ഗ്രാമങ്ങള്‍ നഗരങ്ങളെ വളയുക. എന്നിട്ട ഗ്രാമീണ ജനത ഒരു ലോങ് മാര്‍ച്ചായി വന്ന് നഗരത്തിന്റെ ഭരണം പിടിച്ചെടുക്കുക. എന്നിട്ടവിടെ തൊഴിലാളി വര്‍ഗ ഭരണകൂടം സ്ഥാപിക്കുക. പിന്നെ എല്ലാവരും തുല്യരായ കാലം! എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്ന് ഒറ്റവാക്കില്‍ വിശേഷിപ്പിക്കാവുന്നതാണ്, മാവോയിസം എന്ന ആശയത്തെ. ചൈനയില്‍ ചെയര്‍മാന്‍ മാവോ നടപ്പാക്കിയ പ്രത്യേക ആശയത്തെയാണ് മാവോയിസം എന്ന് പറയുന്നത്. പക്ഷേ മാവോക്ക്ശേഷം ചൈന ഈ വിധ്വംസക ആശയത്തെ ചവറ്റുകുട്ടയിലിട്ടു. ഡെങ്ങ് സിയാവോ പിങ്് നടപ്പാക്കിയ, ചൈനീസ് സോഷ്യലിസം എന്ന പേരില്‍ വിളിക്കുന്ന ക്യാപ്റ്റലിസ്റ്റ് നയങ്ങളാണ് ഇന്ന് കാണുന്ന രീതിയില്‍ ആ രാജ്യത്തെ സമ്പല്‍ സമൃദ്ധിയില്‍ എത്തിച്ചത്.

പക്ഷേ മവോയിസത്തിന്റെ അലയൊലികള്‍ ചൈനയില്‍ മാത്രം ഒതുങ്ങി നിന്നില്ല. പീക്കിങ്ങ് റേഡിയോ 'ഇന്ത്യയില്‍ വസന്തത്തിന്റെ ഇടിമുഴക്കമെന്ന്' വിശേഷിപ്പിച്ച നക്സല്‍ബാരി വിപ്ലവടമക്കം ഇവിടെയുണ്ടായി. 60കളലെയും 70കളിലെയും ചിന്തിക്കുന്ന, മാനവിക ബോധമുള്ള ചെറുപ്പക്കാരുടെ മനസ്സില്‍ വലിയൊരു തരംഗമായി മാവോയിസം മാറി. അവരില്‍ പലരും എല്ലാവരും തുല്യരാകുന്ന ഒരു ലോകം സ്വപ്നം കണ്ട് ആയുധമെടുത്തു. പക്ഷേ അത് ഒരു വലിയ ദുരന്തത്തിലേക്കാണ് നീങ്ങിയത്. കേരളത്തിലടക്കം നൂറുകണക്കിന് ചെറുപ്പക്കാര്‍ക്ക് ജീവന്‍ നഷ്ടമായി.

ആദ്യ കാലങ്ങളില്‍ സി.പി.ഐ മാത്രമാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായി ഉണ്ടായിരുന്നത്. പിന്നീട് സി.പി.ഐ പിളര്‍ന്ന് സി.പി.എം രൂപീകരിച്ചിട്ടും, ഇവര്‍ക്കിടയില്‍ പ്രത്യയശാസ്ത്രപരമായി ഭിന്നത വര്‍ധിച്ചു. അങ്ങനെ ചില അതിവിപ്ലവകാരികളാണ്, സി.പി.ഐ.എം.എല്‍ രൂപീകരിച്ചത്. ഈ സി.പി.ഐ.എം.എല്‍ പിന്നീട് അമീബകളെ പോലെ സെല്‍ വിഭജനം നടത്തി വിഘടിച്ച് പല ഗ്രൂപ്പുകളായി മാറി. സി.പി.ഐ.എം.എല്‍ (റെഡ്ഫ്ളാഗ്), മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (റെഡ്ഫ്ളാഗ് എന്നിവ ഇതിന് ഉദാഹരണമാണ്.



ചാരൂ മഞ്ജുംദാറിന്റെ നേതൃത്വത്തില്‍ നക്സല്‍ ബാരിയില്‍ രൂപം കൊണ്ട ആദ്യ പാര്‍ട്ടിയായ സി.പി.ഐ.എം.എല്‍ പാര്‍ട്ടിയുടെ പല കഷണങ്ങളാണ് ഇന്ന് കാണുന്ന മാവോയിസ്റ്റ് അനുഭാവ ഗ്രൂപ്പുകളില്‍ ബഹു ഭൂരിപക്ഷവും. വാളെടുത്തവരൊക്കെ വെളിച്ചപ്പാടാവുന്ന ഇക്കാലത്ത് ഇവര്‍ക്കിടയില്‍ ഇപ്പോള്‍ തന്നെ കാക്കത്തൊള്ളായിരം ഗ്രൂപ്പുകളുണ്ട്. പക്ഷേ അവരില്‍ കുറച്ചുപേര്‍ മാത്രമേ ആയുധം എടുക്കുന്നുള്ളൂ. കേരളത്തില്‍ പശ്ചിമഘട്ട മലനിരകളിലും വയനാടന്‍ കാടുകളിലുംവരെ അവര്‍ എത്തി. പക്ഷേ കേരളത്തിലെ അവസ്ഥയായിരുന്നില്ല ഉത്തരേന്ത്യയില്‍. ഇത്തരം ചില ഗ്രൂപ്പുകളാണ് ഛത്തീസ്ഗഡിലെ സുഖ്മ, ബസ്തര്‍ ജില്ലകളായ വനമേഖലകള്‍ ഭരിക്കുന്നത്. ഇവര്‍ നിരവധി പട്ടാളക്കാരെയും, രാഷ്ട്രീയ നേതാക്കളെയുമൊക്കെയാണ് അവര്‍ കൊന്നുകളഞ്ഞത്. ഒറ്റുകാരെന്ന് പറഞ്ഞ് കൊന്നുതള്ളിയ പട്ടിണപ്പാവങ്ങളായ നാട്ടുകാര്‍ക്കും കൈയും കണക്കുമില്ല.

