രോ വര്‍ഷവും അവസാനിക്കുമ്പോള്‍ അതിന്റെ വിവിധ സാധ്യതകള്‍ വെച്ച് ഫീച്ചറുകള്‍ തയ്യാറാക്കുന്ന പതിവുണ്ട് മാധ്യമങ്ങള്‍. അതുവെച്ച് ടൈംസ് ഓഫ് ഇന്ത്യ തയ്യാറാക്കിയ ഒരു കുസൃതി ചോദ്യമാണ്, സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഇന്ത്യാക്കാര്‍ അറിയാന്‍ ആഗ്രഹിച്ച ചോദ്യം എത് എന്നതിന്, രാഹുല്‍ ഗാന്ധിയും സല്‍മാന്‍ ഖാനും, എപ്പോള്‍ വിവാഹം കഴിക്കുമെന്നാണ് എ ഐ തെരഞ്ഞെടുത്തത് എന്നാണ് ടൈംസിന്റെ ഫീച്ചര്‍ പറയുന്നത്!




ഒരുപക്ഷേ ഇത് തമാശയായിരിക്കാം. പക്ഷേ സല്‍മാന്‍ ഖാന്‍ തന്റെ 60-ാം ജന്മദിനത്തിലേക്ക് കടക്കുമ്പോഴും ആരാധകര്‍ക്ക് ചോദിക്കാനുണ്ടായിരുന്നത് ഇതേ ചോദ്യം തന്നെയായിരുന്നു. 55 വയസ്സിലേക്ക് കടന്ന രാഹുല്‍ഗാന്ധിയും ഈ ചോദ്യം പലയിടത്തും കേട്ടു. അതുവെച്ചുണ്ടാക്കിയ ഒരു സോഫ്റ്റ് സ്റ്റോിയാവാം ഇതെങ്കിലും, ഇത്തരം കാര്യങ്ങളെ അങ്ങനെ തമാശയായി കണ്ടുകൂട എന്ന് എഴുതുന്നവരുമുണ്ട്. ഇന്ത്യന്‍ മധ്യവര്‍ഗം അസാധാരണമാംവിധം അരാഷ്ട്രീയവത്ക്കരിക്കപ്പെട്ടിട്ടുണ്ടെന്നും, മ്യൂസിക്കും ക്രിക്കറ്റും, സിനിമയുമൊന്നുമല്ലാതെ രാജ്യത്തിന്റെ ഗൗരവമേറിയ പ്രശ്നങ്ങളിലൊന്നും താല്‍പ്പര്യമില്ലാത്ത ഒരു മധ്യവര്‍ഗം വളരുന്നുണ്ടെന്നും, ഇവരാണ് മോദി ഭരണത്തിന്റെ സോഷ്യല്‍ ക്യാപിറ്റലെന്ന് ചില സാമൂഹിക നിരീക്ഷകര്‍ വിമര്‍ശിക്കാറുണ്ട്.

പക്ഷേ തമാശ അവിടെ നില്‍ക്കട്ടെ. കാര്യത്തിലേക്ക് കടന്നാല്‍ ഇന്ത്യ അഗ്നിപരീക്ഷയിലൂടെ കടന്നുപോയ വര്‍ഷമായിരുന്നു 2025. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നേരിട്ടുള്ള യുദ്ധത്തിന്റെ വക്കിലെത്തിയ സമയം. ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ പാക് ഭീകരതാവളങ്ങള്‍ തകര്‍ക്കുകയും, അതിന് പകരമായി പാക് ഡ്രോണുകള്‍ ഇന്ത്യയിലേക്ക് എത്തുകയും, അതിര്‍ത്തി ഗ്രാമങ്ങള്‍ ആക്രമിക്കപ്പെടുകയും ചെയ്ത യുദ്ധ സമാനമായ സാഹചര്യമുണ്ടായ വര്‍ഷം. ട്രംപിന്റെ താരിഫ് യുദ്ധമുണ്ടായ കാലം. പാക്കിസ്ഥാനില്‍ നിന്നും എന്തിന് ബംഗ്ലാദേശില്‍ നിന്നുപോലും ഭീകരത കയറ്റുമതിചെയ്യപ്പെട്ട കാലം. ഒരു പരിധിവരെ കെട്ടകാലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആ സമയത്തുപോലും, ഇന്ത്യ സാമ്പത്തികമായി പുരോഗമിച്ചു. കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന നിലയില്‍ പ്രതിരോധിച്ചു.



