- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐക്യരാഷ്ട്ര സഭയെ തകര്‍ക്കാന്‍ ട്രംപ്; 9100 കോടി രൂപഅഗത്വ ഫീസുള്ള 'ബോര്‍ഡ് ഓഫ് പീസ്' ബദല്‍ യുഎന്‍; ലക്ഷം അംഗങ്ങളുള്ള സ്ഥിരം യൂറോപ്യന്‍ ആര്‍മിക്കും ആലോചന; നിര്‍ത്തലാക്കിയ സൈനിക സേവനം വീണ്ടും; ഒപ്പം ഇസ്ലാമിക നാറ്റോയും; ലോകം വീണ്ടും ആയുധവത്ക്കരിക്കപ്പെടുമ്പോള്!
ഐക്യരാഷ്ട്ര സഭയെ തകര്‍ക്കാന്‍ ട്രംപ്; 9100 കോടി രൂപഅഗത്വ ഫീസുള്ള 'ബോര്‍ഡ് ഓഫ് പീസ്' ബദല്‍ യുഎന്‍

ലോകം മുഴുവന്‍ സായുധവത്ക്കരിക്കപ്പെടുന്ന കാലമാണ് കടന്നുപോവുന്നത്. സ്വന്തമായി സൈന്യമില്ലാത്ത രാജ്യമായിരുന്നു ഐസ്ലാന്‍ഡ്. സുരക്ഷക്കായി കോസ്റ്റ് ഗാര്‍ഡ് മാത്രമാണ് അവര്‍ക്കുണ്ടായിരുന്നത്. ഇപ്പോള്‍ അവര്‍ നാറ്റോയുമായി കൂടുതല്‍ സഹകരിക്കയാണ്. ആന്‍ഡോറ, മൊണാക്കോ, സാന്‍ മറിനോ തുടങ്ങിയ ചെറിയ രാജ്യങ്ങളും തങ്ങളുടെ സുരക്ഷാ കരാറുകള്‍ അയല്‍രാജ്യങ്ങളായ ഫ്രാന്‍സ്, സ്പെയിന്‍, ഇറ്റലി എന്നിവയുമായി ചേര്‍ന്ന് ശക്തമാക്കുകയാണ്.
നിഷ്പക്ഷമായിരുന്നു പല രാജ്യങ്ങളും ഇപ്പോള്‍ ഒരു പക്ഷത്ത് ചേരുകയാണ്. ദശാബ്ദങ്ങളോളം നിഷ്പക്ഷത പാലിച്ചിരുന്ന ഫിന്‍ലന്‍ഡ്, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ 2023-ലും 2024-ലുമായി നാറ്റോയില്‍ ഔദ്യോഗികമായി അംഗത്വമെടുത്തു. സ്വിറ്റ്സര്‍ലന്‍ഡ്, തങ്ങളുടെ പാരമ്പര്യ നിഷ്പക്ഷതയില്‍ നിന്ന് മാറി, യൂറോപ്യന്‍ യൂണിയന്റെ റഷ്യക്കെതിരെയുള്ള ഉപരോധങ്ങള്‍ അംഗീകരിച്ചു. ഡ്രോണ്‍, സൈബര്‍ യുദ്ധങ്ങളുടെ കാലത്ത് നിഷ്പക്ഷത കൊണ്ട് മാത്രം സുരക്ഷ ഉറപ്പാക്കാനാവില്ലെന്ന് അവര്‍ തിരിച്ചറിയുന്നു. അയര്‍ലന്‍ഡ്, ഓസ്ട്രിയ, മാള്‍ട്ട, മോള്‍ഡോവ തുടങ്ങിയ രാജ്യങ്ങളിലും നാറ്റോ സഖ്യത്തില്‍ ചേരുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്.
പല യൂറോപ്യന്‍ രാജ്യങ്ങളും വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍ത്തലാക്കിയ സൈനിക സേവനം പുനരാരംഭിക്കുകയോ പുതിയ രീതിയിലുള്ള പരിശീലനങ്ങള്‍ നടപ്പിലാക്കുകയോ ചെയ്യുകയാണ്. ഫ്രാന്‍സ് 18-19 വയസ്സുകാര്‍ക്കായി 2026-ല്‍ പുതിയ 'വൊളന്ററി മിലിട്ടറി സര്‍വീസ്' ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 2035-ഓടെ 50,000 യുവാക്കളെ ഇതിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യം. ജര്‍മ്മനി, യൂറോപ്പിലെ ഏറ്റവും ശക്തമായ സൈന്യമായി മാറാനുള്ള ലക്ഷ്യത്തോടെ 2026-ഓടെ 20,000 വൊളന്റിയര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ പദ്ധതിയിടുന്നു. ബല്‍ജിയം 2026-ല്‍ 12 മാസത്തെ വൊളന്ററി സൈനിക സേവനം ആരംഭിക്കും. ഡെന്മാര്‍ക്ക് സൈനിക സേവന കാലയളവ് 11 മാസമായി ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്.പോളണ്ട്, 2026-ല്‍ ഏകദേശം 4 ലക്ഷം ആളുകള്‍ക്ക് അടിസ്ഥാന സൈനിക പരിശീലനം നല്‍കാന്‍ പോളണ്ട് ലക്ഷ്യമിടുന്നു.
