ബിൽ-ക്ലിന്റൺ മോണിക്കാ ലെവിൻസ്‌ക്കി വിവാദം കത്തിനിൽക്കുന്ന കാലം. മോണിക്കയുമായുള്ള ബന്ധം ക്ലിന്റൺ സമ്മതിച്ചതിനുശേഷമുള്ള പല അഭിപ്രായ സർവേകളിലും അദ്ദേഹത്തിന്റെ ജനപ്രീതി കൂടിയത്, ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്ക് ഒക്കെ അത്ഭുതമായിരുന്നു. അതാണ് പാശ്ചാത്യ ജനത. അവർക്ക് പ്രസിഡന്റിന്റെ സ്വകാര്യ ജീവിതമായിരുന്നില്ല പ്രശ്നം, അദ്ദേഹം അത് മറച്ചുവെച്ചുകൊണ്ട് കള്ളം പറഞ്ഞതായിരുന്നു!

രാഷ്ട്രീയ നേതാക്കൾക്കെതിരെയുള്ള, ലൈംഗിക- അഴിമതി ആരോപണങ്ങളൊന്നും ഒട്ടും പുതുമയില്ലാത്ത അമേരിക്കയിൽ, ഇത്തവണ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിയിരിക്കെ തീർത്തും അസാധാരണമായ ഒരു സാഹചര്യമാണ് വന്നുചേരുന്നത്. ഇക്കുറിയും ജോ ബൈഡൻ- ഡൊണാൾഡ് ട്രംപ് പോരാട്ടം തന്നെയാണ്. മിക്ക അഭിപ്രായ സർവേകളിലും ലീഡ് ചെയ്യുന്നത് ട്രംപാണ്. അതിനിടെയിലാണ്, നീലച്ചിത്ര നടി സ്റ്റോമി ഡാനിയൽസുമായുള്ള ബന്ധം മറച്ചുവയ്ക്കാൻ പണം നൽകിയ കേസിൽ ട്രംപ് കുറ്റക്കാരനാണെന്ന് കോടതി വിധിക്കുന്നത്.

ശിക്ഷ ന്യൂയോർക്ക് കോടതി ജൂലൈ 11-ന് പ്രസ്താവിക്കും. അതുകൊണ്ടുതന്നെ ജൂലൈ 11 എന്നത് അമേരിക്കക്കാരെ സംബന്ധിച്ച് ഒരു നിർണ്ണായകദിനമാണ്. തടവ് ശിക്ഷവിധിച്ചാൽ, ആദ്യമായി ക്രിമിനൽ കുറ്റത്തിന് ജയിലിലാവുന്ന മുൻ യുഎസ് പ്രസിഡന്റ് എന്ന ചീത്തപ്പേരും ട്രംപിനെ തേടിയെത്തും. പക്ഷേ ഇതുകൊണ്ടൊന്നും പേടിക്കുന്നവനല്ല, ട്രംപ്. ജയിലിൽ ആയാലും അമേരിക്കൻ പ്രസിഡന്റ സ്ഥാനത്തേക്ക് മത്സരിക്കുന്നതിൽ വിലക്കില്ല. അങ്ങനെയാണെങ്കിൽ ഒരുപക്ഷേ, ഇരുമ്പഴിക്കുള്ളിൽ കിടന്ന്, മത്സരിക്കുകയും, ജയിക്കുകയും ചെയ്യുന്ന അമേരിക്കയിലെ ആദ്യത്തെ പ്രസിഡന്റാവും ട്രംപ്. ജയിലിൽ കിടന്നുകൊണ്ടുതനെ അദ്ദേഹം രാജ്യം ഭരിക്കുകയും ചെയ്യാനും സാധ്യതയുണ്ട് എന്നാണ് സി എൻ എൻ അടക്കമുള്ള മാധ്യമങ്ങൾ എഴുതുന്നത്! എല്ലാ അർത്ഥത്തിലും ലോകത്തെ ഞെട്ടിക്കയാണ് ട്രംപ്.

സങ്കീർണ്ണമായ ഇലക്ഷൻ രീതി

2024 നവംബർ 5നു നടക്കാനിരിക്കുന്ന അമേരിക്കൻ പ്രസിഡറ് ഇലക്ഷനിൽ ഡമോക്രാറ്റ് പക്ഷത്തുനിന്ന് ജോ ബൈഡനും, റിപ്പബ്ലിക്കുകളിൽനിനന് ട്രംപും തന്നെയാണ് വീണ്ടും ജനവിധി തേടുന്നത്. നമ്മുടെ നാട്ടിൽനിന്ന് തീർത്തും വ്യത്യസ്തമാണ് അമേരിക്കയിലെ രീതി. പ്രസിഡന്റ് സ്ഥാനാർത്ഥിത്വം ആഗ്രഹിക്കുന്നവർ സ്വന്തം പാർട്ടി അംഗങ്ങൾക്കിടയിൽ പ്രചാരണം നടത്തി ജയിക്കണം. (നമുക്ക് ഇത് ചിന്തിക്കാൻ കഴിയമോ. ഉദാഹരണമായി എൻഡിഎയിൽ മോദിവേണോ, അമിത് ഷാ വേണമോ എന്ന് ആദ്യം പാർട്ടി അംഗങ്ങൾക്കിടയിൽ രാജ്യവ്യാപകമായി കാമ്പയിൻ നടത്തി വോട്ടെടുത്ത് തീരുമാനിക്കുക. ഇന്ത്യാ സഖ്യവും അതുപോലെ അവരുടെ നേതാവിനെ തിരഞ്ഞെടുക്കും. എന്നിട്ട് ഇവർ നേരിട്ട് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മൽസരിക്കുന്ന രീതി സങ്കൽപ്പിച്ചുനോക്കൂ!)

