- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
റേപ്പ് ദിനചര്യയാക്കിയ നേതാക്കൾ! സിംഗൂരിലേതുപോലെ ബലാത്സംഗക്കൊലയും ഭൂമി തട്ടിപ്പും; പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും 50ലേറെ കൊലകൾ; ബൈക്ക് ബ്രിഗേഡുമായി ഗുണ്ടകൾ അഴിഞ്ഞാടുന്നു; അഴിമതിയും വ്യാപകം; ബംഗാളിൽ മമതയുടെ ജംഗിൾ രാജ്; സന്ദേശ്ഖാലി രണ്ടാം നന്ദിഗ്രാം ആവുമോ?
കണ്ണൂർ ജില്ലയിലെ സിപിഎമ്മിന്റെ കോട്ടയായ അന്തൂർ മുൻസിപ്പാലിറ്റിയിലെയോ, കല്യാശ്ശേരി പഞ്ചായത്തിലെയോ, ഒരു പാർട്ടി ഓഫീസ് ഒന്നടങ്കം കാവി ചായമടിച്ച് കാവിക്കൊടിയുയർത്തി, ലോക്കൽ കമ്മറ്റി ഒന്നടങ്കം, ബിജെപിയിലേക്ക് പോയാൻ എങ്ങനെയുണ്ടാവും! അത്തരമൊരു രാഷ്ട്രീയ മാറ്റം അവിശ്വസനീയം എന്നേ പറയാൻ കഴിയു. എന്നാൽ അതുപോലെയുള്ള ഒരു മാറ്റമാണ്, ഒരുകാലത്ത് കണ്ണൂരിനേക്കാൾ വലിയ സിപിഎം കോട്ടയായ, പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് എന്ന ജില്ലയിൽ 2015-16 കാലഘട്ടത്തിൽ നടന്നത്. ഇവിടെ ചില നേതാക്കൾ ബിജെപിയിലേക്ക് മാറുകയായിരുന്നില്ല. മറിച്ച് പാർട്ടി ഗ്രാമങ്ങൾ ഒന്നടങ്കം ബിജെപിയിലേക്ക് പോയി. പാർട്ടി ഓഫീസുകളിൽ ചുവപ്പുകൊടി മാറ്റി കാവിക്കൊടി ഉയർത്തി, സെക്രട്ടറിയും, അംഗങ്ങളും, ഭാര്യയും, മക്കളുമെല്ലാം കുട്ടത്തോടെ ബിജെപിയിൽ എത്തി. ലോക ചരിത്രത്തിലെ തന്നെ അവിശ്വസീനയമായ രാഷ്ട്രീയമാറ്റം എന്നാണ് ഇവിടം സന്ദർശിച്ച, ഇന്ത്യൻ എക്സ്പ്രസിന്റെ അടക്കമുള്ള മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയത്!
ഇന്ന് ബംഗാളിൽ ഒരിടത്തും കെട്ടിവെച്ച കാശുപോലും കിട്ടാതെ സംപുജ്യരാണ് സിപിഎം. തൃണമുൽ കഴിഞ്ഞാൽ രണ്ടാമത്തെ വലിയ പാർട്ടി ഇവിടെ ബിജെപിയാണ്. ബിജെപിയിലെ 90 ശതമാനം അംഗങ്ങളും പഴയ സിപിഎമ്മുകാരാണ്. ഇത് എന്തെങ്കിലുമൊരു പ്രത്യയശാസ്ത്രം വെച്ചുള്ള മാറ്റമായിരുന്നില്ല. മറിച്ച് തൃണമൂലിന്റെ അക്രമം താങ്ങാൻ കഴിയാതെ ആയതോടെ, അടിച്ചാൽ അൽപ്പമെങ്കിലും തിരിച്ചടിക്കാൻ ശേഷിയുള്ള പാർട്ടി എന്ന നിലയിലാണ് സിപിഎം പ്രവർത്തകർ കൂട്ടത്തോടെ ബിജെപിയിലേക്ക് കുത്തി ഒഴുകിയത്.
ഇന്ന് 24 പർഗാനാസ് ജില്ല വീണ്ടും വാർത്തകളിൽ നിറയുന്ന് തൃണമുൽ- ബിജെപി സംഘർഷത്തെ തുടർന്നാണ്. അടിക്കടി അക്രമത്തിന്റെയും, കൊലപാതകത്തിന്റെയും വാർത്തകളാണ് ഇവിടെ നിന്ന് പുറത്തുവരുന്നത്. പർഗാനാസ് ജില്ലയിലെ സാധാരണ ഗ്രാമമായ സന്ദേശ്ഖാലി ഇപ്പോൾ ഇന്ത്യയുടെ മനസാക്ഷിയെ പിടിച്ചുകുലുക്കയാണ്. ഒരു കൊച്ചുപെൺകുട്ടിയെ തൃണമൂൽ ഗുണ്ടകൾ ബലാത്സംഗം ചെയ്തുകൊന്നിട്ടും ഇനിയും പ്രതികളെ പടിക്കാൻ പറ്റിയിട്ടില്ല. ഇതോടെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ കടുത്ത ജനരോഷം ഉയരുകയാണ്. ഇവിടുത്തെ ആദിവാസി- ദലിത് സ്ത്രീകൾ നീതി ആവശ്യപ്പെട്ട്, ചൂലുമായാണ് തെരുവിലിറങ്ങിയത്. ഇതോടെ മമതാ ഭരണത്തിന്റെ അടിവേരിളക്കുന്ന രണ്ടാം നന്ദിഗ്രാമായി ഈ സമരം മാറുമോ എന്ന സംശയമാണ് ദേശീയ മാധ്യമങ്ങളടക്കം ഉയർത്തുന്നത്. സിംഗൂർ-നന്ദിഗ്രാം പ്രക്ഷോഭങ്ങളിലുടെ 34 വർഷത്തെ സിപിഎം തുടർഭരണത്തിന് മമത അന്ത്യംകുറിച്ചത്. അതുപോലെമമതയുടെ 15 വർഷം നീണ്ട തൃണമൂൽ ഭരണത്തിന് അന്ത്യം കുറിക്കുമോ സന്ദേശ് ഖാലി എന്നാണ് ബംഗാളിൽ ഉയരുന്ന ചോദ്യം?