2014-ല്‍ ഡോ മന്‍മോഹന്‍സിങ് സ്ഥാനമൊഴിയുമ്പോള്‍, രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായി പറഞ്ഞത് മാവോയിസ്റ്റുകളെയാണ്. എന്നാല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരമേറ്റതോടെ കളിമാറി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിതഷ്ായുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ ടീം മാവോയിസ്റ്റ് വേട്ട നേരിടാനായി പ്രത്യേക സംഘമുണ്ടാക്കി. തണ്ടര്‍ ബോള്‍ട്ടുകള്‍ ഇറങ്ങി. നക്സല്‍ വേട്ടക്ക് കോടികളുടെ ഫണ്ട് അനുവദിക്കപ്പെട്ടു.

ഇതിന്റെയൊക്കെ ഭാഗമായി നക്സലുകളുടെ സമാന്തര ഭരണത്തെ ഏറെക്കുറെ അവസാനിപ്പിക്കാന്‍ കഴിഞ്ഞു. ഇന്ന് ആന്ധ്രയിലെയും ഛത്തീസ്ഗഡിലെയും ഏതാനും ചില ബെല്‍റ്റുകളില്‍ മാത്രമായി അവര്‍ ഒതുങ്ങി. അവസാന നക്‌സലൈറ്റും കീഴടങ്ങിയതോടെ കര്‍ണ്ണാടകയെ നക്സല്‍ വിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചിരിക്കയാണ്. സമാനമായ അവസ്ഥയാണ് കേരളത്തിലും.

കര്‍ണാടക ഇനി നക്സലൈറ്റ് വിമുക്തം

ഇക്കഴിഞ്ഞ ഞായറാഴ്ച ഉഡുപ്പി ഡെപ്യൂട്ടി കമ്മീഷണര്‍ വിദ്യാകുമാരി, പോലീസ് സൂപ്രണ്ട് അരുണ്‍ കെ എന്നിവര്‍ക്ക് മുന്നില്‍, കര്‍ണാടകയിലെ അവസാന സാധുധ നക്‌സലൈറ്റായ ലക്ഷ്മി നിരുപാധികം കീഴടങ്ങിയതോടെയാണ്, കണ്ണാടകയെ നക്‌സലൈറ്റ് വിമുക്തമായി പ്രഖ്യാപിച്ചത്. ഉഡുപ്പി ജില്ലയിലെ കുന്ദാപ്പൂര്‍ താലൂക്കിലെ അമാസെബൈല്‍, ശങ്കരനാരായണ പോലീസ് സ്റ്റേഷനുകളിലായി ലക്ഷ്മിക്ക് മൂന്ന് കേസുകളുണ്ട്. എന്നിരുന്നാലും, കീഴടങ്ങുമ്പോള്‍, എല്ലാ കുറ്റങ്ങളില്‍ നിന്നും ഒഴിവാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ സറണ്ടര്‍ കമ്മിറ്റിയും സറണ്ടര്‍ പാക്കേജ് നയവും പരിഗണിച്ചാണ് ലക്ഷ്മി കീഴടങ്ങിയത്. കീഴടങ്ങാന്‍ ലക്ഷ്മി 'എ' കാറ്റഗറി കാന്‍ഡിഡേറ്റിന് കീഴിലാണ് വരുന്നതെന്നും കീഴടങ്ങല്‍ പാക്കേജ് മാനദണ്ഡമായി ഈ വിഭാഗത്തില്‍ വരുന്ന നക്‌സലൈറ്റുകള്‍ക്ക് ഏഴ് ലക്ഷം രൂപ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ വിദ്യാകുമാരി പറഞ്ഞു. ഉദാരമായ കീഴടങ്ങല്‍ പാക്കേജിന് മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ലക്ഷ്മി നന്ദി പറയുകയും തനിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളില്‍ നിന്നും ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടത്തോട് ലക്ഷ്മി അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

കീഴടങ്ങിയ നക്‌സലൈറ്റുകള്‍ക്കെതിരെ ചുമത്തിയിട്ടുള്ള കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനും സമൂഹത്തില്‍ സാധാരണ ജീവിതം നയിക്കാന്‍ അവരെ സഹായിക്കാനും സറണ്ടര്‍ കമ്മിറ്റി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ വിദ്യാകുമാരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കീഴടങ്ങല്‍ പാക്കേജുകള്‍ മൂന്ന് വര്‍ഷം വരെ നീളുന്ന ഘട്ടങ്ങളായി നല്‍കും, കൂടാതെ, കീഴടങ്ങിയ നക്സലുകളുടെ ശേഷി അനുസരിച്ച് വിദ്യാഭ്യാസം, പുനരധിവാസം, തൊഴില്‍ തുടങ്ങിയ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുമെന്നും കമ്മീഷണര്‍ കുമാരി പറഞ്ഞു.




