'തങ്കമണിയിലെ കാഴ്ച കാണാൻ ഞാനും വരട്ടേയോ അച്ഛാകുടെ'....1987ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് എൽഡിഎഫ് പ്രവർത്തകർ കേരളമെമ്പാടും കളിച്ച ഒരു തെരുവ് നാടകത്തിലെ വരികളാണിത്. ഇടുക്കി ജില്ലയിലെ തങ്കമണി എന്ന കുഗ്രാമത്തിൽ പൊലീസ് നടത്തിയ നരനായാട്ടും, സ്ത്രീകളെ ബലാത്സഗം ചെയ്തതുമായിരുന്നു നാടകത്തിലെ പ്രമേയം. അന്ന് പ്രതാപിയായി വാണ കെ കരുണാകരന് അധികാരംപോവാൻ ഇടയാക്കിയതും ഈ സംഭവമായിരുന്നു. കരുണാകന്റെ മുഖ്യ എതിരാളിയും സിപിഎം നേതാവുമായ ഇ കെ നായനാർ, കേരളം മുഴുവൻ പ്രസംഗിച്ച് നടത്തന്നതും, ലാത്തിക്ക് പ്രജനനശേഷി ഉണ്ടായിരുന്നെങ്കിൽ തങ്കമണിയിലെ സ്ത്രീകൾ ലാത്തിക്കുഞ്ഞുങ്ങളെ പ്രസവിക്കുമെന്നായിരുന്നു!

വർഷങ്ങൾ 37 കഴിഞ്ഞു. കരുണാകരനും നായനാരും കാലയവനികക്കുള്ളിൽ മറഞ്ഞു. പൊലീസ് നായാട്ടിനുശേഷമുള്ള കൊടിയ അപമാനകാലം പിന്നിട്ട് തങ്കമണിക്കാരുടെ ജീവിതം ശാന്തമായി. തങ്കമണി സംഭവം കഥയും കവിതയും നാടകവുമൊക്കെയായി. ഇതേ വിഷയത്തിൽ 1987 മെയ് 15 ന് ഒരു സിനിമ പുറത്തിറങ്ങിയിരുന്നു. എസ്എൽ പുരം രചിച്ച, 'ഇതാ സമയമായി' എന്ന ചിത്രം പി.ജി.വിശ്വംഭരനാണ് സംവിധാനം ചെയ്തത്. രതീഷ്, ശാരി, ജഗതി, ഇന്നസെന്റ് എംജി സോമൻ, രോഹിണി എന്നിവരാണ് അഭിനയിച്ചത്. അപ്പോഴിതാ വീണ്ടും തങ്കമണി പ്രമേയമായി ഒരു സിനിമയെത്തുകയാണ്. ജനപ്രിയ നായകൻ ദിലീപ് അഭിനയിക്കുന്ന- 'തങ്കമണി ദ ബ്ലീഡിങ്് വില്ലേജ്' എന്ന സിനിമയാണ് അത്. ഉടൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രതീഷ് രഘുനന്ദനാണ് ചിത്രത്തിന്റെ സംവിധായകൻ. ടീസർ ഇറങ്ങിയപ്പോൾ തന്നെ ചിത്രം വിവാദമായി. പെണ്ണിന്റെ പേരല്ല തങ്കമണി എന്ന് തുടങ്ങുന്ന ഗാനമാണ് വിവാദമായിരിക്കുന്നത്.

"പാതിരാ നേരത്ത് കാരിരുൾ കൈയുമായ് കാക്കി കൂത്താടിയ തങ്കമണി
ലാത്തിക്കും രാത്രിക്കും പേ പിടിച്ചു നല്ല നാടിന്റെ നട്ടെല്ല് തച്ചുടച്ചു
മാനം കവർന്നവർ ചോര മോന്തി മേലെ വാനം മനംനൊന്ത് കണ്ണുപൊത്തി"- ഇങ്ങനെ ഒരു ഗാനമാണ് ഏറെ ശ്രദ്ധപിടിച്ചുപറ്റിയത്. ബിടി അനിൽകുമാറായിരുന്നു രചന. അതോടൊപ്പം ചിത്രം കോടതി കയറുവകയും ചെയ്തു. തങ്കമണി സ്വദേശിയും മാധ്യമപ്രവർത്തകനുമായ വി ആർ ബിജുവാണ് പരാതിക്കാരൻ. ഈ ഗാനം തങ്കമണിയിലെ സ്ത്രീകളെ അധിക്ഷേപിക്കുന്നതാണെന്നും, കേട്ടുകേഴ്‌വികളുടെ അടിസ്ഥാനത്തിൽ നാടിനെ ആക്ഷേപിക്കുന്നതിനെതിരെയുമാണ് ബിജു കോടതിയെ സമീപിച്ചത്.

ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ബലാത്സംഗ ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്നും ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. ചിത്രത്തിന്റെ ടീസറിൽ കാണിച്ചിരിക്കുന്നതു പോലെ പൊലീസുകാർ തങ്കമണിയിലെ സ്ത്രീകളെ ബലാത്സംഗം ചെയ്ത സംഭവം ഉണ്ടായിട്ടില്ലെന്ന് ബിജു ചൂണ്ടിക്കാട്ടി. കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിഷയം സെൻസർ ബോർഡിന് കൈമാറുകയാണ് ചെയ്തത്. സെൻസർബോർഡിന്റെ പ്രത്യേക സമിതി സിനിമകണ്ടതിനുശഷമാണ്, ചില്ലറ മാറ്റങ്ങളോട് ചിത്രത്തിന് അനുമതി നൽകിയത്. ഹരജിയിൽ പറയുന്നതുപോലെ തങ്കമണിക്കാരെ അപകർത്തിപ്പെടുത്തുന്ന രംഗങ്ങളൊന്നും ചിത്രത്തിൽ ഇല്ലെന്നാണ് സൂചന.

