- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞാന്‍ ബേനസീറിന്റെ കാമുകനല്ല' എന്ന് വാര്‍ത്താക്കുറിപ്പ് ഇറക്കേണ്ടി വന്ന വിദ്യാര്‍ത്ഥി; മാസ് മര്‍ഡറര്‍ എന്ന ചോദ്യത്തില്‍ ഉടക്കി മോദി ഇറങ്ങിപ്പോയപ്പോള്‍ ലോക പ്രശസ്തി; നെഹ്‌റുവിന്റെ അകന്ന ബന്ധുവിനെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പേടി; ഇന്ത്യയുടെ മാധ്യമ പ്രതിപക്ഷം കരണ്‍ ഥാപ്പറിന്റെ കഥ!
കരണ്‍ ഥാപ്പറിന്റെ കഥ!
അയാളുടെ മുന്നില്‍ അഭിമുഖത്തിനിരിക്കുമ്പോള്‍ ഏത് ഉന്നതന്റെയും, ഉള്ള് ഒന്ന് കിടുങ്ങൂം. ചോദ്യങ്ങള്‍ ശരങ്ങള്‍ പോലെയെത്തുമ്പോള്‍ വിയര്‍ക്കുകയും, ബബ്ബബയടിക്കയും, ഒടുവില്‍ ഉത്തരമില്ലാതെ കലഹിച്ച് ഇറങ്ങിപ്പോവുകയും ചെയ്തവര്‍ ഒരുപാട്. പൂര്‍ത്തിയാക്കിയ അഭിമുഖത്തിന്റെ പേരിലല്ല, അപൂര്‍ണമായവയുടെ പേരിലാണ് ആ ജേണലിസ്റ്റ് അറിയപ്പെടുന്നത്. അദ്ദേഹമാണ്, കരണ്‍ ഥാപ്പര്‍ എന്ന ലോക പ്രശസ്തനായ ഇന്ത്യന്‍ ജേണലിസ്റ്റും എഴുത്തുകാരനും കോളമിസ്റ്റും.
സുഖിപ്പിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ച്, ഭരണാധികാരികളുടെ ലാപ്പ് മീഡിയയായി ഇന്ത്യന്‍ മാധ്യമങ്ങള്‍ മാറുമ്പോള്‍ അതില്‍ ഒറ്റയാനാണ് കരണ്‍. ഏത് നേതാവിന്റെ മുന്നിലും, എത്ര അസ്വസ്ഥകരമായ ചോദ്യവും യാതൊരു മടിയുമില്ലാതെ തുറന്നു ചോദിക്കും. അത് പലപ്പോഴും നേതാക്കാള്‍ക്ക് താങ്ങാന്‍ കഴിയില്ല.
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ഥാപ്പറിന്റെ ചോദ്യാസ്ത്രത്തിനുമുന്നില്‍ പ്രകോപിതയായി, മേശപ്പുറത്തുള്ള മൈക്ക് വലിച്ചെറിഞ്ഞത് ചരിത്രം.
എന്തും ഇഴകീറി വിചന്തനം ചെയ്യാന്‍ കഴിവുള്ള, സുപ്രീം കോടതിയെ വരെ വിറപ്പിക്കുന്ന നിയമജ്ഞന്‍ രാംജത് മലാനിയും കരണിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ഇറങ്ങിപ്പോയി. 2007-ല്‍, ഥാപ്പര്‍ നരേന്ദ്ര മോദിയുമായി നടത്തിയ അഭിമുഖം മൂന്ന് മിനിട്ടിനുള്ളിലാണ് അവസാനിച്ചത്. വെള്ളം കുടിച്ചുകൊണ്ട് 'ദോസ്തി ബനി രഹേ ' ( സൗഹൃദം നിലനില്‍ക്കട്ടെ ) എന്ന് പറഞ്ഞ് മോദി അഭിമുഖം നിര്‍ത്തിവെച്ചതും വലിയ വാര്‍ത്തയായി. 'ദോസ്തി ബനി രഹേ' എന്ന വാക്ക് വര്‍ഷങ്ങളോളം ജനപ്രിയ ഇന്റര്‍നെറ്റ് മീമായി. മമത ബാനര്‍ജിക്കും ഥാപ്പറിന്റെ ചോദ്യക്കുരുക്കിന് മുന്നില്‍ പിടിച്ചു നില്‍ക്കാനായിട്ടില്ല. ( ഥാപ്പര്‍ പിണറായി വിജയനെ ഇന്റവ്യൂ ചെയ്തിരുന്നെങ്കില്‍ അത് കലക്കുമായിരുന്നു. വാടിക്കല്‍ രാമകൃഷ്ണന്റെ കൊല തൊട്ട്, വീണ വിജയന്റെ ബിസിനസുകള്‍ വരെ പിണറായിയുടെ മുഖത്ത് നോക്കി ഒരാള്‍ ചോദിക്കുന്നത് സങ്കല്‍പ്പിച്ചുനോക്കൂ!)
ഇന്ന് സംഘപരിവാറിന്റെ നിതാന്തശത്രു ആരെന്ന് ചോദിച്ചാല്‍ ഡല്‍ഹിയില്‍ ഉള്ളവര്‍ പറയുന്ന ഉത്തരം പ്രതിപക്ഷപാര്‍ട്ടികളുടെ നേതാക്കളുടെ പേരല്ല. കരണ്‍ ഥാപ്പറിനെയാണ്. ഗുജറാത്ത് കലാപം, റഫാല്‍ ഇടപാട്, ബാലകോട്ട്, ഓപ്പറേഷന്‍ സിന്ദൂര്‍, ഇതില്‍ എല്ലാറ്റിലും എല്ലാറ്റിലും മോദിയെ പ്രതിക്കൂട്ടിലാക്കുന്നതില്‍ രസം കണ്ടെത്തുന്ന ജേണലിസ്റ്റാണ് ഇദ്ദേഹമെന്ന് ഓര്‍ഗനൈസര്‍ അടക്കമുള്ള ആര്‍എസ്എസ് മാധ്യമങ്ങള്‍ ആരോപിക്കുന്നു.