2025-ല്‍ കര്‍ണാടകയില്‍ 22 നക്‌സല്‍ പ്രവര്‍ത്തകര്‍ കീഴടങ്ങിയിട്ടുണ്ട്. ഇത് അവിടെ മാത്രമല്ല. രാജ്യവ്യാപകമായി കണ്ടുവരുന്ന ട്രെന്‍ഡാണ്. ഒരുകാലത്ത് തങ്ങളുടെ ശക്തികേന്ദ്രമായ ബസ്തറിലും, വാറംഗലിലുമൊക്കെ മാവോയിസ്റ്റുകള്‍ ആയുധം താഴെവെക്കുകായാണ്. കര്‍ണാടകയില്‍ പുനരധിവാസ കമ്മിറ്റി തന്നെ സിദ്ധരാമയ്യുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഉണടാക്കിയിട്ടുണ്ട്. മാവോയിസ്റ്റ് പുനരധിവാസ കമ്മിറ്റിയുമായി നടത്തിയ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണു കബനി ദളത്തിലെ പ്രമുഖയായ ആറു പേര്‍ ജനുവരി ആദ്യം കീഴടങ്ങിയത്. ഉഡുപ്പിയില്‍ കൊല്ലപ്പെട്ട നേതാവ് വിക്രം ഗൗഡയുടെ അടുത്ത അനുയായി ലത മുണ്ട്ഗാരു മലയാളി ജിഷ, വനജാക്ഷി, മാരപ്പ അറോട്ടി, കെ.വസന്ത്, സുന്ദരി കട്ടാരുലു എന്നിവര്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സാന്നിധ്യത്തിലാണു സാധാരണ ജീവിത്തതിലേക്കെത്തിയത്. ചിക്കമംഗളുരു ജില്ലയിലെ പശ്ചിമ ഘട്ടമേഖല കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ഇതില്‍ മലയാളിയായ ജിഷ കേരളത്തിലും ഏറെ ചര്‍ച്ചയാണ്.

കേരളത്തിലെ അവസാന സായുധ മാവോയിസ്റ്റ്

കേരളത്തിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ അവസാന കനല്‍ത്തരിയായാണ് ജിഷ വിലയിരുത്തപ്പെടുന്നത്. വയനാട് ഉള്‍പ്പെടെയുള്ള പശ്ചിമഘട്ട മലനിരകളില്‍ മാവോയിസ്റ്റുകള്‍ വന്‍ ശക്തിയായി വിലസിയിരുന്ന കാലം ഇനി പഴങ്കഥയാണെന്ന് പൊലീസ് പറയുന്നു. പൊലീസിന്റെ തണ്ടര്‍ബോള്‍ട്ടിന്റെയും പട്ടികയില്‍ കേളരത്തിനിന്ന് 20 ഓളം മാവോയിസ്റ്റുകളാണ് ഉണ്ടായിരുന്നത്. വയനാടിനോടു ചേര്‍ന്ന വനങ്ങളിലായിരുന്നു ഇവരുടെ താവളം. ഇവരില്‍ പലരും കൊല്ലപ്പെട്ടു. ചിലക്ക് വന്യമൃഗ ആക്രമണങ്ങളിലാണ് ജീവന്‍ പോയത്. സി പി മൊയ്തീന്റെ നേതൃത്വത്തില്‍ നാലുപേരാണ് കേരളത്തില്‍ വയനാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്നത്. ഇവര്‍ നാലുപേരും 2024 ഓഗസ്റ്റോടെ പിടിയിലായി. ഇതോടെ കേരളത്തില്‍ മാവോയിസ്റ്റ് സായുധ പോരാട്ടം ഏറെക്കുറെ അവസാനിപ്പിച്ചെന്ന കണക്കുകൂട്ടലിലാണ്‌ പൊലീസ്.




