- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരിവാൾ ചുറ്റികയിൽ നിന്ന് ഈനാംപേച്ചിയിലെത്തുമോ?
"നമ്മുടെ ദേശീയപാർട്ടി പദവി ഇല്ലാതാക്കാൻ ശ്രമം നടക്കുന്നു. ദേശീയപാർട്ടി പദവി നഷ്ടപ്പെട്ടാൽ അടുത്ത തിരഞ്ഞെടുപ്പിൽ എന്ത് ചിഹ്നമാകും നമുക്ക് ലഭിക്കുക? സൈക്കിൾ വരെയുള്ള ചിഹ്നങ്ങൾ മറ്റുള്ളവർക്ക് അനുവദിച്ചു. ഈനാംപേച്ചി, നീരാളി പോലുള്ള ചിഹ്നങ്ങളാകും നമുക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുക. അതിലേക്ക് എത്തരുത്"- ആഴ്ചകൾക്ക് മുമ്പ് സിപിഎം കേന്ദ്രകമ്മറ്റിയംഗം എ.കെ. ബാലൻ കെ.എസ്.എഫ്.ഇ.ഒ.യു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് മേഖലാതല നേതൃശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ പറഞ്ഞ ഈ വാക്കുകൾ, സിപിഎം നേതാക്കൾക്ക് ഉള്ളിൽ മുഴുങ്ങുന്ന വലിയൊരു നെഞ്ചിടിപ്പിന്റെ കൃത്യമായ സൂചനയാണ്.
ഈ തിരഞ്ഞെടുപ്പിൽ കൂടി തോറ്റ് തൊപ്പിയിട്ടാൽ സിപിഎമ്മിന് ദേശീയ പാർട്ടിയെന്ന അംഗീകാരം നഷ്ടമാവും. പക്ഷേ ബാലൻ പറഞ്ഞതിൽ തെറ്റുമുണ്ട്. ദേശീയപാർട്ടി അംഗീകാരം നഷ്ടമായാലും സംസ്ഥാന പാർട്ടി എന്ന പദവിയുള്ള ഇടങ്ങളിൽ ചിഹ്നം നഷ്ടമാവില്ല. ഉദാഹരണമായി ദേശീയപാർട്ടി അല്ലാതായാലും കേരളത്തിൽ സംസ്ഥാന പാർട്ടിയായതുകൊണ്ട് ഇവിടെ അരിവാൾ ചുറ്റിക തന്നെ കിട്ടും. പക്ഷേ ഒരുകാലത്തെ തങ്ങളുടെ ശക്തികേന്ദ്രമായ ആന്ധ്രയിലും, തെലങ്കാനയിലും അടക്കം, ബാലൻ അൽപ്പം തമാശകലർത്തി പറഞ്ഞതുപോലെ ഈനാംപേച്ചിയും, മരപ്പെട്ടിയും, നീരാളിയുമൊക്കെയാവും പാർട്ടി ചിഹ്നം!
നിലവിൽ ആറ് ദേശീയ പാർട്ടികളാണ് രാജ്യത്തുള്ളത്. ബിജെപി, കോൺഗ്രസ്, സിപിഎം, ബിഎസ്‌പി., നാഷണൽ പീപ്പിൾസ് പാർട്ടി, എഎപി എന്നിവയാണത്. ഒരു രാഷ്ട്രീയ പാർട്ടി ദേശീയ പാർട്ടിയായി അംഗീകരിക്കപ്പെടണമെങ്കിൽ നാലോ അതിൽ അധികമോ സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടിയായി അംഗീകരിക്കപ്പെടുകയോ അല്ലെങ്കിൽ ലോക്‌സഭയിൽ രണ്ട് ശതമാനം സീറ്റുകൾ നേടുകയോ ചെയ്യണമെന്നാണ് ചട്ടം.ഒരു പാർട്ടിക്ക് ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ടാൽ, അതിന് അംഗീകാരം ലഭിക്കാത്ത സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്കെല്ലാം പൊതുചിഹ്നം ലഭിക്കില്ല. കേരളം, ത്രിപുര, ബംഗാൾ, തമിഴ്‌നാട് എന്നിവടങ്ങളിലാണ് സിപിഎം നിലവിൽ സംസ്ഥാന പാർട്ടിയാവാനുള്ള മാനദണ്ഡമുള്ളത്. അതിനാൽ ദേശീയപാർട്ടി അംഗീകാരംപോയാൽ മറ്റിടങ്ങളിൽ ചിഹ്നം വേറെ നോക്കണം.
അതുകൊണ്ടുതന്നെ ഈ തിരഞ്ഞെടുപ്പ സിപിഎമ്മിന് ജീവന്മരണ പോരാട്ടമാണ്. പാർട്ടി അംഗങ്ങൾ അതിവൈകാരിക സമീപനമാണ് അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തോട് എടുക്കാറുള്ളത്. അത് രാജ്യവ്യാപകമായി നഷ്ടമാവുകയെന്നാൽ സിപിഎമ്മിനെ സംബന്ധിച്ച് തലപോകുന്നതിന് തുല്യമാണ്. പക്ഷേ നിലവിലെ സാഹചര്യത്തിൽ അവർക്ക് ചിഹ്നം നിലനിർത്താൻ കഴിയുന്നത്ര വോട്ടുകൾ സമാഹരിക്കാൻ കഴിയുമോ എന്നതും ചോദ്യമാണ്.
