- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
'അഞ്ചും കെട്ടും പത്തും കെട്ടും, ഇഎംഎസിന്റെ ഓളേം കെട്ടുമെന്ന്' ലീഗുകാർ മുദ്രാവാക്യം വിളിച്ച ഷാബാനു കേസ്; അന്ന് ലിംഗനീതിയുടെ പക്ഷത്തുണ്ടായിരുന്നു ഇടതുപക്ഷവും ഇപ്പോൾ മലക്കം മറിഞ്ഞു; കബറടക്കം തടയപ്പെടുമെന്നും, പള്ളികൾ നിയന്ത്രിക്കപ്പെടുമെന്നും കുപ്രചാരണം; ഏക സിവിൽ കോഡിന്റെ പേരിൽ നടക്കുന്നത് വൻ ഭീതിവ്യാപാരം!
'അഞ്ചും കെട്ടും പത്തും കെട്ടും, ഇഎംസിന്റെ ഓളേം കെട്ടും' .... 1986ലെ ചരിത്ര പ്രസിദ്ധമായ ഷാബാനു കേസിനെ തുടർന്ന്, ലിംഗനീതിക്കുവേണ്ടി ശരീഅത്തിനെതിരെ പ്രതികരിച്ച, സിപിഎം നേതാവ് ഇഎംഎസ് നമ്പൂതിരിപ്പാടിനെതിരെ കേരളത്തിലെ മുസ്ലിം ലീഗുകാർ അടക്കം വിളിച്ച മുദ്രവാക്യമാണിത്. ( ഓള് എന്നാൽ ഭാര്യ) ഞങ്ങൾ തോന്നിയപോലെ കെട്ടുമെന്നും, തോന്നിയപോലെ മൊഴിചൊല്ലുമെന്നും, അവർക്ക് ഒരു പൈസ ചെലവിന് കൊടുക്കില്ലെന്നും പറഞ്ഞ്, കേരളത്തിന്റെ നാൽക്കവലകളിൽ തഖ്ബീർ വിളിച്ച് മുന്നേറിയ ആൾക്കൂട്ടത്തെ പഴയ തലമുറക്ക് ഓർമ്മയുണ്ടാവും. അന്ന് സിപിഎം ലിംഗ നീതിയുടെയും സമത്വത്തിന്റെയും പക്ഷത്ത് ആയിരുന്നു. പക്ഷേ 80കളിൽനിന്ന് അവർ എത്രമാത്രം പിറകോട്ട് പോയി എന്ന്, പിന്നീട് മുത്തലാഖിന്റെയും, ഇപ്പോൾ ഏക സിവിൽകോഡിന്റെയും ചർച്ചകൾ വരുമ്പോൾ അറിയാവുന്നതാണ്.
രാജ്യത്ത് പൊതു സിവിൽ കോഡ് കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിനെ തുടർന്ന് ചർച്ചയും സംവാദങ്ങളും നടക്കുമ്പോൾ, ഇസ്ലാമിക പുരുഷനെ സംരക്ഷിക്കാനുള്ള മതപ്പണിയെടുക്കുന്ന ഒരു ഇടതുപക്ഷത്തെയാണ് നമുക്ക് കാണാൻ കഴിയുന്നത്. ദൗർഭാഗ്യം എന്ന് പറയട്ടെ, ന്യൂനപക്ഷ വോട്ട്ബാങ്ക് ലക്ഷ്യമിട്ട് കോൺഗ്രസ് അടക്കമുള്ള മുഖ്യധാര പ്രതിപക്ഷ പാർട്ടികളും ഈ പാതിയിലാണ്. ആം ആദ്മി പാർട്ടിമാത്രാമാണ്, യൂനിഫോം സിവിൽ കോഡിന് പരസ്യമായി പിന്തുണകൊടുത്ത്, ഒരു അപവാദമായി മാറിയിരിക്കുന്നത്.
ഇത് ഒരു ഒറ്റപെപട്ട സംഭവം അല്ല. നമ്മുടെ ഭരണഘടനാ ശിൽപ്പികൾ വിഭാവനം ചെയ്ത യൂണിഫോം സിവിൽ കോഡിനുള്ള ചർച്ചകൾ എപ്പോഴോക്കെ ഉയരുന്നവോ, അപ്പോഴൊക്കെ അതിനെ മുളയിലേ നുള്ളിക്കളയുന്ന പ്രവണതാണ്, പൊതുവെ കണ്ടുവരുന്നത്. ഭരണഘടന തുല്യാവസരങ്ങളെക്കുറിച്ച് പറയുമ്പോൾ എങ്ങനെയാണ് രണ്ട് നിയമങ്ങളുടെ അടിസ്ഥാനത്തിൽ ഒരു രാജ്യത്തിന് മുന്നോട്ടുപോകാനാവുകയെന്ന ചോദ്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ആഴ്ച ഭോപ്പാലിൽ ഉന്നയിച്ചത്. പൊതു സിവിൽ കോഡ് നടപ്പാക്കണമെന്ന് സുപ്രീംകോടതി തന്നെ ആവശ്യപ്പെട്ടിരിക്കെ ചിലയാളുകൾ ഇതിന്റെ പേരിൽ ജനങ്ങളെ പ്രകോപിപ്പിക്കുകയും ഭിന്നിപ്പിക്കുകയുമാണെന്ന് നരേന്ദ്ര മോദി പറയുകയുണ്ടായി.
