- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദലിതര്‍ക്ക് ഇസ്ലാം നല്‍കുന്ന സ്വര്‍ഗം മോഹിച്ച് ചതിക്കുഴിയില്‍ പെട്ട നേതാവ്; പാക്കിസ്ഥാനിലേക്ക് പോയത് ജിന്നയുടെ ചക്കര വാക്കുകള്‍ വിശ്വസിച്ച്; അവിടെയെത്തിയപ്പോള്‍ കണ്ടത് ദലിത് കൂട്ടക്കൊലയും പീഡനവും; ഒടുവില്‍ മന്ത്രിസ്ഥാനം രാജിവെച്ച് ഇന്ത്യയിലേക്ക്; 'പാക്കിസ്ഥാന്റെ അംബേദ്ക്കറുടെ' ദയനീയ ജീവിതം!
'പാക്കിസ്ഥാന്റെ അംബേദ്ക്കറുടെ' ദയനീയ ജീവിതം!
പാക്കിസ്ഥാനിലുമുണ്ടായിരുന്നു ഒരു അംബേദ്ക്കര്‍! അതായിരുന്നു ജോഗേന്ദ്രനാഥ് മണ്ഡല്‍ ( യോഗേന്ദ്രനാഥ് എന്നും ഉച്ചാരണമുണ്ട്) എന്ന ബംഗാളി ദളിത് നേതാവ്. അംബേ്ക്കറെപ്പോലെ ഒരു നിയമവിദഗ്ധനായിരുന്നു അദ്ദേഹവും. നിയമം ബിരുദം നേടിയിട്ടും അഭിഭാഷകനായി പണം സമ്പാദിക്കാവുന്ന തൊഴില്‍ ഉപേക്ഷിച്ചുകൊണ്ട്, അദ്ദേഹം നാമശൂദ്ര എന്ന വിളിക്കുന്ന തന്റെ ദളിത് സമൂഹത്തിന്റെ ഉന്നമനത്തിനായി പൊതു പ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞു. സവര്‍ണ്ണ ഹിന്ദുക്കളാണ് തങ്ങളുടെ ഏറ്റവും വലിയ പ്രശ്നമെന്നും, ജാതീയതയെ മറികടക്കാന്‍ ഇസ്ലാമുമായി ഐക്യം വേണമെന്നും വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.
മുഹമ്മദലി ജിന്ന അടക്കമുള്ള മുസ്ലീം ലീഗ് നേതാക്കളുമായി മണ്ഡലിന് നല്ല ബന്ധമായിരുന്നു. ജിന്നയുടെ ഉറപ്പ് വിശ്വസിച്ച് ദലിത്-മുസ്ലീം ബാന്ധവം ഊട്ടിയുറപ്പിക്കുന്നതിനായി മണ്ഡലും കൂട്ടരും സ്വാതന്ത്ര്യത്തിനുശേഷം പാക്കിസ്ഥാനിലേക്ക് തിരിച്ചു. ലിയാഖത്ത് അലിഖാന്റെ കാബിനറ്റില്‍ മന്ത്രിയായി. ഇവിടെ അംബേദ്ക്കാര്‍ വഹിച്ചിരുന്ന അതേ സ്ഥാനങ്ങള്‍ തന്നെയാണ് പാക്കിസ്ഥാനില്‍ ജോഗേന്ദ്രനാഥ് മണ്ഡലിനും കൊടുത്തത്. മണ്ഡല്‍ പാക്കിസ്ഥാനിലേക്ക് പോവുമ്പോള്‍, സാക്ഷാല്‍ ബി ആര്‍ അംബേദ്ക്കര്‍ ആവര്‍ത്തിച്ച് പറഞ്ഞതാണ് അങ്ങനെ ചെയ്യരുത് എന്നും അത് ആത്മഹത്യാപരമാണെന്നും. ഇസ്ലാമില്‍, ആ മതത്തിലുള്ളവരുടെ സാഹോദര്യം മാത്രമേ ഉള്ളൂവെന്നും ദലിതര്‍ വഞ്ചിക്കപ്പെടുമെന്നുമായിരുന്നു അംബേദ്ക്കറുടെ നിലപാട്.
എന്നാല്‍ അതൊന്നും വകവെക്കാതെ, ജോഗേന്ദ്രനാഥ മണ്ഡല്‍ പാക്കിസ്ഥാനിലേക്ക് പോയി മന്ത്രിയായി. പക്ഷേ അദ്ദേഹത്തെ കാത്തിരുന്നത് അപമാനങ്ങളുടെ വഞ്ചനയുടെയും ദിനങ്ങളായിരുന്നു. അംബേദ്ക്കര്‍ മുന്‍കൂട്ടി കണ്ടത് ശരിയായി. ഒടുവില്‍ ഗത്യന്തരമില്ലാതെ തിരിച്ച് ഇന്ത്യയിലേക്കുതന്നെ വന്ന ഈ മണ്ഡല്‍, എല്ലാവരില്‍ നിന്നും ബഹിഷ്‌കൃതനായാണ് മരിച്ചത്. കേരളത്തിലെ അംബേദ്ക്കറൈറ്റുകള്‍ എന്ന് പറയുന്നവര്‍, എല്ലായിപ്പോഴും മറച്ചുവെക്കുന്ന ഒന്നാണ്, 'പാക്കിസ്ഥാന്റെ അംബേദ്ക്കറുടെ' ദയനീയ ജീവിതം.
