'ആത്മവിശ്വാസത്തിന്റെ അവസാനവാക്ക്'! കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാനും സിനിമാ നിര്‍മ്മാതാവുമായി ഡോ സി ജെ റോയിയെക്കുറിച്ച് വന്ന ഒരു ഫീച്ചറിന്റെ തലക്കെട്ട് അങ്ങനെയായിരുന്നു. നല്ല ശമ്പളമുള്ള ഉദ്യോഗം രാജിവെച്ച് ബിസിനസിലേക്ക് ഇറങ്ങുമ്പോള്‍ അയാക്കുള്ള മൂലധനം ഈ ആത്മവിശ്വാസം മാത്രമായിരുന്നു. കാണക്കാണെ ഡോ റോയ് ഉയരങ്ങള്‍ കീഴടക്കി. ചലച്ചിത്ര നിര്‍മ്മാതാവായി, റിയാലിറ്റിഷോകളുടെ സ്പോണ്‍സറായി, കോടികളുടെ ജീവകാരണ്യപ്രവര്‍ത്തനങ്ങളും നടത്തി... വലിയ ഫ്‌ളക്സ് ബോര്‍ഡുകളില്‍ അയാളുടെ ചിരിക്കുന്ന മുഖം നിറഞ്ഞുനിന്നു. ചാനലുകളില്‍ കന്നഡ നിറഞ്ഞ ആ സംസാരവും.

പതിനായിരംകോടിയോളം ആസ്തിയുള്ള സാമ്രാജ്യം ഉപേക്ഷിച്ച് ഒറ്റവെടിയില്‍ അയാള്‍ ജീവനൊടുക്കിയപ്പോള്‍ ഞെട്ടുന്നത്, ഇന്ത്യയുടെ ബിസനസ്- സിനിമാ ലോകമാണ്. ബംഗളൂരുവില്‍ ഇന്‍കം ടാക്‌സ് റെയ്ഡിനിടെയായിരുന്നു സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തത്. നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടര്‍ന്ന് ഇന്ന് അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു സംഭവം. ബെംഗളൂരു അശോക് നഗറിലെ ഓഫിസില്‍വച്ച് സ്വയം വെടിവച്ചു മരിക്കുകയായിരുന്നു എന്നാണ് വിവരം.

റോയിയുടെ മരണത്തോടെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഞെട്ടിയിരിക്കയാണ്. കാരണം, നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ഒന്നും ചെയ്യില്ലെന്ന നിഷ്‌ക്കര്‍ഷയുള്ളയാളായിരുന്നു അദ്ദേഹം. കാര്യമായ കടങ്ങളോ ബാധ്യതകളോ ഒന്നുമില്ല. ബിനസസ് ആണെങ്കില്‍ ശരവേഗത്തില്‍ കുതിക്കുന്നുമുണ്ട്. അപ്പോള്‍ പിന്നെ അദ്ദേഹം എന്തിന് ഇത് ചെയ്തു എന്നത് ഇപ്പോഴും പ്രഹേളികയാണ്. തീര്‍ത്തും, അസാധാരണമാണ് ആ ജീവിത കഥ.


ബിസിനസ് ഗുരു മാതാവ്

ജനിച്ചത് കേരളത്തിലാണെങ്കിലും ഡോ റോയ് വളര്‍ന്നത് ബംഗളൂരുവിലായിരുന്നു. പിതാവ്, കെ.യു. ചാക്കോ. മാതാവ്: മേരി ചാക്കോ. മാതാവിന്റെ സംരംഭകത്വമാണ് തന്നെ ബിസിനസ്സിലേക്ക് നയിച്ചതെന്ന് അദ്ദേഹം പലപ്പോഴും അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ചെറിയ വീടുകള്‍ പണിത് വില്‍ക്കുന്ന ജോലി ചെയ്തിരുന്ന അമ്മയുടെ സഹായിയായും അക്കൗണ്ടന്റായും പ്രവര്‍ത്തിച്ചാണ് അദ്ദേഹം നിര്‍മ്മാണ മേഖലയുടെ ബാലപാഠങ്ങള്‍ പഠിച്ചത്. അദ്ദേഹത്തിന്റെ അച്ഛനും ഒരു സംരംഭകരായിരുന്നു.