ഭരണഘടനയുടെ മാർഗനിർദ്ദേശക തത്വങ്ങൾ, പൊതു സിവിൽ കോഡ് കൊണ്ടുവരണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇന്ത്യയിലെല്ലായിടത്തും പൗരന്മാർക്ക് ബാധകമാവുന്ന പൊതു സിവിൽ കോഡ് സർക്കാർ ഉറപ്പുവരുത്തണമെന്നാണ് ആർട്ടിക്കിൾ 44ലും വ്യക്തമായി പറയുന്നത്. രാജ്യത്ത് ഇപ്പോൾ തന്നെ പൊതുവായ ക്രിമിനൽ നിയമമുണ്ട്. അതുപോലെ സിവിൽ നിയമവും വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പക്ഷേ പൊതു സിവിൽ കോഡ് നിലവിൽ വന്നാൽ കബറടക്കാൻ പോലും അനുവദിക്കില്ലെന്ന ശുദ്ധ നുണ മതമൗലികവാദികളുടക്കം പ്രചിരപ്പിക്കുന്നത്. ഇതെല്ലാം ശുദ്ധ നുണയാണ്. എല്ലാ പൗരന്മാരും ഒരേ മതവിശ്വാസം പുലർത്തണമെന്നതോ അനുഷ്ഠിക്കണമെന്നതോ പൊതു സിവിൽ കോഡിന്റെ ലക്ഷ്യമല്ല. ഇതെല്ലാം മറച്ചുപിടിച്ചുകൊണ്ടുള്ള ഭീതിവ്യാപരമാണ് ചില കേന്ദ്രങ്ങൾ നടത്തുന്നത്.
ഭിന്നിപ്പ് വെറും ആറ് കാര്യങ്ങളിൽ
മതം, ലിംഗം, ലൈംഗിക ആഭിമുഖ്യം എന്നിവ പരിഗണിക്കാതെ എല്ലാ പൗരന്മാർക്കും തുല്യമായി ബാധകമാകുന്ന പൗരന്മാരുടെ വ്യക്തിഗത നിയമങ്ങൾ രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള ഒരു നിർദ്ദേശമാണ് ഏകീകൃത സിവിൽ കോഡ്. വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ എന്നിവയ്‌ക്കെല്ലാം രാജ്യത്താകമാനം എല്ലാ മതവിഭാഗങ്ങൾക്കും ബാധകമായ ഒരു നിയമം ഏകീകൃത സിവിൽ കോഡ് വ്യവസ്ഥ ചെയ്യുന്നു.
ഇന്ത്യയിൽ ക്രിമിനൽ നിയമങ്ങളും സിവിൽ നിയമങ്ങളും ഉണ്ട്. ക്രിമിനൽ നിയമങ്ങൾ എല്ലാവർക്കും ഒരേ പോലെയാണ്. രാജ്യത്തെ ഇസ്ലാംമത വിശ്വാസികൾക്ക് അടക്കം ക്രമിനൽ നിയമങ്ങൾ പിന്തുടരാൻ ഒരു വിഷമവും ഇല്ല. ശരിയ്യ നിയപ്രകാരം വ്യഭിചാരിയെ കല്ലെറിഞ്ഞ് കൊല്ലുകയോ, കട്ടവന്റെ കൈ വെട്ടുകയോ അല്ല നാം ചെയ്യുന്നത്. അപ്പോൾ, രാജ്യത്തിന്റെ ക്രിമിനൽ നിയമങ്ങൾ പിന്തുടുമ്പോൾ ഇല്ലാത്ത എന്ത് മതവികാരമാണ് ഒരു പൊതു സിവിൽ നിയമത്തെ പിന്തുടരുമ്പോൾ വ്രണപ്പെടുയെന്ന് മനസ്സിലാവുന്നില്ല.
ഒരാൾ കൊലചെയ്യപ്പെട്ടാൽ, മരിച്ചവന്റെയോ കൊന്നവന്റെയോ ജാതിയോ മതമോ ഭാഷയോ ഒന്നും പരിഗണിക്കാതെ എല്ലാവരെയും ഒരേപോലെ വിചാരണ ചെയ്ത് ഒരേ നിയമം അനുശാസിക്കുന്ന ശിക്ഷ എല്ലാവർക്കും നൽകുന്നു. ഉദാഹരണത്തിന് നിങ്ങളുടെ പശു അയൽക്കാരന്റെ പുരയിടത്തിൽ കയറി അയാൾക്ക് കൃഷിനാശം വരുത്തിയാൽ ആ കേസ് പരിഗണിക്കുമ്പോൾ നിങ്ങളുടെ ജാതിയോ മതമോ ഭാഷയോ ഒന്നും പരിഗണിക്കാറില്ല. പരിഗണിക്കാൻ പാടുമില്ല.
അതുപോലെ ഇന്ത്യയിൽ 99 ശതമാനം സിവിൽ നിയമങ്ങളും എല്ലാവർക്കും തുല്യമാണ്. എന്നാൽ ഇന്ത്യയിൽ ആറു കാര്യങ്ങളിൽ സിവിൽ നിയമം നടപ്പാക്കേണ്ടി വരുന്ന സന്ദർഭങ്ങളിൽ മതം പരിഗണിക്കേണ്ടി വരുന്നു. വിവാഹം, വിവാഹമോചനം, പിന്തുടർച്ച, സ്വത്തവകാശം, ജീവനാംശം, ദത്തെടുക്കൽ എന്നീ കാര്യങ്ങളിൽ മാത്രമാണ് സിവിൽ നിയമത്തിൽ ഐക്യരൂപം ഇല്ലാത്തത്.