റഷ്യയിൽ നിന്നെത്തിയ ചിഹ്നം
അരിവാളും, ചുറ്റികയും, നക്ഷത്രവും ലോകവ്യാപകമായി കമ്യൂണിസ്റ്റ് പാർട്ടികളും, തൊഴിലാളി വർഗ സംഘടനകളും ഉപയോഗിച്ച് വരുന്നതാണ്. കാർഷിക , വ്യാവസായിക തൊഴിലാളികൾ തമ്മിലുള്ള തൊഴിലാളിവർഗ ഐക്യദാർഢ്യത്തെ പ്രതിനിധീകരിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് പ്രതീകമാണിത് . ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനത്തിൽ റഷ്യൻ വിപ്ലവകാലത്താണ് ഇത് ഉപയോഗിക്കപ്പെട്ടത്. തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന ചുറ്റികയും കർഷകരെ പ്രതിനിധീകരിക്കുന്ന അരിവാളും വളരെപെട്ടെന്ന് സാർവദേശീയ കമ്യൂണിസ്റ്റ് ചിഹ്മമായി.
ഒന്നാം ലോകമഹായുദ്ധത്തിനും സോവിയറ്റ് യൂണിയന്റെ (യുഎസ്എസ്ആർ) അധ്വാനത്തിന്റെയും അന്താരാഷ്ട്ര തൊഴിലാളിവർഗ ഐക്യത്തിന്റെയും പ്രതീകമായി ചുറ്റികയും അരിവാളും വ്യാപകമായി ഉപയോഗിച്ചു . ലോകമെമ്പാടുമുള്ള പല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ഇത് ഏറ്റെടുത്തു. ചിലത് പ്രാദേശിക വ്യതിയാനങ്ങളോടെയാണ്. ചൈന ,ക്യൂബ ,ഉത്തര കൊറിയ , ലാവോസ് ,വിയറ്റ്നാം ബെലാറസ് ,റഷ്യ എന്നിവിടങ്ങളിൽ ചുറ്റികയും അരിവാളും സാധാരണമാണ്. പിന്നീട് കമ്യൂണിസ്റ്റ് ഭീകരതയുടെ വാർത്തകൾ പുറത്തുവന്നതോടെ യൂറോപ്പിലടക്കം പല രാജ്യങ്ങളിലും അരിവാൾ ചുറ്റികക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
1918-ൽ യെവ്ജെനി ഇവാനോവിച്ചാണ് മോസ്‌കോയിലെ സാമോസ്‌ക്വോറെച്ചി ഡിസ്ട്രിക്റ്റിൽ മെയ് ദിന ആഘോഷങ്ങളുടെ അലങ്കാരമായി ഒരു 'ചുറ്റികയും അരിവാളും' ചിഹ്നം നിർദ്ദേശിതിൽ. അതിൽ ആദ്യം ഒരു വാളായിരുന്നു ഉണ്ടായിരുന്നത്, എന്നാൽ സൈനിക അർത്ഥങ്ങൾ ഇഷ്ടപ്പെടാതെ ലെനിൻ ഇത് സമ്മതിച്ചില്ല. 1923 ജൂലൈ 6-ന്, സെൻട്രൽ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ (സിഐകെ) രണ്ടാം സെഷൻ ഈ ചിഹ്നം അംഗീകരിച്ചു. അങ്ങനെയാണ് വാളുപോയ അരിവാളും ചുറ്റികയും കമ്യൂണിസ്റ്റ് ചിഹ്നമാവുന്നത്.
കമ്യൂണിസ്റ്റ് ശിൽപ്പവും വിദേശത്തു നിന്ന്
അരിവാളേന്തിയ കർഷക സ്ത്രീയും ചുറ്റികയേന്തിയ തൊഴിലാളിയുമുള്ള കമ്യൂണിസ്റ്റ് ശിൽപ്പത്തിനും ഇതുപോലെ ഒരു സാർവദേശീയ മാനമുണ്ട്. 1937-ൽ പാരിസിൽ നടന്ന രാജ്യാന്തര പ്രദർശനത്തിൽ പ്രശസ്ത ശിൽപി വേരാ മുഖീന ഉണ്ടാക്കിയതാണിത്. വാസ്തു ശിൽപിയായ ബോറിസ് ഇയോഫാന്റെ ആശയമായിരുന്നു അതിന്റെ പ്രചോദനം. 23.55 മീറ്റർ ഉയരവും 755 ടൺ ഭാരവുമുള്ള ആ വെങ്കല ശിൽപം റഷ്യയുടെ പവലിയനിലേക്ക് ലോക ശ്രദ്ധ ആകർഷിച്ചു. ആ ശിൽപത്തിന് അന്ന് ആവശ്യക്കാർ ഏറെയുണ്ടായിരുന്നെങ്കിലും അത് വിവിധ ഭാഗങ്ങളായി പൊളിച്ച് തിരികെ റഷ്യയിലേക്കുതന്നെ തിരികെ എത്തിച്ചു. അതിന്റെ നിർമ്മാണത്തിന്റെ അന്തിമഘട്ടം കാണാൻ യുഎസ്എസ്ആർ കമ്യൂണിസ്റ്റ് പാർട്ടി മേധാവി ജോസഫ് സ്റ്റാലിൻ നേരിട്ടെത്തിയിരുന്നു. രാത്രിയിലെത്തിയ അദ്ദേഹത്തിനു കാറിന്റെ ഹെഡ് ലൈറ്റുകൾ പ്രകാശിപ്പിച്ച് ശിൽപം കാണിച്ചു കൊടുക്കുകയായിരുന്നു.
