- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
'പ്രധാനമന്ത്രിയായാലും അമ്മായിഅമ്മപ്പോര് മാറില്ല'; അർദ്ധരാത്രിയിൽ കൈക്കുഞ്ഞുമായി അടിച്ചിറക്കപ്പെട്ട മേനകാഗാന്ധി; സഞ്ജയ് ഗാന്ധി സമ്പാദിച്ച കോടികളെക്കുറിച്ചും തർക്കം; ഇന്ദിരാ ഗാന്ധിക്കെതിരെ അശ്ലീല പുസ്തകമിറക്കി പ്രതികാരം; അനിൽ ആന്റണിയൊന്നും ഒന്നുമല്ല; ഇന്ത്യൻ രാഷ്ട്രീയത്തെ ഞെട്ടിച്ച മേനകയുടെ മനംമാറ്റത്തിന്റെ കഥ
' നെഹ്റു കുടുംബത്തിന്റെ അമ്മായിഅമ്മപ്പോരിനുപോലും ഇന്ത്യ വൻ വില കൊടുക്കേണ്ടിവന്നു. മേനകാഗാന്ധിയുടെ നേതൃത്വത്തിൽ പുതിയൊരു പാർട്ടിയുണ്ടായത് ആശയ പ്രശ്നങ്ങൾ ഒന്നും കൊണ്ടല്ല. ഒരു കുടുംബത്തിലെ അധികാരത്തർക്കമായിരുന്നു.''- ഇന്ദിരാഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു ഖുഷ്വന്ത് സിങ്ങ് ഒരിക്കൽ എഴുതിയത് അങ്ങനെയാണ്.
ഇന്ന് നമ്മളിൽ പലരും മേനകാഗാന്ധിയെ അറിയുന്നത്, തെരുവ് നായ്ക്കളെ കൊല്ലാൻ സമ്മതിക്കാത്ത ഒരു ഭീകരായ ജന്തുപ്രേമി എന്ന നിലയിലാണ്. പക്ഷേ, അക്ഷരാർത്ഥത്തിൽ ഫാസിസ്റ്റായ ഒരു മനുഷ്യന്റെയും, അർധ ഫാസിസ്റ്റിന്റെ മനസ്ഥിതിയുള്ള അമ്മായിഅമ്മയുടെയും ഇടയിൽ ഒരുപാട് അനുഭവിച്ച ഒരു സ്ത്രീ കൂടിയാണ് അവർ. അർദ്ധരാത്രിയിലാണ് അവർ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വസതിയിൽനിന്ന് കൈക്കുഞ്ഞായ മകൻ വരുണിനെയും എടുത്ത് ഇറങ്ങിപ്പോവുന്നത്. ശരിക്കും അപമാനിതായി പടിയിറക്കം. അന്ന് അവർ എടുത്ത പ്രതിജ്ഞയാണ്, ഈ കുടുംബത്തിന്റെ കട്ടയും പടവും മടക്കിക്കുമെന്ന്. അങ്ങനെ ഇന്ദിരാഗാന്ധിയുടെ മകന്റെ ഭാര്യ ക്രമേണ ബിജെപിയിലെത്തി. മകൻ വരുൺ ഗാന്ധിയും അമ്മയുടെ പാത പിന്തുടർന്നു.
ഈ സംഭവം ഇപ്പോൾ ഓർക്കേണ്ടിവന്നത്, എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുമായി ബന്ധപ്പെട്ടാണ്. മുൻ കേരളാ മുഖ്യമന്ത്രിയും, പ്രതിരോധ മന്ത്രിയുമായിരുന്ന, ഒരു കാലത്ത് കോൺഗ്രസിലെ രണ്ടാമനായ നേതാവിന്റെ മകൻ ബിജെപിയിൽ എത്തിയത്, വിവാദക്കൊടുങ്കാറ്റ് ഉയർത്തുകയാണ്. അനിൽ ആന്റണി ഒരു തുടക്കമാണെന്നും, ഇനിയും നിരവധി കോൺഗ്രസ് നേതാക്കൾ ബിജെപിയിലെത്തുമെന്നും സിപിഎമ്മുകാരും പ്രചരിപ്പിക്കുന്നുണ്ട്. 'ഇന്നത്തെ കോൺഗ്രസ് നാളെത്തെ ബിജെപി' എന്ന തങ്ങളുടെ പ്രഖ്യാപിത തത്വത്തിനുള്ള സാധൂകരണമായാണ് അവർ ഈ കാലുമാറ്റത്തെ കാണുന്നത്.
എന്നാൽ ചരിത്രത്തിലേക്ക് നോക്കിയാൽ, ഈ കൂറുമാറ്റമൊന്നും ഒന്നുമല്ല. ഇന്ദിരയുടെ മരുമകളും, കൊച്ചുമകനും പോലും ബിജെപിയിൽ എത്തിയ ചരിത്രം എന്താണ് സൂചിപ്പിക്കുന്നത്. വ്യക്തിബന്ധങ്ങളും കുടുംബ പരാമ്പര്യവുമൊന്നുമല്ല ഒരാളുടെ രാഷ്ട്രീയ നിലപാടിലേക്ക് എത്തിക്കുന്നത് എന്നതിന് ഉത്തമ ഉദാഹരണമാണ്, മേനകാഗാന്ധിയുടെയും വരുൺഗാന്ധിയുടെയും ജീവിതകഥ.
