കൊൽക്കത്ത: ബംഗാളികൾ മാത്രമല്ല, ബംഗാൾ രാഷ്ട്രീയം നിരീക്ഷിക്കുന്ന മലയാളികളും ഒരിക്കലും മറുന്നുപോകാത്ത പേരാണ്, സിപിഎം നേതാവ് ജ്യോതി ബസുവിന്റ മകൻ ചന്ദൻ ബസുവിന്റെത്. ഇപ്പോൾ വീണാ വിജയൻ ആരോപിതയായ ഷെൽ കമ്പനികൾ ഉപയോഗിച്ച് കൺസൾട്ടൻസി കമ്പനികൾ ഉണ്ടാക്കുന്ന ആരോപണം ആദ്യ ഉയർന്നുവന്നത് ചന്ദൻ ബസുവിന് നേരയാണ്. ഒരു കോളജ് ഡ്രോപ്പ് ഔട്ട് അയിരുന്നു ചന്ദൻ, തൊഴിലിനായി ഏറെ അലഞ്ഞു തിരിഞ്ഞ വ്യക്തിയായിരുന്നു. ബസു ആദ്യമായി മുഖ്യമന്ത്രിയായ 1977ൽ അദ്ദേഹം ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. പിന്നെ സിപിഎമ്മിന്റെ അധികാരക്കുത്തക വന്നതോടെ ചന്ദൻ ബസുവിന്റെ വളർച്ചയുടെ കാലമായി. സിഐടിയുവിന്റെ നിരന്തര സമരങ്ങൾ കൊണ്ട് വ്യവസായങ്ങൾ ബംഗാളിൽ പൂട്ടിപ്പോവുന്ന കാലത്താണ് ചന്ദൻ ബാസുവിന്റെ ബിസിനസ് തഴച്ച് വളർന്നത്. 40 കൊല്ലം മുമ്പ് വൻകിട ക്ലബ്ബുകളിലും, ആഡംബര ഹോട്ടലുകളിലും അടിച്ചു പൊളിച്ച് ജീവിക്കുന്ന ചന്ദൻ ബാസുവിനെക്കുറിച്ച് വന്ന കഥകൾക്ക് കണക്കില്ല.

സംസ്ഥാന സെക്രട്ടേറിയറ്റായ റൈറ്റേഴ്‌സ് ബിൽഡിംഗിലെ ഓഫീസിൽ, ധോത്തിയും കുർത്തയും ധരിച്ച് പിതാവ് ഫയലുകൾ മുഴുകുന്ന സായാഹ്നങ്ങളിൽ, സഫാരി സ്യൂട്ട് ധരിച്ച മകൻ വിലകൂടിയ സിഗരറ്റുകൾ വലിച്ച് കോക്ക്ടെയിൽ പാർട്ടികളിൽ സ്‌കോച്ച് വിസ്‌ക്കി കഴിക്കയാണെന്ന് ബംഗാളിലെ പത്രങ്ങൾ എഴുതി. അന്ന് ഈ പത്രങ്ങളെ ബൂർഷ്വാ പാത്രങ്ങൾ എന്ന് വിളിച്ച് കളിയാക്കുകയാണ് സിപിഎം ചെയ്തത്. കമ്യൂണിസം എന്ന് പറയുന്നത് പാരമ്പര്യമായി കിട്ടുന്ന ഒരു സാധനം അല്ലെന്നും തന്റെ മകൻ കഠിനാധ്വാനം ചെയ്താണ് വളർന്നത് എന്നുമാണ് ജ്യോതി ബസു പറഞ്ഞത്. പക്ഷേ കാര്യങ്ങൾ ഒന്നും അങ്ങനെയായിരുന്നില്ല എന്ന് പിന്നീട് തെളിഞ്ഞു. ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായനായ, ഒരിക്കൽ പ്രധാമന്ത്രി സ്ഥാനത്തേക്ക് കൂടി പരിഗണിക്കപ്പെട്ട ജ്യോതിബസുവിന്റെ ജീവിതം മുന്നിൽ വെച്ച് വളർന്ന ഇത്തിൾക്കണ്ണിയായിരുന്നു, തരികിടകളുടെ ഉസ്താദായ ചന്ദൻബസു.

ഇപ്പോൾ, അതേ ചരിത്രം തൃണമൂൽ കോൺഗ്രസിലേക്ക് കൂടി ആവർത്തിക്കയാണെന്നാണ് ബംഗാളിലെ മാധ്യമങ്ങളും മുഖ്യപ്രതിപക്ഷമായ ബിജെപിയും ആരോപിക്കുന്നത്. ബംഗാൾ മുഖ്യമന്ത്രിയും, തൃണമൂൽ കോൺഗ്രസിന്റെ സർവാധികാരിയുമായ മമതാ ബാനർജി പരുത്തിതുണിയിട്ട ഡ്രസ്സിട്ട്, ചെരിപ്പുപോലും ധരിക്കാതെ നടക്കുമ്പോൾ, മരുമകനും എം പിയുമായ അഭിഷേക് ബാനർജി ബംഗാളിനെ കൊള്ളയടിക്കുന്നു എന്ന ആരോപണം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറേയായി. ബംഗാളിലെ രണ്ടാം ചന്ദൻ ബസു, രണ്ടാം സഞ്ജയ് ഗാന്ധി എന്ന വിശേഷണങ്ങൾ ഇദ്ദേഹത്തിനുണ്ട്. തൃണമൂലിന്റെ ഗുണ്ടാ പ്രവർത്തനങ്ങളുടെയും നേതൃത്വം ഈ 37കാരനായ തീപ്പൊരി പ്രാസംഗികന് മാധ്യമങ്ങൾ കൽപ്പിച്ചുകൊടുക്കുന്നുണ്ട്.

