- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ഇസ്ലാമിലേക്ക് മാറാത്തതിനാൽ കൂട്ടക്കൊലയും പച്ചക്ക് കത്തിക്കലും; ഇറാനിൽ നിന്ന് രക്ഷപ്പെട്ട് എത്തിയത് ഗുജറാത്തിൽ; ടാറ്റ മുതൽ പൽക്കിവാല വരെയുള്ള പ്രതിഭകളുടെ സമുദായം; ശതകോടികളുടെ സമ്പത്ത് ഉണ്ടായിട്ടും വംശനാശ ഭീഷണിയിൽ; കാണെക്കാണെ ഇല്ലാതാവുന്ന പാഴ്സികളുടെ കഥ!
വംശനാശ ഭീഷണിയിലാവുന്ന മൃഗങ്ങളെയും പക്ഷികളെയുമൊക്കെ സംരക്ഷിക്കാൻ സർക്കാരുകൾ പദ്ധതി തയ്യാറാക്കുന്നത് നമുക്ക് മനസ്സിലാക്കാം. എന്നാൽ ഒരു മനുഷ്യ വിഭാഗത്തെ സംരക്ഷിക്കാനായി സർക്കാർ പദ്ധതികൾ തയ്യാറുക്കുന്നത് സങ്കൽപ്പിക്കാൻ കഴിയുമോ. അതാണ് പാഴ്സികളുടെ അവസ്ഥ. സ്വതന്ത്ര ഇന്ത്യയുടെ വളർച്ചയിൽ വലിയ സംഭാവനകൾ നൽകിയ, ഒരു പൗരാണിക മത സമൂഹം കാണെക്കാണെ ഇല്ലാതാവുകയാണ്. ടാറ്റാ, വാഡിയ, മിസ്ട്രി വ്യവസായ കുടുംബങ്ങളും, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ദാദാബായി നവറോജി, ഫീൽഡ് മാർഷൽ മനേക്ഷാ, പ്രസിദ്ധ സംഗീതജ്ഞൻ ഫ്രെഡിമർക്കുറി, കംപോസർ സോറാബ്ജി, കൺഡക്ടർ സുബിൻ മേത്ത, ബോളിവുഡിലെ ജോൺ ഏബ്രഹാം, ബോമാൻ ഇറാനി, നക്‌സൽ ചിന്തകനായ കോബാഭ് ഗാൽഡി, ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ഭർത്താവ് ഫിറോസ് ഗാന്ധി, ഫാലി എസ്. നരിമാൻ, പൽക്കിവാല തുടങ്ങിയ നിയമജ്ഞർ എന്നിവർ അടങ്ങിയ പ്രതിഭാശാലികളുടെ ഒരു മതവിഭാഗം.
1941-ൽ 1,14,000-ത്തോളമുണ്ടായിരുന്ന പാഴ്സി വിഭാഗം, 2001 സെൻസസിൽ 69,601-ഉം 2011-ൽ 57,264 ആയും കുറഞ്ഞു. ഇപ്പോൾ ഏതാണ്ട് അരലക്ഷത്തോളം പേർ മാത്രമാണ് രാജ്യത്തുള്ളത്. അടുത്ത പത്തുവർഷത്തിനുള്ളിൽ ഇത് 25000 മായി കുറയും എന്നാണ് കരുതുന്നത്. ലോകത്താകെ രണ്ട് ലക്ഷത്തോളം പാഴ്‌സികളാണുള്ളത്. അതിൽ ഒന്നര ലക്ഷം ഇറാനിലാണ്. ഇവിടെ പാഴ്സികളുടെ സംഖ്യ കുത്തനെ ഇടിയുകയാണ്. ബാക്കി ഭൂരിഭാഗവും ഇന്ത്യയിലാണ്.
കുറഞ്ഞുവരുന്ന പാഴ്‌സി ജനസംഖ്യ വർധിപ്പിക്കുന്നതിനായി ഇന്ത്യൻ ന്യൂനപക്ഷകാര്യ മന്ത്രാലയം 2013 ൽ ആരംഭിച്ചതാണ് ജിയോ പാഴ്‌സി പദ്ധതി. പക്ഷേ ഇത് പ്രകാരം ജനിച്ചത് 359 കുട്ടികൾ മാത്രമാണ്. ചെലവാക്കിയത് 2.25 കോടി രൂപയും! ദമ്പതികൾക്ക് കൗൺസലിങ്, വിവാഹം, കുടുംബബന്ധം തുടങ്ങിയവയെക്കുറിച്ച് ശില്പശാലകൾ, രക്ഷിതാക്കളുടെ ബോധവത്കരണം, മയക്കുമരുന്നുവിരുദ്ധ ക്ലാസുകൾ, വന്ധ്യതാ നിവാരണത്തിനും വാടകഗർഭധാരണത്തിനുമുള്ള സൗകര്യങ്ങൾ തുടങ്ങിയവ പാഴ്സികളുടെ എണ്ണം കൂട്ടാൻ സർക്കാർ ചെയ്യുന്നതായി ന്യൂനപക്ഷക്ഷേമ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി കഴിഞ്ഞമാസം അറിയിച്ചിരുന്നു. വാർഷികവരുമാനം 10 ലക്ഷത്തിൽ താഴെയുള്ള കുടുംബങ്ങളിലെ 115 ദമ്പതിമാർക്ക് 10 ലക്ഷം വീതം സഹായമനുവദിച്ചതായി അദ്ദേഹം വ്യക്തമാക്കി. പക്ഷേ എന്നിട്ടും യാതൊരു ഫലവും ഉണ്ടായിട്ടില്ല. കാെണക്കാണെ കുറഞ്ഞ് കുറഞ്ഞ് ഇല്ലാതാവുകയാണ് പാഴ്സി സമൂഹം.
