'കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, നേപ്പോട്ടിസം'... 'വർഷങ്ങൾക്ക്ശേഷം' എന്ന സിനിമയിലെ നിവിൻ പോളിയുടെ ഈ ഡയലോഗ് വൈറലാവുമ്പോൾ, മലയാള സിനിമയിൽ ഗോഡ്ഫാദർമാരില്ലാതെ ഒറ്റക്ക് വഴിവെട്ടി വന്നവരെക്കുറിച്ചും ചർച്ചകൾ വരികയാണ്. അതിൽ എറ്റവും എടുത്തുപറയേണ്ടത് ഉണ്ണിക്കൃഷ്ണൻ മുകന്ദൻ എന്ന് മുഴുവൻപേരുള്ള, ഉണ്ണി മുകന്ദനെന്ന യുവനടനെയാണ്. അടുത്തകാലത്തൊന്നും ഒരു മലയാള നടൻ ഇത്രയും ഹേറ്റ് കാമ്പയിങ്ങിനും, സൈബർ ലിഞ്ചിങ്ങിനും ഇരയായിട്ടല്ല. അതിന്റെ പ്രധാന കാരണം ഉണ്ണി തന്റെ രാഷ്ട്രീയ നിലപാട് പരസ്യമാക്കിയെന്നതാണ്. താൻ ഒരു ബിജെപി അനുഭാവിയാണെന്നത് അദ്ദേഹം മറച്ചുവെക്കുന്നില്ല. ഇടതുപക്ഷത്തുള്ളവരും, വലതുപക്ഷത്തുള്ളവരും, തിരഞ്ഞെടുപ്പിൽ മത്സരിച്ചവരും, എന്തിന് എംഎൽഎമാരും മന്ത്രിമാരുമായ നടന്മാരൊക്കെ ഉള്ളതാണ് മലയാള സിനിമ. പക്ഷേ അവരൊക്കെ അവരുടെ തൊഴിലിൽ രാഷ്ട്രീയ നിലപാടിന്റെ പേരിൽ സൈബർ ആക്രമണം നേരിടേണ്ടിവരുന്നില്ല.

ഇപ്പോൾ അദ്ദേഹത്തിന്റെ പുതിയ സിനിമയായ ജയ് ഗണേശും ഇതേ പ്രശ്നം നേരിടുകയാണ്. രഞ്ജിത്ത് ശങ്കർ ഒരുപാട് ഹിറ്റ് സിനിമകൾ എടുത്ത സംവിധായകന്റെ മികച്ച ഒരു സിനിമതന്നെയാണിത്. മിക്ക സിനിമകളയും വലിച്ചുകീറി ഭിത്തിയിൽ ഒട്ടിക്കുന്ന, കേരളത്തിന്റെ ആസ്ഥാന സിനിമാ നിരൂപകൻ അശ്വന്ത് കോക്ക്പോലും ജയ് ഗണേശിനെക്കുറിച്ച് നല്ല അഭിപ്രായമാണ് പറയുന്നത്. പക്ഷേ ചിത്രമാകട്ടെ സോഷ്യൽ മീഡിയയിൽ വലിയ ഡീഗ്രഡിങ്ങിന് വിധേയമായിക്കൊണ്ടിരിക്കയാണ്.

ഇവിടെയാണ് മലയാള സിനിമയിലെ കൃത്യമായ ധ്രുവീകരണം ചർച്ചയാവുന്നത്. യാഥർത്ഥത്തിൽ ഇരാവാദവും, സ്വത്വ ഷുഡുവാദവും ഒളിച്ചുകടത്തുന്ന പ്രൊപ്പഗാൻഡ് സിനിമകൾ നിർമ്മിക്കുന്ന ചിലർ മലയാളത്തിലുമുണ്ട്. വിമർശകരുടെ ഭൂതക്കണ്ണാടി അങ്ങോട്ടൊന്നും നീളില്ല. പക്ഷേ ഇതിലൊന്നും തളർന്നുപോകുന്ന നടനല്ല, ഉണ്ണി. യാതൊരു സിനിമ പാരമ്പര്യവുമില്ലാത്ത കുടുംബത്തിൽ ജനിച്ച്, ഗോഡ്ഫാദർമാരില്ലാതെ മലയാള സിനിമയിലെത്തി, പടിപടിയായി വളർന്ന്, 'മാളികപ്പുറം' എന്ന സൂപ്പർ ഹിറ്റ് സിനിമയിലുടെ പാൻ ഇന്ത്യൻ താരമായി ഈയുവാവ് വളർന്നത് കല്ലുംമുള്ളുമുള്ള പാത മറികടന്നുതന്നെയാണ്.