18 ാം വയസ്സിലെ വിവാഹം
1956 ഓഗസ്റ്റ് 26 ന് ഇന്ത്യയിലെ ഡൽഹിയിൽ ഒരു സിഖ് കുടുംബത്തിലാണ് മേനക ഗാന്ധി എന്ന് പിന്നീട് അറിയപ്പെട്ട മനേകാ ആനന്ദ് ജനിച്ചത്. യഥാർഥ പേര് മനേക എന്നാണെന്നും, പറഞ്ഞ് പറഞ്ഞ് അത് മേനക ആയതാണെന്നും അവർ തന്നെ എഴുതിയിട്ടുണ്ട്. പിതാവ് തർലോചൻ സിങ് ആനന്ദ്, ഇന്ത്യൻ ആർമിയിൽ ലെഫ്റ്റനന്റ് കേണലായിരുന്നു. അമ്മ അംതേശ്വര് ആനന്ദ്. സനാവറിലെ ലോറൻസ് സ്കൂളിലും പിന്നീട് ലേഡി ശ്രീറാം കോളേജ് ഫോർ വുമണിലും വിദ്യാഭ്യാസം നേടി. അവർ പിന്നീട് ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ജർമ്മൻ പഠിച്ചു. കത്തുന്ന സൗന്ദര്യമൂലം ഇക്കാലത്തുതന്നെ പ്രശസ്തയായിരുന്നു മേനക. സൗന്ദര്യമത്സരങ്ങളിൽ പങ്കെടുക്കയും മിസ് ഇന്ത്യയായി മാറി എന്നുമൊക്കെ വാർത്തകൾ വന്നു. എന്നാൽ അവർ സൗന്ദര്യമത്സരങ്ങളിൽ പങ്കെടുത്തിട്ടില്ലെന്നും പിന്നീട് വാർത്തകൾ വന്നിരുന്നു. എന്നാൽ മേനകാഗാന്ധി ഈ രണ്ടുവാർത്തകളും നിഷേധിച്ചിട്ടില്ല.
1973ൽ അമ്മാവൻ മേജർ ജനറൽ കപൂർ നടത്തിയ ഒരു കോക്ടെയ്ൽ പാർട്ടിയിൽ വച്ചാണ് മേനക ആദ്യമായി സഞ്ജയ് ഗാന്ധിയെ കാണുന്നത്. ആരെയും മോഹിപ്പിക്കുന്ന ആ സുന്ദരി സഞ്്ജയിന്റെയും കണ്ണുകളിൽ ഉടക്കി. സഞ്്ജയ് ഗാന്ധിയാവട്ടെ അന്ന് കോൺഗ്രസിലെ കിരീടം വെക്കാത്ത രാജാവായി വളരുകയായിരുന്നു. ഒരു വർഷത്തിനുശേഷം 1974 സെപ്റ്റംബർ 23-ന് സഞ്ജയ്, മേനകയെ വിവാഹം കഴിച്ചു. ഇരുവരും തമ്മിൽ അപ്പോഴേക്കും പ്രണയത്തിൽ ആയിരുന്നു. ഈ വിവാഹം സത്യത്തിൽ ഇന്ദിരാഗാന്ധിക്ക് ഇഷ്ടമായിരുന്നില്ല.എന്നാൽ മകന്റെ ആഗ്രഹത്തിന് ഒപ്പം കൂടുകയായിരുന്നു അവർ. വിവാഹം സമയത്ത് വെറും 18 വയസ്സ് മാത്രമായിരുന്നു മേനകയുടെ പ്രായം.
അമ്മയെ തല്ലുന്ന സഞ്ജയ്
എന്നാൽ അവരുടെ ദാമ്പത്യവും അത്ര സുഖകരം ആയിരുന്നില്ല എന്നാണ് ഗാന്ധി കുടുംബവുമായി അടുപ്പമുള്ളവർ എഴുതിയത്. പെട്ടെന്നൊരു സുപ്രഭാതത്തിൽ അങ്ങേയറ്റം സുരക്ഷയുള്ള പ്രധാനമന്ത്രി കുടുംബത്തിലേക്ക് പറിച്ചു നടന്നത് അവരുടെ ജീവിതത്തിന്റെ താളം തെറ്റിച്ചു. മാത്രമല്ല വ്യക്തി ജീവിതത്തിലും സഞ്ജയ് ഒരു ഫാസിസ്്റ്റ് തന്നെ ആയിരുന്നു. അയാൾക്ക് മറ്റ് നിരവധി കാമുകിമാർ ഉണ്ടായിരുന്നതും പരസ്യമായ രഹസ്യമാണ്. സഞ്ജയ് ഗാന്ധിയും, അടിയന്തരാവസ്ഥക്കാലത്തെ വന്ധ്യംകരണത്തിന് നേതൃത്വം കൊടുത്തതിലുടെ കുപ്രസിദ്ധയായ, റുക്സാന സുൽത്താന എന്ന മാദകസുന്ദരിയും തമ്മിലുള്ള ബന്ധം വാർത്തയായിരുന്നു. ആ കാലത്ത് റുക്സാനക്കൊപ്പമായിരുന്നു സഞ്ജയ് ഏറെ നേരവും ചെലവിട്ടത്. ബുൾഡോസർ രാഷ്ട്രീയം അടക്കമുള്ള സഞ്ജയ് ഗാന്ധിയുടെ കുപ്രസിദ്ധമായ പല പ്രൊജക്റ്റുകൾക്ക് പിറകിലും റുക്സാന ആയിരുന്നുവെന്ന് പറയപ്പെടുന്നു. പക്ഷേ മേനക ഒരിക്കലും തന്റെ ഭർത്താവിനെ തള്ളിപ്പറഞ്ഞില്ല. ശരിക്കും സന്തോഷകരമായ ദാമ്പത്യം എന്നായിരുന്നു അവർ എവിടെയും പറഞ്ഞത്. സത്യം അതല്ലെങ്കിലും.
