്യം ലഭിച്ചു. കാലം ജീവിതത്തിലെ വലിയ പ്രചോദനം ആയിരുന്നെന്ന് ടെസി പിന്നീട് പറഞ്ഞിട്ടുണ്ട്. 1988 മുതൽ അഗ്നി പ്രോജക്ടിന്റെ ഭാഗമായി. അഗ്നി1, 2, 3 ,4, 5 പ്രോജക്ടുകൾക്ക് പിന്നിൽ പ്രവർത്തിച്ചതും ടെസി ആയിരുന്നു. നേവിയിൽ ഉദ്യോഗസ്ഥനായ സരോജ് പട്ടേലാണു ഭർത്താവ്.

പരാജയത്തിന്റെ പൊള്ളുന്ന ഓർമ്മകൾ

വിജയങ്ങളുടെ വലിയ കണക്കുകൾ മാത്രമല്ല, പരാജയങ്ങളുടെ പൊള്ളുന്ന ഓർമ്മകളും ഏതൊരു ഗവേഷകനും ഉണ്ടാവും. എന്നാലും ഇന്ത്യയുടെ മിസൈൽ പരാജയങ്ങളുടെ നിരക്ക് വിദേശരാജ്യങ്ങളുടേതിനേക്കാൾ എത്രയോ കുറവാണ്. (എന്നിട്ടും ഇന്ത്യയുടെ റോക്കറ്റ് വിക്ഷേപണം അറബിക്കടലിലെത്തുമെന്ന് പറഞ്ഞ് നമ്മൾ മലയാളികൾ നിരന്തരം അധിക്ഷേപിക്കുന്നു.)

തനിക്ക് ഇന്നും പൊള്ളിക്കുന്ന ഓർമ്മയാണ് അഗ്നി 3ന്റെ പരാജയമെന്ന് മനോരമക്ക് നൽകിയ അഭിമുഖത്തിൽ ടെസി പറയുന്നു. കുതിച്ചുയർന്ന് 65 സെക്കൻഡ് വരെ അഗ്നി 3 കണക്കുകൂട്ടൽ തെറ്റാതെ കുതിച്ചു. ഒന്നാം ഘട്ടത്തിന്റെ അവസാന നിമിഷങ്ങളിലാണു തകരാർ ഉണ്ടായത്. തുടർന്നുള്ള ഒരു മാസം പരാജയ കാരണം കണ്ടെത്താൻ കഠിന പരിശ്രമം. മിസൈലിന്റെ യന്ത്രത്തകരാറല്ല, ബാഹ്യാന്തരീക്ഷവുമായുള്ള ഘർഷണമായിരുന്നു പ്രശ്‌നം എന്നു കണ്ടെത്തി. അഗ്നി3ന്റെ പരാജയ കാരണം കണ്ടെത്താൻ നിയോഗിച്ച വിദഗ്ധ സമിതിയിൽ ടെസി കാഴ്ച വെച്ച പ്രവർത്തന മികവാണ് അഗ്നി4ന്റെ പ്രോജക്ട് ഡയറക്ടർ പദവിയിലേക്കു വാതിൽ തുറന്ന

കോംപോസിറ്റ് റോക്കറ്റ് മോട്ടോർ ടെക്‌നോളജി ആദ്യമായി പരീക്ഷിച്ചു വിജയിച്ചു മിസൈൽലായിരുന്നു ഇത്. 3500 മുതൽ 4000 കി.മി.വരെ ദൂര പരിധി. ശത്രു രാജ്യങ്ങളുടെ റഡാറിൽ എളുപ്പം പതിയാതിരിക്കാനുള്ള സാങ്കേതിക മികവ്. ഖര ഇന്ധനം ഉപയോഗിച്ചു പ്രവർത്തിക്കുന്ന ആണവശേഷിയുള്ള ലോകത്തിലെ ആദ്യ മിസൈൽ. റോഡ് മൊബൈൽ ലോഞ്ചറിനു പകരം റയിൽ മൊബൈൽ ലോഞ്ചർ ഉപയോഗിച്ചതിനാൽ പരിപാലനവും എളുപ്പമായി. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ശേഷിയുള്ള ലോകത്തിലെ അഞ്ചു വൻ ശക്തികൾക്കൊപ്പം ഇന്ത്യയ്ക്കും ഇടം നേടിത്തന്ന് അഗ്നി 4 ചരിത്രമായി.

