- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴക റോബിൻഹുഡ്ഡായി വീരപ്പൻ പുനർജ്ജനിക്കുമ്പോൾ!
കൊടും വില്ലന്മാരായി വെള്ളിത്തിരയെ വിറപ്പിച്ച ചില നടന്മാർ, പിന്നീട് നന്മ മരങ്ങളായി ക്യാരക്ടർ റോളുകിലേക്ക് മാറുന്നതും, കൊമേഡിയന്മാർ ആവുന്നതുമൊക്കെ നാം സിനിമാലോകത്ത് ഏറെ കണ്ടതാണ്. സാമൂഹിക ജീവിതത്തിലും പലപ്പോഴും അങ്ങനെയാവും. ഇന്നലത്തെ കൊടുംക്രൂരന്മാർ പുതിയ ചരിത്ര വായനയിൽ വിശുദ്ധരാക്കപ്പെട്ടേക്കാം. അതുപോലെ ഒരു ഞെട്ടിക്കുന്ന മേക്കോവറിന് രാജ്യം സാക്ഷിയാവുന്നത് നമ്മുടെ ചന്ദനക്കൊള്ളക്കാരൻ വീരപ്പന്റെ കാര്യത്തിലാണ്.
പ്രത്യേക ദൗത്യസംഘം, 2024-ൽ വെടിവെച്ചുകൊന്ന കൂസു മുനിസ്വാമി വീരപ്പ ഗൗണ്ടറിന്റെ പേര് ക്രൂരതയുടെ പര്യായമായാണ് പലയിടത്തും ഉപയോഗിക്കപ്പെട്ടത്. 124 പേരെ കൊന്നുതള്ളിയ ക്രുരൻ, ആയിരത്തോളം ആനകളെ വെടിവെച്ചിട്ട് കൊമ്പെടുത്ത കൊള്ളക്കാരൻ, 18 കോടിയോളം വിലമതിക്കുന്ന പതിനായിരത്തോളം ടൺ ചന്ദനത്തടി മുറിച്ചു കടത്തിയ കാട്ടുകള്ളൻ.... ഇങ്ങനെയായിരുന്നു നാളിതുവരെ വീരപ്പന്റെ വിശേഷണങ്ങളൊക്കെ.
40 വർഷത്തോളം ഒളിവിൽ കഴിഞ്ഞ വീരപ്പനെ പിടിക്കാനായി സർക്കാർ ചെലവിട്ടത് 200 കോടിയിലേറെ രൂപയാണ്. ഇപ്പോൾ ഏറെക്കാലത്തിനുശേഷം വീണ്ടും വീരപ്പൻ വാർത്തകളിൽ നിറയുകയാണ്. നാം തമിഴർ എന്ന പാർട്ടിയുടെ പ്രതിനിധിയായി വീരപ്പന്റെ മകളും അഭിഭാഷകയുമായ വിദ്യാറാണി തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ സ്ഥാനാർത്ഥിയായതോടെയാണ്, തമിഴക റോബിൻ ഹുഡ്ഡായി വീരപ്പൻ രൂപാന്തരം പ്രാപിക്കുന്നത്. എൽ ടി ടി ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ ചിത്രത്തിനൊപ്പം വീരപ്പന്റെയും ചിത്രം വച്ചാണ്, കൃഷ്ണഗിരിയുടെ മുക്കിലും മൂലയിലുമെത്തി വിദ്യാറാണിയെന്ന മുപ്പത്തിനാലുകാരി വോട്ടുതേടുന്നത്.
അവർ പറയുന്ന ആശയങ്ങൾ കേട്ടാൽ ഞെട്ടും. വീരപ്പന്റെ സ്വപ്നങ്ങൾ നടപ്പാക്കാനാണത്രേ അവർ മത്സരിക്കുന്നത്! വീരപ്പന്റെ സ്വപ്നം എന്നുകേട്ടാൽ ചന്ദനക്കൊള്ളയും ആനവേട്ടയുമെന്ന്, തെറ്റിദ്ധരിക്കേണ്ടതില്ല. സ്ത്രീകൾക്ക് സ്വാതന്ത്ര്യമുള്ള, ലഹരിവിമുക്തമായ ഒരു ലോകമാണെത്രേ വീരപ്പൻ അവസാന കാലത്ത് സ്വപ്നം കണ്ടത്. എല്ലാം അവസാനിപ്പിച്ച്, രാഷ്ട്രീയത്തിൽ ഇറങ്ങി ജനങ്ങളെ സേവിക്കാൻ ഒരുങ്ങുന്ന സമയത്താണ്, വീരപ്പനെ വെടിവെച്ച് കൊന്നത് എന്നാണ്് മകൾ വിദ്യാറാണിയും, തീവ്ര തമിഴ്‌ദേശീയതയുടെ വക്താക്കളായ നാം തമിഴർ കക്ഷിയും പറയുന്നത്.
വീരപ്പനുമുണ്ട് ഒരു പ്രണയ ജീവിതം
എന്നും പൊലീസും പ്രശ്‌നങ്ങളുമായി ആകെ കലുഷിതമായിരുന്നു വിദ്യാറാണിയുടെ ബാല്യം. അമ്മ മുത്തുലക്ഷ്മിയുടെ അസാമാന്യ ധൈര്യമാണ് ആ കുടുംബത്തെ തുണച്ചത്. മുത്തുലക്ഷ്മിയുടെ കഥ പറയാതെ വിദ്യാറാണിയെക്കുറിച്ച് ഒന്നും എഴുതാൻ കഴിയില്ല. മേട്ടൂരിനുസമീപം പെന്നാഗരം സിങ്കപുരത്തുള്ള നെരപ്പുരിലിനെ വനയോര ഗ്രാമത്തിലാണ് അവൾ ജനിച്ചത്. അവൾക്ക് 16 വയസ്സുള്ളപ്പോൾ, ഒരാൾ മൈസൂർ കാടുകളിൽനിന്ന് കാവേരി നദി നീന്തികടന്ന് കാണാണെത്തി. അത് സാക്ഷാൽ വീരപ്പനായിരുന്നു. അന്ന് അയാൾക്ക് 39 വയസ്സ്. മുത്തുലക്ഷ്മിയെന്ന ഗ്രാമീണ പെൺകുട്ടിയെ സ്വന്തം ജീവിതത്തിലേക്ക് ക്ഷണിക്കാനായിരുന്നു ആ വരവ്. സുന്ദരിയായിരുന്ന അവളെ വീരപ്പൻ എവിടെയോ വെച്ച് കണ്ടിരുന്നു. ഒറ്റ നോട്ടത്തിൽ അയാൾക്ക് ഇഷ്ടമായി. പ്രണയം മൊട്ടിട്ടു.
