''ലോകചരിത്രത്തിലെ ഏറ്റവും സമാധാനപൂര്‍ണ്ണമായ ഒരു കാലഘട്ടത്തിലുടെയാണ് മനുഷ്യരാശി കടന്നുപോവുന്നത്. എന്നിട്ടും നമ്മള്‍ പറയുന്നു ലോകം മുഴുവന്‍ ദു:ഖവും ദുരിതവുമാണെന്ന്''- ലോക പ്രശസ്ത എഴുത്തുകാരും നരവംശ ശാസ്ത്രജ്ഞനുമായ യുവാല്‍ നോഹ ഹാരാരി പറയുന്ന ഈ വാക്കുകള്‍ 2025നും ബാധകമാണ്. ഒറ്റനോട്ടത്തില്‍ നോക്കുമ്പോള്‍, രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധവും, ആഭ്യന്തര പ്രശ്നങ്ങളും, ഭീകരാക്രമണങ്ങളും, ജെന്‍ സി പ്രക്ഷോഭങ്ങളും, അട്ടിമറികളുമൊക്കെയായി ഒരുപാട് ചോര ഒഴുകിപ്പോയ വര്‍ഷമാണ് കടന്നുപോയത്. എങ്കിലും മുന്‍കാലത്തെ സംബന്ധിച്ച് നോക്കുമ്പോള്‍ പ്രശ്നങ്ങള്‍ എത്രയോ കുറഞ്ഞ കാലമാണിതെന്ന് നാം മറുന്നുപോവുന്നു.

പക്ഷേ ടൈം മാഗസിനടക്കം 2025-നെ വിലയിരുത്തുന്നത് അസ്ഥിരതകളുടെ വര്‍ഷം എന്നാണ്. ദീര്‍ഘകാലമായി തുടരുന്ന നിരവധി യുദ്ധങ്ങളും പുതിയ സംഘര്‍ഷങ്ങളും തുടരുന്നു. ട്രംപ് നയിക്കുന്ന വ്യാപാരയുദ്ധം എന്ന രക്തരഹിത യുദ്ധവുമുണ്ട് മറുഭാഗത്ത്. ലോകത്തിന്റെ ശാക്തിക ബലാബലത്തില്‍ കാര്യമായി മാറ്റം വരുത്താത്ത വര്‍ഷമാണ് കടുന്നുപോവുന്നത്.

ലോകം കൂടുതല്‍ വലതുപക്ഷമാവുന്ന പ്രവണത തുടരുകയാണ്. ഇന്ന് യുറോപ്പും, അമേരിക്കയും, ഇന്ത്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പിടി മുറുക്കുത്ത് ഏറിയും കുറഞ്ഞുമായ അളവിലുള്ള വലതുപക്ഷ രാഷ്ട്രീയമാണ്. 2025-ലെ പ്രധാന സംഭവങ്ങളെ അറിയാം. ഒപ്പം ലോക രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന, നായകന്‍മ്മാരെയും വില്ലന്‍മ്മാരെയും!

ഒരേ സമയം നായകനും വില്ലനും

ഒരേസമയം ഒരാള്‍ തന്നെ നായകനും പ്രതിനായകനുമാവുന്ന പഴയ യൂറോപ്യന്‍ ഡ്രാമകള്‍പോലെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പ്രവര്‍ത്തനം. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായ ഓപ്പറേഷന്‍ സിന്ദൂറിനുശേഷം, ഒരു യുദ്ധത്തിലേക്ക് നീണ്ട ഇന്ത്യാ- പാക് പോരിനെ അടക്കിയത് താനാണെന്ന് ട്രംപ് അവകാശപ്പെടുന്നു. (ഇന്ത്യ ഇത് നിഷേധിക്കുന്നുണ്ടെങ്കിലും) അതുപോലെ ഗാസയില്‍ വെടിനിര്‍ത്തല്‍ കൊണ്ടുവരാനുള്ള പ്രധാന നീക്കം നടത്തിയതും ട്രംപ് തന്നെ. ഒപ്പം യുക്രൈന്‍ യുദ്ധം നിര്‍ത്തിക്കാനുമുള്ള നടപടികള്‍ ട്രംപ് തുടങ്ങി.