പാക് അനുകൂലിയാക്കാന്‍ ശ്രമം
എല്ലാവരെയും ഇന്റവ്യൂ ചെയ്ത് ഞെട്ടിക്കുന്ന ഥാപ്പറെ, ഒരു ജേണലിസ്്റ്റ് അഭിമുഖം നടത്തുന്നതാണ് ഇപ്പോള്‍, സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത്. കരണ്‍ ഥാപ്പര്‍ പാക്കിസ്ഥാന്‍ അനുകൂലിയാണെന്ന് കാണിക്കാന്‍ വേണ്ടി സംഘപരിവാര്‍ സര്‍ക്കിളുകള്‍ ഈ അഭിമുഖം പരമാവധി പ്രചരിപ്പിക്കുന്നുണ്ട്.
ന്യൂസ് ട്രാക്ക് എന്ന ഇന്ത്യയിലെ ആദ്യ വീഡിയോ വാര്‍ത്താമാസികയുടെ പ്രൊഡ്യൂസറും അവതാരകയും ആയിരുന്നു മധു ട്രെഹാന്‍, ഥാപ്പറുമായി നടത്തിയ അഭിമുഖമാണ് കാവിപ്പട ആഘോഷിക്കുന്നത്. 1993-ല്‍ ബോംബെ ബോംബ് സ്ഫോടനക്കേസുകളില്‍ പ്രതിയായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് യാക്കൂബ് മേമനുമായി അഭിമുഖം നടത്തി ശ്രദ്ധ പിടിച്ചുപറ്റിയ കക്ഷിയാണ് മധു ട്രെഹാന്‍. നരേന്ദ്രമോദിയുടെ മുഖത്ത് നോക്കിപോലും കൂസലില്ലാതെ ചോദ്യങ്ങള്‍ ചോദിക്കുന്ന അതേ ഥാപ്പറോട് മധു ട്രെഹാന്‍ തുറന്ന് ചോദിക്കുന്നു. 'താങ്കള്‍ക്ക് പാകിസ്ഥാനില്‍ ഹാന്‍ഡ്ലേഴ്സ് ഉണ്ടോ? (ഹാന്‍ഡ്ലര്‍ എന്നതിന് ചാരന്മാര്‍ എന്ന അര്‍ത്ഥവും ഉണ്ട്. ). അതിനെ ഒരു മറുചോദ്യം കൊണ്ടാണ് ഥാപ്പര്‍ നേരിടുന്നത്- 'ഈ ഹാന്‍ഡ്ലര്‍ എന്ന വാക്കിന്റെ അര്‍ത്ഥം എന്താണ് ? അപ്പോള്‍ മധു കൊടുത്ത മറുപടിയാണ് ബിജെപി ആരാധകര്‍ വൈറലാകുന്നത്. 'നിങ്ങളുടെ ലേഖനങ്ങള്‍ പാകിസ്ഥാന്‍ അജണ്ടകളാണ് മുന്നോട്ട് വെയ്ക്കുന്നത്. ഇസ്ലാമബാദിന്റെ വീക്ഷണകോണില്‍ ആണ് താങ്കള്‍ എഴുതുന്നത്. നിങ്ങള്‍ എഴുതിയ ലേഖനങ്ങള്‍ക്കുള്ള മറുപടി വായിക്കാറുണ്ടോ?''. പരോക്ഷമായി കരണ്‍ ഥാപ്പര്‍ ഒരു പാകിസ്ഥാന്‍ ചാരനാണെന്ന് പറഞ്ഞുവെക്കുകയാണ് മധു.
പക്ഷേ ശരിക്കും പാക്കിസ്ഥാന്‍ ചാരനും, ഇടതുപക്ഷത്തിന്റെ നാവുമാണോ കരണ്‍. അങ്ങനെയാണെങ്കില്‍ എന്തുകൊണ്ടാണ് ഇടതുപക്ഷവും, കോണ്‍ഗ്രസുമൊക്കെ അയാളുടെ രൂക്ഷവിമര്‍ശനത്തിന് പാത്രമാവുന്നത്. നാളിതുവരെ സോണിയാഗാന്ധിയോ, രാഹുലോ, പ്രിയങ്കയോ, ഒരു അഭിമുഖംപോലും ഥാപ്പറിന് കൊടുക്കാത്തത് എന്താണ്? ഇതിനുള്ള ഉത്തരം ഒന്നേയുള്ളൂ. അയാള്‍ എന്നെന്നും പ്രതിപക്ഷമാണ്. ചോദ്യം ചോദിക്കുകയും, സംശയനിവാരണം നടത്തുകയും ചെയ്യുന്ന പബ്ലിക്ക് അക്കൗണ്ടിങ്ങ് ആക്റ്റീവിസമാണ് ഥാപ്പര്‍ നടത്തുന്നത്. അസാധാരണമാണ് അദ്ദേഹത്തിന്റെ ജീവിത കഥ.
നെഹ്റു കുടുംബത്തിലെ അകന്ന ബന്ധു
മുന്‍ കരസേനാ മേധാവി ജനറല്‍ പ്രാണ്‍ നാഥ് ഥാപ്പറിന്റെയും ബിമല ഥാപ്പറിന്റെയും ഇളയ മകനാണ് കരണ്‍ ഥാപ്പര്‍. പരേതനായ പത്രപ്രവര്‍ത്തകന്‍ റോമേഷ് ഥാപ്പര്‍ അദ്ദേഹത്തിന്റെ കസിനാണ്. പ്രശസ്ത ചരിത്രകാരിയായ റോമില ഥാപ്പറും കരണിന്റെ കസിനാണ്.
പറഞ്ഞുവരുമ്പോള്‍ നെഹ്റു കുടുംബത്തിലെ അകന്ന ബന്ധുകൂടിയാണ് കരണ്‍. നെഹ്‌റുവിന്റെ അനന്തരവള്‍ എഴുത്തുകാരി നയന്‍താര സഹ്ഗാള്‍ വിവാഹം കഴിച്ചത്, കരണിന്റെ, അമ്മ ബിമല ഥാപ്പറിന്റെ സഹോദരന്‍ ഗൗതം സഹ്ഗാളിനെയാണ്.