പ്രൈമറി, കോക്കസ് എന്നീ രണ്ടു രീതികൾ വഴിയാണ് പാർട്ടികൾ പ്രസിഡന്റ് സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത്. പാർട്ടി പ്രതിനിധികളുടെ വോട്ടെടുപ്പിലൂടെ പ്രസിഡന്റ് സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതാണു 'പ്രൈമറി'. പ്രതിനിധികളുടെ ചെറുസംഘങ്ങൾ ചേർന്നു സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുന്നതാണു 'കോക്കസ്'. പ്രൈമറിയാണു കൂടുതൽ സ്ഥലത്തും പിന്തുടരുന്ന രീതി. ഇന്ത്യയിൽനിന്നൊക്കെ വ്യത്യസ്തമായി അമേരിക്കയുടെ രാഷ്ട്രത്തലവനും ഭരണത്തലവനും പ്രസിഡന്റാണ്. നമുക്ക് രാഷ്ട്രത്തലവൻ പ്രസിഡന്റ് ആയിരിക്കുമ്പോൾ ഭരണത്തലവൻ പ്രധാനമന്ത്രിയാണ്. യുഎസിൽ ജനങ്ങൾ വോട്ട് ചെയ്ത് 538 അംഗ ഇലക്ടറൽ കോളജ് അംഗങ്ങളെ തിരഞ്ഞെടുക്കും. ഈ അംഗങ്ങൾ ഡിസംബറിൽ യോഗം ചേർന്ന് പ്രസിഡന്റിനെ ഔദ്യോഗികമായി തിരഞ്ഞെടുക്കും. ഒരു സംസ്ഥാനത്ത് ഏറ്റവുമധികം വോട്ട് നേടുന്നയാൾക്ക് ആ സംസ്ഥാനത്തെ മുഴുവൻ ഇലക്ടറൽ കോളജ് അംഗങ്ങളെയും ലഭിക്കും.

യുഎസ് പാർലമെന്റായ കോൺഗ്രസിന് രണ്ടു ഘടകങ്ങളുണ്ട്. ഇന്ത്യയിലെ ലോക്സഭയ്ക്കു തുല്യമായ അമേരിക്കൻ സഭയാണു ജനപ്രതിനിധി സഭ (ഹൗസ് ഓഫ് റെപ്രസന്റീറ്റീവ്സ്). 435 അംഗങ്ങളുള്ള ഈ സഭയ്ക്ക് രണ്ടു വർഷമാണു കാലാവധി. ഓരോ സംസ്ഥാനത്തിനും ജനസംഖ്യാനുപാതികമായി മണ്ഡലങ്ങളുണ്ട്. രാജ്യസഭയ്ക്കു തുല്യമായ അമേരിക്കൻ സഭയാണ് സെനറ്റ്. 6 വർഷമാണു സെനറ്റിന്റെ കാലാവധി. ഓരോ സംസ്ഥാനത്തിനും 2 വീതം അംഗങ്ങൾ സെനറ്റിലുണ്ടാകും.

വീണ്ടും ബൈഡനും ട്രംപും

83വയസ്സ് പ്രായവും അസുഖവുമുള്ള ജോബൈഡൻ, വീണ്ടുമൊരു അങ്കത്തിന് ഇറങ്ങുമെന്ന് പൊതുവേ ആരും കരുതിയതല്ല. വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമല ഹാരിസിന് ബാറ്റൺ കൈമാറി ബൈഡൻ സ്ഥാനം ഒഴിയും എന്നാണ് കരുതിയിരുന്നത്. പക്ഷേ ഈ വർഷം തുടക്കത്തിൽ, ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയാകാൻ രണ്ടാമതും താൽപര്യമുണ്ടെന്ന് ബൈഡൻ വ്യക്തമാക്കുകയായിരുന്നു. നിലവിലെ പ്രസിഡന്റ് വീണ്ടും ജനവിധി തേടുന്നെങ്കിൽ ആ പാർട്ടിയിലെ മറ്റാരും സ്ഥാനാർത്ഥിത്വത്തിന് അവകാശമുന്നയിക്കുക പതിവില്ല. എതിരാളിയായി ട്രംപും വന്നു. ഒരുപാട് ആരോപണങ്ങൾ ഉണ്ടെങ്കിലും, പണമെറിഞ്ഞും, തീവ്രദേശീയതയടക്കം കത്തിച്ചും പാർട്ടിയെ നയിക്കാൻ ട്രംപിനെക്കാൾ മിടുക്കൻ വേറെയില്ലെന്ന് റിപ്പബ്ലിക്കന്മാരും തിരിച്ചറിഞ്ഞു.