പഹല്‍ഗാമും ഓപ്പറേഷന്‍ സിന്ദൂറും

2025 എന്ന് പറയുമ്പോള്‍ ഒരു ശരാശരി ഇന്ത്യാക്കരന്റെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക പഹല്‍ഗാമിലെ ഭീകരാക്രമണവും, അതിന് ഇന്ത്യയുടെ മധുര പ്രതികാരമായ ഓപ്പറേഷന്‍ സിന്ദൂറുമാണ്. ദേശസുരക്ഷയുടെ കാര്യത്തില്‍ എടുത്ത നടപടികളിലുടെ നരേന്ദ്രമോദി സര്‍ക്കാര്‍ വിമര്‍ശകരുടെപോലും പ്രശംസ നേടി. ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടത് സമീപകാലത്ത് നാം നേരിട്ട ഏറ്റവും വലിയ ആക്രമണമായിരുന്നു. ഇതിന് മറുപടിയായി മേയ് ഏഴിന് ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് നടത്തിയ, ഓപറേഷന്‍ സിന്ദൂര്‍ രാജ്യത്തിന്റെ കരുത്ത് തെളിയിച്ചു. മേയ് 10 വരെ നീണ്ടുനിന്ന ഈ ദൗത്യത്തില്‍ ഇന്ത്യന്‍ കരസേനയും വ്യോമസേനയും സംയുക്തമായാണ് പങ്കെടുത്തത്. അതിശക്തമായ ഈ മിന്നലാക്രമണത്തില്‍ പാക്കിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു. ഈ സൈനിക നടപടിയെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം അതീവ ഗുരുതരമായി മാറുകയും അതിര്‍ത്തിയില്‍ വലിയ തോതിലുള്ള വെടിവെപ്പ് അരങ്ങേറുകയും ചെയ്തു. ഇതോടെ യുദ്ധസമാനമായ സാഹചര്യമാണ് രാജ്യത്തുണ്ടായത്.

അഞ്ച് ദിവസത്തിന് ശേഷം പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ അഭ്യര്‍ഥിച്ചതോടെയാണ് ഇന്ത്യ പിന്‍വാങ്ങിയത്. മേയ് 10ന് ഇരു രാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറില്‍ എത്തി. ജൂലൈ മാസത്തില്‍ നടന്ന സൈനിക നീക്കത്തിലൂടെ പഹല്‍ഗാം ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്ന് കരുതപ്പെടുന്ന സൈഫുല്ല കസൂരിയെ ഇന്ത്യന്‍ സൈന്യം വധിച്ചു. പക്ഷേ ഇപ്പോഴും ഭീഷണി അവസാനിച്ചിട്ടില്ല. ജെയ്ഷേ മുഹമ്മദിനടക്കം വീണ്ടും ഫണ്ട് നല്‍കി പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് പാക്കിസ്ഥാന്‍.




പക്ഷേ ഇന്ത്യയുടെ എതിരാളികളായ ഭീകരര്‍ ലോകവ്യാപകമായി അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെടുന്ന അവസ്ഥ കൂടിയുണ്ട്. കാനഡയുമായുള്ള ബന്ധം വഷളായതിനെത്തുടര്‍ന്ന് കാനഡ ലോറന്‍സ് ബിഷ്‌ണോയ് ഗാംഗിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചു. അതേസമയം ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങളില്‍ അയവ് വരികയും അഞ്ച് വര്‍ഷത്തിന് ശേഷം ചൈനീസ് പൗരന്മാര്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിച്ചു തുടങ്ങുകയും ചെയ്തു. കാനഡയുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനുള്ള കരാറിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.