ചുക്കില്ലാത്ത കഷായമില്ല, എന്ന് പറഞ്ഞതുപോലെ അഭിഷേക് ബാനർജിയില്ലാത്ത തട്ടിപ്പുകേസുകൾ ബംഗാളിലില്ല എന്ന അവസ്ഥ വന്നിരിക്കയാണ്. കാലിക്കടത്തുമുതൽ കൽക്കരി കുംഭകോണത്തിൽ വരെ ആരോപിതനായി. ബംഗാളിലെ ആയിരത്തോളം ഗ്രാമങ്ങളെ പാപ്പരാക്കിയ ശാരദ ചിട്ടി തട്ടിപ്പിലെ പ്രതികളെ രക്ഷിച്ചുവെന്നും അഭിഷേകിനെതിരെ ആരോപണം ഉയർന്നു. ഇതെല്ലാം കൊണ്ടായിരിക്കാം, മുഖ്യമന്ത്രി മമതാ ബാനർജിയും കഴിഞ്ഞ കുറച്ചു വർഷങ്ങളായ തന്റെ മരുകനെ ഒരു കൈയലത്ത് വെച്ചിരിക്കയാണ്. നേരത്തെ മമത കഴിഞ്ഞാൽ പാർട്ടിയിലെ രണ്ടാമൻ എന്ന നിലയിലായിരുന്ന അഭിഷേകിന്റെ വളർച്ച്.

അതേസമയം മമതയെ ആക്രമിക്കാൻ കഴിയാത്ത ബിജെപി മരുമകനെ പ്രതിയാക്കി തൃണമൂലിന്റെ പ്രതിഛായ തകർക്കുകയാണെന്നും ആരോപണം ഉയരുന്നുണ്ട്. ഇ ഡി അഭിഷേകിനെതിരെ രജിസ്റ്റർ ചെയ്ത ഒമ്പത് കേസുകളിൽ ഒന്നുപോലും തെളിയാക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷേ ബംഗാളിലെ മുഖ്യപ്രതിപക്ഷമായ ബിജെപിയുടെ, ഇത്തവണത്തെയും ഇലക്ഷൻ ടാർജറ്റ്, അവിവാഹിതായ മമത മകനെപ്പോലെ കരുതുന്ന മരുമകൻ അഭിഷേക് ബാനർജിയായിരുന്നു.

എല്ലാം തളികയിൽ വെച്ച് കിട്ടിയ മരുമകൻ

മമതയെപ്പോലെ പടിപടിയായി കയറിവന്ന ഒരു രാഷ്ട്രീയ ജീവിതമല്ല അഭിഷേകിന്റെത്്. മമതയുടെ അനന്തരവൻ എന്നത് മാത്രമായിരുന്നു അദ്ദേഹത്തിൻെ യോഗ്യത. 1987 നവംബർ 7ന് കൊൽക്കത്തയിലാണ് അദ്ദേഹം ജനിച്ചത്. 34 വർഷത്തെ ഇടതുമുന്നണി ഭരണത്തെ നിഷ്‌ക്കാസനം ചെയ്ത് മമത ബംഗാളിൽ അധികാരം പിടിച്ച 2011 ലാണ് അഭിഷേക് ബാനർജി എന്ന പേര് പുറംലോകം അറിയുന്നത്. ആവർഷം തന്നെ അഖിലേന്ത്യാ തൃണമൂൽ യൂത്ത് കോൺഗ്രസിന്റെ ദേശീയ അധ്യക്ഷനായി അഭിഷേക് തിരഞ്ഞെടുക്കപ്പെട്ടു. എത്രപെട്ടന്നാണ് വളർച്ചയെന്ന് നോക്കുക.

പക്ഷേ ഇപ്പോൾ അഭിഷേകിന്റെ പുതിയ ചരിത്രം തൃണമൂലുകാർ പറഞ്ഞ് ഉണ്ടാക്കുന്നുണ്ട്. കോളജിൽ പഠിക്കുമ്പോൾ തന്നെ അയാൾ തൃണമൂൽ പ്രവർത്തകൻ ആയിരുന്നെന്ന്. പക്ഷേ ഇത് വ്യാജമാണെന്നാണ് ദ ടെലഗ്രാഫ് പോലുള്ള മാധ്യമങ്ങൾ പറയുന്നത്. അഭിഷേക് ജനിച്ചതും വളർന്നതും കൊൽക്കത്തയിലാണ്. കൊൽക്കത്തയിലെ നവ നളന്ദ ഹൈസ്‌കൂളിലും എംപി ബിർള ഫൗണ്ടേഷൻ ഹയർ സെക്കൻഡറി സ്‌കൂളിലും പഠിച്ചു. പിന്നീട് അദ്ദേഹം ഡൽഹിയിലേക്ക് മാറി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാനിങ് ആൻഡ് മാനേജ്‌മെന്റിൽ, 2009-ൽ ഹ്യൂമൻ റിസോഴ്‌സ് ആൻഡ് മാർക്കറ്റിംഗിൽ ബിബിഎയും എംബിഎയും പഠിച്ചു. 2012-ൽ അദ്ദേഹം തായ് സ്വദേശിയായ റുജിറയെ വിവാഹം കഴിച്ചു. അവർക്ക് രണ്ട് കുട്ടികളുണ്ട്. ഇപ്പോൾ ഈ റുജിറയുടെ ബിസിനസ് ബന്ധങ്ങളും വിവാദമായിട്ടുണ്ട്. അഭിഷേകിനെ നിയന്ത്രിക്കുന്നതുപോലും ഭാര്യയാണെന്ന് ഒരു ഘട്ടത്തിൽ ആരോപണം ഉയർന്നു.

