- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അറിയരുതേ രാധയറിയരുതേ ഗുരുവായൂരപ്പാ നിന്‍ രഹസ്യം'; 25 വര്‍ഷം മുമ്പ് കോട്ടയത്ത് തുടങ്ങിയ ഭജനസംഘം ഇന്ന് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന ആഗോള ബാന്‍ഡ്; ഭക്തിയും സംഗീതവും ചേര്‍ത്ത 'ഡിവോഷണല്‍ റോക്ക്സ്റ്റാര്‍സ്'; ന്യൂജന്‍ സംഗീത വിസ്മയം നന്ദഗോവിന്ദം ഭജന്‍സിന്റെ കഥ!
നന്ദഗോവിന്ദം ഭജന്‍സിന്റെ കഥ!

'രാധ തന്‍ പ്രേമത്തോടാണോ കൃഷ്ണാ...
ഞാന്‍ പാടും ഗീതത്തോടാണോ
പറയൂ നിനക്കേറ്റം ഇഷ്ടം പക്ഷേ,
പകല്‍പോലെ ഉത്തരം സ്പഷ്ടം''-
ആ ചെറുപ്പക്കാര്‍ അങ്ങോട്ട് പാടിത്തിമര്‍ക്കുമ്പോള്‍ ജനം ഇളകിമറിയുകയാണ്. അവസാനം അവര്‍ 'അറിയരുതേ രാധയറിയരുതേ ഗുരുവായൂരപ്പാ നിന്‍ രഹസ്യം' എന്ന് പാടി അവസാനിപ്പിക്കുമ്പോള്‍, അവര്‍ക്കൊപ്പം ഏത് ശിലാഹൃദയനും ചുണ്ടനക്കിപ്പോവും. അതാണ് നന്ദഗോവിന്ദം ഭജന്‍സ്! ഏറെക്കാലത്തിനുശേഷം, മലയാളികളുടെ ഹൃദയത്തില്‍ ഭക്തിയും സംഗീതവും ചേര്‍ന്നൊരു പുതിയ അനുഭവമായി അവര്‍ ഒഴുകിയെത്തുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡ് സെറ്റര്‍മാരും, ഈ 'ന്യൂജെന്‍ ഭജന്‍' സംഘമാണ്.
എവിടെ പരിപാടി അവതരിപ്പിച്ചാലും ആയിരങ്ങളാണ് കാഴ്ചക്കാരായി എത്തുന്നത്. നന്ദഗോവിന്ദം ഭജന്‍സ് കേരളത്തിലെ ഒരു പ്രദേശത്ത് പരിപാടിവെച്ചാല്‍, അന്ന് ഗതാഗതക്കുരുക്കില്‍ അവിടം സ്തംഭിക്കും. ഭക്തിയും സംഗീതവും ചേര്‍ത്തുള്ള 'ഡിവോഷണല്‍ റോക്ക്' തരംഗത്തിന് ഇവര്‍ തുടക്കംകുറിച്ചു കഴിഞ്ഞു. പരമ്പരാഗത ഭജനകളില്‍ നിന്ന് മാറി ഡ്രംസ്, ഗിറ്റാര്‍ തുടങ്ങിയ പാശ്ചാത്യ സംഗീത ഉപകരണങ്ങളുടെ അകമ്പടിയോടെയാണ് ഇവര്‍ ഗാനങ്ങള്‍ അവതരിപ്പിക്കുന്നത്. ഇന്‍സ്റ്റാഗ്രാം റീല്‍സുകളിലും യൂട്യൂബിലും ഇവരുടെ ഷോകള്‍ വൈറലാകുന്നത്, പരമ്പരാഗതമായ ശീലുകളില്‍ നിന്ന് മാറി യുവാക്കള്‍ക്ക് കൂടി ആസ്വദിക്കാവുന്ന രീതിയിലുള്ള 'എനര്‍ജിറ്റിക്' പ്രകടനങ്ങള്‍ കൊണ്ടാണ്. മികച്ച ലൈറ്റിംഗും ശബ്ദസംവിധാനവും ഉപയോഗിച്ചുള്ള അവരുടെ സ്റ്റേജ് ഷോകള്‍, അവിസ്മരണീയമായ ഒരു ദൃശ്യാനുഭവമാവുകയാണ്.
സിനിമ ഗാനങ്ങളും പരമ്പരാഗത ഭജനകളും കോര്‍ത്തിണക്കിയുള്ള ഇവരുടെ 'മെഡ്‌ലി' ശൈലി ലോകത്തിന്റെ എല്ലായിടത്തുമുള്ള മലയാളികള്‍ ആഘോഷിക്കയാണ്. ഇന്‍സ്റ്റാഗ്രാമിലും മറ്റും തരംഗമായ ശിവഭജനയായ നാഗഭൂഷിത മെഡ്‌ലി, 'മാണിക്യമണി മുത്തുമാല' 'കണ്ണോളം കണ്ടത് പോര' എന്നിങ്ങനെയുള്ള അയ്യപ്പ മെഡ്ലി, സിംഗിള്‍സായ മകരനിലകുളിര്‍, ഗാനാധിപതി അങ്ങനെ പോകുന്ന നന്ദഗോവിന്ദം ഭജന്‍സിന്റെ ഹിറ്റുകള്‍. ആസ്വാദകഹൃദയങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ആനന്ദ ലഹരിയില്‍ ആറാടിച്ച് അവര്‍ ജെത്രയാത്ര തുടരുകയാണ്.
