രു പുതിയ ഭരണാധികാരി വരുമ്പോള്‍ പഴയയാള്‍ ജയിലിലാവുക എന്നത് പാക്കിസ്ഥാന്‍ പോലെയുള്ള രാജ്യങ്ങളിലാണ് നാം സാധാരണ കണ്ടുവരാറുള്ളത്. അമേരിക്ക പോലുള്ള ഒരു രാജ്യത്ത് അത് ഏതാണ്ട് അസാധ്യം എന്നുതന്നെ പറായം. പക്ഷേ ഇപ്പോള്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയെ അന്വേഷണ ഏജന്‍സിയായ എ.ഫ്.ബി.ഐ വിലങ്ങു വെച്ചു കൊണ്ടുപോകുന്ന എ.ഐ വിഡിയോ പങ്കുവെച്ച് നിലവിലെ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്!

ആരും നിയമത്തിനതീതരല്ല എന്ന അടിക്കുറിപ്പോടു കൂടിയാണ് ട്രംപ് ദൃശ്യങ്ങള്‍ പങ്കുവെച്ചത്. തോന്നിയതു പോലെ കാര്യങ്ങള്‍ പറയുന്ന ട്രംപിന്റെ എഐ വീഡിയോ സോഷ്യല്‍ മീഡിയക്കും കൗതുകമായി. 'പ്രസിഡന്റ് നിയമത്തിനു മുകളിലാണെന്ന്' ഒബാമ, സാമൂഹ്യ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പങ്കു വെച്ച കമന്റിനു മറുപടിയായാണ് ട്രംപ് എ.ഐ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. ട്രംപുമായി സംസാരിച്ചുകൊണ്ടിരിക്കെ ഉദ്യോഗസ്ഥര്‍ എത്തി ഒബാമയെ ഇരുകൈകളിലും പിടിച്ച് ബലമായി കൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ജയിലിലെ സെല്ലില്‍ ഓറഞ്ച് നിറമുള്ള വസ്ത്രം ധരിച്ചുനില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ട്രംപിന്റെ 2016 തിരഞ്ഞെടുപ്പ് വിജയത്തില്‍ റഷ്യന്‍ സ്വാധീനമുണ്ടായിരുന്നുവെന്ന വ്യാജ ആരോപണത്തില്‍ ഒബാമ വിചാരണ നേരിടണമെന്ന് യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഏജന്‍സി ഡയറക്ടര്‍ തുള്‍സി ഗബാര്‍ഡ് പ്രഖ്യാപിച്ചതിനു ദിവസങ്ങള്‍ക്കുള്ളിലാണ് എ.ഐ വിഡിയോ പുറത്തു വരുന്നത്.

ഇതോടെ സോഷ്യല്‍ മീഡിയയില്‍ ട്രംപ് ഫാന്‍സും ഒബാമ ഫാന്‍സും തമ്മിലുള്ള യുദ്ധവും തുടങ്ങിക്കഴിഞ്ഞു. തുടര്‍ച്ചയായ കേസുകള്‍ക്കിടയില്‍നിന്ന് ഒന്ന് ശ്രദ്ധ തിരിച്ചുവിട്ട് ഡെമോക്രാറ്റുകളെ പ്രതിക്കൂട്ടിലാക്കാന്‍ ഇതുമൂലം ട്രംപിന് കഴിഞ്ഞു. ഈ വിവാദത്തിന് ചുക്കാന്‍ പിടിച്ച, യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഏജന്‍സി ഡയറക്ടര്‍ തുള്‍സി ഗബാര്‍ഡ് ലേഡി ട്രംപ് എന്നാണ് അറിയപ്പെടുന്നത്. നേരത്തെ, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ ട്രംപ് പരിഗണിച്ചവരില്‍ മുന്‍പന്തിയിലുണ്ടായിരുന്ന വ്യക്തിയായിരുന്നു തുള്‍സി. ട്രംപിനുശേഷം അടുത്ത യുഎസ് പ്രസിഡന്റാവുക ഈ ഹിന്ദുമതവിശ്വാസിയായ വനിതയാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.




ഒബാമയെ കുടുക്കാന്‍ ഗബാര്‍ഡ്

നൂറായിരം കേസുകളില്‍ കുടുങ്ങി ആകെ നട്ടം തരിഞ്ഞ് നില്‍ക്കുന്ന രീതിയിലാണ് ട്രംപ്. ഒരുവേള പ്രസിഡന്റ് ജയിലില്‍ പോവുമെന്നുവരെ ആശങ്കകള്‍ ഉയര്‍ന്നു. അപ്പോഴാണ് ട്രംപിന്റെ തുണക്കായി ലേഡി ട്രംപ് എത്തുന്നത്. ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയത്തില്‍ റഷ്യയുടെ സ്വാധീനം സ്ഥാപിക്കുന്നതിനായി ഒബാമയുടെ സുരക്ഷാ കാബിനറ്റ് തയാറാക്കിയ 114 പേജുള്ള തിരുത്തലുകള്‍ വരുത്തിയ ഇ മെയിലുകള്‍ കണ്ടെത്തിയതായാണ് തുള്‍സി ഗബാര്‍ഡ് അവകാശപ്പെട്ടത്. ട്രംപിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനും അട്ടിമറി നടത്തുന്നതിനും വേണ്ടിയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് ഗബാര്‍ഡ് എക്‌സില്‍ കുറിച്ചു. എത് അധികാരത്തിലുള്ള ആളാണെങ്കിലും ഈ ഗൂഡാലോചനയിലുള്‍പ്പെട്ട എല്ലാവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ഗബാര്‍ഡ് കുറിച്ചു.