2014-ൽ, വെറും 27ാം വയസ്സിൽ ഡയമണ്ട് ഹാർബർ മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയായി അഭിഷേക് വൻ ഭൂരിപക്ഷത്തിന് ജയിച്ച് കയറി. അക്കാലത്ത്, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പാർലമെന്റേറിയനായിരുന്നു, ബാനർജി. കായിക, ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ യുവാക്കളെ പ്രചോദിപ്പിക്കുന്നതിനായി അദ്ദേഹം തന്റെ നിയോജക മണ്ഡലത്തിൽ എം പി കപ്പ് ഫുട്ബോൾ ടൂർണമെന്റ് നടപ്പിലാക്കിയത് അടക്കമുള്ള പദ്ധതികൾ ഹിറ്റായി. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡയമണ്ട് ഹാർബറിൽ നിന്ന് 3,20,594 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം ബിജെപിയെ തോൽപ്പിച്ചത്. ഇന്ന് തൃണമൂൽ പ്രവർത്തകരുമായി മമതയെക്കാൾ അടുപ്പവും അത്മബന്ധവുമാണ് അഭിഷേകിനുള്ളത്.

വളരെ പെട്ടന്നുതന്നെ ത്രിണമൂലിലെ യുവരാജാവ് എന്ന പേരിലൊക്കെ അഭിഷേക് അറിയപ്പെടാൻ തുടങ്ങി. റാലികളിൽ ആദരവ് പ്രകടിപ്പിച്ച് അഭിഷേകിന് മുന്നിൽ പാർട്ടിക്കാർ എഴുന്നേറ്റു നിൽക്കണമെന്ന പതിവണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ, പാർട്ടിയിലെ അഭിഷേകിന്റെ സ്വാധീനവും വർധിച്ചിട്ടുണ്ട്. 2019 ൽ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതു മുതൽ തൃണമൂലിന്റെ പ്രധാന തന്ത്രജ്ഞരിൽ ഒരാളായി അദ്ദേഹം മാറി. തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനെ കൊണ്ടുവരുന്നതിൽ പ്രധാന പങ്കുവഹിച്ചതും അഭിഷേകാണ്.

മമത കഴിഞ്ഞാൽ, തൃണമൂലിൽ യാത്രകൾക്കായി ഹെലികോപ്ടർ ഉപയോഗിക്കുന്ന നേതാവുകൂടിയാണ് അഭിഷേക്. എന്നാൽ അഭിഷേക് ബാനർജിയെ ബിജെപി തുടർച്ചയായി ആക്ഷേപിക്കുന്നു. 'തോലാബാജ് ഭൈപ്പോ' (കൊള്ളയടിക്കുന്ന മരുമകൻ) എന്ന് വിളിച്ച് പരിഹസിക്കുന്നു. ബിജെപി തന്നെ ലക്ഷ്യമിടുകയാണെന്ന് അഭിഷേക് പറയുന്നു. സംസ്ഥാനത്തെ പശു, കൽക്കരി കള്ളക്കടത്ത് റാക്കറ്റുകളുമായി തന്നെ ബന്ധിപ്പിക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും തനിക്കെതിരെ ഒരു കേസുമില്ലെന്നുമാണ് അഭിഷേകിന്റെ വാദം.

കാലിക്കടത്തുമുതൽ കൽക്കരി വരെ!

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നേരത്തെ അഭിഷേക് ബാനർജിയെയും ഭാര്യയെയും ഇഡി ചോദ്യം ചെയ്യിരുന്നു. ഈസ്റ്റേൺ കോൾഫീൽഡ് ലിമിറ്റഡിന്റെ കൽക്കരി പാടങ്ങളിൽ നിന്ന് അനധികൃത ഖനനവും കൽക്കരി മോഷണവും ആരോപിച്ചാണ് കേസ്. പ്രാദേശിക കൽക്കരി വ്യവസായി അനൂപ് മാജി എന്ന ലാലയാണ് കേസിലെ പ്രധാന പ്രതി. ബംഗാൾ ഭരിക്കുന്ന തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് കൽക്കരി മാഫിയ സ്ഥിരമായി പണം നൽകിയിരുന്നതായി ആരോപണമുണ്ടായിരുന്നു. അതുപോലെ ബംഗാളിലെ മറ്റൊരു പ്രശ്നമാണ് അതിർത്തിയിലുടെ ബംഗ്ലാദേശിലേക്കുള്ള കാലിക്കടത്ത്. തൃണമൂലിന്റെ പ്രാദേശിക നേതാക്കൾ ഇതിലുടെ വൻ തുകയാണ് ഉണ്ടാക്കുന്നത്. ഈ സിൻഡിക്കേറ്റിന്റെയും നിയന്ത്രണം അഭിഷേകിനാണെന്നാണ് ബിജെപി ആരോപണം.