വേടന്‍ ഒക്കെ പെടുന്ന ഇടതുപക്ഷ പൊളിറ്റക്കല്‍ റാപ്പര്‍മാര്‍ ഒരു ഭാഗത്തുനില്‍ക്കുമ്പോള്‍, മറുഭാഗത്ത് ഭക്തിഗാന തരംഗം തീര്‍ത്ത്, നന്ദഗോവിന്ദമുണ്ട്. പക്ഷേ പലരും കരുതുന്നതുപോലെ, ട്രെന്‍ഡിനൊപ്പിച്ച് തട്ടിക്കൂട്ടിയ, ന്യൂജന്‍ പിള്ളേരെ മാത്രം ലക്ഷ്യമിട്ടുവന്ന ഒരു ഭക്തിപ്രസ്ഥാനമല്ല അവര്‍. കഴിഞ്ഞ കാല്‍നൂറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുള്ളവരാണ്. പൂച്ചെണ്ടുകള്‍ക്കൊപ്പം, വിമര്‍ശനത്തിന്റെ കാരമുള്ളുകളും ഏറ്റുവാങ്ങി വളര്‍ന്നവരാണ് അവര്‍.
കാല്‍നൂറ്റാണ്ട് പിന്നിട്ട സംഗീത യാത്ര
25 വര്‍ഷങ്ങള്‍ക്കു മുമ്പ് കോട്ടയത്തെ നട്ടാശ്ശേരിയില്‍ രാജേന്ദ്ര പണിക്കര്‍ ആരംഭിച്ച ചെറുപ്പക്കാരുടെ ഒരു കൂട്ടായ്മയായിരുന്നു ശ്രീദുര്‍ഗ്ഗ ഭജനസമിതി. ഈ കൂട്ടായ്മ പിന്നീട് 'നന്ദഗോവിന്ദം ഭജന്‍സ്'' ആയി പരിണമിക്കുകയായിരുന്നു. രാജേന്ദ്ര പണിക്കര്‍ അദ്ദേഹത്തിന്റെ കാഴ്ച നഷ്ടപ്പെടുന്ന സമയത്ത് ആരംഭിച്ച ഭജനപ്രസ്ഥാനമാണിത്. പണിക്കര്‍ക്ക് പാടാനുള്ള വേദിയൊരുക്കാനും അദ്ദേഹത്തെ സഹായിക്കാനുമാണ് ഈ സംഘം രൂപീകരിച്ചത്. നട്ടാശ്ശേരിയിലുള്ള വേമ്പിന്‍ കുളങ്ങര ക്ഷേത്രത്തിലായിരുന്നു നന്ദഗോവിന്ദം ഭജന്‍സ് ആദ്യമായി ഭജന അവതരിപ്പിച്ചിരുന്നത്. നിരവധി തവണ ഈ ക്ഷേത്ര മുറ്റത്ത് ഭജന അവതരിപ്പിച്ചു. പിന്നീട് ചുറ്റുപാടുള്ള രണ്ടു മൂന്നു പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലും ഭജന അവതരിപ്പിച്ചു.
നന്ദഗോവിന്ദം ഭജന്‍സിന്റെ പ്രധാന ഗായകനായ നവീന്‍ ആ കാലം ഒരു അഭിമുഖത്തില്‍ ഇങ്ങനെ ഓര്‍ത്തെടുക്കുന്നു-'സാധാരണ നാട്ടുമ്പുറങ്ങളില്‍ കാണാറുള്ള ഭജന സമിതി പോലൊരു സമിതിയായിരുന്നു. ഇപ്പോഴും നന്ദഗോവിന്ദം ഭജന്‍സിന്റെ ഒപ്പമുള്ള അനുരാജ് ചേട്ടനും തുടക്കക്കാരനായി ഈ പ്രസ്ഥാനത്തോടൊപ്പം ഉണ്ട്. നാട്ടിലെ ഒരു കൂട്ടം ചെറുപ്പക്കാരാണ് പ്രധാന അംഗങ്ങള്‍. കോട്ടയം ജില്ലയിലെ നട്ടാശ്ശേരിയിലുള്ള വേബിന്‍ കുളങ്ങര ക്ഷേത്രത്തില്‍ ഒരുപാട് തവണ ഞങ്ങള്‍ ഭജന അവതരിപ്പിച്ചു. ഒപ്പം ചുറ്റുപാടുള്ള രണ്ടു മൂന്നു പ്രധാനപ്പെട്ട ക്ഷേത്രങ്ങളും ഞങ്ങളുടെ ഭജന സമിതിയെ വളര്‍ത്താന്‍ ഘടകങ്ങളായി. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ സമിതിയുടെ അംഗമാകുന്നത്.ആ സമയത്ത് ഞാന്‍ കര്‍ണാടിക് ക്ലാസിക്കല്‍ സംഗീതം പഠിക്കുന്നുണ്ട്. പാടാന്‍ വേണ്ടി ക്ഷണിച്ചു..പഠിക്കുന്ന സമയമായതുകൊണ്ട് തന്നെ എന്റെ മാതാപിതാക്കള്‍ പാട്ടൊന്നും പാടി നടക്കേണ്ട എന്ന് പറഞ്ഞിരുന്നെങ്കില്‍ ഇന്ന് നന്ദഗോവിന്ദം ഭജന്‍സിന്റെ ഭാഗമാകാന്‍ ഞാന്‍ ഉണ്ടാകില്ലായിരുന്നു.''- നവീന്‍ പറയുന്നു.
