രു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥന് തിരുവനന്തപുരത്ത് വാടക വീട് ലഭിക്കാത്തതാണ്, ഇന്ത്യയെ പിടിച്ചുകുലുക്കിയ ഐഎസ്ആർഒ ചാരക്കേസിലേക്ക് നയിച്ചത് എന്ന് പറഞ്ഞാൽ, എത്രപേർ വിശ്വസിക്കും. പക്ഷേ പറയുന്നത് മുൻ ഡിജിപിയായിരുന്നു ടി പി സെൻകുമാർ ആണ്. 'തിരുവനന്തപുരത്ത് 1994ൽ ഡപ്യൂട്ടി കമ്മിഷണറായിരുന്ന ഋഷിരാജ് സിങ്ങിന് വാടകവീട് ലഭിക്കാത്തതിന്റെ പരിണതഫലമാണ് ഐഎസ്ആർഒ ചാരക്കേസ്. അല്ലാതെ സിഐഎയും ക്രയോജനിക് എൻജിനൊന്നുമല്ല. അക്കാലത്ത് തിരുവനന്തപുരത്തുകൊള്ളാവുന്ന വീടൊക്കെ മാലിക്കാർ വാടകയ്ക്ക് എടുത്തിരിക്കുകയായിരുന്നു. ഇതെങ്ങനെ സംഭവിക്കുന്നു എന്ന് അന്വേഷിക്കാൻ സ്പെഷൽ ബ്രാഞ്ചിൽ ഇൻസ്പെക്ടറായിരുന്ന വിജയനോട് ഋഷിരാജ് സിങ് ആവശ്യപ്പെട്ടു. വിജയന്റെ അന്വേഷണത്തിനിടെ മറിയം റഷീദ താമസിച്ചിരുന്ന സ്ഥലത്തെത്തുകയും പാസ്പോർട്ടിൽ ചട്ടലംഘനമുണ്ടെന്നു കണ്ടെത്തുകയും ചെയ്തു. അങ്ങനെയാണ് വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ 225/94 എന്ന കേസ് രജിസ്റ്റർ ചെയ്തത്. അതാണ് പിന്നീട് ചാരക്കേസ് ആയി മാറിയത്.''- 2018ൽ കൊല്ലം പ്രസ് ക്ലബിന്റെ പികെ തമ്പി അനുസ്മരണ ദിനത്തോടനുബന്ധിച്ച് 'ഭരണം പൊലീസ്, മാധ്യമങ്ങൾ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തവേ സെൻകുമാർ പറഞ്ഞ ഈ വാക്കുകൾ ഏറെ ചർച്ചയായിരുന്നു.

ശരിയാണ്, 90കളുടെ തുടക്കത്തിൽ തിരുവനന്തപുരത്ത് മാലിദ്വീപുകാരെ തട്ടി നടക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. മാലിയിൽ അത്യാവശ്യം സമ്പത്തുള്ളവരുടെ സാറ്റലൈറ്റ് സിറ്റിയായിരുന്ന അനന്തപുരി. ചികിത്സക്കും, വിദ്യാഭ്യാസത്തിനുമെല്ലാം അവർ ആശ്രയിച്ചിരുന്നത് കേരളത്തെ ആയിരുന്നു. അവരുടെ നാട്ടിൽ നടക്കുന്നതിന്റെ നാലിലൊന്ന് ചെലവിൽ കേരളത്തിൽ സർജറികൾ നടത്താമായിരുന്നു. അതുപോലെ നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നുമില്ലാത്ത മാലിക്കാർ ഉപരിപഠനത്തിനായും കണ്ടത് ഇന്ത്യയെ, പ്രത്യേകിച്ച് കേരളത്തെ ആയിരുന്നു.

അങ്ങനെയാണ് ഫൗസിയ ഹസൻ എന്ന സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്യുന്ന ആ നടിയും കേരളത്തിൽ എത്തിയത്. മറിയം റഷീദ എന്ന മാലിക്കാരി അവളുടെ സുഹൃത്തുമാണ്. 14 വയസ്സുള്ള മകൾ ജിലയെ പഠിപ്പിച്ച് നല്ല നിലയിൽ എത്തിക്കണം എന്നായിരുന്നു അവരുടെ ആഗ്രഹം. ഹിന്ദി സിനിമകളുടെ വലിയ ഒരു ആരാധികയായ ഫൗസിയക്ക് മറ്റൊരു ലക്ഷ്യം കൂടിയുണ്ടായിരുന്നു. ബോളിവുഡിൽ ചെറുതെങ്കിലും ഒരു വേഷം ചെയ്യുക. എന്നാൽ 1994 ഒക്ടോബറിൽ സമാനകളില്ലാത്ത ദുരന്തമാണ് അവരെ കാത്തിരുന്നത്. ചലച്ചിത്ര താരം ആവാൻ കൊതിച്ച് അവൾ ചാരക്കേസിൽ അകത്താവുകയാണ് ഉണ്ടായത്.

എന്നിട്ടും അവർ ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്ത് എഴുന്നേറ്റു. നൂറോളം സിനിമകളിൽ അഭിനയിച്ചു. മാലിയിലെ സെൻസർ ബോർഡ് അംഗമായി. പുസ്തകം എഴുതി. ഒടുവിൽ 79ാം വയസ്സിൽ കാൻസർ രോഗം വന്ന് ശ്രീലങ്കയിൽ വെച്ച് മരിക്കുമ്പോഴും അവർക്ക് ഒരു ആഗ്രഹം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. തന്നോട് ചെയ്ത നീതി നിഷേധത്തിന് നഷ്ടപരിഹാരം കിട്ടണം. അതിനുള്ള കേസ് നടപടികളുമായി മുന്നോട്ട് നീങ്ങവെ, കോവിഡ് വന്നു. ആ കാലം കഴിഞ്ഞപ്പോഴേക്കും ഫൗസിയയുടെ മരണവാർത്തയും എത്തി. സത്യത്തിൽ കേരളാ പൊലീസും മലയാള മാധ്യമങ്ങളും ചേർന്ന് നശിപ്പിക്കാൻ ശ്രമിച്ച ഒരു ജീവിതം ആയിരുന്നു അവരുടേത്. 2019ൽ കോഴിക്കോട്ട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ ഫൗസിയ ഹസൻ നിറകണ്ണുകളോടെയാണ് തന്റെ അനുഭവം എറഞ്ഞത്. വെറും 14 വയസ്സുള്ള മകളെ തന്റെ കൺമുന്നിലിട്ട് ബലാത്സംഗം ചെയ്യുമെന്ന് പൊലീസ് പറഞ്ഞതൊക്കെ പറയുമ്പോൾ അവർ വിതുമ്പുകയായിരുന്നു.