തുടർന്ന് നടന്ന നോമിഷേനുകളിൽ ഇരുവരും സ്ഥാനാർത്ഥിത്വം ഉറപ്പിക്കയായിരുന്നു. ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നും 1968 ഡെലിഗേറ്റുകൾ നേടി പ്രസിഡന്റ് ജോ ബൈഡൻ രണ്ടാം ഊഴം ഉറപ്പിച്ചപ്പോൾ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻഷ്യൽ നോമിനേഷന് ആവശ്യമുള്ള 1215 ഡെലിഗേറ്റുകൾ കരസ്ഥമാക്കി ട്രംപും സ്ഥാനാർത്ഥിത്വം ഉറപ്പിക്കുകയായിരുന്നു.

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനുള്ള നോമിനേഷൻ വീണ്ടും നേടുന്നതിന് ബൈഡൻ ബുദ്ധിമുട്ടുകൾ നേരിട്ടില്ലെങ്കിലും സർക്കാരിന്റെ നയങ്ങളോടുള്ള എതിർപ്പ് വോട്ടെടുപ്പിൽ പ്രതിഫലിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടത് ബൈഡന് ഗുണം ചെയ്യും. എന്നാൽ ഗർഭച്ഛിദ്രത്തിനുള്ള നിയന്ത്രണങ്ങൾ നടപ്പാക്കിയതുൾപ്പെടെയുള്ള തീരൂമാനങ്ങൾ തിരിച്ചടി ഉണ്ടാക്കിയേക്കും.
എന്നാൽ തീവ്ര ദേശീയത ഉയർത്തിയാണ് ട്രംപിന്റെ പ്രചാരണം. അതിർത്തികളുടെ നിയന്ത്രണം, നാടുകടത്തൽ തുടങ്ങിയ കുടിയേറ്റ നിയന്ത്രണം ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ നീക്കങ്ങൾ. ആഭ്യന്തര ഊർജ ഉത്പാദനം പ്രോത്സാഹിപ്പിക്കുക, വിദേശ ഇറക്കുമതികൾക്ക് നികുതി, യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുക തുടങ്ങിയ വാഗ്ദാനങ്ങളും ട്രംപ് മുന്നോട്ട് വച്ചു. നാമനിർദ്ദേശ പ്രക്രിയകളിൽ ഡെമോക്രാറ്റുകൾക്കും റിപ്പബ്ലിക്കുകൾക്കും വ്യത്യസ്ത നിയമമാണെങ്കിലും രീതികളെല്ലാം സമാനമാണ്.

ഹേലിയെ തോൽപ്പിച്ചതും വംശീയതയാൽ

ബൈഡന് പാർട്ടിക്കത്ത് എതിർപ്പില്ലായിരുന്നുവെങ്കിലും ട്രംപിന്റെ കാര്യത്തിൽ അങ്ങനെ ആയിരുന്നില്ല. സൗത്ത് കരോലിന മുൻ ഗവർണറായിരുന്ന നിക്കി ഹേലിയാണ്, റിപ്പബ്ലിക്കൻ പാർട്ടിയിലെ ട്രംപിനെതിരായ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പാർട്ടിയിൽ ട്രംപിന്റെ ഏറ്റവും വലിയ വിമർശകരിൽ ഒരാളാണ് നിക്കി ഹേലി. ട്രംപിനെതിരെ 91 ക്രിമിനൽ കുറ്റങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഒരു രാജ്യത്തെ നയിക്കാൻ അദ്ദേഹം യോഗ്യനല്ലെന്ന് നിരന്തരം വാദിച്ചിരുന്ന അവർ ട്രംപിന്റെ മാനസികനിലയും പ്രായവുമെല്ലാം ചർച്ചാ വിഷയമാക്കിയിരുന്നു. ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമി അടക്കമുള്ളവർ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിത്വത്തിനായി ശ്രമിച്ചിരുന്നു. ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് ഉൾപ്പെടെയുള്ള മറ്റെല്ലാ പ്രധാന എതിരാളികളെയും മറികടന്നാണ് പ്രൈമറികളിൽ ട്രംപിനെ നേരിടാൻ ഹേലി യോഗ്യത നേടിയത്.

വാഷിങ്ടൺ ഡിസിയിലെ മത്സരത്തിൽ നിക്കി ഹേലി ട്രംപിനെ അട്ടിമറിച്ചത് ഏവരെയും ഞെട്ടിച്ചിരുന്നു. പക്ഷേ അതിനുശേഷം വന്ന സൂപ്പർ ട്യൂസ്ഡേ പോരാട്ടത്തിൽ ഫലംവന്ന 11 ഇടത്തും അവർ പരാജയപ്പെട്ടു. പിന്നാലെയാണ് ഹേലി മത്സരത്തിൽനിന്ന് പിന്മാറി. മത്സരത്തിൽനിന്ന് പിന്മാറിയെങ്കിലും എക്സിറ്റ് പ്രസംഗത്തിൽ പോലും നിക്കി ട്രംപിനെ പിന്തുണച്ചില്ല. പകരം, ട്രംപിന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് സംശയമുള്ള വോട്ടർമാരെ സ്വാധീനിച്ച് വോട്ട് നേടിയെടുക്കേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. വംശീയ കാർഡും, അമേരിക്കൻ പ്രൈഡ് എന്ന തുറപ്പുചീട്ടും ഇറക്കയാണ് ട്രംപ് ഹേലിയെ നേരിട്ടത്.

