യാദൃച്ഛികമായ ഒരു ബാലിസ്റ്റിക് പരീക്ഷണം, ലോകത്തിന്റെ ഗതിമാറ്റിയ ഒരു ബഹിരാകാശ പര്യവേഷണമായി മാറുക. മനുഷ്യന്‍ ആദ്യമായി നിര്‍മ്മിച്ച കൃത്രിമ ഉപഗ്രഹമായ സ്പുട്നിക്ക് ഒന്നിന്റെ കാര്യത്തില്‍ സംഭവിച്ചത് അതായിരുന്നു. സോവിയറ്റ് യൂണിയന്‍ നിര്‍മ്മിച്ച് ഈ ഉപഗ്രഹം 1957 ഒക്ടോബര്‍ 4-നാണ് ഭ്രമണപഥത്തിലെത്തിയത്. പിന്നീടുണ്ടായ ബഹിരാകാശയുഗത്തിന് തുടക്കം കുറിച്ചത്, റഷ്യന്‍ ഭാഷയില്‍ സഹയാത്രികന്‍ എന്നാണര്‍ഥം വരുന്ന സ്പുട്നിക്കാണ്. കസാഖിസ്ഥാനിലെ ബൈക്കനൂര്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് ഇത് വിക്ഷേപിച്ചത്. ബഹിരാകാശ ഗവേഷണത്തിന്റെ ഭാഗമായല്ല, മറിച്ച് യാദൃച്ഛികമായ ഒരു ബാലിസ്റ്റിക് പരീഷണമാണ് ഇങ്ങനെ ഒരു നേട്ടത്തില്‍ കലാശിച്ചത്. കാര്യമായ പര്യവേക്ഷണ സാമഗ്രികള്‍ ഒന്നും തന്നെ ഇല്ലായിരുന്ന സ്പുട്നിക് ഭൂമിയെ വലം വച്ചതല്ലാതെ വലിയ രേഖകള്‍ ഒന്നും ശേഖരിച്ചില്ല.

സോവ്യറ്റ് യൂനിയന്റെ സൈനിക പദ്ധതികളുടെ ഭാഗമായാണ് ഉപഗ്രഹ വിക്ഷേപണം എന്ന ആശയം നിലവില്‍വന്നത്. എന്നാല്‍, പദ്ധതി ഫലപ്രാപ്തിയോടടുത്തപ്പോള്‍ സൈനിക സ്വഭാവത്തേക്കാള്‍ ശാസ്ത്രസാങ്കേതിക നേട്ടങ്ങള്‍ക്കായി പ്രാധാന്യം. 1955 ജൂലൈയില്‍ ഭൂമിയെ വലംവയ്ക്കുന്ന ഉപഗ്രഹം വിക്ഷേപിക്കുമെന്ന അമേരിക്കയുടെ പ്രഖ്യാപനം വന്നിരുന്നു. ഇതോടെ സോവിയറ്റ് ശാസ്ത്രജ്ഞരും ഉണര്‍ന്നു. മറ്റു രാജ്യങ്ങളുടെയും ഗവേഷണ ഏജന്‍സികളുടെയും സഹായത്തോടെ അമേരിക്ക മുന്നോട്ടു പോകുമ്പോള്‍ സോവ്യറ്റ് യൂണിയന്റെ പണിശാലയിലെ നിശ്ശബ്ദതയില്‍ സ്പുട്നിക് പിറക്കുകയായിരുന്നു. അത് ആകാശത്ത് എത്തിയപ്പോള്‍ ശരിക്കും ഞെട്ടിയത് അമേരിക്കയാണ്. ( അതുപോലെ ഒരു ഞെട്ടലാണ് ഇപ്പോള്‍ ചാറ്റ്ജിടിപി അടക്കമുള്ളവയെ വെട്ടി ചൈനയില്‍നിന്ന് ഡീപ്പ്സീക്ക് ഇറങ്ങിയപ്പോഴും ഉണ്ടായത്)

അതോടെ ബഹിരാകാശ മേഖലയില്‍ വലിയൊരു മത്സരത്തിനാണ് തുടക്കമായത്. 1958 ജനുവരി 5 വരെയുള്ള ചുരുങ്ങിയ ആയുസുമാത്രമേ സ്പുട്നിക്കിനുണ്ടായിരുന്നുള്ളൂ. അധികം താമസിയാതെ 1958 നവംബര്‍ 3ന് സോവിയറ്റ് യൂണിയന്‍ സ്പുട്‌നിക് 2 വിക്ഷേപിച്ചു. ഇതോടെ ശരിക്കും അമ്പരന്ന അമേരിക്ക 1958 ജനുവരി 31ന് എക്സ്‌പ്ലോറര്‍ 1 വിക്ഷേപിച്ച് മറുപടി നല്‍കി. പിന്നീട് അങ്ങോട്ട് ശീതയുദ്ധത്തിനൊപ്പം അമേരിക്ക- സോവിയറ്റ് ബഹിരാകാശ യുദ്ധവും മുറുകി. മനുഷ്യന്‍ ചന്ദ്രനിലെത്തിയത്, അടക്കമുള്ള വലിയ നേട്ടങ്ങള്‍ വന്നത് ഈ പദ്ധതികളുടെ ഭാഗമായിട്ടാണ്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചതോടെ ആ ബഹിരാകാശ യുദ്ധവും സമാപിച്ചു.