ശിൽപി വേരാ മുഖീനയ്ക്കു ഇതിന്റെ പേരിൽ സ്റ്റാലിൻ പുരസ്‌കാരം സമ്മാനിച്ചു. എന്നാൽ പ്രദർശനം കഴിഞ്ഞു തിരികെ എത്തിയപ്പോൾ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച സാങ്കേതിക വിദഗ്ദ്ധർക്കെതിരെ കർശന നടപടിയാണുണ്ടായത്. സ്റ്റാലിന്റെ എതിരാളിയായ ട്രോട്സ്‌കിയെ അനുകൂലിക്കുന്ന ചില സൂചനകൾ ആരൊക്കെയൊ അതിനു പിന്നിൽ വായിച്ചെടുക്കുകയായിരുന്നു. അത് സ്റ്റാലിനെ ചൊടിപ്പിച്ചതാണ് നടപടിയിലേക്കു കാരണമായത്. എങ്കിലും പിൽക്കാലത്ത് ലോക രാഷ്ട്രങ്ങളിൽ ഈ ശിൽപത്തിന് വലിയ സ്വീകാര്യതയാണു ലഭിച്ചത്. സ്പെയിൻ ഇതിന്റെ സ്റ്റാംപും പുറത്തിറക്കി.
മോസ്‌കോ ഫിലിംസിന്റെ ചിഹ്നമായും ഇത് ഉപയോഗിച്ചു. 1948 ജൂലൈയിലാണ് അതിന് സിനിമാട്ടോഗ്രഫി വിഭാഗത്തിന്റെ അംഗീകാരം ലഭിച്ചത്. 2003ൽ നവീകരണത്തിനായി ഈ പ്രതിമ നീക്കം ചെയ്തു. സോവിയറ്റ് യൂണിയന്റെ പല പ്രതീകങ്ങളുടെയും ഗതി ഇതിനു വരുമെന്നായിരുന്നു ലോകമെമ്പാടുമുള്ള ചിന്തകർ കരുതിയിരുന്നത്. എന്നാൽ 2009 ഡിസംബർ 4ന് ഈ പ്രതിമ ആഘോഷത്തോടെ പുനഃസ്ഥാപിച്ചു. അതു കാണാൻ മുഖീനയോ ഇയോഫാനോ ജീവിച്ചിരിപ്പുണ്ടായിരുന്നില്ലെന്നു മാത്രം.
ഈ ചിഹ്നം ഇന്ത്യയിലെ പല കമ്യൂണിസ്റ്റ് പാർട്ടികളും സാംസ്‌കാരിക പ്രസ്ഥാനങ്ങളും പിൽക്കാലത്ത് സ്വന്തം പ്രതീകമാക്കി. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയ്ക്ക് വഴിമരുന്നിട്ട കെപിഎസിയുടെ (കേരള പീപ്പിൾസ് ആർട്സ് ക്ലബ്) പ്രതീകവും ഈ പ്രതിമയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടതാണ്. അരിവാളേന്തിയ കർഷക സ്ത്രീയും ചുറ്റികയേന്തിയ തൊഴിലാളിയും. ഇരുവർക്കും കേരളീയ വസ്ത്രങ്ങളാണ്. ചില ഭാഗങ്ങളിൽ ചുറ്റികയ്ക്കു പകരം വാരിക്കുന്തവുമായി നിൽക്കുന്ന തൊഴിലാളിയാണ്. പിൽക്കാലത്ത് ഈ ശിൽപ്പം നാടകസമിതിയാണ് കെപിഎസിയുടെ വരെ എംബ്ലമായി. ഇതും അരിവാൾ ചുറ്റിക നക്ഷത്രംപോലെ കമ്യൂണിസ്റ്റ് മനുസ്സുകളിലെ നൊസ്റ്റാൾജിയായണ്. പക്ഷേ തിരിഞ്ഞെടുപ്പിൽ മത്സരിക്കാത്തതുകൊണ്ട് ഇത് ആർക്കും എടുത്തുകളയാനും കഴിയില്ല!
ഇന്ത്യയിൽ നെൽക്കതിർ ചേരുന്നു
റഷ്യയിൽ നടക്കുന്നത് എന്താണോ അതിന് അനുസരിച്ച് കുടപിടിക്കുന്നവർ എന്ന ആരോപണം പണ്ടേയുള്ള ഇന്ത്യൻ കമ്യുണിസ്റ്റ് പാർട്ടികൾക്ക് പക്ഷേ ചിഹ്നത്തിന്റെ കാര്യത്തിൽ മാത്രം മാറിനിൽക്കാൻ കഴിയില്ലല്ലോ. സിപിഐയും ഇതേ ചിഹ്നം കൊടിയടയാളമാക്കി. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികളെ സംബന്ധിച്ച് കൗതുകം, തുടർച്ചയായി ഒരേ ചിഹ്നത്തിൽ ജനവിധി തേടാനുള്ള അവസരം ലഭിച്ച പാർട്ടികൾ എന്നതാണത്. മത്സരിച്ച ആദ്യത്തെ ലോക്സഭാ തിരഞ്ഞെടുപ്പു മുതൽ അരിവാളും ധാന്യക്കതിരും ചിഹ്നത്തിൽത്തന്നെയാണ് സിപിഐ സ്ഥാനാർത്ഥികൾ മത്സരിച്ചിട്ടുള്ളത്. 1964-ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി പിളർന്ന്. സിപിഎം രൂപപ്പെട്ടതുമുതൽ, പിന്നീടുള്ള തിരഞ്ഞെടുപ്പുകളിലൊക്കെ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിലാണ് സിപിഎം സ്ഥാനാർത്ഥികൾ തുടർച്ചയായി മത്സരിച്ചത്.
