- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാഗി വാങ്ങാന്‍ സഹോദരിയുടെ വിവാഹ മോതിരം വില്‍ക്കാനൊരുങ്ങി 13കാരന്‍; മോതിരം അമ്മയെ തിരിച്ചേല്‍പ്പിച്ച് ജുവലറി ഷോപ്പുടമ
മാഗി വാങ്ങാന്‍ സഹോദരിയുടെ വിവാഹ മോതിരം വില്‍ക്കാനൊരുങ്ങി 13കാരന്‍
കാണ്‍പുര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ മാഗി നൂഡില്‍സ് വാങ്ങാനായി സഹോദരിയുടെ വിവാഹ മോതിരം വില്‍ക്കാനൊരുങ്ങി 13കാരന്‍. ജുവലറി ഷോപ്പുടമ മോതിരം തിരികെ വീട്ടുകാര്‍ക്ക് നല്‍കി. എന്നാല്‍ കുട്ടികളിലെ ഫാസ്റ്റ് ഫുഡ് ആസക്തി എത്രത്തോളം ഉയര്‍ന്നുവെന്ന് വ്യക്തമാക്കുന്ന സംഭവമാണിതെന്ന വിധത്തില്‍ ചര്‍ച്ചകളും തുടങ്ങിയിട്ടുണ്ട്.
ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ട് പ്രകാരം, കാണ്‍പുരിലെ ശാസ്ത്രിനഗറിലുള്ള ജുവലറിയിലാണ് കുട്ടി മോതിരവുമായെത്തിയത്. കടയുടമ പുഷ്‌പേന്ദ്ര ജയ്‌സ്വാള്‍ ഒരു കൗതുകത്തിനാണ് മോതിരം വില്‍ക്കുന്നത് എന്തിനാണെന്ന് ചോദിച്ചത്. തനിക്ക് മാഗി നൂഡില്‍സ് വാങ്ങാന്‍ വേണ്ടിയാണെന്ന് കുട്ടി മറുപടി നല്‍കി. ഇതോടെ അമ്മയെ കടയുടമ വിളിച്ചുവരുത്തി മോതിരം കാണിച്ചു.
തന്റെ മകളുടെ വിവാഹനിശ്ചയത്തിന് അണിഞ്ഞ മോതിരമാണതെന്ന് അവര്‍ വ്യക്തമാക്കി. വിവാഹത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് മോതിരവുമായി കുട്ടി ജുവലറിയിലെത്തിയത്. അത് നഷ്ടമായിരുന്നെങ്കില്‍ വലിയ കുടുംബകലഹത്തിനും സാമ്പത്തിക ബാധ്യതക്കും കാരണമാകുമായിരുന്നുവെന്ന് മാതാവ് പറഞ്ഞു. സ്വര്‍ണവില കുത്തനെ ഉയരുന്നതിനിടെയാണ് മോതിരവുമായി കുട്ടി ഷോപ്പിലെത്തിയത്.
ജുവലറി ഉടമയുടെ സത്യസന്ധമായ പെരുമാറ്റത്തിന് സമൂഹമാധ്യമങ്ങളില്‍ കൈയടി ഉയരുന്നുണ്ട്. കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചറിയാനുള്ള മനസ് കാണിച്ച പുഷ്‌പേന്ദ്രയെ അഭിനന്ദിക്കുകയാണ് നെറ്റിസണ്‍സ്. കുട്ടികളുടെ കുഞ്ഞ് ആഗ്രഹങ്ങളെ തിരിച്ചറിഞ്ഞ്, സ്‌നേഹവും കരുതലും നല്‍കി കൃത്യമായ ദിശയില്‍ തിരിച്ചുവിടണമെന്നും അവര്‍ പറയുന്നു. കുട്ടികളില്‍ ഇത്രത്തോളം ആസക്തി വളര്‍ത്തുന്ന ഭക്ഷ്യവിഭവങ്ങള്‍ പരമാവധി നല്‍കാതിരിക്കണമെന്നും ചിലര്‍ മുന്നറിയിപ്പ് നല്‍കുന്നു.