റേപ്പ് ദിനചര്യയാക്കിയ നേതാക്കൾ!
പണ്ട് യുപിയിലെയും, ബീഹാറിലെയുമൊക്കെ ഭരണത്തെയായിരുന്നു നാം ജംഗിൾരാജ് എന്ന് വിളിച്ച് പരിഹസിച്ചിരുന്നത്. ഇപ്പോൾ അത് മമതയുടെ ബംഗാളിലായി. മമത ഭരണത്തിൽ അഴിമതിയും അക്രമവും സാർവത്രികമായി. ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പ് നന്നാൽപോലും ചുരുങ്ങിയത് 50 ശവം വീഴും. ഇതിൽ മരിക്കുന്നവരിൽ ഭൂരിഭാഗവും ബിജെപിക്കാർ തന്നെയാണ്. സംസ്ഥാന വ്യാപകമായി നടക്കുന്ന തൃണമൂൽ അക്രമങ്ങളുടെ തുടർച്ചയാണ് സന്ദേശ്ഖാലിയിലും കണ്ടത്.
സന്ദേശ്ഖാലിയിലെ ബലാത്സഗക്കൊലയെക്കുറിച്ച് ബിജെപി നേതാക്കൾ പറയുന്നത് ഇങ്ങനെയാണ്. 'എന്റെ മകൾക്ക് കേവലം 13 വയസ്സു മാത്രമേ പ്രായമുള്ളൂ. അവളെ നിങ്ങൾ ഒരുമിച്ച് ആക്രമിക്കാതെ ഓരോരുത്തരായി ചെയ്യൂ.. അല്ലെങ്കിൽ അവൾ മരിച്ചു പോകും'-മകളെ ബലാത്സംഗം ചെയ്യുന്ന ഗുണ്ടകളോട് സന്ദേശ്ഖാലിയിലെ ഒരമ്മ കരഞ്ഞ് കാലു പിടിച്ച് നടത്തിയ അഭ്യർത്ഥനയായിരുന്നു ഇത്. തൃണമൂൽ നേതാവായ ഷാജഹാൻ ഖാന്റെ ഗുണ്ടകൾ അത് പോലും കേട്ടില്ല. ആ കുഞ്ഞ് മരിച്ചു. അത് വിളിച്ചു പറഞ്ഞ ആ അമ്മയെ കേസിൽ കൂടുക്കാനാണ് മമത ശ്രമിച്ചത്. ഇതോടെ ജനരോഷം അണപൊട്ടി.
സന്ദേശ്ഖാലിയിലെ സ്ത്രീകൾ കഴിഞ്ഞ ഏതാനും ആഴ്ചകളായി മമതാ സർക്കാരിനെതിരെ തെരുവിൽ പ്രക്ഷോഭത്തിലാണ്. വർഷങ്ങളായി തൃണമൂലിന്റെ നേതൃത്വത്തിൽ ശരിക്കും ഗുണ്ടായിസമാണ് ഇവിടെ നടക്കുന്നത്. പാവപ്പെട്ട ഹിന്ദു, ദളിത്, ആദിവാസികളുടെ ഭൂമിക പിടിച്ചെടുത്ത് ചെമ്മീൻകെട്ടും കോഴി ഫാമുകളും തുടങ്ങുക എന്നതാണ് ഷാജഹാന്റെ നേതൃത്വത്തിലുള്ള തൃണമൂൽ ഗുണ്ടകളുടെ ആദ്യ പണി. ചെറുപ്പക്കാരികളും സുന്ദരികളായ സ്ത്രീകളെ തട്ടി കൊണ്ടു പോയി കൂട്ടബലാൽസംഗം നടത്തുകയും അവരെ മാസങ്ങളോളം ലൈംഗിക അടിമകളാക്കി വെക്കുകയും ചെയ്യുക ഇവരുടെ രീതിയാണ്. മമത ഭരിക്കുന്ന ബംഗാളിൽ തൃണമൂൽ ഗുണ്ടകൾക്കെതിരെ പരാതിപ്പെട്ടിട്ട് കാര്യമുണ്ടായില്ല. പരാതിക്കാരെയും പൊലീസും ഗുണ്ടകളും കൈകാര്യം ചെയ്തു.
ഇതിനെതിരെയാണ് ഇപ്പോൾ ഗതികെട്ട സ്ത്രീകൾ തെരുവിലിറങ്ങിയത്. ഷെയ്ഖ് ഷാജഹാനും കൂട്ടാളികളും ഇപ്പോൾ ഒളിവിലാണ്. റേഷൻ കുംഭകോണത്തിൽ പെട്ട ഇദ്ദേഹത്തിന്റെ വീട്ടിലേക്ക് കഴിഞ്ഞ മാസം റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ ഗുണ്ടകളെയും കൂടി ആക്രമിച്ച കേസിലാണ് ഷാജഹാനും കൂട്ടാളികളും ഒളിവിൽ പോയത്. ഹിന്ദു സ്ത്രീകളുടെ പ്രക്ഷോഭം ശക്തമായതോടെ പൊലീസിന് ഷാജഹാന്റെ കൂട്ടാളിയായ തൃണമൂലിന്റെ ലോക്കൽ നേതാവിനെ അറസ്റ്റ് ചെയ്യേണ്ടി വന്നു. പക്ഷേ മുഴുവൻ പ്രതികളെയും പിടിക്കണമെന്ന് ആവശ്യപ്പെട്ട്, സന്ദേശ്ഖാലിയിലെ ആദിവാസികളും ദളിതരുമായ സ്ത്രീകൾ ഇപ്പോഴും സമരത്തിലാണ്. ദേശീയ തലത്തിൽ ഈ വാർത്ത കഴിഞ്ഞ രണ്ടാഴ്‌ച്ചയായി നിറഞ്ഞു നിൽക്കുന്നുമുണ്ട്. പക്ഷേ കേരളത്തിലടക്കം ഈ വാർത്ത വലിയ ചർച്ചയായിട്ടില്ല.