അതുപോലെ മാവോയിസ്റ്റുകളുടെയും പുക കണ്ടവര്‍ഷമാണ് കടന്നുപോവുന്നത്. നിരവധി പ്രമുഖ മാവോയിസ്റ്റ് നേതാക്കള്‍ ആയുധം വെച്ച് കീഴടങ്ങി, സര്‍ക്കാര്‍ പാക്കേജ് അംഗീകരിച്ച് സമാധനത്തിന്റെ പാതയിലേക്കെത്തി. ഓപ്പറേഷന്‍ ബ്ലാക്ക് ഫോറസ്റ്റ് അടക്കമുള്ള ഞെട്ടിപ്പിക്കുന്ന ദൗത്യങ്ങള്‍ നടത്താന്‍ ഇന്ത്യന്‍ സേനക്കായി. ഛത്തീസ്ഗഢ്-തെലങ്കാന അതിര്‍ത്തിയിലെ കര്‍രെഗുട്ടാലു കുന്നുകളില്‍ ഇന്ത്യന്‍ സുരക്ഷാ സേന നടത്തിയ മാവോയിസ്റ്റ്വിരുദ്ധ നീക്കമാണ് ഓപ്പറേഷന്‍ ബ്ലാക്ക് ഫോറസ്റ്റ്. ഏപ്രില്‍ 21ന് ആരംഭിച്ച് 21 ദിവസത്തോളം നീണ്ടുനിന്ന ദൗത്യത്തില്‍ 31 നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു. നൂറുകണക്കിന് ഐ ഇ ഡികളും ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തു. ഇന്ത്യയുടെ ഏറ്റവും വലിയ മാവോയിസ്റ്റ്വിരുദ്ധ നീക്കങ്ങളിലൊന്നായി ഇതിനെ കണക്കാക്കുന്നു.




ഇതിനു പിന്നാലെ സെപ്തംബറില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) സായുധ പോരാട്ടം നിര്‍ത്തിവെക്കാനും സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും അറിയിച്ചു. ഒക്ടോബറില്‍ ബിജാപൂര്‍ ജില്ലയില്‍ 103 മാവോയിസ്റ്റുകള്‍ സുരക്ഷാ സേനകള്‍ക്ക് മുന്നില്‍ കീഴടങ്ങി. ഇതിനുപിന്നാലെ പലയിടത്തും നിരവധി മാവോയിസ്റ്റുകള്‍ കീഴടങ്ങി. മുമ്പ് പ്രധാനമന്ത്രിയായിരിക്കെ മന്‍മോഹന്‍സിങ് പറഞ്ഞത് രാജ്യത്തിന്റെ ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകളാണെന്നായിരുന്നു. ഇപ്പോള്‍ അതില്‍നിന്ന് മോചനം നേടാനും ഇന്ത്യക്കായി. മോദി സര്‍ക്കാറിന്റെ മറ്റൊരു നേട്ടം തന്നെയാണിത്.

കരുത്തനാകുന്ന മോദി, തളരുന്ന രാഹുല്‍

തിരഞ്ഞെടുപ്പുകളില്‍ ശരിക്കും പറഞ്ഞാല്‍ ബിജെപിയുടെ വര്‍ഷം തന്നെയായിരുന്നു 2025. ഡല്‍ഹിയും ബിഹാറും പിടിച്ച് എന്‍ഡിഎ എതിരല്ലാതെ മുന്നേറുകയാണ്. ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ 27 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് 70 ല്‍ 48 സീറ്റുകള്‍ നേടി ബിജെപി അധികാരത്തില്‍ തിരിച്ചെത്തി. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റത്തിന് സമാനമായി, ബിജെപി മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയാണ് ആം ആദ്മിയെ നിലംപരിശാക്കിയത്.കെജിരിവാളിനെ നിഷ്‌ക്കാസനം ചെയ്ത് രേഖാ ഗുപ്ത ഡല്‍ഹിയില്‍ മുഖ്യമന്ത്രിയായി.

മറ്റൊരു പ്രധാന തിരഞ്ഞെടുപ്പ് പോരാട്ടം അരങ്ങേറിയത് ബീഹാറിലാണ്. ഭരണവിരുദ്ധ തരംഗത്തെ അതിജീവിച്ച് എന്‍ഡിഎ 243 ല്‍ 202 സീറ്റുകള്‍ തൂത്തുവാരി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദള്‍ (യുണൈറ്റഡ്) പാര്‍ട്ടിയുമായി ചേര്‍ന്നുള്ള മുന്നണി ഭരണം, കേന്ദ്രത്തിലെ സഖ്യകക്ഷി ഭരണത്തിന്റെ വിജയം സംസ്ഥാനത്തും ആവര്‍ത്തിച്ചു. ഈ ഫലം 'ഇന്ത്യ' മുന്നണിക്ക് വലിയ തിരിച്ചടിയായി. മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വലിയ മുന്നേറ്റം നടത്തി. കോണ്‍ഗ്രസിനെ സംബന്ധിച്ച് കേരളത്തിലൊഴികെ ശോകം അവസ്ഥയാണ്. ഈ വര്‍ഷം നടന്ന രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു. ഡല്‍ഹിയില്‍ അക്കൗണ്ട് പോലും തുറക്കാന്‍ കഴിയാഞ്ഞത് നാണക്കേടായി. ഏപ്രിലില്‍ അഹമ്മദാബാദില്‍ എഐസിസി സമ്മേളനം വിളിച്ച് ചേര്‍ത്ത.. സംഘടനയെ താഴെത്തട്ട് മുതല്‍ കെട്ടിപ്പടുക്കണമെന്ന പഴയ മുദ്രാവാക്യങ്ങള്‍ തുടര്‍ന്നു. ഒന്നും ഫലവത്തായില്ല. ബിഹാറില്‍ വെറും 6 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. നിലവില്‍ കേരളമാണ് കോണ്‍ഗ്രസിന് ആശ്വസിക്കാനുള്ള വക നല്‍കുന്നത്.



നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രധാനമന്ത്രി മോദി കൂടുതല്‍ കരുത്തനാവുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യയടക്കമുള്ള മാധ്യമങ്ങള്‍ എഴുതുന്നു. ഇനി ബംഗാളിലാണ് മോദി-അമിത്ഷാ സഖ്യം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മമതയുടെ തൃണമൂല്‍ ഭരണത്തെ തൂത്തെറിയാന്‍ ബിജെപിക്ക് ആവുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഭരണത്തിലെ പ്രശ്നങ്ങള്‍ മുതലെടുക്കാന്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ക്ക് കഴിയുന്നില്ല. മൊത്തത്തില്‍ ഒരു അനിശ്ചിതത്വമാണ് രാഹുലിനെ സംബന്ധിച്ചുള്ളത്.

കേരളത്തില്‍ 2025 ഡിസംബറില്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയമാണ് കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് കാഴ്ചവെച്ചത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരു സെമിഫൈനലായി കണക്കാക്കപ്പെട്ടുന്ന ഈ ഇലക്ഷനില്‍, കൊല്ലം, കൊച്ചി, തൃശ്ശൂര്‍, കണ്ണൂര്‍ കോര്‍പ്പറേഷനുകളും ഭൂരിഭാഗം ത്രിതല പഞ്ചായത്തുകളും യു.ഡി.എഫ് നേടി. നാല്‍പ്പതും അമ്പതും വര്‍ഷം തങ്ങള്‍ ഭരിച്ച പല പഞ്ചായത്തുകളും നഷ്ടപ്പെടുന്നത് കണ്ട് എല്‍ഡിഎഫ് അന്തം വിട്ട് നില്‍ക്കയാണ്. ബിജെപിയാവട്ടെ, തലസ്ഥാനമായ തിരുവനന്തപുരത്ത്, എല്‍ഡിഎഫില്‍നിന്ന് ഭരണംപിടിച്ച് ഞെട്ടിച്ചു. ഈ ഫലം സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരു ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു എന്നതിന്റെ വ്യക്തമായ സൂചന നല്‍കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അത്ര വോട്ട് നില ഉയര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും, സീറ്റുകള്‍ ഇരട്ടിയോളമാക്കി തദ്ദേശത്തില്‍ കരുത്ത് തെളിയിക്കാന്‍ ബിജെപിക്കായി.

കേരളരാഷ്ട്രീയത്തിലെയും തലമുറമാറ്റം കണ്ട വര്‍ഷമായിരുന്നു ഇത്. പിണറായിസത്തിന് ശക്തമായ തിരിച്ചടിയേറ്റവര്‍ഷം. തൃക്കാക്കരതൊട്ട് പാലക്കാടുവരെയുള്ള ഉപതിരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫ് തോറ്റു. ഭരണവിരുദ്ധ വികാരവും, മുഖ്യമന്ത്രി പിണറായി വിജയന്റെ ചെയ്തികളോടുള്ള പ്രതിഷേധവും കേരളത്തില്‍ ശക്തമാണ്. അതേസമയം പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ജനപ്രീതി ഉയരുകയാണ്. ശശി തരൂരിനെപ്പോലെുള്ള ഒരു മുതിര്‍ന്ന നേതാവ്, ഏത് നിമിഷവും ബിജെപിയില്‍ പോവും എന്ന രീതിയില്‍ നില്‍ക്കുന്നത് കോണ്‍ഗ്രസിന് ഭീഷണിയാണ്.



