- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീകള്‍പോലും റേപ്പ് ചെയ്യാന്‍ കൂട്ടുനില്‍ക്കുന്ന ദണ്ഡുപാളയം ഗ്യാങ്ങ്; ഇരകളുടെ തല തകര്‍ത്ത് കൊല്ലുന്ന ബാവാരിയ സംഘം; എടിഎം പൊളിച്ച് മോഷ്ടിക്കുന്ന മോവാത്ത് സംഘം; ജംതാരയിലെ സൈബര്‍ തട്ടിപ്പ് ഗ്രാമങ്ങള്‍; കുറവു സംഘം ഒറ്റപ്പെട്ടതല്ല; ഇന്ത്യയെ വിറപ്പിച്ച തിരുട്ടു ഗ്രാമങ്ങളുടെ കഥ!
ഇന്ത്യയെ വിറപ്പിച്ച തിരുട്ടു ഗ്രാമങ്ങളുടെ കഥ!
കേരളത്തിന് തിരുട്ടുഗ്രാമം എന്ന് കേട്ടാല്‍ അന്നും ഇന്നും ട്രിച്ചിക്കടുത്തെ റാജിം നഗര്‍ ആണ്. 2024 മെയ്മാസത്തില്‍ ഒരു കേസിന്റെ അന്വേഷണത്തിനായി ഇവിടെയെത്തിയ കേരളാ പൊലീസ് കണ്ടത് അമ്പരിപ്പിക്കുന്ന കാഴ്ചകളാണ്. കൊച്ചുകുടിലുകളില്‍ താമസിക്കുന്ന പട്ടിണിപ്പാവങ്ങള്‍ ആയിരുന്നില്ല ഇവര്‍ ആരും. 500 കുടുംബങ്ങളെങ്കിലും ഒന്നിച്ച് താമസിക്കുന്ന ഗ്രാമങ്ങളിലെ മിക്കവീടുകളും ഗംഭീരമാണ്. അത്യാഡംബരം നിറഞ്ഞ ഇരുനില മന്ദിരങളില്‍, ടീവി, എസി, ഫ്രിഡ്ജ് എന്നുവേണ്ട എല്ലാ സംവിധാനങ്ങളും വീട്ടിലുണ്ട്. മോഷണമുതല്‍ കൃത്യമായി വീതം വെച്ചാണ് അവര്‍ ഈ സമ്പത്ത് ഉണ്ടാക്കിയത്. ഈ തിരുട്ടുഗ്രാമത്തിലെ മോഷ്ടാക്കളുടെ മക്കളില്‍ പലരും വിദേശത്ത് പഠിക്കുന്നവര്‍ പോലുമുണ്ട്!
ഇവിടെ കയറി നിരവധി തവണ പ്രതികളെപൊക്കിയ കഥകള്‍ കേരളാ പൊലീസിന് പറയാനുണ്ട്. ഇപ്പോള്‍ കേരളം കുറാവാ സംഘം എന്ന ക്രൂരന്‍മ്മാരായ മോഷണസംഘത്തെക്കുറിച്ചുള്ള ഭീതിയിലാണ് കേരളം. കൊച്ചി കുണ്ടന്നൂര്‍ മേല്‍പാലത്തിനു താഴെനിന്ന്, ശനിയാഴ്ച രാത്രി മണ്ണഞ്ചേരി പൊലീസ് സാഹസികമായി, കുറുവ സംഘാംഗം തമിഴ്‌നാട് തേനി കാമാക്ഷിപുരം ചന്ദനമാരിയമ്മന്‍ കോവില്‍ സ്ട്രീറ്റില്‍ സന്തോഷ് ശെല്‍വത്തെ പിടികൂടിയതോടെ തിരുട്ടുഗ്രാമം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. എങ്ങനെയാണ് ഒരു ഗ്രാമം മോഷ്ടാക്കള്‍ കൈയടക്കുന്നത്? എന്തുകൊണ്ടാണ് ഈ ആധുനികകാലത്തും, ഇത്തരം പ്രദേശങ്ങള്‍ നിലനില്‍ക്കുന്നത്? നമ്മുടെ പൊലീസിനും ഭരണകൂടങ്ങള്‍ക്കും ഇന്നും തീര്‍ത്തും ഉത്തരം കിട്ടാത്ത സമസ്യയാണിത്.
തിരുട്ടു ഗ്രാമങ്ങള്‍ ഉണ്ടാവുന്നത്
പുരാതന കാലം മുതല്‍ക്കു തന്നെ മോഷണം കുലത്തൊഴിലാക്കിയ ട്രൈബുകള്‍ ഉണ്ട്. ഇത്തരത്തില്‍ ചുരുങ്ങിയത് ഒരു പത്തു ഗ്രാമങ്ങള്‍ എങ്കിലും ഇന്ത്യയില്‍ ഉണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. തമിഴ്നാട്ടില്‍ ട്രിച്ചിക്കടുത്തെ, റാംജി നഗര്‍, തിരുച്ചി, രാമനാഥപുരത്തെ സിക്കല്‍, മാനമധുരൈ എന്നിവയെല്ലാം തിരുട്ട് ഗ്രാമങ്ങളില്‍ പെടും. മോഷണത്തെ ഇവര്‍ തെറ്റായി കാണുന്നില്ല. ഒരു തൊഴിലായാണ് കാണുന്നത്. എന്നാല്‍ ബ്രിട്ടീഷ് സിസ്റ്റത്തിലെ ചില തകറാറുകള്‍ ആണ് ചില പ്രത്യേക സമുദായങ്ങളെ ഒന്നടങ്കം കവര്‍ച്ചക്കാരാക്കിയത് എന്നാണ്, ഇതുസംബന്ധിച്ച് പഠിച്ച, ശരണ്‍കുമാര്‍ ലിംബാളെയെപ്പോലുള്ള എഴുത്തുകാര്‍ പറയുന്നത്. -'' ചില ട്രൈബുകള്‍ മാത്രമാണ് അക്രമവും, മോഷണവും നടത്തുക എന്ന ബാലിശമായ ഒരു മുന്‍വിധി വെള്ളക്കാര്‍ക്കുണ്ടായിരുന്നു. അവര്‍ അത്തരക്കാരെ മാറ്റിനിര്‍ത്തിയപ്പോള്‍ സംഭവിച്ചത് ഈ സമുദായങ്ങള്‍ക്ക് വേറെ മാര്‍ഗമില്ലാതായി. അന്നത്തെ അന്നത്തിനായി, വനത്തില്‍നിന്ന് വിറക് എടുക്കുന്നവനും, വേട്ടയാടുന്നവനുമൊക്കെ ബ്രിട്ടീഷ് പൊലീസ് റിപ്പോര്‍ട്ട് അനുസരിച്ച് തിരുട്ട് ഗ്രാമക്കാരായി. നാടുവാഴിയെയും ബ്രിട്ടീഷ് ഭരണത്തെയും അനുകൂലിക്കാത്ത ഗോത്രങ്ങളെയും അവര്‍ ഇങ്ങനെ ചാപ്പയടിച്ചു''- ലിംബാളെ ചൂണ്ടിക്കാട്ടി.
