'സിംഗുലാരിറ്റി' എന്ന ആശയം ഹംഗേറിയന്‍ വംശജനായ ഗണിത ശാസ്ത്രജ്ഞന്‍ ജോണ്‍ വോണ്‍ ന്യൂമാന് അവകാശപ്പെട്ടതാണ്. കമ്പ്യൂട്ടര്‍ ഇന്റലിജന്‍സ് മനുഷ്യ ധാരണയ്ക്ക് അപ്പുറത്തേക്ക് പുരോഗമിക്കുന്ന നിമിഷത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. പക്ഷേ, 1958-ല്‍ ജോണ്‍ വോണ്‍ ന്യൂമാന്‍ കൊണ്ടുവന്ന ഒരു തിയറിയെക്കുറിച്ച് ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നത് ഇപ്പോഴാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥാവാ എ ഐക്ക് അതിമാനുഷരെ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് ഒരു വാദം പാശ്ചാത്യരാജ്യങ്ങളില്‍ അതിശക്തമാവുകയാണ്. ലോകം ഇനി എ ഐ ഉപയോഗിക്കാന്‍ അറിയുന്നവരും അറിയാത്തവരുമായി രണ്ടായി പിരിയുമെന്നും, എ ഐ അധിഷ്ഠിത യുദ്ധങ്ങളും മഹാരമാരികളും വരുമെന്നാണ് അവര്‍ പറയുന്നത്.

തീര്‍ച്ചയായും എഐക്ക് പല ദോഷവശങ്ങളുമുണ്ട്. പക്ഷേ ഇപ്പോള്‍ ഉയരുന്ന വാര്‍ത്തകള്‍ കേട്ടാല്‍ നാം ഞെട്ടിപ്പോവും. എ ഐമൂലമുണ്ടാവുന്ന മഹാമാരികളെയും യുദ്ധങ്ങളെയും ഭയന്ന്, ലോകത്തിലെ ടെക്ക് കോടീശ്വരന്‍മ്മാര്‍ ബങ്കര്‍ ബംഗ്ലാവുകള്‍ പണിതുകൊണ്ടിരിക്കയാണെന്നാണ്, ഒരു വിഭാഗം പറയുന്നത്. ഈ പഞ്ചനക്ഷത്ര അധോലോക കെട്ടിടങ്ങള്‍, അവരെ രക്ഷിക്കുമെന്നാണ് വാദം. ബിബിസിയില്‍ വന്ന വാര്‍ത്തയുടെ ചുവടുപിടിച്ച് വീണ്ടും ഒരു അന്ത്യദിന ചര്‍ച്ചകള്‍ വരികയാണ്. അതും എഐയെ ലക്ഷ്യമിട്ട്!

സക്കര്‍ ബര്‍ഗിന്റെ വവ്വാല്‍ ഗുഹ!

ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഇത്തരത്തിലുള്ള നിരവധി ബങ്കര്‍ ബംഗ്ലാവുകള്‍ സ്ഥാപിച്ചതായാണ് അറിയുന്നത്. സക്കര്‍ ബര്‍ഗിന്റെ വവ്വാല്‍ ഗുഹ എന്നാണ് മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. കോവിഡും, എഐയും ഒക്കെ വരുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം ഈ പണി തുടങ്ങിയതാണ്. 2014-ല്‍ തന്നെ സക്കര്‍ബര്‍ഗിന്‍െ ബങ്കര്‍ ഹൗസിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. ഹവായിക്ക് അടുത്തുള്ള പ്രദേശത്ത്, 1,400 ഏക്കര്‍ ഭൂമിയില്‍

ഭൂഗര്‍ഭ കെട്ടിടം നിര്‍മ്മിക്കുന്നതിനെകുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവന്നത്.




