- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
വെറും 36 പൈസ മൂലധനത്തിൽ ഒരു കുഗ്രാമത്തിൽ തുടക്കം; ഇന്ന് ലോകത്തെ രണ്ടാമത്തെ ലേബർ സൊസൈറ്റി; ടി പി വധത്തിന്റെ കാരണമായി മാറിയെന്നും ആക്ഷേപം; വാഗ്ഭടാനന്ദനിൽ നിന്ന് നേതൃത്വം പിണറായിയിലേക്ക്; ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്ക് നൂറുവയസ്സാവുമ്പോൾ!
മലബാറിലെ ഒരു കുഗ്രാമത്തിൽ, വെറും 36 പൈസ മൂലധനത്തിൽ, കൂലിവേലക്കാരുടെ പരസ്പര സഹായ സംഘമായി തുടങ്ങിയ ഒരു സൊസൈറ്റി, എഷ്യയിലെ ഏറ്റവും വലുതും, ലോകത്തിൽ രണ്ടാമത്തേതുമായ ലേബർ സൊസൈറ്റി എന്ന പദവിയിലാണ് എന്നത് അവിശ്വസനീയമായി തോന്നും. ഇപ്പോൾ നൂറാംവാർഷികം ആഘോഷിക്കുന്ന, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യു.എൽ.സി.സി.എസ്.) ശരിക്കുമൊരു അത്ഭുതമാണ്. പതിനെട്ടായിരത്തോളം തൊഴിലാളികൾ, ഇതിൽ 1500-ഓളം എൻജിനിയർമാർ, നിർമ്മാണരംഗത്ത് സമ്പൂർണ സ്വയംപര്യാപ്തത, നിലവിൽ ഒരേസമയം, 4700 കോടി രൂപയുടെ 800-ഓളം പ്രവൃത്തികൾ, 2023-ൽമാത്രം 2398 കോടി രൂപയുടെ വരുമാനം... ഐ.ടി., ടൂറിസം തുടങ്ങി വിവിധമേഖലകളിലായി 15-ഓളം സ്ഥാപനങ്ങൾ. അങ്ങനെ പടർന്നു പന്തലിച്ചിരിക്കയാണ് സാമൂഹിക പരിഷ്ക്കർത്താവ് വാഗ്ഭടാനന്ദൻ തുടങ്ങിയ ഈ സ്ഥാപനം.
ഊരാളുങ്കലിനെ യുനെസ്കോ വിശേഷിപ്പിച്ചത് 'മാതൃകാ സഹകരണ സംഘം' എന്ന പേര് നൽകിയാണ്. തൊഴിലാളികൾ തന്നെ പ്രധാന തീരുമാനങ്ങൾ എടുക്കുന്ന ലോകത്തിലെ അപൂർവം സ്ഥാപനങ്ങളിലൊന്നാണിത്. 2019-ലാണ് ഊരാളുങ്കൽ സൊസൈറ്റിയെ ഇന്റർനാഷണൽ കോപ്പറേറ്റിവ് അലയൻസ് അംഗത്വം നൽകി ആദരിക്കുന്നത്. ഈ സമിതിയിൽ അംഗത്വം ലഭിക്കുന്ന ആദ്യത്തെ സഹകരണം സംഘം ആണെന്നോർക്കണം.
ഒരു ജനതയുടെ സാമ്പത്തികവും സാമൂഹികവുമായ ഉയർച്ചയ്ക്കുവേണ്ടി വാഗ്ഭടാനന്ദൻ വിത്തുപാകിയ പ്രസ്ഥാനം നൂറാംവർഷത്തിൽ പൂർണ്ണമായും സിപിഎമ്മിന്റെ പിടിയിലായിരിക്കുന്നെന്നാണ് വാസ്തവം. അന്ന് വാഗ്ഭടാനന്ദന്റെ നേതൃത്വമായിരുന്നെങ്കിൽ ഇന്ന് സിപിഎമ്മിന്റെ സമ്പൂർണ്ണ നിയന്ത്രണത്തിലൂടെ പരോക്ഷമായി പിണറായി വിജയൻ തന്നെയാണ് ഊരാളുങ്കലിന്റെ ഉടമ. സിപിഎമ്മിന്റെ ക്രോണിയാണ് ഈ സ്ഥാപനം എന്നാണ് ആക്ഷേപം. സർക്കാറിന്റെ വഴിവിട്ട സഹായത്തോടെയാണ് ഊരാളുങ്കൽ വളർന്നത് എന്ന് ആരോപിക്കുന്നവർക്കുപോലും അവരുടെ വർക്ക് കൾച്ചറിനെ അംഗീകരിക്കാതിരിക്കാൻ ആവില്ല.