17ാം വയസ്സിൽ അമ്മ, മിസ് മാലിയും

26 പവിഴദ്വീപ സമൂഹങ്ങൾ ചേർന്നുണ്ടായ സുന്ദരമായ മാലിദ്വീപിലെ ഒരു ഇടത്തരം കുടുംബത്തിലാണ് ഫൗസിയ ജനിച്ചത്. ഇസ്ലാമാണ് മാലിദ്വീപിലെ ഔദ്യോഗികമതം. പക്ഷേ സ്ത്രീകൾക്ക് ഉയർന്ന തരത്തിലുള്ള സ്വാതന്ത്ര്യം ഉള്ള അപൂർവ്വം ഇസ്ലാമിക സമൂഹങ്ങളിലൊന്നാണിത്. മാതൃകേന്ദ്രിത പാരമ്പര്യമാണ് അവിടുത്തെ ജനസമൂഹത്തിനുള്ളത്. സിനിമയെയും സംഗീതത്തെയും ഒന്നും ഹറാമായി കാണുന്നവർ അയിരുന്നില്ല അവർ.

1942 ജനുവരി 8നാണ് ഫൗസിയയുടെ ജനനം. പിതാവ് ഹസൻ, മാതാവ് ഫാത്തിമ. ഉമ്മയുടെ രണ്ടാം വിവാഹമായിരുന്നു. രണ്ട് സഹോദരങ്ങളും രണ്ട് അർധ സഹോദരങ്ങളുമുണ്ട്. ഉമ്മയ്ക്ക് പലഹാരങ്ങളുണ്ടാക്കി വിൽക്കലായിരുന്നു ജോലി. മാലി ആമിനിയ്യ സ്‌കൂൾ, കൊളംബോ പോളിടെക്‌നിക്ക് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പതിനഞ്ചാമത്തെ വയസ്സിലാണ് വിവാഹിതയാവുന്നത്. ആദ്യഭർത്താവ് ഉമർ മാലിക്, മാലിയിൽ ബിസിനസുകാരനാണ്. ചെറുപ്പത്തിൽ തന്നെ ഒരു നടി ആകണം എന്നായിരുന്നു ആഗ്രഹം. പാട്ടും നൃത്തവും, തുന്നലുമൊക്കയായി രസകരമായിരുന്നു തന്റെ ബാല്യമെന്ന് അവർ ഓർക്കുന്നു. 17ാം വയസ്സിൽ ഒരു കുഞ്ഞിന്റെ അമ്മയുമായി. ആ സമയത്താണ് മാലിയിൽ ഒരു പ്രശ്തമായ ബ്യൂട്ടി കോണ്ടസ്റ്റ് നടക്കുന്നത്. ഫൗസിയ വിട്ടുകൊടുക്കാൻ തയ്യാറായില്ല. കൈക്കുഞ്ഞിനെ സുഹൃത്തുക്കളെ എൽപ്പിച്ച് അവർ മത്സരത്തിൽ പങ്കെടുത്തു. ജയിച്ച് മിസ് മാലി പട്ടവും നേടി.

ആദ്യ ഭർത്താവ് ഉമർ മാലികുമായുള്ള ബന്ധത്തിലുണ്ടായ കുട്ടികളാണ് നാസിഹയും നാസിഫും. 19 വയസായപ്പോഴേക്ക് രണ്ടു കുട്ടികളായി. ഇരുപതാമത്തെ വയസ്സിൽ വിവാഹമോചനം. പിന്നീട് ശ്രീലങ്കയിൽ വെല്ലാത്ത എന്ന സ്ഥലത്തെ പോളിടെക്‌നിക്കിൽ ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ്ങും ഷോർട്ട് ഹാന്റും പഠിക്കാൻ പോയി. തിരിച്ചു മാലെയിലെത്തിയപ്പോഴാണ് അറിയപ്പെടുന്ന ഗായകനായ ഇബ്രാഹിം ഹംദിയെ പരിചയപ്പെടുന്നത്. മാലെയിലെ ഹവീരു ദിനപത്രത്തിൽ എഡിറ്റർ കൂടിയായിരുന്നു ഹംദി. പരിചയം പിന്നീട് പ്രണയമായി മാറി. രണ്ടു വർഷത്തെ പ്രണയത്തിനു ശേഷം വിവാഹിതരായി. ആദ്യ വിവാഹം കഴിഞ്ഞ് ഒൻപതു വർഷത്തിനു ശേഷമാണ് ഹംദിയുമായുള്ള വിവാഹം. ആ ബന്ധത്തിലുണ്ടായ കുട്ടിയാണ് ജില ഹംദി. ജിലയ്ക്ക് മൂന്നു വയസ്സുള്ളപ്പോൾ പിരിഞ്ഞു. പിരിഞ്ഞെങ്കിലും കേസിന്റെ സമയത്ത് ഫൗസിയക്ക് മാനസികമായി പിന്തുണ നൽകിയത് ഹംദിയായിരുന്നു. മാലദ്വീപ് വിദേശകാര്യ മന്ത്രാലയത്തിൽ ക്ലർക്കായും അവർ ജോലിനോക്കിയിരുന്നു. എംബ്രോയിഡറി ഡ്രസ്സിങ്ങിൽ മിടുക്കിയായിരുന്നു അവർ. അതിലൂടെ നല്ല വരുമാനവും കിട്ടി.