അപ്പോൾ പിന്നെ ഒരു ചോദ്യം ബാക്കിയാവുന്നു. തങ്കമണിയിൽ പിന്നെതാണ് സംഭവിച്ചത്? തങ്കമണി കൂട്ടബലാത്സംഗമെന്നപേരിൽ എത്രപേജുകളാണ് അക്കാലത്തെ പത്രങ്ങൾ എഴുതിത്ത്ത്ത്തീർത്തത്? തങ്കമണിയിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്? ബലാത്സഗത്തിന് തെളിവുണ്ടെങ്കിലും ഇല്ലെങ്കിലും കേരളാപൊലീസിന്റെ ചരിത്രത്തിലെ നാണക്കേടുണ്ടാക്കിയ സംഭവമാണ് തങ്കമണി അതിക്രമം.

വെറും ഒരു ബസ് തർക്കത്തിന്റെ പേരിൽ

1986 ഒക്ടോബർ 21-നാണ് തങ്കമണി സംഭവത്തിലേക്ക് നയിച്ച ബസ് തർക്കം നടന്നത്. ഇടുക്കിയിലെ കട്ടപ്പന-തങ്കമണി റൂട്ടിൽ ഓടിക്കൊണ്ടിരുന്ന 'എലൈറ്റ്' എന്ന സ്വകാര്യ ബസിലെ ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ സർവീസ് റൂട്ടിനെ ചൊല്ലി തർക്കം നടന്നു. അന്ന് പാറമടയിൽ നിന്ന് തങ്കമണിവരെയുള്ള റോഡ് ഗതാഗത യോഗ്യമല്ലായിരുന്നു. കട്ടപ്പനയിൽനിന്നും തങ്കമണിയിലേക്ക് സർവീസ് നടത്തുന്ന മിക്ക ബസുകളും, പാറമട കഴിയുമ്പോൾ ആളുകളെ ഇറക്കിവിടും. എന്നാൽ തങ്കമണി വരെയുള്ള പണം വാങ്ങുകയും ചെയ്യും. യാത്രക്കാർക്ക്, പ്രത്യേകിച്ച് കോളേജ് വിദ്യാർത്ഥികൾക്ക് ഇതിൽ വലിയ പ്രതിഷേധമാണുണ്ടായിരുന്നത്. ഇതിനെ ചൊല്ലി വിദ്യാർത്ഥികളും ബസ് ജീവനക്കാരും തമ്മിൽ നിരവധി തവണ തർക്കങ്ങളും നടന്നിരുന്നു.

ഇതിനിടെ ഒരിക്കൽ ബസ് പാറമടയിൽ സർവീസ് നിർത്തിയപ്പോൾ ഒരു വിദ്യാർത്ഥി ഇതിനെ ചോദ്യം ചെയ്തു, ബസ് തങ്കമണി വരെ കൊണ്ടുപോകണമെന്ന് ബസ് ജീവനക്കാരോട് ആവശ്യപ്പെട്ടു. തർക്കത്തിനിടെ കണ്ടക്ടർ വിദ്യാർത്ഥിയെ കയ്യേറ്റം ചെയ്യുകയും ബസ്സിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഈ സംഭവമറിഞ്ഞ നാട്ടുകാർക്ക് രോഷമിരമ്പി. പിറ്റേന്ന് അവർ ബസ് പിടിച്ചെടുക്കുകയും ഭീഷണിപ്പെടുത്തി തങ്കമണിയിലേക്ക് സർവീസ് നടത്തിക്കുകയും ചെയ്തു. ഇതാണ് തങ്കമണി സംഭവത്തിന്റെ തുടക്കമായി പറയുന്നത്.

വിദ്യാർത്ഥിയെ മർദിച്ചിറക്കിവിട്ടതിന് ബസ് ജീവനക്കാർ മാപ്പ് പറയണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. അതല്ലാതെ ബസ് കൊണ്ടുപോവാൻ സമ്മതിക്കില്ലെന്ന് നാട്ടുകാർ പ്രഖ്യാപിക്കുകയും ബസ്സിലെ ടയറിന്റെ കാറ്റ് അഴിച്ചുവിടുകയും ചെയ്തു. ബസ് ജീവനക്കാർ ഇതിന് തയ്യാറായില്ലെന്നുമാത്രമല്ല, ബസ്സുടമയായ ദേവസ്യ കട്ടപ്പനയിൽ നിന്ന് പൊലീസിനേയും കൂട്ടി സ്ഥലത്തെത്തി. അതോടെ ഒരു വലിയ സംഘർഷത്തിന്റെ തുടക്കമായി.

വെടിവെപ്പിൽ മരിച്ചത് നിരപരാധി

നാട്ടുകാർ ഭീഷണിപ്പെടുത്തി തടഞ്ഞുവെച്ച ബസ് തിരിച്ചെടുത്തുകൊണ്ടുപോവാനായിരുന്നു ദേവസ്യയുടെ നീക്കം. മാപ്പ് പറയാതെ ബസ് കൊണ്ടുപോവാൻ പറ്റില്ലെന്ന് പറഞ്ഞ നാട്ടുകാർ ഇത് എതിർത്തു. പ്രകോപിതനായ ഉടമ ദേവസ്യ പൊലീസുമായെത്തി ബസ് ബലമായി കൊണ്ടുപോകാൻ ശ്രമിച്ചു. ഇത് പൊലീസും നാട്ടുകാരും തമ്മിലുള്ള സംഘർഷങ്ങൾക്ക് കാരണമായി. പൊലീസ് നാട്ടുകാർക്ക് നേരെ ലാത്തിവീശി. ജനങ്ങൾ തിരിച്ച് കല്ലെറിഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് മാത്യു മത്തായി തേക്കമലയും തങ്കമണി സീറോ മലബാർ സഭ വികാരി ഫാ. ജോസ് കോട്ടൂരും അന്ന് പീരുമേട് സർക്കിൾ ഇൻസ്പെക്ടറായിരുന്ന ഐ.സി. തമ്പാനുമായി ചർച്ച നടത്തി.പ്രശ്നം രമ്യമായി പരിഹരിക്കണമെന്നാവശ്യപ്പെട്ടെങ്കിലും തമ്പാൻ വഴങ്ങിയില്ല.