ജയ് ഗണേശിനെതിരെ ഹേറ്റ് കാമ്പയിൻ

ചിത്രം അനൗൺസ് ചെയ്തപ്പോൾ തന്നെ ജയ് ഗണേശ് എന്ന പേരും, ഗണപതിയുമായൊക്കെ ബന്ധപ്പെടുത്തി, ഒരു ഹിന്ദുത്വ പ്രൊപ്പഗൻഡാ മൂവിയെന്ന പ്രചാരണം ചില കേന്ദ്രങ്ങൾ ശക്തമാക്കിയിരുന്നു. എന്നാൽ അതെല്ലാം വ്യാജമായിരുന്നുവെന്ന് ചിത്രം തെളിയിച്ചു. ഇത് ഒരു അത്ഭുതമനുഷ്യന്റെ കഥയല്ല. ഒരു റിയൽ സൂപ്പർ ലൈഫ് ഹീറോയുടേതാണ്. ചിലയിടത്ത് ഇമോഷണൽ ഡ്രാമയായിലും, ചിലയിടത്ത് സസ്പെൻസ് ത്രില്ലറായും, ചിത്രം മികച്ച കാഴ്ചാനുഭവം നൽകുന്നു.

ഒപ്പം കൃത്യമായ ഒരു സോഷ്യൽ മെസേജും ചിത്രം നൽകുന്നു. സൂപ്പർഹീറോ കഥാപാത്രമാണ് ജയ് ഗണേശ് എന്ന മുൻവിധിയോടെ വന്നത് ചിത്രത്തിന് വിനയാകുന്നുണ്ട്. ഗണേശെന്ന സാധാരണക്കാരനായ യുവാവിന്റെ കഥയാണിത്. ബൈക്കർ ആവണമെന്നായിരുന്നു അവന്റെ ആഗ്രഹം. പക്ഷേ ഒരു അപകടം അയാളുടെ ജീവിതം മാറ്റി മറിക്കുന്നു. കാലുകൾ തളർന്ന അയാൾ തന്റെ ജീവിതം മുന്നോട്ടു നീങ്ങുന്നത് വീൽച്ചെയറിലാണ്. സഹതാപവും, ഒറ്റപ്പെടലും അയാൾ ഏറെ പണിപ്പെട്ടാണ് അതിജീവിക്കുന്നത്. ഗ്രാഫിക്‌സ് ഡിസൈനറായ ഗണേശ് ഒരു എത്തിക്കൽ ഹാക്കർ കുടിയാണ്. അങ്ങനെ അവൻ പല കേസുകൽും അഭിഭാഷകരെ സഹായിക്കാറുമുണ്ട്. ഈ പണികൾക്കൊപ്പം, ഗണേശ് എഴുതിക്കൊണ്ടിരിക്കുന്ന അനിമേഷൻ കഥയാണ് ജയ് ഗണേശ്. മറ്റൊരു രീതിയിൽ അത് അയാളുടെ ജീവിത കഥ തന്നെയാണ്. അത് ഒന്ന് മാർക്കറ്റ് ചെയ്ത് വിജയിപ്പിക്കയാണ് അയാളുടെ ലക്ഷ്യം.

ഫ്ളാറ്റിലെ കുട്ടികളുമായാണ് ഗണേശിന് ചങ്ങാത്തം. അങ്ങനെയിരിക്കെയാണ്, ജീവിതത്തിൽ തനിക്കുള്ള ഏക ആത്മസൃഹൃത്തായി അയാൾ പറയുന്ന ഒരു ബാലനെ, അവന്റെ ബർത്ത് ഡേ പാർട്ടിക്കിടെ ആരോ തട്ടിക്കൊണ്ടുപോവുന്നത്. സ്ഥലം എംഎൽഎ കൂടിയായ രാഷ്ട്രീയ നേതാവിന്റെ മകനാണ് ആ കുട്ടി.സംഭവത്തിന്റെ ഏക ദൃക്സാക്ഷിയെന്ന നിലയിൽ പൊലീസിനെ സഹായിക്കാൻ ഗണേശും എത്തുന്നു. തുടർന്നങ്ങോട്ട് ചിത്രം ഒരു ത്രില്ലറായി മാറുന്നുണ്ട്. രഞ്ജിത്ത് ശങ്കറിന്റെ മിക്ക സിനിമകളിലെന്നപോലെ ഒരു സോഷ്യൽ എലമന്റ് ഈ ചിത്രത്തിലുമുണ്ട്. കൊച്ചി നഗരത്തെ സമീപകാലത്ത് പിടിച്ചുകുലുക്കിയ മാലിന്യപ്രശ്‌നം സിനിമയിൽ ഗൗരവത്തോടെതന്നെ ചർച്ച ചെയ്യുന്നുണ്ട്. പക്ഷേ എന്നിട്ടും, സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് ഇടത് സൈബർ സ്പേസുകളിൽനിന്ന് വലിയ പരിഹാസം ചിത്രം നേരിട്ടു. വിദേശ സൂപ്പർ ഹീറോകൾക്കുപകരം ഭാരതീയമായ സൂപ്പർ ഹീറോകൾ വേണം എന്ന പ്രൊപ്പഗാൻഡ ഒളിച്ചുകടത്തുന്നു എന്നൊക്കെയായി പരിഹാസം.