അലിഞ്ഞില്ലാതാവുന്ന ടാറ്റയുടെ വംശം
ലോകത്തെ വലിയ ബിസിനസ് സാമ്രാജ്യങ്ങളിലൊന്നായ ടാറ്റ ഗ്രൂപ്പിന്റെ മുൻ ചെയർമാൻ രത്തൻ ടാറ്റയടക്കമുള്ള പാഴ്സി വിഭാഗത്തിൽപ്പെട്ടവർ രാജ്യത്തിനുനൽകിയ സംഭാവനകളേറെയാണ്. രത്തൻ ടാറ്റ വിവാഹം കഴിച്ചിട്ടില്ല, കുട്ടികളുമില്ല. ഇതേ പാത പിന്തുടരുന്നവർ പാഴ്സി വിഭാഗത്തിൽ ഏറെയാണ്.
സ്വന്തം സമുദായത്തിൽ നിന്ന് പങ്കാളിയെ കണ്ടെത്താനാവാത്തപ്പോഴും കടുത്ത യാഥാസ്ഥിതികത്വം കാരണം പാഴ്സികൾക്ക് പുറംസമുദായക്കാരെ ആശ്രയിക്കാനാവുമായിരുന്നില്ല. അത്തരക്കാരെ സമുദായത്തിൽ നിന്ന് പുറത്താക്കുന്നതും അച്ഛനമ്മമാരെയും ബന്ധുക്കളെയും മരിച്ചാൽപ്പോലും കാണാൻ അനുവദിക്കാത്തതും പതിവായിരുന്നു. എന്നാലിപ്പോൾ 40 ശതമാനം പാഴ്സി വിവാഹങ്ങളും പുറത്തുള്ളവരുമായാണെന്നാണ് രേഖകൾ. ഉയർന്ന വിദ്യാഭ്യാസം നേടുന്ന പാഴ്സി സ്ത്രീകൾ പലപ്പോഴും വൈകിയാണ് വിവാഹിതരാവുന്നത്. പാഴ്സികൾ ഏറെയുള്ള മുംബൈയിൽ വർഷം 800 പേരെങ്കിലും മരിക്കുമ്പോൾ, ജനിക്കുന്നത് 200 പേരാണെന്ന് കണക്കുകൾ പറയുന്നു.
പാഴ്സി സമുദായത്തിലെ പ്രായപൂർത്തിയായവരിൽ 30 ശതമാനം യുവാക്കളും അവിവാഹിതരായി തുടരുകയാണ്. പാഴ്സി സമുദായത്തിലെ ഫെർട്ടിലിറ്റി നിരക്ക് ദമ്പതികൾക്ക് 0.8 ശതമാനം എന്ന നിലയിലാണ്. അതിനാൽ പാഴ്സി യുവാക്കളിൽ വിവാഹം പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് പാഴ്സർ ഫൗണ്ടേഷൻ ഡയറക്ടർ ഷെർനാസ് കാമ പറയുന്നു. ഹിന്ദു, മുസ്ലിം, സിഖ്, ക്രിസ്ത്യൻ സമുദായങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ജനനനിരക്ക് വളരെയധികം കുറവാണെന്നു കാണാം. ദേശീയ ആരോഗ്യ-കുടുംബ ക്ഷേമ സർവേയനുസരിച്ച് ഹിന്ദു സമുദായത്തിലെ ഫെർട്ടിലിറ്റി നിരക്ക് 1.94 ശതമാനവും മുസ്ലിം വിഭാഗത്തിലേത് 2.36ഉം ക്രിസ്ത്യൻ സമുദായത്തിൽ 1.88 ശതമാനവും, സിഖ് വിഭാഗത്തിൽ 1.61 ശതമാനവും ആണ്.
വിവാഹം കഴിക്കുന്നവരിൽ 30 ശതമാനത്തിനും ശരാശരി ഒരു കുട്ടി വീതമുണ്ട്. ഇതിൽ 30ശതമാനം ആളുകൾക്കും 65 വയസിനു മുകളിലാണ് പ്രായം. പാഴ്സി സമുദായത്തിൽ വിവാഹിതരാകുന്ന സ്ത്രീകളുടെ ശരാശരി പ്രായം 28 ഇം പുരുഷന്മാരുടെത് 31 വയസുമാണ്. സ്ത്രീകളാണ് വിവാഹം കഴിക്കാൻ കൂടുതലും മടിക്കുന്നത്. വിവാഹം കഴിക്കാൻ താൽപര്യമില്ലാത്ത യുവതീ യുവാക്കളുടെ മനസുമാറ്റുകയാണ് പദ്ധതിയുടെ ആദ്യപടി. പക്ഷേ ഇതൊന്നും കാര്യമായി ഫലം കണ്ടിട്ടില്ലെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇസ്ലാമിനാൽ വേട്ടയാടപ്പെട്ടവർ
മൂവായിരം വർഷം പഴക്കമുള്ള മതമാണ് പാഴ്‌സികളുടെത്. പേർഷ്യ എന്ന ഇറാൻ ആണ് സൊരാഷ്ട്രീയ മതത്തിന്റെ ജന്മനാട്. സൊറോസ്റ്റർ എന്നാണ് പാഴ്സികളുടെ പ്രവാചകന്റെ പേര്. ഇദ്ദേഹം ജീവിച്ചിരുന്ന കാലത്തേ പറ്റി വലിയ അറിവുകൾ ഇല്ലെങ്കിലും ബിസി 1700നും 1500നും ഇടയിലാണെന് കരുതപ്പെടുന്നു. ഇറാൻ ഭരിച്ചിരുന്ന ആക്കിമീനിയൻ, അർസാസിഡ്, സസാനിയൻ എന്നീ മൂന്ന് സാമ്രാജ്യങ്ങളുടെ ഔദ്യോഗിക മതമായിരുന്നു സെറോസ്ട്രനിസം.