പിന്നീട് സംഘം പലവഴിക്ക് പിരിഞ്ഞ് പോയെങ്കിലും കോവിഡ് കാലത്ത് ഇവരുടെ ഈണങ്ങള്‍ മലയാളികളുടെ മനസിലേക്ക് വീണ്ടും ഒഴുകിയെത്തുകയായിരുന്നു. ഇന്ന് കേരളത്തിലും യുഎഇയിലും കാനഡയിലും നന്ദഗോവിന്ദം ഭജന്‍സിന് ആസ്ഥാനം ഉണ്ട്. വളര്‍ച്ചയില്‍ യുഎഇയിലെ കലാകാരന്മാര്‍ നല്‍കിയ പങ്ക് ഒട്ടും ചെറുതല്ല. നാട്ടിലെ പ്രസ്ഥാനത്തോടൊപ്പം തന്നെ യുഎഇ അംഗങ്ങളുടെയും കഠിനാധ്വാനം ഈ പ്രസ്ഥാനത്തിന്റെ ഇപ്പോഴുള്ള പേരിന് പിന്നിലുണ്ട്. നന്ദഗോവിന്ദം ഭജന്‍സിന്റെ യുഎഇ പ്രവര്‍ത്തന മേഖല നവീനാണ് കൈകാര്യം ചെയ്യുന്നത്
'2017 കാലഘട്ടത്തിനു മുമ്പ് വര്‍ഷത്തില്‍ ഒരു പരിപാടി മാത്രമാണ് ഞങ്ങള്‍ അവതരിപ്പിച്ചിരുന്നത്. ഒരു പ്രോഗ്രാം പോലുമില്ലാത്ത വര്‍ഷങ്ങളും ഉണ്ടായിരുന്നു. ആ സമയത്ത് ഞാന്‍ യുഎഇയിലേക്ക് വിമാനം കയറി. പക്ഷേ ഭജന്‍സിന്റെ സംഘാംഗങ്ങളുമായി ഒരിക്കലും സൗഹൃദത്തിന് വിടവ് സൃഷ്ടിച്ചില്ല. പരിപാടികള്‍ ലഭിച്ചില്ല എങ്കിലും നിരന്തരം പ്രാക്ടീസ് ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു. യുഎഇയില്‍ ജോലി കഴിഞ്ഞുള്ള സമയത്ത് ഞാന്‍ അടക്കമുള്ള അംഗങ്ങള്‍ സ്ഥിരമായി ഒത്തുകൂടി പ്രാക്ടീസ് ചെയ്തു തുടങ്ങി. പ്രാക്ടീസ് സെഷനുകള്‍ വീഡിയോ രൂപത്തില്‍ ചിത്രീകരിക്കുകയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. അതില്‍ ഒന്ന് രണ്ട് ഗാനങ്ങള്‍ പതുക്കെ ശ്രദ്ധിക്കപ്പെട്ടു. പലരും വീഡിയോ ഷെയര്‍ ചെയ്തു തുടങ്ങി. നിരവധി ഓണ്‍ലൈന്‍ പേജുകള്‍ ഞങ്ങളുടെ വീഡിയോ ഏറ്റെടുത്തു. ഒരുപക്ഷേ പുനര്‍ജന്മത്തിന്റെ തുടക്കം അവിടെ നിന്നായിരുന്നു. പരിപാടികള്‍ കുറഞ്ഞത് മൂലം നന്ദഗോവിന്ദം ഭജന്‍സ് ആള്‍ക്കാരുടെ മനസ്സില്‍ നിന്നും മറഞ്ഞു തുടങ്ങുന്ന സമയത്താണ് സോഷ്യല്‍ മീഡിയയിലൂടെ ഒരു പുനര്‍ജന്മം സംഭവിക്കുന്നത്. ''- നവീന്‍ അഭിമുഖത്തില്‍ പറയുന്നു.
സോഷ്യല്‍ മീഡിയകള്‍ ശ്രദ്ധിക്കപ്പെട്ടതോടെ അവര്‍ക്ക് പരിപാടികള്‍ ലഭിച്ചു തുടങ്ങി. അപ്പോഴേക്കും കൊവിഡ് കാലം കടന്നുവന്നു. വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ ലൈവ് സെഷന്‍സ് ചെയ്യാന്‍ ആരംഭിച്ചു. ആ സമയത്താണ് 'മനോഹരി രാധേ രാധേ...' എന്ന പാട്ട് അപ്ലോഡ് ചെയ്യുന്നത്. അത് വൈറലായി. പിന്നെ അവര്‍ തിരിഞ്ഞുനോക്കിയിട്ടില്ല.
