- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ആനയെ മസ്തകത്തിൽ അടിച്ചുകൊല്ലുന്ന കരുത്തനായ കരികാലനെ കൊന്നത് ആര്; ആയിരം വർഷം കഴിഞ്ഞിട്ടും തീരാത്ത ദുരൂഹത; സിമന്റ് കണ്ടുപിടിക്കുന്നതിന് നൂറ്റാണ്ടുകൾ മുമ്പ് ഡാം പണിതവർ; ഇന്തോനേഷ്യയിൽ വരെ എത്തിയ നേവി; തഞ്ചാവൂർ മുതൽ ബംഗാൾ വരെ പിടിച്ചെടുത്ത രാജേന്ദ്രചോളൻ; പിഎസ് 2 പറയാത്ത ചോളരുടെ ത്രസിപ്പിക്കുന്ന ചരിത്രം!
ആയിരം കൊല്ലം മുമ്പ്, യൂറോപ്പിലെയടക്കം രാജ്യങ്ങളിൽ ഭൂരിഭാഗവും പ്രാകൃതാവസ്ഥയിൽ കഴിയുമ്പോൾ, സ്വന്തമായി കരുത്തുറ്റ ആർമിയും, നേവിയും ഉണ്ടാക്കിയ ഒരു രാജവംശം. സിമന്റ് കണ്ടുപടിക്കുന്നതിന് എത്രയോ മുമ്പ് സുർക്കി കൊണ്ട് അണക്കെട്ടുണ്ടാക്കുന്ന ടെക്ക്നോളജിവരെ ഉണ്ടായിരുന്നവർ. കലയിലും, സാഹിത്യത്തിലും, ശിൽപ്പനിർമ്മാണത്തിലും, വാസ്തുവിദ്യയിലുമെല്ലാം ലോകോത്തര നിലവാരം പുലർത്തിയിരുന്നവർ. അതായിരുന്നു ദക്ഷിണേന്ത്യയിലെ ചോള രാജവംശം. ഇപ്പോൾ റിലീസായ, മണിരത്നത്തിന്റെ പൊന്നിയൻ സെൽവൻ രണ്ടാംഭാഗം എന്ന പിഎസ് 2 പറയുന്നത് ആ കഥയാണ്. കൽക്കി കൃഷ്ണമൂർത്തിയുടെ പ്രശസ്തമായ പൊന്നിയിൻ സെൽവൻ നോവലിന്റെ അടിസ്ഥാനത്തിലാണ് സിനിമ. പക്ഷേ സിനിമയിൽ കാണിച്ചിരിക്കുന്നതിനൊക്കെ എത്രയോ അപ്പുറത്താണ്, ചോളന്മാരുടെ യഥാർത്ഥ കഥ.
9ാംനൂറ്റാണ്ടുമുതൽ 13ാം നൂറ്റാണ്ടുവരെ ദക്ഷിണേന്ത്യ അടക്കിഭരിച്ച ഒരു സാമ്രാജ്യമായിരുന്നു ചോള സാമ്രാജ്യം. അതുവരെ ഭരിച്ചിരുന്ന പാണ്ഡ്യരെയും പല്ലവരെയും നിഷ്പ്രഭരാക്കിയാണ് അവർ കയറിവന്നത്. തഞ്ചാവൂരിൽ നിന്ന് തുടങ്ങി മലബാർ തീരവും, ഒഡീഷയും, ബംഗാളുമൊക്കെ കീഴ്പ്പെടുത്തിയ വീരന്മാർ. ലോകത്തിലെ ഏറ്റവും ശക്തമായ നാവിക സേനയുണ്ടായിരുന്ന രാജവംശം. ബംഗാൾ ഉൾക്കെടലിനെ അവർ ചോള തടാകം എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. ഗംഗാ സമതലം കീഴടക്കിയതിന് ശേഷവും തീർന്നില്ല ചോളസാമ്രാജ്യത്തിന്റെ വികസനം. ലക്ഷദ്വീപ്, ശ്രീലങ്ക തൊട്ട് മലേഷയും ഇന്തോനേഷ്യയും വരെ അവർ കാൽച്ചുവട്ടിലാക്കി.
വെറുതെ സാമ്രാജ്യം വികസിപ്പിക്കുന്നതിൽ മാത്രം ശ്രദ്ധിക്കുന്നവർ ആയിരുന്നില്ല ചോള രാജവംശം. ജനക്ഷേമം അറിഞ്ഞ് പ്രവർത്തിച്ച് ഭരണാധികാരികൾ കൂടിയായിരുന്നു അവർ. കല, സാഹിത്യം, ആർക്കിടെക്ച്ചർ, വസ്ത്രനിർമ്മാണം, വാണിജ്യം, തുടങ്ങിയ വിവിധ മേഖലകളിലയി ദക്ഷിണേന്ത്യ തിളങ്ങിയ കാലം കൂടിയായിരുന്നു അത്. ഇന്ത്യയിൽ ശക്തരായ രാജാക്കന്മാർ ഇല്ലായിരുന്നുവെന്നും, നാം ശാസ്ത്ര- സാങ്കേതിക വിദ്യകളിൽ പാശ്ചാത്യരെ വെച്ചുനോക്കുമ്പോൾ ഏറെ പുറകിലും ആണെന്ന പൊതു ധാരണ ചോള രാജവംശത്തിന്റെ ചരിത്രത്തിലുടെ കടന്നുപോവുമ്പോൾ തെറ്റാണെന്ന് മനസ്സിലാവും.
