15,000 കോടി രൂപയിലധികം ആസ്തിയുള്ള മലയാളി. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന മാനേജര്‍! താരിഫ് കൂട്ടലുമൊക്കെയായി ട്രംപ് ഇന്ത്യക്കെതിരെ വ്യപാരയുദ്ധം നടത്തുമ്പോള്‍, വിശാഖപട്ടണത്ത്, 1.32 ലക്ഷം കോടി ഗൂഗിള്‍ പദ്ധതിയുടെ തല. കോട്ടയം സ്വദേശിയായ തോമസ് കുര്യന്‍ എന്ന മലയാളി ഇന്ന് ബിസിനസ് മാധ്യമങ്ങളുടെ തലക്കെട്ട് ആകര്‍ഷിക്കയാണ്. എ.ഐ രംഗത്തെ പുതിയ കണ്ടെത്തലുകള്‍ക്കായി വിശാഖപട്ടണത്ത് ഗൂഗിള്‍ നടപ്പാക്കുന്ന പദ്ധതിക്കുപിന്നില്‍ മലയാളിയായ തോമസ് കുര്യന്റെ ആശയമാണെന്ന് ഇക്കണോമിക്ക് ടൈംസും, ബിസിനസ് സ്റ്റാന്‍ഡേര്‍ഡും എഴുതുന്നു. യു.എസിന് പുറത്ത് ഗൂഗിളിന്റെ ഏറ്റവും വലിയ നിക്ഷേപമാണ് ഇന്ത്യയിലേക്ക് വരുന്നത്.

ഇന്ന് ഏഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിത്വങ്ങളുടെ ലിസ്റ്റിലും അദ്ദേഹം ഇടം പിടിച്ചിരുന്നു. മലയാളികളെ സംബന്ധിച്ച് അഭിമാനമാണ് തോമസ് കുര്യനെന്ന പേര്. പക്ഷേ അദ്ദേഹത്തിന്റെ ഇരട്ട സഹോദരന്‍, ജോര്‍ജ് കുര്യന്റെ പേരും ഇതോടൊപ്പം ചേര്‍ത്തുവയ്ക്കണം. അമേരിക്കയിലെ രണ്ട് പ്രമുഖ ക്ളൗഡ് കമ്പനികളുടെ സി.ഇ.ഒ ഇരട്ട സഹോദരങ്ങളായ, രണ്ട് മലയാളികള്‍ ആണെന്ന് എത്രപേര്‍ക്ക് അറിയാം. ഗൂഗിള്‍ ക്ളൗഡ്സ് സി.ഇ.ഒ ആണ് തോമസ് കുര്യന്‍. ജോര്‍ജ് കുര്യന്‍ നെറ്റ് ആപ്പ് സി.ഇ.ഒയും. അസാധാരണമായ ഒരു അതിജീവന കഥയാണ് അവരുടേത്.



പൊളിച്ച് കോട്ടയം ബ്രദേഴ്സ്!

