വ്‌ളാദിമിര്‍ പുടിനുശേഷം ലോകം കണ്ട മറ്റൊരു സ്വേച്ഛാധിപതി! ലാറ്റിനമേരിക്കയിലെ ഏറ്റവും അപകടകാരിയായ നേതാവ്. നമ്മുടെ നാട്ടില്‍, ദേശാഭിമാനിയും, പോരാളി ഷാജി ഗ്രൂപ്പുമൊക്കെ ഹീറോയാക്കുന്ന ഒരു രാഷ്ട്രീയ നേതാവിനെക്കുറിച്ച് ന്യൂയോര്‍ക്ക് ടൈംസ് എഴുതിയ വിശേഷണങ്ങളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. അതാണ് ലാറ്റിനമേരിക്കന്‍ രാജ്യമായ വെനിസ്വേലയുടെ പ്രസിന്‍ഡന്റ് നിക്കോളാസ് മഡ്യൂറോ. തിരഞ്ഞെടുപ്പ് അട്ടിമറിച്ച്, മൂന്നാമതും മഡ്യൂറോക്ക് അധികാരം കിട്ടിയതോടെ, വെനിസ്വലയെന്ന പട്ടിണി രാജ്യത്തില്‍ നിന്ന് ആയിരക്കണക്കിന് ആളുകളാണ് പേടിച്ച് പലയായനം ചെയ്യുന്നത്.




എറ്റവും ഒടുവിലായി വെനസ്വേലന്‍ പ്രതിപക്ഷ നേതാവ്, എഡ്മുണ്ടോ ഗോണ്‍സാലസ് ഉറുട്ടിയ രാജ്യംവിട്ട് സ്പെയിനില്‍ രാഷ്ട്രീയ അഭയം തേടിയ വാര്‍ത്തയാണ് പുറത്തുവരുന്നത്. ജൂലൈ 28ന് നടന്ന തിരഞ്ഞെടുപ്പില്‍ മഡ്യൂറോയെ വിജയിയായി പ്രഖ്യാപിച്ചതു മുതല്‍ വെനസ്വേല രാഷ്ട്രീയ പ്രതിസന്ധിയിലാണ്. ജൂലൈയില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ മഡ്യൂറോയുടെ ജയത്തിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയതിന് ഉറുട്ടിയക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് ഒരുമാസക്കാലമായി അദ്ദേഹം ഒളിവില്‍ കഴിയുകയായിരുന്നു. വെനെസ്വേലന്‍ തലസ്ഥാനമായ കാരക്കാസിലെ സ്പാനിഷ് എംബസി മുഖേനയാണ് ഉറുട്ടിയ രാഷ്ട്രീയ അഭയത്തിനുള്ള സാധ്യതകള്‍ തേടിയത്. ആവശ്യം അവര്‍ അംഗീകരിച്ചതോടെയാണ് അദ്ദേഹം സ്പെയിനിലേക്ക് കടന്നത്.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. തകര്‍ന്നുകിടക്കുന്ന സമ്പദ് വ്യവസ്ഥയുള്ള ഈ രാജ്യത്തുനിന്ന് ജീവനും കൊണ്ട് ഓടിയവര്‍ നിരവധിയാണ്. ഹ്യൂഗോ ഷാവേസ് എന്ന കമ്യൂണിസ്റ്റ് നേതാവിന്റെ നാടായ വെനിസ്വേലയെക്കുറിച്ച് കേരളത്തിലും ഒരു പാട് വാഴ്ത്തുപാട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതെല്ലാം വ്യാജമായിരുന്നു. ഷാവേസിന്റെ ദേശസാത്ക്കരണ പദ്ധതികളോടും, സ്വകാര്യവത്ക്കരണത്തോടുള്ള വിയോജിപ്പും, ആ രാജ്യത്തെ വല്ലാതെ പിറകോട്ട് അടുപ്പിച്ച് കഴിഞ്ഞു. ഒരു ചോക്ക്ലെറ്റ് കിട്ടാന്‍ പോലും രണ്ടു ചാക്ക് കറന്‍സികള്‍ കൊടുക്കേണ്ട നിലയില്‍ രാജ്യത്തെ കറന്‍സിയുടെ വില കുറഞ്ഞു. പട്ടിണിമാറ്റാന്‍ സ്ത്രീകള്‍ വേശ്യാവൃത്തിയിലേക്ക് തിരിഞ്ഞു.