ആദ്യം ഇന്ത്യൻ ജനാധിപത്യത്തെതന്നെ സിപിഐ അംഗീകരിച്ചിരുന്നില്ല. വെള്ളക്കാരിൽനിന്ന് കൊള്ളക്കാരിലേക്കുള്ള സ്വതന്ത്ര്യം എന്നാണ് അവർ അതിനെ പരിഹസിച്ചിരുന്നത്. അതിനാൽ സായുധ വിപ്ലവത്തിന്റെ പാതയാണ് അവർ സ്വീകരിച്ചത്. അന്നത്തെ പാർട്ടി സെക്രട്ടറി ബി ടി രണദിവയുടെ കൊൽക്കത്താ തിസീസ് ഒക്കെ ഇതിന് ആക്കം പകർന്നു. ഇതേത്തുടർന്നുണ്ടായ കർഷക കലാപമായിരുന്നു തെലങ്കാനയിൽ നടനന്നത്. പിൽക്കാലത്ത് അജയ് ഘോഷ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്കെത്തിയതോടെ സായുധ കലാപത്തിന്റെ സ്ഥാനത്ത് പാർലമെന്ററി ജനാധിപത്യം പാർട്ടി അംഗീകരിച്ചു.
ഇതിനിടയിലാണ് 195-152 കാലഘട്ടത്തിൽ പാർലമെന്റിലേക്ക് ആദ്യത്തെ തിരഞ്ഞെടുപ്പു നടന്നത്. 'ജനകീയ ജനാധിപത്യ വിപ്ലവം' എന്ന ആശയം മുന്നോട്ട്വെച്ച് തോക്കുപേക്ഷിച്ച് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി അതിൽ പങ്കെടുക്കാൻ തീരുമാനിച്ചു. അരിവാളും ചുറ്റികയും തിരഞ്ഞെടുപ്പു ചിഹ്നമായി ലഭിക്കണമെന്നായിരുന്നു സിപിഐയുടെ ആഗ്രഹം. എന്നാൽ അരിവാളും ധാന്യക്കതിരുമാണ് തിരഞ്ഞെടുപ്പു കമ്മിഷൻ അനുവദിച്ചത്. പിന്നീടങ്ങോട്ടുള്ള തിരഞ്ഞെടുപ്പുകളെല്ലാം സിപിഐ നേരിട്ടത് ഈ ചിഹ്നത്തെ മുൻനിർത്തിയാണ്.
എകെജിയുടെ ഗരിമ
സ്വതന്ത്രഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പിൽ ജവഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്, വൻ ഭൂരിപക്ഷത്തോടെ കോൺഗ്രസ് അധികാരത്തിലെത്തി. പക്ഷേ, 16 സീറ്റുകളുമായി രാജ്യത്തെ രണ്ടാമത്തെ പ്രധാന പാർട്ടിയാകാൻ സിപിഐക്കു കഴിഞ്ഞു. ആ തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് ഏറ്റവും കൂടുതൽ അംഗങ്ങളെ ലഭിച്ചത് മദ്രാസ് സംസ്ഥാനത്ത് നിന്നായിരുന്നു. 8 അംഗങ്ങൾ. പാവങ്ങളുടെ പടത്തലവനെന്നറിയപ്പെട്ട എ.കെ. ഗോപാലൻ (എകെജി) ആ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്നാണ് ജനവിധി തേടിയത്. കണ്ണൂർ ഉൾപ്പെട്ട മലബാർ അന്ന് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. സ്വാഭാവികമായി എകെജിയുടെ വിജയം അടയാളപ്പെടുത്തിയത് മദ്രാസിന്റെ അക്കൗണ്ടിലാണ്. അദ്ദേഹത്തെ സിപിഐ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തു. അന്ന് ഔദ്യോഗിക പ്രതിപക്ഷ കക്ഷിയുടെ സ്ഥാനം ആർക്കും ലഭിച്ചിരുന്നില്ല. എങ്കിലും എകെജി പാർലമെന്റിലെ പ്രതിപക്ഷ നേതാവായി അറിയപ്പെട്ടു. കനത്ത ഭൂരിപക്ഷം ഉണ്ടായിരുന്നിട്ടു കൂടി വെറും 16 സീറ്റ് മാത്രം ലഭിച്ച ഒരു പാർട്ടിയുടെ നേതാവിനെ പ്രതിപക്ഷ നേതാവായി അംഗീകരിക്കാനും ഉയർത്തിക്കാണിക്കാനും ജവാഹർലാൽ നെഹ്റുവിന് മടിയുമുണ്ടായിരുന്നില്ല.
മറ്റൊരു പ്രത്യേകതകൂടിയുണ്ടായിരുന്നു ആ ലോക്‌സഭയിൽ. പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു നേടിയതിനേക്കാൾ കൂടുതൽ വോട്ടുകൾ ആ തിരഞ്ഞെടുപ്പിൽ ലഭിച്ചത് ഒരു കമ്യൂണിസ്റ്റ് സ്ഥാനാർത്ഥിക്കായിരുന്നു. ആന്ധ്രയിലെ നൽഗൊണ്ടാ മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയ രവി നാരായണ റെഡ്ഡിയായിരുന്നു അത്. ഉത്തർ പ്രദേശിലെ ഫൂൽപുരിൽ ജവാഹർലാൽ നെഹ്റുവിന് 2,33,571 വോട്ടുകൾ ലഭിച്ചപ്പോൾ രവി നാരായണ റെഡ്ഡിക്ക് സ്വന്തം മണ്ഡലത്തിൽ 3,09,162 വോട്ടുകൾ ലഭിച്ചു. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സ്ഥാപക അംഗമായ രവി നാരായണ റെഡ്ഡി തെലങ്കാന കലാപത്തിന്റെ മുൻനിരയിലുണ്ടായിരുന്നു. 1957-62 കാലത്ത് ആന്ധ്ര പ്രദേശ് നിയമസഭാ അംഗമായിരുന്നു. ഇന്ന് ആന്ധ്രയിലും സിപിഎമ്മിന്റെ അവസ്ഥ പരിതാപകരമാണ്. ഒരുകാലത്ത് തമിഴ്‌നാട്, പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്ര എന്നിവടങ്ങളിലൊക്കെ വലിയ വേരുള്ളവരായിരുന്നു കമ്യുണിസ്റ്റ് പാർട്ടികൾ. മോദിയുടെ വരാണാസിയിൽവരെ ചെങ്കൊടി പാറിയ ഒരുകാലം ഉണ്ടായിരുന്നുവെന്ന് പറഞ്ഞാൽ ഇന്ന് ആരും വിശ്വസിക്കില്ല. പക്ഷേ പിന്നീട് അതെല്ലാം നഷ്ടമായി.