ഡെറാഡൂണിലെ പ്രശസ്തമായ ദി ഡൂണ്‍ സ്‌കൂളിലെയും ഇംഗ്ലണ്ടിലെ സ്റ്റോവ് സ്‌കൂളിലുമായാണ് കരണിന്റെ വിദ്യാഭ്യാസം. ഡൂണില്‍ ആയിരിക്കുമ്പോള്‍, ഥാപ്പര്‍ സ്‌കൂള്‍ മാസികയായ ദി ഡൂണ്‍ സ്‌കൂള്‍ വീക്കിലിയുടെ എഡിറ്റര്‍-ഇന്‍-ചീഫ് ആയിരുന്നു. അന്നു തുടങ്ങിയതാണ് അദ്ദേഹത്തിന്റെ മാധ്യമ പ്രവര്‍ത്തനം. 1977-ല്‍ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പെംബ്രോക്ക് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും രാഷ്ട്രീയ തത്ത്വചിന്തയിലും ഥാപ്പര്‍ ബിരുദം നേടി. അതേ വര്‍ഷം തന്നെ അദ്ദേഹം കേംബ്രിഡ്ജ് യൂണിയന്റെ പ്രസിഡന്റുമായിരുന്നു. അതിനുശേഷം ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ സെന്റ് ആന്റണീസ് കോളേജില്‍ നിന്ന് അന്താരാഷ്ട്ര ബന്ധങ്ങളില്‍ ഡോക്ടറേറ്റ് നേടി. ഇത്രയും ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ മാധ്യമ മേഖലയില്‍ അപൂര്‍വമാണ്. മറ്റൊരു പണിയും കിട്ടാത്തതുകൊണ്ട് തിരഞ്ഞെടുത്തതല്ല, മാധ്യമ പ്രവര്‍ത്തനം. അത് അദ്ദേഹത്തിന് എന്നും പാഷനായിരുന്നു.
ലണ്ടന്‍ ടൈംസ് ന്യൂസ്പേപ്പറിലാണ് കരണിന്റെ കരിയര്‍ തുടങ്ങിയത്. അതായത് ഒരു അച്ചടി മാധ്യമ പ്രവര്‍ത്തകനായിട്ടായിരുന്നു തുടക്കം. തുടക്കം മുതല്‍ ദീര്‍ഘകാലം അദ്ദേഹം പത്രത്തിന്റെ നൈജീരിയയില്‍ കറസ്പോണ്ടന്റായിരുന്നു. തുടര്‍ന്ന് തിരിച്ചുവന്ന് ലണ്ടന്‍ ടൈംസിന്റെ ഫീച്ചര്‍ ഡെസ്‌കില്‍ പ്രവര്‍ത്തിച്ചു. ആ സമയത്ത് ലണ്ടന്‍ വീക്കെന്‍ഡ് ടെലിവിഷനില്‍ ജോലി ഓഫര്‍ ലഭിച്ചു. വൈകാതെ അദ്ദേഹം ടെലിവിഷന്‍ എന്ന പുതിയ മാധ്യമത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ' എന്റെ മുഖം ടി.വിയില്‍ കാണാം എന്നതിലും എനിക്ക് വളരെ സന്തോഷമുണ്ടായിരുന്നു!'' എന്നാണ് ഇതേക്കുറിച്ച് മാതൃഭൂമി പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ കരണ്‍ പറയുന്നത്.
പിന്നീട് ഇന്ത്യയില്‍ എത്തിയപ്പോഴും കരണിന്റെ താല്‍പ്പര്യം അഭിമുഖങ്ങളിലേക്ക് നീങ്ങി. ഐ വിറ്റ്നെസ് എന്ന ഒരു ടെലിവിഷന്‍ പരിപാടിയായിരുന്നു തുടക്കം. ഈ പരിപാടി 1998-ല്‍ അവസാനിച്ചപ്പോള്‍ മറ്റൊരു ഷോ തുടങ്ങി. സബ് ടിവി, ദൂരദര്‍ശന്‍, ഹോം ടിവി, സ്റ്റാര്‍ ടി.വി എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഹോം ടി.വിയാണ് ആദ്യമായി വണ്‍ ടു വണ്‍ ഇന്റര്‍വ്യൂ പരിപാടിക്ക് തുടക്കമിട്ടത്. നിരവധി ചര്‍ച്ചാ പരിപാടികളും ഇക്കാലത്ത് നടത്തി. 'അങ്ങനെ ഇന്റര്‍വ്യൂ ഫോര്‍മാറ്റില്‍ ഞാന്‍ ലോക്ഡ് ആയി. അങ്ങനെയാണ് സി.എന്‍.എന്‍-ഐ.ബി.എന്‍ ചാനലില്‍ ഡെവിള്‍സ് അഡ്വക്കേറ്റ് ആരംഭിച്ചത്. ആ പരിപാടി വളരെ ശ്രദ്ധിക്കപ്പെട്ടതോടെ അതുമായി എന്റെ പേര് ഐഡന്റിഫൈ ചെയ്യപ്പെട്ടു. അതിന്റെ ഫലം എന്ന നിലയില്‍ കുടുതല്‍ കുടുതല്‍ അഭിമുഖങ്ങള്‍ രൂപമെടുത്തു.അത് ഇപ്പോഴും തുടരുന്നു.''- കരണ്‍ പറയുന്നു.