രൂക്ഷമായ തൊഴിലില്ലായ്മ, പട്ടിണി, തകര്‍ന്നടിഞ്ഞ ക്രമസമാധാനം, കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്... ഇങ്ങനെയുള്ള നിരവധി പ്രശ്നങ്ങള്‍ രാജ്യത്തിനുണ്ട്. അതിനിടെയാണ് നിക്കോളാസ് മഡ്യൂറയെന്ന ഏകാധിപതിയുണ്ടാക്കുന്ന പ്രശ്നങ്ങള്‍. പക്ഷേ അതിശയകരമാണ് അദ്ദേഹത്തിന്റെ ജീവിതം. വെറുമൊരു ബസ് ഡ്രൈവറായി കരിയര്‍ തുടങ്ങിയ വ്യക്തിയാണ്, ഒരു രാജ്യത്തെ മൊത്തം കൈവെള്ളയില്‍ ഒതുക്കുന്ന നേതാവായി വളര്‍ന്നത്.




ഷാവേസിന്റെ നിഴല്‍

ബസ് ഡ്രൈവറും തൊഴിലാളി യൂണിയന്‍ നേതാവുമായിരുന്ന ഈ അമ്പത്തിയഞ്ചുകാരന്‍ ഷാവെസിന്റെ വിദേശമന്ത്രിയായിരുന്നു. പക്ഷേ, ജനപ്രീതിയിലും വ്യക്തി പ്രഭാവത്തിലും ഷാവെസിന്റെ നാലയലത്തുപോലും എത്താന്‍ മഡ്യൂറോയ്ക്കായില്ല. 1992-ല്‍ അട്ടിമറിശ്രമത്തിനിടെ ഷാവേസ് അറസ്റ്റിലായപ്പോള്‍ അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ മഡ്യൂറോ ഉണ്ടായിരുന്നു. അമേരിക്കന്‍ നയങ്ങളുടെ നിശിത വിമര്‍ശകനായ അദ്ദേഹം ഷാവേസ് വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ ആറ് വര്‍ഷത്തോളം വിദേശകാര്യമന്ത്രിയായി

1999 മുതല്‍ 2013 വരെ രാജ്യം ഭരിച്ച ഹ്യൂഗോ ഷാവേസിന്റെ നിഴല്‍ എന്ന് അവകാശപ്പെടുന്നയാളാണ് മഡ്യൂറോ. ക്യാന്‍സറിന് മുമ്പില്‍ തോറ്റ് 56ാം വയസ്സില്‍ ഷാവേസ് മരിക്കുന്നത് വരെ രാജ്യത്തിന്റെ കാര്യങ്ങള്‍ ഒരു വിധം ഭദ്രമായിരുന്നു. തന്റെ പിന്‍ഗാമിയായി നിക്കോളാസ് മഡ്യൂറയെ നിശ്ചയിച്ചത് ഹ്യൂഗോ ഷാവേസ് തന്നെയായിരുന്നു. 'ഷാവേസ് ദെ ലോ ജൂറോ, മി വോട്ട് എസ് പാരാ മദുറോ'' എന്നായിരുന്നു ഷാവേസിന്റെ മരണ ശേഷം നടന്ന 2013ലെ തിരഞ്ഞെടുപ്പിലെ ഔദ്യോഗിക മുദ്രാവാക്യം. 'ഷാവേസ് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. എന്റെ വോട്ട് മഡ്യൂറോക്ക്'' എന്നര്‍ഥം. ഷാവേസിന്റെ ഓര്‍മകളെ ഓരോ അണുവിലും ആവാഹിച്ചിട്ടും മഡ്യൂറോക്ക് ആ തിരഞ്ഞെടുപ്പില്‍ തിളക്കം കുറഞ്ഞ വിജയമേ നേടാനായുള്ളൂ. 2018 മെയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്തി രണ്ടാമൂഴം. 40 ശതമാനം പേര്‍ മാത്രം വോട്ട് ചെയ്ത ഈ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികള്‍ പലതും സജീവമായിരുന്നില്ല.