2014-ല്‍ വെറും 24ാം വയസ്സില്‍ മാവോയിസ്റ്റ് പ്രസ്ഥാനത്തില്‍ ചേര്‍ന്ന ആളാണ് വയനാട് തലപ്പുഴ ജിഷ. ആദ്യം വയനാട് ഉള്‍പ്പെടുന്ന കബനി ദളത്തിലായിരുന്നു. പിന്നീട് ഭവാനി ദളത്തിലേക്ക് മാറി. കര്‍ണാടകയില്‍ കീഴടങ്ങിയ മറ്റൊരു മാവോയിസ്റ്റായ തമിഴ്നാട് സ്വദേശി വസന്ത് എന്ന രമേന്റെ ഭാര്യയാണിവര്‍. മാനന്തവാടിയില്‍ നാലും, കല്‍പ്പറ്റയില്‍ പന്ത്രണ്ടും കേസുകള്‍ ജിഷക്കെതിരെയുണ്ട്. എന്നാല്‍ ഇവ ആക്രമങ്ങളുമായി ബന്ധപ്പെട്ടതല്ല. ആയുധം കൈവശംവെക്കല്‍, നിയമവിരുദ്ധമായ സംഘം ചേരല്‍, തുടങ്ങിയവയാണ് കേസുകള്‍. ജിഷ കര്‍ണ്ണാടക വീരാജ് പേട്ട കേന്ദ്രീകരിച്ച വിക്രം ഗൗഡയുടെ സംഘത്തിലുണ്ടായിരുന്നവരാണ്. കേരളത്തിലും തമിഴ്നാട്ടിലുമായി നാടുകാണിദളം, ശിരുവാണി ദളം, ബാണാസുര ദളം, കബനിദളം, എന്നിങ്ങനെ നാലായി പിരിഞ്ഞാണ് മവോയിസ്റ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവയെല്ലാം ഫലത്തില്‍ ഇല്ലാതെയായി.

ഇതോടെ ഫലത്തില്‍ കേരളത്തിലെ തണ്ടര്‍ബോള്‍ട്ടിനും പണിയില്ലാതെയാവുകയാണ്. നിലവില്‍ രണ്ടുവിഭാഗമായിട്ടാണ് തണ്ടര്‍ ബോള്‍ട്ട് പ്രവര്‍ത്തിക്കുന്നത്. ലോക്കല്‍ പൊലീസ് സ്റ്റേഷന്റെ സുരക്ഷയും മറ്റുമായി ബന്ധപ്പെട്ട സ്റ്റേഷനുകളില്‍ ജോലി ചെയ്യുന്ന ഒരു വിഭാഗവും, വനത്തിലും മറ്റും ദൗത്യത്തിനായി പോവുന്ന മറ്റൊരു വിഭാഗവും. മാവോയിസ്റ്റുകള്‍ ഇല്ലാതായെങ്കിലും തണ്ടര്‍ബോള്‍ട്ടിന്റെ പ്രവര്‍ത്തനത്തില്‍ മാറ്റം വന്നിട്ടില്ല. കമാന്‍ഡോ വിഭാഗത്തില്‍ പെട്ട ക്യാമ്പുകളില്‍ തന്നെ തുടര്‍ന്ന് പരിശീലനം നടത്തുകയാണ്.




നക്സലുകള്‍ക്ക് കിട്ടുന്നത് ലക്ഷങ്ങള്‍

നക്സലുകളുടെ പുനരധിവാസത്തിന് വളരെ നല്ല പാക്കേജാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, പണം വാങ്ങി വിപ്ലവ പ്രവര്‍ത്തനം അവസാനിപ്പിക്കയാണ് അവര്‍ ചെയ്തത്. കീഴടങ്ങിയ എ കാറ്റഗറിയില്‍ ഉള്‍പ്പെട്ട കര്‍ണാടക സ്വദേശികളായ മുന്ദഗാരു ലത, സുന്ദരി കുതലൂരു, വനജാക്ഷി ബിഹോളെ, മാരപ്പ അരോളി എന്നിവര്‍ക്ക് ഏഴര ലക്ഷവും രൂപയും, കാറ്റഗറി ബിയില്‍ ഉള്‍പ്പെട്ട ജിഷ, ഭര്‍ത്താവ് വസന്ത് കുമാര്‍ എന്നിവര്‍ക്ക് നാലു ലക്ഷവും വീതമാണ് പുനരധിവാസത്തിന് സാമ്പത്തിക സഹായം അനുവദിക്കാന്‍ അനുമതിയായത്. ഈ തുക വിവിധ ഘട്ടങ്ങളായാണ് കൈമാറുക. ആദ്യ ഘട്ടത്തില്‍ മൂന്നു ലക്ഷം രൂപ വീതം നല്‍കും. ബാക്കി തുക രണ്ടു ഘട്ടങ്ങളിലായി നല്‍കും. ലതക്കെതിരെ 85ഉം സുന്ദരിക്കെതിരെ 71ഉം വനജാക്ഷിക്കെതിരെ 25ഉം മാരേപ്പ അരോടിക്കെതിരെ 50 ഉം കേസുകളാണുള്ളത്. ജിഷക്കെതിരെ 18ഉം വസന്തിനെതിരെ ഒമ്പതും കേസുകളുണ്ട്.

അതേസമയം, കര്‍ണാടകയില്‍ ഒരു സായുധ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ കൂടി അവശേഷിക്കുന്നുണ്ടെന്ന് മാധ്യമങ്ങള്‍ പറയുന്നു. ചിക്കമഗളൂരു ശൃംഗേരി കിഗ്ഗ സ്വദേശിയായ കൊട്ടെഹൊണ്ട രവി എന്ന മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ ഇപ്പോഴും ഒളിവിലാണ്. വയനാട് കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന എട്ട് മാവോയിസ്റ്റ് പ്രവര്‍ത്തകരുടെ സംഘത്തില്‍നിന്ന് ഒരു വര്‍ഷംമുമ്പ് വേര്‍പിരിഞ്ഞ രവി കര്‍ണാടകയിലേക്ക് ചുവടുമാറ്റിയിരുന്നു. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നായിരുന്നു രവിയുടെ ഈ മാറ്റം. പിന്നീട് രവിയെ കുറിച്ച് മറ്റംഗങ്ങള്‍ക്ക് വിവരമൊന്നും ലഭിച്ചിരുന്നില്ല. സാധിധ്യമില്ലാത്തത്തിനാല്‍ ഇയാളെ ഇനാക്്റ്റീവായാണ് കര്‍ണാടക പോലീസ് കണക്കാക്കിയിരിക്കുന്നത്.