ആനയെ അടിച്ചുകൊല്ലുന്ന കരികാലൻ
ചോള സാമ്രാജ്യത്തിന്റെ രാജാവ് പരാന്തകൻ രണ്ടാമൻ എന്ന സുന്ദര ചോളന്റെയും ( സിനിമയിൽ പ്രകാശ്രാജ്) വനവൽ മഹാദേവിയുടെയും മൂത്തമകനായിരുന്നു ആദിത്യ കരികാലൻ ( സിനിമയിൽ വിക്രം). ഇന്നത്തെ തമിഴ്നാട്ടിലെ തിരുക്കോയിയൂരിൽ പത്താംനൂറ്റാണ്ടിലായിരുന്നു ജനനം. സുന്ദരചോളന്റെ കാലമായപ്പോഴേക്കും പാണ്ഡ്യന്മാർ കയറിവരുന്ന കാലമായിരുന്നു. അവർ ചോളന്മാരുടെ ഭുമി കുറേയധികം തിരിച്ചുപിടിച്ചു. അതുകൊണ്ടുതന്നെ ചോള സാമ്രാജ്യത്തിന്റെ വലുപ്പം കൂട്ടുക എന്നതായി സുന്ദര ചോളന്റെ എറ്റവും വലിയ ദൗത്യം. അതിന് മുന്നിൽനിന്ന് പട നയിച്ചത്, ആനയെപ്പോലും മസ്തകത്തിൽ അടിച്ച് കൊല്ലാൻ കഴിയുന്നത്ര, കരുത്തനായ ആദിത്യ കരികാലനായിരുന്നു. ആനകളുടെ അന്തകൻ എന്ന രീതിയിലാണ് കരികാലൻ എന്നപേരുപോലും വന്നത്. വീരപാണ്ഡ്യൻ എന്ന കരുത്തനായ യോദ്ധാവായിരുന്നു ആ സമയത്ത് പാണ്ഡ്യന്മാരുടെ നേതാവ്. നേരത്തെ പല ചോള രാജാക്കാന്മാരും വീര പാണ്ഡ്യനോട് മുട്ടി തോൽക്കുകയാണ് ചെയ്തത്.
വീരപാണ്ഡ്യന്റെ കൈയിലുള്ള സ്ഥലങ്ങൾ തിരിച്ചുപിടിക്കുന്നതിനായി സുന്ദര ചോളൻ പദ്ധതി തയ്യാറാക്കി. ഇതിന്റെ ചുക്കാൻ പിടിച്ചത് മകൻ ആദിത്യ കരികാലനായിരുന്നു. ആദ്യത്യക്ക് വേണ്ടി ഒരു ബാറ്റാലിയൻ പട്ടാളത്തെയാണ് രാജാവ് വിട്ടുകൊടുത്തത്. കരികാലൻ മുന്നിൽനിന്ന് പട നയിച്ചു. ഇന്നത്തെ തമിഴ്നാട്ടിലെ ചേവൂർ എന്ന സ്ഥലത്ത് നടന്ന ആ പാണ്ഡ്യ- ചോള യുദ്ധം, 'ചേവൂർ ബാറ്റിൽ' എന്നപേരിൽ പ്രശസ്തമായി. പിന്നീട് തമിഴ് ചെമ്പ് ഫലകങ്ങളിൽനിന്നും, ശിലാലിഖിതങ്ങളിൽനിന്നും ഇതേക്കുറിച്ചുള്ള വിവരങ്ങൾ കിട്ടുന്നുണ്ട്.
ചില ഫലകങ്ങളിൽ എഴുതിയിരിക്കുന്നത് ഇവിടെ രക്തനദി ഒഴുകിയെന്നാണ്. കരുത്തനായ കരികാലനുമുന്നിൽ പാണ്ഡ്യർക്ക് പിടിച്ചുനിൽക്കാനായില്ല. യുദ്ധത്തിനൊടുവിൽ വീരപാണ്ഡ്യൻ കൊല്ലപ്പെട്ടു. വൈഗാ നദിക്കരയിൽ നടന്ന ആ യുദ്ധത്തിൽ, വീര പാണ്ഡ്യനെ ഓടിച്ചിട്ട് പിടിച്ച് തലയറുത്ത്, അത് കുന്തത്തിൽ കുത്തി കരികാലൻ പൊതുദർശനത്തിന് വെച്ചു!
പക്ഷേ പൊന്നിയിൻ സെൽവൻ സിനിമയിലും കഥയിലും ചരിത്രത്തിൽനിന്ന് കുറച്ച് വ്യത്യാസമുണ്ട്. ഇവിടെ കൽക്കി കൃഷ്ണമൂർത്തിയുണ്ടാക്കിയ സാങ്കൽപ്പിക കഥാപാത്രമായ നന്ദിനി ( സിനിമയിൽ ഐശ്വര്യ റായ്) കടന്നുവരുന്നുണ്ട്. ചോളന്മാരാൽ ബഹിഷ്കൃതരായ നന്ദിനിക്ക് അഭയം നൽകിയത്, വീര പാണ്ഡ്യൻ ആയിരുന്നു. അവൾ കാലുപിടിച്ച് കേണിട്ടും കൂട്ടാക്കാതെ കരികാലൻ വീരപാണ്ഡ്യനെ കൊല്ലുന്നതാണ് പൊന്നിയിൽ സെൽവൻ കഥയിലും സിനിമയിലും ഉള്ളത്. അതോടെയാണ് നന്ദിനിക്ക് കരികാലനോട് തീരാത്ത പകയുണ്ടായതെന്നും, കഥയും സിനിമയും പറയുന്നു. പക്ഷേ ഇതിനൊന്നും ചരിത്രത്തിന്റെ പിൻബലമില്ല.
കരികാലനെ കൊന്നത് ആര്?
എന്തായാലും വീരപാണ്ഡ്യൻ വീണതോടെ പാണ്ഡ്യന്മാരുടെ ഭുമി ചോളർ തിരിച്ചുപടിച്ചു. കരികാലന്റെയും സുന്ദരചോളന്റെയും കീർത്തി വാനോളം ഉയർന്നു. പാണ്ഡ്യന്മാരുടെ ആസ്ഥാനമായ മധുര കീഴടിക്കിയതോടെ മധുരെകൊണ്ട ചോളൻ എന്ന കീർത്തിയും സുന്ദര ചോളന് കിട്ടി. യുദ്ധവീരനായ കരികാലന് രാജ്യത്തിന്റെ അതിർത്ത് വിപുലീകരിക്കുന്നതിലായിരുന്നു താൽപ്പര്യം. ഭരണകാര്യങ്ങൾ നിർവഹിച്ചിരുന്നത് പിതാവ് സുന്ദരചോളനും, അനിയൻ പൊന്നിയിൻ സെൽവൻ എന്ന ആരുൾമൊഴി വർമ്മനും ആയിരുന്നു. കരികാലനെ ജനം ആരാധിച്ചിരുന്നെങ്കിൽ പൊന്നിയിൻ സെൽവനെ അവർ സ്നേഹിക്കായിരുന്നു.