പൊലീസ് ജനക്കൂട്ടത്തിന് നേരെ വീണ്ടും ലാത്തിവീശി. രോഷാകുലരായ നാട്ടുകാർ പൊലീസിന് നേർക്ക് കല്ലെറിഞ്ഞു. ജനരോഷം നിയന്ത്രണാതീതമായി. നാട്ടുകാരുടെ ആക്രമണത്തിൽ നിന്ന് രക്ഷതേടാൻ പൊലീസ് തങ്കമണിയിൽ നിന്ന് ജീപ്പിൽ പുറത്തുകടക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിന്തുടർന്ന് കല്ലെറിയുകയായിരുന്നു. ഇതോടെ പൊലീസുകാർക്ക് ഓടണ്ടേി വന്നു. ഇത് പൊലീസുകാരിൽ അപമാനവും വൈരാഗ്യം ഉണ്ടാവാൻ കാരണമായി.

കേരളാപ്പൊലീസ് ഒരുപറ്റം നാട്ടുകാരുടെ മുന്നിൽ ഓടുകയോ. ഈ അപമാനം സ്വതവേ ഈഗോയിസ്റ്റായ പീരുമേട് സർക്കിൾ ഇൻസ്‌പെക്ടർ എ സി തമ്പാന് താങ്ങാൻ കഴിഞ്ഞില്ല. തമ്പാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘംഅടുത്ത ദിവസം സർവസന്നാഹവുമായി തങ്കമണിയിലേക്ക് എത്തി. പൊലീസ് സംഘത്തിന് നേരെ ജനക്കൂട്ടം വീണ്ടും പ്രതിഷേധിച്ചു. അതിനിടെ പൊലീസ് ഔട്ട്‌പോസ്റ്റും ജീപ്പും ആരോ തീവെച്ചുനശിപ്പിച്ചു. സംഘർഷത്തിനിടെ പള്ളിയിൽ നിന്ന് കൂട്ടമണിയും ഉയർന്നതോടെ ജനങ്ങൾ തങ്കമണിയിലേക്ക് ഒഴുകിയെത്തി. അതിനിടെ സ്ഥലത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പുരോഹിതനായിരുന്ന ഫാ. ജോസ് കോട്ടൂരും ഇടപെട്ട് പ്രശ്‌നം പരിഹരിക്കാൻ ശ്രമങ്ങൾ നടന്നെങ്കിലും ഒന്നും ഫലവത്തായില്ല. ജനങ്ങൾക്ക് നേരെ പൊലീസ് അതിക്രമം തുടർന്നു. അന്നുണ്ടായ ലാത്തിച്ചാർജിലും വെടിവെപ്പിലും നിരവധി പേർക്ക് പരിക്കേറ്റു.സംഘർഷത്തിലൊന്നും പങ്കെടുക്കാതെ മാറിനിന്നിരുന്ന കോഴിമല അവറാച്ചൻ എന്നയാൾ വെടിവെപ്പിൽ മരണപ്പെട്ടു. ഉടുമ്പയ്ക്കൽ മാത്യു എന്നയാൾക്ക് ഇരു കാലുകളും നഷ്ടപ്പെട്ടു.

കലിയടങ്ങാതെ പൊലീസ്

വെടിവെപ്പിന് ശേഷം ആളുകൾ പിരിഞ്ഞുപോയിട്ടും പൊലീസിന് കലി അടങ്ങിയിരുന്നില്ല. അർധരാത്രിയോടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയുധകാരികളായ നൂറുകണക്കിന് പൊലീസുകാർ വീണ്ടും തങ്കമണിയിലെത്തി. വാതിലുകൾ ചവിട്ടിത്തുറന്ന് വീടുകളിൽ അതിക്രമിച്ച് കയറി. തങ്കമണി, പാണ്ടിപ്പാറ പ്രദേശത്തുള്ള എല്ലാ വീടുകളിലും പൊലീസ് റെയ്ഡ് നടത്തി. 31 പേരെ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ചവരെ നിരന്തര മർദനത്തിന് ശേഷം അടുത്തദിവസമോ രണ്ട് ദിവസം കഴിഞ്ഞോ മാത്രമാണ് വിട്ടയച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്ത് കട്ടപ്പനയിലേക്ക് കൊണ്ടുപോയ പുരുഷന്മാരും അതിക്രൂരമായ മൂന്നാംമുറയടക്കമുള്ള മർദനങ്ങൾക്കിരയായിരുന്നു. 'തങ്കമണി വെടിവെപ്പ്' എന്നും 'തങ്കമണി കൂട്ടബലാത്സംഗം' എന്നുമാണ് സംഭവം പിന്നീട് അറിയപ്പെട്ടത്.