'യൂറോപ്യന്‍ സൈന്യം' എന്ന പുതിയ ആശയവും ഇപ്പോള്‍ സജീവമാവുകയാണ്. യു.എസ് സൈനികര്‍ക്ക് പകരമായി ഏകദേശം 1 ലക്ഷം അംഗങ്ങളുള്ള ഒരു സ്ഥിര യൂറോപ്യന്‍ സൈന്യം രൂപീകരിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ഡിഫന്‍സ് കമ്മീഷണര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
യുക്രെയ്നെ ഉള്‍പ്പെടുത്തി അമേരിക്കയുടെ സഹായമില്ലാത്ത ഒരു പുതിയ സൈനിക സഖ്യത്തെക്കുറിച്ചും യൂറോപ്പ് ചിന്തിക്കുന്നുണ്ട്. അമേരിക്കയുടെ സൈനിക സഹായത്തില്‍ മാത്രം ആശ്രയിക്കുന്നത് അപകടമാണെന്ന തോന്നല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ശക്തമാണ്. ഡൊണാള്‍ഡ് ട്രംപിന്റെ അമേരിക്കന്‍ നയങ്ങളില്‍ വരുന്ന മാറ്റമാണ് ഇതിന് കാരണം.
എന്നാല്‍ ട്രംപ് ആവട്ടെ ഗാസ പുനരധിവാസത്തിന്റെ മറവില്‍ ഐക്യരാഷ്ട്ര സഭയെതന്നെ തകര്‍ക്കാന്‍ പുതിയ സംഘടനയുണ്ടാക്കുകയാണ്. അതിനിടെയാണ് ഇസ്ലാമിക്ക് നാറ്റോ എന്ന പുതിയ സഖ്യത്തിന്റെ വിവരങ്ങള്‍ പുറത്തുവരുന്നത്. അതായത് കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ ലോകത്തിന്റെ നയതന്ത്രസഖ്യങ്ങള്‍ അടിമുടി മാറുകയാണ്. പുതിയ കാലത്ത് പുതിയ ഭീതിയാണ്, അതുവഴി പുതിയ സഖ്യങ്ങളാണ്! ബന്ധുക്കള്‍ ശത്രുക്കളും, ശത്രുക്കള്‍ ബന്ധുക്കളുമാവുന്നു.
9100 കോടി രൂപയുടെ അഗത്വം
ആഗോള നേതാവ് എന്ന രീതിയിലുള്ള ട്രംപിന്റെ പ്രതിഛായ ഒന്നുകൂടി അരക്കിട്ട് ഉറപ്പിക്കയാണ്, യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. അദ്ദേഹം സ്ഥാപിച്ച 'സമാധാന സമിതി' (ബോര്‍ഡ് ഓഫ് പീസ്) വ്യാഴാഴ്ച നിലവില്‍ വന്നു. ആദ്യം ഗാസയില്‍ സുസ്ഥിര സമാധാനമുണ്ടാക്കുക, പിന്നീട് ആഗോള സംഘര്‍ഷ പരിഹര വേദിയായി മാറ്റുക എന്നതാണ് സമിതിയുടെ ലക്ഷ്യം. സമിതിയില്‍ 19 രാജ്യങ്ങള്‍ ഒപ്പിട്ടു. സമിതിയില്‍ ചേരാന്‍ ഇന്ത്യ താല്‍പ്പര്യം കാണിച്ചില്ല. ഫലസ്തീനും ഇസ്രയേലിനും സ്വീകര്യമായ രാജ്യം എന്ന നിലയ്ക്കാണ് ഇന്ത്യയെ യുഎസ് ക്ഷണിച്ചത്. പാക്കിസ്ഥാന്‍ സമിതിയില്‍ ചേര്‍ന്നിട്ടുമുണ്ട്. അര്‍ജന്റീന, അര്‍മേനിയ, അസര്‍ബൈജാന്‍, ബഹ്‌റൈന്‍, ബലറൂസ്, ഈജിപ്റ്റ്, ഹംഗറി, കസാഖിസ്ഥാന്‍, മൊറോക്കോ, യുഎഇ, സൗദി അറേബ്യ, വിയറ്റ്‌നാം അടക്കമുള്ള രാജ്യങ്ങള്‍ സമിതിയിലുണ്ട്.
റഷ്യ, ജര്‍മനി, ഇറ്റലി, പരാഗ്വെ, സ്ലോവേനിയ, തുര്‍ക്കി, യുക്രൈന്‍ അടക്കമുള്ള രാജ്യങ്ങളും സമിതിയോട് മുഖം തിരിച്ചാണുള്ളത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ ലോക സാമ്പത്തിക ഫോറത്തിലാണ് സമിതി നിലവില്‍ വരികയാണെന്നു ട്രംപ് പ്രഖ്യാപിച്ചത്. സമാധാന സമിതിയുടെ പ്രമാണ രേഖ, മുദ്ര എന്നിവയും പുറത്തിറക്കിയിട്ടുണ്ട്. 19 രാജ്യങ്ങള്‍ ഈ പ്രമാണ രേഖയിലാണ് ഒപ്പിട്ടത്. ഗാസ സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ വ്യവസ്ഥയനുസരിച്ച് ഹമാസിനെ നിരായുധീകരിക്കുമെന്നും അല്ലെങ്കില്‍ അവരെ നശിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. ഗാസ കഴിഞ്ഞാല്‍ ലെബനാനിലെ ഇറാന്‍ അനുകൂല സായുധ സംഘമായ ഹിസ്ബുല്ലയാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് സൂചിപ്പിച്ചു.സമാധാന സമിതിയില്‍ ചേരാനുള്ള ക്ഷണപത്രം ഇന്ത്യ, ചൈന, റഷ്യ ഉള്‍പ്പെടെയുള്ള 60ല്‍പ്പരം രാജ്യങ്ങള്‍ക്ക് ട്രംപ് സര്‍ക്കാര്‍ അയച്ചിരുന്നു.