ഇപ്പോള്‍ ലോകം ഒരു രണ്ടാം സ്പുടിനിക്ക് മൊമെന്ററിയിക്കാണ് സാക്ഷ്യം വഹിക്കുന്നത് എന്നാണ്, ബിബിസി അടക്കമുള്ള ലോക മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. അതാണ് അമേരിക്കയും ചൈനയും തമ്മിലുള്ള എ ഐ യുദ്ധം. അമേരിക്കന്‍ കമ്പനികളുടെ ഞെട്ടിപ്പിച്ചുകൊണ്ട് വന്ന ഡീപ്സീക്ക് എന്ന എ ഐയെ, സ്പുട്നിക്കിന് സമാനമായ മാറ്റമാണ് ലോകത്ത് കൊണ്ടുവരിക എന്നാണ് വിലയിരുത്തല്‍!

വരുന്നു, രണ്ടാം സ്പുടിനിക്ക് യുദ്ധം

ഇനിയുള്ള കാലം ലോകം നിയന്ത്രിക്കുക എ ഐ ആണെന്നതില്‍ തകര്‍ക്കമില്ല. 1965 -ല്‍ നിര്‍മ്മിതബുദ്ധിയെന്ന വാക്ക് ആദ്യമായി ഉപയോഗിച്ച ജോണ്‍ മാക്കാര്‍ത്തി നിര്‍വചിക്കുന്നത് 'ബുദ്ധിയുള്ള യന്ത്രങ്ങളെ സൃഷ്ടിക്കുവാനുള്ള ശാസ്ത്രവും എന്‍ജിനീയറിങ്ങും' എന്നാണ്. അന്ന് മുതല്‍ നടന്നുവരുന്ന പരീക്ഷണങ്ങള്‍ ഫലപ്രാപ്തിയിലെത്തുന്നത്, കുറച്ചുകാലംമുമ്പ് മാത്രമാണ്. 10 വര്‍ഷം മുന്‍പുവരെ എഐ ഗവേഷണഫലങ്ങള്‍ പലതും നമുക്ക് നേരിട്ട് അനുഭവവേദ്യമാകുന്ന രീതിയില്‍ പ്രചാരത്തില്‍ വന്നിരുന്നില്ല.

ഇതിന് പല കാരണങ്ങളുണ്ട്. സാധാരണ കമ്പ്യൂട്ടര്‍ പ്രോഗ്രാം നമ്മള്‍ എഴുതിക്കൊടുക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, നിര്‍മിത ബുദ്ധി സംവിധാനങ്ങളെ ഡേറ്റ ഉപയോഗിച്ച് പരിശീലിപ്പിച്ചെടുക്കുകയാണ് ചെയ്യുന്നത്. അതിനായി ധാരാളം ഡേറ്റ ആവശ്യമുണ്ട്. നിര്‍മിത ബുദ്ധി സങ്കേതങ്ങള്‍ ഉപയോഗിച്ച് കമ്പ്യൂട്ടറുകളെ പരിശീലിപ്പിക്കുന്നത് വലിയ ചെലവുള്ള കാര്യമാണ്. ഇത് ഏകദേശം നമ്മള്‍ ഒരു കുട്ടിയെ പുതിയ കാര്യങ്ങള്‍ പഠിപ്പിച്ചെടുക്കുന്നതുപോലെയാണ്. കുട്ടിയുടെ കാര്യത്തില്‍ നമ്മള്‍ പലതരം ഉദാഹരണങ്ങള്‍ കാണിച്ചുകൊണ്ട് അത് എന്താണെന്ന് പറഞ്ഞുകൊടുക്കും. അതുപോലെത്തന്നെ നിര്‍മിത ബുദ്ധി സംവിധാനങ്ങള്‍ക്ക് ഡേറ്റ കാണിച്ചിട്ട് ആ ഡേറ്റയില്‍ അടങ്ങിയിരിക്കുന്ന അന്തഃസത്ത എന്താണെന്ന് പറഞ്ഞുകൊടുത്തു പരിശീലിപ്പിക്കുകയാണ് ചെയ്യുന്നത്.




നിലവിലുള്ള മുന്‍നിര നിര്‍മിത ബുദ്ധി മോഡലുകള്‍ പരിശീലിപ്പിക്കാനും പ്രവര്‍ത്തിപ്പിക്കാനും വന്‍തോതിലുള്ള കമ്പ്യൂട്ടിങ് ശേഷിയും ഊര്‍ജവിനിയോഗവും ആവശ്യമാണ്. ഉദാഹരണത്തിന്, ഓപ്പണ്‍ എ.ഐ.യുടെ ജിപിടി 4 മോഡല്‍ പരിശീലിപ്പിക്കാന്‍ ഏകദേശം 100 മില്യണ്‍ ഡോളര്‍ (850 കോടി രൂപ) ചെലവ് ആയിരുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. ഈ ചെലവിന്റെ പ്രധാനഭാഗം സിപിയു തുടങ്ങിയ ഹാര്‍ഡ്വേറുകള്‍ക്കും ഡേറ്റാ സെന്ററുകളുടെ ഊര്‍ജാവശ്യങ്ങള്‍ക്കുമായിമാത്രമായിരുന്നു. പ്രോഡക്ട് റിസര്‍ച്ച്, എന്‍ജിനീയറിങ് ചെലവുകള്‍ ഇതിനു പുറമേയാണുള്ളത്.