പിന്നീട് നടന്ന സാമ്പത്തിക പ്രതിസന്ധിയില്‍ മഡ്യൂറോയുടെ കാലിടറി. അയാളുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞു. പക്ഷേ ഈ പ്രശ്നം മഡ്യൂറോയുടെത് മാത്രമായിരുന്നില്ല. ഷാവേസ് തന്നെ സൃഷ്ടിച്ചതായിരുന്നു. ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ കൊടുത്തിരുന്ന സ്വകാര്യ മേഖലയിലെ സംരംഭങ്ങള്‍ ഇയാള്‍ ഒറ്റയടിക്ക് ഷാവേസ് ദേശസാല്‍ക്കരിച്ചു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ആക്കി മാറ്റി. അവിടെയെല്ലാം സ്വന്തം പാര്‍ട്ടിക്കാരെയും അനുയായികളെയും പാര്‍ശ്വവര്‍ത്തികളെയും കുത്തിക്കയറ്റി. ഇടക്കിടെ അമേരിക്കന്‍ വിരുദ്ധ പ്രസംഗം നടത്തിയാണ് ഷാവേസ് പിടിച്ചു നിന്നത്. പക്ഷേ അദ്ദേഹത്തിന്റെ മരണത്തിനുശേഷം എണ്ണ പ്രതിസന്ധിയുണ്ടായതോടെ രാജ്യം ശരിക്കും കൂപ്പുകുത്തി. സര്‍ക്കാര്‍ പിടിച്ചെടുത്ത ഭുമി കൃഷിക്കോ വ്യവസായങ്ങള്‍ക്കോ ഉപയോഗിക്കാതെ തരിശിട്ടത് സമ്പന്ന രാജ്യത്തെ ദാരിദ്ര്യത്തിലേയ്ക്ക് കൂപ്പുകുത്തിച്ചു. എക്സോണ്‍ മൊബില്‍ അടക്കമുള്ള ഭീമന്‍ നിക്ഷേപകര്‍ രാജ്യം വിട്ടു.

എണ്ണകയറ്റുമതിയിലൂടെ വന്‍ പണം വെനസ്വേലയിലേയ്ക്ക് ഒഴുകിയ ഒരു കാലഘട്ടമുണ്ടായിരുന്നു. രാജ്യത്തിന്റെ സാമ്പത്തികാടിത്തറ ശക്തിപ്പെടുത്താനും ദീര്‍ഘവീഷണത്തോടെയുളള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതില്‍ ഭരണാധികാരികള്‍ പരാജയപ്പെട്ടതാണ് വെനസ്വേലയുടെ പതനത്തിന് കാരണം. പട്ടാളത്തിലെ ഉദ്യോഗസ്ഥനായിരുന്ന ഷാവെസ് 199-9ല്‍ വെനസ്വേലയുടെ പ്രസിഡന്റായി നാല്‍പ്പത്തിനാലാം വയസില്‍ അവരോധിക്കപ്പെട്ടപ്പോള്‍ വെനസ്വേലയുടെ സാമ്പത്തിക സ്ഥിതി ആശാവഹമായിരുന്നില്ല. ജനങ്ങളില്‍ പകുതിപേരും ദാരിദ്ര്യ രേഖയ്ക്കു താഴെയായിരുന്നു.

