- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
മോസ്ക്ക് പൊളിച്ച് മൂത്രപ്പുരയാക്കുന്നു! ബാങ്കുകളും റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളും പൊളിഞ്ഞതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധി; വിദേശകാര്യമന്ത്രിയെ കാണാതായത് അവിഹിതത്തിന്റെ പേരിൽ; പിന്നാലെ പ്രതിരോധ മന്ത്രിയും അപ്രത്യക്ഷനായി; 'ചങ്കിലെ ചൈനയിൽ' സംഭവിക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ
ചങ്കിലെ ചൈനയെന്നത് ചിന്ത ജെറോമിന്റെ ഒരു പുസ്തകത്തിന്റെ പേര് മാത്രമല്ല. ഇടതുപക്ഷ അനുഭാവികൾ ഏറെയുള്ള കേരളത്തിൽ ചൈനീസ് ആരാധക്കും ഒട്ടും കുറവില്ല. പക്ഷേ അവരെയൊക്കെ ഞെട്ടിപ്പിക്കുന്ന വാർത്തകളാണ് ഷീ ജിൻ പിങ് എന്ന കമ്യുണിസ്റ്റ് സർവാധിപതി നയിക്കുന്ന ചൈനയിൽനിന്ന് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ.
ചൈന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയെന്നതാണ് എറ്റവും വലിയ വാർത്ത. മുമ്പൊക്കെ ശ്രീലങ്കയെയയും, പാക്കിസ്ഥാനെയും, സഹായിക്കാനാണെന്ന പേരിൽ, കടക്കെണിയിലാക്കിയ ചൈന ഇപ്പോൾ വാളെടുത്തവൻ വാളാൽ എന്ന അവസ്ഥയിലാണ്. ലോകത്തിലെ മുഴുവൻ ഭാഗത്തും, കുറഞ്ഞ് വിലക്ക് സാധനങ്ങൾ എത്തിച്ച് 'മെയ്ഡ് ഇൻ ചൈന' എന്ന വലിയ ബ്രാൻഡ് കിതക്കുകയാണ് എന്നാണ് ലോക മാധ്യമങ്ങൾ ഇപ്പോൾ വിലയിരുത്തുന്നത്.
ഇതോടൊപ്പമാണ് കടുത്ത അന്താരാഷ്ട്ര എതിർപ്പുകൾക്കിടയിലും, ചൈന ഉയിഗൂരികൾക്ക് എതിരെ പീഡനം തുടരുകയാണെന്ന ആരോപണം വീണ്ടും ഉയരുന്നത്. ഇപ്പോഴിതാ പതിനേഴാം നൂറ്റാണ്ടിലെ ലോകപ്രശസ്തമായ മുസ്ലിം പള്ളി തകർത്ത് കമ്യൂണിസ്റ്റ് ചൈന വീണ്ടും വിവാദത്തിലായിരിക്കയാണ്. ഇതിനിടെയാണ് ചൈനയിൽനിന്ന് രണ്ടു മന്ത്രിമാരെ കാണാതാവുന്നത്. പ്രസിഡന്റ് ഷീ ജിൻ പിങ്ങിന്റെ അപ്രീതിക്ക് പാത്രമായ ഇവർ എവിടെയാണെന്നുപോലും ആർക്കും അറിയില്ല. ചുരക്കിപ്പറഞ്ഞാൽ ലോക രാഷ്ട്രങ്ങളെ അമ്പരപ്പിക്കുന്ന വാർത്തകളാണ് ഇപ്പോൾ ചൈനയിൽനിന്നും പുറത്തുവരുന്നത്്.
വിപണി തകരുന്നു ഒപ്പം പണപ്പെരുപ്പവും
കമ്യൂണിസം കൊണ്ടല്ല പക്കാ ക്യാപിറ്റലിസം കൊണ്ട് രക്ഷപ്പെട്ട രാജ്യമാണ് ചൈന. മാവോയുടെ കാലത്തൊക്കെ പട്ടിണി കിടന്ന് ലക്ഷക്കണക്കിന് മനുഷ്യരാണ് മരിച്ചുവീണത്. എന്നാൽ ഡെങ്് സിയാവോ പിങ് അധികാരത്തിൽ എത്തിയതോടെ ചൈന വിപണി തുറക്കുകയും, ക്യാപിറ്റലിസ്റ്റ് നയങ്ങൾ സ്വീകരിക്കുകയും ചെയ്തു. ഇതിനെ ഡെങ്് പക്ഷേ ചൈനീസ് സോഷ്യലിസം എന്ന് പേരിട്ട് വിളിക്കയായിരുന്നു. തുടർന്ന് വൻ തോതിലുള്ള കയറ്റുമതിയിലുടെയും, വിദേശ നിക്ഷേപത്തിലുടെയും, ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായി ചൈന വളരുന്നതാണ് കണ്ടത്.
2008ൽ അമേരിക്കയെപ്പോലും പിടിച്ചുകുലുക്കിയ സാമ്പത്തിക പ്രതിസന്ധിയെ ചൈന അതിജീവിച്ചു. തുടർന്നുള്ള വർഷങ്ങളിലും ജിഡിപി കുതിച്ചുയർന്നു. ഒരുവേള അമേരിക്കയേക്കാൾ ശക്തമാണ്, ചൈനയുടെ സാമ്പത്തിക രംഗം എന്നും വിലയിരുത്തലുണ്ടായി. പക്ഷേ കോവിഡിൽ ചൈന ശരിക്കും വീണു. കോവിഡുശേഷമുണ്ടായ അമിത നിയന്ത്രണങ്ങൾ ചൈനയുടെ തിരിച്ചുവരവ് വൈകിച്ചു. ലോക രാഷ്ട്രങ്ങൾ മുഴുവൻ മുന്നേറിയപ്പോഴും, സീറോ കോവിഡ് നയം പിൻവലിക്കാതെ ചൈന വൻ പ്രതിഷേധം ക്ഷണിച്ചുവരുത്തി. ഒടുവിൽ വിദേശ കമ്പനികൾ രാജ്യം വിട്ടുപോവുമെന്ന അവസ്ഥ വന്നതോടെയാണ്, ചൈന കോവിഡ് ഇളവുകൾ പ്രഖ്യാപിച്ചത്.
കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് ഇപ്പോഴും ചൈനക്ക് തിരിച്ചുകയറാൻ ആയിട്ടില്ല. അതിന് പിന്നാലെ പണപ്പെരുപ്പം വർധിച്ചു. റിയൽ എസ്്റ്റേറ്റ്, ബാങ്കിങ്ങ് വായ്‌പ്പാ മേഖലകൾ തകർന്നു. നമ്മുടെ കരുവന്നുർ ബാങ്ക് പൊളിഞ്ഞതുപോലെ നിരവധി ബാങ്കുകളാണ് ചൈനയിൽ ഇപ്പോൾ പാപ്പരാവുന്നത്. അതുപോലെ റിയൽ എസ്റ്ററ്റേ് കമ്പനികൾ പകുതി പണിത കെട്ടിടങ്ങൾ വിൽക്കുകയാണ്. വിറ്റ കെട്ടിടങ്ങളിൽപോലും, താമസിക്കാൻ ആളില്ല.
കച്ചവടക്കാർക്ക് സ്വാതന്ത്ര്യമില്ലെന്നും, ചൈനീസ് കമ്പോളത്തിൽ സർക്കാറിന്റെ അനാവശ്യ ഇടപെടൽ നടക്കുകയാണെന്നും, വിദേശ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. സർക്കാർ വൻതോതിൽ ഡോളർ വിറ്റുകൂട്ടിയതും പണപ്പെരുപ്പം വർധിപ്പിച്ചു. ബാങ്കിങ് സംരംഭങ്ങളിൽനിന്ന് വായ്‌പ്പ കിട്ടാൻ വൈകിയതോടെ ജനം ഷാഡോ ബാങ്കിങ് എന്ന ബ്ലേഡ് പലിശയുള്ള സംവിധാനങ്ങളെ ആശ്രയിച്ചു. ഇതും കടഭാരം കൂട്ടി. റിയൽഎസ്റ്റേറ്റ് ഭീമന്മാർ പലരും വീണു. 90കളിൽ ജപ്പാനിൽ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിക്ക് സമാനമായാണ് വിദഗ്ദ്ധർ ഇതിനെ കാണുന്നത്. 90കളിൽ തുടങ്ങിയ 'ജപ്പാൻ സ്നോ ഡെക്കേഡ്' എന്ന സാമ്പത്തിക പ്രതിസന്ധി 12 വർഷമാണ് നീണ്ടുനിന്നത്. ഇതോടൊപ്പം റഷ്യ- യുക്രൈൻ യുദ്ധ നീണ്ടതും ചൈനയെ ബാധിച്ചു. ഈ കയറ്റുമതി അധിഷ്ഠിത രാജ്യത്ത് ഇപ്പോൾ തൊഴിലില്ലായ്മയും വർധിക്കയാണ്.
മന്ത്രിമാരെപ്പോലും കാണാതാവുന്നു!
നമ്മുടെ മന്ത്രി മുഹമ്മദ് റിയാസിനെയും, ശിവൻകുട്ടിയെയുമൊക്കെ ഒരുദിവസം പൊടുന്നനെ കാണാതായാൽ എന്തു സംഭവിക്കും! പക്ഷേ ചൈനയിൽ ഇതൊന്നും പുത്തരിയല്ല. പാതിരാ അറസ്റ്റുകളും, കാണാതാവലുകളും മവോയുടെ കാലത്തുതന്നെ ചൈനയിൽ ഉണ്ട്. 'നൈറ്റ് ഡോർ നോക്ക്സ്' എന്ന ഒരു പ്രയോഗം തന്നെയുണ്ട്. രാത്രി വാതിലിൽ മുട്ടി ചൈനീസ് രഹസ്യപ്പൊലീസ് കൊണ്ടുപോയവർ ആരും പിന്നീട് തിരിച്ചുവന്നിട്ടില്ല. ആലിബാബ എന്ന ലോക പ്രശസ്തമായ കമ്പനിയുടെ ഉടമയായ, ജാക്ക് മായുടെ കാര്യം തന്നെ എടുക്കാം. ചൈനീസ് സർക്കാറിനെ ഒന്ന് വിമർശിച്ചുപോയതാണ്. ജാക്ക് മാ ഇപ്പോൾ എവിടെയാണെന്നുപോലും ആർക്കും അറിയില്ല.
ഇപ്പോഴിതാ, ആദ്യം വിദേശകാര്യ മന്ത്രി, പിന്നാലെ പ്രതിരോധമന്ത്രി. ഇതിനൊപ്പം ഉന്നത ഉദ്യോഗസ്ഥരും വ്യവസായികളുമുൾപ്പെടെയുള്ള പ്രമുഖർ. ചൈനയിൽ അപ്രത്യക്ഷരാകുന്നവരുടെ പട്ടികയിലേക്ക് അനുദിനം കൂട്ടിച്ചേർക്കുന്ന പേരുകൾ ഏറിവരികയാണ്. പ്രതിരോധമന്ത്രി ലീ ഷാങ്വു കുറച്ചുദിവസമായി പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെടാത്തത് പുതിയ അഭ്യൂഹങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. സൈന്യത്തിനകത്ത് ഐക്യവും സ്ഥിരതയും ഉറപ്പാക്കണമെന്ന പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ നിർദ്ദേശത്തിന് പിന്നാലെയാണ് പ്രതിരോധമന്ത്രിയെ കാണാനില്ലെന്ന റിപ്പോർട്ട് വന്നത്. ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിൽ നടന്ന മൂന്നാമത് ചൈന-ആഫ്രിക്ക പീസ് ആൻഡ്േ സെക്യൂരിറ്റി ഫോറത്തിൽ മുഖ്യ പ്രഭാഷണം നടത്തിയ ശേഷം ലീ ഷാങ്ഫുവിനെ പൊതുവേദികളിൽ കണ്ടിട്ടില്ല.
