- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
800 രൂപ ശമ്പളക്കാരനിൽ നിന്ന് ശതകോടീശ്വരനിലേക്ക്; പരീക്ഷകളിൽ തോറ്റ് തൊപ്പിയിടുന്ന വിദ്യാർത്ഥി; താൽപ്പര്യമുള്ള ഏക വിഷയമായ ഇംഗ്ലീഷ് ജീവിതം മാറ്റിമറിച്ചു; ആലിബാബയിലൂടെ ലോകത്തിന്റെ നെറുകയിൽ; 9-9-6 മോഡലിൽ ജോലിയും, 6-6-9 മോഡലിൽ സെക്സും; ചൈനയുടെ പഴയ ഹീറോ ഇന്ന് വർഗ വഞ്ചകൻ; ഷീ പാപ്പരാക്കിയ ജാക് മായുടെ കഥ
'അയാൾ ഹാർവാഡിലേക്കുള്ള പ്രവേശന പരീക്ഷയെഴുതി പലതവണ തോറ്റു. പക്ഷേ പിന്നീട് ഹാർവാഡിൽനിന്ന് പഠിച്ചിറങ്ങിയ ഏറ്റവും മിടുക്കരായ കുട്ടികൾ അയാൾക്ക് മുന്നിൽ ക്യൂനിന്നു. കാരണം അവർക്കൊക്കെ തൊഴിൽ കൊടുക്കുന്ന ആലിബാബ എന്ന സ്ഥാപനത്തിന്റെ തലവൻ അയാൾ ആയിരുന്നു'. അതാണ് ജാക് മാ എന്ന ചൈനീസ് സംരഭകൻ! 2011 മുതൽ കേരളത്തിലടക്കം ലോകമെമ്പാടുമുള്ള മോട്ടിവേഷൻ ക്ലാസുകളിൽ ആയിരംവട്ടം ചർച്ച ചെയ്ത പേര്.
ഹൈസ്കൂളിലും, കോളജിലുമായി പലതവണ പരീക്ഷയിൽ തോറ്റ, പിന്നീട് ഇ-കൊമേഴ്സ് ഭീമനായ ആലിബാബയുടെ തലവനായി മാറിയ ശതകോടീശ്വരൻ. അക്കാദമിക്ക് തോൽവികളല്ല ഒരാളെ ജീവിത വിജയിയാക്കുന്നത് എന്നതിന് ഉദാഹരണമായി മാ ആഘോഷിക്കപ്പെട്ടു. പക്ഷേ, പൂജ്യത്തിൽനിന്ന് തുടങ്ങി ശതകോടീശ്വരനായ ജാക് മാ ഇപ്പോൾ വീണ്ടും ഏതാണ്ട് പഴയ അവസ്ഥയിലേക്ക് എത്തിപ്പെട്ടിരിക്കയാണ്. എത്രകാലം ജീവിച്ചിരിക്കുമെന്ന് പോലും ഇനി കണ്ടറിയണം. കാരണം ശത്രുപക്ഷത്ത് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയും പ്രസിഡന്റ് ഷീ ജിൻ പിങ്ങുമാണ്.
നമ്മുടെ നാട്ടിൽ കോടികൾ കൈയിലുള്ളവർക്ക് നിഷ്പ്രയാസം കേസുകളിൽനിന്ന് ഊരിപ്പോരാൻ കഴിയും. പക്ഷേ ചൈനയിൽ അതല്ല സ്ഥിതി. നിങ്ങൾ കമ്യുണിസ്റ്റ് പാർട്ടിയെയും പ്രസിഡന്റിനെയും വിമർശിച്ചാൽ പിന്നെ കോടികൾക്കെല്ലാം കടലാസു വിലയാണ്. അതേ അവസ്ഥയിലാണ് ഇന്ന് ജാക് മാ എത്തിപ്പെട്ടിരിക്കുന്നത്. 2020ൽ ചൈനീസ് സർക്കാറിന്റെ സാമ്പത്തിക നയങ്ങളെ ഒരു പൊതുവേദിയിൽ വിമർശിച്ചു എന്ന ഒറ്റകുറ്റം മാത്രമാണ് അയാൾ ചെയ്തത്. അതോടെ ആയാൾ ഷീ ജിൻ പിങ്ങിന്റെ കണ്ണിലെ കരടായി. പാർട്ടിക്ക് മുകളിൽ വളരുന്ന വന്മരമായി.
അതോടെ ജാക് മാ പൊതുവേദികളിൽനിന്ന് അപ്രത്യക്ഷമായി. എവിടെയാണെന്ന് ആർക്കും അറിയില്ല. മായുടെ ആൻഡ് ഗ്രൂപ്പിന്റെ ഓഹരികൾ ലിസ്റ്റ് ചെയ്യാൻ പോലും അനുവദിച്ചില്ല. കനത്ത തിരിച്ചടികൾ നേരിട്ടതോടെ കമ്പനിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽനിന്ന് മാ പിൻവാങ്ങി. കഴിഞ്ഞ ആഴ്ചയിലെ അറിയിപ്പ് പ്രകാരം ആൻഡ് ഗ്രൂപ്പിന്റെ നിയന്ത്രണം പത്തംഗ സംഘത്തിനായിരിക്കും. ലോകത്തെതന്നെ ഏറ്റവും വലിയ ഫിൻടെക് പ്ലാറ്റ്ഫോമായ ആൻഡ് ഗ്രൂപ്പിന്റെ തലപ്പത്തുനിന്നും ഇതോടെ ജാക് മാ മാറിയിരിക്കയാണ്.
അതായത് ലോകമെമ്പാടുമുള്ളവർക്ക് പ്രചോദനമായ ജാക്ക് മാ ഇനി ഇതോടെ ഒന്നുമല്ലാതാവുകയാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ അയാളുടെ പണമെല്ലാം ചൈന തിരിച്ചെടുത്തിരിക്കുന്നു. ഇതാണ് ചൈനയിലെ റെഡ് ക്യാപിറ്റലിസവും യഥാർത്ഥ ക്യാപിറ്റലിസവും തമ്മിലുള്ള വ്യത്യാസം. ഷീ ജിൻ പിങ്ങ് വിചാരിച്ചാൽ ചൈനയിലെ ഏത് ശതകോടീശ്വരനേയും പിച്ചക്കാരനാക്കാം. എന്നാൽ അമേരിക്കൻ പ്രസിഡന്റ് ബൈഡന് പോലും അത് കഴിയില്ല. ചൈനയിൽ രാഷ്ട്രം എന്നാൽ ഷീ ജിൻ പിങ്് എന്ന ഒറ്റ വ്യക്തിയിലേക്ക് ഒതുങ്ങുകയാണ്. അവിശ്വസനീയമായ വളർച്ചയുടെയും അവിചാരിതമായ പതനത്തിന്റെയും കഥയാണ് ജാക് മായുടേത്.