അതായത് ഇന്ത്യയിൽ എല്ലാവർക്കും ഒരു സമയം ഒരു വിവാഹബന്ധം മാത്രമേ പാടുള്ളൂ എന്ന് നിയമം അനുശാസിക്കുമ്പോൾ, ഇസ്ലാം മത വിശ്വാസികൾക്ക് പുരുഷന് ഒന്നിൽ കൂടുതൽ വിവാഹബന്ധം ആവാം. ഇന്ത്യയിൽ എല്ലാവരും വിവാഹമോചനം നിയമപരമായ മാർഗത്തിലൂടെ മതിയായ ജീവനാംശം ഉറപ്പുവരുത്തിക്കൊണ്ട് മാത്രമേ നടപ്പാക്കാവൂ എന്നു പറയുമ്പോൾ ഇസ്ലാം വിശ്വാസിക്ക് അതൊന്നും ആവശ്യമില്ലാതെ ഭാര്യയെ ഒഴിവാക്കാൻ സാധിക്കും. മാതാപിതാക്കൾ മരണപ്പെട്ടാൽ അവരുടെ സ്വത്ത് അവരുടെ മക്കൾക്ക് പൂർണ്ണമായും ലഭിക്കുമ്പോൾ ഇസ്ലാമിലെ പെൺകുട്ടിക്ക് മാതാവിന്റെയോ പിതാവിന്റെയോ സ്വത്തിൽ അര അവകാശം മാത്രമേയുള്ളൂ. കാരണം ഇസ്ലാമിലെ സ്ത്രീ അര പുരുഷൻ മാത്രമാണ്.
ഇവിടെ നിയമത്തിനു മുമ്പിൽ എല്ലാവരും തുല്യരല്ല എന്ന് മാത്രമല്ല ഇവിടെ അനീതിക്ക് എന്നും അടിമപ്പെടേണ്ടിവരുന്നത് ആ സമുദായത്തിലെ സ്ത്രീകൾ മാത്രമാണ്. ലിംഗനീതിയാണ്് അടിസ്ഥാനപരമായി ഏക സിവിൽ കോഡ് മുന്നോട്ട് വെക്കുന്നത് എന്നുകാണാം. ഇതല്ലാതെ ഇപ്പോൾ പ്രചരിക്കുന്നതപോലെ കബറടക്കം നിരോധിക്കാനോ, പള്ളിയിൽ പോകുന്നത് തടയനോ, ഒന്നും ഏകസിവിൽ കോഡ് മൂലം കഴിയില്ല. ഒരു മതപരമായ ആചാരത്തെയോ അനുഷ്ഠാനത്തേയോ അത് ലക്ഷ്യം വെക്കുന്നില്ല.
ഷാബാനു കേസിൽ സംഭവിച്ചത്
ഏക സിവിൽ കോഡിനെക്കുറിച്ചുള്ള ചർച്ചകളുടെ ചരിത്രത്തിലേക്ക് വന്നാൽ അതിന് ഷാബാനുകേസുമായി അഭേദ്യമായ ബന്ധമുണ്ട്. 1932 ൽ മധ്യപ്രദേശ് ഇൻഡോറിലുള്ള അതിസമ്പന്ന അഡ്വക്കേറ്റ് മൊഹമ്മദ് അഹമ്മദ് ഖാൻ വിവാഹിതനായി. വധുവിന്റെ പേര് ഷാബാനു. 14 വർഷം കഴിഞ്ഞപ്പോൾ പ്രായം തിരെ കുറഞ്ഞ ഒരു പെണ്ണിനെ കൂടി അയാൾ നിക്കാഹ് കഴിച്ചു. അതോടെ ഷാബാനുവിന്റേയും അഞ്ചു മക്കളുടേയും കാര്യം കഷ്ടത്തിലായി. ജീവിക്കാൻ മാർഗ്ഗമില്ലാതെ ചെലവിന് കിട്ടാനായി ഷാബാനു ലോക്കൽ കോടതിയിൽ കേസുകൊടുത്തു. കോടതി അനുകൂലമായി വിധിച്ചു.
ഭർത്താവ് ഹൈക്കോടതിയിൽ പോയി. അവിടെയും കോടതി ഷബാനുവിനൊപ്പം നിന്നു. പ്രതിമാസം ജീവനാംശ തുക നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു.
ഇതിനിടയിൽ മൊഹമ്മദ് അന്ന് 62 വയസ് പ്രായമുണ്ടായിരുന്ന ഷബാനുവിനെ മൊഴി ചൊല്ലി. മുസ്ലിം വ്യക്തിനിയമമനുസരിച്ച് മൊഴി ചൊല്ലപ്പെട്ട ഭാര്യയുടെ കാര്യത്തിൽ ഭർത്താവിന് യാതൊരു ബാധ്യതയോ ഉത്തരവാദിത്വമോ ഇല്ലെന്ന് കാണിച്ച് മൊഹമ്മദ് അഹമ്മദ് ഖാൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകി.