രവി ഒഴികയെുള്ള ഏഴ് അംഗങ്ങളും പിന്നീട് കര്‍ണാടക വനത്തിലേക്ക് വന്നു. ഇതില്‍ നേതാവായ വിക്രം ഗൗഡ കഴിഞ്ഞ നവംബര്‍ 18ന് നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. 2016-ല്‍ നിലമ്പൂര്‍ ഏറ്റുമുട്ടലില്‍ നിന്ന് രക്ഷപ്പെട്ട മാവോയിസ്റ്റ് കമാന്‍ഡര്‍ ആണ് വിക്രം ഗൗഡ. മാവോയിസ്റ്റുകളുടെ മിലിറ്ററി ഓപ്പറേഷന്‍സ് മേധാവിയായ ഇയാള്‍ ദക്ഷിണേന്ത്യയിലെ പ്രധാന നേതാവായിരുന്നു. ആന്റി നക്‌സല്‍ ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് ഓപ്പറേഷന്‍ നടന്നത്. മാവോയിസ്റ്റുകള്‍ സീതാംബിലുവിലുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതോടെയാണ് ആന്റി നക്‌സല്‍ ഫോഴ്‌സ് പ്രദേശത്ത് എത്തിയത്. വിക്രം ഗൗഡയുടെ മരണത്തോടെയാണ് മറ്റുള്ളവര്‍ക്ക് മനംമാറ്റമുണ്ടായത്.





കീഴടങ്ങിയ നക്സലുകള്‍ നിലവില്‍ ബംഗളൂരു പരപ്പന അഗ്രഹാരയിലെ സെന്‍ട്രല്‍ ജയിലിലാണ്. അതേസമയം, നക്സലുകള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ കീഴടങ്ങിയതിനെ ചൊല്ലി ഭരണകക്ഷിയായ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വാക്പോരുണ്ടായി. മുഖ്യമന്ത്രിയുടെ ഓഫിസ് നക്സല്‍ അനുഭാവികളുടെ നിയന്ത്രണത്തിലാണെന്ന് ബിജെപി ആരോപിച്ചു. മാവോവാദികളുടെ കീഴടങ്ങലിന് മധ്യസ്ഥത വഹിച്ചത് ശാന്തിഗാഗി നാഗരിക വേദികെ ആയിരുന്നു. കീഴടങ്ങലിനെയും പുനരധിവാസ പാക്കേജിനെയും പരിഹസിച്ച ബിജെപി എംഎല്‍എ, സുനില്‍ കുമാര്‍ ഇത് ഫോറസ്റ്റ് നക്സലുകളെ അര്‍ബന്‍ നക്സലുകളാക്കി മാറ്റുന്ന പാക്കേജാണെന്ന് പരിഹസിച്ചു. കീഴടങ്ങാന്‍ മുഖ്യമന്ത്രി ആഹ്വാനം ചെയ്ത് ഒരു മാസത്തിനകമാണ് നക്‌സലുകള്‍ പ്രതികരിച്ചത്. നക്സല്‍ നേതാവ് വിക്രം ഗൗഡയുടെ ഏറ്റുമുട്ടലിലും ആറ് നക്സലുകളുടെ കീഴടങ്ങലിലും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് സംശയം പ്രകടിപ്പിച്ചു. പക്ഷേ മാവോയിസ്റ്റ് ഭീഷണിയില്‍നിന്ന് സംസ്ഥാനം വിമുക്തമായതില്‍ പൊതുവെ എല്ലാവരും സന്തോഷം പ്രകടിപ്പിക്കുന്നുണ്ട്.

അമിത്ഷാ ടീം കൊന്നുതള്ളുന്നു

പക്ഷേ കര്‍ണ്ണാടകയിലും ആന്ധ്രയിലും നടത്തിയ നക്സല്‍ ഓപ്പറേഷനേക്കാള്‍ വലിയ പരിപാടികയാണ്, സാക്ഷാല്‍ അമിത്ഷായുടെ നേതൃത്വത്തില്‍ ഛത്തീസ്ഗഡില്‍ അരങ്ങേറുന്നത്. അവിടെ അക്ഷരാര്‍ത്ഥത്തില്‍ മവോയിസ്റ്റുകളെ, പൊലീസും അര്‍ധ സൈനികരും തണ്ടര്‍ബോള്‍ട്ടും കൊന്നുതള്ളുകയായിരുന്നു. ഇതിന് കാരണം ഉണ്ടായിരുന്നു, ബസ്തര്‍ മേഖലയുള്‍പ്പെടുന്ന ദണ്ഡകാര്യണം ബെല്‍റ്റ്, ശരിക്കും ഒരു റെഡ് കോറിഡോര്‍ ആക്കിയാണ് മാവോയിസ്റ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ ശരിക്കും സമാന്തര ഭരണകൂടമായിരുന്നു അവര്‍.