സ്ത്രീകളും കുട്ടികളും വയോജനങ്ങളുമടക്കം നിരവധി പേരാണ് അന്ന് പൊലീസ് അതിക്രമത്തിനിരയായത്. വീട്ടിൽ അതിക്രമിച്ചുകയറിയതിന് പുറമേ വീടുകളിൽ നിന്ന് പണവും സ്വർണാഭരണവുമടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കൾ കടത്തിയതായും ആളുകൾ പരാതി നൽകിയിരുന്നു. വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. അതിക്രമത്തിന് പിന്നാലെ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് റെയ്ഡിനിടെ സ്ത്രീകളെ ബലാത്സംഗം ചെയ്യാനുള്ള ശ്രമങ്ങളുണ്ടായതായും ആരോപണങ്ങളുയർന്നിരുന്നു.

തങ്കമണിയിൽ അനിഷ്ട സംഭവങ്ങൾ അരങ്ങേറുന്ന ആ കാലത്ത് കെ കരുണാകരൻ ആയിരുന്നു കേരളത്തിന്റെ മുഖ്യമന്ത്രി. സംഭവം വ്യാപകമായ പ്രതിഷേധങ്ങൾക്കാണ് വഴിതുറന്നത്. വിഷയം പ്രതിപക്ഷവും പൊതുസമൂഹവുമേറ്റെടുത്തു. തങ്കമണി സംഭവത്തിൽ അന്വേഷണവും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് ജനങ്ങൾ രാജ്ഭവനിലേക്ക് മാർച്ച് നടത്തി. പന്ത്രണ്ട് ദിവസം കൊണ്ട് മൂന്നൂറ് കിലോമീറ്റർ കാൽനട മാർച്ച് നടത്തിയാണ് തങ്കമണിയിലെ ജനങ്ങൾ ഗവർണർ പി രാമചന്ദ്രനെ കാണാനായി തലസ്ഥാനത്തെത്തിയത്.

ഒക്ടോബർ 22ന് തങ്കമണി അനുഭവിച്ച ദുരിതങ്ങളെല്ലാം ആ മാർച്ചിൽ മുദ്രാവാക്യങ്ങളായി ഉയർന്നു. തങ്കമണിയിൽ വെടിയേറ്റ് മരിച്ച കോഴിമല അവറാച്ചന്റെ ശവകുടീരത്തിൽ നിന്നായിരുന്നു 25 അംഗ സംഘത്തിന്റെ കാൽനട യാത്ര ആരംഭിച്ചത്. അത് തലസ്ഥാനത്തെത്തിയപ്പോൾ സ്ത്രീകളും വിദ്യാർത്ഥികളുമുൾപ്പെടെ നൂറുകണക്കിന് പേർ അതിലേക്ക് അണിചേർന്നു. കുറ്റക്കാരായ പൊലീസുകാരെ ശിക്ഷിക്കണം, തങ്കമണി സംഭവം സിബിഐ അന്വേഷിക്കണം തുടങ്ങിയ ആവശ്യങ്ങളായിരുന്നു അവർക്കുണ്ടായിരുന്നത്. പാതിരാത്രി നേരത്ത് വീടുകൾ കയറിയിറങ്ങി അമ്മപെങ്ങന്മാരെ അപമാനിച്ച പൊലീസേ നിങ്ങൾക്ക് മാപ്പില്ല തുടങ്ങിയ മുദ്രാവാക്യങ്ങളായിരുന്നു സമരത്തിൽ പങ്കെടുത്ത അമ്മമാരും സ്ത്രീകളും വിളിച്ചത്. തങ്കമണിയിലെ പൊലീസ് അതിക്രമത്തിൽ കൈയൊടിഞ്ഞ 22 വയസ്സുകാരനും മർദനമേറ്റ് ഗുരുതരാവസ്ഥയിലായിരുന്നവരും അതിക്രമത്തിൽ നിന്ന് രക്ഷതേടാൻ പൊലീസിന് നേരെ വാളോങ്ങിയ സാലിയുടെ അമ്മ ചിന്നമ്മ തുടങ്ങി അതിക്രമത്തിൽ ഇരകളായ നിരവധി പേർ സമരത്തിൽ പങ്കുചേരാനെത്തിയിരുന്നു.

1987-ലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ആയിരുന്നു തങ്കമണി സംഭവം നടന്നത്. ആസന്നമായ തിരഞ്ഞെടുപ്പിനിടെ വിഷയം രാഷ്ട്രീയമായി ആളിക്കത്തി. തങ്കമണി സംഭവത്തെ പ്രതിപക്ഷം പ്രചരണായുധമാക്കി. കരുണാകരന്റെ പൊലീസിനെതിരേ പ്രതിപക്ഷം വാളെടുത്തു. സംസ്ഥാനത്തെങ്ങും പ്രതിഷേധങ്ങളരങ്ങേറി. സംഭവം ദിവസങ്ങളോളം നിയമസഭയേയും പ്രക്ഷുബ്ധമാക്കി. അന്ന് ഇ.കെ നയനാർ ആയിരുന്നു പ്രതിപക്ഷ നേതാവ്. കൊലയാളി മുഖ്യൻ, കൊലയാളി കരുണാകരൻ, കൊലയാളി സർക്കാർ തുടങ്ങി നിരവധി മുദ്രാവാക്യങ്ങളാണ് പ്രതിപക്ഷനിരയിലെ നേതാക്കൾ അന്ന് സഭയിലുയർത്തിയത്. സർക്കാരിനെതിരെ പൊതുജന പ്രതിഷേധം ശക്തിപ്പെടുത്തുന്നതിനിടെ പൊലീസിനെതിരേ നിരവധി പരാതികൾ കോടതിയിലുമെത്തി.