രാഷ്ട്രീയമുള്ള നടൻ

മറ്റു നടന്മാരെപ്പോലെ രാഷ്ട്രീയം ഒളിച്ചുകടത്തുന്ന നടനും, നിർമ്മാതാവുമല്ല ഉണ്ണി. തന്റെ ബിജെപി ആഭിമുഖ്യം അദ്ദേഹം മറച്ചുവെച്ചിട്ടില്ല. പക്ഷേ താൻ ഒരു പാർട്ടിയിലും അംഗമല്ലെന്നും, ഒരു ആശയം പ്രചരിപ്പിക്കുന്നതിനായി സിനിമ എടുക്കേണ്ട കാര്യമില്ലെന്നും ഉണ്ണിമുകന്ദൻ പറയുന്നുണ്ട്. പക്ഷേ എന്നിട്ടും എതിരാളികൾക്ക് അദ്ദേഹം വെറും സംഘി മുകുന്ദനാണ്. ഒരകാര്യവുമില്ലാതെ ഇത്രയും വലിയ ഹേറ്റ് കാമ്പയിൽ അതിജീവിച്ച ഒരു മലയാള നടനും വേറെ ഇല്ലെന്ന് പറയാം.

1987 സെപ്റ്റംബർ 22ന് മുകുന്ദൻ നായരുടെയും റോജി മുകുന്ദന്റെയും മകനായി തൃശൂരിലാണ് ഉണ്ണി ജനിച്ചത്. കാർത്തിക മുതിർന്ന സഹോദരിയാണ്. പിതാവിന് ജോലി ഗുജറാത്തിലെ അഹമ്മദാബാദിൽ ആയതിനാൽ പഠിച്ചത് അവിടെയായിരുന്നു. ചെറുപ്പത്തിലെ പഠിക്കാൻ മിടുക്കനായിരുന്നു ഉണ്ണി. അതുപോലെ തന്നെ പിന്നീട് ജിമ്മനെന്നും, മസിലളിയിൻ എന്നും വിശേഷിപ്പിക്കപ്പെട്ട ആ അസൂയാർഹമായ ശരീരസംരക്ഷണവും അയാൾ കൊച്ചുനാളിൽ തന്നെ തുടങ്ങിയിരുന്നു.

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ നരേന്ദ്ര മോദിക്കൊപ്പം പട്ടം പറത്തിയ രസകരമായ കഥയും ഉണ്ണി ഉണ്ണി മുകുന്ദന് പറയാറുണ്ട്. മനോരമ ന്യൂസിലെ 'നേരെ ചൊവ്വേ' പരുപാടിയിൽ സംസാരിക്കവെ താരം ഇങ്ങനെ പറയുന്നു. "പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എനിക്ക് വളരെ ഇഷ്ടമുണ്ട്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അദ്ദേഹത്തിനൊപ്പം പട്ടം പറത്തിയതൊക്കെ വളരെ ജനുവിനായിട്ടാണ് ഞാൻ പറഞ്ഞത്. അദ്ദേഹം ഒരു പ്രധാനമന്ത്രിയാകുമെന്നോ ഇത്തരത്തിൽ ഒരു രാഷ്ട്രീയ ജീവിതം അദ്ദേഹത്തിന് ഉണ്ടാകുമെന്നോയെന്നും നമുക്ക് അന്ന് അറിയില്ലല്ലോ. മോദിയുമായി പട്ടം പറത്തിയത് കാണിക്കാൻ എനിക്ക് തെളിവൊന്നുമില്ലല്ലോ. അന്ന് സെൽഫിയൊന്നും ഇല്ലല്ലോ. ഗണേശ മഹോത്സവ സമയത്ത് മോദി വന്ന് എല്ലാ ഉത്സരവങ്ങളും വിലയിരുത്തുകയും ഏറ്റവും നല്ല ഗണപതി പ്രതിമ ഉണ്ടാക്കുന്നവർക്ക് സമ്മാനവും നൽകുമായിരുന്നു.'- ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.