ഇത് വെച്ച് നോക്കുമ്പോള്‍, നോബേല്‍ സമ്മാനത്തിന് തീര്‍ത്തും അര്‍ഹന്‍ താന്‍ തന്നെയാണ് എന്നാണ് ട്രംപിന്റെ വാദം. എന്നിട്ടും അത് ട്രംപിന് കിട്ടിയില്ലെന്നത് വേറെകാര്യം. ഇതേ ട്രംപ് തന്നെയാണ് ഈ ക്രിസ്മസ് ദിനത്തില്‍ നൈജീരിയക്കുമേല്‍, അതിരൂക്ഷമായ ആക്രമണം അഴിച്ചുവിട്ടത്. ബോകോ ഹറാം തീവ്രവാദികള്‍ ക്രിസ്ത്യാനികളുടെ ഉന്‍മൂലനം ചെയ്യുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം. കഴിഞ്ഞവര്‍ഷം ഇറാന്റെ ആണവ നിലയം തകര്‍ത്തന്‍ ആ രാജ്യത്തേക്ക് കയറി ആക്രമിക്കാനും ട്രംപിന് മടിയുണ്ടായില്ല. ഇത്തരം ആക്രമണങ്ങള്‍പോലും ലോക സമാധാനത്തിന് വേണ്ടിയാണ് എന്നാണ് ട്രംപ് പറയുന്നത്.




പക്ഷേ അതേ ട്രംപ് തന്നെയാണ് വ്യാപാര യുദ്ധത്തിലൂടെ, റിവേഴ്സ് ഗ്ലോബലൈസേഷനിലുടെ ലോകത്തിന്റെ സാമ്പത്തിക അസ്ഥിരതയും ഉണ്ടാക്കുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് അതിഭീകരമായ തീരുവയാണ് ട്രംപ് കൂട്ടിയത്. കണ്ണും മൂക്കുമില്ലാതെ, പലപ്പോഴും ഈഗോയുടെ പുറത്തൊക്കെയാണ് ട്രംപ് രാജ്യങ്ങള്‍ക്കെതിരെ താരിഫ് വര്‍ധന ഏര്‍പ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ റഷ്യ- ചൈന- ഇന്ത്യപോലെ ഒരു അച്ചുതണ്ടും, ഡോളറിനെതിരെ യുറോപ്യന്‍ രാജ്യങ്ങളുടെ സഖ്യവുമൊക്കെ ലോകത്ത് രൂപപ്പെട്ടുവരികയാണ്. കവലച്ചട്ടമ്പിലെപ്പോലെ പെരുമാറിയും ട്രംപ്് ലോകത്തെ ഞെട്ടിച്ചു. യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌ക്കിക്കിയെ വിളിച്ചുവരുത്തി അപമാനിച്ച സംഭവം മാത്രം മതി, ഒരു രാഷ്ട്രത്തലവന്റെ നിലവാരത്തകര്‍ച്ച വ്യക്തമാക്കാന്‍! പക്ഷേ ട്രംപിന് അതൊന്നും പ്രശ്നമല്ല.

വര്‍ഷാവസാനം എംപംസ്റ്റീന്‍ ഫയലുകള്‍ വീണ്ടും പൊങ്ങി വന്നതും, ബാലപീഡന ദ്വീപിലെ കാമകേളികള്‍ മാധ്യമങ്ങള്‍ കുത്തിപ്പൊക്കുന്നതുമൊക്കെ ട്രംപിന് കുരുക്കാവുന്നുണ്ട്. ഒരു ഡസനോളം കേസുകളിലെ പ്രതിയുമാണ് അദ്ദേഹം. നാക്കുകൊണ്ട് മാത്രമാണ് ട്രംപ് യുദ്ധം ചെയ്യുക. ഒരിക്കലും അദ്ദേഹം ആയുധം എടുക്കാറില്ല. ലോക പൊലീസ് കളിച്ച് അമേരിക്കയുടെ പണം വേസ്്റ്റാക്കരുത് എന്നാണ് ട്രംപിന്റെ നയം. പക്ഷേ ഇതുണ്ടാക്കുന്നത് വലിയ അസ്ഥിരതയാണ്. യുക്രൈന് കൊടുക്കേണ്ട സഹായംപോലെം ബൈഡന്‍ മാറി ട്രംപായതോടെ വെട്ടിക്കുറച്ചു. മുമ്പൊക്കെ ഒരു ആക്രമണം ഉണ്ടായാല്‍ അമേരിക്ക തടയുമെന്ന പ്രതീക്ഷ യുറോപ്പിലെ കൊച്ചുരാജ്യങ്ങള്‍ക്കുപോലുമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ രാഷ്ട്രങ്ങളൊക്കെ സ്വന്തമായി ആര്‍മി ശക്തമാക്കുകയാണ്. പ്രതിരോധ ബജറ്റ് കുത്തനെ കൂട്ടുകയാണ്. സ്ഥിരതതില്ലായ്മയാണ് ട്രംപിന്റെ പ്രധാന പ്രശ്നമെന്നാണ്, ദ ഗാര്‍ഡിയന്‍ വിമര്‍ശിക്കുന്നത്. അടുത്ത നിമിഷം എന്തുചെയ്യുമെന്ന് ആര്‍ക്കും പടികിട്ടില്ല. പക്ഷേ ഈ വര്‍ഷത്തെ ഗ്ലോബല്‍ ന്യൂസ്മേക്കര്‍ക്കുള്ള ഒരു പുരസ്‌ക്കാരം കൊടുത്താല്‍ അത് പോവുക ട്രംപിന് തന്നെയാണ്.