പ്രക്ഷോഭം ശക്തമായതോടെയാണ് ഒരാളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയറായത്. തൃണമൂൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷിബു പ്രസാദ് ഹസ്രയാണ് ബലാത്സംഗക്കേസിൽ അറസ്റ്റിലായത്. പ്രാദേശിക തൃണമൂൽ നേതാവ് ഷെയ്ഖ് ഷാജഹാന്റെ രണ്ട് സഹായികളിൽ ഒരാളാണ് ഹസ്ര. ഉത്തം സർദാർ എന്ന തൃണമൂൽ നേതാവിനെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്. അതിനിടെ സന്ദേശ്ഖാലി വിഷയത്തിൽ ബംഗാൾ സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതിയും രംഗത്ത് എത്തിയിരുന്നു. വിവാദങ്ങളെ തുടർന്ന് ഡിജിപി കുമാർ സ്ഥലം സന്ദർശിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ഭൂമി കൈയേറ്റം സംബന്ധിച്ച ആരോപണങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. പക്ഷേ ജനരോഷം അണഞ്ഞിട്ടില്ല.
റേപ്പ് ദിനചര്യയാക്കിയ തൃണമൂൽ നേതാവ് എന്നാണ് സന്ദേശ്ഖാലിയിലെ ഷെയ്ഖ് ഷാജഹാനെ ബിജെപിക്കാർ വിളിക്കുന്നത്. പ്രശ്നം വളരെ പെട്ടെന്ന് സാമുദായികമായിട്ടുണ്ട്. മമതയുടെ വോട്ട് ബാങ്കാണ് മേഖലയിലെ മുസ്ലിം കമ്യൂണിറ്റി. ഇതിൽപെട്ട ധനാഢ്യരായ ഒരു വിഭാഗമാണ് ഈ പ്രശ്നങ്ങൾക്ക് പിന്നിൽ. ഇവർ ഉപദ്രവിക്കുന്നവരാവട്ടെ പാവപ്പെട്ട ദലിതരെയും ആദിവാസികളെയും. അതുകൊണ്ടുതന്നെ പെട്ടന്നുതന്നെ ഇത്തരം സംഭവങ്ങൾക്ക് വർഗീയ ചുവ വരികയാണ്. ബംഗാളിൽ സിപിഎം തകർന്നപ്പോൾ, അവരുടെ മുസ്ലിം വോട്ടർമാർ തൃണമുലിലേക്കും, ഹിന്ദുവോട്ടർമാർ ബിജെപിയിലേക്കുമാണ് ചേക്കേറിയത്.
ചോരകൊണ്ട് ചുവക്കുന്ന ബംഗാൾ
എന്നും ചോര വീണ മണ്ണായിരുന്നു ബംഗാൾ. സ്വാതന്ത്ര്യത്തെ തുടർന്നുണ്ടായ ഹിന്ദു-മുസ്ലീ- സിഖ് ലഹളകളിൽ എത്രയോ ചോര ഇതിലെ ഒലിച്ചുപോയി. വളരെ ആഴത്തിൽ വേരൂന്നിയ ഭൂപ്രഭുത്വ സംസ്‌കാരം നിലനിന്നിരുന്ന സംസ്ഥാനമാണിത്. അത് സമൂഹത്തിലാകെ അസ്വസ്ഥതകൾക്ക് കാരണമാകുകയും നക്സൽ-അനുബന്ധ സംഘടനകളുടെ നേതൃത്വത്തിൽ സായുധ കലാപത്തിന്റെ പിറവിക്ക് വഴിവെക്കുകയും ചെയ്തു. അങ്ങനെയും ഒരുപാട് ചോര ഒഴുകി. ബംഗ്ലാദേശ് യുദ്ധാന്തരമുള്ള അഭയാർത്ഥികളുടെ ചോരയും കണ്ണീരും ഇതിന് പുറമെയാണ്.
സ്വാതന്ത്ര്യാനന്തരമുള്ള പശ്ചിമബംഗാളിനെ മൂന്നു കാലഘട്ടങ്ങളായി തിരിക്കാം. 1977 വരെയുള്ള കോൺഗ്രസ് ഭരണകാലം, 2011 വരെയുള്ള ഇടതുഭരണ കാലം, അന്ന് മുതൽ ഇന്നു വരെയുള്ള തൃണമൂൽ ഭരണ കാലം. അധികാരത്തിലെത്തുന്ന രാഷ്ട്രീയപാർട്ടികൾ മാറി എന്നല്ലാതെ സംസ്ഥാന രാഷ്ട്രീയത്തിന്റെ സ്വഭാവം ഒട്ടും തന്നെ മാറിയില്ല എന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. വേട്ടക്കാരുടെയും ഇരകളുടെയും ലിസ്റ്റ് മാറിമാറിവരും എന്നേയുള്ളൂ.
