ഒരു സ്വതന്ത്രപരമാധികാര രാജ്യത്തിന്റെ പ്രസിഡന്റിനെ, ഒരു തുള്ളി രക്തംപോലും ചിന്താതെ ആക്രമിച്ച് പിടിച്ച്, പൂച്ചയെ ചാക്കിലാക്കുന്നതുപോലെ സ്വന്തം നാട്ടിലെത്തിക്കുക! ലോക ചരിത്രത്തില്‍ ഇന്നുവരെ കേട്ടിട്ടില്ലാത്ത ഒരു ഓപ്പറേഷനാണ് വെനിസ്വേലയില്‍ അമേരിക്ക നടത്തിയത്. മയക്കുമരുന്ന് മാഫിയയുമായി ബന്ധം ആരോപിക്കപ്പെട്ട്, പ്രസിഡന്റ് നിക്കോളസ് മഡൂറോയും, ഭാര്യയും ഇനി അമേരിക്കയില്‍ വിചാരണ നേരിടും. ഇത് സമ്മിശ്ര വികാരങ്ങളാണ് ലോകത്ത് ഉയര്‍ത്തിയത്. അമേരിക്ക എല്ലാവിധ അന്താരാഷ്ട്ര നിയമങ്ങളും മര്യാദകളും കാറ്റില്‍ പറത്തിയെന്ന് ഒരു വിഭാഗം ആരോപിക്കുമ്പോള്‍, മറുവിഭാഗം ചൂണ്ടിക്കാട്ടുന്നത് അമേരിക്കയുടെ സുരക്ഷയാണ്.

എന്നാല്‍, മഡൂറോ എന്ന ക്രൂരനായ ഏകാധിപതിയുടെ പതനത്തോടെ, വെനസ്വേലയില്‍ എങ്ങും ആഹ്ലാദമാണ്. അവര്‍ സഹിച്ച് മടുത്തിരിക്കയാണെന്ന് വ്യക്തം. പക്ഷേ അപ്പോള്‍ ഉയരുന്ന മറ്റൊരു ചോദ്യവുമുണ്ട്. ഈ പരിപാടി അമേരിക്ക ആവര്‍ത്തിക്കുമോ? കാരണം അപ്പുറത്ത് ട്രംപാണ്. ഒരു തരം സൈക്കോ സ്വഭാവം ട്രംപ് പലപ്പോഴും പ്രകടിപ്പിക്കാറുണ്ട്. ഇപ്പോള്‍, ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലാന്‍ഡിനെകുറിച്ച് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകളാണ് ആശങ്ക ഉയര്‍ത്തുന്നത്.

യുഎസിന്റെ പ്രതിരോധത്തിനായി ഗ്രീന്‍ലാന്‍ഡ് തീര്‍ച്ചയായും ആവശ്യമാണെന്നായിരുന്നു ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. ഇതിന് പിന്നാലെ യുഎസ് പതാകയുള്ള ഗ്രീന്‍ലാന്‍ഡ് ഭൂപടവും സോഷ്യല്‍ മീഡിയയില്‍ വൈറലായി. വലതുപക്ഷ പോഡ്കാസ്റ്ററും ഡൊണാള്‍ഡ് ട്രംപിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ഫോര്‍ പോളിസിയായ സ്റ്റീഫന്‍ മില്ലറുടെ ഭാര്യയുമായ കാറ്റി മില്ലര്‍, 'ഉടന്‍' എന്ന അടിക്കുറിപ്പോടെ നക്ഷത്രങ്ങളും വരകളും കൊണ്ട് നിറഞ്ഞ ഗ്രീന്‍ലാന്‍ഡിന്റെ ഭൂപടം എക്സില്‍ പങ്കുവച്ചിരുന്നു. ഇതോടെ യുഎസിന്റെ അടുത്ത അധിനിവേശത്തിന് കളമൊരുങ്ങുകയാണെന്ന് ഭീതി ഉയരുകയാണ്.

ഡെന്‍മാര്‍ക്കില്‍ നിന്ന് ആര്‍ട്ടിക് ദ്വീപ് വാങ്ങാനും നിയന്ത്രണം ഏറ്റെടുക്കാനും ട്രംപ് നേരത്തെയും പലതവണ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഗ്രീന്‍ലാഡില്‍ ഒതുങ്ങുന്നതല്ല ട്രംപിന്റെ സ്വപ്്നങ്ങള്‍. അഖണ്ഡ ഭാരതം എന്ന് അഫ്ഗാനിഥാന്‍ മുതല്‍ ശ്രീലങ്കവരെയുള്ള പ്രദേശം സ്വപ്നം കാണുന്നവര്‍ നമ്മുടെ നാട്ടിലുണ്ടല്ലോ. അതുപോലെ ഒരു അഖണ്ഡ അമേരിക്കയാണ് ട്രംപിന്റെയും സ്വപ്നങ്ങളില്‍. അതില്‍ കാനഡയും അമേരിക്കയുടെ ഭാഗമാണ്. അങ്ങ് ഗ്രീന്‍ലാന്‍ഡുമുതല്‍ ഇങ്ങ് പനാമ കനാല്‍വരെ പടര്‍ന്നുകിടക്കുന്ന വലിയ സാമ്രാജ്യമാണിത്. അതിന്റെ അധ്യക്ഷനാവുക എന്നതാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്വപ്നം! അതിന് ലോകം വലിയ വിലകൊടുക്കേണ്ടി വരുമോ എന്നാണ് ചോദ്യം.

