സംബാല്‍: യുപിയിലെ സംബാലില്‍ ഷാഹി ജമാ മസ്ജിദ് സര്‍വേ നടത്താന്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉണ്ടായ ആക്രമണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. 30 ലേറെ പൊലീസുകാര്‍ക്ക് പരിക്കേറ്റു. കോടതി ഉത്തരവിനെ തുടര്‍ന്ന് സര്‍വേ നടത്താന്‍ എത്തിയ അഭിഭാഷക കമ്മീഷനും പോലീസിനും നേരെ ഒരു കൂട്ടമാളുകള്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

അഡ്വക്കേറ്റ് കമ്മീഷണറുടെ നേതൃത്വത്തിലുളള സര്‍വേ ടീം ജോലി ആരംഭിച്ചതോടെ പള്ളിക്കടുത്ത് വലിയ ആള്‍ക്കൂട്ടം ഒത്തുകൂടുകയായിരുന്നു. സ്ഥലത്ത് എത്തിയ ആയിരത്തോളം പേര്‍ പൊലീസ് പള്ളിയില്‍ പ്രവേശിക്കുന്നത് തടയാന്‍ ശ്രമിച്ചു. പൊലീസിന് നേരേ കല്ലെറിഞ്ഞു. ഇതേ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിനിടെയാണ് മൂന്നുപേര്‍ കൊല്ലപ്പെട്ടത്. നയിം, ബിലാല്‍, നൗമന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ചില പൊലീസുകാര്‍ക്കും പരിക്കേറ്റു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് സ്ഥലത്ത് ഏര്‍പ്പെടുത്തിരിക്കുന്നത്.

അതേസമയം, കോടതി ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞാല്‍ കര്‍ശന നടപടി എടുക്കും എന്ന് ഉപമുഖ്യ മന്ത്രി കേശവ് പ്രസാദ് മൗര്യ മുന്നറിയിപ്പ് നല്‍കി. ഉച്ചയോടെ സര്‍വേ നടപടികള്‍ അഭിഭാഷക കമ്മീഷന്‍ പൂര്‍ത്തിയാക്കി. ഹിന്ദു സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സംബാല്‍ ജില്ലാ കോടതി സര്‍വേ നടത്താന്‍ ഉത്തരവിട്ടത്.

മുഗള്‍ ഭരണകാലത്ത് ക്ഷേത്രം തകര്‍ത്താണ് ഷാഹി ജമാ മസ്ജിദ് സ്ഥാപിച്ചത് എന്നായിരുന്നു ഹര്‍ജിയില്‍ പറയുന്നത്. തുടര്‍ന്നാണ് വീഡിയോയും ഫോട്ടോഗ്രാഫിക് ഡോക്യുമെന്റേഷനും ഉള്‍പ്പെടെ പള്ളിയുടെ സര്‍വേ നടത്താന്‍ കോടതി ഉത്തരവിട്ടത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്നു സ്ത്രീകള്‍ അടക്കം 15 പേര്‍ അറസ്റ്റിലായി.