അടിയന്തരാവസ്ഥക്കാലത്തൊക്കെ സിദ്ധാർത്ഥ് ശങ്കർ റേയുടെ നേതൃത്വത്തലുള്ള കോൺഗ്രസ് സർക്കാർ സിപിഎമ്മിനെ വേട്ടയാടി. പൊലീസിനെവിട്ടും ഗുണ്ടകളെ ഇറക്കിയും നിരവധി പാർട്ടി പ്രവർത്തകരെ കൊന്നു. എന്നാൽ സിപിഎം അധികാരത്തിൽവന്നതോടെ ഇതിനെല്ലാം കണക്കു തീർത്തു. പിന്നീടങ്ങോട്ട് മൂന്ന് പതിറ്റാണ്ട് സിപിഎം നരനായാട്ടാണ് ബംഗാളിൽ കണ്ടത്. ബംഗാളിൽ സിപിഎം ഭരണകാലത്ത് (1977-2009) നടന്ന രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് പഠനം നടത്തിയ ഡി. ബന്ദോപാധ്യായയുടെ റിപ്പോർട്ട് പറയുന്നത് 55,408 കൊലകൾ നടന്നുവെന്നാണ്! 1997ൽ ബുദ്ധദേവ് ഭട്ടാചാര്യ ഒരു നിയമസഭാ ചോദ്യത്തിന് മറുപടിയായി ഈ കാലയളവിൽ 28,000 രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നതായി ഉത്തരം കൊടുത്തിട്ടുണ്ടായിരുന്നു. കോൺഗ്രസ് നേതാവായിരുന്നു മമത ബാനർജിപോലും ഭാഗ്യം കൊണ്ടാണ് സിപിഎം അക്രമികളിൽനിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടത്.
പക്ഷേ സിപിഎം അക്രമവും ഉയർത്തിക്കാട്ടി ജയിച്ചുകയറിയപ്പോൾ മമതയുടെ മട്ടുമാറി. അവർ സിപിഎമ്മിനേക്കാൾ വലിയ ഫാസിസ്റ്റായി. തനിക്ക് മഴവിൽ സംഖ്യം ഉണ്ടാക്കാൻ പിന്തുണ തന്ന മാവോയിസ്റ്റ് നേതാവ് കിഷൻജിയെ തന്നെ മമതയുടെ പൊലീസ് വെടിവെച്ചുകൊന്നു. പിന്നീട് അങ്ങോട്ട് ബംഗാളിൽ തൃണമുൽ നായാട്ടാണ്. നേരത്തെ സിപിഎം നടത്തിയ ഏരിയാ ഡോമിനേഷൻ ടെക്ക്നിക്കിന് സമാനമായി പാർട്ടി ഗ്രാമങ്ങൾ ഉണ്ടാക്കുകയും, അവിടെനിന്ന് തങ്ങളെ എതിർക്കുന്നവരെ കൊന്നെടുക്കയുമാണ് തൃണമൂൽ ഇപ്പോൾ ചെയ്യുന്നത്. ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിയുമ്പോൾ, 33 പേർ വെട്ടിയും കുത്തിയും കൊല്ലപ്പെടുക! ഇരുനുറിലേറെപേർക്ക് ഗുരുതരമായി പരിക്കേൽക്കുക. നിയമസഭാ തെരഞ്ഞടുപ്പ് കഴിഞ്ഞശേഷമുള്ള രണ്ടുവർഷത്തിനുള്ളിൽ നുറിലേറെ പേർ കൊല്ലപ്പെടുക. അതിനൊപ്പം 39 പേർ ഇവിടെ ബലാൽസംഗം ചെയ്യപ്പെടുകയും ചെയ്തുവെന്ന് കേട്ടാൽ ഞെട്ടരുത്! ഇത് നടന്നതും ഇന്ത്യയിലാണ്.
മമതയുടെ ജംഗിൾരാജ്
ഏരിയ ഡോമിനേഷൻ എന്ന ഒരു പരിപാടിയാണ് തങ്ങളുടെ വളർച്ചക്കായി സിപിഎം എഴുപതുകളിൽ ബംഗാളിൽ പ്രയോഗിച്ചത്. കേരളത്തിൽ പാർട്ടി ഗ്രാമങ്ങൾ ഉണ്ടാക്കുന്നതിന്റെ ഒരു ചെറിയ പതിപ്പ്. അയായത് ഒരു പ്രദേശം തങ്ങളുടെയാണെന്ന് പ്രഖ്യാപിക്കുന്നു. അവിടെ മറ്റ് പാർട്ടികൾ പാടില്ല. ഒന്നുകിൽ നിങ്ങൾക്ക് ആ ഗ്രാമം വിടാം. അല്ലെങ്കിൽ, സിപിഎമ്മിലേക്ക് മാറാം. ബർദ്വാൻ ജില്ലയിലെ ഗൃഹനാഥനെ കണ്ണ്ചുഴ്ന്ന് എടുത്തശേഷം, മകനെ കൊന്ന് രക്തം അമ്മയെക്കൊണ്ട് തീറ്റിച്ച സൈൻ ബാരി കൂട്ടക്കൊലയും, ആനന്ദമാർഗികളയാ സന്യാസിമാരെ തല്ലിക്കൊന്നതും, ബംഗ്ലാദേശ് അഭയാർഥികളെ പട്ടിണിക്കിട്ട് കൊന്നതും അടക്കമുള്ള സിപിഎം അതിക്രമത്തിന്റെ എത്രയോ കഥകൾ പറയാനുണ്ട്.
എന്നാൽ സിപിഎമ്മിനെ നിഷ്‌ക്കാസിതരാക്കി തൃണമൂൽ, അധികാരം പിടിച്ചതോടെ പിന്നെ, സിപിഎം- തൃണമൂൽ സംഘർഷങ്ങളുടെ കാലമായി. തൃണമൂലിന്റെയും അവരുടെ കുപ്രസിദ്ധമായ ബൈക്ക് ബ്രിഗേഡിന്റെയും ആക്രമണം സഹിക്കവയ്യാതെ, സിപിഎം പ്രവർത്തകർ കൂട്ടമായി ബിജെപിയിലെത്തി. ബംഗാളിൽ മൂന്നു ദശകം മുമ്പ് നിലവിൽ വന്ന 'ബൈക്ക് ബ്രിഗേഡ്‌സ്' വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നു എന്ന പരാതി ഏറെക്കാലമായി നിലനിൽക്കുന്നുണ്ട്. അന്തരിച്ച മുൻ സിപിഎം നേതാവും മന്ത്രിയുമായിരുന്ന സുഭാഷ് ചക്രവർത്തി 1980-കളിൽ രൂപം കൊടുത്തതാണ് ബൈക്ക് ബ്രിഗേഡ്. തെരഞ്ഞെടുപ്പ് പ്രചരണമാണ് ലക്ഷ്യമെങ്കിലും ഫലത്തിൽ അത് ഒരു ഗണ്ടാപണിയായിരുന്നു.