മഞ്ഞിന്റെ വലിയ ലോകം

വെനിസ്വേലയെക്കുറിച്ച് പറയുമ്പോള്‍ എല്ലാവരും എണ്ണയെക്കുറിച്ച് പറയും. എന്നാല്‍ ഗ്രീന്‍ലാന്‍ഡില്‍ അതുപോലെ ഒന്നുമില്ല. നാലുപാടും മഞ്ഞാണ്. കനേഡിയന്‍ ആര്‍ട്ടിക് ദ്വീപസമൂഹത്തിന് കിഴക്കുവശത്തായി, ആര്‍ട്ടിക്, അറ്റ്ലാന്റിക് സമുദ്രങ്ങള്‍ക്കിടയിലാണ് ഗ്രീന്‍ലാന്‍ഡ് സ്ഥിതി ചെയ്യുന്നത്. മുക്കാല്‍ ഭാഗവും അന്റാര്‍ട്ടിക്കയ്ക്ക് പുറത്തുള്ള സ്ഥിരമായ ഹിമപാളിയാല്‍ മൂടപ്പെട്ടിരിക്കുന്നു. 56,583 ആണ് ആകെ ജനസംഖ്യ. ലോകത്തിലെ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള പ്രദേശമാണ്.

ഗ്രീന്‍ലാന്‍ഡിന്റെ തെക്കുകിഴക്ക് അറ്റ്ലാന്റിക്ക് മഹാസമുദ്രവും, കിഴക്ക് ഗ്രീന്‍ലാന്‍ഡ് കടലും, വടക്ക് ആര്‍ട്ടിക്ക് സമുദ്രവും, പടിഞ്ഞാറ് ബാഫിന്‍ ഉള്‍ക്കടലും സ്ഥിതിചെയ്യുന്നു. കിഴക്ക് വശത്ത് അറ്റ്ലാന്റിക്ക് സമുദ്രത്തിലുള്ള ഐസ്ലാന്‍ഡും, പടിഞ്ഞാറ് ബഫിന്‍ ഉള്‍ക്കടലോട് ചേര്‍ന്നുള്ള കാനഡയുമാണ് ഏറ്റവും അടുത്ത രാജ്യങ്ങള്‍. ലോകത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നതും ഈ ദ്വീപിലാണ്. തുടര്‍ച്ചയായി സൂര്യപ്രകാശം കിട്ടുന്നത് വര്‍ഷത്തില്‍ രണ്ടു മാസം മാത്രം. 80% ഭാഗവും മഞ്ഞുമൂടിക്കിടക്കുന്നു. ചിലയിടങ്ങളില്‍ ഈ മഞ്ഞുപുതപ്പിന് 4 കിലോമീറ്റര്‍വരെ കട്ടിയുണ്ടാവും.




ലോകത്തിലെ ഏറ്റവും വടക്കേയറ്റത്തുള്ള കരയും ഇതാണ്. വടക്കന്‍ തീരത്തുള്ള കഫെക്ലബ്ബെന്‍ ദ്വീപ് ലോകത്തിലെ ഏറ്റവും വടക്കേയറ്റത്തുള്ള തര്‍ക്കമില്ലാത്ത ലാന്‍ഡ് പോയിന്റാണ്. ആദ്യകാല കുടിയേറ്റക്കാരാണ് ദ്വീപിന് ഗ്രീന്‍ലാന്‍ഡ് എന്ന് പേരിട്ടത്. ഐസ്ലാന്‍ഡിക് ഇതിഹാസങ്ങളില്‍ പറയുന്നതു പ്രകാരം നോര്‍വെക്കാരനായ എറിക് ദി റെഡ്, നരഹത്യാക്കുറ്റം ചുമത്തപ്പെട്ട പിതാവ് തോര്‍വാള്‍ഡിനൊപ്പം ഐസ്ലാന്‍ഡില്‍ നിന്ന് നാടുകടത്തപ്പെട്ടുവെന്നാണ്. വടക്കുപടിഞ്ഞാറ് സ്ഥിതിചെയ്യുന്നതായി കേട്ടിട്ടുള്ള ഒരു മഞ്ഞുമൂടിയ ഭൂമി പര്യവേക്ഷണം ചെയ്യാന്‍ അദ്ദേഹം തന്റെ വലിയ കുടുംബത്തോടും അടിമകളോടുമൊപ്പം കപ്പലുകളില്‍ പുറപ്പെട്ടു. മഞ്ഞുമൂടിയി ദ്വീപില്‍ വാസയോഗ്യമായ ഒരു പ്രദേശം കണ്ടെത്തി അവിടെ സ്ഥിരതാമസമാക്കിയ ശേഷം, ഒരു മനോഹരമായ പേര് കുടിയേറ്റക്കാരെ ആകര്‍ഷിക്കുമെന്ന പ്രതീക്ഷയില്‍ അദ്ദേഹം അതിന് ഗ്രോണ്‍ലാന്‍ഡ് ('ഗ്രീന്‍ലാന്‍ഡ്' എന്ന് വിവര്‍ത്തനം) എന്ന് പേരിട്ടു. വേനല്‍ക്കാലത്ത്, എറിക് താന്‍ കണ്ടെത്തിയ പ്രദേശത്ത് സ്ഥിരതാമസമാക്കുകയും, അതിനെ അദ്ദേഹം ഗ്രീന്‍ലാന്‍ഡ് എന്ന് പേരിട്ടു വിളിച്ചു. കണ്ടെത്തിയ ഭൂമിയ്ക്ക് അനുകൂലമായ ഒരു പേരുണ്ടെങ്കില്‍ ആളുകള്‍ അവിടേക്ക് ആകര്‍ഷിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ ഭാഗമാണെങ്കിലും, ഗ്രീന്‍ലാന്‍ഡ് 986 മുതല്‍ ഒരു സഹസ്രാബ്ദത്തിലേറെയായി യൂറോപ്പുമായി (പ്രത്യേകിച്ച് കൊളോണിയല്‍ ശക്തികളായ നോര്‍വേ, ഡെന്‍മാര്‍ക്ക്) രാഷ്ട്രീയമായും സാംസ്‌കാരികമായും ബന്ധപ്പെട്ടിരിക്കുന്നു. ഇവിടെയുള്ള ജനങ്ങള്‍, കാനഡയില്‍ കുടിയേറിവരാണെന്നാണ് നരവംശ ശാസ്ത്രഞ്ജന്‍മ്മാര്‍ പറയുന്നത്.