ട്രംപാണ് സമിതിയുടെ അധ്യക്ഷന്‍. ബോര്‍ഡില്‍ സ്ഥിരാംഗത്വം കിട്ടാന്‍ 100 കോടി ഡോളര്‍ (ഏകദേശം 9100 കോടി രൂപ) നല്‍കണം. ഇങ്ങനെ കിട്ടുന്ന പണം ഗാസയുടെ പുനര്‍നിര്‍മാണത്തിനുപയോഗിക്കും എന്നാണ് ട്രംപിന്റെ വാഗ്ദാനം. ചരുക്കിപ്പറഞ്ഞാല്‍ ഗാസയുടെ പുനര്‍നിര്‍മ്മാണത്തിനുള്ള പണം മറ്റുള്ളവരില്‍നിന്ന് കണ്ടെത്തുന്ന കുറുക്കന്‍ ബുദ്ധിയാണ് ട്രംപിന്റെത് എന്നും വിമര്‍ശനമുണ്ട്.
മാത്രമല്ല, ഏത് കാര്യത്തിലും തന്റെ വ്യക്തിപരമായ ബിസിനസ് താല്‍പ്പര്യംകൂടി കാണുന്നയാളാണ് ട്രംപ്. ഗാസയിലും ട്രംപിന്റെ താല്‍പ്പര്യങ്ങള്‍ റിയല്‍ എസ്റ്റേറ്റ് തൊട്ട് ടൂറിസംവരെ വ്യാപിച്ച് കിടക്കുന്നു. ഗാസയില്‍ സമാധാനം സ്ഥാപിക്കുക ലക്ഷ്യമിട്ടുള്ള ട്രംപിന്റെ 20 ഇന പദ്ധതിയുടെ ഭാഗമായി ആവിഷ്‌കരിച്ച സമാധാന സമിതിയെ യുഎന്‍ രക്ഷാ സമിതി പ്രമേയത്തിലൂടെ അംഗീകരിച്ചിരുന്നു. പക്ഷേ ഇതിന് ഹ്രസ്വ കാലത്തേക്ക് മാത്രമാണ് അംഗീകാരം. സമിതിയില്‍ ചേരാന്‍ 35 ഓളം രാജ്യങ്ങള്‍ നിലവില്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ലക്ഷ്യം, ബദല്‍ യുഎന്‍
അതേസമയം ഐക്യരാഷ്ട്ര സഭയ്ക്ക് ബദലായാണ് ഈ സമിതിയെ വിഭാവനം ചെയ്തത് എന്ന ആശങ്കയുണ്ട്. ആഗോള നയതന്ത്രത്തിനുള്ള പ്രധാന വേദിയായ യുഎന്നിനെ അട്ടിമറിക്കുകയെന്ന ലക്ഷ്യം ട്രംപിന്റെ പുതിയ സമിതിയ്ക്കുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് എഴുതുന്നു.
എന്നാല്‍ സമിതി യുഎന്നുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നാണ് ട്രംപ് പറയുന്നത്. ഗാസ മുനമ്പിലെ സംഘര്‍ഷത്തില്‍ മാത്രമല്ല, എല്ലാത്തരം ആഗോള തര്‍ക്കങ്ങളിലും ഈ ബോര്‍ഡ് ഇടപെടണമെന്ന് ട്രംപ് ആഗ്രഹിക്കുന്നുവെന്നാണ് ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഐക്യരാഷ്ട്രസഭ ലിബറല്‍ പക്ഷപാതിത്വവും ധൂര്‍ത്തും കാണിക്കുന്നുവെന്ന് ട്രംപ് നേരത്ത തന്നെ ആരോപിക്കാറുണ്ട്. യുഎന്‍ പലപ്പോഴും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പകരം പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ് എന്നും അദ്ദേഹം വിമര്‍ശിക്കുന്നു. ലോകത്തെ പല യുദ്ധങ്ങളും അവസാനിപ്പിക്കാന്‍ യു.എന്നിന് കഴിഞ്ഞില്ലെന്നും തന്റെ ഭരണകൂടം സ്വതന്ത്രമായാണ് ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും ട്രംപ്് അവകാശപ്പെട്ടു. ആഗോള ഉടമ്പടികള്‍ അമേരിക്കയുടെ പരമാധികാരത്തെ തടസ്സപ്പെടുത്തുന്നുവെന്നും രാജ്യത്തിന്റെ സാമ്പത്തിക കരുത്തിനെ ബാധിക്കുന്നുവെന്നും ട്രംപ് കുറ്റപ്പെടുത്തുന്നു.