തുടക്കം 26 പൈസ മൂലധനത്തിൽ
അന്ധവിശ്വാസവും അയിത്തവും കൊടികുത്തി വാണ സ്ഥലമായിരുന്നു, കോഴിക്കോട് ജില്ലയിലെ വടകരക്കടുത്തെ ഊരാളുങ്കൽ. ഇക്കാലത്ത് വാഗ്ഭടാനന്ദ ഗുരുദേവൻ മാഹിയിൽ പ്രഭാഷണം നടത്തി. സാമൂഹ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഒരു കൂട്ടം ചെറുപ്പക്കാർ ഈ പ്രസംഗം കേൾക്കുകയും, വാഗ്ഭടാനന്ദനെ ഊരാളുങ്കലിലേക്ക് കൊണ്ടുവരുകയുമായിരുന്നു. കാരക്കാടെന്നാണ് ഈ പ്രദേശം അന്നറിയപ്പെട്ടിരുന്നത്. പിന്നീട് വാഗ്ഭടാനന്ദന്റെ നേതൃത്വത്തിൽ അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കുമെതിരെ പ്രവർത്തനങ്ങൾ നടന്നു. പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി 1917ൽ കേരള ആത്മവിദ്യാസംഘവും രൂപീകരിച്ചു. എന്നാൽ ആത്മവിദ്യാസംഘത്തിൽ പ്രവർത്തിച്ചിരുന്നവർക്ക് ഭൂപ്രഭുക്കന്മാർ ജോലി നിഷേധിച്ചു.
ജോലിയില്ലാത്ത അവസ്ഥ വന്നപ്പോൾ വാഗ്ഭടാനന്ദൻ കണ്ടെത്തിയ പോം വഴിയായിരുന്നു, സൊസൈറ്റി. മദ്രാസ് 1912 ആക്ട് പ്രകാരം 1925ൽ ഊരാളുങ്കലിൽ കൂലിവേലക്കാരുടെ പരസ്പരസഹായ സംഘം പിറവിയെടുത്തു. ഫെബ്രുവരി 13-നാണ് സംഘം രജിസ്റ്റർ ചെയ്യുന്നത്. മൂലധനം 36 പൈസ. വാഗ്ഭടാനന്ദന്റെ ശിഷ്യന്മാരായ 14 പേരായിരുന്നു പ്രമോട്ടിങ് കമ്മിറ്റി അംഗങ്ങൾ. ചാപ്പയിൽ കുഞ്ഞ്യേക്കു ഗുരുക്കളെ ആദ്യത്തെ പ്രസിഡന്റായി തിരഞ്ഞെടുത്തു. രജിസ്ട്രേഷനു മുമ്പുതന്നെ 1924-ലെ വെള്ളപ്പൊക്കത്തിൽ തകർന്ന ബണ്ടുകളുടെയും മത്സ്യത്തൊഴിലാളികളുടെ ചാപ്പകളുടെയും പുനർനിർമ്മാണം അവർ ഏറ്റെടുത്തു.
ആദ്യകാലത്ത് സംഘത്തിന് യാതൊരുവിധ പ്രവൃത്തിയും ലഭിച്ചില്ല. ഇതുകൊണ്ടുതന്നെ സംഘം പിരിച്ചുവിടാനുള്ള ആലോചന വരെ സഹകരണ വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായി. 1926 മെയ് 26ന് ആദ്യപണി കിട്ടി. നിരത്തുകൾ നന്നാക്കലായിരുന്നു ഇത്. പ്രവൃത്തിക്ക് മുൻകൂർപണം വേണ്ടതിനാൽ മലബാർ ഡിസ്ട്രിക്ട് ബാങ്കിൽ നിന്ന് 500 രൂപ വായ്പ വാങ്ങി. പ്രവൃത്തി തൃപ്തികരമായിത്തന്നെ ചെയ്തു. നഷ്ടമുണ്ടായില്ലെന്ന് മാത്രമല്ല, ചെറിയ ലാഭവുമുണ്ടായി.
തൊഴിലാളികൾക്ക് വർഷം മുഴുവനും തൊഴിൽ ലഭ്യമാക്കുന്നതിന് വേണ്ടി കണ്ണൂർ, മലപ്പുറം, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ കിണർ, ചാപ്പ, കനാൽ, വേലികെട്ടൽ ജോലികൾ ഏറ്റെടുത്തു. എത്ര ദൂരം വേണമെങ്കിലും പോയി പ്രവൃത്തിയെടുക്കാൻ അംഗങ്ങളും തയ്യാറായിരുന്നു. പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡിൽ നിന്നും പിഡബ്ലിയുവിൽ നിന്നും പ്രവൃത്തികൾ കിട്ടിയതോടെ സൊസൈറ്റി വളരുകയായിരുന്നു. 1948-'49 വർഷം സംഘം 2052 രൂപ ലാഭമുണ്ടാക്കി. തൊഴിലാളികളുടെ കൂലിയും 1948-ൽ വർധിപ്പിച്ചു. അപ്പോഴും സാമ്പത്തികഭദ്രത കൈവരിക്കാനായില്ലെങ്കിലും ലാഭനഷ്ടക്കണക്കുകൾക്കുമപ്പുറം കുറേപേർക്ക് തൊഴിലും മെച്ചപ്പെട്ട ജീവിതവും പ്രദാനം ചെയ്ത് സൊസൈറ്റി മുന്നേറി. 1954-ലാണ് വടകര നാദാപുരം റോഡിൽ ആസ്ഥാനമാകുന്നത്. സംഘത്തിലുള്ളവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസവും ഇക്കാലത്ത് നിഷേധിച്ചിരുന്നു. എന്നാൽ ആത്മവിദ്യാസംഘം എൽപി സ്കൂൾ ആരംഭിച്ചുകൊണ്ട് വിദ്യാഭ്യാസത്തിനുള്ള വാതിൽ തുറന്നിട്ടു. അംഗങ്ങൾക്കെല്ലാം ഭക്ഷണം നൽകുന്നതിന് ഐക്യനാണയ സംഘവും രൂപീകരിച്ചിരുന്നു.