ചരിത്രത്തിലാദ്യമായി വിലക്കുറവ്!

എന്തൊക്കെ വിമര്‍ശനങ്ങളുണ്ടെങ്കിലും, ഇന്ത്യയിന്ന് വളരുന്ന സാമ്പത്തിക ശക്തിയാണ്. 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയിലേക്ക് നീങ്ങുകയാണ് ഭാരതം. പ്രവചനങ്ങളെയെല്ലാം കാറ്റില്‍പ്പറത്തി ജിഡിപി 8.2% വളര്‍ന്നത് കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ മികവാണെന്ന് വിലയിരുത്തപ്പെടുന്നു. ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അന്തരാഷ്ട്ര മാധ്യമങ്ങളില്‍പോലും വാര്‍ത്തയാവുകയാണ്. 2025-ല്‍ കേന്ദ്ര സര്‍ക്കാര്‍ നിരവധി സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ മുന്നോട്ട് കൊണ്ടുപോയി.

ജി എസ് ടി 2.0യും നികുതി പരിഷ്‌കാരങ്ങളും രാജ്യത്തെ വലിയൊരു വിഭാഗം വരുന്ന മധ്യവര്‍ഗത്തിന് ഏറെ ആശ്വാസം പകരുന്നതായിരുന്നു. പുതിയ നികുതി ഘടന പ്രകാരം വാര്‍ഷിക വരുമാനം 12 ലക്ഷം രൂപ വരെയുള്ളവരെ ആദായ നികുതിയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കിയത് ഈ വര്‍ഷത്തെ ഏറ്റവും വലിയ സാമ്പത്തിക പരിഷ്‌കാരമായി മാറി. നികുതി സ്ലാബുകള്‍ ലഘൂകരിക്കാനും വ്യാപാരികള്‍ക്ക് നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പമാക്കാനും ലക്ഷ്യമിട്ടാണ് ഈ പുതിയ പരിഷ്‌കാരം കൊണ്ടുവന്നത്. അഞ്ച് ശതമാനം, 18 ശതമാനം എന്നിങ്ങനെ ടു-ടയര്‍ നികുതി ഘടന സെപ്തംബര്‍ 22 മുതല്‍ നിലവില്‍ വന്നു. ഇതോടെ നിത്യോപയോഗ സാധനങ്ങള്‍, ഓട്ടോ മൊബൈല്‍ അടക്കം പല സാധനങ്ങള്‍ക്കും വില കുറഞ്ഞു. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയില്‍ വിലക്കുറവ് ഉണ്ടാവുന്നത് എന്നോര്‍ക്കണം!




കൂടാതെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനായി ക്രിപ്‌റ്റോ ഇടപാടുകള്‍ക്ക് പുതിയ നികുതി നിയമങ്ങള്‍ കൊണ്ടുവരികയും ചെറുകിട വ്യവസായ മേഖലക്ക് കൂടുതല്‍ വായ്പാ ഇളവുകള്‍ അനുവദിക്കുകയും ചെയ്തു. കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ പലപ്പോഴും വലിഞ്ഞുമുറുകിയ ഒരു വര്‍ഷം കൂടിയായിരുന്നു 2025. ജി.എസ്.ടി വിഹിതം, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യം എന്നിവയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരുമായി പലതവണ ഏറ്റുമുട്ടി.

എന്നാല്‍ ട്രംപിന്റെയടക്കം താരിഫ് യുദ്ധം ഇന്ത്യയെയും ബാധിച്ചിട്ടുണ്ട്. അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലെത്തി. ഡിസംബറില്‍ ഒരു ഡോളറിന് 91 രൂപ എന്ന നിലയിലേക്ക് മൂല്യം ഇടിഞ്ഞു. ഈ വര്‍ഷം ഏഷ്യയില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച കറന്‍സിയായി രൂപ മാറി. വ്യാപാരക്കമ്മിയും വിദേശ നിക്ഷേപങ്ങളുടെ പിന്‍വാങ്ങലുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അമേരിക്കയുടെ താരിഫ് യുദ്ധം മറികടക്കാനായി ചൈനയുമായും റഷ്യയുമായും താരതമ്യേന നല്ല ബന്ധം ഇന്ത്യ പുലര്‍ത്തുന്നുണ്ട്. പുടിന്‍-ഷീജിന്‍ പിങ്്- മോദി അച്ചുതണ്ട് എന്നാണ് ഇതിന്റെ ലോക മാധ്യമങ്ങള്‍ വിളിക്കുന്നത്.