തുടക്കകാലത്ത് ലാല്‍ കൃഷ്ണ അദ്വാനിയുമായി അടുത്ത ബന്ധമായിരുന്നു കര്‍ണ്‍ ഥാപ്പറിന്. അദ്ദേഹത്തിന്റെ അഭിമുഖ പരമ്പര തുടങ്ങുന്നതുതന്നെ അന്ന് പ്രതിപക്ഷ നേതാവായിരുന്നു അദ്വാനിയിലുടെയാണ്. പത്തുമിനുട്ട് മാത്രം ദൈര്‍ഥ്യമുള്ള ആ അഭിമുഖം കണ്ട് ആരോ, മോശം അഭിപ്രായം പറഞ്ഞ് അദ്വാനിയെ തെറ്റിദ്ധരിപ്പിച്ചു. ഇതിന്റെ പേരില്‍ കരണിനോട് മുഖം തിരിച്ചതിന് പിന്നീട് ഒറിജിനല്‍ കാസറ്റ് കണ്ട അദ്വാനി ക്ഷമയും പറഞ്ഞിരുന്നു. പില്‍ക്കാലത്ത് രഥയാത്രയൊക്കെ നടത്തി അദ്വാനി ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കേന്ദ്രമായപ്പോഴും കരണ്‍ അഭിമുഖം നടത്തി. അന്ന് ഒട്ടും മയമില്ലാത്ത ചോദ്യങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ ആദ്യം ഇറങ്ങിപ്പോയിരുന്നു അദ്വാനി. പക്ഷേ അദ്ദേഹം പിന്നീട് സംയമനം പാലിച്ച് തിരിച്ചുവന്നു. വാജ്പേയിയുമായും കരണിണ് നല്ല ബന്ധമായിരുന്നു. ലോകത്തിലെ പല പ്രമുഖ നേതാക്കളും അദ്ദേഹത്തിന്റെ ക്യാമറക്ക് മുന്നിലെത്തി.
'ബേനസീറിന്റെ കാമുകന്‍'
പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോ, കരണ്‍ ഥാപ്പറിന്റെ സഹപാഠിയും അടത്തു സുഹൃത്തുമായിരുന്നു. അമേരിക്കയിലെ പഠനകാലത്താണ് ഇരുവും സുഹൃത്തുക്കളായത്. ബേനസീര്‍ ഓക്സ്ഫോര്‍ഡിലും, ഥാപ്പര്‍ കേംബ്രിഡ്ജിലുമാണ് പഠിച്ചത്. 1977-ല്‍ കേംബ്രിഡ്ജ് സര്‍വകലാശാലയുടെ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡണ്ടായിരുന്നു കരണ്‍ ഥാപ്പര്‍. ബേനസീര്‍ കരണിനേക്കാള്‍ സീനിയറായിരുന്നു. വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡണ്ടുമാരായിരുന്നു ഇരുവരും. അവര്‍ ഡിബേറ്റ് വേദികളില്‍ പരസ്പരം മത്സരിക്കുമായിരുന്നു. നിരവധി പ്രസ്റ്റീജ് സ്ഥാപനങ്ങള്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡണ്ടുമാരെ ഡിബേറ്റ് ചെയ്യാന്‍ അന്നൊക്കെ ക്ഷണിക്കുമായിരുന്നു. പരിപാടിക്കുശേഷം അവിടെ ഡിന്നറും പാര്‍ട്ടിയുമൊക്കെ ഉണ്ടാകുമായിരുന്നു. അതിലൊക്കെ അവര്‍ പങ്കെടുത്തു. അങ്ങനെയുള്ള ആ നല്ല ബന്ധം പലരും പ്രണയമായി വ്യാഖ്യാനിച്ചെന്ന് കരണ്‍ പറയുന്നുണ്ട്.
ഒടുവില്‍ 'എനിക്കും ബേനസീറിനും ഇടയില്‍ പ്രണയം ഇല്ല' എന്ന് ഔദ്യോഗികമായി പത്രക്കുറിപ്പ് ഇറക്കേണ്ടി വന്നു അദ്ദേഹത്തിന്. ബേനസീറിന്റെ പിതാവും പാക്കിസ്ഥാന്‍ പ്രസിഡണ്ടുമായ സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടെ തിരഞ്ഞെടുപ്പ് സാധ്യതകളെ അട്ടിമറിക്കാന്‍ ഇത്തരം അഭ്യൂഹങ്ങള്‍ ഇടയാക്കുമെന്ന് കണ്ടതിനാലാണ് ഈ ഔദ്യോഗിക അറിയിപ്പെന്ന് യൂണിയന്‍ പ്രസിദ്ധീകരണമായ കേംബ്രിഡ്ജ് ഈവനിംഗ് ന്യൂസില്‍ പ്രസിദ്ധീകരിച്ചത്.
പന്നീട് കരണിന്റെ ഭാര്യ നിഷയുടെ അടുത്ത സുഹൃത്തുമായി ബേനസീര്‍. നിഷ രോഗബാധിതയായി മരിക്കുന്ന സമയത്ത് ബേനസീര്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്നു. ലണ്ടനിലെ ഒരു ആശുപത്രിയില്‍ കുറെ ദിവസം നിഷ കോമയിലായിരുന്നു.
അപ്പോഴാക്കെ ഭരണത്തിരക്കിനിടയിലും എല്ലാ രാത്രിയിലും ബേനസീര്‍ കരണ്‍ ഥാപ്പറെ ഫോണില്‍ വിളിക്കുമായിരുന്നു. 'വളരെ കെയറിങ്ങായ സുഹൃത്തായിരുന്നു. ഗ്രേറ്റ് സെന്‍സ് ഓഫ് ഫ്രണ്ട്ഷിപ്പ് ഉള്ള വ്യക്തിയായിരുന്നു ബേനസീര്‍. അവരെ ഞാന്‍ പലവട്ടം ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. അഭിമുഖത്തിന്റെ കാര്യത്തില്‍ എന്നെ സംബന്ധിച്ച് ബേനസീര്‍ വളരെ ബുദ്ധിമുട്ടുള്ള വ്യക്തിത്വമായിരുന്നു. അത് മറ്റൊന്നും കൊണ്ടല്ല, ഞങ്ങളുടെ സൗഹൃദമായിരുന്നു അതിന് തടസ്സം. അടുത്ത സുഹൃത്തുക്കള്‍ ഔപചാരികമായ അഭിമുഖത്തിന് ഇരിക്കുമ്പോള്‍ കുറച്ച് പ്രയാസമുണ്ടാകുമല്ലോ? ഇക്കാര്യം പറഞ്ഞ് ഞങ്ങള്‍ ചിരിക്കുമായിരുന്നു.''- കരണ്‍ ഥാപ്പര്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
'എന്നിട്ടും 15-20 അഭിമുഖങ്ങള്‍ ഞങ്ങള്‍ നടത്തിയിട്ടുണ്ട്. അഭിമുഖം പാക്കിസ്ഥാനില്‍ വച്ചായാലും ഇന്ത്യയില്‍ വച്ചായാലും ആദ്യം കുറച്ച് ഐസ്‌ക്രീം കഴിച്ച് കൂള്‍ഡൗണ്‍ ചെയ്യാമെന്ന് ബെനസീര്‍ ചിരിയോടെ പറയും. അങ്ങനെ ചുമ്മാ അവസാനിപ്പിക്കാവുന്നതായിരുന്നില്ല ഞങ്ങളുടെ സൗഹൃദം. അവര്‍ വളരെ തോട്ട്ഫുള്‍ ലേഡി ആയിരുന്നു. വെരി വാം പേഴ്സണ്‍''- കരണ്‍ പറയുന്നു.