ചീഫ് ജസ്റ്റിസ് വൈ ബി ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് കേസ് പരിഗണിച്ചു.സിആർപിസി 125 ന്റെ പരിരക്ഷ മുസ്ലിം സ്ത്രീകൾക്ക് ലഭിക്കുമോ എന്നതായിരുന്നു സൂപ്രീംകോടതിയുടെ മുന്നിലുയർന്ന ചോദ്യം. ക്രിമിനിൽ പ്രൊസീജിയർ കോഡിലെ സെക്ഷൻ 125 പ്രകാരം വിവാഹമോചിതയാകുന്ന എല്ലാ സ്ത്രീകൾക്കും പുനർവിവാഹം ചെയ്യുന്നത് വരെയോ സ്വന്തമായി വരുമാനമാർഗ്ഗം ഉണ്ടാകുന്നത് വരെയോ പഴയ ഭർത്താവ് ജീവനാംശം അതായത് ചെലവിന് ഒരു നിശ്ചിത തുക നൽകേണ്ടതാണ്. തുക കോടതിയാണ് നിശ്ചയിക്കുന്നത്.
സിആർപിസി 125 എല്ലാ ഇന്ത്യക്കാർക്കും ബാധകമായ ക്രിമിനൽ നിയമം. വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മുസ്ലീങ്ങൾക്ക് ഇത് ബാധകമല്ലെന്നും മുസ്ലിം വ്യക്തിനിയമമനുസരിച്ച് മൊഴി ചൊല്ലിയ ഭാര്യയുടെ ഒരു കാര്യവും അന്വേഷിക്കേണ്ട കാര്യവും ഭർത്താവിനില്ലെന്ന് മൊഹമ്മദ് ഖാന് സപ്പോർട്ടുമായി സുപ്രീംകോടതിയിലെത്തിയ ആൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡും വാദിച്ചു.
1985ൽ സുപ്രീംകോടതിയുടെ ചരിത്രപ്രസിദ്ധമായ വിധി പ്രസ്താവമുണ്ടായി. ജാതി മത വർഗ്ഗ വർണ്ണഭേദമില്ലാതെ എല്ലാ ഇന്ത്യൻ സ്ത്രീകളും സിആർപിസി 125ന്റെ സംരക്ഷണ പരിധിയിൽ വരുമെന്നും ഷാബാനുവിന് ജീവനാംശത്തിന് അർഹതയും അവകാശവുമുണ്ടെന്നും കോടതി വിധിച്ചു. ഷാബാനു അപ്പോഴേക്കും എഴുപതുകാരി അമ്മൂമ്മയായിക്കഴിഞ്ഞിരുന്നു.
ഷാബാനുവിന്റെ ഉപോൽപ്പന്നമായി ബാബറി
സത്യത്തിൽ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മതമുറിവായ ബാബറി മസ്ജിദ് പ്രശ്നം പോലും ഷാബാനുകേസിന്റെ ഉപോൽപ്പന്നമാണ്. എഴുത്തുകാരനും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ സജീവ് ആല ഇങ്ങനെ എഴുതുന്നു. '' ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ ഏറ്റവും പുരോഗമനപരമായ ഉത്തരവെന്ന് പറയാവുന്ന ഷാബാനു കേസിലെ സുപ്രീംകോടതി ഉത്തരവിനെതിരെ മുസ്ലിം യാഥാസ്ഥിതികർ തെരുവിലിറങ്ങി.മൃഗീയ ഭൂരിപക്ഷവുമായി അന്ന് രാജ്യം ഭരിച്ച രാജീവ് ഗാന്ധിയും കോൺഗ്രസും അവർക്കൊപ്പം നിന്നു. സുപ്രീംകോടതി വിധി ഇല്ലാതാക്കുന്നതിനായി 1986ൽ രാജീവ് ഗാന്ധി പാർലമെന്റിൽ പുതിയ നിയമം കൊണ്ടുവന്ന് പാസ്സാക്കി. മുസ്ലിം വുവൺ പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്സ് ഓൺഡിവോഴ്സ് 1986 ആക്റ്റ്, എന്നപുതിയ നിയമപ്രകാരം മൊഴിചൊല്ലപ്പെട്ട മുസ്ലിം സ്ത്രീകൾക്ക് ജീവനാംശം ലഭിക്കുവാൻ അർഹതയില്ല. അതായത് സിആർപിസി 125 ന്റെ സംരക്ഷണം മുസ്ലിം സ്ത്രീക്ക് ലഭിക്കില്ല.
മൊഴി ചൊല്ലപ്പെട്ട സ്ത്രീകൾ വഴിയാധാരമായി കണ്ണീരും കയ്യുമായി ജീവിക്കുകയോ മരിക്കുകയോ എന്തുവേണമെങ്കിലും ചെയ്തോട്ടേയെന്ന് ചുരുക്കം.
രാജീവ് ഗാന്ധി കൊണ്ടുവന്ന മനുഷ്യ വിരുദ്ധമായ ഈ കരിനിയമത്തിൽ പ്രതിഷേധിച്ച് കാബിനറ്റ് മന്ത്രിയായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ മന്ത്രിസഭയിൽ നിന്നും പാർട്ടിയിൽ നിന്നും രാജിവച്ചു. പുരോഗമന ശക്തികൾ രാജ്യമെമ്പാടും പ്രതിഷേധമുയർത്തി. ഇഎംഎസിന്റെ നേതൃത്വത്തിൽ സിപിഎമ്മും ശക്തമായി ശരിയത്തിനെതിരെ രംഗത്ത് വന്നു. മുസ്ലിം പ്രീണനം ആരോപിച്ച് അന്ന് മൃതാവസ്ഥയിലായിരുന്ന ബിജെപിയും കത്തിക്കയറി. പ്രതിഷേധം തണുപ്പിക്കാൻ ഹിന്ദുവികാരം ഉത്തേജിപ്പിക്കുവാൻ രാജീവ് ഗാന്ധി അയോധ്യയിൽ കർസേവയും അനുവദിച്ചുകൊടുത്തു. ശേഷം ചരിത്രം.