മുൻ വിദേശകാര്യമന്ത്രി മന്ത്രി ചിൻ ഗാങ്ങിന്റെ തിരോധാനവും സർക്കാരിലെ അദ്ദേഹത്തിന്റെ സ്ഥാനഷ്ടവും സംബന്ധിച്ച ദുരൂഹത ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. പിന്നീട് കാരണം വ്യക്തമാക്കാതെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് തന്റെ വിശ്വസ്തൻകൂടിയായിരുന്ന ഗാങ്ങിനെ പുറത്താക്കി. ഇതിന് പിന്നാലെയാണ് പ്രതിരോധ മന്ത്രിയേയും കാണാതായിരിക്കുന്നത്. ഒപ്പം പീപ്പിൾസ് ലിബറേഷൻ ആർമി റോക്കറ്റ് ഫോഴ്‌സിന്റെ ചുമതലയുള്ള കമാൻഡർമാരായ ലി യുച്ചാവോ, ഷു സോങ്ബോ എന്നിവരെയും സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്തിരുന്നു. ഇവരൊക്കെ ജീവിച്ചിരിക്കുന്നോ, കൊല്ലപ്പെട്ടോ എന്നുപോലും ആർക്കും അറിയില്ല. അതാണ് ചങ്കിലെ ചൈന. തിരുവായ്ക്ക് എതിർവായില്ല.
പ്രതിരോധ മന്ത്രി എവിടെ?
പ്രതിരോധ മന്ത്രിയെന്ന നിലയിൽ ചൈനീസ് സൈന്യത്തിന്റെ പൊതുമുഖമായിരുന്നു ലീ ഷാങ്ഫു. ചൈനീസ് എയ്റോസ്പേസ് എഞ്ചിനീയറും പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പി.എൽ.എ.) ജനറലുമായിരുന്ന ലീ ഷാങ്ഫു സ്റ്റേറ്റ് കൗൺസിലറും 2023 മാർച്ച് മുതൽ ചൈനയുടെ പ്രതിരോധ മന്ത്രിയുമായിരുന്നു. ചൈനയിലെ ഏറ്റവും ഉയർന്ന ദേശീയ പ്രതിരോധ സംഘടനയായ സെൻട്രൽ മിലിട്ടറി കമ്മീഷനിൽ 2022 മുതൽ അദ്ദേഹം അംഗമായിരുന്നു. 1958 ഫെബ്രുവരിയിൽ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ചെങ്ഡുവിലാണ് ലീ ഷാങ്ഫു ജനിച്ചത്. കൊറിയൻ യുദ്ധത്തിൽ പങ്കെടുത്ത ഉയർന്ന റാങ്കിലുള്ള പീപ്പിൾസ് ലിബറേഷൻ ആർമി (പി.എൽ.എ.) കമാൻഡറുടെ മകനായിരുന്നു അദ്ദേഹം. 1982-ൽ പി.എൽ.എയുടെ നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് ഡിഫൻസ് ടെക്‌നോളജിയിൽ നിന്ന് ബിരുദം നേടി. ബിരുദം നേടിയ ശേഷം, സിചാങ് സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽ അദ്ദേഹം ഒരു ടെക്നീഷ്യനായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടി. 2003-ൽ കേന്ദ്രത്തിന്റെ തലവനായി ലീ തിരഞ്ഞെടുക്കപ്പെടുകയും 2006-ൽ മേജർ ജനറലായി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു.
31 വർഷം അദ്ദേഹം സിചാങ് സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽ പ്രവർത്തിച്ചു. 2014-ൽ അദ്ദേഹത്തെ ആയുധ-ഉപകരണ വിഭാഗത്തിന്റെ ഉപതലവനായി നിയമിച്ചു. 2016-ൽ സൈന്യത്തിന്റെ അന്നത്തെ പുതിയ സ്ട്രാറ്റജിക് സപ്പോർട്ട് ഫോഴ്സിന്റെ ഡെപ്യൂട്ടി കമാൻഡറായി ലീയെ തിരഞ്ഞെടുത്തു. തൊട്ടടുത്ത വർഷം, സൈന്യത്തിന്റെ ആയുധ-ഉപകരണ വിഭാഗത്തിനായി തലവനായി അദ്ദേഹത്തെ നിയമിച്ചു. പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ വിശ്വസ്ഥത പിടിച്ചുപറ്റിയതോടെ 2023 മാർച്ചിൽ ലീ പ്രതിരോധ മന്ത്രിയായി. അന്താരാഷ്ട്ര തലത്തിൽ, ലീയുടെ നിയമനം തുടക്കം മുതൽ വിവാദമായിരുന്നു. 2018-ൽ, റഷ്യയുടെ പ്രതിരോധ-രഹസ്യാന്വേഷണ മേഖലകളുമായി ബന്ധമുള്ള വ്യക്തികളുമായി ഇടപാടുകളിൽ ഏർപ്പെട്ടതിന് അമേരിക്ക അദ്ദേഹത്തിനെതിരേ ഉപരോധം ഏർപ്പെടുത്തി. ഉപരോധം നിലനിൽക്കെ യു.എസ്. പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനെ കാണാൻ ലീ വിസമ്മതിച്ചിരുന്നു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ സങ്കീർണ്ണമാക്കി. ഇതിനൊപ്പം ചൈനയിലെ അഞ്ച് സ്റ്റേറ്റ് കൗൺസിലർമാരിൽ ഒരാളായിരുന്നു ലീ. ഒരു സാധാരണ മന്ത്രിയേക്കാൾ ഉയർന്ന റാങ്കുള്ള ചൈനീസ് പദവിയായിരുന്നു ഇത്.