1300 കൊല്ലംമുമ്പ് പേർഷ്യയിൽ നിന്ന് മത പീഡനം സഹിക്കാതെ എത്തിയവരാണ് ഇന്ന് ഇന്ത്യയിൽ ഉള്ളത്. യഹൂദന്മാരെപോലെ തന്നെ ശത്രുക്കളിൽ നിന്നും രക്ഷ നേടാനായി സ്വന്തം ജന്മഭൂമി ഉപേക്ഷിക്കാൻ വിധിക്കപ്പെട്ട ജനത. ജുതന്മാർ 'സെമിറ്റിക്ക്' വംശജർ ആയിരുന്നപ്പോൾ, പാഴ്സികൾ ആര്യൻ വംശജർ ആയിരുന്നു.
പാഴ്‌സികളുടെ ജീവചരിത്രം വ്യക്തമാക്കുന്ന ഡോക്യൂമെന്ററിയിൽ ബിബിസി സൈറസ് ചക്രവർത്തിയുടെ കാലം മുതൽക്കുള്ള കഥയാണ് പറയുന്നത്. മഹാനായ സൈറസ് ചക്രവർത്തി, ബിസി 550-ൽ സ്ഥാപിച്ചതായിരുന്നു പേർഷ്യൻ (പാരസ്) സാമ്രാജ്യം. സൈറസ്സിന്റെ സാമ്രാജ്യത്തിൽ എല്ലാ ദൈവങ്ങൾക്കും വിശാസങ്ങൾക്കും ബഹുമാനവും, സ്ഥാനവും ഉണ്ടായിരുന്നവെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. ഇവിടെയാണ് പാഴ്സി മതവും വളർന്നത്.
ബി.സി. 330-ൽ അലക്സാണ്ടറുടെ ആക്രമണവേളയിൽ വലിയ നാശമാണ് ഇവർക്ക് ഉണ്ടായത്. സൈറസ്സിന്റെ കാലശേഷം, പിൻഗാമിയായ ദാരിയസും ഈ സാമ്രാജ്യത്തെ വികസിപ്പിച്ചു. ഏഷ്യാ മൈനർ, ഗ്രീസിന്റെ ചില ഭാഗങ്ങൾ, ആർമീനിയ, അസർബൈജാൻ, സിറിയ, ഫലസ്തീൻ, ഈജിപ്റ്റ് ഉത്തര അറേബിയ, മേസപ്പോട്ടെമിയാ പെർസ്യാ, ആഫ്ഗാനിസ്ഥാൻ, തുർക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, സോവിയറ്റ് റഷ്യയുടെ ചില ഭാഗങ്ങൾ, പശ്ചിമ പാക്കിസ്ഥാൻ, സിന്ധുനദീ പ്രദേശം മുതലായവ ഉൾക്കൊണ്ട ഒരു മഹാസാമ്രാജ്യമായി തീർന്നിരുന്നു ഇക്കാലത്ത് ഈ പ്രദേശം.
ദാരിയസ്സിന്റെ കാലശേഷം ഈ പേർഷ്യൻ സാമ്രാജ്യം ക്ഷയിച്ച് തുടങ്ങുകയും, ആദ്യം ഇസ്ലാമിന്റെയും (ഏ.ഡി. 651), പിന്നീട് മംഗോളിയരുടെയും ആക്രമണങ്ങൾക്കു വിധേയമാവുകയു ചെയ്തു. ഇതോടെ പേർഷ്യൻ സംസ്‌കാരവും, വിശ്വാസങ്ങളും നശിച്ചു തുടങ്ങി. എഴാം നൂറ്റാണ്ടോടുകൂടി ഇസ്ലാംമതം അവിടെ പ്രബലമാവുകയും, ഈ പ്രദേശങ്ങൾ മുസ്ലിം ഖലീഫമാരുടെ ഭരണത്തിൻ കീഴിൽ ആവുകയും ചെയ്തു.
പാഴ്സികളുടെ ഒന്നാമത്തെ പലായനം ഉണ്ടായത് ഇസ്ലാം ശക്തി പ്രാപിച്ച ഏട്ടാംനൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനുമിടയിലായിരുന്നു. അലക്സാണ്ടറുടെ ആക്രമണത്തേക്കാൾ ഭീമമായ നഷ്ടമാണ് മുസ്ലിങ്ങളുടെ ആക്രമണം വരുത്തിവച്ചത്. ഇസ്ലാമിലേക്ക് മതം മാറാത്തവരെ കൂട്ടക്കൊല ചെയ്യുകയും പച്ചക്ക് കത്തിക്കുകയും ചെയ്ത കാലമായിരുന്നു അത്. കഠിനശിക്ഷയ്ക്കു വിധേയരാക്കിയതുമൂലം പലരും മതം ഉപേക്ഷിക്കുകയോ തടവുശിക്ഷ വരിക്കുകയോ ചെയ്തു. ഗത്യന്തരമില്ലാതെ ഇവരിൽ ചിലർ ഇന്ത്യയിലേക്ക് പലായനം ചെയ്തു. ഇവർ 50 ബോട്ടുകളിലായി ഗുജറാത്ത് തീരം അണയുകയായിരുന്നു.
ഇന്ത്യ സ്വീകരിച്ചു; ഇറാൻ പീഡിപ്പിക്കുന്നു
ഇവർ കുറെക്കാലം സൗരാഷ്ട്രത്തിലെ ഡ്യൂയിൽ താമസിച്ച ശേഷം, അവിടെ നിന്നും കടൽമാർഗ്ഗം ദക്ഷിണ ഗുജറാത്തു തീരത്തെ 'സഞ്ജാൻ' എന്ന സ്ഥലത്ത് വന്നു ചേരുകയും (എ.ഡി-936), അവിടുത്തെ ഹിന്ദു രാജാവായിരുന്ന ജാദവ് റാണായുടെ അനുവാദത്തോടെ താമസം ആക്കുകയും ചെയ്തു. 'പാരസ്' എന്ന് ഇന്ത്യൻ ഭാഷക്കാർ വിളിച്ചിരുന്ന പേർഷ്യയിൽ നിന്ന് വന്നവർ ആയതു കൊണ്ട് ഇവർക്ക് പരസീകൾ അഥവാ പാർസികൾ എന്ന് പേരും കിട്ടി. സഞ്ജാനിൽ മുന്നൂറോളം കൊല്ലങ്ങൾ ഇവർ സമാധാനപരമായി കഴിച്ചു കൂട്ടിയെന്നാണ് കണക്ക്.