അവരെ കാലം ശിക്ഷിക്കുമ്പോൾ

ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ, തങ്കമണി സംഭവത്തിലെ യഥാർത്ഥ പ്രശ്നക്കാർ രണ്ടുപേരാണ്. ഒന്ന് ധാർഷ്ട്യം കൈമുതലാക്കിയ എലൈറ്റ് ബസിന്റെ ഉടമയായിരുന്ന ദേവസ്യ. അയാൾ ഒന്ന് ക്ഷമ പറഞ്ഞിരുന്നെങ്കിൽ കേരളത്തിനു തന്നെ അപമാനമായ ഈ പ്രശ്നം തീരുമായിരുന്നു. രണ്ട് പീരുമേട് സർക്കിൾ ഇൻസ്‌പെക്ടർ എ സി തമ്പാന്റെ ധിക്കാരം. അന്നത്തെ ഇടിയൻ പൊലീസിന് ചേർന്ന മനുഷ്യനായിരുന്നു തമ്പാൻ. പൊലീസിനെ ആക്രമിച്ചവരെ ഇഞ്ചചതക്കുമെന്ന അയാളുടെ പ്രഖ്യാപനമാണ്, ഒരു സംസ്ഥാനത്തെ പൊലീസ് സേനയെ തന്നെ നാണക്കേടിലേക്ക് തള്ളിവിട്ടത്.

പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കുമെന്നാണെല്ലോ. ഈ പണിയൊക്കെ ഒപ്പിച്ച എലൈറ്റ് ദേവസ്യയുടെ ബിസിനസ് മൊത്തം തകർന്നു. ബസ് റൂട്ടും പോയി. കേസിൽ കുടുങ്ങി ലക്ഷങ്ങൾ നഷ്ടമായി. ഒടുവിൽ എല്ലാ പ്രതാപവും പോയി അയാൾ കുമളി പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ താൽക്കാലിക ജീവനക്കാരനായി ജോലി നോക്കി. അവിടെയും അയാൾ തരികിട നിർത്തിയില്ല. ഈ കാലയളവിലാണ് സൂര്യനെല്ലി പീഡന കേസിൽ ദേവസ്യ മുഖ്യ പ്രതിയായി. വർഷങ്ങളോളം ഒളിവിലായി. അങ്ങനെ ഒരു നരക ജീവിതമാണ് അയാൾക്ക് കിട്ടയത്. എ സി തമ്പാനും കേസിൽ സസ്പെൻഷനിലായി. ലക്ഷങ്ങൾ ചെലവിടേണ്ടി ്വന്നു അയാൾക്ക് ഇതിൽനിന്ന് രക്ഷപ്പെടാൻ. ഒരുകാലത്ത് ഹൈറേഞ്ചിനെ വിറപ്പിച്ച മനുഷ്യൻ പട്ടിക്ക് വിലയില്ലാതെ, അപമാനിതനായാണ് സർവീസിൽനിന്ന് പടിയിറങ്ങിയത്.

തങ്കമണി സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് തെറ്റ് സംഭവിച്ചതായി അന്ന് സർക്കാർ തന്നെ തുറന്നുസമ്മതിച്ചിരുന്നു. സ്ഥലത്ത് പൊലീസ് അന്യായമായി സംഘം ചേരുകയും മാരകായുധങ്ങൾ ഉപയോഗിച്ച് ലഹള നടത്തുകയും ചെയ്തതായാണ് സർക്കാർ അന്ന് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞത്. നാട്ടുകാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസിനെതിരേ അന്ന് 29 കേസാണ് ചമുത്തിയത്. ദേഹോപദ്രവം, അതിക്രമിച്ചുകയറൽ, മോഷണം, അന്യായമായി സംഘം ചേരൽ, ഭീഷണിപ്പെടുത്തൽ, മാരാകായുധങ്ങളുമായി സംഘം ചേരൽ തുടങ്ങിയ കേസുകളാണ് പൊലീസിനെതിരേയുണ്ടായിരുന്നത്. ശിക്ഷാ നടപടികളുടെ ഭാഗമായി നിരവധി പൊലീസുകാർക്കെതിരേ കേസെടുക്കുകയും ഒരു സർക്കിൾ ഇൻസ്‌പെക്ടർ ഉൾപ്പെടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. അതിനോടകം സിബിഐ അന്വേഷണവും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് മുപ്പതിലധികം ഹർജികൾ കോടതിയിലെത്തിയിരുന്നു.

തങ്കമണിയിൽ നടന്ന സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം മാത്രം പോരെന്നും നിയമസഭാകമ്മിറ്റിയെ കൊണ്ട് അന്വേഷണം നടത്തണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. അന്വേഷണം പൂർത്തിയാവുന്നതുവരെയെങ്കിലും ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വകുപ്പ് ഒഴിയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത്തരം നടപടികളിലേക്ക് സർക്കാർ കടന്നില്ല. അന്വേഷണം പൂർത്തിയാക്കി കുറ്റക്കാരായ പൊലീസിനെതിരേ നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റവർക്ക് സർക്കാർ നഷ്ടപരിഹാരവും നൽകി.