പണ്ട് കമ്പ്യൂട്ടറുകള്‍ എങ്ങനെയാണോ ലോകത്തിന്റെ ഗതിയെ മാറ്റി മറിച്ചത് അതുപോലെയുള്ള വിപ്ലവമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌കൊണ്ടും സംഭവിക്കുക. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വരെ ഏത് ചോദ്യവും നാം ഗൂഗിളിനോടാണ് ചോദിച്ചിരുന്നത്. ഇപ്പോള്‍ ഗൂഗിള്‍ ചെയ്യുന്നതിനു പകരം ചാറ്റ് ജിപിടിയോടാണ് ചോദ്യങ്ങളുന്നയിക്കുന്നത്. ഓപ്പന്‍ എഐ വഴിയാണ് ചാറ്റ് ജിപിടി എന്ന രംഗപ്രവേശം ചെയ്തത്. തുടക്കത്തില്‍ അതൊരു സാമൂഹ്യപ്രതിബദ്ധ സംരംഭമായിരുന്നു.

ആദ്യഘട്ടത്തില്‍ ഇതിന് സാമ്പത്തിക സഹായം ചെയ്തുപോന്ന ഇലോണ്‍ മസ്‌കിനെപ്പോലുള്ളവരായിരുന്നു. അവര്‍ പിന്‍വാങ്ങിയപ്പോഴാണ് മൈക്രോസോഫ്റ്റ് അടക്കമുള്ളവര്‍ രംഗത്ത് എത്തിയിത്. പകരം ഓപ്പണ്‍ ഐയുടെ ഗവേഷണ ഫലങ്ങളുടെ ഉടമസ്ഥാവകാശം മൈക്രോസോഫ്റ്റിനടക്കം യഥേഷ്ടം ഉപയോഗിക്കാനാവുന്ന അവസ്ഥ വരികയും ചെയ്തു. അതോടെ ചാറ്റ് ജിപിടി 3.5 വരെ പുലര്‍ത്തിപ്പോന്ന സൗജന്യം പിന്നീട് ഇല്ലാതായി. പുതിയ ഇത് പണം നല്‍കിയാല്‍ മാത്രം ലഭ്യമാവുന്ന സേവനമായി മാറി. മൈക്രോസോഫ്റ്റ് ഉചിതമായ ഘട്ടത്തില്‍ ചാറ്റ് ജിപിടിയുടെ സാദ്ധ്യതകള്‍ അവരുടെ സെര്‍ച്ച് എഞ്ചിനായ ബിങ്ങില്‍ ഉള്‍പ്പെടുത്തി. ഇക്കാലമത്രയും ഗൂഗിള്‍ ചെയ്തവര്‍ പുതിയ കാലഘട്ടത്തില്‍ ബിങ്ങ് ചെയ്യാന്‍ തുടങ്ങി!

2022ലാണ് ചാറ്റ് ജിപിടി എന്ന ലാംഗ്വേജ് മോഡലിന് പണം നല്‍കവേണ്ടിവന്നത്. ഇപ്പോള്‍ ചാറ്റ് ജിപിടി പ്രോ ഉപയോഗിക്കാന്‍ പ്രതിമാസം 200 ഡോളര്‍ സബ്സ്‌ക്രിപ്ഷന്‍ വേണം. പണവും ടെക്ക്നോളജിക്കല്‍ സപ്പോര്‍ട്ട് നന്നായി വേണ്ട മേഖലയാതുകൊണ്ടുതന്നെ എ ഐ മേഖല അമേരിക്കയുടെ മേധാവിത്വമായിരിക്കുമെന്നാണ് പൊതുവെ കരുതിയിരുന്നത്. പക്ഷെ, 2003-ല്‍ തുടക്കമിട്ട ചൈനയിലെ ഒരു സ്റ്റാര്‍ട്ടപ് കമ്പനി ആ ധാരണയെല്ലാം തകര്‍ത്തു. പ്രതിഭയും ബുദ്ധിയുമുള്ള മനുഷ്യരെ ആര്‍ക്കും തടയാന്‍ കഴിയില്ല എന്നതിന്റെ ഉദാഹരണമായിരുന്നു ഡീപ് സീക്ക് ആര്‍ വണ്‍ എന്ന എഐ. അമേരിക്കന്‍ സ്റ്റോക് മാര്‍ക്കറ്റിനെയും സകലമാന ഭീമന്‍ ടെക് കമ്പനികളെയും അക്ഷരാര്‍ത്ഥത്തില്‍ ഇത് വിറപ്പിച്ചു. ഡീപ്പ് സീക്ക് പുറത്തിറക്കിയ നിമിഷത്തെ വിശേഷിപ്പിക്കുന്നത് സ്പുടിനിക്ക് മൊമന്റ് എന്നാണ്. സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മിലുള്ള സ്പേസ് വാറിന് സമാനമായി ഇനി, ചൈനയും യുഎസും തമ്മില്‍ ഐഎ യുദ്ധമാണെന്ന് ചുരുക്കം.