അമേരിക്കന്‍ നികുതിപ്പണം യു.എന്‍ പാഴാക്കുകയാണെന്നും ഏജന്‍സികള്‍ അമിതമായ ചിലവ് വരുത്തിവെക്കുന്നുവെന്നും അദ്ദേഹം നേരത്തെ ആരോപിച്ചിട്ടുണ്ട്. യു.എന്‍ ആസ്ഥാനത്തിന്റെ നവീകരണത്തിന് 2 മുതല്‍ 4 ബില്യണ്‍ ഡോളര്‍ വരെ ചിലവാക്കിയത് അദ്ദേഹം ഒരു ഉദാഹരണമായി ചൂണ്ടിക്കാട്ടി. യു.എന്‍ ഏജന്‍സികള്‍ അമേരിക്കന്‍ മൂല്യങ്ങള്‍ക്ക് വിരുദ്ധമായ 'ആഗോള അജണ്ടകള്‍' നടപ്പിലാക്കുന്നുവെന്നാണ് ട്രംപിന്റെ പക്ഷം. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളെ അദ്ദേഹം പലപ്പോഴും ഒരു തട്ടിപ്പായാണ് വിശേഷിപ്പിക്കുന്നത്. തെക്കന്‍ അതിര്‍ത്തിയിലൂടെ അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിന് ഐക്യരാഷ്ട്രസഭ സഹായം നല്‍കുന്നുവെന്നും ഇത് രാജ്യത്തിന് നേരെയുള്ള അധിനിവേശത്തെ പ്രോത്സാഹിപ്പിക്കലാണെന്നും ട്രംപ് വിമര്‍ശിക്കുന്നു.
യുഎന്നിനുള്ള സാമ്പത്തിക സഹായവും ട്രംപ് ഘട്ടംഘട്ടമായി വെട്ടിക്കുറിച്ചിട്ടുണ്ട്. 2026 ജനുവരി 7-ന് പുറപ്പെടുവിച്ച ഉത്തരവിലൂടെ ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെട്ട 31 ഏജന്‍സികള്‍ ഉള്‍പ്പെടെ 66 അന്താരാഷ്ട്ര സംഘടനകളില്‍ നിന്ന് പിന്മാറാന്‍ ട്രംപ് ഉത്തരവിട്ടു. ഇതില്‍ യുഎന്‍ ഫ്രെയിംവര്‍ക്ക് കണ്‍വെന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (യുഎന്‍എഫ്സിസിസി) പോലുള്ള പ്രധാന സമിതികളും ഉള്‍പ്പെടുന്നു. ഐക്യരാഷ്ട്രസഭയ്ക്കുള്ള സാമ്പത്തിക സഹായം ട്രംപ് ഭരണകൂടം ഗണ്യമായി വെട്ടിക്കുറച്ചിരിക്കയാണ്. മനുഷ്യാവകാശ കൗണ്‍സില്‍ (യുഎന്‍എച്ച്ആര്‍സി), ഉണ്‍റാ എന്ന് വിളിക്കുന്ന, ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള ഏജന്‍സി എന്നിവയ്ക്കുള്ള ഫണ്ടിംഗ് അദ്ദേഹം പൂര്‍ണ്ണമായും നിരോധിച്ചു.ലോകാരോഗ്യ സംഘടന, യുനെസ്‌കോ എന്നിവയില്‍ നിന്ന് ട്രംപ് അമേരിക്കയെ ഔദ്യോഗികമായി മാറ്റിനിര്‍ത്തിയിരിക്കയാണ്.
യുഎന്നിന് ബദലായി അമേരിക്കയുടെ ആധിപത്യമുള്ള ഒരു സമാന്തര സംവിധാനം ഒരുക്കാന്‍ ട്രംപ് വര്‍ഷങ്ങളായി ശ്രമിച്ച് വരികയാണ്. അതാണ് ഇപ്പോള്‍ ഗാസയുടെ മറവില്‍ നടക്കുന്നതെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. കഴിഞ്ഞ നവംബറില്‍ അമേരിക്ക അവതരിപ്പിച്ച പ്രമേയത്തിലൂടെ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഈ ബോര്‍ഡിന് ഔദ്യോഗികമായി പിന്തുണ നല്‍കി. അങ്ങനെ സമിതിക്ക് അന്താരാഷ്ട്ര നിയമസാധുതയും കിട്ടി. ഗാസയ്ക്കായി അന്താരാഷ്ട്ര സമാധാന സേനയെ നിയമിക്കുന്നതിന് ഗവണ്‍മെന്റുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഈ പ്രമേയം ബോര്‍ഡിന് അധികാരം നല്‍കി. പക്ഷേ അത് ഭസ്മാസുരന് വരം കൊടുത്തപോലെയായി. ഗാസ ബോര്‍ഡിന്റെ മറവില്‍, തനിക്ക് പരമാധികാരമുള്ള ബദല്‍ യുഎന്‍ തന്നെ കെട്ടിപ്പടുക്കാനാണ് ട്രംപിന്റെ ശ്രമം.