വളർച്ചയുടെ നാളുകൾ...
ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പരസഹായസംഘം പത്താംവർഷത്തിലേക്ക് കടക്കുന്ന സമയം. 1934 ഡിസംബർ 12-ന് പുറത്തിറങ്ങിയ മാതൃഭൂമി ദിനപത്രം ഇങ്ങനെ എഴുതി: '1925-ൽ ഈ സംഘം സ്ഥാപിക്കപ്പെട്ടു, അന്ന് കഷ്ടിച്ച് 16 മെമ്പർമാർമാത്രം, എന്നാൽ, ഇന്ന് 115 മെമ്പർമാരുണ്ട്... ഓഹരിസംഖ്യയായി ആകെ 187 ക ഒമ്പത് അണ പിരിഞ്ഞുകിട്ടി. ആരംഭത്തിൽ ഇരുന്നൂറും മുന്നൂറും ഉറുപ്പികയുടെ ജോലിമാത്രം എടുത്ത സംഘം 1934-ൽ 2140 കയുടെ ജോലിയെടുത്തു. ഇതുവരെയായി സംഘത്തിന് 493 ക ലാഭമുണ്ടായി, ശരിയായ പ്രോത്സാഹനം ഉണ്ടാകുന്നപക്ഷം സംഘത്തിന് ഇതിലും അധികം ജോലിയും ലാഭവും ലഭിക്കും... സംഘം ചെയ്ത ജോലികളെല്ലാം വളരെ തൃപ്തികരമാണ്... പക്ഷേ ഒരു ദുർഘടമാണുള്ളത്... ജോലി കിട്ടുന്നത് ഇക്കാലത്ത് എളുപ്പമല്ല... സ്വാധീനശക്തിയുള്ള കോൺട്രാക്ടർമാരും അവരെ പ്രോത്സാഹിപ്പിക്കാൻ തയ്യാറുള്ള എൻജിനിയർമാരും ഉള്ള കാലത്തോളം ഇങ്ങനെയുള്ള പാവപ്പെട്ട സംഘക്കാർക്ക് ജോലി കിട്ടാൻ വിഷമമാണ്...''- ഈ റിപ്പോർട്ടിൽനിന്ന് വ്യക്തമാണ് അക്കാലത്തെ കാര്യങ്ങൾ.
60കളിൽ സൊസൈറ്റിയുടെ വളർച്ചയുടെ നാളുകൾ ആയിരുന്നു. 1974-ൽ കേരള സർക്കാർ ലേബർ കോൺട്രാക്ട് സൊസൈറ്റികളെ തരംതിരിച്ചു. എ ക്ലാസ് സൊസൈറ്റിക്ക് 200 അംഗങ്ങൾ വേണമെന്നത് നിർബന്ധമാക്കുകയും ചെയ്തു. ഇതായിരുന്നു സംഘത്തിന്റെ വളർച്ചയിലെ വലിയൊരു കാൽവെയ്പ്പ്. പാലിച്ചു വന്ന മാനദണ്ഡങ്ങളും തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങളും നിലനിർത്തിക്കൊണ്ട് എ ക്ലാസ് സംഘമായി ഉയരാൻ ഈ കാലയളവിൽ സൊസൈറ്റി ഏറെ പ്രയാസപ്പെട്ടു. എങ്കിലും നിബന്ധനകൾ പാലിച്ചുകൊണ്ട് അംഗങ്ങളുടെ എണ്ണം 200ആക്കി ഉയർത്തി. അതോടെ കൂടുതൽ തുകയ്ക്ക് വലിയ പ്രവൃത്തികൾ ഏറ്റെടുത്ത് തുടങ്ങുകയും, ആധുനിക ഉപകരണങ്ങൾ സ്വന്തമാക്കുകയുമുണ്ടായി.
മണ്ണ്, മെറ്റൽ, പൂഴി എന്നിവയ്ക്കായി സ്വന്തമായി സ്ഥലവും സ്വന്തമാക്കി. ഏറെ പ്രയാസപ്പെട്ടാണെങ്കിലും 1980നു ശേഷം കൂടുതൽപേർക്ക് കൂടുതൽ ദിവസങ്ങളിൽ തൊഴിൽ നൽകാനും, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും സാങ്കേതിക നില വർദ്ധിപ്പിച്ച് ആസ്തി വർദ്ധിപ്പിക്കാനും സൊസൈറ്റിക്ക് കഴിഞ്ഞു. പ്രവൃത്തികൾ സത്യസന്ധതയോടെ കൃത്യസമയത്ത് പൂർത്തിയാക്കുവാൻ ഭരണസമിതി നിഷ്കർഷത പുലർത്തുകയുണ്ടായി. കൂടുതൽ പേർക്ക് തൊഴിൽ നൽകാൻ ഉതകുന്ന റോഡുപണിയാണ് സംഘം മുഖ്യമായും ഏറ്റെടുത്തത്. ആദ്യകാലത്ത് സർക്കാരിൽ നിന്ന് യാതൊരു ആനുകൂല്യവും ലഭിക്കാതിരുന്ന സംഘം സ്വകാര്യ കരാറുകാരുമായി മത്സരിച്ചാണ് പ്രവൃത്തികൾ ഏറ്റെടുത്തിരുന്നത്.