തൃശൂര്‍ സ്വദേശിയാണെങ്കിലും കൊച്ചിയിലെ പനമ്പിള്ളി നഗറിലും അദ്ദേഹത്തിന് അടുത്ത ബന്ധങ്ങളുണ്ടായിരുന്നു. കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് വളര്‍ച്ചയില്‍ കൊച്ചിയെ ഒരു പ്രധാന കേന്ദ്രമായി റോയ് കണ്ടിരുന്നു.സഹോദരനായ സി.ജെ. കോശി കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഡയറക്ടര്‍മാരില്‍ ഒരാളായി പ്രവര്‍ത്തിക്കുന്നു. മക്കളായ രോഹിത് റോയിയും റിയ റോയിയും വിദേശത്താണ് തങ്ങളുടെ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. രോഹിത് ലണ്ടനിലെ പ്രമുഖ സര്‍വ്വകലാശാലയില്‍ നിന്നാണ് ബിസിനസ് മാനേജ്‌മെന്റ് പഠിച്ചത്.




ഇന്ത്യയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയ റോയി പിന്നീട് ഉപരിപഠനത്തിനായി വിദേശത്തേക്ക് പോയി. ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നാണ് അദ്ദേഹം ഉന്നത വിദ്യാഭ്യാസം നേടിയത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ച് എസ്ബിഎസ് ബിസിനസ് സ്‌കൂളില്‍ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ഡോക്ടറേറ്റ് (ഡിബിഎ) നേടി. ബിസിനസ്സിലേക്ക് ഇറങ്ങുന്നതിന് മുമ്പ് ഫോര്‍ച്യൂണ്‍ 500 കമ്പനിയായ ഹ്യൂലറ്റ്-പാക്കാര്‍ഡില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലിയിലായിരുന്നു അദ്ദേഹം. 1997-ല്‍ ജോലി രാജിവെച്ചാണ് സ്വന്തം സംരംഭം ആരംഭിക്കാന്‍ തീരുമാനിച്ചത്.

ഒരു അഭിമുഖത്തില്‍ ഡോ റോയ് ഇങ്ങനെ പറയുന്നു. 'അന്ന് എനിക്ക് ലക്ഷങ്ങളുടെ മോഹശമ്പളമായിരുന്നു കിട്ടിയത്. അത് ഉപേക്ഷിച്ച് ബിസിനസിലേക്ക് ഇറങ്ങുക എന്ന് പറഞ്ഞപ്പോള്‍ പലരും നെറ്റി ചുളിച്ചു. എനിക്ക് ഭ്രാന്താണെന്ന് പറഞ്ഞവര്‍ വരെയുണ്ട്. പക്ഷേ ഭ്രാന്തന്‍മാരാണ് ചരിത്രം തിരുത്തുന്നത് എന്നാണ് ഞാന്‍ തിരിച്ച് പറഞ്ഞത്''- ഡോ റോയ് പറയുന്നു.

'റിയല്‍ ലൈഫ് രംഗണ്ണന്‍'

2006-ലാണ് ഡോ റോയ് 'കോണ്‍ഫിഡന്റ് ഗ്രൂപ്പ്' സ്ഥാപിച്ചത്. കേരളം, ബംഗളൂരു, ദുബായ് എന്നിവിടങ്ങളില്‍ നൂറിലധികം പ്രോജക്റ്റുകള്‍ പൂര്‍ത്തിയാക്കി ഈ ഗ്രൂപ്പിനെ അദ്ദേഹം ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബില്‍ഡര്‍മാരില്‍ ഒന്നായി വളര്‍ത്തി. അവരുടെ ഫ്ളാറ്റുകളെക്കുറിച്ചു വില്ലകളെക്കുറിച്ചും ഇതുവരെ ഒരു പരാതിയും ഉണ്ടായിട്ടില്ല. റിയല്‍ എസ്റ്റേറ്റിന് പുറമെ ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍, വിദ്യാഭ്യാസം, വിനോദം എന്നീ മേഖലകളിലും അദ്ദേഹം ബിസിനസ്സ് വ്യാപിപ്പിച്ചു.