എണ്ണവില പെട്ടെന്നുയരാന്‍ തുടങ്ങുകയും കാലക്രമത്തില്‍ 100 ഡോളര്‍ വരെയാവുകയും ചെയ്തു. ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള ഒട്ടേറെ പരിപാടികള്‍ നടപ്പാക്കാന്‍ എണ്ണപ്പണം ഷാവെസ് ഉപയോഗിച്ചു. ഭക്ഷണവും മരുന്നും അവശ്യ സാധനങ്ങളും കുറഞ്ഞ വിലയ്ക്കു ലഭിക്കാന്‍ തുടങ്ങിയതോടെ ജനങ്ങള്‍ സന്തുഷ്ടരായി. തുടര്‍ന്ന് നടത്തിയ മൂന്നു തിരഞ്ഞെടുപ്പുകളില്‍ ഷാവെസ് തന്നെ വെനസ്വേലയില്‍ ജയിച്ചു കയറി. യുഎസ് ഉപരോധം മൂലം വീര്‍പ്പുമുട്ടിയിരുന്ന ക്യൂബയെ സഹായിക്കാനും പെട്രോഡോളര്‍ ഷാവെസിനു തുണയായി. പക്ഷേ ഷാവേസിനുശേഷം രാജ്യം വീണു.




കടലാസ് വില മാത്രമുള്ള കറന്‍സി

ലോകത്ത് ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കുള്ള രാജ്യമാണ് ഇന്ന് വെനിസ്വേല. കറന്‍സിയായ ബൊളിവറിന് കടലാസ് വിലയേയുള്ളൂ. ഒരു ചോക്കലേറ്റ് കിട്ടണമെങ്കില്‍ ഒരു കെട്ട് കറന്‍സി കിട്ടേണ്ട രാജ്യമാണിത്. മൊത്തം കറന്‍സി പിന്‍വലിച്ച് പുതിയത് ഇറക്കി നോക്കി. ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ വ്യാപകമായി അച്ചടിച്ചു. പെട്രോ എന്ന ഡിജിറ്റല്‍ കറന്‍സി കൊണ്ടു വന്നു. ഒരു രക്ഷയുമില്ല. വിലക്കയറ്റം കുതിക്കുക തന്നെയാണ്. സാങ്കേതികമായി ഹൈപ്പര്‍ ഇന്‍ഫല്‍ഷന്‍ എന്ന് പറയും. പാശ്ചാത്യ ഏജന്‍സികളും മാധ്യമങ്ങളും വെനിസ്വേലക്കെതിരെ പടച്ചു വിടുന്ന നെഗറ്റീവ് പ്രചാരണങ്ങള്‍ കൂടിയാകുമ്പോള്‍ വിപണിയില്‍ നിന്ന് ആത്മവിശ്വാസത്തിന്റെ ചെറു കണിക പോലും അപ്രത്യക്ഷമാകുന്നു. മദുറോ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ പാളിപ്പോകുന്നത് അതുകൊണ്ടാണ്. .

സ്പാനിഷ് ആധിപത്യത്തിനെതിരെ ധീരമായി പോരാടിയ വിപ്ലവകാരിയാണ് സൈമണ്‍ ബൊളിവര്‍. വെനിസ്വേല, ബൊളീവിയ, കൊളംബിയ, ഇക്വഡോര്‍, പെറു തുടങ്ങിയ രാജ്യങ്ങളുടെ പിറവിക്ക് തന്നെ കാരണമായ ഐതിഹാസിക പോരാട്ടത്തിന് അദ്ദേഹം നേതൃത്വം നല്‍കി. അദ്ദേഹത്തിന്റെ നാമധേയത്തിലാണ് വെനിസ്വേലന്‍ കറന്‍സി. അത് തകര്‍ന്നടിയുമ്പോള്‍ പ്രതീകാത്മകമായി ബൊളിവേറിയന്‍ പാരമ്പര്യം തന്നെയാണ് പരാജിതമാകുന്നത്.

ആഗോള എണ്ണ വിപണിയില്‍ 2014-ല്‍ സംഭവിച്ച വിലയിടിവ് വെനിസ്വേലയെ പിടിച്ചുലച്ചപ്പോള്‍ ആ പ്രതിസന്ധി മറികടക്കാനാകാതെ പകച്ചു നില്‍ക്കുന്ന മഡ്യറോയെയാണ് കണ്ടത്. അന്നും സമരത്തെ അടിച്ചമര്‍ത്തുകയാണ് മഡ്യൂറോ ചെയ്തത്. ഷാവേസ് കുറേ പേരെ ശത്രുക്കളാക്കിയപ്പോള്‍ അതിനേക്കാളേറെ പേരെ മിത്രങ്ങളാക്കിയിരുന്നു. മദുറോ പുതിയ ശത്രുക്കളെ സമ്പാദിക്കച്ചുകൂട്ടി. വൈദ്യുതിയില്ലാത്ത രാത്രികളില്‍, ഭക്ഷണവും മരുന്നും ഇല്ലാത്ത ദിവസങ്ങളില്‍ ജനങ്ങളും പ്രതിപക്ഷക്കാരും ചേര്‍ന്ന് പോലീസുമായി തെരുവുകളില്‍ ഏറ്റുമുട്ടി.