വീറ്റോ ട്രംപിന്റെ കൈയില്‍
എന്നാല്‍ വെള്ളിയാഴ്ച ബോര്‍ഡിന്റെ നിയമാവലി പുറത്തുവന്നതോടെ, ആദ്യം പറഞ്ഞതുപോലെയല്ല, അതിനെക്കാളൊക്കെ വിശാലമായ അധികാരമാണ് ട്രംപ് വിഭാവനം ചെയ്യുന്നതെന്ന് വ്യക്തമായി. ന്യൂയോര്‍ക്ക് ടൈംസ് പരിശോധിച്ച നിയമാവലി പ്രകാരം, ഗാസയില്‍ മാത്രമല്ല, 'സംഘര്‍ഷബാധിതമായ അല്ലെങ്കില്‍ സംഘര്‍ഷസാധ്യതയുള്ള മേഖലകളില്‍ ശാശ്വത സമാധാനം ഉറപ്പാക്കുക' എന്നതാണ് സമിതിയുടെ ലക്ഷ്യം. കൂടുതല്‍ വേഗതയുള്ളതും ഫലപ്രദവുമായ ഒരു അന്താരാഷ്ട്ര സമാധാന നിര്‍മ്മാണ സമിതിയാണ് ഇതെന്നും നിയമാവലിയില്‍ അവകാശപ്പെടുന്നു. പക്ഷേ കാര്യങ്ങള്‍ പഠിച്ചാല്‍ അത് ഒരു ബദല്‍ യുഎന്‍ തന്നെയാണെന്ന് വ്യക്തമാണ്. യുഎന്നിന്റെ പങ്കിനെ ചോദ്യം ചെയ്യുന്ന ഒന്നായതിനാല്‍ നിലവില്‍ ബോര്‍ഡില്‍ ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഫ്രാന്‍സ് വ്യക്തമാക്കിയിട്ടുണ്ട്.
ചില രാജ്യങ്ങള്‍ ഈ പദ്ധതിയില്‍ സംശയാലുക്കളാണ്. ബോര്‍ഡില്‍ സ്ഥിരം അംഗത്വം ലഭിക്കാന്‍ ആദ്യ വര്‍ഷം തന്നെ 100 കോടി ഡോളര്‍ നല്‍കണം (മൂന്ന് വര്‍ഷത്തേക്ക് സൗജന്യമായി ചേരാനുള്ള അവസരവുമുണ്ട്). ചെയര്‍മാന്‍ എന്ന നിലയില്‍ ട്രംപിന് ഈ ബോര്‍ഡിന്മേല്‍ വലിയ സ്വാധീനമുണ്ടാകും. ബോര്‍ഡിന് വലിയൊരു ബജറ്റ് ഉണ്ടാവും. എന്നാല്‍ ഈ പണം എങ്ങനെ ചിലവഴിക്കണം എന്നതില്‍ ട്രംപിന് എത്രത്തോളം നിയന്ത്രണമുണ്ടാകുമെന്ന് വ്യക്തമല്ല.നിയമാവലി അനുസരിച്ച് ചെയര്‍മാന്‍ എന്ന നിലയില്‍ ട്രംപിന് വലിയ അധികാരങ്ങളുണ്ടാകും. ബോര്‍ഡ് തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ഒരു 'എക്‌സിക്യൂട്ടീവ് ബോര്‍ഡ്' ട്രംപ് തന്നെ രൂപീകരിക്കും. തീരുമാനങ്ങളില്‍ വീറ്റോ അധികാരം പ്രയോഗിക്കാനും തന്റെ പിന്‍ഗാമിയെ നാമനിര്‍ദ്ദേശം ചെയ്യാനും ട്രംപിന് സാധിക്കും. കൂടാതെ സബ്‌സിഡിയറി സ്ഥാപനങ്ങള്‍ ഉണ്ടാക്കാനും മാറ്റം വരുത്താനും പിരിച്ചുവിടാനും അദ്ദേഹത്തിന് അധികാരമുണ്ടാകും. ചരുക്കിപ്പറഞ്ഞാല്‍ ട്രംപ് തന്നെയാണ് ഇതിന്റെ സര്‍വാധികാരി.
സമാധാന സമിതിക്ക് ഗാസയില്‍ എത്രത്തോളം അധികാരം ലഭിക്കുമെന്നതില്‍ ഇപ്പോഴും അവ്യക്തതയുണ്ട്. ട്രംപിന്റെ ഗാസ സമാധാന പദ്ധതി നടപ്പിലാക്കാന്‍ രണ്ട് ഉപസമിതികള്‍ ഇതിനകം രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച വൈറ്റ് ഹൗസ് പ്രഖ്യാപിച്ച 'ഗാസ എക്‌സിക്യൂട്ടീവ് ബോര്‍ഡില്‍' ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്‌നര്‍, സ്റ്റീവ് വിറ്റ്കോഫ് എന്നിവരുണ്ട്. കൂടാതെ ഖത്തര്‍, ഈജിപ്ത് ഉദ്യോഗസ്ഥരും ഒരു ഇസ്രയേലി ബിസിനസുകാരനും ഇതില്‍ ഉള്‍പ്പെടുന്നു. ഈ നിയമനം എല്ലാം നടത്തുന്നത് ട്രംപാണ്. യുഎന്നിനെപ്പോലെ ഒരു കൂടിയാലോചനയും ഇവിടെ നടക്കുന്നില്ല.