സിനിമയിലൂടെ ഇന്ത്യയെ സ്നേഹിച്ചു

1985ൽ തന്റെ മോഹം പോലെ അഭിനയരംഗത്തേക്കു വന്നത്. അന്നു മുതൽ ചെറിയ ചെറിയ വേഷങ്ങളിൽ അഭിനയിക്കും. 'കുട്ടിക്കാലം മുതൽ ഞാൻ ഹിന്ദി സിനിമകൾ കാണാറുണ്ടായിരുന്നു. നടിയാവണമെന്നു തോന്നിയത് ഹിന്ദി സിനിമകൾ കണ്ടപ്പോഴാണ്. ഹിന്ദി ഫിലിം സ്റ്റാർസിനെയും ഇഷ്ടമാണ്. ഓരോ കാലത്തും ഒരോ നടീനടന്മരാരോടായിരുന്നു ഇഷ്ടം. ദിലീപ് കുമാർ, രാജേഷ് ഖന്ന, ഷാറുഖ് ഖാൻ തുടങ്ങി ഇപ്പോ റിത്വിക് റോഷൻ വരെ. ഹിന്ദി ഭാഷ ഞാൻ പഠിച്ചതും സിനിമ കണ്ടു കണ്ടാണ്. ഇന്ത്യയിൽ വരണമെന്ന് ആഗ്രഹം തോന്നിയതും അപ്പോഴാണ്. വർഷങ്ങൾക്കു മുൻപാണ്, ശ്രീലങ്കക്കാരിയായ ഒരു ഫ്രണ്ടിനോടൊപ്പം സാരിയും ആഭരണങ്ങളുമൊക്കെ വാങ്ങാൻ തമിഴ്‌നാട്ടിൽ വന്നിരുന്നു. ഫ്ളൈറ്റ് ലാൻഡ് ചെയ്യുമ്പോൾ താഴെ ഇന്ത്യ കണ്ടപ്പോൾ എനിക്കു സന്തഷം അടക്കാനായില്ല. അത്രയ്ക്ക് ആഗ്രഹമായിരുന്നു ഇന്ത്യയിൽ വരാൻ.''- മലയാള മനോരമയിലെ ഒരു അഭിമുഖത്തിൽ ഫൗസിയ പറയുന്നു.

2018 ജനുവരിയിൽ മലയാള മനോരമയുടെ ലേഖിക നിമിഷയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ ഫൗസിയ ഇങ്ങനെ പറയുന്നു. 'ഇന്ത്യയിൽ രണ്ടാമതു വന്നത് ഇളയ മകൾ ജിലയുടെ സ്‌കൂൾ അഡ്‌മിഷനു വേണ്ടിയായിരുന്നു. എന്റെ മകൻ നാസിഫിന്റെ അടുത്ത സുഹൃത്താണ് മാലെയിലെ മുൻ പ്രസിഡന്റായിരുന്ന ഇബ്രാഹിം നാസിറിന്റെ മകൻ അലി നാസിർ. അലി നാസിറിന്റെ മകൻ പഠിച്ചിരുന്നത് ബാംഗ്ലൂരിലെ ബോൾഡ്വിൻ ബോയ്‌സ് ഹൈസ്‌കൂളിലായിരുന്നു. അതേ മാനേജ്‌മെന്റിനു കീഴിലുള്ള ഗേൾസ് സ്‌കൂളിൽ ജിലയെ ചേർത്തു പഠിപ്പിക്കാമെന്നു നാസിഫ് പറഞ്ഞു. അങ്ങനെയാണ് 1994 മേയിൽ ജിലയേയും കൂട്ടി ഞാൻ ബാംഗ്ലൂരിൽ എത്തിയത്.

അലി നാസിറിന്റെ വീട്ടിലായിരുന്നു ഞങ്ങൾ ആദ്യം താമസിച്ചിരുന്നത്. സ്‌കൂളിൽ വലിയൊരു തുക ഡൊണേഷൻ കൊടുക്കണമായിരുന്നു. ആ പണം എങ്ങനെ എത്തിക്കുമെന്ന് ആലോചിച്ചപ്പോഴാണ് എന്റെ വളരെ അടുത്ത സുഹൃത്തായിരുന്ന മറിയം റഷീദയുടെ സഹായം തേടാമെന്നു കരുതിയത്. മറിയം അതിനു മുൻപ് രണ്ടു തവണ ഇന്ത്യയിൽ വന്നിട്ടുണ്ടായിരുന്നു. അങ്ങനെ എന്റെ മകൾ നാസിഹ 1500 അമേരിക്കൻ ഡോളർ മറിയം റഷീദ വഴി കൊടുത്തയച്ചു. മാലെയിൽ നിന്നുള്ള വിമാനം തിരുവനന്തപുരം വഴിയായിരുന്നു ബാംഗ്ലൂരിൽ എത്തിയിരുന്നത്. ആ യാത്രക്കിടയിൽ തിരുവനന്തപുരം എയർപോർട്ടിൽ വച്ചാണ് മറിയം റഷീദ ചന്ദ്രശേഖറിനെ പരിചപ്പെടുന്നത്. മറിയം എത്തിയത് ജൂൺ 20 ാം തീയതിയായിരുന്നു. ജിലയുടെ സ്‌കൂൾ അഡ്‌മിഷന്റെ കാര്യത്തിൽ ചില തടസ്സങ്ങളുണ്ടെന്നു പറഞ്ഞപ്പോൾ, മറിയമാണ് ചന്ദ്രശേഖറെയും ശർമ്മയെയും എനിക്ക് പരിചയപ്പെടുത്തി തന്നത്. ചന്ദ്രശേഖറെ അദ്ദേഹത്തിന്റെ ഓഫിസിൽ പോയി കാണുകയായിരുന്നു. അദ്ദഹത്തിന്റെയും ശർമ്മയുടെയും സഹായത്താൽ ജിലയുടെ സ്‌കൂൾ അഡ്‌മിഷൻ ശരിയായി.

ഞാനും മറിയവും മാലിയിലേക്ക് തിരിച്ചു പോകാനുള്ള ഉദ്ദേശത്തോടെയായിരുന്നു തിരുവനന്തപുരത്ത് എത്തിയത്. മറിയം വീസ കാലാവധി നീട്ടിക്കിട്ടാൻ അപേക്ഷ നൽകിയത്, ആ സമയത്ത് മാലിയിൽ പ്ലേഗ് ബാധ കാരണം വിമാന സർവീസുകൾ നിർത്തി വച്ചതുകൊണ്ടാണെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ വീസ കാലാവധി നീട്ടാൻ മറിയം ശ്രമിച്ചതിനു പിന്നിൽ ഒരു കാരണം കൂടിയുണ്ടായിരുന്നു. മംഗലാപുരം സ്വദേശിയായ ഒരു ഡോക്ടറുമായി മറിയത്തിന് അടുപ്പമുണ്ടായിരുന്നു. ഡോക്ടർ ഒക്ടോബർ 30 ന് തിരുവനന്തപുരം വരുമെന്ന് അറിയിച്ചിരുന്നതുകൊണ്ടു കൂടിയാണ് വീസ കാലാവധി നീട്ടിക്കിട്ടാൻ മറിയം അപേക്ഷ നൽകിയത്. പക്ഷേ സംഭവിച്ചത് വേറൊന്നായിരുന്നു. ഒക്ടോബർ 20 ന് മറിയം അറസ്റ്റു ചെയ്യപ്പെട്ടതോടെ എല്ലാം തകിടം മറിഞ്ഞു. പിന്നീട് എന്തൊക്കെയാണ് നടന്നത് !''- ഫൗസിയ അക്കാലം ഓർത്തെടുക്കുന്നു