ഇന്ത്യൻ വംശജയായ അമേരിക്കൻ വനിത എന്ന് പ്രസംഗങ്ങളിൽ ആവർത്തിച്ചു പറഞ്ഞ ട്രംപ് നിക്കിയെ ചോദ്യം ചെയ്തു. പഞ്ചാബിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ സിക്ക് കുടുംബത്തിലെ അംഗമാണ് നിക്കി ഹേലി. 2010ൽ അമേരിക്കയിലെ ആദ്യ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള ആദ്യ വനിതാ ഗവർണർ എന്ന നിലയിൽ ചരിത്രം കുറിച്ചിട്ടുണ്ട് നിക്കി ഹേലി. 2016ൽ ട്രംപ് അമേരിക്കൻ പ്രസിഡന്റായിരിക്കെ നിക്കിയെ ഐക്യരാഷ്ട്ര സഭയിലെ അമേരിക്കൻ അംബാസ്സഡറായി നിയമിച്ചിരുന്നു.

അതേസമയം, അമേരിക്കയിൽ നോമിനേഷൻ സമയത്ത് എതിർപ്പ് പതിവാണെനനും, ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയാൽ നിക്കി ഹേലിയെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന വാദവും ശക്തമാണ്. കുടിയേറ്റം, ഗർഭച്ഛിദ്രം, വിദേശനയം തുടങ്ങിയ വിഷയങ്ങളിൽ സ്ഥിരമായി വലതുപക്ഷ നിലപാടുകളാണ് നിക്കി സ്വീകരിച്ചത്. ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച നിക്കിയുടെ പ്രസംഗങ്ങൾ വ്യാപകമായി ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബൈഡന് വിന മകൻ

ട്രംപിന് സ്വന്തം ചെയ്തികളാണ് വിനയാവുന്നതെങ്കിൽ ബൈഡന് പാര മകനാണ്. ബൈഡൻ എന്താണോ അതിന്റെ നേർ വിപരീതമാണ് 53-കാരനായ ഹണ്ടർ ബൈഡൻ. നികുതിവെട്ടിപ്പ്, അമിതമദ്യപാനം, ലഹരി ഉപയോഗം, പരസ്ത്രീബന്ധങ്ങൾ, തുടങ്ങിയവയുള്ളതിനാൽ 'പ്രസിഡന്റിന്റെ വഴിപിഴച്ച മകൻ' എന്നാണ് ഹണ്ടറിനെ ന്യൂയോർക്ക് ടൈംസ് വിശേഷിപ്പിച്ചത്. ട്രംപ് അനുകൂലികൾക്ക് വീണുകിട്ടിയ കച്ചിത്തുരുമ്പാണ് ഇയാൾ. ട്രംപിന്റെ സ്വഭാവമാണ് ബൈഡന്റെ മകന് കിട്ടിയത് എന്നാണ് അമേരിക്കൻ ടാബ്ലോയിഡുകളുടെ പരിഹാസം! എന്നാൽ ബൈഡനാവട്ടെ മകനെ ശക്തമായി നിയന്ത്രിക്കുന്നില്ലെന്നും, തള്ളിപ്പറയുന്നില്ലെന്നും, എപ്പോഴും മൃദുസമീപനം സ്വീകരിക്കുന്നുവെന്നും സ്വന്തം പാർട്ടിക്ക് അകത്തുതന്നെ ആരോപണമുണ്ട്.

2018 ഒക്ടോബറിൽ ഒരു കൈത്തോക്ക് വാങ്ങിയപ്പോൾ ലഹരി ഉപയോഗിക്കുന്നില്ല എന്ന് തെറ്റായി സത്യവാങ്ങ്മൂലം നടത്തിയതാണ് ഹണ്ടർ ബൈഡന് കുരുക്കായത്. യുഎസിൽ ലഹരിമരുന്ന് ഉപയോഗിക്കുന്ന ആൾ തോക്കു വാങ്ങാനോ കൈവശം വയ്ക്കാനോ അങ്ങനെയുള്ള ആൾക്കു തോക്കു വിൽക്കാനോ പാടില്ല.

താൻ മുമ്പ് കൊക്കെയിൻ ഉപയോഗിച്ചിരുന്നുവെന്ന് ഹണ്ടർതന്നെ സമ്മതിക്കുന്നുണ്ട്. എന്നാൽ തോക്ക് വാങ്ങുന്ന സമയത്ത് താൻ ലഹരി ആസക്തിയിൽനിന്നു മോചനം നൽകുന്ന ചികിൽസ കഴിഞ്ഞിരിക്കുകയായിരുന്നാണ് അദ്ദേഹത്തിന്റെ വാദം. ഈ കുറ്റം തെളിഞ്ഞാൽ പരമാവധി 25 വർഷംവരെ തടവുശിക്ഷ ലഭിക്കാം. ഇതുവരെ ക്രിമിനൽ കേസുകളിലൊന്നും ഉൾപ്പെട്ടിട്ടില്ലാത്ത ആളെന്ന നിലയിൽ ശിക്ഷ ഇളവുചെയ്തു കിട്ടാനുള്ള സാധ്യതയമുണ്ട്. ജൂറിമാർ കേസ് അപ്പാടെ തള്ളിക്കളയുമെന്നു പ്രതീക്ഷിക്കുന്നവരും ഏറെയാണ്.