തലസ്ഥാനവും ഏറ്റവും വലിയ നഗരവും ന്യൂക് ആണ്. എല്ലാ പട്ടണങ്ങളും ജനവാസ പ്രദേശങ്ങളും തീരപ്രദേശത്തോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ ജനസംഖ്യയില്‍ ഭൂരിഭാഗവും പശ്ചിമ തീരപ്രദേശങ്ങളിലാണ് വസിക്കുന്നത്. ഗ്രീന്‍ലാന്‍ഡിന്റെ വടക്ക് ഭാഗവും കിഴക്ക് ഭാഗവും ഉള്‍പ്പെടുന്ന വടക്കുകിഴക്കന്‍ ഭാഗം ഏതെങ്കിലും പ്രദേശിക ഭരണത്തിന്റെ കീഴില്‍ ഉള്‍പ്പെടുന്നില്ല, മറിച്ച് ഈ ഭാഗം ലോകത്തിലെ ഏറ്റവും വലിയ ദേശിയീദ്യാനം ആയ വടക്കുകിഴക്കന്‍ ഗ്രീന്‍ലാന്‍ഡ് ദേശിയോദ്യാനമാണ്. അങ്ങേയറ്റം പരിസ്ഥിതി പ്രധാന്യമുള്ള പ്രദേശമാണ് ഇവിടം. ഗ്രീന്‍ലാന്‍ഡിന്റെ ഏറ്റവും വടക്കുള്ള പിയറി ലാന്‍ഡ് ഹിമപാളികള്‍ നിറഞ്ഞതല്ല, കാരണം അവിടെ അന്തരീക്ഷം വളരെ വരണ്ടതാണ്, ഇത് ഹിമപാളി രൂപപ്പെടാന്‍ സഹായകമാകുന്നില്ല. ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുപാളി ഉരുകുകയാണെങ്കില്‍ സമുദ്രജലനിരപ്പ് 7 മീറ്ററില്‍ കൂടുതല്‍ ഉയരുമെന്ന് കണക്കാക്കുന്നു. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഗ്രീന്‍ലാന്‍ഡ് ഒരു ദ്വീപസമൂഹമായി മാറാനും സാധ്യതയുണ്ട്.

കുറഞ്ഞത് നാല് ശാസ്ത്ര പര്യടന കേന്ദ്രങ്ങളും ക്യാമ്പുകളും ഗ്രീന്‍ലാന്‍ഡിന്റെ ഹിമപാളികള്‍ മൂടികിടക്കുന്ന മധ്യഭാഗത്ത് അവയ്ക്ക് മേലെ സ്ഥിതിചെയ്യുന്നുണ്ട്. എസിമിറ്റെ, നോര്‍ത്ത് ഐസ്, നൊര്‍ത്ത് ജി.ആര്‍.ഐ.പി. ക്യാമ്പ്, റാവെന്‍ സ്‌കൈ വേ എന്നിവ അവയില്‍പ്പെട്ടതാണ്. ഇപ്പോള്‍ അവിടെ വര്‍ഷം മുഴുവനും പ്രവര്‍ത്തിക്കുന്ന സമ്മിറ്റ് ക്യാമ്പ് എന്ന റേഡിയോ സ്റ്റേഷനുണ്ട്, 1989 ലാണ് ഇത് സ്ഥാപിച്ചത്. 1950 വരെ ജോര്‍ഗെന്‍ ബ്രോണ്ട്‌ലണ്ട് ജോര്‍ഡ് എന്ന റേഡിയോ സ്റ്റേഷനായിരുന്നു ലോകത്തിലെ ഏറ്റവും വടക്കുള്ള സ്ഥിരവാസ കേന്ദ്രം. ലോകത്തെക്കുറിച്ച് അറിയാന്‍ ശാസ്ത്രലോകം ഇന്നും ഏറെ പഠനം നടത്തുന്ന പ്രദേശമാണിത്. അതുകൊണ്ടുതന്നെ ഇവിടം അമേരിക്കന്‍ അധീനതയില്‍വന്നാല്‍ അതിന്റെ സന്തുലനാവസ്ഥ വലിയരീതിയില്‍ അട്ടിമറിക്കപ്പെടുമെന്നും ആശങ്കയുണ്ട്.

എന്താണ് ട്രംപിന്റെ പ്രശ്നം?