ഗ്രാമങ്ങളില്‍ റോഡുകള്‍ പണിയാനോ, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ എത്തിക്കാനൊന്നും മാവോയിസ്റ്റുകള്‍ സമ്മതിക്കാറില്ല. റോഡ് വന്നാല്‍ അതിലുടെ പൊലീസ് വണ്ടിവരുമെന്നാണ് അവുടെ വിലയിരുത്തല്‍. അവര്‍ക്ക് പണം കൊടുക്കാതെ ഒരു പരിപാടിയും ആമേഖലയില്‍ നടന്നിരുന്നില്ല. പഞ്ചായത്ത്, നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യുന്നവരുടെ വിരല്‍ മുറിച്ച് കളയുന്ന പ്രാകൃത ശിക്ഷാ രീതികളും ഇവര്‍ നടപ്പിലാക്കിയിരുന്നു. ഏറ്റവും ഭീകരം, മയക്കുമരുന്ന് കള്ളക്കടത്തിന് അവര്‍ കൂട്ടുനില്‍ക്കുന്നുവെന്നതാണ്.




അടിസ്ഥാന സൗകര്യ വികസനമെത്താത്ത കൊടും കാടുകളില്‍ ആദിവാസികളെ ഭീഷണിപ്പെടുത്തി വന്‍തോതില്‍ ഇവര്‍, കഞ്ചാവ് കൃഷി ചെയ്യാറുണ്ടായിരുന്നു. പഴയ നക്സല്‍ ശക്തികേന്ദ്രമായ വാംറംഗല്‍ അടക്കമുള്ളിടത്തെ പൊലീസ് സ്്റ്റേഷനുകളില്‍ ആയിരിക്കണക്കിന് ചാക്കുകളിലായാണ് കഞ്ചാവ് പിടികൂടി നശിപ്പിച്ചിരുന്നത്. ഇവിടെ ഓരോ ആദിവാസിക്കും നൂറു തൈ എന്ന രീതിയിലാണ് ഇവര്‍ കഞ്ചാവ് ചെടി വിതരണം ചെയ്തത്. എന്നിട്ട് റെഡ്കോറിഡോര്‍ എന്ന് വിളിക്കുന്ന പാതിയിലൂടെ ഇത് കടത്തി നേപ്പാളില്‍ എത്തിക്കും. അവിടെ നിന്ന് പ്രൊസസ് ചെയ്ത് കുറേ ഇന്ത്യയിലേക്കും, ബാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും എത്തിക്കയായിരുന്നു ഇവരുടെ രീതി. മാത്രമല്ല, ചെറുകിട ഭൂവുടമകളില്‍നിന്നുപോലും, ഹഫ്ത പോലുള്ള നികുതി പിരിവ് അവര്‍ നടത്തി. സര്‍ക്കാര്‍ ആദിവാസികള്‍ക്ക് നല്‍കിപ്പോരുന്ന റേഷന്‍പോലും തട്ടിയെടുത്തു.

ഇങ്ങനെ ഒരു പൊതുസാമുഹിക വിപത്ത് എന്ന രീതിയിലായപ്പോഴാണ്, അമിത് ഷാ ടീം അതിശക്തമായ നടപടി തുടങ്ങിയത്. റെഡ് കോറിഡോറിലൂടെ മയക്കുമരുന്ന് കടത്ത് തടഞ്ഞതോടെ മാവോയിസ്റ്റുകളുടെ സാമ്പത്തിക നാഡിയറ്റു. ഇതോടെ അരിപോലും മോഷ്ടിക്കുന്ന അവസഥയിലേക്ക് അവര്‍ മാറി. തണ്ടര്‍ബോള്‍ട്ട് ആവട്ടെ യാതൊരു ദാക്ഷ്യണവുമില്ലാതെ മുന്നേറി, മവോയിസ്റ്റുകളെ കൂട്ടക്കുരുതി ചെയ്തു.

ഇതോടൊപ്പം സര്‍ക്കാര്‍ അനുനയ ചര്‍ച്ചകളും നടത്തി. അങ്ങനെയാണ് കീഴടങ്ങല്‍ ഉണ്ടാവുന്നത്. കഴിഞ്ഞ മാസം ഛത്തീസ്ഗഡില്‍ കീഴടങ്ങിയ 30 നക്‌സലുകളെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ടാണ് സ്വീകരിച്ചത്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ വര്‍ഷം കീഴടങ്ങിയ നക്‌സല്‍ ദമ്പതികള്‍ക്ക് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് 41 ലക്ഷം രൂപ സഹായമായി നല്‍കിയത്. സിദ്ധരാമയ്യയുടെ പാക്കേജിനെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നത് ഈ ഡാറ്റയാണ്.

