- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകന്‍ മന്ത്രിയായിട്ടും റോഡ് പണിക്കുപോയ അമ്മ; ഉപ്പുമാവിനുവേണ്ടി സ്കൂളില്‍പോയ പയ്യന്; വളര്‍ന്നപ്പോള്‍ വന്ന വഴി മറന്നു; സാജന്റെ രക്തത്തില്‍ ചവിട്ടി ഭാര്യക്ക് സീറ്റ്; മകനുനേരെ വന്ന ആരോപണങ്ങളും അവഗണിച്ചു; ചിരിച്ചുകൊണ്ട് പാര്ട്ടിപിടിക്കുന്ന തന്ത്രം; പിണറായിസത്തിനെ വെല്ലുമോ ഗോവിന്ദനിസം!
പിണറായിസത്തിനെ വെല്ലുമോ ഗോവിന്ദനിസം!

കേരളത്തില്‍ ഇപ്പോഴും എതിരില്ലാതെ സിപിഎം സ്ഥാനാര്‍ത്ഥികള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയിക്കുന്ന സ്ഥലം! മലബാറിലെ മോസ്‌ക്കോ, ചെങ്കോട്ട എന്നിങ്ങനെയൊക്കെയാണ്, കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് നിയമസഭാ മണ്ഡലം അറിയപ്പെട്ടിരുന്നത്. ആന്തൂര്‍ നഗരസഭ പോലുള്ള പാര്‍ട്ടി ഗ്രാമങ്ങളുടെ നാട്. കഴിഞ്ഞ 45 വര്‍ഷമായി മാര്‍ക്സിസ്റ്റുകാര്‍ അല്ലാതെ ആരും നിയമസഭ കാണാത്തയിടം. ഈ അതിശക്തമായ പാര്‍ട്ടി കോട്ടയിലാണ് ഇപ്പോള്‍ ആഭ്യന്തര ലഹളകളും അടിയൊഴുക്കുകളും നടക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സിറ്റിങ് മണ്ഡലമായ തളിപ്പറമ്പില്‍, അദ്ദേഹത്തിന് പകരം ഭാര്യ പി കെ ശ്യാമളയെ മത്സരിപ്പിക്കുന്നതാണ്, കൊട്ടാര വിപ്ലവത്തിന് ഇടയാക്കിയിരിക്കുന്നത്. ശ്യാമളയുടെ സ്ഥാനാത്ഥിത്വത്തില്‍ പ്രതിഷേധിച്ച്, സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും, മുതിര്‍ന്ന നേതാവുമായ ടി.കെ. ഗോവിന്ദന്‍ പാര്‍ട്ടി വിടുകയും സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിക്കുകയും ചെയ്തത് തളിപ്പറമ്പ് രാഷ്ട്രീയത്തിന്റെ തീ ആളിക്കത്തിക്കയാണ്. 75കാരനായ, ജീവിതകാലം മുഴുവന്‍ നിസ്വാര്‍ത്ഥ പ്രവര്‍ത്തകനായ ടി കെക്ക് ഒരു വിഭാഗം പ്രവര്‍ത്തകരുടെ പിന്തുണയുമുണ്ട്.
സിപിഎമ്മിലെ ശാക്തിക ബലാബലങ്ങളിലും കാര്യമായ മാറ്റം വന്നുകഴിഞ്ഞു. ഒരുകാലത്ത്, വിജയ- ജയരാജന്‍മാര്‍ എന്നായിരുന്നു ഒരുകാലത്ത് കേരളത്തിലെ പാര്‍ട്ടി അറിയപ്പെട്ടിരുന്നത്. ഇപി, എം വി, പി ജയരാജന്‍മ്മാരും പിണറായി വിജയനും ചേര്‍ന്നാല്‍ എല്ലാമായി. പി ജയരാജനും, ഇ പി ജയരാജനും ഒരുപോലെ അപ്രസക്തരായിരിക്കുന്നു. അവിടെയാണ് പിണറായി- ഗോവിന്ദ യുഗം തുടങ്ങുന്നത്.
തിരുവായ്ക്ക് എതിര്‍വാ ഇല്ലാ എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പം വളരാന്‍ എം വി ഗോവിന്ദന് കഴിയുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുടെ വിശ്വസ്തനായി കണ്ണൂര്‍ സഖാവായാണ് ഗോവിന്ദന്‍ അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം നിഴലില്‍ നിന്ന് പുറത്തു കടക്കയാണ്. പാര്‍ട്ടിയിലെ താര്‍ക്കികനും, ക്രെസിസ് മാനേജരും അയാണ് എം വി ഗോവിന്ദന്‍ അറിയപ്പെട്ടത്. സിപിഎം വിഭാഗീയതയില്‍ പിണറായിക്ക് ഒപ്പം നില്‍ക്കുമ്പോളും, വിഎസുമായും അദ്ദേഹം പരസ്യമായി ഉടക്കിന് പോയില്ല. പക്ഷേ 2018ല്‍ നടന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലാണ് എം വി ഗോവിന്ദന്റെ സംഘടനാപാടവം പുറത്തറിഞ്ഞത്. അന്ന് സജി ചെറിയന്‍ ഇരുപതിനായിത്തിലേറെ വോട്ടുകള്‍ കിട്ടി ജയിച്ചത്, വീട് വീടാന്തരം കുടുംബയോഗങ്ങള്‍ നടത്തിയും മറ്റും എം വി ഗോവിന്ദന്‍ നടത്തിയ തന്ത്രങ്ങളുടെ ഭാഗം ആയിരുന്നു. അതുപോലെ, 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ഒറ്റ സീറ്റിലേക്ക് ചുരുങ്ങിയപ്പോള്‍, അന്ന് ഇടതിനൊപ്പം ഉറച്ചുനിന്ന ആലപ്പുഴ മണ്ഡലത്തിലെ ഇലക്ഷന്‍ തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത് എം.വി ഗോവിന്ദനായിരുന്നു.
