- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേഷം മാറി പാവങ്ങളെ സഹായിക്കുക ഹോബി; മദ്യപാനമുണ്ട്, കൊക്കാക്കോള കുടിക്കും, ഇടക്കിടെ ചോക്ലേറ്റും കഴിക്കും; എന്നിട്ടും 94-ാം വയസ്സിലും 'പയറുപോലെ'; ലോകത്തിലെ അഞ്ചാമത്തെ സമ്പന്നന് ലളിത ജീവിതം; ഭൂമിയിലെ ഏറ്റവും സന്തോഷമുള്ള വൃദ്ധന്‍: വാറന്‍ ബഫറ്റിന്റെ അസാധാരണ ജീവിതം
വാറന്‍ ബഫറ്റിന്റെ അസാധാരണ ജീവിതം
ന്യൂയോര്‍ക്ക് സിറ്റിയില്‍ തൊപ്പിയൂരി 'വല്ലതും തരണമെന്ന്' പൊലീസിന്റെ കണ്ണില്‍ പെടാതെ യാചിക്കുന്ന, മുഷിഞ്ഞ വേഷങ്ങള്‍ അണിഞ്ഞ ആ വൃദ്ധനെ ആരും മൈന്‍ഡ് ചെയ്യുന്നില്ലായിരുന്നു. അമേരിക്കയിലും യാചകരോ എന്ന രീതിയില്‍ അവജ്ഞയോടെയാണ് ചിലര്‍ നോക്കിയത്. കുറച്ചുനേരത്തെ യാചനക്കൊടുവില്‍ അയാള്‍ക്ക് ഒരു സംഘം പെണ്‍കുട്ടികള്‍ ഏതാനും ഡോളറുകള്‍ കൊടുക്കുന്നു. അവര്‍ പോവാന്‍ ഒരുങ്ങവെ ആ വൃദ്ധന്‍ തിരിച്ചുവിളിക്കുന്നു. എന്നിട്ട് തന്റെ കീശയില്‍നിന്ന് 25000 ഡോളറിന്റെ രണ്ട് കെട്ട് എടുത്ത് നല്‍കി പറയുന്നു, 'ഇത്് നിങ്ങള്‍ക്കുള്ള സമ്മാനമാണ്. ഓര്‍ക്കുക ചാരിറ്റി മേക്ക് യു റിച്ച്'!
പെണ്‍കുട്ടികള്‍ അന്തംവിട്ട് നില്‍ക്കുമ്പോള്‍, ഒരു കാര്‍ വരുന്നു. ആ വൃത്തികെട്ട കിളവന്‍ തന്റെ വസ്ത്രങ്ങള്‍ മാറ്റി ആ കാറില്‍ കൈവീശി യാത്ര തിരിക്കുന്നു. അമ്പരന്ന് നില്‍ക്കുന്ന അവര്‍ക്ക് അദ്ദേഹം ആരാണെന്ന് പോലും പിടികിട്ടുന്നില്ല. അതാണ്, ലോകത്തിലെ അഞ്ചാമത്തെ കോടീശ്വരന്‍ വാറന്‍ ബഫറ്റ്! ബഫറ്റിന്റെ ഈ ചിന്താ പരീക്ഷണം പിന്നീട് ക്രിസ്റ്റിയാനോ റോണാള്‍ഡോ അടക്കമുള്ള നിരവധി സെലിബ്രിറ്റികള്‍ ഏറ്റെടുത്തു.
സാധാരണക്കാരുടെ വേഷത്തില്‍ നടന്ന് സഹായത്തിന് അര്‍ഹരായവരെ കണ്ടെത്തി വേണ്ടത് ചെയ്യുക ബഫറ്റിന്റെ രീതിയായിരുന്നു. അതിനായി അദ്ദേഹം വേഷം മാറി തന്റെ നാടായ ഓമഹയിലുടെയൊക്കെ നടന്നിട്ടുണ്ട്. കടക്കെണിയില്‍ പെട്ട് ജീവിതം അവസാനിപ്പിക്കാറായ ഒരു കുടുംബത്തിന്, മരം മുറിക്കാരന്റെ വേഷത്തിലെത്തിയ ബഫറ്റ് തുണയായതൊക്കെ ഏറെ പ്രചരിച്ച കഥയാണ്. വിവരങ്ങള്‍ അന്വേഷിച്ച വുഡ് കട്ടറോട്, 'എന്തിനാണ് ഇതൊക്കെ നിങ്ങള്‍ അറിയുന്നത്, എന്റെ കടം നിങ്ങള്‍ പരിഹരിക്കുമോ' എന്നായിരുന്നു, കുടുംബനാഥന്റെ ചോദ്യം. അതേ എന്ന് പറഞ്ഞ് ലക്ഷക്കണക്കിന് ഡോളര്‍ അയാള്‍ എടുത്തുകൊടുത്തപ്പോള്‍, ആ കുടുംബത്തിന്റെ കണ്ണുതള്ളിപ്പോവുക മാത്രമല്ല, കണ്ണീര്‍ വറ്റുകയുമായിരുന്നു.