ഡോ. റോയിയെ റിയല്‍ലൈഫ് രംഗണ്ണന്‍' എന്ന വിശേഷിപ്പിക്കാറുണ്ട്. ഫഹദ് ഫാസില്‍ നായകനായ 'ആവേശം' എന്ന സിനിമയിലെ ബംഗലൂരു ഡോണ്‍ ആയ 'രംഗണ്ണന്‍' എന്ന കഥാപാത്രവുമായുള്ള സമാനതകളാണ് ഇതിന് പ്രധാന കാരണം. സിനിമയിലെ രംഗണ്ണനെപ്പോലെ, ബംഗലൂരു നഗരത്തില്‍ വലിയ സ്വാധീനമുള്ള വ്യക്തിയാണ് ഡോ. റോയ്. നഗരത്തിന്റെ വികസനത്തില്‍ വലിയ പങ്കുവഹിച്ച ഇദ്ദേഹം സര്‍ജാപുര പോലുള്ള പ്രദേശങ്ങളെ അടിമുടി മാറ്റിയെടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സിനിമയില്‍ കാലിയായി കിടക്കുന്ന സ്ഥലം തലയില്‍ കെട്ടിവെച്ച് ഒരാള്‍ രംഗണ്ണനെ പറ്റിക്കയാണ്. പക്ഷേ അവിടം ബംഗലൂരു എയര്‍പോര്‍ട്ട് വന്നതോടെ രംഗണ്ണന്‍ കോടീശ്വരനായി. സമാനമായ കഥ ഒരു അഭിമുഖത്തില്‍ ഡോ റോയി പറയുന്നുണ്ട്. എയര്‍പോര്‍ട്ട് നിന്ന പ്രദേശത്തെ തന്റെ പ്രോപ്പര്‍ട്ടിയെ കുറിച്ച്.




രംഗണ്ണന്‍ കഥാപാത്രം ധരിക്കുന്നതുപോലെ വെള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിനോടും സ്വര്‍ണ്ണാഭരണങ്ങളോടുമുള്ള അദ്ദേഹത്തിന്റെ താല്‍പ്പര്യം പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. റോള്‍സ് റോയ്‌സ് ഉള്‍പ്പെടെയുള്ള വിലകൂടിയ ആഡംബര കാറുകളോടുള്ള താല്‍പ്പര്യവും അദ്ദേഹത്തിന്റെ ജീവിതശൈലിയും ഈ സിനിമാ കഥാപാത്രവുമായി താരതമ്യം ചെയ്യാന്‍ കാരണമായിട്ടുണ്ട്. മലയാളിയാണെങ്കിലും ബംഗലൂരുവില്‍ ദീര്‍ഘകാലമായി ബിസിനസ് ചെയ്യുന്ന അദ്ദേഹം മനോഹരമായി കന്നഡ സംസാരിക്കാറുണ്ട്. ഇതും സിനിമയിലെ കഥാപാത്രവുമായുള്ള ഒരു സമാനതയായി ആരാധകര്‍ കാണുന്നു. പക്ഷേ ഒരിക്കലും ഒരു പ്രാഞ്ചിയേട്ടനായിരുന്നില്ല അദ്ദേഹം. അവാര്‍ഡുകളും അംഗീകാരങ്ങളും വാങ്ങിക്കുന്നതില്ല കൊടുക്കുന്നതിലായിരുന്നു ഡോ റോയ്ക്ക് താല്‍പ്പര്യം.

പതിനായിരം കോടിയുടെ സാമ്രാജ്യം!

20 വര്‍ഷത്തെ പാരമ്പര്യമുള്ള, ദക്ഷിണേന്ത്യയിലെയും ദുബായിലെയും പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഉടമ എന്ന നിലയില്‍ മാത്രം ശതകോടിയുടെ ആസ്തിയുണ്ടായിരുന്നു ഡോ റോയിക്ക്. കോണ്‍ഫിഡന്റ് ഗ്രൂപ്പ് കടബാധ്യതകളില്ലാത്ത സീറോ ഡെബ്റ്റ് കമ്പനിയാണെന്ന് അദ്ദേഹം പലപ്പോഴും അവകാശപ്പെട്ടിരുന്നു. ഈ ഗ്രൂപ്പിന് കീഴില്‍ മാത്രം ഇന്ത്യയിലും യുഎഇയിലുമായി 205-ലധികം പ്രോജക്റ്റുകള്‍ പൂര്‍ത്തിയാക്കുകയോ നടന്നുകൊണ്ടിരിക്കുകയോ ചെയ്യുന്നുണ്ട്.