ജനം അയല്‍ നാടായ കൊളംബിയയിലെക്ക് ഒഴുകി. ക്രമസമാധാന നില തകര്‍ന്ന തോടെ നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും നിയന്ത്രണം ഗുണ്ടാസംഘങ്ങള്‍ ഏറ്റെടുത്തു. കള്ള ക്കടത്ത്, മയക്കു മരുന്ന് വ്യാപാരം, പെണ്‍വാണിഭം, കുട്ടികളെ തട്ടി ക്കൊണ്ടുപോകല്‍, മനുഷ്യക്കടത്ത് എന്നിവയെല്ലാം വെനിസ്വേലയില്‍ സജീവമായി.ഇന്ന് ലോകത്തെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ നിരയിലേക്ക് വെനിസ്വേല എത്തിപ്പെട്ടു.

വെനസ്വേല ഒരു മാഫിയ രാജ്യമായി അതിവേഗം വളരുന്നുവെന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍. ജനാധിപത്യത്തെ കശാപ്പ് ചെയ്ത് വീണ്ടും അധികാരത്തില്‍ മഡൂറോയ്ക്കെതിരെ പൊരുതി നില്‍ക്കാന്‍ ഒരൊറ്റ നേതാവും പോലുമില്ലെന്നുളളതാണ് വെനസ്വേലയുടെ ദുര്യോഗം.

വെനസ്വേല എല്ലാ അര്‍ത്ഥത്തിലും ഒരു മാഫിയ സ്റ്റേറ്റായി മാറികഴിഞ്ഞു. സര്‍ക്കാരിന്റെ എല്ലാ തലത്തിലും ക്രിമിനല്‍ സംഘം പിടിമുറുക്കി കഴിഞ്ഞു. മന്ത്രിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അഴിമതിക്കും െകാളളയ്ക്കും ചൂട്ടുപിടിക്കുന്നവരായി, വിദേശകാര്യം, പ്രതിരോധം, ദേശീയ സുരക്ഷ എല്ലാ മേഖലകളിലും കൈക്കൂലി വ്യാപകമായി, മാഫിയ സംഘം കൊടുക്കുത്തി വാണു. 'കാര്‍ട്ടല്‍ ഓഫ് ദ സണ്‍' എന്ന വെനസ്വേലയിലെ പ്രമുഖ ലഹരിക്കടത്ത് മാഫിയയ്ക്ക് വേണ്ടി മന്ത്രിമാര്‍ അടക്കമുളളവര്‍ പ്രവര്‍ത്തിരിച്ചുവെന്നത് ലോകത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു. വെനസ്വേലയുടെ മുന്‍ വൈസ് പ്രസിഡന്റ്. പ്രസിഡന്റ് മഡുറോയുടെ ഭാര്യ സിസിലിയ ഫ്ലോറന്‍സ്, മകന്‍ തുടങ്ങിയവര്‍ ഈ മാഫിയയുടെ ഇടനിലക്കാരായി പ്രവര്‍ത്തിച്ചിരുന്നുവെന്ന് ആരോപണം വന്‍ കോലാഹലമാണ് ഉണ്ടാക്കിയത്.