ദേഷ്യം വന്നാൽ അമ്മയെപ്പോലും തല്ലുന്ന സൈക്കോ ആയിരുന്നു സഞ്ജയ് ഗാന്ധി. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കരണത്ത് മകൻ അടിച്ചുവെന്ന് പുലിസ്റ്റർ ജേതാവും പ്രശസ്ത മാധ്യമപ്രവർത്തകനുമായ ലൂയിസ് സിമൻസൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വാഷിങ്ങ്ടൺ പോസ്റ്റിന്റെ ഡൽഹി കറസ്പോണ്ടന്റ് ആയിരുന്നു ലൂയിസ്. ഒരു സ്വകാര്യഡിന്നർ പാർട്ടിയിൽവെച്ച് ആറുപ്രാവശ്യം, പ്രധാനമന്ത്രിയായ ഇന്ദിരാഗന്ധിയെ സഞ്ജയ് അടിച്ചുവെന്നതാണ് ലൂയിസ് വെളിപ്പെടുത്തിയത്. അന്ന് സർവാധിപതിയായി വിലസിയ സഞ്ജയ് ഗാന്ധിയെ ഭയന്ന ഇന്ത്യൻ മാധ്യമങ്ങൾ ഈ വാർത്ത പ്രസിദ്ധീകരിക്കാൻ തയ്യാറായില്ലെന്നും ലൂയിസ് പറയുന്നു. അതുപോലുള്ള ഒരു മനുഷ്യൻ സ്വന്തം ഭാര്യയോട് അങ്ങനെ ആയിരിക്കും പെരുമാറിയിരിക്കുക എന്ന ഊഹിക്കാൻ കഴിയും.
1975-77 ലെ അടിയന്തരാവസ്ഥയിൽ സഞ്ജയ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി. അദ്ദേഹത്തിന്റെ പര്യടനങ്ങളിൽ മിക്കവാറും എല്ലാ സമയത്തും മേനക ഉണ്ടായിരന്നു. അടിയന്തരാവസ്ഥക്കാലത്ത് സഞ്ജയ്ക്ക് അമ്മയുടെ മേൽ പൂർണ്ണ നിയന്ത്രണമുണ്ടായിരുന്നു. അന്ന് ഭരിച്ചിരുന്നത് പിഎംഒ (പ്രധാനമന്ത്രി ഓഫീസ്) എന്നതിലുപരി പിഎംഎച്ച് ( പ്രധാനമന്ത്രി ഹൗസ് ) ആയിരുന്നുവെന്നും പലപ്പോഴും പറയാറുണ്ട്.
വെല്ലുവിളികൾ അതിജീവിക്കുന്നു
പക്ഷേ അടിയന്തരാവസ്ഥക്ക് ശേഷമുള്ള ഗാന്ധികുടുംബത്തിന്റെ കാലം ദുരിത മയമായിരുന്നു. ജനതാ സർക്കാർ വന്നതോടെ, അടിയന്തരാവസ്ഥയിൽ ഉണ്ടായ അതിക്രമങ്ങൾ ഒന്നൊന്നായി ചർച്ചയായി. സഞ്ജയ് ഗാന്ധിക്കും ഇന്ദിരാഗാന്ധിക്കും ശരിക്കും വില്ലൻ പ്രിതിച്ഛായയുണ്ടായി. ഇനി ഇന്ദിരക്ക് ഒരു തിരിച്ചുവരവ് ഉണ്ടാവില്ല എന്ന് കരുതിയതോടെ സകലരും അവർക്ക് നേരെ തിരിഞ്ഞു. തുർക്ക്മാൻ ഗേറ്റിലെ ബുൾഡോസറുകളും, നിർബന്ധിത വന്ധ്യംകരണവുമെല്ലാം, വലിയ വാർത്തകളായി. അന്ന് ഗാന്ധികൂടുംബത്തിനൊപ്പം അടിയുറച്ച് മേനക നിന്നു. വലിയ ആത്മവിശ്വാസമാണ് അവർ ആ കുടുംബത്തിന് കൊടുത്തത്.
കോൺഗ്രസിന്റെ പ്രതിഛായ മിനുക്കാനുള്ള നിരവധി പദ്ധതികൾ അവർ ആസൂത്രണം ചെയ്തു. മേനകാഗാന്ധി സ്ഥാപിച്ച സൂര്യ എന്ന വാർത്താ മാസിക, 1977 ലെ അടിയന്തരാവസ്ഥയെ തുടർന്നുള്ള തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം കോൺഗ്രസ് പാർട്ടിയുടെ പ്രചാരണത്തിൽ പ്രധാന പങ്ക് വഹിച്ചു. പാസ്പോർട്ട് കണ്ടുകെട്ടാനുള്ള ശ്രമത്തിനെതിരെ പോരാടാൻ മേനക കോടതിയിൽ പോയി. മേനക ഗാന്ധി വേഴ്സ് യൂണിയൻ ഓഫ് ഇന്ത്യ കേസ് ഇന്നും നിയമ വിദ്യാർത്ഥികൾക്ക് പഠന വസ്തുവാണ്. വ്യക്തി സ്വതന്ത്ര്യവും ഭരണകൂട ഇടപെടലും സം്ബന്ധിച്ച നിർണ്ണായകമായ ഒരു കേസായി അത് മാറി.
1980ലാണ് അവർക്ക് മകൻ ജനിക്കുന്നത്. പിതാമഹന്റെ പേര് ഓർക്കാൻ ഫിറോസ് എന്നാണ് അവർ കുട്ടിക്കിട്ട പേര്. ഇന്ദിരാഗാന്ധി പക്ഷേ വരുൺ എന്ന പേര്കൂടി ചേർത്തു. അങ്ങനെ ഫിറോസ് വരുൺ ഗാന്ധിയെന്നായി കുട്ടിയുടെ പേര്.