തോട്ടിയില്‍ നിന്ന് നിയമവിദഗ്ധനിലേക്ക്
1904 ജനുവരി 29ന് ബ്രിട്ടീഷ് ഇന്ത്യക്ക് കീഴിലുള്ള ബംഗാള്‍ പ്രസിഡന്‍സിയുടെ ഭാഗമായിരുന്ന ( ഇന്നത്തെ ബംഗ്ലാദേശ്) ബാരിസാല്‍ ജില്ലയിലെ മൈസ്റ്റര്‍കണ്ടി ഗ്രാമത്തിലാണ്, ജോഗേന്ദ്രനാഥ് മണ്ഡല്‍ ജനിച്ചത്. രാം ദയാല്‍ മണ്ഡലിന്റെയും, സന്ധ്യാദേവിയുടെയും, ആറുമക്കളില്‍ ഇളയവനായിരുന്നു. പുറത്ത് കാണാല്‍പോലും പാടില്ലാത്ത ചണ്ഡാളസമൂഹമായിരുന്നു അക്കാലത്തെ നാമശൂദ്രര്‍. തോട്ടിപ്പണി പോലുള്ള ജോലികള്‍ ചെയ്തും, മൃഗാവശിഷ്ടങ്ങള്‍ ആഹരിച്ചുമൊക്കെയാണ് അവര്‍ ജീവിച്ചിരുന്നത്. അവിടെ നിന്ന് ഒരാള്‍ പഠിച്ച് നിയമബിരുദം നേടുക എന്നാല്‍ എത്രമാത്രം കഷ്ടതകള്‍ അനുഭവിച്ചിട്ടുണ്ടാവും. അംബേദ്ക്കര്‍ സഹിച്ചതിനേക്കാള്‍ പീഡനങ്ങള്‍ വ്യക്തിപരമായി സഹിച്ചയാളാണ് മണ്ഡല്‍ എന്നതില്‍ തര്‍ക്കമില്ല. പട്ടിണിക്കിടയിലും മണ്ഡല്‍ പഠിച്ചു വളര്‍ന്നു. ചെറുപ്പകാലത്ത് ഒരുനേരത്തെ ആഹാരത്തിനായി, തോട്ടിപ്പണിക്കുപോയ കഥയൊക്കെ മണ്ഡല്‍ എഴുതിയിട്ടുണ്ട്.
എന്നിട്ടും എല്ലാ പരീക്ഷയും അദ്ദേഹം ഒന്നാംക്ലാസിലാണ് ജയിച്ചത്. 1929- ല്‍ ബിരുദം നേടി. 1934-ല്‍ നിയമബിരുദവും. എന്നിരുന്നാലും, അഭിഭാഷകവൃത്തി ഒരു തൊഴിലാക്കില്ലെന്ന് മണ്ഡല്‍ ബോധപൂര്‍വമായ തീരുമാനം എടുത്തു. പകരം അരികുവല്‍ക്കരിക്കപ്പെട്ട തന്റെ സമൂഹത്തെ ഉയര്‍ത്തിക്കൊണ്ടുവരാനും, സാമൂഹിക ഉന്നമനത്തിനുമായി ജീവിതം സമര്‍പ്പിക്കാനും താന്‍ തീരുമാനിച്ചുവെന്നാണ് അദ്ദേഹം എഴുതിയത്. ആ ദൃഡനിശ്ചയത്തോടെയാണ് മണ്ഡല്‍ രാഷ്ട്രീയത്തിലേക്കും പൊതുപ്രവര്‍ത്തനത്തിലേക്കും എത്തുന്നത്.
1937-ലെ ഇന്ത്യന്‍ പ്രവിശ്യാ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് ജോഗേന്ദ്രനാഥ് മണ്ഡല്‍ തന്റെ രാഷ്ട്രീയ യാത്ര ആരംഭിക്കുന്നത്. ബംഗാള്‍ നിയമസഭയിലെ ബഖര്‍ഗഞ്ച് നോര്‍ത്ത് ഈസ്റ്റ് റൂറല്‍ മണ്ഡലത്തില്‍ മത്സരിച്ച അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ജില്ലാ കമ്മിറ്റി പ്രസിഡന്റും, സ്വദേശി നേതാവ് അശ്വിനി കുമാര്‍ ദത്തയുടെ അനന്തരവനുമായ സരള്‍ കുമാര്‍ ദത്തയെ പരാജയപ്പെടുത്തി. അതോടെയാണ് മണ്ഡല്‍ ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഈ കാലയളവില്‍, സുഭാഷ് ചന്ദ്രബോസ്, ശരത് ചന്ദ്രബോസ് തുടങ്ങിയ വ്യക്തികളില്‍ നിന്ന് മണ്ഡലിന് പ്രചോദനം ലഭിച്ചു. സുഭാഷ് ചന്ദ്രബോസുമായി അടുത്ത വ്യക്തിബന്ധവുമായിരുന്നു, അദ്ദേഹം. 1940-ല്‍ സുഭാഷ് ചന്ദ്രബോസിനെ ഐഎന്‍സിയില്‍ നിന്ന് പുറത്താക്കിയതോടെയാണ്, മണ്ഡല്‍ കോണ്‍ഗ്രസില്‍നിന്ന് അകലുന്നതും.
അങ്ങനെയാണ് അദ്ദേഹം മുസ്ലീം ലീഗുമായി കൂടുതല്‍ അടുക്കുന്നത്. ജിന്നയടക്കമുള്ള ലീഗ് നേതാക്കളുമായി അടുത്ത വ്യക്തിബന്ധവും ഉണ്ടായിരുന്നു. തുടര്‍ന്ന്, മുസ്ലീം ലീഗ് മുഖ്യമന്ത്രി ഹുസൈന്‍ ഷഹീദ് സുഹ്‌റവദ്രിയുടെ മന്ത്രിസഭയില്‍ അദ്ദേഹം ബംഗാളില്‍ മന്ത്രിസ്ഥാനം ഏറ്റെടുത്തു. 1946- ലെ ഇടക്കാല ഗവണ്‍മെന്റിന്റെ കാലത്ത് മുസ്ലീം ലീഗിന്റെ നോമിനേറ്റഡ് മെംബറായിരുന്നു അദ്ദേഹം. ജിന്ന മണ്ഡലിനെ ലീഗിന്റെ അഞ്ച് പ്രതിനിധികളില്‍ ഒരാളായി നാമനിര്‍ദ്ദേശം ചെയ്യുകയായിരുന്നു.