ട്രംപിന്റെ പ്രസിഡന്റ് സ്ഥാനം തടയുന്നതിനായി 2016-ലെ തിരഞ്ഞെടുപ്പിന് ശേഷം ഒബാമ, ട്രംപ്-റഷ്യ ഒത്തുകളി കെട്ടിച്ചമച്ചതിനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് വെള്ളിയാഴ്ച യുഎസ് ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സ് തുള്‍സി ഗബാര്‍ഡ് വെളിപ്പെടുത്തിയിരുന്നു. മുന്‍ ഒബാമ ഭരണകൂടത്തെ വിചാരണ ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.-'2016-ല്‍, ഒബാമ ഭരണകൂടത്തിലെ ഏറ്റവും ശക്തരായ വ്യക്തികള്‍ ഇന്റലിജന്‍സിനെ എങ്ങനെ രാഷ്ട്രീയവല്‍ക്കരിക്കുകയും ആയുധമാക്കുകയും ചെയ്തുവെന്നും, അമേരിക്കന്‍ ജനതയുടെ തീരുമാനത്തെ അട്ടിമറിച്ചും ജനാധിപത്യ റിപ്പബ്ലിക്കിനെ തുരങ്കംവെച്ചും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വര്‍ഷങ്ങളോളം നീണ്ടുനിന്ന അട്ടിമറിക്ക് അടിത്തറയിട്ടത് എങ്ങനെയെന്നും അമേരിക്കക്കാര്‍ ഒടുവില്‍ സത്യം മനസ്സിലാക്കും'- തുള്‍സി ഗബാര്‍ഡ് എക്സില്‍ കുറിച്ചു.

അന്വേഷണത്തിനായി എല്ലാ രേഖകളും ഡി.ഒ.ജിക്ക് കൈമാറുമെന്നും അവര്‍ അറിയിച്ചു. ഗബാര്‍ഡിന്റെ നീക്കത്തെ ട്രംപ് അഭിനന്ദിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഒബാമയെ അറസ്റ്റുചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

ഇതും വലിയ ചര്‍ച്ചായി. വരും ദിവസങ്ങളില്‍ ഒബാമയെ അറസ്റ്റു ചെയ്യുമെന്നതിന്റെ മുന്നറിയിപ്പാണോ ഇതെന്ന് സംശയമുയരുന്നുണ്ട്. പലരും ഇത് എ.ഐ ആണെന്ന് തിരിച്ചറിയാതെ പ്രതികരിച്ചു. അതേസമയം ഉറ്റചങ്ങാതി ഇലോണ്‍ മസ്‌ക്ക് ഉടക്കിയതിന്റെ ക്ഷീണത്തിലാണ് ട്രംപ്. എപ്‌സറ്റീന്‍ ഫയലുകള്‍ ചര്‍ച്ചയാകുന്നതാണ് ട്രംപിന് ക്ഷീണം ചെയ്യുന്നത്. ബാലപീഡകന് അശ്ലീല ഉള്ളടക്കമുള്ള കത്തെഴുതിയെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ച വോള്‍സ്ട്രീറ്റ് ജേണലിനും റുപര്‍ട് മര്‍ഡോക്ക് അടക്കമുള്ള ഉടമകള്‍ക്കുമെതിരെ 1000 കോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രംപ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു. ബാലപീഡന കേസുകളില്‍ വിചാരണ നേരിടുന്നതിനിടെ ജയിലില്‍ ജീവനൊടുക്കിയ ജെഫ്രി എപ്‌സ്‌റ്റൈനുമായി ബന്ധപ്പെടുത്തി വന്ന റിപ്പോര്‍ട്ടിനെതിരെയാണ് ട്രംപ് കോടതിയെ സമീപിച്ചത്. യുഎസ് ശതകോടീശ്വരരായ ജെഫ്രി എപ്‌സ്‌റ്റൈന്‍ 2019 ലാണ് ജീവനൊടുക്കിയത്. എപ്‌സ്‌റ്റൈന് 2003 ല്‍ 50ാം ജന്മദിനത്തിന് കിട്ടിയ കത്തുകളില്‍ ട്രംപിന്റെ പേരിലുള്ള കുറിപ്പും ഉണ്ടായിരുന്നുവെന്നും അതില്‍ അശ്ലീലചിത്രം വരിച്ചിരുന്നുവെന്നുമാണ് വോള്‍സ്ട്രീറ്റ് ജേണലില്‍ വ്യാഴാഴ്ച വന്ന റിപ്പോര്‍ട്ട്.