24ാം വയസ്സിൽ വിധവ
മൊറർജി സർക്കാറിനുശേഷം ഇന്ദിരയുടെ തിരിച്ചുവരവ് ആഘോഷിക്കാൻ അധികാലം സഞ്ജയ് നിന്നില്ല. ഒരു വിമാനാപകടത്തിൽ ഭർത്താവ് മരിക്കുമ്പോൾ മേനകയ്ക്ക് പ്രായം വെറും 24 വയസ്സ്, മകന് 100 ദിവസം മാത്രം. തുടർന്ന് അങ്ങോട്ടാണ് അവരുടെ ജീവിതം മാറിമറിയുന്നത്. കാരണം അതുവരെ അധികാരം കേന്ദ്രീകരിച്ചിരുന്നത് സഞ്ജയ്ഗാന്ധിയിൽ ആയിരുന്നു. പക്ഷേ സഞ്ജയുടെ മരണത്തോടെ ആ സ്ഥാനം ഏറ്റെടുക്കണമെന്ന് മേനക ആഗ്രഹിച്ചു. എന്നാൽ തുടക്കം മുതലേ ഇന്ദിരാഗാന്ധിയും മേനകയും നല്ല ബന്ധത്തിൽ ആയിരുന്നില്ല. അതുകൊണ്ടുതന്നെ മകന് പകരക്കാരിയായി മരുമകളെ ഉയർത്തിക്കൊണ്ടുവരാൻ അവർ കൂട്ടാക്കിയില്ല. ഈ സമയത്ത് രാജീവ് ഗാന്ധി സജീവ രാഷ്ട്രീയത്തിൽ ഇല്ലായിരുന്നു. എന്നാൽ രാജീവിനെ രാഷ്ട്രീയത്തിൽ ഇറക്കുകയാണ് ഇന്ദിരയുടെ പദ്ധതിയെന്ന് മേനകക്ക് മനസ്സിലായി.
നെഹ്റു കുടുംബത്തിൽനിന്ന് അതിക്രൂരമായ അവഗണനയാണ് തനിക്ക് നേരിട്ടത് എന്ന് അവർ പറയുന്നു. പക്ഷേ മേനക തുറന്ന യുദ്ധത്തിന് തയ്യാറായി. കോൺഗ്രസിന് അന്ന് കാണുന്ന കോടികളുടെ ആസ്തികൾ എല്ലാ സമ്പാദിച്ചത്, പിന്നീട് വില്ലനാക്കപ്പെട്ട തന്റെ ഭർത്താവ് തന്നെ ആയിരുന്നുവെന്ന് അവർ വാദിച്ചു. പക്ഷേ ഇന്ദിര കൂട്ടാക്കിയില്ല. അന്ന് ധീരേന്ദ്രബ്രഹ്മചാരിയെപ്പോലുള്ള ഉപജാപക സംഘത്തിന്റെ കൈയിലായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി. മേനക ഭാവിയിൽ വലിയ ഭീഷണിയാവുമെന്നാണ് അവർ ഉപദേശിച്ചത്. അക്കാലത്ത് പ്രധാനമന്ത്രിയുടെ വീട്ടിൽ വലിയ തർക്കങ്ങൾ ഉണ്ടാവാറുണ്ടായിരുന്നു. ഒരിക്കൽ ഇങ്ങനെ ഒരു തർക്കത്തിൽ ഇന്ദിരാഗാന്ധി കരഞ്ഞുപോയതായും, ധീരേന്ദ്ര ബ്രഹ്മചാരി അവരെ ആശ്വസിപ്പിക്കുന്നത് കണ്ടതായും ഖുഷ്വന്തസിങ്ങ് എഴുതിയിട്ടുണ്ട്.
അതോടൊപ്പം സ്വത്തുതർക്കവും ഉണ്ടായിരുന്നു. ബി.കെ. നെഹ്റുവിന്റെ ആത്മകഥയിൽ ഇങ്ങനെ പറയുന്നു: 'സഞ്ജയ്ഗാന്ധിയുടെ ശവസംസ്കാരത്തിന് പിറ്റേദിവസം ഞാൻ രാജീവിനോടു ചോദിച്ചു, പാർട്ടിക്കുവേണ്ടി സഞ്ജയ് ശേഖരിച്ച പണമൊക്കെ സുരക്ഷിതമാണോ എന്ന്. കോൺഗ്രസ് ഓഫീസിലെ അലമാരിയിൽനിന്നു കിട്ടിയത് ഇരുപതുലക്ഷം മാത്രമാണെന്ന് രാജീവ് പറഞ്ഞു. സഞ്ജയ് എത്ര ശേഖരിച്ചുവെന്ന് ഞാൻ അന്വേഷിച്ചു. കൈകൾകൊണ്ട് തലതാങ്ങിപ്പിടിച്ച് രാജീവ് പറഞ്ഞു, 'കോടികൾ, എണ്ണമില്ലാത്ത കോടികൾ?''. ഇങ്ങനെ രാജീവ് തന്നെ സമ്മതിച്ച ആ ശതകോടികൾ എവിടെപ്പോയി. എന്തായാലും അതിന്റെ ഒരു ചെറിയ ഭാഗംപോലും മേനകക്കും മകനും കിട്ടിയിട്ടില്ല.
ഇന്ദിര അടിച്ചിറക്കുന്നു
ഗാർഹിക പീഡന നിരോധന നിയമം നിലവിലുള്ള ഇന്നാണെങ്കിൽ, ഡൊമസ്റ്റിക്ക് വയലൻസിന് പ്രധാനമന്ത്രിക്കെതിരെ കേസ് എടുക്കാവുന്ന സംഭവങ്ങളാണ് അന്ന് ഇന്ദിരാഗാന്ധിയുടെ ദില്ലയിലെ സഫ്ദർജങ്ങ് റോഡിലെ വസതിയിൽ അരങ്ങേറിയത്. 1982 മാർച്ച് 28നാണ് മേനകയും മകനും അവിടെ നിന്ന് ഇറങ്ങേണ്ടി വന്നത്.
