''ഇസ്ലാമിന്റെ യോദ്ധക്കാളാവുക എന്നതാണ് നമ്മുടെ പരമമായ കടമ. ഇസ്ലാമിനെ സേവിക്കുന്ന സഹോദരങ്ങളാണ് നമ്മള്‍.. അതാണ് നമ്മുടെ ബ്രദര്‍ഹുഡ്''- ഇത് പറയുന്നത് സാക്ഷാല്‍ ഹസനുല്‍ ബന്നയാണ്. ഇമാം ഹസനുല്‍ ബന്ന എന്ന് ഇസ്ലാമിസ്റ്റുകള്‍ ആഘോഷിക്കുന്ന, അവരുടെ കാഴ്ചപ്പാടിലെ ധീര രക്തസാക്ഷി. പക്ഷേ നിഷ്പക്ഷമായി പഠിച്ചാലോ. ആഗോള ഇസ്ലാമിക തീവ്രവാദത്തിന്റെ തലയൊട്ടപ്പന്‍മ്മാരായി കണക്കാക്കാന്‍ കഴിയുക, ഹസനുല്‍ബന്ന, സയിദ് ഖുത്തബ് എന്നീ രണ്ടുപേരെയാണ്. അതുപോലെ തന്നെ ഈജിപ്തില്‍ രൂപം കൊണ്ട് മുസ്ലീം ബ്രദര്‍ഹുഡാണ്, ഇന്ന് അല്‍ഖായിദയിലുടെ, ഐസിസിലൂടെ, ബോക്കോഹറാമിലുടെയൊക്കെ കടന്നുപോയി നൂറായിരം ഇസ്ലാമിക ജിഹാദി സംഘടനകളിലേക്ക് മത തീവ്രവാദത്തിന്റെ വൈറസ് പടര്‍ത്തിയത്. പക്ഷേ നാം ഞെട്ടുന്നത്, ലോകത്തെ പല ഇസ്ലാമിക രാജ്യങ്ങള്‍ പോലും നിരോധിച്ച, ഹസനുല്‍ബന്നയുടെയും, ഖുത്തുബിന്റെയും ചിത്രം ഇപ്പോള്‍, കേരളത്തിലും പാറിപ്പറക്കുന്നുവെന്നതാണ്!

ജമാഅത്തെ ഇസ്ലാമിയുടെ യുവജന-വിദ്യാര്‍ത്ഥി സംഘടനകളായ സോളിഡാരിറ്റിയുടെയും എസ്‌ഐഒയുടെയും നേതൃത്വത്തില്‍, വഖഫ് ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് കഴിഞ്ഞാഴ്ച, കോഴിക്കോട് എയര്‍പോര്‍ട്ടിലേക്ക് നടന്ന സമരത്തിലാണ്, ആഗോള തീവ്രവാദത്തിന് വഴിമരുന്നിട്ടവരുടെ ചിത്രങ്ങള്‍ ഉയര്‍ന്നത്. സംഭവം രഹസ്യാന്വേഷണ വിഭാഗമടക്കം അന്വേഷിക്കുന്നുമുണ്ട്. ആരാണ് ഈ ഹസനുല്‍ ബന്നയും സയിദ് ഖുതുബും, സോളിഡാരിറ്റിയുടെ എയര്‍പോര്‍ട്ട് മാര്‍ച്ചില്‍ ഈ ബ്രദര്‍ഹുഡ് നേതാക്കള്‍ക്ക് എന്താണ് കാര്യം, എന്ന ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും സജീവമായിക്കഴിഞ്ഞു.

ഈ ഫോട്ടോകള്‍ സൗദി അറേബ്യയിലോ, യു.എ.യും ഉള്‍പ്പടെയുള്ള മുസ്ലിം രാജ്യങ്ങളിലോ പൊക്കിപ്പിടിച്ച് പ്രകടനം നടത്തിയാല്‍ അകത്താവുമെന്നതാണ് വേറെ കാര്യം. ഭൂരിഭാഗം മുസ്ലിം രാജ്യങ്ങളിലും, സയ്യിദ് ഖുതുബും, ഹസനുല്‍ ബന്നയും ചേര്‍ന്ന് രൂപീകരിച്ച മുസ്ലിം ബ്രദര്‍ഹുഡ്് നിരോധിത സംഘടനയാണ്. ഖുതുബും, ബന്നയും ഉയര്‍ത്തിപ്പിച്ച മതരാഷ്ട്ര ആശയത്തോട് അവിടങ്ങളിലെ മുസ്ലിം സമൂഹത്തിനോ ഭരണകര്‍ത്താക്കള്‍ക്കോ യാതൊരു യോജിപ്പുമില്ല. എന്നിട്ടും ഈ മാലിന്യങ്ങള്‍ എങ്ങനെ കേരളത്തില്‍ അടിയുന്നുവെന്ന് പരിശോധിക്കപ്പെടണ്ടേതുണ്ട്.