പ്രസാധകര്‍ക്കും രണ്ട് റിപ്പോര്‍ട്ടര്‍മാര്‍ക്കും എതിരെയാണ് കേസ്. 'വ്യാജവാര്‍ത്ത അച്ചടിക്കുന്ന വൃത്തികെട്ട സാധനത്തിനെതിരെ' ശക്തമായ കേസുകൊടുത്തതായി സമൂഹമാധ്യമത്തിലൂടെ ട്രംപ് തന്നെയാണ് വ്യക്തമാക്കിയത്. 'മര്‍ഡോക്ക് സാക്ഷിയായി ഹാജരാകുന്ന സന്ദര്‍ഭത്തിന് കാത്തിരിക്കുകയാണ്, അതു രസകരമായ അനുഭവമായിരിക്കും' എന്നും ട്രംപ് കുറിച്ചു. അതേസമയം, റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നതായി സ്ഥാപനം വ്യക്തമാക്കി. പക്ഷേ കുറച്ചുകാലത്തേക്കെങ്കിലും മാധ്യമങ്ങളുടെ ശ്രദ്ധ ഡെമോക്രാറ്റുകളുടെ അടുത്തക്ക് മാറ്റാനും, ഇന്നും അമേരിക്കയില്‍ ഏറ്റവും ജനസ്വാധീനമുള്ള നേതാവായാണ് ഒബായെ പ്രതിക്കൂട്ടിലാക്കാനും ട്രംപിന് കഴിയുന്നത് എന്നത് ചെറിയ കാര്യമില്ല. ഇതിനെല്ലാം ചുക്കാന്‍ പിടിക്കുന്ന തുള്‍സി ഗബാര്‍ഡാണ് ഇപ്പോള്‍ ലൈം ലൈറ്റില്‍ നിറഞ്ഞുനില്‍ക്കുന്നത്.




ഡെമോക്രാറ്റില്‍ നിന്ന് റിപ്പബ്ലിക്കനിലേക്ക്

നമ്മുടെ നാട്ടിലൊക്കെ കാണുന്നതുപോലുള്ള പാര്‍ട്ടി കാലുമാറ്റത്തിന്റെയും കഥകള്‍ അവര്‍ക്ക് പറയാനുണ്ട്. പക്ഷേ കാലുമാറിയതല്ല, രാഷ്ട്രീയ മാനസാന്തരമാണ് തനിക്കുണ്ടായതെന്നാണ് ഒരു അഭിമുഖത്തില്‍ ഗബാര്‍ഡ് പറയുന്നത്. ദീര്‍ഘകാലം ഡെമോക്രാറ്റുകളുടെ പ്രിയപ്പെട്ട നേതാവായിരുന്നു അവര്‍.

21-ാം വയസ്സില്‍ ഹവായിയില്‍ ജനപ്രതിനിധി അംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് തുള്‍സി ഗബാര്‍ഡിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 9/11 ആക്രമണത്തിന് ശേഷം ആര്‍മി നാഷണല്‍ ഗാര്‍ഡില്‍ ചേര്‍ന്ന തുള്‍സി ഇറാഖിലും കുവൈത്തിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തുള്‍സി ഗബ്ബാര്‍ഡ് തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ഭൂരിഭാഗവും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഭാഗമായാണ് പ്രവര്‍ത്തിച്ചത്. 2022ലാണ് അവര്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുമായി അകലുന്നതും പാര്‍ട്ടിയില്‍ നിന്നും രാജിവെയ്ക്കുന്നതും. 2020-ലെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ എതിരാളിയായി ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയായി ആദ്യം കേട്ട പേര് ഈ തീപ്പൊരി പ്രാസംഗികയടെതായിരുന്നു. പക്ഷേ പിന്നീട് തുള്‍സിക്ക് പിന്മാറേണ്ടിവന്നു.

ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളില്‍ നിന്ന്, പ്രത്യേകിച്ച് ബൈഡനുമായും കമലയുമായും ഇടഞ്ഞുനില്‍ക്കുന്ന സമയത്താണ് അവര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലേക്ക് ചേക്കേറുന്നത്. പിന്നെ ട്രംപിനൊപ്പമാണ്. കമലാ ഹാരിസിനെതിരായ സംവാദത്തിന് തയ്യാറെടുക്കുന്നതില്‍ ട്രംപിനെ സഹായിച്ച വ്യക്തികൂടിയായിരുന്നു തുള്‍സി. 2024 ഒക്ടോബര്‍ 22നാണ് തുളസി ഗബാര്‍ഡ് ഔദ്യോഗികമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ചേരുന്നത്. അമേരിക്കയിലെ യുദ്ധവിരുദ്ധ ലിബറലുകള്‍ക്കിടയില്‍ ഗബാര്‍ഡിന് വലിയ സ്വീകാര്യതയാണുള്ളത്. നേരത്തെ ഡെമോക്രാറ്റിക് ഭരണകൂടത്തിന്റെ മിഡില്‍ ഈസ്റ്റിലെ യുദ്ധതന്ത്രങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനവും ഗബാര്‍ഡ് ഉയര്‍ത്തിയിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ അവര്‍ പറഞ്ഞതെല്ലാം വിഴുങ്ങിയിരിക്കയാണ്. നമ്മുടെ നാട്ടിലെ അതേ കക്ഷിരാഷ്ട്രീയക്കളി തന്നെ!