സമ്പത്തിന്റെ നെറുകയിലിരിക്കുമ്പോഴും സാധാരണക്കാരന്റെ ജീവിതം കൈവിടാത്ത, 94 വയസ്സുള്ള അമേരിക്കന്‍ ശതകോടീശ്വരന്‍ വാറന്‍ ബഫറ്റിന്റെത് ഒരു അസാധാരണ ജീവിതമാണ്. ഇപ്പോള്‍ അറുപതാണ്ടിനുശേഷം, ശതകോടി ഡോളറിലധികം വിപണി മൂല്യമുള്ള ബെര്‍ക്ക്ഷയര്‍ ഹാത്ത്വേ എന്ന മള്‍ട്ടിനാഷണല്‍ കമ്പനിയുടെ സിഇഒ സ്ഥാനമൊഴിയുകയാണ് അദ്ദേഹം. 2021-ല്‍ ബഫറ്റ് പിന്‍ഗാമിയായി പ്രഖ്യാപിച്ച വൈസ് ചെയര്‍മാനും കനേഡിയന്‍ വ്യവസായിയുമായ ഗ്രെഗ് ഏബലാകും (62) പുതിയ സിഇഒ. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള വൃദ്ധന്‍ എന്ന് വിശേഷിപ്പക്കപ്പെടുന്ന ബഫറ്റ് അതോടെ ബിസിനസ് രംഗത്തുനിന്ന് കളമൊഴിയുകയാണ്. തന്റെ സ്വത്തിന്റെ പാതിയോളം ഭാഗം, ചാരിറ്റിക്ക് ചെലവഴിച്ച ഒരു മനുഷ്യസ്നേഹിയുടെ കഥകൂടിയാണ് അദ്ദേഹത്തിന്റെത്.
ഓഹരി വിപണിയിലെ മഹാമാന്ത്രികന്‍
ഓഹരി വിപണിയിലെ മഹാമാന്ത്രികനെന്ന് വിശേഷിപ്പിക്കപ്പെടുന്നയാളാണ് അമേരിക്കന്‍ നിക്ഷേപകനും ശതകോടീശ്വരനുമായ വാറന്‍ ബഫറ്റ്. ഓഹരി വിപണിയുടെ കാര്യമാകട്ടെ, നിക്ഷേപ രീതിയുടെ കാര്യമാകട്ടെ ലോകമെന്നും ബഫറ്റിന്റെ വാക്കുകള്‍ക്ക് ചെവിയോര്‍ത്തിട്ടുണ്ട്. ഒടുവില്‍ 94-ാം വയസ്സില്‍ ഓഹരിവിപണിയില്‍ നിന്നും ബഫറ്റ് മാറുമ്പോള്‍, അത് സാമ്പത്തിക ലോകത്തെ ഒരു മഹത്തായ വിരമിക്കലാവുകയാണ്. ആറു പതിറ്റാണ്ടായി ഈ കമ്പനിയുടെ വളര്‍ച്ചയ്ക്ക് പിന്നിലെ ചാലക ശക്തിയായിരുന്നു ബഫറ്റ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് നയങ്ങളില്‍ ബഫറ്റിന് എതിര്‍പ്പുണ്ടായിരുന്നു. ഇതിലെ നിലപാടുകള്‍ വിശദീകരിച്ച ശേഷമാണ് കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ഈ വര്‍ഷം ജനുവരി ഒന്നിനു ശേഷം സ്വന്തം സമ്പത്ത് വര്‍ധിപ്പിച്ച ഏക ശതകോടീശ്വരന്‍ ബഫറ്റാണ്. 1,270 കോടി ഡോളര്‍ വര്‍ധനവാണ് അദ്ദേഹത്തിന് ഉണ്ടായത്. മറ്റ് 499 ശതകോടിപതികള്‍ക്ക് മൊത്തം 53,600 കോടി ഡോളര്‍ നഷ്ടം വന്ന സമയത്താണിത്. ഇലോണ്‍ മസ്‌കും ജെഫ് ബെസോസും സക്കര്‍ബര്‍ഗും ഒക്കെ പണം നഷ്ടമാക്കി. മസ്‌കിനു മാത്രം നഷ്ടം 13,000 കോടി ഡോളര്‍. 400 ബില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ നിന്ന് 300 ബില്യണിന് താഴേക്കു നീങ്ങി. ഓഹരികള്‍ നല്ല ഉയരത്തിലായിരുന്ന കഴിഞ്ഞ വര്‍ഷം ബഫറ്റ് പല ഓഹരികളും വിറ്റ് പണമാക്കി. 30,000 കോടിയില്‍ പരം ഡോളര്‍ പലിശ കിട്ടാവുന്ന നിക്ഷേപങ്ങളിലേക്ക് മാറ്റി. ഓഹരികള്‍ ഇടിഞ്ഞപ്പോള്‍ വന്ന നഷ്ടം പലിശവഴി നികത്തി. ഓഹരി നിക്ഷേപകര്‍ക്കുള്ള ബഫറ്റിന്റെ ഉപദേശങ്ങളില്‍ ഒന്ന് ശ്രദ്ധേയമാണ്. 'മറ്റുള്ളവര്‍ ആര്‍ത്തിപിടിച്ചു വാങ്ങിക്കൂട്ടുമ്പോള്‍ നിങ്ങള്‍ ഭയന്നുമാറി നില്‍ക്കുക. മറ്റുള്ളവര്‍ ഭയന്നു നില്‍ക്കുമ്പോള്‍ ആര്‍ത്തിയോടെ വാങ്ങിക്കൂട്ടുക.''- അത് അദ്ദേഹം പ്രാവര്‍ത്തികമാക്കുകയാണ് ചെയ്തത്.
