- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസിനെ നശിപ്പിച്ച ഡൈനാസ്റ്റി പൊളിറ്റിക്സിന്റെ കഥ
ലൂസിഫറിലെ മോഹൻലാലിന്റെ വിഖ്യാതമായ ഡയലോഗില്ലേ-'നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്' എന്ന്. അത് ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് ഒന്ന് തിരിച്ചിട്ടാൽ, 'ഡൈനാസ്റ്റി പൊളിറ്റിക്സ് ഈസ് എ ഡേർട്ടി ബിസിനസ്' എന്ന് പറയേണ്ടിവരും. കാരണം ഇന്ത്യൻ ജനാധിപത്യത്തെ ഇത്രത്തോളം നശിപ്പിച്ചതിന് പിന്നിൽ ഈ കുടുംബാധിപത്യത്തിനും, വംശാധിപത്യത്തിനും വലിയ പങ്കുണ്ട്.
കോൺഗ്രസിന്റെ ഡൈനാസ്റ്റി പൊളിറ്റിക്സിനെതിരെ വലിയ കാമ്പയിനാണ്, നരേന്ദ്ര മോദി അഴിച്ചുവിട്ടിരുന്നത്. പക്ഷേ ഇത്തവണത്തെ എൻഡിഎ എംപിമാരുടെ കണക്ക് എടുത്താൽ അതിൽ 70പേരാണ് ബീജഗുണം കൊണ്ട് അധികാരത്തിലെത്തിയിരിക്കുന്നത്. ബിജെപി നേതാവായിരുന്ന അന്തരിച്ച സുഷമ സ്വരാജിന്റെ മകൾ ബാംസുരി ന്യൂഡൽഹി മണ്ഡലത്തിൽ നിന്ന് നാലു ലക്ഷം വോട്ടുകൾക്കുമേൽ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻഡെ, കല്യാൺ പാർലമെന്റ് മണ്ഡലത്തിൽ നിന്നും രണ്ടരലക്ഷത്തിനുമേൽ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. പ്രമുഖ ഡോക്ടറും മുൻ രാജ്യസഭാംഗവുമായ ഡോ. സി.പി. ഠാക്കൂറിന്റെ മകൻ വിവേക് ഠാക്കൂർ ബിഹാറിലെ നവാഡ മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി ജയിച്ചു.
ലോക്സഭാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായി ചരിത്രം കുറിച്ച ബിജെപിയുടെ ശാംഭവി ചൗധരി, ബിഹാറിലെ എൻഡിഎ-ജെഡിയു സഖ്യ സർക്കാരിൽ മന്ത്രിയായ അശോക് കുമാർ ചൗധരിയുടെ മകളാണ്. ലൈംഗികാരോപണ വിധേയനായതോടെ ബിജെപി സീറ്റ് നിഷേധിച്ച റെസ്ലിങ്് ഫെഡറേഷന്റെ മുൻ അധ്യക്ഷൻ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന് പകരം ഇത്തവണ മത്സരിക്കാൻ അവസരം ലഭിച്ച മകൻ കരൺ ഭൂഷൺ സിങും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ ഇളയ സഹോദരൻ സൗമേന്ദു അധികാരി കാന്തി മണ്ഡലത്തിൽനിന്ന് 47,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അയായത് എൻഡിഎയിലും ശക്തമായ കുടുംബവാഴ്ചയുണ്ട്. ഇനി മോദിക്ക് വലിയ രീതിയിലൊന്നും കോൺഗ്രസിന്റെ മക്കൾ രാഷ്ട്രീയത്തെ വലിയ തോതിൽ പരിഹസിക്കാൻ കഴിയില്ലെന്ന് ചുരുക്കം.
ഇന്ത്യയിലെ ഒട്ടുമിക്കപാർട്ടികളിലും ഇപ്പോൾ ഇതേവഴിക്കാണ്. അഖിലേഷ് യാദവിന്റെ വീട്ടിലെ അഞ്ചുപേരാണ് ഇത്തവണ ലോക്സഭയിലേക്ക് വിജയിച്ചത്. ബിഹാറിൽ ആർജെഡി അധ്യക്ഷൻ ലാലുവിന്റെ പെൺമക്കൾ രണ്ടുപേർക്കും രണ്ടു വിധിയാണ് നേരിടേണ്ടിവന്നത്. പാടലിപുത്രയിൽ മത്സരിച്ച മിസ ഭാരതി ജയിച്ചപ്പോൾ, മറ്റൊരു മകൾ രോഹിണി ആചാര്യ, സരൺ സീറ്റിൽ തോറ്റു. പക്ഷേ ലാലവിനുശേഷം നേതാവായി നിൽക്കുന്നത് മകൻ തേജസ്വി തന്നെയാണ്. താർഖണ്ഡിൽ സോറൻ കുടുംബമാണ് പ്രധാനം.