സ്പാനിഷ് എഴുത്തുകാരനായ ഹാവിയർ മോറോ തന്റെ 'ദി റെഡ് സാരി' എന്ന പുസ്തകത്തിൽ രാത്രിയിലെ സംഭവങ്ങൾ വിശദമായി വിവരിക്കുന്നുണ്ട്. മേനകാഗാന്ധിയോടും, അന്ന് അവിടെ ഉണ്ടായിരുന്നു പരിചാരകരോടുമൊക്കെ സംസാരിച്ചാണ്് ഹാവിയർ മോറോ ഈ പുസ്തകം എഴുതിയത്. അതിൽ ഇങ്ങനെ പറയുന്നു. 'ഭർത്താവിന്റെ പാരമ്പര്യം സഹോദരൻ തന്നിൽ നിന്ന് തട്ടിയെടുക്കയാണെന്ന സംശയം വന്നതോടെ മേനകയും രാഷ്ട്രീയത്തിൽ സജീവമായി. സഞ്ജയിന്റെ അനുയായികൾക്കൊപ്പം ലഖ്നൗവിൽ നടന്ന യോഗത്തിൽ പങ്കെടുത്ത് മേനക ചൂടേറിയ പ്രസംഗം നടത്തിയ വാർത്താത്തയായി. ഇന്ദിരാഗാന്ധി അന്ന് ലണ്ടനിലായിരുന്നു. താൻ പങ്കെടുക്കരുത് എന്ന് പറഞ്ഞ് വിലക്കിയിട്ടും മേനക യോഗത്തിൽ പ്രസംഗിച്ചത് ഇന്ദിരാഗാന്ധിയെ കോപാകുലയാക്കി.
1982 മാർച്ച് 28 ന് രാവിലെ മുതൽ മേനക വീട്ടിൽ പൂട്ടിയിടപ്പെട്ടു. ഇടക്ക് ഒരു വേലക്കാരൻ ഭക്ഷണം മുറിയിൽ എത്തിക്കും. 'മിസ്സിസ് ഗാന്ധി എന്നോട് പറയാൻ ആവശ്യപ്പെടുന്നു, കുടുംബത്തിലെ മറ്റുള്ളവരുമായി നിങ്ങൾ ഉച്ചഭക്ഷണത്തിന് ചേരരുതെന്ന്'- വേലക്കാരൻ പറഞ്ഞു. ഒരു മണിക്കൂറിന് ശേഷം, സേവകൻ വീണ്ടും മടങ്ങിയെത്തി. പ്രധാനമന്ത്രി അവരെ വിളിച്ചതായി പറഞ്ഞു. ഇടനാഴിയിലൂടെ ഇറങ്ങുമ്പോൾ മേനകയുടെ കാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. പക്ഷേ സിറ്റിങ് റൂമിൽ ആരും ഉണ്ടായിരുന്നില്ല. അവൾക്ക് കുറച്ച് മിനിറ്റ് കാത്തിരിക്കേണ്ടി വന്നു. വന്നപ്പോൾ തന്നെ ഇന്ദിര അലറുകയായിരുന്നു. 'ഉടനെ ഈ വീട്ടിൽ നിന്ന് പുറത്തുപോകൂ! ലഖ്നൗവിൽ സംസാരിക്കരുതെന്ന് ഞാൻ നിന്നോട് പറഞ്ഞു, പക്ഷേ നീ ആഗ്രഹിച്ചത് നീ ചെയ്തു. എന്നെ അനുസരിക്കില്ല! നിന്റെ ഓരോ വാക്കുകളിലും വിഷം ഉണ്ടായിരുന്നു. അത് എനിക്ക് അത് കാണാൻ കഴിയില്ലെന്ന് നീ കരുതുന്നുണ്ടോ. ഇപ്പോൾ തന്നെ ഈ വീട് വിടൂ! നിന്റെഅമ്മയുടെ വീട്ടിലേക്ക് മടങ്ങുക!''- ഇന്ദിര പറഞ്ഞു.
വാക്കുകൾ ചൂടുപിടിച്ചപ്പോൾ, വസ്ത്രങ്ങൾ ഒഴികെ വീട്ടിൽ നിന്ന് ഒന്നും എടുക്കരുതെന്ന് ഇന്ദിര മേനകയ്ക്ക് മുന്നറിയിപ്പ് നൽകി. മേനക തന്റെ മുറിയിൽ കയറി വാതിലടച്ച് കുറ്റിയിട്ടു. അവിടെ നിന്ന് അവളുടെ സഹോദരി അംബികയെ വിളിച്ച് എന്താണ് സംഭവിച്ചതെന്ന് പറഞ്ഞു, അവർ പത്രക്കാരെ വിളിച്ചുവരുന്നതി. ഖുഷ്വന്തസിങ്ങ് അടക്കമുള്ളവർക്ക് വിവരം കിട്ടുന്നത് അങ്ങനെയാണ്.
രാത്രിയിലെ മടക്കം
അന്ന് രാത്രി ഒമ്പത് മണിയോടെ, ഒരു വലിയ സംഘം അന്താരാഷ്ട്ര ലേഖകരടക്കം ഫോട്ടോഗ്രാഫർമാരും റിപ്പോർട്ടർമാരും പ്രധാനമന്ത്രിയുടെ വീടിന്റെ പ്രവേശന കവാടത്തിലെ ഗേറ്റിൽ ഒത്തുകൂടി. അവർക്ക് ഒരു വലിയ വാർത്തയായിരുന്നു അത്. പൊലീസ് സേനയെയും വൻതോതിൽ വിന്യസിച്ചു. മേനകയും സഹോദരി അംബികയും വസ്ത്രം പാക്ക് ചെയ്യമ്പോഴും മുറിയിലേക്ക് വന്ന, ഇന്ദിര പൊട്ടിത്തെറിച്ചു: 'ഇപ്പോൾ പുറത്തുകടക്കുക! നിങ്ങളോട് ഒന്നും കൊണ്ടുപോകരുതെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്.' അതോടെ അംബിക ഇടപെട്ടു: 'അവൾ പോകില്ല, ഇതാണ് അവളുടെ വീട്!' 'ഇത് അവളുടെ വീടല്ല,' രോഷാകുലരായ കണ്ണുകളോടെ ഇന്ദിര വിളിച്ചുപറഞ്ഞു. 'ഇത് ഇന്ത്യൻ പ്രധാനമന്ത്രിയുടെ വീടാണ്'.
