''നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ മതേതര രാഷ്ട്രമല്ലാതാകുകയാണ്. എന്നെപ്പോലുള്ള ദശലക്ഷക്കണക്കിനു മതേതര തുര്‍ക്കികള്‍ ഇപ്പോള്‍ കരയുകയാണ്, അവരുടെ ശബ്ദം പക്ഷേ, കേള്‍ക്കുന്നില്ല.'' -2020-ല്‍ ഹാഗിയ സോഫിയ എന്ന ക്രിസ്ത്യന്‍ ദേവാലയം, മോസ്‌ക്ക് ആക്കി മാറ്റിയപ്പോള്‍ ലോകപ്രശസ്ത തുര്‍ക്കിഷ് സാഹിത്യകാരനായ ഒര്‍ഹാന്‍ പാമുക്ക് പറഞ്ഞ വാക്കുകളാണിത്. ഒരു കാലത്ത് സംസ്‌ക്കാരങ്ങളുടെ കളിത്തൊട്ടിലായിരുന്ന തുര്‍ക്കി, എര്‍ദോഗാന്‍ എന്ന മതമൗലികവാദിയുടെ ഭരണകാലത്ത്, ശരിക്കും ഒരു മതരാഷ്ട്രമായി മാറുകയാണ് ഉണ്ടായത്. ഹാഗിയ സോഫിയ, മുസ്ലീം പള്ളിയായപ്പോള്‍, ആഗോള വ്യാപകമായി പ്രതിഷേധം വന്നിരുന്നു. അപ്പോള്‍ അതിനെ പിന്തുണച്ച രാഷ്ട്രമാണ് പാക്കിസ്ഥാന്‍. യൂറോപ്പില്‍ കിടക്കുന്ന തുര്‍ക്കിക്കും, ഏഷ്യയിലെ പാക്കിസ്ഥാനുമായുള ബന്ധം തീര്‍ച്ചയായും മതം വഴി വരുന്നതാണ്.

ഇപ്പോഴിതാ ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ, ജിയോപൊല്‍റ്റിക്സില്‍പോലും തുര്‍ക്കി വലിയ പങ്കുവഹിക്കയാണ്. കാശ്മീരിലെ പഹല്‍ഗാമില്‍ കലിമ ചൊല്ലിക്കാന്‍ നോക്കി, മതം മനസ്സിലാക്കി വെടിയുതിര്‍ത്ത ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, ഇന്ത്യാ - പാക്ക് ബന്ധം വഷളായിരിക്കുമ്പോള്‍ പാക്കിസ്ഥാന് ആയുധങ്ങള്‍ നല്‍കി സഹായിക്കയാണ് തുര്‍ക്കി ചെയ്തത്. ഇന്ന് ചൈന കഴിഞ്ഞാല്‍ 'ജിന്നതുടെ വിശുദ്ധ നാട്ടുകാര്‍ക്ക്' ഏറ്റവും കൂടുതല്‍ സഹായം ചെയ്യുന്നത്, ഒരു കാലത്ത് 'യുറോപ്പിലെ രോഗി'യെന്ന പരിഹസിക്കപ്പെട്ട തുര്‍ക്കിയാണ്.

ഇസ്ലാമിക രാജ്യങ്ങളില്‍ ആണവായുധം കൈവശമുള്ള ഏക രാഷ്ട്രമാണ് പാക്കിസ്ഥാന്‍. സൈനിക ശക്തിയിലും ഒട്ടുംപിന്നിലല്ല. എന്നാല്‍ ഇന്ത്യയുടെ ശക്തിക്ക് മുമ്പില്‍ പാക്കിസ്ഥാന് പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന് കഴിഞ്ഞകാല യുദ്ധങ്ങള്‍ തെളിയിച്ചതാണ്. ഈ വേളയില്‍ ആരാണ് പാക്കിസ്ഥാന്റെ പുതിയ പങ്കാളികള്‍ എന്ന ചോദ്യമാണ് ഉയരുന്നത്. അത് തുര്‍ക്കിതന്നെയാണ്. എന്താണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ജിയോ പൊളിറ്റിക്സില്‍ തുര്‍ക്കിക്കുള്ള താല്‍പ്പര്യം?