മനുഷ്യജീവിതരീതിയനുസരിച്ചും ആര്‍ട്ടിക്ക് ദ്വീപരാജ്യവും, ഭൂമിശാസ്ത്രപരമായി വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ ഭാഗവുമാണ്, ഗ്രീന്‍ലാന്‍ഡ്. പക്ഷേ ചരിത്രപരമായും രാഷ്ട്രീയമായും ഈ രാജ്യം യൂറോപ്പിനോട് പ്രത്യേകിച്ച് ഐസ്ലാന്‍ഡ്, നോര്‍വെ, ഡെന്മാര്‍ക്ക് എന്നീരാജ്യങ്ങളോട്, ബന്ധപ്പെട്ടുകിടക്കുന്നു. ഫറോ ദ്വീപുകള്‍ക്കൊപ്പം, ഗ്രീന്‍ലാന്‍ഡും ഡെന്മാര്‍ക്കിനുള്ളിലെ രണ്ട് സ്വയംഭരണ പ്രദേശങ്ങളാണ്. രണ്ട് പ്രദേശങ്ങളിലെയും ജനം ഡെന്‍മാര്‍ക്കിലെ പൂര്‍ണ്ണ പൗരന്മാരാണ്. യൂറോപ്യന്‍ യൂണിയനിലും ഇവര്‍ അംഗമാണ്.

1979 -ല്‍ ഗ്രീന്‍ലാന്‍ഡിന് ഡെന്മാര്‍ക്ക് ഭാഗിക സ്വയംഭരണാവകാശം നല്‍കുകയുണ്ടായി. 2009-ല്‍ പുര്‍ണ, സ്വയംഭരണാധികാരമുള്ള പ്രദേശമായി മാറിയെങ്കിലും പ്രതിരോധം, വിദേശനയം തുടങ്ങിയവയെല്ലാം കൈകാര്യംചെയ്യുന്നത് ഡെന്മാര്‍ക്കാണ്. ഗ്രീന്‍ലാന്‍ഡിന്റെ പ്രധാന വരുമാനസ്രോതസ്സും ഡെന്മാര്‍ക്കില്‍നിന്നുള്ള ബജറ്റ് വിഹിതമാണ്. ഇത് പ്രദേശത്തിന്റെ മൊത്തം പൊതു വരുമാനത്തിന്റെ പകുതിയോളം വരും.

കോപ്പന്‍ഹേഗനില്‍ നിന്നുള്ള സാമ്പത്തിക സഹായമില്ലാതെ ആ രാജ്യം നിലില്‍ക്കില്ല. അല്ലാതെ സ്വന്തമായി ഇവിടെ കാര്യമായി ഒന്നുമില്ല. ട്രംപ് അടക്കമുള്ള, യുണൈറ്റഡ് അമേരിക്ക സ്വപ്നം കാണുന്ന തീവ്രവലതുപക്ഷത്തിന്, ഭൂമിശാസ്ത്രപരമായി വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ ഭാഗമായതിനാല്‍ ഇത് തങ്ങളുടെ ഭൂമിയാണ്! ഇന്ത്യ ഇപ്പോള്‍ ശ്രീലങ്ക തങ്ങളുടേതാണെന്ന് പറഞ്ഞാല്‍ എങ്ങനെയിരിക്കും. അതുപോലെ.




ഇപ്പോള്‍ സുരക്ഷാ പ്രശ്നമാണ് ഗ്രീന്‍ലാന്‍ഡ് കിട്ടാന്‍ വേണ്ടി ട്രംപ് ഉയര്‍ത്തുന്നത്. കഴിഞ്ഞ ദിവസം, ഫ്ളോറിഡയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് പറഞ്ഞത്, ഇങ്ങനെയായിരുന്നു- '' ധാതുക്കള്‍ക്കും എണ്ണയ്ക്കും മറ്റെല്ലാത്തിനും വേണ്ടിയുള്ള ധാരാളം സ്ഥലങ്ങള്‍ നമുക്കുണ്ട്. ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും കൂടുതല്‍ എണ്ണ നമ്മുടെ പക്കലുണ്ട്. എന്നാല്‍ ദേശീയ സുരക്ഷയ്ക്ക് ഗ്രീന്‍ലാന്‍ഡ് നമുക്ക് ആവശ്യമാണ്. ഗ്രീന്‍ലാന്‍ഡിന് ചുറ്റും റഷ്യന്‍, ചൈനീസ് കപ്പലുകളാണ് ഉള്ളത്. അതിനാല്‍ യുഎസിന്റെ ദേശീയ സുരക്ഷയ്ക്ക് ഗ്രീന്‍ലാന്‍ഡ് ആവശ്യമാണ്''- ട്രംപ് ചൂട്ടിച്ചേര്‍ത്തു.

അതേസമയം, ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ, യുഎസ് നീക്കത്തെ ശക്തമായി എതിര്‍ത്ത് ഡെന്മാര്‍ക്കും ഗ്രീന്‍ലാന്‍ഡും രംഗത്തെത്തി. അമേരിക്ക ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കുമെന്ന വാദങ്ങളെല്ലാം ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡെറിക്‌സണ്‍ നിഷേധിച്ചു.

ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുന്നതില്‍ യാതൊരുകാര്യവുമില്ലെന്ന് അമേരിക്കയോട് നേരിട്ട് പറയുകയാണെന്നും അവര്‍ വ്യക്തമാക്കി. ഡെന്‍മാര്‍ക്കിന്റെ ഭാഗമായ മൂന്നുരാജ്യങ്ങളിലൊന്നിനെ കൂട്ടിച്ചേര്‍ക്കാന്‍ അമേരിക്കയ്ക്ക് യാതൊരു അവകാശവുമില്ലെന്നും ഡാനിഷ് പ്രധാനമന്ത്രി പറഞ്ഞു. ഗ്രീന്‍ലാന്‍ഡിലേക്ക് പ്രവേശനം അനുവദിക്കുന്നതിനായി ഡെന്മാര്‍ക്ക് ഇതിനകംതന്നെ യുഎസുമായി ഒരു പ്രതിരോധ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഡാനിഷ് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.