അന്നും വീരപ്പന്റെ പേര് കേട്ടാൽ നാട് വിറയ്ക്കും. പക്ഷേ, കല്യാണത്തിന് അവൾക്ക് സമ്മതമാണോ എന്ന് വീരപ്പന് അറിയണമായിരുന്നു. പെണ്ണിന്റെ മനമറിഞ്ഞുവേണം അടുത്ത പടിയെന്ന കാര്യത്തിൽ വീരപ്പന് നിർബന്ധമായിരുന്നു. ബാക്കിയുള്ളവരുടെ സമ്മതം അയാൾക്ക് പ്രശ്നവുമായിരുന്നില്ല. വനത്തിനുസമീപം താമസിക്കുന്ന മുത്തുലക്ഷ്മിക്ക് ചന്ദനക്കൊള്ളയും ആനക്കൊമ്പ് മോഷണവും നടത്തിവരുന്ന ആളുകളെപ്പറ്റി അറിയാമായിരുന്നു. ഇത് വലിയ തെറ്റാണെന്ന് നാട്ടിലെ പല പെൺകുട്ടികളെയും പോലെ അവൾക്കും തോന്നിയിരുന്നില്ല.
എന്നാൽ, വീരപ്പനെക്കുറിച്ച് വ്യക്തമായ ധാരണയും അവൾക്കില്ലായിരുന്നു. അതുകൊണ്ടുതന്നെ അച്ഛനോടും അമ്മയോടും ചോദിക്കാനായിരുന്നു വീരപ്പനോട് അവളുടെ മറുപടി. വീരപ്പന് അതുമതിയായിരുന്നു. അച്ഛൻ അയ്യണനെക്കണ്ട് വീരപ്പൻ ആവശ്യമറിയിച്ചപ്പോൾ അതിനൽപ്പം ഭീഷണിയുടെ സ്വരവുമുണ്ടായിരുന്നു. അഞ്ചാംക്ളാസുവരെയാണ് മുത്തുലക്ഷ്മി പഠിച്ചത്. തുടർന്ന് പഠിക്കാൻ സ്‌കൂളിലെത്താൻ 15 കിലോമീറ്റർ നടക്കണം. അങ്ങോട്ടുമിങ്ങോട്ടുമായി 30 കിലോമീറ്റർ നടക്കുക സാധിക്കാത്തതുകൊണ്ട് പഠിത്തം അവിടെ അവസാനിച്ചു. വീട്ടിൽവന്ന് അച്ഛൻ, അമ്മ പാപ്പയോട് പറയുന്നത് ഇപ്പോഴും താൻ ഓർക്കാറുണ്ടെന്ന് മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തിൽ മുത്തുലക്ഷ്മി ഓർക്കുന്നുണ്ട്. 'വീരപ്പന് മുത്തുലക്ഷ്മിയെ കല്യാണം കഴിക്കണമെന്ന് പറയുന്നു. പക്ഷേ...', അച്ഛൻ മുഴുമിപ്പിച്ചില്ല. അച്ഛൻ സമ്മതിച്ചില്ലെങ്കിലും തോക്കുചൂണ്ടി വീരപ്പൻ കാര്യം സാധിക്കുമായിരുന്നു".
പൊലീസും വനംവകുപ്പുകാരുമെല്ലാം ആദ്യകാലത്ത് വീരപ്പനെ സഹായിച്ചിരുന്നു. 1990-ൽ നാട്ടിൽ പരസ്യമായി അയാൾക്ക് പെണ്ണുകെട്ടാൻ കഴിഞ്ഞു എന്നതുതന്നെ അതിനുള്ള സംസാരിക്കുന്ന തെളിവ്. പതിനാറാം വയസ്സിൽ 39-കാരനായ വീരപ്പന്റെ കരംപിടിച്ച് കാട്ടിലേക്കുപോയ മുത്തുലക്ഷ്മിക്ക് പിന്നെ നാലുവർഷം കാനനവാസം. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ, കൊടുംകാട്ടിലെ ജീവിതം ആസ്വദിച്ചോ എന്ന ചോദ്യത്തിന് നേരിയ ചിരിയായിരുന്നു മുത്തുലക്ഷ്മിയുടെ മറുപടി. ഇല്ലെന്നോ ഉണ്ടെന്നോ പറയാത്ത ചിരി.