ചൈനയുമായുള്ള അതിര്‍ത്തി പ്രശ്നങ്ങള്‍ ഇപ്പോഴും ഇന്ത്യക്കുണ്ട്. ലഡാക്ക് അതിര്‍ത്തിയിലെ സൈനിക പിന്മാറ്റം സംബന്ധിച്ച് ചില പുരോഗതികള്‍ ഉണ്ടായെങ്കിലും, ഇരു രാജ്യങ്ങളും തമ്മിലുള്ള വിശ്വാസം വീണ്ടെടുക്കുന്നത് വലിയ വെല്ലുവിളിയായി തുടര്‍ന്നു. ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദിയും ഷി ജിന്‍പിംഗും തമ്മിലുള്ള കൂടിക്കാഴ്ച സാധാരണ ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള നിര്‍ണ്ണായക ചുവടുവയ്പ്പായി. വര്‍ഷാവസാനം ഇന്ത്യയിലെത്തിയ പുടിനും ഊഷ്മള സ്വീകരമാണ് മോദി നല്‍കിയത്. അതുകൊണ്ടുതന്നെ റഷ്യ-ചൈന-ഇന്ത്യ എന്നിവ നിയന്ത്രിക്കുന്ന ഒരു പുതിയ സാമ്പത്തികക്രമം ഉണ്ടാവുമോ എന്നും ലോകം ഉറ്റുനോക്കുന്നുണ്ട്.

ആശങ്കയായി അസഹിഷ്ണുത

ഏകീകൃത സിവില്‍ കോഡ്, വഖഫ് ബില്‍, ആണവോര്‍ജ മേഖലയിലെ സ്വകാര്യ നിക്ഷേപം എന്നിവയെച്ചൊല്ലി രാഷ്ട്രീയ പോരാട്ടം കണ്ടവര്‍ഷമായിരുന്നു ഇത്. ഇതില്‍ വഖഫ് എന്ന കരിനിയമം മാറ്റാനുള്ള ശ്രമത്തിനും മോദി സര്‍ക്കാറിന് കൈയടി. ഏക സിവില്‍ കോഡും എവിടെയും എത്തിയിട്ടില്ല.

2025-ലെ ശീതകാല സമ്മേളനത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന സുപ്രധാനമായ ഒരു നിയമനിര്‍മ്മാണ നീക്കം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. ആണവോര്‍ജ്ജ മേഖലയിലേക്ക് സ്വകാര്യ നിക്ഷേപം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഭേദഗതിയായിരുന്നു അത്. രാജ്യത്തെ പ്രമുഖ കോര്‍പ്പറേറ്റ് ഗ്രൂപ്പുകള്‍ക്ക് ചെറുകിട മോഡുലാര്‍ ന്യൂക്ലിയര്‍ റിയാക്ടറുകള്‍ നിര്‍മ്മിക്കുന്നതിനും ധനസഹായം നല്‍കുന്നതിനും അനുമതി നല്‍കുന്ന ഈ നീക്കം, സാമ്പത്തിക വളര്‍ച്ചയുടെ പേരില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ട് എട്ടാം ശമ്പള കമ്മീഷന്‍ രൂപീകരിക്കാനുള്ള മന്ത്രിസഭാ തീരുമാനം ഈ വര്‍ഷത്തെ പ്രധാന ഭരണപരമായ നീക്കമായിരുന്നു. 2026-ല്‍ നിലവില്‍ വരാനിരിക്കുന്ന ഈ പരിഷ്‌കാരം, വലിയൊരു വിഭാഗം ജനങ്ങളുടെ സാമ്പത്തിക ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചു. കൂടാതെ, 70 വയസ്സിനു മുകളിലുള്ള പൗരന്മാര്‍ക്ക് ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം വാര്‍ഷിക ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനുള്ള തീരുമാനം, സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യം അടിവരയിട്ടു.