പണി കിട്ടിയത് കരുണാകരന്

പക്ഷേ ഈ സംഭവംകൊണ്ട് പണി കിട്ടിയത് മുഖ്യമന്ത്രി കെ കരുണാകരനാണ്. തങ്കമണി സംഭവത്തിന്റെ തൊട്ടടുത്ത വർഷം, 1987ൽ നടന്ന തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം തങ്കമണിയെ മുഖ്യ ആയുധമാക്കി. അന്ന് യുഡിഎഫിന് വേണ്ടി പ്രധാനമന്ത്രി രാജീവ് ഗാന്ധി അടക്കമുള്ളവർ കേരളത്തിലെത്തിയിരുന്നു. എന്നാൽ ആ പ്രചാരണങ്ങൾക്കൊന്നും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ കഴിഞ്ഞില്ല. സർക്കാരിനേയും യുഡിഎഫിനേയും കാത്തിരുന്നത് വലിയ തിരിച്ചടിയായിരുന്നു. ഫലം പുറത്തുവന്നപ്പോൾ യുഡിഎഫ് വൻ പരാജയമേറ്റുവാങ്ങി. 138ൽ 78 സീറ്റുകൾ നേടിക്കൊണ്ട് മാർച്ച് 26ന് ഇ.കെ നയനാർ നയിക്കുന്ന ഇടതുപക്ഷ മന്ത്രിസഭ അധികാരത്തിൽ വരികയും ചെയ്തു. എന്നാൽ വിരോധാഭാസമെന്ന് പറയട്ടെ, തങ്കമണി ഉൾപ്പെടുന്ന ഇടുക്കി നിയോജക മണ്ഡലത്തിൽ തിരഞ്ഞെടുക്കപ്പെട്ടത് യുഡിഎഫിന്റെ റോസമ്മ ചാക്കോ ആയിരുന്നു.

തങ്കമണി സംഭവത്തിൽ പൊലീസിനെതിരേ നടപടി സ്വീകരിച്ചെങ്കിലും ജനങ്ങൾക്ക് പൊലീസിലുള്ള വിശ്വാസം വീണ്ടെടുക്കാൻ സാധിച്ചിരുന്നില്ല. 1977-ൽ കരുണാകരൻ സർക്കാർ ആദ്യമായി അധികാരത്തിലേറിയപ്പോഴായിരുന്നു വിഖ്യാതമായ രാജൻ കൊലപാതകം നടന്നത്. നക്‌സൽ ബന്ധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത എഞ്ചിനീയറിങ് വിദ്യാർത്ഥിയായിരുന്ന രാജൻ പൊലീസ് ക്യാമ്പിൽ വെച്ച് കൊല്ലപ്പെട്ടിരുന്നു. പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ടതാണെന്ന് പൊലീസ് പിന്നീട് സമ്മതിച്ചിട്ടുമുണ്ട്. കേസിൽ വ്യാജസത്യവാങ്മൂലം നൽകിയതിന്റെ പേരിൽ അധികാരത്തിലേറി 33 ദിവസങ്ങൾക്കും ശേഷം കരുണാകരന് മന്ത്രിസഭയൊഴിയേണ്ടിവന്നു. രാജന്റേത് കസ്റ്റഡി മരണമാണെന്ന് കണ്ടെത്തിയിരുന്നെങ്കിലും തെളിവില്ലാത്തതിനാൽ ശിക്ഷ ഒഴിവാക്കപ്പെട്ടിരുന്നു. കരുണാകരൻ സർക്കാരിന്റെ പൊലീസിനെതിരെ ഇത്തരമൊരു പേരുദോഷം നിലനിൽക്കുന്നതിനിടെയായിരുന്നു തങ്കമണിയിലെ അനിഷ്ടസംഭവങ്ങളും നടന്നത്.

തങ്കമണി സംഭവത്തെ ചൊല്ലി നിരവധി വാദങ്ങൾ എക്കാലവും ഉയർന്നുകേട്ടിരുന്നു. പൊലീസ് നരനയാട്ട് നടന്നുവെന്നത് നിഷേധിക്കാൻ കഴിയാത്ത സത്യമാണെങ്കിലും കൂട്ടബലാത്സംഗം, മൂന്നാംമുറ തുടങ്ങിയ പരാതികൾ രാഷ്ട്രീയ മുതലെടുപ്പുകൾക്ക് വേണ്ടി പടച്ചുവിട്ട കള്ളങ്ങളാണോയെന്ന് പിൽക്കാലത്ത് തങ്കമണിക്കാർപോലും സംശയം പ്രകടിപ്പിച്ചിരുന്നു. സംഭവത്തെ ആസ്പദമാക്കി നിരവധി കഥകളും സിനിമകളും മുൻപ് പുറത്തിറങ്ങിയെങ്കിലും അതിലും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ തിരുകിക്കയറ്റിയെന്നായിരുന്നു ആരോപണങ്ങൾ. മുറിവേറ്റ നാടിന്റെ വേദനയുണങ്ങുന്നതിന് മുൻപ് കൂടുതൽ നാണക്കേടുകൾ അടിച്ചേൽപ്പിക്കുകയായിരുന്നും, നാടിന്റെ പേര് പുറത്തുപറയാൻ പറ്റാത്ത തരത്തിൽ പോലും അപമാനങ്ങൾ തങ്കമണിയുടെ പേരിൽ നേരിടേണ്ടി വന്നിരുന്നുവെന്ന് പലരും പറഞ്ഞുകേട്ടിട്ടുമുണ്ട്. തങ്കമണി വീണ്ടും വെള്ളിത്തിരയിലെത്തുമ്പോൾ സംഭവങ്ങൾക്ക് പുതിയ വ്യാഖ്യാനങ്ങളുണ്ടാകുമോ എന്നാണ് ഒരുനാട് കാത്തിരിക്കുന്നത്.

ബലാത്സംഗം നടന്നിരുന്നോ?

സംഘർഷത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ ജസ്റ്റിസ് ഡി. ശ്രീദേവിയെ കമ്മിഷനായി നിയമിച്ചു. പെലീസ് മാനഭംഗത്തിനിരയാക്കിയെന്ന് കമ്മിഷന് ചില സ്ത്രീകൾ മൊഴി നൽകി. പക്ഷേ അവിടെയും റേപ്പ് സ്ഥിരീകരിച്ചില്ല. പക്ഷേ സ്ത്രീക്കുനേരെ നടക്കുന്ന കൈയറ്റങ്ങളും, കയറിപ്പിടക്കൽ അടക്കമുള്ള കാര്യങ്ങളും ലൈംഗികാതിക്രമത്തിന്റെ പരിധിയിൽവരുന്നതാണ്. അത് കമ്മീഷൻ എടുത്തുപറയുന്നുണ്ട്. എന്നാൽ കമ്മിഷൻ റിപ്പോർട്ടിൽ സർക്കാരിന്റെ നടപടി കാര്യമായി ഉണ്ടായില്ലായെന്നതാണ് വസ്തുത.