അതിനിടെയാണ് സുന്ദരചോളൻ രോഗാതുരനാവുന്നത്. ഇവിടെയാണ് പൊന്നിയിൻ സെൽവൻ സിനിമ തുടങ്ങുന്നത്. സുന്ദരചോളന്റെ കാലശേഷം അടുത്ത മഹാരാജാവ് കരികാലനാണെന്നത് പലരെയും ഞെട്ടിക്കുന്നു. കരികാലനെതിരെ അണിയറിയിൽ ചില പ്രശ്നങ്ങൾ തടുങ്ങുകയാണ്. വെറും 27ാമത്തെ വയസ്സിലാണ് ആദിത്യ കരികാലൻ എന്ന പ്രതാപിയായ, ഇന്ത്യ കണ്ട എറ്റവും വലിയ യുദ്ധവീരന്മാരിൽ ഒരാളായ ആ യുവാവ് കൊല്ലപ്പെടുന്നത്. ഇന്നും പിടികിട്ടാത്ത രഹസ്യമാണിത്. മാതുലൻ ഉത്തമ ചോളാനാണ് കൊലക്ക് പിന്നിലെന്നും, അല്ല സഹോദരൻ പൊന്നിയിൻ സെൽവൻ എന്ന അരുൾമൊഴി വർമ്മൻ ആണെന്നും അതല്ല, പാണ്ഡ്യന്മാർ ആണെന്നുമുള്ളത് അന്നുതൊട്ടുള്ള ദൂഹതയാണ്. ചരിത്രകാരന്മാർക്ക് ഈ പ്രശ്നത്തിന് ഇപ്പോഴും കൃത്യമായി ഉത്തരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
പ്രമുഖ ചരിത്രകാരൻ പത്മഭൂഷൻ പ്രൊഫ കെ എ നീലകണ്ഠ ശാസ്ത്രികളുടെ അഭിപ്രായം അനുസരിച്ച് മധുരാന്തകൻ എന്ന് വിളിക്കുന്ന ഉത്തമ ചോളനാണ് ( ചിത്രത്തിൽ റഹ്മാൻ) കരികാലനെ ചതിച്ച് കൊന്നത്. അദ്ദേഹത്തിന്റെ ഹിസ്റ്ററി ഓഫ് ചോളാസ് എന്ന പുസ്തകം അതാണ് പറയുന്നത്. കരികാലന്റെ പിതാവിന്റെ ജേഷ്ഠന്റെ മകനാണ് ഉത്തമ ചോളൻ. പക്ഷേ ഈ ചതിക്ക് ചരിത്രത്തിന്റെ രേഖകൾ കാര്യമായി ഒന്നുമില്ല. ചില ഊഹങ്ങൾ മാത്രമാണ്, നീലകണ്ഠ ശാസ്ത്രികൾ ഉന്നയിക്കുന്നത്. പക്ഷേ ഇത് തെറ്റാണെന്നും ചരിത്രകാരന്മാർ തന്നെ പറയുന്നുണ്ട്. ഉത്തമചോളനാണ് ഇത് ചെയ്തതെങ്കിൽ , പൊന്നിയിൻ സെൽവനും കൂട്ടരും അയാളെ വെറുതെ വിടുമായിരുന്നില്ല. അതുകൊണ്ടുതന്നെ പാണ്ഡ്യന്മാരുടെ ചതിയിൽപെട്ടാണ് കരികാലൻ കൊല്ലപ്പെട്ടത് എന്നതാണ് പൊതുവെയുള്ള വിലയിരുത്തൽ.
തമിഴ്നാട്ടിലെ കാട്ടുവണ്ണാർക്കുടി എന്ന സ്ഥലത്ത് എറെ പഴക്കമുള്ള അനന്തീശ്വര ക്ഷേത്രം എന്ന ഒരു ശിവക്ഷേത്രമുണ്ട്. ആ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ പടിഞ്ഞാറേ വശത്ത്, ചോള രാംജവംശത്തിന്റെ കാലത്ത് എഴുതപ്പെട്ട ശിലാലിഖിതങ്ങൾ ഉണ്ട്. അവിടെയാണ് ആദിത്യ കരികാലന്റെ കൊലപാതകത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ കൊത്തിവെച്ചിട്ടുള്ളത്. അതിൽ മൂന്ന് പാണ്ഡ്യമ്മാരാണ് പ്രതികൾ. പക്ഷേ ഇവിടെയും പ്രശ്നമുണ്ട്. രാജാവ് പറയുന്നതാണ് അന്ന് കൊത്തിവെക്കുക. അല്ലാതെ സത്യമല്ല. അതുകൊണ്ടുതന്നെ കരികാലന്റെ മരണത്തിലെ സത്യം എന്തെന്നത് ഇന്നും ദുരൂഹമായി തുടരുന്നു.
എന്നാൽ കൽക്കിയുടെ നോവലിൽ കരികാലന്റെ കൊലപാതകത്തിൽ ഒന്നാന്തരം ഭാവന ഉപയോഗിച്ചിട്ടുണ്ട്. പൂർവകാമുകി നന്ദിനിയുടെ പകയും, കരികാലന്റെ പ്രണയവും ഒക്കെ ചേർത്ത് ഒരുക്കിയ ഈ രംഗം സിനിമയിലെയും ഏറ്റവും സുന്ദര രംഗങ്ങളിൽ ഒന്നാണ്. തന്റെ കത്തിയെടുത്ത് നന്ദിനിയുടെ കൈയിൽ കൊടുത്ത് നന്ദിനിയെ് കെട്ടിപ്പിടിച്ച് കുത്തിച്ച് കരികാലൻ ജീവനൊടുക്കുന്ന രീതിയിലാണ്, ആ മരണം ചിത്രീകരിച്ചിരിക്കുന്നത്. പക്ഷേ പാണ്ഡ്യ ഗൂഢാലോചന എന്ന അടിസ്ഥാനപരമായ ആശയത്തിൽനിന്ന് വിട്ടുപോകുന്നുമില്ല.