സൗദിയും ഇറാനും പാക്കികള്‍ക്കൊപ്പമില്ല

ഒരുകാലത്ത് പാക്കിസ്ഥാന് ആയുധങ്ങളും പണവും നല്‍കിയിരുന്നത് അമേരിക്കയായിരുന്നു. എന്നാല്‍ വാളെടുത്തവന്‍ വാളാല്‍ എന്ന രീതിയില്‍ ഭീകരവാദം ബുമറാങ്ങായതോടെ അമേരിക്ക ആ പരിപാടിയില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്. മാത്രമല്ല, ശീതയുദ്ധകാലത്ത് ഇന്ത്യ സോവിയറ്റ് പക്ഷത്തോടായിരുന്നു കൂടുതല്‍ അടുത്തുനിന്നത്. എന്നാല്‍ സോവിയറ്റ് യൂണിയന്‍ ശിഥിലമായതോടെ, ഇന്ത്യയുടെ വിദേശനയത്തെക്കുറിച്ച് ഇന്ന് അമേരിക്കക്ക് സംശയമൊന്നുമില്ല. നരേന്ദ്രമോദിയും, ട്രംമ്പുമൊക്കെ വ്യക്തിപരമായിപ്പോലും നല്ല സൗഹൃദത്തിലാണ്. അതുകൊണ്ടുതന്നെ ഇനിയുള്ള കാലം അമേരിക്ക പാക്കിസ്ഥാനെ സഹായിക്കില്ല എന്ന് ഉറപ്പാണ്.


സൗദി അറേബ്യ, യുഎഇ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ സമവായത്തിന്റെ പാതയിലാണിപ്പോള്‍. കഴിഞ്ഞ കുറേക്കാലമായി സൗദിയും, യുഎഇയുമായി ഭാരതത്തിന് മികച്ച ബന്ധമാണ്. മാത്രമല്ല കോടിക്കണക്കിന് രൂപയുടെ വാണിജ്യ-വ്യാപാര ബന്ധങ്ങളാണ് ഈ രാജ്യങ്ങള്‍ തമ്മിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ സൗദിയും യുഎഇയുമൊക്കെ സന്ദര്‍ശിച്ചപ്പോള്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. സൗദി കിരീടാവകാശി മുഹമ്മദ് ബില്‍ സുല്‍ത്താനുമായി വളരെ നല്ല ബന്ധമാണ് ഇന്ത്യന്‍ ഭരണാധികാരികള്‍ക്കുള്ളത്. ഇറാനും സൗദിയും, കശ്മീര്‍ പ്രശ്നത്തിന് ചര്‍ച്ചയിലൂടെ പരിഹാരം കാണണെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ പാക്കിസ്ഥാനെ സഹായിക്കുന്ന സൗദി അറേബ്യ പക്ഷേ, യുദ്ധ വേളയില്‍ സൈനിക സഹായം നല്‍കുന്നില്ല. ആഗോള തീവ്രവാദത്തിന് ഫണ്ട് ചെയ്യുന്നുവെന്ന് കരുതുന്ന ഖത്തറുമായിപ്പോലും ഇന്ത്യ നല്ല ബന്ധത്തിലാണ്. ( ഖത്തര്‍ മതപ്പണിക്കുള്ള 'ഹവാലാ ഫണ്ടിങ്ങ്' നിര്‍ത്തിയതാണ് കേരളത്തിലെ ചില ഇസ്ലാമിക പത്രങ്ങളെപ്പോലും ബാധിച്ചതെന്ന് പറയപ്പെടുന്നുണ്ട്!)

ഷിയാ രാഷ്ട്രമായ ഇറാനും, സുന്നി രാഷ്ട്രമായ പാക്കിസ്ഥാനും തമ്മില്‍ നേരത്തെ പ്രശ്നമുണ്ട്. അടുത്തിടെയും ചില സംഘര്‍ഷങ്ങളുണ്ടായിരുന്നു. അതിര്‍ത്തി വഴിയുള്ള പാക്കിസ്ഥന്റെ അനിയന്ത്രിത ഇടപെടല്‍ ആയിരുന്നു തര്‍ക്കത്തിന് കാരണം.അതുകൊണ്ടുതന്നെ കാശീമീര്‍ പ്രശ്നത്തില്‍ ഇറാന്റെ സഹായം, പാക്കിസ്ഥാനും കിട്ടില്ലെന്ന് ഉറപ്പാണ്. ഇറാനുമായി ഇന്ത്യയുടെ ബന്ധം മോശമായിട്ടില്ല. ഇപ്പോഴും വാതക പൈപ്പ്ലൈന്‍ ചര്‍ച്ചയും, എണ്ണ വാങ്ങലുമായി ആ ബന്ധം ഊഷ്മളമാണ്. അഫ്ഗാനുമായും കടുത്ത പ്രശ്നത്തിലാണ് പാക്കിസ്ഥാന്‍. ഇപ്പോള്‍ 30 ലക്ഷത്തോളം വരുന്ന അഫ്ഗാനികളെ, പാക്കിസ്ഥാന്‍ തങ്ങളുടെ രാജ്യത്തുനിന്ന് നാടുകടത്തിക്കൊണ്ടിരിക്കയാണ്. ബലൂച് തീവ്രവാദികളെ പിന്തുണക്കുന്ന പലരും അഫ്ഗാനില്‍ ഒളിത്താവളം അടിച്ചിട്ടുണ്ടെന്നും പാക്കിസ്ഥാന് പരാതിയുണ്ട്. ഈ സാഹചര്യത്തില്‍ രണ്ടേ രണ്ട് രാജ്യങ്ങളെ പാക്കിസ്ഥാനെ സഹായിക്കുന്നുള്ളു. ചൈനയും, തുര്‍ക്കിയും.