ഹീറോയായ ലിയാങ് വെന്‍ഫെങ്

ലിയാന്‍ വെന്‍ഫെംഗ് എന്ന യുവാവ് സ്ഥാപിച്ച ചൈനീസ് എഐ ടെക് സ്റ്റാര്‍ട്ടപ്പാണ് ഡീപ്സീക്ക്. ശക്തമായ എഐ മോഡലുകള്‍ വികസിപ്പിക്കുന്നതിന് വന്‍തോതില്‍ മൂലധന ചെലവ് അനിവാര്യമാണെന്നിരിക്കെ വെറും 5.6 മില്യണ്‍ ഡോളര്‍ ചെലവാക്കിയാണ് ഡീപ്സീക്കിന്റെ വരവ്. മികച്ച എ.ഐ. മോഡലുകള്‍ സൃഷ്ടിക്കാന്‍ കൂടുതല്‍ ശക്തമായ ജിപിയുകള്‍ (ഗ്രാഫിക്സ് പ്രോസസിങ്ങ് യുണിറ്റ്) ആവശ്യമാണ് എന്നതായിരുന്നു ഈ മേഖലയിലെ പൊതുവായ വിജയസൂത്രം. എന്നാല്‍, ഡീപ്സീക്ക് ഈ ആശയത്തെ തലകുത്തിമറിച്ചു. ഇതിന് വെറും ആയിരത്തോളം ജിപിയുകള്‍ ഉപയോഗിച്ച് അതേ ഫലം കൈവരിച്ചു. എ.ഐ. ഗവേഷണത്തെയും വികസനത്തെയും കൂടുതല്‍ ജനകീയവത്കരിക്കാന്‍ സഹായിക്കും.

ഓപ്പണ്‍ എഐ, ഗൂഗിള്‍ ജെമിനി, മെറ്റാ എഐ എന്നിവയെ പിന്തള്ളിയാണ്, ചൈനയിലെ സ്വകാര്യ ലാബായ നീസ് എഐ ലാബ് പുറത്തിറക്കിയ ഡീപ്സീക്ക് കുതിക്കുന്നത്. കണക്കുകള്‍ പ്രകാരം ആപ്പിള്‍ ഐഒഎസില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പായി ഇത് മാറി. ജനുവരി 25-ന് ഡൗണ്‍ലോഡ് റാങ്കിംഗില്‍ 102-ാം സ്ഥാനത്തായിരുന്ന ഡീപ്സീക്ക് ജനുവരി 27-ന് ഒന്നാം സ്ഥാനത്തെത്തി. മറ്റ് എഐ ആപ്പുകളെ അപേക്ഷിച്ച് സൗജന്യമാണ് എന്നതാണ് ഇതിനെ ജനപ്രിയമാക്കുന്ന പ്രധാന ഘടകം. എഐ മോഡലുകള്‍ വികസിപ്പിക്കാന്‍ വന്‍ തുക ചെലവാകുമെന്നിരിക്കേ 5.6 മില്യണ്‍ ഡോളര്‍ മാത്രമാണ് ചെലവായിട്ടുള്ളത്. ചാറ്റ് ജിപിടിയേക്കാള്‍ കൃത്യതയോടും വിശദവുമായി വിവരങ്ങള്‍ നല്‍കാന്‍ ഡീപ്‌സീക്കിന് സാധിക്കും. സൗജന്യമാണ് താനും.

ഡീപ്പ്് സീക്കിന്റെ സി.ഇ.ഒ യായ ലിയാങ് വെന്‍ഫെങ് ഇപ്പോള്‍ ചൈനയിലെ ജനങ്ങളുടെ ഹീറോയായി മാറിയിരിക്കുകയാണ്. മൈക്രോചിപ്പിന് ചൈനക്ക് മേല്‍ വിലക്ക് ഏര്‍പ്പെടുത്തിയ അമേരിക്കക്ക് നല്‍കിയ ഏറ്റവും നല്ല പണി ഇതാണെന്നാണ് ചൈനാക്കാര്‍ പറയുന്നത്. ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധം നേരിടാനും ചൈന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുകയാണ്. ടെക്ക് കമ്പനികളുടെ യാഥാര്‍ത്ഥ്യബോധമില്ലാത്ത മൂല്യവുംവിപണികളിലെ അമേരിക്കന്‍ അപ്രമാധിത്വവുമാണ് ചോദ്യം ചെയ്യപ്പെടുന്നത്.