അതിന്റെയെല്ലാം ഭാഗമായാണ് അയാള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി മാറുന്നതും. അതോടെ സിപിഎമ്മിന് ഒരു പുതിയ മുഖം ലഭിക്കുമെന്നാണ് എല്ലാരും കരുതിയത്. പക്ഷേ കാര്യങ്ങള്‍ നേരെ തിരിച്ചാണുണ്ടായത്. പി ജയരാജനും, ഇ പിയും ജെയിംസ് മാത്യുവുമടക്കമുള്ള നേതാക്കളെ പുകച്ച് ഗോവിന്ദന്‍ വളര്‍ന്നു. പീഡനാരോപണത്തിന് പുറത്താക്കപ്പെട്ട പി ശശിയെ വീണ്ടും വളര്‍ത്തി. ഒടുവില്‍ ഒരുപാട് സീനിയര്‍ നേതാക്കളെ തഴഞ്ഞുകൊണ്ട്, വെറും ജില്ലാകമ്മറ്റി അംഗമായ സ്വന്തം ഭാര്യക്ക് നിര്‍ലജ്ജം സീറ്റ് ഒപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു! ഒരു സംശയവും വേണ്ട സിപിഎമ്മില്‍ പിണറായിസം കഴിഞ്ഞാല്‍ ഇനി ഗോവിന്ദനിസമാണ്. പട്ടിണിക്കാരനായ, സൗമ്യനായ നേതാവില്‍ നിന്നുള്ള ആ വളര്‍ച്ച ശരിക്കും വല്ലാത്തൊരു കഥയുമാണ്. ചിരിച്ചുകൊണ്ട് പാര്‍ട്ടി പിടിക്കയാണ് എം വി ഗോവിന്ദന്‍ ഇപ്പോള്‍ ചെയ്യുന്നത് എന്ന് അണികളില്‍ നിന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ദാരിദ്ര്യത്തോട് പടവെട്ടി വളര്‍ന്നു
ദാരിദ്ര്യത്തോടും കഷ്ടതകളോടും പടവെട്ടിയാണ് എം വി ഗോവിന്ദന്‍ ഇന്ന് കാണുന്ന നിലയിലേക്ക് ഉയര്‍ന്നത്. കര്‍ഷക സമരഭൂമിയായ, കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ മൊറാഴ ഗ്രാമത്തിലാണ് എം വി ഗോവിന്ദന്റെ ജനനം. കെ.കുഞ്ഞമ്പുവിന്റെയും, മാധവിയമ്മയുടേയും മകനായി 1953 ഏപ്രില്‍ 23ന് ജനിച്ചു. കടുത്ത ദാരിദ്ര്യമായിരുന്നു അക്കാലത്ത് ഉണ്ടായിരുന്നത്. വനിതക്ക് നല്‍കിയ അഭിമുഖത്തില്‍ എം വി ഗോവിന്ദന്‍ ആക്കാലം അനുസരമിക്കുന്നുണ്ട്. 'ആറുമക്കളില്‍ മൂത്തയാളായിരുന്നു ഞാന്‍. അന്ന് മിക്ക വീടുകളിലും പട്ടിണിയായിരുന്നു. എന്റെ അമ്മയും അച്ഛനും സഹോദരങ്ങളും ദിവസങ്ങളോളം പട്ടിണിയില്‍ ജീവിച്ചിട്ടുണ്ട്. പണിയില്ലെങ്കില്‍ വീട്ടില്‍ കഞ്ഞിയുണ്ടാകില്ല എന്ന അവസ്ഥയായിരുന്നു. ദാരിദ്ര്യം കൊണ്ട് അമ്മ എന്നെ അച്ചമ്മയുടെ വീട്ടിലാക്കി. അവിടെ ആയതുകൊണ്ട് എനിക്ക് രണ്ട് നേരം ഭക്ഷണം കിട്ടിയിരുന്നു. അമ്മ വല്ലപ്പോഴും എന്നെ വന്ന് കാണും. സ്‌കുള്‍ തുറക്കുമ്പോള്‍ പുതിയ ഉടുപ്പ് വാങ്ങിത്തരും. എനിക്ക് അച്ചനും അമ്മയുമെല്ലാ അച്ചമ്മയായിരുന്നു. അഞ്ച് വയസാകുന്നതിനു മുമ്പ് സ്‌കൂളില്‍ ചേര്‍ത്തത് അവിടെ നിന്നും ഉച്ചയ്ക്ക് ഉപ്പുമാവ് ലഭിക്കുമായിരുന്നു എന്നതിലാണ്.