കാടിനെ മുത്തുലക്ഷ്മിക്ക് ഭയമില്ലായിരുന്നു. കാരണം, വളർന്നത് വനപരിസരത്തുതന്നെ. എന്നാൽ, കാട്ടിലെ തുറസ്സായ സ്ഥലത്തെ കിടപ്പും കാനനച്ചോലയിലെ കുളിയുമെല്ലാം ആദ്യകാലത്ത് പ്രയാസമുണ്ടാക്കി. ക്രമേണ അതെല്ലാം ശീലമായി. ജോലിയൊന്നും ചെയ്യാനില്ലാത്തതായിരുന്നു കാട്ടിലെ മറ്റൊരു പ്രശ്നം. ഭക്ഷണമടക്കം എല്ലാം തയ്യാറാക്കുന്നത് വീരപ്പന്റെ ആൾക്കാർ തന്നെ. അന്ന് വീരപ്പന്റെകൂടെ നൂറുപേരുണ്ടായിരുന്നു. വീരപ്പൻ ഒരിക്കലും സ്ത്രീകളെ ഉപദ്രവിച്ചിരുന്നില്ല. കടുത്ത കാളീഭക്തനായ അയാൾ തികഞ്ഞ ഏക പത്്‌നീ വ്രതക്കാരനുമായിരുന്നു.
കല്യാണം കഴിഞ്ഞ് കുറച്ചുകാലം വീരപ്പൻ കൊള്ളയും കൊലയുമെല്ലാം നിർത്തിയെന്നും അവർ പറയുന്നു. അന്ന് കരിങ്കൽക്വാറി ഉടമകളെ ഭീഷണിപ്പെടുത്തിയാണ് വീരപ്പൻ കൂടെയുള്ളവരെ തീറ്റിപ്പോറ്റാൻ പണം കണ്ടെത്തിയത്. എന്നാൽ, പാതിരാത്രിയിൽ കർണാടകയിലെ രാംപുര പൊലീസ് സ്റ്റേഷൻ ആക്രമിച്ച്, ഉറങ്ങിക്കിടന്ന അഞ്ച് പൊലീസുകാരെയും മൈസൂർ എസ്‌പി. ഹരികൃഷ്ണയെയും കൊന്നതോടെ ആ യുദ്ധവിരാമത്തിനും തിരശ്ശീലവീണു.
അപ്പനെ കാണാതെ വളർന്ന മക്കൾ
പൊലീസ് കസ്റ്റഡിയിലിരിക്കെയായിരുന്നു മുത്തുലക്ഷ്മിയുടെ ആദ്യപ്രസവം. മൂത്തമകൾ വിദ്യാറാണിക്ക് 11 വയസ്സുള്ളപ്പോൾ ഒറ്റത്തവണയാണ് അച്ഛനെ കണ്ടത്. രണ്ടാമത്തെ മകൾ പ്രഭ വിദ്യാലക്ഷ്മി അച്ഛനെ കണ്ടിട്ടേയില്ല. അച്ഛൻ അവളെ കണ്ടതാവട്ടെ ഒരുതവണമാത്രം. അന്നവൾക്ക് ഒമ്പതുമാസംപ്രായം. വീരപ്പനെ കണ്ടത് മകൾ വിദ്യാറാണി ഇങ്ങനെ ഓർക്കുന്നു. 'ഒറ്റത്തവണ മാത്രമാണ് അച്ഛനെ നേരിൽ കണ്ടിട്ടുള്ളത്. നന്നായി പഠിക്കണം ഡോക്ടറാകണം എന്നായിരുന്നു വീരപ്പൻ മകളെ അന്ന് ഉപദേശിച്ചത്". പിതാവിന്റെ ആഗ്രഹപ്രകാരം എംബിബിഎസ് തന്നെയായിരുന്നു വിദ്യാറാണിയുടെ ആഗ്രഹവും. എൻട്രൻസ് എഴുതി കിട്ടിയെങ്കിലും അപ്പോഴേക്കും സിവിൽ സർവീസ് മോഹമുണ്ടായി. വിദ്യ ഡോക്ടർ സ്വപ്നം വെടിഞ്ഞ് സിവിൽ സർവീസ് പരിശീലനത്തിന് ചേർന്നു. എന്നാൽ ആ ലക്ഷ്യത്തിൽ എത്തിച്ചേരാനായില്ല. പിന്നീട് ബെംഗളൂരുവിൽ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ എൽഎൽബിയെടുത്ത് അഭിഭാഷകയായി.
അമ്മ മുത്തലക്ഷ്മിയുടെ വഴി പിന്തുടർന്നാണ് മകൾ സാമൂഹിക പ്രവർത്തനത്തിന് ഇറങ്ങുന്നത്. പൊലീസിന്റെ പല വിധത്തിലുള്ള പീഡനങ്ങൾ അതിജീവിച്ചവരാണ് ഈ കുടുംബം. വീരപ്പൻ മരിച്ച് ഏഴുവർഷം കഴിഞ്ഞ് പൊലീസ് മുത്തുലക്ഷ്മിക്കെതിരേ കേസെടുത്ത് അറസ്റ്റ് ചെയതു. കുഴിബോംബ് വെച്ച് തകർത്ത് 22 പൊലീസുകാരെ കൊലപ്പെടുത്തിയതടക്കമുള്ള സംഭവത്തിൽ പങ്കുണ്ടെന്ന് കാണിച്ചായിരുന്നു അത്. എന്നാൽ, കോടതി വെറുതേവിട്ടു.
ആരും പട്ടിണി കിടക്കരുതെന്ന വീരപ്പന്റെ മോഹം സാക്ഷാത്കരിക്കാനായി സ്വന്തംനിലയിൽ സ്ഥാപിച്ച സംഘടനയുമായി മുത്തുലക്ഷ്മി പ്രവർത്തനം തുടങ്ങി. പലവകയിൽ വീരപ്പന് കിട്ടിയെന്നു കരുതുന്ന കോടിക്കണക്കിനുരൂപ കാടുകളിൽ പലയിടത്തായി കുഴിച്ചിട്ടത് മണ്ണിനടിയിൽ ദ്രവിക്കുമ്പോഴും അത് കിട്ടാത്തതിൽ മുത്തുലക്ഷ്മിക്ക് ഒട്ടും ഖേദമില്ല. കാരണം, വീരപ്പൻ ചെയ്ത കൊലകൾ ശരിയായിരുന്നില്ലെന്ന് അവർ വിശ്വസിക്കുന്നു. എന്നാൽ, അയാളെ നന്നാവാൻ സമൂഹം അനുവദിച്ചില്ല എന്നതിൽ രോഷവുമുണ്ട്.