ഓഗസ്റ്റ് മാസം അവസാനമാണ് ലീ ഷാങ്ഫു അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. ഓഗസ്റ്റ് 29-ന് ബെയ്ജിംഗിൽ നടന്ന ചൈന- ആഫ്രിക്ക പീസ് ആൻഡ് സെക്യൂരിറ്റി ഫോറത്തിൽ ലീ മുഖ്യപ്രഭാഷണം നടത്തിയിരുന്നു. അതിനുമുമ്പ് ആ മാസം 15-ന് റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ സുരക്ഷാ സമ്മേളനത്തിലും ലീ പങ്കെടുത്തിരുന്നു. രണ്ട് ദിവസത്തിന് ശേഷം ബെലാറസിൽ, പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോയുമായി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹം പങ്കെടുത്തിരുന്നു. യോഗത്തിൽ ലീ പങ്കെടുത്തതിന്റെ ചിത്രങ്ങൾ ബെലാറസ് പുറത്തുവിട്ടിരുന്നു. എന്നാൽ പിന്നീട് സെപ്റ്റംബർ ഏഴ് എട്ട് തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ലീയുടെ വിയറ്റ്‌നാം യാത്ര ചൈനീസ് പ്രതിരോധ മന്ത്രാലയം റദ്ദാക്കിയിരുന്നു. ആരോഗ്യ കാരണങ്ങളാൽ ലീയുടെ യാത്ര റദ്ദാക്കുന്നതായാണ് സെപ്റ്റംബർ മൂന്നിന് വിയറ്റ്‌നാം അധികാരികൾക്ക് വിവരം ലഭിച്ചത്. ഇതിന് പിന്നാലെ സിംഗപ്പൂരിന്റെ നാവികസേനാ മേധാവിയുമായുള്ള കൂടിക്കാഴ്ചയ്ക്കും അദ്ദേഹം എത്തിയില്ല. പിന്നീട് അദ്ദേഹത്തെക്കുറിച്ച് വിവരമൊന്നുമില്ല.
പിന്നിൽ ഷീ തന്നെ
നേരത്തെ, ചൈനയുടെ വടക്കുകിഴക്കൻ മേഖലയിൽ നടത്തിയ പരിശോധനയിൽ സൈന്യത്തിനുള്ളിൽ ഐക്യവും സ്ഥിരതയും വേണമെന്ന ആവശ്യം പ്രസിഡന്റ് ഷി ജിൻപിങ് ഉന്നയിച്ചിരുന്നു. സൈനികർക്ക് മികച്ച വിദ്യാഭ്യാസവും മാനേജ്മെന്റ് വൈദഗ്ധ്യവും ഉറപ്പാക്കുന്നതിനും ഉയർന്ന നിലവാരത്തിലുള്ള സുരക്ഷയും സ്ഥിരതയും നിലനിർത്താനും കൂടുതൽ പരിശ്രമങ്ങൾ നടത്തണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ യാത്രത്തിൽ പ്രതിരോധമന്ത്രി ലീ അദ്ദേഹത്തെ അനുഗമിച്ചിരുന്നില്ല. ലി എവിടെയെന്ന ചോദ്യത്തിനും അദ്ദേഹം ഉത്തരം നൽകിയിട്ടില്ല. ഇതിനിടെ ചൈനീസ് സൈന്യവുമായി ബന്ധപ്പെട്ട 2017-ലെ അഴിമതിക്കേസിൽ ജൂലായിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രതിരോധമന്ത്രിയുടെ തിരോധാനമെന്ന് റിപ്പോർട്ടുണ്ട്. 2017 മുതൽ 2022 വരെ സൈന്യത്തിന്റെ ആയുധ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്നത് ലീയായിരുന്നു. മാർച്ചിലാണ് അദ്ദേഹത്തെ പ്രതിരോധ മന്ത്രിയായി നിയമിച്ചത്. മുൻ വിദേശകാര്യ മന്ത്രി ചിൻ ഗാങ്ങിനെപ്പോലെ മന്ത്രിയായി ഉയർത്തപ്പെട്ട് ഒരു വർഷത്തിനുള്ളിലാണ് ലീയും പ്രശ്‌നങ്ങളിൽ അകപ്പെടുന്നത്. എന്നാൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ (സി.സി.പി.) സായുധ വിഭാഗമായ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ഉന്നത തലങ്ങളിൽ അഴിമതി എങ്ങനെ സാധ്യമാകുമെന്നാണ് പലരും ചോദിക്കുന്നത്.
പ്രതിരോധ മന്ത്രിയുടെയും വിദേശകാര്യ മന്ത്രിയുടെയും പദവികൾ മറ്റ് രാജ്യങ്ങളിലേത് പോലെ ചൈനയിൽ പ്രാധാന്യം അർഹിക്കുന്നതല്ല. രാഷ്ട്രീയ അധികാരം കൈയാളുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പോളിറ്റ് ബ്യൂറോയിലെ 24 അംഗങ്ങളിൽ പ്രതിരോധ മന്ത്രിയായിരുന്ന ജനറൽ ലീ ഷാങ്ഫു ഇല്ലായിരുന്നുവെന്നത് അതിന്റെ വ്യക്തമായ സാക്ഷ്യമാണ്. അതുപോലെ തന്നെ ലീ ഷാങ്ഫുവിന്റെ തിരോധാനം പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സുതാര്യതയില്ലാത്തതും സങ്കീർണ്ണവുമായ സ്വഭാവത്തെ എടുത്തുകാണിക്കുന്നുവെന്നാണ് നയതന്ത്രജ്ഞരും ഈ രംഗത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവരും അഭിപ്രായപ്പെടുന്നത്. ഷീ ജിൻ പിങിന് ഇദ്ദേഹത്തോട് ഉണ്ടായ അതൃപ്തിതന്നെയാണ് പ്രശ്നം എന്നാണ് ഏറ്റവും ഒടുവിൽ മാധ്യമങ്ങൾ വിലയിരുത്തുന്നത്.