ട്രംപ് കഴിഞ്ഞാല്‍ രണ്ടാമന്‍

ഡെമോക്രാറ്റിക്ക് പാര്‍ട്ടിവിട്ട് റിപ്പബ്ലക്കനായതോടെ ട്രംപിന്റെ അരുമയായി ഗബാര്‍ഡ്. ഡെമോക്രാറ്റുകളെ അടിക്കാനുള്ള വടി ദീര്‍ഘകാലം അവിടെ പ്രവര്‍ത്തിച്ച അവരുടെ കൈയിലുണ്ടായിരുന്നു. ട്രംപിന്റെ പല പ്രസംഗങ്ങളും തയ്യാറക്കിയതും അവര്‍ തന്നെയായിരുന്നു. കമലാഹാരിസുമായും, ഹിലരി ക്ലിന്റുമായി നേരത്തെ തന്നെ ഗബാര്‍ഡിന് ഈഗോക്ലാഷ് അടക്കമുള്ള പ്രശ്നങ്ങളുണ്ടായിരുന്നു. 2020-ലെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ തനിക്ക് ട്രംപിന്റെ എതിരാളിയായി മത്സരിക്കകാനുള്ള സ്ഥാനം നിഷേധിക്കപ്പെട്ടതിന് പിന്നില്‍ ഒബാമയുടെ കരങ്ങള്‍ ഉണ്ടെന്ന് അവര്‍ കരുതുന്നുണ്ട്. അതുകൊണ്ടുതന്നെ ഇവര്‍ക്കൊക്കെ പോരാടന്‍ ഏത് അറ്റംവരെയും അവര്‍ പോകും. കൂടെക്കിടന്നവനേ രാപ്പനി അറിയൂ, എന്ന് പറഞ്ഞതോടെ ഡെമോക്രാറ്റുകളുടെ എല്ലാ ദൗര്‍ബല്യങ്ങളും അറിയാവുന്നയാളാണ് തുള്‍സി. അതുകൊണ്ടുതന്നെ ട്രംപ് അവരെ ഉയര്‍ത്തികൊണ്ടുന്നവന്നു.

2024-ല്‍ തുള്‍സി ഗബാര്‍ഡിനെ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി (ഡിഎന്‍ഐ) നിയമിച്ച് ട്രംപ് ഞെട്ടിച്ചു. അന്ന് ട്രംപ് പറഞ്ഞത്, അവര്‍ അഭിമാനിയായ റിപ്പബ്ലിക്കനാണെന്നായിരുന്നൂ. -'നിര്‍ഭയമായി തന്റെ കരിയറിലുടനീളം പ്രവര്‍ത്തിച്ച തുള്‍സി ഭരണഘടനാപരമായ അവകാശങ്ങള്‍ നേടിയെടുക്കുമെന്നും രാജ്യത്ത് സമാധാനം ഉറപ്പാക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു. അവര്‍ നമുക്കെല്ലാം അഭിമാനമാകും. ദീര്‍ഘകാലം സംശയത്തോടെ മാത്രം വീക്ഷിച്ചിരുന്ന അവിശ്വാസത്തോടെ കണ്ടിരുന്ന രാജ്യത്തിന്റെ രഹസ്യാന്വേഷണ സേവനങ്ങളെ മാറ്റിമറിക്കാനാണ് ആഗ്രഹിക്കുന്നത്''- ട്രംപ് പറഞ്ഞു. തന്റെ ആദ്യകാല ഭരണത്തേയും പ്രചാരണങ്ങളെയും തകര്‍ക്കാന്‍ യു.എസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ ശ്രമിച്ചതായും ട്രംപ് പ്രസ്താവനയില്‍ പറയുന്നു.

18 രഹസ്യാന്വേഷണ ഏജന്‍സികളുടെ മേല്‍നോട്ടം വഹിക്കുകയും ദേശീയ സുരക്ഷയെക്കുറിച്ച് പ്രസിഡന്റിനെ ഉപദേശിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്യുന്ന അതീവ പ്രധാനമായ തസ്തികയാണ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറുടേത്. സിഐഎ, നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറുടെ ഓഫീസ്, എയര്‍ഫോഴ്സ് ഇന്റലിജന്‍സ്, ആര്‍മി ഇന്റലിജന്‍സ്, കോസ്റ്റ് ഗാര്‍ഡ് ഇന്റലിജന്‍സ്, ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി, ഊര്‍ജ്ജ വകുപ്പ്, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റ്, ട്രഷറി ഡിപ്പാര്‍ട്ട്മെന്റ്, ഡ്രഗ് എന്‍ഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷന്‍, ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ), മറൈന്‍ കോര്‍പ്സ് ഇന്റലിജന്‍സ്, നാഷണല്‍ ജിയോ സ്പേഷ്യല്‍-ഇന്റലിജന്‍സ് ഏജന്‍സി, നാഷണല്‍ റിക്കണൈസന്‍സ് ഓഫീസ്, നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി, നേവി ഇന്റലിജന്‍സ്, സ്പേസ് ഫോഴ്സ് ഇന്റലിജന്‍സ് എന്നിവയുടെ മേല്‍നോട്ടമാണ് ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ക്ക് നിര്‍വ്വഹിക്കാനുള്ളത്. ചുരുക്കിപ്പറഞ്ഞാല്‍ ട്രംപ് കഴിഞ്ഞാല്‍ രണ്ടാമന്‍ എന്ന് പറയാവുന്ന രീതിയിലുള്ള അധികാരങ്ങള്‍.