ബംഗളൂരുവിലെ ഏകദേശം 300 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന, 3,000 കോടി രൂപയുടെ നിക്ഷേപമുള്ള സിയോണ്‍ ഹില്‍സ് ഗോള്‍ഫ് കൗണ്ടി അദ്ദേഹത്തിന്റെ വലിയൊരു ആസ്തിയാണ്. ലക്ഷ്വറി കാറുകളോടുള്ള താല്‍പ്പര്യത്തിന് അദ്ദേഹം പ്രശസ്തനായിരുന്നു. അദ്ദേഹം വാങ്ങിയ റോള്‍സ് റോയ്‌സ് കാറുകളുടെ എണ്ണം 12 വരെ എത്തിയിരുന്നു. ഇതില്‍ ഒടുവിലായി വാങ്ങിയ റോള്‍സ് റോയ്‌സ് ഫാന്റം 8 ന് ഏകദേശം 10 കോടി രൂപയിലധികം വിലവരും. ദുബായിലും ഇന്ത്യയിലുമായി വ്യാപിച്ചുകിടക്കുന്ന അദ്ദേഹത്തിന്റെ വാഹന ശേഖരത്തില്‍ ബുഗാട്ടി വെയ്‌റോണ്‍, ലംബോര്‍ഗിനി, മെഴ്‌സിഡസ് മെയ്ബാക്ക് തുടങ്ങിയ ലോകോത്തര ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്നു. കോടികളുടെ വാഹനങ്ങളുണ്ടെങ്കിലും തന്റെ ആദ്യ കാറായ മാരുതി 800 അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്നു. 1994-ല്‍ 1.1 ലക്ഷത്തിന് വാങ്ങി പിന്നീട് വിറ്റ ഈ കാര്‍, 2026 ജനുവരിയില്‍ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് അദ്ദേഹം തിരികെ കണ്ടെത്തി വാങ്ങിയിരുന്നു.




അറബ് ലോകത്തെ സ്വാധീനമുള്ള വ്യക്തികളുടെ ഫോര്‍ബ്സ് പട്ടികയില്‍ അദ്ദേഹം 14-ാം സ്ഥാനത്തെത്തിയിരുന്നു. റിയല്‍ എസ്റ്റേറ്റിന് പുറമെ ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍, സ്വര്‍ണ്ണ വ്യാപാരം, സിനിമ നിര്‍മ്മാണം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളില്‍ അദ്ദേഹത്തിന് നിക്ഷേപങ്ങളുണ്ടായിരുന്നു. ചുരുക്കത്തില്‍, പതിനായിരം കോടിയിലധികം വിറ്റുവരവുള്ള ഒരു ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. പക്ഷേ സി.ജെ. റോയിയുടെ വ്യക്തിഗത ആസ്തിയുടെ കൃത്യമായ കണക്ക് ഒരു നിശ്ചിത തുകയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.




മോഹന്‍ലാലിന്റെ അടുത്ത സുഹൃത്ത്

സൗത്ത് ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് ഭീമന്‍ എന്നതിലുപരി മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു സി.ജെ. റോയ്. നിര്‍മ്മാതാവായും വിതരണക്കാരനായും അദ്ദേഹം സിനിമയില്‍ തിളങ്ങി. സൂപ്പര്‍ താരങ്ങളെ അണിനിരത്തി വമ്പന്‍ ബജറ്റില്‍ സിനിമകള്‍ നിര്‍മ്മിക്കാനാണ് അദ്ദേഹം താല്പര്യപ്പെട്ടത്. മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത 'ഗ്രാന്‍ഡ് മാസ്റ്റര്‍', റോഷന്‍ ആന്‍ഡ്രൂസ്, സംവിധാനം ചെയ്ത 'കാസനോവ' എന്നിവയിലൂടെയാണ് അദ്ദേഹം നിര്‍മ്മാണ രംഗത്ത് വലിയ ചലനമുണ്ടാക്കിയത്. കാസനോവ മോഹന്‍ലാലിന്റെ കരിയറിലെ അന്നത്തെ ഏറ്റവും ചെലവേറിയ ചിത്രമായിരുന്നു. പക്ഷേ ചിത്രം വലിയ പരാജയമായി. എന്നാല്‍ ബി ഉണ്ണികൃഷ്ന്റെ ഗ്രാന്‍ഡ് മാസ്റ്റര്‍ സൂപ്പര്‍ ഹിറ്റായി.