സിനിമാഗാനങ്ങള്‍ ഭജനാക്കിയ പരീക്ഷണം
ഒരു ഭജനയെന്നാല്‍ മലയാളിയുടെ മനസ്സില്‍വരുന്ന സാമ്പ്രദായിക സങ്കല്‍പ്പങ്ങളെ പൊളിച്ചുമാറ്റിയാണ് നന്ദഗോവിന്ദം ഭജന്‍സ് കയറിവന്നത്. കേരളംപോലുള്ള സ്ഥലത്ത് അത്ര ജനപ്രിയമൊന്നുമല്ല ഭജനകള്‍. തമിഴ്നാട്ടിലും കര്‍ണാടകയിലും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ഭജന എന്നു പറയുന്നത് സാധാരണ ജനങ്ങള്‍ക്കിടയിലേക്ക് വളര്‍ന്നു പന്തലിച്ച ഒന്നാണ്. പക്ഷേ കേരളത്തിലെ ഭജനകളില്‍ ഭക്തിഗാനങ്ങള്‍ മാത്രമാണ് പാടിയിരുന്നത്. അവിടെ സിനിമാപാട്ടുകള്‍ ഉണ്ടായിരുന്നില്ല. നന്ദഗോവിന്ദം ഭജന്‍സ് അത് പൊളിച്ചു. സിനിമാഗാനങ്ങള്‍ ഭജന ശൈലിയിലേക്ക് മാറ്റാനുള്ള പരീക്ഷണമാണ് ഇവരുടെ ഭജനയെ വ്യത്യസ്തമാക്കിയൊരു ഘടകം. മനോഹരി രാധേ രാധേ, കാതലേ കാതലേ പോലുള്ള സിനിമാഗാനങ്ങളും ഭജന ഫ്യൂഷന്‍ രൂപത്തില്‍ അവതരിപ്പിച്ചപ്പോള്‍ അത് മലയാളികള്‍ ഏറ്റെടുക്കുകയായിരുന്നു. ഗാനത്തിന്റെ ആത്മാവിനെ നഷ്ടപ്പെടുത്താതെ ചെറിയ മാറ്റങ്ങള്‍ വരുത്തിയതോടെ നിറഞ്ഞ കൈയടികളാണ് ആസ്വാദകര്‍ അതിന്റെ സ്വീകരിച്ചത്.
കേരളത്തിലെ ഭക്തിഗാനശാഖയും യേശുദാസും, എംജി ശ്രീകുമാറും പാടിയ അയ്യപ്പഭക്തിഗാനങ്ങളും, ഗൂരുവായൂരപ്പ ഗാനങ്ങളും അവര്‍ പൊടിതട്ടിയെടുത്തു. പലതും യേശുദാസിനേക്കാള്‍ ഫീല്‍ കൊടുത്ത് ന്യൂജന്‍ രീതിയില്‍ അവതരിപ്പിക്കാനായി. അതുവരെ കേരളം കേട്ട കച്ചേരികളില്‍ നിന്നും ഭജനകളില്‍നിന്നും വേറിട്ടായിരുന്നു അവരുടെ അവതരണം. മറ്റുള്ളവയില്‍ ഒരാള്‍ മാത്രമാണ് പാടുന്നത്. പക്ഷേ ഇവിടെ ഒരു ഗ്രൂപ്പാണ് പാടുന്നത്. ഭജന്‍ എന്ന കലാരൂപത്തിന്റെ ഘടനയ്ക്ക് വ്യത്യാസം വരുത്താതെ ഇന്നൊവേഷന്‍ നടത്താന്‍ അവര്‍ക്ക് കഴിഞ്ഞു. അതുപോലെ സംഗീത ഉപകരങ്ങളുടെ കാര്യത്തിലും പരമ്പരാഗത വരണ്ട രീതി അവര്‍ പൊളിച്ചെഴുതി. സാധാരണ ഭജനകളില്‍ ഹാര്‍മോണിയം, തബല തുടങ്ങിയ ഉപകരണങ്ങളാണ് ഉപയോഗിക്കാറുള്ളത്.
എന്നാല്‍ കീബോര്‍ഡും വയലിനും ഒക്കെ ഉപയോഗിച്ച് ഭജനയില്‍ പുതുമ തീര്‍ക്കുകയായിരുന്നു നന്ദഗോവിന്ദം ഭജന്‍സ്. ഗിറ്റാര്‍, ഡ്രംസ് തുടങ്ങിയ ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് ഭജനകളെ ന്യൂജനുകൂടി കൂടി ഇഷ്ടപ്പെടുന്ന രീതിയിയിലേക്ക് ഇവര്‍ പിന്നെയും മാറ്റി. ഇപ്പോള്‍ അവരുടെ ചുവടുപിടിച്ച് ഗിറ്റാറും ജാസും അടക്കമുള്ളവയുമായി രൗദ്രശിവതാളം കൊട്ടുന്ന ഭജന സംഘങ്ങള്‍ തന്നെയുണ്ട്.