ഭർത്താക്കന്മാരെ അടിക്കടി മാറുന്ന മറിയം

ഫൗസിയ ഹസന്റെ കാഴ്ചപ്പാടിൽ ഇന്നും മറിയ റഷീദ ഒരു പ്രഹേളികയാണ്. അവർ കൊടുത്ത മൊഴിയിലെ വൈരുധ്യങ്ങൾ കാരണമാണ് നിരപരാധിയായ ഫൗസിയയുടെ മേലിലും സംശയം നീണ്ടത്. മറിയം റഷീദയെ പരിചയപ്പെട്ട കഥ ഫൗസിയ ഇങ്ങനെയാണ് പറയുന്നത്. 'ഞങ്ങൾ തമ്മിൽ ദീർഘകാലത്തെ സൗഹൃദമുണ്ട്. മാലയിൽവെച്ചു തന്നെ ഞങ്ങൾ പരിചയക്കാരാണ്. എഴുമാസം പ്രായമുള്ള മകൾ ജിലയോടൊപ്പം ഭർത്തൃ വീട്ടിലായിരുന്നു ഞാനന്ന്. ഒരു ദിവസം അമ്മായിയമ്മ നജീബ വന്നു പറഞ്ഞു, അഹമ്മദ് ദീദിയുടെ സഹോദരി തൊട്ടടുത്ത വീട്ടിൽ താമസിക്കുന്നുണ്ട്, നമുക്കു പോയൊന്നു കാണാമെന്ന്. അഹമ്മദ് ദീദി എന്റെ ഭർത്താവ് ഇബ്രാഹിം ഹംദിയുടെ സുഹൃത്താണ്. ഇരുപതിലേക്കു കടക്കുന്ന സുന്ദരിയായ ഒരു പെൺകുട്ടിയെ ആ വീട്ടിൽ ഞാൻ കണ്ടു. ഒന്നുരണ്ടു വാക്കുകൾ അന്നു ഞങ്ങൾ സംസാരിച്ചു. അമ്മായിയമ്മ പറഞ്ഞു: 'മറിയം റഷീദ എന്നാണ് അവളുടെ പേര്.'

ഞങ്ങളുടെ സൗഹൃദം ആരംഭിക്കുന്നത് അവിടെ വച്ചാണ്. അഡുദ്വീപ് സ്വദേശിയാണ് മറിയം. അതുകൊണ്ടവൾക്ക് മാലെയിൽ സുഹൃത്തുക്കൾ കുറവായിരുന്നു. ഞങ്ങൾ പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്യുന്നതു പതിവായി. മറിയം അന്നു ഷെരീഫ് എന്നൊരാളുടെ ഭാര്യയായിരുന്നു. അഞ്ചാറുമാസം കഴിഞ്ഞപ്പോൾ മറിയവും ഷെരീഫും ആ വീട്ടിൽ നിന്നു താമസം മാറി. പക്ഷേ, മറിയം എന്നെ പതിവായി കാണാൻ വരാറുണ്ടായിരുന്നു. ഭർത്താവുമായുള്ള പ്രശ്നങ്ങളും സങ്കടങ്ങളുമൊക്കെ എന്നോടു പങ്കുവയ്ക്കും. രണ്ടുവർഷം കഴിഞ്ഞപ്പോൾ അവൾ ഷെരീഫിനെ ഉപേക്ഷിച്ചു ബക്കീർ എന്നൊരാളെ വിവാഹം കഴിച്ചതായി എന്നോടു പറഞ്ഞു. പിന്നീട് ബക്കീറിനെയും ഉപേക്ഷിച്ച് അവളുടെ അമ്മാവന്റെ കൂടെയായി താമസം. ഇതിനിടെ മറിയം, അഹമ്മദ് സലീമുമായി അടുപ്പത്തിലായി. ആ ബന്ധം അമ്മാവന് ഇഷ്ടമായിരുന്നില്ല. അതിൽ പ്രതിഷേധിച്ചു മറിയം വീടുവിട്ടിറങ്ങി, എന്റെ കൂടെ വന്നു താമസമാക്കി. സലീമിനെ വിവാഹം കഴിക്കുന്നതു വരെ അവൾ എന്നോടൊപ്പമായിരുന്നു താമസിച്ചിരുന്നത്.

അവൾക്ക് എന്തു പ്രശ്നമുണ്ടായാലും സഹായിക്കാൻ ഞാൻ ഉണ്ടാകുമായിരുന്നു. മകൾ നിഷാന ജനിച്ചു കുറച്ചു മാസം കഴിഞ്ഞപ്പോൾ മറിയം, സലീമിനെയും ഉപേക്ഷിച്ചു. വീണ്ടും പഴയ അമ്മാവന്റെ വീട്ടിൽ പോയി താമസിക്കുകയും പ്രശ്നങ്ങളുണ്ടാവുകയും െചയ്തു. അപ്പോഴും മറിയം കുഞ്ഞിനെയും കൂട്ടി വന്നു താമസിച്ചത് എന്റെ വീട്ടിലായിരുന്നു. ചാരക്കേസ് നടക്കുമ്പോൾ പതിനാലു വർഷത്തെ അടുപ്പമുണ്ടായിരുന്നു ഞങ്ങൾ തമ്മിൽ. പക്ഷേ പൊലീസ് ചോദ്യം ചെയ്തപ്പോൾ, മറിയം അവൾക്ക് തോന്നിയതുപോലെ യാതൊരു അടിസ്ഥാനവുമില്ലാത്ത പല കാര്യങ്ങളും പറഞ്ഞു. അതിൽ പലതും എന്നെ പ്രതിക്കൂട്ടിലാക്കുന്നതുമായിരുന്നു.'- ഫൗസിയ പറയുന്നു.