ഡീപ്സീക്കിന്റെ വരവോടെ ലോകമെമ്പാടുമുള്ള കമ്പനികള്‍ നിര്‍മ്മിത ബുദ്ധിയില്‍ വലിയ നിക്ഷേപം നടത്തുന്നതില്‍ പുനര്‍വിചിന്തനം നടത്തുകയാണ്. വന്‍കിട ടെക്ക് ഭീമന്‍മാര്‍ ഓരോ വര്‍ഷവും നടത്തുന്ന നിക്ഷേപത്തേക്കാള്‍ കുറഞ്ഞ ചെലവിലാണ് ഡീപ്‌സീക്ക് പുതിയ പ്ളാറ്റ്‌ഫോം വികസിപ്പിച്ചത്. ഡീപ്പ്സീക്കിന്റെ നിര്‍മ്മാണ ചെലവ് 58 ലക്ഷം ഡോളര്‍ എന്നത് സിലിക്കണ്‍വാലിക്കുള്ള മുന്നറിയിപ്പെന്ന് ട്രംപ് വ്യക്തമാക്കി. ഡീപ്സീക്കിന്റെ മുന്നേറ്റം അമേരിക്കയിലെ ടെക്ക് കമ്പനികള്‍ കൂടുതല്‍ കരുതലോടെ നീങ്ങണമെന്ന മുന്നറിയിപ്പാണെന്നും അദ്ദേഹം പറഞ്ഞു. ചെലവ് കുറഞ്ഞ രീതിയില്‍ നിര്‍മ്മിത ബുദ്ധി സേവനങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുമെന്നതിനാല്‍ അമേരിക്കയ്ക്ക് പുതിയ സംഭവ വികാസങ്ങള്‍ നേട്ടമാകുമെന്നും ട്രംപ് പറയുന്നു.

ആഗോള വിപണിയെ പിടിച്ചുകുലുക്കിയ ഡീപ്പ്സീക്കിന് ഇന്ത്യയിലും ഉപഭോക്താക്കള്‍ കൂടുകയാണ്. ആപ്പിളിന്റെ ഐ.ഒ.എസില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡാണ് ഡീപ്പ്സീക്ക് നേടിയത്. ചാറ്റ്ജിപിടി, ജെമിനി എന്നിവയെ ബഹുദൂരം പിന്നിലാക്കിയാണ് ഡീപ്പ്സീക്ക് കുതിക്കുന്നത്.




അവര്‍ക്ക് നഷ്ടം 9.34 ലക്ഷം കോടി രൂപ!

എല്ലാവരും അഞ്ചൂറ് രൂപക്ക് കൊടുക്കുന്ന ഒരു ഉല്‍പ്പന്നം, അതേ നിലവാരത്തില്‍ ഒരു കമ്പനി വിപണിയില്‍ സൗജന്യമായി എത്തിച്ചാല്‍ എന്താവും സ്ഥിതി. എല്ലാവരും അവരുടെ പിറകെ പോവും. അഞ്ചൂറുരൂപക്കാര്‍ പാപ്പരാവും. ഡീപ്സീക് ഇറങ്ങിയപ്പോള്‍, അതാണ് സംഭവിച്ചത്. ഡീപ്‌സീക്ക് ഷോക്കില്‍, ലോക കോടീശ്വരന്മാരിലെ പ്രമുഖര്‍ക്ക് ഒരൊറ്റ ദിവസംകൊണ്ട് നഷ്ടമായത് 9.34 ലക്ഷം കോടി (108 ബില്യണ്‍ ഡോളര്‍) രൂപയാണ്!

എഐയുമായി ബന്ധമുള്ള 500ഓളം ശതകോടീശ്വരന്മാര്‍ക്കാണ് അടിതെറ്റിയത്. ബ്ലൂംബര്‍ഗ് ബില്യണയേഴ്‌സ് സൂചിക പ്രകാരം, ലോകത്തെ ഏറ്റവും വലിയ ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയയുടെ ഹുവാങിന്റെ സമ്പത്തില്‍ 20 ശതമാനം (20.1 ബില്യണ്‍ ഡോളര്‍) കുറവുണ്ടായി. കമ്പനിയുടെ വിപണി മൂല്യത്തില്‍ 60,000 കോടി ഡോളറിന്റെ ഇടിവാണുണ്ടായത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു കമ്പനിയുടെ വിപണി മൂല്യത്തില്‍ ഒറ്റ ദിവസത്തില്‍ ഇത്രയും വലിയ തകര്‍ച്ചയുണ്ടാകുന്നത്. ഒറാക്കിള്‍ സ്ഥാപകന്‍ ലാറി എല്ലിസണ് നേരിടേണ്ടിവന്നത് 12 ശതമാനം (22.6 ബില്യണ്‍ ഡോളര്‍) നഷ്ടം. ഡെല്ലിന്റെ മൈക്കല്‍ ഡെല്ലിന്റെ സമ്പത്തില്‍ 13 ബില്യണ്‍ ഡോളറും ബൈയാന്‍സ് ഹോള്‍ഡിങ്‌സിന്റെ സഹസ്ഥാപകന്‍ ഷാന്‍പെങിന്റെ സ്വത്തില്‍ 12.1 ബില്യണ്‍ ഡോളറും അപ്രത്യക്ഷമായി.