പൊലീസ് അതിക്രമത്തിനിടെ ബലാത്സംഗം ചെയ്യപ്പെട്ടുവെന്നാണ് തങ്കമണിയിലെ നിരവധി സ്ത്രീകൾ അന്ന് പരാതി ഉന്നയിച്ചത്. എന്നാൽ സർക്കാരും പൊലീസും ഇത് നിഷേധിക്കുകയാണ് ചെയ്തത്. ബലാത്സംഗം നടന്നുവെന്ന് കാണിച്ച് നിരവധി പരാതികൾ കോടതിയിലെത്തിയപ്പോളും ആരോപണം ഉയർന്ന തരത്തിൽ സ്ത്രീകൾക്കെതിരേ വ്യാപകമായ അതിക്രമങ്ങളുണ്ടായിട്ടില്ലെന്ന് കെ കരുണാകരൻ സഭയിൽ പറഞ്ഞു. എന്നാൽ സ്ത്രീകളുടെ പക്ഷം പിടിച്ച് പ്രതിപക്ഷം സഭയിൽ പ്രതിഷേധിക്കുന്നത് തുടർന്നു. പ്രതിഷേധങ്ങൾ ശക്തിപ്പെട്ട പശ്ചാത്തലത്തിൽ ഒരു തിരിച്ചറിയൽ പരേഡ് നടത്താൻ പൊലീസ് തങ്കമണിയിലെത്തിയെങ്കിലും തങ്കമണിയിലെ സ്ത്രീകൾ അത് ബഹിഷ്‌കരിച്ചു.

ബലാത്സഗ പ്രചാരണം വ്യാപകമായി നടത്തിയത് സിപിഎമ്മാണ്. പൊലീസ് അതിക്രമം നടന്നുവെന്ന് പറഞ്ഞാൽ അതിന് ഒരു ഇഫക്റ്റ് കിട്ടില്ല. അതിനുപകരമാണ് ബലാത്സഗം ഹൈലൈറ്റ് ചെയ്തത്. പക്ഷേ അതുകൊണ്ട് തങ്ങൾ ഏറെ അപമാനിക്കപ്പെട്ടുവെന്നാണ് തങ്കമണിക്കാർ പറയുന്നത്. ഒരു വിവാഹംപോലും നടക്കാതെ തങ്കമണി എന്ന ഗ്രാമം സാമൂഹികമായി ഒറ്റപ്പെട്ടു. തങ്കമണി എന്ന പേര് കേൾക്കുമ്പോഴേ, റേപ്പ് വില്ലേജ് എന്ന ഓർമ്മയാണ് ഉണ്ടാവുക. പിന്നീട് നിരവധി മാധ്യമ പ്രവർത്തകരും നിഷ്പക്ഷ വസ്താന്വേഷകരും നടത്തിയ പഠനത്തിലും ബലാത്സംഗത്തിന് തെളിവെന്നും കിട്ടിയില്ല.

ഈ സമയത്താണ് തങ്കമണി സിനിമയുമായി ദിലീപ് എത്തുന്നത്. സാങ്കൽപ്പികമായി ഉണ്ടാക്കിയ ബലാത്സംഗ കഥ ഈ നാട്ടിലുള്ളവർക്ക് അങ്ങേയറ്റം വേദനയുളവാക്കുന്നതും അവരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതുമാണെന്ന് അഡ്വ. ജോമി കെ.ജോസ് മുഖേനെ സമർപ്പിച്ച ഹർജിയിൽ വി ആർ ബിജു പറയുന്നത്. സംഭവ കഥ എന്ന പേരിൽ തങ്കമണി എന്ന സിനിമ നിർമ്മിച്ചത് ഒരു നാടിനെയും നാട്ടാരുടേയും അഭിമാനത്തെയും സ്ത്രീകളുടെ മാനത്തെയും കച്ചവട ചരക്കാക്കി മാറ്റുന്നു എന്ന് തിരിച്ചറിവിലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നാണ് ബിജു പറഞ്ഞു. പക്ഷേ കോടതിയും സെൻസർബോർഡും വിലയിരുത്തിയതുപോലെ തങ്കമണിക്കാരെ അപമാനിക്കുന്ന ദൃശ്യങ്ങളോന്നും ചിത്രത്തിൽ ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കാം.

കർണൻ സിനിമക്കും സമാന പ്രമേയം

തങ്കമണിയിലെ ബസ് തർക്കം ഓർക്കുമ്പോഴോക്കെ മനസ്സിൽ വരുന്ന ചിത്രമാണ് ധനുഷിന്റെ കർണൻ. പരിയേറും പെരുമാളിന് ശേഷം മാരി ശെൽവരാജ് സംവിധാനം ചെയത് ചിത്രത്തിലും ഒരു ബസ് വഴിയുണ്ടാവുന്ന സംഘർഷമാണ് പ്രമേയം. ഇവിടെ പക്ഷേ ജാതിയാണ് വിഷയം. താഴ്ന്ന ജാതിക്കാർ താമസിക്കുന്ന പ്രദേശത്ത് ബസ് നിർത്താതെ പോകുന്നതാണ് വിഷയം. 1995-ൽ തമിഴ്‌നാട്ടിലെ കൊടിയൻകുളത്ത് നടന്ന ജാതിസംഘർഷവും തുടർന്ന് നടന്ന പൊലീസ് നായാട്ടുമാണ് ചിത്രത്തിനാധാരം. താരങ്ങളുടെ പ്രകടനത്തിനപ്പുറം ഈ യഥാർത്ഥസംഭവത്തിന്റെ നടുക്കം അതേ തീവ്രതയോടെ വെള്ളിത്തിരയിലെത്തിക്കുന്നു എന്നതാണ് കർണനെ വേറിട്ട ദൃശ്യാനുഭവമാക്കിയത്.