ദക്ഷിണേന്ത്യയിലും മക്കൾ രഷ്ട്രീയത്തിന് നല്ല സ്്കോപ്പുണ്ട്. കർണ്ണാടകത്തിൽ ദേവഗൗഡയുടെ മക്കളും കൊച്ചുമക്കളും അധികാരത്തിലാണ്. ഗൗഡയുടെ കൊച്ചുമകന്റെ അശ്ളീല വീഡിയോ വിവാദം നോക്കുക. അപ്പനും മകനും ഒരുപോലെ പീഡകർ. ആന്ധ്രായിൽ ചന്ദ്രബാബുവിന്റെ പിന്തുടർച്ചാവകാശി മകൻ തന്നെ ആയിരിക്കും. തമിഴ്നാട്ടിൽ സ്റ്റാലിന് ശേഷം ഉദയനിധിസ്റ്റാലിനാവും മുഖ്യമന്ത്രി. മെറിറ്റിന് പുല്ലുവില കൽപ്പിക്കുന്ന എന്നതാണ് ഈ കുടുംബാധിപത്യ ഭരണത്തിന്റെ എറ്റവും വലിയ പ്രശ്നം. പരോക്ഷമായ ഒരു രാജഭരണമാണ് ഇവർ ഉദ്ദേശിക്കുന്നത്. അതോടെ അധികാരം ഏതാനും വ്യക്തികളിൽ മാത്രം കേന്ദ്രീകരിക്കുന്നു.
ഇപ്പോൾ വയനാട്ടിൽ രാഹുൽഗാന്ധി ഒഴിയുന്ന സീറ്റിലേക്ക് സഹോദരി പ്രിയങ്കാഗാന്ധി മത്സരിക്കാനെത്തുന്നതോടെ, ഡൈനാസ്റ്റി പൊളിറ്റിക്സ് വീണ്ടും ചർച്ചയാവുകയാണ്. രാജ്യത്തിന് ഈ രീതിയിലുള്ള ഒരു തെറ്റായ മാതൃക കാണിച്ചുകൊടുത്തത്, ഇന്ദിരയിലുടെ നെഹ്റുവായിരുന്നു. നെഹ്റു തുടങ്ങിവച്ച മക്കൾ രാഷ്ട്രീയം ഇന്ന് മരുമക്കൾ- കൊച്ചുമക്കൾ- അനന്തിരവർ തലത്തിലേക്ക് വളർന്ന് വൈറസായി പടരുന്നു.
നെഹ്റുവിനെ ഹൈജാക്ക് ചെയ്ത ഇന്ദിര
ഇന്ത്യ ഒരിക്കലും അർഹിക്കാത്ത പ്രധാനമന്ത്രി എന്നുകൂടി പലപ്പോഴായി വിലയിരുത്തപ്പെട്ട വ്യക്തിത്വമായിരുന്നു, നെഹ്റുവിന്റെത്. ഭൂരിഭാഗവും പാരമ്പര്യവാദികളും, യാഥാസ്ഥികരുമായ രാജ്യത്തെ ശാസ്ത്രവാദിയും നിരീശ്വരവാദിയുമായ ഒരാൾ നയിക്കുക എന്നത് ഒരുതരം രാഷ്ട്രീയ അത്ഭുതം തന്നെയാണ്. അതിന് ഇടയാക്കിയത് ആവട്ടെ ഗാന്ധിജിയുടെ പരോക്ഷമായ ജനാധിപത്യവിരുദ്ധത കൂടിയാണ്. ഭൂരിഭാഗം കോൺഗ്രസ് കമ്മറ്റികളും സർദാർ വല്ലഭായി പട്ടേലിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞിട്ടും, ഗാന്ധിജി അംഗീകരിച്ചില്ല. ധ്യാന നിരതനായി പ്രാർത്ഥനാമുറിയിൽ ഇരുന്ന ഗാന്ധിജിയുടെ മനസ്സിൽ വന്ന ചിത്രം, അരുമശിഷ്യൻ കൂടിയായ നെഹ്റുവിന്റെത് ആയിരുന്നു. അംഗത്വം പോലുമില്ലായിരുന്നിട്ടും, ആ പാർട്ടിയുടെ ആത്മാവ് ആയിരുന്ന ഗാന്ധിജിയുടെ വാക്കുകൾ കോൺഗ്രസുകാർ, ശിരസാ വഹിച്ചപ്പോൾ നെഹ്റു അധികാരത്തിലേറി.
കടുത്ത ജനാധിപത്യവാദിയും അധികാരകേന്ദ്രീകരണത്തെ എന്നും എതിർക്കുകയും ചെയ്ത വ്യക്തിയായിരുന്നു, കവിയും കാൽപ്പനികനുമായ നെഹ്റു. 'നെഹ്റു ഏകാധിപത്യത്തിലേക്ക് പോവുന്നോ' എന്ന് ചോദിച്ച് വ്യാജപേരിൽ സ്വയം വിമർശിച്ച് ലേഖനം എഴുതിയ നേതാവ്. പട്ടിണി കിടന്ന് മരിക്കുമെന്ന ബ്രിട്ടീഷ് പ്രവചനത്തെ അസ്ഥാനത്താക്കി, ഇന്ത്യയുടെ വളർച്ചക്ക് അടിത്തറയിട്ട ആ കർമ്മധീരന് പക്ഷേ മക്കൾ രാഷ്ട്രീയത്തിന്റെ അപകടം മനസ്സിലാക്കുന്നതിൽ ആയിരുന്നു പിഴച്ചത്.