സഞ്ജാനിൽ ഇവർ താമസം തുടങ്ങിയതിന്റെ പിന്നിൽ ഒരു രസകരമായ കഥയുണ്ട്. അവർ അവിടെ താമസിക്കാൻ അനുവാദം വേണം എന്നപേക്ഷിച്ചപ്പോൾ മഹാരാജാവായ ജാദവ് റാണാ, ഒരു ഗ്ലാസ്സ് നിറയെ പാൽ അവരുടെ തലവനു കൊടുത്തുവത്രേ. (ഈ സ്ഥലം പൂർണ്ണമായും നിറഞ്ഞിരിക്കുകയാണല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ സൂചന). പാൽ തുളുമ്പുന്ന ഗ്ലാസ് സ്വീകരിച്ച പാർസി തലവൻ അതിൽ കുറച്ചധികം പഞ്ചസാര ചേർത്തു രാജാവിന് തന്നെ തിരിച്ചു കൊടുത്തുവത്രേ. (ഞങ്ങൾ നിങ്ങളിൽ അലിഞ്ഞു ചേർന്നു ഒന്നായി ജീവിക്കാം എന്നാണു നേതാവ് സൂചിപ്പിച്ചത്). ജാദവ് റാണാ ഈ പാൽ സന്തോഷത്തോടെ കുടിക്കുകയും, ഇരുകയ്യം നീട്ടി പാഴ്‌സികളെ സ്വീകരിക്കുകയും ചെയ്തുവത്രേ. അന്ന് പാഴ്‌സികൾ ജാദവ് റാണക്കു കൊടുത്ത വാഗ്ദാനം ഇന്നും ആത്മാർഥതയോടെ നിറവേറ്റിക്കൊണ്ടിരിക്കുന്നു, എന്ന് പാഴ്‌സികൾ ഇന്ത്യയുടെ വ്യവസായ പുരോഗതിക്കു ചെയ്തിട്ടുള്ള സേവനങ്ങളിൽ നിന്നും വ്യക്തമാവുന്നു
.
വ്യാപാരമായിരുന്നു അന്നേ തൊഴിൽ. അതുകൊണ്ട് രാജ്യത്തിന്റെ പലഭാഗങ്ങളിലേക്കും ഇവർ വ്യാപിച്ചു. അന്ന് ഇന്ത്യയുടെ ഭാഗമായിരുന്ന പാക്കിസ്ഥാനിലുമെത്തി. സിന്ധിൽ താമസിക്കാൻ ചെന്ന പാഴ്‌സികളെ അവിടം ഭരിച്ചിരുന്ന ഇബ്രാഹിം ഗസ്നാവിദും, പഴയ മുംബയിലെ താനയിൽ പോർത്തുഗീസ് ക്രിസ്ത്യാനികളും ആക്രമിച്ചുവെന്നും ചരിത്രത്തിൽ കാണാം. എല്ലാം ഉപേക്ഷിച്ച് ഇന്ത്യയിലേക്കു പോരുമ്പോൾ അവർ കൈയിൽ തങ്ങളുടെ ആചാരപരമായ ചന്ദനമെരിയുന്ന തീപ്പാത്രം കരുതിയിരുന്നു. അത് ഗുജറാത്തിലെ ഉദ്വാദയിൽ സ്ഥാപിച്ചു. ആ തീനാളം ഇന്നും 24 മണിക്കൂറും അണയാതെ സൂക്ഷിക്കുന്നുണ്ട്. പുരോഹിതർ ചുറ്റുമിരുന്ന് ചന്ദനം കത്തിക്കും. അതിനു മുന്നിലിരുന്ന് വിശ്വാസികൾ പ്രാർത്ഥിക്കും. ഉദ്വാഡയാണ് രാജ്യത്തെ പാഴ്‌സികളുടെ പ്രധാനകേന്ദ്രം. വർഷത്തിൽ ഒരുതവണ എല്ലാവരും അവിടെയെത്തും.
1979-ൽ പേർഷ്യൻ പ്രദേശങ്ങൾ ഇസ്ലാമിക്ക് സ്റ്റേറ്റായ ഇറാൻ ആയി തീർന്നു. അതോടെ പേർഷ്യൻ വംശജരുടെ കഷ്ടകാലം തുടങ്ങി. ഇസ്ലാമിനുവേണ്ടി വീണ്ടും കൂട്ടക്കൊലകൾ അരങ്ങേറി. ആക്രമണങ്ങൾ തുടർന്നതോടെ, പാഴ്സി വംശജർ വീണ്ടും പലായനം ചെയ്യേണ്ടി വന്നു. ഇന്നും ഇറാനിൽ ഒന്നരലക്ഷത്തോളം പാഴ്സികൾ രണ്ടാ തരം പൗരന്മാരെപ്പോലെയാണ് കഴിയുന്നത്. എന്നാൽ ഇന്ത്യയാവട്ടെ, ഈ വംശജരെ ഇരുകൈയും നീട്ടി സ്വീകരിക്കുകയും, ഇപ്പോഴും അവരുടെ വംശവർധനവിനായി ശ്രമിക്കുകയുമാണ്. ഇന്ത്യയേയും ഒരുപാട് പ്രതിഭാശാലികളെ സംഭാവന നൽകിയും, വ്യാവസായിക അടിത്തറ ഉണ്ടാക്കിയും, പാഴ്സി സമദായവും ഒരുപാട് സഹായിച്ചു.