ഗുണമേന്മ ഉറപ്പുവരുത്തി സമയബന്ധിതമായി പ്രവൃത്തികൾ പൂർത്തിയാക്കുകയെന്നതാണ് ഊരാളുങ്കൽ ശൈലി. ഒരു കോടി രൂപയ്ക്ക് താഴെ വരുന്ന വർക്കുകൾ മാത്രം ഏറ്റെടുത്ത് നടത്തിയിരുന്ന സംഘത്തിന്റെ തലവര തെളിയുന്നത് ഏഴ് കോടി രൂപയുടെ ചോറോട് അപ്രോച്ച് റോഡിന്റെ പ്രവൃത്തി ലഭിച്ചതോടെയാണ്. 2001ൽ ഈ ജോലി ഏറ്റെടുക്കുമ്പോൾ സ്വന്തമായി യന്ത്രസാമഗ്രികളൊന്നും തന്നെയുണ്ടായിരുന്നില്ല. അർപ്പണ മനോഭാവമുള്ള തൊഴിലാളികൾ മാത്രമായിരുന്നു കൂട്ടും കരുത്തും. ഒരേ മനസോടെ സമയക്രമമില്ലാതെ ജോലിയെടുത്തതിന്റെ ഫലമായി നിശ്ചിതസമയത്ത്, മികച്ച നിലവാരത്തിൽ വർക്ക് പൂർത്തിയാക്കുകയായിരുന്നു. അതോടെ ഊരാളുങ്കൽ ശ്രദ്ധ നേടിത്തുടങ്ങി.
ഗതിമാറ്റിയ ഹെലിപാഡ്
1982-ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഹെലികോപ്റ്റർ ഇറക്കാൻ ഒറ്റദിവസം കൊണ്ട്, മടപ്പള്ളി കോളജ് ഗ്രൗണ്ടിൽ, ഹെലിപ്പാഡും ഗ്രൗണ്ടിലേക്കുള്ള റോഡും നിർമ്മിച്ചത്, സൊസൈറ്റിയുടെ ചരിത്രത്തിൽ നിർണ്ണായകമായി. 1990കളിൽ ആധുനീകരണത്തിലേക്ക് സൊസൈറ്റി നീങ്ങി. 1995ൽ പ്രസിഡന്റ് രമേശൻ പാലേരിയുടെ നേതൃത്വത്തിലായിരുന്നു ഈ യാത്ര. ഇത് എത്തിയിരിക്കുന്നതാവട്ടെ, ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ലേബർ സൊസൈറ്റി എന്ന പദവിയിലേക്കും.
ഇത്രയും നാളുകൾക്കുള്ളിൽ സംഘം ഏറ്റെടുത്ത് വിജയകരമായി പൂർത്തിയാക്കിയത് അയ്യായിരത്തിലധികം വർക്കുകളാണ്. സംഘത്തിന്റെ പ്രവർത്തന മൂലധനത്തിന്റെ ഒരു സ്രോതസ്, അംഗങ്ങളിൽ നിന്നുള്ള ഓഹരിത്തുകയാണ്. ജോലിയിലെ കഴിവ്, നൈപുണ്യം, ആത്മാർത്ഥത, അർപ്പണബോധം, മുൻപരിചയം എന്നിവയെ അടിസ്ഥാനമാക്കിയാണ് സൊസൈറ്റിയിൽ അംഗത്വം നൽകുന്നതെന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി നേതൃത്വം പറയുന്നു. ഇവിടെ തൊഴിലാളി മുതലാളിമാരൊന്നും തന്നെയില്ല. ഒരു വർഷം അംഗത്വമെടുക്കുന്നയാളെ ഒരു വർഷം നോൺ മെമ്പറായി നിലനിർത്തി അയാളുടെ സ്വഭാവവും തൊഴിലിനോടുള്ള ആത്മാർത്ഥതയും നോക്കിയ ശേഷമേ അംഗത്വം നൽകുകയുള്ളൂ. പിന്നെ സഹകരണ നിയമപ്രകാരമുള്ള മാനദണ്ഡങ്ങളും പാലിക്കും. ന്യായമായ വേതനം മുടക്കമില്ലാതെ നൽകുന്നു.