കുടുംബത്തിലുണ്ടായ ദുരന്തങ്ങളുടെ വേദനിപ്പിക്കുന്ന ഓർമകളിൽനിന്നു രക്ഷപ്പെടാനായി ചെറുപ്പം മുതൽക്കേ താൻ മദ്യത്തിലും ലഹരിമരുന്നിലും അഭയം തേടിയെന്നാണ് ഹണ്ടർ വിശദീകരിക്കുന്നത്. 1972ൽ ഹണ്ടറിനു രണ്ടു വയസ്സായിരുന്നപ്പോൾ അമ്മ നീലിയയും കൊച്ചുപെങ്ങൾ നവോമിയും കാറപകടത്തിൽ മരിച്ചതായിരുന്നു ആദ്യത്തെ ദുരന്തം. ഹണ്ടറിനും നാലു വയസ്സായ ജ്യേഷ്ഠൻ ബ്യൂവിനും സാരമായ പരുക്കേറ്റു. നാൽപത്താറാം വയസ്സിൽ, ബ്യൂ 2015ൽ മസ്തിഷ്‌ക്ക കാൻസർ ബാധിച്ച് മരിച്ചതായിരുന്നു രണ്ടാമത്തെ ദുരന്തം.

ദുഃഖം താങ്ങാനാവാതെയാണത്രേ ഹണ്ടർ മദ്യത്തിലും ലഹരി മരുന്നിലും സ്വയം മുങ്ങിത്താണു. പിതാവ് ജോ ബൈഡൻ അന്ന് പ്രസിഡന്റ് ബറാക് ഒബാമയുടെ കീഴിൽ വൈസ്പ്രസിഡന്റായിരുന്നു. ലഹരി വസ്തുക്കളൊന്നും അദ്ദേഹം കൈകൊണ്ടു തൊടുകപോലുമില്ല. പക്ഷേ, അഭിഭാഷകനായിരുന്ന ഹണ്ടർ കുത്തഴിഞ്ഞ ജീവിതത്തിലേക്കു തലകുത്തിവീണു. വ്യഭിചാരവും അവിഹിത ബന്ധങ്ങളും പതിവായി. കിട്ടുന്ന പണമെല്ലാം ധൂർത്തടിച്ചു. ഇതെല്ലാം 2021 ൽ പ്രസിദ്ധീകരിച്ച 'ബ്യൂട്ടിഫുൾ തിങ്സ്' എന്ന ആത്മകഥയിൽ ഹണ്ടർതന്നെ വിവരിച്ചിട്ടുള്ളതാണ്.

സഹിക്കവയ്യാതായതോടെ ഭാര്യ കാത്ലീൻ ബുഹ്ലെ (ഹണ്ടറുടെ മൂന്നു പെൺമക്കളുടെ അമ്മ) 24 വർഷത്തെ ദാമ്പത്യം ഉപേക്ഷിച്ച് പിരിഞ്ഞുപോയി. അക്കാലത്തെ തങ്ങളുടെ ഇരുളടഞ്ഞ ജീവിതത്തെപ്പറ്റി കാത്ലീനും 'ഈഫ് വി ബ്രെയ്ക്ക്' എന്ന പേരിൽ പുസ്തകമെഴുതിയിട്ടുണ്ട്. മരിച്ചുപോയ ജ്യേഷ്ഠന്റെ ഭാര്യ ഹാലിയുമായി ഹണ്ടർ അടുക്കുകയും തുല്യദുഃഖിതരെന്ന നിലയിൽ ഇരുവരും ഒന്നിച്ച് ജീവിക്കാൻ തുടങ്ങുകയും ചെയ്തു. ഹണ്ടർ തോക്ക് വാങ്ങിയത് ആ ഘട്ടത്തിലാണ്. ബാങ്കറായിരുന്നു ഹണ്ടർ ബൈഡന്റെ പേരിൽ നികുതിവെട്ടിപ്പുകേസുകളും നിലവിലുണ്ട്.

എന്നാൽ ഹണ്ടർ ബൈഡൻ വെറുതെ വെള്ളമടിച്ച് മാത്രം നടക്കുന്ന പിഴ മാത്രമായി കണക്കാക്കാനാവില്ല. അറിയപ്പെടുന്ന ചിത്രകാരനും സംരംഭകനുമാണ്. അഞ്ചുലക്ഷം ഡോളാറാണ് അദ്ദേഹത്തിന്റെ ഒരു ചിത്രത്തിന് വിലയിടുന്നത്. കലാകാരന്റെ എക്സെൻട്രിക്ക് സ്വഭാവമാണ് അയാൾക്ക് വിനയാവുന്നത് എന്നും വിലയിരുത്തലുണ്ട്.

