റായ്പൂര്‍: ഛത്തീസ്ഗഢില്‍ 60 അടി നീളമുള്ള ഇരുമ്പ് പാലം 15 പേരടങ്ങുന്ന സംഘം മോഷ്ടിച്ചു. കോര്‍ബ ടൗണിലാണ് സംഭവം. ജനുവരി 17 ന് രാത്രി വരെ നാട്ടുകാര്‍ സഞ്ചരിച്ച പാലമാണ് അര്‍ധരാത്രിയില്‍ പൊളിച്ചു മാറ്റിയത്. പാലം കാണാതായതായി ഗ്രാമവാസികള്‍ കൗണ്‍സിലറെ വിവരമറിയിച്ചു. കൗണ്‍സിലറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലാവുന്നത്.

മോഷ്ടാക്കള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പാലം നിരവധി കഷണങ്ങളാക്കി കടത്തിക്കൊണ്ടുപോയെന്നാണ് കണ്ടെത്തിയത്. സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. കൗണ്‍സിലര്‍ ലക്ഷ്മണ്‍ ശ്രീവാസാണ് കലക്ടര്‍ കുനാല്‍ ദുദാവന്ദ്, എസ്പി സിദ്ധാര്‍ത്ത് തിവാരി എന്നിവര്‍ക്ക് പരാതി നല്‍കിയത്.

പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച പൊലീസ് എല്ലാ ആക്രിക്കച്ചവട സ്ഥാപനങ്ങളും പരിശോധിക്കാനുള്ള ശ്രമത്തിലാണ്. തിരക്കിട്ട് മുറിച്ചുമാറ്റി കൊണ്ടുപോകുന്നതിനിടെ വീണുപോയ പാലത്തിന്റെ ചില കഷണങ്ങള്‍ സംഭവ സ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.