ഹസനുല്‍ബന്ന തുറന്നുവിട്ട ഭൂതം

ലോകത്തിലെ ഇസ്ലാമിക തീവ്രവാദത്തിന്റെ ചരിത്രം പഠിച്ച ഹമീദ് ചേന്ദമംഗല്ലൂരിനെപ്പോലുള്ളവര്‍ പറയുന്നത്, മുസ്ലീം തീവ്രവാദത്തെ ഒരു മതചര്യയാക്കി തീര്‍ത്തും സുസംഘടിതമായി വളര്‍ത്തിയത്, മുസ്ലീം ബ്രദര്‍ഹുഡ് എന്ന സംഘടനയായിരുന്നു. 1928-ല്‍ ഈജിപ്തിലെ ഇസ്മയിലിയയില്‍ വെച്ച് രൂപം കൊണ്ട മുസ്ലിം ബ്രദര്‍ഹുഡ്, മതരാഷ്ട്രവാദം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന തീവ്ര രാഷ്ട്രീയ ഇസ്ലാമിസ്റ്റ് സംഘടനയാണ്. ഇസ്ലാമിനെ വിശ്വാസപരമായ ഒരു ആശയസംഹിത എന്ന പരമ്പരാഗത രീതിയില്‍ നിന്ന് മാറ്റി ഒരു രാഷ്ട്രീയ പദ്ധതിയായി അവതരിപ്പിക്കുകയാണ് ബ്രദര്‍ഹുഡും ഹസനുല്‍ബന്നയും ചെയ്തത്. പൊളിറ്റിക്കല്‍ ഇസ്ലാം എന്ന ആശയത്തിന് ബ്രദര്‍ഹുഡ് വലിയ രീതിയില്‍ പ്രചാരണം നല്‍കി.




ഇസ്ലാം തന്നെ പരിഹാരം എന്ന ബ്രദര്‍ഹുഡിന്റെ മുദ്രാവാക്യവും, മതരാഷ്ട്ര വാദം മുന്‍നിര്‍ത്തിയുള്ള അവരുടെ ആശയ പ്രചാരണങ്ങളും, തീവ്രവാദ സ്വഭാവമുള്ള അവരുടെ പ്രവര്‍ത്തന പദ്ധതികളും കണക്കിലെടുത്ത് തുടക്കകാലത്ത് തന്നെ സംഘടന ഈജിപ്തില്‍ നിരോധിക്കപ്പെട്ടിട്ടുണ്ട്. നിലവില്‍ ഈജിപ്ത്, സൗദി അറേബ്യ, യുഎഇ, റഷ്യ തുടങ്ങി വിവിധ രാജ്യങ്ങളില്‍ ബ്രദര്‍ഹുഡ് നിരോധിത സംഘടനയാണ്.

അതിനുമുമ്പും ലോകത്ത് ഇസ്ലാമിക തീവ്രവാദം ഉണ്ടായിരുന്നെങ്കിലും, ഒരു മതത്തെ ഒന്നടങ്കം, രാഷ്ട്രീയമാക്കി മാറ്റിയതിലും, അതിനെ കൃത്യമായി ജിഹാദിലേക്ക് വഴിതിരിച്ചുവിട്ടതിലും, വലിയ പങ്ക്, ഹസ്സന്‍ അഹമ്മദ് അബ്ദുല്‍-റഹ്‌മാന്‍ മുഹമ്മദ് അല്‍ബന്ന എന്ന ഈജിപ്തുകാരനാണ്. 14 ഒക്ടോബര്‍ 1906 ജനിച്ച ബന്ന, ഖുര്‍ആനും സുന്നത്തും മാത്രമാണ് സ്വീകാര്യമായ ഭരണഘടനയായി കണക്കാക്കിയത്. അദ്ദേഹത്തെ സംബന്ധിച്ച് ഇസ്ലാം സമഗ്രമായ ഒരു ജീവിത വ്യവസ്ഥയാണ്. സമൂഹത്തിന്റെ സമ്പുര്‍ണ്ണ ഇസ്ലാമികവല്‍ക്കരണത്തിന് അദ്ദേഹം ആഹ്വാനം ചെയ്തു. അസമത്വം കുറയ്ക്കുന്നതിന് ഒരു ഇസ്ലാമിക സാമ്പത്തിക സിദ്ധാന്തവും അദ്ദേഹം വികസിപ്പിച്ചു. അതായത് ബന്നയുടെ ചിന്താ പദ്ധതിയനുസരിച്ച് എന്തിനും ഏതിനും ഉത്തരം ഇസ്ലാം ആണ്. ഇതിനുവേണ്ടിയുള്ള ആയുധമെടുക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ഈ ഒരു മതരാഷ്ട്രം സ്ഥാപിതമാവുന്നതുവരെ ജിഹാദ് നടത്തേണ്ട ബാധ്യതയും, അദ്ദേഹം വിശ്വാസികളുടെ മേല്‍ അടിച്ചേല്‍പ്പിച്ചു.

പാശ്ചാത്യ ഭൗതികവാദം, ബ്രിട്ടീഷ് സാമ്രാജ്യത്വം എന്നിവയ്‌ക്കെതിരായ വിമര്‍ശനം ബന്നയുടെ പ്രത്യയശാസ്ത്രത്തില്‍ ഉണ്ടായിരുന്നു.അദ്ദേഹം അറബ് ദേശീയതയെപോലും നിരസിച്ചു. എല്ലാ മുസ്ലിംകളെയും ഒരൊറ്റ രാഷ്ട്ര-സമൂഹത്തിലെ അംഗങ്ങളായി കണക്കാക്കി. അതാണ് മുസ്ലീം ബ്രദര്‍ഹുഡ്. ഇവിടെ സ്വാഭാവികമായും മറ്റു മതസ്ഥര്‍ക്ക് യാതൊരു സ്ഥാനവുമില്ല. മസ്ലീം നോണ്‍ മുസ്ലീം എന്നല്ലാതെ മനുഷ്യരെ മനുഷ്യരായി കാണാന്‍ ബന്നക്ക് കഴിഞ്ഞില്ല.