ലോകത്തിന് വില്ലന്‍, രാജ്യത്തിന് ഹീറോ

2025 കടന്നുപോവുമ്പോള്‍, ലോകത്തിന് വില്ലനും, രാജ്യത്തിന് ഹീറോയുമായി ഒരു നേതാവുണ്ട്. അതാണ് കേരളത്തിടലക്കം ചെകുത്താന്റെ പ്രതിരൂപമായി ചിത്രീകരിക്കപ്പെടുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു. 2023 ഒക്ടോബര്‍ 7നുണ്ടായ ഹമാസ് ആക്രമണത്തിന് മറുപടിയായി, ആ ഭീകരസംഘടനയിലെ നേതാക്കളെ ഒന്നൊന്നായി തീര്‍ത്ത് സ്വന്തം രാജ്യത്തെ രക്ഷിച്ചെടുക്കാന്‍ അദ്ദേഹത്തിന് ഏറെക്കുറേ കഴിഞ്ഞു. ഹമാസ് നേതൃനിരയിലെ 90 ശതമാനം പേരെയും, ഹമാസ് ആര്‍മിയുടെ 70 ശതമാനത്തെയും തീര്‍ത്താണ്, നെതന്യാഹു സമാധാനകരാറില്‍ ഒപ്പിടുന്നത്. ബന്ദികളെ ഭാഗികമായി മോചിപ്പിക്കാനും, ഇസ്രയേലികളുടെ ആശങ്ക ഒരുപരിധിവരെ തീര്‍ക്കാനും അദ്ദേഹത്തിനായി. ഇപ്പോള്‍ ഗാസയില്‍ വെടിനിര്‍ത്തല്‍ വന്നിരിക്കയാണ്. ഗാസയുടെ പൂനര്‍നിര്‍മ്മാണത്തിന് അടക്കമുള്ള പദ്ധതികളുമായി അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ മുന്നോട്ടുവരുന്നു.

പതുക്കെ പതുക്കെ ഐഡിഎഫിന് ഗാസയില്‍നിന്ന് ഒഴിയേണ്ടിവരും. അപ്പോഴും തന്റെ രാജ്യത്തിന്റെ സുരക്ഷയില്‍ ഒരു വിട്ടുവീഴ്ചക്കും, അയാള്‍ തയ്യാറല്ല. അത്തരം സന്ദര്‍ഭങ്ങളില്‍ ഇസ്രയേല്‍ വെടിനിര്‍ത്തല്‍ ലംഘിക്കുന്നു. നാലുപാടും ശത്രുക്കള്‍. സ്വന്തം പാര്‍ട്ടിയില്‍ പ്രതിസന്ധി വേറെ. അഴിമതി ആരോപണങ്ങളുമായി പ്രതിപക്ഷം ഒരു ഭാഗത്ത്. ഇതിനിടെയിലും സമചിത്തതയോടെ ഇസ്രായേലിനെ നയിക്കാനും, ശത്രുക്കളെ തീര്‍ക്കാനും നെതന്യാഹുവിന് കഴിഞ്ഞു.

ഹിസ്ബുള്ളയുടെ നേതാക്കളും കണ്ണടച്ച് തുറക്കും മുമ്പ് കൊല്ലപ്പെട്ടു. ഹൂതി വിമതരെയും ഒരു പരിധിവരെ ഒതുക്കി. ഇറാനില്‍ ആക്രമണം നടത്തി അവരെയും ഞെട്ടിച്ചു. ഓരോരും പ്രധാന സംഭവം നടക്കുമ്പോഴും, നെതന്യാഹു ലോകത്തെ അഭിസംബോധന ചെയത്, അതിശക്തമായി സംസാരിക്കും. ഗാസയില്‍ അമ്പതിനായിരത്തോളം പേര്‍ കൊല്ലപ്പെട്ടതിന്റെ പേരില്‍ യു എന്‍ വരെ കുറ്റപ്പെടുത്തുമ്പോള്‍ നെതന്യാഹുവിന് കുലുക്കമില്ല. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അറസ്റ്് വാറണ്ടിലും അയാള്‍ക്കും ഒരുപാട് പറയാനുണ്ട്.