അപ്പോള്‍ തന്നെ കെട്ടിടം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. വയേര്‍ഡ് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, സൈറ്റില്‍ പ്രവര്‍ത്തിക്കുന്ന ആശാരിമാര്‍ക്കും ഇലക്ട്രീഷ്യന്‍മാര്‍ക്കുവരെ നിര്‍മ്മാണം സംബന്ധിച്ച് യാതൊന്നും വെളിപ്പെടുത്തരുതെന്ന കരാറുണ്ട്. ഈ കെട്ടിടത്തില്‍ സ്വന്തമായി ഉര്‍ജ്ജോത്പാദനവും ഭക്ഷണ ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആറടി ചുറ്റുമതിലുമുണ്ട്് സമീപത്തുള്ള ഒരു റോഡില്‍ നിന്ന് നോക്കുമ്പോള്‍ ഒന്നും കാണാന്‍ കഴിയില്ല. ശരിക്കും ഒരു ബങ്കര്‍ ഹൗസ് തന്നെ.

ഇത് പത്രക്കാര്‍ സക്കര്‍ബര്‍ഗിനോട് തുറന്ന് ചോദിക്കയും ചെയ്തു. അപ്പോള്‍

ലോകാവസാനത്തിനുള്ള തയാറെടുപ്പ് ഒന്നുമല്ല, ചെറിയൊരു ബേസ്‌മെന്റ് മാത്രമാണ്' എന്നാണ് സക്കര്‍ബര്‍ഗ് മറുപടി നല്‍കിയത്. പക്ഷേ പത്തുവര്‍ഷത്തിലേറെയായിട്ടും കെട്ടിടത്തതിന്റെ പണി പുര്‍ത്തിയായിട്ടില്ല. എന്താണ് ഇത്രയും പണികള്‍ ഉള്ളത് എന്ന ചോദ്യമൊക്കെ വീണ്ടും അഭ്യൂഹങ്ങള്‍ പരത്തി. ഒരു വേള സര്‍ക്കര്‍ബര്‍ഗ്, ഡൂംസ് ഡേ കള്‍ട്ട് എന്ന അന്ത്യദിനവിധി കാത്തിരിക്കുന്ന കള്‍ട്ടിലെ അംഗമാണെന്നും, സാത്താന്‍ ആരാധകന്‍ ആണെന്നുംവരെ വാര്‍ത്തകള്‍ വന്നു.

അതിനുശേഷവും രഹസ്യമായി സ്ഥലങ്ങളും കെട്ടിടങ്ങും വാങ്ങുന്ന പണി സക്കര്‍ബര്‍ഗ് തുടര്‍ന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ സക്കര്‍ബര്‍ഗ് കാലിഫോര്‍ണിയയിലെ പോളോ ആള്‍ട്ടോയില്‍ 11 വസ്തുക്കള്‍ വാങ്ങിച്ചിട്ടുണ്ട്. ഇതിനെല്ലാമായി 110 ദശലക്ഷം ഡോളറും മുടക്കി. ഏകദേശം 7,000 ചതുരശ്ര അടി ഭൂഗര്‍ഭ സംവിധാനങ്ങള്‍ കൂടെ സക്കര്‍ബര്‍ഗ് തന്റെ അധീനതയില്‍ പണിതിട്ടുണ്ടെന്നാണ് വിവരം. അയല്‍ക്കാര്‍ ഇതിനെ വിളിക്കുന്നത് 'കോടീശ്വരന്റെ വവ്വാല്‍ ഗുഹ (ബാറ്റ് കേവ്)' എന്നാണ്. ഇവിടെയൊക്കെ എന്താണ് നടക്കുന്നത് എന്ന് ഇപ്പോഴുംു വ്യക്തതയില്ല. ഈ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന സ്വകാര്യതാ നിയമപ്രകാരം അതൊന്നും മറ്റുള്ളവരോട് വെളിപ്പെടുത്താനുള്ള നിയമപരമായ ബാധ്യതയും സക്കര്‍ബര്‍ഗിന് ഇല്ല.

കോടികള്‍ ചെലവിട്ട് ബങ്കര്‍ ബംഗ്ലാവുകള്‍ ഉണ്ടാക്കിയവരില്‍ ഇലോണ്‍ മസ്‌ക്കിന്റെ പേരുമുണ്ട്. മസ്‌ക്ക പറഞ്ഞ ഒരു തമാശയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. ''ഒരിക്കല്‍ ഒരു കോടീശ്വരന്റെ മുന്‍ അംഗരക്ഷകനെ ഞാന്‍ കണ്ടുമുട്ടി. അദ്ദേഹം എന്നോട് പറഞ്ഞു, ഒരുു സുരക്ഷാപ്രശ്നം ഉണ്ടായാല്‍ തന്റെ ബോസിനെ ഇല്ലാതാക്കി സ്വയം ബങ്കറില്‍ കയറുക എന്നതായിരിക്കും തന്റെ പ്രഥമ പരിണനയെന്ന്''. ഇത് മസ്‌ക്ക് പറഞ്ഞ തമാശയാണെങ്കിലും ബങ്കര്‍ ഉണ്ടാക്കുന്നവര്‍ അതിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കുന്നത് ഇതുകൊണ്ട് കൂടിയാവണം.