മകൾ ഇന്ദിര രാഷ്ട്രീയത്തിൽ വരുന്നത് ആദ്യകാലത്ത് നെഹ്റുവിന് ഒട്ടും ഇഷ്ടം ഉണ്ടായിരുന്നില്ല. മറ്റു പലരുടെയും ഒത്താശയോടെ ഇന്ദിരാഗാന്ധി പാർട്ടിയിൽ പിടിമുറുക്കി. ഭർത്താവ് ഫിറോസ് ഗണ്ഡി എന്ന ഫിറോസ് ഗാന്ധി തന്നെ പലപ്പോഴായി ഇന്ദിരയിൽ ഒളിഞ്ഞ് കിടക്കുന്ന ഫാസിസ്റ്റ് സ്വഭാവം ചൂണ്ടിക്കാട്ടിയിരുന്നു. അധികാര കേന്ദ്രമായതോടെ 'ഒരു അച്ഛൻ മകൾക്ക് അയച്ച കത്ത് വായിക്കുന്ന' വിജ്ഞാന കുതുകിയായ മകളെ ആയിരുന്നില്ല, ഒരു ഏകാധിപതിയെയാണ് ഇന്ത്യ ഇന്ദിരയിൽ കണ്ടത്.
തലയെടുപ്പുള്ള നൂറ് കണക്കിന് നേതാക്കളുണ്ടായിരുന്ന ഒരു മഹാപ്രസ്ഥാനമായിരുന്നു ബ്രിട്ടീഷ് ഇന്ത്യയിലെ കോൺഗ്രസ്. പക്ഷേ നെഹ്റു യുഗത്തിനുശേഷം അത് ഒരു കുടുംബത്തിലേക്ക് ഒതുങ്ങി.
ഉന്നതമായ ജനാധിപത്യവീക്ഷണവും വിശാലതയും വച്ചുപുലർത്തിയിരുന്ന ജവഹർലാൽ നെഹ്റു പ്രധാനമന്ത്രി സ്ഥാനത്തിരിക്കുമ്പോൾ തന്നെ മകൾ കോൺഗ്രസ് അധ്യക്ഷയായി. ഇഎംഎസ് സർക്കാരിനെ 1959- ൽ നെഹ്റു പിരിച്ചുവിട്ടത് അന്ന് കോൺഗ്രസ് പ്രസിഡന്റായിരുന്ന ഇന്ദിരയുടെ കടുംപിടുത്തം മൂലമായിരുന്നു. നെഹ്റുവിനെ ഹൈജാക്ക് ചെയ്യാനും പലപ്പോഴും ഇമോഷണലി ബ്ലാക്ക് മെയിൽ ചെയ്യാനും ഇന്ദിരക്ക് കഴിഞ്ഞു. തന്റെ മകളെ അധികാരകേന്ദ്രമാക്കി വളർത്താതെ, മാറ്റി നിർത്താൻ നെഹ്റുവിന് കഴിഞ്ഞതുമില്ല. ആ വലിയ പിഴയ്ക്ക് ഇന്ത്യ ഇന്നം വിലകൊടുക്കുന്നു.
പ്രധാനമന്ത്രിയുടെ കരണത്തടിച്ച സഞ്ജയൻ
ജനാധിപത്യത്തെ അങ്ങേയറ്റം സ്നേഹിച്ചിരുന്ന, നെഹ്റുവിന്റെ മകൾ പിന്നെ ഇന്ത്യൻ ജനാധിപത്യത്തെ തന്നെ അട്ടിമറിക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരക്ക് അതിനേക്കാൾ വലിയ ഒരു ഏകാധിപതിയെ കൂട്ടിന് കിട്ടി. അതാണ് സ്വന്തം മകൻ സഞ്ജയ് ഗാന്ധി. ജോസഫ് സ്റ്റാലിന്റെ ആരാധകൻ കൂടിയായ സഞ്ജയ് ക്രമേണ അധികാരത്തിന്റെ സമസ്ത മേഖലകളിലും പിടിമുറുക്കി. ഒരുവേള ഇന്ദിരാഗാന്ധിപോലും സഞ്ജയിന്റെ കൈയിലെ കളിപ്പാവയായി. ജനാധിപത്യത്തോടും അദ്ദേഹത്തിനുള്ള സമീപനം പുച്ഛമായിരുന്നു. ഒരു കൂട്ടം ആളുകൾ തീരുമാനം എടുക്കാൻ വൈകിച്ച് രാഷ്ട്രത്തെ നശിപ്പിക്കയായിരുന്നെന്നാണ് സഞ്ജയ്ഗാന്ധിയുടെ പക്ഷം. ശക്തമായ ഒരു നേതൃത്വം. അത് അനുസരിക്കുന്ന ജനം. അദ്ദേഹം ആ രീതിയിലുള്ള രാഷ്ട്രമാണ് വിഭാവനം ചെയ്തത്. ഇന്ദിരയുടെ നാവടക്കൂ പണിയെടുക്കൂ സിദ്ധാന്തം എവിടെ നിന്നാണ് വന്നതെന്ന് വ്യക്തം.