ഡയറക്ടർ ജനറൽ സി.പി. രാമനാരായണൻ 2018 മെയ് 31ന് വിരമിച്ചതോടെയാണ് ടെസി തോമസ് ആ സ്ഥാനമേൽക്കുന്നത്. ഡിആർഡിഒ സാങ്കേതിക വിഭാഗത്തിൽ ഡയറക്ടർ ജനറൽ സ്ഥാനത്തെത്തുന്ന രണ്ടാമത്തെ വനിതയാണ് ടെസി. ഇലക്ട്രോണിക് ആൻഡ് കമ്യൂണിക്കേഷൻ ക്ലസ്റ്റർ മേധാവി ജെ.മഞ്ജുളയാണ് ആദ്യമായി ഈ സ്ഥാനത്തെത്തിയ വനിത. അഗ്നി 5 ന്റെ പരീക്ഷണങ്ങളും വിജയിച്ചതോടെ ശാസ്ത്രത്തിനു സ്ത്രീ പുരുഷ വിവേചനമില്ല, ബുദ്ധിയും യുക്തിയും പരിശ്രമ ശീലവുമുള്ള ആർക്കും ശാസ്ത്ര രംഗത്തു വിജയിക്കാമെന്നു ടെസി തെളിയിക്കുന്നു.

സ്ത്രീകൾക്കും അവസരങ്ങൾ ഒട്ടേറെ

വനിതക്ക് നൽകിയ അഭിമുഖത്തിൽ ടെസി ഇങ്ങനെ പറയുന്നു. ''എൻജിനീയറിങ് രംഗത്തേക്കു വരുന്ന ആർക്കും ഈ രംഗത്തേക്കും വരാം. ഡിആർഡിഒ(ഡിഫൻസ് റിസേർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ) മേഖലയിൽ 20 ശതമാനം പേർ വനിതകളുണ്ട്. സ്ത്രീകൾക്ക് ഏറെ സാധ്യതകളുള്ള രംഗമാണ്. വി എസ്എസ്സി, ഐഎസ്ആർഒ എല്ലാം നല്ല രീതിയിൽ അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

എയ്റോനോട്ടിക്കൽ ക്ലസ്റ്ററിൽ 15 ശതമാനം വനിതകളുണ്ട്. ഐടി മേഖലയ്ക്കു ധാരാളം സാധ്യതകളുണ്ട്. ബിടെക് കഴിഞ്ഞ് നിൽക്കുമ്പോൾ തൃശൂരിൽ വച്ച് പുണെയിൽ 'എംടെക് ഇൻ ഗൈഡഡ് മിസൈൽ എന്ന കോഴ്സി'നെക്കുറിച്ചുള്ള പത്രപ്പരസ്യം കണ്ടാണ് ഞാൻ അപേക്ഷിച്ചത്. കാര്യമായി അറിയില്ലായിരുന്നെങ്കിലും മനസ്സിൽ ആഗ്രഹമുണ്ടായിരുന്നു. ആത്മസമർപ്പണത്തോടെ അറിവു നേടുക. പുതിയ വഴികളിലൂടെ പോകാൻ ശ്രമിക്കുക. അവസരങ്ങൾ കണ്ടെത്തി പ്രയത്നിച്ച് മുന്നേറുക എന്ന് മാത്രമേ യുവതലമുറയോട് പറയാനുള്ളൂ.'' അവർ ചൂണ്ടിക്കാട്ടി.