രണ്ടര വര്‍ഷത്തോളമായി വിപണിയുടെ മൂന്നേറ്റത്തിലൂടെ വന്‍തോതില്‍ നേട്ടമുണ്ടാക്കിയ (എഐ ശൃംഖലയുടെ ഭാഗമായ) ശതകോടീശ്വരന്മാര്‍ക്ക് കനത്ത ആഘാതമായി ഡീപ്‌സീക്കിന്റെ വരവ്. മെറ്റ പ്ലാറ്റ്‌ഫോംസ്, ആല്‍ഫബെറ്റ്, മൈക്രോസോഫ്റ്റ് എന്നിവയുടെ എഐ മോഡലുകള്‍ ആഗോളതലത്തില്‍ കോടീശ്വരന്മാരുടെ സമ്പത്തില്‍ വന്‍ വര്‍ധനവിന് കാരണമായിരുന്നു. എഐ പദ്ധതികള്‍ക്കായി 65 ബില്യണ്‍ ഡോളര്‍ വരെ ചെലവഴിക്കാന്‍ പദ്ധതിയുള്ളതായി മെറ്റ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ബ്ലൂംബര്‍ഗിന്റെ റിപ്പോര്‍ട്ട് പ്രകാരം 2025ല്‍ എഐക്കായി വന്‍കിട ടെക് കമ്പനികള്‍ മുടക്കാനിരിക്കുന്നത് 200 ബില്യണ്‍ ഡോളറാണ്. ഇതിനിടെയാണ് കുറഞ്ഞ ചെലവില്‍ എഐയുമായി ഡീപ്‌സീക്കിന്റെ ഷോക്ക്.

എഐ വഴി എന്‍വിഡിയയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 2023 മുതല്‍ കഴിഞ്ഞ വെള്ളിയാഴ്ചവരെയുള്ള എഐ ബൂമില്‍ ഹുവാങ്ങിന്റെ ആസ്തി എട്ട് മടങ്ങ് വര്‍ധിച്ച് 121 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. സക്കര്‍ബര്‍ഗിന്റെ സമ്പത്താകട്ടെ 385 ശതമാനം ഉയര്‍ന്ന് 229 ബില്യണ്‍ ഡോളറായി. ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസിന്റെ സമ്പത്താകട്ടെ 133 ശതമാനം ഉയര്‍ന്ന് 154 ബില്യണുമായി. എന്‍വിഡിയയുടെ ഹുവാങ്ങും എലിസണും കനത്ത നഷ്ടം നേരിട്ടപ്പോള്‍ മറ്റ് പ്രമുഖ കോടീശ്വരന്മാര്‍ കാര്യമായി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് മറ്റ് ബിസിനസുകള്‍ കൂടി ഉണ്ടായിരുന്നതുകൊണ്ടാണ്.

ചൈനക്കെതിരെ ചോദിച്ചാല്‍ കുട്ടി മിണ്ടില്ല!

ചാറ്റ് ജിപിടി, അന്‍ട്രോപിക് ക്ലൗഡ് എന്നിവ ഉള്‍പ്പടെയുള്ള എതിരാളികള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി സ്വതന്ത്ര മോഡല്‍ വികസിപ്പിക്കാന്‍ ഡീപ്‌സീക്കിനായി എന്നതാണ് ആഗോളതലത്തില്‍ ഉയര്‍ത്തിയ വെല്ലുവിളി. സിലിക്കണ്‍ വാലിയിലെ എഐ മോഡലുകള്‍ക്കായുള്ള മൂലധന ചെലവിന്റെ യുക്തി ചോദ്യംചെയ്യാന്‍ നിക്ഷേപകരെ ഇത് പ്രേരിപ്പിക്കുകയാണ്. ഇനി ചുരങ്ങിയ ചെലവില്‍ എ ഐ ഉണ്ടാക്കാനായിരികക്കും അമേരിക്കയുടെയും നീക്കം.




ഡീപ്സീക്ക് ഈ മേഖലയില്‍ ചില ഗൗരവമായ പ്രശ്നങ്ങളും ഉയര്‍ത്തുന്നുണ്ട്. ചൈന സര്‍ക്കാര്‍ മറയ്ക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളൊന്നും ഈ ചാറ്റ്ബോട്ടില്‍നിന്ന് ലഭ്യമല്ല എന്നുള്ളതാണ്. ഒരു കമ്പനിക്ക് അത് പ്രവര്‍ത്തിക്കുന്ന രാജ്യത്തെ സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് അനുസരിച്ചേ പ്രവര്‍ത്തിക്കാനാകൂ. അതുകൊണ്ടുതന്നെ ചൈനക്കെതിരായ വിവരങ്ങള്‍ ഒന്നും ഇതിലില്ല. അതുചോദിച്ചാല്‍, ക്ഷമിക്കണം, മറ്റന്തെങ്കിലും കാര്യത്തെ കുറിച്ച് സംസാരിക്കാമെന്ന് പറഞ്ഞ് ഡീപ്സീക്ക് മുങ്ങും. ടിയാനനെമന്‍ സ്‌ക്വയറില്‍ എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചാല്‍ മൗനമാണ് ഡീപ്പ് സീക്കിന്റെ മറുപടി. ഏഷ്യയിലെ പ്രധാന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെക്കുറിച്ച് ചോദിച്ചാലും, കോവിഡിന്റെ ഉറവിടത്തെക്കുറിച്ചും ഉത്തരമില്ല.

