- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
അന്ന് ഒരിക്കലും മുങ്ങാത്ത കപ്പൽ എന്ന് പേരുള്ള ടൈറ്റാനിക്കിൽ കയറാൻ മത്സരിച്ചത് കോടീശ്വരന്മാർ; ഇന്ന് മുങ്ങിക്കിടക്കുന്ന കപ്പലിനെ കാണാനെത്തുന്നവരും വമ്പന്മാർ; സമുദ്രാന്തര യാത്രക്ക് മിനിമം രണ്ടുകോടിയുടെ പാക്കേജ്; ഒരിക്കലും അപകടത്തിൽപെടില്ല എന്ന് കരുതിയ ടൈറ്റനും മുങ്ങി; രണ്ടാം ടൈറ്റാനിക്ക് ദുരന്തവും അനാസ്ഥമൂലമോ?
'ടൈറ്റാനിക്ക് വിൽ ഓൾവെയിസ് ക്യാച്ച് ഹെഡ് ലൈൻസ്'- ഒരിക്കലും മുങ്ങാത്തതെന്നും, ലോകത്തിന്റെ ആഡംബരങ്ങളുടെ അവസാനവാക്കെന്നും അറിയപ്പെട്ടിരുന്ന,െൈ ടറ്റാനിക്ക് കപ്പലിനെ കുറിച്ച് അതിന്റ നിർമ്മാതാക്കൾ അവകാശപ്പെട്ടത് ഇങ്ങനെയായിരുന്നു. അത് എന്തായാലും അറംപറ്റി. എന്നും തലക്കെട്ടുകൾ പിടിച്ചെടുക്കാൻ പത്തൊമ്പതാം നൂറ്റാണ്ടിലെ ഈ കപ്പലിന് കഴിഞ്ഞു. കന്നിയാത്രയിൽ തന്നെ മഞ്ഞുമലയിലിടിച്ച് തകർന്ന്, 1500 ൽ അധികം ജീവനുകളുമായി സമുദ്രത്തിന്റെ അടിത്തട്ടിൽ വിശ്രമിക്കുന്ന ടൈറ്റാനിക് എന്ന ഭീമൻ കപ്പൽ, ഇന്ന് 111 വർഷങ്ങൾക്ക് ശേഷവും, വാർത്തകളിൽ ഇടം പിടിച്ച് കൊണ്ടിരിക്കയാണ്. ഇന്ന് ലോകത്തിലെ നമ്പർ വൺ സാഹസിക വിനോദങ്ങളിൽ ഒന്നാണ് ടൈറ്റാനിക്ക് ടൂറിസം. അതായത കടലിന്റെ മടിത്തട്ടിൽ കിടക്കുന്ന ടൈറ്റാനിക്ക്, അന്തർവാഹിനികളിൽ പോയി കാണുക. ലോകത്തിലെ കോടീശ്വരന്മാരുടെയും സെലിബ്രിറ്റികളുടെയുമൊക്കെ ഒരു ക്രേസ് ആയി മാറിയിരിക്കയാണ് ഇത്. 50 വയസ്സിന് മുമ്പ് നിർബന്ധമായും കാണേണ്ടത് എന്ന സെലിബ്രിറ്റി ചെയ്തികളിൽ ആദ്യ അഞ്ചിലാണ് ടൈറ്റാനിക്ക് സന്ദർശനം.
കോടികളുടെ കഴുത്തറപ്പൻ മത്സരമാണ് ഈ മേഖലയിൽ നടക്കുന്നത്. ഒറ്റയാത്രക്ക് മിനിമം രണ്ടുകോടി ഇന്ത്യൻ രൂപയെങ്കിലും ആവും. സമുദ്രത്തിന്റെ അടിത്തട്ടിൽ വിശ്രമിക്കുന്ന ടൈറ്റാനിക്കിനെ കാണാനായി പ്രത്യേകം രൂപകൽപ്പന ചെയ്യപ്പെട്ട ടൈറ്റൻ എന്ന അന്തർവാഹിനിയും അതിനുള്ളിലുള്ള, 5 പേരയും കാണാതായിട്ട് എന്ന് ദിവസങ്ങൾ കഴിഞ്ഞു. രണ്ടാം ടൈറ്റാനിക്ക് ദുരന്തം എന്നാണ് ലോക മാധ്യമങ്ങൾ ഇതിന് തലക്കെട്ട് ഇടുന്നത്. പക്ഷേ ഒന്നാം ടൈറ്റാനിക്ക് ദുരന്തംപോലെ തന്നെയുള്ള ചില സവിശേഷതകൾ ഇക്കാര്യത്തിൽ മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒരിക്കലും മുങ്ങാത്ത കപ്പൽ, ലോകത്തിലെ ഏറ്റവും വലിയ ചലിക്കുന്ന വസ്തു തുടങ്ങിയ വിശേഷണങ്ങളുമായി ഇറക്കിയ ടൈറ്റാനിക്കിന് വിനയായത്, അമിതമായ ആത്മവിശ്വസവും, അതിൽനിന്നുവന്ന അനാസ്ഥയുമാണ്. ടൈറ്റൻ എന്ന അന്തർവാഹിനിയുടെ കാര്യത്തിലും ഇതുപോലെ ചില പാളിച്ചകൾ വന്നിട്ടുണ്ടെന്നും ഡെയിലി മെയിൽ പോലുള്ള മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ടൈറ്റാനിക്ക് ടൂറിസം എന്ന പേരിൽ സ്വകാര്യ കമ്പനികൾ നടത്തുന്ന കഴുത്തറപ്പൻ മത്സരത്തിന്റെ ഉപോൽപ്പന്നമാണ് ഈ ദുരന്തം എന്ന് ചൂണ്ടിക്കാട്ടുന്നുവരും ഉണ്ട്. എന്തായാലും ഒരു കാര്യം ഉറപ്പാണ്. ടൈറ്റാനിക്ക് എന്ന പേര് എപ്പോഴും തലക്കെട്ടുകൾ ആകർഷിച്ച് കൊണ്ടിരിക്കയാണ്!