ഒരു ഭാഗത്ത് ആയുധംകൊണ്ട് പേരാടിക്കുമ്പോഴും, മറുഭാഗത്ത് ചര്‍ച്ചയുടെയും സമാധാനത്തിന്‍െയും പാതയൊരുക്കാന്‍ നെതന്യാഹു ശ്രമിക്കുന്നുണ്ട്. ഇസ്ലാമിക രാജ്യങ്ങളായ സൗദി അറേബ്യയും യുഎഇയും തൊട്ട് ഈജിപ്ത്വരെയുള്ള രാജ്യങ്ങളുമായി വളരെ നല്ല ബന്ധമാണ്, ഇസ്രയേലിന് ഉള്ളത്. മോദിയുമായും നെതന്യാഹു വളരെ നല്ല ബന്ധം പുര്‍ത്തുന്നു. അമേരിക്കയില്‍ ട്രംപ് അധികാരത്തിലേറിയതോടെ, നെതന്യാഹുവിന്റെ കൈകള്‍ക്കും ശക്തി വര്‍ധിച്ചു. ഇപ്പോള്‍ ഭാഗിക സമാധാനത്തിലേക്ക് കാര്യങ്ങള്‍ എത്തിയതും, ട്രംപും നെതന്യാഹുവും തമ്മിലുള്ള സൗഹൃദംകൊണ്ട് കൂടിയാണ്.





പക്ഷേ ഇതുകൊണ്ടൊക്കെ ഇസ്രായേലില്‍ നെതന്യാഹുവിന്റെ ജനപ്രീതി കൂടിയെന്നാണ് നിങ്ങള്‍ കരുതിയതെങ്കില്‍ അതും തെറ്റാണ്. ലോകത്തിന് മുന്നില്‍ ഹീറോ ആണെങ്കിലും, സ്വന്തം നാട്ടിലെ പല സര്‍വേകളിലും നെതന്യാഹുവിന്റെ ജനപ്രീതിയില്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. രണ്ടാംലോക മഹായുദ്ധം ജയിച്ചിട്ടും അടുത്ത തിരഞ്ഞെടുപ്പില്‍ തോറ്റുപോയ ചര്‍ച്ചലിന്റെ വിധിയോണോ നെതന്യാഹുവിനെ കാത്തിരിക്കുന്നത് എന്ന കണ്ടറിയേണ്ടിയിരിക്കും!

പുടിന്‍, ഷീജിന്‍ പിങ്, മോദി

ലോകത്തിലെ ഏറ്റവും ശക്തമായ 10 രാജ്യങ്ങളുടെ 2025ലെ ഫോര്‍ബ്‌സ് ്പട്ടികയില്‍ പുറത്തിറക്കിയപ്പോള്‍, ഒന്നാം റാങ്ക് അമേരിക്കക്കാണ്. തൊട്ടുപിന്നാലെ ചൈനയും റഷ്യയുമാണ്. നാലാം സ്ഥാനത്ത് യു കെ, അഞ്ചാമത് ജര്‍മനി, ആറാമത് സൗത്ത് കൊറിയ, ഏഴാമത് ഫ്രാന്‍സ്, എട്ടാമത് ജപ്പാന്‍, ഒന്‍പതാമത് സൗദി അറേബ്യ, പത്താമത് ഇസ്രയേല്‍, പതിനൊന്ന് യുഎഇ, പന്ത്രണ്ടാമത് ഇന്ത്യ എന്നിങ്ങനെയാണ് ആ ലിസ്റ്റ്. നേതൃത്വം, സാമ്പത്തിക സ്വാധീനം, രാഷ്ട്രീയ ശക്തി, ശക്തമായ അന്താരാഷ്ട്ര സഖ്യങ്ങള്‍, സൈനിക ശക്തി എന്നീ അഞ്ച് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നിശ്ചയിച്ചത്. പക്ഷേ ട്രംപും, നെത്യന്യാഹുവും കഴിഞ്ഞാല്‍ പോയവര്‍ഷത്തെ ഏറ്റവും ശ്രദ്ധേയരായ ലോക നേതാക്കള്‍ ആരെന്ന് ചോദിച്ചാല്‍, അത് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങും, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും തന്നെയാണ്.