അഭിപ്രായവോട്ടെടുപ്പില്‍ തിരിച്ചടി

ഗ്രീന്‍ലാന്‍ഡിനെ സ്വന്തമാക്കുകയെന്ന അമേരിക്കന്‍ മോഹത്തിന് ഏകദേശം 150-ലേറെ വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ട്രംപ് വീണ്ടും അധികാരത്തിലെത്തിയതിന് പിന്നാലെയാണ് ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാനുള്ള ആഗ്രഹം തലപൊക്കിയത്. 2024ലെ തിരഞ്ഞെടുപ്പിന് ശേഷവും ഗ്രീന്‍ലാന്‍ഡ് വാങ്ങാനുള്ള താത്പര്യം ട്രംപ് പ്രകടിപ്പിച്ചിരുന്നു. യുഎസിന്റെ സുരക്ഷയ്ക്ക് ഗ്രീന്‍ലാന്‍ഡ് സുപ്രധാനമാണെന്നും തന്ത്രപ്രധാനമായ ദ്വീപിന്റെ നിയന്ത്രണം ഡെന്മാര്‍ക്ക് ഉപേക്ഷിക്കണമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍, നാറ്റോ രാജ്യമായ ഫ്രാന്‍സ് ഉള്‍പ്പെടെ ഈ നീക്കത്തെ എതിര്‍ത്തിരുന്നു. സ്ഥാനമേല്‍ക്കുന്നതിന് മുമ്പ് കൊടുത്ത ഒരു അഭിമുഖത്തില്‍, ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാനുള്ള നീക്കത്തില്‍ സൈനിക നടപടി ട്രംപ് തള്ളിക്കളഞ്ഞില്ല. എന്നാല്‍ രാജ്യം വില്‍പ്പനയ്ക്കു വച്ചിരിക്കുകയല്ലെന്ന് ഗ്രീന്‍ലാന്‍ഡ് ഇതിനോട് പ്രതികരിച്ചത്. ഗ്രീന്‍ലാന്‍ഡുകാര്‍ സ്വന്തം ഭാവി തീരുമാനിക്കട്ടെയെന്ന നിലപാടാണ് അന്നത്തെ ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡെറിക്സനും ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രി മ്യൂട്ടെ എഗെഡെക്കും എടുത്തത്. ഈ വിവാദങ്ങള്‍ക്കിടെ ട്രംപ് ജീനിയര്‍ ഗ്രീന്‍ലാന്‍ഡ് സന്ദര്‍ശിച്ചതും വാര്‍ത്തയായിരുന്നു.

അതിനുശേഷവും ട്രംപ് ഗ്രീന്‍ലാന്‍ഡിറെ കാര്യം നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ ഗ്രീന്‍ലാന്‍ഡ് സര്‍ക്കാരും ജനങ്ങളും ഈ നിര്‍ദ്ദേശം ശക്തമായി തള്ളിക്കളയുകയാണ് ചെയ്തത്. 2025 ജനുവരിയില്‍ നടന്ന ഒരു അഭിപ്രായ സര്‍വ്വേ പ്രകാരം, 85% ഗ്രീന്‍ലാന്‍ഡ് നിവാസികളും അമേരിക്കയുടെ ഭാഗമാകുന്നതിനെ എതിര്‍ത്തു. ഡാനിഷ് ദിനപത്രമായ ബെര്‍ലിങ്സ്‌കെയും ഗ്രീന്‍ലാന്‍ഡിലെ ദിനപത്രമായ സെര്‍മിറ്റ്‌സിയാഖും ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ തെളിയുന്നത്. 85% ഗ്രീന്‍ലാന്‍ഡുകാരും യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അഭിപ്രായ വോട്ടെടുപ്പില്‍ പറയുന്നു. 6% ഗ്രീന്‍ലാന്‍ഡുകാര്‍ മാത്രമാണ് തങ്ങളുടെ ദ്വീപ് യുഎസിന്റെ ഭാഗമാകുന്നതിനെ അനുകൂലിക്കുന്നത്. 9% പേര്‍ തീരുമാനമെടുത്തിട്ടില്ലെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താല്‍പ്പര്യത്തെ പകുതിയോളം ജനങ്ങളും ഒരു ഭീഷണിയായിട്ടാണ് കാണുന്നത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 8% പേര്‍ മാത്രമാണ് തങ്ങളുടെ ഡാനിഷ് പൗരത്വം അമേരിക്കയിലേക്ക് മാറ്റാന്‍ തയ്യാറാണെന്ന് പറഞ്ഞത്. 55% പേര്‍ ഡാനിഷ് പൗരന്മാരായി തുടരാനാണ് ആഗ്രഹിക്കുന്നത്. 37% പേര്‍ തീരുമാനമെടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തിലെ ഏല്ലാ ജനങ്ങളും അമേരിക്കന്‍ പൗരത്വത്തിന് കാത്തരിക്കയാണെന്ന ട്രംപിന്റെ മിഥ്യാധാരണക്കാണ് ഇതോടെ തിരിച്ചടിയേറ്റത് എന്നാണ് ദ ഗാര്‍ഡിയന്‍ പത്രം എഴുതുന്നത്. ഗ്രീന്‍ലാന്‍ഡ് ഡെന്‍മാര്‍ക്കുമായി അടുത്ത സഹകരണം തുടരാന്‍ ആഗ്രഹിക്കുന്നതിന്റെ തെളിവാണ് ഈ അഭിപ്രായ സര്‍വേയെന്ന് ഡെന്‍മാര്‍ക്ക് പധാനമന്ത്രിയും പ്രതികരിച്ചിരുന്നു.