എന്തായാലും 18ാം നൂറ്റാണ്ട് മുതല്‍ക്കുതന്നെ ഇന്ത്യയില്‍ തിരുട്ടു ഗ്രാമങ്ങള്‍ ഉണ്ട് എന്നതിന് തെളിവുണ്ട്. തിരുച്ചിറപ്പള്ളി ജില്ലയില്‍ റാംജിനഗര്‍ എന്ന പ്രദേശമാണ് ടിപ്പിക്കല്‍ തിരുട്ടുഗ്രാമമായി കേരളത്തിലടക്കം എന്നറിയപ്പെടുന്നത്. മോഷണം നടത്തി ആഡംബര ജീവിതം നയിക്കുകയാണ് ഇവരുടെ രീതിയെന്നാണ് പൊലീസ് പറയുന്നത്. കോളനിയില്‍ ആദ്യകാലത്ത് 800 കുടംബങ്ങള്‍ താമസിക്കച്ചിരുന്നു. ഇവിടെ കയറി പ്രതിയെ പിടികൂടുക സാഹസികമായ ജോലിയാണ്. അകത്തു കയറി പ്രതിയെ പിടികൂടിയാല്‍ കോളനിക്കാര്‍ വാഹനം തടഞ്ഞ് പ്രതിയെ രക്ഷപ്പെടാന്‍ സഹായിക്കും. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇവിടെയും ഒരുപാട് മാറ്റം വന്നിട്ടുണ്ട്. ഇപ്പോള്‍ തിരുട്ട് ജോലി നോക്കുന്നവര്‍ വളരെ കുറവാണ്. ഒരു ചെറിയ പ്രദേശത്തെ ആളുകളെ വെച്ച് രാജിംനഗര്‍ എന്ന ഒരു പ്രദേശത്തെ മൊത്തം ചാപ്പയിടിക്കയാണ് ചെയ്യുന്നത് എന്നാണ്, ഈ നാട്ടുകാര്‍ ഒരിക്കല്‍ ഇന്ത്യടുഡെയോട് പറഞ്ഞത്.
പണ്ട് ഇവിടെ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നതും സത്യമാണ്. തിരുട്ട് ഗ്രാമക്കാര്‍ ജയിലിലായാലും അവരുടെ ബന്ധുക്കള്‍ പട്ടിണിയിലാകില്ല. തിരുട്ട് ഗ്രാമത്തിലെ മൂപ്പന്റെ അറിവോടെയാണ് ഓരോ സംഘങ്ങളും മോഷണത്തിനായി എത്തുന്നത്. ഓരോ മോഷണം നടത്തുമ്പോഴും ഇതിന്റെ വിവരങ്ങളും, ആരെങ്കിലും പിടിയിലായിട്ടുണ്ടെങ്കില്‍ ആ വിവരവും അപ്പപ്പോള്‍ ഗ്രാമത്തിലേക്ക് കൈമാറും. അവിടെ നിന്നും ഇടപെടലുകള്‍ നടത്തിയാണ് നിയമ സഹായമുള്‍പ്പെടെ ചെയ്തുകൊടുക്കുന്നത്. കവര്‍ച്ചനടത്തി ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിതവിഹിതം ഗ്രാമ മൂപ്പനെ ഏല്‍പ്പിക്കണം. ഈ തുക ഉപയോഗിച്ചാണ് കവര്‍ച്ചയ്ക്കിടെ ജയിലിലാകുന്ന കുടുംബങ്ങളെ സഹായിക്കുന്നത്. ഇത്തരത്തില്‍ കുടുംബത്തിലെ ഒരംഗം ജയിലിലായാല്‍ പകരം മറ്റൊരംഗം മോഷണമേഖലയിലേക്ക് സജീവമാകണമെന്ന നിബന്ധനയും ഈ ഗ്രാമത്തിലുണ്ട്. അതായത് ഇത് പാരമ്പര്യമായി ഒരു കുലത്തൊഴില്‍പോലെ തുടരുന്നു. അതുകൊണ്ടുതന്നെയാണ് തിരുട്ട് ഗ്രാമത്തിലെ മോഷണകല അവസാനിപ്പിക്കുവാനും കഴിയാത്തത് ഇത് സംബന്ധിച്ച് പഠിച്ചവര്‍ പറയുന്നത്. പക്ഷേ വിദ്യാഭ്യാസം ലഭിച്ച പുതിയ തലമുറ ഇവിടെനിന്ന് രക്ഷപ്പെടുകയാണ്്. നേരത്തെ 800 കുടുംബങ്ങള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 500 ആയി കുറഞ്ഞിട്ടുണ്ട്.
ഹൈദരാബാദ്, നെല്ലൂര്‍, തമിഴ്‌നാട് തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി വന്‍ സ്വര്‍ണ കവര്‍ച്ചകളിലെ പ്രതികളും ഈ ഗ്രാമത്തില്‍ ഉണ്ടായിരുന്നു. ഇവര്‍ ഏതോ തോല്‍പ്പിക്കപ്പെട്ട തമിഴ് സൈന്യത്തിന്റെ പിന്‍ഗാമികളായിരിക്കണം എന്നും വിശ്വസിക്കപ്പെടുന്നു. ഇവരില്‍ത്തന്നെ ഭവനഭേദം നടത്തുന്നവരും കാലികളെ മോഷ്ടിക്കുന്നവരുമായി രണ്ടു വിഭാഗങ്ങളുണ്ട്. ഒരു കള്ളന്റെ പ്രദേശത്ത് മറ്റൊരു കള്ളന്‍ മോഷണം നടത്തുകയില്ല എന്ന പ്രത്യേകതയും ഇവര്‍ക്കിടയിലുണ്ടായിരുന്നു. വിദഗ്ധമായ പരിശീലനത്തിനു ശേഷം ക്ഷേത്രത്തില്‍ പൂജയും കഴിഞ്ഞാണ് ഇവര്‍ മോഷണത്തിനായി പുറപ്പെടുക. അവിടെ നിന്നു ജപിച്ചു കെട്ടിയ ഏലസ്സുകളും ഇവരുടെ കൈകളില്‍ കാണാം. പടിവീണാല്‍ സ്ത്രീകളടക്കം മലമൂത്രവിസര്‍ജനം നടത്തി സ്ഥലം വൃത്തികേടാക്കി രക്ഷപ്പെടുക തുടങ്ങിയ നമ്പറുകളും ഇവരുടെ കൈയിലുണ്ട്.