ഒടുവില്‍ ചലപതിയും വീഴുന്നു

മവോയ്സ്റ്റ് നേതാവ് ചലപതിയാണ് എറ്റവും ഒടുവിലായി ഈ മേഖലയില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഛത്തീസ്ഗഢ്-ഒഡിഷ അതിര്‍ത്തിയില്‍ ഗരിയാബാദിലുണ്ടായ ഏറ്റുമുട്ടലില്‍ 14 മാവോവാദികളെ സുരക്ഷാസേന വധിച്ചിരുന്നു. ഈ കൂട്ടത്തില്‍ ചലപതി എന്ന പേരിലറിയപ്പെടുന്ന മാവോയിസ്റ്റ് നേതാവുമുണ്ടായിരുന്നു എന്നതാണ്. മാവോയിസ്റ്റ് പാര്‍ട്ടി സെന്‍ട്രല്‍ കമ്മറ്റിയിലെ മുതിര്‍ന്ന അംഗം കൂടിയായ ചലപതിയുടെ തലയ്ക്ക് ഒരു കോടി രൂപയാണ് സുരക്ഷാ സേന വിലയിട്ടിരുന്നത്.




ഛത്തീസ്ഗഢ് പ്രദേശത്തെ മാവോയിസ്റ്റ് മുന്നേറ്റത്തിന്റെ നേതൃത്വമായിരുന്ന അറുപതുകാരന്‍ ജയറാം റെഡ്ഡി പല കള്ളപ്പേരുകളായിരുന്നു അറിയപ്പെട്ടിരുന്നത്. രാമചന്ദ്ര റെഡ്ഡി, അപ്പറാവു, രാമു തുടങ്ങിയ പേരുകളില്‍ ഏറ്റവും പ്രശസ്തം ചലപതിയായിരുന്നു. ആന്ധ്രപ്രദേശ് സ്വദേശിയായ ചലപതിക്ക് പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമേ ഉണ്ടായിരുന്നുള്ളു. സാധാരണ മാവോയിസ്റ്റ് കേഡറായി പ്രവര്‍ത്തനം തുടങ്ങിയ ഇയാള്‍ ഘട്ടംഘട്ടമായാണ് പാര്‍ട്ടിയിലെ ഉന്നത നേതൃത്വത്തിലേക്ക് എത്തിയത്. മാവോയിസ്റ്റുകളുടെ ഉന്നതാധികാര ഘടനയായ കേന്ദ്ര കമ്മറ്റിയിലെ മുതിര്‍ന്ന അംഗമായാരിക്കെയാണ് കൊല്ലപ്പെടുന്നത്.

ഛത്തീസ്ഗഢ് ഉള്‍പ്പടെയുള്ള മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രങ്ങളിലുണ്ടായ പല മുന്നേറ്റങ്ങളുടെയും ബുദ്ധികേന്ദ്രം ചലപതിയായിരുന്നു. ബസ്തര്‍ വനമേഖലയായിരുന്നു ഇയാളുടെ പ്രധാന പ്രവര്‍ത്തന കേന്ദ്രം. ഒളിപ്പോരിലുള്ള വൈദഗ്ധ്യവും നേതൃഗുണവും വിഭവസമാഹരണത്തിനുള്ള ശേഷിയും ചലപതിയെ ചോദ്യം ചെയ്യാത്ത കേഡറാക്കി മാറ്റി. എ.കെ 47, എസ്.എല്‍.ആര്‍ തോക്കുകളോടെയുള്ള എട്ട് മുതല്‍ പത്ത് വരെ മാവോയിസ്റ്റുകളെയാണ് ഇയാളുടെ സുരക്ഷയ്ക്കായി നിയോഗിച്ചുരുന്നത് എന്നത് മാവോയിസ്റ്റ് പ്രസ്ഥാനത്തിലെ ഇയാളുടെ പ്രാധാന്യത്തിന്റെ തെളിവാണ്. ചലപതിയുടെ കൊല മറ്റുള്ളവരുടെ കീഴടങ്ങലിലേക്കാണ് നയിച്ചത്.

ഇനി തിരിച്ചുവരവ് സാധ്യമോ?

ഇന്ത്യയില്‍ സായുധ മാവോവാദി പോരാട്ടം ഏന്താണ്ട് അന്ത്യത്തിലേക്ക് കടക്കുകയാണ്. പക്ഷേ ചത്തീസ്ഗഡിലടക്കം പലയിടത്തും ഇപ്പോഴും അവര്‍ക്ക് അടിസ്ഥാന വര്‍ഗത്തിനിടയില്‍ വേരുകളുണ്ട്. എന്നാല്‍ കേരളത്തിലും കര്‍ണ്ണാടകത്തിലും അങ്ങനെ ഒരു അവസ്ഥയില്ല.

കേരളത്തില്‍ ജയറാം പടിക്കല്‍ അടക്കമുള്ളവര്‍ പഠിച്ചപണി പതിനെട്ടും പയറ്റിയതാണ്, നക്സലിസത്തെ വേരോടെ ഉല്‍മൂലനം ചെയ്യാന്‍. അതിന്റെ പേരില്‍ ആയിരക്കണക്കിന് ചെറുപ്പക്കാരാനാണ് പീഡിപ്പിക്കപ്പെട്ടത്. അടിയന്തരാവസ്ഥക്കാലത്ത് മരിച്ച എന്‍ജിനീയറിങ്ങ് വിദ്യാര്‍ത്ഥി രാജനും, വര്‍ക്കല വിജയനുമൊക്കെ ഇന്നും കേരളത്തിന്റെ നൊമ്പരമാണ്. പക്ഷേ പൊലീസിന്റെ മര്‍ദന മുറകള്‍ ഒന്നും തന്നെ അന്നത്തെ നക്സലുകളുടെ ആത്മവീര്യം കെടുത്തിയിട്ടില്ല എന്നാണ്, കെ വേണുവിനെപ്പോലെയുള്ള മുതിര്‍ന്ന നക്സലൈറ്റുകള്‍ പറയുന്നത്.