നേരത്തെ ഭൂമി കയ്യേറ്റ കേസിൽ അന്വേഷണം നേരിടുന്ന വ്യവസായി രാജ് കിഷോറിൽ നിന്ന് അഭിഷേക് ബാനർജി 1.15 കോടി രൂപ സ്വീകരിച്ചതും വിവാദമായിരുന്നു. പ്രതിപക്ഷ നേതാവായിരിക്കെ മമതാ ബാനർജിയാണു രാജ് കിഷോറിനെതിരെ ഭൂമി കയ്യേറ്റ കേസിൽ നടപടി ആവശ്യപ്പെട്ടിരുന്നത്. അധികാരത്തിലെത്തിയ ശേഷം രാജ് കിഷോറിനെ സഹായിക്കുന്ന നിലപാടാണു മമത കൈക്കൊണ്ടത്. സിപിഎം സർക്കാർ നൽകിയ അനുമതി റദ്ദാക്കാൻ മമത തയാറായില്ല. അഭിഷേകിന്റെ എൽ ആൻഡ് ബി കമ്പനിക്കു രാജ് കിഷോറിന്റെ സ്ഥാപനം തുക നൽകിയതിന്റെ രേഖകളുണ്ട്. കമ്പനി ഡയറക്ടറായ അഭിഷേക് വിലാസമായി നൽകിയതു മുഖ്യമന്ത്രിയുടെ വിലാസമായിരുന്നു. (വീണ വിജയൻ എകെജി സെന്റിന്റെ വിലാസം നൽകിയതാണ് ഇവിടെ ഓർമ്മ വരുന്നത്. തരികിടകളുടെ മോഡസ് ഓപ്പറൻഡി എപ്പോഴും ഒരുപോലെ ആയിരിക്കും! )

അദ്ധ്യാപക നിയമന അഴിമതി കേസിലും അഭിഷേക് ബാനർജിയുടെ പ്രതിയായി. പ്രൈമറി അദ്ധ്യാപകരെ മെറിറ്റ് നോക്കാതെ കാശുവാങ്ങി നിയമിച്ചുവെന്നാണ് ആരോപണം. അഭിഷേക് ബാനർജിയുടെ അടുത്ത അനുയായിയും കൊൽക്കത്തയിലെ വ്യവസായിയുമായ സുജോയ് കൃഷ്ണ ഭദ്രയ്ക്ക് വളരെ അടുപ്പമുണ്ടായിരുന്ന വ്യക്തിയാണ് കുന്തൽ ഘോഷ്. പ്രൈമറി അദ്ധ്യാപക തസ്തികയിലേക്ക് നിയമവിരുദ്ധ നിയമനം നടത്തുന്നതിന് ഈ കുന്തൽ ഘോഷ് കൈക്കൂലി വാങ്ങി സുജോയ് കൃഷ്ണയ്ക്ക് നൽകിയെന്നാണ് ആരോപണം. അന്ന് തൃണമൂൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റായിരുന്ന അഭിഷേക് ബാനർജിയുടെ സാമ്പത്തിക സംബന്ധമായ കാര്യങ്ങൾ ചെയ്തിരുന്നത് സുജയ് കൃഷ്ണ ഭദ്രയാണെന്ന് ഇഡി കുറ്റപത്രത്തിൽ പറയുന്നു.

കൂടാതെ, അഭിഷേക് ബാനർജിയുടെ സന്ദേശം കൈമാറുന്നതിനായി സുജയ് കൃഷ്ണ ഭദ്ര പശ്ചിമ ബംഗാൾ പ്രൈമറി എജ്യുക്കേഷൻ ബോർഡിന്റെ അന്നത്തെ പ്രസിഡന്റായിരുന്ന മണിക് ഭട്ടാചാര്യയുടെ ഓഫീസ് സന്ദർശിക്കാറുണ്ടെന്നും ഇഡി ആരോപിക്കുന്നു. അഭിഷേക് ബാനർജിയുടെ'ലീപ്സ് ആൻഡ് ബൗണ്ട്സ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനിയുടെ ഓഫീസിലും ഈ കേസിൽ ഇഡി റെയ്ഡ് നടത്തി. അതേസമയം കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മറ്റൊരു പ്രതിയായ സുജയ് കൃഷ്ണ ഭദ്ര സ്ഥാപിച്ച ലീപ്സ് ആൻഡ് ബൗണ്ട്സ് കമ്പനിയും, എസ്ഡി കൺസൾട്ടൻസി എന്ന സ്വകാര്യ കമ്പനിയും തമ്മിൽ 9.5 ലക്ഷം രൂപയുടെ സംശയാസ്പദമായ മൂന്ന് സാമ്പത്തിക ഇടപാടുകൾ നടന്നതായി അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുണ്ട്.