മാ യുൻ, ജാക്ക് ആവുന്നു
ജാക് മാ എന്ന 58കാരന്റെ ജീവിത വിജയത്തിന്റെ കഥ ലോകത്തിൽ എത്രയോ തവണ പാടിപ്പുകഴ്ത്തപ്പെട്ടതാണ്. യാഥാർഥ പേര് മാ യുൻ എന്നാണ്. 10 സെപ്റ്റെംബർ 1964 നു ചൈനയിലെ ജീജാങ് പ്രവിശ്യയിലെ ഹാങ്ചൗവിലാണ് ജനനം. അക്കാലത്ത് ചൈനയുടെ ഏറ്റവും ദാരിദ്രമുള്ള പ്രദേശമാണ് ഹാങ്ചൗ. ഫോട്ടോഗ്രഫറായ അച്ഛന്റെയും ഫാക്ടറി തൊഴിലാളിയായ അമ്മയുടെയും വരുമാനം ഒന്നിനും തികഞ്ഞിരുന്നില്ല. നല്ല ഭക്ഷണത്തിനുപോലും കുട്ടിക്കാലത്ത് ബുദ്ധിമുട്ടിയാതായി മാ പറയുന്നുണ്ട്.
സ്കൂളിലും കോളജിലും ബിസിനസിലുമെല്ലാം തോറ്റു തോറ്റ് ഒടുവിൽ ബ്ലോക്ബസ്റ്റർ വിജയങ്ങൾ കൊയ്ത അവിശ്വസനീയ കരിയർ ഗ്രാഫാണ് ജാക് മായുടേത്. പഠനത്തിൽ എന്നും പിന്നാക്കമായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ ഇവനെ ഒന്നിനും കൊള്ളില്ലെന്ന്, ടീച്ചർമാർ അമ്മയോട് പലതവണ പറഞ്ഞു. അപ്പോൾ ടീച്ചർമാർ അറിഞ്ഞില്ല ഫോബ്സ് മാഗസിൻ കവർ ഫോട്ടോ ആക്കുന്ന ആദ്യ ചൈനക്കാരനെക്കുറിച്ചാണ്, തങ്ങൾ ഇങ്ങനെ പറയുന്നത് എന്ന്! പ്രൈമറി സ്കൂളിൽ രണ്ടു തവണയും മിഡിൽ സ്കൂളിൽ മൂന്നു തവണയും തോറ്റു. സർവകലാശാല പഠനത്തിനായുള്ള പ്രവേശന പരീക്ഷയിൽ മൂന്നു തവണ തോറ്റു.
ഒടുവിൽ ഹാങ്ചൗവിലെ പ്രാദേശിക സർവകലാശാലയിൽ കയറിപ്പറ്റി. എന്നാൽ ഇംഗ്ലിഷ് പഠനം മായ്ക്ക് ഹരമായിരുന്നു. ലോകത്തിന്റെ ഭാഷ ഇംഗ്ലീഷ് ആണെന്നും, അതിൽനിന്ന് മാറിനിന്നാൽ ചൈന പിറകോട്ട് അടിക്കുമെന്നും മാ ചെറുപ്പത്തിലേ മനസ്സിലാക്കിയിരുന്നു. അക്കാലത്താണ് അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സൻ ചൈന സന്ദർശിച്ചത്. വലിയ ആവേശമാണ് ആ സന്ദർശനം ഉയർത്തിയത്. നിക്സന്റെ സന്ദർശന ലിസ്റ്റിൽ ഹാങ്ചൗവുംപെട്ടു. അതോടെ അങ്ങോട്ട് നിരവധി ടൂറിസ്റ്റുകൾ വരാൻ തുടങ്ങി.
ജാക്കിന്റെ ആദ്യ ബിസിനസ് ഇവിടെ തുടങ്ങുന്നു. തനിക്ക് അത്യാവശ്യം ഇംഗ്ലീഷ് ആറിയാമല്ലേ. എന്നാൽ ടൂറിസ്റ്റ് ഗെഡായി അരക്കെ നോക്കിക്കളയാം എന്ന് അയാൾ തീരുമാനിക്കുന്നു. അന്ന് അയാൾവെച്ച ഓഫർ വ്യത്യസ്തമായിരുന്നു. സാധാരണ ടൂറിസിറ്റ് ഗൈഡുകൾക്ക് കൊടുക്കുന്നതിന്റെ പകുതി പ്രതിഫലം മതി. പകരം ചൈന സന്ദർശിക്കുന്ന വിദേശി തന്നെ ഇംഗ്ലീഷ് പഠിപ്പിക്കണം. ഈ കൗമാരക്കാരന്റെ ഓഫർ പലർക്കും ഇഷ്ടപ്പെട്ടു. അവർ അവനെ ഇംഗ്ലീഷ് പഠിപ്പിച്ചു. അങ്ങനെ സൗഹൃദത്തിലായ ഒരു സായിപ്പ് അമേരിക്കയിൽ നിന്ന് അയച്ച കത്തിലാണ് അവനെ ജാക്ക് എന്ന് ആദ്യമായി വിശേഷപ്പിക്കുന്നത്. ടൈറ്റാനിക്ക് സിനിമയൊന്നും ഇറങ്ങാത്തകാലമായിട്ടും ജാക്ക് എന്ന പേര് അവനും ഇഷ്ടമായി. അങ്ങനെ മാ യുൻ തന്റെ പേര് ജാക്ക് മാ എന്നാക്കി മാറ്റി. പിന്നീട് ലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത ഒരു ചൈനീസ് പേരിന്റെ തുടക്കം അങ്ങനെയായിരുന്നു.
ബിയർ സേർച്ച് ചെയ്ത് തുടക്കം
അന്ന് സ്വകാര്യ സംരംഭകത്വം ചൈനയിൽ ശൈശവ ദശയിലായിരുന്നു. എല്ലാം സർക്കാർ കയ്യടക്കി വച്ചിരുന്ന കാലം. ഒരു ജോലിക്കായി അയാൾ അപേക്ഷ അയക്കാത്തത സ്ഥലങ്ങളില്ല. പക്ഷേ എല്ലാം തള്ളപ്പെട്ടു. തന്റെ 30 ജോലി അപേക്ഷകളെങ്കിലും തള്ളപ്പെട്ടുവെന്നാണ് ജാക്ക് മാ പിന്നീട് പറഞ്ഞത്. ഒടുവിൽ പ്രദേശിക സ്കൂളിൽ മാസം 12 ഡോളർ (ഏകദേശം 900 രൂപ) മാസ ശമ്പളത്തിൽ ഇംഗ്ലിഷ് അദ്ധ്യാപകനായി ചേർന്നു.