കൊളോണിയല്‍ ഭരണത്തിനെതിരെ സായുധ പോരാട്ടത്തിന് തയ്യാറെടുക്കാന്‍ ബന്ന മുസ്ലീങ്ങളോട് ആഹ്വാനം ചെയ്തു. വാളിന്റെ ജിഹാദിലായിരുന്നു അദ്ദേഹം വിശ്വസിച്ചിരുന്നത്. അറബ്-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ പങ്കെടുക്കാന്‍ മുസ്ലീം ബ്രദര്‍ഹുഡിനുള്ളില്‍ ഒരു രഹസ്യ സൈനിക വിഭാഗം രൂപീകരിക്കാന്‍ അദ്ദേഹം അനുവദിച്ചു. പാശ്ചാത്യമായത് ഒന്നും അദ്ദേഹത്തിന് കണ്ടുകൂടായിരുന്നു. ക്രിമിനല്‍-സിവില്‍ നിയമങ്ങള്‍ക്കും, രാജ്യഭരണത്തിനുമെല്ലാം, ഇസ്ലാം. ഇങ്ങനെ അടിമുടി മതം മുങ്ങിക്കുളിച്ച ആ രാഷ്ട്രീയ രൂപമായിരുന്നു അദ്ദേഹത്തിന്റെത്. അത് ശരിക്കും ഒരു ഭൂതത്തെ തുടര്‍ന്ന് വിട്ടതിന് തുല്യമായിരുന്നു. പില്‍ക്കാലത്ത് ലോക വ്യാപകമായി വന്ന ഇസ്ലാമിക തീവ്രവാദ സംഘടകള്‍ എല്ലാം ഈ ഫോര്‍മാറ്റാണ് അനുകരിച്ചത്.

42-ാം വയസ്സില്‍ കൊല്ലപ്പെടുന്നു

1924-ല്‍ വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ, ഓട്ടോമന്‍ ഖിലാഫത്ത് നിര്‍ത്തലാക്കപ്പെട്ടതിനെക്കുറിച്ച് ബന്ന അറിഞ്ഞു . ഈ സംഭവം അദ്ദേഹത്തെ വളരെയധികം സ്വാധീനിച്ചു. അതുപോലെ ഒരു സുവര്‍ണ്ണകാലഘട്ടത്തിലേക്ക് ഇസ്ലാം മടങ്ങണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. 1927-ല്‍ ദാറുല്‍-ഉലൂമില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം, ബന്ന ഇസ്മായിലിയയിലെ ഒരു പ്രൈമറി സ്‌കൂള്‍ അദ്ധ്യാപകനായി അക്കാലത്ത്, സൂയസ് കനാലിന്റെ ഈജിപ്ഷ്യന്‍ ആസ്ഥാനം സ്ഥിതി ചെയ്തിരുന്നത് ഇവിടെയായിരുന്നു. ഈജിപ്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് വിദേശ സ്വാധീനം ശക്തമായിരുന്ന മേഖല. ഈജിപ്തിനെ ആധുനികവല്‍ക്കരിക്കാനുള്ള തിടുക്കത്തിലുള്ള ശ്രമങ്ങള്‍ പലപ്പോഴും ഇസ്ലാമിക തത്വങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുന്നതിലേക്കയാണ് നയിക്കുന്നതെന്നും, ഇത് പ്രതികൂല ഫലമുണ്ടാക്കുമെന്ന് അദ്ദേഹം വാദിച്ചു. തീപ്പൊരി പ്രാസംഗികനായ അദ്ദേഹം, ഖുര്‍ആന്‍ കൈയിലെടുത്ത് സംസാരിച്ചാണ് വളര്‍ന്നത്.

ഇസ്മായിലിയയില്‍ ആയിരുന്ന കാലത്ത്, ബന്ന കഫേകളില്‍ പോയി പൊതുജനങ്ങളോട് ചെറിയ പ്രഭാഷണങ്ങള്‍ നടത്തി. അദ്ദേഹത്തിന്റെ കരിസ്മാറ്റിക് പ്രസംഗങ്ങള്‍ ധാരാളം യുവാക്കളെ ആകര്‍ഷിച്ചു. 1928 മാര്‍ച്ചില്‍ സൂയസ് കനാല്‍ കമ്പനിയുമായി ബന്ധപ്പെട്ട ആറ് തൊഴിലാളികള്‍ വിദേശ കൊളോണിയലിസ്റ്റ് നിയന്ത്രണത്തില്‍ മുസ്ലീങ്ങള്‍ അനുഭവിക്കുന്ന അനീതികളെക്കുറിച്ച് പരാതിപ്പെട്ട് ബന്നയെ സമീപിച്ചു. അതായിരുന്നു ബ്രദര്‍ഹുഡിന്റെ സ്ഥാപനത്തിലേക്ക് നയിച്ചത്.

തുടക്കത്തില്‍, മുസ്ലീം ബ്രദര്‍ഹുഡ് അക്കാലത്ത് നിലവിലുണ്ടായിരുന്ന നിരവധി ചെറിയ ഇസ്ലാമിക സംഘടനകളില്‍ ഒന്ന് മാത്രമായിരുന്നു. പക്ഷേ 1930 കളുടെ അവസാനത്തോടെ, എല്ലാ ഈജിപ്ഷ്യന്‍ പ്രവിശ്യകളിലും മുസ്ലീം ബ്രദര്‍ഹുഡ് ശാഖകള്‍ സ്ഥാപിച്ചു. ഒരു ദശാബ്ദത്തിനുശേഷം, ഈജിപ്തില്‍ മാത്രം സംഘടനയ്ക്ക് 5,00,000 സജീവ അംഗങ്ങളുണ്ടായി. ഇതിന് പിന്നില്‍ ബന്നയുടെ പ്രവര്‍ത്തനം തന്നെയായിരുന്നു. 17 വര്‍ഷംകൊണ്ട് മുപ്പതിനായിരം പ്രഭാഷണമായിരുന്നു ഈ യുവാവ് നടത്തിയത്.