സഹോദരിമാർ മേനകയുടെ സാധനങ്ങൾ പാക്ക് ചെയ്തപ്പോൾ, സെക്രട്ടറി ധവാനും ഗുരു ധീരേന്ദ്ര ബ്രഹ്മചാരിയും സന്ദേശവാഹകരായി പ്രവർത്തിക്കേണ്ടി വന്നു. രണ്ട് മണിക്കൂറുകൾക്ക് ശേഷം, മേനകയുടെ സാധനങ്ങൾ വാഹനത്തിൽ കയറ്റി. പക്ഷേ കൊച്ചുമകൻ വരുൺ ഗാന്ധി ഇവിടെ നിൽക്കട്ടെ എന്ന അഭിപ്രായമായിരുന്നു ഇന്ദിരാഗാന്ധിക്ക്. പക്ഷേ മകനില്ലാതെ പോകില്ലെന്ന് മേനക വാശിപിടിച്ചു. അവൾ വിജയിച്ചു. പതിനൊന്ന് മണി കഴിഞ്ഞപ്പോൾ, പാതിമയക്കത്തിലായിരുന്ന വരുണിനെ കൈകളിൽ പിടിച്ച് മേനക പുറത്തിറങ്ങി. കാറിൽ നിന്ന് മാധ്യമപ്രവർത്തകർക്ക് നേരെ കൈകാണിക്കുന്ന മേനകയുടെ ചിത്രം അന്താരാഷ്ട്ര മാധ്യമങ്ങളിൽവരെ വന്നു. '-ഹാവിയർ മോറോ തന്റെ 'ദി റെഡ് സാരി' എന്ന പുസ്തകത്തിൽ പറയുന്നു. പ്രധാനമന്ത്രിയായാലും ഇന്ത്യയിലെ അമ്മായി അമ്മമാർക്ക് യാതൊരു മാറ്റവും ഉണ്ടാവില്ല എന്നാണ് ചില വിദേശ മാധ്യമങ്ങൾ എഴുതിയത്.
അന്ന് മേനക ഈ അപമാനത്തിന് തിരിച്ചടി നൽകുമെന്ന് പ്രതിജ്ഞയെടുത്തു. താമസിയാതെ അവർ 'രാഷ്ട്രീയ സഞ്ജയ് മഞ്ച്' എന്ന പാർട്ടി സ്ഥാപിച്ചു. പക്ഷേ അത് ക്ലിക്കായില്ല. 1984ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധിക്കെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി അമേഠിയിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അന്ന് ഇന്ദിരാഗാന്ധി വധത്തെ തുടർന്നുള്ള അതിശക്തമായ സഹതാപ തരംഗവും ഉണ്ടായിരുന്നു എന്നോർക്കണം.
1988ൽ മേനക ജനതാദളിൽ ചേർന്നു. ഒരു വർഷത്തിനുശേഷം, 1989-ൽ ജനതാദൾ ടിക്കറ്റിൽ പിലിബിത്ത് സീറ്റിൽ മത്സരിച്ച് പാർലമെന്റ് അംഗമായി. 1991ലെ തിരഞ്ഞെടുപ്പിൽ പിലിഭിത്തിൽ നിന്ന് ജനതാദൾ ടിക്കറ്റിൽ അവർ പരാജയപ്പെട്ടു. 2004-ൽ പിലിഭിത്തിൽ നിന്ന് പാർട്ടി ടിക്കറ്റിൽ വിജയിച്ചതിന് ശേഷമാണ് അവർ ബിജെപിയുമായുള്ള യാത്ര ആരംഭിച്ചത്. 2016 കേന്ദ്ര മന്ത്രിയുമായി.
കൊച്ചുപുസ്തകമിറക്കി പ്രതികാരം
പക്ഷേ തന്റെ അമ്മായിഅമ്മയോട് അവർ പ്രതികാരം ചെയ്തത് പല്ലിന് പല്ല് കണ്ണിന് കണ്ണ് എന്ന ശൈലിയിൽ ആയിരുന്നു. ഇന്ദിരാഗന്ധിയുമായി, മലയാളിയായ നെഹ്റുവിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു എംഒ മത്തായിക്കും ധീരേന്ദ്രബ്രഹ്മചാരിക്കും ഉണ്ടായിരുന്ന രഹസ്യബന്ധം മേനക അങ്ങാടിപ്പാട്ടാക്കി.
1946 മുതൽ 1959 വരെയുള്ള കാലഘട്ടത്തിൽ നെഹ്റുവിന്റെ പ്രത്യേക സഹായിയായാണ് എംഒ മത്തായി ജോലി ചെയ്തത്. ക്രമേണ നെഹ്റുവിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായി അദ്ദേഹം മാറി. പിന്നീട് മത്തായി എഴുതിയ ആത്മകഥയാണ് 'നെഹ്റു യുഗത്തെക്കുറിച്ചുള്ള സ്മരണകൾ' എന്ന പുസ്തകം. നെഹ്റു കുടുംബത്തെക്കുറിച്ചുള്ള രഹസ്യങ്ങൾ പച്ചയ്ക്ക് വെളിപ്പെടുത്തുന്നതായിരുന്നു ആ പുസ്തകം. 'അവൾ' എന്ന തലക്കെട്ടോടുകൂടി ഇന്ദിരാഗാന്ധിയെക്കുറിച്ച് പരാമർശിക്കുന്ന അദ്ധ്യായമായിരുന്നു അതിൽ ഏറ്റവും ആകർഷകം. മത്തായി ഇന്ദിരാഗാന്ധിയുടെ രഹസ്യ കാമുകനാണെന്ന് ആ അധ്യായത്തിൽ പറയുന്നു. തന്നെ ഒരു കുതിരയാക്കിയാണ് ഇന്ദിര ഉപയോഗിച്ചതെന്ന് പച്ചക്ക് അയാൾ പറയുന്നു. നീണ്ട പന്ത്രണ്ട് വർഷക്കാലം തങ്ങൾ തമ്മിൽ ബന്ധമുണ്ടായിരുന്നെന്നും തന്നിൽ നിന്നും ഇന്ദിര ഒരിക്കൽ ഗർഭിണിയായെന്നും അന്ന് ഗർഭച്ഛിദ്രം ചെയ്യുകയാണുണ്ടായതെന്നും മത്തായി പറയുന്നു. ഇന്ദിരയെ കാണാനായി ഒരിക്കൽ മുറിയിലേയ്ക്ക് കടന്നുവന്ന മത്തായി കണ്ടത് ധീരേന്ദ്ര ബ്രഹ്മാചാരി എന്ന മനുഷ്യനും ഇന്ദിരയുമൊന്നിച്ചുള്ള ചില രംഗങ്ങളാണ്. അതായിരുന്നു ആ ബന്ധം അവസാനിക്കാനുണ്ടായ കാരണമെന്നും പുസ്തകം പറയുന്നു.