ആയുധങ്ങളുമായി തുര്‍ക്കി

അതിര്‍ത്തി നിരീക്ഷണത്തിന് പാക്കിസ്ഥാന്് ഡ്രോണുകള്‍ കൈമാറി ചൈന കൂടെയുണ്ട് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പുറമെ ചൈന ദീര്‍ഘദൂര മിസൈലുകള്‍ എത്തിച്ചതായും സംശയങ്ങളുണ്ട്. ബില്‍റ്റ് റോഡ് പദ്ധതിയുടെ ഭാഗമായി, പാക്കിസ്ഥാനില്‍ കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപമുണ്ട് ചൈനക്ക്. ഗില്‍ജിത്ത്- ബള്‍ട്ടിസ്ഥാന്‍ അടക്കമുള്ള പാക്കിസ്ഥാനിലെ ചില മേഖലകള്‍ ചൈനയുടെ കോളനിപോലെയാണ് കാണുന്നത്. അതുകൊണ്ടുതന്നെ പാക്കിസ്ഥാന്‍ അസ്ഥിരപ്പെടുന്നത് ചൈനയ്ക്ക് സാമ്പത്തികമായി തിരിച്ചടിയാകും. ഈ വേളയിലാണ് സൈനിക സഹകരണം ചൈന തുടരുന്നത്.

എന്നാല്‍ തുര്‍ക്കിയെ സംബന്ധിച്ച് ഇത്തരത്തിലുള്ള ജിയോപൊല്‍റ്റിക്കല്‍ ആകുലതകള്‍ ഒന്നുമില്ല. പക്ഷേ എന്നിട്ടും ഈ യുദ്ധസമാനമായ സാഹചര്യത്തില്‍ ആര്‍ പാക്കിസ്ഥാനെ സഹായിക്കയാണ്. തുര്‍ക്കി വ്യോമസേന ഉപയോഗിക്കുന്ന ഹെര്‍ക്കുലീസ് സി-130 ചരക്ക് വിമാനമാണ് കഴിഞ്ഞ ദിവസം കറാച്ചിയില്‍ എത്തിയത്. പടക്കോപ്പുകള്‍, ആയുധങ്ങള്‍, ഡ്രോണുകള്‍, ഇലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനങ്ങള്‍, ടാങ്ക് വേധ മിസൈലുകള്‍ തുടങ്ങിയവ ഇവ പാക്കിസ്ഥാനിലെത്തിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


പാക് സൈന്യത്തിന്റെ പടക്കോപ്പുകളും മറ്റും കൈകാര്യം ചെയ്യുന്ന രഹസ്യ കേന്ദ്രങ്ങളുള്ള കറാച്ചിയിലാണ് വിമാനം എത്തിയത് . പാക്കിസ്ഥാനും തുര്‍ക്കിയും തമ്മില്‍ പ്രതിരോധ സഹകരണമുണ്ട്. തുര്‍ക്കിയുടെ ബെയ്‌റാക്തര്‍ ഡ്രോണുകള്‍ പാകിസ്താന്‍ സൈന്യം കാര്യമായി ഉപയോ ആറ് ഹെര്‍കുലീസ് സി-130 വിമാനങ്ങളാണ് കറാച്ചിയിലിറങ്ങിയത്. ബെയ്‌റാക്തറിന് പുറമെ തുര്‍ക്കിയുടെ പുതിയ ലോയിറ്ററിങ് അമ്യുണിഷനുകളും പാക്കിസ്ഥാന്‍ വാങ്ങിയെന്നാണ് സംശയം.