കേസിൽ കുരുങ്ങിയ ട്രംപ്

അഴിമതിയും സത്രീലമ്പടത്വവുമായി ബന്ധപെട്ട് ഒരുപാട് കേസുകളാണ് ട്രംപിന്റെ തലയിലുള്ളത്. നീലച്ചിത്ര നടി സ്റ്റോമി ഡാനിയൽസുമായുള്ള ബന്ധം മറച്ചുവയ്ക്കാൻ പണം നൽകിയതുമായി ബന്ധപ്പെട്ട് ബിസിനസ് രേഖകളിൽ തിരിമറി നടത്തിയെന്ന കേസിലാണ് ട്രംപ് കുറ്റക്കാരനാണെന്ന് കോടതികണ്ടെത്തിയത്. ശിക്ഷ ജൂലൈ 11-ന് പ്രസ്താവിക്കുമെന്നും ന്യൂയോർക്ക് കോടതി പറഞ്ഞു. ബിസിനസ് രേഖകളിൽ തിരിമറി കാട്ടിയെന്ന് ആരോപിക്കപ്പെട്ട 34 കുറ്റങ്ങളും തെളിഞ്ഞതായി 12 അംഗ ജൂറി വ്യക്തമാക്കി.

.സ്റ്റോമിയുമായുള്ള ബന്ധം പുറത്തറിയാതിരിക്കാൻ 2016-ലെ തിരഞ്ഞെടുപ്പിന്റെ തലേന്ന് സ്റ്റോമിക്ക് നൽകിയ 1,30,000 ഡോളർ തന്റെ അഭിഭാഷകനായ മൈക്കൽ കോഹന് തിരികെ നൽകുന്നതിനായി ബിസിനസ് രേഖകൾ വ്യാജമായി ചമച്ചുവെന്നാണ് ട്രംപിനെതിരായ കേസ്. 2006-ൽ ലേക്ക് ടാഹോയിലെ ഗോൾഫ് മത്സരവേദിയിലാണ് താൻ ട്രംപിനെ കണ്ടുമുട്ടിയതെന്നും വിരുന്നിനുള്ള അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചെന്നും സ്റ്റോമി കോടതിയെ അറിയിച്ചിരുന്നു. അന്ന് റിയൽ എസ്റ്റേറ്റ് രംഗത്തായിരുന്ന ട്രംപ് 'ദ അപ്രന്റിസ്' എന്ന റിയാലിറ്റി ഷോയുടെ അവതാരകയായിരുന്നു. അതിൽ അവസരം നൽകാമെന്നു വാഗ്ദാനംചെയ്ത് താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുവെന്നും എന്നാൽ, വാഗ്ദാനം പാലിക്കപ്പെടില്ലെന്നു മനസ്സിലായതോടെ ട്രംപുമായുള്ള ബന്ധം ഉപേക്ഷിച്ചെന്നുമായിരുന്നു സ്റ്റോമിയുടെ വെളിപ്പെടുത്തൽ.

പിന്നീട് 2016ൽ ട്രംപ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുവെന്ന് അറിഞ്ഞപ്പോൾ ഈ കഥ തന്റെ ഓർമ്മക്കുറിപ്പിന്റെ വിൽപ്പനയ്ക്ക് ഉപകരിക്കുമെന്ന് പുസ്തകത്തിന്റെ പ്രചാരണമേറ്റെടുത്ത കീത്ത്് ഡേവിഡ്സൺ പറഞ്ഞു. എന്നാൽ, അതു പുറത്തുപറയാതിരിക്കാൻ ഡേവിഡ്സണും ട്രംപിന്റെ അഭിഭാഷകൻ മൈക്കൽ കോഹനും തനിക്ക് 1.30 ലക്ഷം ഡോളർ നൽകിയെന്നും സ്റ്റോമി കോടതിയിൽ വ്യക്തമാക്കി. യുഎസിൽ ആദ്യമായാണ് ഒരു മുൻ പ്രസിഡന്റിനെതിരേ ക്രിമിനൽ കുറ്റം ചുമത്തുന്നതും ശിക്ഷ വിധിക്കാനൊരുങ്ങുന്നതും.

ട്രംപിന്റെ വിഷയലമ്പടത്തത്തിന്റെ ഒരുപാട് കഥകൾ സിനിമപോലും ആവുകയാണ്. കഴിഞ്ഞ കാൻ ഫിലിം ഫെസ്റ്റിവലിൽ ട്രംപിന്റെ ജീവിത കഥ പറയുന്ന 'ദി അപ്രന്റിസ്' ചിത്രം പ്രദർശിപ്പിച്ചിരുന്നു. ഇറാനിയൻ - ഡാനിഷ് സംവിധായകൻ അലി അബ്ബാസി സംവിധാനം ചെയ്ത ചിത്രത്തിൽ 1970-80 കളിൽ ട്രംപ് റിയൽ എസ്റ്റേറ്റ് ബിസിനസ് രംഗത്ത് സജീവമായിരുന്ന കാലമാണ് ഉൾപ്പെടുത്തിയിരുന്നത്. ചിത്രത്തിൽ ആദ്യ ഭാര്യ ഇവാന ട്രംപുമായുള്ള വിവാഹമോചന സമയത്ത് ട്രംപ് ഭാര്യയെ ബലാത്സംഗം ചെയ്തതായും കാണിക്കുന്നുണ്ട്. ഇവാനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്് ഈ സിനിമ ഉണ്ടാക്കിയത്. ഇപ്പോൾ സ്വന്തം ഭാര്യയെവരെ റേപ്പ് ചെയ്തവൻ എന്ന പേരിലാണ് ട്രംപിനെതിരെ പ്രചാരണം വരുന്നത്.


ട്രംപ് ജയിലികിടന്ന് ഭരിക്കുമോ?