ചൈനയിൽനിന്ന് വന്ന നക്ഷത്രം
1964-ൽ കമ്യുണിസ്റ്റ് പാർട്ടി പിളർന്നതിന്റെ ചരിത്രമൊക്ക കേരളം ആവർത്തിച്ച് ചർച്ച ചെയ്തതാണ്. സിപിഎം രൂപംകൊണ്ടപ്പോൾ ചുറ്റിക അരിവാളിനു പിന്നാലെ നക്ഷത്രം കൂടി തിരഞ്ഞെടുപ്പു ചിഹ്നത്തിൽ ഉൾപ്പെടുത്തി.ശുഭ പ്രതീക്ഷയുടെ ചിഹ്നമായ നക്ഷത്രം ലോകമെമ്പാടുമുള്ള കമ്യൂണിസ്റ്റ് പാർട്ടികളുടെ കൊടിയിലുൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പിൽക്കാലത്ത് അതിനു പ്രാമുഖ്യം നൽകിയത് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയാണ്. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ തകർച്ചയുടെ പ്രധാന കാരണങ്ങളിലൊന്ന് ചൈനയോടുള്ള സമീപനമായിരുന്നു. ചൈന അനുകൂല നിലപാടാണ് സിപിഎം നേതാക്കൾ തുടക്കം മുതൽ സ്വീകരിച്ചു പോന്നത്. അതിന്റെ തുടർച്ചയായി നക്ഷത്ര ചിഹ്നത്തെ കരുതുന്നവരുമുണ്ട്. പിൽക്കാലത്ത് സിപിഎമ്മിൽ നിന്ന് അടർന്നു മാറിയ സിഎംപി, ജെഎസ്എസ്, ആർഎംപി തുടങ്ങിയ പാർട്ടികൾ രൂപം കൊണ്ടു. എന്നാൽ അവയ്ക്കൊന്നും സ്വന്തം ചിഹ്നത്തിൽ ജനവിധി തേടാൻ അവസരമുണ്ടായില്ല. ഈ പാർട്ടികളെല്ലാം യുഡിഎഫിനോടാണ് സഹകരിച്ചതെന്നതും ചരിത്രം.
സിപിഎം എന്ന പുതിയ പാർട്ടിക്ക് കേരളത്തിൽ ആദ്യം അഭിമുഖീകരിക്കേണ്ടി വന്ന തിരഞ്ഞെടുപ്പ് തിരുവനന്തപുരം കോർപറേഷനിലേക്കുള്ളതായിരുന്നു. അന്ന് സിപിഎമ്മിന് ഔദ്യോഗിക ചിഹ്നം ലഭിച്ചിരുന്നില്ല. പൗരമുന്നണിയെന്ന പേരിലാണ് പാർട്ടി മത്സരിച്ചതെന്ന് മുൻ നക്സലൈറ്റ് നേതാവുകൂടിയായ അഡ്വ. ഫിലിപ്.എം. പ്രസാദ് എഴുതിയിരുന്നു. കേരളത്തിലെമ്പാടുമുള്ള പ്രവർത്തകർ തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവർത്തിച്ചു. പൗരമുന്നണിയുടെ ചിഹ്നം 'കുടം' ആയിരുന്നു. എന്തായാലും ആ മുന്നണിക്ക് വലിയ വിജയം നേടാനായി. 1965-ൽ കേരള നിയമസഭയിലേക്കു വീണ്ടും തിരഞ്ഞെടുപ്പു നടന്നു. ആ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥികൾ ജനവിധി തേടിയത് ചുറ്റിക അരിവാൾ നക്ഷത്രം ചിഹ്നത്തിലാണ്. കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരിലും അനുഭാവികളിലും ഭൂരിപക്ഷവും സിപിഎമ്മിനോടൊപ്പമാണെന്നു വ്യക്തമായ തിരഞ്ഞെടുപ്പു കൂടിയായിരുന്നു അത്. 40 സീറ്റുകളോടെ സിപിഎം ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ആ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ല. പക്ഷേ അതോടെ സിപിഐയാക്കൾ വലിയ പാർട്ടി സിപിഎം ആണെന്ന് വ്യക്മതമായി. സിപിഐയാവട്ടെ ക്ഷയിച്ചു ക്ഷയിച്ച് ഇപ്പോൾ ദേശീയ പാർട്ടിയെന്ന അംഗീകാരവും നഷ്ടമായിരിക്കയാണ്. ആ വഴിക്കുതന്നെയാണ് സിപിഎമ്മിന്റെയും യാത്ര.