ലോകത്തെ അഞ്ചാംനമ്പര്‍ കോടീശ്വരനാണ് തൊണ്ണൂറ്റിനാലുകാരനായ ബഫറ്റ്. ഫോബ്സ് മാസികയുടെ കണക്കനുസരിച്ച് 16,900 കോടി ഡോളറാണ് (14.29 ലക്ഷംകോടി രൂപ) അദ്ദേഹത്തിന്റെ ആസ്തി. പരാജയത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്ന ടെക്‌സ്റ്റൈല്‍ കമ്പനിയായിരുന്ന ബെര്‍ക്ഷയറിനെ 60 വര്‍ഷംകൊണ്ട് 1.16 ലക്ഷംകോടിയിലേറെ ഡോളര്‍ മൂല്യമുള്ള കമ്പനിയാക്കിമാറ്റി ബഫറ്റ്. 200 സംരംഭങ്ങള്‍ ഇന്ന് ബെര്‍ക്ഷയറിന്റെ കുടക്കീഴിലുണ്ട്.
നെബ്രാസ്‌കാ സംസ്ഥാനത്തിലെ ഒമാഹയില്‍ 1930 ആഗസ്റ്റ് 30-ന് ജനിച്ചു. ആദ്യം ഒരു സ്റ്റോക്ക് ബ്രോക്കറായിരുന്ന അദ്ദേഹത്തിന്റെ പിതാവ് പിന്നീട് രാഷ്ട്രീയക്കാരനായി. പക്ഷേ ചെറുപ്പം മുതല്‍ ബഫറ്റിന്റെ ആഗ്രഹം ഓഹരി വിപണിയില്‍ പങ്കാളിയാവുക എന്നായിരുന്നു.അതില്‍ അദ്ദേഹം വിജയച്ചു. തന്റെ പതിനൊന്നാം വയസ്സിലാണ് ആദ്യമായി ഓഹരിവാങ്ങുന്നത്. സിറ്റി സര്‍വ്വീസസ് എന്ന എണ്ണ കമ്പനിയുടെ മൂന്ന് ഓഹരികളാണ് 38 ഡോളര്‍ മുടക്കി അദ്ദേഹം വാങ്ങിയത്. പിന്നീട് അത് ഓഹരി രംഗത്തെ കരുത്തന്റെ വളര്‍ച്ചയായി മാറി.
1965-ല്‍ സുഹൃത്ത് ചാര്‍ലി മുംഗറിനൊപ്പമാണ് ബഫറ്റ് ബെര്‍ക്ഷയര്‍ ഏറ്റെടുത്തത്. 1970-ല്‍ സിഇഒ സ്ഥാനത്തെത്തി. 2023 നവംബറില്‍ മുംഗര്‍ അന്തരിച്ചു. ബഫറ്റും മുംഗറും ജനിച്ചുവളര്‍ന്ന യുഎസ് നഗരമായ ഓമഹയാണ് ബെര്‍ക്ഷയറിന്റെ ആസ്ഥാനം. ബിസിനസ് വിജയവും ജ്ഞാനവും ലളിതമായ ജീവിതശൈലിയും ബഫറ്റിന് 'ഓറക്കിള്‍ ഓഫ് ഓമഹ' എന്ന വിളിപ്പേര് നേടിക്കൊടുത്തു.
സ്വത്തിന്റെ പകുതി ചാരിറ്റിക്ക്
ബഫറ്റിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ ലളിത ജീവിതമാണ്. ഇത് നമ്മുടെ നാട്ടിലെ പ്രാഞ്ചിയേട്ടന്‍മാരായ കോടീശ്വരന്‍മാര്‍ കാണിക്കുന്ന ചീപ്പ് പട്ടിഷോ അല്ല. ശരിക്കും അദ്ദേഹത്തിന് ആംഡംബര ജീവിതത്തോട് താല്‍പ്പര്യമില്ലാത്തതാണ്. ഓമഹയില്‍ 1958-ല്‍ 31,500 ഡോളറിന് വാങ്ങിയ ഇടത്തരം വീട്ടിലാണ് താമസം. ഉപയോഗിക്കുന്നത് ഇടത്തരം കാറുകള്‍. വാഹനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിലും താല്‍പ്പര്യമില്ല. വിദേശ വിമാന യാത്രകളില്‍ ബിസിനസ് ക്ലാസ് തന്നെ വേണമെന്നില്ല. 2006- ല്‍ ബഫറ്റ് ഒരു മൊബൈല്‍ ഫോണ്‍ കൈവശം വച്ചിരുന്നില്ല, മേശപ്പുറത്ത് കമ്പ്യൂട്ടര്‍ ഇല്ലായിരുന്നു, കൂടാതെ ഒരു പഴയവണ്ടിയാണ് അദ്ദേഹം ഓടിച്ചിരുന്നത്.