സുരേഷ് ഗോപിയെ നായകനാക്കി 2022-ല്‍ മേം ഹൂ മൂസ എന്ന ചിത്രം നിര്‍മ്മിച്ചിരുന്നു. ഇതും സാമ്പത്തികമായി വിജയിച്ചില്ല. മരക്കാര്‍ സിനിമയിലും പാര്‍ട്ട്‌നറായി അദ്ദേഹം ഉണ്ടായിരുന്നു. പക്ഷേ ലാഭനഷ്ടങ്ങള്‍ അദ്ദേഹം നോക്കിയിരുന്നില്ല. സിനിമയെയും പാഷനായാണ് അദ്ദേഹം കണ്ടത്. മുടങ്ങിപ്പോയ സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ ഒട്ടേറെ നിര്‍മ്മാതാക്കളെ അദ്ദേഹം സഹായിച്ചു. ലണ്ടന്‍ ഹാര്‍ട്ട്സ് ഫിലിംസ് എന്ന ബാനറിലും അദ്ദേഹം സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ കന്നഡയിലും തമിഴിലും അദ്ദേഹം സിനിമകളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങളുമായി അടുത്ത സൗഹൃദമാണ് അദ്ദേഹം സൂക്ഷിച്ചിരുന്നത്.



സി.ജെ. റോയിയും മോഹന്‍ലാലും തമ്മില്‍ ദശാബ്ദങ്ങളായുള്ള ആഴത്തിലുള്ള സൗഹൃദവും ബിസിനസ് ബന്ധവുമാണ് നിലനിന്നിരുന്നത്. ബിഗ് ബോസ് അടക്കമുള്ള നിരവധി റിയാലിറ്റി ഷോകളുടെ പ്രധാന സ്പോണ്‍സര്‍ കൂടിയായിരുന്നു അദ്ദേഹം. സി.ജെ. റോയിയുടെ പല ബിസിനസ് പരിപാടികളിലും വിദേശത്തെ ഉദ്ഘാടനങ്ങളിലും മോഹന്‍ലാല്‍ സ്ഥിരം സാന്നിധ്യമായിരുന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രൈസ് സ്പോണ്‍സര്‍ഷിപ്പിനെക്കുറിച്ച് മോഹന്‍ലാല്‍ ബിഗ് ബോസ് വേദിയില്‍ പുകഴ്ത്തി സംസാരിച്ചിട്ടുണ്ട്. ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയുടെ തുടക്കം മുതല്‍ തന്നെ കോണ്‍ഫിഡന്റ് ഗ്രൂപ്പ് പ്രധാന സ്പോണ്‍സര്‍മാരില്‍ ഒരാളും ഡോ സിജെ റോയ് ആയിരുന്നു.

റിയാലിറ്റി ഷോകളിലൂടെ ബിസിനസ് വളര്‍ത്തുക എന്ന തന്ത്രം അദ്ദേഹം ആദ്യമായി പരീക്ഷിച്ചത് 2006-ല്‍ ഏഷ്യാനെറ്റിലെ 'ഐഡിയ സ്റ്റാര്‍ സിംഗര്‍' എന്ന ഷോ സ്പോണ്‍സര്‍ ചെയ്തുകൊണ്ടായിരുന്നു. പിന്നീട് ദക്ഷിണേന്ത്യയിലെ ഡസനിലധികം വമ്പന്‍ ഷോകളുടെ സ്പോണ്‍സറായി അദ്ദേഹം മാറി. ബിഗ് ബോസ് സീസണ്‍ 6-ലെ വിജയിയായ ജിന്റോയ്ക്ക് 50 ലക്ഷം രൂപയുടെ പ്രൈസ് മണി ചെക്ക് കൈമാറിയത് റോയി നേരിട്ടായിരുന്നു.ഏറ്റവും ഒടുവിലായി നടന്ന ബിഗ് ബോസ് സീസണ്‍ 7-ലും അദ്ദേഹം സജീവമായിരുന്നു. ഷോയുടെ റണ്ണര്‍ അപ്പായ അനീഷിന് സ്വന്തം നിലയില്‍ 10 ലക്ഷം രൂപയുടെ സര്‍പ്രൈസ് സമ്മാനം അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.