പടവലം പോലെ താഴോട്ട്
ഇന്ത്യയുടെ ആദ്യ തെരഞ്ഞെടുപ്പിലെ മുഖ്യ പ്രതിപക്ഷം. ഇന്ത്യൻ പ്രധാനമന്ത്രിപദം വരെ വെച്ചു നീട്ടത്തക്ക രീതിയിൽ 90കളിൽ പ്രബലമായ കക്ഷി. ഒന്നാം യുപിഎ സർക്കാറിന്റെ കാലത്ത് കിങ്ങ്മേക്കേഴ്സ്. പക്ഷേ സിപിഎം അടക്കമുള്ള ഇടതുപക്ഷ കക്ഷികൾക്ക് പക്ഷേ ഇന്ന് പറയാനുള്ളത് നഷ്ടപ്രതാപത്തിന്റെ കഥകൾ മാത്രം. പക്ഷേ സിപിഎമ്മിന്റെ സുവർണ്ണ കാലഘട്ടം എന്ന് പറയാവുന്നത് 2004 ആണ്. അന്നാണ് 43 സീറ്റുകളുമായി രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ പാർട്ടിയായി സിപിഎം മാറി. ഇടതുപാർട്ടികൾക്കാകെ 62 എംപിമാർ. ഇന്ത്യൻ ഇടതുപക്ഷം ലോക്സഭാ ചരിത്രത്തിൽ നേടിയ ഏറ്റവും വലിയ നേട്ടമായിരുന്നു അത്.അന്ന് മൂന്ന് സംസ്ഥാനങ്ങളിൽ അധികാരത്തിലിരുന്നു സിപിഎം. പശ്ചിമ ബംഗാളിലും ത്രിപുരയിലും രണ്ടാംസ്ഥാനത്ത് പോലുമില്ലെന്ന് മാത്രമല്ല കെട്ടിവെച്ച കാശുപോലും കിട്ടാത്ത സമ്പുർണ്ണ തോൽവിയാണ് പിന്നീടുണ്ടായത്.
2004-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി ആയെങ്കിലും കേവല ഭൂരിപക്ഷംനേടാനായിരുന്നില്ല. അന്ന് കിങ്ങ് മേക്കറായത് സിപിഎമ്മാണ്. സിപിഎം. നേതാക്കളായ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, കോൺഗ്രസ് നേതാക്കളായ ജയ്റാം രമേശ്, സൽമാൻ ഖുർഷിദ് എന്നിവർ ചേർന്ന് ഒരു പൊതുമിനിമം പരിപാടിക്ക് രൂപം നൽകിയാണ് ഒന്നാം യു.പി.എ. സർക്കാർ അധികാരത്തിലേറുന്നത്. സർക്കാരിൽ ചേരാൻ വിസമ്മതിച്ച സിപിഎം. പുറത്ത് നിന്ന് പിന്തുണ നൽകുകയാണ് ചെയ്തത്. എന്നാൽ മുതിർന്ന നേതാവ് സോമനാഥ് ചാറ്റർജിയെ സ്പീക്കറാക്കുന്നതിന് പാർട്ടി അനുമതി നൽകി. മൂന്ന് വർഷത്തിന് ശേഷം ബന്ധം വഴിപിരിഞ്ഞപ്പോൾ സോമനാഥ് ചാറ്റർജി സ്പീക്കർ പദവി രാജിവെക്കാൻ തയ്യാറാകാതിരുന്നതും തുടർന്ന് അദ്ദേഹത്തെ സിപിഎം. പുറത്താക്കിയതും ചരിത്രം.
2008-ൽ യു.പി.എ. സർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ തീരുമാനിച്ചതിന് പിന്നാലെ ദേശീയ രാഷ്ട്രീയത്തിൽനിന്ന് സിപിഎം. പതുക്കെ അപ്രത്യക്ഷമാകാൻ തുടങ്ങിയതും യാദൃശ്ചികമാണ്. തൊട്ടടുത്ത വർഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. സിപിഎമ്മും ഇടതുപാർട്ടികളും അതുവരെയുള്ള അവരുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റുകളിലേക്കൊതുങ്ങി. 2004-ൽ 43 സീറ്റ് ലഭിച്ച സിപിഎമ്മിന് 2009-ൽ 16 സീറ്റുകളേ ലഭിച്ചുള്ളൂ. പശ്ചിമ ബംഗാളിലാണ് സിപിഎം. ഏറ്റവുംവലിയ തിരിച്ചടി നേരിട്ടത്. 1977 മുതൽ മൃഗീയ ആധിപത്യം തുടരുന്ന സംസ്ഥാനത്ത് ഒമ്പത് സീറ്റുകൾ മാത്രമാണ് നേടിയത്. 19 സീറ്റുകൾ പിടിച്ച് തൃണമൂൽ കോൺഗ്രസ് ബംഗാളിൽ ആസന്നമായ മാറ്റത്തിന്റെ സൂചന തിരഞ്ഞെടുപ്പിലൂടെ നൽകി. 2004-ൽ ഒരു സീറ്റിൽ മാത്രമാണ് തൃണമൂലിന് ജയിക്കാനായിരുന്നത്. തുടർന്നുള്ള തിരഞ്ഞെടുപ്പുകൾ സിപിഎമ്മിന് കയ്‌പേറിയതായിരുന്നു. ബംഗാളിലും ത്രിപുരയിലും അധികാരവും നഷ്ടമായി. ബംഗാളിൽ പേരിന് പോലും ഒരു എംഎൽഎയോ എംപിയോ ഇല്ലാത്ത അവസ്ഥയിലേക്ക് സിപിഎം. ഇന്ന് മാറി. എന്തിന് ഭൂരിപക്ഷം മണ്ഡലങ്ങളിലും കെട്ടിവെച്ച കാശ് കിട്ടാത്ത അവസ്ഥയായി.