ഹിറ്റ്ലർക്ക് സമാനമായി വംശവെറിയും അദ്ദേഹം പുലർത്തിയിരുന്നു. മുസ്ലീങ്ങൾ പെറ്റുകൂട്ടി രാജ്യത്തിന് ഭീഷണിയാവുന്നവർ ആണെന്നാണ് സഞ്ജയ് വിശ്വസിച്ചിരുന്നത്. മുസ്ലീങ്ങളുടെ നിർബന്ധിത വന്ധീകരണത്തിലും തുർക്കുമാൻഗേറ്റിലെ ചേരി പൊളിക്കലും ഒക്കെ കലാശിച്ചത് ഈ ചിന്താധാരയാണ്. സാർവദേശീയ മാനവികതക്ക് വേണ്ടി വാദിച്ച നെഹ്റുവിന്റെ കൊച്ചുമകനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഓർക്കണം. അടിയന്തരാവസ്ഥയുടെ ആദ്യ ആഴ്ചകൾ പിന്നിടുമ്പോഴേക്കും തന്നെ സഞ്ജയ് ഗാന്ധി, ഇന്ദിരയുടെ മുഖ്യ രാഷ്ട്രീയ ഉപദേഷ്ടാവായി. കൃത്യമായൊരു കാബിനറ്റ് റാങ്കില്ലാതെ തന്നെ, പാർലമെന്റിന്റെ അകത്തളത്തിലേക്ക് പ്രവേശിക്കുക പോലും ചെയ്യാതെ രാജ്യത്തെ ഏറ്റവും പ്രബലനായ വ്യക്തിയായി സഞ്ജയ് മാറി. മുഖ്യമന്ത്രിമാർ സഞ്ജയിന് മുന്നിൽ മുട്ടിലിഴഞ്ഞു. സഞ്ജയിന്റെ ചെരുപ്പുകൾ കയ്യിലെടുത്തു കൊണ്ടുകൊടുക്കുക വരെ ചെയ്തു. പത്രങ്ങൾ സ്തുതിച്ചുകൊണ്ട് ഭാവഗീതങ്ങളെഴുതി പ്രസിദ്ധീകരിച്ചു.
ഒരിക്കൽ ഒരു ഡിന്നർ പാർട്ടിക്കിടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കരണത്ത് സഞ്ജയ് അടിച്ചുവെന്നത് പുലിസ്റ്റർ ജേതാവും, വാഷിങ്ങ്ടൺ പോസ്റ്റിന്റെ ഡൽഹി കറസ്പോണ്ടന്റുമായ ലൂയിസ് സിമൻസ് റിപ്പോർട്ട് ചെയ്തിരുന്നു. ആ അക്രമാസക്തനായ, മുടിയനായ പുത്രൻ, വിമാനാപകടത്തിൽ കൊല്ലപ്പെട്ടില്ലായിരുന്നെങ്കിൽ ഇന്ത്യ കണ്ട ഏറ്റവും ക്രൂരനായ പ്രധാനമന്ത്രിയാകുമായിരുന്നു.
കേസരിയും റാവുവും അപമാനിക്കപ്പെടുന്നു
പിന്നീടുള്ള ഭരണകാലവും നെഹ്റു കുടുംബത്തിന്റെത് തന്നെയായിരുന്നു. ഏതാണ്ടെല്ലാ വികസനപദ്ധതികൾക്കും നെഹ്റുവിന്റെയും ഇന്ദിരയുടെയും രാജീവ്ഗാന്ധിയുടെയും പേരുകൾ ചാർത്തപ്പെട്ടു. ഒരു കോഴിക്കൂട് പണിഞ്ഞാലും അതിൽ നെഹ്റുകുടുംബത്തിന്റെ പേരും നാളും ആലേഖനം ചെയ്യപ്പെട്ടു. ഇന്ത്യ എന്നാൽ ഇന്ദിര എന്ന് പ്രചരിപ്പിച്ച പോലെ കോൺഗ്രസ് എന്നാൽ നെഹ്റു, ഇന്ദിരാ- സഞ്ജയ്- രാജീവ്- സോണിയാ- രാഹുൽ- പ്രിയങ്കാ ഗാന്ധിമാർ ആയി ചുരുങ്ങി. കുടുംബത്തിന്റെ ഏറാന്മൂളിയല്ലാതെ സ്വതന്ത്ര വ്യക്തിത്വവും അസ്തിത്വവും കാത്തുസൂക്ഷിക്കാൻ ധൈര്യം കാട്ടിയ കോൺഗ്രസ് നേതാക്കൾ ഒറ്റപ്പെടുത്തപ്പെട്ടു.