തയ്യാറാവുന്നത് ലോകാവസാനത്തിനോ?




സക്കര്‍ബര്‍ഗ് മാത്രമല്ല, മറ്റ് പല ടെക്ക് കോടീശ്വരന്‍മ്മാരും ഇതേ മോഡലില്‍ ബങ്കര്‍ ഹൗസുകള്‍ നിര്‍മ്മിക്കുന്നുണ്ടെന്നാണ് ബിബിസിയടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതെല്ലാം, ലോകം അവസാനിച്ചേക്കാം എന്ന് മുന്‍കൂട്ടിക്കണ്ടു കൊണ്ടുള്ള നീക്കങ്ങളായിരിക്കാമെന്നും പറയുന്നു. കുറച്ചു കാലം മുമ്പു വരെ ടെക് കോടീശ്വരര്‍ക്കിടയില്‍ ഒരു തമാശയായി പറഞ്ഞു കേട്ടിരുന്ന കാര്യമാണ് ലോകാവസനാനത്തിനായുള്ള കാത്തിരിപ്പ്. പക്ഷേ ഇപ്പോള്‍ അത് ശരിയെന്ന രീതിയിലാണ് പ്രചാരണം വരുന്നത്.

അക്കോകലിപ്റ്റോ ഇന്‍ഷൂറന്‍സ് എന്ന്, അതായത് മഹാദുരന്തത്തില്‍നിന്നുള്ള രക്ഷയാണ് ഇത്തരം ബങ്കര്‍ ബംഗ്ലാവുകള്‍ എന്നാണ്, ലിങ്ക്ഡ് ഇന്‍ വെബ്‌സൈറ്റിന്റെ സ്ഥാപകന്‍ റീഡ് ഹോഫ്മാന്‍ പറയുന്നത്. ലോകത്തെ പകുതിയിലേറെ കോടീശ്വരന്മാരും ഇങ്ങനെ എന്തെങ്കിലും ഇതിനോടകം ചെയ്തൂവെച്ചിരിക്കുമെന്നും ഹോഫ് മാന്‍ പറയുന്നു. ഇത്തരക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഇടം ന്യൂസിലന്‍ഡ്് ആണ്. പ്രശ്‌നമുണ്ടായാല്‍, ജര്‍മ്മന്‍-അമേരിക്കന്‍ ബിസിനസുകാരന്‍ പീറ്റര്‍ തിയെലിന് ഒപ്പം ന്യൂസിലന്‍ണ്ടിലേക്കു പോകുന്ന കാര്യം ഓപ്പണ്‍ എഐയുടെ മേധാവി സാം ഓള്‍ട്ട്മാനും തമാശരൂപേണ പറഞ്ഞിട്ടുണ്ട്.

പക്ഷേ ഇതിനൊന്നും യാതൊരു സ്ഥിരീകണവുമില്ല. പാശ്ചാത്യ ലോകത്ത് ഇന്നും വലിയ വേരുള്ളവരാണ്, ഡുംസ് ഡേ കള്‍ട്ടുകള്‍ എന്ന അന്ത്യദിനം കാത്തിരിക്കുന്നവര്‍. അപ്പോക്കലിപ്റ്റിസിസത്തിലും സഹസ്രാബ്ദവാദത്തിലും വിശ്വസിക്കുന്ന ഒരു കള്‍ട്ടാണ് ഡൂംസ്ഡേ കള്‍ട്ട്. ഇവരുടെ പ്രവചനങ്ങള്‍ പലതവണ പാളിപ്പോയിട്ടുണ്ടെങ്കിലും, ഒരു അന്ത്യദിനം വരുമെന്ന് വിശ്വസിക്കുന്നവര്‍ നിരവധിയാണ്. അത്തരമൊരു ദിനത്തില്‍ ഇതുപോലെ ഒരു ബങ്കറില്‍ ഒളിച്ച് ലോകാവസാനത്തില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയുമെന്ന് ഇവര്‍ വിശ്വസിക്കുന്നു. എന്നാല്‍ ഇത്തരം ടീമുമായി ഒക്കെ സക്കര്‍ബര്‍ഗിനും കൂട്ടര്‍ക്കും എന്തെങ്കിലും ബന്ധമുണ്ടെന്ന് ആര്‍ക്കും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ ഇത്തരം ടെക്കി കോടീശ്വരന്‍മ്മാര്‍ തമാശക്ക് നടത്തുന്ന ട്വീറ്റുകള്‍ പോലും എടുത്തുവെച്ചാണ് ഗൂഢാലോചനകള്‍ പെരുകുന്നത്.