അമേരിക്കയെ വിറപ്പിച്ച 9/11 ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ 2004-ലാണ് ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സ് എന്ന പദവി ഉണ്ടാക്കിയത്. രഹസ്യാന്വേഷണ ഏകോപനം കാര്യക്ഷമമാക്കുന്നതിന് രൂപകല്‍പ്പന ചെയ്തതാണ് ഈ പദവി. വലിയ സുരക്ഷാ ഭീഷണികള്‍ ഉയര്‍ന്നുവരാന്‍ കാരണമായ വിടവുകള്‍ തടയുക എന്നതായിരുന്നു ഈ പദവി രൂപപ്പെടുത്തിയതിന് പിന്നില്‍. അമേരിക്കന്‍ രഹസ്യന്വേഷണ വിഭാഗങ്ങളുടെയെല്ലാം തലവനായി പ്രവര്‍ത്തിക്കേണ്ടയാളാണ് ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍. ദേശീയ ഇന്റലിജന്‍സ് പ്രോഗ്രാമിന്റെ മേല്‍നോട്ടം വഹിക്കുകയും നയിക്കുകയും ചെയ്യുന്ന ചുമതലയ്ക്ക് പുറമെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ കാര്യങ്ങളില്‍ പ്രസിഡന്റ്, ദേശീയ സുരക്ഷാ കൗണ്‍സില്‍, ഹോംലാന്‍ഡ് സെക്യൂരിറ്റി കൗണ്‍സില്‍ എന്നിവയുടെ പ്രധാന ഉപദേശകനെന്ന തന്ത്രപ്രധാനമായ ചുമതലയും അമേരിക്കന്‍ ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ പദവിയ്ക്കുണ്ട്. സിഐഎ, എന്‍എസ്എ, എഫ്ബിഐ എന്നിവയുടെ മേല്‍നോട്ടവും അമേരിക്കന്‍ ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ക്കുണ്ട്. ആഗോളതലത്തിലുള്ള സമഗ്രമായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ സംബന്ധിച്ച് പ്രസിഡന്റിന് ഡെയ്‌ലി ബ്രീഫ് (പിഡിബി) നടത്തേണ്ട ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വവും അമേരിക്കന്‍ ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ക്കാണ്.

പുടിനുമായി ബന്ധമുള്ള വിവാദ വനിത?

അമേരിക്കന്‍ ദേശീയ ഇന്റലിജന്‍സ് (ഡിഎന്‍ഐ) ഡയറക്ടറായുള്ള തുളസി ഗബാര്‍ഡിന്റെ നിയമനം ട്രംപ് നടത്തിയപ്പോള്‍ തന്നെ അത് വന്‍ വിവാദമായിരുന്നു. ട്രംപിന്റെ അപ്രതീക്ഷിത നീക്കം തീര്‍ത്തും ആഭ്യന്തര, അന്തര്‍ദേശീയ രഹസ്യാന്വേഷണ വിഭാഗങ്ങളെ ആശങ്കയിലാക്കിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് അടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി തുള്‍സി ഗബാര്‍ഡിന് ഉണ്ടെന്ന് പറയപ്പെടുന്ന അടുപ്പം തന്നെയാണ് അവരുടെ നിയമനത്തില്‍ എതിര്‍പ്പ് വര്‍ധിപ്പിച്ചത്. ഡെമോക്രാറ്റിക് നേതാവും മുന്‍ സിഐഎ ഉദ്യോഗസ്ഥനുമായ അബിഗെയ്ല്‍ സ്പാന്‍ബെര്‍ഗര്‍ ഗബാര്‍ഡിന്റെ നിയമനത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഗബാര്‍ഡിന് വേണ്ടത്ര തയ്യാറെടുപ്പില്ലെന്നും യോഗ്യതയില്ലെന്നുമാണ് വിമര്‍ശനം. മാത്രമല്ല ഗൂഢാലോചന സിദ്ധാന്തങ്ങളുടെ ആളാണ് അവര്‍ എന്നും എന്നും ബാഷര്‍ അല്‍അസദിനെയും വ്‌ളാഡിമിര്‍ പുടിനേയും പോലുള്ള ഏകാധിപതികളുമായി അടുപ്പമുണ്ടെന്നുമാണ് അബിഗെയ്ല്‍ സ്പാന്‍ബെര്‍ഗറിന്റെ വിമര്‍ശനം. ഗബാര്‍ഡിന്റെ പക്ഷപാതിത്വം രഹസ്യാന്വേഷണ വിലയിരുത്തലുകളെ വളച്ചൊടിക്കുമെന്നഭയവും സ്പാന്‍ബെര്‍ഗര്‍ പങ്കുവെച്ചിരുന്നു.