അവസാനം രാജാവാവുന്നത് 'വില്ലൻ'
ഇനി നോവലിലും ചരിത്രത്തിലും വല്ലാത്ത കൗതുകങ്ങൾ അവശേഷിപ്പിക്കുന്നുണ്ട് കരികാലന്റെ മരണം. അതിനുശേഷം രാജാവ് ആവുന്നത് സഹോദരൻ, പൊന്നിയിൻ സെൽവൻ അല്ല, അതുവരെ ചോളരാജ്യത്തിന് എതിരെ രാഷ്ട്രകൂടരുടെ അടക്കം പിന്തുണയോടെ അട്ടിമറി പ്രവർത്തനം നടത്താൻ ശ്രമിച്ച ഉത്തമ ചോളൻ എന്ന മധുരാന്തകനാണ്. 14 വർഷം ഉത്തമചോളൻ ഭരിച്ചശേഷമാണ് പൊന്നിയിൻ സെൽവൻ അധികാരം ഏൽക്കുന്നത്. പൊന്നിയിൽ സെൽവൻ തന്റെ വിശാലായ മനസ്ഥിതിവെച്ച്, മധുരാന്തകനെ രാജാവാക്കുന്നതായാണ് ചിത്രം കാണിക്കുന്നത്. പക്ഷേ ചരിത്രവും യാഥാത്ഥ്യവും അതല്ല.
യഥാർത്ഥ കിരീട അവകാശി, ഉത്തമചോളൻ എന്ന മധുരാന്തകൻ തന്നെയാണ്! അത് കൃത്യമായി പറഞ്ഞ് ഫലിപ്പിക്കാൻ സിനിമക്ക് ആവുന്നില്ല. ആ ചരിത്രം ഇങ്ങനെയാണ്. സി ഇ 873 മുതൽ 955വരെ ചോള സാമ്രാജ്യം ഭരിച്ചിരുന്നു ചക്രവർത്തിയായിരുന്നു പരാന്തകൻ ഒന്ന്. അതായത് നമ്മുടെ പൊന്നിയിൻ സെൽവന്റെ മുത്തചഛന്റെ അച്ഛൻ. ഈ ഒന്നാം പരാന്തകന് രണ്ട് ആൺകുട്ടികളാണ് ഉണ്ടായിരുന്നത്. മൂത്തയാൾ ഗന്ധരാദിത്യ ചോളൻ, രണ്ടാമൻ അരിഞ്ജയ ചോളൻ. സ്വാഭവികമായും പരാന്തകൻ ഒന്നാമനുശേഷം ഗന്ധരാദിത്യ ചോളൻ രാജാവായി. മക്കത്തായമാണ് ചോളന്മാർ പിന്തുടരുന്നത്. അതുകൊണ്ടുതന്നെ ഗന്ധരാദിത്യ ചോളനുശേഷം രാജാവാകേണ്ടിയിരുന്നത്, ഉത്തമചോളൻ എന്ന സിനിമയിൽ റഹ്മാൻ അവതരിപ്പിച്ച ദുർബല ഹൃദയനായ കഥാപാത്രമാണ്.
പക്ഷേ ഗന്ധരാദിത്യ ചോളൻ പൊടുന്നനെ മരിക്കയാണ്. അപ്പോൾ മകനായ ഉത്തമ ചോളൻ കുഞ്ഞുകുട്ടിയാണ്. എന്നാൽ ബാഹുബലിയിൽ കണ്ടപോലെ കുട്ടിയെ രാജാവായി വാഴിക്കുന്ന പരിപാടിയൊന്നും അവിടെ നടന്നില്ല. പകരം, ഗന്ധരാദിത്യ ചോളന്റെ അനിയൻ അരിഞ്ജയ ചോളൻ രാജാവാകുന്നു. ഈ അരിഞ്ജയ ചോളന്റെ മകനാണ്, പൊന്നിയിൻ സെൽവന്റെയും കരികാലന്റെയുമൊക്കെ പിതാവായ സുന്ദര ചോളൻ.
സാധാരണ ഗതിയിൽ മൈനറായ ഉത്തമചോളൻ, പ്രായപൂർത്തിയായാൽ അയാൾക്ക് പോകേണ്ടതാണ് രാജാധികാരം. പക്ഷേ ഇവിടെ അരിഞ്ജയ ചോളന്റെ മക്കളുടെ താവഴി തുടരുകയാണ്. ഇത് അനീതിയാണെന്നാണ് ഉത്തമ ചോളൻ പറയുന്നത്. ( മഹാഭാരതത്തിലും ധൃതരാഷ്ട്രരും പാണ്ഡുവും തമ്മിൽ സമാനമായ കഥയാണ്) അത് ശരിയായ വാദമായിരുന്നു. പക്ഷേ കരികാലനെപ്പോലെ കരുത്തനായ ഒരാൾ അപ്പുറത്തുള്ളപ്പോൾ അത് പരസ്യമായി പറയാനും ഉത്തമ ചോളന് കഴിയുന്നില്ല. കാരണം, മെറിറ്റ് തന്നെയാണ്. വീരനും ധീരനുമായ കരികാലന്റെ പേര് കേട്ടാൽ പോലും ശത്രുക്കൾ ഞെട്ടിവിറക്കും എന്നാണ് സംഘ കൃതികളിൽ എഴുതിയിട്ടുള്ളത്. കരികാലൻ പട നയിച്ചുവരുന്നു, എന്ന് കേട്ടാൽ തന്നെ ആളുകൾ ആ പ്രദേശത്തുനിന്ന് പലായനം ചെയ്യുമത്രേ. പക്ഷേ കൽക്കിയുടെ നോവലിൽ കരികാലനെ പ്രണയ നഷ്ടത്തിൽ തകർന്നവനായാണ് കാണിക്കുന്നത്. ബന്ധങ്ങൾക്ക് വലിയ വിലകൊടുക്കുന്ന ആളാണ് അയാൾ.