'ദലിതര്‍ക്ക് നല്ലത് ഇസ്ലാം'
ഇന്ത്യന്‍ ഉപഭൂഖണ്ഡം സ്വാതന്ത്ര്യത്തിലേക്ക് നീങ്ങുമ്പോള്‍, രാജ്യത്തെ ദളിതരുടെ അവസ്ഥ സംബന്ധിച്ച് നേതക്കാള്‍ തമ്മില്‍ ഭിന്ന അഭിപ്രായമായിരുന്നു. ഡോ. ബി.ആര്‍. അംബേദ്കറും, ഗാന്ധിജിയും തമ്മിലുള്ള ഭിന്നതകള്‍ പരസ്യമായിരുന്നു. ബ്രിട്ടീഷുകാര്‍ മാറി ഭരണം കോണ്‍ഗ്രസിന്റെ കൈയില്‍ എത്തുന്നതോടെ അവിടെ സവര്‍ണ്ണ ഹിന്ദുക്കള്‍, അധികാരം കുത്തകയാക്കുമോ എന്ന ഭയം അംബേദ്ക്കര്‍ക്കുമുണ്ടായിരുന്നു. കിട്ടിയ അവസരത്തിലൊക്കെ അംബ്ദേക്കര്‍ അത് ബ്രിട്ടീഷ് നേതാക്കളോടടക്കം പങ്കുവെച്ചിരുന്നു. പക്ഷേ എന്തെല്ലാം പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും ഒരു മതേതര രാഷ്ട്രമായ ഇന്ത്യ തന്നെയാണ്, മതത്തിന്റെ പേരില്‍ രൂപീകൃതമാവാന്‍ പോവുന്ന പാക്കിസ്ഥാനേക്കാള്‍ നല്ലത് എന്ന നിലപാടായിരുന്ന അംബേദ്ക്കറിന്. അതുകൊണ്ടുതന്നെ പാക്കിസ്ഥാനിലേക്ക് പോകരുത് എന്നും, ദലിതരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍, ഇന്ത്യയില്‍ തന്നെ നിന്ന് പ്രവര്‍ത്തിക്കയാണ് വേണ്ടത് എന്നും അംബേദ്ക്കര്‍ മണ്ഡലിനെ ഉപദേശിച്ചു.
കോണ്‍ഗ്രസില്‍നിന്ന് ഏറെ അവഗണനകള്‍ അംബേദ്ക്കര്‍ക്കും ഉണ്ടായിട്ടുണ്ട്. പട്ടികജാതിക്കാരുടെ താല്‍പ്പര്യങ്ങള്‍ക്ക് നിരക്കാത്ത നിരവധി വിഷയങ്ങളില്‍, കോണ്‍ഗ്രസ് നിലപാടുകളുടെ കടുത്ത വിമര്‍ശകനായിരുന്നു അംബേദ്കര്‍. ആദ്യകാലത്ത് നല്ല ബന്ധമായിരുന്നു അംബേദ്ക്കറും മണ്ഡലും തമ്മില്‍. ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്റെ ബംഗാള്‍ ബ്രാഞ്ച് സ്ഥാപിക്കുന്നതില്‍ മണ്ഡല്‍ അംബേദ്കറുമായി സഹകരിച്ചു. ഇന്ത്യന്‍ ഭരണഘടനാ അസംബ്ലിയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍, ബോംബെയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഡോ. അംബേദ്കറെ തിരഞ്ഞെടുക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. എന്നിരുന്നാലും, ജയ്‌സൂരില്‍ നിന്നും കുല്‍നയില്‍ നിന്നും (അവിഭക്ത ബംഗാള്‍) നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ജോഗേന്ദ്ര നാഥ് മണ്ഡല്‍, 296 അംഗ ഭരണഘടനാ അസംബ്ലിയില്‍ അംബേദ്ക്കര്‍ എത്താന്‍ വേണ്ടി തന്റെ സീറ്റ് ത്യജിച്ചു. മണ്ഡലിന്റെ ആ നീക്കത്തിന്റെ ഫലമായാണ് നാം ഇന്ന് കാണുന്ന, മതേതര ഭരണഘടന നമുക്കുണ്ടായത്. കത്തിടപാടുകള്‍ വഴി അംബേദ്കര്‍ പലപ്പോഴും മണ്ഡലിന്റെ ഉപദേശം തേടിയിരുന്നു
പക്ഷേ അംബേദ്ക്കറും മണ്ഡലും തമ്മില്‍ അടിസ്ഥാനമായ രാഷ്ട്രീയ ഭിന്നതയുണ്ടായിരുന്നു. 'ദലിതര്‍ക്ക് നല്ലത് ഇസ്ലാം' എന്നായിരുന്നു മണ്ഡലിന്റെ ലൈന്‍. ദളിതരുടെയും മുസ്ലീങ്ങളുടെയും സാമ്പത്തിക-സാമൂഹ്യ അവസ്ഥ ഏറക്കുറെ സമാനമായിരുന്നു എന്നാണ് മണ്ഡല്‍ വിശ്വസിച്ചിരുന്നത്. അതുകൊണ്ടുതന്നെ മഹാത്മാഗാന്ധിയുടെയും ജവഹര്‍ലാല്‍ നെഹ്റുവിന്‍ന്റെ ഇന്ത്യയെക്കാള്‍ ജിന്നയുടെ പാക്കിസ്ഥാനിലാകും ദളിതര്‍ കൂടുതല്‍ സുരക്ഷിതരെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഹിന്ദുമതത്തിലെ സവര്‍ണ്ണരാണ് ഇരുവരുടെയും പൊതുശത്രുക്കള്‍ എന്നും അദ്ദേഹം വിശ്വസിച്ചു. ദലിത് -മുസ്ലീം ഐക്യത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ എഴുതി. ''ഒന്നാമതായി ബംഗാളിലെ മുസ്ലീങ്ങളുടെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ പൊതുവെ പട്ടികജാതിക്കാരുടെ താല്‍പ്പര്യങ്ങളുമായി സാമ്യമുള്ളതായിരുന്നു. രണ്ടാമതായി പട്ടികജാതിക്കാരും മുസ്ലീങ്ങളും വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്നവരായിരുന്നു' എന്നതായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. ഹിന്ദു ഭൂവുടമകളുടെയും പണമിടപാടുകാരുടെയും ചൂഷണമില്ലാത്ത പാകിസ്ഥാനില്‍ ദലിതര്‍ തുല്യരാകുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു.