'മൺകാക്കും വീരതമിഴർ പേരവൈ' എന്ന സംഘടന സ്ഥാപിച്ച് സാമൂഹികസേവനം ചെയ്തുവരികയാണ് മുത്തുലക്ഷ്മി. ഭർത്താവ് മരിച്ച് നിരാശ്രയരായിത്തീർന്ന അമ്മമാർക്ക് പെൺകുട്ടികളെ വിവാഹം ചെയ്തയയ്ക്കാൻ സാമ്പത്തികസഹായം, ഗ്രാമങ്ങളിൽ കുടിവെള്ളം ലഭ്യമാക്കുക തുടങ്ങിയ പ്രവൃത്തികളാണ് സംഘടന ചെയ്യുന്നത്. ആ സാമൂഹിക പ്രവർത്തനത്തിന്റെ ചുവടുപിടിച്ചാണ് മകൾ വിദ്യാലക്ഷ്മിയും പ്രവർത്തിക്കുന്നത്.
ബിജെപിയിൽ നിന്ന് നാം തമിഴരിലേക്ക്
രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന മോഹം വളരെ നാളായി കൊണ്ടുനടന്ന വിദ്യ തമിഴ്‌നാട്ടിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളിൽ ചേർന്നു പ്രവർത്തിക്കാൻ ശ്രമിച്ചിരുന്നു. സ്വന്തം സമുദായമായ വെണ്ണിയാറിനെ പ്രതിനിധാനം ചെയ്യുന്ന പാട്ടാളിമക്കൾ കക്ഷിയിൽ ചേരാതെയായിരുന്നു അവർ ബിജെപിയുടെ ക്ഷണം സ്വീകരിച്ചത്. കുറച്ചുനാൾ യുവമോർച്ചയുടെ തമിഴ്‌നാട് വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു. പ്രാദേശികമായി ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഒരു പ്രാദേശിക പാർട്ടിയിൽ തുടരുന്നതാണ് നല്ലതെന്ന ചിന്ത വന്നപ്പോൾ ബിജെപി വിട്ടു. അങ്ങനെയാണ് തീവ്ര തമിഴ് വികാരം കൊണ്ടുനടക്കുന്ന നാം തമിഴർ കക്ഷിയുടെ ക്ഷണവുമായി നേതാവ് സീമാൻ എത്തുന്നത്. കൃഷ്ണഗിരിയിൽ ലോക്സഭാ ടിക്കറ്റ് നൽകാമെന്ന വാഗ്ദാനമുണ്ടായതോടെ പാർട്ടിയിൽ ചേരുകയായിരുന്നു വിദ്യാറാണി. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നാം തമിഴർ കക്ഷിക്ക് കൃഷ്ണഗിരിയിൽ 28,000 വോട്ടാണ് ലഭിച്ചത. കോൺഗ്രസ്-ഡി എം കെ ഉറച്ചകോട്ടയായ കൃഷ്ണഗിരിയിൽ വിദ്യാറാണിയെ ഇറക്കി വോട്ട് വിഹിതം കൂട്ടാമെന്ന കണക്കുകൂട്ടലിലാണ് സീമാനും നാം തമിഴർ കക്ഷിയും. തമിഴകത്തെ 40 സീറ്റിലും നാം തമിഴർ കക്ഷി സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. 20 എണ്ണത്തിൽ വനിതകളാണ് മത്സരിക്കുന്നത്.
മൈക്കാണ് ചിഹ്നം. വീരപ്പന്റെ പേര് പറഞ്ഞാണ് അവർ വോട്ടുപിടിക്കുന്നതും.കൊമ്പൻ മീശയുള്ള ഫോട്ടോയും വലിയ ഫ്ളെക്സും. വീരപ്പന്റെ പല പോസിലുള്ള ചിത്രങ്ങളും പ്രചാരണ വാഹനങ്ങളിലുണ്ട്. " അവസാന നാളുകളിൽ കാടിറങ്ങണമെന്നും സമൂഹത്തിലിറങ്ങി പാവപ്പെട്ടവർക്കുവേണ്ടി പ്രവർത്തിക്കണമെന്നും അച്ഛൻ ആഗ്രഹിച്ചിരുന്നു. അത് നടന്നില്ല. അച്ഛൻ ആഗ്രഹിച്ചത് പൂർത്തിയാക്കാനാണ് ഞാൻ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയിരിക്കുന്നത്. അച്ഛനോട് ഇവിടത്തുകാർക്കു സ്‌നേഹവും ആദരവുമാണ്. അതെനിക്കും അവർ തരുന്നുണ്ട്. പഴയ തലമുറയ്ക്ക് വീരപ്പനോട് ബഹുമാനവും സ്‌നേഹവുമാണ്. പുതിയ തലമുറയാകട്ടെ വീരപ്പൻ കഥകൾ കേട്ട് വളർന്നവരും. മിക്കവർക്കും വീരപ്പൻ പാവങ്ങളുടെ പടത്തലവനാണ്. അച്ഛനും അമ്മയും കാട്ടിലായിരുന്നപ്പോൾ ഞങ്ങൾ മക്കൾ രണ്ടു പേരെയും സംരക്ഷിച്ചത് ഈ ഗ്രാമീണരാണ്. മാതാപിതാക്കൾ അടുത്തില്ലാത്ത വേദന മറക്കാൻ അവരുടെ സ്‌നേഹലാളനകൾ സഹായിച്ചു. നന്ദിസൂചകമായി അവർക്ക് തിരിച്ച് എന്തെങ്കിലും ചെയ്തുകൊടുക്കണം. അതിനാണ് ഞാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയത്,' വിദ്യാറാണി പറയുന്നു. ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടാൽ സ്ത്രീകളുടെ മുന്നേറ്റത്തിനായി നിരവധി പദ്ധതികളാണ് വിദ്യാറാണിയുടെ മനസിലുള്ളത്. സ്ത്രീകളുടെ ഉന്നമനമാണ് പാർട്ടിയുടെ ലക്ഷ്യം.സ്ത്രീ- പുരുഷ തുല്യത എന്ന ആശയം അവരിൽ വളർത്താൻ വേണ്ട കാര്യങ്ങൾ ചെയ്യുമെന്നും അവർ പറയുന്നു.