ഒരിക്കലും മുങ്ങാത്ത കപ്പൽ
ഒരിക്കലും മുങ്ങാത്ത കപ്പൽ...1912 ൽ ഈ ഒരൊറ്റ വിശേഷണം മാത്രം മതിയായിരുന്നു ലോകത്തെ ആകർഷിക്കുവാൻ. അന്നത്തെ എല്ലാ കപ്പലും കൂടിച്ചേർന്നാലും ടൈറ്റാനിക്കിനെ കടത്തിവെട്ടുവാൻ പറ്റിയ ഒന്ന് ഇല്ലായിരുന്നുവെന്നതാണ് യാഥാർത്ഥ്യം. ആഡംബരത്തിനും മേലെ നിൽക്കുന്ന ഒരു വാക്കുണ്ടെങ്കിൽ അന്ന് അതായിരുന്നു ടൈറ്റാനിക്. 269.06 മീറ്റർ നീളവും 28.19 മീറ്റർ വീതിയും, 104 അടി ഉയരത്തിലും തലയെടുപ്പോടെ നിർമ്മിച്ച ടൈറ്റാനിക്കിനായി അന്ന് മുടക്കിയത് 7.5 ദശലക്ഷം ഡോളർ ആണ്.
സമുദ്രയാത്രയുടെ സുവർണ കാലഘട്ടത്തിലാണ് ടൈറ്റാനിക് നിർമ്മിക്കപ്പെട്ടത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യൂറോപ്പിൽ നിന്ന് ന്യൂയോർക്കിലേക്ക് വാണിജ്യാവശ്യങ്ങൾക്കായി യാത്ര ചെയ്യുന്ന കുടിയേറ്റക്കാരെയും സമ്പന്നരായ യാത്രികരെയും വഹിക്കുന്ന ക്രൂയിസ് കപ്പലുകളുമായി മത്സരിക്കാൻ പോന്ന വിധത്തിലാണ് ടൈറ്റാനിക് രൂപകൽപ്പന ചെയ്തത്. കമ്പനികൾ തമ്മിൽ ഏറ്റവും മികച്ച കപ്പൽ പുറത്തിറക്കുന്ന കാര്യത്തിൽ ഒരു മത്സരവും നിലനിന്നിരുന്നു. വൈറ്റ് സ്റ്റാർ ലൈൻ, ക്യുനാഡ് എന്നീ കമ്പനികളായിരുന്നു അക്കാലത്ത് മത്സര രംഗത്ത് പ്രധാനമായും ഉണ്ടായിരുന്നത്. എങ്ങനെയും കൂടുതൽ യാത്രക്കാരെ തങ്ങളുടെ കപ്പലുകളിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തിൽ ഒന്നിനൊന്ന് മികച്ച സേവനങ്ങളാണ് അവർ യാത്രക്കാർക്ക് നല്കിയിരുന്നത്. അങ്ങനെയിരിക്കെയാണ് ക്യുനാഡ് ലൂസിറ്റാനിയ, മൗറിറ്റാനിയ എന്നീ പേരുകളിൽ രണ്ട് മികച്ച വേഗം കൂടിയ കപ്പലുകൾ പുറത്തിറക്കുന്നത്. വൈറ്റ് സ്റ്റാർ ലൈനിന് വെല്ലുവിളി ഉയർത്തി ഈ കപ്പലുകൾ വന്നപ്പോൾ അവർ പുറത്തിറക്കിയത് ആഡംബര കപ്പലുകളായിരുന്നു. വേഗത്തെ ആഡംബരം കൊണ്ട് തോൽപ്പിക്കാം എന്ന ചിന്തയിൽ നിന്നാണ് ഇത്തരം കപ്പലുകൾ വരുന്നത്. ഒളിമ്പിക്, ടൈറ്റാനിക്, ജൈജാന്റിക് എന്നീ മൂന്നു കപ്പലുകളാണ് വൈറ്റ് സ്റ്റാർ ഇറക്കുവാൻ തീരുമാനിക്കുന്നത്.
ആദ്യം പുറത്തിറക്കിയ ഒളിമ്പിക്കിന്റെ വിധി കൂട്ടിയിടിക്കുവാനായിരുന്നു. വലിയ തകർച്ച ആയിരുന്നുവെങ്കിലും കപ്പൽ മുങ്ങിയില്ല. പിന്നീടാണ് ടൈറ്റാനിക് വരുന്നത്.
1909 മാർച്ച് 31-ന് ആരംഭിച്ച ടൈറ്റാനിക്കിന്റെ നിർമ്മാണം പൂർത്തിയാകാൻ നാല് വർഷമെടുത്തു. വടക്കേ അയർലൻഡിലെ ഹർലാൻഡ് ആൻഡ് വോൾഫ് എന്ന കപ്പൽശാലയിലാണ് ടൈറ്റാനിക് നിർമ്മിക്കപ്പെട്ടത്. ഏതാണ്ട് 7.5 ദശലക്ഷം യു എസ് ഡോളർ ചെലവഴിച്ചാണ് ടൈറ്റാനിക് നിർമ്മിച്ചത്. ഇന്നത്തെ മൂല്യവുമായി താരതമ്യപ്പെടുത്തിയാൽ അത് ഏതാണ്ട് 192 ദശലക്ഷം ഡോളറാണ്. അന്നത്തെ ഏറ്റവും വിലപിടിച്ച കപ്പലായിരുന്നു ടൈറ്റാനിക്ക്.
ഭൂമിയിലെ ഏറ്റവും വലിയ ചലിക്കുന്ന വസ്തു
ലോകത്തിലെ ഏറ്റവും വലിയ യാത്രാ കപ്പലുകളിൽ ഒന്നായിരുന്നു ടൈറ്റാനിക്. ഭൂമിയിലെ ഏറ്റവും വലിയ ചലിക്കുന്ന വസ്തു എന്ന വിശേഷണവും അന്ന് ടൈറ്റാനിക്കിന് സ്വന്തമായിരുന്നു. 269 മീറ്റർ നീളവും 28 മീറ്റർ വീതിയും അടിമരം മുതൽ പുകക്കുഴൽ വരെ 54 മീറ്റർ ഉയരവും കപ്പലിനുണ്ടായിരുന്നു. സമുദ്രനിരപ്പിൽ നിന്ന് കപ്പലിന്റെ മുകൾത്തട്ട് വരെയുള്ള ഉയരം 19 മീറ്ററുമാണ് ഉണ്ടായിരുന്നത്. 20 ബസുകൾ നിരത്തി നിർത്തിയിട്ടാൽ എത്ര ദൂരമുണ്ടോ അത്രയും ദൂരമായിരുന്നു ടൈറ്റാനിക്കിന്റെ നീളം.46,328 ടൺ ഭാരം, 9 ഡെക്കുകൾ എന്നിവയുള്ള കപ്ലിന്റെ പരമാവധി വേഗത മണിക്കൂറിൽ 44 കിലോമീറ്റർ ആയിരുന്നു.