തന്റെ ബാല്യത്തെക്കുറിച്ചും ഇഷ്ടഭക്ഷണത്തെക്കുറിച്ചും ടെസി സ്മരിക്കുന്നത് ഇങ്ങനെ. ''എന്റെ അമ്മച്ചിയുടെ വീട് ചങ്ങനാശേരി പായിപ്പാടാണ്. ആലപ്പുഴയിൽ നിന്ന് അവിടേക്കുള്ള യാത്രകൾ രസമായിരുന്നു. അന്നു ബോട്ടിലായിരുന്നു പോയിരുന്നത്. മണിക്കൂറുകൾ നീളുന്ന യാത്രയായിരുന്നു. പാലങ്ങളൊന്നും ഇല്ലാതിരുന്ന കാലം. ചക്കയാണ് ഇഷ്ടഭക്ഷണം.''.ജീവിതത്തിലെ ഏറ്റവും ആഹ്ലാദം തോന്നിയ നിമിഷം ഏത് എന്ന ചോദ്യത്തിന് അവർ ഇങ്ങനെ പറയുന്നു. ''അഗ്നി-4 മിസൈലിന്റെ പരീക്ഷണ വിജയമാണ്. ഹൈദരാബാദിലായിരുന്നു ഞാൻ അന്ന്.''- ഇത് കുറച്ച് വർഷങ്ങൾക്ക് മുമ്പുള്ള അഭിമുഖമാണ്. ഇന്നായിരുന്നെങ്കിൽ അവർ അഗ്നി 5 ന്റെ വിജയം എന്നേ പറയൂ. കാരണം മറ്റ് രാജ്യങ്ങളുടെ കണ്ണിൽ അത്രക്ക് 'ഭീകരനാണ്' ഇവൻ.

2012 മുതലുള്ള തുടർച്ചയായ പരീക്ഷണങ്ങൾ

ഒരു സുപ്രഭാതത്തിൽ ഉണ്ടായതൊന്നുമല്ല ഇന്ത്യയുടെ മിസൈൽ ടെക്ക്നോളജി നേട്ടങ്ങൾ. തുടർച്ചയായ പരീക്ഷണങ്ങളാണ് അഗ്നി 5ന്റെ പിറകിൽ ഉണ്ടായത്. കോടികളുടെ മുതൽ മുടക്കുമുണ്ട്. അഗ്നി 5ന്റെ ഒമ്പതാം പരീക്ഷണമാണ് ഇപ്പോൾ നടന്നത്. 2018 വരെ ആറ് പരീക്ഷണ വിക്ഷേപണങ്ങളും 2021 ൽ യൂസർ ട്രയലും നടത്തി. 2012 ഏപ്രിൽ 19-ന്ആയിരുന്നു ആദ്യ പരീക്ഷണ വിക്ഷേപണം. കരയിൽ നിന്ന് തൊടുക്കാവുന്ന പതിപ്പായിരുന്നു അത്. ഒഡീഷയിലെ വീലർ ദ്വീപിൽ നിന്നായിരുന്നു ആദ്യ മിസൈൽ വിക്ഷേപിക്കപ്പെട്ടത്.'താണ്ഡവം' എന്ന് പേരിട്ടിരിക്കുന്ന താൽക്കാലിക ആക്രമണലക്ഷ്യത്തിനുനേരേയാണ് പരീക്ഷണം നടത്തിയതെന്ന് പ്രതിരോധവൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു. വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് 5000 കിലോമീറ്റർ അകലെ ഇന്ത്യൻ മഹാസമുദ്രത്തിൽ ഉണ്ടായിരുന്ന ലക്ഷ്യത്തിൽ പതിച്ചു.