അതുപോലെയാണ് സാത്താന്‍ സേവയും. നരബലി അടക്കമുള്ള കാര്യങ്ങള്‍ക്കായാണോ, ഇവര്‍ ഇങ്ങനെ, ബങ്കര്‍ ബംഗ്ലാവുകള്‍ ഉണ്ടാക്കുന്നത് എന്ന ചോദ്യം ദ സണ്‍ പോലുള്ള, ടാബ്ലോയിഡുകള്‍ നേരത്തെ ഉയര്‍ത്തിയിരുന്നു. അപ്പോഴും ലോകം ഇതിനെ ചിരിച്ചുതള്ളുകയായിരുന്നു. പക്ഷേ ഇപ്പോള്‍ ഉയരുന്ന ഒരു വാദം ഈ കോടീശ്വരന്‍മ്മാ എല്ലാവരുംു ഭയക്കുന്നത് എ ഐയെയാണെന്നാണ്!

പേടിക്കുന്നത് എ ഐയെ?

നേരത്തെ പ്രതീക്ഷിച്ചിരുന്ന മഹാദുരന്തങ്ങളായ ആണവ യുദ്ധമോ, കോവിഡ് പോലെയുളള മഹാമാരികളോ ഒന്നും മുന്നില്‍ക്കണ്ടല്ല കോടീശ്വര ടെക്കുകകളുടെ ഈ അധോലോക നിര്‍മ്മാണമെന്നും, ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ പറയുന്നു. ഇത് ഇവര്‍ തന്നെ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന എ ഐ മൂലമാണത്ര.

എഐ വികസിപ്പിച്ചു വരുമ്പോള്‍ മനുഷ്യരുടെ കൈയ്യില്‍ നില്‍ക്കാതെ വരുമോ എന്നതടക്കമുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിട്ടുണ്ട്. ശരിക്കും ഒരു സയന്‍സ് ഫിക്ഷന്‍പോലുള്ള കഥകളാണ് ഇത്തരം കാര്യങ്ങള്‍ ഉന്നയിക്കുന്നവര്‍ പറയുന്നത്.




ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യജീവിതം എളുപ്പമാക്കുന്നതോടൊപ്പം ചില അപകടങ്ങളും സൃഷ്ടിക്കുന്നുവെന്ന് വിമര്‍ശനമുണ്ട്. യന്ത്രങ്ങള്‍ മനുഷ്യരുടെ ജോലികള്‍ ഏറ്റെടുക്കുന്നതിനാല്‍ തൊഴില്‍ നഷ്ടം ഉണ്ടാകാം. തെറ്റായ ഡാറ്റ മൂലം എ ഐയുടെ തീരുമാനങ്ങളില്‍ പക്ഷപാതം സംഭവിക്കും. സ്വകാര്യതയും സുരക്ഷയും ഭീഷണിയിലാകാം. കൂടാതെ ഡീപ്‌ഫേക്ക് പോലുള്ള സാങ്കേതികതകള്‍ വ്യാജവാര്‍ത്ത പരത്താനും ദുരുപയോഗത്തിനും വഴിയൊരുക്കുന്നു. യുദ്ധാവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താം. സ്വകാര്യതയിലേക്ക് കടന്നു കയറാം. അതിനാല്‍ എഐ ഉപയോഗത്തില്‍ ജാഗ്രതയും നിയന്ത്രണവും അനിവാര്യമാണ് എന്ന് ഇതിന്റെ സൃഷ്ടാക്കാള്‍ തന്നെ പറയുന്നുണ്ട്.