സാധാരണ നമ്മള്‍ ഗായകര്‍ക്കും നര്‍ത്തകര്‍ക്കുമൊക്കെ ഇടയിലാണ് ഈ ബ്രദേഴ്സ് ചേര്‍ത്തുള്ള പരിചയപ്പെടുത്തലുകള്‍ കേട്ടിരിക്കുക. എന്നാല്‍ ഇന്ന് ഐ ടി സര്‍ക്കിളില്‍ കോട്ടയം ബ്രദേഴ്സ് എന്ന് അറിയപ്പെട്ടു രണ്ട് സഹോദരന്‍മാരാണ്, ലോകം മുഴുവന്‍ അത്ഭുതത്തോടെ നോക്കുന്ന ചില ഇരട്ടകളുണ്ട്. ഒരേ ദിനത്തില്‍ ജനിച്ചവര്‍, ജീവിതയാത്രയില്‍ അതേ ഉന്നതികളിലേക്ക് ഉയര്‍ന്നവര്‍. ഹോളിവുഡ് നടന്മാരായ ഹ്യൂ സിബര്‍ട്ടും ടൈലര്‍ സിബര്‍ട്ടും ഇരട്ടകളാണ്. കനേഡിയന്‍ ഗായകരായ എമി ഹാളും ആലക് ഹാളും, ബാസ്‌ക്കറ്റ്‌ബോള്‍ ഇതിഹാസങ്ങളായ ബോബ് ബ്രൂമറും മൈക്ക് ബ്രൂമറും, നാസയിലെ ശാസ്ത്രജ്ഞരായ തോമസ് വില്ല്യംസും തോം വില്ല്യംസും, ഫിന്‍ടെക് വ്യവസായത്തിലെ ജോണ്‍ വില്‍സണും, ജോസ് വില്‍സണും, പ്രമുഖ യുഎസ് ടിവി ആങ്കര്‍മാര്‍ മാര്‍ക്ക് ഹാപ്പും മെയ്‌സണ്‍ ഹാപ്പും, ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ ജോ എഡ്മണ്ടും, ജോണ്‍ എഡ്മണ്ടും..... അങ്ങനെ പോകുന്നു ആ ലിസ്റ്റ്. എന്നാല്‍ ലോക പ്രശസ്തമായ ബ്ലൂബര്‍ഗ് തയ്യാറാക്കിയ ഒരു റിപ്പോര്‍ട്ടില്‍ ബിസിനസ് രംഗത്തെ രണ്ട് ഇരട്ടകളെക്കുറിച്ചാണ് പറയുന്നത്. അതാണ് കോട്ടയം പാമ്പാടിയില്‍ നിന്നുള്ള ജോര്‍ജ് കുര്യനും തോമസ് കുര്യനും. ലോകത്തിലെ ഏറ്റവും വലിയ ടെക് സ്ഥാപനങ്ങളുടെ തലവന്മാരായി ഇവര്‍ ഉയര്‍ന്നത് കഠിനാധ്വാനത്തിലൂടെയാണ്.

ഇതില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യമുണ്ട്. സാധാരണ മല്ലു ടെക്ക് നോ-ബിസിനസ് കുടുംബങ്ങളില്‍ സംഭവിക്കുന്നത് എന്താണ്. ചെറിയ ബിസിനസ് ഗ്രൂപ്പുകളില്‍ പോലും നമുക്ക് അത് കാണാം. ഈഗോയും പരസ്പരമുള്ള പാരവെപ്പും, വ്യാജ അവകാശവാദങ്ങളും, മേല്‍ക്കോയ്മാ സിദ്ധാന്തങ്ങളും. പക്ഷേ ഈ കുടുംബത്തില്‍ അത്തരം പരിപാടികളില്ല. ഉന്നതങ്ങളിലേക്ക് നീങ്ങുമ്പോഴും ഈ സഹോദരര്‍ തമ്മില്‍ ഐക്യവും സ്നേഹവും നിലനില്‍ക്കുന്നു. ഇരുവരും വിവാഹം കഴിച്ചത് അമേരിക്കന്‍ വനിതകളെയാണ്. അതുകൊണ്ടാണ് കുടുംബത്തില്‍ ഈ സമാധാനം എന്നാണ് അവരുടെ സുഹൃദ് സര്‍ക്കിളില്‍ പ്രചരിക്കുന്ന ഒരു തമാശ! തങ്ങളുടെ ഈ നേട്ടം കൊണ്ട് രാജ്യത്തിനും ലോകത്തിനും എന്ത് ഗുണം കിട്ടുമെന്നാണ് അവര്‍ ചിന്തിക്കുന്നത്. തോമസ് കുര്യന്‍ അപൂര്‍വമായി കൊടുത്ത ഒരു അഭിമുഖത്തില്‍ ഊന്നിപ്പറയുന്ന കാര്യവും ഇതാണ്.