1984ൽ ലോക്സഭയിൽ രണ്ട് സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി 300ൽ പരം സീറ്റുമായി ഇന്ത്യ ഭരിക്കുന്നു.കോൺഗ്രസ് നാമാവശേഷമായിരിക്കുന്നു.തുല്യരായി ജീവിക്കാനുള്ള അവകാശത്തിനായി ഇന്ത്യൻ ജനാധിപത്യത്തിന്റെ മുന്നിൽ മുസ്ലിം സ്ത്രീകൾ ഇന്നും കരഞ്ഞ് കേണപേക്ഷിക്കുന്നു. മതേതരത്വമെന്നാൽ ഇസ്ലാമിക പുരുഷ ഫാസിസത്തിന് കുടപിടിക്കലായി മാറിക്കഴിഞ്ഞിരിക്കുന്നു. മുത്തലാക്കിനെതിരെ ശബ്ദമയുർത്തുവാൻ അവസാനം ഒരു ഹിന്ദുവർഗ്ഗീയ പാർട്ടി തന്നെ മുന്നോട്ടുവരേണ്ടിവന്നു.അതുതന്നെയാണ് ഇന്ത്യൻ മതേതരത്വം നേരിടുന്ന വലിയ ദുരന്തവും''- സജീവ് ആല ചൂണ്ടിക്കാട്ടി. ഏതാണ്ട് സമാനമായ പ്രശ്നങ്ങളാണ് ഇനി ഏക സിവിൽ കോഡിന്റെ കാര്യത്തിലും വരാൻ പോവുന്നത്.
മുത്തലാഖ് ബിൽ വരുന്നു
ഇപ്പോൾ ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച ചർച്ച തുടങ്ങാനുള്ള കാരണവും, മുത്തലാഖ് ബില്ലിൽ മോദി സർക്കാറിന് കിട്ടിയ വൻ സ്വീകാര്യതയാണ്. 2018ൽ , സുപ്രീം കോടതിയും മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ് നിരോധിക്കയും, ആറുമാസത്തിനുള്ളിൽ നിയമനിർമ്മാണം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. അന്നും വലിയ ബഹളാണ് മുസ്ലിം സംഘടകൾ ഉണ്ടാക്കിയത്. ആൾ ഇന്ത്യ മുസ്ലിം പേഴ്സൺൽ ലോ ബോർഡ് മുത്താലഖിന് ഏർപ്പെടുത്തുന്ന നിരോധനത്തെ എതിർത്തു. ഇത് മതപരമായ പ്രശ്നമാണെന്നും കോടതി ഇടപെടേണ്ടത് ഇല്ലെന്നുമായിരുന്നു ബോർഡിന്റെ നിലപാട്. വാട്‌സ്ആപ്പിലൂടെയും സ്‌കൈപ് വഴിയും കത്ത് മുഖേനയുമെല്ലാം മുത്തലാഖ് ചൊല്ലുന്നത് വ്യാപകമായതോടെയാണ് മുത്തലാഖിനെതിരെ മുസ്ലിം സ്ത്രീകളിൽ നിന്ന് തന്നെ പരാതി വ്യാപകമായത്. ഇതേതുടർന്ന് അവർ തന്നെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
അധികാരത്തിലെത്തിയ അന്ന് മുതൽ നരേന്ദ്ര മോദി സർക്കാർ മുത്തലാഖിനെ എതിർക്കുന്ന നിലപാടാണ് സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പല വേദികളും മുത്തലാഖ് തീർത്തും സ്ത്രീവിരുദ്ധമാണെന്ന് പ്രസ്താവിച്ചു. ലിംഗസമത്വം കാത്തുസൂക്ഷിക്കുവാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുത്തലാഖ് വിഷയം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞിരുന്നു
മുസ്ലിം സ്ത്രീകളുടെ മൗലികാവകാശവും അന്തസ്സും ലംഘിക്കുന്നതാണോ മുത്തലാഖ് എന്നാണ് സുപ്രീം കോടതി വിധിയിൽ പറഞ്ഞിരുന്നത്. മുത്തലാഖ് അസാധുവും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നു ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസുമാരായ റോഹിന്റൺ ഫാലി നരിമാൻ, കുര്യൻ ജോസഫ്, യു.യു. ലളിത് എന്നിവർ വിധിയെഴുതിയപ്പോൾ ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ, ജസ്റ്റിസ് എസ്. അബ്ദുൽ നസീർ എന്നിവർ എതിർത്തു. ഖുറാന്റെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണ് മുത്തലാഖ് എന്ന് ജസ്റ്റിസുമാരായ റോഹിന്റൺ ഫാലി നരിമാൻ, കുര്യൻ ജോസഫ്, യു.യു. ലളിത് എന്നിവർ വ്യക്തമാക്കി. ഖുറാന് എതിരായതായതിനാൽ മുത്തലാഖ് അംഗീകരിക്കാനാകില്ല. പ്രത്യക്ഷമായി വസ്തുനിഷ്ഠമല്ലാത്തതും ഭരണഘടനാ വിരുദ്ധവുമായതിനാൽ മുത്തലാഖ് നിരോധിക്കണമെന്നും മൂവരും ആവശ്യപ്പെട്ടു.