പക്ഷേ ചോള രാജവംശത്തിന്റെ കീർത്തി വർധിപ്പിച്ചയാൾ എന്ന നിലയിൽ കരികാലൻ ജനങ്ങളുടെ ഹീറോ ആയിരുന്നു. അയാൾ തന്നെ രാജാവായി വരണം എന്നാണ് ജനം ആഗ്രഹിച്ചത്. പക്ഷേ രാജഭരണത്തിലല്ല യുദ്ധത്തിൽ ആയിരുന്നു കരികാലന് താൽപ്പര്യം. ജനങ്ങളുടെ പ്രിയങ്കരമായ പൊന്നിയിൽ സെൽവൻ എന്ന അരുൾമൊഴി വർമ്മൻ ആയിരുന്നു രാജ്യകാര്യങ്ങൾ നോക്കിയിരുന്നത്. കല, സംസ്ക്കാരം, വാണിജ്യം, വ്യവസായം എന്നീ നിലകളിൽ എല്ലാം ഏത് വിദേശരാജ്യത്തെയും കിടപിടിക്കുന്ന രീതിൽ ചോള നാട് വളർന്ന കാലമായിരുന്നു അത്. സിമന്റ് കണ്ടുപടിക്കുന്നതിന് മുമ്പ് കരികാലന്റെ നേതൃത്വത്തിൽ വൈഗ നദിയിൽ ഉണ്ടാക്കിയ ഒരു അണക്കെട്ട് ഇന്നും എഞ്ചീനിയറിങ്ങ് വിസ്മയമായി നിലകൊള്ളുന്നുണ്ട്.
എല്ലാവർക്കും കരികാലനെ പേടിയാണ്. അപ്പോൾ പിന്നെ കിരീടത്തിനായി ഉത്തമ ചോളൻ എന്തുചെയ്യും. അയാൾ മറ്റ് പ്രഭുക്കന്മാരെയും, കൊട്ടാരത്തിലെ പ്രമുഖരെയും, ശത്രുക്കളായ രാഷ്ട്രകൂടരെയും കൂട്ടുപിടിച്ച് ഉപജാപം നടത്തി. അവസാനം രാഷ്ട്രകൂടരുമായി തെറ്റിപ്പിരിഞ്ഞ് വീണ്ടും ചോളന്മാർക്ക് ഒപ്പം എത്തുന്നു. കരികാലന്റെ മരണത്തിനുശേഷം നടന്ന, പാണ്ഡ്യരെയും രാഷ്ട്രകൂടരെയുമൊക്കെ തുരത്തിയ അന്തിമ യുദ്ധത്തിൽ അയാൾ പൊന്നിയിൻ സെൽവനോട് ഒപ്പം നിൽക്കുന്നു. പക്ഷേ സുന്ദരചോളൻ തനിക്ക് വെച്ച് നീട്ടിയ കിരീടം പൊന്നിയിൽ സെൽവൻ ഉത്തമചോളന് നൽകുകയാണ്. അതോടെ ചരിത്രത്തിലെ ഒരു അനീതി പരിഹരിക്കുന്നു. ഒപ്പം ചോളകുടുംബത്തിൽ സമ്പുർണ്ണ ഐക്യം ഉറപ്പുവരുത്തുന്നു. അവിടെയാണ് പി എസ് 2 ചിത്രം അവസാനിക്കുന്നു. പക്ഷേ പൊന്നിയിൻ സെൽവന്റെ യഥാർത്ഥ കഥ അവിടെ തുടങ്ങുകയാണ്!
രാജരാജ ചോളൻ ആയി വളരുന്നു
ഉത്തമചോളന്റെ പടത്തലവൻ ആയി നിന്നുകൊണ്ട് പൊന്നിയിൻ സെൽവൻ 14 വർഷം കൊണ്ട് ലോകത്തിലെ എറ്റവും വലിയ നാവിക സേനയെ കെട്ടിപ്പെടുത്തു. ലങ്കയിലും, മാലിയിലും, ഇന്തോനേഷ്യയിലും വരെ ആ സേനയെത്തി. ഉത്തമചോളൻ മരിച്ചപ്പോൾ രാജാവായതും അദ്ദേഹത്തിന്റെ മകനല്ല, പൊന്നിയിൻ സെൽവൻ ആയിരുന്നു. അപ്പോഴേക്കും അദ്ദേഹത്തിന്റെ പേര് രാജരാജ ചോളൻ എന്ന് മാറിയിരുന്നു. ദക്ഷിണേന്ത്യയുടെ സുവർണ്ണകാലമായിരുന്നു രാജരാജ ചോളന്റെ ഭരണകാലം. തഞ്ചാവൂരിലെ ബ്രഹദ്വീശ്വരക്ഷേത്രമടക്കമുള്ള ആയിരക്കണക്കിന് അത്ഭുതനിർമ്മിതികൾക്ക് ചുക്കാൻ പിടിച്ചതും രാജരാജ ചോളൻ ആയിരുന്നു. സത്യത്തിൽ രാജമൗലിയൊക്കെ പൊന്നിയിൽ സെൽവൻ, രാജരാജ ചോളനായ കഥ ഒരു സിനിമാക്കുകയാണെങ്കിൽ അത് ചരിത്രമാവും!
പക്ഷേ ചോള രാജവംശത്തിലെ യഥാർത്ഥ പുലി ഇവർ ആരും ആയിരുന്നില്ല. രാജരാജ ചോളന്റെ മൂത്തമകൻ രാജേന്ദ്ര ചോളനായിരുന്നു അത്. ഇദ്ദേഹം ഗംഗൈ കൊണ്ട ചോളൻ എന്നാണ് അറിയപ്പെട്ടിരുന്നത്. അതായത് ഗംഗാ സമതലം അദ്ദേഹം കീഴടക്കി. നോക്കണം, തമിഴ്നാട് തൊട്ട് ബംഗാൾ വരെ വ്യാപിച്ചികിടക്കയാണ് ചോള സാമ്രാജ്യം. പക്ഷേ രാജേന്ദ്രചോളനുശേഷം പിന്നെ ചോളവംശം ക്ഷയിക്കുന്ന കാഴ്ചയാണ് ഉണ്ടായത്. 13ാം നുറ്റാണ്ടോടെ അവസാനത്തോടെ ചോളവംശം ഇല്ലാതായി. കരുത്തരായ ഭരണാധികാരികളുടെ അഭാവമാണ് ഇതിന് കാരണമായി ചരിത്രകാരന്മാർ പറയുന്നത്.