വികസനും സ്ത്രീ ശാക്തീകരണവുമൊക്കെ പുറമേക്ക് പറയുന്നുണ്ടെങ്കിലും വീരപ്പൻ തന്നെയാണ് മകളുടെ തുറപ്പ് ചീട്ട്. കാടിറങ്ങി നാട്ടിൽ ജീവിക്കാൻ ആഗ്രഹിച്ചിരുന്ന വീരപ്പനെ അധികാരികൾ കെണിയിൽപെടുത്തി എന്നെന്നേക്കുമായി ഇല്ലാതാക്കിയ കഥ വിവരിച്ചാണ് വിദ്യാറാണി കൃഷ്ണഗിരിക്കാരെ കയ്യിലെടുക്കുന്നത്. വീരപ്പൻ വേട്ടക്കിടെ പൊലീസ് നടത്തിയ കൊടിയ അതിക്രമണങ്ങളും അവർ പ്രചാരണ ആയുധമാക്കുന്നു.
വീരപ്പൻവേട്ടയുടെ മറവിൽ കൂട്ടബലാത്സംഗം
വീരപ്പൻ വേട്ടയുടെ മറവിൽ ദൗത്യസേന നടത്തിയ മനുഷ്യാവാകാശ ലംഘനങ്ങളാണ് മകളുടെ പ്രചാരണ ആയുധം. താൻ അനുഭവിച്ച പീഡനങ്ങൾ വീരപ്പന്റെ ഭാര്യ വീരമുത്തുലക്ഷ്മി നേരത്തെ വിശദീകരിച്ചിരുന്നു. വീരപ്പനെ പിടിക്കാൻ തമിഴ്‌നാട്- കർണാടക സർക്കാറുകൾ ചേർന്ന് സ്പെഷ്യൽ സ്‌ക്വാഡ് രൂപീകരിച്ച് വർഷങ്ങൾ കഴിഞ്ഞട്ടും അവർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഒടുവിൽ ഗ്രാമീണർ വീരപ്പനെ സഹായിക്കയാണ് എന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. അതോടെ അവർ പ്രാപ്പനൻപ്പെട്ടി ഗ്രാമം വളഞ്ഞു. ആ ഗ്രാമത്തിലുള്ളവരാണ് വീരപ്പനെ സംരക്ഷിക്കുന്നത് എന്ന് സ്‌ക്വാഡ് കണ്ടെത്തുന്നു. വീരപ്പന്റെ കൂട്ടുകാരെയും ബന്ധുക്കളെയും സ്പെഷ്യൽ സ്‌ക്വാഡ് ടാർജറ്റ് ചെയ്യുന്നു. ഗ്രാമീണരെ വേട്ടയാടുകയും സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുകയും ചെയ്യുന്നു. ചൂഷണത്തിനിരയായത് മുപ്പതിൽപരം സ്ത്രീകൾ എന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. എന്നാൽ, നൂറുകണക്കിന് സ്ത്രീകൾ എന്നാണ് ഗ്രാമീണർ പറയുന്നത്. വീരപ്പനെ പിടിക്കാനുള്ള അധികാരം വളരെ ഹീനമായി അവിടത്തെ സാധാരണ മനുഷ്യരുടെ മേൽ പ്രയോഗിക്കുകയായിരുന്നുവെന്ന് നക്കീരൻ ഗോപാൽ എന്ന തമിഴ് മാധ്യമപ്രവർത്തകൻ നേരത്തെ പറഞ്ഞിട്ടുണ്ട്.
വീരപ്പനെ കണ്ടെത്താനും ഇന്റർവ്യൂ എടുക്കാനും സത്യമംഗലം കാട്ടിൽ കയറിയ ആദ്യ ജേണലിസ്റ്റ് ആയ നക്കീരൻ ഗോപാൽ സൺ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ വർഷങ്ങൾക്കു മുമ്പേ ഇത് സൂചിപ്പിച്ചിരുന്നു. പിന്നീട് വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി മാധ്യമങ്ങളോട് ഇക്കാര്യം പറയുകയും ചെയ്തു. എന്നിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് ആ സ്ത്രീകൾക്ക് നീതി ലഭിച്ചില്ല. പലപ്പോഴും വീരപ്പൻ അധികാരികളോട് പറഞ്ഞത്, സ്ത്രീകളെ ആക്രമിക്കരുത്, നമുക്ക് നേരിട്ട് ഏറ്റുമുട്ടാം എന്നാണ്. നക്കീരൻ ഗോപലന് നൽകിയ അഭിമുഖത്തിൽ വീരപ്പൻ ഇങ്ങനെ പറയുന്നുണ്ട്. വീരപ്പൻ ചെയ്തത് നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് എങ്കിലും വീരപ്പന് ശക്തമായ ജനപിന്തുണ ഉണ്ടായിരുന്നു എന്നും നക്കീരൻ ഗോപാൽ പറയുന്നു. വീരപ്പന്റെ അനിയനായ അർജുനനെയും ഉറ്റ സുഹൃത്തുക്കളേയും പൊലീസ് വധിക്കുന്നതോടുകൂടി വീരപ്പൻ പൊലീസുമായി നേരിട്ട് ഏറ്റുമുട്ടാൻ തയ്യാറാവുന്നു. ഈ കാലഘട്ടത്തിൽ സ്പെഷ്യൽ സ്‌ക്വാഡിൽ സ്പെഷൽ ഇൻസ്പെക്ടറായിരുന്ന അശോക് കുമാറാണ് വീരപ്പനെ കിട്ടാത്ത ദേഷ്യത്തിന് മുത്തുലക്ഷ്മിക്കും പാപ്പനപ്പെട്ടി ഗ്രാമത്തിലെ സ്ത്രീകൾക്കെതിരായും ലൈംഗിക ആക്രമണം അഴിച്ചുവിടുന്നത്. ആ സമയത്ത് തമിഴ്‌നാട് എസ്.ബി ആയിരുന്നു റാംബോ ഗോപാലകൃഷ്ണൻ.