അഗ്നി 1 മുതൽ ഘട്ടംഘട്ടമായി നാം പ്രഹരശേഷി വർധിപ്പിച്ച് വരികയാണ്. അഗ്‌നി-1ന്റെ ഫയർ പവർ 700 കിലോമീറ്ററായിരുന്നു. ദ്രവ ഇന്ധനമാണ് ഇതിൽ ഉപയോഗിക്കുന്നത്. അണുബോംബ് വഹിക്കാൻ ശേഷിയുള്ളതാണ് ഈ മിസൈൽ. അഗ്‌നി 2ന്റെ ഫയർ പവർ 3000 കിലോമീറ്ററാണ്. 1000 കിലോഗ്രാം ആണവ ബോംബ് ഈ മിസൈലിലൂടെ അയക്കാം. 2006 ജൂലൈ മാസത്തിൽ അഗ്‌നി 3 വിജയകരമായി പരീക്ഷിച്ചിച്ചത്. ഇതിന്റെ ഫയർ പവർ 3000 കിലോമീറ്റർ വരെയാണ്, ഇത് 4000 കിലോമീറ്റർ വരെ വർദ്ധിപ്പിക്കാം. ഇതിലൂടെ 600 മുതൽ 1800 കിലോഗ്രാം വരെ അണുബോംബ് വഹിക്കാം. അഗ്‌നി 4ന് പാക്കിസ്ഥാന്റെ ഏത് ഭാഗവും തകർക്കാൻ കഴിവുണ്ട്, അതിനൊപ്പം ചൈനയുടെ പകുതിയും ലക്ഷ്യമിടാൻ കഴിയും. ഇതിന്റെ ഫയർ പവർ 4000 കിലോമീറ്ററാണ്. ഈ മിസൈലും ആണവ ശേഷിയുള്ളത് ആക്കിയിട്ടുണ്ട്.

അഗ്നി 5 ഇന്ത്യയുടെ ബ്രഹ്മാസ്ത്രം

'എടുക്കുമ്പോൾ പത്ത് തൊടുക്കുമ്പോൾ നൂറ്, കൊള്ളുമ്പോൾ ഒരായിരം' എന്നപോലെയാണ് അഗ്നി 5ന്റെ വിന്യാസം. ശരിക്കും ഇന്ത്യയുടെ ബ്രഹ്മാസ്ത്രം എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. 1.5 ടൺ വരെ ഭാരമുള്ള ആണവ പോർമുനകൾ വഹിക്കാൻ ശേഷിയുള്ള അഗ്‌നി-5 മിസൈലിന്റെ ഭാരം 50 ടൺ ആണ്. ഇതുകൂടാതെ 1500 കിലോഗ്രാം ഭാരമുള്ള ആയുധങ്ങൾ വഹിക്കാൻ ശേഷിയുണ്ട്. ഈ ഗുണം അഗ്നി മിസൈലുകളെ കൂടുതൽ ശക്തമാക്കുന്നു.

എല്ലാ അഗ്‌നി മിസൈലുകളേക്കാളും അഞ്ചാം തലമുറ ഭാരം കുറഞ്ഞതാണ്. അതിന്റെ ഭാരം 50,00 കിലോ ഗ്രാം ആണ്. വ്യാസം 6.7 അടിയാണ്. നീളം 17.5 മീറ്റർ അതായത് 57.4 അടിയും. ഈ മിസൈലിന് 1500 കിലോ ആണവായുധങ്ങൾ വഹിക്കാനാകും. ട്രക്കിന്റെ സഹായത്തോടെ ഏത് സ്ഥലത്തേക്കും കൊണ്ടുപോകാം. മൊബൈൽ ലോഞ്ചറിൽ നിന്നും ഇത് പ്രവർത്തിപ്പിക്കാം. അതായത് ന്യൂഡൽഹിയിൽ ഇരുന്നുകൊണ്ട് ബെയ്ജിങ്ങിലും കറാച്ചിയിലും വേണമെങ്കിൽ ബോംബിടാമെന്ന് ചുരുക്കം.

വ്യത്യസ്ത ലക്ഷ്യങ്ങളെ ഒരേസമയം നശിപ്പിക്കാൻ അഗ്നി 5ന് കഴിയും. ശബ്ദത്തിന്റെ വേഗത്തേക്കാൾ 24 മടങ്ങ് കൂടുതലാണ് ഇതിന്റെ വേഗം. മണിക്കൂറിൽ 29,401 കിലോമീറ്റർ പറക്കാൻ കഴിയും. ആവശ്യമെങ്കിൽ അഗ്‌നി-5 മിസൈലിന്റെ പരിധി ഇനിയും വർധിപ്പിക്കാനുള്ള ശേഷിയും ഇന്ത്യ വികസിപ്പിച്ചിട്ടുണ്ട്.