ഭീതിവിതക്കുന്ന കുറവ സംഘം
ആയുധധാരികളായ സംഘം എന്നാണ് കുറുവ സംഘം എന്ന വാക്കിന്റെ അര്‍ത്ഥം. തമിഴ്നാട് ഇന്റലിജന്‍സാണ് ഇവര്‍ക്ക് ഈ പേര് നല്‍കിയത്. തിരുട്ട് ഗ്രാമങ്ങളിലെ മോഷണ സംഘങ്ങളില്‍വെച്ച് ഏറ്റവും അക്രമകാരികളായ സംഘമാണ് കുറുവ സംഘം അഥവാ നരികുറുവാ. ആദ്യമൊക്കെ കുറവാസംഘത്തില്‍ ഉള്‍പ്പെട്ടവരും തിരുട്ട് ഗ്രാമത്തില്‍ ഉള്‍പ്പെട്ടവര്‍ ആയിരുന്നു. പക്ഷേ നിലവിലെ കുറുവ സംഘത്തില്‍ ഉള്ളവരെല്ലാം ഒരേ ഗ്രാമത്തില്‍ നിന്നല്ല. വ്യക്ത്യസ്മായ സ്ഥലങ്ങളില്‍നിന്ന് മോഷണം എന്ന പൊതുലക്ഷ്യത്തിനായി ഒത്തുകൂടിയതാണ് അവര്‍.
കുറഞ്ഞത് മൂന്നുപേരായിരിക്കും ഒരു സ്ഥലത്തേക്ക് മോഷ്ടിക്കാന്‍ പോകുന്നത്. അര്‍ധ നഗ്നരായി ശരീരത്തില്‍ മുഴുവന്‍ എണ്ണയും കരിയും പൂശിയാണ് കുറുവ സംഘം മോഷണത്തിന് ഇറങ്ങുന്നത്. കണ്ണുകള്‍ മാത്രം കാണാവുന്നതരത്തില്‍ തുണികൊണ്ട് മുഖം മറച്ചിരിക്കും.മോഷണത്തെ തൊഴിലായി കാണുന്ന ജനങ്ങളാണെന്നതിനാല്‍ യാതൊരു കുറ്റബോധവും ഇവര്‍ക്ക് ഉണ്ടാകില്ല. പാരമ്പര്യമായി കൈമാറിയ കിട്ടിയ മോഷണതന്ത്രങ്ങളും സാങ്കേതിക വിദ്യയുടെ ഉപയോഗവുമെല്ലാം കൂടിച്ചേര്‍ന്നാണ് ഇവര്‍ ഓരോ പ്രദേശങ്ങളിലേക്കെത്തുന്നത്.
സ്ത്രീകളുള്‍പ്പടെയുള്ള കുറുവ സംഘം പകല്‍ സമയങ്ങളില്‍ ചെറിയ ജോലികളുമായി ചുറ്റിക്കറങ്ങി നടന്നാണ് ആളൊഴിഞ്ഞ വീടുകളും പ്രായമായവര്‍ താമസിക്കുന്ന വീടുകളും കണ്ടെത്തുന്നത്. ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ കാത്തിരുന്ന് ഉചിതമായ സമയം എത്തുമ്പോഴാണ് മോഷണം. ആളില്ലാത്ത വീടാണെങ്കില്‍ വീടിന്റെ പിന്നിലെ വാതില്‍ തകര്‍ത്ത് അകത്തു കയറി മോഷണം നടത്തുന്നതാണ് രീതി. പ്രായമായവര്‍ ഉള്ള വീടാണെങ്കില്‍ വീടിന്റെ പുറത്ത് ടാപ്പ് തുറന്ന് വെള്ളം ഒഴുക്കുക, റെക്കോര്‍ഡ് ചെയ്തുവെച്ച കുഞ്ഞിന്റെ കരച്ചില്‍ ശബ്ദം ഉറക്കെ കേള്‍പ്പിക്കുക എന്നിവയാണ് ഇവര്‍ ഒരുക്കുന്ന കെണികള്‍. ശബ്ദം കേട്ട് പുറത്തിറങ്ങുന്നവരെ ആക്രമിച്ച് കീഴ്പ്പെടുത്തി വീടിനകത്ത് കയറി മോഷണം നടത്തും. വീട്ടുകാരെ ഭീഷണിപ്പെടുത്തിയും കഴുത്തില്‍ കത്തിവച്ച് ഭയപ്പെടുത്തിയും സ്വര്‍ണവും പണവും കൈക്കലാക്കും. പിടിക്കപ്പെടുമെന്നുറപ്പായാല്‍ ആക്രമണം ആരംഭിക്കുന്ന ഇവര്‍ ഒന്നിനും മടിക്കില്ല. കടുത്ത വിശ്വാസികളാണ് ഇവര്‍. രാവിലെ കുളിച്ച് ക്ഷേത്രത്തില്‍ പോയി പ്രാര്‍ഥിച്ച് നല്ല മുഹൂര്‍ത്തം നോക്കി മോഷണത്തിന് ഇറങ്ങുക.