ഇപ്പോഴും, ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുമെന്ന യുഎസിന്റെ ഭീഷണിയോട് ഡെന്‍മാര്‍ക്കിലും ഗ്രീന്‍ലാന്‍ഡിലും വലിയ പ്രതിഷേധമാണ് ഉയരുന്നത് നമ്മുടെ രാജ്യം വില്‍പ്പനയ്ക്കുള്ളതല്ല, സോഷ്യല്‍ മീഡിയ പോസ്റ്റുകളല്ല നമ്മുടെ ഭാവി തീരുമാനിക്കുന്നതെന്നായിരുന്നു ട്രംപിന്റെ പ്രസ്ഥാവനകളോട് പ്രതികരിക്കവെ ഗ്രീന്‍ലാന്‍ഡിലെ പ്രധാനമന്ത്രി ജെന്‍സ് ഫ്രഡറിക് നീല്‍സണ്‍ പറഞ്ഞത്. രാഷ്ട്രങ്ങളും ജനങ്ങളും തമ്മിലുള്ള ബന്ധം പരസ്പര ബഹുമാനത്തിലും അന്താരാഷ്ട്ര നിയമത്തിലും അധിഷ്ഠിതമാണെന്നും അദ്ദേഹം ട്രംപിനെ ഓര്‍മ്മപ്പെടുത്തി.

വില 142 ലക്ഷം കോടി രൂപ വരെ!

സ്ഥലങ്ങള്‍ വിലകൊടുത്ത് വാങ്ങുന്നത് നാം ധാരാളം കണ്ടിട്ടുണ്ട്. പക്ഷേ ഒരു രാജ്യം വിലകൊടുത്ത് വാങ്ങുകയെന്നാല്‍! ഗ്രീന്‍ലാന്‍ഡ് വിലകൊടുത്തുവാങ്ങാനുള്ള നീക്കം അമേരിക്ക നേരത്തെയും നടത്തിയിട്ടുണ്ട്. 1946-ല്‍ അമേരിക്കന്‍ പ്രസിഡന്റ് ഹാരി ട്രൂമാന്‍ ഗ്രീന്‍ലാന്‍ഡ് വാങ്ങാനായി 10 കോടി ഡോളര്‍ ഡെന്മാര്‍ക്കിന് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അവര്‍ അത് നിരസിക്കുകയായിരുന്നു. 46-ലെ പത്തുകോടി ഡോളര്‍ ആണെന്ന് ഓര്‍ക്കണം. ഇന്ന് അതിന്റെ മൂല്യം എത്രയായിരിക്കം. ട്രംപ് ഇതിനെ ഒരു 'വലിയ റിയല്‍ എസ്റ്റേറ്റ് ഇടപാട്' എന്നാണ് വിശേഷിപ്പിച്ചത്. ഇതിന്റെ ചുവടുപിടിച്ചാണ് ഇടക്കിടെ ദ്വീപ് വാങ്ങുന്ന കാര്യം ട്രംപ് പറയുന്നത്.

പക്ഷേ ഇതുവരെ ഒരു നിശ്ചിത തുക ഔദ്യോഗികമായി അദ്ദേഹം വാഗ്ദാനം ചെയ്തിട്ടില്ല. എന്നാല്‍ അനൗദ്യോഗികമായി ഈ നീക്കവും നടക്കന്നുണ്ട്. വിവിധ സാമ്പത്തിക വിദഗ്ധരും മാധ്യമങ്ങളും ഗ്രീന്‍ലാന്‍ഡിന്റെ മൂല്യം വില 1,250 കോടി ഡോളര്‍ മുതല്‍ 7,700 കോടി ഡോളര്‍ വരെയാണ് കണക്കാക്കുന്നത്. അതായത് ഏകദേശം 1.05 ലക്ഷം കോടി രൂപ മുതല്‍ 6.46 ലക്ഷം കോടി രൂപ വരെ! പ്രകൃതിവിഭവങ്ങളും തന്ത്രപ്രധാനമായ സ്ഥാനവും പരിഗണിക്കുമ്പോള്‍ അതിന്റെ മൂല്യം 1.1 ട്രില്യണ്‍ ഡോളര്‍ മുതല്‍ 1.7 ട്രില്യണ്‍ ഡോളര്‍ വരെ വരുമെന്നും ചില പഠനങ്ങള്‍ പറയുന്നു. അതായത് ഏകദേശം 92 ലക്ഷം കോടി രൂപ മുതല്‍ 142 ലക്ഷം കോടി രൂപ വരെ! ഇതിലും ഉയരാമെന്ന് മറ്റ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 2025 ഏപ്രിലിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഗ്രീന്‍ലാന്‍ഡിലെ ഓരോ താമസക്കാരനും ഏകദേശം 10,000 ഡോളര്‍ (ഏകദേശം 8.4 ലക്ഷം രൂപ) വീതം നല്‍കിക്കൊണ്ട് ലയനത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ചര്‍ച്ചകളും ട്രംപ് ഭരണകൂടത്തില്‍ നടന്നിരുന്നു.