സീതാറാം കേസരി എന്ന വയോവൃദ്ധനായ നേതാവിനെ അപമാനിച്ച് ചവിട്ടിപ്പുറത്താക്കി, സോണിയാഗാന്ധി കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം പിടിച്ചെടുക്കുമ്പോൾ അവർക്ക് ഒരു ദിവസത്തെ പാർട്ടിപ്രവർത്തനപരിചയം പോലുമില്ലായിരുന്നു. ഇന്ദിരയും രാജീവും ഇല്ലാത്ത പ്രതിസന്ധിക്കാലത്ത് കോൺഗ്രസിനെ നയിച്ച, തന്നെ ഇങ്ങനെ പുറത്താക്കുമെന്ന് കേസരിയും കരുതിയില്ല. 1998 മാർച്ച് 14നാണ് സംഭവം. ഡൽഹിയിലെ അക്ബർ റോഡിലെ എഐസിസി ആസ്ഥാനത്ത് പാർട്ടി അധ്യക്ഷൻ സീതാറാം കേസരി, കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിൽ പ്രവേശിച്ചപ്പോൾ പതിവുപോലെ അദ്ദേഹത്തെ ആരും എഴുനേറ്റ് നിന്ന് അഭിവാദ്യം ചെയതില്ല. അപ്പോൾ തന്നെ കേസരിക്ക് എന്തോ പന്തികേട് തോന്നിയിരുന്നു.
പിന്നെ കാണുന്നത്, കേസരിയുടെ സേവനങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ടും, സോണിയാ ഗാന്ധിയെ എഐസിസി അധ്യക്ഷയാക്കാൻ ആവശ്യപ്പെട്ടുകൊണ്ടും പ്രമേയം വരുന്നതാണ്. ഇതോടെ കേസരിയുടെ മുഖം ചുവന്നു. അദ്ദേഹം ഇറങ്ങിപ്പോയി. സോണിയ പാർട്ടി ഏറ്റെടുക്കുന്നതുവരെ കേസരിയെ മണിക്കൂറുകളോളം കുളിമുറിയിൽ പൂട്ടിയിട്ടിരുന്നതായി അന്ന് വാർത്തകൾ വന്നിരുന്നു. കേസരി, യോഗം കഴിഞ്ഞ് പോകുമ്പോൾ, ചില യൂത്ത് കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തെ ചീത്തവിളിക്കുകയും ധോത്തിപിടിച്ച് ആക്രമിക്കാൻ ശ്രമിച്ചതും വാർത്തയായി! പിന്നീട് അവഗണിക്കപ്പെട്ട ജീവിതമായിരുന്നു കേസരിയുടേത്. യാതൊരു രാഷ്ട്രീയ പരിചയവുമില്ലാത്ത, മദാമ്മ ഗാന്ധിയെന്ന് കളിയാക്കപ്പെട്ട സോണിയയുടെ രാഷ്ട്രീയ ജീവിതവം അവിടെ തുടങ്ങി.
സമാനമായ അവസ്ഥയായിരുന്നു, വിപ്ളകരമായ ഉദാരവത്ക്കരണ സാമ്പത്തികനയങ്ങളിലൂടെ ഇന്ത്യയെ സാമ്പത്തികമായി രക്ഷിച്ച പ്രധാനമന്ത്രി നരസിംഹറാവുവിനും ഉണ്ടായത്. അദ്ദേഹത്തിന്റെ മൃതദേഹം ഡൽഹി എഐസിസി ആസ്ഥാനത്ത് പൊതുദർശനത്തിന് വയ്ക്കാൻ അനുവദിക്കാത്തതിന് പിന്നിലും സോണിയാ ഗാന്ധിയാണെന്ന് വാർത്തകൾ വന്നു. അവസാനം ജന്മനാടായ ആന്ധ്രയിൽ സംസ്ക്കരിച്ച റാവിവിന്റെ മൃതദേഹത്തോടും, കടുത്ത അവഗണയാണ് കോൺഗ്രസ് കാട്ടിയത്. ഒരു മുൻ പ്രധാനമന്ത്രിയുടെ മൃതദേഹം പാതികത്തി ചിത കെട്ടുകിടക്കുന്നത് പ്രാദേശിക മാധ്യമങ്ങളിൽ വാർത്തയായി. അതേതുടർന്ന് പാഞ്ഞെത്തിയ കോൺഗ്രസ് പ്രവർത്തകർ, പിന്നെ വിറകുകൂട്ടി ചിത വീണ്ടും കത്തിക്കയായിരുന്നു!
അവസാനകാലത്ത് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലുമായിരുന്നു റാവു. കേസുകൾ നടത്താൻ പോലും അദ്ദേഹത്തിന്റെ കൈയിൽ പണം ഉണ്ടായിരുന്നില്ല. അമ്മ കൊല്ലപ്പെടുമെന്ന് അന്ന് രാഹുൽ ഗാന്ധിക്കും മറ്റുമുണ്ടായ വിഭ്രാന്തിമൂലവും, വിദേശിയെന്ന വിവാദവുമൂലം, പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് സോണിയാഗാന്ധി പിന്മാറിയപ്പോൾ ആക്സിഡന്റൽ ആയി പ്രൈം മിനിസ്റ്ററായ മന്മോഹൻസിങ് മാത്രമാണ് അവസാനകാലത്തും, റാവുവിന് ഒപ്പമുണ്ടായിരുന്നത്.. റാവുവിന്റെ ശവസംസ്ക്കാരച്ചടങ്ങിലും, ആദ്യാവസാനം അതീവ ദുഃഖിതനായി മന്മോഹനെ കാണാമായിരുന്നു.