ബേനസീര്‍ കൊല്ലപ്പെട്ട വാര്‍ത്തയും കരണിന് താങ്ങാവുന്നതിന് അപ്പുറത്തായിരുന്നു. തങ്ങളുടെ ഒരു പൊതുസുഹൃത്ത് വിളിച്ച് ടിവി വെക്കാന്‍ പറഞ്ഞപ്പോഴാണ് ബേനസീര്‍ കൊല്ലപ്പെട്ട വിവരം കരണ്‍ ഥാപ്പര്‍ അറിയുന്നത്. ആ ഞെട്ടല്‍ മറികടക്കാന്‍ ദിവസങ്ങള്‍ എടുത്തുവെന്ന് അദ്ദേഹം പറയുന്നു. ഇന്നും പഴയകാല കോളജ് സൗഹൃദം എടുത്തുവെച്ചാണ് ചിലര്‍ കരണിനെ പാക്കിസ്ഥാന്‍ വാദിയാക്കാന്‍ നോക്കുന്നത്. എന്നാല്‍ ബേനസീറുമായി നടത്തിയ അഭിമുഖങ്ങള്‍ എടുത്തുനോക്കിയാല്‍ കാണാം, സുഹൃത്ത് എന്ന യാതൊരു പരിഗണനയുമില്ലാതെ അവരെ നിര്‍ത്തിപ്പൊരിക്കയാണ് കരണ്‍ ചെയ്യുന്നത്. തിരിച്ച് ബേനസീറും, പാക്കിസ്ഥാനുവേണ്ടി വീറോടെ വാദിക്കയാണ്. സൗഹൃദം വേറെ, രാഷ്ട്രീയം വേറെ എന്ന് അവര്‍ക്ക് രണ്ടുപേര്‍ക്കും നന്നായി അറിയാം.
മോദിയെ വെള്ളം കുടിപ്പിക്കുന്നു
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏറ്റവും വലിയ എതിരാളിയായിട്ടാണ് കരണ്‍ ഥാപ്പര്‍ അറിയപ്പെടുന്നത്. ഥാപ്പറിന്റെ ഏറ്റവും പ്രശസ്തമായ അഭിമുഖം മോദിയുമായുള്ളതാണ്. വെറും രണ്ട് മിനുട്ട് 45 സെക്കന്റ് മാത്രം നീണ്ടു നിന്ന ആ അഭിമുഖമാണ് ലോക പ്രശസ്തമായത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയുമായി 2007ലാണ് ഥാപ്പര്‍ അഭിമുഖം നടത്തിയത്. 'മിസ്റ്റര്‍ മോദി, നമുക്ക് താങ്കളെക്കുറിച്ച് സംസാരിച്ചു കൊണ്ട് തുടങ്ങാം. കഴിഞ്ഞ ആറ് വര്‍ഷമായി താങ്കള്‍ ഗുജറാത്ത് മുഖ്യമന്ത്രിയാണ്. ഇന്ത്യ ടുഡെയും രാജീവ് ഗാന്ധി ഫൗണ്ടേഷനും താങ്കളെ രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തിരിക്കുന്നു. എന്നിട്ടും താങ്കളെ ഒരു കൂട്ടക്കൊലക്കാരനെന്നും (മാസ് മര്‍ഡറര്‍) മുസ്ലീം വിഭാഗങ്ങളെക്കുറിച്ച് മുന്‍കൂര്‍ ധാരണ സൂക്ഷിക്കുന്ന ആളെന്നും ജനങ്ങള്‍ വിളിക്കുന്നു. താങ്കള്‍ക്ക് ഒരു പ്രതിച്ഛായാ പ്രശ്നമുണ്ടോ' എന്നതായിരുന്നു കരണ്‍ ഥാപ്പറിന്റെ ആദ്യത്തെ ചോദ്യം.