പുടിനും നായകന്റെതല്ല, വില്ലന്റെ പ്രതിഛായായാണ് ലോക രാഷ്ട്രീയ ഭൂപടത്തിലുള്ളത്. യൂക്രൈനിലെ യുദ്ധക്കൊലകളുടെയും, ബലാല്‍സംഗങ്ങളുടെയും പേരില്‍, 'ദ ഗ്രേറ്റ് വില്ലന്‍ ഓഫ് 2025' എന്ന പേരാണ്, റഷ്യയുടെ ഈ സൈക്കോ ഏകാധിപതിക്ക് യൂറോപ്യന്‍ മാധ്യമങ്ങള്‍ ചാര്‍ത്തിക്കൊടുത്തിരിക്കുന്നത്. ട്രംപിന്റെ നേതൃത്വത്തിലുള്ള നയതന്ത്ര സംരംഭങ്ങളും ചര്‍ച്ചയിലുള്ള സമാധാന നിര്‍ദ്ദേശങ്ങളും ഉണ്ടായിരുന്നിട്ടും റഷ്യ-യുക്രൈന്‍ പോരാട്ടം തുടര്‍രുകമാണ്. അതിനിടെ അമേരിക്കയുമായി ഏകോപിപ്പിച്ച് ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി അവതരിപ്പിച്ച പുതിയ 20-ഇന സമാധാന പദ്ധതി ഇടക്കാല ആശ്വാസമായി. എന്നിരുന്നാലും, പ്രദേശിക നിയന്ത്രണത്തെയും സുരക്ഷാ ഗ്യാരണ്ടികളെയും കുറിച്ചുള്ള പ്രധാന അഭിപ്രായവ്യത്യാസങ്ങള്‍ സംഘര്‍ഷം പരിഹരിക്കപ്പെട്ടിട്ടില്ല. ആ കരാര്‍ നടപ്പാവുമെന്ന് ഒരു ഉറപ്പുമില്ല. എന്നാല്‍ വര്‍ഷാവസാനം ഇന്ത്യയിലെത്തിയ പുടിനെ, മോദി പ്രോട്ടോക്കോള്‍പോലും ലംഘിച്ച് നേരിട്ട്പോയാണ് സ്വീകരിച്ചത്. ഇന്ത്യയും റഷ്യയും ചേര്‍ന്നുള്ള നിരവധി പദ്ധതികളും ആ ചര്‍ച്ചയില്‍ പ്രഖ്യാപിക്കപ്പെട്ടു. ട്രംപിന്റെ ഉപരോധത്തിന് മറുമരുന്നായി ഇന്ത്യ- റഷ്യ- ചൈന കൂട്ടായ്മ രൂപപ്പെട്ടുവരികയാണെന്ന്, ലോക മാധ്യമങ്ങള്‍ എഴുതുന്നു.

പോയ വര്‍ഷത്തെ വില്ലന്‍മാരുടെ ലിസ്റ്റില്‍ പാക്കിസ്ഥാന്റെ ചീഫ് ഓഫ് ഡിഫന്‍സ് ഫോഴ്സായി തിരഞ്ഞെടുക്കപ്പെട്ട അസീം മുനീറുമുണ്ട്. അടുത്തുതന്നെ ഷഹബാസ് ഫരീഫിനെ മറിച്ചിട്ട്, ട്രംപിന്റെ അടുത്ത സുഹൃത്തുകൂടിയായം അസീം അധികാരം പിടിച്ച വാര്‍ത്തയും വരാന്‍ സാധ്യതയുണ്ട്. കടുത്ത ഇന്ത്യാവിരുദ്ധനായ മുനീര്‍, ജെയ്ഷെ മുഹമ്മദ് അടക്കമുള്ള ഭീകരവാദ സംഘടനകളെ പ്രോല്‍സാഹിപ്പിക്കുന്നത് ഇന്ത്യക്കും ഭീഷണിയാണ്.

മറുഭാഗത്ത് ചൈനയുടെ സിഇഒ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രസിഡന്റ് ഷീന്‍ ജിന്‍ പിങ്ങാവട്ടെ, കൂടുതല്‍ കരുത്താര്‍ജിച്ച് വരികയാണ്. അമേരിക്കയുമായുള്ള കടുത്ത വ്യാപാരയുദ്ധത്തിലാണ് ചൈനയിപ്പോള്‍. അന്റാര്‍ട്ടിക്കയില്‍വരെ കിട്ടുന്ന ഒരു ബ്രാന്‍ഡായി ചൈനയെ വളര്‍ത്തിയെടുക്കാന്‍ ഷീ ജിന്‍ പിങ്ങിനായി. എന്നാലും എല്ലാവരുമായും ചൈനക്ക് അതിര്‍ത്തി പ്രശ്നവുമുണ്ട്. ഇന്ത്യയുടെ അരുണാചല്‍ പ്രദേശിന്റെ ഭാഗങ്ങളില്‍വരെ ചൈന അവകാശവാദമുന്നയിക്കാണ്. പാക്കിസ്ഥാനെയും, ശ്രീലങ്കയെയുമൊക്കെ തങ്ങളുടെ കോളനികള്‍പോലെയാക്കാനും ചൈനക്കായി. ജപ്പാനില്‍ ആദ്യ വനിതാ പ്രധാനമന്ത്രി സനായ് തകൈചി തായ്വാനെ പിന്തുണയ്ക്കുന്ന പ്രസ്താവനകള്‍ നടത്തിയതോടെ ഷീയുടെ കരടായി. ചൈനയുടെ ശക്തമായ മറുപടി നല്‍കിയതോടെ ജപ്പാന്‍ -ചൈന ബന്ധവും വഷളായിരിക്കയാണ്.