പ്രണബ് തൊട്ട് തരൂർ വരെ
മന്മോഹന്റെ നേതൃത്വത്തിൽ, ഒന്നും രണ്ടും യുപിഎ സർക്കാറുകളുടെ ഭരണം നടക്കുമ്പോഴും റിമോട്ട് കൺട്രോൾ സോണിയാഗാന്ധിയുടെ കൈയിലായിരുന്നു. ഗാന്ധി കുടുംബം ചാവികൊടുക്കുന്നതിന് അനുസരിച്ച് ചലിക്കുന്ന പാവയെന്നായിരുന്നു, മന്മോഹൻസിങ് എന്നാണ് പ്രതിപക്ഷം പരിഹസിച്ചിരുന്നത്. പ്രണബ് പ്രധാനമന്ത്രിയും, മന്മോഹൻ ധനമന്ത്രിയുമായി തുടരുകയാണെങ്കിൽ ഇന്ത്യയുടെ മുഖഛായ തന്നെ മാറുമായിരുന്നുവെന്ന്, പിന്നീട് നിരീക്ഷണങ്ങൾ വന്നു. പ്രണബ് മുഖർജി ധനമന്ത്രിയായിരുക്കുമ്പോഴാണ് റിസർവ് ബാങ്കിന്റെ ഗവർണറായി മന്മോഹൻ സിങ്ങിനെ നിയമിക്കുന്നതെന്ന് ഓർക്കണം.
പക്ഷേ ഒന്നാം യുപിഎ സർക്കാറിൽ അതേ മന്മോഹന് കീഴിൽ പ്രണബ് മന്ത്രിസഭയിലെ രണ്ടാമനായി. അവിടെയും അങ്ങേയറ്റം സന്തുഷ്ടനായിരുന്നു പ്രണബ്. പ്രതിരോധ- വിദേശകാര്യമേഖലകളിൽ തിളങ്ങിയ അദ്ദേഹം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. വിനീത വിധേയന്റെ വിഡ്ഢിവേഷം കെട്ടാൻ ഒരിക്കലും തയ്യാറാകാത്ത പ്രണബ് മുഖർജി സോണിയാ ഗാന്ധിക്ക് ഒട്ടും സ്വീകാര്യനല്ലായിരുന്നു. രാഷ്ട്രീയ മോഹങ്ങളില്ലാത്ത, തിരുവായ്ക്ക് എതിർവാ ഇല്ലാത്ത മന്മോഹൻ അങ്ങനെ അപ്രതീക്ഷിതമായി പ്രധാനമന്ത്രി കസേരയിലെത്തി. മന്മോഹൻ സാമ്പത്തിക വിദഗ്ധനാണ്, സത്യസന്ധനാണ്. പക്ഷെ അദ്ദേഹത്തിന് രാജ്യത്തിന്റെ നേതാവായി ഉയരുവാനോ ജനങ്ങളുമായി നേരിട്ട് സംവദിക്കാനോ കഴിഞ്ഞില്ല. ഈ ഗ്യാപ്പാണ് സത്യത്തിൽ മോദി മുതലെടുത്തത്. 'മന്മോഹൻ സിങ്ങിന് പകരം പ്രണബ് മുഖർജി പ്രധാനമന്ത്രി ആയിരുന്നെങ്കിൽ കോൺഗ്രസ് ഗതികെട്ട രൂപത്തിലാകില്ലായിരുന്നു. മോദി എന്നൊരു പ്രതിഭാസം പോലും ഒരുപക്ഷേ ഉടലെടുക്കില്ലായിരുന്നു.'- പ്രശസ്ത മാധ്യമ പ്രവർത്തകൻ കരൺ ഥാപ്പർ ഒരിക്കൽ അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്.
ഒടുവിലായി പ്രണബിനെ രാഷ്ട്രപതി സ്ഥാനത്തിരുത്തി ഒതുക്കുകയാണ് കോൺഗ്രസ്
ചെയ്തത്. രാഷ്ട്രപതി ഭവനിലും സൗമ്യവും ദീപ്തവുമായ പെരുമാറ്റം കൊണ്ട് ഏവരുടെ ശ്രദ്ധ അദ്ദേഹം ആകർഷിച്ചു. കൊളോണിയൽ കാലത്തെ ആദര സൂചകമായ ബഹുമതികളും ഉപചാരവാക്കുകളും വേണ്ട എന്ന നിലാപട്പോലും അദ്ദേഹം എടുത്തു. കോൺഗ്രസ് പാർട്ടിയുടെ നോമിനി ആയിരുന്നിട്ടുകൂടി അദ്ദേഹം വലിയ പിന്തുണയാണ് മോദി സർക്കാറിന് കൊടുത്തത്. പ്രണബ് വിരമിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ സംഭാവനകളെ സ്മരിച്ച് വാചാലനായിരുന്നു.