സാധാരണ ടെക്കി ലീഡേഴ്സിനെപ്പോലെ എല്ലാം തളികയില്‍ വെച്ച് കിട്ടിയവരല്ല ഇവര്‍. ഒരു സാധാരണ കുടംബത്തില്‍ ജനിച്ച് പടിപടിയായി വളര്‍ന്നവരാണ്. 1966 -ല്‍ ജനിച്ച ഇവര്‍ക്ക് നിലവില്‍ 58 വയസുണ്ട്. കോത്തല പുള്ളോലിക്കല്‍ പരേതനായ പി.സി. കുര്യന്‍- അടൂര്‍ ആരപ്പുരയില്‍ കുടുംബാംഗം മോളി കുര്യന്‍ ദമ്പതികളുടെ നാലു മക്കളിലെ ഇരട്ടകളാണിവര്‍. തോമസ് കുര്യനും ഇരട്ട സഹോദരന്‍ ജോര്‍ജ് കുര്യനും പുറമേ മൂത്തസഹോദരന്‍മാരായ ജേക്കബ് കുര്യനും മാത്യു കുര്യനുമാണ് കുടുംബാംഗങ്ങള്‍.

വെയ്റ്റര്‍ ജോലിചെയ്ത് പഠനം

വിദ്യാഭ്യാസത്തിന് ഏറെ പ്രധാന്യം നല്‍കുന്ന കുടുംബമായിരുന്നു ഇവരുടേത്. പിതാവ് മെിക്കല്‍ എഞ്ചിനീയറായിരുന്നു. ബെംഗളൂരുവിലെ സെന്റ് ജോസഫ്സ് ബോയ്സ് ഹൈസ്‌കൂളില്‍ നിന്നാണ് തോമസും ജോര്‍ജും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഇരുവരും മികച്ച വിദ്യാര്‍ത്ഥികളായിരുന്നു. പിന്നാലെ ഇരുവരും മദ്രാസിലെ ഐഐടിയില്‍ ചേര്‍ന്നെങ്കിലും പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ പ്രവേശനം ലഭിച്ചതിനാല്‍ അവിടെ പഠനം തുടരാനായില്ല. കൗമാരത്തില്‍ തന്നെ അമേരിക്കയിലേക്ക്. സ്‌കോളര്‍ഷിപ്പോടെയായിരുന്നു പഠനം. അവിടെ തോമസ് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി. പിന്നീട് സ്റ്റാന്‍ഫോര്‍ഡ് ഗ്രാജുവേറ്റ് സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്ന് എംബിഎ ചെയ്തു.

അമേരിക്കയിലെ അതിജീവനം അവര്‍ക്ക് അത്ര എളുപ്പമായിരുന്നില്ല. അക്കാലത്ത് നന്നായി ബുദ്ധിമുട്ടിയാണ് ഈ സഹോദരന്‍മാര്‍ കടുന്നുപോയത്. അമേരിക്കയില്‍ കാര്‍ പാര്‍ക്കിംഗ് ജോലിയും, കഫേകളില്‍ വെയ്റ്റര്‍ ജോലിയുമൊക്കെ നോക്കിയാണ് പഠനത്തിനുള്ള പണം തോമസ് കുര്യനും സഹോദരനും കണ്ടെത്തിയത്. മക്കിന്‍സി ആന്‍ഡ് കമ്പനിയിലാണ് തോമസ് കുര്യന്‍ പ്രൊഫഷണല്‍ ജീവിതം ആരംഭിച്ചത്. ഇവിടെ ആറ് വര്‍ഷത്തോളം ജോലി ചെയ്തു. സിഇഒമാര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടിംഗ് ടീമുകള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ടെലികമ്മ്യൂണിക്കേഷന്‍സ് തുടങ്ങിയ മേഖലകളില്‍ അദ്ദേഹം ജോലി ചെയ്തു. 1996ല്‍ ഒറാക്കിളിലേക്ക് മാറി അവിടെ 22 വര്‍ഷം ജോലി ചെയ്തു. അവിടെ അദ്ദേഹം 32 രാജ്യങ്ങളിലായി 35,000 പേരടങ്ങുന്ന സംഘത്തെ നയിച്ചു. ഡേറ്റാബേസ് ബിസിനസില്‍ മാത്രം കാര്യമായി ശ്രദ്ധയൂന്നിയിരുന്ന ഒറാക്കിളിനെ മിഡില്‍വെയര്‍ എന്ന ബിസിനസിലേക്ക് കൈപിടിച്ചുയര്‍ത്തിയത് ഇദ്ദേഹമാണ്.

