പുണെ: സമയനിഷ്ട പാലിക്കാത്തതിൽ എ ആർ റഹ്മാന്റെ സംഗീത നിശയിൽ പൊലീസ് ഇടപെടൽ. മഹാരാഷ്ട്രയിലെ പുണെയിലെ സംഗീത പരിപാടിയാണ് പൊലീസ് നിർത്തിവയ്‌പ്പിച്ചത്. അനുവദിച്ച സമയത്തിനപ്പുറം പരിപാടി നീണ്ടുപോയതിനെ തുടർന്നാണ് പൊലീസ് ഇടപെട്ടതെന്നാണ് റിപ്പോർട്ട്. പുണെയിലെ രാജാ ബഹാദൂർ മിൽസിൽ വച്ചായിരുന്നു പരിപാടി.

രാത്രി 10 വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. 10നു ശേഷവും പരിപാടി തുടർന്നതിനെ തുടർന്ന് പൊലീസ് വേദിയിലെത്തി നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. അതേസമയം, ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.