ബോര്‍ഡിന്റെ ഉപസമിതികളിലൊന്നില്‍ തുര്‍ക്കിയെയും ഖത്തറിനെയും ഉള്‍പ്പെടുത്തിയത് ഇസ്രയേലിന്റെ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പ്രത്യേകിച്ച് ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ തുര്‍ക്കി സര്‍ക്കാരുമായി ഇസ്രയേല്‍ കടുത്ത ഭിന്നതയിലാണ്.ഗാസയുടെ മേല്‍നോട്ടം വഹിക്കാനാണെങ്കിലും, ഈ സമാധാന സമിതിയിലോ അതിന് താഴെയുള്ള ഗാസ എക്‌സിക്യൂട്ടീവ് ബോര്‍ഡിലോ നിലവില്‍ ഫലസ്തീന്‍ അംഗങ്ങളില്ല. എങ്കിലും, ഗാസയിലെ പൊതുസേവനങ്ങള്‍ നിയന്ത്രിക്കുന്ന ഫലസ്തീന്‍ സാങ്കേതിക വിദഗ്ധരുടെ ഗ്രൂപ്പിന് മേല്‍നോട്ടം വഹിക്കുക ഈ ബോര്‍ഡായിരിക്കും. ഇസ്രയേലിന്റെയും ഹമാസിന്റെയും നിയന്ത്രണത്തിലുള്ള പ്രദേശങ്ങളായി ഗാസ വിഭജിക്കപ്പെട്ടു കിടക്കുന്നതിനാല്‍ ഇത് വലിയൊരു വെല്ലുവിളിയായിരിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
ഇസ്ലാമിക്ക് നാറ്റോ വരുന്നു
ട്രംപിന്റെ പദ്ധതിമൂലം പെട്ടിരിക്കുന്ന രാജ്യമാണ് പാക്കിസ്ഥാന്‍. ഗാസ സമാധാന പദ്ധതിയുടെ ഭാഗമായി രൂപീകരിക്കുന്ന അന്താരാഷ്ട്ര സ്ഥിരീകരണ സേനയില്‍ (ഐഎസ്എഫ്) അംഗമാകാന്‍ പാകിസ്ഥാന്‍ തത്വത്തില്‍ സമ്മതിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി പാക്കിസ്ഥാനാണ് ഹമാസുമായിപോലും ഏറ്റുമുട്ടേണ്ടിവരും. ഇത് പാക്കിസ്ഥാനില്‍ മതമൗലികവാദികള്‍ വലിയ പ്രശ്നമാക്കുകയാണ്. ഇതോടെ ഹമാസിനെ നിരായുധരാക്കുകയോ അവരുമായി ഏറ്റുമുട്ടുകയോ ചെയ്യുന്നത് തങ്ങളുടെ ജോലിയല്ലെന്ന് പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദാര്‍ അറിയിച്ചു. പാകിസ്ഥാന്‍ സൈന്യത്തിന്റെ ദൗത്യം കേവലം സമാധാന പരിപാലനം മാത്രമായിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഹമാസുമായി പാകിസ്ഥാന് ബന്ധമുണ്ടെന്നാരോപിച്ച് പാക് സൈന്യത്തിന്റെ പങ്കാളിത്തത്തെ ഇസ്രായേല്‍ എതിര്‍ത്തിട്ടുണ്ട്.
പക്ഷേ ഗാസയിലെക്ക് പാക്സേന പോകുന്ന എന്ന വാര്‍ത്തതന്നെ ആ രാജല്‍ത്ത് വലിയ ആഭ്യന്തര പ്രതിഷേധങ്ങള്‍ക്ക് കാരണമാവുന്നുണ്ട്. അതുകൊണ്ടുതന്നെ പാക്കിസ്ഥാനും ചില തന്ത്രപരമായ സഖ്യങ്ങളിലേക്ക് കടക്കയാണ്. ആഗോള യുദ്ധ ഭീതിയുടെയും അരക്ഷിതാവസ്ഥയുടെയും ഭാഗമായി വരുന്ന ഒരു പുതിയ സഖ്യസാധ്യതയാണ് ഇസ്ലാമിക നാറ്റോയുടേത്. സൗദിയും, തുര്‍ക്കിയും, പാക്കിസ്ഥാനുമടങ്ങുന്ന ഇസ്ലാമിക രാജ്യങ്ങളാണ് ഈ ആശയത്തിന് പിന്നില്‍.
ഒരുത്തനെ തൊട്ടാല്‍ എല്ലാവരും ചേര്‍ന്ന് തിരിച്ച് ആക്രമിക്കുന്ന സംഘടിതമായ പ്രതിരോധമുള്ള നാറ്റോയെപ്പോലെയാണ് ഈ സംഘടനയും വരുന്നത്. സൗദിക്ക് പണമുണ്ട്, പാക്കിസ്ഥാന് ആയുധങ്ങളുണ്ട്, തുര്‍ക്കിക്ക് സാങ്കേതിക വിദ്യയുമുണ്ട്. എന്നാല്‍ എന്തുകൊണ്ട് തങ്ങള്‍ക്ക് ഒരു ഇസ്ലാമിക നാറ്റോ ആയിക്കുടാ എന്നതായിരുന്നു അവരുടെ ചിന്ത! ലോകത്തിന്റെ ശാക്തിക ചേരിയെ തന്നെ മാറ്റിമറിക്കാന്‍ പോവുന്ന ചിന്തയായിരുന്നു അത്. പുതിയ പ്രതിരോധ സഖ്യത്തെ വിശേഷിപ്പിക്കാന്‍ രാഷ്ട്രീയ നിരീക്ഷകര്‍ ഉപയോഗിക്കുന്ന പേരാണ് ഇസ്ലാമിക നാറ്റോ. ഈ സഖ്യത്തിലെ ഒരു രാജ്യത്തിനെതിരെ ആക്രമണമുണ്ടായാല്‍ അത് എല്ലാ അംഗങ്ങള്‍ക്കും നേരെയുള്ള ആക്രമണമായി കണക്കാക്കി സംയുക്തമായി നേരിടുക എന്ന നാറ്റോയുടെ 'ആര്‍ട്ടിക്കിള്‍ 5' എന്ന തത്വത്തിന് സമാനമാണ് ഇവരുടെ പ്രവര്‍ത്തനവും വിഭാവനം ചെയ്യുന്നത്.