പണ്ടൊക്കെ വാഹനാപകടങ്ങള്‍വരെ ഉണ്ടാക്കി തിരുട്ടുഗ്രാമക്കാര്‍ കൊള്ളയടിച്ചതിന്റെ വാര്‍ത്തകളും പുറത്തുവന്നരിന്നു. ഡിജിറ്റല്‍ മണി വ്യാപകമാവുന്നതിന് മുമ്പുള്ള കാലത്ത് കുടുംബത്തോടൊപ്പം തീര്‍ത്ഥയാത്രയ്ക്ക് പുറപ്പെടുന്നവര്‍ കൈവശം ധാരാളം പണം കരുതമായിരുന്നു. സ്ത്രീകള്‍ പൊതുവേ സ്വര്‍ണം ധരിക്കും. എന്നാല്‍ അപകടസ്ഥലത്ത് നിന്നും ഇവയൊന്നും തന്നെ ഉറ്റവര്‍ക്ക് തിരിച്ചു കിട്ടാറില്ല. തമിഴ്‌നാട് പോലീസ് ഈ കേസുകളില്‍ തീര്‍ഥാടകരുടെ വണ്ടി ഓടിച്ചിരുന്ന ഡ്രൈവറുടെ അശ്രദ്ധ മൂലം അപകടം സംഭവിച്ചു എന്ന് 'എഫ്‌ഐആര്‍' എഴുതി കേസ് ക്ലോസ് ചെയ്യുന്നു. വന്നിടിച്ച ട്രക്ക് ഡ്രൈവര്‍മാരെകുറിച്ച് ആരും കേട്ടിട്ടുമില്ലാ കണ്ടിട്ടും ഇല്ല. നാഷണല്‍ ഹൈവേയില്‍ തമിഴ്‌നാട് കേന്ദ്രീകരിച്ചു നടക്കുന്ന ഈ കൂട്ടകൊലകള്‍കെതിരെ മുമ്പ് അന്വേഷണം നടന്നിരുന്നു. പക്ഷേ കാര്യമായ തുമ്പൊന്നും കിട്ടിയില്ല.
തമിഴ്‌നാടിലെ തിരുട്ട് ഗ്രാമം പോലെ ഉത്തര്‍പ്രദേശിലെ ചോര്‍ ഗ്രാമവും മോഷണത്തിനു പേരെടുത്ത സ്ഥലങ്ങളില്‍ ഒന്നാണ്.സ്യൂട്ട്‌കേസുകളോ, ബാഗുകളോ ഉടമസ്ഥര്‍ അറിയാതെ എടുത്തശേഷം അതിനുള്ളിലെ വിലയേറിയ വസ്തുകള്‍ മോഷ്ടിച്ച് ബാഗ് തിരികെ വെയ്ക്കുന്നതാണ് ഇവരുടെ രീതി.
തീരന്‍ ചര്‍ച്ചയാക്കിയ ബവാരിയ സംഘം
കുറുവ സംഘത്തേക്കാള്‍ ഭീകരന്‍മാരായ കൊള്ള സംഘമാണ് ബവാരിയ സംഘം. 2017-ല്‍ പുറത്തിറങ്ങിയ 'തീരന്‍ അതികാരം ഒന്‍ട്ര്' എന്ന എച്ച് വിനോദ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് സിനിമ പറയുന്നത് ബവാരിയ എന്ന രാജസ്ഥാനിലെ ക്രൂരന്‍മ്മാരായ മോഷണ സംഘത്തെക്കുറിച്ചാണ്. തമിഴ്‌നാട്ടില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. തീരന്‍ തിരുമാരന്‍ എന്ന കഥാപാത്രം യഥാര്‍ത്ഥ ജീവിതത്തില്‍ ഐ ജി എസ്. ആര്‍. ജന്‍ഗിദാണ്. 1995- മുതല്‍ തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലായി നടക്കുന്ന കൊലപാതക പരമ്പരയും ഇതിന് പിന്നാലെവരുന്ന അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം.
മോഷണത്തിന് വേണ്ടി ആരെയും കൊന്ന് തള്ളാന്‍ മടിയില്ലാത്ത, മൃഗങ്ങളെ വേട്ടയാടുന്നത് പോലെ മനുഷ്യനെ ഒറ്റയടിയ്ക്ക് കൊല്ലുന്നവരാണ് ബവാരിയ സംഘം. ഉത്തര്‍ പ്രദേശിലും രാജസ്ഥാനിലുമായി വ്യാപിച്ചുകിടക്കുന്ന ബവാരിയ സംഘത്തിന്റെ ക്രൂരതകള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. എന്നാല്‍ അന്യസംസ്ഥാനങ്ങളിലേയ്‌ക്കെത്തിയുള്ള അന്വേഷണം പലപ്പോഴും പ്രായോഗികമായിരുന്നില്ല. ഈ സ്ഥിതിയെ സിനിമയിലേയ്ക്ക് പകര്‍ത്തുമ്പോള്‍ നായകന്‍ പറയുന്നത് ഇങ്ങനെയാണ് 'സാധാരണക്കാരുടെ കാര്യമായതുകൊണ്ടാണ് അന്വേഷണം പല കാരണങ്ങളാല്‍ വഴിമുട്ടുന്നത്.. ഇത് ഒരു രാഷ്ട്രീയക്കാരന്റേയോ അധികാരിയുടേയോ വീട്ടില്‍ സംഭവിക്കുമ്പോള്‍ അന്വേഷണം ശരിയായ രീതിയില്‍ മുന്നോട്ടുപോകും'. -തമിഴ്‌നാട്ടില്‍ നടന്ന അടുത്ത കൊലപാതകം ഇങ്ങനെ തന്നെയായിരുന്നു.
2005-ല്‍ എഐഎഡിഎം കെയുടെ എംഎല്‍എ ആയിരുന്ന കെ സുന്ദര്‍ശനം കൊല്ലപ്പെട്ടതോടെയാണ് അന്വേഷണം ഊര്‍ജിതമായത്.
ഇതിന് പിന്നാലെ, സേലത്തെ കോണ്‍ഗ്രസ് നേതാവ് തലമുത്തുനടരാജന്‍, ഡിഎംകെ. നേതാവ് ഗജേന്ദ്രന്‍ എന്നിവരെ ബവാരിയന്‍ സംഘം കൊലപ്പെടുത്തിയത് ദേശീയതലത്തിലും വാര്‍ത്തയായിരുന്നു. അതോടെ ബവാരിയ സംഘത്തിന്റെ അതിക്രമങ്ങള്‍ക്ക് തടയിടാന്‍ അന്നത്തെ മുഖ്യമന്തിയായിരുന്ന ജയലളിത പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. ഡി ജി പി ആയിരുന്ന എസ് ആര്‍ ജന്‍ഗിദ്, അഡീഷണല്‍ ഡി ജി പി ആയിരുന്ന സഞ്ജയ് അറോറ എന്നിവരുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ ബവാരിയ എന്ന പേരില്‍ അന്വേഷണം ആരംഭിച്ചു. ഉത്തര്‍ പ്രദേശ് പോലീസിന്റേയും കേന്ദ്ര അന്വേഷണ ഏജന്‍സികളുടേയും സഹായത്തോടെയായിരുന്നു ജന്‍ഗിദിന്റേയും ടീമിന്റേയും പിന്നീടുള്ള നീക്കങ്ങള്‍.