നന്ദിനിയും നമ്പിയും സാങ്കൽപ്പികം
രാമായണവും മഹാഭാരതവും പോലെ ഒരു നോവൽ വായിക്കപ്പടുക. അതാണ് പൊന്നിയിൻ സെൽവൻ. കൽക്കി കൃഷ്ണമൂർത്തി തമിഴിൽ എഴുതിയ ഒരു ചരിത്ര നോവലാണിത്. 1950 ഒക്ടോബർ 29 മുതൽ 1954 മെയ് 16 വരെ തമിഴ് മാസികയായ കൽക്കിയുടെ പ്രതിവാര പതിപ്പുകളിൽ ഇത് ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചു. കൃഷ്ണമൂർത്തിയുടെ തന്നെ ഉടമസ്ഥതയിലുള്ള മാസികയായിരുന്നു കൽക്കി. ആദ്യകാലത്ത് ഈ നോവൽ വലിയ ചലനം സൃഷ്ടിച്ചില്ലെങ്കിലും വൈകാതെ തമിഴ് മക്കൾക്കിടയിൽ തരംഗമായി. നോവൽ മാഗസിന്റെ സർക്കുലേഷൻ വർദ്ധിപ്പിച്ച് അക്കാലത്തെ റേക്കോർഡായ, 71,366 കോപ്പികളിലെത്തിച്ചു. തമിഴ് സാഹിത്യ ചരിത്രത്തിൽ ഇതുവരെ എഴുതപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മഹത്തായ നോവലായി ഇത് കണക്കാക്കപ്പെട്ടു. എല്ലാ തലമുറകളിലുമുള്ള ആളുകൾക്കിടയിലും ആരാധകവൃന്ദത്തെ സൃഷ്ടിക്കാൻ ഈ നോവലിന് സാധിച്ചിട്ടുണ്ട്. പിന്നീട് 1955 ൽ അഞ്ച് വാല്യങ്ങളായി ഇത് പുസ്തകമായി പ്രസിദ്ധീകരിച്ചു. പിന്നീട് ഇത് രണ്ടു വാള്യങ്ങളായി പുനപ്രസിദ്ധീകരണം നടത്തി.
ഏകദേശം 2,210 പേജുകളുള്ള ഈ നോവലിൽ ചോള രാജകുമാരൻ അരുൾമൊഴി വർമ്മന്റെ ആദ്യകാല കഥ പറയുന്നു. ഏകദേശം 3 വർഷവും 6 മാസവും കൊണ്ടാണ് കൽക്കി കൃഷ്ണമൂർത്തി ഈ നോവൽ പൂർത്തിയാക്കിയത്. വിശദാംശങ്ങൾ ശേഖരിക്കാൻ കൃഷ്ണമൂർത്തി മൂന്ന് തവണ ശ്രീലങ്ക സന്ദർശിച്ചു. പക്ഷേ ഒരു കാര്യത്തിൽ നാം കൽക്കി കൃഷണമൂർത്തിയെ സമ്മതിക്കണം. കുറേ ഭാഗം ഭാവന ഉണ്ടെങ്കിലും ഒരു ചരിത്ര ആഖ്യായിക എന്ന നിലയിൽ അദ്ദേഹം ഏറെക്കുറെ നീതി പുലർത്തുന്നുണ്ട്.
ഈ നോവലിലെ കാഥാപാത്രങ്ങൾക്ക് 75 ശതമാനം ഹിസ്റ്റോറിക്ക് ആക്വറസി അവകാശപ്പെടാൻ കഴിയുമെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. പക്ഷേ ഇതിലെ രണ്ട് സാങ്കൽപ്പിക കഥാപാത്രങ്ങളാണ് ഐശ്വര്യ റായിയുടെ നന്ദിനിയും, ജയറാം അവതരിരപ്പിച്ച ആഴ്വാർകുടി നമ്പിയും. ചരിത്രം അങ്ങനെ തന്നെ പറഞ്ഞാൽ ബോറടിക്കുമെന്നതുകൊണ്ടാണ് കൽക്കി അങ്ങനെ ചില മാറ്റങ്ങൾ വരുത്തിയത്. കൗമാരകാലത്ത് കരികാലന്റെ കാമുകിയായ അനാഥയായ നന്ദിനിയെ, ദൂരൂഹതകൾ ഏറെയുള്ള വിഷ സുന്ദരിയായിട്ടാണ് സിനിമയും നോവലും അവതിരിപ്പിക്കുന്നത്. അത് കണ്ടുതന്നെ അറിയുക. പെരിയ പഴുവേട്ടൈയർ ( സിനിമയിൽ ശരത്കുമാർ) എന്ന് അറിയപ്പെടുന്ന ചോളന്മാരുടെ ധനകാര്യ മന്ത്രിയായുടെ ഭാര്യയായി നന്ദനി ചോള രാജ്യത്ത് എത്തുന്നതെല്ലാം കഥയുടെ പിരിമുറുക്കം കൂട്ടുകയാണ്. പെരിയ പഴുവേട്ടൈയർ എന്ന കഥാപാത്രമാവാൻ സാക്ഷാൽ രജനികാന്ത് താൽപ്പര്യം, പ്രകടിപ്പിച്ചരുന്നുവത്രേ. പക്ഷേ രജനിയുടെ ഇമേജിനെ ബാധിക്കുമെന്ന് കരുതി മണിരത്നം അതിന് സമ്മതിച്ചില്ല. അതുപോലെ ജയറാമിന്റെ ആഴ്വാർകുടി നമ്പിയെന്ന കഥാപാത്രവും സാങ്കൽപ്പികമാണ്. ചോളന്മാരുടെ ദൂതനും, ചാരനുമായാണ് ഇയാൾ പ്രവർത്തിക്കുന്നത്.