പക്ഷേ കഴിഞ്ഞ തവണ ഇലക്ഷൻഫലം വന്നപ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയഫലം പുറത്തുവന്നതിന് പിന്നാലെ ഉണ്ണിമുകുന്ദൻ അദ്ദേഹത്തെ അനുമോദിച്ച് പോസ്റ്റ് ഇട്ടിരുന്നു. അതും വിവാദമായി. ഉണ്ണി ഒറ്റ മിനിട്ടുകൊണ്ട് 'ചാണകമായി'. "ജനങ്ങൾ തങ്ങളുടെ വോട്ടവകാശം ഉപയോഗിച്ചു തിരഞ്ഞെടുത്ത പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നത് ഒരു തെറ്റാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. നിങ്ങൾ എന്നെ സംഘി എന്നോ ചാണകം എന്നോ ഉള്ള ലേബലിൽ മുദ്ര കുത്താൻ ആണ് ശ്രമിക്കുന്നത് എങ്കിൽ നിങ്ങൾ നിങ്ങളെ പറ്റി തന്നെ പൊതു സമൂഹത്തിനു മുന്നിലേക്ക് നൽകുന്നത് വളരെ മോശമായ ഒരു ഇമേജാണ്"- ഇതിന് മറുപടിയായി ഉണ്ണി ഫേസ്‌ബുക്കിൽ കുറിച്ചു.

മസിലളിയനിൽ നിന്ന് മികച്ച നടനിലേക്ക്

പഠനത്തിൽ മിടുക്കനായിരുന്നെങ്കിലും പ്ലസ്ടുകാലത്ത് സിനിമ ഉണ്ണിയുടെ മനസ്സിൽ കയറി. അതോടെ തീർത്തും അസാധാരണമായ ഒരു തീരുമാനമാണ് അയാൾ എടുത്തത്. പഠനം നിർത്തി അഭിനയത്തിലേക്ക് തിരിയുക. മോഹൻലാലിന്റെ സ്ഫടികം സിനിമ കണ്ടതോടെയാണത്രേ ഉണ്ണിയുടെ മനസ്സുമാറിയത്.പക്ഷേ അച്ഛനും അമ്മയും ചേച്ചിയും ഉണ്ണിക്കൊപ്പം നിന്നും. പക്ഷേ സിനിമയിലെ ആരെയും അവർക്ക് അറിയില്ലായിരുന്നു. പ്രശസ്ത സംവിധാകൻ ലോഹിതാദാസാണ്, ഉണ്ണിയെ കണ്ടെത്തിത്. ഉണ്ണിയുടെ പിതാവ് കത്തെഴുതി അഭിനയിക്കാൻ താൽപ്പര്യമുണ്ട് എന്ന് അറിയിച്ചപ്പോൾ, ലോഹിയുടെ അസിസ്റ്റന്റ് വിളിക്കയായിരുന്നു. സ്വന്തം കൈപ്പടയിലെഴുതിയ ബയോഡേറ്റ ആയിരുന്നു ലോഹിയെ ആകർഷിച്ചത്. പിന്നീട് നാട്ടിലെത്തി ലോഹിതാദാസിനെ ഉണ്ണി നേരിട്ട് കണ്ടു. സ്നേഹത്തോടെ സ്വീകരിച്ച അദ്ദേഹം നല്ല കഥാപാത്രത്തിനായി കാത്തിരിക്കാനായിരുന്നു ഉപദേശം നൽകിയത്.

വെറും പതിനേഴ്-പതിനെട്ട് വയസുള്ള പയ്യനെ അത്രയും സ്നേഹത്തോടെയാണ് ലോഹി സ്വകീരിച്ചത്. അച്ഛൻ ലോഹിതദാസിന്റെ അഡ്രസ് തപ്പിപ്പിടിച്ച് തന്നില്ലായിരുന്നെങ്കിൽ താൻ സൈന്യത്തിൽ ചേരുമായിരുന്നു എന്നാണ് ഉണ്ണി മുകുന്ദൻ ഒരിക്കൽ പറഞ്ഞത്. ലോഹിതാദാസിന്റെ അകാലത്തിലുള്ള മരണം ഉണ്ണിക്ക് താങ്ങാനാവുന്നതിൽ അപ്പുറമായിരുന്നു. അന്ന് ഈ ഉണ്ണി ഒരു കൊച്ചു കുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞിട്ടുണ്ട്.

