ന്യൂഡൽഹി: ന്യൂയോർക്ക് ടൈംസാണ് ആദ്യവെടി പൊട്ടിച്ചത്. കഴിഞ്ഞ ഓഗസ്റ്റിൽ ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോർട്ടിൽ, ചൈനീസ് പക്ഷപാതിയായ അമേരിക്കൻ കോടീശ്വരൻ നെവിൽ റോയ് സിംഘം കാശ് കൊടുക്കുന്ന സ്ഥാപനങ്ങളിൽ ഒന്നാണ് ന്യൂസ് ക്ലിക്ക് എന്ന് ആരോപിച്ചിരുന്നു. 2021 ൽ തന്നെ ഈ ന്യൂസ് പോർട്ടലിന്റെ ഫണ്ടിങ് നിരീക്ഷണത്തിലായിരുന്നു. ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ന്യൂസ് ക്ലിക്കിന് എതിരെ കേസെടുക്കുകയും ചെയ്തു. ഇഡിയുടെ കേസും അതിനെ ആധാരമാക്കിയാണ്. ന്യൂസ് ക്ലിക്ക് പ്രമോട്ടർമാർക്ക് ഡൽഹി ഹൈക്കോടതി അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്തു. ഇതിന്റെയെല്ലാം തുടർച്ചയാണ് ന്യൂസ് ക്ലിക്കിലെ മാധ്യമപ്രവർത്തരുടെ വീടുകളിലെ റെയ്ഡ്‌. പലരുടെയും ലാപ് ടോപ്പുകളും, മൊബൈലുകളും പിടിച്ചെടുത്തിരിക്കുകയാണ്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും, ചോദ്യം ചെയ്യൽ തുടരുകയാണ്. ചൈനീസ് ബന്ധം ആരോപിക്കപ്പെട്ടതോടെയാണ് ന്യൂസ് ക്ലിക്കിന്റെ കഷ്ടകാലം തുടങ്ങിയത്. ഇതിന് കാരണക്കാരനായത് അമേരിക്കൻ കോടീശ്വരൻ നെവിൽ റോയ് സിംഘവും.

ആരാണ് നെവിൽ റോയ് സിംഘം?

ഐടി കൺസൾട്ടിങ് സ്ഥാപനമായ തോട്ട് വർക്ക്‌സിന്റെ സ്ഥാപകനാണ് നെവിൽ റോയ് സിംഘം. ന്യൂസ് ക്ലിക്കിന്റെ ചൈന ഫണ്ടിങ് ആരോപണവുമായി ബന്ധപ്പെട്ട് ഡൽഹിയിലെ 30 വ്യത്യസ്ത ലൊക്കേഷനുകളിൽ ചൊവ്വാഴ്ച ഡൽഹി പൊലീസ് റെയ്ഡ് നടത്തിയതോടെയാണ് നെവിൽ റോയ് സിംഘം വീണ്ടും തലക്കെട്ടുകളിൽ ഇടം പിടിച്ചത്.

യുഎസിൽ, 1954 മെയ് 13 നാണ് സിംഘത്തിന്റെ ജനനം. ഇടത് അക്കാദമിക് ബുദ്ധിജീവിയായ ആർകിബാൾഡ് സിംഘമാണ് പിതാവ്. ഇടതുപക്ഷ ചിന്തകനും ചരിത്രകാരനും അമേരിക്കൻ യൂണിവേഴ്‌സിറ്റികളിൽ പൊളിറ്റിക്കൻ സയൻസ് അദ്ധ്യാപകനുമായിരുന്നു. ശ്രീലങ്കക്കാരനായ ആർകിബാൾഡ് സിംഘം, ഹാർവാർഡ്, മാഞ്ചസ്റ്റർ അടക്കമുള്ള ലോകപ്രശസ്ത യൂണിവേഴ്‌സിറ്റികളിൽ അദ്ധ്യാപകനും അമേരിക്കയുടെ അധിനിവേശ പ്രത്യയശാസ്ത്രത്തിന്റെ കടുത്ത വിമർശകനും ആയിരുന്നു.1 991 ൽ മരണമടയും വരെ, ന്യൂയോർക്കിലെ സിറ്റി സർവകലാശാലയിൽ ബ്രൂക്ലിൻ കോളേജിൽ പൊളിറ്റിക്കൽ സയൻസ് പ്രൊഫസറായിരുന്നു ആർകിബാൾഡ്.

ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽനിന്ന് പൊളിറ്റിക്കൽ സയൻസിലാണ് സിംഘം ബിരുദം നേടിയത്. സോഫ്റ്റ്‌വെയർ സംരംഭകനായിട്ടാണ് കരിയർ തുടങ്ങിയത്. വിദ്യാർത്ഥി കാലത്ത് തന്നെ ഇടതുപക്ഷ സ്വഭാവമുള്ള സംഘടനകളിലായിരുന്നു പ്രവർത്തനം.തോട്ട് വർക്‌സ് എന്ന ഐ.ടി. കൺസൾട്ടിങ് സ്ഥാപനത്തിന്റെ സ്ഥാപകനായ അദ്ദേഹം പിന്നീട് വാവെയുടെ ടെക്‌നിക്കൽ കൺസൾട്ടന്റ് ആയിരുന്നു. ഐ.ടി. ഭീമന്മാരായ മൈക്രോസോഫ്റ്റ്, ഒറാക്കിൾ തുടങ്ങിയവയും ലോകോത്തര ബാങ്കുകളും അടക്കമുള്ളവ ഇവരുടെ ക്ലയന്റുകളായിരുന്നു. 2000-ന്റെ അവസാനത്തോടെ പ്രതിവർഷം 30 ശതമാനത്തോളം വളർച്ചനേടിയിരുന്നു, കമ്പനി. 2017-ൽ 785 മില്യൺ ഡോളറിന് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ അപ്പക്‌സ് പാർട്ട്‌നേഴ്‌സിന് തോട്ട് വർക്‌സ് വിറ്റു. പിന്നീട് പൂർണസമയ ആക്ടിവിസ്റ്റ് ആയി മാറി.

ഓഗസ്റ്റിൽ ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിലാണ് സിംഘത്തിന്റെ ശൃംഖല ന്യൂസ് ക്ലിക്കിന് ഫണ്ട് നൽകുന്നതായി ആരോപിച്ചത്. ചൈനീസ് സർക്കാരിന്റെ ചില വാദമുഖങ്ങൾ ന്യൂസ് ക്ലിക്കിൽ വന്നുവെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

കോഡ് പിങ്കിന്റെ സഹസ്ഥാപകയായ ആകറ്റിവിസ്റ്റ് ജോഡി ഇവാൻസിനെയാണ് സിംഘം വിവാഹം കഴിച്ചത്. ഒരുകാലത്ത് ചൈനയുടെ കടുത്ത വിമർശകരായിരുന്ന കോഡ് പിങ്ക് അടുത്ത കാലത്ത് ചൈനാവാദികളായി മാറിയെന്നും ന്യൂയോർക്ക് ടൈംസ് ആരോപിക്കുന്നു. ചൈനയിലെ ഷാങ്ഗായിൽ ടൈംസ് സ്‌ക്വയറിന്റെ 18 ാം നിലയിലാണ് സിംഘത്തിന്റെ ഓഫീസ്. സിംഗത്തിന്റെ നെറ്റ് വർക്കിലെ ഒരു സ്ഥാപനമാണ് ഷാങ്ഗായി നഗരത്തിലെ പ്രചാരണ വകുപ്പുമായി ബന്ധപ്പെട്ട യൂടൂബ് ഷോയുടെ സഹനിർമ്മാതാക്കൾ എന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു.

ചൈനയുടെ കടുത്ത ആരാധകൻ

ചൈനയുടെയും ആരാധകനാണെന്നു താനെന്ന് സിംഘം തുറന്നുപറഞ്ഞിട്ടുണ്ട്. മാവോയിസത്തോടാണ് കൂറ്. ഇന്ത്യ, ചൈന, ബ്രസീൽ തുടങ്ങിയ ഇടങ്ങളിൽ ഗവേഷണ-അക്കാദമിക കാര്യങ്ങൾക്കായി പണം മുടക്കിയിട്ടുണ്ട. ലോകത്ത് വിവിധ രാജ്യങ്ങളിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കും അക്കാദമിക-മാധ്യമ സ്ഥാപനങ്ങൾക്കും പണം ചെലവഴിക്കുന്ന കാര്യവും 69 കാരനായ സിംഘം വെളിപ്പെടുത്തിയിട്ടുണ്ട്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രചാരണ വിഭാഗവുമായി നേരിട്ട് ബന്ധമുണ്ട്. അദ്ദേഹത്തിന്റെ ലിങ്ക്ഡ് ഇൻ പ്രൊഫൈലിൽ റിട്ടയേഡ് എന്നാണ് കാണിക്കുന്നത്.