സിനിമാഗാനങ്ങള്‍ ഭജന്‍സ് മാതൃകയില്‍ പാടിയാല്‍ ജനങ്ങളുടെ ഇഷ്ടം പിടിച്ചു പറ്റാം എന്നത് പ്ലാന്‍ ചെയ്ത കാര്യമല്ല എന്ന നവീന്‍ പറയുന്നു. 'മനാഹരി രാധേ രാധേ... സംഭവിച്ചു. പിന്നീട് പല പ്രാക്ടീസ് സെഷനുകളിലും നമ്മള്‍ക്ക് ഇഷ്ടപ്പെട്ട പാട്ടുകള്‍ എങ്ങനെ ഭജന്‍സ് ആക്കാം എന്ന് ഞാനും പ്രവീണും സ്ഥിരമായി ചര്‍ച്ച ചെയ്യുക പതിവായി. ഏതു പാട്ടിന്റെന്റെ കൂടെ ഏതു പാട്ട് ചേര്‍ക്കണം? രണ്ടു പാട്ടുകളെ പരസ്പരം എങ്ങനെ കണക്ട് ചെയ്യണം എന്നതിനെ കുറിച്ചൊക്കെ ചര്‍ച്ചചെയ്യും, പരീക്ഷിച്ചുനോക്കും. രണ്ടും മൂന്നും സിനിമാഗാനങ്ങള്‍ ഒരൊറ്റ പാട്ടില്‍ യോജിപ്പിച്ച് പാടുമ്പോള്‍ എല്ലാം വേറെയാണെന്ന് ഒരിക്കലും പ്രേക്ഷകര്‍ക്ക് തോന്നരുത്. അതൊരു വലിയ ചലഞ്ച് ആയിരുന്നു. അതിനുവേണ്ടി ഒറിജിനല്‍ പാട്ടിന്റെ ലിറിക്സില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തും. ഒരുപാട് മാറ്റങ്ങള്‍ ഒന്നും ഒരിക്കലും വരത്തില്ല. ഒറിജിനല്‍ പാട്ടിന്റെ ആത്മാവ് നഷ്ടപ്പെടുന്ന പ്രവൃത്തിയും ചെയ്യില്ല. ഒറിജിനല്‍ സംഗീത സംവിധായകനോടും ഗാനരചയിതാവിനോടും നമ്മള്‍ ഒരു മാന്യത കാണിക്കണം. കേള്‍വിക്കാരനും ഒറിജിനല്‍ ക്രിയേറ്ററിനും പരാതി തോന്നാനും പാടില്ല. അധികം വൈറലായ കാതലേ കാതലേ എന്ന പാട്ടൊക്കെ പ്രാക്ടീസേഷന്‍ ഇടയില്‍ വളരെ നാച്ചുറലായി വന്നു കയറിയതാണ്. ഒരു പ്രത്യേക പാട്ട് എടുത്ത് മനഃപൂര്‍വംവ്വം ഭജന്‍സിനിടയില്‍ കുത്തിക്കയറ്റാന്‍ ഞങ്ങള്‍ ശ്രമിക്കാറില്ല. ഇത്തരം പരീക്ഷണങ്ങള്‍ ഒക്കെ പ്രാക്ടീസ് സെഷനില്‍ നമുക്ക് ആസ്വദിക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ കേള്‍ക്കാന്‍ എത്തുന്ന പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടും എന്ന് ധാരണ ഉണ്ടാകും''- നവീന്‍ പറയുന്നു.
കാണികളെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന സംവേദനാത്മകമായ ഭജന പരിപാടികള്‍ ഇവരുടെ പ്രത്യേകതയാണ്. തൃശുരില്‍ വന്നപ്പോള്‍ അവര്‍ തൂവാനത്തുമ്പികളിലെ 'ഒന്നാംരാഗം പാടി ഒന്നിനെമാത്രം തേടി' എന്ന പ്രശസ്തമായ ഗാനത്തിലെ അനുപല്ലവിയായ 'ഈ പ്രദക്ഷിണവീഥികളില്‍ ' എന്ന വരി ഒരു ഭജനാക്കി അവതരിപ്പിക്കുന്ന ടെക്ക്നിക്കുണ്ട്. അസാധ്യം എന്ന് പറയണം. ഒപ്പം അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള സ്റ്റേജും ലൈറ്റപ്പും. പുറത്ത് എല്‍ഇഡി വാള്‍ വെച്ച് അതിലുടെ പാടുന്ന പാട്ടിന്റെ വിഷ്വല്‍സും ഒപ്പം മനോഹരമായ ലൈറ്റിങ്ങും ചേരുമ്പോള്‍ വല്ലാത്ത ഒരു അനുഭൂതിയാണ് ആസ്വാദകമനസ്സുകളിലേക്ക് എത്തുന്നത്.
കാനഡയിലേക്കും പടരുന്നു
ഇന്ന് 45-ഓളം അംഗങ്ങളുള്ള ഒരു വലിയ കൂട്ടായ്മയായി ഇത് വളര്‍ന്നിട്ടുണ്ട്. നവീന്‍ മോഹന്‍ / നവീന്‍ ശ്രീധരന്‍ എന്നിവരാണ് ഗൂപ്പിന്റെ പ്രധാന സംഘാടകനും മുന്‍നിര ഗായകരും. ശ്രീലാല്‍ വേണുവാണ് ലീഡ് സിംഗര്‍. പ്രവീണ്‍ ആനന്ദ് സ്ഥാപകാംഗവും പ്രധാന ഗായകനുമാണ്.