15 വർഷത്തെ വിവാഹ ബന്ധം ഭർത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലി അവസാനിപ്പിച്ച ഉത്തർപ്രദേശിൽ നിന്നുള്ള സൈറ ബാനു, കത്തു വഴി മൊഴിചൊല്ലപ്പെട്ട അഫ്രീൻ റഹ്മാൻ, മുദ്ര പത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുൽഷൻ പ്രവീൺ, ഫോണിലൂടെ മോഴി ചൊല്ലപ്പെട്ട ഇസ്രത് ജഹാൻ, സ്പീഡ് പോസ്റ്റിലൂടെ മൊഴി ചൊല്ലപ്പെട്ട അതിയ സാബ്റി എന്നിവരുടെ ഹർജികൾ രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയും പിടിച്ചു പറ്റിയിരുന്നു. പല മുസ്ലിം വനിതാ സംഘടനകളും മുത്തലാഖിനെ എതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു.
തീർത്തും സ്ത്രീവിരുദ്ധമാണ് മുത്തലാഖ് എന്നതായിരുന്നു ഇതിന് നേരെ ഉയർന്ന പ്രധാനവിമർശനം. സ്വന്തം ഇഷ്ടപ്രകാരം ബന്ധം അവസാനിപ്പിക്കുന്ന പുരുഷൻ അനാഥയാക്കപ്പെട്ട ഭാര്യയ്ക്ക് നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥനല്ലെന്നതും മുത്തലാഖിന്റെ ന്യൂനതയായി ചൂണ്ടിക്കാട്ടപ്പെട്ടു. ഒരു പുരുഷന് അയാളുടെ ഇഷ്ടപ്രകാരം എപ്പോൾ വേണമെങ്കിലും ആ ബന്ധം അവസാനിപ്പിച്ചു പുറത്തു പോകാൻ മുത്തലാഖ് അവസരമൊരുക്കുന്നതായും ബന്ധം തുടരാനുള്ള ഭാര്യയുടെ താത്പര്യം മുത്തലാഖ് കണക്കിലെടുക്കുന്നില്ലെന്നും വനിതാ സംഘടനകൾ വിമർശിച്ചു. ഇതിനെല്ലാം പരിഹാരമാകുന്ന സമഗ്ര നിയമമാണ് കേന്ദ്രം തയ്യാറാക്കിയത്. പതിവുപോലെ ബിജെപി കൊണ്ടുവരുന്ന എന്തിനെ എതിർത്ത് ഇടതുപക്ഷമടക്കം അപഹാസ്യർ ആവുകയും ചെയ്തു. പക്ഷേ ലോക രാഷ്ട്രങ്ങളും, വിവിധ മനുഷ്യാവകാശ സംഘടനകളും, ബിബിസി അടക്കമുള്ള ലോകമാധ്യമങ്ങളും മുത്തലാഖ് ബില്ലിനെ പ്രകീർത്തിക്കയാണ് ഉണ്ടായത്. അതിന്റെ അത്മവിശ്വാസം തന്നെയാണ് മോദി സർക്കാറിനെ ഇപ്പോഴും ഏക സിവിൽ കോഡ് കൊണ്ടുവരുന്നതിലേക്ക് നയിച്ചത്.
വ്യത്യസ്തമായ ഗോവ
ഏക സിവിൽ കോഡ് നടപ്പായാൽ ഇന്ന് പ്രചരിക്കുന്ന രീതിയിലുള്ള പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് നിലവിൽ യുസിസി നടപ്പാക്കിയ ഗോവ.ക്രിസ്ത്യാനി 30 ശതാമനവവും 10 ശതമാനം മുസ്ലിമും ബാക്കി ഹിന്ദുവും താമസിക്കുന്ന ഗോവയിൽ ആർക്കും യുണിഫോം സിവിൽ കോഡിന്റെ പേരിൽ പറയത്തക്ക പ്രശ്നം ഉണ്ടായതായി അറിയില്ല. പോർട്ടുഗീസ് നിയമങ്ങൾ എല്ലാം ഒഴിവാക്കി, 1981ൽ ഇന്ദിര ഗാന്ധി സർക്കാരാണ് ഗോവയിൽ ഏകികൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള സാദ്ധ്യതകളെ കുറിച്ചു പഠിക്കാൻ ഒരു നിയമ കമ്മീഷനെ നിയമിച്ചത്.. പിന്നീട് അതവിടെ നടപ്പിലാക്കി.