കപ്പലിൽ ഒരു ദിവസത്തെ ആവശ്യത്തിനു മാത്രം വേണ്ടി വന്നിരുന്നച് 600 ടൺ കൽക്കരിയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ജോലികൾക്കു മാത്രം 176 ആളുകളെയായിരുന്നു നിയോഗിച്ചിരുന്നത്. 100 ടൺ ചാരം ഓരോ ദിവസവും കപ്പലിൽ നിന്നും കടലിലേക്ക് തള്ളിയിരുന്നു. 5,892 ടൺ കൽക്കരിയാണ് ടൈറ്റാനിക്കിൽ നിറച്ചത്.
അക്കാലത്ത് ഒരു കപ്പൽ യാത്രയിൽ ഒരിക്കലും ചിന്തിക്കുവാൻ പോലും പറ്റാത്ത തരത്തിലുള്ള സൗകര്യങ്ങളാണ് ടൈറ്റാനിക്കിൽ ഒരുക്കിയിരുന്നത്. സ്വിമ്മിങ് പൂൾ, വ്യായാമ സൗകര്യങ്ങൾ, സൺബാത്ത് തൊട്ട് പട്ടിക്കൂടുകളും ദിനപ്പത്രവും വരെ ടൈറ്റാനിക്കിൽ ഒരുക്കിയിരുന്നു. അറ്റ്ലാന്റിക് ഡെയ്ലി ബുള്ളറ്റിൻ എന്നായിരുന്നു പത്രത്തിന്റെ പേര്. ലണ്ടനിലെ റിറ്റ്സ് ഹോട്ടലിന്റെ മാതൃകയിലുള്ള പിരിയൻ ഗോവണി ഇന്റീരിയർ ആയിരുന്നു കപ്പിലന് ഒരുക്കിയിരുന്നത്. ഫസ്റ്റ് ക്ലാസ് യാത്രക്കാർക്കായി 20,000 ബോട്ടിൽ ബിയർ, 1,500 ബോട്ടിൽ വൈൻ, 8,00 സിഗരറ്റുകൾ എന്നിവയും കപ്പലിൽ ശേഖരിച്ചിരുന്നു.
ജീവിതത്തിലെ എല്ലാ തുറകളിൽ നിന്നുള്ള ആളുകളും ടൈറ്റാനിക്കിൽ യാത്രക്കാരായി ഉണ്ടായിരുന്നു. കോടീശ്വരന്മാരും കുടിയേറ്റക്കാരും വ്യാപാരികളും സാധാരണക്കാരും ഉൾപ്പെടെ 2,228 യാത്രക്കാർ കപ്പലിലുണ്ടായിരുന്നു, 3547 പേർക്കു യാത്ര ചെയ്യാവുന്ന കപ്പലിൽ 1319 സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്.
അമേരിക്കയിലേക്ക് കുടിയേറുവാൻ ആഗ്രഹിച്ച് യാത്ര ചെയ്ത കുടിയേറ്റക്കാരായിരുന്നു തേഡ് ക്ലാസിൽ കൂടുതലും ഉണ്ടായിരുന്നത്. 88 ആളുകളായിരുന്നു കപ്പൽ ക്രൂവായി നിയോഗിക്കപ്പെട്ടത്. അതിൽ 23 പേർ സ്ത്രീകളാിരുന്നു. എന്നാൽ ഇത്രയും ആളുകൾക്കായി ഒരുക്കിയിരുന്നത് 20 ൽ താഴെ മാത്രം ലൈഫ് ബോട്ടുകളായിരുന്നു.
1912 ഏപ്രിൽ 10നാണ് ടൈറ്റാനിക് യാത്ര പുറപ്പെട്ടത്. ഇംഗ്ലണ്ടിലെ സതാംപ്റ്റൺ തുറമുഖത്തു നിന്നും ന്യൂയോർക്കിലേയ്ക്കായിരുന്നു കന്നി യാത്ര. ഏകദേശം ഒരു ലക്ഷത്തോളം ആളുകളാണ് ടൈറ്റാനിക്കിന്റെ ആദ്യ യാത്ര കാണുവാനായി സതാംപ്റ്റൺ തുറമുഖത്ത് എത്തിച്ചേർന്നത്. അന്നത്തെ ആളുകളുടെ അഹങ്കാരം തന്നെയായിരുന്നു ടൈറ്റാനിക്കിൽ യാത്ര ചെയ്യുവാൻ സാധിച്ചു എന്നത്. അതിന്റെ സന്തോഷം ഇവിടെ എത്തിച്ചേർന്ന ഓരോ യാത്രക്കാരനിലും കാണുവാൻ സാധിച്ചിരുന്നു.
ജാക്കും റോസും ലോകം കീഴടക്കുന്നു
'നേരെ മുന്നിലായി ഒരു മഞ്ഞുമല', ഈ വാക്കുകളാണ് ടൈറ്റാനിക്കിന്റെ ചരിത്രത്തെ മാറ്റിമറിച്ചത്. 4 ദിവസത്തെ യാത്രയ്ക്ക് ശേഷം ഏപ്രിൽ 14-ന് രാത്രി 11.40-ന് ഒരു മഞ്ഞുമലയുമായി കൂട്ടിയിടിച്ചതോടെ ടൈറ്റാനിക്കിന്റെ കഥ ഒരു ദുരന്തമായി അവസാനിച്ചു. അപായം അടുത്തപ്പോഴേക്കും കപ്പൽ അലാറം മുഴക്കിയെങ്കിലും അപ്പോഴേക്കും കപ്പലിന്റെ ഗതി തിരിക്കാൻ ഏറെ വൈകിപ്പോയിരുന്നു.