വിലക്കുകളും അനാചാരങ്ങളും തിരിച്ചടി
ഇന്ത്യയിലെ പാഴ്‌സികൾ കാലക്രമത്തിൽ ഇന്ത്യക്കാരായി മാറി. പാഴ്‌സി സ്ത്രീകൾ ഗുജറാത്തി ഹിന്ദു സ്ത്രീകളെ പോലെ വേഷം ധരിക്കുകയും, 'മൂക്കുത്തി' തുടങ്ങിയ ആഭരണങ്ങളും മറ്റും ധരിച്ചു തുടങ്ങുകയും ചെയ്തു. കാലക്രമത്തിൽ, ഗുജറാത്തി ഭാഷയെ മാതൃഭാഷയായി സ്വീകരിക്കുകയും ചെയ്തു ഇവർ.
പക്ഷേ ഇപ്പോൾ അവർ അംഗസംഖ്യ കുറഞ്ഞ് ഇല്ലാവുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണ്. 'ഹൗ ഇന്ത്യ മേക്ക് പാർസി ബേബീസ്' എന്ന തലക്കട്ടിൽ നാലുവർഷം മുമ്പ് ഒരു റിപ്പോർട്ടിലൂടെ ബിബിസിയാണ് ഈ ചർച്ചക്ക് തുടക്കം കുറിച്ചത്. എങ്ങനെയാണ് ഇവർ ഈ രീതിയിലേക്ക് വരുന്നത് എന്നതിന് കാരണമായി ശോഭാ ഡേയെപ്പോലുള്ള പ്രശസ്ത എഴുത്തുകാർ ചൂണ്ടിക്കാട്ടുന്നത് കുടിയേറ്റവും, ആ മതത്തിലെ വിലക്കുകളും തന്നെയാണ്. ഈ വിലക്കാണ് സുപ്രീം കോടതി ഇപ്പോൾ, ശബരിമല യുവതീപ്രവേശത്തിനൊപ്പം പരിശോധിക്കുന്നത്. ശബരിമലയിൽ യുവതീ പ്രവേശം അനുവദിച്ചതു പുനഃപരിശോധിക്കണമെന്ന ഹർജികൾ സുപ്രീം കോടതി മാറ്റിവച്ചതോടെ പ്രതീക്ഷയാകുന്നത് പാഴ്‌സി സ്ത്രീകൾക്ക് കൂടിയാണ്.
പാഴ്സികളുടെ ചിട്ട പ്രകാരം ഒരാളെ പാഴ്സിയായി കണക്കാക്കണമെങ്കിൽ സ്വ സമുദായത്തിൽ നിന്ന് വിവാഹം കഴിക്കണം. ഈ രീതിയിലുള്ള അനാചാരങ്ങളും അവരുടെ വംശനാശത്തിന് ആക്കം കൂട്ടുന്നു. ഇവർ ഇറാനിൽ നിന്നും കൊണ്ട് വന്ന വിശുദ്ധ 'അഗ്നിയെ' ആണ് ഇവരുടെ അമ്പലങ്ങളിൽ ആരാധിക്കുന്നത്. ആർത്തവ സമയത്തെ സ്ത്രീകൾക്കും, അന്യവംശജരെ/അന്യമതസ്ഥരേ വിവാഹം കഴിച്ചവർക്കും പവിത്ര അഗ്നിയുള്ള സ്ഥലത്തേക്ക് കടക്കാൻ അനുവാദമില്ല.
ആരാധനാലയ 'അയിത്ത'ത്തിനെതിരേ ഗുജറാത്തിൽനിന്നുള്ള പാഴ്‌സി വിഭാഗക്കാരിയായ ഗൂൾരൂഖ് ഗുപ്ത നീതിപീഠത്തെ സമീപിച്ചതോടെയാണു വിലക്ക് പുറംലോകം അറിഞ്ഞത്. 1991-ൽ ഇതര മതസ്ഥനെ വിവാഹം കഴിച്ചതോടെയാണു ഗൂൾരൂഖ് ഗുപ്ത സ്വന്തം വിഭാഗക്കാർക്കിടയിൽ അനഭിമതയായത്. സ്വന്തം പിതാവു മരിച്ചാൽ സംസ്‌കാരച്ചടങ്ങുകളിൽ പോലും പങ്കെടുക്കാൻ കഴിയില്ലെന്ന ബോധ്യം അവരെ ഗുജറാത്ത് ഹൈക്കോടതിയിലെത്തിച്ചു. വിവാഹത്തിനുശേഷം പാഴ്‌സി മതാചാരപ്രകാരമുള്ള ചടങ്ങുകളിൽ പങ്കെടുക്കാനും സുപ്രധാന ആരാധനാലയങ്ങളിലൊന്നായ സൂര്യക്ഷേത്രത്തിലെ ( ഫയർ ടെമ്പിൾ) പ്രവേശനത്തിനും ഇവർക്കു വിലക്കു നേരിടേണ്ടിവന്നു.
പിതാവു മരിച്ചാൽ ആരാധനാലയ സമുച്ചയത്തിൽ ഉൾപ്പെടുന്ന നിശബ്ദഗോപുരങ്ങളിലായിരിക്കും (ടവർ ഓഫ് സൈലൻസ്) സംസ്‌കാരച്ചടങ്ങുകളെന്നും അവിടെ പ്രവേശനമില്ലെന്നും ഗൂൾരൂഖ് ഹർജിയിൽ ചൂണ്ടിക്കാട്ടി. അന്യമതസ്ഥനെ വിവാഹം കഴിച്ചു എന്ന ഒറ്റക്കാരണംകൊണ്ട് ഇത്തരമൊരു നീതികേട് ഉണ്ടാകരുതെന്നായിരുന്നു പ്രധാന ആവശ്യം. പതിറ്റാണ്ടുകളായി പിന്തുടർന്നു പോന്നിരുന്ന വിശ്വാസത്തിൽ കൈകടത്താനില്ലെന്നു വ്യക്തമാക്കി 2010-ൽ ഹൈക്കോടതി ഹർജി തള്ളി. സമുദായാചാരത്തെയും കീഴ്‌വഴക്കത്തെയും അനുകൂലിച്ചായിരുന്നു ഗുജറാത്ത് ഹൈക്കോടതിയുടെ വിധി.