നിരവധി അമേരിക്കൻ ചാരിറ്റി, ലാഭേതര ഗ്രൂപ്പകളുമായി സിംഘത്തിന് ബന്ധമുണ്ടെന്നും, ആ ഗ്രൂപ്പുകളിലൊക്കെ അദ്ദേഹത്തിന്റെ അജണ്ട പ്രചരിപ്പിക്കാൻ വേണ്ടി പ്രവർത്തിക്കുകയാണെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു. ഈ പ്രചാരണ ഗ്രൂപ്പുകൾക്കെല്ലാം, അമേരിക്കൻ ലാഭേതര സ്ഥാപനങ്ങളാണ് ഫണ്ട് നൽകുന്നത്. 275 മില്യൻ ഇങ്ങനെ സംഭാവനകളിലൂടെ ഈ ഗ്രൂപ്പുകൾക്ക് കിട്ടി.

ഉയിഗർ നരഹത്യയെ നിഷേധിക്കുകയും, റഷ്യയുടെ അധിനിവേശ നീക്കങ്ങൾക്ക് വേണ്ടി ലോബിയിങ് നടത്തുന്ന ആളുമാണ് നെവിൽ റോയ് സിംഘം. 2009 ൽ 50 ഉന്നത ആഗോള ചിന്തകരിൽ ഒരാളായി ഫോറിൻ പോളിസി മാഗസിൻ തിരഞ്ഞെടുത്തിരുന്നു. സമീപകാലത്ത് രാഷ്ട്രീയ ആക്ടിവിസത്തിലാണ് കൂടുതൽ താൽപര്യം.

പുകയില്ലാത്ത യുദ്ധം

പുകയില്ലാത്ത യുദ്ധം എന്ന് കമ്യൂണിസ്റ്റ് അധികാരികൾ വിശേഷിപ്പിക്കുന്ന പ്രവർത്തനത്തിന്റെ മുന്നണി പോരാളിയാണ് സിംഘവും കൂട്ടാളികളും. ഷി ജിങ് പിങ് അധികാരത്തിലെത്തിയതോടെ സർക്കാർ മാധ്യമ സ്ഥാപനങ്ങളുടെ പ്രവർത്തനം വിപുലമാക്കിയിരുന്നു. ഇതുകൂടാതെ അന്താരാഷ്ട സ്ഥാപനങ്ങളുമായി സഹകരണം, വിദേശ ഇൻഫ്‌ളുവൻസർമാരെ പ്രോത്സാഹിപ്പിക്കലും എല്ലാം നടക്കുന്നു. കമ്യൂണിസ്റ്റ് ആശയപ്രചാരണത്തെ വിശ്വാസയോഗ്യമായ, സ്വതന്ത്ര ഉള്ളടക്കമായി അവതരിപ്പിക്കലാണ് ഈ മാധ്യമസ്ഥാപനങ്ങളുടെ എല്ലാം ലക്ഷ്യം. സിംഘത്തിന്റെ ഗ്രൂപ്പ് ഇത്തരത്തിൽ നിരവധി യൂടൂബ് വീഡിയോകൾ പ്രചരിപ്പിക്കുന്നു. ചൈനയ്ക്ക് വേണ്ടി ചെയ്ത ഒരുവീഡിയോയിൽ ചൈനീസ് ചരിത്രം തൊഴിലാളി വർഗ്ഗത്തെ പ്രചോദിപ്പിക്കുന്നത് തുടരുന്നു എന്ന് പറയുന്നുണ്ട്. ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോകൾ കാണുന്നത്.

ദക്ഷിണാഫ്രിക്കൻ തിരഞ്ഞടുപ്പിൽ സ്ഥാനാർത്ഥികളെ നിർത്തുക, ആഫ്രിക്കയിൽ രാഷ്ട്രീയ നേതാക്കളെ പരിശീലിപ്പിക്കുക, ലണ്ടനിൽ അക്രമത്തിലേക്ക് വരെ നയിച്ച പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുക അങ്ങനെ യഥാർഥ രാഷ്ട്രീയത്തിലും ഇവർ സ്വാധീന ശക്തിയായി മാറിയിരിക്കുന്നു. ചൈനയുടെ പിണിയാൾ എന്നാണ് സിംഘത്തിന്റെ രാഷ്ട്രീയ പ്രചാരവേലകളെ പലരും വിമർശിക്കുന്നത്. എന്നാൽ, താൻ ചൈനയും, പാശ്ചാത്യ രാജ്യങ്ങളും തമ്മിൽ സമാധാനം കൈവരിക്കാൻ പ്രവർത്തിക്കുന്നു എന്നാണ് സിംഗം പറയുക.

പ്രകാശ് കാരാട്ടുമായി എന്തുബന്ധം?