മറിയം എന്ന പ്രഹേളിക

ആദ്യം ഫൗസിയ തന്റെ ബന്ധുവാണെന്ന് പറഞ്ഞ മറിയം പിന്നീട് അത് നിഷേധിച്ചു. ഫൗസിയയെ താൻ വിമാനത്തിൽ വച്ചാണ് പരിചയപ്പെട്ടതെന്നാണ് മറിയം മൊഴി നൽകിയത്. അന്നത്തെ മാലദ്വീപ് പ്രസിഡന്റ് ഗയൂമിനെതിരെ നടന്നു വന്ന പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാൻ കൂടിയാണ് താൻ ഇന്ത്യയിലെത്തിയത് എന്ന് മറിയം തന്നോട്ടും പറഞ്ഞിരുന്നതായി ഫൗസിയ സമ്മതിക്കുന്നുണ്ട്. 'മുൻപ് ഇന്ത്യയിൽ വന്നപ്പോൾ അവളുടെ വിമാന ടിക്കറ്റിന്റെ പണം നൽകിയത് മാലി സർക്കാരാണെന്നും പറഞ്ഞിരുന്നു. അതിൽ എത്രമാത്രം സത്യമുണ്ടെന്ന് എനിക്ക് അറിയില്ല. കുറേനാൾ ഞാൻ ശ്രീലങ്കയിലായിരുന്നു. അതുകൊണ്ട് മറിയത്തിന്റെ പുതിയ വിവരങ്ങളൊന്നും കൃത്യമായി അറിയില്ലായിരുന്നു. കേരള പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ മറിയം പറഞ്ഞത് മാലെയിൽ പൊലീസ് ഉദ്യോഗസ്ഥയാണെന്നായിരുന്നു. അവൾ പൊലീസിൽ ചേർന്നിരുന്നു എന്ന കാര്യം സത്യമാണ്. ഒരു ദിവസം തികയും മുൻപു തന്നെ രാജി വയ്ക്കുകയും െചയ്തിരുന്നു. അതിനു മുൻപ് അഞ്ചുവർഷം നാഷണൽ സെക്യുരിറ്റി സർവീസിലും ജോലി ചെയ്തിരുന്നു.''- ഫൗസിയ പറയുന്നു.

ഇന്ത്യയിൽ എത്തി ശരീരം വിറ്റ് ജീവിക്കുന്ന നക്ഷത്രവേശ്യകളും അക്കാലത്ത് ഉണ്ടായിരുന്നു. അതിൽ പെട്ട ഒരാൾ തന്നെയായിരുന്നു മറിയം റഷീദയെന്ന് അക്കാലത്ത് തന്നെ സംശയം ഉണ്ടായിരുന്നു. എന്നാൽ ഫൗസിയ തന്റെ പഴയ സുഹൃത്തിനെ പറ്റി ഒന്നും മോശമായി പറഞ്ഞിട്ടില്ല. ചാരക്കേസിന്റെ തുടക്കക്കാരനായ സ്മാർട്ട് വിജയൻ എന്ന പൊലീസുകാരനും വേണ്ടിയിരുന്നത്, തന്റെ ശരീരം ആയിരുന്നുവെന്നും താൻ വഴങ്ങാത്തതുകൊണ്ടാണ് കേസിൽ കുടുക്കിയതെന്നും മറിയം റഷീദ തന്നെ പറഞ്ഞിരുന്നു.

പൊലീസ് കസ്റ്റഡിയിൽ വെച്ചും മറിയം തനിക്ക് പണി തന്ന കാര്യവും ഫൗസിയ 'വിധിക്കുശേഷം ഒരു (ചാര) വനിതയുടെ വെളിപ്പെടുത്തലുകൾ' എന്ന തന്റെ പുസ്തകത്തിൽ പറയുന്നുണ്ട്. ഒരിക്കൽ താൻ മറിയം റഷീദയെ ഭീഷണിപ്പെടുത്തും എന്ന് ചോദിച്ച് പൊലീസുകാർ ആക്രാശിച്ചപ്പോൾ ഫൗസിയ ഞെട്ടിപ്പോയി. പിന്നീട് ഒരു വനിതാ പൊലീസാണ് അതിന്റെ സത്യം പറഞ്ഞുതന്നത്. ഫൗസിയ തന്റെ പുസ്തകത്തിൽ ഇങ്ങനെ എഴുതുന്നു. 'മറിയത്തെ ചോദ്യം ചെയ്യാനായി കൊണ്ടുപോയപ്പോൾ താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും പെട്ടെന്നു തന്നെ മാലിയിലേക്ക് തിരിച്ചയയ്ക്കണമെന്നും അവൾ പൊലീസിനോട് അഭ്യർത്ഥിച്ചു. തന്റെ ജീവിതം അപകടത്തിലാണെന്ന് ഭയപ്പെടുന്നുവെന്നും അവൾ പറഞ്ഞു. കാരണം അന്നു രാവിലെ ഫൗസിയ മുറിയിൽ വന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്നും അവൾ പറഞ്ഞു. തനിക്കിവിടെ ആറു പേർ സഹായത്തിനുണ്ടെന്നും മറിയത്തിന് ആരും ഇല്ലെന്നും അവരുടെ ക്രിമിനൽ പ്രവൃത്തികൾ പുറത്തു പറഞ്ഞാൽ ചെറിയൊരു അവസരം കിട്ടുന്നപക്ഷം കൊന്നു കളയുമെന്ന് ഭീഷണി മുഴക്കിയെന്നുമായിരുന്നു വനിതാ പൊലീസ് ഓഫീസർ പറഞ്ഞത്. ആ കഥ കേട്ടപ്പോൾ ഞാൻ സ്തംഭിച്ചുപോയി.''