തമിഴ്‌നാട്ടിൽ ജാതിവെറി കൊടികുത്തിവാഴുന്ന ഗ്രാമാമായിരുന്നു കൊടിയൻകുളം. ഇവിടത്തുകാർക്ക് പുറംലോകവുമായി ബന്ധപ്പെടാൻ യാതൊരവകാശവുമില്ല. നല്ല വിദ്യാഭ്യാസം, വസ്ത്രം, മര്യാദയ്ക്കൊന്ന് സഞ്ചരിക്കാൻ പോലും അവകാശമില്ല. നാട്ടിലൂടെ വല്ലപ്പോഴും വന്നുപോകുന്ന ബസിൽ കയറിയാൽ കൊടിയൻകുളത്തുകാർക്ക്, ടിക്കറ്റെടുക്കേണ്ടത് തൊട്ടപ്പുറത്തെ ഉന്നതകുലജാതരെന്നവകാശപ്പെടുന്നവരുടെ സ്റ്റോപ്പിലേക്കാണ്. ബസ് അവിടെയേ നിർത്തൂ. കൈകാണിച്ചാൽ കരുണ കാണിച്ച് വല്ലപ്പോഴും നിർത്തുന്ന വാഹനങ്ങളാണ് ഇവർക്കാശ്രയം. പുറംലോകവുമായി പൊരുത്തപ്പെടണമെന്ന് ഇവർക്കാഗ്രഹമുണ്ടെങ്കിലും നേരത്തേ പറഞ്ഞ ഉന്നതർ അതിന് തടസമാവുന്നു എന്നുമാത്രം. ഇതിനെതിരെ ധനൂഷിന്റെ നായകൻ പ്രതികരിക്കുന്നു. തുടർന്ന് അവർ ബസ് തടയുന്നു. പൊലീസ് എത്തി ലാത്തിവീശുന്നു. നാട്ടുകാർ കല്ലെറിയുന്നു. അതിന് പ്രതികാരമായി പിന്നെ പൊലീസ് നായാട്ടാണ്. തങ്കമണി സംഭവുവുമായി അതിശയകരമായ സാദൃശ്യങ്ങൾ കർണ്ണനുണ്ട്.

കൊടിയൻകുളം സംഭവത്തിലും പൊലീസ് റേപ്പ് ചെയ്തുവെന്ന് ആരോപണമുണ്ട്. പക്ഷേ ബലാത്സഗം സ്ഥിരീകരിച്ചാലും ഇല്ലെങ്കിലും കേരളത്തിലെ പൊലീസ് ക്രൂരതകളുടെ ഏറ്റവും വലിയ ഉദാഹരണമായി ഇപ്പോഴും തങ്കമണി സംഭവം ചൂണ്ടിക്കാണിക്കാറുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം തരേണ്ട പൊലീസ് ഇങ്ങനെയൊക്കെ അധ:പ്പതിക്കുമെന്ന് ഈ സംഭവം നമ്മേ ഓർമ്മപ്പെടുത്തുന്നു.

വാൽക്കഷ്ണം: 86-ൽ നടന്ന തങ്കമണി സംഭവത്തിന്റെ ഗുണഭോക്താക്കാൾ സിപിഎം ആണെങ്കിൽ 2001-ൽ നാദാപുരത്തെ വ്യാജ ബലാത്സംഗക്കേസ് തെരഞ്ഞെടുപ്പിൽ സിപിമ്മിന് വലിയ തിരിച്ചടിയുമായി. 2001 ജൂൺ രണ്ടിന് വൈകിട്ട് അഞ്ചിനാണ് നാദാപുരം കല്ലാച്ചി അങ്ങാടിയിൽ ടാക്സി ഡ്രൈവറായിരുന്ന ഈന്തുള്ളത്തിൽ ബിനു എന്ന ചെറുപ്പക്കാരനെ ഒരു ജീപ്പിലെത്തിയ എൻ ഡി എഫ് അക്രമിസംഘം ബോംബെറിഞ്ഞ് വെട്ടികൊന്നത്. തെരുവംപറമ്പിൽ ഒരു മുസ്ലിം സ്ത്രീയെ റേപ്പ്ചെയ്തു എന്ന വ്യാജ ആരോപണത്തിന്റെ ബലത്തിലാണ് ഈ നടപടി. പക്ഷേ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലും മെഡിക്കൽ പരിശോധനയിലും ഇങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ലെന്നു വ്യക്തമായി. ലീഗ് നേതൃത്വത്തിന്റെ ചതിയിൽപ്പെട്ടതായി ബലാത്സംഗക്കഥയിലെ സ്ത്രീയുടെ ഭർത്താവിന് ജനങ്ങൾക്കുമുന്നിൽ തുറന്നുപറയേണ്ടിവന്നു! 2001-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ വിജയത്തിലേക്കു നയിച്ച പ്രധാന സംഭവങ്ങളിലൊന്ന് ഈ വ്യാജ ബലാത്സംഗമായിരുന്നു. ചരിത്രം പ്രഹസനമായി ആവർത്തിക്കുമെന്ന് പറയുന്നത് എത്ര ശരിയാണ്!