സിപിഎം തളർന്നതോടെ ബൈക്ക് ബ്രിഗേഡ് തൃണമൂൽ ഏറ്റെടുക്കുക്കയായിരുന്നു. 70-100 അംഗങ്ങൾ വീതമുള്ള ബൈക്ക് ബ്രിഗേഡാണ് തൃണമൂലിന് ഓരോ ബ്ലോക്കിലുമുള്ളതെന്നാണ് പൊലീസിന്റെ കണക്ക്. കൊൽക്കത്ത ഹൈക്കോടതി ബൈക്ക് ബ്രിഗേഡുകൾക്ക് നിരോധനം ഏർപ്പെടുത്തിയെങ്കിലും ബംഗാളിലെ ഗ്രാമങ്ങൾ ഇപ്പോഴും ഭരിക്കുന്നത് തൃണമൂലിന്റെ ഇത്തരം സംഘങ്ങളാണ്. നാമനിർദ്ദേശ പത്രിക കൊടുക്കാൻ അനുവദിക്കാതിരിക്കുക, വോട്ടർമാരെ ഭീഷണിപ്പെടുത്തി വോട്ടു ചെയ്യിക്കുക തുടങ്ങി സിപിഎം അനുവർത്തിച്ചിരുന്ന കാര്യങ്ങൾ അധികാരത്തിൽ വന്ന് രണ്ടു വർഷത്തിനുള്ളിൽ തന്നെ തൃണമൂൽ അതേ പടി ഏറ്റെടുത്തു എന്നതാണ് ഇപ്പോഴത്തെ ബംഗാളിന്റെ ചിത്രം.
സമ്മർദ്ദവും ഭീഷണിയും താങ്ങാനാവതെ 3,500-ഓളം സ്ഥാനാർത്ഥികളാണ് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് പിന്മാറിയത് എന്നാണ് കണക്കുകൾ പറയുന്നത്. തൃണമൂലിന്റെ ബൈക്ക് ബ്രിഗേഡ് സിപിഎമ്മിന്റെ അതേ ലൈനാണ് പിന്തുടരുന്നത്. ബൈക്കിൽ കൂട്ടമായി വരിക, കണ്ണിൽകണ്ടതെല്ലാം നശിപ്പിക്കുക, എതിരാളികളെ കൊന്നടൊക്കുക! പെലീസും അധികൃതരും അവർക്ക് കൂട്ടുനിൽക്കും. ഇന്ന് ജംഗിൾ രാജ് എന്ന ഒരു സാധനം ഇന്ത്യയിൽ നിലനിൽക്കുന്നുണ്ടെങ്കിൽ അത് മമതയുടെ ബംഗാളിലാണെന്ന് നിസ്സംശയം പറയാം.
കട്ട്മണി ഇരട്ടിയായി, അഴിമതി കൂടി
സയന്റിഫിക് റിഗ്ഗിങ് എന്നാണ് തിരഞ്ഞെടുപ്പു തട്ടിപ്പുകളെ പൊതുവായി ബംഗാളിൽ വിശേഷിപ്പിക്കുന്നത്. ഭീഷണിപ്പെടുത്തിയും മറ്റ് തന്ത്രങ്ങളിലൂടെയും തങ്ങൾക്കെതിരായ വോട്ടുകൾ പോൾ ചെയ്യാൻ അനുവദിക്കാത്ത രീതിയാണ് അത്. അതുപോലെ സിപിഎം കാലത്ത് പരിപോഷിച്ച് പിന്നീട് തൃണമൂൽ കാലത്ത് തഴച്ചുവളർന്നതാണ് സിൻഡിക്കറ്റ് എന്ന പണംപിടുങ്ങൽ സംഘം. വീടുണ്ടാക്കാനുള്ള ടൈൽസ് തൊട്ട്, പാവപ്പെട്ടവരുടെ വീടിനു മുകളിൽ സ്ഥാപിക്കുന്ന ഷീറ്റിനു വരെ കമ്മിഷൻ വാങ്ങി സാധനസാമഗ്രികൾ വിതരണം ചെയ്യുന്ന 'അധോലോക' സംഘം. അതുപോലെ കട്ട് മണി എന്ന പരിപാടിയും ബംഗാളിൽ ഉണ്ട്. നമ്മുടെ നാട്ടിലെ നോക്കുകൂലിപോലെ അതും സിപിഎം സംഭവനയാണ്. എന്തിനും ഏതിനും പാർട്ടിക്ക് കമ്മീഷൻ കൊടുക്കണം. നൂറുരൂപയുടെ സർക്കാർ പെൻഷനിൽനിന്നുപോലും പത്തുരൂപ പാർട്ടി നേതാവിനാണ്. ഈ കട്ട് മണി തൃണമുൽ ഭരണം വന്നപ്പോഴും ശക്തമായി തുടർന്നു. പത്തുശതമാനം എന്നത് 20 ശതമാനം ആയി. ഈയിടെ മുഖ്യമന്ത്രി മമതാ ബാനർജി കട്ട്മണിക്കെതിരെ രംഗത്ത് വന്നിരുന്നു. പക്ഷേ ഇപ്പോഴും അത് നിർബാധം തുടരുന്നു.
