തമിഴ്നാട്: തമിഴ്‌നാട്ടിലെ ബസ് സ്റ്റാൻഡിലെ പൊതു ശൗചാലയത്തിലെ ബക്കറ്റിനുള്ളിൽ മൂടിവെച്ച നിലയിൽ നവജാത ശിശുവിനെ കണ്ടെത്തി. മയിലാടുതുറൈയിലാണ് സംഭവം. പ്രസവിച്ച് ഏതാനും മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ശുചീകരണ തൊഴിലാളികൾ കണ്ടെത്തിയത്. കുഞ്ഞിനെ തൊഴിലാളികൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവത്തിൽ കുഞ്ഞിൻെറ മാതാപിതാക്കൾക്കായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.

കക്കൂസിലെ കുളിമുറിയിൽ ബക്കറ്റിനുള്ളിൽ മൂടിവെച്ച നിലയിൽ കണ്ടെത്തിയ കുഞ്ഞിന്റെ പൊക്കിൾക്കൊടി മാറ്റിയിട്ടുണ്ടായിരുന്നില്ല. തുടർന്ന് ശുചീകരണ തൊഴിലാളികൾ നടത്തിയ സമയോചിതമായ ഇടപെടലാണ് കുഞ്ഞിന്റെ ജീവൻ രക്ഷിച്ചത്. ഒട്ടും വൈകാതെ സമീപത്തുള്ള ജില്ലാ സർക്കാർ ആശുപത്രിയിൽ കുഞ്ഞിനെ പ്രവേശിപ്പിക്കുകയായിരുന്നു.

കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആവശ്യമായ പരിചരണം നൽകുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. പോലീസ് മാതാപിതാക്കൾക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ സംശയാസ്പദമായ ആരെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രദേശവാസികളുടെ സഹായത്തോടെ കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് പോലീസ്.