മൂന്ന് ഘട്ടങ്ങളുള്ള ഖര ഇന്ധന എൻജിനാണ് ഈ മിസൈലിൽ സ്ഥാപിച്ചിരിക്കുന്നത്. പരീക്ഷണത്തിനിടെ ഈ മിസൈൽ 5500 കിലോമീറ്റർ ദൂരം പിന്നിട്ട് ലക്ഷ്യം തകർത്തു.
ചൈന, പാക്കിസ്ഥാൻ, യുക്രൈൻ, റഷ്യ, ജപ്പാൻ, ഇന്തോനേഷ്യ, യൂറോപ്പിന്റെ ചില ഭാഗങ്ങൾ എന്നിവയുൾപ്പെടെ ഏഷ്യയിലെ എല്ലാ രാജ്യങ്ങളും ഡിആർഡിഒയും ഭാരത് ഡൈനാമിക്സ് ലിമിറ്റഡും ചേർന്ന് തയ്യാറാക്കിയ ഈ മിസൈലിന്റെ ഭൂപരിധിക്ക് കീഴിൽ വരും. അതായത്, ലോകത്തെ പകുതിയോളം ലക്ഷ്യമിടാൻ ഇതിന് കഴിയും എന്നർത്ഥം.

മിസൈൽരംഗത്തെ ഒട്ടേറെ ആധുനിക സാങ്കേതിക വിദ്യകൾ കൂടിയാണ് അഗ്‌നി-5 ൽ പരീക്ഷണ വിധേയമാക്കുന്നത്. വിവിധ പദാർഥങ്ങൾ ചേർത്തുണ്ടാക്കിയ പ്രത്യേകതരം വസ്തുകൊണ്ടാണ് (കോമ്പോസിറ്റ് മെറ്റീരിയൽ) ഇതിന്റെ രണ്ടും മൂന്നും ഘട്ടങ്ങളിലെ റോക്കറ്റ് എൻജിൻ നിർമ്മിച്ചിരിക്കുന്നത്. സ്റ്റീൽ കൊണ്ടുള്ള പതിവുരീതി ഉപേക്ഷിച്ചാണിത്. എൻജിന്റെ ഭാരം കുറയുന്നതിനൊപ്പം പ്രവർത്തനക്ഷമത ഇതിലൂടെ വർധിക്കുകയും ചെയ്യും. മൂന്നാംഘട്ടത്തിൽ 'കോണിക്കൽ' രൂപത്തിലുള്ള മോട്ടോറാണ്. ഇന്ത്യൻ മിസൈൽ പദ്ധതിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം മോട്ടോർ പരീക്ഷിക്കുന്നത്. കേബിളിന്റെ എണ്ണം കുറയ്ക്കുന്നതിനായി മിസൈലിലെ ഇലക്ട്രോണിക് ഘടകങ്ങളെത്തമ്മിൽ ഡിജിറ്റൽ വിദ്യയിലൂടെയാണ് പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നത്. നേരത്തേ ഒരു മിസൈലിനുള്ളിൽ എല്ലാംകൂടി ഏകദേശം പത്തുകിലോമീറ്റർ നീളത്തിൽ കേബിളുകൾ ഉപയോഗിച്ചിരുന്നു. മിസൈലിന്റെ പ്രയാണഗതിയെ സ്വയംനിയന്ത്രിക്കുന്ന പുതിയ റിങ് ലേസർ ഗിയറോ, മൈക്രോ നാവിഗേഷണൽ സിസ്റ്റം എന്നിവയും അഗ്‌നി-5-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഭൂമിയിൽനിന്ന് ബഹിരാകാശ സമാനമായ ഉയരത്തിലേക്ക് പറന്നുയർന്നശേഷം ആക്രമണലക്ഷ്യത്തിനടുത്തുവെച്ച് തിരികെ അന്തരീക്ഷത്തിൽ പ്രവേശിക്കുകയാണ് ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ ചെയ്യുക. അതിവേഗത്തിൽ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ ഘർഷണം മൂലമുണ്ടാകുന്ന ഉയർന്ന ചൂട് താങ്ങാനുള്ള പ്രത്യേകതരം കവചവും മൂന്നാംഘട്ടത്തിൽ ചേർത്തിട്ടുണ്ട്. ഇങ്ങനെ ലോകം ഞെട്ടുന്ന ഏറ്റവും അത്യാധുനികമായ സംവിധാനമാണ് ഇതിലുള്ളത്.