ചാരക്കേസിൽ കുറ്റവിമുക്തയാക്കിയിട്ടും മറിയവും ഫൗസിയയും നല്ല ബന്ധത്തിൽ ആയിരുന്നില്ല. അവർ പിന്നെ പരസ്പരം കണ്ടതായി അറിയില്ല. ഫൗസിയ സിനിമാ നടിയായി സമൂഹത്തിൽ മുഖം മറയ്ക്കാതെ ജീവിക്കുമ്പോൾ, മറിയം എവിടെയാണെന്നുപോലും ആർക്കും അറിയില്ല. ഫൗസിയ നൽകുന്ന സൂചന പ്രകാരം ഐഎസ്ആർഒ ചാരക്കേസ് എന്നത് വെറും ഒരു വ്യഭിചാരക്കഥയാണ്. മറിയത്തിന്റെ പല ബന്ധങ്ങളിലേക്കും പൊലീസ് അവർക്ക് ഇഷ്ടമില്ലാത്തവരെ വലിച്ചിടുകയായിരുന്നു.

പൊലീസിന് പറയാനുള്ളത്

1994ൽ, ചാരവൃത്തിക്കേസിലേക്ക് കേരളാ പൊലീസ് എത്തുന്നത് അപ്രതീക്ഷിതമായാണെന്ന് തിരുവനന്തപുരം സിറ്റി സ്പെഷ്യൽ ബ്രാഞ്ച് ഇൻസ്പെക്ടറായിരുന്ന എസ് വിജയൻ പറയുന്നു. പാക്കിസ്ഥാനുമായി എന്തെങ്കിലും ബന്ധമുള്ളവരും മാലിദ്വീപ് പാസ്പോർട്ടുള്ളവരുമായ വിദേശികളിൽ ഒരു കണ്ണ് വേണമെന്ന് പൊലീസിന് ഇന്റലിജൻസ് ബ്യൂറോയിൽ നിന്ന് ഒരു അറിയിപ്പ് ലഭിച്ചു. മാലി ദ്വീപിൽ നിന്ന് വരുന്നവർക്ക് വിസയില്ലാതെ 90 ദിവസം രാജ്യത്ത് നിൽക്കാൻ അനുമതിയുണ്ടായിരുന്നു. മാലിദ്വീപിന്റെ വ്യാജ പാസ്പോർട്ടിലൂടെ ഈ വിസ ഇളവ് ഉപയോഗിച്ച് പാക് പൗരന്മാർ തിരുവനന്തപുരം വഴി ഇന്ത്യയിൽ പ്രവേശിക്കുന്നതായി ഐബിക്ക് രഹസ്യവിവരം ലഭിച്ചു.

ഐബിയുടെ സർക്കുലർ കിട്ടിയതോടെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ വി ആർ രാജീവനും, ഡെപ്യൂട്ടി കമ്മീഷണർ ഋഷിരാജ് സിങ്ങും നഗരത്തിലെ എല്ലാ മാലിദ്വീപ് പൗരന്മാരുടേയും പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഉത്തരവിട്ടു. നഗരത്തിൽ ഏറ്റവും കൂടുതൽ ഹോട്ടലുകളുള്ള പ്രദേശങ്ങൾ അരിച്ചുപെറുക്കാൻ വിജയൻ സബ് ഇൻസ്പെക്ടർമാരോട് ആവശ്യപ്പെട്ടു. കിഴക്കേക്കോട്ടയുടെ ഭാഗങ്ങളിൽ പരിശോധന നടത്തിയ സബ് ഇൻസ്പെക്ടർ, ഹോട്ടൽ സമ്രാട്ടിലെ രജിസ്റ്ററിൽ രണ്ട് മാലിദ്വീപ് പൗരന്മാരുടെ പേര് കണ്ടു, മറിയം റഷീദയും ഫൗസിയ ഹസനും. ഉദ്യോഗസ്ഥൻ എത്തുമ്പോൾ ഇരുവരും ഹോട്ടലിൽ ഉണ്ടായിരുന്നില്ല. പാസ്പോർട്ടുകളുമായി വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിച്ചതായി ഇരുവരേയും അറിയിക്കണമെന്ന് ഉദ്യോഗസ്ഥൻ ഹോട്ടൽ മാനേജ്മെന്റിനെ ചട്ടം കെട്ടി.

ഒക്ടോബർ 13ന് രണ്ട് പേരും പൊലീസ് സ്റ്റേഷനിലെത്തിയെന്ന് വിജയൻ ഓർത്തെടുക്കുന്നു. ഫൗസിയ ഹസനാണ് വിജയന്റെ ഓഫീസിലേക്ക് ആദ്യം പ്രവേശിച്ചത്. അന്ന് ഏകദേശം 40 വയസായിരുന്നു അവരുടെ പ്രായം. തന്റെ മകളുടെ പഠനത്തിന് വേണ്ടിയാണ് വന്നിരിക്കുന്നതെന്ന് ഫൗസിയ, വിജയനോട് പറഞ്ഞു. ഫൗസിയ ഹസനേക്കാൾ പത്ത് വയസ് ഇളപ്പമുണ്ടായിരുന്ന മറിയം റഷീദയാണ് രണ്ടാമതെത്തിയത്. മറിയം റഷീദയുടെ വിസ കാലാവധി തീരാറായിരുന്നു.