കേസില്‍ലെ ഏക തെളിവായി കൈവശമുണ്ടായിരുന്നത് ഫിംഗര്‍ പ്രിന്റാണ്. ആഗ്ര ജയിലില്‍ നിന്ന് ഇതിന് മാച്ചായതോടെ കേസില്‍ പുരോഗതി ഉണ്ടായി. അന്ന് ഒമ ബവാരിയ, ബസുര ബവാരിയ, വിജയ് ബവാരിയ എന്നീ പ്രധാന നേതാക്കളെയായിരുന്നു ജന്‍ഗിദും സംഘവും ലക്ഷ്യമിട്ടത്. ഒടുക്കം ജീവന്‍ പണയംവെച്ചാണെങ്കിലു, ഓരോരുത്തരെയായി പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ പ്രത്യേക കോടതി പിന്നീട് ഒമ ബവരിയയ്ക്കും അശോക് ബവാരിയയ്ക്കും വധശിക്ഷ വിധിച്ചു.
ബവാരിയ എന്ന വാക്കിനര്‍ത്ഥം സഞ്ചരിച്ചു കൊണ്ടിരിക്കുന്നവര്‍ എന്നാണ്. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ കൊള്ള, കൊലപാതകം, ബലാത്സംഗം, മൃഗക്കടത്ത് എന്നിങ്ങനെ ഇവര്‍ ചെയ്യുന്ന അക്രമങ്ങള്‍ക്ക് പരിധിയില്ല. പലനാടുകളില്‍ പല പേരുകളിലായാണ് ഇവര്‍ അറിയപ്പെടുന്നത്. ഉത്തര്‍ പ്രദേശില്‍ കൊള്ളയും കൊലയും നടത്തുന്ന ഒട്ടേറെ നാടോടി ഗോത്രങ്ങളുണ്ട്. ഈ കൂട്ടത്തില്‍ ഏറ്റവും ക്രൂരമായി കൊള്ളയടിയ്ക്കുന്നവരാണ് ബവാരിയകള്‍. റോഡരികുകളിലും ഒറ്റപ്പെട്ട വീടുകളിലും ഇവര്‍ കൂട്ടമായി ഇരയെത്തേടിയിറങ്ങും. ഇരുമ്പ് ദണ്ഡ്, കോടാലി, നാടന്‍ തോക്ക് എന്നിവ ഉപയോഗിച്ച് ദൃക്‌സാക്ഷികളെ അവശേഷിപ്പിക്കാതെയാണ് ഓരോ കൊള്ളയും ആവിഷ്‌ക്കരിക്കുക. സംഘത്തില്‍ സ്ത്രീകളും ഉണ്ട്, ഇവരാണ് പകല്‍ സമയങ്ങളില്‍ കൊള്ളയടിയ്ക്കാനുള്ള വീടും പരിസരവും കണ്ടെത്തുന്നത്.
ബവാരിയകള്‍ നടത്തുന്ന കൊലപാതകങ്ങളിലും ചില വ്യത്യാസങ്ങളുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇരകളുടെ തല തകര്‍ത്താണ് കൊല്ലുന്നത്. മരണം എളുപ്പത്തില്‍ ഉറപ്പിക്കാമെന്നതാണ് ഇതിനു കാരണം. കുറ്റകൃത്യം നടത്തിയശേഷം ആയുധങ്ങളും മൊബൈല്‍ ഫോണുകളും ഉപേക്ഷിക്കും. പൊലീസിന് പിന്തുടരാന്‍ കഴിയരുത് എന്ന ഉദ്ദേശത്തിലാണ് ഇത്. ആരെയെങ്കിലും പൊലീസ് പിടികൂടിയാല്‍ തന്നെ അവര്‍ ഒരിക്കലും തന്റെ സംഘാംഗങ്ങളെ ഒറ്റുകൊടുക്കാന്‍ തയ്യാറാകില്ല. ഈ വിഭാഗത്തിലുള്ള എല്ലാവരും ഇത്തരക്കാരാണ് എന്ന് ഒരിക്കലും പറയാന്‍ സാധിക്കില്ല. ബാവരിയ വിഭാഗത്തില്‍ ഉള്‍പ്പെട്ടു എന്ന കാരണത്താല്‍ അവഗണന നേരിടുന്ന ഒട്ടേറെപ്പേര്‍ ഇന്നുമുണ്ട്. പിയൂഷ് ഗോസ്വാമിയുടെ 'ടെയില്‍ ഓഫ് അണ്‍ടച്ചബിള്‍ ബവാരിയാസ് ഓഫ് രാജസ്ഥാന്‍' എന്ന ലേഖനത്തില്‍ ഇവരെക്കുറിച്ച് വിശദമാക്കുന്നുണ്ട്. പഴയ പ്രതാപമില്ലെങ്കിലും ബവാരിയ സംഘം ഇപ്പോഴും സജീവമാണ്.
അതുപോലെ ഇന്ത്യ ഞെട്ടിച്ച കൊള്ളസംഘമായിരുന്നു ദണ്ഡുപാളയം ഗ്യാങ്ങ്. സ്ത്രീകള്‍ വീട്ട് ജോലിക്കാര്‍ എന്ന രീതിയില്‍ എത്തി കാര്യങ്ങള്‍ പഠിച്ച് പിന്നെ പരുഷന്‍മ്മാരെ വിളിച്ചുവരുത്തി കൊള്ളയടിക്കുന്നതായിരുന്നു ഇവരുടെ രീതി. ദണ്ഡുപാളയം ഗ്യാങ്ങിലെ സ്ത്രീകള്‍ തന്നെ മറ്റുള്ളവരെ റേപ്പ് ചെയ്യാന്‍ കൂട്ടുനിന്നതിന്റെ വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. കൊള്ളയും റേപ്പും നടത്തി ഇരകളെ അടിച്ച് കൊല്ലുകയായിരുന്നു ദണ്ഡുപാളയം സംഘത്തിന്റെ രീതി. 90കളുടെ അവസാനം കര്‍ണ്ണാടകയില്‍ നിരവധി കൊലകള്‍ നടത്തിയ സംഘത്തെ ഒടുവില്‍ പൊലീസ് അമര്‍ച്ചചെയ്തു. ഇതും സിനിമയും നോവലുമൊക്കെയായി മാറിയിട്ടുണ്ട്.