പക്ഷേ അമേരിക്കയിൽ സെക്സ് സ്‌കാൻഡലുകൾ പുത്തരിയല്ല. അത് നോക്കിയല്ല വോട്ട് വീഴുന്നത്. ഈയിടെ നടന്ന അഭിപ്രായ സർവേയിൽ ട്രംപിന് 51% വോട്ടും ബൈഡന് 42% വോട്ടുമാണു ലഭിച്ചത്. 1801-ൽ യുഎസ് പ്രസിഡന്റായ തോമസ് ജെഫേഴ്‌സണ് നേരെ സമാന ആരോപണം ഉയർന്നെങ്കിലും അദ്ദേഹം ആരോപണങ്ങളെ അവഗണിക്കുകയും ഉന്നത സ്ഥാനത്തെത്തുകയും ചെയ്തു. കൗമാരക്കാരിയായി ബന്ധമുണ്ടെന്നും ആ ബന്ധത്തിൽ കുട്ടികൾ ഉണ്ടെന്നതും അടക്കം ഗുരുതര ആരോപണങ്ങളാണ് അന്ന് പുറത്ത് വന്നത്. ജെഫേഴ്‌സന്റെ പ്രതിച്ഛായ നശിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് അന്ന് ആരോപണങ്ങൾ തള്ളിയത്. എന്നാൽ ഒന്നര നൂറ്റാണ്ടിന് ശേഷം ഡിഎൻഎ തെളിവുകൾ ഇത് സത്യമാണെന്ന് തെളിയിച്ചു.

രണ്ട് തവണ യുഎസ് പ്രസിഡന്റായ ഗ്രോവർ ക്ലീവ്‌ലാൻഡീന് നേരെയും ലൈംഗികാരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അദ്ദേഹം 1884-ൽ തനിക്ക് വിവാഹേതര ബന്ധത്തിൽ ഒരു കുഞ്ഞ് ജനിച്ചതായി തുറന്ന് സമ്മതിച്ചു. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ഈ പ്രതിസന്ധിയെ അതിജീവിക്കില്ലെന്നാണ് പലരും കരുതിയത്. എന്നാൽ അമേരിക്കക്കാർ അദ്ദേഹത്തോട് വളരെ പെട്ടെന്നുതന്നെ ക്ഷമിച്ചു.

പ്രസിഡന്റ് വാറൻ ജി. ഹാർഡിങ്ങിന് നിരവധി വിവാഹേതര ബന്ധങ്ങളുണ്ടായതായി കിംവദന്തികൾ ഉണ്ടായിരുന്നു. വിവാഹേതര ബന്ധങ്ങളിൽ കുട്ടികൾ ഉണ്ടായിരുന്നതായും, ട്രംപിന് സമാനമായി തിരഞ്ഞെടുപ്പ് ചട്ടം ലഘിച്ച് പണം നൽകിയിരുന്നതായും പ്രചാരണമുണ്ടായിരുന്നു. എന്നാൽ ഇക്കാര്യങ്ങളെക്കുറിച്ച് വാർത്തകൾ പുറത്ത് വരുന്നത് അദ്ദേഹത്തിന്റെ മരണശേഷം മാത്രമാണ്. ഒപ്പം വലിയ തോതിലുള്ള അഴിമതിയുടെ തെളിവുകളും പുറത്തുവന്നു. ജീവിതകാലത്ത് ഇതിനെ സാധൂകരിക്കുന്ന പല പ്രസ്താവനകളും അദ്ദേഹം നടത്തിയിട്ടുണ്ട്.32-ാമത് യുഎസ് പ്രസിഡന്റ് ഫ്രാങ്ക്ലിൻ ഡി റൂസ്വെൽറ്റിന്റെ ലൂസി മെർസറുമായുള്ള ബന്ധം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നില്ല. ജോൺ എഫ്. കെന്നഡിയുടെ ഐതിഹാസികമായ ലൈംഗികാസക്തി ചർച്ചകൾക്ക് വഴി വെച്ചിരുന്നില്ല. ക്ലീവ്‌ലാൻഡിനെയും കോട്ടണിനെയും പോലെ ബിൽ ക്ലിന്റനും അമേരിക്കക്കാർ മാപ്പ് നൽകിയിട്ടുണ്ട്. അതുപോശല അവർ ട്രംപിനോടും പൊറുക്കുമോ എന്നാണ് ചോദ്യം.