ഹൈസ്‌ക്കുളില്‍ എത്തിയപ്പോഴും ദാരിദ്ര്യത്തിന് വലിയ മാറ്റം ഉണ്ടായിരുന്നില്ല. പത്താം ക്ലാസ് കഴിഞ്ഞതിനു ശേഷമാണ് ആദ്യമായി ചെരുപ്പ് ധരിക്കുന്നത്. ഉച്ചയ്ക്ക് ഒന്നും കഴിക്കാനില്ലാത്തപ്പോള്‍ സ്‌കൂളിലെ കിണറ്റില്‍ നിന്നും വെള്ളം കോരിക്കുടിച്ചാണ് വിശപ്പടക്കിയിരുന്നത്. അതൊന്നും ഒരു പ്രതിസന്ധിയായി തോന്നിയിരുന്നില്ല.''- എം വി ഗോവിന്ദന്‍ അഭിമുഖത്തില്‍ പറഞ്ഞത് അങ്ങനെയാണ്. അച്ചമ്മയും അമ്മാവനുമെല്ലാം സജീവ പാര്‍ട്ടിക്കാര്‍ ആയിരുന്നു. അങ്ങനെ ഗോവിന്ദനും പാര്‍ട്ടിക്കാരനായി. സ്‌കൂളില്‍ പഠിക്കമ്പോള്‍ അദ്ദേഹത്തിന് സ്പോര്‍ട്സിലും താല്‍പ്പര്യമുണ്ടായിരുന്നു.
ചെരിപ്പിടാതെ ഓടിയാണ് പല മത്സരങ്ങളും ജയിച്ചത്. പത്താംക്ലാസ് കഴിഞ്ഞപ്പോള്‍, മുന്‍ എംഎല്‍എ കെ കെ എന്‍ പരിയാരം പറഞ്ഞാണ്, കോഴിക്കോട് ഫിസിക്കല്‍ എജുക്കേഷന്‍ കോളജില്‍ അഡ്മിഷന് എത്തിയത്. ഒരു കാലിച്ചായപോലും കഴിക്കാതെയാണ്, ചെരിപ്പിടാതെ ഓട്ടം ചാട്ടം, ഹൈജമ്പ് എന്നിവയിലെല്ലാം പങ്കെടുത്ത് വിജയിച്ചത്. അങ്ങനെയാണ് ആ കോളജില്‍ അഡ്മിഷന്‍ കിട്ടിയത്. കോഴ്സ് പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കേറ്റ് കിട്ടിയതിന് പിറ്റേ ദിവസം, എരിയാരം ഇരിങ്ങല്‍ സ്‌കൂളില്‍ കായിക അധ്യാപകനായി ജോലിക്ക് കയറി. പിന്നീട് അത് ഉപേക്ഷിച്ച് മുഴുവന്‍ സമയ രാഷ്ട്രീയത്തില്‍ ഇറങ്ങി. കായികാധ്യാപകന്‍ ആയതുകൊണ്ട് മാത്രമല്ല, പാര്‍ട്ടി ക്ലാസുകള്‍ എടുത്തത് കൊണ്ടാണ് മാഷ് എന്ന പേര് വീണത്. നൂറുകണക്കിന് പാര്‍ട്ടി ക്ലാസുകള്‍ എടുത്തു. പലപ്പോഴും തിരിച്ച് വാഹനം ഇല്ലാതെ സഖാക്കളുടെ വീടുകളില്‍ തന്നെ അന്തിയുറങ്ങി. അടിയന്തരാവസ്ഥക്കാലത്ത് എം വി ഗോവിന്ദനും അതിക്രൂരമായ മര്‍ദനത്തിന് വിധേയമായി.
മന്ത്രിയുടെ അമ്മ റോഡ് പണിക്ക്
എല്ലുമുറിയെ പണിയെടുക്കുന്ന അമ്മയെ കണ്ടാണ് താന്‍ വളര്‍ന്നതെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ പല അഭിമുഖങ്ങളിലും പറയാറുണ്ട്. താന്‍ എംഎല്‍എ ആയിട്ടും അമ്മ റോഡ് പണിക്കും, പാടത്ത് പണിക്കും പോവുമായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചിരുന്നു. സ്വന്തമായി അധ്വാനിക്കുന്നതില്‍ അഭിമാനിച്ചിരുന്ന സ്ത്രീയായിരുന്നു അവര്‍. സിപിഎം ജില്ലാ സെക്രട്ടറിയായിരിക്കെ പറശിനിക്കടവിലേക്കുള്ള യാത്രയില്‍ അമ്മയെ കണ്ട ഗോവിന്ദന്റെ ഓര്‍മ്മ നേരത്തെ സോഷ്യല്‍ മീഡിയയിലും വൈറല്‍ ആയിരുന്നു. യാത്രയില്‍ ഒപ്പം കര്‍ഷക തൊഴിലാളി നേതാവും കേന്ദ്ര കമ്മിറ്റി അംഗമായ സുനീത് ചാപ്രയുമുണ്ടായിരുന്നു. ഇതിനിടെ റോഡ് പണി കാരണം യാത്ര തടസപ്പെട്ടു. വെയില്‍ ചൂടില്‍ തൊഴിലാളികള്‍ പണിയെടുക്കുകയായിരുന്നു. ടാറിനും പുകയ്ക്കുമിടയില്‍ നില്‍ക്കുന്ന തൊഴിലാളികള്‍ക്കിടയിലേക്ക് ചൂണ്ടി ഞാന്‍ ചോപ്രയോട് പറഞ്ഞു. ആ നില്‍ക്കുന്നതാണ് എന്റെ അമ്മ.