പഹല്‍ഗാം ആക്രമണം സംബന്ധിച്ച് അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം വേണം എന്നാണ് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് ചൈനയും പിന്തുണ നല്‍കുന്നു. റഷ്യയോടും പാക്കിസ്ഥാന്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ പരസ്യമായി പാക്കിസ്ഥാനെ റഷ്യ പിന്തുണക്കുന്നില്ല. യുദ്ധോപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യമാണ് തുര്‍ക്കി. ഇന്ത്യ വാങ്ങാന്‍ ആവശ്യപ്പെട്ടിട്ടും കൊടുക്കാത്ത ആയുധങ്ങളാണ് ഇപ്പോള്‍ പാക്കിസ്ഥാന് കൊടുത്തിട്ടുണ്ട്. കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയ്‌ക്കെതിരെ നിലപാട് സ്വീകരിച്ച രാജ്യമാണ് തുര്‍ക്കി. അവരുടെ ബന്ധം വര്‍ഷങ്ങളായി ഉള്ളതാണ്.

മതം ചാലിച്ച ബന്ധം

പാക്കിസ്ഥാനും തുര്‍ക്കിയും തമ്മില്‍ വളരെ നേരത്തെയുള്ള സുദൃഡമായ ബന്ധമാണ്. അതിന്റെ അടിസ്ഥാന കാരണവും മതമാണ്. തുര്‍ക്കിയിലെ ഖിലാഫത്തിന് ഇന്ത്യയില്‍പോലും വേരുകളുണ്ടായി. അത് ഇന്ത്യയുടെ സ്വാതന്ത്ര്യസമരവുമാാെയക്കെ ബന്ധപ്പെട്ടു കിടക്കുന്നു. ഓട്ടോമാന്‍ സാമ്രാജ്യവും, ഇസ്ലാമിക ഖാലിഫേറ്റുമൊക്കെ പാക്കിസ്ഥാനികളുടെ മനസ്സിലും കുളിരുകോരിയിടുന്ന കാര്യമാണ്. യൂറോപ്പിലെ ഇസ്ലാമിക സംസ്‌കൃതിയുടെ പ്രധാന കേന്ദ്രമാണ് തുര്‍ക്കി. മുസ്തഫ കമാല്‍ പാഷയെ പോലുള്ള അങ്ങേയറ്റം മതേതരനായ ഒരു വ്യക്തി ഭരിച്ചിട്ടും ക്രമേണെ ആ നാട് മതമൗലികാവാദത്തിലേക്ക് നീങ്ങുകയാണ് ചെയ്തത്. ഒരുപാട് യുദ്ധങ്ങള്‍ക്കും കണ്ണീരുകള്‍ക്കും സാക്ഷ്യം വഹിച്ച തുര്‍ക്കി, 'യൂറോപ്പിന്റെ രോഗി' എന്ന പരിഹാസപ്പേര് എന്നും അന്വര്‍ത്ഥമാക്കിയിരുന്നു.

മതത്തിന്റെ പേരില്‍ ഉണ്ടായ രാജ്യമാണ് പാക്കിസ്ഥാന്‍. പിന്നെ തുര്‍ക്കിക്ക് അവരെ പിന്തുണക്കാന്‍ ആവാതിരിക്കില്ലല്ലോ. എര്‍ദോഗാന്റെ സമ്പുര്‍ണ്ണ ആധിപത്യമുള്ള തുര്‍ക്കിയില്‍ മതമൗലികാവാദത്തിന് ഇന്നും വലിയ മാര്‍ക്കറ്റാണ്. തുര്‍ക്കിയെയും പാകിസ്ഥാനും തമ്മില്‍ ശക്തവുമായ പ്രതിരോധ ബന്ധമുണ്ട്. ചരിത്രപരമായി, പാകിസ്ഥാനും തുര്‍ക്കിയെയും യുഎസ് നേതൃത്വത്തിലുള്ള ബാഗ്ദാദ് ഉടമ്പടിയുടെയും അതിന്റെ തുടര്‍ന്നുള്ള അസെന്‍ട്രല്‍ ട്രീറ്റി ഓര്‍ഗനൈസേഷന്റെയും (സെന്റോ) ഭാഗമായിരുന്നു. അവര്‍ സൈനികമായി സഹായിക്കുന്നതും ഇതാദ്യമല്ല. പാക് നേവിയുടെയും എയര്‍ഫോഴ്സിന്റെയും നട്ടെല്ലാണ് തുര്‍ക്കി. ആധുനിക വിമാനങ്ങള്‍ കൊടുക്കുന്നതും, മെയിന്റന്‍സ് ചെയ്യുന്നതും, യുദ്ധക്കപ്പലുകള്‍ ഇറക്കുന്നതുമൊക്കെ തുര്‍ക്കിയുടെ സഹായത്തോടെയാണ്.