എന്നാൽ തന്റെ വഴി ഇതല്ലെന്നു കണ്ട് 29ാം വയസ്സിൽ ബിസിനസിലേക്കു തിരിഞ്ഞു. ആദ്യം ഒരു തർജമ സ്ഥാപനമാണ് തുടങ്ങിയത്. ഇംഗ്ലിഷ് അദ്ധ്യാപകനായ അദ്ദേഹത്തിന് അതു നന്നായി ചെയ്യാൻ കഴിയുമായിരുന്നു. അങ്ങനെ സർക്കാറിന്റെ പല പ്രൊജക്റ്റുകളുെട ഭാഗമായി. അക്കാലത്ത് ചൈനക്ക് അത്തരം ട്രാൻസിലേറ്റർമാരെ ധാരളാമായി ആവശ്യം ഉണ്ടായിരുന്നു. അവരുടെ വൻകിട കമ്പനികളുമായുള്ള ഇടപാട് രൂപപ്പെട്ട് വരുന്ന സമയം ആയിരുന്നു അത്. അതുകൊണ്ടുതന്നെ ജാക്ക് മായ്ക്ക്, ഒരു ബിസിനസ് രൂപപ്പെടുന്നത് അടക്കമുള്ള സകലകാര്യങ്ങളും മനസ്സിലാക്കാനായി.
1995ൽ ഒരു സർക്കാർ പ്രോജ്കറ്റിന്റെ ഭാഗമായി യുഎസിലെത്തിയതാണ് മാ യുടെ ജീവിത്തിൽ വഴിത്തിരിവായത്. അവിടെ ആദ്യമായി അദ്ദേഹം കമ്പ്യൂട്ടറും ഇന്റർനെറ്റും പരിചയപ്പെട്ടു. ചൈനയിൽ കമ്പ്യൂട്ടർ അപൂർവമായിരുന്നു. ഇന്റർനെറ്റിൽ സേർച്ച് ചെയ്തിട്ട് ചൈനയുമായി ബന്ധപ്പെട്ട ഒരു റിസൽട്ട് പോലും മായ്ക്ക് കിട്ടിയില്ല. ആദ്യമായി മാ സേർച്ച ചെയ്ത് ബിയറിനെക്കുറിച്ചായിരുന്നു. സേർച്ചിൽ ഒരു ചൈനീസ് ബിയർ ബ്രാൻഡ് പോലും വന്നില്ല. അപ്പോഴാണ് ഇന്റർനെറ്റിന്റെ സാധ്യത അദ്ദേഹത്തിന് ബോധ്യപ്പെട്ടത്. എന്തുകൊണ്ട് ചൈനക്കായി ഒരു വെബ് പേജ് തുറന്ന് ചൈനീസ് ഉൽപ്പന്നങ്ങളെ മാർക്കറ്റ് ചെയ്തുകൂടാ എന്ന തോന്നൽ അദ്ദേഹത്തിനുണ്ടായി. അത് ചൈനയുടെയും ചരിത്രം തിരുത്തി.
ചൈനയിൽ മടങ്ങിയെത്തിയതിനു പിന്നാലെ സുഹൃത്തുമൊത്ത് ഒരു വെബ്സൈറ്റ് ഡിസൈൻ ചെയ്തു. മാ ആദ്യ ഇന്റർനെന്റ് ബിസിനസായ 'ചൈന പേജസ്' അങ്ങനെ പിറന്നു. ചൈനീസ് ബിസിനസുകൾക്ക് ഇന്റർനെറ്റിലൂടെ രാജ്യന്തര ഇടപാടുകാരെ ആകർഷിക്കുന്നതിനായി വെബ്സൈറ്റുകൾ സ്ഥാപിച്ചു നൽകുകയായിരുന്നു ബിസിനസ്. ചൈനാ പേജസ് തഴച്ചുവളർന്നു. ജാക്ക് മാ ധനികൻ ആവാൻ തുടങ്ങി. പക്ഷേ ആ ഭാഗ്യം അധികം നീണ്ടുനിന്നില്ല. പേജിന്റെ സാധ്യകൾ മനസ്സിലാക്കിയ ചൈനീസ് ഭരണകൂടം അതിൽ ഇടപെട്ടു തുടങ്ങി. മറ്റൊരു സംഘം ജാക് മായുടെ ബിസിനസ് കോപ്പിയടിച്ചു. ഇത് സ്ഥിതി ഗുരുതരമാക്കി. ഗതികെട്ട് ചൈന പേജസ് അടച്ചുപൂട്ടി. ജാക് മാ സർക്കാർ ജോലിക്കു കയറി.
ആലിബാബ എന്ന പേര്?
പിന്നെ കുറേക്കാലത്തേക്ക് ജാക് മാ ഒരു ട്രാൻസിലേറ്റർ കം അദ്ധ്യാപകൻ എന്ന നിലയിലുള്ള സർക്കാർ ജോലി തന്നെ തുടർന്നു. പക്ഷേ അപ്പോഴും ബിസിനസിന്റെ ആ മാന്ത്രിക ലോകം അയാളെ മാടിവിളിച്ചു. ചൈന വല്ലാതെ മാറിക്കൊണ്ടിരിക്കുന്ന ഒരു കാലം കൂടിയായിരുന്നു അത്. മാവോയുടെ കാലത്തെ കൂട്ട പട്ടണിമരണങ്ങൾ ഒരു പാഠമായി എടുത്തതുകൊണ്ടാവണം, പിന്നീട് വന്ന ഡെങ്ങ് സിയാവോ പിങ്ങ് വിപണി തുറന്നുകൊടുത്തു. ക്യാപിറ്റിലിസ്റ്റ് പദ്ധതികൾ നടപ്പാക്കി അതിന്റെ സോഷ്യലിസം എന്ന് വിളിക്കായാണ് ഡെങ്ങ് ചെയ്ത്. ചൈനാക്കാർ സംരംഭകരായി വരുന്നതിൽ, ഡെങ്ങ് നന്നായി പ്രോൽസാഹിപ്പിച്ചു. ആ ഊർജവും ജാക്ക് മാക്ക് തുണയായി.
ജാക്ക് മായ്ക്ക് വിജയത്തിന്റെ മാന്ത്രികപ്പെട്ടി തുറന്നുകൊടുത്തത് ആലിബാബയാണ്. 1999ൽ അയാൾ വീണ്ടും അമേരിക്കയിലെത്തി. സിലിക്കൻവാലിയിലെ 17 സുഹൃത്തുക്കളെ കൂട്ടുപിടിച്ച്, ആലിബാബ എന്ന ഇ കൊമേഴ്സ് കമ്പനിക്കു മാ തുടക്കമിട്ടു. ബിസിനസ് ടു ബിസിനസ് ഇ കൊമേഴ്സ് പ്ലാറ്റ്ഫോം (ബിസിനസ് സ്ഥാപനങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കൽ വാങ്ങൽ നടത്താനുള്ള പ്ലാറ്റ്ഫോം) എന്ന നിലയിൽ ആലിബാബ പിറന്നു. ഇന്ന് ഒരു ലക്ഷത്തിലേറെ പേർ ആലിബാബയിൽ ജോലി ചെയ്യുന്നു. ഒരു ദിവസം ആലിബാബയുടെ വെബ്സൈറ്റിലെത്തി ഉത്പന്നങ്ങൾ വാങ്ങുന്നവരുടെ എണ്ണം 10 കോടിയാണ്. ആമസോൺ വരുന്നതുവരെ ഇ കൊമേഴ്സിന്റെ കുത്തക ആലിബാബക്കായിരുന്നു.