മമതാ ഭരണത്തിൽ അഴിമതിയും തഴച്ചുവളരുകയാണ്. ജ്യോതിബസു ഭരണത്തിൽ മകൻ ചന്ദൻ ബസുവിന്റെ ചില ബന്ധങ്ങളാണ് ചർച്ചയായതെങ്കിൽ, ഇവിടെ പരത്തിത്തുണിയുടത്ത് നടക്കുന്ന അവിവാഹിതയായ മമതയുടെ മരുമകൻ അഭിഷേക് ബാനർജിയാണ് അഴിമതിയുടെ പേരിൽ കുപ്രസിദ്ധിയാർജിച്ചത്. ശാരദാ ചിട്ടിഫണ്ട് തട്ടിപ്പുപോലെയുള്ള സർക്കാർ സ്പോർൺഡേഡ് കുംഭകോണങ്ങൾ എത്രയോ ബംഗാൾ കണ്ടു. സിപിഎം ഭരണത്തേക്കൾ അഴിമതി താഴേത്തട്ടിലെത്തി.
ബംഗാളിലെ തിർത്തി ഗ്രാമങ്ങളിൽ പഞ്ചായത്ത് അംഗങ്ങൾ രാജാക്കന്മാരാണ്. ബംഗ്ലാദേശിലേക്കുള്ള അനധികൃത കാലിക്കടത്തു മുതൽ പല ബിസിനസുകളുടെയും പിന്നിൽ പഞ്ചായത്ത് ഭാരവാഹികളാണ്.ഇവരുടെ അനുമതിയില്ലാതെ ഒന്നും ബംഗാളിൽ സാധ്യമല്ല. സിപിഎം ഭരണകാലത്ത് സിൻഡിക്കറ്റിനെ വെറുത്ത് മമതാ ബാനർജിക്ക് വോട്ടുകുത്തിയവരും ഇന്ന് ഇതു കൂടുതൽ സ്ഥലങ്ങളിൽ അനുഭവിക്കുകയാണ്. ബംഗാളിലെ സ്വാശ്രയ കോളജ് അഡ്‌മിഷനിൽ വരെ രാഷ്ട്രീയക്കാരുടെ ആശിർവാദത്തോടെ സിൻഡിക്കറ്റ് തഴച്ചു വളരുകയാണ്.
ചുരുക്കിപ്പറഞ്ഞാൽ, സിപിഎം ഫാസിസത്തിനെതിരെ പോരാടിയവർ എല്ലാം ഇപ്പോൾ മമതയുടെ ഫാസിസത്തിനെതിരെയാണ് പ്രതികരിക്കുന്നത്. സിപിഎം ഭരണത്തേക്കാൾ സാമ്പത്തികമായോ, സാമുഹികമായോ ബംഗാളിനെ ഉയർത്താനുള്ള പദ്ധതികളോ, ദീർഘവീക്ഷണമോ ഒന്നും, മമതക്ക് ഉണ്ടായിരുന്നില്ല. അവർ എല്ലാവരെയും വെറുപ്പിച്ചു കഴിഞ്ഞു. അതുകൊണ്ടാണ് സന്ദേശ്ഖാലി മമതയുടെ വാട്ടർലൂ ആവുമെന്ന് പല മാധ്യമങ്ങളും എഴുതുന്നത്.
എല്ലാം നന്ദിഗ്രാമിന് സമാനം
സന്ദേശ്ഖാലി സംഭവവും, തൃണമൂലിനെ 2011ൽ അധികാരത്തിലെത്തിച്ച നന്ദിഗ്രാം, സിംഗൂർ സംഭവങ്ങളം തമ്മിൽ താരമത്യം ചെയ്യുമ്പോൾ അസാധാരണമായ സാദൃശ്യങ്ങൾ കാണാം. ഭൂമി കയ്യേറ്റവും, ബലാത്സഗവം, രക്തച്ചൊരിച്ചിലുമെല്ലാം രണ്ടിലുമുണ്ട്. വ്യവസായ വികസനത്തിനായി സ്വകാര്യ വിദേശനിക്ഷേപം ആകർഷിക്കാൻ ഏതു പാതയും സ്വീകരിക്കാമെന്ന് അന്നത്തെ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ നയമാണ് സിപി ംഎമ്മിന്റെ തകർച്ചയുടെ വിത്തുപാകിയത്. ഇന്തോനേഷ്യൻ ബിസിനസ് ഭീമന്മാരായ സലിം ഗ്രൂപ്പിന്റെ നിക്ഷേപത്തിൽ നന്ദിഗ്രാമിൽ കെമിക്കൽ ഹബ്ബ് നിർമ്മിക്കുന്നതിനുള്ള പദ്ധതിയായിരുന്നു ബുദ്ധദേവ് സർക്കാരിന്റെ മനസ്സിൽ. പ്രത്യേക സാമ്പത്തിക മേഖലയായി പ്രഖ്യാപിച്ച് നന്ദിഗ്രാമിൽ 10,000 ഏക്കർ കൃഷിഭൂമി ഏറ്റെടുക്കാനുള്ള ഇടത് സർക്കാരിന്റെ നീക്കത്തിനെതിരെ വൻ പ്രതിഷേധമാണ് കർഷകരിൽനിന്നുണ്ടായത്.
എന്നാൽ പദ്ധതിയുമായി മുന്നോട്ടുപോകാൻ തന്നെയായിരുന്നു സർക്കാർ തീരുമാനം. ഭൂമി ഉച്ചദ് പ്രതിരോധ് കമ്മിറ്റി (ഭൂമി ഏറ്റെടുക്കൽ പ്രതിരോധ സമിതി) നേതൃത്വത്തിൽ കർഷകർ സമരം സജീവമാക്കി. 2007 ജനുവരി ആറിന് സമരം അടിച്ചമർത്താൻ ഉദ്ദേശിച്ച് നടത്തിയ പൊലീസ് വെടിവെപ്പിൽ മൂന്ന് പേർ മരിച്ചു. പ്രതിഷേധങ്ങൾ ആളിക്കത്തി. ജനങ്ങളെ ശാന്തരാക്കാനുള്ള ഭരണകൂടത്തിന്റെയും പൊലീസിന്റെയും ശ്രമങ്ങൾ ഒന്നൊന്നായി പരാജയപ്പെട്ടു. അയ്യായിരത്തോളം പൊലീസാണ് നന്ദിഗ്രാമിന് ചുറ്റും നിലയുറപ്പിച്ചത്.