അവിഹിതത്തിൽ കുരുങ്ങിയ മന്ത്രി
നേരത്തെ വിദേശകാര്യമന്ത്രി ചിൻ ഗാങ്ങിനെ അപ്രതീക്ഷിതമായി കാണാതായിരുന്നു. ചൈനീസ് സർക്കാരിലെ ഏറ്റവും പ്രമുഖ വ്യക്തിത്വങ്ങളിലൊരാളായിരുന്നു ചിൻ ഗാങ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ വിശ്വസ്തനായിരുന്ന ചിൻ, കഴിഞ്ഞ ഡിസംബറിലാണ് വിദേശകാര്യമന്ത്രിയായി ചുമതലയേറ്റത്. ഷീയുടെ അടുത്തയാളായി അറിയപ്പെട്ടിരുന്നതിനാൽ തന്നെ വളരെ പെട്ടന്നായിരുന്നു ചിന്നിന്റെ വളർച്ച. മാർച്ചിൽ ന്യൂഡൽഹിയിൽ നടന്ന വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു. എന്നാൽ ഈ വർഷം ജൂൺ മുതൽ പൊതുവേദികളിൽ അദ്ദേഹത്തെ കണ്ടിരുന്നില്ല. ജൂൺ 25-ന് റഷ്യയുടെ സഹവിദേശകാര്യമന്ത്രി ആന്ദ്രെ റുദെൻകോയുമായുള്ള കൂടിക്കാഴ്ചയിലാണ് ചിൻ അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്. അന്താരാഷ്ട്ര യോഗങ്ങളിലും യാത്രകളിലും ചിന്നിന്റെ അനാനിധ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇത് സംബന്ധിച്ച ചോദ്യം ഉയർന്നത്. എന്നാൽ അദ്ദേഹത്തിന്റെ കാര്യത്തിലും എന്തെങ്കിലും വെളിപ്പെടുത്തൽ ചൈനയിൽനിന്നുണ്ടായില്ല. ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് ചിൻ പൊതുരംഗത്തുനിന്ന് വിട്ടുനിൽക്കുന്നതെന്നായിരുന്നു അന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ ഔദ്യോഗിക വിശദീകരണം. എന്നാൽ അദ്ദേഹത്തിന്റെ അസുഖത്തെ പറ്റിയുള്ള വിവരങ്ങളോ എത്രനാൾ പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുമെന്നോ അധികൃതർ വ്യക്തമാക്കിയികയിരുന്നില്ല.
ചിൻ ഗാംങ്ങിന്റെ തിരോധാനം സംബന്ധിച്ച് വിവിധ അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ, അദ്ദേഹത്തിന്റെ തന്നെ മുൻഗാമിയായ വാങ് യൂവിനെ പുതിയ വിദേശകാര്യമന്ത്രിയായി നിയോഗിക്കുകയും ചെയ്തു. ചിൻ അപ്രത്യക്ഷനായി ഒരു മാസത്തിന് ശേഷമാണ് വാങ് യൂ മന്ത്രി സ്ഥാനം ഏറ്റെടുക്കുന്നത്. മന്ത്രിസ്ഥാനം ഏറ്റെടുത്ത് ഏഴാം മാസത്തിലാണ് ചിൻ ഗാങ്ങിനെ ചൈനീസ് ഭരണകൂടം പുറത്താക്കിയത്. ഇത് പ്രഖ്യാപിക്കുന്ന മാധ്യമക്കുറിപ്പിലടക്കം ചൈനീസ് സർക്കാർ ചിന്നിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. ചിന്നിന് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ചോ എന്തുകൊണ്ടാണ് മാറ്റം സംഭവിച്ചതെന്നോ ഒരു വിവരവും നൽകാൻ സർക്കാർ തയ്യാറായില്ല. പകരം 'ചിൻ ഗാങ്ങിനെ നീക്കുകയും വാങ് യിയെ വിദേശകാര്യമന്ത്രിയായി നിയമിക്കുകയും ചെയ്യുന്നു' എന്നു മാത്രമാണു ചൈനയുടെ ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്തത്. ചൈനീസ് പാർലമെന്റായ നാഷനൽ പീപ്പിൾസ് കോൺഗ്രസിന്റെ സ്ഥിരം സമിതിയുടേതായിരുന്നു ചിന്നിനെ മാറ്റാനുള്ള തീരുമാനം. മന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയതിന് ശേഷവും അദ്ദേഹത്തെ പൊതുവേദികളിൽ കണ്ടിരുന്നില്ല. പ്രതിരോധ മന്ത്രിക്കും ഈ ഗതി ആയിരിക്കുമോ എന്ന കാര്യം കാത്തിരുന്ന് കാണേണ്ടതാണ്.
ചിൻ ഗാങ്ങിനെ പുറത്താക്കിയതിനു പിന്നിൽ അമേരിക്കൻ സ്ത്രീയുമായുള്ള രഹസ്യബന്ധമാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ ബന്ധത്തിൽ ഗാങ്ങിന് ഒരു കുട്ടിയുമുണ്ടെന്നാണ് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടുചെയ്തത്. ചിൻ യു.എസിലെ നയതന്ത്ര പ്രതിനിധിയായിരുന്ന കാലത്തുള്ള ബന്ധമാണിതെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നടത്തിയ അന്വേഷണത്തിൽ ബോധ്യപ്പെട്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ പുറത്താക്കിയതെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കമ്യൂണിസ്റ്റ് പാർട്ടി നടത്തിയ അന്വേഷണത്തിൽ ചിന്നിന് 'ജീവിതശൈലി പ്രശ്നങ്ങൾ' ഉള്ളതായി കണ്ടെത്തിയെന്ന് ചൈനീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുവതിയുമായുള്ള ബന്ധം ദേശസുരക്ഷയെ ബാധിച്ചിട്ടുണ്ടോയെന്ന കാര്യവും ചൈന പരിശോധിച്ചുവരികയാണ്. എന്നാൽ, ഇക്കാര്യത്തിലും ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിട്ടില്ല.