2006 മുതല്‍ സമ്പത്തിന്റെ പകുതി ജീവകാരുണ്യപ്രവര്‍ത്തനത്തിന് നല്‍കുന്നു. താന്‍ കൊടുക്കുന്ന പണം തട്ടിപ്പുകാരുടെ കൈയില്‍ എത്തരുത് എന്നും അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്. വേഷം മാറി ഗ്രാമങ്ങളില്‍ സഞ്ചരിച്ച് പാവങ്ങളെ സഹായിക്കുന്നതില്‍ ഒരു അഡ്വവഞ്ചര്‍ ത്രില്ല് മാത്രമല്ല, അദ്ദേഹം കാണുന്നത്. നേരിട്ട് കണ്ട് സത്യം ബോധ്യപ്പെടുക എന്നതുമാണ്. നമ്മുടെ നാട്ടിലെ ചില മുതലാളിമാരെപ്പോലെ, ഒരുത്തനെ സഹായിച്ചാല്‍ അത് ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന പരിപാടിയും അദ്ദേഹത്തിനില്ല. സഹായിച്ച പലര്‍ക്കും ബഫറ്റാണ് ഇത് ചെയ്തത് എന്നുപോലും അറിയില്ല.
ബില്‍ & മെലിന്‍ഡ ഫൗണ്ടേഷനുമായൊക്കെ സഹകരിച്ച് ആഫ്രിക്കയിലെ പാവപ്പെട്ട കുട്ടികള്‍ക്ക് കോടിക്കണക്കിന് രൂപയുടെ ധനസഹായമാണ് ബഫറ്റ് ചെയ്യുന്നത്. തന്റെ മരണശേഷം ബെര്‍ക് ഷയര്‍ ഹാത്ത്വേയുടെ ശതകോടിക്കണക്കിനുള്ള ഓഹരികള്‍ കുടുംബവുമായി ബന്ധപ്പെട്ട നാല് ചാരിറ്റി ട്രസ്റ്റുകള്‍ക്ക് നല്‍കുമെന്ന് നേരത്തെ വാറന്‍ ബഫറ്റ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇതു തിരുത്തി. രണ്ടു കൊല്ലം മുമ്പ് കമ്പനിയുടെ വെബ്സൈറ്റിലുടെയാണ് ബഫറ്റ് പ്രഖ്യാപനം നടത്തിയത്. -'2006ല്‍ ഞാനെടുത്ത പ്രതിജ്ഞയുടെ ഭാഗമായാണ് ഓഹരികള്‍ പങ്കുവെയ്ക്കുന്നത്. എന്റെ മരണംവരെ ഇതിന് മാറ്റമുണ്ടാകില്ല. 93-ാം വയസ്സിലും ഞാന്‍ സുഖമായിരിക്കുന്നു. എന്നാല്‍, അധിക സമയത്തിലാണ് ഞാന്‍ ഇപ്പോള്‍ മുന്നോട്ടുപോകുന്നതെന്ന പൂര്‍ണ ബോധം എനിക്കുണ്ട്''- ഓഹരി പങ്കാളികള്‍ക്ക് 2023 നവംബര്‍ 21-ന് നല്‍കിയ കത്തില്‍ ബഫറ്റ് പറഞ്ഞു.
മൂന്നുമക്കളാണ് ഇപ്പോള്‍ സ്വത്തുക്കളുടെ നടത്തിപ്പുകാര്‍. തന്റെ 99 ശതമാനത്തിലധികം സ്വത്തുക്കളും നല്‍കുന്ന ചാരിറ്റി ട്രസ്റ്റിന്റെ രക്ഷാധികാരികളും അവരാണ്. 2006-ല്‍ ഈ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല, എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല കാര്യങ്ങള്‍. മരണാനന്തരം ബില്‍ & മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷനിലേക്കുള്ള സംഭാവനകള്‍ തുടരില്ലെന്നും, തന്റെ മൂന്ന് മക്കള്‍ നിയന്ത്രിക്കുന്ന ഒരു പുതിയ ചാരിറ്റബിള്‍ ട്രസ്റ്റിലേക്ക് തന്റെ സമ്പത്ത് അനുവദിക്കും എന്നും ബഫറ്റ് പറഞ്ഞു. വാറന്‍ ബഫറ്റിന്റെ ഓരോ മക്കള്‍ക്കും ഒരു ജീവകാരുണ്യ സംഘടനയുണ്ട്. 'എന്റെ മൂന്ന് മക്കളുടെ പ്രവര്‍ത്തനങ്ങള്‍ എനിക്ക് വളരെ നല്ലതായി തോന്നുന്നു, അവര്‍ കാര്യങ്ങള്‍ നന്നായി നിര്‍വഹിക്കുമെന്ന് എനിക്ക് നൂറുശതമാനം വിശ്വാസമുണ്ട് ''- വാറന്‍ ബഫറ്റ് പ്രതികരിച്ചത് ഇങ്ങനെയാണ്. ഈ പുതുതായി പ്രഖ്യാപിച്ച സംഭാവനകളെത്തുടര്‍ന്ന്, 207,963 ബെര്‍ക്ക്ഷയര്‍ ഹാത്ത്വേ ക്ലാസ് എ ഷെയറുകളും 2,586 ക്ലാസ് ബി ഓഹരികളും ബഫറ്റിന് സ്വന്തമായുണ്ട്, ഈ ഓഹരികളുടെ ആകെ മൂല്യം ഏകദേശം 128 ബില്യണ്‍ ഡോളറില്‍ അധികമാണ്. പിതാവിന്റെ സ്വത്തുക്കള്‍ ഇനി മക്കളിലുടെ ട്രസ്റ്റിലുടെയാണ് അര്‍ഹതപ്പെട്ടവരിലേക്ക് എത്തുക.