2014 സെപ്റ്റംബറില്‍ അങ്കാറയിലെ ടര്‍ക്കിഷ് എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രീസില്‍ നിന്ന് പാകിസ്ഥാന്‍ വ്യോമസേനയ്ക്ക് നവീകരിച്ച എ16 ഫൈറ്റിംഗ് ഫാല്‍ക്കണ്‍ ജെറ്റുകള്‍ തുര്‍ക്കി കൊടുത്തിരുന്നു. 2009 ഒക്ടോബറില്‍ പാകിസ്ഥാന്‍ പ്രതിരോധ മന്ത്രാലയം നല്‍കിയ 75 മില്യണ്‍ ഡോളറിന്റെ കരാര്‍ പ്രകാരം വിമാനങ്ങള്‍ നവീകരിച്ചതും, അറ്റകുറ്റപ്പണികള്‍ നടത്തിയതും തുര്‍ക്കിയാണ്. 2011 ജനുവരിയില്‍ 20 മില്യണ്‍ ഡോളറിലധികം വിലവരുന്ന കരാര്‍, പാക് വ്യോമസേന തുര്‍ക്കി പ്രതിരോധ കമ്പനിയായ ഹാവല്‍സാന് നല്‍കിയിരുന്നു.

പാക് നേവി ആധുനികവത്ക്കരിക്കപ്പെട്ടതും, തുര്‍ക്കിയുടെ സഹായത്തോടെയാണ്. ടര്‍ക്കിഷ് കമ്പനിയായ എസ്ടിഎം 2013 ജനുവരിയില്‍ പാകിസ്ഥാന്‍ നേവിയുമായി 80 മില്യണ്‍ ഡോളറിന്റെ കരാറിലാണ് ഒപ്പുവെച്ചത്. കറാച്ചി കപ്പല്‍ശാലയില്‍ കപ്പല്‍ നിര്‍മ്മിക്കുന്നതിനുള്ള ഉപകരണങ്ങള്‍, സംവിധാനങ്ങള്‍, വസ്തുക്കള്‍ എന്നിവ എസ്ടിഎം നല്‍കി. 2016- ല്‍ വിക്ഷേപിച്ച പിഎന്‍എസ് മോവിന്‍ എന്ന് പേരിട്ടതുമായ ലോജിസ്റ്റിക് കപ്പല്‍, പരീക്ഷണങ്ങള്‍ക്ക് ശേഷം 2018 -ല്‍ തുര്‍ക്കി പാകിസ്ഥാന്‍ നേവിക്ക് കൈമാറി.

പാകിസ്ഥാന്‍ നാവികസേനയുടെ മൂന്ന് അഗോസ്റ്റ 90-ബി അന്തര്‍വാഹിനികളുടെ നവീകരവും തുര്‍ക്കിയാണ് നടത്തിയത്. ഇതിനായി 350 മില്യണ്‍ യുഎസ് ഡോളറിന്റെ ഒരു ധാരണാപത്രം 2016-ല്‍ ഒപ്പുവച്ചു. ഈ അന്തര്‍വാഹിനികള്‍ നവീകരിക്കുന്ന ചുമതല തുര്‍ക്കി സ്ഥാപനമായ എസ്ടിഎമ്മാണ് ഏറ്റെടുത്തത്. ഇതടക്കം കോടിക്കണക്കിന് ഡോളറിന്റെ കരാറുകളാണ് പാക്കിസ്ഥാനും തുര്‍ക്കിയും തമ്മില്‍ ഉണ്ടായിരിക്കുന്നത്.


2022 ഒക്ടോബറില്‍, പാകിസ്ഥാനില്‍ നിന്ന് മൂന്ന് സൂപ്പര്‍ മുഷ്ഷാക്ക് വിമാനങ്ങള്‍ വിതരണം ചെയ്തതായി തുര്‍ക്കി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതടക്കം നൂറുകണക്കിന് കരാറുകളാണ് തുര്‍ക്കിയും പാക്കിസ്ഥാനും തമ്മിലുണ്ടായത്. ജനങ്ങള്‍ പട്ടിണി കിടക്കയാണെങ്കിലും, ഇന്ത്യയുമായി ആയുധ മത്സരം നടത്തുന്നതിന്, യുദ്ധോപകരണങ്ങളും, കപ്പലുകളും വാങ്ങിക്കൂട്ടാന്‍ പാക്കിസ്ഥാന്‍ ഒരിക്കലും മടിക്കാറില്ല. പ്രതിരോധ ബജറ്റ് അവര്‍ ഒരിക്കലും വെട്ടിക്കുറക്കാറുമില്ല.