ഏറ്റവും വിചിത്രം, ഒരിക്കലും മുങ്ങാത്ത കപ്പൽ എന്ന വിശ്വാസം നിമിത്തം മതിയായ ലൈഫ് ബോട്ടുകൾ പോലും ഈ കപ്പലിൽ ഉണ്ടായിരുന്നില്ല. 1178 ആയിരുന്നു ലൈഫ് ബോട്ടിന്റെ ശേഷി. കപ്പലിലുണ്ടായിരുന്നതാവട്ടെ 2228 പേരും. തെറ്റിദ്ധാരണ മൂലവും മറ്റു പ്രശ്നങ്ങളാലും 705 പേർ മാത്രമാണ് ലൈഫ് ബോട്ടിൽ കയറിയത്. അതിവേഗത്തിലാണ് കപ്പൽ മുങ്ങിയത്. പുലർച്ചെ 1.55 ഓടെ പതിനെട്ടാത്തെ ലൈഫ് ബോട്ട് കടലിലേക്കിറക്കിയപ്പോൾ 15 അടി മാത്രമേ താഴ്‌ത്തേണ്ടതായി വന്നുള്ളൂ. കപ്പൽ അത്രയധികം മുങ്ങിയിരുന്നു. പുലർച്ചെ 2.05ന് അവസാനത്തെ ലൈഫ് ബോട്ടും കടലിലിറക്കി. 2.17 ഓടെ കപ്പൽ സമുദ്രത്തിന്റെ അടിയിലേക്ക് എന്നെന്നേക്കുമായി താണുപോയി.
ലൈഫ്‌ബോട്ടുകളിൽ ഇടം കണ്ടെത്താൻ കഴിയാതെ പോയ നിരവധി യാത്രക്കാർ ആ കൊടിയ തണുപ്പിൽ വിറങ്ങലിച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. രാവിലെ 4.10 ആയപ്പോഴേക്കും എത്തിയ ആർ എം എസ് കാർപ്പാത്തിയ എന്ന കപ്പൽ ലൈഫ് ബോട്ടിൽ അവശേഷിച്ചവരെ രക്ഷപ്പെടുത്തി. 2,200 യാത്രികരുമായി യാത്ര ആരംഭിച്ച ടൈറ്റാനിക്കിൽ നിന്ന് ആകെ എഴുന്നൂറോളം പേർക്ക് മാത്രമാണ് ആ ദുരന്തത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞത്.
ടൈറ്റാനിക് ദുരന്തം പ്രമേയമാക്കി നിരവധി പുസ്തകങ്ങളും പാട്ടുകളും ചലച്ചിത്രവുമെല്ലാം പുറത്തുവന്നെങ്കിലും ഏറെ ശ്രദ്ധനേടിയത് 1997ൽ ജെയിംസ് കാമറൂണിന്റെ ടൈറ്റാനിക് ചിത്രം തന്നെയായിരുന്നു. ഏറെ നിരൂപക പ്രശംസക്കൊപ്പം നിരവധി ഓസ്‌കർ പുരസ്‌കാരങ്ങളും ചിത്രം വാരിക്കൂട്ടി. ആ ചിത്രത്തിലെ പ്രണയ ജേടികളായ ജാക്കും റോസും, കാലിഫോർണിയ മുതൽ കൊച്ചിവരെ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിച്ചു. ലിനാർഡോ ഡീ കാപ്രിയോയും, കേറ്റ് വിൻസ്ലറ്റും, കേരളത്തിലെ കുഗ്രാമങ്ങളിൽപോലും പ്രശസ്തരായി.
1959ൽ ബെൻഹർ, പിന്നീട് 2003-ൽ ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റിട്ടേൺ ഓഫ് ദ കിങ് എന്നീ ചിത്രങ്ങളോടൊപ്പം, ഏറ്റവുമധികം ഓസ്‌കാർ പുരസ്‌കാരങ്ങൾ നേടിയ ചിത്രമാണ് ടൈറ്റാനിക്. മികച്ച ചിത്രം, സംവിധായകൻ, ഛായാഗ്രഹണം ഉൾപ്പെടെ 11 അക്കാദമി അവാർഡുകൾ ചിത്രം വാരിക്കൂട്ടി. പുറത്തിറങ്ങി ഉടനെ തന്നെ ആഗോള ബോക്‌സ് ഓഫീസ് ജേതാവായി മാറുകയും ചെയ്തു. നിലവിൽ ലോകമെമ്പാടുമുള്ള സിനിമകളിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ മൂന്നാമത്തെ ചിത്രമെന്ന റെക്കോർഡ് ടൈറ്റാനിക്കിന് സ്വന്തമാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ പേർ കണ്ട സിനിമയും ടൈറ്റാനിക്കാണെന്നാണ് പറയുന്നത്.
ടൈറ്റാനിക് ദുരന്തത്തിന്റെ നൂറാം വാർഷിക സമയത്ത് അതായത്, 2012 ഏപ്രിലിൽ ഈ ചിത്രത്തിന്റെ 3ഡി പതിപ്പ് പ്രദർശനത്തിനെത്തിയിരുന്നു. ലോകഹൃദയം കവർന്ന സിനിമ ഈവർഷം 25ാം വാർഷികമാഘോഷിച്ചതും ചരിത്രമായിരുന്നു. 3ഡി 4കെ എച്ച്ഡിആർ പതിപ്പ് തിയറ്ററിലെത്തിച്ചാണ്, ചിത്രത്തിന്റെ നിർമ്മാതാക്കൾ 25ാം വാർഷികം ആഘോഷമാക്കിയത്. റീ റിലീസിലും ടൈറ്റാനിക്ക് വൻ വിജയമായി. അതായത് ടൈറ്റാനിക്ക് എന്ന പേര് എപ്പോഴും തലക്കെട്ടുകൾ ആകർഷിച്ചുകൊണ്ടുതന്നെ ഇരിക്കുകയാണ്.