തുടരും... കോണ്‍ഫിഡന്റ് ഗ്രൂപ്പ്

ബിസിനസ് കഴിഞ്ഞാല്‍ തികഞ്ഞ ഫാമിലിമാനായിരുന്നു ഡോ റോയ്. യാത്രകളെ ഒരുപാട് സ്നേഹിച്ചിരുന്ന അദ്ദേഹം, തന്റെ കുടുംബത്തോടൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ടായിരുന്നു. ആത്മീയതയും ജീവകാരുണ്യവും ചേര്‍ത്ത ലോകമായിരുന്നു ഡോ റോയിയുടേത്. കടുത്ത ഈശ്വരവിശ്വാസിയായിരുന്നു അദ്ദേഹം. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ലാഭത്തിന്റെ ഒരു വിഹിതം പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നതിനായി അദ്ദേഹം മാറ്റിവെച്ചിരുന്നു.

വിദേശരാജ്യങ്ങളിലെ പ്രമുഖരുമായും അദ്ദേഹത്തിന് നല്ല ബന്ധമായിരുന്നു. സ്ലോവാക് റിപ്പബ്ലിക് ഡോ. റോയിയെ രാജ്യത്തിന്റെ ഓണററി കോണ്‍സല്‍ ആയി നിയമിച്ചിരുന്നു. വാണിജ്യ പ്രവര്‍ത്തനങ്ങളുമായി ഹൃദയങ്ങളെ ബന്ധിപ്പിക്കാനുള്ള ഈ കഴിവായിരിക്കാം ഈ നിയമനത്തിന് കാരണമായത്. ഇത് ഡോ. റോയിക്ക് ഇന്ത്യയും സ്ലോവാക് റിപ്പബ്ലിക്കും തമ്മിലുള്ള വ്യാപാര, ബിസിനസ് ബന്ധങ്ങള്‍ മേല്‍നോട്ടം വഹിക്കാനും പ്രോത്സാഹിപ്പിക്കാനും അവസരം നല്‍കി. അതിന്റെ കോണ്‍സുലേറ്റ് ബെംഗളൂരുവിലാണ്.

കേരളത്തിലെ വെള്ളപ്പൊക്കത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട നിരവധി പേര്‍ക്ക് വീടുകള്‍ പുനര്‍നിര്‍മ്മിക്കാനുള്ള ദൗത്യത്തില്‍ ഡോ. റോയ് മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, കോണ്‍ഫിഡന്റ് ഗ്രൂപ്പ് മുഴുവന്‍ ചെലവും വഹിച്ചുകൊണ്ട് ഏകദേശം 100 വീടുകള്‍ പുനര്‍നിര്‍മിച്ചു. കുടുംബത്തിലെ ഏക ആശ്രയം രോഗിയായിരിക്കുക എന്ന ഏക മാനദണ്ഡം പാലിച്ചുകൊണ്ട്, 100-ലധികം ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയകള്‍ക്കും ഗ്രൂപ്പ് ധനസഹായം നല്‍കിയിട്ടുണ്ട്.

വയോജനങ്ങള്‍ക്കായി തിമിരം, നേത്ര പരിചരണം എന്നിവയ്ക്കായി ഒന്നിലധികം ക്യാമ്പുകള്‍ ഗ്രൂപ്പ് സംഘടിപ്പിച്ചിട്ടുണ്ട്, കൂടാതെ ഡയാലിസിസ് രോഗികള്‍ക്കായി ഒന്നിലധികം ക്യാമ്പുകള്‍, ആശുപത്രികള്‍ക്ക് സൗജന്യമായി ഡയാലിസിസ് മെഷീനുകള്‍ സംഭാവന ചെയ്യുക, കാന്‍സര്‍ പരിചരണത്തിനുള്ള ഉയര്‍ന്ന വിലക്കുറവുള്ള മരുന്നുകള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. കോവിഡ് സമയത്ത് മാതാപിതാക്കളെ നഷ്ടപ്പെട്ട ഡസന്‍ കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കും ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റാന്‍ പാടുപെടുന്ന ഒറ്റയ്ക്ക് താമസിക്കുന്ന മാതാപിതാക്കളുടെ കുട്ടികള്‍ക്കുമുള്ള ഫീസ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്തു. അങ്ങനെ എത്രയെത്ര സംരംഭങ്ങള്‍.....