വധശ്രമത്തില്‍നിന്ന് രക്ഷപ്പെട്ടത് പല തവണ

വധശ്രമത്തില്‍ നിന്ന് പലതവണയാണ് മഡ്യൂറോ രക്ഷപ്പെട്ടത്. വെനസ്വേലന്‍ സൈന്യത്തിന്റെ എണ്‍പത്തി ഒന്നാം വാര്‍ഷികാഘോഷ ചടങ്ങില്‍ സംസാരിക്കുന്നതിനിടെ ഹോളിവുഡ് സിനിമകളെ വെല്ലുന്ന രീതിയില്‍ ആക്രമണം നടന്നിരുന്നു. പറന്നുവന്ന ഡ്രോണുകള്‍ പ്രസിഡന്റിനുമുന്നില്‍ പൊട്ടിത്തെറിച്ചുവെങ്കിലും മഡ്യൂറോ അത്ഭുതകരമായി രക്ഷപ്പെട്ടു. വധശ്രമങ്ങള്‍ ഇതിനുമുന്‍പും ഉണ്ടായിട്ടുണ്ട്. വിദേശശക്തികളാണ് തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ടെങ്കിലും സ്വന്തം രാജ്യത്തുതന്നെയാണ് മഡൂറോയുടെ ശത്രുക്കള്‍.

2017- ജൂണിലുണ്ടായ ചില സംഭവികാസങ്ങള്‍ രാജ്യത്തെ ഞെട്ടിച്ചിരുന്നു. മഡൂറോ സര്‍ക്കാരിന്റെ പ്രധാന നോട്ടപ്പുള്ളിയായിരുന്ന ഓസ്‌കര്‍ പെരെസ് സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത് വലിയ ഒരു പോരാട്ടത്തിന് ശേഷമായിരുന്നു. പൊലീസ് ഉദ്യോഗസ്ഥനായിരുന്ന പെരസ്, മഡ്യൂറോ ഭരണത്തില്‍ പ്രതിഷേധിച്ച് ആക്രമണങ്ങള്‍ക്ക് മുന്നിട്ടറങ്ങി. 2017 ജൂണില്‍ പൊലീസ് സേനയുടെ ഹെലികോപ്റ്റര്‍ തട്ടിയെടുത്ത് സുപ്രീംകോടതിയിലും മന്ത്രിമന്ദിരത്തിലും ബോംബിട്ടു.ഏറ്റുമുട്ടലുകള്‍ക്ക് ഒടുവില്‍ സൈന്യം ഇയാളെ വെടിവച്ചുകൊന്നു.

2017-ല്‍ സൈന്യത്തിലെ ഒരു വിഭാഗം മഡ്യൂറോയെ തീര്‍ക്കാന്‍ കരുക്കള്‍ നീക്കിയെങ്കിലവു. പടിഞ്ഞാറന്‍ കാരക്കസില്‍ സൈനികതാവളങ്ങള്‍ പിടിച്ചെടുത്തു. സമൂഹമാധ്യമങ്ങള്‍ വഴി ജനങ്ങളെ സര്‍ക്കാരിനെതിരെ തിരിക്കാന്‍ ശ്രമിച്ചു. ഈ ശ്രമവും പാതിവഴിയില്‍ നിലച്ചു. 2016-ലായിരുന്നു പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാനെത്തിയ മഡ്യൂറോയ്ക്കുനേരെ ആള്‍ക്കൂട്ട ആക്രമണം ഉണ്ടായി. വിശപ്പുമാറ്റാന്‍ വകയില്ലാതെ കഴിഞ്ഞവര്‍ പ്രസിഡന്റിനെ കണ്ടപ്പോള്‍ പൊട്ടിത്തെറിച്ചു. വീട്ടിലെ ചട്ടിയും കലവും എറിഞ്ഞു. ആയിരക്കണക്കിന് ആളുകളാണ് അന്ന് തെരുവില്‍ പ്രതിഷേധിച്ചത്.ബഹുഭൂരിപക്ഷം ജനങ്ങളും വെറുത്തിട്ടും പ്രതിപക്ഷപാര്‍ട്ടികളെയൊക്കെ നിശബ്ദരാക്കി മഡ്യൂറോ അധികാരത്തില്‍ തുടരുന്നു.




തിരഞ്ഞെടുപ്പ് അട്ടിമറിയോ?