ടൈറ്റാനിക്ക് ടൂറിസം വരുന്നു
ടൈറ്റാനിക്കിനായി വർഷങ്ങളോളം അന്വേഷണം നടത്തിയെങ്കിലും, 1985ൽ മാത്രമാണ് കപ്പൽ അവശിഷ്ടം പൂർണ്ണമായും കണ്ടെത്താനായത്. അപ്പോഴും ഗവേഷകർ മാത്രമായിരുന്നു ഇവിടെക്ക് പോയിരുന്നത്. പക്ഷേ 97ൽ ടൈറ്റാനിക്ക് സിനിമ ഹിറ്റായതോടെ കാര്യങ്ങൾ എല്ലാം മാറി. ടൈറ്റാനിക്ക് ടൂറിസം എന്ന ഒരു പുതിയ സാധനം ഉണ്ടായി. അതായത് മുങ്ങിക്കപ്പലിൽ അത്ലാന്റിക്കിന്റെ ആഴങ്ങളിലേക്ക് പോയി ടൈറ്റാനിക്ക് നേരിട്ട് കണ്ട് മടങ്ങുക, എന്നതായിരുന്നു ആ പരിപാടി. സിനിമയെക്കാൾ ഏറെ സമുദ്രത്തെ സ്നേഹിക്കുന്ന വ്യക്തിയെന്നാണ് ജെയിംസ് കാമറൂൺ അറിയപ്പെട്ടിരുന്നത്. ഈ പ്രൊജക്റ്റിന്റെ മാസ്റ്റർ ബ്രയിനും ജെയിംസ് കാമറൂൺ ആയിരുന്നു.
കാമറുൺ ടൈറ്റാനിക്ക് നിൽക്കുന്ന ഭാഗത്ത് സമുദ്രത്തിൽ മുങ്ങി അതിന്റെ ചിത്രങ്ങൾ എടുത്തിരുന്നു. എല്ലാം നേരിട്ട് കണ്ട് പഠിക്കുക എന്നതായിരുന്നു ഈ പെർഫക്ഷനിസ്റ്റിന്റെ രീതി. അതിനായി കപ്പലിന്റെ അതേ രീതിയിലുള്ള ഒരു മിനിയേച്ചർ ഉണ്ടാക്കിയാണ് ചിത്രീകരണം നടത്തിയത്. പ്രത്യേക ടീമിനെവെച്ച് വർഷങ്ങൾ നീളുന്ന ഗവേഷണമാണ് അദ്ദേഹം ഇതിനായി ന്ടത്തിയത്. 75 പേജുകളാണ്, ടൈറ്റാനിക്ക് ദുരന്തത്തിന് ഒരാഴ്ചക്കുശേഷം ഇറങ്ങിയ ന്യൂയോർക് ടൈംസ് പത്രം വിശദമായ വാർത്തകൾക്കായി നീക്കിവച്ചത്. അത് മുഴവൻ പഠിച്ചാണ് കാമറൂൺ സിനിമ ചെയ്യാനെത്തിയത്. കപ്പലിനകത്തേക്ക് വെള്ളം ഇരച്ചുകയറുമ്പോഴും സംഗീതാവതരണം തുടരുന്നത് സിനിമയിൽ കാണാം. യാഥാർഥത്തിൽ സംഭവിച്ചതാണ്. അവരാരും രക്ഷപ്പെട്ടതുമില്ല. ടെറ്റാനിക്കിലെ അന്നത്തെ ആഡംബരയാത്രയ്ക്കുള്ള ഫസ്റ്റ് ക്ലാസ് പാർലർ ടിക്കറ്റിന് ന്യൂയോർക്കിലെ വില അടക്കം സകലതും കാമറൂൺ പഠിച്ചു. 4350 ഡോളർ എന്ന ഞെട്ടിപ്പിക്കുന്ന വിലയായിരുന്നു അതെന്ന് അദ്ദേഹം കണ്ടെത്തി. ഇക്കാര്യങ്ങൾ എല്ലാം പറഞ്ഞുകൊണ്ട് ചെയ്ത ഷോർട്ട് ഫിലിമും വമ്പൻ ഹിറ്റായി. ഗവേഷകർക്കുപോലും അറിയാത്ത കാര്യങ്ങളാണ്, ഈ സിനിമക്കായി അദ്ദേഹം ചികഞ്ഞ് എടുത്തത്. ഈ വാർത്തകളെല്ലാം വൈറലായതും ടൈറ്റാനിക്ക് ടുറിസത്തിന് ഗുണം ചെയ്തു.
തികഞ്ഞ പ്രകൃതിസ്നേഹിയും ഒപ്പം മനുഷ്യസ്നേഹിയുമാണ് കാമറൂൺ. സമുദ്രമാണ് ഈ ലോകത്ത് അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട വസ്തു. സമുദ്രമലീനകരത്തിനെതിരെ നടത്തുന്ന എല്ലാ കാമ്പയിനുകളുടെയും മുൻ പന്തിയിൽ കാമറൂണിനെ കാണാം. അതിൽ തന്നെ സമുദ്രാന്തർ ഭാഗത്താണ് അദ്ദേഹത്തിന്റെ സ്പെഷ്യലൈസേഷൻ. സമുദ്രമാണോ, സിനിമയാണോ ഏറ്റവും പ്രിയം എന്ന ചോദ്യത്തിന് സമുദ്രം എന്നാണ് അദ്ദേഹം ഒരിക്കൽ മറുപടി നൽകിയത്. അതുകൊണ്ടുതന്നെ ടൈറ്റാനിക്ക് ടൂറിസം തുടങ്ങിയപ്പോൾ അതിന്റെ മുന്നിലും കാമറൂൺ തന്നെയായിരുന്നു. പിന്നെ ഈ മേഖലയിൽ നിരവധി കമ്പനികൾ വന്നു. ദുരന്തത്തിന്റെ 100ാമത് വാർഷികമായ 2012ൽ, യുണസ്‌കോ ടൈറ്റാനിക് തകർന്ന സ്ഥലത്തെ ജലാന്തര സാംസ്‌കാരിക പൈതൃകപ്രദേശമായി സംരക്ഷിക്കാൻ തീരുമാനിച്ചിരുന്നു. ഈ പ്രഖ്യാപനവും ടൈറ്റാനിക്ക് ടൂറിസത്തിന്റെ കീർത്തി വർധിപ്പിച്ചു.