'അറേബ്യൻ നൈറ്റ്സ്' എന്ന വിശ്വപ്രസിദ്ധ ക്ലാസിക്കിലെ ഏറ്റവും പ്രശസ്തമായ കഥകളിലൊന്നിലെ നായകനായ ആലിബാബയുടെ പേര് മാ കമ്പനിക്ക് ഇട്ടത് യാദൃശളചികമായിട്ടല്ല. നാൽപതു കള്ളന്മാരെ കളിപ്പിച്ച് അവരുടെ നിധിശേഖരം കൈക്കലാക്കിയ തന്ത്രശാലിയായ ആലിബാബയെ അറിയാത്തവർ ഇല്ല. പിന്നീട് എന്തിനാണ് ഈ പേരിട്ടത് എന്നതിന് ജാക്ക് മാ മറുപടി പറഞ്ഞിട്ടുണ്ട
തന്റെ സംരംഭത്തിന് എല്ലാവർക്കും പരിചിതമായ, മനസ്സിലാകുന്ന ഒരു പേരു വേണമെന്ന് അദ്ദേഹത്തിനു തോന്നി. പേരു ചിന്തിച്ചു തലപുകഞ്ഞു നടന്ന ജാക്ക് മാ ഇതിനിടയിൽ സാൻ ഫ്രാൻസിസ്കോയിലെ ഒരു കാപ്പിക്കടയിൽ ചെന്നു കയറി. ആയിടയ്ക്ക് ആലി ബാബ എന്ന പേര് അദ്ദേഹത്തിന്റെ മനസ്സിൽ കയറിക്കൂടിയിട്ടുണ്ടായിരുന്നു. തനിക്ക് കാപ്പിയും ഭക്ഷണവുമായി വന്ന വെയ്ട്രസിനോട് ആലി ബാബ എന്ന പേരറിയുമോ എന്ന് മാ ചോദിച്ചു. അവർക്ക് അതറിയാമായിരുന്നു. അവർ ചോദ്യത്തിന് തലകുലുക്കി. 'എന്താണ് അറിയാവുന്നത്?' എന്നായിരുന്ന മായുടെ അടുത്ത ചോദ്യം.
'ഓപ്പൺ സീസേം' എന്ന് വെയ്ട്രസ് ഉത്തരം നൽകി. ആ മന്ത്രം ചൊല്ലിയാണല്ലോ കഥയിൽ ആലിബാബ കള്ളന്മാരുടെ ഗുഹയ്ക്കകത്ത് കയറുന്നത്. ആലി ബാബയുടെ കഥ എല്ലാവർക്കും അറിയാമെന്ന് മായ്ക്ക് അതോടെ മനസ്സിലായി. ഇതൊന്ന് ഉറപ്പിക്കണമല്ലോ, പുറത്തിറങ്ങിയ മാ തെരുവിൽ കണ്ട പലരോടും ചോദ്യം ആവർത്തിച്ചു.
എല്ലാവർക്കും ആലി ബാബയെ അറിയാമായിരുന്നു. മായ്ക്ക് സന്തോഷമായി. കാര്യം കള്ളന്മാരുടെ നിധിയൊക്കെ അടിച്ചുമാറ്റി വന്നെങ്കിലും നന്മയുള്ള കഥാപാത്രമാണ് ആലിബാബ. ചുറ്റുമുള്ളവരെയും തന്റെ ഗ്രാമത്തിലുള്ളവരെയും തനിക്കു കിട്ടിയ ധനം കൊണ്ട് ആലിബാബ സഹായിക്കുന്നുണ്ട്. ആ രീതിയിൽ ജനങ്ങൾക്ക് സഹായകരമായ ഒരു സംഗതിയായി പുതുസംരംഭത്തെ മാറ്റാനായിരുന്നു തന്റെ ലക്ഷ്യം. അതിനാൽ ഒന്നും നോക്കാതെ ആ പേരങ്ങ് ഉറപ്പിച്ചെന്ന് ജാക്ക് മാ പിന്നീട് ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്.
ആലിബാബ വളരുന്നു
ചൈനയിൽ ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം കുതിച്ചുയരുന്ന കാലമായിരുന്നു അത്. ഗോൾമാൻ സാക്സ്, സോഫ്റ്റ് ബാങ്ക് തുടങ്ങിയ രാജ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ ആലിബാബയിൽ നിക്ഷേപകരായി .ഇ കൊമേഴ്സ് രംഗം ലക്ഷ്യമിട്ടു തുടങ്ങിയ ഈ കമ്പനി ചുരുങ്ങിയ കാലത്തിൽ ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായി മാറി. 2005ൽ യാഹൂ, കമ്പനിയുടെ 40 ശതമാനം ഷെയർ ഏറ്റെടുത്തതോടെ കമ്പനിക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. രാജ്യാന്തര തലത്തിൽ ജാക്ക് മാ പ്രശസ്തനായി. ലോകത്തിലെ വലിയ സാമ്രാജ്യങ്ങളിലൊന്നിന്റെ ഉടമയായിട്ടും ജാക്ക് മായ്ക്ക് കമ്പ്യൂട്ടറിൽ സാധാരണ ഉപയോക്താവിനുള്ള പരിജ്ഞാനമേ ഉള്ളൂ. സാങ്കേതികമായ അറിവോ ഉയർന്ന ഐക്യുവോ അല്ല മറിച്ച് നിരീക്ഷണപാടവവും സ്ഥിരോൽസാഹവുമാണ് ജാക്ക് മാ എന്ന വ്യവസായ ചക്രവർത്തിയുടെ വളർച്ചയ്ക്ക് ഹേതുവായത്.
2020ലെ അത്യുന്നതിയിൽ ആലിബാബയുടെ വിപണി മൂല്യം 859 ബില്യൻ ഡോളറായിരുന്നു (ഏകദേശം 65 ലക്ഷം കോടി രൂപ). ഡിജിറ്റൽ സാമ്പത്തിക സേവന രംഗത്ത് പടർന്നു പന്തലിച്ചു ആലിബാബയ്ക്കു കീഴിലെ ആൻഡ് ഗ്രൂപ്പ്. നൂറുകോടിക്കും മേൽ ഉപയോക്താക്കളുള്ള മൊബൈൽ പേമെന്റ് പ്ളാറ്റ്ഫോം (അലിപേ), ഇൻഷുറൻസ് നിക്ഷേപംൗ വായ്പ അടക്കം സർവ വ്യാപിയായ സാമ്പത്തിക സേവന ശൃംഖല, ഇന്റർനെറ്റ്, ക്ലൗഡ്, ഇതര ടെക്നോളജി സേവനങ്ങൾ... എന്തിന് പിന്നീട് തകർച്ചയുടെ വക്കിലെത്തിയ വമ്പൻ റിയൽ എസ്റ്റേറ്റ് കമ്പനിയായ എവർ ഗ്രാൻഡേയുടെ നിയന്ത്രണം വരെ ആലിബാബയ്ക്കു കീഴിലായി. സാമ്പത്തിക സേവന മേഖലയിൽ ആഗോള തലത്തിൽ വീസയ്ക്കു പിന്നിലായി രണ്ടാം സ്ഥാനത്തായിരുന്നു ആൻഡ് ഗ്രൂപ്പിന്റെ സ്ഥാനം. അലി പേയ്ക്ക് ഇടപാടുകാർ 130 കോടി. 80 ലക്ഷം വ്യാപാര സ്ഥാപനങ്ങളാണ് ഈ പ്ലാറ്റ്ഫോമിന്റെ സേവനം ഉപയോഗിച്ചിരുന്നത്.