പാക്കിസ്ഥാന്‍ നല്‍കിയത് കോടികള്‍

ഇന്നും യൂറോപ്പിലെ ഏറ്റവും വലിയ സൈനിക ശക്തികളില്‍ ഒന്നാണ് തുര്‍ക്കി. സൈന്യത്തില്‍ 4,81,000 സജീവ ഉദ്യോഗസ്ഥര്‍ ഉണ്ടെന്നാണ് കണക്ക്. റിസര്‍വ് ആര്‍മിയില്‍, 3,80,000പേരും. 25 ബില്യണ്‍ യുഎസ് ഡോളറിന്റെ സൈനിക ബജറ്റാണ് അവരുടേത്. യുഎസ് സായുധ സേനയ്ക്ക് ശേഷം നാറ്റോയിലെ രണ്ടാമത്തെ വലിയ സൈനിക ശക്തിയാണ് തുര്‍ക്കി. പേരുകേട്ടതാണ് അവരുടെ വ്യോമസേനയും, നാവിക സേനയും. അതുകൊണ്ടുതന്നെ കോടിക്കണക്കിന് ഡോളര്‍ നല്‍കിയാണ് പാക്കിസ്ഥാന്‍ തുര്‍ക്കിയുടെ സഹായത്തോെട സേനയെ നവീകരിക്കുന്നത്.

യുദ്ധക്കപ്പലുകള്‍ രൂപകല്‍പ്പന ചെയ്യാനും നിര്‍മ്മിക്കാനും പരിപാലിക്കാനും തദ്ദേശീയമായി കഴിവുള്ള പത്ത് രാജ്യങ്ങളില്‍ ഒന്നാണ് തുര്‍ക്കി. 2018 ജൂലൈയില്‍, തുര്‍ക്കി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രതിരോധ കരാറുകാരായ മിലിട്ടറി ഫാക്ടറി ആന്‍ഡ് ഷിപ്പ്യാര്‍ഡ് മാനേജ്‌മെന്റ് കോര്‍പ്പറേഷനുമായി പാകിസ്ഥാന്‍ നാവികസേന 1.5 ബില്യണ്‍ യുഎസ് ഡോളറിന്റെ ഒരു കരാര്‍ ഒപ്പുവെച്ചിരുന്നു. 2023 ഇസ്താംബുള്‍ നാവിക കപ്പല്‍ശാലയില്‍ വെച്ച്, നിര്‍മ്മിച്ച യുദ്ധകപ്പല്‍, പാകിസ്ഥാന്‍ നാവികസേനയ്ക്ക് കൈമാറിയിരുന്നു.

2018 ജൂലൈയില്‍, തുര്‍ക്കി എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രീസ് നിര്‍മ്മിക്കുന്ന 30 തുര്‍ക്കിഷ് ഹെലികോപ്റ്ററുകള്‍ വില്‍ക്കുന്നതിനുള്ള കരാറില്‍ തുര്‍ക്കിയും പാകിസ്ഥാനും ഒപ്പുവച്ചിരിരുന്നു. ഏകദേശം 1.5 ബില്യണ്‍ യുഎസ് ഡോളര്‍ വിലമതിക്കുന്ന കരാറായിരുന്നു ഇത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഹെലികോപ്റ്ററുകള്‍ വിതരണം ചെയ്യാനായിരുന്നു പദ്ധതി. ഇത് അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നാണ് തടസപ്പെട്ടത്. എന്നാല്‍ തങ്ങള്‍ കൊടുത്തിലെങ്കില്‍ ചൈന കൊടുക്കുമെന്ന വാദമാണ് അന്ന് തുര്‍ക്കി ഉന്നതിച്ചത്. അമേരിക്കയുടെ ഇടങ്കോലുകൊണ്ട് തുര്‍ക്കിയുടെ പല കളികളും നടക്കാതെപോയത്.

എക്സ്റ്റെന്‍ഡന്‍ഷ്യല്‍ ഡ്രോണിന്റെ അവിഭാജ്യ ഘടകങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ഒരു കരാറില്‍ ടര്‍ക്കിഷ് എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രീസും, പാകിസ്ഥാന്റെ നാഷണല്‍ എഞ്ചിനീയറിംഗ് ആന്‍ഡ് സയന്‍സ് കമ്മീഷനും ഒപ്പുവച്ചിരുന്നു. 2021 ഓഗസ്റ്റില്‍ ഇസ്താംബൂളില്‍ നടന്ന അന്താരാഷ്ട്ര പ്രതിരോധ വ്യവസായ മേളയിലാണ് ഈ കരാര്‍ ഔപചാരികമാക്കിയത്. കൂടാതെ ആളില്ലാ ആകാശ വാഹനം (യുഎവി) അടക്കമുള്ളവ, പാക്കിസ്ഥാന് നല്‍കിയതും തുര്‍ക്കിയാണ്. ഇതുപോലെ നിരവധി കാരാറുകള്‍ ഇരുരാജ്യങ്ങളും തമ്മിലുണ്ടായി. ഇതുവെച്ച് നോക്കുമ്പോള്‍ ഒരുകാര്യം വ്യക്തമാണ്. പാക്കിസ്ഥാന്‍ നേവിയുടെയും എയര്‍ഫോഴ്സിന്റെയും നട്ടെല്ലാണ് തുര്‍ക്കി.