1993-ൽ ആക്രമണം സഹിക്കാനാകാതെ വീരപ്പൻ ഗോപാലകൃഷ്ണന് ഒരു കത്തയക്കുന്നുണ്ട്. 'ധൈര്യം ഇരുന്താ നേരിൽ വാടാ, പാക്കലാം പൊമ്പളങ്ക കിട്ടെ ഓ വീരത്തക്കാട്ടതെ' എന്നതായിരുന്നു ആ സന്ദേശം. പിന്നീട് റാംബോ ഗോപാലകൃഷ്ണൻ സ്പെഷ്യൽ പൊലീസുമായി വീരപ്പൻ പറഞ്ഞ കൊള്ളിമല കാട്ടിലേക്ക് ചെല്ലുന്നു. വീരപ്പൻ എറിഞ്ഞ ബോംബ് സ്പെഷൽ ഫോഴ്സിന്റെ വാൻ തകർത്തു, 22 പൊലീസ് ഓഫീസർമാർ കൊല്ലപ്പെട്ടു. തലനാരിലക്കാണ് റാംബോ രക്ഷപ്പെട്ടത്.
വീരപ്പനെ പിടികൂടാനുള്ള തിരച്ചിലിനിടെ മൂന്നുപതിറ്റാണ്ടുമുമ്പ് അരങ്ങേറിയ കൊടും ക്രൂരതകളെക്കുറിച്ച് നേരിട്ടന്വേഷിക്കാൻ മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി. വേൽമുരുകൻ നേരിട്ട് വാച്ചാത്തി എന്ന ഗ്രാമത്തിലെത്തി അന്വേഷിച്ച കാര്യവും ഡോക്യമെന്റി പറയുന്നുണ്ട്. ധർമപുരി ജില്ലയിലെ വാച്ചാത്തിയെന്ന ആദിവാസി ഊരിലേക്ക് 1992 ജൂൺ 20-നാണ് 269 ഉദ്യോഗസ്ഥരടങ്ങുന്ന സംഘം കടന്നുകയറിയത്. ഗ്രാമീണർ വീരപ്പനെ സഹായിക്കുന്നെന്നും മുറിച്ചുകടത്തിയ ചന്ദനം സൂക്ഷിക്കുന്നെന്നും വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലുള്ള തിരച്ചിലാണെന്നാണ് പറഞ്ഞിരുന്നത്. രണ്ടുദിവസമെടുത്ത് വനപാലകരും പൊലീസും നടത്തിയ വേട്ടയിൽ 154 കുടിലുകൾ ചാമ്പലായി. 18 സ്ത്രീകൾ കൂട്ട ബലാത്സംഗത്തിനിരയായി. നൂറോളംപേരെ തല്ലിച്ചതച്ചു. വളർത്തുമൃഗങ്ങളെ കൊന്നുതിന്നു. 133 പേരെ കള്ളക്കേസ് ചുമത്തി ജയിലിലടച്ചു. നെറ്റ്ഫ്‌ളിക്‌സ് ഈയിടെ ഇറക്കിയ വീരപ്പൻ ഡോക്യൂമെന്റിയിലും ഇക്കാര്യങ്ങൾ പറയുന്നുണ്ട്. ഇതാണ് വിദ്യയുടെ പ്രധാന പ്രചാരണായുധം.
മദ്യപിക്കാത്ത മാന്യനായ വീരപ്പൻ
രാജീവ്ഗാന്ധി വധക്കേസിലെ മുഖ്യ പ്രതിയായ വേലുപ്പിള്ള പ്രഭാകനെ പിന്തുണക്കുന്നതുപോലെ തന്നെയാണ്, നാം തമിഴർ പാർട്ടി വീരപ്പനെയും പിന്തുണക്കുന്നത്. മദ്യപിക്കാത്ത, പുകവലിക്കാത്ത, സ്ത്രീകളെ ഉപദ്രവിക്കാത്ത, സാഹചര്യങ്ങൾമൂലം കൊള്ളക്കാരനായ ഒരാൾ എന്ന ഇമേജാണ് അവർ നൽകുന്നത്. വീരപ്പന്റെ പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാർ സത്യത്തിൽ ഞെട്ടിയിരുന്നു. 'ചുവന്നു തുടുത്ത സ്‌പോഞ്ചു പോലെയുള്ള ശ്വാസകോശം. ഒരു പുകയിലക്കറ പോലും ഇല്ല. ഒരു രോഗത്തിന്റെയും ലക്ഷണങ്ങൾ ആ ശരീരത്തിൽ ഇല്ല. കൊളസ്‌ട്രോൾ തീർത്തും ഇല്ല. ഒട്ടും കൊഴുപ്പ് അടിയാത്ത രക്തധമനികൾ". പോസ്റ്റ്‌മോർട്ടം ചെയ്യാനെടുത്ത മൃതദേഹത്തിന്റെ ആന്തരികാവയവങ്ങൾ കണ്ട് പൊലീസ് സർജന്മാർ അമ്പരന്നു. ഈ മൃതദേഹം ഒരു കുറ്റവാളിയുടേതാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്നായിരുന്നു അവർ റിപ്പോർട്ട് ചെയ്്തത്.