മാർച്ച് 14 നാണ് വീണ്ടും പൊലീസ് വെടിവെപ്പ്. അന്ന് നന്ദിഗ്രാമിലെത്തിയ പൊലീസുകാരെ സ്ത്രീകളും കുട്ടികളും വൃദ്ധരും ഉൾപ്പെട്ട മനുഷ്യമതിലുകൾ പ്രതിരോധിച്ചു. ആൾക്കൂട്ടത്തെ പിരിച്ചുവിടാനുള്ള പൊലീസ് ശ്രമം കണ്ടില്ല. ഒടുവിൽ പൊലീസ് വെടിവെക്കാൻ ആരംഭിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം 14 പേരാണ് ആ വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ആകെയുണ്ടായ പ്രക്ഷോഭങ്ങളിൽ 27 ഗ്രാമവാസികൾ കൊല്ലപ്പെട്ടു. ആക്രമണങ്ങളുടെ നടുക്കുന്ന ഓർമകളിൽ പലരും ഗ്രാമം തന്നെ വിട്ട് പോയി. സമാനമായി സിംഗൂരിൽ ടാറ്റ ഗ്രൂപ്പിന്റെ ബിസിനസ് പദ്ധതികൾക്കെതിരെ നടന്ന പ്രക്ഷോഭങ്ങളും അക്രമങ്ങളിൽ ചെന്നവസാനിച്ചു.
കണക്കുകൂട്ടലുകൾ പിഴച്ചതോടെ സർക്കാർ പദ്ധതി പിൻവലിച്ചു. സംസ്ഥാനത്തെ അസ്ഥിര കാലാവസ്ഥയിൽ മമതയുടെ കണ്ണുടക്കി. സിപിഎമ്മിന്റെ കാലിനടിയിൽനിന്ന് മണ്ണ് പൂർണമായും ഒലിച്ചുപോയപ്പോഴേക്കും മമതയും തൃണമൂലും ബംഗാളിൽ കാലുറപ്പിച്ചുകഴിഞ്ഞിരുന്നു.
സിംഗൂരിലേതു പോലെ ബലാത്സംഗക്കൊലയും
ഭൂമിയേറ്റെടുക്കൽ പ്രക്ഷോഭങ്ങൾക്കൊപ്പം ബംഗാളിൽ വലിയ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു തപ്‌സി മാലിക് എന്ന പതിനാറുകാരിയുടെ കൊലപാതകം. ഭൂമിയേറ്റെടുക്കൽ വിരുദ്ധ സമരങ്ങളിൽ സജീവമായിരുന്ന തപ്‌സി മാലിക്കിനെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തി കത്തിക്കുകയായിരുന്നു.
നന്ദിഗ്രാമിൽ ഇന്തോനേഷ്യൻ ഭീമൻ സലിം ഗ്രൂപ്പിനുവേണ്ടിയായിരുന്നു കൃഷിഭൂമിയേറ്റെടുക്കാനുള്ള നീക്കമെങ്കിൽ സിംഗൂരിലത് ഇന്ത്യൻ ഭീമൻ ടാറ്റയ്ക്കുവേണ്ടിയായിരുന്നു. ടാറ്റയുടെ നാനോ കാർ നിർമ്മിക്കാനുള്ള ഫാക്ടറിക്കുവേണ്ടി ആയിരം ഏക്കർ ഏറ്റെടുക്കാനായിരുന്നു ശ്രമം. നന്ദിഗ്രാമിലെപോലെ സിംഗൂരിലും വലിയ ചെറുത്തുനിൽപ്പുണ്ടായി. സാഹചര്യം തൃണമൂൽ കോൺഗ്രസ് നന്നായി മുതലെടുത്തു.
തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സേവ് ഫാംലാൻഡ് കമ്മിറ്റിയുടെ സജീവ അംഗമായിരുന്നു തപ്‌സി. ഭൂമിയേറ്റെടുക്കലിനെതിരായ പ്രതിഷേധ പരിപാടികൾ കഴിഞ്ഞ് മടങ്ങവെയാണ് സിംഗൂരിൽ തപ്സിക്കെതിരെ ആക്രമണമുണ്ടായത്. 2006 ഡിസംബർ 18-ന് സിംഗൂരിലെ ടാറ്റ മോട്ടോഴ്‌സിന്റെ പ്രോജക്ട് സൈറ്റിനോട് ചേർന്നുള്ള വയലിൽനിന്ന് തപസി മാലിക്കിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെടുത്തു.അതിനും ദിവസങ്ങൾക്ക് മുൻപ് ഡിസംബർ 12-നാണ് തപ്‌സിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തുന്നത്. കുറ്റക്കാരെന്ന് കണ്ടെത്തിയവരിൽ അന്നത്തെ സി പി എം സോണൽ കമ്മിറ്റി അംഗം ദേബു മാലിക്കും മറ്റൊരു നേതാവ് സുഹൃദ് ദത്തയും ഉൾപ്പെടുന്നു. സി ബി ഐ അന്വേഷണത്തിലൂടെയാണ് പ്രതികളെ കണ്ടെത്തിയത്. പ്രതികൾ പിന്നീട് കുറ്റം സമ്മതിക്കുകയും ചെയ്തു.