പക്ഷേ എ ഐ ഭീതി പരത്തുന്നവര്‍ പറയുക 'സൂപ്പര്‍ ഇന്റലിജന്‍സ്' എന്ന കാര്യമാണ്. എ ഐ മൂലം കൂട്ടരുടെ കൈയില്‍ വന്നുപേരുന്ന സൂപ്പര്‍ ഇന്റലിജന്‍സ് മനുഷ്യവംശത്തിനുതന്നെ ഭീഷണിയാകാമെന്നതാണ് പ്രവചനം. ഇതിനൊപ്പം തൊഴിലില്ലായ്മയും സാമ്പത്തിക അസമത്വവും വ്യാപകമാവുമ്പോള്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ നേരിടാനാണ് ബങ്കര്‍ ബംഗ്ലാവുകള്‍ എന്നാണ് ഒരു വാദം. യന്ത്രങ്ങള്‍ മനുഷ്യന്റെ ബുദ്ധിയുമായി പൊരുത്തപ്പെടുന്ന പോയിന്റാണ് പത്രപ്രവര്‍ത്തക കാരെന്‍ ഹാവോയുടെ പുസ്തകം പറയുന്നത്. ഇതും നന്നായി വിറ്റുപോയി.

ചാറ്റ്ജിപിറ്റി 2023 മധ്യത്തോടെ ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിക്കഴിഞ്ഞിരുന്നു. ഓപ്പണ്‍ എ ഐ അതിവേഗം പുതിയ പുതിയ അപ്‌ഡേറ്റുകളും നല്‍കിക്കൊണ്ടിരുന്നു. എന്നാല്‍, കമ്പനിക്കുള്ളില്‍ ചിലരില്‍ അസംതൃപ്തി പുകഞ്ഞു തുടങ്ങിയിരിക്കുന്നു. ഓപ്പണ്‍ എ ഐയുടെ തലച്ചോറായി കണക്കാക്കുന്നു, ഇല്യ സറ്റ്‌സ്‌കെവര്‍ തന്നെ ഉത്തമോദാഹരണം. ഗവേഷകര്‍ താമസിയാതെ ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് (എ ജി ഐ) വിജയകരമായി വികസിപ്പിച്ചേക്കാം എന്നതായിരുന്നു അദ്ദേഹത്തിന്റെ ഭീതി. തത്വത്തില്‍ മനുഷ്യരുടെ ബുദ്ധിവൈഭവത്തിനൊപ്പം വരും അത് എന്നതാണ് അദ്ദേഹത്തില്‍ ഭയപ്പാട് ഉണ്ടാക്കിയത്. അദ്ദേഹം മുമ്പ് തന്റെ സഹപ്രവര്‍ത്തകരോട് പറഞ്ഞത് 'എജിഐ പുറത്തുവിടുന്നതിന് മുമ്പ് നാം നിര്‍ബദ്ധമായി ബങ്കര്‍ നിര്‍മ്മിച്ചിരിക്കണം' എന്നാണ്. ഈ നമ്മള്‍ എന്നതില്‍ ആരൊക്കെ ഉള്‍പ്പെടും എന്ന് വ്യക്തമല്ല.