വെറും സെക്സ് സ്‌കാൻഡലുകൾ മാത്രല്ല, യുഎസിന്റെ സൈനിക രഹസ്യങ്ങളും ആണവപദ്ധതികളുമെല്ലാം വൈറ്റ് ഹൗസിൽനിന്ന് തന്റെ സ്വകാര്യ വസതിയിലേക്ക് കടത്തിയെന്നത് തൊട്ട്, ലൈംഗിക ആരോപണങ്ങളിൽവരെപെട്ട്, 420 കൊല്ലം ശിക്ഷ കിട്ടാവുന്ന കുറ്റങ്ങൾ ട്രംപിന്റെ പേരിലുണ്ട്. പക്ഷേ, ഈ കേസുകളുടെ നടപടി ക്രമങ്ങൾ ബാക്കിയാണെന്ന് മാത്രം. സ്റ്റോമി ഡാനിയൽ കേസ് അമേരിക്കൻ ശിക്ഷാ നിയമപ്രകാരം, ക്ലാസ് ഇ കുറ്റകൃത്യങ്ങളിൽ പെടുന്നതാണ്. ഓരോ കുറ്റത്തിനും നാല് വർഷം വരെ ശിക്ഷ ലഭിച്ചേക്കാം. എന്നാൽ ട്രംപിന് ശിക്ഷ ലഭിക്കാൻ സാധ്യതയില്ലെന്നും വിലയിരുത്തലുണ്ട്. അക്രമരഹിതമാണ് കുറ്റകൃത്യം, ആദ്യമായാണ് സമാനമായ കേസിൽ ഉൾപ്പെടുന്നത് തുടങ്ങിയ ഘടകങ്ങൾ ട്രംപിനെ സഹായിക്കും. ജയിൽ ശിക്ഷ മൂലമുണ്ടാകുന്ന രാഷ്ട്രീയ പ്രതിസന്ധി ഒഴിവാക്കുക എന്നതും ജഡ്ജിയുടെ പരിഗണനയിൽ ഉണ്ടാകുമെന്ന് വിദഗ്ദ്ധർ പറയുന്നു. മുൻ അമേരിക്കൻ പ്രസിഡന്റ്, റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി എന്നീ നിലകളും സഹായകമാകും.

ഇത്തരം കേസുകളിൽ പിഴ, വീട്ടുതടങ്കൽ, തെരുവുൽ നിന്ന് ചവർ പെറുക്കുന്നത് ഉൾപ്പടെയുള്ള സാമൂഹ്യ സേവനങ്ങൾ, തുടങ്ങിയവയാകും മിക്കവാറും ശിക്ഷകൾ. കുറ്റം ചെയ്തതിൽ പശ്ചാത്താപമില്ലാത്ത ട്രംപിന്റെ മനോഭാവം ജഡ്ജി എങ്ങനെ കണക്കിലെടുക്കും എന്നതും നിർണായകമാണ്. കുറ്റകൃത്യംമൂലം ഉണ്ടായ പ്രശ്‌നങ്ങൾ ജഡ്ജി കണക്കിലെടുക്കും. ട്രംപിന്റെ കുറ്റകൃത്യം എത്ര ആഴത്തിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കി എന്നത് ജഡ്ജിന്റെ മാത്രം നിലപാടിനെ അനുസരിച്ചിരിക്കും.. ശിക്ഷാവിധിക്കെതിരെ ട്രംപ് ഉടൻ തന്നെ അപ്പീൽ നൽകാനുള്ള സാധ്യതയുമുണ്ട്. അപ്പീൽ പരിഗണനയിലിരിക്കെ ശിക്ഷ നടപ്പിലാക്കാൻ സാധ്യതയില്ല.

അപ്പീലുമായി ബന്ധപ്പെട്ട നിയമനടപടികൾ മാസങ്ങളോ വർഷങ്ങളോ നീണ്ടേക്കാം. എന്നിരുന്നാലും നവംബർ തിരഞ്ഞെടുപ്പിന് മുമ്പ് അപ്പീൽ നടപടികൾ അവസാനിക്കാൻ സാധ്യതയില്ല. അതിനാൽ ട്രംപിന്റെ സ്ഥാനാർത്ഥിത്വത്തെ ശിക്ഷ നിയമപരമായി ബാധിക്കില്ല എന്നാണ് പൊതുവിലയിരുത്തൽ. ശിക്ഷ നടപടികൾ പുരോഗമിക്കുകയും ട്രംപ് വിജയിക്കുകയും ചെയ്താൽ ഉണ്ടാകുന്നത് പുതിയൊരു സാഹചര്യം ആയിരിക്കും. ജയിലിൽ നിന്ന് അദ്ദേഹത്തിന് പ്രസിഡന്റായി പ്രവർത്തിക്കാൻ സാധിക്കും. തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ, ട്രംപിന് ജയിലിലായിരിക്കുമ്പോൾ തന്നെ സത്യപ്രതിജ്ഞ ചെയ്യാം! അത്തരമൊരു സാഹചര്യം അമേരിക്കയിൽ ഉണ്ടാവുമോ? കാത്തിരുന്ന് കാണാം.

വാൽക്കഷ്ണം: തള്ളിന്റെ കാര്യം നോക്കിയാൽ ട്രംപിനെ കഴിഞ്ഞേ ബാക്കി ആരും ഈ ലോകത്തുള്ളൂ. ട്രംപ് പ്രസിഡന്റായാൽ തന്നെ വൈറ്റ്ഹൗസ് സുരക്ഷ ഉപദേഷ്ടാവാക്കുമെന്ന രീതിയിൽ പ്രചരിച്ച റിപ്പോർട്ടുകൾ ശതകോടീശ്വരനും ടെസ്ല സ്ഥാപകനും എക്സ് ഉടമയുമായ ഇലോൺ മസ്‌ക് തള്ളിയിരിക്കയാണ്. മസ്‌ക്കം ട്രംപും ഒന്നിച്ച് അമേരിക്കയെ സ്വർഗമാക്കും എന്ന പ്രൊപ്പഗൻഡക്കാക്കി ഉണ്ടാക്കിയ ഒരു തള്ളായിരുന്നു ഇത്!