ജിന്ന, പാക്കിസ്ഥാനില്‍ ഏത് മതവും ആചരിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പുനല്‍കിയിരുന്നു. 1947 ഓഗസ്റ്റ് 11-ലെ തന്റെ പ്രസംഗത്തില്‍ ജിന്ന ദലിതരോടായി ഇങ്ങനെ പറഞ്ഞു-'നിങ്ങള്‍ സ്വതന്ത്രരാണ്, നിങ്ങളുടെ ക്ഷേത്രങ്ങളില്‍ പോകാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. പാകിസ്ഥാനിലേ പള്ളികളിലോ മറ്റേതെങ്കിലും ആരാധനാലയങ്ങളിലോ പോകാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. നിങ്ങള്‍ക്ക് ഏത് മതത്തിലോ, ജാതിയിലോ, മതത്തിലോ ഉള്‍പ്പെടാം''. മാത്രമല്ല ദലിതര്‍ക്കായി 33 ശതമാനം സംവരണം പാക്കിസ്ഥാനില്‍ ഉണ്ടാവുമെന്നും, ജിന്ന ഒരിക്കല്‍ പറഞ്ഞു. ഈ മോഹനവാഗ്ദാനങ്ങള്‍ എല്ലാം ചേര്‍ന്നപ്പോഴാണ് മണ്ഡല്‍ ഇന്ത്യ ഉപേക്ഷിക്കുന്നതും, പാക്കിസ്ഥാനിലേക്ക് പോവുന്നതും. പക്ഷേ ജിന്ന പറഞ്ഞ 33 ശതമാനം സംവരണവും, ആരാധനാ സ്വാതന്ത്ര്യവും അടക്കം ഒരുകാര്യവും പാക്കിസ്ഥാനില്‍ നടപ്പായില്ല!
അംബേദ്ക്കറുമായി കടുത്ത ഭിന്നത
മണ്ഡല്‍ പാക്കിസ്ഥാനിലേക്ക് പോവുന്നതിനെതിരെ അതിശക്തമായ നിലപാടാണ് അംബേദ്ക്കര്‍ എടുത്തത്. പലപ്പോഴും കാലുപിടിച്ചെന്നോണം അങ്ങനെ ചെയ്യരുത് എന്ന് അംബേദ്ക്കര്‍ അഭ്യര്‍ത്ഥിച്ചതായി അദ്ദേഹത്തിന്റെ ചില കത്തുകളില്‍ കാണാം. ഇസ്ലാമിനെ നന്നായി പഠിച്ച അംബേദ്ക്കര്‍ക്ക് ഇസ്ലാമിക ഭരണത്തില്‍ ദലിതര്‍ വഞ്ചിക്കപ്പെടുമെന്ന് നന്നായി അറിയമായിരുന്നു. പാക്കിസ്ഥാന്‍ ഓര്‍ പാര്‍ട്ടീഷ്യന്‍ ഓഫ് ഇന്ത്യ എന്ന കൃതിയില്‍ അംബേദ്്ക്കര്‍ ഖുര്‍ആനെ 'മാനവരാശിയുടെ ശത്രു' (പേജ്.156) എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. 'ഇസ്ലാം ലോക സമാധാനത്തിനു ഭീഷണി'യെന്നും അംബേദ്ക്കര്‍ എഴുതിയിട്ടുണ്ട്.
ഹിന്ദു മതത്തിന് പ്രശ്നങ്ങളേക്കാള്‍ കൂടുതല്‍ ഇസ്ലാമിന് ഉണ്ട് എന്നാണ് അംബേദ്കര്‍ പറഞ്ഞത്. തിരുത്തലുകള്‍ക്ക് ഹിന്ദുക്കള്‍ സന്നദ്ധരാണ് എന്നാല്‍ മുസ്ലീങ്ങള്‍ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 'ഹിന്ദുവിന് അവരുടേതായ സാമൂഹിക തിന്മകളുണ്ട്. എന്നാല്‍ അവയില്‍ ആശ്വാസം നല്‍കുന്ന ഒരു സവിശേഷതയുണ്ട്. അതായത്, അവരില്‍ ചിലര്‍ തങ്ങളുടെ നിലനില്‍പ്പിനെക്കുറിച്ച് ബോധവാന്മാരാണ്, അവരില്‍ ചിലര്‍ അവയെ നീക്കം ചെയ്യുന്നതിനായി സജീവമായി പ്രക്ഷോഭം നടത്തുന്നു. മറുവശത്ത്, മുസ്ലീങ്ങള്‍ തങ്ങള്‍ തിന്മകളാണെന്ന് തിരിച്ചറിയുന്നില്ല, അതിനാല്‍ അവ നീക്കം ചെയ്യുന്നതിനായി പ്രക്ഷോഭം നടത്തുന്നില്ല''- അംബേദ്ക്കര്‍ ചൂണ്ടിക്കാട്ടുന്നു.