കണ്ണു തള്ളി ചൈനയും പാക്കിസ്ഥാനും

യുഎസ്, റഷ്യ, ചൈന, ഫ്രാൻസ്, ഉത്തരകൊറിയ ഇസ്രയേൽ എന്നീ ആറ് രാജ്യങ്ങൾക്ക് മാത്രമാണ് അഗ്നി 5പോലുള്ള ശക്തമായ മിസൈൽ ഉള്ളത്. മിസൈൽ ടെക്ക്നോളജിയുടെ കാര്യത്തിൽ ഇന്ത്യയുടെ എത്രയോ പിറകിലാണ് പാക്കിസ്ഥാൻ. അവരുടെ പക്കൽ ഈ മിസൈൽ സംവിധാനം ഇല്ല. അതുകൊണ്ടുതന്നെ ഇനി ഈ അടുത്തകാലത്തൊന്നും ഇന്ത്യയോട് മുട്ടാന അവർ വരില്ലെന്ന് ചുരുക്കം. മുട്ടിയാൽ ഇസ്ലാബാദ് നിമിഷങ്ങൾക്കുള്ളിൽ ചാമ്പലാക്കാനുള്ള സംവിധാനം ഇന്ത്യക്കുണ്ട്.

ശത്രുരാജ്യങ്ങളുടെ മിസൈൽവേധപ്രതിരോധ സംവിധാനങ്ങളുടെ കണ്ണുവെട്ടിക്കാനുള്ള തന്ത്രങ്ങളും അഗ്‌നി-5 ലുണ്ട്. മറ്റ് മിസൈലുകളിൽനിന്ന് വ്യത്യസ്തമായി പ്രത്യേകതരം ലോഹ കവചത്തിനുള്ളിൽ (കാനിസ്റ്റർ) ആണ് അഗ്‌നി-5 ശേഖരിച്ചുവെക്കുക. ഏറെക്കാലം കേടുപാടുകൂടാതെ മിസൈൽ സൂക്ഷിച്ചുവെക്കാൻ ഇതിലൂടെ കഴിയും. അതുകൊണ്ടുതന്നെ പ്രത്യേക തയ്യാറെടുപ്പൊന്നുമില്ലാതെ വളരെ പെട്ടെന്നുതന്നെ അഗ്‌നി-5 നെ ശത്രുവിനെതിരെ പ്രയോഗിക്കാൻ കഴിയും. എപ്പോഴും വിക്ഷേപണസജ്ജമായിരിക്കും എന്നതാണ് ഇതുകൊണ്ടുള്ള പ്രധാന പ്രയോജനം. കരമാർഗ്ഗം ഇന്ത്യയിലെവിടെയും എത്തിച്ച് എവിടെനിന്നും വിക്ഷേപിക്കാൻ കഴിയുന്ന റോഡ് മൊബൈൽ ലോഞ്ചറാണ് 20 മീറ്ററോളം (ഏകദേശം ഒരു അഞ്ചുനില കെട്ടിടത്തിന്റെ ഉയരം) നീളംവരുന്ന അഗ്‌നി-5 നായി തയ്യാറാക്കിയിരിക്കുന്നത്. കരസേനയ്ക്കുവേണ്ടിയുള്ള മോഡലാണ് ഇപ്പോൾ പരീക്ഷിച്ചത്.

അഗ്‌നി-5 നെക്കുറിച്ച് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽത്തന്നെ ഈ മിസൈൽ തങ്ങളുടെ വടക്കുകിഴക്കേ അറ്റത്തുള്ള ചെറിയ പട്ടണങ്ങൾക്കുപോലും ഭീഷണിയാണെന്ന് ചൈനയുടെ ഔദ്യോഗിക പത്രമായ 'പീപ്പിൾസ് ഡെയ്‌ലി' വിലയിരുത്തിക്കഴിഞ്ഞു. ചൈനയുടെ സൈനികശേഷി ഉയർത്തുന്ന ഭീഷണിക്കുള്ള മറുപടിയായാണ് ഈ മിസൈലിനെ ഇന്ത്യൻ സൈനിക വിദഗ്ധരും കാണുന്നത്.