കമ്പനിയുടെ സഹസ്ഥാപകനായ ലാറി എലിസണുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നാണ് കുര്യന്‍ ഒറാക്കിള്‍ വിട്ടത്. 2018ലായിരുന്നു ഇത്. അധികം വൈകാതെ അദ്ദേഹം ഗൂഗിള്‍ ക്ലൗഡിന്റെ തലവനായി. ഇരട്ട സഹോദരനായ ജോര്‍ജ് കുര്യന്‍ സിസ്‌കോ സിസ്റ്റംസ് ഉള്‍പ്പെടെ നിരവധി പ്രമുഖ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച് പിന്നീട് നെറ്റ് ആപ്പ് എന്ന ഗ്ലോബല്‍ ഡാറ്റ മാനേജ്‌മെന്റ് കമ്പനിയുടെ സി.ഇ.ഒ ആയി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നെറ്റ്ആപ്പ് ഹൈബ്രിഡ് ക്ലൗഡ് രംഗത്തും മുന്‍നിരയിലെത്തി.




ഗൂഗിള്‍ ക്ലൗഡിന്റെ സിഇഒ

2019 മുതല്‍ അദ്ദേഹം ഗൂഗിള്‍ ക്ലൗഡിന്റെ സിഇഒ പദം അലങ്കരിക്കുന്നു. ഏഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒന്നായി ഗോള്‍ഡ് ഹൗസ് അദ്ദേഹത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. ലീഡര്‍ഷിപ്പ്, എന്‍ജിനിയറിംഗ്, കോര്‍പ്പറേറ്റ് റിലേഷന്‍ മേഖലകളില്‍ അതികായനാണ് തോമസ് കുര്യന്‍.

ഗൂഗിള്‍ ക്ലൗഡിനെ പുനരുജ്ജീവിപ്പിച്ചതിന്റെ ബഹുമതി അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഗൂഗിള്‍ ക്ലൗഡ് ഉപഭോക്തൃ സേവനം വര്‍ദ്ധിപ്പിക്കുന്നതിന് ശ്രദ്ധ കേന്ദ്രീകരിച്ചത്.

ശമ്പളം വര്‍ദ്ധിപ്പിച്ച് സെയില്‍സ് ടീമിന്റെ പ്രചോദിപ്പിക്കാനുള്ള ആശയത്തിനു പിന്നിലും തോമസ് കുര്യന്റെ ബുദ്ധി തന്നെ. ഉപഭോക്തൃ സേവനങ്ങളില്‍ കൃത്യമായി ഫോക്കസ് നല്‍കുക എന്നതായിരുന്നു തോമസിന്റെ നയം. കമ്പനിയുടെ സെയില്‍സ് ജീവനക്കാരുടെ വേതനം വര്‍ധിപ്പിച്ച് അവര്‍ക്ക് പ്രചോദനം നല്‍കി. സെയില്‍സ് ടീമിന്റെ വലിപ്പം വര്‍ധിപ്പിച്ചു കൊണ്ടും അദ്ദേഹം ബിസിനസ് വോളിയം ഉയര്‍ത്തിക്കൊണ്ടു വന്നു. ഒറാക്കിളില്‍ ജോലി ചെയ്തപ്പോള്‍ 35 ബില്യണ്‍ ഡോളറിന്റെ സെയില്‍സ് ജനറേറ്റ് ചെയ്ത അനുഭവസമ്പത്ത് അദ്ദേഹത്തിന് കരുത്തേകി. തോമസ് കുര്യന്‍ ക്ലൗഡ് സേവനങ്ങള്‍ ചില വ്യവസായങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു. വ്യത്യസ്ത ക്ലൗഡുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഡാറ്റ നിയന്ത്രിക്കാന്‍ കമ്പനികളെ സഹായിക്കുന്ന ആന്തോസ് എന്ന പ്ലാറ്റ്‌ഫോം അദ്ദേഹം ആരംഭിച്ചു.