ഗോഡ്ഫാദർമാരില്ലാതെ വളർന്ന നടൻ

ഗോഡ്ഫാദർമാർ ഇല്ലാത്ത ഉണ്ണിക്ക് സിനിമ കൈപ്പേറിയ ഒരുപാട് അനുഭവങ്ങളും നൽകിയിട്ടുണ്ട്. താരപുത്രന്മാരെപ്പോലെ എല്ലാം തളികയിൽവെച്ച് കിട്ടിയ നടനല്ല അയാൾ. കഷ്ടപ്പെട്ട് നേടിയെടുത്താണ്. 2002-ലെ മലയാളം സിനിമയായ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീദൻ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന്റെ സിനിമാ പ്രവേശനം. പക്ഷേ തുടർന്ന അവസരങ്ങൾക്കായി നീണ്ട കാത്തിരിപ്പ്. 2011-ൽ റിലീസായ 'ബോംബേ മാർച്ച് 12' എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാർഡുകൾ ലഭിച്ചു. മമ്മൂട്ടിക്ക് ഒപ്പമുള്ള വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് മമ്മൂട്ടി തന്നെ പലയിടത്തും ഉണ്ണി എന്ന മികച്ച നടനെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞു. പിന്നെഅയാൾ തിരിഞ്ഞുനോക്കിയിട്ടില്ല.

വെച്ചടി വെച്ചടി കയറ്റങ്ങൾ മാത്രമല്ല ശക്തമായ തിരിച്ചടികളും നേരിട്ട നടനാണ് ഉണ്ണി. സനിമയിൽ വന്നപ്പോൾ അദ്ദേഹം കരുതിയത് കുഞ്ചാക്കോ ബോബന്റെതിന് ഒക്കെ സമാനമായ കാൽപ്പനിക കഥാപാത്രങ്ങൾ തനിക്ക് കിട്ടും എന്നായിരുന്നു. പക്ഷേ ഇതുവരെ ഉണ്ണിക്ക് ഇത്തരം റൊമാന്റിക്ക് വേഷങ്ങൾ കിട്ടിയിട്ടില്ല. മസിലളിയൻ എന്ന ഇമേജിൽ ഒരുപരിധിവരെ അദ്ദേഹത്തിന് വിനയുമായി. അങ്ങനെ നല്ല വേഷങ്ങളിൽ നായകൻ ആവാൻ കഴിയാതിരുന്നതോടെ ഉണ്ണി വില്ലൻ വേഷം ചെയ്യാനും തുടങ്ങി. 2017-ൽ റിലീസായ മമ്മൂട്ടിയുടെ 'മാസ്റ്റർ പീസ്' എന്ന സിനിമയിലാണ് ആദ്യം വില്ലൻ ചെയ്തത്. അന്ന് തന്റെ കണ്ണുകൾ നിറഞ്ഞുപോയെന്നും, ആ സമയത്ത് ഉദയകൃഷ്ണ അടക്കമുള്ള സഹപ്രവർത്തകർ നൽകിയ ആത്മവിശ്വാസം വലുതായിരുന്നുവെന്നും ഉണ്ണി ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്.

മാസ്റ്റർ പീസിലെ എസിപി. ജോൺ തെക്കൻ ഐപിഎസ് ശ്രദ്ധിക്കപ്പെട്ടു.
തനിക്ക് പ്രതിനായക വേഷങ്ങളും ഇഷ്ടമാണെന്നും അത്തരം വേഷങ്ങൾ ചെയ്യില്ലെന്ന് ഉറപ്പിച്ചിട്ടില്ലെന്നും മാളികപ്പുറത്തിന്റെ മഹാവിജയത്തിന് ശേഷവും ഉണ്ണി പറയുന്നു. ഉണ്ണി എന്നും ഇമേജ് ബ്രേക്ക് ചെയ്യാൻ ശ്രമിച്ചിരുന്നു. മുഹസ്ൻ പരാരിയുടെ ആദ്യസിനിമയായ കെ എൽ 10ൽ അദ്ദേഹം അവതരിപ്പിച്ചത് മലപ്പുറത്തെ ഫുട്ബോൾ പ്രേമിയായ ഒരു മുസ്ലിം ചെറുപ്പക്കാരന്റെ വേഷമായിരുന്നു. ചിത്രത്തിന് നിരൂപകരുടെ നല്ല അഭിപ്രായം ഉണ്ടായെങ്കിലും സാമ്പത്തികമായി വിജയിച്ചില്ല. പക്ഷേ പിന്നീട് വ്യത്യസ്തമായ വേഷങ്ങളിലൂടെ അയാൾ കത്തിക്കയറി