ഒരു തരത്തിലുള്ള മലിനീകരണം പോലും ബാധിക്കാത്ത ശ്വാസകോശം വീരപ്പന് എങ്ങനെ ലഭിച്ചു എന്നതും ചർച്ചയായിരുന്നു. ശുദ്ധമായ വായു ശ്വസിച്ചു, കാട്ടിലെ വെള്ളം കുടിച്ചു, ദിവസവും 40 കിലോമീറ്ററെങ്കിലും വീരപ്പൻ നടന്നു. അതായത്, പൊലീസും ഡോക്ടർമാരും കരുതിയതു പോലെ കുറ്റവാളിയുടെ ജീവിതരീതി ആയിരുന്നില്ല വീരപ്പന്റേത്. മദ്യത്തിനും ലഹരിക്കും അടിമപ്പെട്ടില്ല. സ്വയം പാചകം ചെയ്യുന്ന ഭക്ഷണം മാത്രമാണു കഴിച്ചത്. അത്രയും ശ്രദ്ധയായിരുന്നു വീരപ്പന് ജീവിതത്തിൽ.
ശരീരം ശ്രദ്ധിക്കാൻ വേണ്ടി മാത്രമല്ല, എതിരാളികളുടെ കണ്ണിൽ പെടാതിരിക്കാനും വേണ്ടി കൂടിയായിരുന്നു അത്. രണ്ടു സംസ്ഥാനങ്ങളിലെ ,രണ്ടായിരത്തിലേറെ വിദഗ്ധരായ ദൗത്യ സേനാംഗങ്ങൾ, ഹെലികോപ്റ്ററും തെർമൽ സ്‌കാനറും പോലുള്ള ഉപകരണങ്ങൾ അടക്കം ഉപയോഗിച്ചിട്ടും അവർക്ക് വീരപ്പനെ പിടിക്കാനായില്ല. കാരണം, തന്റെ കുഴികുത്തുന്ന ഒന്നിലും വീരപ്പൻ ഇടപെട്ടില്ല. പുകവലിച്ചാൽ ആ മണം എതിരാളികൾ തിരിച്ചറിയും, വഴികാട്ടും. കന്നഡ നടൻ രാജ് കുമാറിനെ ബന്ദിയാക്കിയപ്പോൾ മാത്രമാണ് പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കാൻ തുടങ്ങിയത്. വിറകടുപ്പിൽ പാചകം ചെയ്താൽ പുക പുറത്തു വരുമെന്ന് ഭയന്നായിരുന്നു അന്ന് ആ കരുതൽ.
ഈ ഘടകങ്ങളെല്ലാം എടുത്തുകാട്ടി വീരപ്പനെ വിശുദ്ധനാക്കുകയാണ് നാം തമിഴർ കക്ഷി ചെയ്യുന്നത്. എന്നാൽ ഇതിനെതിരെ വലിയ എതിർപ്പും ഉയരുന്നുണ്ട്. തങ്ങളുടെ വോട്ട് ബാങ്കിനെ വീരപ്പൻ പിളത്തുമോ എന്ന് ഭയന്ന് ഡിഎംകെ ശക്തമായി പ്രചാരണം തിരിച്ചും നടത്തുന്നുണ്ട്.
ക്രൂരനായ വനംകൊള്ളക്കാരൻ
വീരപ്പന്റെ തനിനിറം പുറത്തുകാട്ടി ഡിഎംകെ സോഷ്യൽ മീഡിയയിൽ അടക്കം പ്രചാരണം നടത്തുന്നുണ്ട്. വീരപ്പൻ നടത്തിയ ക്രൂരമായ കൊലയുടെ ലിസ്റ്റ് അവർ പുറത്തുവിടുന്നുണ്ട്. വീരപ്പൻ കാട്ടിലാണ് ജനിച്ചതും ജീവിച്ചതും. ജന്മനാ വേട്ടക്കാരൻ. സേവി ഗൗണ്ടർ എന്ന നായാട്ടുകാരന്റെ സംഘത്തിലായിരുന്നു തുടക്കം. നായാട്ടിൽ മിടുക്കനായ വീരപ്പൻ പെട്ടെന്നുതന്നെ സംഘത്തിൽ പ്രധാനിയായി. പിന്നങ്ങോട്ട് ചന്ദനക്കൊള്ളയും ആനേവട്ടയുമായി അയാൾ വളർന്നു.
വെറും 5000 രൂപയ്ക്ക് വരെ വീരപ്പൻ ആനക്കൊമ്പ് വിൽക്കുമായിരുന്നു. ആനകളെ കൊല്ലുന്നതിൽ അയാൾ ആനന്ദം കണ്ടിരുന്നു. അത്രയും ക്രൂരമായാണ് കൊല. ആനയെ വെടിവച്ചിടും. ആന വീണു കഴിയുമ്പോൾ അതിന്റെ മുകളിൽ കയറിയിരുന്ന് ഹുങ്കാര ശബ്ദം മുഴക്കും. ആർത്തട്ടഹസിക്കും. അതിനു ശേഷം ആനയുടെ തുമ്പിക്കൈ മുറിക്കും. പ്രാണ വേദനയോടെ ആന അലറും. അതിലും ഉച്ചത്തിൽ വീരപ്പനും. അതിനു ശേഷം കോടാലികൊണ്ട് കൊമ്പിന് സമീപം വെട്ടിപ്പൊളിക്കും. കൊമ്പെടുക്കും. ഒരു റേഞ്ചറെ വെടിവെച്ചിട്ട് ജീവനോടെ പുഴുങ്ങിയത് അടക്കമുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കടുത്ത വിശ്വാസിയായ വീരപ്പൻ ആയുധപൂജക്ക് ശേഷമേ ആക്രമണത്തിന് ഇറങ്ങുമായിരുന്നുള്ളൂ. ഒറ്റുകാർ എന്ന് സംശമുള്ള നാട്ടുകാരെ വെടിവെച്ചകൊന്ന് കെട്ടിത്തൂക്കിയും അയാൾ ഭീതി പരത്തി. ഔദ്യോഗികമായി 124 കൊലകളാണ് വീരപ്പന്റെ പേരിലുള്ളത്. പക്ഷേ അനൗദ്യോഗികമായി ഇത് ഇരുനൂറിന് മുകളിൽ വരും.