മുസ്ലീങ്ങള്‍ക്ക് മാത്രമുള്ള മുസ്ലീങ്ങളുടെ സാഹോദര്യമാണ് ഇസ്ലാമിലൂടെ നടക്കുന്നത് എന്നും, അതിന്റെ പ്രയോജനം ആ കൂട്ടത്തിലുള്ളവര്‍ക്ക് മാത്രമായി ഒതുങ്ങുന്നുവെന്നും അംബേദ്ക്കര്‍ 'പാക്കിസ്ഥാന്‍ ഓര്‍ പാര്‍ട്ടീഷ്യന്‍ ഓഫ് ഇന്ത്യ' യില്‍ നിരീക്ഷിക്കുന്നു. ഈ കൂട്ടത്തിനു പുറത്തുള്ളവരോട് അവര്‍ക്ക് അവജ്ഞയും വിദ്വേഷവുമല്ലാതെ മറ്റൊന്നുമില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഹിന്ദുമതം ആളുകളെ ഭിന്നിപ്പിക്കുന്നു എന്ന് പറയപ്പെടുന്നു, അതിനു വിപരീതമായി ഇസ്ലാം ആളുകളെ ഒരുമിച്ച് ബന്ധിപ്പിക്കുന്നു എന്നും പറയപ്പെടുന്നു. ഇത് ഒരു അര്‍ദ്ധ സത്യം മാത്രമാണ്. എന്തെന്നാല്‍, ഇസ്ലാം അത് ബന്ധിപ്പിക്കുന്നതുപോലെ അഭേദ്യമായി വിഭജിക്കുന്നു. ഇസ്ലാം ഒരു കൂട്ടമാണ്. ഇസ്ലാമില്‍ മുസ്ലീങ്ങളും അമുസ്ലിങ്ങളും തമ്മിലുള്ള വേര്‍തിരിവ് യാഥാര്‍ഥ്യമാണ്. ഇസ്ലാമിന്റെ സാഹോദര്യം മനുഷ്യന്റെ സാര്‍വത്രിക സാഹോദര്യമല്ല. അത് മുസ്ലീങ്ങള്‍ക്ക് മാത്രമുള്ള മുസ്ലീങ്ങളുടെ സാഹോദര്യമാണ്. ഒരു സാഹോദര്യമുണ്ട്, എന്നാല്‍ അതിന്റെ പ്രയോജനം ആ കൂട്ടത്തിലുള്ളവര്‍ക്ക് മാത്രമായി ഒതുങ്ങുന്നു. ഈ കൂട്ടത്തിനു പുറത്തുള്ളവരോട് അവജ്ഞയും വിദ്വേഷവുമല്ലാതെ മറ്റൊന്നുമില്ല.''- അംബേദ്ക്കര്‍ വ്യക്തമാക്കുന്നു.
ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക്, ഒരു ഹിന്ദു ഒരു കാഫിറാണ്, അതിനാല്‍, ബഹുമാനത്തിനും തുല്യ പരിഗണനയ്ക്കും അര്‍ഹനല്ലെന്നും അംബേദ്കര്‍ എഴുതിയിട്ടുണ്ട്. അംബേദ്കറുടെ അഭിപ്രായത്തില്‍, ഒരു യഥാര്‍ത്ഥ മുസ്ലീമിനെ ഇന്ത്യയെ തന്റെ മാതൃരാജ്യമായി സ്വീകരിക്കാന്‍ ഇസ്ലാം അനുവദിക്കുമായിരുന്നില്ല. അത് സംഭവിക്കണമെങ്കില്‍, ഇസ്ലാമിക ഭരണം സ്ഥാപിക്കേണ്ടത് അനിവാര്യമായിരുന്നു. ഇന്ത്യ ഒരു ഹിന്ദു ഭൂരിപക്ഷ രാഷ്ട്രമായതിനാല്‍ ഇത് ഒരു അടഞ്ഞ സാധ്യതയായിരുന്നു. അതിനാല്‍, ഒരു മുസ്ലീമിന് ഇന്ത്യ ഒരിക്കലും അവന്റെ മാതൃരാജ്യമാകാന്‍ കഴിയില്ലെന്ന് അംബ്ദേക്കര്‍ പറയുന്നു. മുസ്ലീം ലീഗ് മുന്നോട്ടുവച്ച ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ ആണിക്കല്ലായിരുന്നു ഇതെന്നും, ഈ ആശയമാണ് രാജ്യത്തിന്റെ വിഭജനത്തിലേക്ക് നയിച്ചുവെച്ചും അദ്ദേഹം നിരീക്ഷിക്കുന്നു. ഈ തിരിച്ചറിവുകളെ അടിസ്ഥാനത്തിലാണ്, പാക്കിസ്ഥാനില്‍ ചേരുന്നതില്‍നിന്ന് അംബേദ്ക്കര്‍ മണ്ഡലിനെ വിലക്കിയത്. പക്ഷേ മണ്ഡല്‍ അതൊന്നും വകവെച്ചില്ല.