കഴിഞ്ഞ 20 കൊല്ലത്തിലെ നാല് തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ തകർച്ചയാണ് കണ്ടത്. 2009-ൽ സീറ്റുകൾ 16 ആയി കുറഞ്ഞു. ബംഗാളിൽ 9 കേരളത്തിൽ 4 ത്രിപുരയിൽ 2 തമിഴ്‌നാട്ടിൽ ഒന്ന്. എന്നാൽ വോട്ട് വിഹിതത്തിൽ (5.33%) കാര്യമായ ഇടിവ് സംഭവിച്ചില്ല. 2014 എത്തിയപ്പോൾ കാലം മാറി.കണക്കും. വോട്ട് 3.6 ശതമാനം മാത്രം. ജയിക്കാനായത് 9 സീറ്റുകൾ. കേരളം അഞ്ചും ബംഗാളും ത്രിപുരയും രണ്ട് വീതവും നൽകി. ബംഗാളിലെയും തൃപുരയിലെയും പാർട്ടി ഗ്രാമങ്ങൾ കൂട്ടത്തോടെ, ബിജെപിയിലേക്ക് മാറി.
ദേശീയ തലത്തിൽ സിപിഎം തകർന്നടിഞ്ഞ 2019 ലോക്‌സഭ തെരഞ്ഞെടുപ്പിൽ ആകെ ജയിച്ചത് മൂന്ന് സ്ഥാനാർത്ഥികൾ. തമിഴ്‌നാട്ടിൽ ഡിഎംകെ കോൺഗ്രസ് പിന്തുണയിൽ രണ്ട് പേർ വിജയിച്ചപ്പോൾ ഭരണവും സ്വാധീനവും ഉള്ള കേരളത്തിൽ ഒരു സീറ്റ് മാത്രം. ആലപ്പുഴയിൽ എ എം ആരിഫ് .ബംഗാളിലും ത്രിപുരയിലും നിന്ന് ലോക്‌സഭയിലേക്ക് സിപിഎം പ്രതിനിധികളില്ലാതായി. കനൽ ഒരു തരിയെന്ന് ആശ്വസിക്കാമെങ്കിലും വോട്ട് ഷെയർ 1.75 ശതമാനത്തിലേക്ക് താഴ്ന്നു.
സ്വന്തം ചിഹ്നത്തിൽ പരമാവധി വോട്ട്
കഴിഞ്ഞവർഷം ആം ആദ്മി പാർട്ടിക്ക് ദേശീയ പാർട്ടി പദവി അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. അനുവദിച്ചിരുന്നു. അതേസമയം സിപിഐ. എൻ.സി.പി., തൃണമൂൽ കോൺഗ്രസ് എന്നിവയ്ക്ക് ദേശീയ പാർട്ടി പദവി നഷ്ടമാവുകയും പ്രാദേശിക പാർട്ടികളായി മാറുകയും ചെയ്തു. ഡൽഹി, ഗോവ, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് എ.എ.പി. ദേശീയപാർട്ടി പദവിക്ക് അർഹത നേടിയത്. അതുപോലെ 2026-ൽ തങ്ങൾ സംസ്ഥാന പാർട്ടിയാവുമോ എന്ന ഭീതിയാണ് ഇപ്പോൾ സിപിഎമ്മിൽ നിലനിൽക്കുന്നത്.
ദേശീയ പാർട്ടിയെന്ന പദവി സ്ഥിരമായി നിലനിർത്താൻ സ്വന്തം ചിഹ്നത്തിൽ പരാവധി വോട്ട് നേടുക എന്ന തന്ത്രമാണ് സിപിഎം സ്വീകരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷൻ നിഷ്‌കർഷിച്ചിട്ടുള്ള 3 മാനദണ്ഡങ്ങളിലൊന്നായ നാല് സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടി എന്ന അംഗീകാരമാണ് നിലവിൽ സിപിഎമ്മിനു ദേശീയ പാർട്ടി പദവി നൽകുന്നത്. കേരളം, ത്രിപുര, ബംഗാൾ, തമിഴ്‌നാട് എന്നിവയാണ് ആ നാല് സംസ്ഥാനങ്ങൾ.
2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ 26 സീറ്റിന്റെ ബലത്തിലാണു ബംഗാളിൽ സംസ്ഥാന പാർട്ടി പദവി പാർട്ടി നിലനിർത്തിപ്പോരുന്നത്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പാർട്ടിക്ക് ഒരു സീറ്റും ലഭിച്ചില്ല. 2016 ഓഗസ്റ്റിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ദേശീയ, സംസ്ഥാന പാർട്ടികളുടെ അംഗീകാരം പുനഃപരിശോധിക്കുന്ന കാലാവധി 10 വർഷമായി ക്രമീകരിച്ചു. ഈ ആനുകൂല്യത്തിന്റെ ബലത്തിൽ തൽക്കാലം സിപിഎമ്മിന് 2026 വരെ ദേശീയ പാർട്ടിയായി തുടരാം.
