ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയോട് ചേര്‍ന്ന് കാഞ്ച ഗച്ചിബൗളിയിലെ 400 ഏക്കര്‍ ലേലം ചെയ്യാനുള്ള തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നീക്കത്തിന് ഹൈക്കോടതിയില്‍ തിരിച്ചടി. ജൈവവൈവിധ്യ മേഖലയിലെ നിലം നിരപ്പാക്കലും മരം മുറിക്കലും നിര്‍ത്താന്‍ തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടു. മള്‍ട്ടി-ഇന്‍ഫ്രാസ്ട്രക്ചര്‍, ഐടി പാര്‍ക്ക് എന്നിവയ്ക്കായി വന്‍കിട കമ്പനികള്‍ക്ക് ഭൂമി അനുവദിച്ചതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച രണ്ട് പൊതുതാല്‍പര്യ ഹര്‍ജിയിലാണ് നടപടി.

'ഭൂമിയെ നശിപ്പിക്കരുത്, മരം മുറിക്കരുത്' എന്ന വാചകത്തോടെയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് സുജോയ് പോള്‍ നടപടി സ്റ്റേ ചെയ്തത്. ഹര്‍ജിയില്‍ വ്യാഴവും വാദംകേള്‍ക്കല്‍ തുടരും. അതേസമയം, ലേലത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ ബുധനാഴ്ചയും പൊലീസ് തല്ലിച്ചതച്ചു. 20 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഇതോടെ അനിശ്ചിത കാലത്തേക്ക് ക്ലാസ് ബഹിഷ്‌ക്കരിക്കുമെന്ന് വിദ്യാര്‍ഥികള്‍ സംയുക്ത പ്രസ്ഥാവന നടത്തി.

മാര്‍ച്ച് 12 മുതല്‍ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ ഇവിടെ പ്രതിഷേധം നടക്കുന്നുണ്ടായിരുന്നു. മലയാളികളടക്കമുള്ള നിരവധി വിദ്യാര്‍ഥികളെ പൊലീസ് മര്‍ദിച്ച് കസ്റ്റഡിയിലെടുത്തു.