പിന്നീട് മാ ആൻഡ് ഗ്രൂപ്പ് വിപുലീകരിച്ചത്. ബാങ്കിങ് ലൈസൻസോ ശാഖാ ശൃഖലയോ ഇല്ലാതെതന്നെ എല്ലാവിധ സാമ്പത്തിക സേവനങ്ങളും ആൻഡ് ഗ്രൂപ്പ് ലഭ്യമാക്കി. 2020ൽ അതുവരെയുണ്ടായിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ ഓഹരി വിൽപനയ്ക്ക് കോപ്പുകൂട്ടുകയായിരുന്നു ആൻഡ് ഗ്രൂപ്പ്. ഓഹരി വിൽപന (ഐപിഒ) യാഥാർഥ്യമായിരുന്നെങ്കിൽ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിലെ ലിസ്റ്റിങ് വേളയിൽതന്നെ കമ്പനിയുടെ വിപണി മൂല്യം 313 ബില്യൻ ഡോളറായേനേ (ഏകദേശം 23.5 ലക്ഷം കോടി രൂപ). അതോടെ ചൈനയിൽ ആലിബാബ കമ്യൂണിസ്റ്റ് പാർട്ടിയേക്കാൾ പടർന്നു പന്തലിച്ചുവെന്നുവരെ പലരും പറഞ്ഞു.
9-9-6 വർക്ക് മോഡൽ
ജാക്ക് മേയുടെ വിജയത്തിന് പിന്നിൽ എന്താണെന്ന് ചോദിച്ചാൽ അതിന് ഉത്തരം കഠിനാധ്വാനവും നിരീക്ഷണ പാടവവും എന്ന് മാത്രമാണ് മറുപടി. കാരണം കമ്പ്യൂട്ടറിന്റെ എബിസിഡി അയാൾക്ക് അറിയില്ല. എന്നിട്ടും അയാൾ ഇ കോമേഴിസിലെ രാജാവായി. 'ഒരു കാര്യം പ്രവർത്തിപ്പിക്കാൻ നിങ്ങൾക്ക് നേരിട്ട് അറിയണമെന്നില്ല, പക്ഷേ അതിന്റെ സാധ്യതകൾ അറിയണം' എന്നായിരുന്നു, ജാക്ക് മായുടെ വാചകം.
9-9-6 എന്ന വർക്ക് മോഡലിന്റെ ഉപജ്ഞാതാവാണ് ജാക്ക് മാ. അതായത് രാവിലെ 9 തൊട്ട് രാത്രി 9 മണിവരെ ആറുദിവസം അധ്വാനിക്കുന്ന ഒരു ഷിഫ്റ്റാണിത്. താൻ ഇങ്ങനെയാണ് ജോലി ചെയ്യുന്നത്, താൽപ്പര്യമുള്ളവർക്ക് ഈ ഷിഫ്റ്റിലേക്ക് മാറി തന്റെ കൂടെ കൂടാം എന്നാണ ജാക്ക് മാ ഒരു അഭിമുഖത്തിൽ പറഞ്ഞത്. പക്ഷേ ഇത് വലിയ വിവാദമായി. കുടുത്ത മനുഷ്യാവകാശ ലംഘനമാണ് എന്നൊക്കെ ആരോപണം ഉണ്ടായി. പക്ഷേ മാ പറഞ്ഞത് ഇത് തന്റെ തൊഴിലാളികൾക്ക് നിർബന്ധമല്ലെന്നും, താൻ ആഗ്രഹിക്കുന്ന രീതിയാണെന്നും, വിജയത്തിന്റെ മോഡൽ അതാണെന്നുമാണ്. തുടർന്ന് ഒരുപാട് വർക്കഹോളിക്കുകൾ ഈ രീതിയിലേക്ക് മാറി.
6-6-9 എന്ന മറ്റൊരു രസകരമായ വ്യക്തി ജീവിത മോഡലും മാ അവതരിപ്പിച്ചു. ദിവസത്തിൽ ആറു തവണവെച്ച്, ആറു ദിവസവും നിങ്ങൾ ലൈംഗികബന്ധത്തിൽ ഏർപ്പെടമെന്നും അത് നിങ്ങളുടെ ജോലിയിലെ കാര്യക്ഷമത വർധിപ്പിക്കുമെന്നുമായിരുന്നു മായുടെ വാദം. ഒമ്പതിന് ചൈനയിൽ ദീർഘനേരം എന്നും അർത്ഥമുണ്ട്. അതായത് ആറുതവണ, ദീർഘനേരം, ആഴ്ചയിൽ 6ദിവസവും ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്നാണ് മാ ഈ മോഡൽ കൊണ്ട് ഉദ്ദേശിക്കുന്നത്. പക്ഷേ അപ്പോൾ മറ്റൊരു ചോദ്യമുണ്ട്. 9-9-6 വർക്ക്മോഡൽ പിന്തുടരുന്ന ഒരാൾക്ക് എവിടെയാണ് 6-6-9 മോഡലിൽ ലൈംഗിക ജീവിതം നയിക്കാൻ സമയം കിട്ടുക! സോഷ്യൽ മീഡിയയിൽ ചിലർ ഇട്ട ഈ മറുപടിയും തരംഗമായി.
അങ്ങനെ ജീവിതവിജയത്തെക്കുറിച്ചും സംരഭങ്ങളെക്കുറിച്ചുമുള്ള ചർച്ചയും സംവാദവുമൊക്കെയായി ലോക മെമ്പാടും ജാക്ക് മായുടെ പേര് നിറഞ്ഞു നിന്നു. ലോകത്തിലെ പ്രധാനപ്പെട്ട സർവകലാശാലകളിലും, സ്ഥാപനങ്ങളിലും അദ്ദേഹം ക്ലാസ് എടുത്തു.
2001 ൽ ലോക സാമ്പത്തിക ഫോറത്തിന്റെ യങ് ഗ്ലോബൽ ലീഡർ ആയി തിരഞ്ഞെടുക്കപ്പെട്ടതിനു മുതൽ വളരെയധികം അംഗീകാരവും പുരസ്കാരങ്ങളും ജാക്ക് മായെ തേടിയെത്തി. 2004 ൽ ചൈന സെൻട്രൽ ടെലിവിഷൻ അദ്ദേഹത്തെ ആ വർഷത്തെ പ്രഥമ പത്ത് വ്യവസായികളുടെ പട്ടികയിൽ ഉൾപ്പെടുത്തി. 2005 ൽ ഫോർച്യൂൺ മാസിക അദ്ദേഹത്തെ ഏഷ്യയിലെ പ്രമുഖ 25 വ്യവസായികളുടെ പട്ടികയിലും ഉൾപ്പെടുത്തി. ഫോർബ്സ് മാസികയുടെ പല പട്ടികകളിലും ഇടം നേടിയ അദ്ദേഹം, 2016 ലെ ലോകത്തിലെ ഏറ്റവും ധനികരുടെ പട്ടികയിൽ മുപ്പത്തിമൂന്നാം സ്ഥാനത്താണ് ഫോർബ്സ്ന്റെ തന്നെ പല പുരസ്കാരങ്ങളും ജാക്ക് മാ നേടിയിട്ടുണ്ട്. ടൈം മാസികയുടെയും പല പട്ടികകളിലും ജാക്ക് മാ ഇടം നേടിയിട്ടുണ്ട്. അങ്ങനെ കത്തിനൽക്കുന്ന സമയത്താണ് അയാൾ ഷീ ജിൻ പിങ്ങിന്റെ കോപത്തിന് ഇരയാവുന്നത്.