എടിഎം കവര്‍ച്ചക്കാരുടെ മോവാത്ത്
കഴിഞ്ഞ കുറച്ചുകാലമായി കേരളത്തില്‍ നടക്കുന്ന എടിഎം കവര്‍ച്ചകളെക്കുറിച്ച് പഠിച്ചപ്പോഴാണ് പൊലീസ് ഞെട്ടിയത്. ഹരിയാന-രാജസ്ഥാന്‍ അതിര്‍ത്തിയിലെ വ്യവസായ മേഖലകള്‍ ഉള്‍പ്പെടുന്ന പ്രദേശമായ മേവാത്തിലെ പ്രൊഫഷണല്‍ എടിഎം കൊള്ള സംഘമാണ് ഇതിന് പിന്നില്‍. മേവാത്ത് ഗാങ് അഥവാ ബ്രെസ ഗാങ് എന്നാണ് ഇവരെ വിളിക്കുന്നു. തൃശ്ശൂരിലെ പ്രമാദമായ എടിഎം കവര്‍ച്ചയ്ക്ക് പിന്നിലും ഈ സംഘം തന്നെയായിരുന്നു.
മേവാത്ത് സംഘം രാജ്യമാകെ സഞ്ചരിച്ച് കവര്‍ച്ച ചെയ്തത് കോടികളാണ്. 200 ലധികം ആളുകള്‍ ഈ സംഘത്തില്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. എല്ലാവരും വിദഗ്ധ പരിശീലനം ലഭിച്ചവര്‍. ഇതിനു മുമ്പും മേവാത്ത് സംഘം കേരളത്തില്‍ എത്തി കവര്‍ച്ച നടത്തിയിരുന്നു. കണ്ണൂര്‍, ആലപ്പുഴ ജില്ലയിലായിരുന്നു എടിഎം കവര്‍ച്ച. കണ്ണൂര്‍ കവര്‍ച്ചക്ക് പിന്നിലുള്ളവരെ പിടികൂടിയപ്പോള്‍ അത് മേവാത്ത് സംഘമായിരുന്നു. 2019- ല്‍ ആണ് ആലപ്പുഴയില്‍ നടന്ന കവര്‍ച്ചയിലും പിടിയിലായത് ഇവര്‍ തന്നെ.
എടിഎം മോഷണം പഠിപ്പിക്കാന്‍ പ്രത്യേക സംഘം തന്നെ ഇവിടെ ഉണ്ടെന്നാണ് പൊലീസ് പറയപ്പെടുന്നു. പഴയ എടിഎം മെഷീനുകള്‍ ബാങ്കുകളില്‍ നിന്നും ലേലം വിളിച്ചെടുക്കും. ഇത് മേവാത്തില്‍ എത്തിച്ച് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പൊളിച്ചു പരിശീലിക്കും. വിവിധ തരത്തില്‍ ഉള്ള എടിഎം മെഷീന്‍ ഉള്ളതിനാല്‍ എല്ലാ തരത്തിലുള്ള മെഷീനും സംഘടിപ്പിച്ചു പരിശീലനം നടത്തും. 10-15 മിനിറ്റിനുള്ളില്‍ എടിഎം തകര്‍ത്ത് കൊള്ളസംഘം രക്ഷപ്പെടുന്നതാണ് രീതി. പൊലീസ് എത്തുമ്പോഴേക്കും ഇവര്‍ അടുത്ത സ്ഥലത്തേക്ക് എത്തിയിരിക്കും.
ഏതെങ്കിലും തരത്തില്‍ ആക്രമണം ഉണ്ടായാല്‍ ഉപയോഗിക്കാന്‍ തോക്കും കത്തിയും ഇവര്‍ കരുതും. അവശ്യമെങ്കില്‍ ഉപയോഗിക്കും. ശരിക്കംു പ്രൊഫഷണല്‍ മോഷണ സംഘമാണ് ഇവര്‍.മോഷണത്തിന് ശേഷം ട്രക്കില്‍ രക്ഷപ്പെടുന്നതാണ് ഇവരുടെ രീതി. ഇതിനായി ഹരിയാനയില്‍ നിന്നും എത്തുന്ന ട്രക്ക് ഡ്രൈവറെ വരെ പരിചയപ്പെടും. വ്യവസായ മേഖലകള്‍ ഉള്‍പ്പെടുന്ന സ്ഥലം ആയതിനാല്‍ നിരവധി ട്രക്കുകള്‍ ദിനം പ്രതി വിവിധ സംസ്ഥാനങ്ങളിലേക്ക് പുറപ്പെടും. പല ട്രക്കുകളും കാലി ആയാണ് മടങ്ങുക. ഇത് മോഷ്ടാക്കള്‍ ഉപയോഗപ്പെടുത്തും.ട്രക്കുകള്‍ മോഷണ സ്ഥലത്തിന്റെ സമീപത്ത് ഉണ്ടോ എന്നു അന്വേഷിക്കും. കൊള്ള കഴിഞ്ഞാല്‍ ഉപയോഗിച്ച വാഹനവുമായി നേരെ ട്രക്കിലേക്ക് കയറും. മോഷ്ടാക്കള്‍ സഞ്ചരിച്ച കാര്‍ തേടി പോകുന്ന പൊലീസിനെ വെട്ടിച്ചു ഇവര്‍ ട്രക്കില്‍ അതിര്‍ത്തി കടക്കും.
ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി ചിതറികിടക്കുന്ന ഒരു മേഖലയാണ് മേവാത്ത്. ആകെ 1,250 ഗ്രാമങ്ങളാണ് മേവാത്ത് മേഖലയില്‍ ഉള്ളത്. നൂഹ്, പല്‍വാല്‍, ഫരീദാബാദ്, ഗുരുഗ്രാം ജില്ലകളിലായി 550 ഗ്രാമങ്ങളും രാജസ്ഥാനിലെ അല്‍വാര്‍, ഭരത്പൂര്‍ ജില്ലകള്‍ക്ക് കീഴില്‍ 650 ഗ്രാമങ്ങളുമുണ്ട്. വികസനത്തിന്റെ മുന്നേറ്റത്തില്‍ രാജ്യത്ത് ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളിലൊന്നാണ് മേവാത്ത്.