വാളെടുത്തവന്‍ വാളാല്‍ എന്ന് പറയുന്നതുപോലെയായിരുന്നു ബന്നയുടെ മരണവും. അതിനിടെ തന്റെതായ സായുധ സംഘത്തെ അദ്ദേഹം ഈജിപ്തില്‍ സൃഷ്ടിച്ചിരുന്നു. അവര്‍ ഫലസ്തീനിലടക്കംപോയി വലിയ പ്രശ്നങ്ങളുണ്ടാക്കി. ഇതോടെ 1948-ല്‍ സംഘടനയെ നിരോധിച്ചു. പക്ഷേ ബന്നയുടെ ദിനങ്ങള്‍ എണ്ണപ്പെട്ടിരുന്നു.




1949 ഫെബ്രുവരി 11ന്, സര്‍ക്കാര്‍ ബന്നയെ മധ്യസ്ഥ ചര്‍ച്ചക്ക് ക്ഷണിച്ചു. അദ്ദേഹം കൃത്യസമയത്ത് നിശ്ചിത സ്ഥലത്തെത്തി. ഭരണകൂടത്തിന്റെ പ്രതിനിധികളെത്തിയില്ല. മടങ്ങി പോകാനായി വാടക കാറില്‍ കയറവെ 9979 എന്ന നമ്പറിലുള്ള പോലീസ് വാഹനത്തിലെത്തിയ ഭരണകൂടം ചുമതലപ്പെടുത്തിയ ഭീകരര്‍ അദ്ദേഹത്തെ വെടിവെച്ചു വീഴ്ത്തി. ബന്നയുടെ മൃതശരീരം ഏറ്റുവാങ്ങാന്‍ പിതാവിന് മാത്രമാണ് അനുമതി ലഭിച്ചത്. മരണാനന്തര കര്‍മങ്ങളില്‍ ആണുങ്ങളാരും പങ്കെടുക്കരുതെന്ന് ഭരണകൂടം ശഠിച്ചു. അതിനാല്‍ പിതാവ് ശൈഖ് അബ്ദുറഹ്‌മാനും സ്ത്രീകളും മാത്രമാണ് ആ കൃത്യം നിര്‍വഹിച്ചത്. പക്ഷേ ബന്നയുടെ മരണം കൊണ്ട് ഒന്നും അവസാനിച്ചില്ല. അദ്ദേഹം ഉയര്‍ത്തിവിട്ട ഇസ്ലാമിക ലോകം എന്ന ആശയം ലോകമെമ്പാടും പടര്‍ന്നു. ഇന്നു അവര്‍ പല ഭീകരവാദ സംഘടനകളായി നമുക്കുമുന്നിലുണ്ട്.

പ്രൊഫസര്‍ ഹമീദ് ചേന്ദമംഗല്ലൂര്‍ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു.-''മതനിരപേക്ഷതതയേയും, മതങ്ങളുമായുള്ള സഹവര്‍ത്തിത്വവും ഒന്നും തന്നെ ഹസനുല്‍ബന്ന അംഗീകരിക്കുന്നില്ല. അദ്ദേഹത്തെ സംബദ്ധിച്ച് ഒരു മുസ്ലീമിന്റെ കടമ ജിഹാദ് മാത്രമാണ്. മതരാഷ്ട്രവാദം എന്ന ഗരുതരമായ ആശയത്തെ മുസ്ലിം സമൂഹത്തിലേക്ക് കടത്തിവിട്ടത് ബ്രദര്‍ഹുഡാണ്''- അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന്റെ ഒരു വിപലൂകൃത രൂപമാണ്, ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകന്‍ മൗദൂദിയും ചെയ്തത്. മത നിരപേക്ഷതയോട് അടുത്തുപോകരുതെന്നും സെക്കുലര്‍ ഡെമോക്രസിയില്‍ പങ്കെടുക്കുന്നത് ഹറാമാണെന്നും അസന്നിഗ്ധമായി പ്രഖ്യാപിച്ച വ്യക്തിയാണ് മൗദൂദി .''ഈ യുഗത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന എല്ലാ ജനാധിപത്യ വ്യവസ്ഥകളും, അവയില്‍ ഇന്ത്യയിലിപ്പോഴുള്ള അസംബ്ലികളും, ഭൗതികകാര്യങ്ങളില്‍ രാജ്യത്ത് വസിക്കുന്നവര്‍ക്ക് അവകാശപ്പെട്ടതും അവര്‍ക്ക് തന്നെ നിയമമുണ്ടാക്കാന്‍ അധികാരം നല്‍കുന്നവയുമാണ്. ഈ ആശയം ഇസ്ലാമിന് കടകവിരുദ്ധമാണ്. ജനങ്ങളുടെയും, മുഴുവന്‍ ലോകത്തിന്റെയും ഭരണാധികാരി അല്ലാഹുവാണെന്നാണ് ഇസ്ലാമിന്റെയും ഏകദൈവ വിശ്വാസത്തിന്റെയും അവിഭാജ്യഘടകം.''- ഇങ്ങനെ എഴുതാന്‍ മൗദൂദിയെ പ്രേരിപ്പിച്ചത് ബ്രദര്‍ഹുഡിന്റെ ആശയങ്ങളാണ്.