നിരവധി സംയുക്ത സൈനിക അഭ്യാസങ്ങളും ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയിട്ടുണ്ട്. 1998-ല്‍ ആരംഭിച്ച അത്താതുര്‍ക്ക്-ജിന്ന സംയുക്ത സൈനികാഭ്യാസം പ്രശസ്തമാണ്. അത് ഇന്നും തുടരുന്നുണ്ട്. ഓരോ രാജ്യവും അവരുടെ സ്വന്തം പ്രദേശത്ത് ഒന്നിടവിട്ട വര്‍ഷങ്ങളില്‍ ഈ അഭ്യാസം നടത്തി. 2023ലെ സംയുക്ത സൈനികാഭ്യാസം ഫബ്രുവരിയില്‍ പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ സ്വാബി ജില്ലയിലെ തര്‍ബേലയില്‍ സമാപിച്ചു. 38 തുര്‍ക്കി സ്പെഷ്യല്‍ ഫോഴ്‌സുകളും പാകിസ്ഥാന്റെ സ്പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പും ഇതില്‍ പങ്കെടുത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക ബന്ധം ഇതില്‍നിന്ന് വ്യക്തമാണെല്ലോ. അതുപോലെ യുഎസ് റെഡ് ഫ്ലാഗ് ആന്‍ഡ് മേപ്പിള്‍ ഫ്ലാഗ് സീരീസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തുര്‍ക്കി വ്യോമസേന നടത്തു അഭ്യാസമാണ് അനറ്റോലിയന്‍ ഈഗിള്‍. ആദ്യത്തെ അനറ്റോലിയന്‍ ഈഗിള്‍ അഭ്യാസം 2001-ല്‍ തുര്‍ക്കിയില്‍ നടത്തി. ഇതിലും സജീവ പങ്കാളിയാണ് പാക്കിസ്ഥാന്‍.

പാകിസ്ഥാനും തുര്‍ക്കിയും സംയുക്ത നാവിക അഭ്യാസങ്ങളും നടത്തിയിട്ടുണ്ട്. 2018 ഏപ്രിലില്‍ അറബിക്കടലിലാണ് ആദ്യത്തെ് ജോയിന്‍ഡ് നേവി ഓപ്പറേഷന്‍ നടന്നത്. പിന്നീട് ഇതിന്റെ പല പതിപ്പുകളുമുണ്ടായി. ഇതിനുപുറമെ, പാകിസ്ഥാന്‍ നയിക്കുന്ന അമാന്‍ അഭ്യാസത്തില്‍ തുര്‍ക്കിയും, പതിവായി പങ്കെടുക്കാറുണ്ട്. അമാന്‍ പരമ്പരയുടെ എട്ടാം പതിപ്പായ അമാന്‍ 2023,ഫെബ്രുവരിയില്‍ കറാച്ചിയിലെ പാകിസ്ഥാന്‍ നേവി ഡോക്ക്യാര്‍ഡിലാണ് നടന്നത്.


തുര്‍ക്കിക്ക് വേണ്ടത് ആഗോള മുസ്ലീം നേതൃത്വം

തുര്‍ക്കിയും പാകിസ്ഥാനും സൗദി അറേബ്യയും തമ്മില്‍ ത്രികക്ഷി പ്രതിരോധ സഹകരണം ഇപ്പോഴും നിലവിലുണ്ട്. 2023 ഓഗസ്റ്റില്‍ റിയാദിലും 2024 ജനുവരിയില്‍ റാവല്‍പിണ്ടിയിലും ഇവര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. രാഷ്ട്രീയമായും ഇരുരാജ്യങ്ങളും ഏറെ സൗഹൃദം പുലര്‍ത്തുന്നു. പക്ഷേ തീവ്രവാദത്തിന്റെ കാര്യത്തില്‍ സൗദി ഇപ്പോള്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എടുക്കുന്നത്. അവര്‍ ഹമാസിനെപ്പോലും പിന്തുണക്കുന്നില്ല. ഇസ്രയേലുമായിപ്പോലും നല്ല ബന്ധത്തിന് ആഗ്രഹിക്കുന്നു. എന്നാല്‍ തുര്‍ക്കി അങ്ങനെയല്ല. പാക്കിസ്ഥാനും. 2016-ല്‍ തുര്‍ക്കിയിലെ അട്ടിമറി ശ്രമത്തെ പാക്കിസ്ഥാന്‍ ശക്തമായി അപലപിക്കുകയും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് ഉറച്ച പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. അതുപോലെ കശ്മീര്‍ വിഷയത്തില്‍ തുര്‍ക്കി പാക്കിസ്ഥാന് സമ്പൂര്‍ണ്ണമായും പിന്തുണ കൊടുക്കുന്നു.