നിർമ്മാണത്തൊഴിലാളികൾക്ക്, രാജ്യത്തേതന്നെ ഉയർന്ന വേതനവും ആനുകൂല്യങ്ങളുമാണ് ഊരാളുങ്കൽ സൊസൈറ്റി നൽകുന്നത്. തൊഴിലാളികൾക്ക് പിഎഫ്, ഇഎസ്ഐ, ഗ്രാറ്റിവിറ്റി, ക്ഷേമനിധി, ബോണസ്, മെഡിക്കൽ അലവൻസ് തുടങ്ങിയവയുമുണ്ട്. ഇതുകൂടാതെ സംഘം അംഗങ്ങളുടെ വിവാഹം, അസുഖം തുടങ്ങിയ സന്ദർഭങ്ങളിലും സാമ്പത്തിക സഹായം നൽകുന്നു. പുരുഷ തൊഴിലാളിയുടെ വിവാഹത്തിന് 10,000 രൂപയും സ്ത്രീ തൊഴിലാളിയുടെ വിവാഹത്തിന് ഒരു പവൻ സ്വർണവും അംഗങ്ങളുടെ പെൺമക്കളുടെ വിവാഹത്തിന് ഒരു പവനും നൽകുന്നു. കൂടാതെ അംഗങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി സ്കോളർഷിപ്പും നൽകുന്നുണ്ട്.
പണം തിരിച്ചടയ്ക്കുന്ന സംസ്ക്കാരം
എന്തെല്ലാം വിമർശം ഉണ്ടായാലും ഒരു പുതിയ തൊഴിൽ സംസ്ക്കാരം രൂപപ്പെടുത്തിയെടുക്കാൻ ഊരാളുങ്കലിന് കഴിഞ്ഞുവെന്നത് നിസ്തർക്കമാണ്. പല നിർമ്മാണ പ്രവൃത്തികളും ഏറ്റെടുത്ത കരാർ കാലാവധിക്ക് മുൻപ് തന്നെ പൂർത്തിയാക്കിയിട്ടുണ്ട്. 24 മാസത്തെ കരാർകാലാവധി ഉണ്ടായിരുന്ന കോഴിക്കോട് ബൈപ്പാസിന്റെ നിർമ്മാണം, 16 മാസംകൊണ്ടു പൂർത്തിയാക്കിയത് വാർത്തയായിരുന്നു. 85 കോടിയുടെ ഭരണാനുമതിയും 74.96 കോടിയുടെ സാങ്കേതികാനുമതിയും ലഭിച്ച രാമനാട്ടുകര പാലം നിശ്ചിതസമയത്തിന് മുമ്പേ പൂർത്തിയാക്കി. തകരാറിൽ ആയിരുന്ന പാലരിവട്ടം പാലം പൊളിച്ചു പുനർനിർമ്മിക്കുന്ന പ്രവൃത്തി 5 മാസവും 10 ദിവസവുംകൊണ്ട് പൂർത്തിയാക്കി. 2013-ൽ തളിപ്പറമ്പ് - കൂർഗ് അതിർത്തിറോഡിന്റെ പ്രവൃത്തി സംഘം മൂന്നുമാസം നേരത്തേ പൂർത്തീകരിച്ചിരുന്നു.
കോഴിക്കോട് സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രൊജക്റ്റ് കരാർകാലാവധിക്ക് ആറുമാസം മുമ്പും തിരുവനന്തപുരത്തെ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് രെജിസ്റ്റ്രാറുടെ ആസ്ഥാനമന്ദിരം എട്ടുമാസം മുമ്പും പൂർത്തീകരിച്ച പ്രവൃത്തികളാണ്.കരാർ തുകയിൽ കുറവ് പണം ചെലവായാൽ അത് സർക്കാരിൽ തിരിച്ചടയ്ക്കുന്ന രീതിയും യുഎൽസിസിഎസ് പലപ്പോഴും പിന്തുടർന്നിട്ടുണ്ട്. കോഴിക്കോട് തൊണ്ടയാട്ടെയും രാമനാട്ടുകരയിലെയും മേല്പാലങ്ങൾ എസ്റ്റിമേറ്റിലും കുറച്ചു പണിതീർത്ത്, 2018-ൽ സംസ്ഥാനത്തിനു കോടികൾ തിരിച്ചടച്ചു. 85 കോടി രൂപയ്ക്ക് ഭരണാനുമതിയും 74.96 കോടി രൂപയ്ക്ക് സാങ്കേതികാനുമതിയും ലഭിച്ച രാമനാട്ടുകര പാലം കാലാവധിക്കു മുമ്പേ 63 കോടി രൂപയ്ക്കു പൂർത്തിയാക്കി 11.96 കോടിരൂപ സർക്കാരിനു തിരികെനല്കി. പേരാമ്പ്ര - പയ്യോളി റോഡിന്റെ നവീകരണം 2019-ൽ ടെൻഡർത്തുകയിലും 4.25 കോടിരൂപ കുറവിൽ കാലാവധിക്കു മുമ്പേ പൂർത്തീകരിച്ച് ആ തുകയും സർക്കാരിനു തിരികെ നൽകി.