ഇതില്‍ ഓരോ രാജ്യത്തിനും കൃത്യമായ പങ്കുണ്ട്. സൗദി അറേബ്യ, സാമ്പത്തിക സഹായം നല്‍കുന്നു. പാക്കിസ്ഥാന്‍, സൈനിക ശേഷിയും ആണവായുധ സുരക്ഷയും വാഗ്ദാനം ചെയ്യുന്നു. തുര്‍ക്കി, അത്യാധുനിക സൈനിക സാങ്കേതികവിദ്യയും ഡ്രോണുകളും ലഭ്യമാക്കുന്നു.
ഈ സഖ്യം യാഥാര്‍ത്ഥ്യമാകുന്നതിന്റെ പ്രാഥമിക ഘട്ടങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. മുതിര്‍ന്ന ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറിലെ ദോഹയില്‍ ഇസ്രയേല്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് ശേഷമായിരുന്നു ഈ നീക്കം. അതേമാസം തന്നെ, സൗദി അറേബ്യ പാക്കിസ്ഥാനുമായി ഒരു 'തന്ത്രപരമായ പരസ്പര പ്രതിരോധ കരാര്‍' പ്രഖ്യാപിച്ചു. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ നീക്കങ്ങള്‍.
ഈ ഇസ്ലാമിക നാറ്റേക്ക്, മുഴുവന്‍ ഇസ്ലാമിക രാജ്യങ്ങളുടെയും പിന്തുണയില്ല. ഏറ്റവും പ്രധാനം ഇന്ന്, ആഗോള ഇസ്ലാമിക നേതൃത്വം അവകാശപ്പെടുന്ന ഇറാന്‍ ഉടക്കിനില്‍ക്കുന്നുവെന്നതാണ്. ഇറാന്‍-സൗദി ബന്ധം ഇപ്പോള്‍ ഒട്ടും നല്ല രീതിയിലല്ല. ഈ പുതിയ നാറ്റോ വരുന്നതില്‍ അതിശക്തമായ ഉടക്ക് ചൈനക്കുമുണ്ട്. .പാക്കിസ്ഥാനിലെ അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്കും തിരിച്ചടിയാണ് ഇസ്ലാമിക നാറ്റോ. ഒപ്പം, തീവ്രവാദം പുഷ്ടിപ്പെടുമെന്ന ഭീതിയും യുഎസിനുണ്ട്. നിലവിലുള്ള സാഹചര്യത്തില്‍ അമേരിക്കയുടെ എതിര്‍പ്പ് മറികടക്കാന്‍ ഇവര്‍ രണ്ടുപേര്‍ക്കും കഴിയില്ല. അതുകൊണ്ടുതന്നെ വിശാല ഇസ്ലാമിക രാഷ്ട്രം എന്നതുപോലെയുള്ള ഒരു സ്വപ്നമായി ഇസ്ലാമിക നാറ്റോ മാറാനുള്ള സാധ്യതകളും ഏറെയാണ് എന്നാണ് നിരീക്ഷകര്‍ പറയുന്നത്.
ഇസ്രയേല്‍-ഗ്രീസ്- സൈപ്രസ്- ഇന്ത്യ സഖ്യം?
ചുരുക്കിപ്പറഞ്ഞാല്‍ എല്ലാരാജ്യങ്ങളും അവരവരുടെ തടി നോക്കുകയാണ്. യൂറോപ്പിലെ ചെറിയ രാജ്യങ്ങള്‍പോലും സായുധവത്ക്കരിക്കപ്പെടുകയാണ്. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ ഇന്ത്യയും ആവശ്യത്തിന് കരുതല്‍ എടുക്കുന്നുണ്ട്. ഇസ്രയേല്‍, ഗ്രീസ്, സൈപ്രസ് എന്നീ രാജ്യങ്ങള്‍ 2026ല്‍ ഒരു ത്രിരാഷ്ട്ര സൈനിക സഹകരണപദ്ധതിക്ക് തുടക്കമിടാനുള്ള തയ്യാറെടുപ്പിലാണ്. തുര്‍ക്കിയുടെ സാമ്രാജ്യ വികസന മോഹങ്ങളെ ചെറുക്കുക, തുര്‍ക്കി, സൗദി അറേബ്യ, പാകിസ്ഥാന്‍ എന്നിവ ചേര്‍ന്നുള്ള നാറ്റോ മാതൃകയിലുശ്ശ സൈനിക ശാക്തീകരണത്തെ തടയുക എന്നിവയാണ് ലക്ഷ്യങ്ങള്‍.ഇസ്രയേലും ഗ്രീസും സൈപ്രസും ഇന്ത്യയെയും ഈ കൂട്ടുകെട്ടിലേക്ക് ക്ഷണിക്കുന്നുണ്ട്. ത്രീ പ്ലസ് വണ്‍ എന്ന് വിളിക്കപ്പെടുന്ന ഈ കുട്ടുകെട്ടില്‍ ചേരണമോ എന്ന് ഇന്ത്യ അന്തിമതീരുമാനം ഇനിയും എടുത്തിട്ടില്ല.