ഉണ്ണിമുകന്ദന് മാത്രം എന്തുകൊണ്ട് ഇത്രയധികം പൊങ്കാല എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹത്തിന്റെ ഒരു ആരാധിക ഈയിടെ ഒരു കുറിപ്പ് ഇട്ടിരുന്നു. " ഇന്ന് മലയാളത്തിലെ യുവ നടന്മാരിൽ അവിവാഹിതനായ ഉണ്ണിയേട്ടന് നല്ല ലേഡീസ് ഫാൻസ് ഉണ്ട്. പലർക്കും ഇത് ദഹിക്കുന്നില്ല"- സെക്ഷ്വൽ ഫസ്ട്രേഷന്റെ ആശാന്മാരായ മലയാളിക്ക് ഇങ്ങനെ ഒരു അസൂയകൂടി ഉണ്ടെന്നത് തള്ളിക്കളയാൻ പറ്റില്ല! മലയാള സിനിമയിൽ ശരീര സൗന്ദര്യംകൊണ്ട് ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. 'മസിലളിയൻ' എന്ന് പണ്ടുകിട്ടിയ ടാഗിനെ അടുത്തകാലത്തെ, കാമ്പുള്ള കഥാപാത്രങ്ങളിലുടെ ഈ നടൻ മറി കടന്നിട്ടുമുണ്ട്.

സംഘിയാക്കിയ മേപ്പടിയാൻ

ഒരു നടൻ എന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും ഉണ്ണിയുടെ ഇമേജ് മാറ്റിയെടുത്ത ചിത്രമായിരുന്നു മേപ്പടിയാൻ. ആറുകോടി മുടക്കിയെടുത്ത ചിത്രം 30 കോടിയിലേറെ നേടി. പക്ഷേ ആ ചിത്രം തൊട്ടുതന്നെയാണ്, സംഘിപ്പട്ടവും ഉണ്ണിമുകന്ദന് ചാർത്തിക്കിട്ടിയത്. സിനിമയിൽ മുസ്ലിം വില്ലനെ ചിത്രീകരിച്ചു, സേവാഭാരതി ആംബുലൻസ് ഉപയോഗിച്ചു തുടങ്ങിയ വിവാദങ്ങളാണ് ഉയർന്നത്. ഇതോടെ ഉണ്ണിമുകന്ദൻെ സംഘിയാക്കി ചിലർ കാമ്പയിൻ തുടങ്ങി. പക്ഷേ അതിനും ശക്തമായ മറുപടിയാണ് ഉണ്ണിയിൽനിന്നും ഉണ്ടായത്.

ഒരു അഭിമുഖത്തിൽ അദ്ദേഹം ഇങ്ങനെ പറയുന്നു. " ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്‌മെന്റ് പറയാൻ ആറ് കോടി മുടക്കി സിനിമ ചെയ്യേണ്ട കാര്യമില്ലല്ലോ, ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടാൽ പോരേ. ഏത് ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് പറയുമ്പോഴും അതിൽ ക്ലാരിറ്റി പ്രധാനമാണ്. ഈ സിനിമ കണ്ടവർക്ക് വ്യക്തമായി അറിയാം ഇതിൽ ഏത് പൊളിറ്റിക്സ് ആണ് പറയുന്നതെന്ന്. മേപ്പടിയാൻ സിനിമയുടെ നല്ല കാര്യങ്ങൾ ചർച്ചയാക്കുന്നതിന് പകരം നായകൻ അമ്പലത്തിൽ പോയി, മുസ്ലിം വില്ലൻ, ക്രിസ്ത്യൻ വില്ലൻ, സേവാഭാരതി ആംബുലൻസ് കാണിച്ചു എന്നിവയൊക്കെയാണ് ചർച്ചയാക്കിയത്.

എന്നെ സംബന്ധിച്ച് ഈ വിവാദങ്ങൾ വിഷയമായില്ല. ആദ്യത്തെ ഒരാഴ്ച മേപ്പടിയാൻ സിനിമയുടെ ഒരു മെറിറ്റും ഡിസ്‌കസ് ആയില്ല. ശബരിമലയിൽ പോകുമ്പോൾ കറുപ്പും കറുപ്പും അല്ലാതെ വെളുപ്പും വെളുപ്പും ഇടാൻ പറ്റില്ലല്ലോ. ഈ സിനിമ കണ്ട് ഒരു അമ്മ കണ്ണ് നിറഞ്ഞ് സംസാരിച്ചതാണ് എനിക്ക് ജനുവിൻ ഫീഡ് ബാക്ക് ആയി തോന്നിയത്.