ഒരുകാലത്ത് സമ്പന്നമായിരുന്ന മേവാത്ത് രാജ്യത്തിന്റെ വിഭജന കാലത്തിന് ശേഷമാണ് ക്ഷയിച്ചത്. ഇക്കാലത്ത് വിദ്യാസമ്പന്നരായ ഭൂരിഭാഗം ആളുകളും പലായനം ചെയ്തു. ഇതോടെ ജില്ലയില്‍ അടിസ്ഥാന വികസനമില്ലാതെയായി. കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരാണ് ഭൂരിപക്ഷം പേരും. എന്നാല്‍ തൊഴിലവസരങ്ങളുടെ അഭാവം മേവാത്ത് മേഖലയിലെ യുവാക്കളെ, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ മോവാത്തിലെ ഒരു നല്ല വിഭാഗവും എടിഎം കൊള്ള വിട്ട് സൈബര്‍ തട്ടിപ്പിലേക്കാണ് നീങ്ങുന്നത്.
ഇനി സൈബര്‍ തിരുട്ടുഗ്രാമങ്ങള്‍
പഴയ മോഡല്‍ തിരുട്ടുഗ്രാമം എന്ന സങ്കല്‍പ്പം ഇനി അധികകാലമൊന്നും മുന്നോട്ട് കൊണ്ടുപോവാന്‍ കഴിയില്ലെന്നും, ഇനി സൈബര്‍ തിരുടന്‍മ്മാരുടെ കാലമാണെന്നുമാണ് പൊലീസിലെ ഈ രംഗം പഠിച്ച വിദഗ്ധര്‍ പറയുന്നത്. കാരണം സിസിടിവിയും, ഡ്രോണ്‍ക്യാമറയും, ആധുനിക സര്‍വയലൈന്‍സ് സിസ്റ്റവുമൊക്കെ വ്യാപകമായതോടെ, മാന്വല്‍ ആയുള്ള മോഷണങ്ങള്‍ റിസ്‌ക്ക് ഏറെയുള്ള പരിപാടിയായി മാറി. പക്ഷേ അതിനേക്കാള്‍ ഏറെ ഗുണമുള്ളതും, ലാഭമുള്ളതുമാണ് സൈബര്‍ തട്ടിപ്പുകള്‍. ഉത്തരേന്ത്യയില്‍ പലയിടത്തുമായി സൈബര്‍ തട്ടിപ്പുകാര്‍ക്കായുള്ള ചില ന്യൂജന്‍ തിരുട്ടുഗ്രാമങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതായാണ് വിവരം. ഛത്തീസ്ഗഡിലും, ഉത്തര്‍ പ്രദേശും അതിരിടുന്ന ജാര്‍ഖണ്ഡിലുമൊക്കെ ഇത്തരം സൈബര്‍ തട്ടിപ്പ് ഗ്രാമങ്ങള്‍ മുളച്ചുപൊന്തുകയാണ്. ജാര്‍ഖണ്ഡിലെ ജംതാര ജില്ലയിലെ കര്‍മണ്ട്, നാരായണ്‍പുര്‍, കര്‍മാത്താര്‍, ദേവ്ഘര്‍ തുടങ്ങിയിടങ്ങളിലെല്ലാമുള്ള സൈബര്‍ തട്ടിപ്പുകാര്‍ ഇന്ന് ബാങ്കുകളുടെയും ഐടി വിദഗ്ധരുടെയും പേടി സ്വപ്നമാണ്.
ജനസംഖ്യയില്‍ 39 ശതമാനവും ദാരിദ്ര്യരേഖക്ക് താഴെയുള്ള, പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത ജംതാരയിലാണ് രാജ്യത്തെ, 70 ശതമാനത്തോളം സൈബര്‍ പണത്തട്ടിപ്പ് കേസുകള്‍ നടക്കുന്നത്! ഓരോ വര്‍ഷവും നൂറുകണക്കിന് കേസുകളുമായി ഇവിടെയെത്തുന്ന വിവിധ സംസ്ഥാനങ്ങളിലെ പോലീസുകാര്‍ക്ക് ഇവിടെ നിന്ന് കുറ്റവാളികളെ അറസ്റ്റ് ചെയ്ത് കൊണ്ടു പോകുക ഏറെ പ്രയാസകരമാണ്. റെയ്ഡിനെത്തുന്ന പോലീസിന് നേരെ വെടിവെപ്പും കല്ലേറും അമ്പെയ്ത്തും സംഘം ചേര്‍ന്നുള്ള ആക്രമണവും പതിവായതിനാല്‍ തട്ടിപ്പുകാരെ പിടികൂടുക അത്ര എളുപ്പമല്ല.
അപകട സൂചന ലഭിച്ചാല്‍ കാടുകളിലേക്ക് മുങ്ങുന്ന തട്ടിപ്പ് സംഘത്തിന് പിന്നാലെ പോകാനും പോലീസിന് കഴിയാറില്ല. പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച യുവ സമൂഹമാണ് ഇവിടെ സൈബര്‍ ക്രിമിനലുകളായി മാറിയവരില്‍ കൂടുതല്‍ പേരുമെന്ന് പോലീസ് പറയുന്നു. മീശ മുളക്കാത്ത പയ്യന്മാര്‍ വരെ ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ മുറികളിലിരുന്ന് മെയ്യനങ്ങാതെ കേരളത്തിലെ വിദ്യാസമ്പന്നരുള്‍പ്പെടെയുള്ളവരുടെ വിവരം ചോര്‍ത്തി ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നു. വ്യാജ വിലാസത്തില്‍ എണ്ണമില്ലാ സിം കാര്‍ഡുകള്‍ കൈക്കലാക്കിയാണ് പലപ്പോഴും ഇവരുടെ ഓപറേഷന്‍. 2011ഭല്‍ മൊബൈല്‍ റീചാര്‍ജുമായി ബന്ധപ്പെട്ടാണ് ഈ മേഖലയിലെ ആദ്യ ഓണ്‍ലൈന്‍ കേസ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. പണമടക്കാതെ മൊബൈല്‍ റീചാര്‍ജ് ചെയ്യുന്ന വിദ്യകള്‍ പഠിച്ച യുവാക്കളായിരുന്നു കുറ്റകൃത്യങ്ങള്‍ക്ക് പിന്നില്‍. അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കി വ്യക്തികളുടെ ബേങ്ക് അക്കൗണ്ടില്‍ നിന്ന് പണം കവരുന്ന സംഘം പിന്നീട് പ്രദേശത്ത് വേരുറപ്പിച്ചു. തട്ടിപ്പ് സംഘത്തിലെ പലര്‍ക്കും പ്രത്യേക തലവന്മാരുടെ കീഴില്‍ വിദഗ്ധ പരിശീലനം ലഭിക്കുന്നുണ്ട്.