സ്വന്തം തൊഴിലാളികളും ഉപകരണങ്ങളും അസംസ്കൃതവസ്തുശേഖരവും സാങ്കേതികവൈദഗ്ദ്ധ്യവും ഉള്ളതിനാലാണ് ഇതു സാധിക്കുന്നത്. ഇത്രയേറെ തൊഴിലാളികൾക്കു തൊഴിൽ ലഭ്യമാക്കുകയാണ് സൊസൈറ്റിക്കു പ്രധാനം എന്നതിനാൽ പണികൾ നീട്ടിക്കൊണ്ടുപോകാതെ വേഗം തീർത്തു കൂടുതൽ പ്രവൃത്തികൾ ഏറ്റെടുത്തു ചെയ്യുക എന്നതാണ് സൊസൈറ്റി പിന്തുടരുന്ന മാതൃക.
സൊസൈറ്റിയുടെ പ്രഥമമേഖലയായ നിർമ്മാണരംഗത്ത് ലോകത്ത് എവിടെയും വികസിക്കുന്ന അത്യാധുനികസങ്കേതങ്ങളും യന്ത്രോപകരണങ്ങളും സംഘം പലപ്പോഴും ഉപയോഗപ്പെടുത്താറുണ്ട്. നിർമ്മാണപ്രവർത്തനങ്ങളുടെ ഗുണമേന്മ പാലിക്കാൻ കോൺക്രീറ്റ് തയ്യാറാക്കലിലെ അനുപാതം ശ്രദ്ധിക്കാൻ സാങ്കേതികമേൽനോട്ടം, പ്രവൃത്തിവിഭജനം എന്നിങ്ങനെ പ്രത്യേകനടപടികൾ സംഘം സ്വീകരിക്കാറുണ്ട്. ഗുണമേന്മാപരിശോധനയ്ക്കായി സൊസൈറ്റിതന്നെ കോഴിക്കോട്ട് ആരംഭിച്ച 'മാറ്റർ' മെറ്റീരിയൽ ടെസ്റ്റിങ്ങ് ലാബ് തെക്കേയിൻഡ്യയിലെതന്നെ ഏറ്റവും വലിയ ടെസ്റ്റിങ് ലാബാണ്.
യഥാസമയം പ്രവൃത്തി പൂർത്തിയാക്കാനും ഗുണമേന്മ പാലിക്കാനും ലക്ഷ്യമിട്ടുകൊണ്ട് തൊഴിലിടങ്ങളിൽ ദിവസവും നടക്കുന്ന അവലോകനയോഗവും ചുമതലയുള്ള ഡയറക്റ്റർമാർ പങ്കെടുത്തു നടത്തുന്ന പ്രതിവാരാവലോകനവും ചെയർമാനും ഡയറക്റ്റർമാരും നടത്തുന്ന പ്രതിദിനാവലോകനവും സംഘത്തിലുണ്ട്. തടസങ്ങൾ മുൻകൂട്ടിക്കണ്ട് ഒഴിവാക്കാനും നിർമ്മാണസാമഗ്രികളും യന്ത്രങ്ങളും മനുഷ്യവിഭവവുമെല്ലാം ആവശ്യാനുസരണം ക്രമീകരിക്കാനുമൊക്കെ ഇതിലൂടെ ശ്രമിക്കുന്നു.
യുഎൽസിസിഎസ് സ്വന്തമായി ഇന്റേണൽ വിജിലൻസ് രൂപവത്ക്കരിച്ചുണ്ട്. സഹകരണവകുപ്പിന്റെ ഓഡിറ്റ് അടക്കമുള്ള പരിശോധനകളും നടത്തുന്നുണ്ട്. സഹകരണമേഖലയിലെ പരസ്പരസഹകരണം എന്ന ആശയം മുൻനിർത്തി തുടക്കത്തിൽ പ്രാഥമികസംഘങ്ങളുടെയും പിന്നീട് ജില്ലാസഹകരണബാങ്കുകളുടെയും കൺസോർഷ്യം രൂപവത്ക്കരിച്ച് ധനം സമാഹരിച്ചു വായ്പയെടുത്ത് നിർമ്മാണപ്രവർത്തനത്തിനു പണം കണ്ടെത്തുന്ന രീതി സൊസൈറ്റി വികസിപ്പിച്ചെടുത്തത് യുഎൻഡിപി നല്ല മാതൃകയായി അംഗീകരിച്ചിട്ടുണ്ട്.
സിപിഎമ്മിന്റെ ബിനാമി സംഘടനയോ?
അതേസമയം സിപിഎമ്മിന്റെ ബിനാമി സംഘടനയെന്ന പേരും ഊരാളുങ്കൽ നേരിടുന്നുണ്ട്. സിപിഎം നേതാക്കളുടെ കോടികളുടെ കള്ളപ്പണം ഇവിടെയാണ് വെളുപ്പിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ്, വി ഡി സതീശൻ അടക്കമുള്ളവർ ആരോപിച്ചിട്ടുണ്ട്. സ്വർണ്ണക്കടത്ത് സമയത്തും, ഊരാളുങ്കലുകാർ വാർത്തകളിൽ നിറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ അടക്കമുള്ളവർക്ക് ഇവിടെയാണ് നിക്ഷേപം എന്നും ആക്ഷേപമുയർന്നു. ഇ ഡി ഊരാളുങ്കലിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കിട്ടിയില്ല.