സേവാഭാരതി എന്നത് കേരളത്തിൽ ഉള്ള ഒരു സംഘടനയാണ്. അവർക്ക് തീവ്രവാദം പരിപാടിയൊന്നുമില്ല. ഈരാറ്റുപേട്ട റോഡിൽ നിങ്ങൾ നിന്നാൽ ഒരു നാല് തവണ സേവാഭാരതിയുടെ വണ്ടി അങ്ങോട്ടുമിങ്ങോട്ടും പോകുന്നത് കാണാം. നമ്മുടെ സമൂഹത്തിന്റെ കഥ പറയുമ്പോൾ സമൂഹത്തിൽ ഇവർ ഇല്ല എന്നൊന്നും നമ്മുക്ക് പറയാനാവില്ല. അതിൽ ഒരു പൊളിറ്റിക്സുണ്ടോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല. സേവാഭാരതിയുടെ ആംബുലൻസ് ഉപയോഗിച്ച് ആശുപത്രിയിൽ പോയാൽ അതിൽ എന്ത് പൊളിറ്റിക്‌സ് ആണ് ഉള്ളത്. മേപ്പടിയാൻ തിയറ്ററിൽ മികച്ച വിജയം നേടി. ബാംഗ്ലൂർ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ അവാർഡ് നേടി. ഇതൊക്കെയാണ് ആ സിനിമയുടെ സന്തോഷം."- ഉണ്ണി മകുന്ദൻ പറയുന്നു.

പിന്നീട് മനോരമയിൽ ജോണി ലൂക്കോസിന് നൽകിയ അഭിമുഖത്തിലും ഉണ്ണി ഇതുതന്നെ പറയുന്നുണ്ട്. ഒരു ദേശീയവാദി എന്നതിന് അപ്പുറം ഒരു പാർട്ടിയുമായി ബന്ധമില്ലെന്നും അദ്ദേഹം പറയുന്നു. ഒരു സാധാരണ ആംബുലൻസ് ഉപയോഗിച്ച് അവിടെ സേവാഭാരതിയുടെ സ്റ്റിക്കർ ഒട്ടിക്കയല്ല ചെയ്തത് എന്നും, അവർ തങ്ങളെ അത്രയും സമയം സഹായിച്ചുവെന്നും ഉണ്ണി പറയുന്നു. വിമർകരെ പേടിച്ച് തന്റെ പ്രവർത്തനങ്ങളിൽ യാതൊരു മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ഉണ്ണി ചൂണ്ടിക്കാട്ടി.

മാളിക്കപ്പുറത്തിലുടെ പാൻ ഇന്ത്യൻതാരം

മലയാളത്തിൽ നാളിതുവരെ ഒരു സിനിമയും നേരിട്ടിട്ടില്ലാത്ത അതി ശക്തമായ ഹേറ്റ് കാമ്പയിൻ അതിജീവിച്ചാണ് മാളികപ്പുറം എന്ന ചിത്രം വൻ വിജയം നേടിയത് എന്നോർക്കണം. റിലീസ് ചെയ്ത അന്നുമുതൽ തന്നെ സംഘപരിവാർ പ്രൊപ്പഗാൻഡ ഒളിച്ചു കടത്തുന്നു, സ്ത്രീ സമത്വത്തെ പരിഹസിക്കുന്നു തുടങ്ങിയ വിമർശനങ്ങൾ ഈ ചിത്രത്തിനുനേരെ വരാൻ തുടങ്ങി. സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ട സിപിഐക്കാരന്റെ സ്ഥാപനം ആക്രമിക്കുന്നതിനും കേരളം സാക്ഷിയായി. സിപിഐ പ്രവർത്തകനും യുവകലാ സാഹിതി പൊന്നാനി മണ്ഡലം സെക്രട്ടറിയുമായ സി പ്രഗിലേഷാണ് ആ ഹതഭാഗ്യൻ. പോസ്റ്റിന് പിന്നാലെ അയാൾക്കുനേരെ സൈബർ ആക്രമണവുമുണ്ടായി. എന്നിട്ടും അരിശം തീരാതെ പ്രഗിലേഷിന്റെ ഉടമസ്ഥതയിലുള്ള എരമംഗലം സെന്ററിലെ ശോഭ ലൈറ്റ് ആൻഡ് സൗണ്ട് എന്ന സ്ഥാപനം രാത്രിയിൽ തീവെച്ചു നശിപ്പിച്ചു.