കരികാലന്റെ അടുത്ത സുഹൃത്തും ഒരേസമയം യുദ്ധവീരനും ചാരനുമായ വന്തിയതേവൻ ( സിനിമയിൽ കാർത്തി) എന്ന കഥാപാത്രം പക്ഷേ ശരിക്കും ഉള്ളതാണ്. പൊന്നിയിൽ സെൽവന്റെ സഹോദരി കൂന്ദവൈ റാണിയെയാണ് ( സിനിമയിൽ തൃഷ) ഇയാൾ വിവാഹം കഴിക്കുന്നത്. ദീർഘകാലം പൊന്നിയൽ സെൽവന്റെ പടത്തലവനായിട്ടായിരുന്നു ഇദ്ദേഹത്തിന്റെ ശിഷ്ടകാല ജീവിതം. സ്ത്രീകൾക്ക് ഏറെ സ്വതന്ത്ര്യം നൽകിയിരുന്നു ഭരണാധികാരികൾ ആയിരുന്നു ചോളന്മാർ. കൂന്ദവൈ റാണിയൊക്കെ കൃത്യമായി ഭരണാകാര്യങ്ങളിൽ ഇടപെട്ടിരുന്നു. രാജസദസ്സിൽപോലും സത്രീകൾക്ക് അഭിപ്രായം പറയാൻ കഴിയുമായിരുന്നു.
പിഎസ്-2 എങ്ങനെ?
ഇത്രയും ഘടാഘടിയന്മാരായ ചോളന്മാരുടെ കഥ പറഞ്ഞ് ഫലിപ്പിക്കാൻ പൊന്നിയൽ സെൽവനിലുടെ മണിരത്നത്തിന് കഴിഞ്ഞോ. ഇല്ല എന്നാണ് പിഎസ് 2 കണ്ടവരുടെ ഉത്തരം.. വീണ്ടും ഒരു ബാഹുബലി മോഡൽ സിനിമകാണാനത്തെയ പ്രേക്ഷകരെ ഇടക്കുള്ള ചില രംഗങ്ങൾ ഒഴിച്ച് നിർത്തിയാൽ പൂർണ്ണമായും എൻഗേജ് ചെയ്യിക്കാൻ പോലും സംവിധായകന് കഴിയുന്നില്ല.
സംവിധായകൻ എന്ന നിലയിൽ മണിരത്നം വമ്പൻ പരാജയമാണ്. നായകനും, ബോംബെയും, റോജയുമൊക്കെ എടുത്ത മണിരത്നം തന്നെയാണോ ഇത് എടുത്തിരിക്കുന്നത് എന്ന് തോന്നിപ്പോകും. മമ്മൂട്ടിയുടെ വോയസ്ഓവറിൽ തുടങ്ങുന്ന ചിത്രത്തിന്റെ ആദ്യത്തെ 20 മിനുട്ട് അട്ടർ വേസ്റ്റാണ്. ഉറങ്ങിപ്പോകൻ നല്ല സാധ്യതയുണ്ട്. പിന്നീടങ്ങോട്ടാണ് കഥ ചൂടുപിടിക്കുന്നത്. പൊന്നിയിൻ സെൽവൻ മരിച്ചുവെന്ന വാർത്ത പുറത്തുവന്നതോടെയാണ് അ പിഎസ് ഒന്ന് അവസാനിക്കുന്നത്. പുതിയ പടത്തിൽ പൊന്നിയൻ സെൽവന്റെ അതിജീവനവും, ജേഷ്ഠ്യൻ ആദിത്യ കരികാലന്റെ മരണവുമൊക്കെയാണ് കാണിക്കുന്നത്.
പക്ഷേ ഇവിടുത്ത പ്രധാന പ്രശ്നം കഥയുടെ ചിതറിത്തെറിക്കൽ കാരണം നമുക്ക് ഒരിടത്തും ഫീൽ ചെയ്യുന്നില്ല എന്നതാണ്. നാടകം പോലെയാണ് പല രംഗങ്ങളും തോന്നുന്നത്. നമ്മുടെ ലാലും, റഹ്മാനുമൊക്കെ ജനങ്ങളുടെ കൂവൽ നന്നായി കിട്ടുന്നുണ്ട്. അത്രക്ക് ബോറാണ് ഈ കഥാപാത്രങ്ങൾ. കരികാലന്റെ മൃതദേഹം കാണുമ്പോൾ, പശുചാണകമിടാൻ പോകുന്നതുപോലുള്ള മുഖഭാവത്തോടെ ലാലിന്റെ പടത്തലവന്റെ ചില പ്രകടനങ്ങളുണ്ട്, പച്ചാളം ഭാസിയെ ഓർത്തുപോവും. അതുപോലെ പ്രഭു, ശരത്കുമാർ, പ്രകാശ്രാജ് ,പാർത്ഥിപൻ തുടങ്ങിയവർക്കൊക്കെ ശുദ്ധ രാജാപ്പാർട്ട് വേഷമാണ്. വീപ്പക്കുറ്റിപോലത്തെ തടിയുള്ള പ്രഭു ഇവിടെ പടനായകനാണ്. ഇത് ബോഡിഷെയിമിങ്ങല്ല, ആ കഥാപാത്രവുമായി പ്രഭു യോജിക്കുന്നില്ല എന്ന് കാണിക്കാനാണ് ശരീര ഭാരം സൂചിപ്പിക്കുന്നത്. നിരന്തര ആധുധ പരിശീലനം നടത്തുന്ന ഒരാൾക്ക് എങ്ങനെയാണ് ഇത്രയും തടിയുണ്ടാവുക. പ്രാർത്ഥിപനും, പ്രഭുവും തമ്മിലുള്ള വെല്ലുവിളികളൊക്കെ തമാശയായാണ് തോന്നുക. കണ്ണുരുട്ടി പേടിപ്പിക്കുന്നപോലെയാണ് പ്രകാശ്രാജ്. സധാ മലബന്ധം അനുഭവിക്കുന്നതുപോലെ തോന്നുന്ന ഒരു ഭാവം മുഖത്ത് ഒട്ടിച്ചിരിക്കുന്നു. എടച്ചേന കുങ്കനായി പഴശ്ശിരാജയിൽ വിറപ്പിച്ച ശരത്കുമാറും, നാടകത്തിൽനിന്ന് ഇറങ്ങിവന്നപോലെയാണ്. പലയിടത്തും നമ്മുടെ 'മരക്കാർ അറബിക്കടലിന്റെ സിംഹത്തെയാണ്' ഈ ചിത്രം ഓർമ്മിപ്പിക്കുന്നത്.