കമ്യൂണിസ്റ്റ് നാട്ടിലെ മുസ്ലിം പീഡനം
ഇതോടൊപ്പം കടുത്ത മതപീഡനവും, ന്യൂനപക്ഷ പീഡനവും ചൈനയിൽ നടക്കുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ മതപീഡനം നടക്കുന്ന രാജ്യം ഏതാണെന്ന് ചോദിച്ചാൽ അതിന് കമ്യുണിസ്റ്റ് ചൈന എന്നുതന്നെയാവും ഉത്തരം. 2020ൽ അവിടെ ഉയിഗൂർ മുസ്ലീങ്ങളുടെ പള്ളിപൊളിച്ച് മൂത്രപ്പുരയാക്കിയതും, ചിലത് മദ്യവും സിഗരറ്റു വിൽക്കുന്ന ബാർ ആക്കിയതും, ഖബറുകളിലെ അസ്ഥികൾവരെ മാന്തിയെടുത്തതും, വലിയ വാർത്തയായിരുന്നു. പക്ഷേ ഇപ്പോൾ, പതിനേഴാം നൂറ്റാണ്ടിലെ ലോകപ്രശസ്തമായ മുസ്ലിം പള്ളി തകർത്ത് കമ്യൂണിസ്റ്റ് ചൈന വീണ്ടും വിവാദത്തിലായിരിക്കയാണ് . വടക്കുപടിഞ്ഞാറൻ ഗാൻസു പ്രവിശ്യയിലെ ലാൻഷൗ സിഗ്വാൻ മസ്ജിദാണ് അധികൃതർ പൊളിച്ചത്. അതിന്റെ അറബി ശൈലിയിലുള്ള ഘടനയെ ചൈനീസ് സ്വഭാവസവിശേഷതകൾ ഉപയോഗിച്ച് മാറ്റി സ്ഥാപിക്കുമെന്നായിരുന്നു ആദ്യ റിപ്പോർട്ട്. എന്നാൽ മസ്ജിദ് പൂർണ്ണമായും പൊളിക്കുകയായിരുന്നുവെന്ന് മനുഷ്യാവകാശത്തിനും, മതസ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുന്ന വെബ്സൈറ്റായ ബിറ്റർ വിന്റർ പറയുന്നു.
ലാൻഷൗ സിഗ്വാൻ മസ്ജിദ്് പൊളിക്കുന്നത് അധികാരികൾ 2020-ൽ തന്നെ ആസൂത്രണം ചെയ്തായിരുന്നു. എന്നാൽ അത് അപ്പോൾ നടപ്പായില്ല. പകരം ഈ ഓഗസ്റ്റിലാണ് പൊളിക്കൽ തുടങ്ങിയത്. ഓരോ വ്യക്തിയും സ്ഥാപനങ്ങളും കമ്മ്യൂണിസ്റ്റ് നേതൃത്വത്തോട് കൂറ് പ്രകടിപ്പിക്കാനും പള്ളി പൊളിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യരുതെന്നും ഔദ്യോഗിക ഉത്തരവുണ്ട്. പദ്ധതി ശ്രദ്ധാപൂർവ്വം വിഭാവനം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു.
മസ്ജിദ് ഇല്ലാതാക്കാനുള്ള പദ്ധതി പ്രാദേശിക മുസ്ലീങ്ങളിൽ പ്രതിഷേധത്തിന് കാരണമായി . പലരെയും ബലപ്രയോഗത്തിലൂടെയാണ് ചൈന നേരിട്ടത്. (1368 1644) മിങ് രാജവംശത്തിന്റെ കീഴിൽ 16ാം നൂറ്റാണ്ടിന്റെ അവസാനത്തിനും 17ാം നൂറ്റാണ്ടിന്റെ തുടക്കത്തിനും ഇടയിലാണ് മസ്ജിദ് നിർമ്മിച്ചത്. ക്വിങ് രാജവംശത്തിന്റെ ഭരണകാലത്ത് (1644-1911) ഇത് രണ്ടുതവണ വിപുലമായി നവീകരിച്ചു. വൈകാതെ മുസ്ലീങ്ങളുടെ അഭിമാന സ്രോതസ്സും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രവുമായി ഈ പള്ളി മാറി. മസ്ജിദ് നശിപ്പിച്ചതിനെ വിമർശിക്കുന്നതും പരാമർശിക്കുന്നതും പോലും ഓൺലൈനിലും ഓഫ്‌ളൈനിലും നിരോധിച്ചിരിക്കുന്നുവെന്ന് ബിറ്റർ വിന്റർ റിപ്പോർട്ട് ചെയ്തു. വിലക്ക് ലംഘിച്ചാൽ ജോലി നഷ്ടപ്പെടുമെന്നു മുന്നറിയിപ്പുണ്ട്.
മുസ്ലീങ്ങളെ ചൈനയുടെ ഭാഗമാക്കാനുള്ള സാംസ്കാരിക ഏകീകരണത്തിന്റെ ഭാഗമാണ് ഈ നടപടികൾ എന്നാണ് ചൈന പറയുന്നത്്. പക്ഷേ ചൈനയിൽ ഉയിഗൂരികൾ എന്ന് വിളിക്കുന്ന മുസ്ലീങ്ങൾക്കുനേരെ കടുത്ത മനുഷ്യാവകാശ ലംഘനമാണ് സർക്കാർ നടത്തുന്നത്.