മദ്യാസക്തിയും കാന്‍സറും
ബിസിനസ് വിഷയങ്ങളും നര്‍മ്മവും കൂട്ടിക്കലര്‍ത്തുന്നതിനാല്‍ ഏറെ പോപ്പുലറാണ് ബഫറ്റിന്റെ പ്രസംഗങ്ങള്‍. എല്ലാ വര്‍ഷവും, നെബ്രാസ്‌കയിലെ ഒമാഹയിലുള്ള ക്വെസ്റ്റ് സെന്ററില്‍ നടക്കുന്ന ബെര്‍ക്ക്‌ഷെയര്‍ ഹാത്ത്വേയുടെ വാര്‍ഷിക ഓഹരി ഉടമകളുടെ യോഗത്തില്‍ ബഫറ്റ് അധ്യക്ഷത വഹിക്കുന്നു . ഈ പരിപാടി അമേരിക്കയില്‍ നിന്നും വിദേശത്തു നിന്നുമായി 20,000-ത്തിലധികം സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു, ഇതിന് 'മുതലാളിത്തത്തിന്റെ മരം' എന്നാണ് ആരാധകര്‍ വിളിപ്പേര് നല്‍കിയിട്ടുള്ളത്. ബഫറ്റ് തയ്യാറാക്കുന്ന ബെര്‍ക്ക്‌ഷെയറിന്റെ വാര്‍ഷിക റിപ്പോര്‍ട്ടുകളും ഓഹരി ഉടമകള്‍ക്കുള്ള കത്തുകളും പലപ്പോഴും വൈറല്‍ ആവാറുണ്ട്.
94 വയസ്സായപ്പോള്‍ പലരും ബഫറ്റിനോട് ചോദിച്ചു. ഈ ദീര്‍ഘായുസ്സിന്റെ രഹസ്യമെന്ത്. അദ്ദേഹം പറഞ്ഞത് സന്തോഷം എന്നായിരുന്നു. എന്തുചെയ്താലും സന്തോഷത്തോടെ ചെയ്താല്‍ അത് ജീവിതവിജയം കൊണ്ടുത്തരുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. പക്ഷേ ആ സന്തോഷത്തില്‍ പണത്തിന് വലിയ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. പലരും കരുതുന്നതുപോലെ ചിട്ടിയായ ഭക്ഷണക്രമമല്ല അദ്ദേഹത്തിന്റെ ദീര്‍ഘായുസ്സിന്റെ രഹസ്യം. പണ്ട് നന്നായി മദ്യപിച്ചിരുന്ന അദ്ദേഹം ഇപ്പോഴും ലളിതമായി മദ്യപിക്കാറുണ്ട്. കോളയും ചോക്ക്ളേറ്റും അദ്ദേഹത്തിന്റെ മറ്റൊരു വീക്ക്നെസ്സാണ്. കമ്പനി മീറ്റിങ്ങുകളില്‍ പങ്കെടുക്കുന്നതുപോലും ചോക്ലേറ്റ് ചവച്ചാണ്. എന്നിട്ടും അദ്ദേഹത്തിന്റെ ഷുഗറിന്റെ പ്രശ്നമൊന്നുമില്ല. പക്ഷേ തന്റെ ജീവിത ശൈലി അസാധാരണമാണെന്നും ആരും അത് മാതൃകയാക്കരുത് എന്നും ബഫ്റ്റ് ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്.
ആദ്യകാലത്ത് അദ്ദേഹം ഒരു സ്ഥിരം മദ്യപനായിരുന്നു. 2012 ഏപ്രില്‍ 11 ന്, പതിവ് പരിശോധനയ്ക്കിടെ ബഫറ്റിന് സ്റ്റേജ് വണ്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തി. അതോടെ അദ്ദേഹത്തിന് ചരമക്കുറിപ്പ് എഴുതിയവര്‍ ഏറെയുണ്ട്. ഏറ്റവും കൂടുതല്‍ മരണനിരക്കുള്ള അര്‍ബുദമാണ് പോസ്റ്ററേറ്റ് കാന്‍സര്‍. പക്ഷേ ബഫറ്റ് അതിനെയും അതിജീവിച്ചു. റേഡിയേഷന്‍ അടക്കമുള്ള ചികിത്സയിലുടെ അദ്ദേഹം ജീവിതത്തിലേക്ക് തിരുച്ചുവന്നു. അക്കാലത്ത് ഓഹരി ഉടമകള്‍ക്ക് അയച്ച കത്തില്‍, 'എനിക്ക് മികച്ച ആരോഗ്യമുണ്ടെന്ന് തോന്നുന്നു. എന്റെ എനര്‍ജിലെവല്‍ 100 ശതമാനമാണ്' എന്നാണ് ബഫറ്റ് എഴുതിയത്. 2012 സെപ്റ്റംബര്‍ 15 ന്, 44 ദിവസത്തെ റേഡിയേഷന്‍ ചികിത്സാ ചക്രം പൂര്‍ത്തിയാക്കിയതായി ബഫറ്റ് പ്രഖ്യാപിച്ചു- 'ഇത് എനിക്ക് ഒരു മികച്ച ദിവസമാണ്. അത് അവസാനിച്ചുവെന്ന് പറയുന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്'. പക്ഷേ ഇതിനുശേഷമാണ് അദ്ദേഹം മദ്യപാനം കുറച്ചത്.