ഞെട്ടിപ്പോയ ചോപ്ര കാറില്‍ നിന്നും ഇറങ്ങി അമ്മയുടെ അടുക്കലേക്ക് ചെന്നു. അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നുവെന്ന് ഗോവിന്ദന്‍ മാഷ് പറയുന്നു. എണ്‍പത് വയസ് വരെ അമ്മ പാടത്തും പറമ്പിലും ജോലി ചെയ്തിട്ടുണ്ടെന്ന് ഗോവിന്ദന്‍ മാഷ് പറയുന്നു. എംഎല്‍എയായിരിക്കുമ്പോഴും അമ്മ പാടത്ത് പണിക്കു പോകാറുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാകും തൊണ്ണൂറ്റി മൂന്ന് വയസ് വരെ അമ്മ ജീവിച്ചതെന്ന് അദ്ദേഹം പറയുന്നു. 2021ലാണ് അവര്‍ നിര്യാതയാത്.അമ്മ മരിക്കുമ്പോള്‍ ഗോവിന്ദന്‍ തദ്ദേശ- എക്സൈസ് മന്ത്രിയാണ്.
'നാലാം ലോകം' എന്ന വിഖ്യാതമായ കഥയില്‍ എന്‍ എസ് മാധവന്‍ ചോദിക്കുന്നുണ്ട്, 'അഴീക്കോടന്‍ രാഘവനുശേഷം ടി കെ രാമകൃഷ്ണനല്ലാതെ ഒരു ചിരിക്കുന്ന മുഖം പാര്‍ട്ടിക്കുണ്ടോ എന്ന്'. പക്ഷേ അന്ന് പാര്‍ട്ടിക്ക് മുന്നോട്ട്വെക്കാന്‍ കഴിയുന്ന ചിരിക്കുന്ന മുഖമായിരുന്നു ഈ മുന്‍ കായിക അധ്യാപകന്‍. പക്ഷേ കാലം എം വി ഗോവിന്ദനെയും ഒരുപാട് മാറ്റി. ഇപ്പോള്‍ ആ മുഖത്ത് അങ്ങനെ ചിരി അധികം വരാറില്ല. പകരം കാര്‍ക്കശ്യവും ക്രൗര്യവും തന്നെയാണ്. ഗോവിന്ദന്റെ ത്വാത്വിക വിശകലനങ്ങള്‍ നാട്ടുകാര്‍ക്ക് ചിരിയാവുമെങ്കിലും.
എം വി ഗോവിന്ദന്‍ ഇപ്പോള്‍ പഴയ പ്രാദേശിക നേതാവല്ല. സിപിഎം സംസ്ഥാന സെക്രട്ടറിയാണ്. ഉടുതുണിക്ക് മറുതുണിയില്ലാത്ത, ഭക്ഷണംപോലും കഴിക്കാന്‍ ഇല്ലാത്ത ദാരിദ്ര്യബാല്യം പിന്നിട്ട് വളര്‍ന്നുവന്നയാളാണ്, ഒരു മൈക്ക് ഓപ്പറേറ്ററെയൊക്കെ പരസ്യമായി ശാസിച്ച് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ കെട്ടിലും മട്ടിലും മറ്റൊരു പിണറായി വിജയന്‍ ആവുകയാണ് എം വി ഗോവിന്ദന്‍! അടുപ്പക്കാരില്‍ അമ്പരപ്പ് ഉണ്ടാക്കുന്നതാണ് ആ പരിണാമ കഥ. ഇപ്പോള്‍ അദ്ദേഹം പൂര്‍ണ്ണമായും വന്ന വഴി മറന്നുവെന്നും, പാര്‍ട്ടിയില്‍ സ്വന്തമായി ഒരു ഗ്രൂപ്പ് ഉണ്ടാക്കിയെന്നുമാണ്, തളിപ്പറമ്പിലെ വിമതര്‍ ആരോപിക്കുന്നത്.
ചിന്താവിഷ്ടയായ ശ്യാമള!
എം വി ഗോവിന്ദന്‍ എന്ന രാഷ്ട്രീയ നേതാവിന്റെ ജീവിത്തിലെ ഏറ്റവും വലിയ ത്രിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടുന്നുപോവുന്നത്. അതിന് ഇടയാക്കിയതാവട്ടെ അദ്ദേഹത്തിന്റെ ഭാര്യ പി കെ ശ്യാമളയാണ്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടിയായിരിക്കെയാണ്, എം വി ഗോവിന്ദന്റെ വിവാഹം നടക്കുന്നത്. വധുവിനെ കണ്ടെത്തിയതും പാര്‍ട്ടിയാണ്. 'ഭാര്യ പി കെ ശ്യാമളയും സജീവ പാര്‍ട്ടി പ്രവര്‍ത്തകയായിരുന്നു. എം വി രാഘവനും പി ശശിയുമാണ് ഈ ബന്ധം കൊണ്ടുവന്നത്. അവരുടെ വീട്ടില്‍ പോയി വിവരം പറഞ്ഞതും, എം വി ആര്‍ ആണ്. പാര്‍ട്ടി പരിപാടികള്‍ ഇല്ലാത്ത ഒരു ദിവസം ഡയറി നോക്കി വിവാഹ ദിനം നിശ്ചയിച്ചതും രാഘവന്‍ തന്നെ. ചടയന്‍ ഗോവിന്ദനാണ്, വിവാഹ ക്ഷണക്കത്ത് എഴുതുന്നതും അച്ചടിക്കാന്‍ കൊടുക്കുന്നതും. ശ്യാമള പിന്നീട് ബിഎഡ് കഴിഞ്ഞ് മൊറാഴ സ്‌കൂളില്‍ അധ്യാപികയായി. രണ്ടുപേരും പാര്‍ട്ടിയിലുള്ളതിനാല്‍ രാഷ്ട്രീയത്തിലും ജീവിതത്തിലും പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായില്ല''- എം വിഗോവിന്ദന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് അങ്ങനൊണ്.