ഷീ കോപത്തിൽ തകർച്ച
ചൈന കൂടുതൽ കൂടുതൽ തുറന്ന വിപണിയിലേക്ക് പോകണമെന്നും, ക്യാപിറ്റലിസത്തിന്റെ സാധ്യതകൾ പൂർണ്ണമായും ചൂഷണം ചെയ്യണമെന്നുമായിരുന്നു എക്കാലത്തും മായുടെ അഭിപ്രായം. പക്ഷേ ഓഹരി വിപണിയിലടക്കം റഗുലേറ്റമാരെ വെച്ചുകൊണ്ടുള്ള ചില നിയന്ത്രണങ്ങൾ ചൈന ഇപ്പോഴും നടത്തുന്നുണ്ട്. അത് എടുത്തമാറ്റവുക അടക്കമുള്ള കൂടുതൽ സാമ്പത്തിക പരിഷ്ക്കരണങ്ങൾക്കായാണ് മാ നിലകൊണ്ടത്്. 2020 ഒക്ടോബറിൽ ഷാങ്ഹായിൽ നടന്ന ഒരു എക്കണോമിക്ക് സമ്മേളനത്തിൽ ജാക്ക് മാ ഇക്കാര്യങ്ങൾ തുറന്നടിച്ചു. ഇങ്ങനെ ഒരു പ്രസംഗം നടക്കുന്നുണ്ടെന്ന് അറിഞ്ഞ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾ ഇത് അപകടമാണെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷേ മാ കേട്ടില്ല.
സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകൾക്കും സാമ്പത്തിക സ്ഥാപനങ്ങൾക്കും എതിരെയായിരുന്നു ജാക്കിന്റെ പ്രതികരണം. 'ചൈനക്കാർ പറയുന്നതു പോലെ, നിങ്ങൾ 100,000 യുവാൻ ബാങ്കിൽനിന്നു കടമെടുത്താൽ നിങ്ങൾക്ക് ചെറിയ പേടിയുണ്ടാകും. നിങ്ങൾ 10 ലക്ഷം യുവാനാണ് കടമെടുക്കുന്നതെങ്കിൽ നിങ്ങൾക്കും ബാങ്കിനും പേടിയുണ്ടാകും. അതേസമയം നിങ്ങൾ 1 ബില്ല്യൻ ഡോളറാണ് കടമെടുക്കുന്നതെങ്കിൽ നിങ്ങൾക്കു ഭയമേ കാണില്ല, മറിച്ച് ബാങ്കിനു പേടിയുണ്ടാകും'- ജാക്ക് മാ പറഞ്ഞു. ചൈനീസ് ബാങ്കുകൾ പണയം വയ്ക്കൽ കടകളാണെന്നും, ചൈനയ്ക്ക് ഒരു സാമ്പത്തിക പരിസ്ഥിതി ഇല്ല എന്നു പറഞ്ഞതും അധികാരികൾ ഗൗരവത്തിലെടുത്തു. ശുദ്ധമായ സാമ്പത്തിക പരിഷ്ക്കരണങ്ങളും, ചൈനയുടെ പ്രതിസന്ധികളുമാണ് മാ സംസാരിച്ചത്. പക്ഷേ അത് ചൈനക്കും ഷീജിൻ പിങ്ങിനുമുള്ള വിമർശനമായാണ് ചിത്രീകരിക്കപ്പെട്ടത്. അന്ന് തുടങ്ങിയാണ് മായുടെ കഷ്ടകാലം.
ലോകത്തെ ഏറ്റവും വലിയ ഐപിഒ (ഇനീഷ്യൽ പബ്ലിക് ഓഫറിങ്) അവതരിപ്പിക്കാൻ ഒരുങ്ങുന്നതിനു രണ്ടാഴ്ച മുൻപാണ് രാജ്യത്തെ ബാങ്കിങ് സംവിധാനത്തെക്കുറിച്ച്, ചൈനയെ ചൊടിപ്പിച്ച, ഈ വാചകം മാ പറഞ്ഞത്. ആലിബാബയുടെ പ്രവർത്തനങ്ങളിൽ സർക്കാർ കടിഞ്ഞാൺ ഇടുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തതായിരുന്നു ആദ്യ ഘട്ടത്തിലുണ്ടായ ആദൽ തിരിച്ചടി.
2018തന്നെ ആലിബാബയുടെ പ്രധാന ഷെയറുകൾ ജാക്ക് മാ കൈമാറിയുന്നു. 55 വയസാകുമ്പോൾ വിരമിക്കുമെന്ന് നേരത്തെ തന്നെ ജാക്ക് മാ പ്രഖ്യാപിച്ചിരുന്നു. സഹപ്രവർത്തകനായ ഡാനിയൽ സാങിന് ചെയർമാൻ സ്ഥാനം കൈമാറിയാണ് ജാക്ക് മാ പടിയിറങ്ങുകയും ചെയ്തു. എന്നാൽ അദ്ദേഹം ആലിബാബയുടെ ബോർഡിൽ അദ്ദേഹം തുടർന്നു വരികയായിരുന്നു. അതിന്ശേഷം അയാൾ ഉണ്ടാക്കിയ കമ്പനിയായിരുന്നു ആൻഡ് കമ്പനി. ബാങ്കിങ് ആയിരുന്നു പ്രധാനം. ഒരു ഉറമ്പിന്റെ അധ്വാനംപോലെ ഞങ്ങൾ അധ്വാനിച്ച് വളരും എന്നാണ് മാ ഇതേക്കുറിച്ച് പറഞ്ഞത്. വളരെ പെട്ടെന്ന് ആൻഡ് കമ്പനിയും വളർന്നു.