ബുദ്ധദേവ് ഭട്ടാചാര്യ നേരിട്ട അതേ സാഹചര്യത്തിലൂടെയാണ്, അന്ന് ബംഗാളിലുടനീളം പ്രതിഷേധത്തിന് നേതൃത്വം നൽകിയിരുന്ന ഇന്നത്തെ മുഖ്യമന്ത്രി മമത ബാനർജി കടന്നുപോകുന്നത്. ഇപ്പോൾ തൃണമൂലുകാരുടെ ബലാത്സഗക്കൊലയിൽ പ്രതിക്കൂട്ടിൽനിൽക്കുന്നത് മുഖ്യമന്ത്രി മമതതന്നെയാണ്.
സന്ദേശ് ഖാലി സംഭവത്തിലെ ആരോപണങ്ങളുമായി ബന്ധപ്പെട്ട വ്യക്തികളെ പൊലീസ് അറസ്റ്റ് ചെയ്യുമെന്നും ഉത്തരവാദികൾ അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്നുമാണ് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരിക്കുന്നത്. എന്നാൽ പ്രധാന പ്രതിയായ തൃണമൂൽ നേതാവിനെ ഇനിയും പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഒരാൾക്ക് ഇങ്ങനെ എല്ലാവരെയും കബളിപ്പിച്ച് കടന്നുകളയാനുള്ള സാഹചര്യമുണ്ടാക്കരുതെന്നും പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനായ ഒരാളെ ഒളിവിൽ കഴിയാൻ സംസ്ഥാന ഭരണകൂടം തന്നെ പിന്തുണയ്ക്കുന്ന സാഹചര്യം അംഗീകരിക്കാനാകില്ലെന്നും കൊൽക്കത്ത ഹൈക്കോടതിക്ക് ഒടുവിൽ പറയേണ്ടിയും വന്നിരിക്കുന്നു.
ബിജെപിയാകട്ടെ ഈ വിഷയം ഉയർത്തി കാടിളക്കിയാണ് പ്രചാരണം നടത്തുന്നത്. തൃണമൂൽ അക്രമങ്ങൾ തുറന്നുകാട്ടുന്നവർ എന്ന നിലയിൽ നിഷ്പക്ഷരായ ആളുകൾപോലും ബിജെപിയെ പിന്തുണക്കയാണ്. സന്ദേശ്ഖാലിയിൽ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് അന്വേഷിക്കാൻ സ്ഥലത്തെത്തിയ ബിജെപി പ്രതിനിധി സംഘത്തെ കഴിഞ്ഞ ദിവസം പൊലീസ് തടഞ്ഞിരുന്നു. ബിജെപി നേതാക്കളായ അന്നപൂർണാദേവി, പ്രതിമ ഭൗമിക്, സുനിത ദുഗ്ഗൽ, കവിതാ പടിദാർ, സംഗീത യാദവ്, ബ്രിജ് ലാൽ എന്നിവരുൾപ്പെട്ട സംഘത്തെയാണ് പൊലീസ് തടഞ്ഞത്. പിന്നാലെ ഇവർ ബംഗാൾ ഗവർണർ സിവി ആനന്ദബോസിനെ സന്ദർശിക്കുകയും ചെയ്തു. സന്ദേശ്ഖാലിയിൽ പ്രതിഷേധിക്കുന്ന സ്ത്രീകളുമായി കൂടിക്കാഴ്ച നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീകോടതിയിൽ ഹർജി സമർപ്പിക്കുമെന്നും പ്രതിനിധി സംഘം അറിയിച്ചിട്ടുണ്ട്.
നേരത്തെ തന്നെ മമതാ സർക്കാറുമായി ഉടക്കിലുള്ള മലയാളിയായ ഗവർണർ സി വി ആനന്ദബോസും വിഷയം അതീവ ഗൗരവമായി എടുത്തിട്ടുണ്ട്. സംബന്ധിച്ചുള്ള സമഗ്ര റിപ്പോർട്ട് അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിച്ചു.തിങ്കളാഴ്ച സന്ദേശ്ഖാലി സന്ദർശിക്കുകയും പ്രക്ഷോഭകരുമായി ഗവർണർ സംസാരിക്കുകയും ചെയ്തിരുന്നു. തുടർച്ചയായ അക്രമങ്ങളുടെ പേരിൽ മമത സർക്കാറിനെ പിരിച്ചുവിടണം എന്നുവരെ പറയുന്നവരുണ്ട്. പക്ഷേ ബിജെപി അതിന് തയ്യാറല്ല. അങ്ങനെ ചെയ്താൽ മമതക്ക് അനുകൂലമായി സഹതാപതരംഗം ഉണ്ടാവുമെന്ന് അവർക്ക് നന്നായി അറിയാം. മമത പരമാധി ഭരിച്ച് വെറുപ്പിക്കട്ടെയെന്നും, അടുത്ത തെരഞ്ഞെടുപ്പിൽ കടപുഴക്കാമെന്നുമാണ് സംഘപരിവാറിന്റെ തീരുമാനമെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്തായാലും ഒരു കാര്യം ഉറപ്പാണ്. പാവം ബംഗാളികളുടെ കഷ്ടകാലം ഉടനെയൊന്നും തീരില്ല!
വാൽക്കഷ്ണം: ബംഗാളികളും മലയാളികളും പൊതുവെ ബുദ്ധിജീവികൾ ആണെന്നാണ് പറയുക. പക്ഷേ അവരുടെ പൊളിറ്റിക്സ് നോക്കുക. അടിയന്തരാവസ്ഥയുടെ നിഷ്ഠൂരായ അടിച്ചമർത്തലിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുഴുവൻ ലോക്സഭാ സീറ്റുകളും കൊടുത്തവരാണ് മലയാളികൾ. ഇത്രയും മോശം ഭരണം കാഴ്ചവെച്ചിട്ടും മൂന്ന് പതിറ്റാണ്ട് ബംഗാളിലെ സിപിഎം ഭരണം തുടർന്നു. ഇപ്പോൾ ഇടതുഭരണത്തേക്കൾ എത്രയോ മോശമായിട്ടും, 14 വർഷമായി മമത തുടരുകയാണ്!