വിഷ്ണു വേണുഗോപാല്‍, ബിജു ചാലക്കുടി എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് പ്രമുഖ അംഗങ്ങള്‍. അന്തരിച്ച രാജേന്ദ്ര പണിക്കരുടെ മകന്‍ ഉണ്ണിക്കൃഷ്ണനും ഈ സംഘത്തിലുണ്ട്. അര്‍വിന്ദ് നായര്‍, അഭിരാമി അജയ് തുടങ്ങിയ അതിഥി ഗായകരും പലപ്പോഴായി ഇവരോടൊപ്പം ചേരാറുണ്ട്. പ്രവീണാണ് നന്ദഗോവിന്ദം ഭജന്‍സിന്റെ കാനഡയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. എല്ലാ വീക്കെന്‍ഡിലും ഇപ്പോള്‍ ഇവര്‍ നാട്ടിലേക്കുള്ള യാത്ര പതിവാണ്. ശ്രീലാലും മനുവും ആണ് കേരളത്തിലെ നന്ദഗോവിന്ദം ഭജന്‍സിനജന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
'ഞങ്ങളുടെ അംഗങ്ങളെല്ലാവരും നല്ല സുഹൃത്തുക്കളില്‍ ഉപരി പരസ്പരം സഹോദര തുല്യരായാണ് നോക്കിക്കാണുന്നത്.ഞങ്ങള്‍ അംഗങ്ങള്‍ തമ്മിലുള്ള വൈകാരിക അടുപ്പം തന്നെയാണ് ഞങ്ങളുടെ സൃഷ്ടികള്‍ ജനങ്ങളുടെ ഹൃദയത്തിലേക്ക് വൈകാരികമായി കയറിപ്പറ്റാന്‍ അടിസ്ഥാനപരമായി കാരണമാകുന്നത്. ഞങ്ങളുടെ കുടുംബത്തില്‍ എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടായാല്‍ ഉടന്‍തന്നെ പരിഹരിക്കപ്പെടും. പരിഹരിക്കപ്പെടുന്ന ആ നിമിഷം തന്നെ ഞങ്ങള്‍ തമ്മിലുള്ള സ്നേഹത്തിന്റെ ആഴം കൂടുതല്‍ ദൃഢമാകും. ഞങ്ങളെല്ലാവരും തമ്മിലുള്ള ഒരു ബോണ്ട് മാജിക്കലായി അനുഭവപ്പെടാറുണ്ട്. തുടക്കകാലം മുതല്‍ ഭാഗമായവര്‍ ഉണ്ട്, അടുത്തിടെ എത്തിച്ചേര്‍ന്നവരുണ്ട്. കുറച്ചു വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവരുണ്ട്.. അംഗങ്ങള്‍ ആരും തന്നെ സാമ്പത്തികമായ ലാഭം മുന്നില്‍ കണ്ടുകൊണ്ട് നന്ദ ഗോവിന്ദം ഭജന്‍സിന്റെ ഭായികമായവരല്ല.
എത്രയോ സ്ഥലങ്ങളില്‍ പ്രോഗ്രാം അവതരിപ്പിച്ചിട്ട് ചെലവ് പോലും ലഭിക്കാതെ വന്നിട്ടുണ്ട്. പാഷന്റെ അടിസ്ഥാനത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന അംഗങ്ങളാണ് ഞങ്ങള്‍ക്കുള്ളത്.''- നവീന്‍ പറയുന്നു.
പക്ഷേ ഇന്ന് ലക്ഷങ്ങള്‍ വിലയുള്ള ഒരു അന്താരാഷ്ട്ര ബ്രാന്‍ഡായി അവര്‍ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ ഇവരുടെ ഒരു പരിപാടി കിട്ടാല്‍ മാസങ്ങള്‍ ബുക്ക് ചെയ്ത കാത്തിരിക്കേണ്ട അവസ്ഥയാണ്. അതിവൈകാരികമായാണ് പലരും ഇവരെ ചേര്‍ത്തുവെക്കുന്നത്. 'ചില വ്യക്തികള്‍ അയക്കുന്ന മെസ്സേജുകള്‍ വായിച്ചിട്ട് നമ്മുടെ കണ്ണുകള്‍ തന്നെ ഈറനണിയാറുണ്ട്. അര്‍ബുദരോഗികള്‍, ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവര്‍ നമ്മുടെ പാട്ട് കേട്ടിട്ട് വളരെ വൈകാരികപരമായ മെസ്സേജുകള്‍ പേഴ്സണലായി അയക്കാറുണ്ട്. ഞങ്ങളുടെ പാട്ടുകള്‍ ജീവിതവുമായി കണക്ട് ചെയ്യുന്നു എന്ന തരത്തിലുള്ള മെസ്സേജുകള്‍ വീഡിയോകളുടെ കമന്റ് ബോക്സില്‍ വായിക്കാവുന്നതാണ്. എന്നാല്‍ കമന്റ് ബോക്സില്‍ വരുന്നതിനേക്കാള്‍ വളരെ വൈകാരികപരമായ എഴുത്തുകളാണ് പേഴ്സണല്‍ മെസ്സേജ് ആയി വരുന്നത്. ഒട്ടുമിക്ക മെസ്സേജുകളും ഞങ്ങള്‍ വായിക്കാറുണ്ട്. സംഗീതം കൊണ്ടും വാക്കുകള്‍ കൊണ്ടും ഇത്തരത്തിലുള്ള ആള്‍ക്കാര്‍ക്ക് മറുപടി നല്‍കാനും ഞങ്ങള്‍ ശ്രമിക്കുന്നു.''- നവീന്‍ ഒരു അഭിമുഖത്തില്‍ പറയുന്നു.