അക്കാലത്ത്, തന്റെ ലിങ്ക്ഡ്ഇന്‍ പ്രൊഫൈലില്‍, ബിസിനസ്സിനെ പരിവര്‍ത്തനം ചെയ്യാനുള്ള കമ്പനിയുടെ കഴിവ് ത്വരിതപ്പെടുത്തുകയാണ് തന്റെ ദൗത്യമെന്ന് അദ്ദേഹം എഴുതി. അദ്ദേഹത്തിന്റെ കീഴിലുള്ള കമ്പനിയുടെ ക്ലൗഡ് വരുമാനം 5.5 ബില്യണ്‍ ഡോളറായിരുന്നു. 250 പേരടങ്ങുന്ന സെയില്‍സ് ടീമിനെയും അദ്ദേഹം നയിച്ചു. ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും ധനികനായ മാനേജരാണ് തോമസ് കുര്യന്‍.




റിപ്പോര്‍ട്ടുകള്‍ പ്രകാരം തന്റെ ബോസ് സുന്ദര്‍ പിച്ചൈയെപ്പോലും കടത്തിവെട്ടുന്ന ആസ്തിക്ക് ഉടമയാണ് തോമസ് കുര്യന്‍. 2.14 ട്രില്യണ്‍ ഡോളര്‍ ശേഷിയുള്ള ആല്‍ഫബെറ്റ് ഇങ്കിനെ നയിക്കുന്ന സുന്ദര്‍ പിച്ചൈ ആണ് ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഇന്ത്യന്‍ സിഇഒ. 2022 -ല്‍ 226 മില്യണ്‍ ഡോളറാണ് പിച്ചൈ പ്രതിഫലമായി കൈപ്പറ്റിയത്. എന്നാല്‍ വര്‍ഷത്തെ അദ്ദേഹത്തിന്റെ ആസ്തി 10,215 കോടി രൂപയാണെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. തോമസ് കുര്യന്റെ ആസ്തി 15,000 കോടി രൂപയിലധികമാണ്. വണ്‍ വെല്‍ത്ത് ഹാറൂണ്‍ ഇന്ത്യന്‍ റിച്ച് ലിസ്റ്റ് 2023 പ്രകാരം രണ്ടാമത്തെ ധനികനായ ഇന്ത്യന്‍ മാനേജര്‍ തോമസ് കുര്യനാണ്. ലോകത്തിലെ തന്നെ ധനികരായ മാനേജര്‍മാരില്‍ മുന്‍നിരയിലുള്ള വ്യക്തി കൂടിയാണ് ഈ മലയാളി. എഐഎഫ്എല്‍ ഹുറുണ്‍ ഇന്ത്യ ലിസ്റ്റ് പ്രകാരം 2023-ല്‍ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയുടെ ആകെ ആസ്തി 5300 കോടിരൂപയാണ്. അഡോബ് സിഇഒ ശാന്തുനു നാരായെന്റെ ആസ്തി 3800 കോടിയും. മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയുടെ ആസ്തി 6200 കോടി രൂപയായിരുന്നു. എന്നാല്‍ 12,100 കോടി രൂപയായിരുന്നു തോമസ് കുര്യന്റെ ആസ്തി. അരിസ്റ്റ നെറ്റ്വര്‍ക്കിന്റെ ജയശ്രീ ഉള്ളാളിന് തൊട്ടു പിന്നിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. ആ നില ഇപ്പോഴും തടരുന്നു.