ഇതോടെ തന്നെ മോദിയുടെ മുഖത്ത് അസംതൃപ്തി പ്രകടമായിരുന്നു. ഇതിനുമുമ്പ് ആരും തന്നെ അദ്ദേഹത്തിന്റെ മുഖത്ത് നോക്കി ഇത്ര ശക്തമായി, കൂട്ടക്കൊലയാളിയെന്നൊന്നും വിളിച്ചിട്ടില്ല. ചോദ്യങ്ങള്‍ തുടരുമ്പോള്‍ തീര്‍ത്തും അസ്വസ്ഥനാവുന്ന മോദിയെയാണ് പിന്നീട് കണ്ടത്. '2002 ലെ ഗുജറാത്ത് സംഭവത്തിന്റെ പശ്ചാത്തലത്തില്‍, ഗോധ്രയുടെ പ്രേതം താങ്കളെ വേട്ടയാടിക്കൊണ്ടിരിക്കുന്നു, ആ പ്രേതത്തെ തടയാന്‍ താങ്കള്‍ ഒന്നും ചെയ്യാത്തതെന്തു കൊണ്ട്'' എന്നായിരുന്നു ഥാപ്പറുടെ അടുത്ത ചോദ്യം. ഇതിനുള്ള മോദിയുടെ മറുപടി ഇങ്ങനെ-'
അതിനുള്ള ശ്രമം ഞാന്‍ കരണ്‍ ഥാപ്പറിനെപ്പോലെയുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്നു''. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട രണ്ടു മൂന്ന് ചോദ്യങ്ങള്‍ കൂടി ഥാപ്പര്‍ തുടര്‍ന്നു. മോദി അതിന് മറപടി പറഞ്ഞു. അതിന് ശേഷം, ഗോധ്ര സംഭവത്തില്‍ മാപ്പ് പറഞ്ഞ് ആ പ്രതിച്ഛായയില്‍ നിന്ന് പുറത്തു വരണമെന്ന് ഥാപ്പര്‍ മോദിയോട് പറഞ്ഞു. മുഖ്യമന്ത്രിയായി പ്രവര്‍ത്തിക്കുന്നതിന് താങ്കള്‍ക്ക് മുന്നില്‍ ഈ വിഷയം തടസ്സമായി നില്‍ക്കുന്നുണ്ടെങ്കില്‍,അതില്‍ നിന്ന് എത്രയും വേഗം താങ്കള്‍ പുറത്തു വരണമെന്ന് ഥാപ്പര്‍ അഭിപ്രായപ്പെട്ടു. മോദി അപ്പോള്‍ 'എനിക്ക് വിശ്രമിക്കണമെന്നും വെള്ളം വേണമെന്നും 'പറഞ്ഞ് അഭിമുഖം അവസാനിപ്പക്കയായിരുന്നു.
പിന്നീട് അദ്ദേഹം അഭിമുഖത്തിന് തയ്യാറായില്ല. രണ്ട് മിനുട്ട് 45 സെക്കന്റ് മാത്രം പിന്നിട്ടപ്പോള്‍ നിന്നുപോയ അഭിമുഖം പുനരാരംഭിക്കാന്‍ ഥാപ്പര്‍ അദ്ദേഹത്തോട് അഭ്യര്‍ഥിച്ചു. മോദി വഴങ്ങിയില്ല. പകരം ചായയും മധുരവും ഗുജറാത്തി ദോക്ലയും തന്ന് ഒരു മണിക്കൂറോളം ചെലവിട്ടു. പക്ഷേ അഭിമുഖം തുടര്‍ന്നില്ല. 'താങ്കള്‍ ഇവിടെ വന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. എനിക്ക് അതില്‍ നന്ദിയുണ്ട്. എനിക്ക് ഈ അഭിമുഖം തുടരാന്‍ താല്‍പര്യമില്ല. ഇതെല്ലാം നിങ്ങളുടെ ആശയങ്ങളാണ്. താങ്കള്‍ തുടര്‍ച്ചയായി സംസാരിച്ചു കൊണ്ടേയിരിക്കുന്നു. എനിക്ക് താങ്കളുമായി സുഹൃദ്ബന്ധം തുടരാന്‍ ആഗ്രഹമുണ്ട്' എന്നായിരുന്നു മോദിയുടെ പ്രതികരണം. അഭിമുഖം വീണ്ടും ചെയ്യാമെന്നും ഗുജറാത്ത് വിഷയം അഭിമുഖത്തിന്റെ ഒടുവില്‍ ചോദിക്കാമെന്നും കരണ്‍ ആവര്‍ത്തിച്ചെങ്കിലും മോദി സമ്മതിച്ചില്ല.
തുടര്‍ന്ന് കരണ്‍ ഇത് താങ്കള്‍ക്ക് പാരയാവുമെന്നും മോദിയോട് പറഞ്ഞിരുന്നു. കാരണം ഒരു അഭിമുഖം രണ്ടുതവണ മാത്രമാണ് കാണിക്കുക. എന്നാല്‍ മുടങ്ങിപ്പോയ ഈ അഭിമുഖം, സി.എന്‍.എന്‍-ഐ.ബി.എന്‍ എല്ലാ വാര്‍ത്താ ബുള്ളറ്റിനിലും ഉള്‍പ്പെടുത്തി സംപ്രേഷണം ചെയ്യും. ഒരു ദിവസം 30 ബുള്ളറ്റിന്‍ ഉണ്ട്. അതിലെല്ലാം ഈ ന്യൂസ് സ്റ്റോറി ഉള്‍പ്പെടുത്തും. അതിനാല്‍ അഭിമുഖമാണ് നല്ലതെന്ന് കരണ്‍ പറഞ്ഞുനോക്കി. പക്ഷേ മോദി വഴങ്ങിയില്ല. പിന്നെ എപ്പോഴെങ്കിലും ആകാമെന്ന് പറഞ്ഞ് ഒഴിഞ്ഞു.
തിരിഞ്ഞുനോക്കുമ്പോള്‍, ആ അഭിമുഖത്തില്‍ മോദി ഇംഗ്ലീഷില്‍ സംസാരിക്കേണ്ട കാര്യമില്ലായിരുന്നുവെന്നും കരണ്‍ പറയുന്നുണ്ട്. '2007-ല്‍ മോദിയുടെ ഇംഗ്ലീഷ് ഭാഷാ സ്വാധീനം ഒട്ടും നല്ലതായിരുന്നില്ല. ഇപ്പോള്‍ താരതമ്യേന മെച്ചപ്പെട്ടു. ഇപ്പോള്‍ അദ്ദേഹം കുറെക്കൂടി ഭേദപ്പെട്ട രീതിയില്‍ സംസാരിക്കുന്നുണ്ട്. എന്നാല്‍ അന്നത്തെ അഭിമുഖത്തില്‍, തനിക്ക് നല്ല സ്വാധീനമുള്ള ഹിന്ദിക്ക് പകരം സംസാരിക്കാന്‍ അദ്ദേഹം ഇംഗ്ലീഷ് തിരഞ്ഞെടുത്തത് പിശകായിരുന്നു. ഹിന്ദിയിലോ ഗുജറാത്തിയിലോ ചിന്തിച്ച ശേഷം അദ്ദേഹം അത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയാണ് സംസാരിച്ചത്. അതിനാല്‍ മറുപടിയുടെ വേഗം കുറഞ്ഞു. മാത്രമല്ല, വാക്കുകള്‍ സ്വാഭാവികമായ രീതിയില്‍ പുറത്തു വന്നില്ല. അതൊരു വലിയ പരിമിതിയായി മാറി. എന്തിനാണ് മറുപടി പറയാന്‍ അദ്ദേഹം ഇംഗ്ലീഷ് തിരഞ്ഞെടുത്തതെന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല.'' കരണ്‍ പറയുന്നു.