വിധിക്കെതിരേ ഗൂൾരൂഖ് സുപ്രീം കോടതിയെ സമീപിച്ചു. തുടർന്ന് ഫയർ ടെമ്പിളിൽ പ്രവേശിക്കാനുള്ള ഗൂൾരൂഖിന്റെ വിലക്കു നീക്കി 2017 ഡിസംബറിൽ സുപ്രീം കോടതി ചരിത്രവിധി പുറപ്പെടുവിച്ചു. ഹർജിക്കാരിയുടെ ആവശ്യം നടത്തിക്കൊടുക്കാൻ ഫയർ ടെമ്പിൾ സ്ഥിതി ചെയ്യുന്ന വൽസാദിലെ പാഴ്‌സി അൻജുമാനോട് കോടതി ഉത്തരവിട്ടു. പിതാവ് മരിക്കുന്നപക്ഷം കർമങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നും വിധിയിലുണ്ട്. പിതാവിനോടുള്ള ഹർജിക്കാരിയുടെ സ്‌നേഹത്തിൽ ഒരു കുറവും വന്നിട്ടില്ലെന്ന നിരീക്ഷണത്തോടെയായിരുന്നു വിധി. പാഴ്‌സി മതാചാരങ്ങളിൽ കാലോചിത പരിഷ്‌കരണത്തിനു വഴിമരുന്നിട്ട വിധിയുടെ തുടർച്ച വൈകാതെയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവർ. ഇതിനുള്ള തുടർ നടപടികളാണ് സുപ്രീം കോടതി പരിശോധിക്കുന്നത്.
ശവശരീരം കഴുകന്മാർക്ക്
മറ്റൊരു മതത്തിലും കണ്ടുവരാത്ത തികച്ചും വിഭിന്നമായ ഒരാചാരമാണ് മരണകാര്യത്തിൽ ഇവർ പിന്തുടരുന്നത്. ഏതെങ്കിലും ഒരു പാഴ്‌സി മതവിശ്വാസി മരിച്ചാൽ ആ ശവശരീരം അലങ്കരിച്ച ശവമഞ്ചത്തിലാക്കി ദഖ്മ എന്ന സംസ്‌ക്കാര സ്ഥലത്ത് എത്തിക്കുന്നു. ശവശരീരം അവിടെ വച്ച ശേഷം കൊണ്ടുവന്നവർ മാറിനിന്നു കൈ കൊട്ടുമ്പോൾ അവിടുത്തെ ഗോപുരങ്ങളിൽ കഴിയുന്ന കഴുകന്മാർ കൂട്ടത്തോടെയെത്തി ഈ ശവശരീരം ഭക്ഷിക്കുന്നു.
വളരെ താമസമൊന്നുമില്ലാതെ എല്ലുകൾ മാത്രം ബാക്കിവച്ച് കഴുകന്മാർ മടങ്ങിപ്പോകുമ്പോൾ ശവശരീരം കൊണ്ടുവന്നവർ തിരിച്ചുവരുന്നു. ആ എല്ലുകളെയെല്ലാം ഒന്നൊഴിയാതെ പെറുക്കിയെടുത്ത് തുണിയിൽ പൊതിഞ്ഞ് അടുത്തുള്ള കിണറ്റിൽ നിക്ഷേപിച്ച് അവർ മടങ്ങിപ്പോകും. ഇങ്ങനെയൊരു വിചിത്രമായ ആചാരത്തിനും സ്വരാഷ്ട്രിയൻ മതം കാരണങ്ങൾ പറയുന്നുണ്ട്. അഗ്നിയേയും മണ്ണിനേയും ദൈവത്തിനു തുല്യം കാണുക എന്നുള്ളതാണ് സ്വരാഷ്ട്രിയൻ മതം ഉദ്‌ബോധിപ്പിക്കുന്നത്. പരിശുദ്ധമായ അഗ്നിയിലേക്കും മണ്ണിലേക്കും പാപപങ്കിലമായ മനുഷ്യ ശരീരത്തെ ഇടകലർത്തുവാൻ പാഴ്‌സികൾ ആഗ്രഹിക്കുന്നില്ല. അവരുടെ മതം അതനുവദിക്കുന്നില്ല. ഈ ഒരു കാരണം കൊണ്ടാണ് മൃതശരീരം കഴുകന്മാർക്ക് ഭക്ഷിക്കുവാൻ കൊടുക്കുന്നത്. ഹിന്ദുക്കൾ ഗംഗയിലും മറ്റു പുണ്യനദികളിലെുമൊക്കെയായി ജീവിത പാപങ്ങൾ കഴുകിക്കളയുന്നതു പോലെ പാഴ്‌സികളുടെ ജീവിച്ചിരിക്കുമ്പോഴുള്ള എല്ലാ പാപങ്ങളും ദഖ്മയിൽ അവസാനിക്കുന്നതായി ഇവർ വിശ്വസിക്കുന്നു.
പാഴ്‌സികൾ താമസിക്കുന്ന നവസാരി, ഉദ്വാഡാ, ബിലിമോര, അഹമ്മദാബാദ്, ഭരൂച്, പുണെ തുടങ്ങിയ അനവധി പട്ടണങ്ങളിൽ എല്ലാം ഇത്തരം ദഖ്മകൾ ഉണ്ട്. മുംബൈ നഗരത്തിനു, പ്രകൃതി അനുഗ്രഹിച്ചു തന്നിട്ടുള്ള മലബാർ ഹില്ലിലെ, ഹാങ്ങിംങ് ഗാർഡന് പുറകിലായി സ്ഥിതിചെയ്യുന്ന പച്ചപ്പുകളുടെ മദ്ധ്യത്തിലുള്ള പാർസികളുടെ 'ടവർ ഓഫ് സൈലൻസ്' എന്ന ദഖ്മ വളരെ പ്രസിദ്ധമാണ്.