അദ്ധ്യാപക നിയമന അഴിമതിയിൽ നിന്ന് കൈക്കൂലി വാങ്ങിയ പണം വെളുപ്പിക്കാനാണ് ഇടപാടുകൾ നടത്തിയതെന്നാണ് ഇഡി സംശയിക്കുന്നത്. ഈ സംഭവം അന്വേഷിക്കുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനുമായാണ് ഇഡി ഉദ്യോഗസ്ഥരുടെ സംഘം കൊൽക്കത്തയിലെ ലീപ്‌സ് ആൻഡ് ബൗണ്ട്സ് ഓഫീസിൽ റെയ്ഡ് നടത്തിയത്. അഭിഷേക് ബാനർജിയും ഭാര്യയും മാതാപിതാക്കളും കമ്പനിയുടെ യഥാർത്ഥ ഡയറക്ടർമാരായിരുന്നു. എന്നാൽ 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ബാനർജിയും ഭാര്യയും കമ്പനിയിൽ നിന്ന് രാജിവച്ചു. കമ്പനിയുടെ ഡയറക്ടർ കൂടിയായിരുന്ന സുജോയ് കൃഷ്ണ ഭദ്ര ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി. നിലവിൽ അഭിഷേക് ബാനർജിയുടെ മാതാപിതാക്കളായ അമിത് ബാനർജിയും ലതാ ബാനർജിയും കമ്പനിയുടെ ഡയറക്ടർമാരാണ്.

മന്നാർഗുഡി മാഫിയക്ക് സമാനം

അഭിഷേക് ബാനർജിയുടെ നേതൃത്വത്തിലാണ്, ബംഗാളിലെ സകലവിധ അഴിമതിയും അക്രമവും അരങ്ങേറുന്നത് എന്നാണ് ബിജെപി ഉൾപ്പെടുയുള്ള പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നത്. ത്രിണമൂലിന്റെ ക്വട്ടേഷൻ സംഘടനയായ ബൈക്ക് ബ്രിഗേഡിന്റെ നിയന്ത്രണവും ഇദ്ദേഹത്തിന് തന്നെ.തൃണമൂൽ അക്രമം സഹിക്കവയ്യാതെയാണ് സിപിഎം പ്രവർത്തകർ കൂട്ടത്തോടെ ബിജെപിയിൽ എത്തിയത്. പണ്ട് സിപിഎം പയറ്റിയ ഏരിയാ ഡോമിനേഷൻ എന്ന തന്ത്രം ഇപ്പോൾ തൃണമൂൽ അതിഭീകരമായി പുറത്തെടുക്കയാണ്. ഒരു പ്രദേശത്ത് നിന്ന് തങ്ങൾക്ക് വോട്ട് ചെയ്യാത്തവരെ തെരഞ്ഞെടുപിടിച്ച് അടിച്ച് ഓടിക്കുക. ഇതിന് ബൈക്ക് ബ്രിഗേഡ് എന്ന തൃണമൂലിന്റെ ഗുണ്ടാ സംഘങ്ങളും ഉണ്ട്. മമതയുടെ ക്രൂരനായ മരുമകൻ അഭിഷേകാണ് ഈ അക്രമങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് എന്നാണ് സിപിഎം അടക്കം ആരോപിക്കുന്നത്. ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും ബംഗാളിൽ ചോര ഒഴുകുകയാണ്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 45ഓളം പേർക്ക് ജീവൻ പോയി. ഈ ലോക്സഭാ തിരിഞ്ഞെടുപ്പ് അക്രമങ്ങളിലും പത്തിധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്.

2015-ൽ ഒരു പൊതുയോഗത്തിൽ ദേബാശിഷ് ആചാര്യ പാർട്ടി പ്രാദേശിക നേതാവ്, അഭിഷേകിനെ തല്ലുകയും തുടർന്ന് തൃണമൂലുകാർ അയാളെ ആക്രമിക്കുകയും ചെയ്തിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു .പക്ഷേ അഭിഷേക് പരാതിയില്ലെന്ന് പറഞ്ഞതിനെ തുടർന്ന് വിട്ടയച്ചു. ആറ് വർഷത്തിന് ശേഷം, 2021 ജൂണിൽ ദേബാശിഷിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃണമൂൽ ഗുണ്ടകളാണ് ഇയാളെ കൊലപ്പെടുത്തിയതെന്നാണ് പിന്നിൽ അഭിഷേക് ആണെന്നും കുടുംബം ആരോപിച്ചിരുന്നു. 2020 ഫെബ്രുവരിയിൽ, നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദേബാശിഷ് ബിജെപിയുമായി കൈകോർത്തിരുന്നു. ഇതാണ് കൊലക്ക് കാരണം എന്ന് പറയുന്നത്. ഈ കേസിലെ അന്വേഷണവും തേഞ്ഞ്മാഞ്ഞില്ലാതായി.

സ്വന്തമായി കമ്പനിയുള്ള അഭിഷേക് ഒരു വ്യവസായി കൂടിയാണ്. അഭിഷേകിനും ഭാര്യക്കും കമ്മീഷൻ നൽകാതെ ബംഗാളിൽ ഒരു വ്യവസായവും തുടങ്ങാൻ കഴിയില്ലെന്നാണ് ആരോപണം. ജയലളിതയുടെ ഭരണകാലത്തെ ശശികലയുടെ നേതൃത്വത്തിലുള്ള മന്നാർഗുഡി മാഫിയയെ ആണ് ഇത് ഓർമ്മിപ്പിക്കുന്നത്.

ഭാര്യ റുജിറ ബാനർജിയുടെ കൈയിലെ കളിപ്പാട്ടമാണ് അഭിഷേക് എന്നും ആരോപണം ഉണ്ട്. 'ബാനർജി മാഫിയൻ എന്നാണ് ഇവർ വിളിക്കപ്പെടുന്നത്.