ശ്യാമള കണ്ണൂര്‍ ജില്ലയിലെ മോറാഴ സെന്‍ട്രല്‍ യു.പി സ്‌കൂളിലെ അധ്യാപികയായിരുന്നു. എം വി ഗോവിന്ദനും ഇതേ സ്‌കൂളില്‍ കായികാധ്യാപകനായി ജോലി ചെയ്തിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായതിനെത്തുടര്‍ന്ന് ഇരുവരും ജോലിയില്‍ നിന്ന് സ്വമേധയാ വിരമിക്കുകയാണുണ്ടായത്. സിപിഎം കോട്ടയായ, ആന്തൂര്‍ നഗരസഭയുടെ ചെയര്‍പേഴ്സണായിരുന്ന സമയത്താണ് പി.കെ. ശ്യാമളയ്ക്കെതിരെ വലിയ വിവാദങ്ങള്‍ ഉണ്ടായത്. ശ്യാമളയുടെ ധാര്‍ഷ്ട്യം ഒന്ന് കൊണ്ട് മാത്രമാണ്, വ്യവസായി സാജന്‍ ആത്മഹത്യ ചെയ്തതെന്ന് നേരത്തെ പാര്‍ട്ടിക്കകത്ത് തന്നെ പരാതി ഉയര്‍ന്നതാണ്. നൈജീരിയയില്‍ നിന്നും മടങ്ങിയെത്തിയ പ്രവാസി വ്യവസായി സാജന്‍ പാറയില്‍ 15 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നഗരസഭ വിസമ്മതിച്ചു.
നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായ നിരന്തരമായ തടസ്സങ്ങളിലും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള മാനസിക പീഡനത്തിലും മനംനൊന്ത് 2019 ജൂണില്‍ സാജന്‍ ആത്മഹത്യ ചെയ്തു. സിപിഎമ്മിനുള്ളിലെ വിഭാഗീയതയുടെ പേരില്‍ സാജനോട് ശ്യാമള വൈരാഗ്യം കാണിച്ചുവെന്ന് സാജന്റെ കുടുംബം ആരോപിച്ചിരുന്നു. സാജന്‍ അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെ സമീപിച്ച് സഹായം തേടിയത് ശ്യാമളയെ ചൊടിപ്പിച്ചുവെന്നും അതിനാല്‍ മനഃപൂര്‍വം സര്‍ട്ടിഫിക്കറ്റ് വൈകിപ്പിച്ചു എന്നും ആരോപണങ്ങള്‍ ഉയര്‍ന്നു. പൊതുവെ ആളുകളോട് ചിരിക്കാത്ത ധാര്‍ഷ്ട്യക്കാരിയെന്ന പി കെ ശ്യാമളയുടെ ഇമേജ് പാര്‍ട്ടിക്ക് വലിയ ക്ഷീണം ചെയ്തിരുന്നു.
സാജന്റെ അത്മഹത്യ പാര്‍ട്ടിയില്‍ വിവാദക്കൊടുമുടി ഉയര്‍ത്തി. അക്കാലത്ത് പാര്‍ട്ടി പ്രവര്‍ത്തരെ എം വി ഗോവിന്ദന്‍ ശാസിക്കയും ഉപദേശിക്കുകയും ചെയ്യുമ്പോള്‍, സോഷ്യല്‍ മീഡിയില്‍ ഉയരുന്ന കമന്റ് 'ആദ്യം താന്‍ തന്റെ ഭാര്യയെ പഠിപ്പിക്കൂ' എന്നായിരുന്നു. പക്ഷേ വൈകാതെ പാര്‍ട്ടി ഈ പ്രശ്നം പരിഹരിച്ചു. സാജന്റെ ഉടമസ്ഥതയിലുള്ള പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തന അനുമതി കൊടുത്താണ് പ്രശ്നം തീര്‍ത്ത്. പോലീസ് അന്വേഷണത്തില്‍ ശ്യാമളയ്ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം തെളിയിക്കാന്‍ കഴിഞ്ഞില്ല. സാജന്റേത് വ്യക്തിപരമായ കാരണങ്ങളാലുള്ള ആത്മഹത്യയാണെന്നും നഗരസഭയുടെ ഭാഗത്തുനിന്ന് വീഴ്ചകളില്ലെന്നുമുള്ള റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിക്കുകയും പി.കെ. ശ്യാമളയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു. അങ്ങനെ കേസെല്ലാം ആവിയായി.
പക്ഷേ അപ്പോളും പാര്‍ട്ടിയില്‍ വിഭാഗീയത മാറിയില്ല. ആന്തൂര്‍ വിഷയത്തില്‍ പാര്‍ട്ടിക്കെതിരെ നിന്നു എന്ന രീതിയിലാണ് പി ജയരാജനും ജെയിംസ് മാത്യുവിനും എതിരെ പ്രചാരണം ഉണ്ടായത്. വൈകാതെ ജെയിംസ് മാത്യു രാഷ്ട്രീയം തന്നെ ഉപേക്ഷിച്ചു. പാര്‍ട്ടി വിഭാഗീയതില്‍ മനം നൊന്താണ് ഈ നടപടിയെന്നും വിമര്‍ശനം വന്നു. പക്ഷേ തളിപ്പറമ്പ് നിയമസഭാ സീറ്റില്‍ ജെയിംസ് മാത്യു മാറുമ്പോള്‍ പകരമെത്തുന്നലയത് എംവി ഗോവിന്ദനാണ്. 2021-ല്‍ അദ്ദേഹം നല്ല ഭൂരിപക്ഷത്തിന് ജയിച്ചുകയറി. അതുപോലെ സിപിഎമ്മിലെ ഏറ്റവും ജനപ്രിയനായ നേതാവ്, പി ജയരാജനും കഴിഞ്ഞ അസംബ്ലിയിലും സീറ്റ് കൊടുത്തില്ല. ഇപ്പോഴിതാ, ഭര്‍ത്താവ് സ്ഥാനമൊഴിഞ്ഞ സീറ്റിലേക്ക് രാജ്യഭരണംപോലെ ഭാര്യയും എത്തുകയാണ്. രാജഭരണം പോലെ!
