ലഖ്‌നോ: ഉത്തർപ്രദേശിലെ ഗൊരഖ്പുർ ദീന ദയാൽ ഉപാധ്യായ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറെയും രജിസ്ട്രാറെയും പൊലീസ് ഉദ്യോഗസ്ഥരെയും എ.ബി.വി.പി പ്രവർത്തകർ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. സംഘർഷം തടയാൻ ശ്രമിച്ച പൊലീസിനെയും എ.ബി.വി.പിക്കാർ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും കാണാം.

യൂണിവേഴ്‌സിറ്റിയിൽ ക്രമക്കേട് ആരോപിച്ച് വെള്ളിയാഴ്ച രാവിലെ മുതൽ എ.ബി.വി.പിക്കാർ പ്രതിഷേധം നടത്തുകയായിരുന്നു. സർവകലാശാല അധികൃതർ സമരക്കാരുമായി ചർച്ചയ്ക്ക്
വിസമ്മതിച്ചതോടെ സമരം സംഘർഷാവസ്ഥയിലെത്തുകയായിരുന്നു.

വൈസ് ചാൻസലറുടെ ചേമ്പർ തകർത്ത പ്രവർത്തകർ വിസിയായ രാജേഷ് സിങിനേയും രജിസ്ട്രാർ അജയ് സിങ്ങിനേയും മർദ്ദിച്ചു. സംഘർഷാവസ്ഥ രൂക്ഷമായതോടെ സർവകലാശാല അധികൃതർ പൊലീസിനെ വിളിക്കുകയായിരുന്നു. എന്നാൽ സമരക്കാരെ പിന്തിരിപ്പിക്കാനെത്തിയ പൊലീസുദ്യോഗസ്ഥർക്കും മർദ്ദനമേറ്റു. പത്തോളം പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു. പിന്നാലെ പൊലീസ് ലാത്തി ചാർജും നടത്തി.

എന്നാൽ സർവകലാശാലയിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് വിസി ഉറപ്പ് നൽകിയിട്ടും നടപടിയൊന്നുമുണ്ടാകാത്തതിനാലാണ് പ്രതിഷേധിച്ചതെന്ന് പ്രവർത്തകർ പറയുന്നു. വിദ്യാർത്ഥികളുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കുമെന്ന് പറഞ്ഞ വിസി കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ലെന്നും നാലു വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യുകയായിരുന്നു എന്നും പ്രവർത്തകർ പറയുന്നു

അതിക്രമത്തിൽ നിരവധി ബോർഡ് അംഗങ്ങൾക്ക് പരിക്കേറ്റു. രോഷാകുലരായ എ.ബി.വി.പി വിദ്യാർത്ഥികൾ വൈസ് ചാൻസലറുടെ ഓഫിസിലും അതിക്രമം നടത്തി. വിവരം ലഭിച്ചതനുസരിച്ച് എത്തിയ പൊലീസ് ഇവരെ തടയാൻ ശ്രമിച്ചു.