നെറ്റ് ആപ്പിന്റെ വളര്‍ച്ച ഇന്ത്യയില്‍

അഭിമുഖങ്ങളിലും പി ആര്‍ വര്‍ക്കിലും ഏറെ പിന്നിലാണ് ഈ സഹോദരന്‍മാര്‍. പ്രാഞ്ചിയേട്ടന്‍ കളികളിലും 'നന്മമൃഗ' വ്യവസായത്തിലും അവര്‍ക്കും ഒട്ടും താല്‍പ്പര്യമില്ല. പക്ഷേ അവരുടെ അടക്കം മനസ്സില്‍ ഇന്ത്യ ഒരു വികാരമായുണ്ട്. തോമസ് കുര്യന്റെ ഇരട്ട സഹോദരന്‍ ജോര്‍ജ് കുര്യന്‍ നയിക്കുന്നു. നെറ്റ് ആപ്പിന് ബംഗളൂരുവില്‍ ഒരു ആഗോള കേന്ദ്രമുണ്ട്. ലോകമെമ്പാടുമുള്ള അവരുടെ ഏറ്റവും വലിയ കേന്ദ്രമാണിത്, 3,000-ത്തിലധികം ജീവനക്കാരെ ഉള്‍ക്കൊള്ളുന്നു. ഗോ ടു മാര്‍ക്കറ്റ്, ടെക്നോളജി പ്രവര്‍ത്തനങ്ങള്‍, ഉപഭോക്തൃ പിന്തുണ, ഗവേഷണം, വികസനം തുടങ്ങിയ എല്ലാ ആഗോള പ്രവര്‍ത്തനങ്ങളും ഈ കേന്ദ്രം കൈകാര്യം ചെയ്യുന്നു. ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായും പ്രവര്‍ത്തിക്കുന്നുണ്ടെന്നും രാജ്യത്തെ മികച്ച ആറ് ഐടി സ്ഥാപനങ്ങളുമായും മികച്ച 10 ധനകാര്യ സ്ഥാപനങ്ങളുമായും നെറ്റ് ആപ്പ് ബിസിനസ്സ് നടത്തുന്നുണ്ട്.

അടുത്ത മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ വിപണി ഏഷ്യയിലെ ഏറ്റവും വലിയ ഡാറ്റാ സ്റ്റോറേജ് കമ്പനിയായി മാറുമെന്ന് നെറ്റ്ആപ്പ് പ്രതീക്ഷിക്കുന്നതായി ജോര്‍ജ്ജ് കുര്യന്‍ എക്കണോമിക്ക് ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു. രാജ്യത്തിന്റെ ജനസംഖ്യാപരവും സാമ്പത്തികവുമായ നേട്ടങ്ങളും ഈ വിപണിയില്‍ നെറ്റ്ആപ്പിന്റെ വളര്‍ച്ചയ്ക്കുള്ള സാധ്യതയും ഇതിന് പിന്നിലുണ്ടെന്ന് അദ്ദേഹം പറയുന്നു. 'ലോകത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ഏഷ്യ വേഗത്തില്‍ വളരുന്നത് ഞങ്ങള്‍ കാണുന്നു. ഞങ്ങളുടെ ആഗോള ബിസിനസിന്റെ 20 ശതമാനം, ഏഷ്യ സംഭാവന ചെയ്യണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇന്ത്യ ഏഷ്യയിലെ ഏറ്റവും വലിയ വിപണിയാകാനും സാധ്യതുണ്ട്'- ജോര്‍ജ് കുര്യന്‍ പറയുന്നു.




കമ്പനിക്ക് ചൈനയില്‍ നേരിട്ട് സാന്നിധ്യമില്ല, പക്ഷേ 2018 മുതല്‍ ചൈനീസ് ടെക്നോളജി നിര്‍മ്മാതാക്കളായ ലെനോവോയുമായുള്ള സംയുക്ത സംരംഭത്തിലൂടെയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ഇത് മറ്റ് ഏഷ്യന്‍ വിപണികളില്‍ (ഇന്ത്യ പോലുള്ളവ) കൂടുതല്‍ നിക്ഷേപം നടത്താനുള്ള അവസരം നല്‍കുന്നുവെന്നും ജോര്‍ജ് പറയുന്നു.