അരുണാചല്‍ പ്രദേശുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് ഡീപ് സീക്ക് നല്‍കിയ മറുപടിയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുന്നുണ്ട്. ഇന്ത്യന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിനെ കുറിച്ചുള്ള ചോദ്യത്തില്‍ നിന്നും വ്യക്തമായ മറുപടി നല്‍കാതെ ഡീപ്‌സീക്ക് ഒഴിഞ്ഞുമാറുകയായിരുന്നു. ''ക്ഷമിക്കണം, ഈ ചോദ്യം എന്റെ അറിവിന് അപ്പുറമാണ്. നമ്മള്‍ക്ക് മറ്റെന്തെങ്കിലും സംസാരിക്കാം'' എന്നാണ് ഡീപ്‌സീക്ക് മറുപടി നല്‍കിയത്. വടക്കു-കിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളെ കുറിച്ചുള്ള മറ്റൊരു ചോദ്യത്തിനും ഇതേ മറുപടിയാണ് ഡീപ്‌സീക്കിന്റെ ചാറ്റ് ബോട്ട് മറുപടി നല്‍കിയത്.

അതായത് ചൈനീസ് ഭരണകുടം ഡീപ്പ് സീക്കിനെയും സെന്‍സര്‍ ചെയ്യുന്നുവെന്ന് ചുരുക്കം. ലോകം എന്തറിയണമെന്ന് ചൈന തീരുമാനിക്കുകയാണ്. ലോകത്തിന് മുന്‍പില്‍ ചൈന മറച്ച് പിടിക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ ഡീപ്സീക്കും മറച്ചുപിടിക്കും. ചൈനീസ് താല്‍പ്പര്യങ്ങള്‍ ഡീപ്സീക്കിനെ നിയന്ത്രിച്ചാല്‍ ലോകത്തിന് വലിയ ഭീഷണിയാകും ഇത് സൃഷ്ടിക്കുകയെന്ന് വിമര്‍ശനമുണ്ട്്. ഇത് അറിയാനുള്ള സ്വതന്ത്ര്യത്തിനും അഭിപ്രായ സ്വതന്ത്ര്യത്തിനും നേരെയുള്ള വെല്ലുവിളിയായാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ചാറ്റ് ജിടിപിയില്‍ അടക്കം അഭിപ്രായങ്ങള്‍ സ്വതന്ത്ര്യവും സുതാര്യവുമാണ്.

വരുന്നു, ഇന്ത്യയുടെ സ്വന്തം എ ഐ

ഇവിടെ കമ്യൂണിസ്റ്റുകാര്‍ തെറ്റായി പ്രചരിപ്പിക്കുന്നതുപോലെ സമ്പന്നരാജ്യങ്ങളുടെ കുത്തകയൊന്നുമല്ല എ ഐ. കഴിവും പ്രതിഭയുമുള്ള ആര്‍ക്കും അതില്‍ വിജയിക്കാന്‍ കഴിയും. അതിനിടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വിശാല ലോകത്തേക്ക് ഇന്ത്യയും എത്തുകയാണ്. ഇന്ത്യയുടെ തദ്ദേശീയമായ എ.ഐ മോഡലുകളുടെ ആദ്യ പതിപ്പുകള്‍ നാല് മുതല്‍ പത്ത് മാസങ്ങള്‍ക്കുള്ളില്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ സാംസ്‌കാരികവും ഭാഷാപരവുമായ വൈവിധ്യങ്ങളെ കൈകാര്യം ചെയ്യാനുതകുന്ന തരത്തിലാണ് ഈ മോഡല്‍ വിഭാവനം ചെയ്തിരിക്കുന്നത്.

ഇന്ത്യയുടെ എ ഐ വൈകാതെ ഇറങ്ങുമെന്ന, കേന്ദ്ര ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവിന്റെ വാക്കുകള്‍ ആവേശത്തോടെയാണ് രാജ്യം കേട്ടത്. ഇന്ത്യ സ്വന്തമായി ലാര്‍ജ് ലാംഗ്വേജ് മോഡല്‍ (എല്‍.എല്‍.എം) വികസിപ്പിച്ചുകൊണ്ട് നിര്‍മ്മിതബുദ്ധി മേഖലയില്‍ വലിയ മുന്നേറ്റത്തിന് ഒരുങ്ങുകയാണെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. പത്ത് മാസത്തിനകം ചാറ്റ് ജി.പി.ടിക്കും ഡീപ്‌സീക്കിനും സമാനമായ ഇന്ത്യയുടെ എ.ഐ. അവതരിക്കുമെന്നും മന്ത്രി പറയുന്നു.