2023-ൽ കൽക്കരി കേസുമായി ബദ്ധപ്പെട്ട് അഭിഷേകിന്റെ ഭാര്യയെയും മക്കളെയും കൊൽക്കത്ത വിമാനത്താവളത്തിൽ തടഞ്ഞുവെച്ച സംഭവവവും വിവാദമായിരുന്നു. അന്ന് വികാരധീനനാണ് അഭിഷേക് പ്രതികരിച്ചത്. 'ഞാൻ മോദിയോട് തുറന്ന് പറയുകയാണ്. രാഷ്ട്രീയപരമായി നിങ്ങളുടെ പോരാട്ടം എനിക്കെതിരെയാണ്, എന്റെ ഭാര്യക്കും 9 വയസ്സുള്ള മകൾക്കും 3 വയസ്സുള്ള മകനുമെതിരെയല്ല. രാഷ്ട്രീയമായി എന്നോട് പോരാടൂ. ഇങ്ങനെ ചെയ്താൽ ഞാൻ തല കുനിക്കും എന്നാണ് നിങ്ങൾ വിചാരിച്ചിരിക്കുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റി'.നീരവ് മോദിയെയും മെഹുൽ ചോക്സിയെയും പോലുള്ളവർ പാവപ്പെട്ടവരിൽ നിന്ന് പണം പിടിച്ചെടുത്തു. എന്നാൽ ഇഡിക്കും സിബിഐക്കും അവർക്കെതിരെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. പ്രതിപക്ഷത്തെ ദ്രോഹിക്കാൻ മാത്രമാണ് അവരെ ഉപയോഗിക്കുന്നത്."- അഭിഷേക് പറയുന്നു. അതേസമയം ലുക്ക് ഔട്ട് സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് റുജിറയെ തടഞ്ഞതെന്നാണ് ഇഡി വൃത്തങ്ങൾ പറയുന്നത്.

ശാരദാ തട്ടിപ്പിലെ പ്രതികളെ രക്ഷിച്ചു

അഴിമതി രഹിതമായ ഭരണം കാഴ്ചവെക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് അധികാരത്തിൽ എറിയ മമതാ ബാനർജി അഴിമതിക്ക് കൂടുപിടിക്കുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമായിരുന്നു, 46,000 കോടി തട്ടി 1,481 പേരെ ആത്മഹത്യചെയ്യിപ്പിച്ച ശാരദ ചിട്ടി വിവാദം. മൂന്നുസംസ്ഥാനങ്ങിലെ 18000 കുടുംബങ്ങൾ ഈ ചിട്ടിതട്ടിപ്പിൽ പെട്ട് വഴിയാരമായി. പലരും നാടുവിട്ടു. ഈ തട്ടിപ്പ് തൃണമൂൽ നേതാക്കളുടെ ഒത്താശയോടെ ആയിരുന്നു. ശാരദാ ചിട്ടിയുടെ ബ്രാൻഡ് അംബാസിഡറെപ്പോലെയാണ് മമത പ്രവർത്തിച്ചത്. 2013 ൽ ശാരദ ചിട്ട് ഫണ്ട് പൊട്ടി. നിക്ഷേപകർ പരാതി പ്രളയവുമായി നെട്ടോട്ടമോടി. മുഖ്യമന്ത്രി മമത അനങ്ങിയില്ല. ഒടുവിൽ, നിക്ഷേപകർ കോടതിയിൽ പോയി. 2014 ജനുവരിയിൽ യുപിഐ സർക്കാരിന്റെ ശുപാർശയിൽ, ഈ തട്ടിപ്പ് അന്വേഷിക്കാൻ സുപ്രീം കോടതി സിബിഐയെ ചുമതലപ്പെടുത്തി.

സുദീപ്തോ സെൻ, കുനാൽഘോഷ്, മുകുൽറോയി തുടങ്ങിയവർ പ്രതികളായി. ഒളിവിൽ പോയ സുദീപ്തോയെ ജമ്മു കാശ്മീരിലെ റോഹിൻക്യൻ അഭയാർത്ഥി ക്യാമ്പിൽ വേഷപ്രച്ഛന്നനായി കഴിയവേ ഒരു സ്ത്രീയുടെ ഒപ്പം 2015 ജനുവരിയിൽ പിടികൂടി. തുടർന്ന്, തട്ടിച്ച പണത്തിലെ വലിയൊരു ഭാഗം സുദീപ്തോ, വിദേശത്തേക്ക് കടത്തിയതായി സി ബി ഐ കണ്ടെത്തി. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ബന്ധം തുടങ്ങി ഗുരുതരമായ കുറ്റ കൃത്യങ്ങൾ നടന്നതായി സി ബി ഐ സുപ്രീം കോടതിയെ ധരിപ്പിച്ചു.

ബംഗാളിൽ നടന്ന അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും മമത, പൊലീസ് അന്വേഷണം തടസ്സപ്പെടുത്തി. സിബിഐയുടെ പ്രവർത്തന സ്വാതന്ത്ര്യം വരെ സംസ്ഥാനം പിൻവലിച്ചു. തുടർന്ന് സുപ്രീം കോടതിയാണ് അത് പുനഃസ്ഥാപിച്ചത്. അന്വേഷണ വഴിയിൽ രണ്ടു തൃണമൂൽ നേതാക്കളെ കൂടി സി ബി ഐ അറസ്റ്റ് ചെയ്തു. ഇതോടെ മമതയിലേക്കുള്ള വഴി സിബിഐ തുറന്നു. അന്വേഷണം തന്നിലേക്ക് എത്തുമെന്ന ഭീതി അവരെ വേട്ടയാടിയതോടെ, മമത പരിഭ്രാന്തയായി. കേസിന്റെ തെളിവുകൾ നൽകുന്നതിൽ നിന്നും കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെ അവർ വിലക്കി. ഇപ്പോഴും ഈ കേസ് ഇഴഞ്ഞു നീങ്ങുകയാണ്. ഇതിൽനിന്ന് പ്രധാന പ്രതികളെ രക്ഷിച്ച് എടുത്തത് അഭിഷേക് ആയിരുന്നു.