ഒടുവില്‍ കരണ്‍ ഡല്‍ഹിയിലേക്ക് മടങ്ങി. ഈ അഭിമുഖ ശകലത്തിന്റെ വീഡിയോ സി.എന്‍.എന്‍-ഐ.ബി.എന്‍ വാര്‍ത്താ ഐറ്റമാക്കി എല്ലാ ബുള്ളറ്റിനിലും ഉപയോഗിച്ചു. അതോടെ അഭിമുഖം വലിയ വാര്‍ത്തയായി. ഇതേക്കുറിച്ച് കരണ്‍ ഥാപ്പര്‍ ഇങ്ങനെ പറയുന്നു-'അന്ന് ഉച്ച കഴിഞ്ഞപ്പോള്‍ മോദി എന്നെ ഫോണില്‍ വിളിച്ചു. 'മേരേ കന്ധേ പേ ബന്ധൂക് രഖ് കേ ആപ് ഗോളി മാര്‍ രഹേ ഹോ '(എന്റെ തോളില്‍ തോക്ക് വച്ചാണ് താങ്കള്‍ വെടി പൊട്ടിക്കുന്നത്!) എന്ന് എന്നോട് പറഞ്ഞു. 'മോദി സാബ് ഞാന്‍ അങ്ങയോട് ഇക്കാര്യം പറഞ്ഞിരുന്നതല്ലേ. മുഴുവന്‍ അഭിമുഖം തന്നിരുന്നെങ്കില്‍ പ്രശ്നമുണ്ടാകുമായിരുന്നില്ല.'-അപ്പോള്‍ അദ്ദേഹം ചിരിച്ചു. എന്നിട്ട് അദ്ദേഹം പറഞ്ഞത് ഞാന്‍ ഒരിക്കലും മറക്കില്ല. 'കരണ്‍ബ്രദര്‍ ഐ ലവ് യു..ജബ് മേ ദില്ലി ആവൂംഗാ തോ ഭോജന്‍ കരേംഗേ! '(കരണ്‍ സഹോദരാ, ഞാന്‍ താങ്കളെ സ്നേഹിക്കുന്നു. ഞാന്‍ ഡല്‍ഹിയില്‍ വരുമ്പോള്‍ നമ്മള്‍ ഒരുമിച്ച് ഭക്ഷണം കഴിക്കും). അദ്ദേഹം തന്റെ വാക്കുകളിലൂടെ ഉദ്ദേശിച്ച സ്നേഹത്തെക്കുറിച്ച് എനിക്ക് അറിയില്ല. എന്നാല്‍ കഴിഞ്ഞ എത്രയോ അദ്ദേഹം ഡല്‍ഹിയിലുണ്ട്. ഇതുവരെ ഞങ്ങള്‍ ഒരുമിച്ച് ആഹാരം കഴിച്ചിട്ടില്ല. അഭിമുഖവും തന്നിട്ടില്ല!''- ഥാപ്പര്‍ പറയുന്നു. അതിനുശേഷം ബിജെപി എന്ന പാര്‍ട്ടിയും കരണിനോട് സഹകരിച്ചിട്ടില്ല. ഒരു നേതാവും ഒരു അഭിമുഖവും തന്നിട്ടില്ല.
ഗാന്ധികുടുംബത്തിനും പേടി
ജന്‍മംകൊണ്ട് നെഹ്റുകുടുംബത്തിന്റെ ബന്ധുവാണ് ഥാപ്പര്‍. ഇന്ദിരാ ഗാന്ധിയുടെ ആദ്യത്തെ കസിന്‍ നയന്‍താര സൈഗാള്‍ വിവാഹം കഴിച്ചിരിക്കുന്നത് ഥാപ്പറുടെ അമ്മയുടെ സഹോദരനെയാണ്. നയന്‍താര പ്രമുഖയായ എഴുത്തുകാരിയാണ്. വിജയലക്ഷ്മി പണ്ഡിറ്റിന്റെ മകളാണ്. നെഹ്ര്റുവും വിജയലക്ഷ്മി പണ്ഡിറ്റും സഹോദരീ സഹോദരന്‍മാരാണല്ലോ. അവരുടെ മക്കള്‍ ഥാപ്പറുടെ ഫസ്റ്റ് കസിന്‍സാണ്. അതുകൊണ്ടുതന്നെ വളരെ അടുത്ത ബന്ധമാണ് അദ്ദേഹത്തിന്് ഗാന്ധി കുടുംബവുമായുള്ളത്. സഞ്ജയും രാജീവുമായി അടുത്ത ബന്ധമുണ്ട്. അവര്‍ കളിക്കൂട്ടുകാര്‍ കൂടിയായിരുന്നു. സഞ്ജയ്, ഥാപ്പറിന്റെ ചേച്ചി ശോഭയുടെ അടുത്ത സുഹൃത്തായിരുന്നു. സഞ്ജയിന് കരണിനേക്കാള്‍ പ്രായമുണ്ടായിരുന്നു. സ്‌കൂള്‍ വിട്ടാല്‍ സഞ്ജയ് നേരെ തന്റെ വീട്ടിലേക്ക് വരുമായിരുന്നുവെന്ന് ഥാപ്പര്‍ പറഞ്ഞിട്ടുണ്ട്.