വന്നു, ജെന്‍ സി ഭജന്‍ ബ്രാന്‍ഡുകള്‍
ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് കോട്ടയത്തെ നട്ടാശ്ശേരിയില്‍ ചെറുപ്പക്കാരുടെ ഒരു കൂട്ടായ്മയായി ആരംഭിച്ച ഈ സംഘത്തിന്റെ ശബ്ദം ഇന്ന് ലോകമെമ്പാടുമുള്ള മലയാളികള്‍ ഏറ്റെടുത്തിരിക്കുകയാണ്. പക്ഷേ കാല്‍നുറ്റാണ്ടിനുശേഷം അവര്‍ തുടങ്ങിയടത്തേക്ക് തന്നെ എത്തുകയാണ്. ഈ വരുന്ന ഏപ്രില്‍ പതിനാലിന്, നന്ദഗോവിന്ദം ഭജന്‍സിന് തുടക്കം കുറിച്ച വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് വീണ്ടും എത്തുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ഭജന സംഘം. പുനരുദ്ധാരണം നടക്കുന്ന വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെത്തി നന്ദഗോവിന്ദം ഭജന്‍സ് സംഘത്തിലെ പ്രധാന ഗായകരില്‍ ഒരാളായ നവീന്‍ സമര്‍പ്പണം നടത്തുകയും ചെയ്തിരുന്നു. ഇതും വാര്‍ത്തയായി.
നന്ദഗോവിന്ദം ഭജന്‍സിന്റെ ചുവടുപിടിച്ച്, ഒരുപാട് പുതിയ കെ -ഭജന്‍ ബ്രാന്‍ഡുകള്‍ കൂടി കേരളത്തില്‍ വന്നിരിക്കയാണ്. കേരളത്തില്‍ ഇത്തരമൊരു തരംഗം തുടങ്ങിവെച്ച പ്രധാനികളില്‍ ഒരാളാണ് രാഹുല്‍ രാജ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള 'ഭക്തി തരംഗ്' സോഷ്യല്‍ മീഡിയയില്‍ വളരെ പ്രശസ്തമാണ്.യുവാക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യതയുള്ള ബാന്‍ഡാണ് സിദ്ധി. അവരുടെ ഊര്‍ജ്ജസ്വലമായ അവതരണ ശൈലിക്ക് വലിയ ആരാധകവൃന്ദമുണ്ട്.
വ്യത്യസ്തമായ മ്യൂസിക് അറേഞ്ച്‌മെന്റുകളിലൂടെ ശ്രദ്ധേയമായ മറ്റൊരു ന്യൂജെന്‍ ഭജന ബാന്‍ഡാണ് ശ്രോത. ശിവഭക്തി ഗാനങ്ങളും ഭജനകളും റോക്ക് ശൈലിയില്‍ അവതരിപ്പിക്കുന്ന രുദ്രക്കും ആരാധകര്‍ ഏറെയാണ്. ആധുനിക സംഗീതവും ഭക്തിയും സമന്വയിപ്പിക്കുന്ന മറ്റൊരു ബാന്‍ഡാണ് ആത്മ. ഇങ്ങനെ ഒരുപാട് ടീമുകള്‍ ഇപ്പോള്‍ ഭക്തിറോക്ക് തരംഗത്തിന്റെ ഭാഗമാണ്. പണ്ടൊക്കെ അമ്പലങ്ങളില്‍, ഉത്സവത്തിനോട് അനുബന്ധിച്ച്, പുരാണ നാടകവും ബാലേയുമൊക്കെയാണ് ഉണ്ടായിരുന്നതെങ്കില്‍, ഇപ്പോള്‍ അത് ഭജന്‍ പോപ്പുകള്‍ക്ക് വഴിമാറുകയാണ്!
ഹിന്ദു റിവൈവലിസത്തിന്റെ ഭാഗമോ?
പക്ഷേ ഇത്തരം ബ്രാന്‍ഡുകള്‍ എല്ലാം ചേര്‍ന്ന് ഒരുതരം ഹിന്ദു റിവൈവലിസത്തിന് വഴിമരുന്നിടുകയാണെന്ന വിമര്‍ശനം, ഇടതുപക്ഷ അക്കാദമിക്ക് ബുദ്ധിജീവികളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. യുവാക്കളെ പരോക്ഷമായി മതത്തിലേക്കും അതുവഴി സംഘപരിവാറിലേക്കും ക്ഷണിക്കാനുള്ള കെണിയായി ന്യൂജന്‍ ഭജന്‍ സംഘങ്ങളെ കാണുന്നവരുമുണ്ട്. ചില ഭജനസംഘങ്ങള്‍ ആലപിക്കുന്ന ഗീതങ്ങള്‍ അല്ലെങ്കില്‍ അവരുടെ പരിപാടികള്‍ക്കിടയില്‍ വരുന്ന ദൃശ്യങ്ങള്‍ രാഷ്ട്രീയ ചായ്വുള്ളതാണെന്ന് ഇടതുപക്ഷ സംഘടനകള്‍ രംഗത്തെത്താറുണ്ട്. ആര്‍.എസ്.എസ് ശാഖകളിലോ പരിപാടികളിലോ പാടാറുള്ള ചില ഗാനങ്ങള്‍ (ഉദാഹരണത്തിന് 'പരമ പവിത്രമാമീ മണ്ണില്‍') ക്ഷേത്രവേദികളില്‍ പാടുന്നത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ ഡി.വൈ.എഫ്.ഐ പോലുള്ള സംഘടനകള്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ആര്‍എസ്എസ് ഗണഗീതം ചില ഭജനസംഘങ്ങള്‍ പാടിയതും, അതിനെ ഇടതുയുവജന സംഘടനകള്‍ എതിര്‍ത്തതും വന്‍ വിവാദമായിരുന്നു.