ശാരദ്ക്ക് പിന്നാലെ തൃണമൂലിന്റെ സ്പോൺസർ ഷിപ്പിൽ റോസ് വാലി ചിട്ടിതട്ടിപ്പട്ടും സമാനമായി നടന്നു.തൃണമൂൽ നേതാക്കളുടെ കാശിനോടുള്ള ആക്രാന്തം വ്യക്തമാക്കുന്നതായിരുന്നു, മലയാളിയായ മാധ്യമ പ്രവർത്തകൻ മാത്യു സാമുവലിന്റെ നേതൃത്വത്തിൽ നടന്ന നാരദാ സ്റ്റിങ്ങ് ഓപ്പറേഷൻ. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് നാരദ ഒളികാമറ ഓപ്പറേഷൻ വിവാദം കത്തുന്നത്. ഒരു വ്യാജ കമ്പനിക്ക് സഹായം ചോദിച്ച് എത്തിയപ്പോൾ തൃണമൂൽ നേതാക്കൾ ലക്ഷങ്ങൾ കൈക്കൂലി വാങ്ങുന്ന ടേപ്പ് പുറത്തായത് ജനത്തെ ഞെട്ടിച്ചു. ഇതിന് പിന്നാലെ കേസും ഉണ്ടായി. ഈ കേസുകളിലെല്ലാം പ്രതികളെ രക്ഷിച്ചെടുക്കാനുള്ള ചുമതലയും അഭിഷേകിനായിരുന്നു.

ഗരിബ് കല്യാണും ഭതിജ കല്യാണും

2921ൽ നടന്ന ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി തങ്ങളുടെ ആരോപണത്തിന്റെ കുന്തമുന നീട്ടിയത് അഭിഷേകിനുരേരെയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അന്ന് അഭിഷേക് ബാനർജിയെ രൂക്ഷമായി വിമർശിച്ചിരുന്നു. 'മോദി സർക്കാർ ഗരിബ് കല്യാണിനു (ദരിദ്രരുടെ ക്ഷേമം) വേണ്ടിയാണ്. പക്ഷേ, മമത സർക്കാർ ഭതിജ കല്യാണിനു (മരുമകന്റെ ക്ഷേമം) വേണ്ടിയാണ്. തന്റെ മരുമകനെ മുഖ്യമന്ത്രിയാക്കേണ്ടത് എപ്പോഴാണെന്നാണ് മമതയുടെ ചിന്ത.' അദ്ദേഹം പറഞ്ഞു.

ഈ ആരോപണം ഈ തിരഞ്ഞെടുപ്പിലും അമിത് ഷാ ആവർത്തിച്ചു. 'ബംഗാളിന്റെ വികസനത്തിനായി മോദിജി പണം അയച്ചെങ്കിലും ആ പണം മുഴുവൻ ദീദിയുടെ സിൻഡിക്കേറ്റിനായി ബലിയർപ്പിക്കപ്പെട്ടു. പണം എവിടെപ്പോയി? അനന്തരവന്റെയും അദ്ദേഹത്തിന്റെ ഗുണ്ടകളുടെയും ക്ഷേമത്തിനായി അത് ബലിയർപ്പിക്കപ്പെട്ടു. ബിജെപി അധികാരത്തിൽ വരുമ്പോൾ, ബംഗാളിന്റെ പണം ഉപയോഗിക്കുകയും ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ നിയമനടപടി ഉറപ്പാക്കുകയും ചെയ്യും' ഷാ പറഞ്ഞു.

ഷായുടെ പ്രസ്താവനയ്ക്കു മറുപടിയുമായി മമതയും രംഗത്തെത്തി. 'അവർക്ക് ദീദി-ഭതിജ (മൂത്ത സഹോദരി, മരുമകൻ) എങ്ങനെ പറയണമെന്ന് മാത്രമേ അറിയൂ. ആദ്യം ഭതിജയോട് യുദ്ധം ചെയ്യുക. പിന്നെ ദീദിയോട് പോരാടുന്നതിനെക്കുറിച്ച് ചിന്തിക്കുക. അഭിഷേക് ബാനർജിക്കെതിരെ മത്സരിക്കാൻ ഞാൻ അമിത് ഷായെ വെല്ലുവിളിക്കുന്നു. ഓർക്കുക, നിങ്ങളുടെ മകൻ അഴിമതി ആരോപണങ്ങളിൽനിന്ന് മുക്തനല്ല. നിങ്ങൾ നിങ്ങളുടെ സ്വന്തം മകനെ മറയ്ക്കുകയും മറ്റുള്ളവരെ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നു. ഇത് സ്വീകാര്യമല്ല. നിങ്ങളുടെ മകന്റെ കാര്യം നോക്കുക. അവൻ എങ്ങനെയാണ് ക്രിക്കറ്റ് ബോഡി ചീഫ് ആകുക? അദ്ദേഹം എങ്ങനെയാണ് ഇത്രയധികം കോടി രൂപ സമ്പാദിച്ചത്? നമ്മൾ ഇതിനെക്കുറിച്ച് സംസാരിക്കണോ?' -മമത ചോദിച്ചു.