'തിരുവനന്തപുരത്ത് എന്തിന് വന്നു എന്ന ചോദ്യത്തിന് കൃത്യമായ വിശദീകരണം നൽകാൻ മറിയം റഷീദക്ക് കഴിഞ്ഞിരുന്നില്ല.'' കമ്മീഷണറായിരുന്ന വി ആർ രാജീവൻ പിന്നീട് കേസിന്റെ തുടക്കത്തേക്കുറിച്ചുള്ള ഒരു രഹസ്യനോട്ടിൽ ഇങ്ങനെ എഴുതി. ഹൃദ്രോഗ സംബന്ധമായ ചികിത്സയ്ക്ക് വേണ്ടി മുൻപ് മൂന്ന് വട്ടം ഇന്ത്യയിൽ വന്നിട്ടുണ്ടെന്നാണ് മറിയം റഷീദ പൊലീസിനോട് പറഞ്ഞത്. 'മറിയം റഷീദയ്ക്ക് ഒരു വിധത്തിലുള്ള ഹൃദ്രോഗവും ഉണ്ടായിരുന്നില്ലെന്നാണ് രേഖകൾ പരിശോധിച്ചപ്പോൾ വ്യക്തമായത്,'' രാജീവൻ കൂട്ടിച്ചേർക്കുന്നു. ഇതിന് പിന്നാലെ മറിയം റഷീദ താമസിച്ചിരുന്ന വീട്ടിൽ പൊലീസ് റെയ്ഡ് നടത്തി. ഹോട്ടൽ സമ്രാട്ടിൽ നിന്ന് നഗരത്തിലുള്ള ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് മറിയം റഷീദ താമസം മാറ്റിയിരുന്നു. അവരുടെ ഡയറി എസ് പി പിടിച്ചെടുത്തു. മാലിദ്വീവിയൻ ഭാഷയായ ദ്വിവേഹിയിലാണ് ഡയറി എഴുതിയിരുന്നത്. ഡയറി ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തി. മറിയം റഷീദ മാലിദ്വീപ് നാഷണൽ സെക്യൂരിറ്റി സർവ്വീസിൽ അംഗമാണെന്ന് ഡയറിയിലെ വിവരങ്ങൾ സൂചിപ്പിച്ചു. വിജയൻ പറയുന്നതനുസരിച്ച്, ഇനി മാലിദ്വീപ് പൗരന്മാരിൽ നിന്ന് രഹസ്യവിവരം ശേഖരിക്കുക എന്ന ഉദ്ദേശത്തോടെ, ഒരു ഓഫീസറായാണ് മറിയം റഷീദ വന്നതെങ്കിൽ പോലും കൃത്യമായ നിയമവഴികളിലൂടെയല്ല അവരെത്തിയത്. 'അവർ ഇന്ത്യൻ ഭരണകൂടത്തെ അക്കാര്യം അറിയിക്കേണ്ടതായിരുന്നു,'' വിജയൻ ചൂണ്ടിക്കാണിക്കുന്നു.

ചുരുക്കിപ്പറഞ്ഞാൽ മറിയം റഷീദയുമായി ബന്ധപ്പെട്ട ദുരൂഹതയിലാണ് കേസ് തുടങ്ങുന്നത്. അതിലേക്ക് പിന്നെ രാഷ്ട്രീയ കാരണങ്ങളാലും മറ്റും ഐഎസ്ആർഒ വലിച്ചിഴക്കപ്പെടുകയായിരുന്നു. ഇത് തന്നെയാണ് ഫൗസിയയും പറയുന്നത്. ഒരു പക്ഷേ മറിയം വിജയന് വഴങ്ങിക്കൊടുക്കയായിരുന്നെങ്കിൽ ഈ കേസ് ഉണ്ടാവുമായിരുന്നില്ലെന്ന്, ഫൗസിയ പിന്നീട് പറഞ്ഞിരുന്നു.

നൂൽബന്ധമില്ലാതെ പീഡനം

പൊലീസിൽ നിന്ന് കടുത്ത പീഡനമാണ് ഫൗസിയക്കും മറിയം റഷീദക്കും ഉണ്ടായത്. നൂൽബന്ധമില്ലാതെ നിർത്തിയായിരുന്നു മർദനം. അന്ന് കസേരയെടുത്ത തലക്ക് അടിച്ച ഐബി ഉദ്യോഗസ്ഥൻ ആർ ബി ശ്രീകുമാർ ഇന്ന് ഗുജറാത്ത് ഗുഢാചോലനക്കേസിൽ ജയിലാണ് എന്നത് കാലത്തിന്റെ കാവ്യനീതി. തങ്ങൾ പറയുന്നതുപോലെ പറഞ്ഞില്ലെങ്കിൽ 24 വയസ്സുള്ള മകളെ ഇവിടേക്ക് വിളിച്ചുവരുത്തി തന്റെ കൺമുന്നിലിട്ട് ബലാത്സം ചെയ്യുമെന്ന് പറഞ്ഞതോടെ താൻ നടുങ്ങിപ്പോയി എന്നാണ് ഫൗസിയ പറയുന്നത്.

അതോടെ അവർ പറയുന്നത് തത്ത പറയുന്നതുപോലെ പറയാൻ തുടങ്ങി. ജീവിതത്തിൽ ആദ്യമായാണ് നമ്പി നാരായണന്റെ പേര് കേൾക്കുന്നതെങ്കിലും അദ്ദേഹത്തെ കണ്ടുവെന്നും പണം കൈമാറിയെന്നും സമ്മതിച്ചു. ചാരവൃത്തിക്കായി 25,000 ഡോളർ കിട്ടിയെന്ന കള്ളമൊഴി നൽകി. എല്ലാം പൊലീസിന്റെയും ഐബിയുടെയും തിരക്കഥയായിരുന്നു. അവർ വീഡിയോ റെക്കോഡ് ചെയ്യുമ്പോൾ നമ്പി നാരയണന്റെയൊക്കെ പേര്, തന്നോട് തെറ്റിപ്പോകാതിരിക്കാൻ ക്യാമറക്ക് പിന്നിൽ എഴുതിക്കാണിച്ച കാര്യവും ഫൗസിയ വെളിപ്പെടുത്തിയിട്ടുണ്ട്.

1994 നവംബർ മുതൽ 1997 ഡിസംബർ വരെ കേരളത്തിൽ ജയിൽവാസമനുഭവിച്ച ഇരുവരും പിന്നീട് കുറ്റവിമുക്തരായി. നമ്പി നാരായണൻ വെറും ഒരു വർഷമാണ് ജയിലിൽ കിടന്നത്. പക്ഷേ മറിയവും ഫൗസിയയും മൂന്ന് വർഷം കിടന്നു. കോടതി ജാമ്യം അനുവദിച്ചിട്ടുപോലും അവരെ ജാമ്യത്തിൽ എടുക്കാൻ ആളില്ലായിരുന്നു. ഒടുവിൽ സാമുഹിക പ്രവർത്തകൻ മൈത്രേയന്റെ നേതൃത്വത്തിൽ നടത്തിയ ഇടപെടലിലാണ് അവർക്ക് മോചനം ആയത്. ഇവർക്കുള്ള വിമാനടിക്കറ്റ് പോലും മനുഷ്യാവകാശ പ്രവർത്തകർ പിരിവ് എടുത്ത് എടുത്തുകൊടുക്കയായിരുന്നു.