'ഇത് നിങ്ങളേക്കാള്‍ മിടുക്കനാണ്. അതിനാല്‍ എ ഐയെ നമ്മള്‍ അത് നിയന്ത്രിക്കണം,' വേള്‍ഡ് വൈഡ് വെബ് സ്രഷ്ടാവായ ടിം ബെര്‍ണേഴ്‌സ് ലീ ഈ മാസം ആദ്യം ബിബിസിയോട് സംസാരിക്കവെ മുന്നറിയിപ്പ് നല്‍കി.'നമുക്ക് അത് ഓഫ് ചെയ്യാന്‍ കഴിയണം' എന്നാണ് അദ്ദേഹം പറഞ്ഞത്. പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ വേഗത്തില്‍ എ ജി ഐ വികസിപ്പിക്കന്‍ ആവുമെന്നാണ് ഓള്‍ട്ട്മാന്‍ 2024 ഡിസംബറില്‍ പറഞ്ഞത്. ഗൂഗിളിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡീപ് മൈന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സര്‍ ഡെമിസ് ഹസാബിസ് പ്രവചിക്കുന്നത് 5-10 വര്‍ഷത്തിനുള്ളില്‍ ഈ ലക്ഷ്യത്തിലെത്താമെന്നാണ്. അതേസമയം, മറ്റൊരു പ്രമുഖ എഐ കമ്പനിയായ ആന്ത്രോപ്പിക്കിന്റെ സ്ഥാപകന്‍ ഡാരിയോ അമൊഡെയ് പറയുന്നത് 2026-ല്‍ ലക്ഷ്യത്തിലെത്താമെന്നാണ്. പലരും പലരീതിയില്‍ പറയുന്നുണ്ടെങ്കിലും, എ ഐ വളര്‍ന്നാല്‍ ഒരു മഹാദുരന്തം ഉണ്ടാക്കാന്‍ നിമിഷങ്ങള്‍കൊണ്ട്് കഴിയുമെന്നാണ് റിപ്പോര്‍ട്ട്. അപ്പോള്‍ രക്ഷപ്പെടാനാണ് ഈ ബങ്കര്‍ ബംഗ്ലാവുകളെന്നാണ് പറയുന്നത്.

എല്ലാം അരവട്ടുകള്‍ മാത്രമോ?




പക്ഷേ ഇങ്ങനെ സിദ്ധാന്തങ്ങള്‍ ചമക്കുന്നവര്‍ക്ക് ആര്‍ക്കും തന്നെ വണ്‍ ടു വണ്‍ മോഡലില്‍ എങ്ങനെയാണ് എ ഐ ഈ ഭൂമുഖത്തെ ഇല്ലാതാക്കുക എന്ന് പറയാന്‍ കഴിയുന്നില്ല. സൂപ്പര്‍ ഇന്റലിജന്‍സ് എന്ന കാര്യമൊന്നും അത്ര എളുപ്പത്തില്‍ നടക്കുന്നതല്ലെന്ന് ഉറച്ചു വിശ്വസിക്കുന്നവരും ധാരാളമുണ്ട്. യൂണിവേഴ്‌സിറ്റി ഓഫ് സതാംപ്റ്റണിലെ ഡെയിം വെന്‍ഡി ഹോള്‍ ബിബിസിയോട് പറഞ്ഞത്, എ ജി ഐ ടെക്‌നോളജിയൊക്കെ

ഗംഭീരമായിരിക്കും. എന്നാല്‍, അതൊന്നും മനുഷ്യബുദ്ധിക്ക് ഒപ്പമെത്തില്ല എന്നാണ്. പോരെങ്കില്‍, അത് വികസിപ്പിക്കുന്നവര്‍ അവര്‍ക്കിഷ്ടമുള്ള രീതിയില്‍ പ്രതികരിക്കാനും കഴിയും. കോഗ്നിസന്റിലെ ബാബക്ക് ഹോഡ്ജറ്റും അതേ അഭിപ്രായം തന്നെ പറയുന്നു. മനുഷ്യന്റെ ബുദ്ധിയെ കവച്ചുവെക്കാനും ലോകം നിയന്ത്രിക്കാനുമൊന്നും എ ഐക്ക് കഴിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നേരെത്ത കമ്പ്യൂട്ടര്‍ വന്നപ്പോഴും ഇതേ ഭീതിയുണ്ടായിരുന്നു.

എ ജി ഐ, എ എസ് ഐ എന്നിവയെ എതിര്‍ക്കുന്നവര്‍ അതിന്റെ ഗുണങ്ങളെക്കുറിച്ച് പറയുന്നില്ല. മാരകമായ രോഗങ്ങള്‍ക്ക് പുതിയ മരുന്നുകള്‍ കണ്ടെത്താനും, കാലാവസ്ഥാ വ്യതിയാനം പരിഹരിക്കാനും, ശുദ്ധമായ ഊര്‍ജ്ജത്തിന്റെ വിതരണം കണ്ടെത്താനും ഇത് സഹായിക്കുമെന്നത് അവര്‍ മറച്ചുവെക്കുന്നു. അതിബുദ്ധിയുള്ള എ ഐ 'സാര്‍വത്രിക ഉയര്‍ന്ന വരുമാന'ത്തിന്റെ ഒരു യുഗത്തിന് തുടക്കമിടുമെന്ന് ഇലോണ്‍ മസ്‌ക് അവകാശപ്പെട്ടു. 'എല്ലാവര്‍ക്കും മികച്ച വൈദ്യസഹായം, ഭക്ഷണം, ഗതാഗത സൗകര്യങ്ങള്‍ എന്നിവ ലഭിക്കും. സുസ്ഥിര സമൃദ്ധിവരും'- മസ്‌ക്ക് പറയുന്നു്