ഐപിഒ വഴി 34.5 ബില്ല്യൻ ഡോളർ ഉണ്ടാക്കാനാണ് കമ്പനി ശ്രമിച്ചത്. പക്ഷേ ആൻഡ്് ഗ്രൂപ്പിനു വാഗ്ദാനം ചെയ്യപ്പെട്ട പൊതുനിക്ഷേപം പ്രസിഡന്റ് ഷി ചിൻപിങ് നേരിട്ട് ഇടപെട്ട് തടഞ്ഞു. ഷാങ്ഹായ്, ഹോങ്കോങ് സ്റ്റോക് എക്ചേഞ്ചുകളിലായി 35 ബില്ല്യൻ ഡോളർ മൂല്യത്തിലുള്ള, ലോകം ഇന്നേവരെ കണ്ടിരിക്കുന്നതിൽ വച്ച് ഏറ്റവും വലിയ ഐപിഒ മാറ്റിവയ്ക്കപ്പെടുകയായിരുന്നു. നിയമത്തിൽ വരുത്തിയ പുതിയ മാറ്റങ്ങൾ ഉൾക്കൊണ്ട ശേഷം മതി ഐപിഒ എന്നാണ് അധികാരികൾ പറഞ്ഞത്. ഈ വാർത്ത വന്നതോടെ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിലും ജാക്ക് മായുടെ ഓഹരികൾ മൂക്കു കുത്തി. ഒറ്റ ദിവസം കൊണ്ട്കോടികളുടെ നഷ്ടം.
സമാഹരിക്കുന്ന തുകയുടെ വലിയൊരു പങ്കും ചെറുകിട ലോണുകളായി നൽകാനാണ് മാ നീക്കം നടത്തിയത്. അതേസമയം, ചൈനീസ് ബാങ്കുകൾക്ക് ലോൺ നൽകാൻ അധികം ആസ്തിയുമില്ല. ചെറുകിട ലോൺ ബിസിനസ് അതിവേഗമാണ് ചൈനയിൽ വളരുന്നത്. ആന്റിന്റെ ഉപയോക്താക്കൾ ധാരാളമായി ചെറുകിട ലോണുകൾ എടുത്തു കൂട്ടുന്നുമുണ്ട്. ഇനിയും ഇവനെ വളരാൻ വിട്ടാൽ അവൻ ചൈനയിൽ തങ്ങളേക്കാൾ വലിയനാവും എന്ന തോന്നൽ ഷീക്ക് ഉണ്ടായി. ഇപ്പോൾ നിരവധി നിയമങ്ങൾ കൊണ്ട് വന്ന് ചെറുകിട ലോണുകൾ കൊടുക്കുന്ന കമ്പനികളെ ഷീ വരിഞ്ഞുമുറുക്കി. പുതിയ പുതിയ നിയമങ്ങൾ കൊണ്ടുവന്ന് ജാക് മായെ ശ്വാസം മുട്ടിച്ചു. അതിനിടെ മായെ കാണതുമായി.
രണ്ടുവർഷം നീണ്ട ഒളിവ് ജീവിതം
ചൈനയെ വിമർശിച്ച് 2020ൽ ഷാങ്ഹായിൽ നടത്തിയ പ്രസംഗത്തിനു ശേഷമാണു മാ പൊതുവേദിയിൽനിന്ന് അപ്രത്യക്ഷനായത്. വിഷയത്തിൽ ചൈനീസ് ഭരണകൂടത്തെ പ്രതിസ്ഥാനത്തു നിർത്തുന്ന ഒരുപാട് ദുരൂഹകഥകൾ പ്രചരിച്ചിരുന്നു. അതിനിടെയാണ് മാ ജപ്പാനിൽ ഉണ്ടെന്ന് ന്യയോർക്ക് ടൈംസിൽ വാർത്ത വന്നത്. ജപ്പാനിൽ താമസമാക്കിയ മാ, യുഎസിലേക്കും ഇസ്രയേലിലേക്കും ഇടയ്ക്കിടെ യാത്ര ചെയ്യാറുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു. ആലിബാബ ഗ്രൂപ്പിലെ ആദ്യകാല നിക്ഷേപകരായ, ടോക്കിയോ ആസ്ഥാനമായ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിന്റെ സ്ഥാപകൻ മസയോഷി സണിന്റെ അടുത്ത സുഹൃത്താണു മാ.ടോക്കിയോയിൽ നിരവധി സ്വകാര്യ ക്ലബുകളിൽ മാ അംഗത്വമെടുത്തു. പഴ്സനൽ ഷെഫ്, സുരക്ഷാ ജീവനക്കാർ എന്നിവർ കൂടെയുണ്ട്. മോഡേൺ ആർട്ടിന്റെ വലിയ ശേഖരവും ഇദ്ദേഹത്തിനുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ വർഷം പൊതുവേദിയിൽ പ്രത്യക്ഷപ്പെട ജാക്ക് മാ ഏറെ ക്ഷീണിതൻ ആയിരുന്നു. തന്റെ കമ്പനികളിൽനിന്നൊക്കെ ഇപ്പോൾ മാ യുടെ പേര് നീക്കം ചെയ്തിട്ടുണ്ട്. ലോകമെമ്പാടും നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളിൽനിന്നും മാ മാറി നിൽക്കയാണ്. മായുടെ സ്വന്തം ടാലന്റ് ഷോയായ 'ആഫ്രിക്കാസ് ബിസിനസ് ഹീറോസ്' ന്റെ അവസാന എപ്പിസോഡിൽ ജഡ്ജായി അദ്ദേഹം എത്തിയിരുന്നില്ല. പകരം ആലിബാബയുടെ മറ്റൊരു പ്രതിനിധിയാണ് പങ്കെടുത്തത്. ആലിബാബയുടെ വെബ്സൈറ്റിൽ നിന്ന് മായുടെ ചിത്രവും നീക്കുകയുംചെയ്തു. ഇപ്പോൾ ആൻഡ് ഗ്രൂപ്പിന്റെ നിയന്ത്രണത്തിൽനിന്നും ജാക് മാ ഒഴിഞ്ഞിരിക്കയാണ്. മാനേജ്മെന്റും ജീവനക്കാരും ഉൾപ്പെടെ 10 വ്യക്തികൾക്കായിരിക്കും ഇനി ഫിൻടെക് ഭീമന്റെ ചുമതല. പിന്നിൽ ചൈനീസ് സർക്കാറിന്റെ സമ്മർദം തന്നെയാന്നെ് വ്യക്തമാണ്.
ഇനി അങ്ങോട്ടുകാലവും ജാക്ക് മാക്ക് പ്രതിസന്ധികളുടെ കാലാണ്. ചൈനീസ് സർക്കാർ ജാക്ക് മായെ അറസ്റ്റ് ചെയ്തിരുന്നുവോയെന്നു പോലും അഭ്യൂഹങ്ങളുണ്ടായിരുന്നു. കളി ചൈനയോടാണ്. അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടും എന്ന ഭീതി ഉള്ളതുകൊണ്ട് മാത്രമാണ് ഷീ അയാളെ കെല്ലാതെ വിടുന്നത് എന്ന് ഉറപ്പാണ്.