ഖുത്തുബ്: വഴിതെറ്റിപ്പോയ സാഹിത്യകാരന്‍

ബ്രദര്‍ഹുഡിന്റെ പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റ് ആശയ പ്രചാരണങ്ങള്‍ക്ക് ഏറ്റവും വലിയ സംഭാവന നല്‍കിയ സൈദ്ധാന്തികനായിരുന്നു സയിദ് ഖുതുബ്. ഐഎസ്, അല്‍ഖൈ്വദ തുടങ്ങിയ ഭീകരവാദ സംഘനകളെ അടക്കം ആശയപരമായി സ്വാധീനിച്ചിട്ടുള്ള നേതാവാണ് സയിദ് ഖുതുബ് എന്നത് പരസ്യമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതുമാണ്. ഈജിപ്തിലെ സാഹിത്യകാരന്‍, വിമര്‍ശകന്‍, വിപ്ലവകാരി എന്നീനിലകളിലാണ് ഇസ്ലാമിസ്റ്റുകള്‍ സയ്യിദ് ഖുതുബിനെ വെള്ളയടിക്കാറുള്ളത്. ഖുര്‍ആന്റെ തണലില്‍, വഴിയടയാളങ്ങള്‍, ഞാന്‍ കണ്ട അമേരിക്ക തുടങ്ങിയ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ പ്രസിദ്ധമാണ്. വഴിയടയാളങ്ങളുടെ രചനയാണ് അദ്ദേഹത്തിനെതിരെ വധശിക്ഷ വിധിക്കുന്നതിലേക്ക് നയിച്ചത്. അത് വായിച്ചാല്‍ ശിക്ഷയെ എതിര്‍ക്കാന്‍ കഴിയില്ല. കാരണം അത്രക്ക് വലിയ തീവ്രവാദ ആശയങ്ങളാണ് ഇദ്ദേഹം പ്രചരിപ്പിക്കുന്നത്.

1906 ഒക്ടോബര്‍ എട്ടിനായിരുന്നു ഖുതുബിന്റെ ജനനം. അസ്യൂത്ത് പ്രവിശ്യയിലെ ഖാഹാ പട്ടണത്തിനു സമീപം മുഷാ എന്ന ഗ്രാമത്തിലെ പണ്ഢിത കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. പത്തു വയസ്സുള്ളപ്പോള്‍ത്തന്നെ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. 1919 -ലെ വിപ്ലവത്തെത്തുടര്‍ന്ന് രണ്ടു കൊല്ലത്തെ സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വന്നു. മൂശയിലെ പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം ഖുതുബ,് 1920ല്‍ കൈറോയിലേക്ക് പോയി. അവിടെ അമ്മാവന്‍ അഹ്‌മദ് ഹുസൈന്‍ ഉസ്മാന്റെ കൂടെ താമസിച്ചായിരുന്നു ഉപരിപഠനം. സയ്യിദിന്റെ 14-ാം വയസ്സില്‍ കൈറോവിലെ പഠനകാലത്തായിരുന്നു പിതാവിന്റെ അന്ത്യം. 1940-ല്‍ മാതാവും മരണപ്പെട്ടു. അതോടെ ഏകനായിത്തീര്‍ന്ന സയ്യിദ് ഒറ്റപ്പെടലിന്റെ വേദന മുഴുവന്‍ അക്ഷരങ്ങളിലേക്ക് പകര്‍ത്തി. അക്കാലത്ത് എഴുതിയ പല രചനകളിലും ഈ വിരഹത്തിന്റെ നൊമ്പരമുണ്ടായിരുന്നു. ഇസ്ലാം തലയില്‍ കയറി വഴിതെറ്റിപ്പോയ ഒരു സാഹിത്യകാരന്‍ എന്ന ഖുത്തുബിനെ വിലയിരുത്തുന്നവരുണ്ട്.




കൈറോയില്‍ ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി 1929-ല്‍ ദാറുല്‍ ഉലൂം ടീച്ചേഴ്സ് കോളേജില്‍ ചേര്‍ന്നു. 1939-ല്‍ ബിരുദം നേടി അറബി അദ്ധ്യാപകനാവാനുള്ള യോഗ്യത നേടി. ജോലിയിലേക്കുള്ള നിയമനവും ഉടനെ കഴിഞ്ഞു. ആറു വര്‍ഷത്തിനു ശേഷം അദ്ധ്യാപക വൃത്തി അവസാനിപ്പിച്ച അദ്ദേഹം എഴുത്തിലേക്ക് തിരിഞ്ഞു. അന്ന് ഈജിപ്തില്‍ നിലവിലുണ്ടായിരുന്ന വിദ്യാഭ്യാസ ദര്‍ശനത്തോടും ഭാഷാ മാനവിക വിഷയങ്ങളുടെ അദ്ധ്യയനരീതിയോടുമുള്ള മൗലികമായ വിയോജിപ്പ് കൂടിയായിരുന്നു അദ്ദേഹത്തിന്റെ രാജിക്ക് പിന്നില്‍.