സയന്‍സ് ഫിക്ഷനല്ല, സയന്‍സ് എന്നാണ് സ്വിസ് ഗവേഷകന്‍ ജോ മാര്‍ട്ടിനെപ്പോലുള്ളവര്‍ പറയുന്നത്. ഇപ്പോള്‍ എ ഐയുടെ പേരിലുള്ള സമഗ്രാധിപത്യ തിയറികള്‍ ഒക്കെയും, വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറയുന്നു. അതേസമയം ഏത് വസ്തുവെന്നപോലെ എ ഐയും ദുരുപയോഗം ചെയ്യപ്പെടുമെന്നും അദ്ദേഹം പറയുന്നു. ഓട്ടോമേഷന്‍ മൂലം മനുഷ്യരുടെ ജോലികള്‍ നഷ്ടപ്പെടാന്‍ സാധ്യത, എ ഐ നിയന്ത്രിക്കുന്ന കമ്പനികള്‍ക്ക് വലിയ സാമ്പത്തിക ശക്തി ലഭിക്കുകയും, സമ്പത്ത് ചിലരുടെ കയ്യില്‍ കേന്ദ്രീകരിക്കുകയും ചെയ്യുക തുടങ്ങിയ പ്രശ്നങ്ങളാണ് ജോ മാര്‍ട്ടിന്‍ ചൂണ്ടിക്കാട്ടുന്നത്. തീരുമാനങ്ങളിലെ പക്ഷപാതമാണ് മറ്റൊരു പ്രശ്നം. എ ഐക്ക് പരിശീലനം ലഭിക്കുന്നത് ഡാറ്റയില്‍ നിന്നാണ്. ആ ഡാറ്റയില്‍ പക്ഷപാതം ഉണ്ടെങ്കില്‍, എയെും അന്യായമായ വിധികള്‍ നല്‍കും. ഇങ്ങനെ, തൊഴില്‍ തിരഞ്ഞെടുപ്പില്‍, നിയമപരമായ വിധികളില്‍, ബാങ്ക് വായ്പാ അനുമതികളില്‍ ഒക്കെ വിവേചനം സംഭവിക്കാം.

അതുപോലെ ഡീപ്പ് ഫേക്ക് അടക്കം ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. മുഖപരിചയ തിരിച്ചറിയല്‍ പോലുള്ള സംവിധാനങ്ങള്‍ ദുരുപയോഗത്തിന് ഇത് വഴിയൊരുക്കാം. വ്യാജവാര്‍ത്ത പരത്താന്‍ കഴിയും. സൈബര്‍ ആക്രമണങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. സ്വയം നിയന്ത്രിത ആയുധങ്ങള്‍ മനുഷ്യ നിയന്ത്രണം ഇല്ലാതെ പ്രവര്‍ത്തിച്ച് വലിയ നാശം വരുത്താം. ഇതൊക്കെ അതിന്റെ അപകട സാധ്യതകള്‍ മാത്രമാണ്. ഇതിനെ സാമൂഹികമായി നിയന്ത്രിക്കുന്നതിന് പകരം സര്‍വവും നശിക്കുമെന്ന ഭീതി പരത്തുന്നത് അസംബന്ധമാണെന്നാണ്, ജോ മാര്‍ട്ടിന്‍ പറയുന്നത്.