എന്നാല്‍ ഡെന്മാര്‍ക്കും ഗ്രീന്‍ലാന്‍ഡും 'ഗ്രീന്‍ലാന്‍ഡ് വില്‍പ്പനയ്ക്കുള്ളതല്ല' എന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ നിയമപ്രകാരം ഡെന്മാര്‍ക്കില്‍ നിന്ന് ഒരു റഫറണ്ടത്തിലൂടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കാനുള്ള അവകാശം ഗ്രീന്‍ലാന്‍ഡിനുണ്ട്. പക്ഷേ അത്തരമൊരു പ്രശ്നംപോലും ഉദിക്കുന്നില്ലെന്നാണ് ഗ്രീന്‍ലാന്‍ഡ് ഭരണാധികാരികള്‍ പറയുന്നത്. അതേസമയം ഇക്കാര്യത്തില്‍ ഒരു സൈനിക നടപടിക്കൊന്നും ട്രംപിന് കഴിയില്ല. കാരണം വെനിസ്വേലയിലേതുപോലെ ദുര്‍ഭരണമല്ല ഗ്രീന്‍ലാന്‍ഡില്‍. യൂറോപ്യന്‍ യൂണിയനിലും നാറ്റോയിലും അംഗമായ ഡെന്‍മാര്‍ക്കാണ് മറുഭാഗത്ത്. ഡെന്‍മാര്‍ക്ക് നാറ്റോയില്‍ അംഗമായതുകൊണ്ടുതന്നെ അത് ഗ്രീന്‍ലാന്‍ഡും ഭാഗമാണ്. ഒരു നാറ്റോ രാജ്യത്തെ ഒരാള്‍ ആക്രമിച്ചാല്‍ എല്ലാവരും ഒന്നിച്ച് പ്രതിരോധിക്കണമെന്നാണ് കരാര്‍. അതുകൊണ്ടുതന്നെ അമേരിക്ക ഒരു ആക്രമണത്തിന് മുതിരില്ല എന്നാണ് പൊതുവെയുള്ള കണക്കുകൂട്ടല്‍. മാത്രമല്ല, നിരപരാധിയായ ഒരു രാജ്യത്തെ ആക്രമിച്ചാല്‍, അത് ട്രംപിന്റെ ആഗോള അടിസ്ഥാനത്തിലുള്ള പ്രതിഛായക്ക് വലിയ ദോഷവും ചെയ്യും.

പാനമ മുതല്‍ കാനഡവരെ

പക്ഷേ ട്രംപിന്റെ യുണൈറ്റഡ് അമേരിക്കയെന്ന സ്വപ്നങ്ങള്‍ ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. അങ്ങ് ഗ്രീന്‍ലാന്‍ഡുമുതല്‍ ഇങ്ങ് പനാമ കനാല്‍വരെ പടര്‍ന്നുകിടക്കുന്ന വലിയ സാമ്രാജ്യമാണിത്. അതിന്റെ അധ്യക്ഷനാവുക എന്നതാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്വപ്നം. തൊട്ട് അയല്‍രാജ്യമായ കാനഡയെ, അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കി കൂട്ടിച്ചേര്‍ക്കുന്നതുകൂടി, ഒരുകാലത്ത് ഒരുപാട് ഏറെറടുക്കലിലുടെ തന്റെ ബിസിനസ് സാമ്രാജ്യം വളര്‍ത്തിയ ഈ വിവാദ വ്യവസായി സ്വപ്നം കാണുന്നു.

കാനഡയും അമേരിക്കയും ഒന്നിച്ചാല്‍ ലോകത്തിലെ ഒരു ശക്തിക്കും തങ്ങളെ തൊടാന്‍ കഴിയില്ല എന്നാണ് ട്രംപിന്റെ വാദം. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവച്ചതിന് പിന്നാലെയാണ് കാനഡയെ അമേരിക്കയുമായി ഒന്നിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങള്‍ ശക്തമായത്. കാനഡയെ അമേരിക്കയുടെ ഭാഗമാക്കാന്‍ 'സാമ്പത്തിക ശക്തി' ഉപയോഗിക്കുമെന്ന് ട്രംപ് പറഞ്ഞത്. കാനഡയിലെ ജനങ്ങള്‍ക്ക് അമേരിക്കയുടെ ഭാഗമാവുന്നതില്‍ താല്‍പര്യമുണ്ട് എന്നാണ് ട്രംപിന്റെ വാദം. കാനഡ യുഎസുമായി ലയിച്ചാല്‍ നികുതികള്‍ കുറയുമെന്നും, റഷ്യയുടെയും ചൈനയുടെയും ഭീഷണിയുണ്ടാവില്ലെന്നുമാണ് ട്രംപിന്റെ വാഗ്ദാനം. എന്നാല്‍ ജസ്റ്റിന്‍ ട്രൂഡോ അടക്കമുള്ളവര്‍ ഇതിനെ പരിസഹിക്കയാണ് ചെയ്തത്. ബഹുഭൂരിപക്ഷം കനേഡിയരും ഇപ്പോഴും അമേരിക്കന്‍ ലയനത്തിന് എതിരാണ്.