പക്ഷേ ഈ വിവാദ പുസ്തകം, പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് 'അവൾ' എന്ന അദ്ധ്യായം ഒഴിവാക്കപ്പെട്ടു. പിന്നീട് ആ പുസ്തകം ഇന്ത്യയിൽ നിരോധിക്കുകയും ചെയ്തു. പക്ഷേ മേനക വിട്ടില്ല. അവർ മത്തായിയെ തപ്പിപ്പിടിച്ച് അവൾ എന്ന അധ്യായം കൈവശപ്പെടുത്തി. അത് കോപ്പിയെടുത്ത് ഡൽഹിയിലെ പത്രക്കാർക്കും മറ്റ് ഉന്നതർക്കുമൊക്കെ എത്തിച്ചു. അങ്ങനെ അവർ പൊതുജനമധ്യത്തിൽ ഇന്ദിരയെ നാറ്റിച്ചു. പക്ഷേ അതിനുപിന്നിൽ താനാണെന്ന ഒരു തെളിവുകളും അവർ അവശേഷിപ്പിച്ചില്ല.
മേനകയെ ദ്രോഹിക്കാൻ കൂട്ടുന്ന നിന്ന ധീരേന്ദ്ര ബ്രഹ്മചാരിയും പിന്നീട് പ്രധാനമന്ത്രിയുടെ വീട്ടിൽനിന്ന് പുറത്തായി. ഇന്ദിരാഗാന്ധിയുടെ മൃതദേഹത്തിന് അരികെ നിൽക്കാൻ പോലും രാജീവ്ഗാന്ധി സമ്മതിച്ചില്ല.
അമ്മയെ കൈവിടാത്ത വരുൺ
മേനകാഗാന്ധി ഒരിക്കലും ഗാന്ധി കുടുംബത്തിലേക്ക് തിരിച്ചുവരില്ല എന്ന് ഏവർക്കുംഅറിയാമായിരുന്നു. എന്നാൽ വരുൺഗാന്ധിയെ അവർ നെഹ്റുകുടുംബം പലതവണ തറവാട്ടിലേക്ക് തിരിച്ചുകൊണ്ടുവരാൻ നീക്കം നടത്തിയതാണ്. ഒരുവേള വരുണിനും രാഹുലിനോടും, പ്രിയങ്കയോടും ഒരു സെന്റിമെൻസും ഉണ്ടായിരുന്നു. പക്ഷേ അമ്മയുടെ ഉറച്ച തീരുമാനമാണ് മകന്റെ മനസ്സുമാറ്റിച്ചത്. തന്റെ അമ്മ ജീവിതത്തിൽ അത്രയേറെ അനുഭവിച്ചസ്ത്രീ ആണെന്നാണ് വരുൺ ഒരു അഭിമുഖത്തിൽ പറഞ്ഞത്.
1980 ലെ പൊതുതെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി അധികാരം തിരിച്ചുപിടിച്ചതിന് തൊട്ടുപിന്നാലെയാണ് വരുൺ ജനിച്ചത്. അതോടെ അവൻ ഭാഗ്യപുത്രനായി വിലയിരുത്തപ്പെട്ടുന്നു. എന്നാൽ വരുണിന് മൂന്ന് മാസം പ്രായമുള്ളപ്പോൾ 1980 ജൂണിൽ ഒരു വിമാനാപകടത്തിൽ സഞ്ജയ് ഗാന്ധി മരിച്ചു. വരുണിന് നാല് വയസ്സുള്ളപ്പോൾ 1984 ഒക്ടോബർ 31 ന് ഇന്ദിര കൊല്ലപ്പെട്ടു. ന്യൂഡൽഹിയിലെ ഋഷി വാലി സ്കൂളിലും ബ്രിട്ടീഷ് സ്കൂളിലുമാണ് വരുൺ പഠിച്ചത്. അവിടെ അദ്ദേഹം സ്റ്റുഡന്റ് കൗൺസിൽ സ്ഥാനത്തേക്ക് മത്സരിച്ചു. ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എസ്സി നേടി.
1999ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അമ്മയാണ് വരുൺ ഗാന്ധിയെ പിലിഭിത് മണ്ഡലത്തിൽ പരിചയപ്പെടുത്തിയത്. 2009 ലെ പൊതുതിരഞ്ഞെടുപ്പിൽ മേനക ഗാന്ധിക്ക് പകരം വരുൺ ഗാന്ധിയെ പിലിബിത്ത് മണ്ഡലത്തിൽ നിന്ന് മത്സരിപ്പിക്കാൻ ബിജെപി തീരുമാനിച്ചു. അയാൾ വൻ ഭൂരിപക്ഷത്തലന് ജയിച്ചു. ആ തെരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബത്തിലെ നാല് സ്ഥാനാർത്ഥികളിൽ ഏറ്റവും വലിയ വിജയമായിരുന്നു അത്. അമ്മ മേനകാ ഗാന്ധി, അമ്മായി സോണിയ ഗാന്ധി , ഫസ്റ്റ് കസിൻ രാഹുൽ ഗാന്ധിയും അടക്കം നാലുപേരായിരുന്നു അന്ന് ഗാന്ധി കുടുംബത്തിൽനിന്ന് മത്സര രംഗത്ത് ഉണ്ടായിരുന്നത്.