മുന്‍ അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഇപ്പോള്‍ ട്രംപിന്റെ പ്രധാനവിമര്‍ശകരില്‍ ഒരാളുമായ ജോണ്‍ ബോള്‍ട്ടനും, ബ്രിട്ടന്റെ രഹസ്യാന്വേഷണ സംഘടനയായ എം16ന്റെ മുന്‍തലവന്‍ സര്‍ റിച്ചാര്‍ഡ് ഡിയര്‍ലൗവും ഗബ്ബാര്‍ഡിന്റെ നിയമനത്തിനെതിരെ രംഗത്ത് വന്നു. രഹസ്യാന്വേഷണ രംഗത്ത് പരമ്പരാഗത രീതികളെ നിരാകരിക്കുന്ന നീക്കമെന്ന് ഗബാര്‍ഡിന്റെ നിയമനത്തെ ഡിയര്‍ലൗ വിമര്‍ശിച്ചുവെന്നാണ് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അമേരിക്കന്‍ സഖ്യകക്ഷികളുടെ രഹസ്യന്വേഷണ സംവിധാനങ്ങള്‍ക്കും തുളസി ഗബ്ബാര്‍ഡിന്റെ നിയമനത്തില്‍ ആശങ്കയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഫൈവ് ഐയ്സ് എന്ന ഇന്റലിജന്‍സ് ഷെയറിങ്ങ് ഗ്രൂപ്പിന്റെ എതിര്‍പ്പാണ് ഇതില്‍ പ്രധാനം. അമേരിക്ക, ബ്രിട്ടന്‍, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവരാണ് ഈ സഖ്യത്തിലുള്ളത്. റഷ്യന്‍ അനുകൂല നിലപാടുകള്‍ ഉള്ള തുള്‍സി ഗബ്ബാര്‍ഡിനെ നിയമിച്ചാല്‍ രഹസ്യവിവരങ്ങള്‍ പങ്കിടുന്നതില്‍ വിമുഖത ഉണ്ടായേക്കാമെന്ന് അമേരിക്കന്‍ സഖ്യകക്ഷികളിലെ പ്രധാനികളായ ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പുതിയ ചുമതലയിലേയ്ക്ക് ഗബാര്‍ഡിനെ തിരഞ്ഞെടുക്കുന്നത് അമേരിക്കന്‍ ദേശീയ ഇന്റലിജന്‍സിന് അപമാനമാണെന്ന് സിഐഎ ഓപ്പറേഷന്‍ ഓഫീസര്‍ ഡഗ്ലസ് ലണ്ടന്‍ പറഞ്ഞതായി ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അമേരിക്കന്‍ ഭരണകൂടം ഇത്തരം നിയമനങ്ങളില്‍ തുടര്‍ന്ന് വന്നിരുന്ന പരമ്പരാഗത രീതികളെയെല്ലാം മറികടക്കുന്നതാണെണ് ഗബ്ബാര്‍ഡിന്റെ നിയമം എന്നാണ് പ്രമുഖമാധ്യമങ്ങളും വിമര്‍ശിച്ചു. വ്യക്തിപരമായ വിശ്വസ്തതയ്ക്ക് മുന്‍ഗണന നല്‍കാനുള്ള ട്രംപിന്റെ നീക്കത്തിന്റെ ഭാഗമാണ ഈ നിയമനമെന്ന് വ്യക്തമാണ്. എന്നാല്‍ ഇലോണ്‍ മസ്‌ക്കിന്റെ കാര്യത്തില്‍ ട്രംപിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചു. എന്നാല്‍ കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന രീതിയിലുള്ള ഗബാര്‍ഡിന്റെ പ്രവര്‍ത്തികള്‍ അവര്‍ക്ക് ലേഡി ട്രംപ് എന്ന പേരാണ് സമ്മാനിച്ചത്.




ലേഡി ട്രംപ് ജനിക്കുന്നു

വെട്ടൊന്ന് മുറിരണ്ട് എന്നാണ് ട്രംപിന്റെ ശൈലി. ആലോചിച്ച് മറുപടി പറയുന്ന രീതിയില്ല. തിനിക്ക് എന്താണ് തോനുന്നത് അത് തുറന്നടിച്ചു പറയും. എല്ലാം ആലോചിച്ച് പഠിച്ച് തീരുമാനങ്ങള്‍ എടുക്കയല്ല, എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കയാണ് ട്രംപിന്റെ രീതി. ഏത് സങ്കീര്‍ണ്ണ പ്രശ്നം ചോദിച്ചാലും രണ്ടുമിനിട്ടിനുള്ളില്‍ ട്രംപിന് ഒരു ഉത്തരം ഉണ്ടാവും. അതില്‍ പലതും അശാസ്ത്രീയമാവും, വിവരക്കേടാവും. എന്നാലും ട്രംപിന് പെട്ടെന്ന് ഒരു തീരുമാനുമുണ്ട്. ഈ ശൈലി ട്രംപിന് ലോകമെമ്പാടും ആരാധകരെ ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്. ട്രംപിന്റെ വനിതാ പതിപ്പ് എന്ന് അറിയപ്പെടുന്ന, ഗബാര്‍ഡും ഇതേശൈലിയിലാണ് പ്രവര്‍ത്തനം.