നക്സലിസവും മാവോയിസവും പൂര്‍ണ്ണമായും തെറ്റായ ഒരു സാമ്പത്തിക അന്ധവിശ്വാസമായിരുന്നു. പക്ഷേ അത് അന്ന് പറയാന്‍ അധികം പേര്‍ ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഈ ദുഷിച്ച വ്യവസ്ഥിതി മാറ്റാനുള്ള ഒരു മാര്‍ഗമായാണ് അന്നത്തെ ചെറുപ്പക്കാര്‍ മാവോയിസത്തെ കണ്ടത്. ഇന്റര്‍നെറ്റോ, ചാറ്റ്ബോട്ടോ ഇന്നത്തെപ്പോലെ മറ്റ് സംവിധാനങ്ങളോ, ഒന്നുമില്ലാത്ത ഒരുകാലത്ത്, ചൈനയില്‍നിന്ന് വരുന്ന പ്രൊപ്പഗന്‍ഡാ വാര്‍ത്തകള്‍ മാത്രമായിരുന്നു, നമ്മുടെ ചെറുപ്പക്കാര്‍ക്ക് കിട്ടിക്കൊണ്ടിരുന്നത്. എന്നാല്‍ ഇന്ന് കാലം മാറി. മാവോയിസം കൊണ്ട് കോടിക്കണക്കിന് ചൈനക്കാര്‍ പട്ടിണി കിടന്ന് മരിക്കയായിരുന്നുവെന്നും, സാംസ്‌ക്കാരിക വിപ്ലവം അടക്കം മാവോ നടത്തിയ കാര്യങ്ങളെല്ലാം തീര്‍ത്തും മണ്ടത്തരങ്ങള്‍ ആയിരുന്നുവെന്നും, ഇന്ന് അത്യാവശ്യം വായിക്കുന്നവര്‍ക്ക് അറിയാം. ആശയരംഗത്തുണ്ടായ ഈ മാറ്റവും മാവോയിസ്റ്റുകളുടെ അടിവേരറുത്തു. സത്യത്തില്‍ യുവതയുടെ മസ്തിഷ്‌ക്കത്തില്‍നിന്നാണ് ഈ ആശയത്തെ എടുത്തുമാറ്റേണ്ടത്.

ഇന്നും കേരളത്തിലടക്കം മാവോയിസ്റ്റ് അനുഭാവികള്‍ ഉണ്ടെങ്കിലും അവര്‍ ആരും തന്നെ തോക്കെടുത്ത് സായുധ പോരാട്ടം നടത്തുന്നില്ല.സി പി റഷീദ് ഷാന്റോലാല്‍ എന്നിവരാണ് അവരില്‍ പ്രധാനികള്‍. റഷീദിന്റെ സഹോദരന്‍ സിപി ജലീലിനെ 2019 മാര്‍ച്ചില്‍ വൈത്തിരി റിസോര്‍ട്ടിലുണ്ടായ ഏറ്റുമുട്ടലില്‍ പൊലീസ് വധിച്ചിരുന്നു. പ്രധാന മാവോയിസ്റ്റ് നേതാക്കളായ രൂപേഷ് ഉള്‍പ്പെടെയുള്ളവര്‍ ജയിലിലാണ്.




ഇവരൊന്നും അടുത്തകാലത്ത് പുറത്തിറങ്ങാന്‍ സാധ്യതില്ല. യുവാക്കള്‍ക്ക് താല്‍പ്പര്യമില്ലാത്തതിനാല്‍ പുതിയൊരു മാവോയിസ്റ്റ് പ്രസ്ഥാനം കേരളത്തില്‍ പച്ചപിടിക്കാന്‍ സാധ്യതയില്ലെന്നുമാണ് പൊലീസ് വിലയിരുത്തല്‍. ഈ ഗ്രൂപ്പിനെ പിന്തുണയ്ക്കുന്ന, അര്‍ബന്‍ നക്സലുകള്‍ മാത്രമാണ് ബാക്കിയുള്ളത്. അവരെയാവട്ടെ സായുധ കലാപം നടത്താത്തിടത്തോളം കാലം ഒരു ഭീഷണിയായി കാണണ്ടേ കാര്യവുമില്ല.

വാല്‍ക്കഷ്ണം: ഒരാള്‍ മാവോയിസ്റ്റ് ആശയങ്ങളുടെ അനുഭാവിയാവുക എന്നത് ഒരു കുറ്റകൃത്യമല്ലെന്ന് സുപ്രീം കോടതി തന്നെ കണ്ടെത്തിയിട്ടുണ്ട്. എന്നിട്ടും അലന്‍, താഹ എന്നീ രണ്ടു ചെറുപ്പക്കാരെ മാവോയിസ്റ്റുകളാക്കി ജയിലടിച്ചവരാണ് മഹത്തായ കേരളീയ ഭരണകൂടമെന്നും ഓര്‍ക്കണം.