അതുപോലെ പഹല്‍ഗാമിലെ നിരപരാധികളുടെ ചോരക്ക് പകരം ചോദിച്ചുകൊണ്ടുള്ള ഓപ്പറേഷന്‍ സിന്ദൂറിലുടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോകത്തിന്മുന്നില്‍ ഹീറോയായി. തീവ്രവാദ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ പാകിസ്ഥാന്‍ പതറി. പിന്നാലെ ഇന്ത്യ-പാകിസ്ഥാന്‍ വ്യോമാക്രണവും തുടര്‍ന്നു. പാകിസ്ഥാന്റെ പ്രധാന വിമാനത്താവളങ്ങളില്‍ അടക്കം ആക്രമണം നടത്തിയ ഇന്ത്യ, പാകിസ്ഥാന്റെ തിരിച്ചടിയെ ഫലപ്രദമായി പ്രതിരോധിക്കുകയും ചെയ്തു. ഒടുവില്‍ സംഘര്‍ഷം കൂടുതല്‍ വഷളാകുന്നതിന് മുന്‍പ് വെടിനിര്‍ത്തല്‍ ധാരണയായി. ഇത് മാത്രമല്ല, ഇന്ത്യയുടെ ജിഡിപിയിലുണ്ടായ വര്‍ധനവും, മോദി ഭരണത്തിന്റെ നേട്ടമായി ഉയര്‍ത്തിക്കണിക്കപ്പെടുന്നു. പാക്കിസ്ഥാനെപ്പോലുള്ള രാജ്യങ്ങള്‍ പട്ടിണി കിടക്കുമ്പോളാണ് ഇന്ത്യ തിളങ്ങുന്നത് എന്നോര്‍ക്കണം.

ജെന്‍ സിയും ആഭ്യന്തര യുദ്ധങ്ങളും

ജെന്‍ സി പ്രക്ഷോഭമായിരുന്നു 2025-ലെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ മാറ്റങ്ങളിലൊന്ന്. 2025 സെപ്തംബര്‍ മാസത്തില്‍, നേപ്പാളില്‍ സര്‍ക്കാര്‍ സാമൂഹിക മീഡിയ പ്ലാറ്റ്ഫോമുകള്‍ നിരോധിച്ചപ്പോള്‍ അതിനെതിരെ ഉയര്‍ന്ന യുവജന പ്രേക്ഷാഭം ഭരണകൂടത്തെ തന്നെ മറിച്ചിട്ടു. വലിയ പാര്‍ലമെന്റ് കെട്ടിടങ്ങള്‍ അടക്കം ജനം അടിച്ചുതകര്‍ക്കുന്നത് കണ്ട് ലോകം ഞെട്ടി. തുടര്‍ന്ന് പ്രധാനമന്ത്രി കെ. പി. ശര്‍മ്മ ഒലിരാജിവെക്കുകയും സുശീല കാര്‍ക്കി അധികാരമേല്‍ക്കുകയും ചെയ്തു. ഈ പ്രക്ഷോഭം ലോക രാഷ്ട്രീയത്തിന്റെ വലിയ സ്വാധീനം ചെലുത്തിയെന്ന് വിദേശ മാധ്യമങ്ങള്‍ എഴുതുന്നു. പ്രത്യേകിച്ച് യുവജനങ്ങളുടെ പങ്കാളിത്തം, ജനാധിപത്യ ആവശ്യങ്ങള്‍, ഭരണപരിശോധന എന്നിവയെക്കുറിച്ചുള്ള ഗൗരവമുള്ള ചര്‍ച്ചകള്‍ ഉയര്‍ത്തി. പിന്നീട് മൊറോക്കോയിലും ഇതുപോലെ യുവജന പ്രക്ഷോഭമുണ്ടായി.