ക്രോണി ക്യാപിറ്റലിസത്തിന്റെ മികച്ച ഉദാഹരണമാണ് ഈ സൊസൈറ്റിയെന്നും വിമർശനമുണ്ട്. കാരണം സർക്കാറിന്റെ ടെൻഡറുകൾ മിക്കതും കിട്ടാറുള്ളത് ഇവർക്കാർ. പിണറായി സർക്കാർ ഊരാളുങ്കലിനുവേണ്ടി ഇറങ്ങിക്കളിക്കാറുണ്ട് എന്നത്, യാഥാർഥ്യവുമാണ്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കു സർക്കാർ പ്രവൃത്തികളുടെ ടെൻഡറിൽ സാമ്പത്തിക മുൻഗണന ലഭിക്കുന്നുണ്ട്. ഇതിന് ഇടയാക്കിയ തീരുമാനം സഹകരണവകുപ്പ് എടുത്തത് 1997 നവംബറിൽ പിണറായി വിജയൻ സഹകരണമന്ത്രിയായിരിക്കെയാണ്.
ലേബർ കോൺട്രാക്ട് സൊസൈറ്റികൾക്കു ബാധകമായ ഉത്തരവുകളെല്ലാം മരവിപ്പിച്ച് അന്നു പുറത്തിറക്കിയ പുതിയ ഉത്തരവിലൂടെയാണ് ഊരാളുങ്കൽ ഉൾപ്പെടെ സൊസൈറ്റികൾക്കു പ്രവൃത്തി ഏറ്റെടുക്കാനുള്ള പരിധി ഉയർത്തിയതും പൊതുമരാമത്തുപ്രവൃത്തികളിൽ സാമ്പത്തിക മുൻഗണന നൽകിയതും. ഊരാളുങ്കലിന് അനുകൂലമായി മാറിയ മറ്റു പ്രധാനഉത്തരവുകൾ ഇറങ്ങിയതും പിന്നീടുള്ള ഇടതുസർക്കാരുകളുടെ കാലത്താണ്.
ലേബർ കോൺട്രാക്ട് സൊസൈറ്റികൾ കൂടി പങ്കെടുക്കുന്ന പൊതുമരാമത്ത് ടെൻഡറിൽ വ്യക്തിയോ കമ്പനിയോ കുറഞ്ഞ തുക ക്വോട്ട് ചെയ്താൽ സൊസൈറ്റിയുമായി വിലപേശൽ നടത്തി വേണം ടെൻഡർ ഉറപ്പിക്കാൻ എന്നതായിരുന്നു 1997ലെ ഉത്തരവ്. ക്വോട്ട് ചെയ്യപ്പെട്ട കുറഞ്ഞ തുകയെക്കാൾ 10 ശതമാനം ഉയർന്ന തുകയ്ക്കു പ്രവൃത്തി ചെയ്യാൻ സമ്മതമറിയിച്ചാൽ സൊസൈറ്റിക്കു ടെൻഡർ നൽകണമെന്ന് ഉത്തരവിൽ വ്യവസ്ഥ ചെയ്തു. അന്നുമുതലാണ് ഊരാളുങ്കലിനു സാമ്പത്തിക മുൻഗണന ലഭിച്ചുതുടങ്ങിയത്. ഇതു പൊതുമരാമത്തു മാന്വലിനു വിരുദ്ധമാണെന്നും മറ്റു കരാറുകാരോടുള്ള അനീതിയാണെന്നും പൊതുമരാമത്തുവകുപ്പ് പലവട്ടം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
എത്ര വലിയ എസ്റ്റിമേറ്റ് തുകയുള്ള പ്രവൃത്തിയും ഏറ്റെടുക്കാൻ ഊരാളുങ്കലിന് അനുമതി നൽകി ഉത്തരവിട്ടതു 2008 ഓഗസ്റ്റിൽ വി എസ് സർക്കാരിന്റെ കാലത്താണ്. ഊരാളുങ്കൽ സൊസൈറ്റിയുടെ പേരെടുത്തുപറഞ്ഞായിരുന്നു സഹകരണവകുപ്പിന്റെ ഉത്തരവ്. പൊതുമരാമത്തുവകുപ്പിന്റെ മാത്രമല്ല, എല്ലാ സർക്കാർ പ്രവൃത്തികളുടെയും കരാറെടുക്കാൻ ലേബർ കോൺട്രാക്ട് സൊസൈറ്റികൾക്ക് അനുമതി നൽകിയതു 2020 ഫെബ്രുവരിയിൽ ഒന്നാം പിണറായി സർക്കാരാണ്. ചെറിയ കെട്ടിടങ്ങൾ, റോഡുകൾ, അറ്റകുറ്റപ്പണികൾ എന്നിവ ഏറ്റെടുക്കാനായിരുന്നു 2020 വരെ ഊരാളുങ്കലിന് അനുമതിയുണ്ടായിരുന്നത്. എന്നാൽ, ഇവരുടെ അപേക്ഷ പരിഗണിച്ച് എത്ര വലിയ പ്രവൃത്തിയും ഏറ്റെടുക്കാൻ 2020 നവംബറിൽ സഹകരണവകുപ്പ് അനുമതി നൽകി. ടെൻഡർ സമയത്തു യോഗ്യത (എലിജിബിലിറ്റി) സർട്ടിഫിക്കറ്റ്, ഏറ്റെടുത്ത പ്രവൃത്തികളുടെ (വർക്ക് ഓൺ ഹാൻഡ്) സർട്ടിഫിക്കറ്റ് എന്നിവ നൽകുന്നതിൽനിന്ന് ഊരാളുങ്കലിനെമാത്രം ഒഴിവാക്കി ഉത്തരവിറക്കിയതു കഴിഞ്ഞ ഏപ്രിലിലാണ്.