ഇത് പ്രണബിന്റെ മാത്രം അവസ്ഥയല്ല. സോണിയാ കുടുംബത്തെ എതിർക്കുന്നവർക്ക് കോൺഗ്രസിൽ സ്ഥാനമില്ല. നട്വർസിങ് മുതൽ ഗുലാംനബി ആസാദ്വരെയുള്ള എത്രയോപേരുടെ അനുഭവം അതാണ് സൂചിപ്പിക്കുന്നത്. ആന്ധ്രയിൽ വൈഎസ്ആർ കോൺഗ്രസിന്റെ രൂപീകരണത്തിന് തന്നെ ഇടയാക്കിയത്, ജഗനെയും അമ്മയെയും ദീർഘനേരം പുറത്തുനിർത്തി സോണിയാഗാന്ധി അപമാനിച്ചുവെന്ന ഒറക്കാരണമാണ്! ഒരു കുടുംബത്തോട് വിധേയരാവുക എന്നതാണ്, പാർട്ടിക്കൂറിന്റെ അടിസ്ഥാനം എന്ന് കരുതുന്ന സമീപനത്തിന്റെ എറ്റവും ഒടുവിലത്തെ ഇരയാണ് നമ്മുടെ ശശി തരൂർ. എഴുത്തുകാരൻ, പ്രാസംഗികൻ എന്ന നിലയിൽ അന്താരാഷ്ട്രതലത്തിൽ തന്നെ ആരാധകരുള്ള തരൂരിന്റെ പ്രതിഭയോടുള്ള സോണിയാകുടുംബത്തിന്റെ കുശുമ്പാണ് അദ്ദേഹത്തിന് 2019-ൽ കോൺഗ്രസ് ലോക്സഭാകക്ഷി നേതാവ് സ്ഥാനം നഷ്ടപ്പെടുത്തിയത്. ദേശീയതലത്തിൽ അന്നേവരെ ആരും അറിയാത്ത അധീർ രഞ്ജൻ ചൗധരി ആ പദവിയിലേക്ക് എത്തിയത് അങ്ങനെയാണ്.
അതിന് ശേഷം നടന്ന കോൺഗ്രസ് പ്രസിഡന്റ് തിരിഞ്ഞെടുപ്പിലും ഈ നാടകം അരങ്ങേറി. ശശി തരൂരിന് പകരം, സോണിയാ കുടുംബത്തിന്റെ ഒത്താശയോടെ മല്ലികാർജുൻ ഖാർഗേ കോൺഗ്രസ് അധ്യക്ഷനായത് രാജ്യം ഏറെ ചർച്ചചെയ്തതാണ്. ഖാർഗേയും ഡൈനാസ്റ്റി പൊളിറ്റിക്സിന്റ കാര്യത്തിൽ ഗാന്ധി കുടുംബത്തിന് ഒപ്പമാണ്. ഖാർഗെയുടെ മരുമകൻ രാധാകൃഷ്ണ ദൊഡ്ഡാമണി കർണാടകയിലെ ഗുലബർഗ മണ്ഡലത്തിൽനിന്ന് 27,205 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ച് എം പിയായി. മകനാവട്ടെ കർണ്ണാടകയിൽ മന്ത്രിയുമാണ്. ചക്കിക്കൊത്ത ചങ്കരൻ!
പ്രിയങ്കയ്ക്ക് പിന്നാലെ വാദ്രയും
ഇപ്പോഴിതാ, രാഹുൽഗാന്ധി ഒഴിയുന്ന വയനാട്ടിലെ സീറ്റിലേക്ക് പ്രിയങ്ക എത്തുകയാണ്. കെ സി വേണുഗോപാലിന് കോൺഗ്രസിന്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ലഭിച്ചത് പത്തു മുപ്പത് വർഷം പാർട്ടി പ്രവർത്തനം നടത്തിയതിന് ശേഷമാണ്. എന്നാൽ പ്രിയങ്കാഗാന്ധി കോൺഗ്രസിൽ അംഗത്വമെടുത്ത ദിവസം തന്നെ പാർട്ടി ജനറൽ സെക്രട്ടറിയായി അവരോധിക്കപ്പെട്ടു.
തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ രാജ്യത്തുടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായി പടനയിച്ച നേതാക്കളാണ് രാഹുലും പ്രിയങ്കയുമെന്ന കാര്യത്തിൽ സംശയമില്ല. ഇരുവരെയും താരതമ്യപ്പെടുത്തിയാൽ പ്രിയങ്കയുടെ പ്രചാരണം ഒരുപടി മുന്നിൽ നിൽക്കും. എന്നാൽ ഇവരുടെ നേതൃപാടവമോ പ്രസംഗവൈഭവമോ മാത്രമല്ല കോൺഗ്രസ് നേടിയ മിന്നുംജയത്തിനു പിന്നിൽ. രാപകലില്ലാതെ കഷ്ടപ്പെട്ട ഒരുപാട് നേതാക്കളുണ്ട്. പ്രിയങ്കയും രാഹുലും കഴിഞ്ഞാൽ ഏറ്റവുമധികം റാലികളിൽ പ്രസംഗിച്ച കോൺഗ്രസ് നേതാവായിരുന്നു രാജസ്ഥാനിലെ സച്ചിൻ പൈലറ്റ്. തെലങ്കാനയിൽ രേവന്ത് റെഡ്ഡിയും കർണാടകയിൽ സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ഹരിയാനയിൽ ഭൂപീന്ദർ സിങ് ഹൂഡയും മഹാരാഷ്ട്രയിൽ നാനാ പടോളയും ഒക്കെ കോൺഗ്രസ് വിജയത്തിന്റെ ശില്പികളാണ്.