മണിപ്പൂരിലെ വംശീയ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയാത്തതും, രാജ്യത്തിന്റെ നൊമ്പരമാണ്. അതുപോലെ പൊതുവേ കാശ്മീര്‍ ശാന്തമാണെങ്കിലും, വീണ്ടും ഭീകരവാദികള്‍ തക്കം പാര്‍ത്തിരിക്കയാണ്. സ്ഥലങ്ങളുടെയും പദ്ധതികളുടെയും പേര് മാറ്റുന്നത് ഈ വര്‍ഷവും സജീവമായിരുന്നു. ഉത്തരാഖണ്ഡിലെ നിരവധി സ്ഥലങ്ങളുടെ പേര് മാറ്റി. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റി 'വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗര്‍ ആന്‍ഡ് ആജീവിക മിഷന്‍' എന്നാക്കിയത് വലിയ വിവാദമായി. രാഷ്ട്രപിതാവിന്റെ പേരുപോലും റദ്ദാക്കപ്പെടുന്ന ഇന്ത്യ ശരിക്കും പേടിപ്പിക്കയാണ്.




മൊത്തത്തില്‍ ഇന്ത്യ പുരോഗതിയിലേക്ക് നയിക്കുന്നുവെന്ന് തോനിപ്പിക്കുന്ന വര്‍ഷമാണെങ്കിലും, ചില ആശങ്കകള്‍ പ്രകടമാണ്. അതില്‍ എറ്റവും വലുതാണ് സംഘപരിവാര്‍ സംഘടനകള്‍ ഉയര്‍ത്തുന്ന അസഹിഷ്ണുത. ബീഫ് കഴിച്ചുവെന്ന് ആരോപിച്ച്, ആള്‍ക്കൂട്ടം പാവങ്ങളെ തല്ലിക്കൊല്ലുന്നതും, ക്രിസ്ത്യന്‍ പള്ളികള്‍ക്കുനേരെ ആക്രമണം ഉണ്ടാവുന്നതും, ക്രിസ്മസ് ആഘോഷങ്ങള്‍ പോലും വിലക്കുന്നതും ഉത്തരേന്ത്യയില്‍ പലതവണ ആവര്‍ത്തിക്കപ്പെട്ടു. സംഘപരിവാര്‍ ഫാസിസം എല്ലാ അര്‍ത്ഥത്തിലും, പ്രായോഗികവത്ക്കരിക്കപ്പെട്ട വര്‍ഷമായിരുന്നു ഇതെന്നാണ് ചരിത്രകാരന്‍ രാമചന്ദ്രഗുഹ പറയുന്നത്. ഒരു മതേതര രാജ്യം ഹിന്ദുരാഷ്ട്രമായി മാറുമോ എന്ന ആശങ്കയും ശക്തമാണ്

മംദാനി മുതല്‍ വിവേക് രാമസ്വാമി വരെ

ഇന്ത്യന്‍ വംശജരും ലോകരാഷ്ട്രീയത്തില്‍ തിളങ്ങിയ വര്‍ഷമായിരുന്നു കടുന്നുപോയത്. അതില്‍ എറ്റവും പ്രധാനം, ന്യൂയോര്‍ക്ക് സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാന്‍ മംദാനിയാണ്. അമേരിക്കയില്‍ മാത്രമല്ല ലോകമാകെ ശ്രദ്ധിക്കപ്പെട്ട വിജയമായിരുന്നു. ട്രംപിന്റെ ഫലസ്തീന്‍-ന്യൂനപക്ഷ-കുടിയേറ്റ വിരുദ്ധ നയങ്ങളെ തുറന്നെതിര്‍ത്ത മംദാനി താനൊരു കമ്മ്യൂണിസ്റ്റാണ് എന്നും വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ മംദാനിയുടെ വിജയം കേരളത്തിലെ ഇടതുസര്‍ക്കിളുകളില്‍ വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടു. അതുപോലെയാണ് വിവേക് രാമസ്വാമിയും. ബയോടെക് ഫാര്‍മ കമ്പനിയായ റോയിവന്റ് സയന്‍സസിന്റെ സ്ഥാപകനായ വിവേവ് യുഎസ് പ്രസിഡന്റാകാനുള്ള ആഗ്രഹത്തില്‍ സ്വന്തം സംസ്ഥാനമായ ഒഹായോയില്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നതിലേക്ക് എത്തി.