1939 -നും 1951 നുമിടക്ക് ഇസ്ലാമിക രചനയിലേക്ക് തിരിഞ്ഞ അദ്ദേഹം ഖുര്‍ആന്റെ സൗന്ദര്യശാസ്ത്രം പോലുള്ള വിഷയങ്ങളെ അധികരിച്ച് ഒട്ടേറെ ലേഖനങ്ങളെഴുതി. പതുക്കെ പതുക്കെ ഖുത്തുബ് ഹാര്‍ഡ്കോര്‍ ഇസ്ലാമിലേക്ക് മാറി. 1948-ല്‍ അല്‍അദാലത്തുല്‍ ഇജ്തിമാഇയ്യ ഫില്‍ ഇസ്ലാം (ഇസ്ലാമിലെ സാമൂഹികനീതി) പ്രസിദ്ധീകരിക്കപ്പെട്ടു. യഥാര്‍ത്ഥ സാമൂഹിക നീതി ഇസ്ലാമിലൂടെ മാത്രമേ പുലരൂ എന്നദ്ദേഹം സമര്‍ഥിച്ചു.

നാസര്‍ ഭരണകൂടം തൂക്കിലേറ്റുന്നു

1948 നവംബറില്‍ കരിക്കുല പഠനത്തിനായി അദ്ദേഹം അമേരിക്കയിലേക്ക് പോയി. വാഷിംഗ്ടണിലും കാലിഫോര്‍ണിയയിലുമായി കഴിച്ചു കൂട്ടിയ അക്കാലത്ത് അദ്ദേഹം കൂടുതല്‍ മതത്തിലേക്ക് അടുക്കയായിരുന്നു. അമേരിക്കന്‍ ജീവിതം മതിയാക്കി 1950-ല്‍ ഈജിപ്തിലേക്ക് മടങ്ങി. അമേരിക്കയില്‍നിന്ന് അദ്ദേഹം മടങ്ങിയെത്തയത് ഒരു കടുത്ത ഇസ്ലാമിസ്റ്റ് ആയിട്ടായിരുന്നു.

വീണ്ടും അദ്ധ്യാപകവൃത്തി നോക്കിയ ഖുതുബ് വിദ്യാഭ്യാസ ഇന്‍സ്പെക്റ്റര്‍ ആയി സ്ഥാനക്കയറ്റം നേടി. എന്നാല്‍ 1952-ല്‍ ജോലിയും സഹപ്രവര്‍ത്തകരുമായി മനഃപ്പൊരുത്തമില്ലാത്തതിനാല്‍ അദ്ദേഹം രാജി വെച്ചൊഴിയുകയായിരുന്നു. ഇസ്ലാമിക ഭരണക്രമത്തിന് അനുസരിച്ചുള്ള കാര്യങ്ങള്‍ ചെയ്യാനായിരുന്നു രാജി.

തുടര്‍ന്ന് അദ്ദേഹം മുസ്ലിം ബ്രദര്‍ഹുഡില്‍ ചേര്‍ന്നൂ. സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക അസമത്വങ്ങളുടെയെല്ലാം പരിഹാരം അദ്ദേഹത്തിന് ഇസ്ലാമായിരുന്നു. ഇഖ്വാന്‍ മുഖപത്രത്തിന്റെ ചീഫ് എഡിറ്ററായി, ഇസ്ലാമിനെ സമ്പൂര്‍ണ്ണ ജീവിത പദ്ധതിയായി വിവരിക്കുന്ന ഒട്ടേറെ ലേഖനങ്ങളും ഗ്രന്ഥങ്ങളുമെഴുതി. അതിശക്തവും മൂര്‍ച്ചയേറിയതുമായിരുന്നു അദ്ദേഹത്തിന്റെ രചന. ഇത് വായിച്ച ആയിരിക്കണക്കിന് ആളുകള്‍ ജിഹാദികളായി. മതപരിഷ്‌ക്കരണമായിരുന്നില്ല, പച്ചയായ ജിഹാദ് ആയിരുന്നു, അദ്ദേഹം മുന്നോട്ടുവെന്നത്.




1954-ല്‍ ഈജിപ്ഷ്യന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത അദ്ദേഹത്തെ 15 വര്‍ഷത്തെ കഠിനതടവിനാണ് ശിക്ഷിച്ചത്. കൈറോയിലെ ജറാഹ് ജയിലില്‍ പത്തു വര്‍ഷം കഴിഞ്ഞ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ഇറാഖ് പ്രസിഡന്റ് അബ്ദുസ്സലാം ആരിഫ് ഇടപെട്ട് മോചിപ്പിക്കുകയായിരുന്നു.

1954-ല്‍ അദ്ദേഹത്തിന്റെ പ്രശസ്തമായ മആലിമു ഫിത്ത്വരീഖ് (വഴിയടയാളങ്ങള്‍) പുറത്തിറങ്ങി. അതേ തുടര്‍ന്ന് പ്രസിഡന്റ് അബ്ദുനാസറിനെ വധിക്കാന്‍ പ്രേരണ നല്‍കി എന്ന കുറ്റമാരോപിച്ച് അദ്ദേഹം വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. ഗ്രന്ഥത്തിലെ പല ഭാഗങ്ങളും തെളിവായുദ്ധരിച്ച് ഭരണകൂടം അദ്ദേഹത്തിന് വധശിക്ഷയാണ് വിധിച്ചത്. വിവിധ മുസ്ലിം നാടുകളില്‍ നാസറിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധമുയര്‍ന്നു. എന്നാല്‍ ഖുതുബിന്റെ വധശിക്ഷ റദ്ദ് ചെയ്യാനുള്ള ആവശ്യങ്ങളൊന്നും വക വെക്കാതിരുന്ന നാസിറിന്റെ ഭരണകൂടം 1966 ഓഗസ്റ്റ് 29ന് അദ്ദേഹത്തെ തൂക്കിലേറ്റി.