2020ൽ സിൻജാങ് പ്രവിശ്യയിലെ ആതുഷി ഗ്രാമത്തിലുണ്ടായിരുന്ന ഉയിഗൂർ ജമാ മസ്ജിദ് ഇടിച്ച് പൊളിച്ച് മൂത്രപ്പുര പണിഞ്ഞ ചൈന, ഇടിച്ചുപൊളിക്കും മുമ്പ് പള്ളി കയ്യേറി പാർട്ടിക്കൊടിയും നാട്ടിയിരുന്നു. മുൻ വശത്ത് 'രാജ്യത്തെ സ്നേഹിക്കുക, പാർട്ടിയെ സ്നേഹിക്കുക' എന്നെഴുതിയ വലിയൊരു ബോർഡും സ്ഥാപിച്ചു. അവിടെ മറ്റൊരു പള്ളി പൊളിച്ച് സ്ഥാപിച്ചത് ഇസ്ലാമിന് ഹറാമായ മദ്യവും സിഗരറ്റുമൊക്കെ വിൽക്കുന്ന സ്റ്റോർ ആക്കിയും മാറ്റിയിരുന്നു.
ഉയിഗൂർ മുസ്ലീങ്ങളുടെ മനോബലം തകർക്കാനും, അവരെ അവരുടെ വിശ്വാസപ്രമാണങ്ങളിൽ നിന്ന് നിർബന്ധിതമായി അടർത്തിമാറ്റി, ഹാൻ വംശീയസ്വത്വത്തിലേക്കും, തദ്വാരാ മുഖ്യധാരാ ചൈനീസ് ദേശീയതയിലേക്കും ഇണക്കിച്ചേർക്കാനുമുള്ള സർക്കാരിന്റെ പരിശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടിയുണ്ടായത്. ഇതേ പദ്ധതിയുടെ ഭാഗമായാണ് ലാൻഷൗ സിഗ്വാൻ മസ്ജിദും പൊളിച്ചത്.
'മോസ്‌ക് റെക്റ്റിഫിക്കേഷൻ' പ്രോഗ്രാം
ഷി ജിൻപിങ്ങിന്റെ ചൈനീസ് കമ്യൂണിസ്റ്റ് സർക്കാർ 2016 -ൽ തുടങ്ങിയ 'മോസ്‌ക് റെക്റ്റിഫിക്കേഷൻ' നയത്തിന്റെ ഭാഗമാണ് ഈ നടപടിയും. 2017 മുതൽക്ക് തന്നെ പ്രദേശവാസികളായ ഏകദേശം പതിനെട്ടു ലക്ഷത്തോളം പേരെ റീ-എജുക്കേഷൻ ക്യാമ്പുകളിൽ നിർബന്ധിച്ച് പിടിച്ചുകൊണ്ട് വ്യക്തിപരമായ റെക്റ്റിഫിക്കേഷൻ ശ്രമങ്ങളും സർക്കാർ നടത്തുന്നുണ്ട് റേഡിയോ ഫ്രീ ഏഷ്യ റിപ്പോർട്ട് ചെയ്തിരുന്നു.
2020ൽ പ്രദേശത്ത് അങ്ങനെയൊരു പൊതു ശൗചാലയത്തിന്റെ ആവശ്യമുണ്ടോ എന്ന റേഡിയോ ഫ്രീ ഏഷ്യയുടെ ചോദ്യത്തോട്, പേര് വെളിപ്പെടുത്തരുത് എന്ന നിബന്ധനയോടെ ചില ഉയിഗൂർ മുസ്ലിം പൗരന്മാർ പ്രതികരിച്ചത് ഇങ്ങനെയാണ്. 'അത് ഇവിടത്തെ ഹാൻ സഖാക്കളുടെ പണിയാണ്. ഇവിടങ്ങനെ ഒരു പൊതു ശൗചാലയത്തിന്റെ ആവശ്യം ഉണ്ടായിരുന്നോ എന്ന് ചോദിച്ചാൽ ഇല്ല. കാരണം, ഇവിടെ എല്ലാ വീടുകളിലും അറ്റാച്ച് ചെയ്ത ടോയ്‌ലറ്റുകൾ ഉണ്ട്. ഇവിടെ ഇങ്ങനെ ഒരു മോസ്‌ക് ഉണ്ടായിരുന്നതിന്റെയും, അവർ അത് ഇടിച്ചു കളഞ്ഞതിന്റെയും തെളിവുകൾ മറയ്ക്കുക എന്നത് കൂടിയാവും ചിലപ്പോൾ ഇങ്ങനെയൊരു നിർമ്മാണത്തിന് പിന്നിൽ'.
മറ്റൊരു ഉയിഗൂർ പൗരൻ പറയുന്നു-''ഇത് പ്രദേശത്ത് ഇടിച്ചു പൊളിക്കപ്പെടുന്ന മൂന്നാമത്തെ മുസ്ലിം പള്ളിയാണ്. ഇതിനു മുമ്പ് ഒരു പള്ളി പൊളിച്ചിടത്ത് അവർ, ഹാൻ സഖാക്കൾ, ഇസ്ലാമിൽ വിലക്കപ്പെട്ട സാധനങ്ങളായ മദ്യവും സിഗരറ്റുമൊക്കെ വിൽക്കുന്ന ഒരു കൺവീനിയൻസ് സ്റ്റോർ ആണ്. ഞങ്ങളുടെ മതവികാരം വ്രണപ്പെടുത്തുക, ആത്മാഭിമാനം മുറിപ്പെടുത്തുക എന്നതൊക്കെ ഉദ്ദേശിച്ച് മനഃപൂർവ്വമാണ് ഇവർ ഇങ്ങനെയൊക്കെ ചെയ്യുന്നത്. അത് ഞങ്ങൾക്ക് നന്നായി മനസ്സിലാകുന്നുണ്ട്' ഈ രീതിയിയാണ് അന്ന് ഉയിഗൂരികൾ പ്രതികിരിച്ചത്.