1989ൽ മൂന്ന് വനം ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി 15 ദിവസത്തിനുശേഷം പൈശാചികമായിട്ടാണ് വീരപ്പൻ കൊലപ്പെടുത്തിയത്. 1990-ൽ ഹൊഗനക്കലിന് സമീപം മൂന്ന് പൊലീസ് സബ് ഇൻസ്പെക്ടർമാരെയും കോൺസ്റ്റബിളിനെയും വെടിവെച്ചുകൊന്ന വീരപ്പൻ, കർണാടകയിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ശ്രീനിവാസനെ കഴുത്തറത്തുാണ് കൊന്നത്. ആദിവാസികൾക്ക് ഒട്ടേറെ ക്ഷേമപരിപാടികൾ നടപ്പാക്കിയ ശ്രീനിവാസ് കാട്ടുകൊള്ളക്കാർക്കായി ഒട്ടേറെ പുനരധിവാസ പദ്ധതികളും നടപ്പാക്കിയിരുന്നു. എന്തിന് വീരപ്പന്റെ അനുജൻ അർജുൻ അറസ്റ്റിലായപ്പോൾ അയാൾക്കുവേണ്ടി അഭിഭാഷകനെ ഏർപ്പെടുത്തിയതും ശ്രീനിവാസുതന്നെ. ഒറ്റയ്ക്ക് നിരായുധനായി വന്നാൽ കീഴടങ്ങാമെന്ന കള്ളവാഗ്ദാനം നൽകി കാട്ടിലേക്ക് വരുത്തിയാണ് മനസ്സിൽ നന്മമാത്രമുള്ള 37 വയസ്സുകാരനായ ചുറുചുറുക്കുള്ള ആ ഫോറസ്റ്റ് ഓഫീസറെ വീരപ്പൻ ചതിയിൽ കഴുത്തറത്തുകൊന്നത്.
നിരവധി നാട്ടുകാരെയും വീരപ്പൻ കാലപുരിക്ക് അയച്ചിട്ടുണ്ട്. ഒരിക്കൽ, ചന്ദനക്കൊള്ള സംബന്ധിച്ച് കൊള്ളക്കാർക്കിടയിലുള്ള തർക്കം തീർക്കാൻ വിളിച്ചുചേർത്ത അനുരഞ്ജനസംഭാഷണം തകർന്നപ്പോൾ രണ്ടുപേരെ സംഭാഷണസ്ഥലത്തുവെച്ച് വീരപ്പൻ വെടിവെച്ചുകൊന്നു. താളവാടിക്കു സമീപം തിമ്പം എന്നൊരു ഗ്രാമമുണ്ട്. അവിടെ ഒരു ക്ഷേത്രവും. ജടയൻ എന്നാണ് പ്രതിഷ്ഠയുടെ പേര്. ജടയൻ ശിവനാണ്. അവിടെയുള്ള ആളുകളുടെ പേരും ജടയൻ എന്നാണ്.ഗ്രാമത്തലവന്റെ പേരും ജടയൻ എന്നാണ്. ഇദ്ദേഹം ദൗത്യസംഘത്തിലെ ഒരു പൊലീസുകാരനുമായി സൗഹൃദത്തിലായി. ഇതോടെ തന്റെ വിവരങ്ങൾ ചോരുമെന്ന് വീരപ്പൻ ഭയന്നു. ഒരു ദിവസം വൈകിട്ട് വീരപ്പൻ ഗ്രാമത്തിൽ വന്നു. ഗ്രാമത്തലവനായ ജടയൻ അവിടെ ഇല്ലായിരുന്നു. ദേഷ്യം മൂലം നിരപരാധികളായ സ്ത്രീകൾ ഉൾപ്പടെ 5 ഗ്രാമവാസികളെ വീരപ്പൻ കൊന്നു. അവരുടെ ജഡം ക്ഷേത്രത്തിലിട്ടു. കടുത്ത ദുഃഖത്തിലായ ഗ്രാമവാസികൾ അന്ന് ക്ഷേത്രം അടച്ചിട്ടു. 1994 ലാണ് സംഭവം. പിന്നീട് വീരപ്പന്റെ വധത്തിനു ശേഷമാണ് അവർ ക്ഷേത്രം വീണ്ടും തുറന്നത്. ആ വീരപ്പനാണ് ഇപ്പോൾ റോബിൻ ഹുഡായി പുനർജ്ജനിക്കുന്നത്!
വാൽക്കഷ്ണം: ഒറ്റുകാരനാണെന്ന് പറഞ്ഞ് നിരവധി നാട്ടുകാരെയാണ് വീരപ്പൻ തീർത്തത്. അയാളെ പേടിച്ച് ആഗ്രാമങ്ങളിലേക്ക് വിവാഹം പോലും നടക്കാതെയായി. സാമൂഹികമായും സാമ്പത്തികമായും ഈ ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. ഇപ്പോൾ അതേ ഗ്രാമങ്ങളുടെ രക്ഷകനും വീരപ്പനാണെന്ന പ്രചാരണം വരുന്നു!