അതുപോലെ ട്രംപ്, യുഎസ് നീതിന്യായ വകുപ്പില്‍ സിവില്‍ റൈറ്റ്സ് അസിസ്റ്റന്റ് അറ്റോര്‍ണി ജനറലായി നാമനിര്‍ദേശം ചെയ്ത, ഹര്‍മീത് കെ ധില്ലണ്‍ ചണ്ഡിഗഡ് സ്വദേശിയാണ്. അതിന് മുന്‍പ് അവര്‍ ആദ്യം ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പൗരാവകാശ, ഭരണഘടനാ നിയമ അഭിഭാഷകയായിരുന്നു. ട്രംപ് ഭരണകൂടത്തില്‍ പ്രവര്‍ത്തിക്കുന്നതിന് മുമ്പ്, ഹര്‍മീത് ധില്ലണ്‍ കാലിഫോര്‍ണിയ, ഫ്‌ലോറിഡ, വിര്‍ജീനിയ, ന്യൂജേഴ്സി എന്നിവിടങ്ങളില്‍ ഓഫീസുകളുള്ള ഒരു നിയമ പ്രാക്ടീസായ ധില്ലണ്‍ ലോ ഗ്രൂപ്പ് ഇന്‍കോര്‍പ്പറേറ്റഡ് സ്ഥാപിച്ചു.

സിന്‍സിനാറ്റി മേയറായി രണ്ടാം തവണയും വിജയിച്ച അഫ്താബ് പുരേവലിന്റെ കഥയും ആര്‍ക്കും പ്രചോദനമേകുന്നതാണ്. ദക്ഷിണേന്ത്യന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ വളര്‍ന്ന ടിബറ്റന്‍ അമ്മയുടെയും പഞ്ചാബി പിതാവിന്റെയും മകനാണ് അഫ്താബ്. 2021 ല്‍, അദ്ദേഹം യുഎസ് നഗരത്തിലെ ആദ്യത്തെ ഏഷ്യന്‍-അമേരിക്കന്‍ മേയറായിരുന്നു. ഈ വര്‍ഷം വൈസ് പ്രസിഡന്റ് ജെഡി വാന്‍സിന്റെ അര്‍ദ്ധസഹോദരനായ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി കോറി ബോമാനെ അദ്ദേഹം പരാജയപ്പെടുത്തിയത്.

ഹൈദരാബാദില്‍ ജനിച്ച ഗസാല ഹാഷ്മിയാണ് അമേരിക്കയില്‍ വെന്നിക്കൊടി പാറിച്ച മറ്റൊരു ഇന്ത്യന്‍ വംശജന്‍. റിപ്പബ്ലിക്കന്‍ ജോണ്‍ റീഡിനെ പരാജയപ്പെടുത്തിയാണ് ഹാഷ്്മി വിര്‍ജീനിയയുടെ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാനതല സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മുസ്ലീം വനിതയായതിനാല്‍ അവരുടെ വിജയം വളരെ പ്രധാനപ്പെട്ടതായിരുന്നു. പൊതുവിദ്യാഭ്യാസം, വോട്ടവകാശം, ജനാധിപത്യ സംരക്ഷണം, പ്രത്യുല്‍പാദന സ്വാതന്ത്ര്യം, തോക്ക് അക്രമം തടയല്‍, പരിസ്ഥിതി, പാര്‍പ്പിടം, താങ്ങാനാവുന്ന ആരോഗ്യ സംരക്ഷണം എന്നിവയിലൂന്നിയായിരുന്നു അവരുടെ പ്രചരണം. അതേസമയം യുറോപ്പിന്റെ പലഭാഗങ്ങളിലും നടക്കുന്ന കുടിയേറ്റ വിരുദ്ധത ഇന്ത്യാക്കാര്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കും ഭീഷണിയാണ്. എന്നാലും മൊത്തത്തില്‍ നോക്കിയാല്‍ ലോകമെമ്പാടും ഇന്ത്യക്കാര്‍ പിടിച്ചു നിന്ന വര്‍ഷമായിരുന്നു കടന്നുപോവുന്നത്.

വാല്‍ക്കഷ്ണം: ബംഗ്ലാദേശില്‍ നിന്നടക്കം അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന്റെ പിടിയില്‍ നിന്ന് ഇന്ത്യ ഇപ്പോഴും മോചിതമല്ല. നാലുപാടും ശത്രുക്കളുമുണ്ട്. പ്രശ്നങ്ങളും പരാതികളും ധാരാളമുണ്ട്. എന്നാലും ഒരേ ദിവസം സ്വാതന്ത്ര്യം കിട്ടിയ പാക്കിസ്ഥാനുമായി താരതമ്യം ചെയ്തുനോക്കുക. പാക്കിസ്ഥാന്‍ പട്ടിണി രാഷ്ട്രമാവുമ്പോഴും, ഇന്ത്യ വളരുകയാണ്!