നേരത്തെ തന്നെ ഹിലരി ക്ലിന്റണുമായി അവര്‍ക്ക് പ്രശ്നമുണ്ടായിരുന്നു. 2019-ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് പ്രൈമറിയില്‍ മത്സരിക്കുമ്പോള്‍ ഹിലരി ക്ലിന്റണ്‍, പേര് പറയാതെ തുള്‍സി ഗബാര്‍ഡിനെ റഷ്യന്‍ സ്പൈ എന്ന് വിശേഷിപ്പിച്ചത്. റഷ്യക്കാരുടെ പ്രിയങ്കരിയെന്നും വിളിച്ചിരുന്നു. ഇതിനെതിരെ രൂക്ഷമായ പ്രതികരണം തുള്‍സി ഗബാര്‍ഡും നടത്തിയിരുന്നു. 'നന്ദി ഹിലാരി ക്ലിന്റണ്‍. യുദ്ധക്കൊതിയന്മാരുടെ രാജ്ഞിയും, അഴിമതിയുടെ മൂര്‍ത്തിമത് ഭാവവും, ഡെമോക്രാറ്റിക് പാര്‍ട്ടിയെ ഇത്രയും കാലം തളര്‍ത്തിയ ചെളിയുടെ ആള്‍രൂപവും, ഒടുവില്‍ തിരശ്ശീലയ്ക്ക് പിന്നില്‍ നിന്ന് പുറത്തുവന്നിരിക്കുന്നു' എന്നായിരുന്നു ഗബ്ബാര്‍ഡിന്റെ പ്രതികരണം. താന്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ദിവസം മുതല്‍ തന്റെ പ്രശസ്തി നശിപ്പിക്കാന്‍ യോജിച്ച പ്രചാരണം നടന്നിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

ട്രംപിനെപോലെ വിവാദങ്ങളിലുടെ സോഷ്യല്‍ മീഡിയക്ക് തീപ്പിടിപ്പിക്കുന്ന വ്യക്തിത്വമാണ് ഗബാര്‍ഡും. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേഷത്തിന് പിന്നാലെ 2022 ഫെബ്രുവരിയില്‍ ഗബാര്‍ഡ് പങ്കുവെച്ച എക്സ് പോസ്റ്റ് വിവാദമായിരുന്നു. യുഎസിനോടും റഷ്യയോടും ഉക്രെയ്നിനോടും ഭൗമരാഷ്ട്രീയം മാറ്റിവയ്ക്കാനായിരുന്നു അവരുടെ ആവശ്യം. നാറ്റോ പോലുള്ള സൈനിക സഖ്യങ്ങളില്‍ അംഗമാകാതെ യുക്രെയ്ന്‍ ഒരു നിഷ്പക്ഷ രാജ്യമാണെന്ന് അംഗീകരിക്കാനും ഈ പോസ്റ്റില്‍ ഇവര്‍ ആവശ്യപ്പെട്ടിരുന്നു. 2022 മാര്‍ച്ചില്‍ മറ്റൊരു വിവാദ പോസ്റ്റും ഗബ്ബാര്‍ഡ് പങ്കുവെച്ചിരുന്നു. യുക്രെയ്നില്‍ 25-ലധികം യുഎസ് ഫണ്ട് ബയോലാബുകള്‍ ഉണ്ടെന്നായിരുന്നു എക്സില്‍ ഗബ്ബാര്‍ഡ് കുറിച്ചത്. അമേരിക്കന്‍ പിന്തുണയുള്ള ബയോവീപ്പണ്‍ ലാബുകള്‍ ഉക്രെയ്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റഷ്യ ആരോപിച്ചതിന് പിന്നാലെയായിരുന്നു ഗബാര്‍ഡിന്റെ പോസ്റ്റ്. അമേരിക്കയും യുക്രെയ്നും റഷ്യന്‍ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. ഗിബാര്‍ഡിന്റെ ഈ നിലപാടിനെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അടക്കം വിമര്‍ശിച്ചു. ഇതിന് പിന്നാലെ ബയോലാബും ബയോവെപ്പണ്‍ ലാബും രണ്ടാണെന്നും തന്റെ യഥാര്‍ത്ഥ പോസ്റ്റ് തെറ്റിദ്ധരിക്കപ്പെട്ടെന്നുമുള്ള വിശദീകരിച്ച് ഗബാര്‍ഡ് രംഗത്ത് വന്നിരുന്നു.