പൂണൂലും തൊപ്പിയും അണിയുന്നവർ
പൂണൂലും തൊപ്പിയും ഒരുപോലെ അണിയുന്ന ഒരു മതവിഭാഗത്തെ സങ്കൽപ്പിക്കാൻ കഴിയുമോ. പക്ഷേ പാഴ്‌സികൾ അതുമാണ്. മത ചടങ്ങുകൾക്ക് പൂണൂൽ ധരിക്കുന്ന ശീലവും പ്രാർത്ഥിക്കുമ്പോൾ തൊപ്പി അണിയുന്ന രീതിയും ഇവർക്കുണ്ട്. ഖൊർദാദ് സാലയാണ് പാഴ്‌സികളുടെ പ്രധാന ആഘോഷം. ഓഗസ്റ്റ് 21 ആണ് പാഴ്‌സി വർഷപ്രകാരമുള്ള പുതുവർഷം. സെന്ത് വെസ്റ്റയാണ് വേദഗ്രന്ഥം. പാഴ്സി മതസ്ഥാപകനായ സരതുഷ്ട്രരുടെ ഉപദേശങ്ങളടങ്ങിയ വിശുദ്ധഗ്രന്ഥമാണ് 'സെന്ത് അവെസ്ത'.
ഇന്ത്യയിലെ പാഴ്സികളും പേർഷ്യയിലെ ഗാബറുകളും ഇതിനെ മുഖ്യ മതഗ്രന്ഥമായി കരുതുന്നു. അവെസ്തൻ ഭാഷയിലാണ് ഇതു രചിച്ചിട്ടുള്ളത്. ഇന്നു ലഭിക്കുന്ന ഗ്രന്ഥം മൂലഗ്രന്ഥത്തിന്റെ അപൂർണമായ ഒരു പതിപ്പു മാത്രമാണ്. മൂലഗ്രന്ഥത്തിന് 1,200 അധ്യായങ്ങളുണ്ട്. 12,000 പശുത്തോൽ ചുരുളുകളിൽ സുവർണ ലിപികളിലാണ് ഈ ഗ്രന്ഥം എഴുതപ്പെട്ടതെന്ന് അറബി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 20 ലക്ഷം വചനങ്ങൾ ഉണ്ടത്രെ. മതപരമായ വസ്തുതകൾക്കു പുറമേ വിവിധ വിഷയങ്ങൾ പ്രതിപാദിക്കപ്പെട്ടിരിക്കുന്ന ഈ ഗ്രന്ഥം ഒരു വിജ്ഞാനകോശമാണെന്നു പറയാം. സ്വർണം പൂശിയ തകിടിൽ എഴുതപ്പെട്ട ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി സമർഖണ്ഡിലെ അഗ്നിക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്നു.
ബി.സി. 330-ൽ അലക്സാണ്ടറുടെ ആക്രമണവേളയിൽ പെഴ്സിപ്പോളീസ് നഗരത്തിലെ രാജകൊട്ടാരങ്ങൾ അഗ്നിക്കിരയായി. അതോടൊപ്പം ഈ ഗ്രന്ഥത്തിന്റെ പ്രതിയും നഷ്ടപ്പെട്ടു. തുുടർന്ന് മുസ്ലിം ഭരണകാലത്ത് സരതുഷ്ട്ര മതഗ്രന്ഥങ്ങൾ എല്ലാം തീവച്ചു നശിപ്പിച്ചു. പേർഷ്യയിൽ കഴിഞ്ഞുകൂടിയ ചുരുക്കം ചില സരതുഷ്ട്ര മതവിശ്വാസികളുടെയും ഇന്ത്യയിലേക്കു രക്ഷപ്പെട്ട പാഴ്സികളുടെയും ശ്രമഫലമായി സെന്ത് അവെസ്തയുടെ ചെറിയൊരു ഭാഗം സൂക്ഷിച്ചു വയ്ക്കാൻ കഴിഞ്ഞു. ഇവ കാലാകാലങ്ങളിൽ പകർത്തിയെഴുതി പരിരക്ഷിച്ചതാണ് ഇപ്പോൾ ലഭിക്കുന്ന ഗ്രന്ഥം. ഇന്ത്യയിൽ സൂക്ഷിച്ചിരിക്കുന്ന ഇതിന്റെ ആദ്യത്തെ കൈയെഴുത്തുപ്രതി തയ്യാറാക്കിയത് 13-14 നൂറ്റാണ്ടുകളിലാണ്. പേർഷ്യയിൽ കണ്ടെത്തിയ കൈയെഴുത്തുപ്രതി 17-ാം ശതകത്തിൽ തയ്യാറാക്കിയതും. എല്ലാ കൈയെഴുത്തുപ്രതികളും അപൂർണങ്ങളാണ്.
സമ്പത്തുണ്ടായിട്ടും വംശനാശം
ബ്ലഡി റിച്ച് എന്ന് വിശേഷിപ്പിക്കാവുന്ന സമൂഹമാണ് പാഴ്‌സികൾ. ശതകോടികളുടെ സമ്പത്താണ് ഇന്ത്യയിൽ തന്നെ അവർക്കുള്ളത്. ഇന്ത്യയിലെ വൻ വ്യവസായികളായ ടാറ്റ കുടുംബം തന്നെ ഉദാഹരണം. ഇന്ത്യയുടെ സാമ്പത്തിക മേഖലയിൽ വമ്പിച്ച സ്വാധീനം നിലനിർത്തുന്ന പാഴ്‌സികൾ 18-ാം നൂറ്റാണ്ടിൽ തന്നെ ബോംബെയിൽ കപ്പൽ നിർമ്മാണ വ്യവസായം ആരംഭിക്കാൻ പരിശ്രമിച്ചുതായി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.