ഇന്ദിര ഗാന്ധി - രാജീവ് ഗാന്ധി യുഗത്തിലെ ശക്തമായ ഏക നേതൃത്വം എന്ന തലത്തിൽനിന്ന് മാറി, രാജ്യത്തിന്റെ ഫെഡറൽ ഘടനയോട് ചേർന്നുപോകുന്ന മട്ടിൽ വികേന്ദ്രീകൃത നേതൃത്വരീതി സ്വീകരിച്ചതും, പ്രാദേശികതയിൽ ഊന്നിയുള്ള പ്രചാരണത്തിനു മുൻതൂക്കം നൽകിയതുമാണ് കോൺഗ്രസിന്റെ വിജയത്തിന്റെ പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. പക്ഷേ ഇവിടെ വീണ്ടും 'ഞാനാണ് ഇന്ത്യ' എന്ന് ഇന്ദിര പണ്ട് പറയുന്നതുപോലെ ഒരു കുടുംബത്തിലേക്ക് അധികാരം കേന്ദ്രീകരിക്കപ്പെടുന്നതിന്റെ സൂചനയാണ് പ്രിയങ്കയുടെ വരവ് എന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നുണ്ട്.
പക്ഷേ പ്രിയങ്കയുടെ കൂടെ, മസാലദോശക്ക് ഒപ്പം, വട ഫ്രീയായി കിട്ടുന്നതുപോലെ ഭർത്താവ് റോബർട്ട് വാദ്രയും വരുന്നുണ്ട്്. നേരത്തെ റായ്ബറേലി മണ്ഡലത്തിൽ സ്വയം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചയാളാണ്, ഈ വിവാദ നായകൻ. ഡൽഹിയിലെ വെറുമൊരു പിച്ചളക്കച്ചവടക്കാരനിൽനിന്ന്, ഇന്ന് ഇരുപതിനായിരം കോടിയോളം വരുന്ന വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനാണ് വാദ്ര. അദാനിയുടെ വളർച്ചയെക്കുറിച്ച് വലിയ വായിൽ പ്രതിഷേധിക്കുന്ന രാഹുൽ ഗാന്ധി സ്വന്തം അളിയന്റെ, വളർച്ചയിൽ ഒന്നും മിണ്ടറില്ല. കോൺഗ്രസ് ഭരണത്തിനൊപ്പമാണ് വാദ്രയുടെ വളർച്ചയും. നിരവധി കേസുകളും ഇദ്ദേഹത്തിന്റെ പേരിലുണ്ട്. ക്രിസ്ത്യൻ ആയിരുന്ന റോബർട്ട് വാദ്ര, പ്രിയങ്കയെ വിവാഹം കഴിച്ചതിനുശേഷം ഹിന്ദുമതം സ്വീകരിച്ചതും വാർത്തയായിരുന്നു. ഇത് ഭാവിയിലെ രാഷ്ട്രീയ പ്രവേശനം ലക്ഷ്യമിട്ടുകൊണ്ട് കൂടിയായിരുന്നു.
പ്രിയങ്കക്ക് ശേഷം താനും ലോക്സഭയിൽ എത്തുമെന്നാണ് വാദ്ര ഇപ്പോഴം പറയുന്നത്. അതായത് ഇന്ത്യൻ രാഷ്ട്രീയം വീണ്ടും അപ്പൻ, മകൻ, മരുമകൻ കോമ്പോയിലേക്ക് മാറുകയാണ്. ജനാധിപത്യത്തിന്റെ മെറിറ്റിനെ തകർക്കുന്ന ഈ പരിപാടി എതിർക്കപ്പെടേണ്ടത് തന്നെയാണ്. മോദിയും രാഹുലുമൊന്നും വിവാഹം കഴിക്കാഞ്ഞത് ഒരു കണക്കിന് നന്നായി. ഇല്ലെങ്കിൽ കുറച്ചുകാലം കഴിയുമ്പോൾ അവരുടെ മക്കളാവും ഇന്ത്യൻ രാഷ്ട്രീയം നിയന്ത്രിക്കുക!
വാൽക്കഷ്ണം: കെ മുരളീധരനെ കോഴിക്കോട് ആദ്യമായി സ്ഥാനാർത്ഥിയായി തീരുമാനിക്കുമ്പോൾ യോഗത്തിൽ നിന്ന് ഇറങ്ങി മൂത്രമൊഴിക്കാൻ പോയിരുന്നു പിതാവ് കെ കരുണാകരൻ. ഇപ്പോൾ മക്കൾ രാഷ്ട്രീയം വരുമ്പോൾ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾക്ക് കരുണാകരന്റെ 'മാന്യത'പോലും ഇല്ലാതായിരിക്കുന്നു.