പക്ഷേ ചിത്രം കണ്ട നിഷ്പക്ഷരായ ആളുകൾക്ക് അതിൽ ഒളിച്ചുകടുത്തുന്ന സംഘപരിവാർ അജണ്ടകൾ ഒന്നും കാണാനായില്ല. വിശ്വാസികൾ അല്ലല്ലോ സംഘപരിവാർ. മാത്രമല്ല പെൺകുട്ടി പിതാവിന്റെ ചിതക്ക് തീ കൊളത്തുന്നത് അടക്കമുള്ള 'ആചാരലംഘനങ്ങളും' ഈ സിനിമയിലുണ്ട്. കുമാരസംഭവം തൊട്ട് ആമേനും, നന്ദനവും, ആദാമിന്റെ മകൻ അബുവും അടക്കം മതവും വിശ്വാസവും പ്രമേയമായ എത്രയോ ചിത്രങ്ങൾ നാം കണ്ടു. അതുപോലെ ഒരു ചിത്രം തന്നൊണ് ഇതും. ആദ്യം ദിനങ്ങളിൽ ആളുകുറവായിരുന്ന ചിത്രത്തിന്റെ ബുക്കിങ് സ്റ്റാറ്റസ് എടുത്തിട്ട്, സംഘിപ്പടം പൊളിഞ്ഞുവെന്ന് പ്രചാരണം അടിച്ചവരും ഒട്ടേറെ. പക്ഷേ നെഗറ്റീവ് പബ്ലിസിറ്റിയും ഒരു പബ്ലിസിറ്റിയാണെന്ന് ഹേറ്റേഴ്സ് അറിഞ്ഞില്ല. മാളികപ്പുറം മറ്റുഭാഷകളിലും ശ്രദ്ധിക്കപ്പെട്ടു. ശരിക്കും ഒരു പാൻ ഇന്ത്യൻ താരമായി ഉണ്ണി വളരുന്ന അവസ്ഥയാണ് അതോടെ ഉണ്ടായത്.

ആരോപണങ്ങളെ അതിജീവിച്ചു

'മാളികപ്പുറം' സൂപ്പർ ഹിറ്റായതോടെ, ഉണ്ണിക്കെതിരെയുള്ള ഹേറ്റ് കാമ്പയിനും സജീവമായി. പക്ഷേ അതിനെയെല്ലാം പുറംകാലുകൊണ്ട് തട്ടിയെറിയാൻ ഈ നടന് അഴിഞ്ഞു. അടുത്തിടെ മറ്റുചില ആരോപണങ്ങളും കേസുകളും വരെ ഉണ്ണിക്കെതിരെ ഉയർത്തി. എന്നാൽ, ഇതെല്ലാം അവസാനം എങ്ങുമെത്താതെ പോകുകയാണ.

ഇതുപോലെയാണ് ഉണ്ണി മുകന്ദനെതിരെ ഉയരുന്ന മിക്ക ആരോപണങ്ങളുടെയും അവസ്ഥ. ഉള്ളി തൊലിക്കുന്നപോലെ തൊലിച്ചുവന്നാൽ അതിൽ ഒന്നും ഉണ്ടാവില്ല. കഴിവുള്ളവനെ കൂവിത്തോൽപ്പിക്കാനാവില്ല. കഴിഞ്ഞ കുറച്ചുകാലം കൊണ്ട് ഉണ്ണിമുകന്ദൻ എന്ന നടൻ, കയറിയിരിക്കുന്നത് ലക്ഷക്കണക്കിന് ജനഹൃദയങ്ങളിലാണ്. അതിനെ രാഷ്ട്രീയ അഭിപ്രായ വ്യത്യാസംമൂലമുള്ള ഹേറ്റ് കാമ്പയിൻ കൊണ്ട് തകർക്കാൻ കഴിയില്ല.

വാൽക്കഷ്ണം: ഉണ്ണിമുകന്ദനെ, സംഘിമുകന്ദൻ എന്നാക്കി ഒരു വിഭാഗത്തിന്റെ മാത്രം നടനായി ചിത്രീകരിച്ച് ഒതുക്കാനുള്ള നീക്കം ചിലർ നടത്തുന്നുണ്ട്. കേരളംപോലെ ഒരു മതേതര ഫാബ്രിക്കുള്ള സ്ഥലത്ത് ഒരു നടൻ എല്ലാ ജനങ്ങളുടേതും ആയിരിക്കണം. ടൈപ്പാവാതെ കഥാപാത്രങ്ങളിൽ ശ്രദ്ധിക്കുകയും, അനാവശ്യ വിവാദങ്ങളിൽനിന്ന് ഒഴിഞ്ഞ് കരിയറിൽ ശ്രദ്ധിക്കുകയും ചെയ്താൽ, ഒരു സംശയവും വേണ്ട മലയാളത്തിൽനിന്നുള്ള പാൻ ഇന്ത്യൻ താരം തന്നെയായിരിക്കും, ഉണ്ണി മുകന്ദൻ.