സുഖ നിദ്ര, സുഖ ഭക്ഷണം
ഒരിക്കല്‍ അദ്ദേഹത്തിന്റെ ആരോഗ്യ രഹസ്യത്തെക്കുറിച്ച് ഒരു പൊതുപരിപാടിക്കിടെ ചോദിച്ചപ്പോള്‍, ഒരു മിഠായി വായില്‍ വെച്ച് 'ശരി, നിങ്ങള്‍ സമീകൃതാഹാരത്തോടെ ആരംഭിക്കൂ' എന്ന് തമാശയായി പറഞ്ഞത് സദസ്സില്‍ കൂട്ടച്ചിരി ഉയര്‍ത്തിയിരുന്നു. ജങ്ക് ഫുഡുകളോടുള്ള ഇഷടത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടുണ്ട് അദ്ദേഹം. ഒരു ശതകോടീശ്വരന് എത്ര വിലപിടിപ്പുള്ള ഭക്ഷണവും തന്റെ തീന്‍മേശയില്‍ എത്തിക്കാം. പക്ഷേ സാധാരണക്കാരന്റെ ഭക്ഷണമാണ് അദ്ദേഹം തിരഞ്ഞെടുക്കാറ്.
2017-ല്‍ പുറത്തിറങ്ങിയ 'ബിക്കമിംഗ് വാറന്‍ ബഫറ്റ്' എന്ന എച്ച്ബിഒ ഡോക്യുമെന്ററിയില്‍ ,അദ്ദേഹം മക്ഡൊണാള്‍ഡ്‌സില്‍ വിലക്കുറവുള്ള ചില സാധനങ്ങളാണ് തന്റെ പ്രഭാതഭക്ഷണമെന്നു പറയുന്നു-'രണ്ട് സോസേജ് പാറ്റീസ്; ഒരു സോസേജ്, മുട്ട, ചീസ്; അല്ലെങ്കില്‍ ഒരു ബേക്കണ്‍, മുട്ട, ചീസ്. ഒരു കൊക്കളേക്ക് ഒപ്പം ഞാന്‍ ഇത് ആസ്വദിക്കാറുണ്ട്''. ബഫറ്റിന്റെ ഈ ഭക്ഷണക്രമങ്ങളൊക്കെ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായിട്ടുണ്ട്. ചൈനയില്‍ പോയിട്ടും കൊക്കാക്കോള കുടിക്കുന്ന അദ്ദേഹത്തിന്റെ ചിത്രവും പ്രശസ്്തമാണ്.
ഹാംബര്‍ഗറുകള്‍, ഐസ്‌ക്രീം, കോക്ക് എന്നിവ കഴിക്കുന്ന ബഫറ്റിന്റെ ഭക്ഷണത്തെക്കുറിച്ച് സുഹൃത്തും, ശതകോടീശ്വരനുമായ ബില്‍ ഗേറ്റ്സ് ഇങ്ങനെ എഴുതുന്നു. -'' ഇക്കാരത്തില്‍ അദ്ദേഹം യുവാക്കള്‍ക്ക് ഒരു മോശം മാതൃക കാണിച്ചേക്കാം. ജങ്ക് ഫുഡുകള്‍ എങ്ങനെയോ അദ്ദേഹത്തിന് പ്രവര്‍ത്തിക്കുന്ന ഒരു ഭക്ഷണക്രമമാണ്. എല്ലാവരിലും അത് പ്രവര്‍ത്തിക്കണമെന്നില്ല'' -മൈക്രോസോഫ്റ്റ് സ്ഥാപകന്‍ കൂട്ടിച്ചേര്‍ത്തു.
സാധാരണ, വിജയിച്ച മനുഷ്യരുടെ കഥകളില്‍ എല്ലാം അതിരാവിലെ എണീറ്റുള്ള കഠിനാധ്വാനത്തിന്റെ കാര്യം വരാറുണ്ട്. പക്ഷേ ബഫറ്റ് അവിടെയും വ്യത്യസ്തനാണ്. 'എനിക്ക് പുലര്‍ച്ചെ നാല് മണിക്ക് ജോലിക്ക് പോകാന്‍ ആഗ്രഹമില്ല. ഉറങ്ങാന്‍ ഇഷ്ടമാണ്. ഞാന്‍ സാധാരണയായി രാത്രിയില്‍ എട്ട് മണിക്കൂര്‍ ഉറങ്ങും. ഉണരുന്നത് തന്റെ എട്ടുമണിക്കാണ്''-2017 ല്‍ പിബിഎസ് ന്യൂസ് അവറിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. പക്ഷേ നന്നായുള്ള ഉറക്കം ആയുസ്സ് വര്‍ദ്ധിപ്പിക്കുമെന്നും ടെന്‍ഷന്‍ കുറക്കുമെന്നും അദ്ദേഹം പറയുന്നു. ഇന്നും തന്റെ ആരോഗ്യത്തിന്റെ രഹസ്യങ്ങളിലൊന്നായി അദ്ദേഹം പറയുന്നത് സുഖ നിദ്രയാണ്.