പതിനാറാം നൂറ്റാണ്ടിൽ ദക്ഷിണ ഗുജറാത്തിലെ സൂറത്ത് തുറമുഖം വളർന്നു വന്നതോടെ, ധാരാളം പാർസികൾ അങ്ങോട്ട് ചെന്ന് വ്യവസായങ്ങളും, കച്ചവട കേന്ദ്രങ്ങളും മറ്റും സ്ഥാപിച്ചു, അവിടെ താമസം ആക്കി.പിന്നീട്, ബോംബെ (മുംബൈ) തുറമുഖവും, പട്ടണവും വികസിച്ചു തുടങ്ങിയതോടെ പാർസികൾ ബോംബെയിലേക്ക് കുടിയേറുകയും, അവിടുത്തെ, പ്രമുഖ വ്യവസായികളും, കച്ചവടക്കാരും മറ്റും ആയിത്തീരുകയും ചെയ്തു. മുംബൈയിൽ ആദ്യമായി എത്തിയ പാർസി, ഡോരാബ്ജി നാനാഭായ് ആയിരുന്നുവത്രേ. (1640).
പൊതുവേ നല്ല വിദ്യാഭ്യാസവും, മിടുക്കും, അത്മാർഥയും ഉള്ള ഈ സമുദായക്കാർ ഇന്ത്യയുടെ പല തുറകളിലുമുള്ള വികസനത്തിന് കാരണഭൂതർ ആയിട്ടുണ്ട്. ടാറ്റാ, ഗോദ്രെജ്, വാഡിയ, കാമാ എന്നു തുടങ്ങിയ കുടുംബക്കാർ ഇക്കൂട്ടത്തിൽ പ്രാധാന്യം അർഹിക്കുന്നു. ഇന്ത്യൻ വ്യവസായങ്ങളുടെ അടിത്തറ പാകിയത് തന്നെ ജാംഷഡ്ജി ടാറ്റയും, അദ്ദേഹത്തിന്റെ പിൻഗാമികൾ ആയിരുന്ന ഡോറാബ്ജി ടാറ്റയും, രത്തൻജി ടാറ്റയും, ജെ.ആർ.ഡി. ടാറ്റയും ആയിരുന്നല്ലോ.
കുട്ടികൾ ഇല്ലാതാകുന്നതും കുടിയേറ്റങ്ങളുമാണ് ഈ സമൂഹത്തിന്റെ തിരോധാനത്തിനു കാരണമായിക്കാണുന്നതെന്നാണ് ബിബിസിയുടെ പഠന റിപ്പോർട്ടിൽ പറയുന്നത്. അടുത്ത പത്തുവർഷത്തിനുള്ളിൽ ഇവരുടെ ജനസംഖ്യ 23000 താഴെയാകുമെന്നാണ് കണക്കാക്കുന്നത്. ഇപ്പോഴുള്ള 31 ശതമാനം ആളുകളും 60 വയസ്സിൽ കൂടുതലുള്ളവരാണ്. 1000 ആണുങ്ങൾക്ക് 1050 പെണ്ണുങ്ങളെന്ന അനുപാതമാണുള്ളത്. അതിനാൽ മിശ്രവിവാഹത്തിന് സാധ്യത ഏറുകയും ഇങ്ങനെ മിശ്രവിവാഹിതരാകുന്നവരെ വംശത്തിൽ കൂട്ടാതിരിക്കയുമാണ് ചെയ്യുന്നത്.
സാക്ഷരതയും (97ശതമാനം) വളരെ കൂടുതലാണ്. പെൺകുട്ടികൾക്ക് അതിനാൽ സ്വാതന്ത്ര്യത്തോടെ അവിവാഹിതരായി നിൽക്കാനും ഇവർ താൽപര്യപ്പെടുന്നു. സാധാരണ ആൺകുട്ടികൾ 31 വയസ്സിലും പെൺകുട്ടികൾ 29 വയസ്സിലുമാണ് വിവാഹിതരാകുന്നത്, അതിനാൽ ഇവരുടെ പ്രത്യുൽപാദനശേഷിയും കുറവായിട്ടാണ് കാണപ്പെടുന്നത്. മിശ്രവിവാഹിതരായ കുട്ടികളെയും ഉൾപ്പെടുത്തി സമൂഹം വിപുലപ്പെടുത്തണമെന്ന ആശയം മുമ്പോട്ടു വയ്ക്കുന്നവരുണ്ട്. പക്ഷേ പാർസികൾ മാറാൻ തയ്യാറല്ലെന്നാണ് പൊതുവെയുള്ള പരാതി.
വളരുന്ന മതം എന്ന് പറയുന്ന, ഇസ്ലാമിനെ സംബന്ധിച്ച് ഇൻകമിങ്ങ് ഫ്രീ പക്ഷേ ഔട്ട് ഗോയിങ്ങിന് ചാർജ് ചെയ്യും എന്നതാണ് അവസ്ഥ. ആർക്കും ആ മതത്തിലേക്ക് വരാം. പക്ഷേ പോയാൽ തലപോകും. എന്നാൽ പാഴ്‌സികൾ നേര തിരിച്ചാണ്. ആർക്കും പോകാം. പക്ഷേ ഇങ്ങോട്ട് വരാൻ കഴിയില്ല. കാലത്തിന് അനുസരിച്ച് മാറാതെ ഈ വീക്ഷണം വെച്ചുപുലർത്തന്നതുകൊണ്ടാണ് സത്യത്തിൽ അവർക്ക് വംശനാശം വരുന്നത്. കാലത്തിന് അനുസരിച്ച് മാറിയില്ലെങ്കിൽ, ദൈവത്തിനുപോലും മതത്തെ രക്ഷിക്കാൻ കഴിയില്ല എന്നയാണ് പാഴ്‌സികൾ നൽകുന്ന പാഠം.
വാൽക്കഷ്ണം: ഈയിടെ വാഹനാപകടത്തിൽ മരിച്ച പ്രമുഖ വ്യവസായി സൈറസ് മിസ്ട്രിയും ഒരു പാഴ്സി ആയിരുന്നു. സൈറസിന്റെ മരണത്തെതുടർന്ന് പിൻ സീറ്റിൽ സീറ്റ്ബെൽറ്റ് ഇടേണ്ടതിന്റെ ആവശ്യകതപോലെ, ചർച്ചയായത് പാഴ്സികളുടെ ഇല്ലാതാകലും ആയിരുന്നു.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