2011ലെ സിറിയന്‍ യുദ്ധത്തിലെ അമേരിക്കന്‍ നിലപാടിനെയും ഗബാര്‍ഡ് വിമര്‍ശിച്ചിരുന്നു. അല്‍ അസദിനെതിരായ സിറിയന്‍ പ്രതിപക്ഷ പ്രസ്ഥാനത്തെ പിന്തുണച്ചതിന് 2015ല്‍ ബരാക് ഒബാമ ഭരണകൂടത്തെയും ഗബാര്‍ഡ് വിമര്‍ശിച്ചിരുന്നു. 2017ല്‍ സിറിയയിലേക്കുള്ള ഒരു രഹസ്യ യാത്രയ്ക്കിടെ അല്‍ അസദിനെ കണ്ടുമുട്ടിയതായി ഗബാര്‍ഡ് സിഎന്‍എന്നിനോട് പറഞ്ഞിരുന്നു. അമേരിക്കയോ ഏതെങ്കിലും വിദേശരാജ്യമോ അല്ല സിറിയന്‍ ജനത തന്നെ അവരുടെ ഭാവി നിര്‍ണ്ണയിക്കട്ടെയെന്ന അഭിപ്രായവും അവര്‍ സിഎന്‍എന്നിനോട് പങ്കുവെച്ചിരുന്നു. ആദ്യ ഊഴത്തില്‍ ട്രംപ് രണകൂടം എടുത്ത തീരുമാനങ്ങളെയും ഗബ്ബാര്‍ഡ് വിമര്‍ശിച്ചിരുന്നു. ഇന്ന് അവര്‍ പറഞ്ഞതെല്ലാം വിഴുങ്ങി. ഇന്ന് കുടിയേറ്റമുടക്കമുള്ള വിഷയത്തില്‍ ട്രംപിന് ഒപ്പമാണ് അവര്‍.

ഗീതയില്‍ തൊട്ട് സത്യപ്രതിജ്ഞ

വ്യക്തി ജീവിതത്തിലും എന്നും വാര്‍ത്തകളില്‍ ഇടംപിടിച്ച വനിതയാണ് ഗബ്ബാര്‍ഡ്. ഹിന്ദുമത വിശ്വാസിയാണെങ്കിലും ഇന്ത്യന്‍ വംശജയല്ല ഇവര്‍. തുള്‍സി എന്ന പേര് കാരണം പലപ്പോഴും ഇന്ത്യക്കാരിയാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന ഗബാര്‍ഡ് യഥാര്‍ഥത്തില്‍ അമേരിക്കക്കാരിയാണ്. അമ്മ കരോള്‍ പോര്‍ട്ടര്‍ ഗബാര്‍ഡ് ഒരു ബഹുസാംസ്‌കാരിക കുടുംബത്തിലെ അംഗമായിരുന്നെങ്കിലും അവര്‍ ഹിന്ദുമതത്തില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയായിരുന്നു. മക്കള്‍ക്കെല്ലാം ഹിന്ദുപേരുകളാണ് അവര്‍ നല്‍കിയത്. ഭക്തി, ജയ്, ആര്യന്‍, തുള്‍സി, വൃന്ദാവനം എന്നിങ്ങനെയാണ് പേര്. അമ്മയെപ്പോലെ തുള്‍സിയും ഹിന്ദുമതം പിന്തുടരുകയായിരുന്നു. തുള്‍സിയുടെ ജന്മദേശം അമേരിക്കന്‍ പ്രദേശമായ അമേരിക്കന്‍ സമോവയിലാണ്. വളര്‍ന്നത് ഹവായിയിലും ഫിലിപ്പീന്‍സിലുമാണ്.




അമേരിക്കന്‍ ചാര ഏജന്‍സികളുടെ തലപ്പത്തെത്തിയ ആദ്യ ഹിന്ദു കൂടിയാണ് ഇവര്‍. ഇതിന് പിന്നാലെ തുള്‍സി 'ഹരേ കൃഷ്ണ' ജപിക്കുന്ന വീഡിയോകള്‍ വൈറലായിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ ഇന്ത്യക്കാരിയാണെന്ന അഭ്യൂഹം വ്യാപകമായി പ്രചരിക്കപ്പെട്ടു. നേരത്തെ തനിക്ക് ഇന്ത്യയുമായി ബന്ധമില്ലെന്ന് 2012- ല്‍ തുള്‍സി ഗബാര്‍ഡ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. 'ഞാന്‍ ഇന്ത്യന്‍ വംശജയല്ല' എന്നായിരുന്നു പോസ്റ്റ്.യുഎസ് കോണ്‍ഗ്രസിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഹിന്ദുവെന്ന വിശേഷണവും തുള്‍സി ഗബാര്‍ഡിനുണ്ട്. 2012-ല്‍ യുഎസ് കോണ്‍ഗ്രസിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട തുള്‍സി ഭഗവത്ഗീതയില്‍ തൊട്ടാണ് സത്യപ്രതിജ്ഞ ചെയ്തത്. പിന്നീട് ഈ ഭഗവത്ഗീത ഗബ്ബാര്‍ഡ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചിരുന്നു.

വാല്‍ക്കഷ്ണം: ട്രംപിന്റെ കാലശേഷം റിപ്പബ്ബിക്കന്‍ പാര്‍ട്ടിയില്‍ എന്ത് സംഭവിക്കുമെന്നതും വലിയ ചോദ്യമാണ്. കാലുമാറി വന്ന തുള്‍ഡി ഗബാര്‍ഡിനെ പരമ്പരാഗത റിപ്പബ്ലിക്കാന്‍ നേതൃത്വം അംഗീകരിക്കുന്നില്ല എന്നും റിപ്പോര്‍ട്ടുണ്ട്. കക്ഷി രാഷ്ട്രീയം എന്നാല്‍ ഇന്ത്യയിലെപ്പോലെ തന്നെയാണ് ലോകത്ത് എല്ലായിടത്തും!