കോവിഡ്-19 പാന്‍ഡെമിക് സമയത്ത് ക്ലൗഡ് ദാതാക്കള്‍ക്ക് നേട്ടമുണ്ടായെന്ന് ജോര്‍ജ് കുര്യന്‍ പറയുന്നു. കാരണം ഡാറ്റാ സെന്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തതിനാല്‍ ക്ലയന്റുകള്‍ക്കും ജീവനക്കാര്‍ക്കും സേവനം നല്‍കാനുള്ള ഏക മാര്‍ഗം ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ മാത്രമായിരുന്നു. 'സമയങ്ങളില്‍ അവര്‍ പ്രതീക്ഷിച്ചതിലും ഉയര്‍ന്ന വളര്‍ച്ചാ നിരക്കുകള്‍ കണ്ടു. അതിനുശേഷം നമ്മള്‍ കണ്ടത് ഒപ്റ്റിമൈസേഷന്റെ ഒരു കാലഘട്ടമാണ്, അത് സ്വാഭാവികമാണ്. വളര്‍ച്ചയുടെ അടുത്ത ഘട്ടം പ്രാപ്തമാക്കലാണ് ലക്ഷ്യം''- എഐയും ഒരു അവസരമാക്കി എടുക്കണമെന്നാണ് അദ്ദേഹത്തിന്റെ വാദം. 'എന്‍വിഡിയയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ 2018 മുതല്‍ ഞങ്ങള്‍ എഐ വിപണിയിലുണ്ട്. ഉല്‍പ്പാദനം, സാമ്പത്തിക സേവനങ്ങള്‍, ലൈഫ് സയന്‍സസ് എന്നിവയില്‍ ഉപയോഗിക്കുന്ന പ്രവചനാത്മക എഐയില്‍ ഞങ്ങള്‍ വിജയങ്ങള്‍ കണ്ടു' - അദ്ദേഹം പറയുന്നു. ഈ മേഖലയിലൊക്കെ ഇന്ത്യക്ക് വലിയ സാധ്യതയാണ് ജോര്‍ജ് കുര്യന്‍ പ്രവചിക്കുന്നത്.

ട്രംപിനെ പ്രതിരോധിക്കുന്നോ?

ഇപ്പോള്‍ തോമസ് കുര്യന്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം പടിക്കുന്നത്, വിശാഖപട്ടണത്തെ, 1.32 ലക്ഷം കോടി രൂപയുടെ ഗൂഗിളിന്റെ പദ്ധതിയുടെ സൂത്രധാരന്‍ എന്ന നിലക്കാണ്. 5 വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പാക്കാനാണ് നീക്കം. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അധിക ചുങ്കം ഈടാക്കി ഇന്ത്യയെ നോവിക്കുമ്പോഴാണ് ഇത്രയും വലിയ നിക്ഷേപം ഗൂഗിള്‍ നടത്തുന്നത്. സത്യത്തില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് റിവേഴ്സ് ഗ്ലോബലൈസേഷനാണ്. ആഗോളീകരണത്തിന്റെയും, ഉദാരീകരണത്തിന്റെ വിത്തുകള്‍ 91-ല്‍ മന്‍മോഹന്‍സിങ്് വിതച്ചപ്പോള്‍ അതിനെ രൂക്ഷമായി എതിര്‍ത്ത ഇടതുപക്ഷം അടക്കം പറഞ്ഞത്് ഇത് അമേരിക്കക്ക് ഇന്ത്യയെ കൊള്ളയിടിക്കാനുള്ള പരിപാടിയാണ് എന്നതാണ്. പക്ഷേ എന്താണ് സംഭവിച്ചത് എന്ന് നോക്കുക? മലയാളികള്‍ അടക്കമുള്ളവര്‍ അമേരിക്കയില്‍ എത്തി അവിടുത്തുകാരെ പിന്‍തള്ളി വലിയ നിലയില്‍ എത്തി. ഇപ്പോള്‍ ഇന്ത്യന്‍ പ്രതിഭകളോട് മത്സരിക്കാന്‍ കഴിയാതെ, നമ്മുടെ ശിവസേന പണ്ട് മുംബെയില്‍ ഉയര്‍ത്തിയതുപോലുള്ള മണ്ണിന്റെ മക്കള്‍ വാദമാണ്, ട്രംപ് അടക്കം പരോക്ഷമായി ഉയര്‍ത്തുന്നത്.