പാക്കിസ്ഥാനില്‍ കൊടിയ പീഡനം
മൗണ്ട് ബാറ്റണ്‍ വിഭജനം പ്രഖ്യാപിച്ചതോടെ 1947 ജൂണ്‍ 3 ന് മണ്ഡലും കൂട്ടരും പാക്കിസ്ഥാനിലേക്ക് വണ്ടികയറി. ജിന്നയും ലീഗ് നേതാക്കളും അദ്ദേഹത്തെ കെട്ടിപ്പിച്ച് സ്വീകരിച്ചു. പാകിസ്ഥാന്‍ ഡൊമിനിയന്റെ 96 സ്ഥാപക നേതാക്കളില്‍ ഒരാളായി ജോഗേന്ദ്രനാഥ് മണ്ഡല്‍ ഉയര്‍ന്നുവന്നു. 1947 ഓഗസ്റ്റ് 15 ന് ഇന്ത്യാ വിഭജനത്തിന് തൊട്ടുമുമ്പ് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍, അദ്ദേഹം അവരുടെ ഇടക്കാല ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. ജിന്നയെ പാകിസ്ഥാന്റെ ആദ്യ ഗവര്‍ണര്‍ ജനറലായി തിരഞ്ഞെടുക്കുന്ന സമ്മേളനത്തിന്റെ അധ്യക്ഷനും മണ്ഡലായിരുന്നു. തുടര്‍ന്ന് നിയമ-തൊഴില്‍ മന്ത്രിയുമായി. ഇന്ത്യയില്‍ അംബേദ്ക്കറും നിയമ- തൊഴില്‍ മന്ത്രിയായിരുന്നു. ഇന്ത്യയില്‍ അംബേദ്ക്കര്‍ എങ്ങനെയാണോ അതുപോലെയാണ് പാക്കിസ്ഥാന് മണ്ഡല്‍ എന്ന് വരുത്തിതീര്‍ക്കാന്‍ കൂടിയാണ് അവര്‍ ബാബാസാഹിബ് വഹിച്ച അതേ സ്ഥാനങ്ങള്‍ മണ്ഡലിനും നല്‍കിയത്. പാക്കിസ്ഥാനെ സംബന്ധിച്ച്, 'ഇതാ ഹിന്ദു ദലിത് നേതാക്കള്‍പോലും ഞങ്ങള്‍ക്ക് ഒപ്പമാണ്, ഇന്ത്യന്‍ സവര്‍ണ്ണരില്‍നിന്ന് ഞങ്ങള്‍ അധികാരം പിടിച്ചുവാങ്ങുകയായിരുന്നുവെന്നുള്ള' വീരവാദം മുഴക്കാനുള്ള ഒരു ഉപകരണം കൂടിയായിരുന്നു മണ്ഡല്‍.
ഇന്ത്യയുടെ ഇടക്കാല സര്‍ക്കാരിലും മണ്ഡല്‍ നിയമവകുപ്പ് വഹിച്ചിരുന്നു. ബംഗാള്‍ വിഭജനത്തെ അദ്ദേഹം ശക്തമായി എതിര്‍ത്തിരുന്നു. ഇന്ത്യയിലുള്ള അതായത് പശ്ചിമ ബംഗാളിലെ ഭൂരിപക്ഷ സവര്‍ണ്ണ ഹിന്ദുക്കളുടെ ആധിപത്യത്തിന് ദലിതരെ വിധേയരാക്കുമെന്ന ആശങ്കയാണ് അദ്ദേഹം പ്രകടിപ്പിച്ചത്. പക്ഷേ സംഭവിച്ചത് നേരെ തിരിച്ചാണ്. പശ്ചിമ ബംഗാളിലെ ദലിതര്‍ താരതമ്യേന സുരക്ഷിതമായിരുന്നപ്പോള്‍, പാക്കിസ്ഥാനിലെ ദലിതര്‍ക്ക് കൊടിയ പീഡനമാണ് അനുഭവിക്കേണ്ടി വന്നത്. ഭരണത്തിന്റെ മധുവിധു കഴിഞ്ഞതോടെ കാര്യങ്ങള്‍ മാറി. ദലിതര്‍ക്കെതിരായ അക്രമം വര്‍ധിച്ചു. അത് തടയാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
പക്ഷേ നേരത്തെയുണ്ടായ ഒരു അനുഭവത്തില്‍നിന്ന് യാതൊരു പാഠവും മണ്ഡല്‍ പഠിച്ചിരുന്നില്ല. 1946-ല്‍ അദ്ദേഹം ബംഗാളിലെ സുഹ്രാവര്‍ദിയുടെ കാബിനറ്റില്‍ അംഗമായിക്കേ ഉണ്ടായ കലാപത്തില്‍ കൊലപ്പെട്ടവരില്‍ പകുതിയും അദ്ദേഹത്തിന്റെ സ്വന്തം സമുദായമായ നാമശൂദ്ര ദലിതുകള്‍ ആയിരുന്നു. വര്‍ഗീയ ലഹള നടത്തുന്ന മുസ്ലീം കലാപകാരികള്‍ക്ക് എളുപ്പമുള്ള ടാര്‍ഗറ്റായിരുന്നു, ഈ പാവങ്ങള്‍. ഈ കലാപത്തിനിടയിലും, മുസ്ലീങ്ങള്‍ക്കെതിരായ അക്രമത്തില്‍ ദലിത് ജനത പങ്കെടുക്കരുതെന്ന് വാദിച്ചുകൊണ്ട് മണ്ഡല്‍ കിഴക്കന്‍ ബംഗാളിലൂടെ സഞ്ചരിക്കയായിരുന്നു! ദലിതരെപ്പോലെ മുസ്ലീങ്ങളും ഉയര്‍ന്ന ജാതിക്കാരായ ഹിന്ദുക്കളാല്‍ പീഡിപ്പിക്കപ്പെടുന്നുവെന്നും അവരാണ് നമ്മുടെ പൊതുശത്രുവെന്നുമായിരുന്ന അദ്ദേഹത്തിന്റെ വാദം. ബംഗാളിലെ കശാപ്പുകാരന്‍ എന്ന് വിളിക്കപ്പെട്ട സുഹ്രാവര്‍ദിയാവട്ടെ ഈ കലാപം നടക്കുന്ന സമയത്ത്, പൊലീസിനെ ഇറക്കാന്‍പോലും ശ്രമിക്കാതെ കൈയും കെട്ടി നോക്കിനില്‍ക്കയായിരുന്നു.