ഇസ്ലാമിക നാറ്റോ എന്ന ഈ ആശയത്തില്‍ എറ്റവും സൂക്ഷിക്കേണ്ട രണ്ട് രാജ്യങ്ങള്‍ ഇസ്രയേലും ഇന്ത്യയുമാണ്. തങ്ങളുടെ ശത്രുക്കള്‍ ലോകത്ത് എവിടെയായായും അവിടെപ്പോയി ആക്രമിക്കുക, എന്ന രീതിയാണ് ഇസ്രയേലിന്റെത്. ദോഹയില്‍പോയി അവര്‍ നടത്തിയ ആക്രമണമൊക്കെ ഇതിന്റെ ഭാഗമാണ്. അവിടെയാണ് ഇസ്ലാമിക നാറ്റോ ഉണ്ടായാല്‍ കളി മാറുക. ഒരു രാജ്യത്തെ ആക്രമിച്ചാല്‍ എല്ലാവരും കൂടി തിരിച്ചടിക്കുന്ന രീതി വന്നാല്‍, അത് ഒരു ലോകമഹായുദ്ധത്തിലേക്ക് തന്നെ നയിക്കും. അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ക്കും ഇതേ പേടിയുണ്ട്. തങ്ങളുടെ ശത്രുക്കളെ എവിടെപ്പോയും പൊക്കുക എന്നതാണ് അമേരിക്കയുടെയും രീതി.
അതുപോലെ ഇന്ത്യക്കും ഏറെ പേടിക്കാനുണ്ട്. പാക്കിസ്ഥാനെ പുതിയ സൈനിക മേധാവിയായ അസീം മുനീര്‍, തീവ്രവാദികള്‍ക്കുള്ള രഹസ്യഫണ്ടിങ്ങ് വരെ പുനരാംരംഭിച്ച് കഴിഞ്ഞു. പാക്കിസ്ഥാന്‍ സൈന്യത്തിനുവേണ്ട എല്ലാ ആയുധങ്ങളും ഇപ്പോള്‍ തന്നെ കൊടുക്കുന്നത് തുര്‍ക്കിയാണ്. ഇന്ത്യ വാങ്ങാന്‍ ആവശ്യപ്പെട്ടിട്ടും കൊടുക്കാത്ത ആയുധങ്ങള്‍ തുര്‍ക്കി പാക്കിസ്ഥാന് കൊടുത്തിട്ടുണ്ട്. കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയ്ക്കെതിരെ നിലപാട് സ്വീകരിച്ച രാജ്യമാണ് തുര്‍ക്കി.
എന്നാല്‍ ഇസ്രയേലുമായി വര്‍ഷങ്ങളായി അടുത്ത ബന്ധമാണ് ഇന്ത്യക്കുമുള്ളത്. ഇന്ത്യയുടെ ഇസ്രയേലുമായുള്ള പ്രതിരോധബന്ധം ഒരു ദശകത്തിലെ ഏറ്റവും കരുത്തുറ്റ നിലയിലാണ്. ബാരക് 8 മിസൈല്‍, ഡ്രോണുകള്‍, റഡാറുകള്‍, ലോയിറ്ററിംഗ് മ്യൂനീഷന്‍, പുതിയ ആയുധവികസനം, സംയുക്ത സൈനിക അഭ്യാസങ്ങള്‍...ഇങ്ങിനെ വളരുകയാണ് ഇന്ത്യ-ഇസ്രയേല്‍ ബന്ധം. സംയുക്ത സമുദ്രനിരീക്ഷണവും ഇന്ത്യയും ഇസ്രയേലും സംയുക്തമായി നടത്തുന്നു. ഇന്ത്യന്‍ നാവികസേന ഇപ്പോള്‍ വന്‍തോതില്‍ മെഡിറ്ററേനിയന്‍ കടലിലും ഇസ്രയേലുമായി സഹകരിച്ച് സൈനികാഭ്യാസം നടത്തിവരുന്നു. മുങ്ങിക്കപ്പലിനെതിരായ സൈനികാഭ്യാസം, വ്യോമപ്രതിരോധം, സംയുക്ത സമുദ്രനിരീക്ഷണം തുടങ്ങി പലകാര്യങ്ങളിലും ഇസ്രയേലും ഇന്ത്യയും യോജിച്ച് പ്രവര്‍ത്തിക്കുകയാണ്.
വാല്‍ക്ക്ഷണം: അമേരിക്ക അടുത്തകാലത്തായി പാക്കിസ്ഥാന്‍ അനുകുല സമീപനം സ്വീകരിക്കുന്നതോടെ, ഇന്ത്യ പഴയ പ്രശ്നങ്ങള്‍ മറഞ്ഞ് ചൈനയുമായും റഷ്യയുമായും അടക്കുന്നുണ്ട്. റഷ്യ -ചൈന- ഇന്ത്യ അച്ചുതണ്ടുണ്ടായാല്‍ അത് ലോകത്തിന്റെ സാമ്പത്തിക ക്രമത്തെ തന്നെ ബാധിക്കുന്നതാണ്.