മകന്റെ പേരിലും വിവാദം
ഇടക്കിടെ മക്കള്‍ വിവാദങ്ങള്‍ പിടിച്ചുകുലുക്കാറുള്ള പാര്‍ട്ടിയാണ് സിപിഎം. കോടിയേരിയും, ഇ പിയും ഉള്‍പ്പെടെയുള്ള പ്രമുഖരായ സിപിഎം നേതാക്കള്‍ക്ക് മക്കള്‍ ഒരു തീരാ തലവേദനയായിരുന്നു. പിണറായി വിജയന്റെ മകള്‍ വീണ തൈക്കണ്ടി സ്വര്‍ണ്ണക്കടത്തിലും കരിമണല്‍ കര്‍ത്തയുടെ കൈയില്‍നിന്ന് പണം വാങ്ങിയതിലുമെല്ലാം ആരോപിതയായി. മകന്‍ വിവേക് കിരണിന്റെ ബര്‍മ്മിംങ്്ഹാമിലെ പഠനം അടക്കമുള്ളകാര്യങ്ങള്‍ നേരത്തെ വിവാദമായിരുന്നു. അപ്പോഴുള്ള ഒരു ആശ്വാസം, എം വി ഗോവിന്ദന്റെ കാര്യത്തില്‍ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല എന്നതാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ അതും ഉണ്ടായി. ഡയറ്കടര്‍ രഞ്ജിത്തിന്റെ അസ്റ്റന്റായി പ്രവര്‍ത്തിച്ചിരുന്ന, എം വി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്തിന്റെ പേരിലും വിവാദങ്ങള്‍ ഉയരുന്നു.
ശ്യാംജിത്തിനെ സംബന്ധിച്ച് ഉയര്‍ന്ന പ്രധാന വിവാദങ്ങള്‍ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ സ്വദേശിയായ വ്യവസായി മുഹമ്മദ് ഷെര്‍ഷാദ് ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ടതാണ്. ലണ്ടന്‍ ആസ്ഥാനമായുള്ള വിവാദ വ്യവസായിയും സിനിമാ നിര്‍മ്മാതാവുമായ രാജേഷ് കൃഷ്ണയുമായി, ശ്യാംജിത്തിന് വര്‍ഷങ്ങളായുള്ള അടുത്ത ബന്ധമുണ്ടെന്നും മലബാറിലെ പ്രമുഖ വ്യവസായികളുമായുള്ള ശ്യാംജിത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ രാജേഷ് കൃഷ്ണയാണ് സെറ്റില്‍ ചെയ്തിരുന്നതെന്നും ഷെര്‍ഷാദ് ആരോപിച്ചിട്ടുണ്ട്. പ്രമുഖരുടെ പല സാമ്പത്തിക തര്‍ക്കങ്ങളിലും മധ്യസ്ഥാനായി നിന്നുകൊണ്ട് ഇവര്‍ വന്‍തുക തട്ടുന്നതായും ഷെര്‍ഷാദ് ആരോപിച്ചിരുന്നു.
രാജേഷ് കൃഷ്ണയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഷെര്‍ഷാദ് സിപിഎം പൊളിറ്റ് ബ്യൂറോയ്ക്ക് രഹസ്യമായി നല്‍കിയ പരാതി ശ്യാംജിത്ത് ചോര്‍ത്തി നല്‍കി എന്ന ആരോപണമുണ്ട്. ഷെര്‍ഷാദ് പാര്‍ട്ടിക്ക് നല്‍കിയ രഹസ്യ കത്ത്, രാജേഷ് കൃഷ്ണ ഡല്‍ഹി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത മാനനഷ്ടക്കേസില്‍ പ്രാഥമിക തെളിവായി ഹാജരാക്കിയതോടെയാണ് ഈ ചോര്‍ച്ച പുറത്തറിഞ്ഞത്. ഈ കത്ത് ശ്യാംജിത്താണ് രാജേഷിന് കൈമാറിയതെന്ന് ഷെര്‍ഷാദ് ആരോപിക്കുന്നു. രാജേഷ് കൃഷ്ണ മുഖേന സിപിഎമ്മിലെ പല ഉന്നത നേതാക്കളുടെയും അക്കൗണ്ടുകളിലേക്ക് കോടികളുടെ അനധികൃത പണം എത്തിയെന്നും ഇതില്‍ ശ്യാംജിത്തിന് അറിവുണ്ടെന്നുമാണ് ആരോപണത്തിന്റെ മറ്റൊരു വശം. ഇതില്‍ പല മുന്‍ മന്ത്രിമാരുടെയും പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഷെര്‍ഷാദ് ഉന്നയിച്ചിട്ടുണ്ട്.
മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് ഷെര്‍ഷാദ് താന്‍ നേരിട്ട് സാക്ഷിയായ ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. ഇത് വലിയ വിവാദമായി. മകനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അസംബന്ധമാണെന്നാണ് എം.വി. ഗോവിന്ദന്‍ പ്രതികരിച്ചത്. ആരോപണങ്ങള്‍ പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഷെര്‍ഷാദിന് നിയമപരമായ നോട്ടീസ് അയച്ചിട്ടുണ്ട്.
ഈ വിവാദങ്ങള്‍ക്കിടെ, കൊച്ചിയിലെ ഒരു സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഷെര്‍ഷാദിനെ 2025 ഒക്ടോബറില്‍ കേരള പോലീസ് അറസ്റ്റ് ചെയ്തു. ഇതിന് പിന്നിലും രാഷ്ട്രീയ പ്രതികാര നടപടിയാണെന്ന് ആരോപണമുയര്‍ന്നു. സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായി മാറിയതും ശ്യാംജിത്തുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലൂടെയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പിന്നീട് ഹേമാകമ്മീഷന്‍ റിപ്പോര്‍ട്ടിനുശേഷം വന്ന മീടു ആരോപണങ്ങളില്‍ പെട്ടതിനെ തുടര്‍ന്നാണ് രഞ്ജിത്ത് ആ സ്ഥാനം രാജിവെക്കുന്നത്. ഈ രീതിയില്‍ പാര്‍ട്ടിയില്‍, ഗോവിന്ദന്റെ മകന്‍ ഒരു ലോബിയായി പ്രവര്‍ത്തിക്കുന്ന എന്ന ആരോപണം നിലനില്‍ക്കെ തന്നെയാണ്, ഭര്‍ത്താവ് ഒഴിഞ്ഞ സീറ്റിലേക്ക് ഭാര്യ മത്സരിക്കാനെത്തുന്നത്. ഇതോടെ തളിപ്പറമ്പിലെ ഒരു വിഭാഗം പാര്‍ട്ടിക്കാരുടെ രോഷം അണപൊട്ടുകയാണ്.
തളിപ്പറമ്പില്‍ തകരുമോ?
ശ്യാമളക്ക് സീറ്റ് നല്‍കിയതില്‍, പ്രതിഷേധിച്ച്, 75കാരനായ ടി.കെ. ഗോവിന്ദന്‍ പാര്‍ട്ടി വിടുകയും സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിക്കുകയും ചെയ്തത് തളിപ്പറമ്പ് രാഷ്ട്രീയത്തില്‍ ബോംബായി മാറുകയാണ്. ഒരു വിഭാഗം പ്രവര്‍ത്തകരുടെ പിന്തുണയും ടി കെക്കുണ്ട്. എം.വി. ഗോവിന്ദന്‍ മൂന്ന് തവണ എം.എല്‍.എ ആയ മണ്ഡലം, അദ്ദേഹം മാറി നില്‍ക്കുമ്പോള്‍ ഭാര്യയ്ക്ക് തന്നെ നല്‍കുന്നത് കുടുംബാധിപത്യമാണെന്ന് വിമതര്‍ ആരോപിക്കുന്നു. തുടര്‍ച്ചയായി ജയിച്ചവര്‍ മാറണമെന്ന പാര്‍ട്ടി നയം മറികടക്കാന്‍, തന്റെ സീറ്റ് ഭാര്യയ്ക്ക് നല്‍കുന്നതിലൂടെ എം.വി. ഗോവിന്ദന്‍ കാണിക്കുന്നത് രാഷ്ട്രീയ കുതന്ത്രമാണെന്ന് ടി കെ ഗോവിന്ദന്‍ പറയു്നനു.
പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ശ്യാമളയ്ക്കെതിരെയുള്ള പഴയ വിവാദങ്ങള്‍ വീണ്ടും ചര്‍ച്ചയായിട്ടുണ്ട്. ശ്യാമളയെ രക്ഷിക്കാന്‍ അന്ന് നഗരസഭയിലെ രേഖകളില്‍ പാര്‍ട്ടി ഇടപെട്ട് തിരുത്തല്‍ വരുത്തിയെന്ന് ടി.കെ. ഗോവിന്ദന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അതുപോലെ ഉറച്ച സീറ്റ് നല്‍കാതെ ശൈലജ ടീച്ചറെ പേരാവൂരിലേക്ക് കൊണ്ടുപോയതിനെയും ഗോവിന്ദന്‍ ചോദ്യം ചെയ്യുന്നു. ശ്യാമളയ്ക്ക് ജനങ്ങളുമായി മതിയായ ബന്ധമില്ലെന്നും, തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയില്‍ ഭൂരിഭാഗം പേരും ഈ തീരുമാനത്തെ എതിര്‍ത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. തളിപ്പറമ്പ് മണ്ഡലത്തിന് കീഴിലുള്ള ചില ലോക്കല്‍ കമ്മിറ്റികളിലും ബ്രാഞ്ച് കമ്മിറ്റികളിലും ഈ തീരുമാനത്തിനെതിരെ പ്രതിഷേധമുണ്ടായിട്ടുണ്ട്. ചിലയിടങ്ങളില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.