ചലച്ചിത്ര നടിയായി പേരെടുത്തു

ജയിൽ മോചിതയായി മാലിയിൽ എത്തിയിപ്പോഴും ഫൗസിയ തോൽക്കാൻ തയ്യാറായിരുന്നില്ല. അവർ തന്റെ തുന്നൽ ജോലികളും, അഭിനയവുമായി പേരെടുത്തു. 'മൂന്നു വർഷം കഴിഞ്ഞു തിരിച്ചു വന്നപ്പോൾ, സ്വന്തം വീടിരിക്കുന്ന സ്ഥലം പോലും എനിക്കു തിരിച്ചറിയാൻ പറ്റാത്ത വിധം മാറിയിരുന്നു. ചുറ്റും പുതിയ കെട്ടിടങ്ങൾ വന്നു നിറഞ്ഞു. മറ്റെവിടേക്കോ ആണ് ഞാൻ വന്നിരിക്കുന്നത് എന്നു പോലും തോന്നിപ്പോയി. മാലെയിൽ ഹുവാസ് എന്നൊരു പത്രമുണ്ടായിരുന്നു. ആ പത്രത്തിൽ ജയിലിൽ നിന്ന് തിരിച്ചു വന്ന ഉടനെ ഞാൻ അനുഭവക്കുറിപ്പുകൾ എഴുതിയിരുന്നു. ജയിൽമോചിതയായപ്പോൾ, ജനങ്ങളിൽ നിന്നു കിട്ടിയ സ്വീകരണം വളരെ വലുതായിരുന്നു. അനുഭവക്കുറിപ്പുകൾ കൂടി വായിച്ചതോടെ അവരുടെ സ്‌നേഹം കൂടി.''- ഫൗസിയ ഒരു അഭിമുഖത്തിൽ പറഞ്ഞു.

മറിയം റഷീദയെപ്പോലെ ഒളിക്കാൻ ഒന്നും ഫൗസിയക്ക് ഉണ്ടായിരുന്നില്ല. അപ്പോഴേക്കും ചാരക്കേസ് വെറും തട്ടിപ്പാണെന്ന് വാർത്തകൾ ധാരാളമായി വന്നു. പ്രതിയായി കണക്കാക്കിയിരുന്ന നമ്പി നാരായണൻ അടക്കമുള്ളവർ വളരെ പെട്ടെന്ന് ഇരകൾ ആയി മാറി. ആ ആനുകൂല്യം ഫൗസിയക്കും കിട്ടി. അതിനിടെ വീണ്ടും അഭിനയത്തിലേക്ക് തിരിഞ്ഞു. ഒരു പ്രേത സിനിമ ഹിറ്റായത് അവർക്ക് ബ്രേക്കായി. തുടർന്നങ്ങോട്ട് വലുതും ചെറുതുമായി നിരവധി വേഷങ്ങൾ. നൂറിലേറെ ചിത്രങ്ങളിൽ വേഷമിട്ടു കഴിഞ്ഞു. മിക്കതും പ്രേതറോളുകളാണ്. ഒടുവിൽ മാലി ദ്വീപിൽ നാഷണൽ സെൻസർ ബോർഡിൽ അംഗവുമായി.

തെറ്റ് ചെയ്യാത്തതുകൊണ്ടുതന്നെ താൻ കേരളത്തിൽ വരാൻ ഭയക്കുന്നില്ലെന്നാണ് അവർ പറഞ്ഞിരുന്നത്. നേരത്തെയും ഫൗസിയ കേരളത്തിൽ എത്തിയിരുന്നു. 2008ലായിരുന്നു അത്. ചാരക്കേസ് ഇതിവൃത്തമാക്കിയ മലയാള സിനിമയുടെ ചിത്രീകരണത്തിന്. ചിത്രാഞ്ജലിയായിരുന്നു ലൊക്കേഷൻ. ഒരുമാസം ആരുമറിയാതെ കേരളത്തിലുണ്ടായിരുന്നു. തിരിച്ചു പോകുമ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിൽ എമിഗ്രേഷൻ ഉദ്യോഗസ്ഥൻ തടഞ്ഞു. ഏറെനേരം ചോദ്യംചെയ്ത ശേഷം വിട്ടയച്ചു. അന്ന് ഫൗസിയ ചോദിച്ചത് എന്നെ തടയാൻ എന്താണ് വകുപ്പ് എന്നാണ്. കാരണം ഒരു കുറ്റവും അവർ ചെയ്തിട്ടില്ല.

അവസാനമായി ഡി സി സാഹിത്യേത്സവത്തിനായി, കോഴിക്കോട് എത്തിയപ്പോഴും 'ഇന്ത്യയോട് വെറുപ്പുണ്ടോ' എന്ന് ചോദ്യം ഉയർന്നിരുന്നു. 'ഇല്ല' എന്നായിരുന്നു അവരുടെ മറുപടി. 'കുറച്ചു പേർ എന്തെങ്കിലും ചെയ്തതിന് ഒരു രാജ്യത്തെ വെറുക്കുന്നത് എന്തിനാണ്'' എന്നായിരുന്ന ഫൗസിയ ഹസന്റെ ചോദ്യം. കഴിഞ്ഞ ദിവസം ശ്രീലങ്കയിൽ വെച്ച് കാൻസർ രോഗബാധിതതയായി അവർ മരിച്ചു. കേരള പൊലീസ് അടക്കം നടത്തിയ മനുഷ്യവകാശ ലംഘനങ്ങളുടെ പേരിൽ നമ്മുടെ സർക്കാർ ഫൗസിയ ഹസന്റെ കുടുംബത്തോട് ഒരു മാപ്പെങ്കിലും പറയേണ്ടതാണ്. നമ്പി നാരായണന് കിട്ടിയതുപോലുള്ള നഷ്ടപരിഹാരമൊന്നും ഫൗസിയക്ക് കിട്ടിയിട്ടില്ലല്ലോ.

വാൽക്കഷ്ണം: മലയാള പത്രപ്രവർത്തനത്തിലെ കറുത്ത അധ്യായമാണ് ചാരക്കേസ്. പൊലീസ് പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങി, നിരപരാധികളെ പീഡിപ്പിക്കാൻ മഞ്ഞ കഥകൾ ചമച്ച് രസിക്കയായിരുന്നു മലയാളത്തിലെ മുത്തശ്ശി പത്രങ്ങൾ. ഫൗസിയ ഹസൻ മരിക്കുമ്പോൾ, അവർക്കെതിരെ ഇത്രയും കഥകൾ മെനഞ്ഞതിൽ ഖേദം പ്രകടിപ്പിക്കാൻ പോലും നമ്മുടെ എത്ര മാധ്യമങ്ങൾ തയ്യാറുണ്ട്.