നിന്ന നിൽപ്പിൽ കാണാതാവുന്നവർ
നിന്ന നിൽപ്പിൽ ആളുകൾ അപ്രത്യക്ഷരാവുക. ചൈനയിൽ വർഷങ്ങളായി ഭരണകൂടത്തെ വിമർശിച്ചാൽ കാണുന്ന ഒരു 'പ്രതിഭാസമാണിത്'. ഒരു ചെറിയകാര്യം അറിയാനുണ്ടെന്ന് പറഞ്ഞ് രഹസ്യപ്പൊലീസുകാർ ഒരു വണ്ടിയിൽ കയറ്റും. പിന്നെ അവരെക്കുറിച്ച് യാതൊരു വിവരവും ഉണ്ടാവില്ല. അതുപോലെയാണ് പാതിരാ അറസ്റ്റുകളും. വീട്ടിൽ സുഖമായി ഉറങ്ങുന്ന നിങ്ങളെ ചില രഹസ്യപ്പൊലീസുകാർ ഒരു ചെറിയകാര്യം അറിയാനുണ്ടെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോകും. പിന്നെ അവരെക്കുറിച്ച് യാതൊരു വിവരവുമുണ്ടാവില്ല. അതിപ്പോൾ എത്ര വലിയ കോടീശ്വരനാണെന്ന് പറഞ്ഞാലും ഫലവില്ല.
റെൻ സിഖിയാങ് എന്ന കോടീശ്വരൻ ചൈനയിലെ റിയൽ എസ്റ്റേറ്റ് ടൈക്കൂൺ എന്നാണ് അറിയപ്പെട്ടിരുന്നത്. പക്ഷേ റെനിന് ഒരു പറ്റുപറ്റി. 2020 മാർച്ചിൽ ചൈനയുടെ കോവിഡ് നയങ്ങളെ വിമർശിച്ച് അയാൾ ഒരു ലേഖനം എഴുതി. 'ചക്രവർത്തിയാവാൻ സ്വപ്നം കണ്ടുനടക്കുന്ന നഗ്നായ കോമാളി' എന്ന് ഷീൻ ജിൻ പിങ്ങിനെ വിമർശിക്കുന്ന ലേഖനം ആയിരുന്നു അത്. ചൈന മാറുകയാണെന്നും അതിനാൽ, ലോകം എമ്പാടുമുള്ള അഭിപ്രായ സ്വാതന്ത്ര്യം തങ്ങൾക്കും കിട്ടുമെന്നമായിരുന്നു അദ്ദേഹം വിശ്വസിച്ചിരുന്നത്. പക്ഷേ ലേഖനം അടിച്ചുവന്ന് ദിവസങ്ങൾക്കുള്ളിൽ റെന്നിനെ കാണാതായി. 2020 മാർച്ചിൽ കാണാതായ അദ്ദേഹത്തെ സെപ്റ്റമ്പറിലാണ് കോടതിയിൽ എത്തിക്കുന്നത്. അത് വിചാരണക്കായി അല്ല. 18 വർഷത്തെ കഠിനതടവിന് വിധിച്ചിരിക്കുന്നുവെന്ന വിധിന്യായം വായിച്ചുകേൾക്കാൻ വേണ്ടി മാത്രം. അഴിമതി, വെട്ടിപ്പ്, തൊട്ട് രാജ്യത്തിനെതിരൊയ ഗുഢാലോചന അടക്കമുള്ള നിരവധി കുറ്റങ്ങൾ. അഞ്ചുമാസത്തെ പീഡനം കൊണ്ട് എല്ലാ കുറ്റങ്ങളും സമ്മതിക്കാവുന്ന മാനസികാവസ്ഥയിൽ ആയിരുന്നു ആ കോടീശ്വരൻ. തന്റെ സ്വത്ത് മുഴവൻ രാജ്യത്തിന് എഴുതിക്കൊടുക്കാമെന്നും പറഞ്ഞു. പക്ഷേ ശിക്ഷയിൽനിന്ന് രക്ഷപ്പെട്ടില്ല.
സമാനമായ അവസ്ഥയാണ് ജാക്ക് മായ്ക്കും. തന്റെ സമ്പത്തും കഴിവും ചൈനയുടെ പുരോഗതിക്ക് വേണ്ടി ഉപയോഗിക്കാം എന്ന നിർദ്ദേശം അയാൾ വെച്ചിട്ടും സർക്കാർ ചെവിക്കൊണ്ടിട്ടില്ല. ഒരു കാലത്ത് ചൈനക്കാർ അഭിമാനമായി പറഞ്ഞിരുന്ന ജാക്ക് മാ ഇപ്പോൾ രാജ്യത്തിന്റെ ശത്രുവാണ്. വഞ്ചകൻ, ബൂർഷ്വ എന്നീ വാക്കുകളിലാണ് അയാൾ വിശേഷിപ്പിക്കപ്പെടുന്നത്. ജാക് മായെ തൂക്കിക്കൊല്ലണം എന്ന് ആവശ്യപ്പെടുന്ന ലേഖനങ്ങളും ഇതിനിടെ അടിച്ചുവന്നു. വൻകിട സ്വകാര്യ നിക്ഷേപകരുടെ സ്വാധീനം കുറയ്ക്കാനുള്ള നടപടിയെന്ന പേരിൽ ചൈനീസ് സർക്കാർ ഈ പീഡനങ്ങൾക്ക് കമ്യൂണിസ്റ്റ് ഭാഷ്യം ചമക്കുന്നുണ്ട്. പാർട്ടിയുടെ പ്രെപ്പഗൻഡാ ആർമിയും ഇപ്പോൾ ജാക്ക് മായെ വെറും കുത്തക മുതലാളിയാക്കി മാറ്റി.
പക്ഷേ മാ പറഞ്ഞത് ശരിയാണെന്ന് വൈകാതെ തന്നെ അനുഭവമായി. ചൈനയിലെ വൻകിട ബാങ്കുകളും റിയൽ എസ്റ്റേറ്റ് കമ്പനികളും പൊളിഞ്ഞു. തവണ അടവ് അടക്കാൻ ഉപഭോക്താക്കൾ തയ്യാറല്ലാതായതോടെ ആയിരിക്കണക്കിന് ഫ്ളാറ്റുകൾ ആണ് പൂർത്തിയാവാതെ കിടക്കുന്നത്. ഫ്രാൻസിലെ മൊത്തം ജനസംഖ്യയേക്കാൾ കൂടുതൽ ഫ്ളാറ്റുകൾ ചൈനയിൽ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നും, ഈയിടെ ഒരു പഠനം വന്നിരുന്നു. പക്ഷേ രാജ്യം തകരുന്നതൊന്നും ചൈനീസ് ഏകാധിപതികളെ ബാധിക്കില്ല. അവർക്ക് തങ്ങളുടെ ഈഗോ സംരക്ഷിക്കണം. അതാണ് പ്രധാനം.
വാൽക്കഷ്ണം: ഇന്ത്യ ശരിക്കും ഒരു കമ്യൂണിസ്റ്റ് രാഷ്ട്രമായാൽ സംഭവിക്കാൻ പോകുന്നതും ഇതു തന്നെയാണ്. അന്ന് പിണറായിയോട് ഉടക്കിയാൽ യൂസഫലിയുടെയും, രവിപിള്ളയുടെയുമൊക്കെ കട്ടയും പടവും മടക്കും. പാർട്ടിക്ക് മുകളിൽ ഒരു പരുന്തും പറക്കില്ല.അതാണ് യഥാർത്ഥ കമ്യൂണിസം!
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