എന്നാൽ ഈ നിയമവും പൂർണ്ണമല്ല. ഗോവയിൽ ഹിന്ദു മത വിഭാഗത്തിലെ ചില ആചാരങ്ങൾ ഇപ്പോഴും സിവിൽകോഡിന് പുറത്താണ്. അവയെയെല്ലാം പ്രത്യേക ആചാരങ്ങളായി ഇപ്പോഴും പരിഗണിച്ച് പോരുന്നുവെന്ന് ചുരുക്കം. ഭാര്യ 25 വയസ്സിനുള്ളിൽ ഒരു കുട്ടിയെ പ്രസവിക്കുന്നതിൽ പരാജയപ്പെടുകയാണെങ്കിൽ പ്രത്യേക സാഹചര്യങ്ങളിൽ ഹിന്ദു പുരുഷന്മാർക്ക് ദ്വിഭാര്യത്വത്തിന് അവകാശമുണ്ട്. എന്നാൽ മറ്റ് സമുദായങ്ങൾക്ക്, നിയമം ദ്വിഭാര്യത്വം നിരോധിക്കുന്നു.
റോമൻ കത്തോലിക്കർക്ക് സിവിൽ രജിസ്ട്രാറിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നേടിയ ശേഷം പള്ളിയിൽ വച്ച് അവരുടെ വിവാഹം നടത്താം. മറ്റുള്ളവർക്ക്, വിവാഹത്തിന്റെ സിവിൽ രജിസ്ട്രേഷൻ മാത്രമേ വിവാഹത്തിന്റെ തെളിവായി സ്വീകരിക്കുകയുള്ളൂ. പള്ളിയിൽ വിവാഹം കഴിക്കുന്ന കത്തോലിക്കർ സിവിൽ നിയമപ്രകാരം വിവാഹമോചന വ്യവസ്ഥകളിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കകയാണ്.ഹിന്ദുക്കൾക്ക്, ഭാര്യയുടെ വ്യഭിചാരത്തിന്റെ പേരിൽ മാത്രമേ വിവാഹമോചനം അനുവദിക്കൂ ദത്തെടുക്കപ്പെട്ടവരുടെയും നിയമവിരുദ്ധമായ കുട്ടികളുടെയും കാര്യത്തിൽ നിയമത്തിന് അസമത്വങ്ങളുണ്ട്.
ഇങ്ങനെയുള്ള ചെറിയ പ്രശ്നങ്ങൾ ഉണ്ടെങ്കിലും, ഗോവയിൽ ഇന്ന് കേരളത്തിൽ പ്രചരിപ്പിക്കപ്പെടുന്നതുപോലെ, കബറക്കം അനുവദിക്കാതിരിക്കൽ അടക്കം യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ല. പറയത്തക്ക പ്രശ്നങ്ങളും ഗോവയിൽ ഇല്ല. ഇതെന്താണ് സൂചിപ്പിക്കുന്നത്. ശ്രമിച്ചാൽ ഇന്ത്യ ഒട്ടാകെ ഒരു പ്രശ്നവുമില്ലാതെ സിവിൽ കോഡ് നടപ്പാക്കാം എന്നല്ലോ. അതിനുള്ള ചർച്ചകളെ തന്നെ ഇല്ലാതാക്കേണ്ടതിന്റെ കാര്യമെന്താണ്?
ബിജെപിയുടെ അജണ്ട?
ഏകീകൃത സിവിൽ കോഡ് നല്ലതാണ് പക്ഷേ ബിജെപി നടപ്പാക്കിയാൽ എതിർക്കുമെന്നാണ് ഇപ്പോൾ ചില ഇടതുസർക്കിളികളിൽനിന്നുപോലും വരുന്ന വാദം. നല്ലത് ആര് നടപ്പാക്കിയാൽ എന്താണ് കുഴപ്പം. ബിജെപി കൊണ്ടുവരുന്നതുകൊണ്ട് ഏക സിവിൽ കോഡിൽ മുസ്ലീങ്ങൾ നിസ്‌ക്കരിക്കാൻ പാടില്ല എന്നോ, ഹജ്ജിന് പോകാൻ പാടില്ല എന്നോ എഴുതിവെക്കാൻ കഴിയുമോ. നമ്മുടെ ഭരണഘടനക്ക് അകത്ത് നിന്നുകൊണ്ട് മാത്രമേ നിയമം കൊണ്ടുവരാൻ കഴിയൂ. മറിച്ച് മോദിയല്ല, ആര് വിചാരിച്ചാലും നടക്കില്ല. കോൺഗ്രസ് കൊണ്ടുവരുന്ന ഏകീകൃത സിവിൽ കോഡ് നല്ലത്, ബിജെപിയുടേത് മോശം എന്ന് എങ്ങനെയാണ് പറയാൻ കഴിയുക. നിയമത്തിന്റെ മെറിറ്റാണ്, വ്യക്തികളെയും, പാർട്ടികളെയുമല്ല പരിഗണിക്കേണ്ടത്.
മുത്തലാഖ് വിഷയത്തിലും രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ സമാനമായ നിലപാടാണ് എടുത്തത്. നരേന്ദ്ര മോദി തന്റെ ഭോപ്പാൽ പ്രസംഗത്തിൽ ഇക്കാര്യം എടുത്തു പറയുന്നുണ്ട്. മുത്തലാഖ് മുസ്ലിം വനിതകളെ മാത്രമല്ല, അവരുൾപ്പെടുന്ന കുടുംബങ്ങളെ തന്നെ നശിപ്പിക്കുമെന്നും, ഇക്കാരണത്താലാണ് നിരവധി മുസ്ലിം രാജ്യങ്ങൾ അത് നിരോധിച്ചിട്ടുള്ളതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുകയുണ്ടായി. ''മുത്തലാഖ് ഇസ്ലാമിന്റെ അവിഭാജ്യഘടകമാണെന്ന് ഈ രാജ്യങ്ങൾക്കൊന്നും തോന്നിയില്ല. എന്നിട്ടും ഇവിടെ അങ്ങനെ ചിത്രീകരിക്കുകയായിരുന്നു. ''- മോദി ചൂണ്ടിക്കാട്ടി.