തമിഴ്‌നാട്ടിലും ബംഗാളിലും ഇത്തവണ നേടുന്ന സീറ്റുകളുടെ എണ്ണത്തിന് പ്രാധാന്യമുണ്ട്. രണ്ടു സംസ്ഥാനങ്ങളിലെങ്കിലും കുറഞ്ഞത് 2 സീറ്റു വീതമെങ്കിലും ജയിക്കേണ്ടത് ദേശീയ പാർട്ടി പദവി നിലനിർത്താൻ ആവശ്യമാണ്.തമിഴ്‌നാട്ടിൽ രണ്ടു സീറ്റ് ലഭിച്ചില്ലെങ്കിലും 2029 വരെ സംസ്ഥാന പാർട്ടിയായി തുടരാം. എന്നാൽ ബംഗാളിൽ ഇപ്പോൾ രണ്ടു സീറ്റ് നേടാൻ കഴിഞ്ഞില്ലെങ്കിൽ 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 9 സീറ്റെങ്കിലും നേടണം. അല്ലെങ്കിൽ ദേശീയ പാർട്ടി പദവി 2026-ൽ നഷ്ടമാകും. ഈ സംസ്ഥാനങ്ങളിൽ ഒരിടത്ത് പിറകിൽ പോയാലും രാജസ്ഥാനിൽ ഇന്ത്യാസഖ്യത്തിന്റെ ഭാഗമായി മത്സരിക്കുന്ന സിക്കർ സീറ്റു പിടിക്കാൻ കഴിഞ്ഞാൽ അവിടെ സംസ്ഥാന പാർട്ടിയായി സ്ഥാനക്കയറ്റം ലഭിക്കും. അല്ലെങ്കിൽ ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ 3 സംസ്ഥാനങ്ങളിൽ നിന്നായി 11 എംപിമാരെ ലോക്സഭയിലേക്ക് അയയ്ക്കണം. നിലവിലെ സാഹചര്യത്തിൽ ഇതിനു വിദൂര സാധ്യത മാത്രം.
നാലു സംസ്ഥാനങ്ങളിലെങ്കിലും ലോക്സഭയിലേക്കോ നിയമസഭയിലേക്കോ 6 തമാനം വോട്ട് ലഭിക്കുകയോ, ഒപ്പം ലോക്സഭയിൽ മൊത്തം 4 അംഗങ്ങളെ ജയിപ്പിക്കുകയോ ചെയ്താലോ, ദേശീയ പാർട്ടി പദവി നിലനിർത്താം. നിലവിലെ അവസ്ഥയിൽ 2019- ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽനിന്ന് 25.83 ശതാമനം വോട്ടും, ത്രിപുരയിൽനന്ന് 17.31 ശതാമാനം വോട്ടും, ബംഗാളിൽനിന്ന് 6.28 ശതമാനം വോട്ടും പാർട്ടി നേടിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം, ത്രിപുര എന്നിവിടങ്ങളിൽ മാത്രമാണ് 6 ശതമാനത്തിലേറെ വോട്ടു കിട്ടിയത്. ബംഗാളിൽ എങ്ങനെയെങ്കിലും ആറുശതമാനം ഒപ്പിക്കാം എന്ന് കരുതാം. പക്ഷേ ഇനിഒരു സംസ്ഥാനത്ത് കൂടി ആറു ശതമാനം വോട്ടുനേടുക എന്നത് സിപിഎമ്മിന് അതീവ പ്രയാസമാണ്. പക്ഷേ സിപിഎമ്മിന് നാല് സീറ്റ് ലോക്സഭയിലേക്കു കിട്ടാൻ സാധ്യതയുണ്ട്.
ദേശീയ പാർട്ടി പദവി നിലനിർത്താനുള്ള അടുത്ത ഓപഷ്ൻ ആകെലോക്സഭാ സീറ്റിന്റെ 2 ശതമാനമായ 11 സീറ്റ് വേണമെന്നതാണ്. എംപിമാർ 3 സംസ്ഥാനങ്ങളിൽ നിന്നെങ്കിലും ആയിരിക്കണം. നിലവിൽ ലോക്സഭയിൽ 2 സംസ്ഥാനങ്ങളിൽ നിന്നായി (കേരളം, തമിഴ്‌നാട്) 3 സീറ്റ് മാത്രമാണ് സിപിഎമ്മിനുള്ളത്.കേരളം, ബംഗാൾ, ത്രിപുര, രാജസ്ഥാൻ, ബിഹാർ എന്നിവിടങ്ങളിൽ നിന്നായി 11 സീറ്റു ലഭിച്ചാൽ സിപിഎം സേഫ് ആണ്. അതിനുള്ള തീവ്രശ്രമത്തിലാണ് അവർ. അതായത് കേരളത്തിൽ ഇന്ത്യാ മുന്നണിയുടെ കിങ്ങ് മേക്കർമാരാവും തങ്ങൾ എന്നൊക്കെ തള്ളിവിടുന്നുണ്ടെങ്കിലും ശരിക്കും തങ്ങളുടെ ഗൃഹാതുരത്വമായ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നം, നിലനിർത്താനുള്ള ശ്രമത്തിലാണ് സിപിഎം!
വാൽക്കഷ്ണം: സ്വന്തം ചിഹ്നത്തിൽ പരമാവധി വോട്ട് സമാഹരിച്ച് കൂടുതൽ പേരെ ലോക്‌സഭയിലേക്ക് വിജയിപ്പിക്കാനാണ് നീക്കം.മുമ്പ് ഇടുക്കിയിൽ സ്വതന്ത്രനായി ജയിച്ച ജോയ്‌സ് ജോർജും, മുസ്ലിം ലീഗിൽ നിന്ന് അടുത്തിടെ ഇടത്തേക്ക് ചേർന്ന പൊന്നാനിയിലെ കെ എസ് ഹംസയും മത്സരിക്കുന്നത് പാർട്ടി ചിഹ്നത്തിലാണ് എന്നതിന്റെ രഹസ്യവും ഇതുതന്നെയാണ്.