മാത്രമല്ല ഇപ്പോള്‍ സവിശേഷമായ മറ്റൊരു പ്രശ്നം കൂടിയുണ്ട്. തുര്‍ക്കിയുടെ അധികാരം ഏകദേശം സമ്പൂര്‍ണ്ണമായിത്തന്നെ എര്‍ദോഗാന്‍ കയ്യടക്കിയിരിക്കുന്നു. സമ്പൂര്‍ണ്ണാധികാരം സമ്പൂര്‍ണ്ണ അഴിമതിക്ക് കാരണമാകുമെന്ന സിദ്ധാന്തം ഇവിടെ ശരിയായി വരുന്നുണ്ട്. ഇസ്ലാമിനേയും തുര്‍ക്കിഷ് ദേശീയതയേയും അധികാര കേന്ദ്രീകരണത്തിനുള്ള കേവല മാര്‍ഗ്ഗമായി പരിഗണിക്കുകയാണ് എര്‍ദോഗാന്‍. അദ്ദേഹം ആഗ്രഹിക്കുന്നത് ആഗോള മുസ്ലീം നേതൃത്വമാണ്. സൗദിയും, ഇറാനും ക്ഷീണിച്ചതോടെ, ഇനി ആഗോള മുസ്ലീങ്ങളുടെ ഖലീഫയെന്ന പദവി അനൗദ്യോഗികമായി തന്റെ മേല്‍ ചാര്‍ത്തിക്കിട്ടുമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. അപ്പോള്‍ പാക്കിസ്ഥാന്‍ എന്ന ഒരു ഇസ്ലാമിക രാഷ്ട്രത്തിന് ഒരു പ്രശ്നം വരുമ്പോള്‍ തുര്‍ക്കി മാറി നില്‍ക്കുന്നത് എങ്ങനെ. അതായത് തീര്‍ത്തും മത വികാരം തന്നെയാണ് ഇരുവരെയും കൂട്ടിയിണക്കുന്നത്.

ഈ രണ്ടുപേര്‍ക്കുമൊപ്പം ചൈനയും കൂടിച്ചേരുന്നതോടെ തീര്‍ത്തും അപകടകരമായ ഒരു കോമ്പോയായി അത് മാറുകയാണ്. എന്നാല്‍ അമേരിക്ക, ഇസ്രയേല്‍ തുടങ്ങിയ, ഭീകരവാദത്തിന്റെ കെടുതികള്‍ നന്നായി അനുഭവിച്ച രാജ്യങ്ങളുടെ പിന്തുണ തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് ഇന്ത്യ കരുതുന്നത്.

വാല്‍ക്കഷ്ണം: ഒരിക്കലും വിശ്വസിക്കാന്‍ കൊള്ളാത്ത രാജ്യം എന്നാണ്, തുര്‍ക്കിയെക്കുറിച്ച്, ഫോക്സ് ന്യൂസ് എഴുതുന്നത്. ഒരേസമയം യുക്രൈനും, റഷ്യക്കും അയുധങ്ങള്‍ വില്‍ക്കുന്ന രീതിയാണത്രേ അവര്‍ക്ക്. അര്‍മേനിയ, അസര്‍ബൈജാന്‍ പോലുള്ള പഴയ സോവിയറ്റ് റിപ്പബ്ബിക്കുകളെ ഇടനിലക്കാരാക്കി തീവ്രവാദ സംഘടനകള്‍ക്ക് ആയുധം വില്‍ക്കുന്നുവെന്നും തുര്‍ക്കിയുടെ മേല്‍ പരാതിയുണ്ട്. ഈ തുര്‍ക്കിഷ് ആയുധങ്ങളാണത്രേ, നൈജീരിയിലെ ബോക്കോ ഹാമിന്റെ പോലും കൈയിലെത്തുന്നത്!