70-ലധികം അനുബന്ധ സ്ഥാപനങ്ങളുള്ള ഒരു കമ്പനി നടത്തേണ്ടി വന്നിട്ടും, ബഫറ്റ് തന്റെ സുഹൃത്തുക്കളുമായി ബിഡ്ജ് കളിക്കാന്‍ ആഴ്ചയില്‍ എട്ട് മണിക്കൂര്‍ നീക്കിവെക്കുന്നു. 'ഓരോ ഏഴ് മിനിറ്റിലും വ്യത്യസ്തമായ ഒരു ബൗദ്ധിക വെല്ലുവിളി നിങ്ങള്‍ കാണുന്നു. തലച്ചോറിന് ലഭ്യമായ ഏറ്റവും മികച്ച വ്യായാമമാണിത്''- തന്റെ ബ്രിഡ്ജ് കളിയെക്കുറിച്ച് അദ്ദേഹം പറഞ്ഞത് അതാണ്.
അതുപോലെ ഫുട്ബോളിന്റെയും കടുത്ത ആരാധകനാണ് അദ്ദേഹം. ജന്‍മനാട്ടിലെ നിരവധി ക്ലബുകള്‍ അദ്ദേഹം സ്പോണ്‍സര്‍ ചെയ്തിട്ടുമുണ്ട്. ഒരു സെക്കന്‍ഡ് ഒഴിവില്ലാത്ത ടൈറ്റ് ഷെഡ്യൂളുകള്‍ അദ്ദേഹത്തിന് ഇഷ്ടമല്ല. ഒരു ദിവസം രണ്ടു മണിക്കൂര്‍ അദ്ദേഹം വായിക്കാന്‍ സമയം കണ്ടെത്തുന്നുണ്ട്. വാര്‍ധക്യം നന്നായി മുന്നോട്ട് കൊണ്ടുപോവണമെങ്കില്‍ സ്നേഹബന്ധങ്ങളുടെ വില അറിയണമെന്നും അദ്ദേഹം പറയുന്നുണ്ട്. 'ആരോഗ്യകരമായ വാര്‍ദ്ധക്യത്തിന്, ഭക്ഷണക്രമത്തേക്കാളും വ്യായാമത്തേക്കാളും നിങ്ങളുടെ ബന്ധങ്ങള്‍ പ്രധാനമാണ്''- ബഫറ്റ് പറയുന്നു.
ട്രംപ് വിരുദ്ധന്‍?
സൗഹൃദങ്ങളുടെ രാജാവ് എന്നാണ് ബഫറ്റ് അറിയപ്പെടുന്നത്. ടാക്സി ഡ്രൈവര്‍മാര്‍ തൊട്ട്, രാജ്യത്തലവന്‍മാരും, ഹോളിവുഡ് നടന്‍മ്മാരും വരെ അദ്ദേഹത്തിന്റെ സുഹൃത്ത് വലയത്തിലുണ്ട്. ബരാക് ഒബാമയുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ്. 2023 മരിക്കുന്നതുവരെ ഗായകനും ഗാനരചയിതാവുമായ ജിമ്മി ബഫറ്റ് ദീര്‍ഘകാല സുഹൃത്തായിരുന്നു. അവര്‍ പലപ്പോഴും പരസ്പരം 'അങ്കിള്‍ വാറന്‍' എന്നും 'കസിന്‍ ജിമ്മി' എന്നും വിളിക്കുമായിരുന്നു. പേരിലെ സാമ്യവും മറ്റും വെച്ച് ഇരുവരും ഡിഎന്‍എ പരിശോധന നടത്തി. പക്ഷേ അത് ഒരു ബന്ധവും വെളിപ്പെടുത്തിയില്ല.
അതുപോലെ തന്നെ രാഷ്ട്രീയ രംഗത്തെ ബഫറ്റിന്റെ അടുത്ത സുഹൃത്തായിരുന്നു, മൂന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ. ഒബാമ നടപ്പാക്കിയ ആരോഗ്യപദ്ധതികള്‍ക്കെക്കെ വാറന്‍ ബഫ്റ്റ് തുറന്ന പിന്തുണ പ്രഖ്യാപിച്ചിരുന്നു. പക്ഷേ എന്നിരുന്നാലും, കക്ഷിരാഷ്ട്രീയത്തില്‍ ഇറങ്ങിക്കളിക്കാനോ ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് ഫണ്ട് ചെയ്യാനോ, അദ്ദേഹം ഒരിക്കലും താല്‍പ്പര്യം കാണിച്ചിട്ടില്ല.