വരുന്നു അഗ്നി 6!

പ്രതിരോധ ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം ഭൂഖണ്ഡാന്തര മിസൈൽ ശേഷിയിലേക്കുള്ള നിർണായകമായ ചവിട്ടുപടിയാണിത്. അന്തർവാഹിനിയിൽ നിന്നു വിക്ഷേപിക്കാവുന്ന സമാന ദൂരപരിധിയുള്ള മിസൈൽ (കെ 5) ഇന്ത്യ വികസിപ്പിച്ചിട്ടുണ്ട്. ഇതിന്റെ പരീക്ഷണവും വൈകാതെയുണ്ടാകും. അഗ്‌നി-5ന് 5500 കിലോമീറ്റർ ദൂരപരിധിയ കിട്ടുന്നതിനാൽ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ (ഐ.സി.ബി.എം.) ആവശ്യം ഇന്ത്യക്ക് ഉടനില്ലെന്നാണ് വിലയിരുത്തലുണ്ട്. ഐ.സി.ബി.എമ്മിന്റെ ദൂരപരിധി തുടങ്ങുന്നത് 6000 കിലോമീറ്ററിലാണ്. പക്ഷേ കൂടുതൽ വിപുലീകരിച്ച് അഗ്‌നി-6 ൽ ഉപയോഗിക്കാനുള്ള സാങ്കേതിക വിദ്യകളുടെ അടിസ്ഥാനരൂപങ്ങളാണ് അഗ്‌നി-5 ലുള്ളത്. ഈ ദൗത്യം 12000 കിലോമീറ്റർ വരെ ദൂരപരിധിയുള്ള അഗ്‌നി-6 മിസൈലിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. അതിന്റെ തലപ്പത്തും മലയാളിയായ ടെസി തന്നെയാവും എത്തുക.

ആണവായുധങ്ങളാണ് ലോകത്തിന് സമാധാനം കൊണ്ടുവന്നത് എന്നാണ് പൊതുവെയുള്ള ചൊല്ല്. ശത്രുക്കളാൽ വലയം ചെയ്ത് കിടക്കുന്ന ഇന്ത്യപോലുള്ള ഒരു രാജ്യത്തെ, ആരും ആക്രമിക്കാൻ മുതിരാത്തതും ഇന്ത്യ ആണവ ശക്തിയായതുകൊണ്ട് തന്നെയാണ്. അതുപോലെ ഈ മിസൈലുകളും, സമാധാനത്തിന് ഇന്ത്യ കൊടുക്കുന്ന വിലയാണെന്നാണ് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഒരിക്കൽ പറഞ്ഞത്. ആക്രമിക്കാനല്ല, സ്വയം പ്രതിരോധിക്കാനാണ് നമുക്ക് ആയുധങ്ങൾ. 62ലെ ചൈനായുദ്ധത്തിൽ തോറ്റ് തലതാഴ്‌ത്തി കരയേണ്ടിവന്ന നെഹ്റുവിന്റെ അനുഭവം ഇനി ആവർത്തിക്കപ്പെടില്ലെന്ന് ഉറപ്പാണ്.

വാൽക്കഷ്ണം: തേജസ് എന്നാണ് ടെസി തോമസിന്റെ മകന്റെ പേര്. ഡിആർഡിഒ ആദ്യമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റായ തേജസിന്റെ സ്മരണയ്ക്കാണോ മകനു ഇങ്ങനെ പേരിട്ടത് എന്നു ചോദിച്ചപ്പോൾ അവരുടെ മറുപടി രസകരമായിരുന്നു. ''അല്ല. ഞങ്ങളുടെ മകന്റെ പേരാണ് എയർക്രാഫ്റ്റിനിട്ടത്''. ശരിയാണ് മകൻ ജനിച്ചത് 1990ലാണ്. തേജസ് എയർക്രാഫ്റ്റ് പ്രവർത്തനക്ഷമമായത് 91ലും.