- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൂടൽ മഞ്ഞിൽ മുങ്ങി ഉത്തരേന്ത്യ; യുപിയിൽ മൂടൽമഞ്ഞിൽ 40 വാഹനങ്ങൾ കൂട്ടിയിടിച്ചു; വിവിധയിടങ്ങളിലായി 6 പേർക്ക് ദാരുണാന്ത്യം; ഹരിയാനയിൽ ഉപമുഖ്യമന്ത്രിയുടെ വാഹനം പൊലീസ് ജീപ്പിലിടിച്ചു
ഡൽഹി: ഉത്തരേന്ത്യയിൽ അതിശൈത്യം തുടങ്ങിയതോടെ മൂടൽ മഞ്ഞ് കനത്തു. ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ മൂടൽമഞ്ഞ് കാരണമുണ്ടായ വാഹനാപകടങ്ങളിൽ മരണം ആറായി.
ഡൽഹി ആഗ്ര എക്സ്പ്രസ് ഹൈവേയിൽ ബസും കണ്ടെയ്നറും കൂട്ടിയിടിച്ച് പത്തിലേറേ പേർക്ക് പരിക്കേറ്റ്. മൂന്ന് പേർ മരിച്ചു. ബസിൽ 55 പേരാണ് യാത്രചെയ്തിരുന്നത്. പഞ്ചാബിൽ ട്രക്കും ട്രാക്റ്ററും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു.
ഹരിയാനയിൽ ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല സഞ്ചരിച്ചിരുന്ന വാഹനം തൊട്ടുമുന്നിലുണ്ടായിരുന്ന സുരക്ഷാ വാഹനത്തിലിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. അതേസമയം ദുഷ്യന്ത് ചൗട്ടാലയ്ക്ക് പരിക്കില്ല. മൂടൽമഞ്ഞ് കാരണം കാഴ്ച്ച പരിധി 150 മീറ്ററായി കുറഞ്ഞുവെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഡൽഹിയിൽ 7 ഡിഗ്രിയാണ് കുറഞ്ഞ താപനില. മൂടൽ മഞ്ഞ് കാരണം ഡൽഹിയിലേക്കുള്ള മൂന്ന് വിമാനങ്ങൾ ജയ്പൂരിലേക്ക് തിരിച്ചുവിട്ടു. ഡൽഹിയിൽ നിന്നുള്ള ഒരു വിമാനം റദ്ദാക്കി. പതിനൊന്ന് ട്രെയിനുകൾ വൈകിയോടുമെന്ന് ഉത്തര റെയിൽവേ അറിയിച്ചു.
പലയിടത്തും കാഴ്ച മറയ്ക്കുന്ന തരത്തിൽ മൂടൽമഞ്ഞ് തുടരുകയാണ്. ഡൽഹിയിലെ പാലത്തിൽ രാവിലത്തെ കണക്ക് പ്രകാരം 25 മീറ്റർ മാത്രമാണ് കാഴ്ചാപരിധി. സഫ്ദർജംഗ് മേഖലയിൽ 50 മീറ്ററായിരുന്നു ഇത്.
അമൃത്സർ, ഗംഗാനഗർ, പട്യാല, ലഖ്നൗ എന്നിവിടങ്ങളിൽ 25 മീറ്റർ കാഴ്ചാ പരിധിയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്തത്. ഭട്ടിൻഡയിൽ, കനത്ത മൂടൽ മഞ്ഞ് കാരണം കാഴ്ചാപരിധി 0 ആയി കുറഞ്ഞു.
കനത്ത മൂടൽമഞ്ഞ് കാരണം ദൂരക്കാഴ്ച കുറവായതിനാൽ ഇന്നും നാളെയും പഞ്ചാബ്, ഹരിയാന, ഡൽഹി, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കാഴ്ച മങ്ങിയത് റോഡ്, റെയിൽ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ശ്രദ്ധയോടെയാണ് ആളുകൾ വാഹനങ്ങൾ ഓടിക്കുന്നത്. ഇത് ഗതാഗത കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