ഈ തെരഞ്ഞെടുപ്പിലും ഈ വിഷയം ഉയർത്തിക്കാട്ടിയപ്പോൾ ഡയമണ്ട് ഹാർബറിൽനിന്ന് തനിക്കെതിരെ മത്സരിക്കാമോ എന്ന് ചോദിച്ചാണ്, അഭിഷേക് അമിത് ഷായെ വെല്ലുവിളിച്ചത്. അമിത് ഷാ വിജയിച്ചാൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്നും അഭിഷേക് ബാനർജി പറഞ്ഞു. 'ഞാൻ സജീവ രാഷ്ട്രീയം വിടണമെന്ന് അമിത് ഷാ ആഗ്രഹിക്കുന്നുവെങ്കിൽ മൂന്ന് ഓപ്ഷനുകളിൽ മുന്നോട്ടുവെക്കാം. സംസ്ഥാനത്തിന്റെ കുടിശ്ശികയായ 1,64,000 കോടി അനുവദിച്ചാൽ 24 മണിക്കൂറിനുള്ളിൽ വിരമിക്കുമെന്നതാണ് ഒന്നാമത്തെ ഓപ്ഷൻ. രണ്ടാമത്തേത് പ്രധാനമന്ത്രി ആവാസ് യോജനയുടെ ഫണ്ട് അനുവദിക്കുക. ഡയമണ്ട് ഹാർബർ മണ്ഡലത്തിൽ മത്സരിച്ച് അമിത് ഷാ എന്നെ തോൽപ്പിച്ചാൽ രാഷ്ട്രീയം എന്നന്നേക്കുമായി വിടും എന്നതാണ് മൂന്നാമത്തെ ഓപ്ഷൻ"- ഉരുളക്ക് ഉപ്പേരിപോലെ അഭിഷേകും തിരിച്ചടിക്കുന്നു

അഭിഷേക് ബാനർജിയെപ്പറ്റി തനിക്കുള്ള കണക്കുകൂട്ടലുകൾ എന്താണെന്ന് മമത ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അഭിഷേകിന്റെ പ്രസംഗങ്ങൾ ആൾക്കൂട്ടത്തെ ആകർഷിക്കുന്നുണ്ട്. യുവജന സംഘടനയെ നയിക്കുന്ന അഭിഷേകിന്റെ റാലികൾക്ക് ചെറുപ്പക്കാരടക്കം എത്തുന്നത് തൃണമൂൽ പ്രതീക്ഷയോടെ കാണുന്നു. പക്ഷേ അയാൾ ഈ രീതിയിൽ വിവാദത്തിൽപെടുന്നത് മമതയെയും അസ്വസ്ഥരാക്കുന്നുണ്ട്. അതിനാൽ അടുത്തകാലത്തായി അഭിഷേകിൽ നിന്ന് മമത അകലം പാലിക്കുന്നതായും ആരോപണം ഉണ്ട്. പക്ഷേ ആ പ്രചാരണം വെറും തട്ടിപ്പാണെന്ന് പറയുന്നവരും ഉണ്ട്. കാരണം മമതയുടെ ഫണ്ട് റെയ്സറാണ് അഭിഷേക്. മമതയുടെ താൽപ്പര്യങ്ങളാണ് അയാൾ സംരക്ഷിക്കുന്നത്. അതിനാൽ ഇവർ തമ്മിലുള്ള അകൽച്ചയെന്നത് വെറും ചക്കളത്തിപോരാട്ടമാണെന്നാണ് രാഷ്ട്രയ നിരീക്ഷകർ പറയുന്നത്.

വാൽക്കഷ്ണം: പക്ഷേ ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഇ ഡി പിടികൂടുന്നത് ബിജെപിക്ക് എതിരെ പ്രവർത്തിക്കുമ്പോൾ മാത്രമാണ്. ശാരദ ചിട്ടിഫണ്ട് അഴിമതിക്കേസിൽ സിബിഐയും ഇ ഡിയും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്‌ക്കെതിരായി അന്വേഷണം നടത്തിയിരുന്നു. കോടികണക്കിന് രൂപയുടെ അഴിമതിയാണ് ആരോപിച്ചിരുന്നത്. ഹിമന്ത ബിശ്വ ശർമ്മ ബിജെപിയിൽ ചേർന്നതോടെ ഇ ഡി കേസ് അവസാനിപ്പിച്ചു. നാരദ സ്റ്റിങ് ഓപ്പറേഷനിൽ ഉൾപ്പെട്ട മുൻ ടിഎംസി നേതാക്കളായ സുവേന്ദു അധികാരി, മുകുൾ റോയ് എന്നിവർക്കെതിരായ കേസുകളും പിൻവലിക്കപ്പെട്ടു. 2017ലെ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിന് മുമ്പ് അധികാരിയും റോയിയും ബിജെപിയിൽ ചേർന്നിരുന്നു. പിന്നീട് റോയ് ടിഎംസിയിലേക്ക് മടങ്ങി. അതോടെ അദ്ദേഹത്തിനെതിരെയുള്ള ഇഡി അന്വേഷണവും പുനരാരംഭിച്ചു!