ഈ ഒരു അനുഭവത്തിന്റെ എത്രയോ ഇരട്ടിയാണ് പാക്കിസ്ഥാനില്‍വെച്ച് അദ്ദേഹത്തിന് കിട്ടിയത്. സ്വതന്ത്രപാക്കിസ്ഥാനിലും തന്റെ സമുദായമായ നാമശൂദ്ര വിഭാഗക്കാരും, വാത്മീകി സമുദായക്കാരായ ദലിതുകളുമൊക്കെ വ്യാപകമായി കൊലചെയ്യപ്പെട്ടു. മതം മാറിയ ദലിതരെപ്പോലും തൊട്ടുകൂടാത്തവര്‍ ആയാണ് കണ്ടത്. അവര്‍ക്ക് പള്ളിയില്‍ പോവാനുള്ള അനുമതി നിഷേധിക്കപ്പെട്ടു. ജിന്നയുടെ ചക്കര വാഗ്ദാനങ്ങള്‍ ഒന്നും നടപ്പായില്ല. ദലിത് യുവതികളെ തട്ടിക്കൊണ്ടുപോയി ബലാത്സഗംചെയ്ത് മതം മാറ്റുന്ന പരിപാടിയും വ്യാപകമായി. ഇന്നും പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും അവശേഷിക്കുന്ന ദലിതരുടെ അവസ്ഥ അതിദയനീയമാണ്. വാത്്മീകി, നാമശൂദ്ര വിഭാഗക്കാരെയൊക്കെ അവിടെ നിലനിര്‍ത്തിയത് തന്നെ തോട്ടിപ്പണിക്കും, മാലിന്യ നിര്‍മ്മാര്‍ജനത്തിനും വേണ്ടിയാണ്. ഇന്ത്യയിലെ ദലിതരേക്കാളും 50 വര്‍ഷം പുറകിലാണ് പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും ദലിതര്‍ എന്ന് പുതിയ പഠനങ്ങള്‍ പറയുന്നുണ്ട്. പക്ഷേ മണ്ഡലല്‍ ശരിക്കും ഞെട്ടിയത്, അദ്ദേഹം വിഭാവനം ചെയ്ത ദലിത്- മുസ്ലീം ഐക്യം ഒരു മരീചികയാണെന്ന് ബോധ്യപ്പെട്ടപ്പോഴാണ്. ഇസ്ലാമിസ്റ്റുകള്‍ പാക്കിസ്ഥാനിലെ ദലിതരെ ഹിന്ദുക്കളായി തന്നെയാണ് കണ്ടത്! അവരെ നിര്‍ദയം കൊന്നും, കൊള്ളയടിച്ചും, ബലാല്‍സംഗം ചെയ്തും, കലാപകാരികള്‍ അഴിഞ്ഞാടിയപ്പോള്‍, പാക് ഭരണകൂടം നോക്കി നിന്നു.
നിരാലംബനായി മരണം
മണ്ഡലിന് ഏറ്റ വലിയ ആഘാതമായിരുന്നു, സ്വതന്ത്ര്യം കിട്ടി അധികം കഴിയുന്നതിന് മുമ്പുള്ള ജിന്നയുടെ മരണം. അതോടെ പാക്കിസ്ഥാന്‍ പൂര്‍ണ്ണമായും ഒരു മതരാഷ്ട്രമായി. പാകിസ്ഥാനെ ഒരു ഇസ്ലാമിക രാഷ്ട്രമായി നിര്‍വചിക്കുന്ന പ്രമേയത്തെ മണ്ഡല്‍ എതിര്‍ത്തുവെന്ന് പറയുന്നു. പക്ഷേ ഒരു കാര്യവും ഉണ്ടായില്ല. ആ പ്രമേയംപോലും അവര്‍ അദ്ദേഹത്തെകൊണ്ടുതന്നെ ഡ്രാഫ്്റ്റ് ചെയ്യിച്ചതായും പറയുന്നു. രണ്ട് ദലിത് അംഗങ്ങളെ കൂടി മന്ത്രിമാരായി നിയമിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാന്‍ അവഗണിച്ചു. പോലീസിന്റെ പിന്തുണയുള്ള മുസ്ലീം കലാപകാരികള്‍ തന്റെ മണ്ഡലത്തിലെ ദളിതര്‍ക്കെതിരെ നടത്തിയ അതിക്രമങ്ങള്‍ നേരിട്ട് കണ്ടപ്പോള്‍ മണ്ഡലിന്റെ പ്രതിഷേധം ഇരിട്ടിച്ചു. പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാനുമായി കടുത്ത അഭിപ്രായവ്യത്യാസത്തിന് ഇത് ഇടയാക്കി. ഇതോടെ അദ്ദേഹം പാക്ക് ഭരണകൂടത്തിന്റെ കണ്ണിലെ കരടായി.