ഇക്കൂട്ടർ തന്നെയാണ് പൊതു സിവിൽ കോഡ് നടപ്പാക്കുന്നതിനെതിരെയും മുൻ പന്തിയിൽ ഉള്ളത്. പുരുഷന്മാർക്കൊപ്പം മുസ്ലിം വനിതകൾക്കും തുല്യാവകാശം ലഭിക്കുന്നതിനെ ഇക്കൂട്ടർ അംഗീകരിക്കുന്നില്ല. പൊതു സിവിൽ കോഡിനെ എതിർത്ത് മുസ്ലിം മതമൗലികവാദികളുമായി ചേർന്ന് കഴിയുന്നത്ര ബഹളമുണ്ടാക്കാനാണ് പ്രതിപക്ഷ പാർട്ടികളും ശ്രമിക്കുന്നത് എന്ന ആരോപണം പ്രതിപക്ഷ കക്ഷികളുടെ സെക്യുലർ വോട്ടുകളാണ് നഷ്ടപ്പെടുത്തുക.
പിന്നെ യൂണിഫോം സിവിൽ കോഡ് ബിജെപിയുടെ ഹിഡൻ അജണ്ടയല്ല. ഓപ്പൻ അജണ്ടയാണ്. പൊതു സിവിൽ കോഡ് രാജ്യത്തിന് ആവശ്യമാണെന്നും, അത് നടപ്പാക്കുമെന്നും നിയമസഭാ-ലോക്‌സഭ തെരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ പ്രകടനപത്രികകളിൽ ആവർത്തിച്ചു പ്രഖ്യാപിച്ചിട്ടുള്ളതാണ്. ബിജെപി ഭരണമുള്ള ചില സംസ്ഥാനങ്ങൾ ഇത് നടപ്പാക്കാനെടുക്കുന്ന നടപടികൾ പല ഘട്ടങ്ങളിൽ എത്തിനിൽക്കുകയാണ്. ഉത്തരാഖണ്ഡും ഗുജറാത്തും അസമുമൊക്കെ ഇതിൽപ്പെടുന്നു.
ബിജെപിയുടെ കാതലായ വിഷയങ്ങളായിരുന്നു, രാമക്ഷേത്ര നിർമ്മാണവും, കാശ്മീരിന്റെ പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കലും, ഏകീകൃത സിവിൽ കോഡും. ഇതിൽ രണ്ടും അവർ സാക്ഷാത്ക്കരിച്ചു കഴിഞ്ഞു. അതിനാൽ 2024ലെ അവരുടെ മുഖ്യ പ്രചാരണം വിഷയം സിവിൽ കോഡ് ആവുമെന്ന് ഉറപ്പാണ്. ഏക സിവിൽ കോഡിനെ മുസ്ലിം സംഘടനകൾ കൂട്ടമായി എതിർക്കുന്നതോടെ. രാമക്ഷേത്ര വിവാദകാലത്തെന്നപോലെ ഒരു ഹൈന്ദവ ധ്രുവീകരണമാണ് ബിജെപി ലക്ഷ്യമിടുന്നത്.
അപ്പോൾ മതേതര പാർട്ടികൾ എന്താണ് ചെയ്യേണ്ടത്. മതത്തെ തൂക്കിനോക്കുമ്പോൾ അവർക്ക് കൈവിറക്കരുത്. യൂണിഫോം സിവിൽ കോഡുകൊണ്ട് പ്രത്യക്ഷത്തിൽ യാതൊരു ദോഷവുമില്ല എന്ന് പറഞ്ഞ്, അവർ അതിനെ പിന്തുണച്ചാൽ, അടുത്ത സാമുദായിക ധ്രുവീകരണത്തിനുള്ള ബിജെപിയുടെ കാർഡ് ചീറ്റിപ്പോവും. പക്ഷേ അത് മനസ്സിലാക്കി കളിക്കാൻ ഇന്ത്യയിലെ പ്രതിപക്ഷത്തിന് കഴിയുന്നില്ല എന്നതാണ് യാഥാത്ഥ്യം.
വാൽക്കഷ്ണം: എന്തിനെയും ഭീതി വ്യാപാരം നടത്തി ആടിനെ പട്ടിയാക്കുക എന്നത് സമകാലീന ഇന്ത്യയുടെ ഒരു ദുരന്തമാണ്. പൗരത്വ ഭേദഗതി നിയമം എന്നത്, പൗരത്വം കൊടുക്കാനുള്ള ബില്ലാണ്. അതുപ്രകാരം നിലവിലുള്ള ഒരു പൗരന്റെയും പൗരത്വം എടുത്തുകളയാൻ കഴിയില്ല. പക്ഷേ കേരളത്തിലടക്കം പ്രചരിക്കപ്പെട്ടത്, മുസ്ലീങ്ങളെ ഘട്ടംഘട്ടമായി നാടുകടത്താനുള്ള പദ്ധതിയായിട്ടാണ്. ഇതേ ഭീതിവ്യാപാരമാണ് ഇപ്പോൾ ഏക സിവിൽ കോഡിന്റെ കാര്യത്തിലും സംഭവിക്കുന്നത്.