ചിത്രത്തിൽ ഏറ്റവും നന്നായത് ഐശ്വര്യ റായിയാണ്. ചോളരുടെ ആടയാഭരണങ്ങളിൽ ഐശ്വര്യയുടെ നന്ദിനി ഒരു അപ്സരസിനെപ്പോലെ തിളങ്ങി നിൽക്കുന്നു. പൊന്നിയിൻ സെൽവനായ ജയം രവി ശരാശരിയിലേ എത്തിയിട്ടുള്ളൂ. ബാഹുബലിയിലെ പ്രഭാസിനെപ്പോലെയൊക്കെ ഒരു യുദ്ധവീരനായി ജയം രവിയെ തോന്നുന്നില്ല. അരവിന്ദ് സ്വാമിയെപ്പോലെ ഒരു റെമാന്റിക്ക് ഹീറോയുടെ ഇമേജാണ് ജയം രവിക്ക്. അത് ബ്രേക്ക് ചെയ്യാൻ കഴിയുന്നില്ല.
നമ്മുടെ ജയറാമും മോശമല്ലാതെ വെറുപ്പിക്കുന്നുണ്ട്. കാർത്തി പിഎസ് ഒന്നിലെന്നപോലെ ഉള്ളത് മോശമാക്കിയിട്ടില്ല. അതുപോലെ തൃഷയും. ആദിത്യ കരികാലനായ വിക്രത്തിന് പിഎസ് 2 വിൽ അത്രയൊന്നും സ്ക്രീൻ സ്പേസ് ഇല്ല. പക്ഷേ അയാളുടെ ഡയലോഗ് ഡെലിവറിയിലും, നോട്ടത്തിലും, നടത്തത്തിലുമൊല്ലാം, അന്യനിലൊക്കെ നാം കണ്ട ആ ഫയർ ഉണ്ട്. വിക്രവും, ഐശ്വര്യറായുമുള്ള കോമ്പോ സീൻ സൂപ്പറായിട്ടുണ്ട്. വിക്രത്തിന്റെ റോൾ കുറച്ചുകൂടി ഡെവലപ്പ് ചെയ്തിരുന്നെങ്കിൽ സിനിമ വേറെ ലെവൽ ആവകുമായിരുന്നു. കരികാലൻ മരിക്കുന്ന രംഗത്ത് മാത്രമാണ് കണ്ണുനിറയുന്നതുപോലുള്ള ഒരു ഫീൽ പ്രേക്ഷകന് തോന്നുത്.
ചോളന്മാരുടെ അതിഭീകരമായ സംഘട്ടനം എന്നൊക്കെ അനൗൺസ് ചെയ്്തിരുന്നെങ്കിലും, ആകെ ക്ലൈമാക്സിലെ ഒരു യുദ്ധരംഗമാണ് ചിത്രത്തിലുള്ളത്. ബാഹുബലിയെ ഒക്കെ വെച്ചുനോക്കുമ്പോൾ, ഈ യുദ്ധം ഒന്നുമല്ല. കമ്പ്യുട്ടറിൽ ഗെയിം കളിക്കുന്ന കുട്ടികൾ ഉണ്ടാക്കും ഇതിലും നല്ല ഫൈറ്റുകൾ. സംഗീതവും ആവറേജ് എന്ന് പറയാനേ കഴിയൂ. എ ആർ റഹ്മാന്റെ പ്രതിഭയും താഴോട്ടു പോവുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പഴയ ഒരു റഹ്മാൻ തരംഗം ഉണ്ടാക്കാൻ പാട്ടുകൾക്ക് കഴിയുന്നില്ല. മണിരത്നത്തെപ്പോലെ തന്നെ താൻ ജീവിക്കുന്നത് തൊണ്ണൂറുകളിൽ ആണെന്ന മിഥ്യാധാരണയോടെയാണ് റഹ്മാൻ മ്യൂസിക്ക് ചെയ്യുന്നത് എന്ന് തോനുന്നു.
ഒരു എപ്പിക്ക് സിനിമയുടെ യാതൊരു വികാരങ്ങളും ചിത്രത്തിലേക്ക് സന്നിവേശിപ്പിക്കാൻ സംവിധായകന് ആയിട്ടില്ല. കഥാപാത്രങ്ങളെ രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ല എന്നതാണ് ഈ പടത്തിൽ പറ്റിയ എറ്റവും വലിയ പോരായ്മ. ചോള സാമ്രാജ്യവും -പാണ്ഡ്യരും തമ്മിലുള്ള കുടിപ്പക എന്ന മൊത്തത്തിൽ ഉള്ള ഒരു പുകയേ ഉള്ളൂ. ആര് ആരോടാണ് മുട്ടുന്നത് എന്ന് പ്രേക്ഷകർക്ക് മനസ്സിലാവുന്നില്ല. മിക്ക സീനുകളും സെറ്റിട്ടതാണെന്ന് അറിയും. ഉഗ്ര പ്രതാപികളായ ചോളരെ ഒരു ഡ്യൂക്കിലി രാജവംശം പോലെയാണ് തോനുന്നത്. ചരിത്രത്തോട് ഒട്ടും നീതിപുലർത്താൽ സിനിമക്ക് ആയിട്ടില്ല.
വാൽക്കഷ്ണം: പൊന്നിയിൻ സെൽവന്റെ കഥ മൊത്തത്തിൽ പരത്തി എടുക്കുന്നതിന് പകരം, അതിൽ കരികാലൻ എന്ന കഥാപാത്രത്തെ മാത്രം എടുത്ത് സിനിമയാക്കിയിരുന്നെങ്കിൽ അത് ഒന്നാന്തരം ഒരു സിനിമാ അനുഭവം ആയിരുന്നേനെ. രണ്ട് അഞ്ചര മണിക്കൂറിലേറെ വരുന്ന പി എസ് പരമ്പരയിൽ എത്ര സമയം നമുക്ക് എൻഗേജ് ചെയ്യാൻ കഴിയുന്നുണ്ട്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