പക്ഷേ ഈ അടുപ്പമൊന്നും കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിക്കുന്നതില്‍നിന്ന് മാറിനില്‍ക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അഴിമതിക്കും കൂടുംബാധിപത്യത്തിനുമെതിരെ, അദ്ദേഹം നിരന്തരം ആഞ്ഞടിച്ചു. അതുകൊണ്ടുതന്നെ ഗാന്ധി കുടുംബം ഒരിക്കലും ഥാപ്പറിന് മുന്നില്‍ അഭിമുഖങ്ങള്‍ക്ക് ഇരുന്നുകൊടുത്തിട്ടില്ല. അങ്ങനെയാണെങ്കില്‍, യാതൊരു മയവുമില്ലാതെ അവരുടെ മുഖത്തുനോക്കി അദ്ദേഹം, ചോദ്യശരങ്ങള്‍ എയ്തേനെ!
2004-ല്‍ സോണിയാ ഗാന്ധിയെ ഒരു പ്രാവശ്യം നേരില്‍ കണ്ട് ഇന്റര്‍വ്യൂ ചെയ്യാന്‍ താല്‍പര്യമുണ്ടന്ന് ഥാപ്പര്‍ പറഞ്ഞിരുന്നു. വളരെ പോസിറ്റീവായി അവര്‍ മറുപടി പറഞ്ഞെങ്കിലും, ഇതുവരെ അഭിമുഖം നടന്നിട്ടില്ല. അതുപോലെ രാഹുല്‍ ഗാന്ധി ആദ്യമായി എം.പിയായപ്പോള്‍, ഇന്‍ര്‍വ്യൂ ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി കരണ്‍ ഒരു കത്തെഴുതി. 24 മണിക്കൂര്‍ കഴിയും മുമ്പ് രാഹുല്‍ തിരിച്ചു വിളിച്ചു.-'ഇന്റര്‍വ്യൂ തരാന്‍ സന്തോഷമുണ്ട്. എന്നാല്‍ ദയവായി 6-7 മാസം കാത്തിരിക്കാമോ. ഞാന്‍ എം.പിയായിട്ട് വെറും ഒരാഴ്ച കഴിഞ്ഞിട്ടേ ഉള്ളൂ. ഞാന്‍ കാര്യങ്ങള്‍ പഠിക്കട്ടെ '' എന്നായിരുന്നു മറുപടി. ആ നിലപാടിനെ ഥാപ്പര്‍ അംഗീകരിച്ചു.
എന്നാല്‍ വര്‍ഷങ്ങള്‍ ഇത്രയും കഴിഞ്ഞിട്ടും അദ്ദേഹം ഇതുവരെ ഒരു അഭിമുഖം തന്നിട്ടില്ല! പക്ഷെ രാഹുല്‍ പിന്നീട് കരണിന്റെ പുസ്തക പ്രകാശനത്തിന് വന്നു. എന്നാല്‍ അഭിമുഖം മാത്രം കിട്ടിയില്ല. പ്രിയങ്കയുടെ അഭിമുഖത്തിനായി താന്‍ ശ്രമിക്കയാണെന്ന് ഥാപ്പര്‍ പറയുന്നു.
എന്നാല്‍ ശശി തരൂരിനെപ്പോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമാണ് ഒരു മടിയും കൂടാതെ ഥാപ്പറിന് മുന്നില്‍ ഇരുന്നുകൊടുത്തിട്ടുള്ളത്. ഥാപ്പറിന്റെ ചോദ്യ ബോംബുകള്‍ക്ക് അതേ നാണയത്തില്‍ തരൂര്‍ മറുപടി പറയുന്നുണ്ട്. അവിടെയും തരൂരിന് യാതൊരു ആനുകുല്യവും അദ്ദേഹം കൊടുക്കുന്നില്ല. മാര്‍ക്‌സിസം എന്ന ആശയത്തേയും കേരളത്തിലെ ഇടതുപക്ഷത്തെയുമൊക്കെ ഥാപ്പര്‍ അതി ശക്തമായി വിമര്‍ശിക്കാറുണ്ട്. ഇടതുപക്ഷപാതിയായ ഒരു സംഘപരിവാര്‍ വിരുദ്ധന്‍ എന്ന കേവലമായ ചാപ്പയില്‍ ഒതുക്കാന്‍ പറ്റുന്നതല്ല അദ്ദേഹത്തിന്റെ വ്യക്തിത്വം. ധ്രുവ് റാഡിയെപ്പോലെ, രവീഷ് കുമാറിനെപ്പോലെ ഇന്ത്യന്‍ മാധ്യമ രംഗത്തെ അപുര്‍വ പ്രതിപക്ഷ ശബ്ദമാണ് അദ്ദേഹം. ഗോഡി മീഡിയ ഇന്ത്യന്‍ മാധ്യമ രംഗത്തെ വിഴുങ്ങുമ്പോള്‍ പ്രതിപക്ഷത്തിന്റെ ശബ്ദമുയര്‍ത്താനും രാജ്യത്ത് ആളുകള്‍ വേണ്ടേ?
വാല്‍ക്കഷ്ണം: രാഷ്ട്രീയക്കാരും സെലിബ്രിറ്റികളുമായി നൂറുകണക്കിന് ആളുകളെ അഭിമുഖം നടത്തി വെള്ളം കുടിപ്പിച്ചിട്ടുണ്ട് കരണ്‍. പക്ഷേ താന്‍ ഏറ്റവും ബുദ്ധിമുട്ടിയ അഭിമുഖം, സംഗീത സംവിധായകന്‍ ഏ.ആര്‍.റഹ്‌മാനുമായാണ് എന്നാണ് അദ്ദേഹം പറയുന്നത്. അങ്ങേയറ്റം നാണം കുണുങ്ങിയായ റഹ്‌മാന്‍, ഥാപ്പറിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി വെറും മൂളലില്‍ ഒതുക്കി! അതുമൂലം ആ അഭിമുഖം മൂന്ന് വട്ടം മാറ്റിയെടുക്കേണ്ടി വന്നു. ഈ മൂന്ന് അഭിമുഖങ്ങളും ചേര്‍ത്ത് എഡിറ്റ് ചെയ്താണ് പിന്നീട് സംപ്രേഷണം ചെയ്തത്. റഹ്‌മാനെ ഇന്റവ്യൂചെയ്ത് താന്‍ വിയര്‍ത്തുപോയി എന്നാണ് കരണ്‍ സരസമായി പറയുന്നത്!