ഇത്രയും ഭരണവിരുന്ധ വികാരത്തെ എങ്ങനെയാണ് മഡ്യൂറോ അടിച്ചമര്‍ത്തിയത് എന്നാണ് ലോക രാജ്യങ്ങളെ ഞെട്ടിച്ചത്. 1998-ല്‍ ഹ്യൂഗോ ഷാവേസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച വെനസ്വേലയിലെ സോഷ്യലിസ്റ്റ് ഭരണത്തിനു അന്ത്യമാകുമെന്ന് കരുതപ്പെട്ടിരുന്ന തിരഞ്ഞെടുപ്പായിരുന്നു 2024 ലേത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും അതുമൂലമുണ്ടായ വലിയ പലായനവുമായിരുന്നു തിരഞ്ഞെടുപ്പില്‍ മഡ്യൂറോക്കെതിരെ പ്രതിപക്ഷം ഉയര്‍ത്തി കാട്ടിയിരുന്ന പ്രചാരണ ആയുധം.

വെനസ്വേലയില്‍ മൂന്നാം തവണയും മഡ്യുറോ അധികാരത്തിലേറുമെന്ന് ആരും കരുതിയതല്ല. പ്രവചനങ്ങളും സര്‍വേ ഫലങ്ങളും തോല്‍വി പ്രഖ്യാപിച്ച തിരഞ്ഞെടുപ്പിലാണ് ഈ ജയം. 51 ശതമാനം വോട്ട് നേടിയാണ, മഡ്യൂറോ, എതിര്‍സ്ഥാനാര്‍ഥി എഡ്മുണ്ടോ ഗോണ്‍സാലസ് ഉറുട്ടിയയെ പരാജയപ്പെടുത്തിയത്.എക്സിറ്റ് പോള്‍ ഫലങ്ങള്‍ മഡ്യൂറോയുടെ പരാജയം പ്രവചിക്കുന്നതായിരുന്നു. ഇതോടെ എതിര്‍ ക്യാമ്പുകള്‍ വിജയാഘോഷവും ആരംഭിച്ചിരുന്നു. എന്നാല്‍ അവസാനഫലം വന്നപ്പോള്‍ അവര്‍ ഒക്കെ ഞെട്ടി.

ഇതോടെയാണ് തിരിഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നുവെന്ന് ആരോപണം ഉയര്‍ന്നത്. അതേസമയം, 30,000 പോളിങ് കേന്ദ്രങ്ങളില്‍നിന്ന് ഔദ്യോഗിക വോട്ടിങ് കണക്കുകള്‍ പുറത്തുവിടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ വോട്ടിങ് അധികൃതര്‍ ഇതിന് തയാറായില്ല. പോളിങ് സ്റ്റേഷനുകളിലെ പ്രതിനിധികളില്‍നിന്ന് തങ്ങള്‍ ശേഖരിച്ച കണക്കുകള്‍ മഡ്യൂറോ പിന്നിലായിരുന്നുവെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വാദം. ഈ ആരോപണം ഉന്നതിച്ചതിനാണ് പ്രതിപക്ഷ നേതാവിന് ഇപ്പോള്‍ നാടിവിടേണ്ടി വന്നിരിക്കുന്നത്.

അമേരിക്കമാത്രമല്ല, കോസ്റ്റാറിക്ക, പെറു, അര്‍ജന്റീന ഉള്‍പ്പെടെയുള്ള ചില ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന നിലപാടിലാണ്. അതേസമയം, ക്യൂബ, ബൊളീവിയയുമെല്ലാം മഡ്യൂറേക്ക് ഒപ്പമാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കഴിയാഞ്ഞതിനാല്‍ കലാപത്തിനാണ് തീവ്രവലതുപക്ഷം ശ്രമിക്കുന്നത് എന്നായിരുന്നു മഡ്യൂറോയുടെ പ്രതികരണം. മഡ്യൂറോ സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള വാറന്റ് പുറപ്പെടുവിക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ പ്രമുഖ യാഥാസ്ഥിതിക വാദിയായ മരിയ കൊറിന മക്കാഡോ ഉള്‍പ്പെടെയുള്ളവര്‍ അര്‍ജന്റീനിയന്‍ എംബസിയില്‍ അഭയം തേടിയിരിക്കുകയാണ്. ഇവരെ പിടികൂടാന്‍ കഴിഞ്ഞദിവസം വെനെസ്വേലന്‍ സൈന്യം എംബസി വളഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയിലാണ് ഉറുട്ടിയയുടെ രാജ്യം വിടല്‍.