റോയിയുടെ മരണം അദ്ദേഹത്തിന്റെ വലിയൊരു നഷ്ടമാണെങ്കിലും, അദ്ദേഹത്തിന്റെ കുടുംബം നേരത്തെ തന്നെ ഗ്രൂപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നുവെന്നത് ആശ്വാസമാണ്. സി.ജെ. റോയിയുടെ മകന്‍ രോഹിത് റോയിയും, മകള്‍ റിയ റോയിയും കുടുംബ ബിസിനസ്സില്‍ നിര്‍ണ്ണായക സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്.




രോഹിത് റോയ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ദുബായ് വിഭാഗം മാനേജിംഗ് ഡയറക്ടറായാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ ഗ്രൂപ്പിന്റെ 'ഇന്റര്‍നാഷണല്‍ ബിസിനസ് & ഡിസൈന്‍' വിഭാഗത്തിന്റെ മേധാവിയും രോഹിത്താണ്. പിതാവിനെപ്പോലെ തന്നെ ലക്ഷ്വറി കാറുകളോട് വലിയ താല്പര്യമുള്ള വ്യക്തിയാണ് ഇദ്ദേഹം.

റിയ റോയ് ബിസിനസ്സിനൊപ്പം സിനിമയിലും താല്പര്യമുള്ള വ്യക്തിയാണ് വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന 'ബാംഗ്ലൂര്‍ ഹൈ' എന്ന ചിത്രത്തിലൂടെ റിയ സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. ഭാര്യയും ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി വിഭാഗത്തിന്റെ മേധാവിയായി പ്രവര്‍ത്തിക്കുന്നുണ്ട്.

ഇവരെല്ലാം ചേര്‍ന്ന് കോണ്‍ഫിഡന്റ് ഗ്രൂപ്പ് എന്ന പ്രസ്ഥാനം മുന്നോട്ട് കൊണ്ടുപോവുമെന്നാണ് കരുതുന്നത്. കോണ്‍ഫിഡന്റ് ഗ്രൂപ്പ് നിലവില്‍ ബംഗളൂരു, കേരളം, ദുബായ് എന്നിവിടങ്ങളിലായി നൂറുകണക്കിന് പ്രോജക്റ്റുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്. നിലവിലുള്ള പ്രോജക്റ്റുകള്‍ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനാണ് ഗ്രൂപ്പിന്റെ തീരുമാനം. കമ്പനിക്ക് വലിയ തോതിലുള്ള കടബാധ്യതകള്‍ ഇല്ലെന്നത്പ്രതിസന്ധി ഘട്ടത്തിലും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നു. സിനിമയടക്കമുള്ള റോയിയുടെ ഈ സംരംഭങ്ങള്‍ അദ്ദേഹത്തിന്റെ മക്കള്‍ വരുംദിവസങ്ങളില്‍ ഏറ്റെടുത്ത് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാല്‍ക്കഷ്ണം: പത്മശ്രീ, പത്മവിഭൂഷണും കാശുകൊടുത്ത് വാങ്ങുന്ന വെറുമൊരു പ്രാഞ്ചിയേട്ടനായിരുന്നില്ല ഡോ റോയ്. കോടികളുടെ അവാര്‍ഡാണ് അദ്ദേഹം അങ്ങോട്ട് കൊടുത്തത്. ഒരിടത്തും തലകുനിക്കാതെ അദ്ദേഹം നടന്നു. ആ ഗരിമ അദ്ദേഹം മരണത്തിലും കാത്തുവെന്ന് പറയാം. സമൂഹത്തിന് മുന്നില്‍ കുറ്റവാളിയായി ഒരു നിമിഷംപോലും ജീവിച്ചിരിക്കില്ല എന്നായിരിക്കുമോ, അദ്ദേഹത്തിന്റെ മനസ്സില്‍?