ഈ സംഘങ്ങള്‍ സാംസ്‌കാരികവും ആത്മീയവുമായ പുനരുത്ഥാനത്തിന് വഴിതെളിക്കുന്നുണ്ടോ എന്നും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. യുവാക്കള്‍ക്കിടയില്‍ ഹൈന്ദവ സാംസ്‌കാരിക തനിമയും ഭക്തിയും വളര്‍ത്താന്‍ ഇത്തരം ഭജനകള്‍ സഹായിക്കുന്നു. 'ഭജന്‍ റോക്ക്സ്റ്റാര്‍സ്' എന്ന പേരില്‍ അറിയപ്പെടുന്ന ഇവരുടെ അവതരണ ശൈലി പുതുതലമുറയെ ക്ഷേത്രങ്ങളോടും ഭക്തിഗാനങ്ങളോടും അടുപ്പിക്കുന്നു. ഇതൊരു സാംസ്‌കാരിക ശാക്തീകരണമായാണ് വിലയിരുത്തപ്പെടുന്നത്. ഇത് ഭക്തിയെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമമാണെന്നും, സാംസ്‌കാരിക പരിപാടികളിലൂടെ ചില രാഷ്ട്രീയ ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് ഇത്തരം ഗ്രൂപ്പുകള്‍ ശ്രമിക്കുന്നതെന്നും വിമര്‍ശനമുണ്ട്.
എങ്കിലും, തങ്ങള്‍ രാഷ്ട്രീയത്തിനതീതമായി ഭക്തിക്കും സമാധാനത്തിനും വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് നന്ദഗോവിന്ദം ഭജന്‍സ് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്. ആദ്യകാലത്ത് പരമ്പരാഗത വാദികളില്‍നിന്നണ് ഇവര്‍ ഏറെ എതിര്‍പ്പ് നേരിട്ടത്. സിനിമാപാട്ടുകളും, വെസ്റ്റേണ്‍ ഇന്‍സ്ട്രുമെന്റുകളും ഉപയോഗിക്കുന്നത് ഭജനയുടെ പവിത്രത കെടുത്തുന്നു എന്നുപറഞ്ഞായിരുന്നു തീവ്ര വിശ്വാസികളുടെ വിമര്‍ശനം. പക്ഷേ ഇപ്പോള്‍ അത് അങ്ങനെ കേള്‍ക്കാറില്ല. പക്ഷേ ഒരുകാര്യം ഉറപ്പാണ്. ജനങ്ങള്‍ക്ക് ഇത്തരം ബ്രാന്‍ഡുകളെ വലിയ ഇഷ്ടമാണ്. വിശ്വാസിയെന്നോ, അവിശ്വാസിയോന്നോ ഭേദമില്ലാതെ, ആര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്നതാണ് അവുടെ പരിപാടികള്‍. അതില്‍ രാഷ്ട്രീയം കാണാതെ, പുതിയ ഒരു കലയെ അതിന്റെ വഴിക്ക് വിടുകതന്നെയാണ് ഉത്തമം.
വാല്‍ക്കഷ്ണം: കഴിഞ്ഞ സെപ്റ്റംബര്‍ 20ന് പമ്പയില്‍ നടന്ന ആഗോള അയ്യപ്പസംഗമത്തിന് നന്ദഗോവിന്ദം ഭജന്‍സിന്റെ പേരില്‍ എട്ടു ലക്ഷത്തിന്റെ ബില്ലാണ് വന്നത്. എന്നാല്‍ പരിപാടിയിലേക്ക് അവരെ ക്ഷണിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ അവര്‍ പരിപാടി അവതരിപ്പിച്ചിട്ടുമില്ല. സംഗമം നടന്ന ദിവസം രാവിലെ ഭക്തിഗാന സദസ് അവതരിപ്പിച്ചത് ഗായകന്‍ ഇഷാന്‍ ദേവായിരുന്നു. എന്നാല്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഓഡിറ്റ് ചെയ്ത കണക്കില്‍ കാണിച്ചിരിക്കുന്നത് നന്ദഗോവിന്ദം ഭജന്‍സിന്റെ പേരിലാണ്. പമ്പയിലോ, സന്നിധാനത്തോ ഇതുവരെ പരിപാടി അവതരിപ്പിച്ചിട്ടില്ലെന്ന് നന്ദഗോവിന്ദം ഭജന്‍സ് പ്രവര്‍ത്തകര്‍ പറയുന്നത്. സര്‍വം മായ, അല്ലാതെ എന്തുപറയാന്‍!