വധശിക്ഷ നടപ്പാക്കുന്നതിന് തൊട്ടു മുമ്പ്, തൂക്കുകയറിന് മുന്നില്‍ വെച്ച്, തന്റെ നിലപാടുകളെ തള്ളിപ്പറയാന്‍ തയ്യാറായാല്‍ മാപ്പ് നല്‍കാമെന്ന് ഈജിപ്ഷ്യന്‍ ഗവണ്‍മെന്റ് വാഗ്ദാനം നല്‍കുകയുണ്ടായി. എന്നാല്‍ സയ്യിദിന്റെ പ്രതികരണം 'ദൈവത്തിന്റെ ഏകത്വം പ്രഖ്യാപിക്കുന്ന എന്റെ ചൂണ്ടുവിരല്‍ ഭരണകൂട അതിക്രമത്തെ സാധൂകരിക്കുന്ന ഒരക്ഷരം പോലും എഴുതാന്‍ വിസമ്മതിക്കും' എന്നായിരുന്നു. അതായത് മരിക്കുമ്പോഴും അദ്ദേഹം തന്റെ ആശയത്തില്‍ അണുവിട വെള്ളം ചേര്‍ത്തിട്ടില്ല.

പക്ഷേ ആ ആശയം അങ്ങേയറ്റം അപകടകരമായിരുന്നു. ഇന്ന് ഐസിസും, അല്‍ഖായിദയും, എന്തിന് താലിബാന്‍ പോലും ഖുത്തുബിന്റെ പുസ്തകങ്ങള്‍ ക്വാട്ട് ചെയ്യുന്നു എന്നിടത്തുതന്നെ അതിന്റെ വിധ്വംസക സ്വഭാവം മനസ്സിലാക്കാം. ലോകത്തിലെ പല രാജ്യങ്ങളും വിഖ്യാതമായ യൂണിവേഴ്സിറ്റികളും ഖുത്തുബിന്റെ പുസ്തകങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തയിട്ടുണ്ട്. അതില്‍നിന്നുതന്നെ കാര്യങ്ങള്‍ വ്യക്തമാണെല്ലോ.

'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ'

ഹസനുല്‍ ബന്നയുടെയും ഖുത്തുബിന്റെയും, ഹമാസ് ഭീകരുരുടെയുമൊക്കെ ചിത്രങ്ങള്‍ യാതൊരു ഒളിയും മറയുമില്ലാതെ പൊതുവിടങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ കേരളവും ഭയക്കേണ്ടതുണ്ട്. സംഘടനാപരമായി ബന്ധമൊന്നുമില്ലെങ്കിലും ആശയപരമായി ബ്രദര്‍ഹുഡുമായി ഏറെ സാദൃശ്യങ്ങളുള്ള സംഘടനയാണ് ജമാഅത്തെ ഇസ്ലാമി.

ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന സിമിയുടെ മുദ്രാവാക്യം ബ്രദര്‍ഹുഡിന്റെ മുദ്രാവാക്യങ്ങള്‍ക്ക് സമാനമായിരുന്നു. അത് മാത്രവുമല്ല, സയിദ് ഖുതുബ്, ഹസനുല്‍ ബന്ന എന്നീ നേതാക്കളുടെ പുസ്തകങ്ങള്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കുകയും അവരുടെ ആശയങ്ങള്‍ക്ക് പ്രചാരം നല്‍കുകയും ജമാഅത്തെ ഇസ്ലാമി ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ജമാഅത്തെ ഇസ്ലാമി അവരുടെ പ്രകടനത്തില്‍ സയിദ് ഖുതുബിന്റെയും ഹസനുല്‍ ബന്നയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. അത് പുതിയ കാര്യവുമല്ല. ജമാഅത്തെ ഇസ്ലാമിയും അവരുടെ യുവജനവിഭാഗമായ സോളിഡാരിറ്റിയും വിദ്യാര്‍ത്ഥി വിഭാഗമായ എസ്‌ഐഒയുമെല്ലാം വര്‍ഷങ്ങളായി, ഈ ബ്രദര്‍ഹുഡ് നേതാക്കളെ ആഘോഷിച്ചുവരുന്നുണ്ട്. അവരുടെ ആശയങ്ങളെ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.




എന്നാല്‍, സമീപകാലത്ത് ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ പല അഭിമുഖങ്ങളിലും ലേഖനങ്ങളിലുമായി പറയാന്‍ ശ്രമിച്ച ഒരു കാര്യം, തങ്ങള്‍ മതരാഷ്ട്രവാദം എന്ന പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റ് ആശയം കയ്യൊഴിഞ്ഞു എന്നും മത സംസ്ഥാപനം എന്ന ആശയത്തിലാണ് തങ്ങളിപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നത് എന്നുമാണ്. പുറത്ത് ഒരു ആശയം പറയുകയും എന്നാല്‍ ഉള്ളില്‍ മറ്റൊരു തരത്തില്‍ പ്രവര്‍ത്തിക്കുകയുമാണ് ജമാഅത്തെ ഇസ്ലാമി ചെയ്യുന്നത് എന്നതിന്റെ സൂചനയാണ് ഇപ്പോഴും അവരുടെ സമരമുഖങ്ങളില്‍ ബ്രദര്‍ഹുഡ് നേതാക്കളുടെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.