ടൈറ്റാനിക്ക് കാണാൻ രണ്ടുകോടി രൂപ
പിന്നീട് നിരവധി കമ്പനികൾ ടൈറ്റാനിക്ക് ടൂറിസത്തിലേക്ക് വന്നു. ടൈറ്റാനിക്ക് കപ്പലിൽ കയറാൻ മത്സരിച്ചതുപോലെ ലോകത്തിലെ കോടീശ്വരന്മാർ കടലിനടിയിലെ ടൈറ്റാനിക്ക് കാണാനും മത്സരിച്ചു. ഇപ്പോൾ ടൈറ്റൻ എന്ന അന്തർവാഹിനിയാണ് അപകടത്തിൽ പെട്ടത്. അഞ്ചുപേരുമായി ഞായറാഴ്ച പോയ ജലപേടകം ഇനിയും കണ്ടെത്താനായില്ല. അമേരിക്കയുടെയും കാനഡയുടെയും തീരരക്ഷാസേനകൾ സംയുക്തമായാണ് തിരയുന്നത്. കപ്പലുകളും വിമാനങ്ങളും തിരച്ചിലിൽ പങ്കെടുക്കുന്നു. ഫ്രാൻസ് ചൊവ്വാഴ്ച റോബോട്ട് സംവിധാനമുള്ള കപ്പലയച്ചിട്ടുണ്ട്.
ബ്രിട്ടീഷ് കോടീശ്വരൻ ഹാമിഷ് ഹാർഡിങ്, ബ്രിട്ടീഷ്-പാക്കിസഥാനി ബിസിനസുകാരൻ ഷെഹ്‌സാദ ദാവൂദ്, മകൻ സുലേമാൻ എന്നിവരും ടൈറ്റൻ ജലപേടകത്തിന്റെ ഉടമകളായ ഓഷൻഗേറ്റ് എക്സ്‌പെഡീഷൻസിന്റെ സിഇഒ. സ്റ്റോക്ടൻ റഷ്, മുങ്ങൽ വിദഗ്ധൻ പോൾ ഹെന്റി നാർജിയോലെ എന്നിവരാണ് ജലപേടകത്തിലുള്ളത്. കാനഡയിലെ ന്യൂഫൗണ്ട്‌ലാൻഡിൽനിന്ന് ഇന്ത്യൻസമയം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1.30-നാണ് ടൈറ്റൻ സഞ്ചാരികളുമായി പുറപ്പെട്ടത്. അറ്റ്‌ലാന്റിക്കിൽ മുങ്ങി ഒന്നേമുക്കാൽ മണിക്കൂർ പിന്നിട്ടപ്പോൾ സഹായക കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടു.
യു.എസ്. ആസ്ഥാനമായുള്ള ഓഷൻഗേറ്റ് എക്സ്‌പെഡീഷൻസ് സമുദ്രപര്യവേക്ഷണത്തിനായി നിർമ്മിച്ച പേടകമാണ് ടൈറ്റൻ. അഞ്ചുപേർക്കിരിക്കാം. കടലിൽ 4000 മീറ്റർ ആഴംവരെ പോകും. നീളം ആറര മീറ്റർ. അഞ്ചുപേർക്ക് 96 മണിക്കൂർ കഴിയാൻവേണ്ട ഓക്സിജൻ ഇതിലുണ്ട്. മണിക്കൂറിൽ 5.6 കിലോമീറ്റർവേഗം. സാഹസികയാത്രികരെ ടൈറ്റാനിക് അവശിഷ്ടം കാണാൻ കൊണ്ടുപോകാനും കടലിനടിയിലെ സർവേകൾക്കും ഗവേഷണത്തിനും വിവരശേഖരണത്തിനും സിനിമാചിത്രീകരണത്തിനുമെല്ലാം ഉപയോഗിക്കാം. എട്ടുദിവസത്തെ ടൈറ്റാനിക് പര്യടനത്തിന് ഒരാളിൽനിന്ന് രണ്ടരലക്ഷം ഡോളറാണ് (രണ്ടുകോടി രൂപ) ഓഷൻഗേറ്റ് ഈടാക്കുന്നത്. ടൈറ്റനൊപ്പം ഉപരിതലത്തിൽ സഞ്ചരിക്കുന്ന കപ്പലുമായാണ് ആശയവിനിയമം നടക്കുക. കാനഡയുടെ ന്യൂഫൗണ്ട്‌ലാൻഡ് തീരത്തുനിന്ന് 600 കിലോമീറ്റർ അകലെ അറ്റ്‌ലാന്റിക് സമുദ്രോപരിതലത്തിൽനിന്ന് 3800 മീറ്റർ ആഴത്തിലാണ് ടൈറ്റാനിക് ഉറച്ചിരിക്കുന്നത്.
ടൈറ്റൻ വീണത് എങ്ങനെ?
കാണാതായ ടൈറ്റൻ അന്തർവാഹിനി പൂർണ്ണമായും പ്രവർത്തന സജ്ജമായിരുന്നില്ല എന്ന ചില റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. 2021ൽ ആയിരുന്നു ഓഷൻ ഗെയ്റ്റ് എക്സ്പെഡിഷൻസ്, ഈ അന്തർവാഹിനി ഉപയോഗിച്ച് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളിലേക്ക് വിനോദ യാത്ര ആരംഭിച്ചത്. 2018 ൽ ആയിരുന്നു, ഇത് ഉപയോഗിച്ചുള്ള ടൈറ്റാനിക് യാത്ര ആദ്യമായി ആസൂത്രണം ചെയ്തത്. എന്നാൽ, അന്ന് ഇടിമിന്നൽ മൂലം ചില ഇലക്ട്രോണിക് സംവിധാനങ്ങൾക്ക് തകരാറുകൾ സംഭവിച്ചതിനാൽ അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. പിന്നീട് 2019 ൽ കനേഡീയ മറൈൻ നിയമങ്ങൾ പാലിക്കില്ലെന്ന് കണ്ട് വീണ്ടും യാത്ര നിർത്തിവയ്ക്കേണ്ടതായി വന്നു. പിന്നീട് 2020ൽ കാര്യമായ തകരാറുകൾ സംഭവച്ചിതനെ തുടർന്ന് അത് പൂർണ്ണമായും പുനർനിർമ്മാണം നടത്തേണ്ടതായി വന്നു.