പക്ഷേ ആഗോള കമ്പനികള്‍ക്ക് ഇന്ത്യാക്കരെനെന്നോ, ചൈനാക്കാരനെന്നോ, ബ്രിട്ടീഷുകാരനെന്നോ, നോട്ടമില്ല. അവര്‍ക്ക് മെറിറ്റാണ് പ്രധാനം. അങ്ങനെ വരുമ്പോള്‍ എന്തൊക്കെ വന്നാലും, കഴിവുള്ളവര്‍ക്ക് വിദേശരാജ്യങ്ങളില്‍ അവസരം കുറയില്ല. ഈ സന്ദേശമാണ്, കോട്ടയം ബ്രദേഴ്സ് തങ്ങളുടെ ജീവിതത്തിലൂടെ മുന്നോട്ടുവെക്കുന്നത്. ഇപ്പോള്‍ 1.32 ലക്ഷം കോടി രൂപയുടെ ഗൂഗിളിന്റെ നിക്ഷേപം ഇന്ത്യയിലെത്തുമ്പോഴും, അതിന്റെ ക്രെഡിറ്റ് അടിച്ചെടുക്കാനും അവകാശവാദം ഉന്നയിക്കാനൊന്നും തോമസ് കുര്യന്‍ തയ്യാറാവുന്നില്ല. അദ്ദേഹം കൂടുതല്‍ വിനയാന്വിതനാവുകയാണ്.




"1.88 ലക്ഷം തൊഴില്‍നേരിട്ടും അല്ലാതെയുമായി 1.88 ലക്ഷത്തിലേറെ തൊഴിലവസരങ്ങള്‍ ഹബ്ബിലൂടെ വരുമെന്നാണ് പ്രതീക്ഷ. ഇത് ഐ.ടി മേഖലയില്‍ സ്വന്തം രാജ്യത്ത് ഉന്നത ശമ്പളമുള്ള തൊഴില്‍ നേടുന്നതിന് അവസരമാകും. ഇത് പുതിയ യുഗത്തിന്റെ തുടക്കമെന്നാണ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു പറഞ്ഞത്.അമേരിക്കയ്ക്കു പുറത്ത് നടത്തുന്ന കമ്പനിയുടെ സുപ്രധാന നിക്ഷേപ പദ്ധതിയാകും ഇത്. ഗുഗിളിന്റെ സമുദ്രാന്തര കേബിള്‍ എത്തുന്ന ഹബ്ബായും മാറും''-തോമസ് കുര്യന്‍ പറയുന്നു.

വാല്‍ക്കഷ്ണം: നോക്കുക, മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നേരിട്ട് ഇടപെട്ടാണ് തങ്ങളുടെ നാട്ടിലേക്ക് നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നത്. പക്ഷേ അമേരിക്കയില്‍ ഇത്രയും നേട്ടം കൊയ്ത ഈ മലയാളി സഹോരന്‍മാരുടെ പ്രതിഭ ഉപയോഗപ്പെടുത്താന്‍ കേരളം ശ്രമിച്ചിട്ടുണ്ടോ? സകല പ്രാഞ്ചിയേട്ടന്‍മാരെയും ക്ഷണിച്ചുകൊണ്ടുവന്ന് 'സഭ'കള്‍ കൂടുന്ന നേരത്ത്, കോട്ടയത്തുനിന്ന് ഉയര്‍ന്ന് ലോകത്തിന്റെ നെറുകയിലെത്തിയ രണ്ട് സഹോദരന്‍മാരെ കേള്‍ക്കാന്‍ നമ്മുടെ സര്‍ക്കാര്‍ തയ്യാറായിട്ടുണ്ടോ? എന്തിന് കണ്ണൂരില്‍നിന്ന് പഠിച്ച് വളര്‍ന്ന് ഐഎംഎഫിന്റെ വൈസ് പ്രസിഡന്റായ ഗീതാഗോപിനാഥിനെ അപമാനിച്ച് ഓടിച്ച് വിട്ടവരല്ലേ നാം!