എന്തായും അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ മഡ്യൂറോയെ വെറുതെ വിടാന്‍ ഒരുക്കമല്ല. മഡ്യൂറോ ഉപയോഗിച്ചിരുന്ന വിമാനം ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നിന്ന് അമേരിക്ക പിടിച്ചെടുത്തത് ഈയിടെയാണ്. അമേരിക്കയില്‍ നിന്ന് കടലാസുകമ്പനി വഴിയാണ് മഡ്യറോ 'ദസ്സോ ഫാല്‍ക്കണ്‍ 900ഇഎക്സ്' എന്ന വിമാനം വാങ്ങിയെന്നാരോപിച്ചാണ് നടപടി. ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ ഫോര്‍ട്ട് ലോഡര്‍ഡേല്‍ എക്സിക്ക്യുട്ടീവ് വിമാനത്താവളത്തില്‍ നിന്നാണ് വിമാനം തിങ്കളാഴ്ച അമേരിക്ക കടത്തികൊണ്ടുപോയത്. ഒരു കോടി മുപ്പത് ലക്ഷം ഡോളര്‍ നല്‍കിയാണ് മഡ്യൂറോ വിമാനം സ്വന്തമാക്കിയത്. രാജ്യം പട്ടിണി കിടക്കുമ്പോഴും പ്രസിഡന്റിന്റെ ആംഡംബരത്തിന് ഒരു കുറവുമില്ല.

വെനസ്വേയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 55 വിമാനങ്ങളെ യുഎസ് ഉപരോധിച്ചിട്ടുണ്ട്. അമേരിക്കയുടെ നിയമവിരുദ്ധ നടപടിയ്ക്കെതിരെ ശക്തമായ പ്രതിഷേധം അറിയിച്ച് മഡ്യുറോ രംഗത്തെത്തി. അമേരിക്ക സൈനിക- സാമ്പത്തികശേഷി ഉപയോഗിച്ച് ഡൊമനിക്കന്‍ റിപ്പബ്ലിക്കിനെ ഭീഷണിപ്പെടുത്തി നിയമവിരുദ്ധപ്രവര്‍ത്തനത്തിന് കൂട്ടാളിയാക്കിയെന്ന് അദ്ദേഹം ആരോപിക്കുന്നു. ഇങ്ങനെ വീണ്ടും അമേരിക്കന്‍ വിരുദ്ധത തുറപ്പുചീട്ടാക്കി പിടിച്ചുനില്‍ക്കാനാണ് മഡ്യൂറോയുടെ ശ്രമം.




വാല്‍ക്കഷ്ണം: എന്തൊക്കെപ്പറഞ്ഞാലും ഇന്ത്യയുടെ സുഹൃത്താണ് മുഡ്യൂറോ. നാലഞ്ചുവര്‍ഷം മുമ്പ് നടന്ന ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ് ഉച്ചകോടിയില്‍, അന്നത്തെ വെനസ്വേലന്‍ വിദേശകാര്യ മന്ത്രി ജോര്‍ജ്ജ് അരേസ ഇന്ത്യയുമായുള്ള ശക്തമായ ബന്ധത്തിന് വേണ്ടിയാണ് വാദിച്ചത്. അതിനായി അദ്ദേഹം പറഞ്ഞത് ഇങ്ങനെ-'പ്രസിഡന്റ് മഡുറോ ഇന്ത്യയെ സ്നേഹിക്കുന്നു... അദ്ദേഹം ഒരു ക്രിസ്ത്യാനിയാണ്, പക്ഷേ അദ്ദേഹം സായി ബാബയെ അനുയായിയാണ്. സഹിഷ്ണുതയുടെയും വിവേചനമില്ലായ്മയുടെയും മൂല്യങ്ങളെക്കുറിച്ച് ഞങ്ങള്‍ പഠിച്ചത് ഇന്ത്യയില്‍നിന്നാണ്''.