യഥാർത്ഥത്തിൽ കാർബൺ ഫൈബറും ടൈറ്റാനിയവും ഉപയോഗിച്ച് നിർമ്മിച്ച അന്തർവാഹിനി 4000 മീറ്റർ ആഴത്തിൽ(13,123 അടി) വരെ പോകുവാൻ കഴിവുള്ളതായിരുന്നു. എന്നാൽ, പുനർനിർമ്മാണത്തിനു ശേഷം നടത്തിയ പരീക്ഷണങ്ങളിൽ ഡെപ്ത് റേറ്റിങ് 3000 മീറ്റർ ആയി കുറഞ്ഞിരുന്നു. ഈ ആഴത്തിൽ പോയാൽ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾക്ക് സമീപമെത്താൻ കഴിയില്ലെന്നതാണ് വാസ്തവം. ഈ പോരായ്മ തിരിച്ചറിഞ്ഞ ഓഷ്യൻ ഗെയ്റ്റ് അന്ന് നാസയുമായി യോജിച്ച് പ്രവർത്തിച്ച് കപ്പൽ പൂർണ്ണമായും പ്രവർത്തനക്ഷമമാക്കുമെന്ന് പറഞ്ഞിരുന്നു. ഈ ദുരന്ത യാത്രക്ക് മുൻപായി പ്രശ്നങ്ങൾ പരിഹരിച്ചെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പക്ഷേ ടൈറ്റൻ പൂർണ്ണമായും ഫിറ്റ് അല്ലായിരുന്നു എന്ന വാദവും ഇപ്പോൾ ഉയരുന്നുണ്ട്. ടൈറ്റാനിക്കിനെപ്പോലെ തന്നെ അമിതമായ അത്മവിശ്വാസം ടൈറ്റനും വിനയായതായി ബ്രിട്ടീഷ് പത്രമായ ഡെയിലിമെയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
യു.എസ്. ടെലിവിഷൻ തിരക്കഥാകൃത്ത് മൈക്ക് റീസ് കഴിഞ്ഞവർഷം ടൈറ്റനിൽ ടൈറ്റാനിക് കാണാൻപോയിരുന്നു. അപ്പോൾ താൻ അപകടത്തിൽപെടാനുള്ള സാധ്യത ഏറെ ആയിരുന്നെന്ന് അദ്ദേഹം എഴുതിയിരുന്നു. അന്തരീക്ഷമർദത്തെക്കാൾ 400 ഇരട്ടിമർദമാണ് കടലാഴത്തിലുണ്ടായത്. ദിശയറിയാനുള്ള യന്ത്രത്തിന്റെ പ്രവർത്തനം അതോടെ നിലച്ചു. ടൈറ്റാനിക് എവിടെയന്നുകാണാനാകാതെ ചുറ്റിക്കറങ്ങി. 500 അടിമാത്രം അകലെയുണ്ടായിരുന്ന ടൈറ്റാനിക്കിനായി 90 മിനിറ്റ് പരതി. ഇത് വലിയ പാളിച്ചയായാണ് മൈക്ക് റീസ് എഴുതിയത്. പക്ഷേ യാത്രപുറപ്പെടുംമുമ്പ് അപകടങ്ങളെക്കുറിച്ച് വിവരിക്കുന്ന സമ്മതപത്രത്തിൽ ഒപ്പിട്ടുകൊടുക്കണമെന്നുണ്ട്. ഇതിൽ എല്ലാ അപകടവും സംഭവിക്കാമെന്ന് റിസ്‌ക്ക് ഫാക്ടർ വിശദീകരിക്കുന്നുണ്ടെന്നാണ്, ടൈറ്റൻ കമ്പനി അധികൃതർ പറയുന്നത്.
ആ മഹാത്ഭുതം നടക്കുമോ?
ടൈറ്റനിൽ കാണാതായവരെ കണ്ടുകിട്ടാനുള്ള സാധ്യത തീർത്തും പ്രതികൂലമാണെന്ന് വിദഗ്ദ്ധർ പറയുന്നു. ഏതാനും മണിക്കൂർ നേരത്തേക്കുള്ള ഓക്സിജൻ മാത്രമെ അന്തർവാഹിനിയിൽ, അവശേഷിക്കുന്നുള്ളു. അറ്റ്ലാന്റിക്കിന്റെ അടിത്തട്ട് ബഹിരാകാശത്തിന് സമാനമാണെന്നാണ് റോയൽ നേവി റിയർ അഡ്‌മിറൽ ക്രിസ് പാരി പറയുന്നത്. കടുത്ത അന്ധകാരത്തിൽ, സേർച്ച് ലൈറ്റുകളുടെ സഹായത്തോടെ കാണാൻ ആവുക കേവലം 20 അടി അകലെവരെ മാത്രമാണ്.അതിശക്തമായ സമുദ്രജല പ്രവാഹങ്ങൾ എവിടെക്ക് വേണമെങ്കിലും ഒഴുക്കിക്കൊണ്ടു പോയേക്കാം. അന്തർവാഹിനിയിലെ വൈദ്യൂതി ബന്ധം നിലച്ചു പോയെങ്കിൽ, പ്രൊപ്പല്ലറുകളും വിളക്കുകളും ഹീറ്റിങ് സിസ്റ്റവും പൂർണ്ണമായും പ്രവർത്തനം നിലയ്ക്കും. കനത്ത അന്ധകാരത്തിൽ അതിനകത്ത് പെട്ടുപോയവർക്ക് കഴിയേണ്ടി വരിക 3 ഡിഗ്രി സെൽഷ്യസ് താപനിലയിലായിരിക്കും. ന്യൂഫൗണ്ട്‌ലാൻഡിൽ 40 വർഷത്തിലെ ഏറ്റവും കടുത്ത തണുപ്പാണ്. പ്രതികൂല കാലാവസ്ഥ തിരച്ചിലിനെ ബാധിക്കുന്നണ്ട്.