അടിമകളെപ്പോലെ ഒരു ജനത
കമ്യൂണിസ്റ്റ് ചൈനയുടെ വടക്കുപടിഞ്ഞാറ് കിടക്കുന്ന സിൻജിയാങ് പ്രവിശ്യയിൽ, അടിമകളെപ്പോലെ ജീവിക്കുന്നവരാണ് ഉയിഗൂർ മുസ്ലീങ്ങൾ. ഇവർ മതം ഉപേക്ഷിച്ച് ദേശീയവാദികൾ ആകണം എന്നാണ് ചൈന ആഗ്രഹിക്കുന്നത്. അതിനായി 30 ലക്ഷത്തോളം വരുന്ന ഉയിഗൂർ മുസ്ലീങ്ങളെ തടവറകളിൽ അടച്ചിരിക്കയാണ് ചൈന. എന്നാൽ ഇത് തടവറയല്ല, രാഷ്ട്ര പുനർ നിർമ്മാണ കേന്ദ്രങ്ങളാണെന്നാണ് ആ കമ്യുണിസ്റ്റ് രാജ്യം പറയുന്നത്. അവിടെ എങ്ങനെ ഒരു നല്ല പൗരനാകാം എന്നാണത്രേ ചൈന ഇവരെ പഠിപ്പിക്കുന്നത്. പുരുഷന്മാർ ജയിലിലായ ഉയിഗുർ വീടുകളിലേക്ക് ഇപ്പോൾ 'ബന്ധു സഖാക്കൾ' എന്ന പേരിലാണ് ചൈന ആളുകളെ കയറ്റിവിടുന്നത്. സമ്മതമില്ലാതെ വീടുകളിൽ എത്തുന്ന ഈ അതിഥികൾ ഉയിഗൂരികൾക്കൊപ്പം ഉണ്ടും ഉറങ്ങിയും താമസിക്കും. എല്ലാകാര്യങ്ങളും റിപ്പോർട്ട് ചെയ്യും. ചൈനീസ് ഭാഷയടക്കം പുതിയ കാര്യങ്ങൾ പഠിപ്പിക്കും.
അസ്വഭാവികമായ എന്തു കണ്ടാലും പെട്ടെന്ന് റിപ്പോർട്ട് ചെയ്യണമെന്നാണ് ഈ ബന്ധു സഖാക്കൾക്ക് നിർദ്ദേശം കിട്ടിയത്. ഹറാമായിട്ടുള്ള മദ്യവും മാംസവും കഴിക്കാൻ പ്രേരിപ്പിക്കണം, താടിയില്ലാത്തയാൾ പെട്ടെന്ന് താടിവച്ചാലും മദ്യപിക്കുന്നയാൾ പെട്ടെന്ന് നിർത്തിയാലുമൊക്കെ റിപ്പോർട്ട് ചെയ്യണം, സുന്നത്തുകല്യാണങ്ങളിൽ, പേരിടൽ ചടങ്ങുകളിൽ, ജനന- മരണങ്ങൾ തുടങ്ങിയവയിലൊക്കെ സജീവമാവണം, മിശ്രവിവാഹങ്ങൾ പരമാവധി പ്രോൽസാഹിപ്പിക്കണം തുടങ്ങിയവയാണ് ഇവർക്ക് നൽകിയ മറ്റ് നിർദ്ദേശങ്ങൾ. എന്നാൽ ഉയിഗൂരികളാകട്ടെ ഇതിൽ ഒന്നും പിടികൊടുക്കാതെ തങ്ങളുടെ വിശ്വാസവുമായി ഉറച്ച് മുന്നോട്ടുപോകുയാണ്.
നിസ്‌ക്കാരവും നോമ്പുമൊക്കെ ഉപേക്ഷിപ്പിച്ച് മുസ്ലീങ്ങളെ അവർ അല്ലാതാക്കുകയാണ് ചൈനയുടെ ലക്ഷ്യം. എന്നാൽ ഈ രീതിയിലുള്ള പീഡനങ്ങൾ ഉണ്ടായിട്ടും അറബ് ലോകം അടക്കമുള്ള ഇസ്ലാമിക ലോകം പോലും ഈ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ മൗനം പാലിക്കയാണ്. കാരണം ചൈനയുമായുള്ള വ്യാപാര വ്യവസായ ബന്ധങ്ങൾ തന്നെ. ആകെ പ്രതികരിക്കുന്നത് പാശ്ചാത്യ മനുഷ്യാവകാശ സംഘടകൾ മാത്രമാണ്. പാക്കിസ്ഥാനോ ഇറാനോപോലും ഇവർക്കുവേണ്ടി നിലകൊണ്ടിട്ടില്ല. കേരളത്തിൽ നോക്കുക. റോഹീങ്ക്യൻ മുസ്ലീങ്ങൾക്കുവേണ്ടി വലിയ റാലികൾ നടന്ന ഇവിടെ, ഉയിഗൂർ മുസ്ലീങ്ങളുടെ കാര്യം ആരും മിണ്ടുന്നില്ല.ചരുക്കിപ്പറഞ്ഞാൽ മനുഷ്യത്വവിരുദ്ധതയിൽ ഡോക്ടറേറ്റ് എടുത്ത ഒരു രാജ്യത്തെയാണ് നാം ചങ്കെന്നും മൂത്തെന്നും പൊക്കിയടിക്കുന്നത്!
വാൽക്കഷ്ണം: ചൈനയുടെ സാമ്പത്തിക തകർച്ച ഫലത്തിൽ ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് പൊതുവേ വിലയിരുത്തലുണ്ട്. ചൈനയിൽനിന്ന് സ്ഥലം വിട്ട പല കമ്പനികളും ഇന്തയിലേക്ക് വരുന്നുണ്ട്. അല്ലെങ്കിലും ഒന്ന് ചീഞ്ഞാണെല്ലോ മറ്റൊന്നിന് വളമാവുക.