പക്ഷേ ബംഗ്ലാദേശിലൊക്കെ റിവേഴ്സ് ജെന്‍ സി പ്രക്ഷോഭമാണ് ഉണ്ടായത്. ഷേയ്ഖ് ഹസീന സര്‍ക്കാറിനെ അട്ടിമറിച്ച വിദാര്‍ത്ഥി പ്രക്ഷോഭത്തിന്റെ ഫലമായി മതമൗലികവാദികളാണ് ബംഗ്ലാദേശില്‍ പിടിമുറുക്കിയത്. ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളെയും, ക്രിസ്ത്യാനികളെയും, കൊന്ന് കത്തിക്കുന്ന അവസ്ഥാണ് ഇപ്പോഴുള്ളത്. ബംഗ്ലാദേശിലെ അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണല്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വധശിക്ഷക്കാണ് വിധിച്ചിരിക്കുന്നത്. ദയനീയമായ അവസ്ഥയിലൂടെയാണ് പാക്കിസ്ഥാനും കടന്നുപോവുന്നത്. കരുതല്‍ ധനശേഖരം ഇടിഞ്ഞ് പട്ടിണി രാഷ്ട്രമായിട്ടും പാക്കിസ്ഥാന്‍ ഭീകരയില്‍ ഒരു കുറവും വരുത്തിയിട്ടില്ല. പട്ടാള മേധാവി അസീം മുനീറിന്റെ നേതൃത്വത്തില്‍ ആ പണി നിര്‍ബാധം തുടരുകയാണ്.

സുഡാന്‍ രൂക്ഷമായ ആഭ്യന്തരയുദ്ധത്തിലേക്ക് കടന്നത് 2025ന്റെ കണ്ണീരായി. സുഡാനീസ് സായുധ സേനയും റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും തമ്മിലുള്ള സായുധ ഏറ്റുമുട്ടല്‍ അവസാനിക്കുന്നതിന്റെ ലക്ഷണമൊന്നും കാണുന്നില്ല. ലക്ഷക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകള്‍ കുടിയിറക്കപ്പെടുകയും ചെയ്തു. ഈ സംഘര്‍ഷം രൂക്ഷമായ ഭക്ഷ്യക്ഷാമത്തിനും വ്യാപകമായ കുടിയിറക്കത്തിനും കാരണമായി.

കോംഗോ സംഘര്‍ഷവും തുടരുകയാണ്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍, 2025 ന്റെ തുടക്കത്തില്‍ ആരംഭിച്ച സര്‍ക്കാര്‍ സേനയും റുവാണ്ടന്‍ പിന്തുണയുള്ള എം23 വിമത ഗ്രൂപ്പും തമ്മിലുള്ള പോരാട്ടം തുടരുകയാണ്. യുഎസ് മധ്യസ്ഥതയിലുള്ള സമാധാന കരാറിനും പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെട്ട ചര്‍ച്ചകള്‍ക്കും ശ്രമിച്ചിട്ടും, അക്രമം തുടരുകയാണ്.

മ്യാന്‍മറിലും ആഭ്യന്തരയുദ്ധം ശമിച്ചില്ല, സൈനിക സര്‍ക്കാരും വിവിധ വംശീയ സായുധ ഗ്രൂപ്പുകളും അവരുടെ മാരകമായ പോരാട്ടം തുടര്‍ന്നു. വര്‍ദ്ധിച്ചുവരുന്ന ഏറ്റുമുട്ടലുകള്‍ക്കിടയില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ കുടിയിറക്കപ്പെട്ടു. പതിനായിരങ്ങള്‍ കൊല്ലപ്പെട്ടു.

ഭീകരാക്രമണങ്ങള്‍ തുടര്‍ക്കഥ

ഭീകരാക്രമണങ്ങളില്‍നിന്നും മുക്തിയില്ലാത്ത വര്‍ഷമായിരുന്നു 2025. അതിന്റെ പ്രഭവം കേന്ദ്രമെന്നത് നമ്മുടെ പാക്കിസ്ഥാന്‍ തന്നെയാണ്. പാക് താലിബാനും, ബലുച് വിമതരുമൊക്കെയായി, നാല് പ്രധാന ഭീകരാക്രമണങ്ങളിലൂടെയാണ് ആ രാജ്യം കടന്നുപോയത്. മെയ് 21ന് ബലൂചിസ്ഥാനിലുണ്ടായ സു്കൂള്‍ ബസ് ബോംബിങ്ങില്‍ കുട്ടിടകളടക്കം 11 പേരാണ് കൊല്ലപ്പെട്ടത്.

ജൂണ്‍ 18ന് വസീറിസ്ഥാനില്‍ പാക് താലിബാന്‍, പാക് സൈനികളെ ലക്ഷ്യമിട്ട ആക്രമണത്തില്‍ 17 പേരാണ് കൊല്ലപ്പെട്ടത്. നവംബര്‍ 11ന് ഇസ്ലാമബാദില്‍ കോടതി പരിസരത്തുണ്ടായ ബോംബ് സ്ഫോടനത്തില്‍ 12പേര്‍ക്കും ജീവന്‍ നഷ്ടമായി.