'ഇന്ത്യയുടെ എ.ഐ. സ്വപ്നങ്ങള്‍ക്ക് അടിസ്ഥാനസൗകര്യങ്ങളുടെ വലിയ പിന്തുണയുണ്ട്. പതിനായിരം ജി.പി.യുകള്‍ സ്വന്തമാക്കുക എന്ന പ്രാരംഭലക്ഷ്യം നമ്മള്‍ മറികടന്നു. ഇപ്പോള്‍ രാജ്യത്തിനാകെ 18,600 ജി.പി.യുകളാണുള്ളത്. എ.ഐ. മോഡലിനെ പരിശീലിപ്പിക്കാന്‍ ഈ അത്യാധുനിക കമ്പ്യൂട്ടിങ് ശക്തി നിര്‍ണായകമാകും. ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള എന്‍വിഡിയയുടെ എച്ച് 100, എച്ച് 200 എന്നിവയാണ് നമ്മുടെ ഭൂരിഭാഗം ജി.പി.യുകളും. ഒപ്പം എ.എം.ഡിയുടെ എം.ഐ. 325 ജി.പി.യുകളുമുണ്ട്. താരതമ്യം ചെയ്ത് പറയുകയാണെങ്കില്‍, ഡീപ്‌സീക് 2,500 ജി.പി.യുകള്‍ ഉപയോഗിച്ച് പരിശീലനം നേടിയപ്പോള്‍, ചാറ്റ് ജി.പി.ടി. 25,000 എണ്ണമാണ് ഇതിനുപയോഗിച്ചത്. അതേസമയം ഇന്ത്യ 15,000-ത്തിലേറെ ഹൈ-എന്‍ഡ് ജി.പി.യുകളാണ് ഇതേകാര്യത്തിനായി ഉപയോഗിക്കുന്നത്. ഇത് എ.ഐ. മത്സരത്തില്‍ ഇന്ത്യയെ ശക്തമായ നിലയിലെത്തിക്കും.' -അശ്വിനി വൈഷ്ണവ് പറഞ്ഞു.




ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഡെവലപ്പര്‍മാര്‍ക്കും ഇത് വലിയ തോതില്‍ ഗുണം ചെയ്യും. ചെലവിന്റെ 40 ശതമാനം സബ്‌സിഡി നല്‍കിയ ശേഷം ജിപിയുവിന് 100 രൂപയില്‍ താഴെ വിലയ്ക്ക് ഉപയോക്താക്കള്‍ക്ക് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.

ഇന്ത്യ എഐയുടെ വളരെ പ്രധാനപ്പെട്ട കേന്ദ്രമാണെന്നും ആഗോളതലത്തില്‍ കമ്പനിയുടെ രണ്ടാമത്തെ വലിയ വിപണിയാണെന്നും ഓപ്പണ്‍ എഐ സഹ സ്ഥാപകനും സിഇഒ യുമായ സാം ആള്‍ട്ട്മാന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. എഐ മോഡലുകളുടെ മത്സരത്തില്‍ ഇന്ത്യക്ക് മുന്‍നിര ശക്തിയാകാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്ര റെയില്‍വേ, ഇലക്ട്രോണിക്സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ സാന്നിധ്യത്തില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ യുവ സംരംഭകര്‍ ചെലവ് കുറയ്ക്കുന്ന നൂതനാശയങ്ങള്‍ കണ്ടെത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇന്ത്യകൂടി രംഗത്തിറങ്ങുന്നതോടെ ആഗോള തലത്തില്‍ എ ഐ മേഖലയില്‍ വലിയ മത്സരമാണ് നടക്കുക. കമ്പ്യൂട്ടര്‍ ഇന്ത്യയുടെ മുഖഛായ മാറ്റിയതുപോലെ, എ ഐയും ഈ രാജ്യത്തെയും മാറ്റിമറിക്കുമെന്ന് കരുതാം.

വാല്‍ക്കഷ്ണം: കേരളത്തില്‍ കമ്യൂണിസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതുപോലെ, മുതലാളിത്തത്തിന് കൂടുതല്‍ പണമുണ്ടാക്കാന്‍ കൊണ്ടുവന്ന സാധനമൊന്നുമല്ല എ ഐ. ആദ്യം എ ഐ സോഷ്യലിസത്തിലേക്കുള്ള പാതയാണെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, പിന്നീട് മലക്കം മറിയുന്ന കാഴ്ചയാണ് നാം കണ്ടത്. സ്പീര്‍ക്കര്‍ ഷംസീര്‍ ആവട്ടെ, ഒരുപടികൂടി കടന്ന് ഇപ്പോഴുള്ളത് ടെക്നോ ഫ്യൂഡലിസമാണെന്നാണ് പറയുന്നത്. ഫെയ്സ്ബുക്ക് സ്ഥാപകന്‍ സക്കര്‍ബര്‍ഗ് ഫ്യൂഡലിസ്റ്റാണെന്നും, ടെസ്ല മേധാവി മസ്‌ക് ജന്മിയാണെന്നും ഷംസീര്‍ വിമര്‍ശിക്കുന്നു. കമ്പ്യൂട്ടറിനെ 'തൊഴില്‍ തിന്നുന്ന ബകനാക്കി' അടിച്ചുപൊട്ടിച്ച പഴയകാലത്തു നിന്ന് കേരളത്തിലെ കമ്യൂണിസ്റ്റുകള്‍ ഒട്ടും മുന്നേറിയിട്ടില്ല!