അതുപോലെ വ്യാജ കോള്‍സെന്റര്‍ ഉണ്ടാക്കി പണം തട്ടുകയും ഇവരുടെ ഒരു രീതിയാണ്. ആധാര്‍ നമ്പര്‍ ഉപയോഗിച്ച് പുതിയ മൊബൈല്‍ കണക്ഷനുകള്‍ എടുക്കുന്ന നിരക്ഷരരായ സാധാരണക്കാരെ വിരലടയാളം പതിഞ്ഞിട്ടില്ലെന്ന് വിശ്വസിപ്പിച്ച,് പലവട്ടം വിരലടയാളം പതിപ്പിച്ച് ആ ഐ ഡി പ്രൂഫ് ഉപയോഗിച്ച് അഞ്ചും ആറും കണക്ഷനുകള്‍ തട്ടിപ്പ് സംഘം സംഘടിപ്പിക്കും. പിന്നീട് ആ നമ്പറുകളാണ് കോള്‍സെന്റര്‍ നമ്പറുകളായി ഉപയോഗിക്കുക. തട്ടിപ്പിനിരയായ ആള്‍ നമ്പര്‍ പിന്തുടര്‍ന്നാല്‍ സ്വന്തമായി ബേങ്ക് അക്കൗണ്ട് പോലുമില്ലാത്ത ഏതെങ്കിലും സാധാരണ വീട്ടമ്മമാരുടെ പക്കലാകും എത്തിച്ചേരുക. കൊല്‍ക്കത്ത കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുകളുടെ യഥാര്‍ഥ ഉറവിടം ഝാര്‍ഖണ്ഡില്‍ മൂന്ന് ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന ഗ്രാമങ്ങളിലാണ്.
അതുപോലെ ഡല്‍ഹി നോയിഡ, യുപിയിലെ കാണ്‍പൂര്‍, ഗൊരഖ് പൂര്‍, ബീഹാറിലെ ചപ്ര, ഹാജിപ്പുര്‍ തുടങ്ങിയ ദരിദ്ര പ്രദേശങ്ങളിലൊക്കെ ഈ സൈബര്‍ മാഫിയക്ക് വേരുകളുണ്ട്. നൈജീരിയ തൊട്ട് ചൈനവരെ വേരുകളുള്ള അന്താരാഷ്ട്ര തട്ടിപ്പ് നെറ്റ്വര്‍ക്കിന്റെ സഹായവും അവര്‍ക്ക് കിട്ടുന്നുണ്ട്. എ ഐ അധിഷ്ഠിതമായി ഒരു വ്യക്തിയുടെ അതേ രൂപത്തില്‍ വീഡിയോ കോളില്‍വന്ന് പണം തട്ടുന്ന രീതിപോലും ഇവര്‍ സ്വീകരിച്ച് കഴിഞ്ഞു.
ഇക്കഴിഞ്ഞ മാസം കൊച്ചിയില്‍ നടന്ന അലന്‍വാക്കര്‍ ഷോയുമായി ബന്ധപ്പെട്ട്, നിരവധി മൊബൈല്‍ ഫോണുകള്‍ മോഷണം പോയതിന്റെ അന്വേഷണവും കേരളാ പൊലീസിനെ ഞെട്ടിച്ചിരുന്നു. ഡല്‍ഹിയില്‍നിന്നും മുംബൈയില്‍നിന്നും എത്തിയ രണ്ടു സംഘങ്ങള്‍ ആയിരുന്നു, മോഷണത്തിന് പിന്നില്‍ മുംബൈ സംഘത്തിലെ സണ്ണി ഭോല യാദവിനെത്തേടി പോലീസ് വീട്ടിലെത്തിയപ്പോള്‍ വീട്ടിലില്ലെന്ന നിലപാടായിരുന്നു കുടുംബാംഗങ്ങള്‍ക്ക്. നഷ്ടപ്പെട്ട ഫോണ്‍ തപ്പി വീട് പരിശോധിക്കുന്നതിനിടെ കട്ടിലിന്റെ അടിയിലെ അറയില്‍ പ്രതിയെ കണ്ടെത്തി! ഓള്‍ഡ് ഡല്‍ഹിയില്‍ ദരിയാഗഞ്ചില്‍ ഒരു കോളനിയില്‍ താമസിക്കുന്ന രണ്ടുപേര്‍ ആയിരുന്നു ഡല്‍ഹി സംഘത്തിന്റെ തലവന്‍മ്മാര്‍. ഇവരെയും പൊലീസ് പൊക്കി. ഫ്ളൈറ്റില്‍ സഞ്ചരിച്ച് കൊച്ചിയില്‍ എത്തി ആഡംബര മുറികളില്‍ താമസിച്ചാണ് ഇവര്‍ മോഷണം നടത്തുന്നത്. പഴയ അമ്മികൊത്താന്‍ വരുന്ന നാടോടി സംഘമല്ല ആധുനിക മോഷ്ടാക്കള്‍. അവരും ഹൈട്ടക്കായി കഴിഞ്ഞിരിക്കുന്നു. അതിനാല്‍ കേരളം പോലെ ഒരു ഉപഭോക്തൃ സംസ്ഥാനത്ത് മതിയായ ജാഗ്രത ഇക്കാര്യത്തില്‍ ഉണ്ടാവേണ്ടതുണ്ട്.
വാല്‍ക്കഷ്ണം: കുറുവാ സംഘത്തെക്കാളൊക്കെ മലയാളികള്‍ ഭയക്കേണ്ടത്് ഈ സൈബര്‍ അധോലോകത്തെയാണ്. പ്രബുദ്ധനെന്ന് പറയുന്ന മലയാളി, പാസ്വേള്‍ഡും, ഒടിപിയും അങ്ങോട്ട് പറഞ്ഞുകൊടുത്ത് പ്രതിദിനം എത്രയെത്ര തട്ടിപ്പിലാണ് വീഴുന്നത്.