അതുപോലെ സൊമാലിയ, നൈജീരിയ എന്നിവങ്ങളില്‍ അല്‍ഷബാബ് എന്ന സ്ലാമിക ഭീകര സംഘടന നിരവധി ആക്രമണങ്ങളാണ് നടത്തിയത്. ന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികളുടെ കഴുത്തുവെട്ടിയും, സ്‌കുള്‍ കുട്ടിളെ തട്ടിക്കൊണ്ടുപോലും അവര്‍ ഭീതി പരത്തി. അതുപോലെ യൂറോപ്പിലും സംഘര്‍ഷങ്ങളുടെ കാലമായിരുന്നു കടന്നുപോയത്. ഇസ്ലാമിസ്റ്റുകളും തീവ്ര വലതുപക്ഷവും, സമാധാനത്തിന്റെ രാജ്യങ്ങളായി അറിയപ്പെട്ട സ്‌കാന്‍ഡനേവിയയെപോലും കലാപഭൂമിയാക്കി. ബ്രിട്ടന്‍, ഫ്രാന്‍സ് ജര്‍മ്മനി, ഓസ്ട്രിയ, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലൊക്കെ, ഇസ്ലാമിക മൗലികവാദം ശക്തിപ്പെട്ടു. ഒപ്പം തീവ്ര വലതുപക്ഷവും.




എറ്റവും ഒടുവിലായി ലോകം ഞെട്ടിയത്, ഓസ്ട്രേലിയയിലെ ബോണ്ടിബീച്ച് ആക്രമണത്തോടെയാണ്. സിഡ്നിയിലെ ബോണ്ടി ബീച്ചില്‍, യുഹൂദരുടെ ആഘോഷത്തിനിടെ 16 പേരെ ബാപ്പയും മകനും ചേര്‍ന്ന് വെടിവെച്ച് കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ വിറയലോടെ മാത്രമേ കാണാന്‍ കഴിയൂ. പ്രതികളില്‍ ഒരാള്‍ നേരത്തെ തന്നെ ഇസ്ലാമിക് സ്റ്റേറ്റ് ബന്ധത്തിന്റെ പേരില്‍ കസ്റ്റഡിയിലായ വ്യക്തിയാണ്. എന്നിട്ടും ഉണ്ടായ ഇന്റലിജന്‍സ് വീഴ്ച വലിയ ചര്‍ച്ചയായി. തോക്ക് നിയന്ത്രണ നിയമങ്ങള്‍ ഏറ്റവും ശക്തം എന്ന കരുതപ്പെടുന്ന രാജ്യത്താണ് ഇത്രയും പേരെ രണ്ട് കൊലയാളികള്‍ വെടിവച്ച് വീഴ്ത്തിയത്. അതും 6 തോക്കുകള്‍ ഉപയോഗിച്ച്. ഒരാള്‍ക്ക് എങ്ങനെ 6 തോക്കുകള്‍ സ്വന്തമാക്കാനായിയെന്ന ചോദ്യത്തിന് മുന്നില്‍ ഓസ്ട്രേലിയന്‍ അധികൃതര്‍ക്ക് ഉത്തരം മുട്ടുന്നു. ഇതോടെ കര്‍ശനമായ ഗണ്‍ നിയമങ്ങളിലേക്ക് രാജ്യം കടക്കയാണ്്. ഒപ്പം ഇസ്ലാമിക മതപ്രഭാഷകര്‍ക്കടക്കം വിലക്കുവരുമെന്നും അറിയുന്നു. ഇതിന്റെയൊക്കെ ഭാഗമായി വലത്തോട്ട് ചായുകയാണ് പൊതുവെ യൂറോപ്പ്. കുടിയേറ്റ വിരുദ്ധതതയും ഇവിടെ വളരുന്നു.

വാല്‍ക്കഷ്ണം: ഈ 2025 എത്തിയിട്ടും ഇന്നും ലോകത്തിന്റെ ഏറ്റവും പ്രധാന പ്രശ്നമായി മാറുന്നത് മത ഭീകരതയാണ്. ഫലസ്തീന്‍ പ്രശ്നത്തില്‍ തുടങ്ങി, ഇന്ത്യാ- പാക് പ്രശ്നത്തിന്റെയും അടക്കം അടിത്തറ മതമാണ്. മത ഭീകരതയില്‍നിന്ന് മോചനം നേടുന്ന ഒരു കാലം, ഈ ലോകത്തിന് അടുത്തൊന്നും സങ്കല്‍പ്പിക്കാന്‍ കഴിയില്ല.