ഖുതുബിന്റെ മആലിമുന്‍ ഫിത്തരീഖ് എന്ന പുസ്തകവും മൗദൂദിയുടെ ജിഹാദ് എന്ന പുസ്തകവും തീവ്രവാദപാഠങ്ങളാണെന്ന് പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഖുതുബിന്റെയും മൗദൂദിയുടേയും ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളും പൊളിറ്റിക്കല്‍ ഇസ്ലാമിന്റേയും തീവ്രഇസ്ലാമിന്റേയും മാഗ്നാ കാര്‍ട്ടകളാണ്. ഇരുവരുടേയും കാഴ്ച്ചപ്പാടുകള്‍ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ സ്ഥാപകനായ ആയത്തുല്ലാ ഖുമൈനിയെ ഏറെ സ്വാധീനിച്ചിരുന്നതായി കാണാം. ഇറാന്‍ വിപ്ലവത്തേയും ഖുമൈനിയേയും കേരളത്തില്‍ അവതരിപ്പിച്ചതും ആഘോഷിച്ചതും കേരളത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ ആശീര്‍വാദത്തോടെ രൂപം കൊണ്ട സിമിയാണ്.

'

എണ്‍പതുകളുടെ തുടക്കത്തില്‍ സിമിയുടെ പ്രഥമ സംസ്ഥാന സമ്മേളനത്തില്‍ ഇറാന്‍ വിപ്ലവം പ്രമേയമാക്കിയ നാടകം കളിച്ചിരുന്നു. ഖുമൈനിയായിരുന്നു കേന്ദ്ര കഥാപാത്രം. അല്ലാഹുവിന്റെ ഭൂമിയില്‍ അല്ലാഹുവിന്റെ ഭരണം എന്നതായിരുന്നു ആ നാടകത്തിന്റെ സന്ദേശം. ആ സമ്മേളനത്തോട് അനുബന്ധിച്ചാണ് ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന ഭയാനക മുദ്രാവാക്യം കേരളത്തിലെ ചുവരുകളില്‍ പ്രത്യക്ഷപ്പെട്ടത്.

ജമാഅത്തെ ഇസ്ലാമിയുടെ രക്ഷാകര്‍തൃത്വത്തിലാണ്, മൗദൂദിയുടെ അതേ ആശയങ്ങളുമായി സിമി രൂപം കൊണ്ടത്. പിന്നീട്, സ്വന്തമായി സറ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ അഥവാ എസ്.ഐ.ഒ എന്ന സംഘടനക്ക് രൂപം നല്‍കിയപ്പോള്‍ ജമാഅത്തെ ഇസ്ലാമി സിമിയെ മാറ്റി നിര്‍ത്തുകയായിരുന്നു. സിമിയില്‍ നിന്ന് ഭൂരിഭാഗം വിദ്യാര്‍ഥികളും എസ്.ഐ.ഒയിലേക്ക് മാറി.

സിമിയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന ശൈഖ് മുഹമ്മദ് കാരക്കുന്നിനെ പോലുള്ളവര്‍ ജമാഅത്തെ ഇസ്ലാമി സംസ്ഥാന നേതൃത്വത്തിലെത്തി. എന്നാല്‍ ജമാഅത്തെ ഇസ്ലാമിയില്‍ ചേരാന്‍ മടിച്ച മുന്‍ സിമി നേതാക്കള്‍ മുന്‍കയ്യെടുത്താണ് എന്‍.ഡി.എഫിനു രൂപം നല്‍കിയത്. ഈ എന്‍.ഡി.എഫാണ് പോപ്പുലര്‍ ഫ്രണ്ടും കാമ്പസ് ഫ്രണ്ടും എസ്.ഡി.പി.ഐയുമൊക്കെയായി മാറുന്നത്. ഇവരുടെയൊക്കെ ആശയാടിത്തറ ഒന്നു തന്നെയാണ്. അപ്പോസ്തലന്മാര്‍ മൗദൂദിയും ഖുതുബും ഖുമൈനിയുമൊക്കെ തന്നെ. ലക്ഷ്യം ഇസ്ലാമിക രാഷ്ട്രവും. അതുകൊണ്ടുതന്നെ കേരളവും ഇത്തരം ചിത്രങ്ങള്‍ ഉയരുന്നുവരുമ്പോള്‍ ഭയക്കേണ്ടതുണ്ട്. നമ്മുടെ മതേതര ഫാബ്രിക്കിനെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ചെറുക്കേണ്ടതുണ്ട്.

വാല്‍ക്കഷ്ണം: കഴിഞ്ഞ വര്‍ഷം അലീഗഢ് സര്‍വകലാശാല സയ്യിദ് ഖുതുബിന്റെയും, മൗലാനാ മൗദൂദിയുടെയും, പുസ്തകങ്ങള്‍ സിലബസില്‍നിന്ന് നീക്കിയിരുന്നു. തീവ്രവാദത്തിനും മതവിദ്വേഷത്തിനും ഇടവരുത്തു ആക്ഷേപകരമായ ഉള്ളടക്കം ഉണ്ടെന്ന ആരോപണത്തെതുടര്‍ന്നായിരുന്നു ഈ നടപടി. ഇതിനെതിരെ ശക്തമായി പ്രതികരിച്ച് ജമാഅത്തെ ഇസ്ലാമിയും രംഗത്ത് എത്തിയിരുന്നു. ആയുധങ്ങളേക്കാള്‍ ഭീകരം പലപ്പോഴും അക്ഷരങ്ങള്‍ തന്നെയാണ്!

കടപ്പാട്- പ്രെഫ. ഹമീദ് ചേന്ദമംഗല്ലൂര്‍- ലേഖനം, പ്രഭാഷണം.

അഡ്വ. പി ടി മുഹമ്മദ് സാദിഖ്- ഫേസ്ബുക്ക് പോ്സ്റ്റ്.