പാര്‍ട്ടി കോട്ടയിലെ ഈ പൊട്ടിത്തെറിയില്‍ സിപിഎം ശിരിക്കും വിരണ്ട്പോയിട്ടുണ്ട്. ഇപ്പോള്‍, പി. ജയരാജന്‍, എം.വി. ജയരാജന്‍ എന്നീ മുതിര്‍ന്ന നേതാക്കളെ മണ്ഡലത്തിന്റെ പ്രത്യേക ചുമതല പാര്‍ട്ടി ഏല്‍പ്പിച്ചിട്ടുണ്ട്. കണ്ണൂരിലെ ഈ കരുത്തരായ നേതാക്കള്‍െക്ക് തളിപ്പറമ്പിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമന്നാണ് കരുതുന്നത്. ടി.കെ. ഗോവിന്ദനൊപ്പം പോയ പ്രവര്‍ത്തകരെ തിരികെ എത്തിക്കാന്‍ ഇവര്‍ നേരിട്ട് വീടുകള്‍ സന്ദര്‍ശിക്കുന്നുണ്ട്.
1980-ന് ശേഷം സിപിഎമ്മിന്റെ ഉറച്ചകോട്ടയാണ് തളിപ്പറമ്പ്. 1957-ലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ റോസമ്മ പുന്നൂസ് ആണ് ഇവിടെ നിന്ന് ജയിച്ചത്. ഇവര്‍ പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. പക്ഷേ 1960-ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ പി. നാരായണന്‍ നമ്പൂതിരിയും, 1970-ല്‍ സി.പി.ഐ സ്ഥാനാര്‍ത്ഥിയായ സി.പി. ഗോവിന്ദന്‍ നമ്പ്യാരുമാണ് ഇവിടെ ജയിച്ചത്. അന്ന് സി.പി.ഐ, കോണ്‍ഗ്രസ് മുന്നണിയുടെ ഭാഗമായിരുന്നു.
1977-ല്‍ കോണ്‍ഗ്രസ് (ഐ) സ്ഥാനാര്‍ത്ഥിയായ സി.പി. ഗോവിന്ദന്‍ നമ്പ്യാര്‍ തന്നെ വീണ്ടും വിജയിച്ചു. പക്ഷേ 80നുശേഷം ചെങ്കോട്ടയായി ഈ മണ്ഡലം മാറി. സി.പി. മൂസാന്‍ കുട്ടി (1980, 1982), കെ.കെ.എന്‍. പരിയാരം (1987), ഒ. ഭരതന്‍ (1991), കെ.സി ഗോവിന്ദന്‍ (1996), എം.വി. ഗോവിന്ദന്‍ (2001), സി.കെ.പി. പത്മനാഭന്‍ (2006), ജയിംസ് മാത്യു (2011, 2016) എം.വി. ഗോവിന്ദന്‍ (2021) എന്നിവരാണ് ഇവിടെ നിന്ന് ജയിച്ച് കയറിയത്.
പക്ഷേ ഭൂരിപക്ഷം ഇവിടെ ഗണ്യമായി കുറയുകയാണ്. 2016-ല്‍ ജെയിംസ് മാത്യു 40,617 ജയിച്ച മണ്ഡലത്തില്‍ 2021-ല്‍ എം വി ഗോവിന്ദന് 22,689 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ഉണ്ടായത്. ഇതാണ് നേതാക്കളുടെ ചങ്ക് ഇടിപ്പിക്കുന്നത്. ഇപ്പോള്‍ വിമതനായ ഒരു പതിനായിരം വോട്ടുപിടിച്ചാല്‍ പോലും കളിമാറും. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തില്‍ നിന്ന് യു.ഡി.എഫിന് 4,000ത്തിന് മുകളില്‍ വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്.
സിപിഎം കോട്ടയായിരുന്നിട്ടും കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരന് അനുകൂലമായാണ് തളിപ്പറമ്പിലെ വോട്ടര്‍മാര്‍ വിധിയെഴുതിയത്. ഇതില്‍നിന്നും ഒരുകാര്യം വ്യക്തമാണ്. വോട്ടര്‍മാര്‍ ആരുടെയും അടിമകളല്ല. ആഞ്ഞുപിടിച്ചാല്‍ തളിപ്പറമ്പ് എന്ന ചുവന്ന കോട്ട തകര്‍ക്കാന്‍ കഴിയുമെന്നാണ് യുഡിഎഫ് കരുതുന്നത്. അങ്ങനെയാണെങ്കില്‍ സിപിഎമ്മിനെ സംബന്ധിച്ചത്. ബംഗാളിന് സമാനമായ ഒരു തിരിച്ചടിയാവുമത്.
വാല്‍ക്കഷ്ണം: തളിപ്പറമ്പില്‍ മാത്രമല്ല, പാര്‍ട്ടികോട്ടയായ പയ്യന്നൂരിലും സമാനമായ അവസ്ഥയാണ്. പയ്യന്നൂരിലെ രക്തസാക്ഷി ധനരാജ് ഫണ്ട് വിവാദത്തിലും പാര്‍ട്ടി ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണത്തിലും ക്രമക്കേടുകള്‍ നടന്നുവെന്ന് ആരോപണം ഉന്നയിച്ചതിനെത്തുടര്‍ന്ന് പുറത്താക്കപ്പെട്ട, ജില്ലാ കമ്മറ്റിയംഗം വി കുഞ്ഞികൃഷ്ണന്‍ ഇവിടെ വിമതനായി മത്സരിക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍, ചെങ്കോട്ടകള്‍ എന്ന് അറിയപ്പെടുന്ന പാര്‍ട്ടി ഗ്രാമങ്ങളില്‍പ്പോലും സിപിഎം വന്‍ വെല്ലുവിളിയാണ് നേരിടുന്നത്.