അപ്പോഴും ഉയരുന്ന ചോദ്യം ടെക്ക് കോടീശ്വരന്‍മ്മാന്‍ എന്തിനാണ് പിന്നെ ബങ്കര്‍ ബംഗ്ലാവുകള്‍ നിര്‍മ്മിക്കുന്നത് എന്നാണ്? അതിന്റെ ഏറ്റവും സെന്‍സിബിളായ ഉത്തരം ഒരുതരം അരവട്ട് എന്നുതന്നെ. ഇലോണ്‍മസ്‌ക്ക് അടക്കമുള്ള ലോകത്തിലെ ശതകോടീശ്വരന്‍മ്മാര്‍ക്കും എന്നുമുള്ളതാണ് വ്യത്യസ്തമായ ഇടങ്ങളില്‍ ജീവിക്കുക എന്നത്. കുറേക്കാലം അംബരചുംബികളില്‍ താമസിച്ച് മടുത്ത അവര്‍, ഇനി കുറച്ചുകാലം ഭൂഗര്‍ഭ അറയില്‍ താമസിച്ചുകളയാം എന്ന് തീരുമാനിച്ചാല്‍, നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. സുരക്ഷിതമായ, രഹസ്യമായി ബിസിനസ് യോഗങ്ങളും, പാര്‍ട്ടികളുമൊക്കെ അവര്‍ക്ക് ഈ പഞ്ചനക്ഷത്ര അധോലോകത്ത് നടത്താന്‍ കഴിയും.

മാത്രമല്ല, കോവിഡ് പോലത്തെ ഒരു പാന്‍ഡമിക്ക് വീണ്ടും വന്നാല്‍, യാതൊരു ബുദ്ധിമുട്ടുമില്ലാതെ ജീവിക്കാന്‍ പറ്റുന്ന ഒരു ഇടമാണ് അവിടം. പക്ഷേ റോയിട്ടേഴ്സില്‍ വന്ന ഒരു ലേഖനം പറയുന്നത്, മറ്റൊരു സാധ്യതയാണ്. കൃത്യമായ റിയല്‍ എസ്റ്റേറ്റ്- ടൂറിസ്റ്റ് ബിസിനസ് സാധ്യകള്‍ ഇത്തരം ബങ്കര്‍ ബംഗ്ലാവുകള്‍ക്ക് പിന്നിലുണ്ടെന്നാണ് . കാരണം, ഒരു പ്രദേശത്ത് ഇത്തരം ഒരു കെട്ടിടം വരുന്നുവെന്ന് മാധ്യമ വാര്‍ത്തകള്‍ വരുന്നതോടെ അത് ബിസിനസിന്റെ ഹോട്ട് സ്പോട്ട് ആവുകയാണ്. അവിടുത്തെ ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ വര്‍ധിക്കയാണ്. അതുപോലെ തങ്ങളുടെ കമ്പം കഴിഞ്ഞാല്‍ ഈ കെട്ടിടങ്ങള്‍ പിന്നെ പോവുക, ടൂറിസം ആവശ്യങ്ങള്‍ക്കാണ്. അവിടെ ഇത്തരം ഹോക്സ് പ്രചാരണം ഗുണം ചെയ്യും. അതുമൊക്കെ മുന്നില്‍ കണ്ടാണ്്, ഈ കോടീശ്വര ടെക്കികള്‍ ഇത്തരം പ്രചാരണങ്ങള്‍ക്ക് മുന്നില്‍ ഒന്നും മിണ്ടാതെ നില്‍ക്കുന്നത് എന്നും പറയുന്നു! അല്ലെങ്കിലും ബിസിനസ് മസ്‌ക്കിനെയും സുക്കറണ്ണനെയും ആരെങ്കിലും പഠിപ്പിക്കണോ!





വാല്‍ക്കഷ്ണം: ബങ്കര്‍ ബംഗ്ലാവുകളുടെക്കുറിച്ചും, അധോലോക പഞ്ചനക്ഷത്ര വസതിയെയും കുറിച്ചുള്ള ചില റിപ്പോര്‍ട്ടുകളില്‍ നമ്മുടെ മുകേഷ് അംബാനിയുടെയും പേര് കണ്ടിട്ടുണ്ട്. പക്ഷേ ഇത് പുര്‍ണ്ണമായും അടിസ്ഥാനരഹിതാണ്. ലോക കോടീശ്വരന്‍മ്മാരെക്കുറിച്ച് പറയുമ്പോള്‍ ചുമ്മാ അംബാനിയെയും എടുത്തിട്ടുന്നു എന്ന് മാത്രം!