ഇപ്പോള്‍ ട്രംപിന്റെ താരിഫ് യുദ്ധത്തെ കര്‍ശനമായി എതിര്‍ക്കുന്നത് കൊണ്ട് ട്രംപ് വിരോധിയെന്ന പേര് അദ്ദേഹത്തിന് വീണിട്ടുണ്ട്. പക്ഷേ എതിര്‍ക്കുന്നത് ട്രംപിനെയല്ല അദ്ദേഹത്തിന്റെ ആശയങ്ങളെയാണെന്നാണ് ഈ വയോധിക ബിസിസനസ് സിംഹം പ്രതികരിച്ചത്. താരിഫുകള്‍ ഒരു ആയുധം ആവരുതെന്നും മറ്റ് രാജ്യങ്ങള്‍ അവയുടെ അഭിവൃദ്ധി പങ്കിട്ടാല്‍ അമേരിക്കക്ക് അത് നല്ലതായിരിക്കുമെന്നും വാറന്‍ ബഫറ്റ് തന്റെ കമ്പനിയുടെ വാര്‍ഷിക യോഗത്തില്‍ സംസാരിക്കുവേ പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. 'സന്തുലിതമായ വ്യാപാരം ലോകത്തിന് നല്ലതാണ്. എന്നാല്‍, വ്യാപാരം ഒരു ആയുധമാകരുത്' -60 വര്‍ഷമായി ബെര്‍ക്ക്‌ഷെയറിനെ നയിക്കുന്ന 94 കാരന്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും ആദരണീയനായ നിക്ഷേപകനായാണ് ബഫറ്റിന്റെ വാക്കുകള്‍ ട്രംപിനെതിരെയുള്ള ആയുധമായി. ചില രാജ്യങ്ങള്‍, ഞങ്ങള്‍ വിജയിച്ചു എന്ന് പറയുന്ന ഒരു ലോകം രൂപകല്‍പന ചെയ്യുന്നത് നല്ല ആശയമാണെന്ന് താന്‍ കരുതുന്നില്ലെന്നും ബഫറ്റ് കൂട്ടിച്ചേര്‍ത്തു. ലോകത്തിന്റെ ബാക്കി ഭാഗങ്ങള്‍ കൂടുതല്‍ സമ്പന്നമാകുന്തോറും നമ്മളും കൂടുതല്‍ സമ്പന്നരാകുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ 94-ാം വയസ്സില്‍ തന്റെ കുടുംബവുമൊത്ത് കഴിയാനാണ് അദ്ദേഹം താല്‍പ്പര്യപ്പെടുന്നത്. തന്റെ പ്രണയത്തെക്കുറിച്ചും നേരത്തെ രസകരമായി ബഫറ്റ് പറഞ്ഞിട്ടുണ്ട്. 1949-ല്‍, ബഫറ്റിന് ഒരു യുവതിയോട് പ്രണയം തോന്നിയിരുന്നു. അവളുടെ കാമുകന്റെ കയ്യില്‍ ഒരു യുകുലേലെ എന്ന സംഗീത ഉപകരം ഉണ്ടായിരുന്നു. നമ്മുടെ വയലിന്‍പോലെ ഒന്ന്. അവനുമായി മത്സരിക്കാനുള്ള ശ്രമത്തില്‍, അദ്ദേഹം ആ ഉപകരണങ്ങളില്‍ ഒന്ന് വാങ്ങി, അന്നുമുതല്‍ അത് വായിച്ചുവരികയാണ്. ആ ക്രഷ് പാളിയെങ്കിലും, തന്റെ കമ്പനി മീറ്റിങ്ങുകളില്‍ അദ്ദേഹം യുകുലേലെ വായിച്ച് ഈ കഥ പറഞ്ഞ് അദ്ദേഹം ചിരിക്കാറുണ്ട്.
1952-ലാണ് ബഫറ്റ് സൂസനെ വിവാഹം കഴിച്ചു. അവര്‍ക്ക് രണ്ടുകുട്ടികളുണ്ട്. 77-ല്‍ ദമ്പതികള്‍ വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങി. 2004 ജൂലൈയില്‍ സൂസന്‍ മരിക്കുന്നതുവരെ അവര്‍ സുഹൃത്തുക്കളായി തുടര്‍ന്നു. 2006-ല്‍, തന്റെ 76-ാം ജന്മദിനത്തില്‍, ബഫറ്റ് തന്റെ ദീര്‍ഘകാല പങ്കാളിയായ ആസ്ട്രിഡ് മെന്‍ക്‌സിനെ വിവാഹം കഴിച്ചു, അന്ന് അവള്‍ക്ക് 60 വയസ്സായിരുന്നു! പ്രണയത്തിനു വിവാഹത്തിനുമൊന്നും പ്രായം ഒരു തടസ്സമല്ല എന്ന് പറയുന്നത് എത്ര ശരിയാണ്.
വാല്‍ക്കഷ്ണം: 'ജീവിതം സന്തോഷിക്കാനും ആസ്വദിക്കാനുമുള്ളതാണ്. പക്ഷേ സന്തോഷത്തിനുള്ള ഏറ്റവും പ്രധാന ഘടകം പണം തന്നെയാണ്. എനിക്ക് പണമുള്ളതുകൊണ്ടുതന്നെയാണ് ഇത്രയും സന്തോഷമുള്ളത്''- വാറന്‍ ബഫറ്റ് തുറന്നു പറയുന്നു. നമ്മുടെ നാട്ടിലെ ആരോടുചോദിച്ചാലും നേരെ തിരിച്ചായിരിക്കും ഉത്തരം. പണം സന്തോഷം തരില്ല, വലിയ തലവേദനയാവും എന്നൊക്കെയാവും മറുപടി!