ടൈറ്റൻ ഇപ്പോൾ എവിടെയുണ്ട് എന്നുള്ളതാണ് പ്രധാന ചോദ്യം. അത് അടിത്തട്ടിൽ ഉറച്ചുപോയോ? അതോ ഒഴുകി നടക്കുകയാണോ? അതോ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയോ? ഈ ചോദ്യങ്ങൾക്ക് ഇതുവരെ കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. രണ്ടരമൈലിൽ അധികം ആഴത്തിൽ, സൂര്യപ്രകാശം പോലും കടന്നു ചെല്ലാത്തിടത്ത്, തീർച്ചയായും അവർ മറ്റൊരു ഗ്രഹത്തിൽ എത്തിയതുപോലെയായിരിക്കും. വൈദ്യുതി, ആശയവിനിമയത്തകരാറുകളാകാം പേടകത്തിനു സംഭവിച്ചത് എന്നാണ് ബിബിസി പറയുന്ന നിഗമനം. അങ്ങനെയെങ്കിൽ അത് പുറംകടലിൽ പൊങ്ങിക്കിടപ്പുണ്ടാകാം. ആഴക്കടലിലെ അതിമർദം താങ്ങാനാകാതെ പേടകത്തിന് ചോർച്ചയുണ്ടായിട്ടുണ്ടെങ്കിൽ സഞ്ചാരികളെ ജീവനോടെ കണ്ടെത്താനുള്ള സാധ്യത കുറവാണ്. പേടകത്തിന്റെ കവാടം പുറത്തുനിന്നടയ്ക്കുന്നതിനാൽ പരസഹായമില്ലാതെ പുറത്തുകടക്കാനാവില്ലെന്നും ബിബിസി ചൂണ്ടിക്കാട്ടുന്നു.
തിരച്ചിലിന് ഏറ്റവുമധികം പ്രതികൂലമായ കാര്യം, അന്തർവാഹിനി സിഗ്‌നലുകൾ അയയ്ക്കുന്നത് നിന്നിരിക്കുന്നു എന്നതാണ്. ജി പി എസും റഡാർ സംവിധാനവും സമുദ്രാന്തരത്തിൽ പ്രവർത്തന ക്ഷമമല്ലാത്തതിനാൽ സോണാർ പിംഗുകളാണ് അന്തർവാഹിനികൾ മദർ ഷിപ്പിലേക്ക് അയയ്ക്കുക. ഓരോ പതിനഞ്ച് മിനിറ്റിലും ഇത്തരം സോണാർ പിംഗുകൾ എത്തിക്കൊണ്ടിരിക്കും. എന്നാൽ, കാണാതായ ടൈറ്റൻ എന്ന അന്തർവാഹിനിയിൽ നിന്നും അവസാനമായി സിഗ്‌നൽ എത്തിയത് ഞായറാഴ്‌ച്ചയായിരുന്നു. അറ്റ്ലാന്റിലെക്ക് ഊളിയിട്ടിറങ്ങി ഒരു മണിക്കൂർ നാൽപ്പത്തഞ്ച് മിനിട്ടിന് ശേഷം. പിന്നീട് അതിനെ കുറിച്ച് ഒരു അറിവുമില്ല. പിന്നെയും എട്ട് മണിക്കൂർ കഴിഞ്ഞിട്ടാണ് അന്തർവാഹിനിയുടെ ഉടമസ്ഥരായ ഓഷ്യൻ ഗെയ്റ്റ് എക്സ്പെഡിഷൻസ് തീരദേശ സേനയെ ഇക്കാര്യം അറിയിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു.
അതായത് ഒന്നാം ടൈറ്റാനിക്ക് ദുരന്തത്തിലെന്നപോലെ, അമിതമായ ആത്മവിശ്വാസവും, ചെറുതല്ലാത്ത അനാസ്ഥയും, രണ്ടാം ദൂരന്തത്തിലും ഉണ്ടായോ? മതിയായ സുരക്ഷ ഉറപ്പുവരുത്താതെയുള്ള ഈ രീതിയിലുള്ള ടൈറ്റാനിക്ക് ടൂറിസങ്ങൾ പ്രോൽസാഹിപ്പിക്കപ്പെടേണ്ടതുണ്ടോ. ടൈറ്റൻ ദുരന്തവും ഇത്തരം നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു.
വാൽക്കഷ്ണം: പക്ഷേ ഒരു അപകടം ഉണ്ടായതിന്റെ പേരിൽ, നമ്മുടെ നാട്ടിലെപോലെ നാളെ മുതൽ എല്ലാ സമുദ്രാന്തര ടൂറിസവും നിരോധിച്ചുകൊണ്ടൊന്നും അവിടെ ഉത്തരവിറങ്ങില്ല. ഇത്തരം കമ്പനികൾ ഇതിന്റെ എല്ലാ റിസ്‌ക്ക് വശങ്ങളും കാണിച്ച്, മരണം ഉണ്ടായാൽപോലും അതും സ്വന്തം ഉത്തരവാദിത്വമാണെന്ന് പറഞ്ഞ് എഴുതി വാങ്ങിയാണ് സർവീസ് നടത്തുന്നത്. പണ്ട് ഒരു ബസ് മൂൻഭാഗത്ത് ഇടിച്ച് കുറേ സ്ത്രീകൾ മരിച്ചതിന്റെ ഭാഗമായി ഇനി സ്ത്രീകൾ പിൻഭാഗത്തുകൂടെ കയറിയാൽ മതി എന്ന് നായനാർ സർക്കാറിന്റെ കാലത്ത് ഒരു ഉത്തരവ് കേരളത്തിൽ വന്നിരുന്നു! നമ്മുടെ നാട് പോലെയല്ല പാശ്ചാത്യർ. ഒരോ ദുരന്തത്തിൽനിന്നും പാഠം പഠിച്ചാണ് അവർ മുന്നേറുക. അല്ലാതെ ബോട്ടപകടം നടന്ന കുറച്ച് ദിവസത്തേക്ക് നിരോധനവും പരിശോധനയും പിന്നെ ഒന്നുമില്ല എന്ന അവസ്ഥയല്ല. സാഹസികതയോടുള്ള മനുഷ്യന്റെ ഭ്രമം ഒരിക്കലും അവസാനിക്കില്ല എന്ന് ചുരുക്കം.