നെവിൽ റോയ് സിംഘവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഇ മെയിൽ വഴി നടത്തിയ ആശയവിനിമയം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധിക്കുന്നതായി ഓഗസ്റ്റിൽ വാർത്തകൾ വന്നിരുന്നു. ചൈനീസ് അനുകൂല പ്രചാരണത്തിനായി 'ന്യൂസ് ക്ലിക്കിന് സിംഘം പണം നൽകിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലെ അന്വേഷണമാണ് സിപിഎമ്മിന്റെ മുതിർന്ന നേതാവിലേക്കും നീളുന്നത്.

ചൈനയിൽ നിന്നുള്ള നിക്ഷേപത്തിനും ഇറക്കുമതിക്കും കേന്ദ്ര സർക്കാർ നിയന്ത്രണമേർപ്പെടുത്തിയത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കുമെന്ന് 2021 ജനുവരിയിൽ അയച്ച ഇ മെയിലിൽ കാരാട്ട് അഭിപ്രായപ്പെട്ടതായി ഇ ഡി വൃത്തങ്ങൾ പറഞ്ഞിരുന്നു. കാരാട്ടും സിംഘവും തമ്മിൽ ഇ മെയിലിൽ ആശയവിനിമയം നടത്തിയതിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്ന് ബിജെപി എം പി നിഷികാന്ത് ദൂബെ ലോക്‌സഭയിൽ ആരോപിച്ചിരുന്നു. ബിജെപിയുടെ വർഗീയ അജണ്ടയെ നിരന്തരം നേരിടുന്ന ഇടതുപക്ഷത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ള ശ്രമമാണു കേന്ദ്രം നടത്തുന്നതെന്നായിരുന്നു സിപിഎം ഈ ആരോപണങ്ങളോട് പ്രതികരിച്ചത്.

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് 2021 സെപ്റ്റംബറിൽ ഡൽഹിയിലെ ന്യൂസ് ക്ലിക്ക് ഓഫീസ് ഇഡി റെയ്ഡ് ചെയ്തിരുന്നു. സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദിന്റെ കുടുംബാംഗങ്ങൾക്ക് 40 ലക്ഷം രൂപയും മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ പരഞ്‌ജോയ് ഗുഹ താക്കുർത്തയ്ക്ക് 72 ലക്ഷം രൂപയും ന്യൂസ് ക്ലിക്ക് പണം കൈമാറിയതും ഇ ഡി പരിശോധിക്കുന്നുണ്ട്.

ജയിലുള്ള ആക്ടിവിസ്റ്റ് ഗൗതം നവ്‌ലാഖയ്ക്ക് 17.08 ലക്ഷം രൂപയും സിപിഎം ഐടി സെൽ അംഗവും ന്യൂസ് ക്ലിക്കിന്റെ ഓഹരി പങ്കാളിയുമായ ബപ്പാദിത്യ സിൻഹയ്ക്ക് 97.32 ലക്ഷം രൂപയും ന്യൂസ് ക്ലിക്ക് 'ശമ്പള'മായി നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. ന്യൂസ്‌ക്ലിക്കിനും അതിന്റെ പ്രൊമോട്ടർമാർക്കും മറ്റുള്ളവർക്കുമെതിരെയുള്ള ക്രിമിനൽ അന്വേഷണത്തിന്റെ ഭാഗമായി, സിംഘവുമായി ബന്ധമുള്ള സ്ഥാപനങ്ങളിൽ നിന്ന് 86 കോടിയിലധികം രൂപയുടെ വിദേശ ഫണ്ട് നിക്ഷേപം അതിന്റെ ഹോൾഡിങ് കമ്പനിയിലേക്ക് (പിപികെ ന്യൂസ്‌ക്ലിക്ക് സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡ്) വന്നതും ഇഡി അന്വേഷിക്കുന്നുണ്ട്.

കള്ളപ്പണം വെളുപ്പിക്കൽ ആരോപിച്ച് 2021 സെപ്റ്റംബറിൽ ദേശീയ തലസ്ഥാനത്തെ സെയ്ദുലജാബ് പ്രദേശത്തെ ന്യൂസ്‌ക്ലിക്കിന്റെ കെട്ടിട സമുച്ചയത്തിൽ ഇഡി ആദ്യം റെയ്ഡ് നടത്തിയിരുന്നു, അതിനുശേഷം ഡൽഹി ഹൈക്കോടതിയിൽ ഇരുപക്ഷവും തമ്മിലുള്ള നിയമപോരാട്ടം തുടരുകയാണ് ഈ കേസിൽ ന്യൂസ്‌ക്ലിക്ക് സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകയസ്ത ഉൾപ്പെടെ 20-ലധികം ആളുകളുടെ മൊഴി ഇഡി രേഖപ്പെടുത്തിയിട്ടുണ്ട്