ടി പി വധത്തിന് പിന്നിലെന്ത്?
രാഷ്ട്രീയ കേരളത്തെ നടുക്കിയ ടി പി വധത്തിന് കാരണമായി പറഞ്ഞുകേട്ട ഒരുകാര്യവും ഇതുമായി ബന്ധപ്പെട്ടതാണ്. ഊരാളുങ്കൽ സൊസൈറ്റി പിടിച്ചെടുക്കുമോ എന്ന ഭയമാണു ടി.പി.ചന്ദ്രശേഖൻ കൊല്ലപ്പെടാൻ കാരണമെന്ന് പലരും രഹസ്യമായി പറയാറുണ്ടെങ്കിലും അത് പരസ്യമായി പറഞ്ഞത് കെ എം ഷാജിയാണ്. മൂവാറ്റുപുഴയിൽ യുഡിഎഫ് സംഘടിപ്പിച്ച കുറ്റവിചാരണ സദസ്സിലാണ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി ഈ വെളിപ്പെടുത്തൽ നടത്തിയത്.
'ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ഊരാളുങ്കൽ സൊസൈറ്റി പിടിച്ചെടുത്താൽ കേരളത്തിലെ സിപിഎം നേതാക്കളുടെ കള്ളപ്പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുമെന്ന ഭയമാണു കൊലപാതകത്തിനു കാരണം. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനിൽ നിന്ന് അന്വേഷണം മുകളിലേക്കു പോയാൽ മുഖ്യമന്ത്രിയടക്കം മറുപടി പറയേണ്ടി വരുമായിരുന്നു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കേസിന്റെ അന്വേഷണം പി. മോഹനനിൽ നിർത്താൻ ചില കളികളിലൂടെ സിപിഎമ്മിനു കഴിഞ്ഞു. ചന്ദ്രശേഖരൻ കൊല്ലപ്പെടുന്നതിനു ദിവസങ്ങൾക്കു മുൻപ് സിപിഎം നേതാക്കൾ ചന്ദ്രശേഖരനുമായി ചർച്ച നടത്തിയത് ഊരാളുങ്കൽ സൊസൈറ്റിയിൽ നിന്നു പിന്മാറണമെന്ന് ആവശ്യപ്പെടാനായിരുന്നു. ഈ വെളിപ്പെടുത്തിലിലൂടെ എനിക്ക് എന്തു സംഭവിക്കുമെന്നുള്ള നല്ല ബോധ്യത്തോടെയാണ് ഇത് പറയുന്നത്''- കെ എം ഷാജി പറഞ്ഞു.
ഷാജിയുടെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചകൾക്ക് ഇടയാക്കി. ഇങ്ങനെ ഒരു പ്രശ്നം നിലനിൽക്കുന്നുണ്ടെന്നുതന്നെയാണ് അക്കാലത്ത് സജീവമായിരുന്നവർ പറയുന്നത്. പക്ഷേ ഇതിനൊന്നും വ്യക്തമായ തെളിവില്ല. എന്തായാലും ഇപ്പോൾ ഊരാളുങ്കലിനെതിരെ വ്യാപകമായ പരാതികളും ഉയരുന്നുണ്ട്. കാരണം സർക്കാറിൻെ സ്വാധീനിച്ച് അവർ പ്രധാന വർക്കുകൾ ഒക്കെയും കൈയടുക്കുന്നുവെന്ന് മറ്റ് കമ്പനികൾക്ക് പരാതിയുണ്ട്.
വാൽക്കഷ്ണം: കോൺഗ്രസിന് ബിർലയും, ബിജെപിക്ക് അദാനിയും അംബാനിയും എന്നപോലെ സിപിഎമ്മിനൊപ്പമായിരുന്നു ഊരാളുങ്കൽ സൊസൈറ്റിയുടെയും വളർച്ച. അതിനെ ഒരു പാർട്ടി സ്ഥാപനം എന്ന് വിശേഷിപ്പിച്ചാൽ പോലും തെറ്റില്ല. ഊരാളുങ്കലിന്റെ പദ്ധതി നിർവഹണത്തിലെ മികവ് അംഗീകരിക്കുമ്പോൾ, തന്നെ എല്ലാം കുത്തകയാക്കിവെക്കുന്ന ക്രോണി ക്യാപിറ്റലിസത്തോട് യോജിക്കാൻ കഴിയില്ല.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