അതുപോലെ ട്രംപ് നോട്ടമിട്ടിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് പനാമ. മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ എന്‍ജിനീയറിങ് വിസ്മയങ്ങളിലൊന്നാണ്, 82 കിലോ മീറ്റര്‍ നീളത്തിലുള്ള മനുഷ്യനിര്‍മിത കനാല്‍. പസിഫിക്കിനേയും അറ്റ്ലാന്റിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്ന ഈ പാത ലോക കപ്പല്‍ ഗതാഗതത്തില്‍ നിര്‍ണ്ണായകമാണ്. 1880-ല്‍ ഫ്രഞ്ച് നേതൃത്വത്തിലാണ് കനാല്‍ നിര്‍മ്മാണ് തുടങ്ങിയത്. പക്ഷേ നൂറുകണക്കിന് തൊഴിലാളികളുടെ മരണമാണ് ഉണ്ടായത്. പദ്ധതി പരാജയത്തില്‍ കലാശിച്ചു. 28 കോടി ഡോളറാണ് ഫ്രഞ്ച് സര്‍ക്കാറിന് നഷ്ടമായത്.

1900-കളുടെ ആദ്യ കാലയളവില്‍ അമേരിക്ക കനാല്‍ നിര്‍മ്മാണം ഏറ്റെടുക്കുകയും അത് വിജയകരമായി പൂര്‍ത്തീകരിക്കുകയും ചെയ്തു. 1914-ല്‍ കനാല്‍ പ്രവര്‍ത്തനമാരംഭിച്ചു. 77 കിലോമീറ്റര്‍ (48 മൈല്‍) നീളമുള്ള ഈ കനാലിന്റെ നിര്‍മ്മാണത്തെ രോഗങ്ങളും (പ്രധാനമായും മലേറിയയും മഞ്ഞപ്പനിയും) പ്രകൃതിക്ഷോഭങ്ങളുമൊക്കെ ബാധിച്ചു. നിരവധിപേരുടെ ജീവന്‍ കൊടുത്തു തന്നെയാണ് അമേരിക്കയും കനാല്‍ പടുത്തുയിര്‍ത്തിയത്.

1904 മുതല്‍ 1914 വരെയുള്ള കാലഘട്ടത്തില്‍ അമേരിക്കയുടെ ഏറ്റവുംവലിയ ദേശീയ ചെലവായിരുന്നു പനാമാ കനാലിന്റെ നിര്‍മ്മാണം.. എന്നാല്‍ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കപ്പല്‍ ഗതാഗതാരംഗത്ത് സംഭവിച്ച വിപ്ലവളകരമായ മാറ്റങ്ങളെ വിജയകരമായി ഉള്‍ക്കൊണ്ടുകൊണ്ട് തന്നെ പനാമാകനാല്‍ ഇന്നും വിജയകരമായി മുന്നോട്ട് പോകുന്നു. പനാമ എന്ന ചെറു രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥയുടെ നട്ടെല്ലാണ് ഈ കനാല്‍. പനാമയുടെ മൊത്തം ദേശീയ വരുമാനത്തിന്റെ 80% കനാല്‍ റവന്യൂ ആണ്!

പക്ഷേ അമേരിക്ക രക്തം ചിന്തി നിര്‍മ്മിച്ച പനാമ കനാല്‍ തങ്ങള്‍ക്ക് തിരിച്ചചുകിട്ടണമെന്നാണ് ട്രംപ് പറയുന്നത്. കഴിഞ്ഞ വര്‍ഷം ക്രിസ്മസിന് തൊട്ടുമുമ്പാണ് കനാല്‍ തിരിച്ചുപിടിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തുന്നത്. കനാല്‍ വഴിയുള്ള ചരക്കുനീക്കത്തിന് പനാമ സര്‍ക്കാര്‍ വന്‍നിരക്ക് ഈടാക്കുകയാണെന്നായിരുന്നു ട്രംപിന്റെ ആരോപണം. ന്യായമായ നിരക്ക് ഈടാക്കിയില്ലെങ്കില്‍ കനാല്‍ യു.എസിന് കൈമാറേണ്ടി വരുമെന്നായിരുന്നു മുന്നറിയിപ്പ്. കപ്പല്‍പാത നിയന്ത്രിക്കാന്‍ ചൈനീസ് സൈനികരെ പാനമ അനുവദിച്ചുവെന്ന് ആരോപിച്ച ട്രംപ് ,തെറ്റായ കൈകളില്‍ കനാലിനെ എത്തിക്കാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി. അമേരിക്ക പനാമയ്ക്ക് നല്‍കിയ ദാനമാണ് ആ കനാലെന്നും എന്നിട്ടും അമേരിക്കയോടിങ്ങനെ ചെയ്യുന്നത് പരിഹാസ്യമാണെന്നും ട്രംപ് കുറ്റപ്പെടുത്തി.ഒരു വാര്‍ത്താസമ്മേളനത്തില്‍, കനാല്‍ തിരിച്ചുപിടിക്കാന്‍ സൈനിക ബലപ്രയോഗം ഉപയോഗിക്കുമോ എന്ന ചോദ്യത്തെ ട്രംപ് തള്ളിക്കളഞ്ഞതുമില്ല. അതായത് ഗ്രീന്‍ലാന്‍ഡ് വിഷയം ഒറ്റപ്പെട്ടതല്ല എന്ന് ചുരുക്കം.

വാല്‍ക്കഷ്ണം: കാനഡയും, പനാമയും, ഗ്രീന്‍ലാന്‍ഡും ഒന്നും തന്നെ അമേരിക്കന്‍ മേധാവിത്വം അംഗീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ ട്രംപിന്റെ 'അഖണ്ഡ അമേരിക്ക' എന്നത്, ഒരിക്കലും നടക്കാത്ത മനോഹര സ്വപ്നമായി അവശേഷിക്കുമെന്നാണ് തോന്നുന്നത്.