1950 ഒക്ടോബറില്‍ അദ്ദേഹം രാജിവച്ച് ഇന്ത്യയിലേക്ക് വന്നു. മണ്ഡലിന് ഒരു കോമ്പ്രമൈസിന്റെ ഭാഗമായി പാക്കിസ്ഥാനില്‍ തുടരാമായിരുന്നുവെന്നും, അല്ല അദ്ദേഹത്തിന്റെ തലപോകുമായിരുന്നുവെന്നും രണ്ട് അഭിപ്രായം പിന്നീട് ഇതേപ്പറ്റിയുയര്‍ന്നു. മണ്ഡലിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായും പറയുന്നുണ്ട്. അതായത് ഇനിയും പാക്കിസ്ഥാനില്‍നിന്നാല്‍ അകത്താവുമെന്ന് കണ്ട് ഗത്യന്തരമില്ലാതെ മണ്ഡല്‍ രക്ഷപ്പെട്ടതാണെന്നാണ് ഭൂരിഭാഗം ചരിത്രകാരന്‍മ്മാരുടെയും വാദം. പക്ഷേ ലിയാഖത്ത് അലിഖാന് നല്‍കിയ രാജിക്കത്തില്‍, പാക്കിസ്ഥാനില്‍നിന്ന് തനിക്കേറ്റ പീഡനങ്ങളും, ദലിത് വേട്ടയുമൊക്കെ അക്കമിട്ട് നിരത്തുന്നുണ്ട്. ഇസ്ലാം ജാതിവ്യവസ്ഥക്ക് അതീതമാണെന്ന തന്റെ ധാരണ തെറ്റിപ്പോയി എന്നും മണ്ഡല്‍ പറയുന്നുണ്ട്. പാകിസ്ഥാന്‍ ഭരണകൂടം തീര്‍ത്തും ദളിത് വിരുദ്ധമാണ്. ദലിതനായതുകൊണ്ട് തന്നെ പാക്കിസ്ഥാനി ഓഫീസര്‍മാര്‍ അനുസരിക്കാത്ത സാഹചര്യംകൂടിയുണ്ടായിരുന്നു. സാമൂഹിക അനീതിയുടെയും മുസ്ലിം ഇതര ന്യൂനപക്ഷങ്ങളോടുള്ള പക്ഷപാതപരമായ മനോഭാവത്തിന്റെയും ഉദാഹരണങ്ങള്‍ അദ്ദേഹം രാജിക്കത്തില്‍ ഉടനീളം നിരത്തുന്നുണ്ട്.
ഇന്ത്യയിലെത്തിയ അദ്ദേഹം കല്‍ക്കത്തയാണ് പ്രവര്‍ത്തനകേന്ദ്രമാക്കിയത്. അപ്പോഴേക്കും ആര്‍ക്കും വേണ്ടാത്ത ഒരു എടുക്കാചരക്കായി മണ്ഡല്‍ മാറിയിരുന്നു. നിര്‍ണ്ണായക സമയത്ത് രാജ്യത്തെ വഞ്ചിച്ച നേതാവായിപോലും അദ്ദേഹം വിലയിരുത്തപ്പെട്ടു. അംബേദ്ക്കറാവട്ടെ 1956-ല്‍ മരിക്കുകയും ചെയ്തു. 46നുശേഷം അവര്‍ നേരിട്ട് കണ്ടിട്ടില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയും അദ്ദേഹത്തെ ഒപ്പം കൂട്ടിയില്ല. എന്നിരുന്നാലും, കിഴക്കന്‍ പാകിസ്ഥാനില്‍ (ഇന്നത്തെ ബംഗ്ലാദേശ് ) നിന്നുള്ള ഹിന്ദു അഭയാര്‍ത്ഥികളുടെ പുനരധിവാസത്തിന് സഹായിക്കുന്നതില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. ദളിത് സമൂഹത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും മണ്ഡല്‍ മരിക്കുംവരെ തുടര്‍ന്നു.
1967-ല്‍, മണ്ഡല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും, പാകിസ്ഥാന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാള്‍ എന്ന പേരുദോഷം അദ്ദേഹത്തെ സാരമായി ബാധിച്ചു. 1967-ല്‍ ബരാസത് നിയോജകമണ്ഡലത്തില്‍ മത്സരിച്ച അദ്ദേഹം പരാജയപ്പെട്ടു. 1968 ഒക്ടോബര്‍ 5-ന് പശ്ചിമ ബംഗാളിലെ ബന്‍ഗാവോണില്‍ ദുരൂഹ സാഹചര്യത്തില്‍ ജോഗേന്ദ്രനാഥ് മണ്ഡല്‍ അന്തരിച്ചു. മരിക്കുമ്പോള്‍ 64 വയസായിരുന്നു. പ്രധാനപ്പെട്ട നേതാക്കള്‍ ആരും തന്നെ ജോഗേന്ദ്രനാഥ് മണ്ഡലിന്റെ മൃതദേഹം കാണാന്‍ എത്തിയതുമില്ല. അങ്ങനെ ദലിതര്‍ക്ക് ഇസ്ലാം നല്‍കുന്ന സ്വര്‍ഗം മോഹിച്ച് പുറപ്പെട്ട ഒരു ശുദ്ധാത്മാവ് അവരുടെ ചതിയില്‍പെട്ട് എങ്ങുമെത്താതെ മരിച്ചു.
വാല്‍ക്കഷ്ണം: കേരളത്തിലെ അംബേദ്ക്കറൈറ്റുകള്‍ എന്ന് പറയുന്നതില്‍ നല്ലൊരു വിഭാഗവും ശരിക്കും മണ്ഡലിസ്റ്റുകള്‍ ആണെന്ന് കാണാം. ഹിന്ദുമതത്തിലെ ചാതുര്‍വര്‍ണ്യവ്യവസ്ഥയെയും, ബ്രാഹ്‌മണ്യത്തെയും സദാസമയും വിമര്‍ശിച്ചിരിക്കുന്ന അവര്‍, കടുത്ത ഇസ്ലാമിക പക്ഷപാതികളുമാണ്. അംബേദ്ക്കര്‍ ചെയ്തപോലുള്ള ഒരു ഇസ്ലാമിക വിമര്‍ശനമോ പഠനമോ ഒന്നും നടത്താനും അവര്‍ക്ക് ധൈര്യമില്ല. അവര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ് പാക്കിസ്ഥാന്റെ അംബേദ്ക്കറുടെ അനുഭവം! എന്തെല്ലാം കുഴപ്പങ്ങള്‍ ഉണ്ടെങ്കിലും ഇന്ത്യ എന്ന മതേതര രാജ്യം ഒന്നു വേറെ തന്നെയാണ്.