വിനയാകുന്നത് വിദ്വേഷ വാക്കുകൾ
സഞ്ജയ് ഗാന്ധിയുടെ രക്തമായ വരുൺ വിദ്വേഷ പ്രസംഗങ്ങളിലൂടെയാണ് വാർത്തകളിൽ നിറയാറുള്ളത്. ആ അർത്ഥത്തിൽ അയാൾക്ക് പറ്റിയ പാർട്ടിയാണ് ബിജെപിയെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. പിലിഭിത്തിലെ ദൽചന്ദ് മൊഹല്ല പ്രദേശത്ത് നടന്ന യോഗത്തിൽ മുസ്ലീങ്ങളെ കുറിച്ച് പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് വരുണിനെതിരെ കേസെടുത്തിരുന്നു. ഇതിൽ കോടതി കുറ്റവിമുക്തനാക്കി. 2013 മാർച്ച് 5 ന്, 2009 ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീണ്ടും കേസ് ഉണ്ടായി. മുസ്ലീങ്ങളുടെ കൈവെട്ടണമെന്നൊക്കെയാണ് ഇയാൾ പരസ്യമായി പറയുക.
2013 മാർച്ചിൽ രാജ്നാഥ് സിങ് വരുൺ ഗാന്ധിയെ ബിജെപി ദേശീയ ജനറൽ സെക്രട്ടറിയായി നിയമിച്ചു. പാർട്ടിയുടെ എക്കാലത്തെയും പ്രായം കുറഞ്ഞ ജനറൽ സെക്രട്ടറിയായി. എഴുത്തുകാരൻ, കവി, കോളമിസ്റ്റ് എന്ന നിലയിലും വരുൺ അറിയപ്പെടുന്നുണ്ട്. 2000-ൽ 20ാം വയസ്സിൽ തന്റെ ആദ്യ കവിതാസമാഹാരം 'ദ അദർനെസ് ഓഫ് സെൽഫ്' എഴുതി. രണ്ടാം കവിതാസമാഹാരമായ 'നിശ്ചലത', 2015 ഏപ്രിലിൽ ഹാർപ്പർകോളിൻസ് പ്രസിദ്ധീകരിച്ചു. റിലീസ് ചെയ്ത് ആദ്യ രണ്ട് ദിവസങ്ങളിൽ 10,000ത്തിലധികം കോപ്പികൾ വിറ്റുപോയി. 2018ൽ, ഇന്ത്യൻ ഗ്രാമീണ സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള 'ദി റൂറൽ മാനിഫെസ്റ്റോ' എന്ന പുസ്തകവും ബെസ്റ്റ് സെല്ലറാണ്.
അതുപോലെ മതന്യൂനപക്ഷങ്ങൾക്കെതിരായ വിദ്വേഷ പ്രസംഗത്തിന് പേരുകേട്ടതാണ് മേനകാ ഗാന്ധിയും. പാലക്കാട് മണ്ണാർക്കാട് മുമ്പ് ആനകൾ ട്രെയിൻ തട്ടി മരിച്ചപ്പോൾ അതിനെ മലപ്പുറത്തെ മുസ്ലീങ്ങളുമായി ബന്ധപ്പെടുത്തി അവർ പറഞ്ഞ പ്രസ്താവന വ്യാപകമായി അപലപിക്കപ്പെട്ടു. അതുപോലെ മനുഷ്യനെ മറന്നുള്ള മൃഗസ്നേഹത്തിന്റെ പേരിലും, മേനകാഗാന്ധി വിമർശിക്കപ്പെടുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് മേനകയും മകനും അവർ അർഹിക്കുന്ന പാർട്ടിയിൽ തന്നെയാണ് എത്തിയെന്ന് കോൺഗ്രസ് പറയുന്നത്.
ഇനി പറയുക. ഒരു അനിൽ ആന്റണിയൊക്കെ എന്താണ്. ഇന്ദിരയുടെ മരുമകൾക്കും പേരക്കുട്ടിക്കുംപോലും കോൺഗ്രസ് വിടാമെങ്കിൽ, എ കെ ആന്റണിയുടെ മകൻ എന്ന വികാരവായ്പ്പോടെ അനിൽ ആന്റണിയുടെ പോക്കിന്റെ പേരിൽ വിലപിക്കേണ്ട കാര്യമെന്താണ്. പാരമ്പര്യവും, പൈതൃകവും ഒന്നുമല്ല. അതാതുകാലത്തെ രാഷ്ട്രീയ സാഹചര്യങ്ങളാണ്, ഈ മാറ്റങ്ങൾക്ക് ഇടയാക്കുന്നത്.
വാൽക്കഷ്ണം: കോടിയേരി ബാലകൃഷ്ണന്റെ മക്കളായ ബിനോയും, ബിനീഷും നിരന്തരമായി വിവാദങ്ങളിൽ പെട്ടപ്പോൾ സിപിഎമ്മുകാർ ഉയർത്തിയ പ്രതിരോധം, മക്കൾ മുതിർന്ന് കഴിഞ്ഞാൽ അവർ ചെയ്യുന്നതിന് പിതാവിന് എന്തുകാര്യം എന്നാണ്. ആ ന്യായീകരണം എ കെ ആന്റണിക്കും ബാധകമാവില്ലേ. പ്രായപൂർത്തിയായി, മുതിർന്ന് വളർന്ന അനിൽ ആന്റണി ഏത് പാർട്ടിയിൽ ചേരണമെന്ന് അയാൾ തന്നെയല്ലേ തീരുമാനിക്കേണ്ടത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